Friday, July 31, 2015

ഭാരതരത്നം


ഭാരതശിരസ്സിലെ അപൂർവവും ഉത്കൃഷ്ടവുമായ രത്നമായിരുന്ന ഡോ. എ പി ജെ അബ്ദുൾ കലാം ജീവൻ വെടിഞ്ഞു. ദേഹം വെടിഞ്ഞുപോയി എന്ന കുറ്റം ചെയ്തതുകൊണ്ട് അദ്ദേഹത്തെ വിചാരണചെയ്യുന്ന സാമൂഹ്യമാദ്ധ്യമ മഹാത്മാക്കളുടെ സമയമാണല്ലോ ഇത്. പറയാനൊന്നുമില്ലാതെയിരുന്നാലും ഒന്നും പറയാതെ പോകുന്നത് ഉചിതമാവില്ല. ഒരു കല്ലെങ്കിൽ ഒരു കല്ല് അദ്ദേഹത്തിനു നേരേ എറിഞ്ഞില്ലെങ്കിൽ പുരോഗമന മുഖംമൂടികൾ കിട്ടാതെയായാലോ എന്ന വിഷമമുള്ളത് കൊണ്ട് ചിലത് പറയുന്നു .
കടന്ന് വരുവാൻ ചുവന്ന പരവതാനികൾ വിരിച്ച പട്ടുപാതയുമായല്ല രാമേശ്വരം കടപ്പുറത്തെ ജൈനുലാബ്ദിന്റേയും ഐഷുമ്മയുടേയും മകനെ ലോകം എതിരേറ്റത്. വിഷമതകളുടേയും കഷ്ടപ്പാടുകളുടേയും നാളുകളിൽ നിന്ന് അദേഹം സ്വായത്തമാക്കിയത് ആഗ്രഹങ്ങൾ പ്രാവർത്തികമാക്കാൻ ഏതറ്റം വരേയും പ്രയത്നിയ്ക്കാൻ മടിയില്ലാത്ത ആ അഗ്നിച്ചിറകുകൾ തന്നെയായിരുന്നു.

വളരെ ആഗ്രഹിച്ച ഇന്ത്യൻ വ്യോമസേനയിലെ ആയോധന വൈമാനികന്റെ പദവിയിലേക്കുള്ള പരീക്ഷയിൽ വിജയിയ്ക്കാതെയിരുന്നത് ഭാരതത്തിനു വേണ്ടി അദ്ദേഹത്തിനു ചെയ്യുവാൻ വേറേയൊരുപാടുണ്ടെന്നതിനു നിയതി കണ്ടുവച്ച വഴിയായിരിയ്ക്കണം. രാജ്യസുരക്ഷാ ഗവേഷണ വികസന സംഘടനയെന്ന DRDO യിലേക്ക് ശാസ്ത്രജ്ഞനായി ജോലിയിലേറുമ്പോൾ തനിയ്ക്ക് നഷ്ടപ്പെട്ട അവസരങ്ങളേപ്പോലും മുന്നോട്ടുള്ള പാതയിലേയ്ക്ക് വെളിച്ചമാക്കുന്ന മനോവിഭാനതയും അദ്ദേഹത്തിനുണ്ടായി.
പിന്നീട് ശൂന്യാകാശഗവേഷണത്തിലും ആത്യന്തികമായി മിസൈൽ സങ്കേതികതയിലും ഭാരതത്തിന്റെ സ്വാശ്രയത്വത്തിന്റേയും സുരക്ഷയുടേയും സൂത്രധാരനാവുകയും പുരോഗതിയുടെ പാതയിലേയ്ക്ക് ആധുനികഭാരതത്തിനെ കൈപിടിച്ചുയർത്തുകയും ചെയ്ത അദ്ദേഹം രാജ്യത്തിന്റെ എല്ലാമെല്ലാമായ പരമോന്നതപദവിയിലേയ്ക്ക്, സർവസൈന്യാധിപന്റെ പദവിയിലേയ്ക്കുയരുമ്പോൾ ഭാരതത്തിന്റെ അഭിമാനം വാനോളമുയർന്നു.

രണ്ടാം ആണവപരീക്ഷണം മുതൽ മിസൈൽ സാങ്കേതികത വരെ ഭാരതത്തിനു സമ്മാനിച്ച, ജീവിതം മുഴുവൻ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പുരോഗതിയുടേയും വികസനത്തിന്റേയും ആശയപ്രചരണത്തിനു ചെലവഴിച്ച അദ്ദേഹത്തിനെ ശാസ്ത്രജ്ഞൻ എന്ന് മാത്രം വിളിയ്ക്കുന്നത് ശരിയല്ല. അതിലുപരി അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായിരുന്നു. ഒരു രാഷ്ട്രീയക്കാരൻ എങ്ങനെയായിരിയ്ക്കണമെന്നുള്ള മാതൃക, ചിന്തകനും നേതാവുമായിരുന്നു. രാജഋഷി . ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന മഹാഋഷി.

വിമർശനശരങ്ങളാണ്. അണുപരീക്ഷണം നടത്തി! ആണവനിലയങ്ങളെ അനുകൂലിച്ചു!! മിസൈലുണ്ടാക്കി!!! ആണവപരീക്ഷണം ഭാരതത്തിൽ ആകെ മൂന്നെണ്ണമേ നടത്തിയിട്ടുള്ളൂ. വെറും മൂന്നെണ്ണം. ആകെ അറുപത്തെട്ട് കിലോടൺ ടീ എൻ ടിയ്ക്ക് തുല്യം ഇന്ധനം. അവരവരുടേതായ നമ്മൾ നമ്മളുടേതായ ചൈന ലോകമറിഞ്ഞ് മാത്രം നാൽപ്പത്തിയേഴ് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇരുപത്തിനാലായിരത്തിനാനൂറ്റിയൊൻപത് കിലോടൺ!! ഇംഗ്ളണ്ട് ഫ്രാൻസ് എന്നിവ ഓരോരുത്തരും ഏതാണ്ട് നൂറിനടുത്ത് പരീക്ഷണങ്ങൾ. സോവ്യറ്റ് റഷ്യ ആയിരത്തിനടുത്ത്. അമേരിക്ക 1032 പരീക്ഷണങ്ങൾ അതായത്രുലക്ഷത്തിതോണ്ണൂറ്ററായിരത്തിഅഞ്ഞൂറ്റിപ്പതിനാലു കിലോടൺ ടീ എൻ ടീ യ്ക്ക് തുല്യം.

ആണവപരീക്ഷണങ്ങൾ മാത്രമല്ല, ഏത് വിധേനയും ആ ആണവായുധങ്ങൾ ഉൾപ്പെടെയുള്ളവ തങ്ങൾക്കെതിരേയുള്ള സകലമാന രാജ്യങ്ങൾക്ക് നേരെയും യാതൊരു തത്വദീക്ഷയുമില്ലാതെ പ്രയോഗിയ്ക്കാൻ യാതൊരു മടിയുമില്ലെന്നു ദിവസം കണക്കിനു തെളിയിച്ച്കൊണ്ടിരിയ്ക്കുന്ന ആഗോള ഭീമന്മാർ. ആണവായുധം കയ്യിലുണ്ട് എന്നത് മാത്രം ഉയർത്തിക്കാണിച്ച് ലോകസഭകളിൽ അദ്ധ്യക്ഷന്മാരായി ഞെളിഞ്ഞിരിയ്ക്കുന്ന മാടമ്പിത്തം. വൻ രാജ്യങ്ങളേപ്പോലും വിറപ്പിയ്ക്കാൻ മടിയില്ലാത്ത താൻപ്രമാണിത്വം…
ഭാരതം മാത്രം ആണവായുധം ഉണ്ടാക്കാതിരുന്നാൽ മതിയല്ലോ !!
യൂ എസ് ഏ യിൽ നൂറോളം, ഫ്രാൻസിൽ അൻപത്തിയെട്ട്, ജപ്പാനിൽ നാൽപ്പത്തിയെട്ട്, റഷ്യയിൽ മുപ്പത്തിയെട്ട് , കൊച്ച് ഫിൻലാൻഡിൽ നാല്, സ്വീഡനിൽ പത്ത് , നെതർലാൻഡ്സിൽ ഒന്ന് വീതം ആണവനിലയങ്ങളുണ്ട്. (അവരൊക്കെയാണല്ലോ ഇപ്പഴത്തെ മഹാത്മാക്കൾ. നോർഡിക് മഹാത്മാക്കൾ) . ലോകഭീമന്മാർ ഇപ്പോൾ ആണവശക്തിയെ ഹരിതോർജ്ജമായി പ്രഖ്യാപിയ്ക്കണമെന്ന് ലോബിയിങ്ങ് നടത്തുന്ന കാലം.
ആണവമാലിന്യസംസ്കരണം പണ്ടത്തേക്കാൾ ഒരുപാട് കാര്യക്ഷമമായി നടത്താവുന്ന സാങ്കേതികതകൾ കൈപ്പിടിയിലായ സമയം. ഊർജ്ജസുരക്ഷയും സ്വയം പര്യാപ്തതയും ഏത് രാജ്യത്തിന്റേയും വികസനത്തിന്റെ ഒരേയൊരു ഘടകമായ സമയം. പെട്രോ ഡോളർ തലപ്പാവുകളിലൊളിപ്പിച്ചിട്ടുണ്ട് എന്ന കാരണത്താൽ ലോകഭീമന്മാർപോലും തലപ്പാവുകൾക്ക് വിടുപണി ചെയ്യുന്ന സമയം…

ഭാരതത്തിൽ പക്ഷേ ആണവനിലയമുണ്ടായാൽ അത് ആപത്ത്. !!

