Friday, July 22, 2016

റേഡിയേഷൻ, സ്വാഭാവിക പശ്ചാത്തല വികിരണം, മാധ്യമപ്പേടി

ദിവസം നൂറു സിഗററ്റ് വലിയ്ക്കുന്നവനും റേഡിയേഷൻ എന്ന് കേട്ടാൽ വെളിച്ചപ്പാടുമാരാവും. ഇത് വച്ച് മുതലെടുക്കാൻ മാധ്യമങ്ങൾക്കും വലിയ സന്തോഷമാണ്.ഈ സ്കേർമോംഗറിങ്ങ് കാരണം എക്സ് റേ പരിശോധനകൾ ചെയ്യാൻ പോലും രോഗികൾ വിസമ്മതിയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിയ്ക്കുന്നത് കണ്ടിട്ടുണ്ട്. വാക്സിനേഷനെതിരേ പോലും കൊടുവാളും കൊണ്ട് തുള്ളുമ്പോൾ അതൊക്കെ ചില്ലറ കാര്യമല്ലേ എന്ന് തള്ളിക്കളയാറാണ് പതിവ്.

ഒന്ന് ലളിതവൽക്കരിച്ചാൽ ഊർജ്ജത്തിന്റെ വിദ്യുത്കാന്തിക തരംഗങ്ങളായുള്ള ഏത് സഞ്ചാരവും റേഡിയേഷനാണ്. സബ് അറ്റോമിക കണങ്ങളുടെ സഞ്ചാരത്തേയും(പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ തുടങ്ങി) റേഡിയേഷൻ എന്ന് വിളിയ്ക്കാം. അപ്പോൾ നമ്മൾ കാണുന്ന പ്രകാശവും പഴയകാല, ടെലിവിഷൻ/ കമ്പ്യൂട്ടർ മോണിറ്ററിലെ ഇലക്ട്രോൺ ഗണിൽ നിന്ന് പുറത്ത് വരുന്ന ഇലക്ട്രോണുകളും സ്ട്രിക്ട് ആയി പറഞ്ഞാൽ റേഡിയേഷൻ തന്നെയാണ്. ഈ മൊബൈൽ ഫോണിൽ നിന്ന് വരുന്ന ‘റേഡിയേഷനും‘ റേഡിയോ തരംഗങ്ങളായ SW, FM ഉം ഒക്കെ ആ അർത്ഥത്തിൽ ‘റേഡിയേഷൻ തന്നെയാണ്. പക്ഷേ അവയെ നമ്മൾ അയ്യോ! ‘റേഡിയേഷൻ‘ എന്ന് വിളിയ്ക്കാറില്ലല്ലോ.

ഈ പേടിയുടെ ഭാഷയിൽ റേഡിയേഷൻ റേഡിയേഷൻ എന്ന് വിളിച്ച് കൂവുന്നത് അയണീകരണം ഉണ്ടാക്കാൻ കഴിവുള്ള റേഡിയേഷനെയാണ്. അയണൈസിങ്ങ് റേഡിയേഷൻ എന്ന് പറയാം. അയണൈസിങ്ങ് സംഭവിയ്ക്കുമ്പോൾ ശരീരകോശങ്ങൾക്ക് ക്ഷതം സംഭവിയ്ക്കാൻ സാധ്യതയുണ്ട്.

നമ്മൾ ജീവിയ്ക്കുന്നത് അയണൈസിങ്ങ് റേഡിയേഷന്റെ ഒരു മഹാസാഗരത്തിലാണ്. സ്വാഭാവിക പശ്ചാത്തല അയണൈസിങ്ങ് റേഡിയേഷൻ (Natural Background Radiation) പ്രകൃതിയിലെ പല ധാതുക്കളിൽ നിന്നും സ്വാഭാവികമായി ഉണ്ടാകുന്നുണ്ട്. സൂര്യനിൽ നിന്ന് വരുന്ന കോസ്മിക് കിരണങ്ങളും അയണൈസിങ്ങ് റേഡിയേഷൻ തന്നെയാണ്.

