ഒരു കൊച്ചു ഷെർലക് ഹോംസ് കഥ മാതിരിയല്ല, അഗതാ ക്രിസ്റ്റിയുടെ ഒരു നോവൽ പോലെ ഉദ്വേഗഭരിതവും കുഴഞ്ഞുമറിഞ്ഞതുമാണ് ഈ കഥ. ഐ എൻ എക്സ് മീഡിയ അഴിമതിയുടെ കഥ. ഷീന ബോറയുടെ കഥ, ഇന്ദ്രാണി മുഖർജിയുടെ കഥ.
എവിടെനിന്നാണീ കഥ പറഞ്ഞുതുടങ്ങേണ്ടത്? ഇന്ദ്രാണി മുഖർജിയിൽ നിന്ന് തുടങ്ങാം..
ആസ്സാമിലെ ഗുവാഹതിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയായിരുന്നു പൊരി ബോറ. ശരിയാണ്... ഇന്ദ്രാണി എന്നല്ലായിരുന്നു അവരുടെ യഥാർത്ഥ നാമം. പൊരി ബോറ എന്നായിരുന്നു. കോളേജിൽ ചേർന്നപ്പോൾ തന്നെ സിദ്ധാർത്ഥ ദാസ് എന്ന കൂട്ടുകാരനെ അവൾ വിവാഹം കഴിച്ചു. മേഘാലയക്കാരനായിരുന്നു സിദ്ധാർത്ഥ ദാസ്. പതിനഞ്ച് വയസ്സു മാത്രം പ്രായമായപ്പോൾ പൊരി ബോറ അമ്മയുമായി.(അതോ പതിനേഴോ? പല കണക്കുകളാണ്. ഈ കഥയിലെല്ലാം ഇതുപോലെ പൊരുത്തപ്പെടാത്ത പലതുമുണ്ട്) . ഷീന ബോറാ എന്നായിരുന്നു ആ കുഞ്ഞിന്റെ പേർ.
മിഖായൽ ബോറ എന്ന രണ്ടാമതൊരു ആൺകുട്ടി കൂടിയായപ്പോൾ പല കാരണങ്ങൾ കൊണ്ടും സിദ്ധാർത്ഥദാസ് പൊരിബോറയെ വിട്ടുപോയി. യുവത്വത്തിന്റെ ലഹരിയിൽ തുടങ്ങിയ ബന്ധവും കുഞ്ഞുങ്ങളും തന്റെ മുന്നോട്ടുള്ള ജീവിതത്തിൽ തടസ്സമാകുമെന്ന് കണ്ടപ്പോൾ തന്റെ രണ്ടുകുഞ്ഞുങ്ങളേയും ഗുവാഹതിയിൽ തന്റെ മാതാപിതാക്കളുടെയടുത്തേൽപ്പിച്ച് പൊരിബോറയും കൊൽക്കൊത്തയിലേക്ക് വണ്ടികയറി. കൊൽക്കൊത്തയിൽ ഒരു പുതിയ ജീവിതം തുടങ്ങി.
കൊൽക്കൊത്തയിൽ വച്ച് 1996ൽ പൊരി ബോറ തന്റെ പേർ ഇന്ദ്രാണി ദാസ് എന്നാക്കിയിരുന്നു. ഐ എൻ എക്സ് റിക്രൂട്ട്മെന്റ് ഏജൻസിയുടെ പിറവി അവിടെനിന്നാണ്. കഠിനാധ്വാനം ചെയ്ത് തന്നെ ഇന്ദ്രാണി കുറഞ്ഞ കാലം കൊണ്ട് കൊൽക്കൊത്തയിൽ തന്റെയും കമ്പനിയുടേയും വ്യക്തിമുദ്ര പതിപ്പിച്ചു. ഏത് ജോലിയ്ക്കും ആളേക്കണ്ടെത്താൻ പ്രാഗൽഭ്യമുള്ള അവർ കുറഞ്ഞകാലം കൊണ്ട് കൊൽക്കൊത്തയിലെ ഉപരിവർഗ്ഗ ക്ലബുകളിലും സദസ്സുകളിലും സ്ഥിരസാന്നിദ്ധ്യമായി. അനേകം ബന്ധങ്ങളുണ്ടാക്കി.