സ്ട്രാറ്റജിക് മിസൈൽ സിസ്റ്റങ്ങൾ യൂ എസ് ഏയ്ക്ക് മുതൽ സമാധാനപ്രീയരായ ജപ്പാനു വരെയുണ്ട്. ചൈനയ്ക്കും പാകിസ്ഥാനിനും ശ്രീലങ്കയ്ക്കും അൽ ഖ്വൈദയ്ക്കും ഇറാനും ഇറക്കിനും റഷ്യയ്ക്കുമെല്ലാം മിസൈലുകളുണ്ട്. അവ ഏത് നിമിഷവും മറ്റുള്ളവർക്ക് നേരേ പ്രയോഗിയ്ക്കാൻ തയാറാക്കി നിർത്തിയിരിയ്ക്കുകയുമാണ്. അത് വച്ച് വിലപേശി പലതും അന്താരാഷ്ട്രതലത്തിൽ നേടിയെടുക്കുന്നു.

പക്ഷേ ഭാരതത്തിനു സ്വന്തമായി സ്ട്രാറ്റജിക് മിസൈൽ സിസ്റ്റങ്ങൾ ഉണ്ടാവാൻ പാടില്ല. !!

പ്രീയ അബ്ദുൾ കലാം , സ്വന്തം വീട്ടിൽ നിന്നാരെങ്കിലും വിട്ടുപോയെന്ന പോലെ വിഷമത്തോടെ എഴുതുന്നു. അങ്ങേയ്ക്കെന്റെ കൂപ്പുകൈ. ഭാരതത്തെ ഭാരതമാക്കിയതിനു. നിവർന്ന് നിൽക്കാൻ പഠിപ്പിച്ചതിന്. സ്വപ്നങ്ങൾ തന്നതിന്, വഴിവിളക്കേകിയതിന്.

രണ്ടായിരത്തിയിരുപത് കാണാൻ അങ്ങില്ലാതെപോയല്ലോ എന്ന് വിഷമിച്ച് പലയിടത്തും ആൾക്കാർ എഴുതിയിരിയ്ക്കുന്നത് കണ്ടു. അത് അങ്ങയെപ്പോലെയുള്ളവർ തന്ന വിശ്വാസമാണ്.
‘നന്നായി, രണ്ടായിരത്തിയിരുപത് കാണാൻ അങ്ങിവിടെയില്ലാതെ പോയത്’ എന്ന് എഴുതുന്നതിനു പകരം (അങ്ങനെയായിരുന്നു അവസ്ഥ) ഭാരതം രണ്ടായിരത്തിയിരുപതിലേക്ക് ഉണർന്നേണീയ്ക്കും എന്ന് തന്നെയാണ് എല്ലാവരും പറഞ്ഞിരിയ്ക്കുന്നത് എന്നുള്ളത് കൊണ്ട് ഇനിയൊരു പിറകോട്ട് പോക്കില്ല എന്ന ആത്മവിശ്വാസത്തോടെ പ്രീയ അബ്ദുൾ കലാം , അങ്ങയുടെ സാർത്ഥകമായ ജീവിതത്തിന്റെ കർമ്മയോഗത്തിനു മുന്നിൽ ശക്തിയിലേക്കും ഔന്നത്യത്തിലേയ്ക്കും സ്വാശ്രയത്തത്തിലേയ്ക്കും ഉണർന്നെണീയ്ക്കുന്ന ഭാരതത്തിന്റെ ആദരാഞ്ജലികൾ.

Friday, July 24, 2015

ശബരീനാഥനു സ്നേഹപൂർവം. ശ്രീനിവാസനു അതില്ലാതെയും

ശ്രീ ജീ കാർത്തികേയൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കാലത്ത് പത്രം വായിച്ചവർ ഒരു വാർത്ത കണ്ടിരിയ്ക്കാൻ ഇടയുണ്ട്. അദ്ദേഹത്തെ അത്യന്താധുനികമായ സൈബർ നൈഫ് റോബോട്ടിക് (Cyber Knife) സർജറിയ്ക്ക് വിധേയമാക്കും എന്നതായിരുന്നു അത്. അത് ചെയ്താൽ അദ്ദേഹത്തിന്റെ നില പെട്ടെന്ന് മെച്ചെപ്പെടുമെന്ന രീതിയിലായിരുന്നു വാർത്തയെല്ലാം. നാമെല്ലാം വളരെ പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം നമ്മെ വിട്ട് പോയി. സൈബർ നൈഫ് റൊബോട്ടിക് സർജറി എന്ന വാക്ക് വിടാതെ കിടന്നു.

കാൻസർ ചികിത്സയിൽ പ്രധാനപ്പെട്ട മൂന്നു രീതികളാണുള്ളത്. ശസ്ത്രക്രീയ, മരുന്നു ചികിത്സ, വികിരണ ചികിത്സ. (Surgery, Chemotherapy, Radiotherapy). ഇവയുടെ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള ചികിത്സകൾ, പലതരം കൂട്ടുകളിൽ കാൻസറിനു ചെയ്യേണ്ടി വരും. ചികിത്സ കൊടുക്കുന്ന ക്രമത്തിലും വ്യത്യാസം കാണും. ആദ്യം സർജറി, അല്ലെങ്കിൽ ആദ്യം മരുന്നു ചികിത്സ അല്ലെങ്കിൽ ആദ്യം റേഡിയേഷൻ, ചിലപ്പൊ ആദ്യം കുറച്ച് മരുന്ന് ചികിത്സ പിന്നെ സർജറി, പിന്നെ റേഡിയേഷൻ അങ്ങിനെയങ്ങനെ ഇതിന്റെ സകല പെർമ്യൂട്ടേഷൻ കോമ്പിനേഷനും തെളിവുകളുടെയും രോഗത്തിന്റെ അന്നത്തെ അവസ്ഥയുടേയും അടിസ്ഥാനത്തിൽ ഉപയോഗിയ്ക്കും.

ഇതിൽ സർജറി, മരുന്നുചികിത്സ എന്നിവയെപ്പറ്റി ഒന്നും പറയുന്നില്ല പറയുന്നത് വികിരണചികിത്സയെപ്പറ്റിയാണ്.

വലിയ ഊർജ്ജത്തിലുള്ള എക്സ്-വികിരണം,(High energy X Rays) ഗാമ വികിരണം (Gamma Rays), ഇലക്ട്രോണുകൾ, പ്രോട്ടോണുകൾ, മറ്റു ലഭ്യമായ പല അയോണീകരണം സാധ്യമാക്കുന്ന വികിരണങ്ങൾ(Ionising radiation) എന്നിവ ഉപയോഗിച്ച് രോഗചികിത്സ നടത്തുന്ന രീതിയാണ് വികിരണ ചികിത്സ (Radiotherapy). അതിൽത്തന്നെ വികിരണം ഒരു യന്ത്രത്തിൽനിന്ന് ശരീരത്തിലേക്ക് പായിയ്ക്കുന്നതിനെ External beam radiotherapy എന്നും (ഒരു ടോർച്ചടിയ്ക്കും പോലെ. വെളിച്ചം ബൾബിലാണ്. അത് ശരീരത്തിലേക്ക് അടിയ്ക്കുന്നു. ടോർച്ച് അടിയ്ക്കാൻ എന്നാണ് പണ്ട് നാട്ടിലൊക്കെ വികിരണ ചികിത്സയെ പറഞ്ഞിരുന്നതും) റേഡിയേഷൻ പുറപ്പെടുവിയ്ക്കുന്ന റേഡിയോ ആക്ടീവ് മൂലകങ്ങൾ കാൻസർ ഉള്ള ഭാഗങ്ങളിൽ തൊട്ട് വച്ചോ സൂചിപോലെ കയറ്റിയോ ഒക്കെയും ചികിത്സിയ്ക്കാറുണ്ട്. ഇതിനെ ബ്രാക്കിതെറാപ്പി (Brachytherapy) എന്ന് പറയും. (റേഡിയേഷൻ സൂചിവപ്പ്).


(External Beam Radiotherapy കൊടുക്കുന്ന പഴയകാല ഉപകരണം)

അതിൽ ഈ എക്സ്റ്റേണൽ ബീം റേഡിയേഷനു വേണ്ടി ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് കൊബാൾട്ട് 60 എന്നൊരു റേഡിയോ ആക്ടീവ് മൂലകം വലിയൊരു മെഷീനകത്ത് വച്ച് അതിൽ നിന്ന് പുറത്ത് വരുന്ന ഗാമാ വികിരണങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് കടത്തിവിട്ടാണ്.മുകളിൽ കാണിച്ചിരിയ്ക്കുന്ന ഉപകരണം. ഇന്ന് അതിനു പകരം വലിയ ഊർജ്ജത്തിലുള്ള എക്സ് കിരണങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള ലീനിയർ ആക്സിലറേറ്റർ (ലിനാക്) (Linear Accelerator/LINAC) ആണ് ഉപയോഗിയ്ക്കുന്നത്. ഈ ലിനാകിൽ നിന്നുള്ള എക്സ് കിരണങ്ങൾ നമ്മൾ സാധാരണ എക്സ് റേ പടം എടുക്കുമ്പോൾ ഉള്ള എക്സ് കിരണങ്ങളേക്കാൾ 100 മുതൽ 1000 മടങ്ങോളം ഊർജ്ജം കൂടിയതാണെന്ന് പറയാം.