നമ്മൾ വളരെ സ്വാഭാവികമായി ജൈവരീതിയിൽ സഖാവിന്റെ തോട്ടത്തിൽ വിളവെടുത്ത പഴമൊന്ന് തിന്നാൽ ഏതാണ്ട് ശരാശരി 14 Bq റേഡിയേഷൻ അകത്താക്കുന്നുണ്ട്.(ബെക്കറൽ (Bq) എന്നത് റേഡിയോ ആക്ടിവിറ്റിയുടെ ഒരു അളവാണ്. മൈൽ എന്നത് ദൂരത്തിന്റെ അളവെന്ന പോലെ) പഴത്തിൽ ധാരാളമായുള്ള പൊട്ടാസ്യം-40 (K-40) എന്ന സ്വാഭാവികമായി പ്രകൃതിയിൽ കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമാണതിനു കാരണം.

പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന പൊട്ടാസ്യത്തിൽ 0.012% ഈ റേഡിയോ ആക്ടീവ് മൂലകമായ പൊട്ടാസ്യം-40 ആണ്. ഇങ്ങനെ പലതരം റേഡിയോ ആക്ടീവ് മൂലകങ്ങൾ നമ്മൾ ഭക്ഷണത്തിലൂടെയും വായുവിലൂടെയും വെള്ളത്തിലൂടെയുമൊക്കെ സ്വാഭാവികമായി ‘ജൈവ‘ രീതിയിൽത്തന്നെ അകത്താക്കുകയും പുറത്ത് തള്ളുകയുമൊക്കെ ചെയ്യുന്നുണ്ട്.

ഈ സ്വാഭാവിക റേഡിയേഷൻ പല സ്ഥലങ്ങളിലും ഏറിയും കുറഞ്ഞുമിരിയ്ക്കും. ഇൻഡ്യയിൽ വളരെ വ്യാപകമായി ഇങ്ങനെ റേഡിയേഷൻ സർവേകൾ നടത്തിയിട്ടുണ്ട്. മുംബൈയിൽ 0.484 mGy യും ബംഗലൂരുവിൽ 0.825 mGy യും ആണ് വർഷാവർഷം സ്വാഭാവികമായുള്ള റേഡിയേഷന്റെ അളവ്. (മില്ലി ഗ്രേ, milligray റേഡിയേഷന്റെ മറ്റൊരു അളവ്, നമ്മൾ ദൂരത്തിനു കിലോമീറ്റർ എന്ന് പറയുന്ന പോലെ)

അപ്പോൾത്തന്നെ മുംബൈയും ബെംഗലൂരും തമ്മിൽ സ്വാഭാവിക പശ്ചാത്തല റേഡിയേഷന്റെ അളവിൽ വ്യത്യാസമുണ്ടെന്ന് മനസ്സിലായല്ലോ. ഇനി ചില സ്ഥലങ്ങളിൽ ഈ സ്വാഭാവിക റേഡിയേഷൻ വളരെക്കൂടൂതലായിരിയ്ക്കും.High background radiation areas (HBRAs) എന്നാണാ പ്രദേശങ്ങളെ വിളിയ്ക്കുന്നത്.സ്വാഭാവിക പശ്ചാത്തല വികിരണം കൂടൂതലുള്ള സ്ഥലങ്ങൾ എന്നോ മറ്റോ പരിഭാഷപ്പെടുത്താം.

കരുനാഗപ്പള്ളി ഏരിയായിലെ തീരദേശം അത്തരത്തിലൊരു പ്രദേശമാണ്. അവിടെ മൊത്തത്തിൽ ശരാശരി വർഷാവർഷം 4 mGy വികിരണം ഉണ്ടാകുന്നുണ്ട് (മുംബൈയേക്കാൾ ഏതാണ്ട് എട്ടിരട്ടി). ചില പ്രത്യേക സ്ഥലങ്ങളിൽ അത് 70 mGy വരെ ഉയർന്നു കാണുന്നു.

എവിടുന്നാണ് മറ്റു സ്ഥലങ്ങളേ അപേക്ഷിച്ച് ചവറ കരുനാഗപ്പള്ളി നീണ്ടകര ഏരിയായിൽ കൂടുതൽ റേഡിയേഷൻ വരുന്നത്?

നിങ്ങളൂഹിച്ചത് ശരിയാണ്. കരിമണൽ.