ആ ബന്ധങ്ങളുപയോഗിച്ച് തന്റെ ബിസിനസ് അവർ വളർത്തിയെടുത്തു. ചെറിയ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലുമൊക്കെ ആവശ്യമുള്ള ജീവനക്കാരെ നൽകുന്ന റിക്രൂട്ട്മെന്റ് ഏജൻസിയിൽ നിന്ന് ഐ എൻ എക്സ് റിക്രൂട്ട്മെന്റ്, കോർപ്പറേറ്റ് കമ്പനികളിൽ വിദഗ്ധ തൊഴിലാളികളേയും മാനേജർമാരെയുമൊക്കെ കണ്ടെത്തിനൽകുന്ന ഏജൻസിയായി കുറഞ്ഞ കാലം കൊണ്ടുതന്നെ മാറി. രണ്ടാമത്തെ വിവാഹവും കഴിച്ചു. കൊൽക്കൊത്താ ഉപരിവർഗ്ഗസഭകളിൽ വച്ച് പരിചയമായ സഞ്ജീവ് ഖന്ന എന്ന ബിസിനസുകാരനെ വിവാഹം കഴിച്ച ഇന്ദ്രാണി ദാസ് അങ്ങനെ ഇന്ദ്രാണി ഖന്നയായി. അവർക്ക് വിദ്ധി ഖന്ന എന്ന കുട്ടിയും ജനിച്ചു.
കൊൽക്കൊത്തയിലൊതുങ്ങുന്നതായിരുന്നില്ല ഇന്ദ്രാണി ഖന്ന. സജ്ഞീവ് ഖന്നയുമായി അസ്വാരസ്യങ്ങളുണ്ടായപ്പോൾ അവർ തമ്മിൽ പിരിയുകയും ചെയ്തിരുന്നു. പതിയെ തന്റെ തട്ടകം അവർ മുംബൈയിലേക്ക് മാറ്റി. ഈ സമയത്ത് വൻ കോർപ്പറേറ്റുകൾ അവരുടെ ഐ എൻ എക്സ് റിക്രൂട്ട്മെന്റ് ഏജൻസിയുടെ സേവനങ്ങൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു.
മുംബൈയിൽ വച്ചാണ് അത്യാവശ്യം വലിയ ഒരു ബിസിനസുകാരനും ടെലിവിഷൻ എക്സിക്യൂട്ടീവുമായ പീറ്റർ മുഖർജിയെ അവർ പരിചയപ്പെടുന്നത്. സ്റ്റാർ ഇന്ത്യയുടെ സി ഈ ഓ ആയിരുന്നു ആ സമയത്ത് പീറ്റർ മുഖർജി. മുംബൈയിലെ സാമൂഹ്യൌപരിവർഗ്ഗസഭകളിലെ നിത്യസാന്നിദ്ധ്യം. മാത്രമല്ല അധികാര ഇടനാഴികളിലെ സ്ഥിരക്കാരനും.
പീറ്റർ മുഖർജിയുമായി അടുത്ത അവർ തമ്മിൽ വിവാഹിതരായി. തന്റെ രണ്ടാം വിവാഹത്തിലുണ്ടായ മകൾ വിദ്ധി ഖന്നയേയും ആ ദമ്പതികൾ ഒരുമിച്ചു കൂട്ടി. പീറ്റർ മുഖർജിയ്ക്കും തന്റെ മുൻ വിവാഹത്തിൽ നിന്ന് രണ്ട് ആണ്മക്കൾ ഉണ്ടായിരുന്നു.
പീറ്റർ മുഖർജിയുമായി ചേർന്ന് ഐ എൻ എക്സ് റിക്രൂട്ട്മെന്റ് പുതിയ മാനങ്ങൾ തേടി. ശതകോടിക്കണക്കിനു രൂപയുടെ ബിസിനസുകൾ അവർക്ക് ലഭിയ്ക്കാൻ തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ ബിസിനസുകൾ. ഡൽഹിയിലെ അധികാര ഇടനാഴികളിൽ ശക്തരായ സുഹൃത്തുക്കൾ. പലതിനും ഇടനിലനിൽക്കുന്ന വൻ ലോബിയിങ്ങ് ഏജൻസിയായി ഇന്ദ്രാണി മുഖർജിയും കമ്പനിയും.