(ഒരു ആധുനിക റേഡിയേഷൻ ഉപകരണം. ലിനാക് (LINAC))

ഇത്രയും ഊർജ്ജമുള്ള എക്സ്, ഗാമാ കിരണങ്ങൾ ശരീരകോശങ്ങളെ നശിപ്പിയ്ക്കാൻ ശേഷിയുള്ളതാണ്. ശരിയ്ക്ക് പറഞ്ഞാൽ കൃത്യമായി വികിരണം കടന്ന് പോകുന്ന വഴിയിലുള്ള കാൻസർ കോശങ്ങളെ നശിപ്പിയ്ക്കുകയാണ് വികിരണചികിത്സ വച്ച് ചെയ്യുന്നത്. വികിരണത്തിനു കാൻസറെന്നോ സാധാരണ കോശമെന്നോ വ്യത്യാസമില്ല. അപ്പോൾ നമ്മൾ വികിരണത്തെ കാൻസർ ഉണ്ട് എന്ന് കരുതുന്ന ഭാഗത്തേക്ക് പല വശത്തുനിന്നും കടത്തിവിടും. ഒരേ സ്ഥലത്തേക്ക് രണ്ടോ മൂന്നോ സ്പോട്ട് ലൈറ്റ് പായിയ്ക്കുന്നു എന്ന് കരുതുക. ആ മൂന്ന് സ്പോട്ട് ലൈറ്റുകളും ഫോക്കസ് ചെയ്തിരിയ്ക്കുന്ന വസ്തുവിൽ നല്ല വെളിച്ചം കാണുമല്ലോ. എന്നാൽ ഒരോ സ്പോട്ട് ലൈറ്റും ഒറ്റയ്ക്കെടുത്താൽ ശക്തി കുറഞ്ഞതാണു താനും. താഴേക്കൊടുത്തിരിയ്ക്കുന്ന ചിത്രം നോക്കുക.




ഇതിൽ പ്രോസ്റ്റേറ്റ് കാൻസറിനു ചികിത്സിയ്ക്കാൻ ട്രീറ്റ്മെന്റ് പ്ളാൻ ചെയ്തിരിയ്ക്കുന്നതാണ്. ഇതിൽ അഞ്ചു ഭാഗത്തുനിന്ന് റേഡിയേഷൻ കയറുന്നത് കാണാം. അത് ഫോക്കസ് ചെയ്തിരിയ്ക്കുന്നത്പ്രോസ്റ്റേറ്റിലാണ്. ആ ചുമന്ന നിറത്തിൽ കാണിച്ചിരിയ്ക്കുന്നത് ഏറ്റവും കൂടിയ ഡോസ് ഉള്ള ഭാഗം ആണ്. നീല പച്ച താരതമ്യേന കുറഞ്ഞ ഡോസും. റേഡിയേഷൻ ബീമുകളുടെ വിന്യാസവും നോക്കുക, രണ്ട് ഭാഗത്തും വെളുത്ത് കാണുന്നത് നമ്മുടെ തുടയെല്ലുകളാണ്. റേഡിയേഷൻ ആ തുടയെല്ലുകളെ ഒഴിവാക്കി വിന്യസിച്ചിരിയ്ക്കുന്നത് നോക്കുക. കാരണം തുടയെല്ലുകളിലെ മജ്ജയിൽ നിന്ന് രക്തത്തിലെ കോശങ്ങൾ ഉണ്ടാവുന്നുണ്ട്. ആ കോശങ്ങൾ റേഡിയേഷനു വളരെ ലോലമായ ഭാഗമാണ്. അവിടെ റേഡിയേഷൻ കിട്ടിയാൽ ആൾക്ക് രക്തകോശങ്ങൾ കുറഞ്ഞ് ഒരുപാട് പ്രശ്നങ്ങളുണ്ടാവാം. പ്രോസ്റ്റേറ്റിനു പിറകിൽ മലാശയവും (ആ ചുവന്ന ഭാഗത്തിനു അടിയിൽ നീല വട്ടമിട്ട് കാണിച്ചിരിയ്ക്കുന്ന ഭാഗം) ഒഴിവാക്കി വിന്യസിച്ചിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക. മലാശയത്തിൽ അധികം ഡോസ് കിട്ടാതിരിയ്ക്കാനാണ് പിറകുവശത്ത് നിന്ന് ബീം കൊടുക്കാത്തത്. എന്നാലും മറ്റു ബീമുകളുടെ കുറച്ച് ഭാഗങ്ങൾ കാരണം ചെറിയൊരു ഡോസ് മലാശയത്തിനു കിട്ടുന്നുണ്ട്.
ഇനി ആ ചുവന്ന നിറമുള്ള സ്ഥലത്ത് തന്നെ നല്ല കോശങ്ങളും കാൻസർ കോശങ്ങളും കാണും. അങ്ങനെവരുമ്പോൾ എങ്ങനെയാണ് നല്ല കോശങ്ങളെ പരമാവധി സംരക്ഷിച്ച് കാൻസറിനെ നശിപ്പിയ്ക്കുന്നത്?

ഇതിൽ കാൻസർ കോശങ്ങളുടെ ഒരു വൈകല്യമാണ് നമ്മൾ ആയുധമാക്കുന്നത്. നല്ലതും കാൻസറുമായ കോശങ്ങളിൽ റേഡിയേഷൻ കിട്ടിയാൽ കുറേ എണ്ണം മരിയ്ക്കും, എന്നാൽ കുറേ എണ്ണം ആ പരിക്ക് റിപ്പയർ ചെയ്ത് വീണ്ടും ജീവിയ്ക്കും. നല്ല കോശങ്ങൾക്ക് റിപ്പയർ ചെയ്യാനുള്ള കഴിവ് കൂടുതലായിരിയ്ക്കും. കാൻസർ കോശങ്ങൾക്ക് ആ കഴിവ് കുറവായിരിയ്ക്കും. അപ്പോൾ നമ്മൾ റേഡിയേഷനെ ഒരോരോ ദിവസം കുറേശ്ശേയായി കൊടുക്കും.അങ്ങനെ നല്ല കോശങ്ങൾ പരമാവധി രക്ഷപെടുകയും കാൻസർ കോശങ്ങൾ പരമാവധി നശിയ്ക്കുകയും ചെയ്യും.

ഉദാഹരണത്തിനു അവിടെ 100 നല്ല കോശങ്ങളും 100 കാൻസർ കോശങ്ങളുമുണ്ടെന്ന് കരുതുക. ആദ്യത്തെ ദിവസം റേഡിയേഷൻ കൊടുത്തപ്പൊ പത്ത് കോശങ്ങൾക്ക് വീതം വീതം പരിക്ക് പറ്റി. പരിക്ക് പറ്റിയ പത്തെണ്ണത്തിൽ നല്ല കോശങ്ങളിൽ എട്ടെണ്ണം വീണ്ടും കേടു തീർത്തു ശരിയായി. കാൻസർ കോശങ്ങളിൽ കേടു തീർക്കാനുള്ള കഴിവ് കുറവായതിനാൽ അഞ്ചെണ്ണമേ ശരിയായുള്ളൂ. പിറ്റേ ദിവസം നമ്മൾക്ക് 98 നല്ല കോശങ്ങളും 95 കാൻസർ കോശങ്ങളും ഉണ്ടല്ലോ. അടുത്ത ദിനവും നമ്മൾ ഇത് ആവർത്തിയ്ക്കുന്നു. എട്ടെണ്ണം നല്ല കോശങ്ങൾ വീണ്ടും ശരിയാവുന്നു രണ്ടെണ്ണം മരിയ്ക്കുന്നു.  അഞ്ചെണ്ണം കാൻസർ കോശങ്ങൾ ശരിയാവുന്നു അഞ്ചെണ്ണം മരിയ്ക്കുന്നു. അപ്പോൾ രണ്ടാം ദിവസം 96 നല്ല കോശങ്ങളും 90 മോശം കോശങ്ങളുമായി. അങ്ങനെ ഏതാണ്ട് ഇരുപതാം ദിവസം എല്ലാ കാൻസർ കോശങ്ങളും തീരുമ്പൊ ബാക്കി നമുക്ക് അറുപതോളം നല്ല കോശങ്ങൾ അവിടെ രക്ഷിയ്ക്കാൻ കഴിയും.
(തെറ്റിനടുത്ത് നിൽക്കുന്ന ലളിതവൽക്കരണമാണ്. വികിരണ ജീവശാസ്ത്രമെന്നത് (Radiobiology) ഇതിനേക്കാളൊക്കെ വളരെയേറെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന മെക്കാനിസങ്ങളാണ്. എന്നാലും പ്രാഥമികമായി മനസിലാക്കാൻ ഈ ഉദാഹരണം ഉപകരിയ്ക്കും)
മേൽക്കാണിച്ചിരിയ്ക്കുന്നത് ഏറ്റവും ആധുനികമായി വികിരണ ചികിത്സ ചെയ്യുന്ന ഒരു പ്ളാൻ ആണ്. പഴയ കാലത്ത് അതായത് ഒരു ഇരുപത് കൊല്ലം മുന്നേ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ.ഈ ചിത്രം നോക്കുക