ധാതുമണലിൽ സമ്പുഷ്ടമായ മോണോസൈറ്റ് എന്ന ധാതുവിലെ തോറിയം എന്ന റേഡിയോ ആക്ടീവ് മൂലകം, (232Th) മറ്റു ധാതുക്കളിലെ യുറേനിയം (238U), പൊട്ടാസ്യം (40K) എന്നീ മൂലകങ്ങളാണ് അവിടെ പ്രധാനമായും റേഡിയേഷൻ ഉണ്ടാക്കുന്നത് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇതിലെ മോണോസൈറ്റ് എന്ന ധാതുവിൽ കണ്ടെത്തിയ 232Th എന്ന റേഡിയോ ആക്ടീവ് മൂലകത്തിനെ വച്ച് നമ്മൾ ഭാരതീയർ മനപ്പായസമുണ്ണാൻ തുടങ്ങിയിട്ട് നാളൊത്തിരിയായി. ഇപ്പം ശരിയാക്കാം ഇപ്പം ശരിയാക്കിത്തരാം എന്ന് പറയുന്നതല്ലാതെ ഒന്ന്വങ്ങോട്ട് ശരിയാകുന്നില്ല. :-) പക്ഷേ നമ്മൾ ശാസ്ത്രജ്ഞരെ നിരുത്സാഹപ്പെടുത്താൻ പാടില്ല. കമ്പിക്കുഴലിൽ മരുന്ന് നിറച്ച് പലപ്രാവശ്യം അറബിക്കടലിൽ കത്തിച്ചിട്ട നമ്മൾ മംഗളയാനം വരെയെത്തിയില്ലേ. അതുപോലെ ഇതും ശരിയാവും. എന്തായാലും കാട് കയറുന്നില്ല.

ഈ ധാതുക്കളൊന്നും ആരും അവിടെ കൊണ്ടുവന്നിട്ടതല്ല. അവിടെ സ്വാഭാവികമായി ഉള്ള സാധനമാണത്. ആ നാട്ടിൽ എത്രയോ നാളുകളായി ഖനനം നടക്കുന്നു. രാജ്യത്തിന്റെ സമ്പത്തിനു വലിയൊരു മുതൽക്കൂട്ടാണ് ഈ ധാതുക്കൾ. ഒപ്പം കരിമണൽ ഖനനം എന്ന് പ്രകൃതിസ്നേഹികൾക്ക് ചിന്തിയ്ക്കാനും ചർച്ച ചെയ്യാനുമുള്ള വലിയൊരു പ്രശ്നവും.

അതായത് നീണ്ടകര ചവറ പന്മന കരുനാഗപ്പള്ളിയിലെ ഈ റേഡിയേഷൻ ഇന്നലെ കണ്ടെത്തിയതൊന്നുമല്ല. ഒരുപാട് നാളുകളായിത്തന്നെ വളരെ വിശദമായി പഠിച്ചിട്ടുണ്ട്. High background radiation areas (HBRAs) നെപ്പറ്റി പഠിയ്ക്കുന്ന ലോകത്തെമ്പാടുമുള്ള വിദഗ്ധർ അവിടെ തമ്പടിച്ച് ഈ വിഷയം പഠിച്ചിട്ടുണ്ട്. എന്തിനധികം പലപ്പോഴും കോൺഫറൻസുകൾക്കായും മറ്റും വിദഗ്ധർ അമേരിക്കയിലേക്ക്കും മറ്റും പോകുമ്പോൾ High background radiation areas (HBRAs) നെപ്പറ്റി അന്താരാഷ്ട്ര സെമിനാറുകൾ കേരളത്തിൽ വച്ച് നടത്തിയിട്ടുണ്ട്.

അയ്യോ കുഴപ്പമായോ ചവറ പന്മന തേവലക്കരയീന്ന് എത്രയും പെട്ടെന്ന് സ്ഥലം വിറ്റുപെറുക്കി രക്ഷപെടണം എന്ന് തോന്നുന്നുണ്ടോ? വളരെ നല്ല കാര്യം. സെന്റിനൊരമ്പത് രൂപയ്ക്കോ മറ്റോ ഞാൻ എടുത്തോളാം. :-) കൂടുതൽ ചോദിയ്ക്കരുത്

അപ്പൊ പേടിയ്ക്കാനൊന്നുമില്ലന്നാണോ? വിശദീകരിയ്ക്കാം. ഈ സ്വാഭാവിക റേഡിയേഷൻ ഈ ഭാഗങ്ങളിൽ കൂടുതലാണെന്ന് കണ്ടുപിടിച്ചിട്ട് ഒരുപാട് ഒരുപാട് കാലമായി. അന്ന് മുതൽ ഈ കൂടിയ റേഡിയേഷൻ കിട്ടുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങൾ വല്ലതുമുണ്ടാകുന്നുണ്ടോ എന്ന് നിരന്തരം പഠനങ്ങൾ നടത്തുന്നു.