ഐ എൻ എക്സ് റിക്രൂട്ട്മെന്റിനോടൊപ്പം ഐ എൻ എക്സ് മീഡിയ എന്ന മാദ്ധ്യമകമ്പനിയും രൂപമെടുത്തു. ബ്രിട്ടനിലും സ്പെയിനിലും മൌറീഷ്യസിലും ഒക്കെ വീടുകളും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി ഇന്ദ്രാണി. ഇതിനിടെ അവർ ബ്രിട്ടീഷ് പൌരത്വവും സ്വീകരിച്ചു.
തന്റെ ആദ്യ വിവാഹത്തിൽ ജനിച്ച ഷീന ബോറയും മിഖായലും അതോടെ ഇന്ദ്രാണിയ്ക്കൊരു ബാദ്ധ്യതയായിത്തീർന്നുവെന്ന് വേണം കരുതാൻ. ഇന്ദ്രാണി മുംബൈയിൽ ഇത്രയും വലിയ സ്ഥാനത്തെത്തിയതൊക്കെയറിഞ്ഞ മാതാപിതാക്കൾ ഗുവാഹതിയിൽ നിന്ന് അവൾക്ക് കത്തെഴുതി. അതോടെ താൻ കെട്ടിപ്പൊക്കിയ ഭൂതകാലനുണകൾ പൊളിയുമോ എന്ന് ഭയന്നിട്ടാകണം ആദ്യവിവാഹത്തിലെ കുട്ടികൾക്കും തന്റെ മാതാപിതാക്കൾക്കും അവർ പണം നൽകാൻ തുടങ്ങി.
തന്റെ ആദ്യവിവാഹത്തിലെ കുട്ടികളെ തന്റെ അനുജനും അനുജത്തിയുമാണ് എന്ന് പറഞ്ഞാണ് പീറ്റർ മുഖർജിയെ പരിചയപ്പെടുത്തിയത്. പീറ്ററിനോട് മാത്രമല്ല ലോകത്തോടു മുഴുവൻ അവർ അങ്ങനെയാണ് പറഞ്ഞിരുന്നത്.
പീറ്റർ തന്റെ ഭാര്യയുടെ ‘അനുജത്തിയെ‘ (യഥാർത്ഥത്തിൽ ഭാര്യയുടെ മകളെ) മുംബൈയിൽ പഠിയ്ക്കാൻ ക്ഷണിച്ചു. മുംബൈയിലെ അതിപ്രശസ്തമായ സെന്റ് സേവ്യേഴ്സ് കോളേജിൽ അങ്ങനെ ഷീന ബോറ എന്ന പെൺകുട്ടി ഗുവാഹതിയിൽ നിന്നു വന്ന് ചേർന്നു. മുംബൈ മെട്രോയിൽ മാന്യമായ ഒരു ജോലിയും തരപ്പെടുത്തി.
ഇതിലെവിടെയാണ് ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട മുൻ ആഭ്യന്തരമന്ത്രി പളനിയപ്പൻ ചിദംബരം വരുന്നതെന്നാണോ? കഥ അവിടേയ്ക്കാണ് വരുന്നത്.
പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും ന്യൂസ് എക്സ് ചാനൽ തുടങ്ങുമ്പോൾ അതിൽ മൂന്ന് പ്രധാന നിക്ഷേപകരാണുണ്ടായിരുന്നത്. മൌറീഷ്യസ് കമ്പനിയായ സിൽക് റൂട്ട് അഡ്വൈസേഴ്സ് ആയിരുന്നു ആദ്യത്തെ കമ്പനി.
സിൽക് റൂട്ട് എന്ന ഈ കമ്പനിയുടെ മുഴുവൻ കഥയും ദുരൂഹമാണ്. ഈ കമ്പനിയുടെ ഉടമസ്ഥരായ രാജ് രാജനാഥം എന്ന ശ്രീലങ്കൻ വംശജനായ അമേരിക്കൻ പൌരൻ സാമ്പത്തിക കുറ്റകൃത്യങ്ങളുൾപ്പെടെ അനേകം സിവിൽ ക്രമിനൽ കുറ്റകൃത്യങ്ങളിൽ ശിക്ഷ വിധിക്കപ്പെട്ട് അമേരിക്കയിലെ ജയിലിലാണിന്ന്. ഈ കമ്പനിയുടെ മറ്റ് ഡയറക്ടർമാരെ പല തവണ എഫ് ബി ഐ ചോദ്യം ചെയ്തുകഴിഞ്ഞു. ഈ കമ്പനിയാണ് ന്യൂസ് എക്സ് എന്ന മുഖർജിമാരുടെ ചാനലിന് ആദ്യ നിക്ഷേപം നൽകാനായെത്തിയത്.