ഇക്കാണിച്ചിരിയ്ക്കുന്നത് ഒരു പഴയ പ്ളാനിന്റെ ചിത്രമാണ്. അന്ന് സീ ടീ സ്കാൻ ഇല്ല. കുറച്ച് വ്യത്യാസപ്പെടുത്തിയ ഒരു എക്സ് റേ മെഷീന്റെ സഹായത്തോടെ എക്സ് റേ എടുത്തായിരുന്നു പ്ളാനിങ്ങ് ചെയ്തിരുന്നത്. ഇത് ഒരു ഗർഭാശയഗള കാൻസറിന്റെ പ്ളാനിങ്ങാണ്. എക്സ് റേ പടങ്ങളിൽ മൃദുലകലകൾ (Soft Tissues) കാണാൻ കഴിയുകയില്ല. എല്ലുകളേ കാണാൻ പറ്റൂ. ഇവിടെ യോനിയിൽ ഒരു മാർക്കർ കടത്തി യോനി എവിടെയാണെന്ന് കാണിച്ചിട്ടുണ്ട്. പിന്നെ സർജറി കഴിഞ്ഞ് സർജൻ ട്യൂമർ നീക്കം ചെയ്ത ഭാഗത്ത് വച്ച ലോഹ ക്ളിപ്പുകളും കാണാം. രോഗം എവിടെയായിരുന്നെന്നോ മറ്റു പ്രധാന അവയവങ്ങൾ എവിടെയായിരുന്നെന്നോ ഒന്നും കൃത്യമായി മനസ്സിലാക്കാൻ ഒരു വഴിയുമില്ല. പിന്നെന്ത് ചെയ്യും? ഒരു ഊഹം വയ്ക്കും. സാധാരണ നിലയിൽ ഇന്ന എല്ലിന്റെ ഇത്രയും ഇഞ്ച് താഴെയായിരിയ്ക്കും ഈ അവയവം അല്ലെങ്കിൽ ഈ ജോയിന്റിൽ നിന്ന് ഇത്ര ഇഞ്ച് മുകളിലാണ് ഈ നോഡുകൾ എന്നൊക്കെ കണക്കാക്കും. അത് വച്ച് കാടടച്ച് വെടി വയ്ക്കും. ഒരുപാട് രോഗമില്ലാത്ത കലകളും ഉൾക്കൊള്ളിച്ചാലേ ഇങ്ങനെ പ്ളാൻ ചെയ്യുമ്പൊ കാൻസർ ഉണ്ടായിരുന്ന ഭാഗത്ത് ചികിത്സ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനാവൂ എന്ന് ഇവിടെ സംശയമില്ലല്ലോ. രോഗമില്ലാത്ത കലകൾ രക്ഷിയ്ക്കണം എന്ന് തോന്നിയാൽ ചിലപ്പൊ കാൻസർ വന്ന ഭാഗം ചികിത്സ നൽകുന്ന ഭാഗത്തിനു വെളിയിൽ പോയെന്ന് വരാം. നേരത്തേ കാണിച്ച പോലെ അഞ്ച് ഭാഗങ്ങളിൽ കൂടെ ബീം കടത്തിവിടുന്ന സങ്കീർണ്ണമായ ആയ കണക്കുകൂട്ടലുകളൊന്നും നടക്കുകയുമില്ല.

വേറൊരു വലിയ സാങ്കേതിക മുന്നേറ്റം ഉണ്ടായത് മൾട്ടി ലീഫ് കോളിമേറ്ററുകൾ എന്ന കണ്ടുപിടിത്തമാണ്. ഈ വീഡിയോ നോക്കുക



ഈ ലീഫുകൾ റേഡിയേഷൻ ബീമിനെ ഏതു വിധത്തിലും ആകൃതിപ്പെടുത്തും. ഓരോരുത്തരുടേയും അസുഖം വന്ന ഭാഗത്തുള്ള വ്യത്യാസമനുസ്സരിച്ച് റേഡിയേഷനെ എങ്ങനേയും ആകൃതിപ്പെടുത്താം. വളരെ കൃത്യമായി അസുഖമില്ലാത്ത കലകളെ പരമാവധി ഒഴിവാക്കി റേഡിയേഷൻ നൽകാം.

പണ്ടത്തെ കാലത്ത് ഈ മൾട്ടി ലീഫ് കോളിമേറ്ററുകൾ വരുന്നതിനു മുൻപ് റേഡിയേഷൻ ബീമിനെ ഇക്കാണുന്നത് പോലെ ആകൃതിപ്പെടുത്താൻ യാതൊരു നിർവാഹവും ഇല്ലായിരുന്നു.പിന്നെ ലെഡ് ബ്ളോക്കുകൾ ഉണ്ടാക്കി അറ്റവും മൂലയും ഒക്കെ ബ്ളൊക്ക് ചെയ്യാൻ കഴിയും. പക്ഷേ അത് വലിയ ജോലിയും ഒരിയ്ക്കലും പൂർണ്ണമായി ശരിയാകാത്തതിനാലും ചതുരാകൃതിയിൽ പല വലിപ്പത്തിൽത്തന്നെ ബീമുകൾ കൊടുത്ത് പോന്നു. ഈ ചിത്രം നോക്കുക



മൾട്ടിലീഫ് കോളിമേറ്ററിൽ ഓരോ ലീഫും ഒറ്റയ്ക്കൊറ്റയ്ക്ക് നിരക്കി ഏത് ആകൃതിയിലുള്ള ബീമും നമുക്കുണ്ടാക്കനാവും.


(ഇതിൽ ഇടത്ത് ചതുരാകൃതിയിൽ പണ്ടുണ്ടായിരുന്ന കോളിമേറ്റർ ഉപയോഗിച്ചതും വലത്ത് മൾട്ടി ലീഫ് കോളിമേറ്റർ ഉപയോഗിച്ചിരിയ്ക്കുന്നതും)

നേരത്തേ കാണിച്ച പുതിയ പ്ലാൻ ചെയ്യാൻ നമ്മെ പ്രാപ്തമാക്കിയത് സീ ടീ സ്കാനിങ്ങ് സാങ്കേതികതയും, മൾട്ടി ലീഫ് കോളിമേറ്ററുകളും അതിലുപരി കമ്പ്യൂട്ടർ സയൻസിലുള്ള മുന്നേറ്റവുമാണ്. ഇന്ന് നമ്മൾ പൂർണ്ണമായും കമ്പ്യൂട്ടർ സോഫ്റ്റ്വേറുകൾ ഉപയോഗിച്ചാണ് ചികിത്സ പ്ളാൻ ചെയ്യുന്നതും ചികിത്സ കൊടുക്കുന്നതും. നെറ്റ്വർക്ക് ചെയ്ത ഒരു ഡിപ്പാർട്ട്മെന്റിൽ രോഗനിർണ്ണയം മുതൽ ചികിത്സ നൽകുന്നത് വരെ കമ്പ്യൂട്ടർ നിയന്ത്രിതമാണ്.

പക്ഷേ പണ്ടൊന്നും അങ്ങനെയായിരുന്നില്ല. സീ ടീ സ്കാനിങ്ങ് കണ്ടുപിടിയ്ക്കുന്നതിനു മുന്നേയും മൾട്ടി ലീഫ് കോളിമേറ്ററുകൾ വരുന്നതിനു മുന്നേയും റേഡിയെഷൻ ചികിത്സ ഒരു കാടൻ ചികിത്സ ആയാണ് ഓങ്കോളജിയിൽ പോലും അറിയപ്പെട്ടിരുന്നത്.പത്തിരുപത് കൊല്ലത്തിനകം ഒരു ദിവസം ആരെങ്കിലും കാൻസറിനെ ഇല്ലാതാക്കൻ ഒരു മരുന്നു കണ്ടുപിടിയ്ക്കുമെന്നും അതുവഴി റേഡിയേഷൻ ചികിത്സ ഒരു ഇരുപത് കൊല്ലത്തോടെ ഇല്ലാതാവുമെന്നും റേഡിയേഷൻ ചികിത്സയുടെ അംഗീകൃത ടെക്സ്റ്റ് ബുക്കുകൾ വരെ ഒരു മുപ്പത് കൊല്ലം മുന്നേ പ്രത്യാശിച്ചു. പക്ഷേ അങ്ങനെയല്ല ഉണ്ടായത്.

സീ ടീ സ്കാനിങ്ങ് (ഇന്ന് എം ആർ ഐ, പെറ്റ്, തുടങ്ങി നൂറായിരം സ്കാനിങ്ങ് രീതികൾ വഴി) വളരെ കൃത്യമായി രോഗനിർണ്ണയം നടത്തി, ഓരോരുത്തരുടേയും ചികിത്സ അവരവർക്ക് വേണ്ടി ഉണ്ടാക്കപെടുന്നു. ഒരു റ്റെമ്പ്ളേറ്റ് എടുത്ത് എല്ലാവരിലും അതുപോലെ ഒരേ രീതിയിൽ ചികിത്സ ചെയ്യുകയല്ല. ഒരോരുത്തരുടേയും ചികിത്സ വ്യക്തിപരമായി പ്ളാൻ ചെയ്യുകയാണ്. സീ ടീ സ്കാനിങ്ങ് വഴി കണ്ടുപിടിച്ച കാൻസർ ഭാഗങ്ങളിൽ കമ്പ്യൂട്ടർ നിയന്ത്രിതമായി ചികിത്സ പ്ളാൻ ചെയ്ത് അഞ്ചല്ല അയ്യായിരം രീതിയിൽ ബീമുകൾ ക്രമീകരിച്ചായാലും മൾട്ടി ലീഫ് കോളിമേറ്ററുകൾ ക്രമീകരിയ്ക്കുന്നത് വഴി നമുക്കാവശ്യമായ ഡോസ് മില്ലീമീറ്ററുകൾ വ്യത്യാസമില്ലാതെ പറയുന്ന സ്ഥലത്ത് കൊടുക്കാൻ സാധിയ്ക്കും. രണ്ടോ മൂന്നോ മില്ലീമീറ്ററുകളൊക്കെയാണ് പരമാവഴി അനുവദനീയമായ വ്യത്യാസം പ്ളാനിൽ നിന്ന് വരുത്താവുന്നത് എന്ന് പറയുമ്പൊ കൃത്യത മനസ്സിലാകുമല്ലോ. ഇപ്പോൾ ഇന്റൻസിറ്റി മോഡുലേറ്റഡ് റേഡിയോതെറാപ്പി എന്ന രീതിവഴി ഓരോ ബീമിന്റേയും ഇന്റൻസിറ്റി കൂടി വ്യത്യാസപ്പെടുത്തി പ്ലാൻ ചെയ്യാൻ സാധിയ്ക്കും.