റേഡിയേഷൻ കാൻസർ ഉണ്ടാക്കും എന്ന് ഭീതി മൂലം കാൻസർ രോഗബാധ കൂടുതൽ കാണുന്നുണ്ടോ എന്ന് പരിശോധിയ്ക്കാൻ 1999 മുതൽ തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ ജപ്പാനിലെ ഹെൽത് റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് ആ ഭാഗങ്ങൾക്ക് മാത്രമായി ഒരു കാൻസർ രജിസ്ട്രി സംവിധാനം തുറന്ന് വച്ച് പരിശോധിയ്ക്കുന്നു. അവിടെങ്ങും ലോകത്തെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഒരു കാൻസറും കൂടുതലില്ല. ഒരു പ്രശ്നവുമില്ല.

റേഡിയേഷൻ കൂടുതലുണ്ട്. പക്ഷേ അത് കൂടുതലുള്ളതുകൊണ്ട് ഒരു ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തിയിട്ടില്ല. ഇപ്പോൾത്തന്നെ പല ഗവേഷണഫലങ്ങൾ പുറത്ത് വന്നു കഴിഞ്ഞു. ഇപ്പോഴും ഗവേഷണങ്ങൾ നടക്കുന്നു. പക്ഷേ 2009ൽ പ്രസിദ്ധീകരിച്ച വിശദമായ പഠനത്തിൽ യാതൊരാശങ്കയ്ക്കും വകയില്ലാത്ത രീതിയിൽ ഇവിടെ കാൻസർ ബാധ കൂടുതലല്ല എന്ന് തെളിയിച്ചിട്ടുണ്ട്.

ഈ എഴുതിയത്, യാതൊരു പ്രയോജനവുമില്ലാതെ ശീലിച്ച്പോയതുകൊണ്ട് മാത്രം ദിനേന പത്രം വായിച്ചുപോകുന്ന വഴി ഒരു മാ‘ന്ധ്യ‘യമപുംഗവൻ ചവറകരുനാഗപ്പള്ളിയിൽ ഭീകര അളവിൽ റേഡിയേഷൻ കണ്ടെത്തി (മൂന്നത്ഭുതചിഹ്നം!!!) കേരളം ഞെട്ടി!!! (ഇന്നലെ കണ്ട പോലെ) റേഡിയേഷൻ കൂടുതലായാൽ അർബുദരോഗികൾ കൂടും എന്നൊക്കെ ലക്ഷോപലക്ഷം സർക്കുലേഷനുള്ള പത്രമുത്തശ്ശിയിൽ അച്ചുനിരത്തിയിരിയ്ക്കുന്നത് വായിച്ചാണ്.(ലിങ്ക് കൊടുക്കില്ല.ആ സർവീസ് നിർത്തി)

ആ ഏരിയായിൽ പത്രമുത്തശ്ശിമാർക്കോ ബന്ധുക്കൾക്കോ റിയലെസ്റ്റേറ്റ് ബിസിനസ് തുടങ്ങാൽ പ്ളാൻ വല്ലതുമുണ്ടോ ആവോ? ഇപ്പത്തന്നെ സെന്റിനു പത്ത് ലക്ഷത്തിൽ കുറഞ്ഞ ഒന്നും അവിടില്ലെന്നാണ് കേൾവി. പാകിസ്ഥാനീന്ന് കണ്ടൈനറിറങ്ങുന്നത് നേരിട്ട് ഇപ്പം ആ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നുണ്ടെന്നാണ് ഗോസിപ്പ്.

എത്ര ശാസ്ത്രമായാലും ഗോസിപ്പടിച്ചില്ലേ എന്ത് ഫേസ്ബുക്ക്, എന്ത് പോസ്റ്റ് തൂണ്. ;-)

(ചിത്രം കടപ്പാട് വിക്കിപ്പീഡിക)