പിന്നീട് ഡൽഹിയിലെ അധികാര ഇടനാഴികളിൽ കുപ്രശസ്തയായ ലോബിയിസ്റ്റ് നീരറാഡിയയും സുപ്രസിദ്ധ പത്രപ്രവർത്തകൻ വീർ സാംഘ്വിയുമായിരുന്നു ന്യൂസ് എക്സിലെ മറ്റു രണ്ട് പേർ. വീർ സാംഘ്വിയ്ക്ക് വിയർപ്പോഹരി നൽകാം എന്നായിരുന്നു കരാർ.
സിൽക് റൂട്ട് അഡ്വൈസേഴ്സ് മാത്രമായാൽ ചാനൽ പൂർത്തിയാവില്ല. മറ്റ് നിക്ഷേപകരെ ലഭിയ്ക്കണമെങ്കിൽ മാന്യമായ ചരിത്രമുള്ള ഏതെങ്കിലും നിക്ഷേപകർ ഉണ്ടാവണം,. വീർ സാംഘ്വിയും ലോബിചെയ്യാൻ നീര റാഡിയയും വന്നതോടെ സിംഗപ്പൂർ ഗവണ്മെന്റിന്റെ സ്വന്തമായ തെമസെക് ഹോൾഡിങ്സ് എന്ന കമ്പനി ന്യൂസ് എക്സിൽ നിക്ഷേപം നടത്തി. കൊടക് മഹീന്ദ്രയും ഈ ചാനലിൽ നിക്ഷേപം നടത്തി.
2008ൽ മൌറീഷ്യസ് കമ്പനികൾ മുന്നൂറ്റിയഞ്ച് കോടി രൂപയിൽക്കൂടൂതൽ ന്യൂസ് എക്സിൽ നിക്ഷേപം നടത്തിയെന്നത് ഗവണ്മെന്റ് ഏജൻസികൾ ശ്രദ്ധിച്ചിരുന്നു. ഇന്ത്യയിൽ ന്യൂസ് ചാനലുകളിൽ 27% വിദേശനിക്ഷേപം മാത്രമേ അനുവദിയ്ക്കുകയുള്ളൂ. അതുകൊണ്ട് ഐ എൻ എക്സ് മീഡിയ എന്ന കമ്പനി വഴിയായിരുന്നു ഡീലുകൾ എല്ലാം.
ഐ എൻ എക്സ് ന്യൂസ് എന്ന കമ്പനി വേറേ ഉണ്ടാക്കി. എന്നാൽ ഐ എൻ എക്സ് മീഡിയയിൽ വരുന്ന പണമെല്ലാം ന്യൂസ് ചാനലിനു വേണ്ടിത്തന്നെയാണ് ചിലവാക്കിയിരുന്നത്. ഐ എൻ എക്സ് മീഡിയയ്ക്ക് പോലും 4.62 കോടി രൂപ മാത്രമേ വിദേശനിക്ഷേപം സ്വീകരിയ്ക്കാൻ അർഹതയുണ്ടായിരുന്നുള്ളൂ. സ്വീകരിച്ചത് 305 കോടിയാണ്. കണക്കിൽപ്പെടുത്തിയത് മാത്രം.
2010ൽത്തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ന്യൂസ് എക്സ് ചാനലിന്റെ മാതൃകമ്പനിയായ ഐ എൻ എക്സ് മീഡിയയ്ക്കെതിരേ ഒരു കേസ് ഫയൽ ചെയ്തിരുന്നു.
പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും കേസിൽ നിന്ന് രക്ഷപെടാൻ വഴികണ്ടത് രാജ്യത്തെ ഏറ്റവും വലിയ അധികാരകേന്ദ്രത്തെ ആശ്രയിയ്ക്കുകയെന്നതായിരുന്നു. പളനിയപ്പൻ ചിദംബരം. ധനകാര്യവും ആഭ്യന്തരവും മാറിമാറി ആടുന്ന മൂർത്തിയേക്കാൾ വലിയ ശാന്തി. മൻമോഹൻ സിംഗ് എന്ന പാവയെ മുന്നിൽ നിർത്തി ആടിയ്ക്കുന്ന അധികാരക്കളിയിലെ മുഖ്യ ചരടുവലിക്കാരൻ. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമായിരുന്നു പ്രധാനശക്തികേന്ദ്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സിബിഐ പറയുന്നത് പ്രകാരം കാർത്തി ചിദംബരത്തിന് മുഖർജി ദമ്പതികൾ ശതകോടിക്കണക്കിനു രൂപ ഊരാക്കുടുക്കിൽ നിന്നൊഴിവാകാൻ കൈമാറി . ചിദംബരത്തിന്റെ സ്വന്തമായ വാസൻ ഹെൽത് കെയറിന്റെ പേരിലും പണം കൊടുത്തിരുന്നു എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്തായാലും ഐ എൻ എക്സ് മീഡീയയുടേയും ഐ എൻ എക്സ് ന്യൂസിന്റേയും വിദേശനിക്ഷേപമെല്ലാം ധനകാര്യമന്ത്രാലയം അതിശയകരമായി അംഗീകരിച്ചു. സകല നിയമങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് തന്നെ.
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കണക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രകാരം ഈ ഡീലിൽ ലഭിച്ച പണം കൊണ്ട് മാത്രം കാർത്തി ചിദംബരം സ്പെയിനിൽ ഒരു ടെന്നീസ് ക്ലബ്, ബ്രിട്ടനിൽ കോട്ടേജുകൾ തുടങ്ങി ഇന്ത്യയിലും പുറത്തും അനേകം വസ്തുവകകൾ വാങ്ങിച്ചിട്ടുണ്ട്. പത്തു ലക്ഷം അമേരിക്കൻ ഡോളറാണ് കാർത്തി ചിദംബരം ചോദിച്ചതെന്നാണ് ഇന്ദ്രാണി മുഖർജി പറയുന്നത്.
എന്തായാലും അധികകാലം ഇതിനു നിലനിൽക്കാനാകില്ലല്ലോ. പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും സ്വന്തം കമ്പനിയിൽ നിന്ന് കോടിക്കണക്കിനു രൂപ പല അക്കൌണ്ടുകളായി മാറ്റിയെടുത്തു. വീർ സാംഘ്വി ഇതൊക്കെക്കണ്ടിട്ടാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ന്യൂസ് എക്സിൽ നിന്ന് രാജിവച്ചു. മറ്റു ജീവനക്കാരെ ഒരു മുന്നറിയിപ്പുമില്ലാതെ ഇന്ദ്രാണി മുഖർജി ഒരു സുപ്രഭാതത്തിൽ പറഞ്ഞുവി.ട്ടു എണ്ണൂറു രൂപയിലധികം വിലകാണിച്ചിരുന്ന ഷെയറുകൾ വെറും പത്തുരൂപയ്ക്ക് വിറ്റഴിച്ചു.
ഇത്രയുമായപ്പോഴേക്കും ബോധമുള്ളവർക്കെല്ലാം മനസ്സിലായിരുന്നു ഇവരുടെ ഉദ്ദേശം ന്യൂസ് ചാനൽ നടത്തുകയൊന്നുമല്ലെന്ന്. ആരുടേയോ പണം വിദേശത്തുനിന്നും വരുത്തി വെളുപ്പിച്ചെടുക്കാനുള്ള തന്ത്രമായിരുന്നു ഇതെല്ലാം എന്ന് റിപ്പോർട്ടുകൾ പറയുന്നു. സിംഗപ്പൂരിലും യുകെയിലും മറ്റു വിദേശരാജ്യങ്ങളിലും ബന്ധുക്കളുടേയും മറ്റും പേരിൽ പല അക്കൌണ്ടുകളിലേക്ക് ഈ കമ്പനിയിലെ പണം ചോർത്തിക്കൊണ്ടിരുന്നു. മകളായ, എന്നാൽ സഹോദരിയെന്ന് എല്ലാവരോടും പറഞ്ഞിരിയ്ക്കുന്ന ഷീന ബോറയുടെ പേരിലും ഉണ്ടായിരുന്നു അക്കൌണ്ടുകൾ.