ഈ ആത്യാധുനിക ചികിത്സ എല്ലാ കാൻസറിനും വേണ്ട. ഉദാഹരണത്തിനു മേൽപ്പറഞ്ഞ ഗർഭാശയഗള കാൻസറിൽ നമുക്ക് എന്തായാലും അരക്കെട്ടിന്റെ ഭാഗം മുഴുവൻ റേഡിയേഷൻ നൽകിയേ കഴിയൂ. കാരണം ഒരു സ്റ്റേജ് കഴിഞ്ഞുപോയാൽ തീർച്ചയായും അരക്കെട്ടിൽ വ്യാപിച്ച് കിടക്കുന്ന ലസികാഗ്രന്ധികളിൽ കാൻസർ കോശങ്ങൾ വ്യാപിച്ചിരിയ്ക്കും. അപ്പോൾ നമുക്ക് അധികം റിസ്കെടുക്കാനാവില്ല. സ്റ്റേജ് കൂടിയാൽ അരക്കെട്ട് മുതൽ നെഞ്ച് വരെ ഉള്ള ലസികാ ഗ്രന്ധികൾക്ക് റേഡിയേഷൻ നൽകേണ്ടീ വരും. എന്നാലും അവിടേയും കുറേയൊക്കെ നല്ല കലകളേ രക്ഷപെടുത്താൻ മൾട്ടി ലീഫ് കോളിമേറ്ററും കമ്പ്യൂട്ടർ പ്ളാനിങ്ങും വഴി കഴിയും. (ഇത് വായിച്ചിട്ട് എല്ലാരും ഇന്റൻസിറ്റി മോഡുലേഷൻ ഞങ്ങക്കും വേണം എന്ന് പറയേണ്ടതില്ല എന്ന് പറയാനാണിതെഴുതിയത്.)

എന്നാൽ ചില കാൻസറുകളിൽ ഉദാഹരണത്തിനു നേരത്തേ കണ്ടു പിടിയ്ക്കുന്ന പ്രോസ്റ്റേറ്റ് കാൻസറിൽ നമുക്ക് പ്രോസ്റ്റേറ്റിൽ മാത്രം റേഡിയേഷൻ നൽകിയാൽ മതി. അപ്പോഴാണ് ഈ സാങ്കേതികത ഉപയോഗത്തിൽ വരുന്നത്.


ഈ ചിത്രം നോക്കുക പ്രോസ്റ്റേറ്റിനകത്തെ ആ ഓറഞ്ച് ഭാഗത്ത് (അവിടേയായിരുന്നു ട്യൂമർ) വളരെ കൃത്യമായി ഏറ്റവും കൂടിയ ഡോസും പിന്നെ പ്രോസ്റ്റേറ്റിൽ അതിൽക്കുറഞ്ഞ ഡോസും (ചുവന്ന ഭാഗം) ബാക്കിയുള്ളടത്തെല്ലാം വളരെക്കുറഞ്ഞ ഡൊസും മാത്രം കിട്ടുന്ന രീതിയിൽ പ്ളാൻ ചെയ്തിരിയ്ക്കുന്നത് നോക്കുക. മുകളിലെ പ്രോസ്റ്റേറ്റിന്റെ തന്നെ കമ്പ്യൂട്ടർ പ്ളാനിങ്ങും (അത് ഒരു പത്ത് കൊല്ലം പഴക്കമുണ്ടാവും) ഇന്നത്തെ രീതിയും തമ്മിലുള്ള വ്യത്യാസം പോലും അമ്പരപ്പിയ്ക്കുന്നതാണെന്ന് മനസ്സിലാവും. അപ്പോൾ വളരെ പഴയ രീതിയെപ്പറ്റി പറയണോ?
ഇനി ചികിത്സ നൽകുമ്പോഴത്തെ കാര്യമാണ്. ചികിത്സ നൽകുമ്പോൾ ഈ റേഡിയേഷനൊക്കെ നമ്മൾ ഉദ്ദേശിച്ചയിടത്തു കൂടേയാണോ പൊകുന്നതെന്ന് നോക്കണമല്ലോ. അപ്പോൾ അതിനു കടത്തി വിടുന്ന റേഡിയേഷൻ തന്നെ ഉപയോഗിച്ച് ചിത്രങ്ങളെടുക്കും. എക്സ് റേ പോലെ. ആ ചിത്രങ്ങളെ പ്ളാനിങ്ങിനെടുത്ത സീ ടീ സ്കാനുമായി താരതമ്യപ്പെടുത്തി നോക്കും. രണ്ടും മാച്ച് ചെയ്യുന്നോ എന്ന്. രണ്ട് മൂന്ന് മില്ലീമീറ്ററിൽക്കൂടൂതൽ വ്യത്യാസം (വ്യത്യാസം വരാം. രോഗി അനങ്ങുന്നത് മുതൽ ഭാരം കുറയുകയോ കൂടുകയോ ഒക്കെ ചെയ്യുന്നത് വരെ നൂറുകൂട്ടം കാര്യങ്ങൾ അതിനെ സ്വാധീനിയ്ക്കാം) വന്നാൽ വേണ്ട രീതിയിൽ മാറ്റം വരുത്തും. അതിനെ പോർട്ടൽ ഇമേജിങ്ങ് എന്നാണു പറയുക. ഇപ്പോൾ അതും കഴിഞ്ഞ് ഒരു സീ ടീ സ്കാനർ തന്നെ റേഡിയേഷൻ മെഷീനിൽ ഘടിപ്പിച്ച് തൽസമയം സ്കാനിങ്ങ് നടത്തി കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാം.

ഇനിയാണു റേഡിയോ സർജറി. അത് ഇതിൽ നിന്നുമൊക്കെ ഒരുപാട് മുന്നിലാണ്. അവിടെ വളരെച്ചെറിയ ഭാഗങ്ങളിൽപ്പോലും ഒരു സർജറി ചെയ്യുന്നത്ര കൃത്യമായി നൂറുകണക്കിനു വളരെച്ചെറിയ ബീമുകൾ ഫോക്കസ് ചെയ്യിച്ചു നശിപ്പിച്ച് കളയുന്ന സാങ്കേതികതയാണ് റേഡിയോ സർജറി. അവിടെ അസുഖമില്ലാത്ത ഭാഗത്ത് നാശകാരിയാവുന്ന അളവിൽ റേഡിയേഷൻ കിട്ടുകയേ ഇല്ല. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ പ്രാവശ്യമായി വലിയ അളവിലുള്ള റേഡിയേഷൻ കൊടുക്കാൻ കഴിയും. പ്രോസ്റ്റേറ്റ്, തലച്ചോർ എന്നിവിടങ്ങളിലൊക്കെ വളരെ കൃത്യമായി കാൻസറിനെ നശിപ്പിയ്ക്കാൻ റേഡിയോ സർജറിയ്ക്ക് കഴിയും. തലച്ചോറിലുള്ള വളരെച്ചെറിയ ട്യൂമറുകൾ നശിപ്പിയ്ക്കാനും റേഡിയോ സർജറി വച്ച് സാധിയ്ക്കും.


റേഡിയോസർജറിയുടെ പ്ളാനിങ്ങിന്റെ ചിത്രമാണിവിടെ.ചിത്രം വളരെ വലുതായാണ് കാണിച്ചിരിയ്ക്കുന്നതെങ്കിലും (Zoom ചെയ്ത്) തലയ്ക്കുള്ളിലെ ഒരു വളരെച്ചെറിയ ട്യൂമറിനെ ചികിത്സിയ്ക്കുകയാണിവിടെ. ഇവിടെ ആ ചുമന്ന ഭാഗം ഏതാണ്ട് രണ്ട്- മൂന്ന് സെന്റീമീറ്ററേ വരൂ. വളരെച്ചെറിയ ഭാഗത്ത് മാത്രമേ പരമാവധി ഡോസ് (ചുവന്ന വലയങ്ങൾ 90%, മഞ്ഞ വലയം കൊടുക്കുന്ന ഡോസിന്റെ 60%വും അവസാനത്തെ പർപ്പിൾ വലയങ്ങൾ വളരെക്കുറച്ച് ഡോസും മാത്രമാണു നൽകുന്നത്. ഒരു മില്ലീമീറ്ററിന്റെ വ്യത്യാസത്തിൽ ഇത്രയും അളവിൽ ഡോസ് വ്യത്യാസപ്പെടുന്ന നിലയിൽ (കുറഞ്ഞ ഡോസ് ഗേഡിയന്റ് ഇന്റക്സ്) റേഡിയേഷൻ ഡോസ് വ്യത്യാസപ്പെടുത്തുന്നെന്ന് വച്ചാൽ അത്രയും കൃത്യതയോടെ സൂക്ഷ്മമായി ചികിത്സ നൽകാം എന്നതാണ്.  അസുഖമില്ലാത്ത കലകളെ ഒട്ടും വികിരണ ക്ഷതം ഇല്ലാതെ സംരക്ഷിയ്ക്കാനും കഴിയും. ഇവിടെ ട്യൂമറിനു തൊട്ടാണ് തലച്ചോറിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായ ബ്രെയിൻ സ്റ്റെം ഉള്ളത്. തലച്ചോറിൽ നിന്ന് പുറപ്പെടുന്ന സകല കേബിളുകളും തലച്ചോറിലേക്കുള്ള സകല കേബിളുകളും ഈ സ്ഥലത്തൂടെയാണു പോകുന്നതെന്നും ഇവിടെയാണ് ശ്വസനം, ഹൃദയം ഒക്കെ നിയന്ത്രിയ്ക്കനുള്ള സ്വിച്ച് ഉള്ളതെന്നും പറഞ്ഞാൽ മനസ്സിലാവുമല്ലോ. ഇവിടത്തെ ഒരു മില്ലീമീറ്റർ നാശം പോലും വളരെ അപകടകാരിയായേക്കാം. അവിടെ ട്യൂമറീനു തൊട്ടിരുന്നിട്ടു പോലും വളരെക്കുറച്ച് ഡോസേ കിട്ടുന്നുള്ളെന്ന് മാത്രമല്ല, ഈ സ്ഥലത്തിനു വളരെയടുത്തായതിനാൽ ഇത്തരം ട്യൂമറുകൽ സാധാരണ ശസ്ത്രക്രീയ ചെയ്യുന്നത് വളരെ ദുഷ്കരവുമാണ്. അവിടെയാണ് റേഡിയോ സർജറിയുടെ പ്രസക്തി.

ഇനി എന്താണു സൈബർ നൈഫ്. (Cyber Knife) ? റേഡിയോസർജറി ചെയ്യാൻ കഴിയുന്ന പല ഉപകരണങ്ങളിലൊന്നാണത്. വളരെ വലിയ ഊർജ്ജത്തിൽ എക്സ്രേ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഉപകരണം (ഒരു കൊച്ച് LINAC) ഒരു റോബോട്ടിക് കയ്യിൽ (Robotic Arm) പിടിപ്പിച്ചതാണെന്ന് ലളിതമായി പറയാം. ഈ റോബോട്ട് ആദ്യം കാർ ഉണ്ടാക്കുന്ന ഫാക്ടറികളിൽ വെൽഡിങ്ങിനുപയോഗിച്ചിരുന്ന റോബോട്ടാണ് എന്ന് പ്രത്യേകം പറയണം. അവന്റെ വെൽഡിങ്ങ് മെഷീനു പകരം ഒരു ലിനാക് പിടിപ്പിച്ചു. അവൻ ഉണ്ടെങ്കിൽ അര മില്ലീമീറ്റർ പ്രിസിഷനിൽ ഏത് കോണിൽ നിന്നും റേഡിയേഷൻ പായിയ്ക്കൻ കഴിയും. ഈ വീഡിയോ നോക്കുക.



ഇതാണു സൈബർ നൈഫ്.

ശരി. എന്തിനാണിത്രയും പറയുന്നത്?

ഇത് കണ്ടിട്ട് ആർക്കെങ്കിലും കാൻസർ വന്നെന്നാൽ എനിയ്ക്ക് സൈബർ നൈഫ് വേണമെന്നോ ഇന്റൻസിറ്റി മോഡുലേഷൻ റേഡിയേഷൻ വേണമെന്നോ ഒക്കെ ഡോക്ടർമാരോട് തർക്കിക്കാനല്ല. ചില പ്രൈവറ്റ് ആശുപത്രിക്കാർ അത് കേൾക്കേണ്ട താമസം നിങ്ങൾക്ക് എന്തും തരാൻ തയ്യാറായി നിൽക്കുകയാണ്. പക്ഷേ എല്ലാവർക്കും അതിന്റെ ആവശ്യമൊന്നുമില്ല. ഒരോരോ രോഗത്തിനനുസരിച്ചാണു ചികിത്സ വേണ്ടത്. ചില തരം കാൻസറുകളിലെ റേഡിയേഷൻ ചികിത്സയ്ക്ക് മൾട്ടി ലീഫ് കോളിമേറ്ററോ കമ്പ്യൂട്ടർ പ്ളനിങ്ങോ പോലും വേണമെന്നില്ല. ഏത് തരമാണ് നല്ലതെന്ന് ഡോക്ടർമാർ-ചികിത്സകർ തീരുമാനിയ്ക്കട്ടെ. തീർച്ചയായും നിങ്ങളോട് എല്ലാ വിവരങ്ങളും തന്ന് ചർച്ച ചെയ്ത ശേഷം.

ഇത്രയും പറയുന്നതെന്തിനെന്നാൽ കേരളത്തിലെ ഒരു മെഡിയ്ക്കൽ കോളേജിലും മേൽപ്പറഞ്ഞ ഒരു സൗകര്യങ്ങളുമില്ല എന്ന് പറയാനാണ്.  തിരുവനതപുരം മുതൽ കോഴിക്കോട് വരെയുള്ള മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും പഴയ അതിപുരാതന അമ്പത് കൊല്ലം പഴയ സാങ്കേതികതയാണ് ഉപയോഗിയ്ക്കുന്നത്. പലയിടത്തും ഇപ്പോഴും സീ ടീ സ്കാനർ ഉപയോഗിയ്ക്കുന്നതേയില്ല. മൾട്ടിലീഫ് കോളിമേറ്റർ സൗകര്യമുള്ള ഉപകരണം എവിടേയുമില്ല. പ്ളാനിങ്ങ് ഇപ്പഴും കമ്പ്യൂട്ടർ ഉപയോഗിച്ചല്ല. ചികിത്സ നടക്കുമ്പോൾ ശരിയായിട്ടാണോ റേഡിയേഷൻ പോകുന്നതെന്ന് മനസ്സിലാക്കിക്കുന്ന യാതൊരു സാങ്കേതികതയും എങ്ങും ഉപയോഗിയ്ക്കുന്നില്ല. അമ്പത് കൊല്ലം എന്ന് കൂട്ടിപ്പറഞ്ഞതല്ല. ഒരുപക്ഷേ അമ്പത് കൊല്ലം മുമ്പത്തെ ടെക്നോളജി പോലും നമ്മൾ ഇന്നും ഉപയോഗിയ്ക്കുന്നില്ല എന്ന് വേണം പറയാൻ.

കേരളത്തിൽ സ്വകാര്യമേഖലയിലും റേഡിയേഷൻ ചികിത്സ ഉണ്ട്. അതിൽ അമൃത ആശുപത്രിയിൽ കൃത്യമായ ചികിത്സയാണു ലഭിയ്ക്കുന്നതെന്ന് എനിയ്ക്കുറപ്പുണ്ട്. വേറേ ഒരാശുപത്രിയുടെ കാര്യവും എനിയ്ക്കറിയില്ല.
ആർ സീ സീ യിൽ മാത്രമാണ് മേൽപ്പറഞ്ഞ സകല സൗകര്യങ്ങളുമുള്ളത്. റേഡിയോ സർജറി ഇല്ലെന്ന് തോന്നുന്നു. അത് വളരെക്കുറച്ച് രോഗങ്ങളിലേ ആവശ്യമുള്ളൂ എന്നതു കൊണ്ട് അതൊരു കുറവല്ല. മറ്റെല്ലാ സൗകര്യങ്ങളും തിരുവനതപുരം ആർ സീ സീയിലുണ്ട്. വളരെ മികച്ച അറിവുള്ള ആൾക്കാരുമുണ്ട്.

പക്ഷേ ഒരു ആർ സീ സീ ഉണ്ടായിട്ട് കാര്യമില്ലല്ലോ. ആർ സീ സീയിൽ ആൾക്കാരുടെ തിരക്ക് കാരണം വളരെ നാളുകൾ ചികിത്സയ്ക്ക് കാത്തിരിയ്ക്കേണ്ടീ വരും. ആ സമയം കൊണ്ട് രോഗം വഷളാകാം. അമൃതപോലെയൊരു ആശുപത്രിയിൽ എല്ലാവർക്കും ചികിത്സ താങ്ങാനുമാവില്ല. എല്ലാർക്കും തിരുവനന്തപുരത്തോ കൊച്ചിയിലോ വന്ന് ചികിത്സ ചെയ്യാനുമാവില്ല. എന്ത് ചെയ്യും? സർക്കാർ മെഡിയ്ക്കൽ കോളേജുകളെ ആശ്രയിയ്ക്കും. അവിടെക്കിട്ടുന്നത് അമ്പത് കൊല്ലം പഴക്കമുള്ള ചികിത്സയും.