ഷീന ബോറ സ്വന്തം അമ്മയുടെ ഭർത്താവായ പീറ്റർ മുഖർജിയുടെ ആദ്യവിവാഹത്തിലെ മകനുമായി അടുപ്പത്തിലായിരുന്നു. രാഹുൽ മുഖർജി എന്നായിരുന്നു അയാളുടെ പേർ. വകയിൽ അർദ്ധസഹോദരനായ (നാട്ടുകാരുടെ മുന്നിൽ സഹോദരിയുടെ മകൻ) രാഹുൽ മുഖർജിയുമായുള്ള ബന്ധത്തിന് ഇന്ദ്രാണി എതിരായിരുന്നു എന്ന് പറയപ്പെടുന്നു.
ഒരു ദിവസം വളരെ സംശയാസ്പദമായി ഷീന ബോറയെ കാണാതായി. രാഹുൽ മുഖർജി പോലീസിനു പരാതിനൽകി. ഇന്ദ്രാണി മുഖർജി പറഞ്ഞത് അവൾ അമേരിക്കയിൽ പഠിക്കാൻ പോയെന്നായിരുന്നു.
മുംബൈ പോലീസും സി ബി ഐയും അതങ്ങ് വിശ്വസിച്ചില്ല. അവർ ഇന്ദ്രാണിയുടെ ഡ്രൈവറെ ഒരു കേസിൽ സംശയാസ്പദമായി പിടികൂടിയപ്പോൾ ചോദ്യം ചെയ്യലിൽ എല്ലാ വിവരങ്ങളും അയാൾ പോലീസിനെ അറിയിച്ചു.
ഷീന ബോറയെ അമ്മയും ഡ്രൈവറും ഇന്ദ്രാണിയുടെ രണ്ടാം ഭർത്താവായ സഞ്ജീവ് ഖന്നയും ചേർന്ന് കൊലപ്പെടുത്തിയതാണ്. കാറിന്റെ പിൻ സീറ്റിൽ വച്ച് കഴുത്ത് ഞെരിച്ച് ആ പെൺകുട്ടിയെ കൊലപ്പെടുത്തി. ഒഴിഞ്ഞ ഒരു കുറ്റിക്കാട്ടിലിട്ട് കത്തിച്ചുകളഞ്ഞു. കൊലപാതകത്തിന്റെ ചുരുളുകൾ അഴിയവെയാണ് ഷീനബോറ ഇന്ദ്രാണിയുടെ സഹോദരിയല്ല മകളാണ് എന്ന വിവരം ലോകമറിയുന്നത്.
ഷീന ബോറയെ എന്തിനു കൊലപ്പെടുത്തിയെന്നത് ഇന്നും ദുരൂഹമാണ്. കമ്പനിയിലെ പണം കട്ടെടുത്ത് അവളുടെ പേരിൽ നിക്ഷേപിച്ചിട്ട് അവളെ ഇല്ലാതാക്കിയതാണോ? ആർക്കുമറിയില്ല.
എന്നാൽ ഒന്ന് ഡൽഹി ഹൈക്കോടതിയ്ക്കെങ്കിലും ഉറപ്പാണ്. ഐ എൻ എക്സ് കമ്പനി കേസ് വെറുമൊരു അഴിമതിക്കേസല്ല. കുഴൽപ്പണക്കടത്തിന്റെ ഒരു ഉത്കൃഷ്ട മാതൃകയാണ്. ഉത്കൃഷ്ടം എന്നൊക്കെയതിനെ എങ്ങനെ പറയുമെന്നറീയില്ല. അപകൃഷ്ടമാതൃക എന്ന് പറയാമായിരിയ്ക്കും.. കുഴൽപ്പണക്കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമൊപ്പം മറ്റെന്തൊക്കെ ചുരുളഴിയാനുണ്ട് ഈ കേസിലെന്നത് മാത്രം ശ്രദ്ധിച്ചാൽ മതി.
ചിദംബരത്തേയും മകനേയും കാത്തിരിയ്ക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ കേസുമാത്രമാണോ എന്നത് ഇന്ദ്രാണി മുഖർജി എത്രത്തോളം തുറന്നു പറയുന്നു എന്നതിനെയനുസ്സരിച്ചിരിയ്ക്കും. എന്തായാലും ചിദംബരങ്ങൾക്കെതിരേയുള്ള കേസിൽ മാപ്പുസാക്ഷിയാകാനും സഹകരിക്കാനും ഇന്ദ്രാണി സമ്മതിച്ചിട്ടുണ്ട്.