ഒരു ശ്വാസകോശരോഗ വിദഗ്ധൻ പറയാറുണ്ട്. പണ്ട് ഒരു മന്ത്രിയ്ക്ക് ആസ്ത്മ വന്നതിനു ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശ്വാസകോശവിഭാഗത്തിൽ ഉപകരണങ്ങളെല്ലാം കിട്ടിയതെന്ന്. അന്ന് വരെ ശ്വാസകോശരോഗങ്ങൾ പാവങ്ങൾക്കും അണ്ടിയാപ്പീസിലെ തൊഴിലാളികൾക്കും വരുന്നതാരുന്നു. നമ്മുടെ നാട്ടിൽ മന്ത്രിമാർക്ക് കാൻസർ വന്നിട്ടും കാര്യമില്ല. കാരണം അവർ തീർച്ചയായും വിദേശങ്ങളിലേക്ക് പറക്കും.ആസ്ത്മ വന്നെന്ന് പറഞ്ഞ് അത് പറ്റില്ലല്ലോ.
 
നല്ലൊരു കാൻസർ സർജനുണ്ടെങ്കിൽ അത്യാവശ്യം സൗകര്യമുള്ള ആശുപത്രികളിൽ സർജറി നന്നാവും. മരുന്നു ചികിത്സയ്ക്ക് ഡോക്ടറേക്കാൾ നല്ലൊരു നേഴ്സിങ്ങ് ടീമും വേണം. അതും കിട്ടാവുന്നതേയുള്ളൂ. റേഡിയേഷനു സാങ്കേതികതയാണു കാര്യം. എത്ര മിടുക്കരായ മാനുഷികവിഭവശേഷി ഉണ്ടായാലും കാര്യമില്ല.എത്ര വലിയ ഡോക്ടറായാലും പറ്റിയ സാങ്കേതികവിദ്യയിലെങ്കിൽ റേഡിയേഷൻ ചികിത്സ ഫലപ്രദമാവുകയില്ല.   കുറേക്കഴിയുമ്പൊ ആരോഗ്യരംഗത്തുള്ളവരും മടുക്കും. മാത്രമല്ല മാറ്റം പലർക്കും ഇഷ്ടപ്പെടുകയുമില്ല. പ്രത്യേകിച്ച് എന്തെങ്കിലും മെനക്കെട്ട് പുതുതായി പഠിയ്ക്കേണ്ടിവരുന്ന മാറ്റം. തങ്ങൾ പിന്തള്ളപ്പെട്ട് പോകുമോ എന്ന ഭയം.

ആർ സീ സീ കൊച്ചിയിൽ മാത്രമല്ല, സകല ജില്ലാ ആസ്ഥാനങ്ങളിലും ഒരു അത്യാവശ്യമാണ്. ഒരു സെന്റർ തുടങ്ങുന്ന പോലെ എന്നതിനേക്കാൾ നല്ലൊരു കാര്യക്ഷമമായ ബിസിനസ് മോഡലുണ്ട്. വിദേശങ്ങളിൽ വളരെ കാര്യക്ഷമമായ പ്രത്യേകിച്ച് യൂ കേയിലെ റേഡിയേഷൻ നൽകാൻ സൗകര്യമുള്ള സ്വകാര്യആശുപത്രികളുടെ ബിസിനസ് മോഡൽ ആണ് ഏറ്റവും കാര്യക്ഷമമായി എനിയ്ക്ക് തോന്നിയിട്ടുള്ളത്. രണ്ട് മൂന്ന് ജില്ലകൾ കൂടിയ സ്ഥലത്ത് ഒരു മെയിൻ സെന്റർ. എല്ലാ ജില്ലാ ആസ്ഥാനത്തും നല്ല ഒരു ചികിത്സാ മെഷീൻ മാത്രം ഉള്ള ചെറിയൊരു സെന്റർ ജില്ലാ ആശുപത്രികളോട് ചേർന്ന്.

മെയിൻ സെന്ററുകളായി ഇപ്പോൾത്തന്നെയുള്ള തിരുവനന്തപുരം ആർ സീ സീ, കൊച്ചിയിൽ വരാൻ പോകുന്നത്, തലശ്ശേരി കാൻസർ സെന്റർ എന്നിവ വച്ച് കോഴിക്കോട്ടും പരിയാരത്തും ഓരോ മെയിൻ സെന്ററുകൾ ഉണ്ടാക്കിയാൽ അതിന്റെ നോഡുകളായി എല്ല ജില്ലാ ആസ്ഥാനത്തും റേഡിയേഷൻ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാം. പ്ളാനിങ്ങ്, കൺസൾട്ടേഷൻ ഒക്കെ മെയിൻ സെന്ററിൽ. സബ് സെന്ററിൽ ചികിത്സ മാത്രം. എന്താണ് അതിന്റെ ആവശ്യം? പ്ളാനിങ്ങ് കഴിഞ്ഞാൽ പിന്നെ രോഗി മുപ്പതോ നാപ്പതോ ദിവസം തുടർച്ചയായി എന്നും റേഡിയേഷൻ എടുക്കണം. പലയിടത്തും  എത്തിച്ചേരാൻ കഴിയാത്തതിനാൽ അവർ അതിനു പോകുകയില്ല. മാത്രമല്ല പ്ളാനിങ്ങ് കഴിഞ്ഞാൽ പിന്നെ ഡോക്ടർമാരുടെ സേവനം ആവശ്യമേയില്ല. വേണമെങ്കിൽ തന്നെ ആളുകൾ വളരെ കുറവായ സ്പെഷ്യലിസ്റ്റുകൾ വേണ്ട. അവരോട് നിരന്തരം സമ്പർക്കം പുലർത്താവുന്ന ഒരു ജൂനിയർ എം ബീ ബീ എസ് കാരൻ മതി സൈഡ് എഫക്ടിന്റെ മരുന്ന് കുറിച്ച് നൽകാൻ. നല്ല ട്രെയിനിങ്ങ് കിട്ടിയ ഒരു നേഴ്സും കൂടെയയാൽ ധാരാളം. അത്തരത്തിലുള്ളൊരു സെന്ററുകളുടെ ഒരു ചെയിൻ ആണ് ഇന്ന് കേരളത്തിലാവശ്യം. രോഗികൾ മരിച്ചുകൊണ്ടിരിയ്ക്കുകയാണ് ദിനം പ്രതി.

ശബരീനാഥിനോട് അദ്ദേഹത്തിന്റെ അച്ഛന്റെ മരണം ഓർമ്മിപ്പിയ്ക്കുന്നത് അദ്ദേഹം ഇപ്പൊ തിരഞ്ഞെടുപ്പിൽ ജയിച്ച് പലതിനേയും സ്വാധീനിയ്ക്കാൻ കഴിയുന്ന ഒരു നിലയിൽ എത്തിയതുകൊണ്ടാണ്. അദ്ദേഹം വിചാരിച്ചാൽ കേരളത്തിൽ മെഡിക്കൽ കോളേജുകളേയും ആർ സീ സീ യേയും ചേർത്ത് ഇങ്ങനെയൊരു ചങ്ങല വളരെയെളുപ്പം ഉണ്ടാക്കാം. ഒരുപാട് പണച്ചെലവൊന്നുമുള്ള കാര്യമല്ല. സീ ടീ സ്കാനറുകൾ ഇപ്പൊത്തന്നെ എല്ലായിടത്തുമുണ്ട്. മൊത്തത്തിൽ ഒരു പാക്കേജായി വാങ്ങിയാൽ പതിനാലു പുതിയ റേഡിയേഷൻ മെഷീനും (LINAC) അതിന്റെ കമ്പ്യൂട്ടർ പ്ളാനിങ്ങും നെറ്റ്വർക്കും കേന്ദ്രീകൃതമായി ചെയ്താൽ വളരെക്കുറഞ്ഞ ചിലവേ വരൂ. ഇങ്ങനെയൊരു ബിസിനസ് മോഡലിൽ ചെലവു കുറയുന്നത് സോഫ്റ്റ് വേറിനു തന്നെയാണ്.

ഓരോരുത്തതും വെവ്വേറേ പ്ളാനിങ്ങ് സോഫ്റ്റ്വേറുകൾ വാങ്ങുന്നതിനു പകരം കേന്ദ്രീകൃതമായി വാങ്ങിയാൽ ഉപയോഗിയ്ക്കുന്ന നോഡുകൾ അനുസ്സരിച്ച് ലൈസൻസ് വാങ്ങിയാൽ മതി. ഇതൊരു ഷോകേസ് ആക്കാം എന്ന് സമ്മതിച്ചാൽ ഇൻഡ്യയിൽ ഒരു തുടക്കത്തിനു കാത്തിരിയ്ക്കുന്ന പല കമ്പനികളും അവരുടെ വില വളരെക്കുറച്ച് ചാടിവീഴും എന്ന് എനിയ്ക്ക് നേരിട്ടറിയാം.

കാൻസർ കൂടിവരുന്നതിൽ ജീവിതശൈലിയ്ക്ക് ഒരു ഭാഗമില്ലെന്നല്ല. ആൾക്കാരുടെ ജീവിതദൈർഘ്യം കൂടിയതാണ് അതേക്കാൾ വലിയ കാരണമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പ്രകൃതി തീവ്രവദികൾ എന്നെ തല്ലിക്കൊല്ലും ഇത് കണ്ടാൽ. കാൻസറിന്റെ പരിണാമപരമായ രോഗശാസ്ത്രത്തെപ്പറ്റി പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട്.  അതിവിടെ ആവശ്യമില്ലല്ലോ.

വലിയൊരു കാര്യം, കാൻസർ ചികിത്സയിൽ ഒരു പാരഡൈം ഷിഫ്റ്റ് (വിപ്ളവാത്മകമായ മാറ്റം) സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന സമയമാണിപ്പൊ. കാൻസർ രോഗത്തെ പ്രത്യേകിച്ച് ചികിത്സിച്ച് ഭേദമാക്കാനാവാത്ത രീതിയിൽ പടർന്ന പല കാൻസറുകളേയും ഇനി വേദനാമരുന്ന് കഴിച്ചാൽ മതി എന്ന നിലപാട് വിട്ട് ഒരു ക്രോണിക് രോഗമാക്കി മാനേജ് ചെയ്യാം (Advanced cancer as a chronic disease) എന്ന് ലോകമെമ്പാടും ഗവേഷണശാലയിൽ നിന്നും ക്ളിനിക്കൽ ട്രയലുകളിൽ നിന്നും വരുന്ന വിവരങ്ങൾ ദിവസേന തെളിയിച്ച് കൊണ്ടിരിയ്ക്കുകയാണ്.

ഭേദമാക്കാനാവാതെ പടർന്ന കാൻസർ ഡയബീറ്റീസ് പോലെയോ ഒക്കെ മാനേജ് ചെയ്യാവുന്ന ദിനം അടുത്താണ്. ചില ഇനം കാൻസറുകളിൽ അത് നടപ്പായിക്കഴിഞ്ഞു. ആ മാനേജ്മെന്റിൽ റേഡിയേഷൻ ചികിത്സയ്ക്ക് പഴയ കാടടച്ച് വെടിവയ്ക്കുന്ന സാങ്കേതികത പോര. പുതിയ സാങ്കേതികതകൾ റേഡിയോസർജറി ഉൾപ്പെടെ അതിനാവശ്യമാണ്. ലോകമെമ്പാടും നിന്ന് കാൻസർ വളരെയധികം മറ്റു അവയവങ്ങളിലേക്ക് പടർന്ന് പോയവർ പോലും പത്തും ഇരുപതുമൊക്കെ കൊല്ലം സുഖമായി ജീവിച്ചിരിയ്ക്കുന്ന റിപ്പോർട്ടുകൾ വരുമ്പൊ നമ്മൾ കൂടുതൽ പാലിയേറ്റീവ് സെന്ററുകളാണു തുറക്കുന്നത്. അത് വേണ്ടന്നല്ല. തീർച്ചയായും വേണം. ഒപ്പം കാൻസർ രോഗികൾക്ക് ചികിത്സയും വേണം.

സാധാരണക്കാർക്ക് ഒരിയ്ക്കലും ഈ ചികിത്സാ രീതികൾ താങ്ങാനാവില്ല. അടിയന്തിരമായി സർക്കാർ സാധാരണക്കാർക്ക് താങ്ങാവുന്ന നിലയിൽ സകല ജനങ്ങൾക്കും പരിധിയില്ലാത്ത ഒരു ഇൻഷൂറൻസ് സംവിധാനം ഉണ്ടാക്കണം. യൂ കേയിലെ എൻ എച് എസ് പോലെ എല്ലാ ജനങ്ങൾക്കും എല്ലാ ചികിത്സയും സൗജന്യമായി കൊടുക്കുന്ന ഒരു സിസ്റ്റം ഇൻഡ്യയിൽ ഉണ്ടാക്കാൻ കെൽപ്പുള്ള ഭരണാധികാരികൾ ഉണ്ടെന്ന് തോന്നുന്നില്ല. പകരം ഇൻഷൂറൻസ് സംവിധാനമെങ്കിലും (ചികിത്സയ്ക്ക് ചെലവിൽ പരിധിയില്ലാതെ) ഉണ്ടാക്കിയില്ലെങ്കിൽ ഉയർന്ന മധ്യവർഗ്ഗത്തിനു പോലും ചികിത്സാച്ചിലവ് താങ്ങാനാകാതെ വരുന്ന ഒരവസ്ഥയെയാണ് നമ്മൾ കാണാൻ പോകുന്നത്. ഏതളവിലുള്ള കാരുണ്യവും അന്ന് എല്ലാവർക്കും ചികിത്സ ഉറപ്പാക്കില്ല.

കാരുണ്യം മാത്രം കൊണ്ട് രോഗം മാറില്ല. അതിനു ചികിത്സ തന്നെ വേണം. അത് ഉറപ്പ് വരുത്തുന്നതിനു നേരായ രാഷ്ട്രീയപ്രവർത്തനം വേണം.

(ഈയെഴുതിയവൻ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് വൈദ്യ വികിരണ സാങ്കേതികതയിൽ ബിരുദവും, ബർമിംഹാം യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ളിനിക്കൽ ഓങ്കോളജിയിൽ ബിരുദാനന്തരവും കഴിഞ്ഞയാളാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി വൈദ്യ വികിരണ സാങ്കേതികൻ ആയി ലോകത്തിന്റെ പല ഭാഗത്ത് ജോലി ചെയ്യുന്നവനാണ്. ഇതിലെ ശാസ്ത്രം തെറ്റിനു വളരെയടുത്ത് നിൽക്കുന്ന രീതിയിൽ ലളിതവൽക്കരിച്ചതാണ്. അതിനു കാരണം,  അറിയണമെന്ന് ആഗ്രഹമുള്ളവർക്ക് നല്ല വിക്കീപ്പീഡിയ ലേഖനങ്ങളുള്ളതു കൊണ്ടും താൽപ്പര്യമില്ലാത്തവരിലും ഇതിന്റെ സന്ദേശം എത്തണം എന്നുള്ളത്കൊണ്ടുമാണ്. കാരണം ഇതൊരു രാഷ്ട്രീയ ലേഖനമാണ്)
(ചിത്രങ്ങളെല്ലാം പല സൈറ്റിൽ നിന്നും ജേർണലുകളിൽ നിന്നും കോപ്പീ പേസ്റ്റ് ചെയ്തതാണ്. യാതൊരു വിധ വാണിജ്യ താൽപ്പര്യവുമില്ലാത്തതിനാൽ അതിൽ ഒരു വിഷമവുമില്ല. പല സൈറ്റുകളിലും അവരെവിടന്നാണ് ചിത്രങ്ങളെടുത്തതെന്ന് വ്യക്തമാക്കാത്തതിനാൽ ഒന്നിലും കടപ്പാട് പ്രത്യേകം വയ്ക്കുന്നില്ല)

Monday, July 20, 2015

വീ ടീ ബലറാം എന്ന തൃത്താല പപ്പുവിനോട്

രാഹുൽ കാന്ധീടെ അടിമ വീ ടീ ബലറാം എന്ന തൃപ്പൂന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിനിട്ട കമന്റ്. സീ പീ എം - ബീ ജേ പീ കൂട്ടുചേർന്ന് തന്നെ തൃത്താലയിൽ തോപ്പിയ്ക്കും എന്ന് കണ്ടിപിടിച്ചിരിയ്ക്കുന്ന എമ്മെല്ലേയോട് ചോയിച്ച് ചോയിച്ച് പോവുന്നെന്നേയുള്ള്.

ഒരു എം എൽ ഏ ഏതെങ്കിലും പാർട്ടിയിൽ ആയിരുന്നാൽ അയാളെ ആ പാർട്ടിക്കാർ മുഴുവൻ ചെയ്യുന്നതിനു അധിക്ഷേപിയ്ക്കുന്നത് ശരിയല്ല. പക്ഷേ ഇവൻ അങ്ങനെയല്ല. കോൺ-ഗ്രാസിന്റെ ഏറ്റവും വികൃതമായ മുഖത്തെയാണ് ഇവൻ പ്രതിനിധീകരിയ്ക്കുന്നതും ചാരി നിൽക്കുന്നതും. സിസിലിയൻ മാഫിയയെ വെല്ലുന്ന ക്രൂരന്മാരുടെ മുഖം.

രമേശ് ചെന്നിത്തലയോ, ഒരുപക്ഷേ ഉമ്മൻ ചാണ്ടിയോ വയലാർ രവിയോ ആയിരുന്നാൽ പോലും ഇതുപോലെ സംസാരിയ്ക്കാൻ തോന്നുകില്ലാരുന്നു. അവർ സാധാരണ രാഷ്ട്രീയക്കാരാണ്.

പക്ഷേ വീ ടീ ബലറാം എന്ന ഇവനും സുധീരനും ആന്റണിയും ഒക്കെ വലിയവായിൽ വർത്തമാനം പറാഞ്ഞിട്ട് ആ കുടുംബവാഴ്ചയിലൂടെയും ഏകാധിപത്യത്തിലൂടേയും ഭാരതത്തെത്തന്നെ നശിപ്പിയ്ക്കാൻ കൂട്ടുനിന്ന രാജ്യദ്രോഹികളെ ആദർശമറയിട്ട് കൊടുക്കുന്ന ഉത്തരംതാങ്ങികളാണ്. ഇവരെ ജനം തിരിച്ചറിയുക തന്നെ വേണം. എന്തായാലും ഇയാൾ ഒരു രാജ്യസേവനമാണു ചെയ്യുന്നത്. കോൺ-ഗ്രാസിലെ മാഫിയോസ ചെയ്ത്കൂട്ടിയ പരമചെറ്റത്തരത്തെപ്പറ്റി ജനം മറക്കാതെയിരിയ്ക്കാൻ ഇത്തരം പോസ്റ്റുകൾ ഉപകാരപ്പെടും. എന്തായാലും ഈ കമന്റിട്ട് അടുത്ത നിമിഷം സാറെന്നെ ബ്ളോക്ക് ചെയ്ത് സർട്ടിഫിക്കറ്റും തന്ന്.
-----------------------------------------------------------------------------------------------------------------

താങ്കൾ ലോകയുദ്ധത്തെപ്പറ്റി വിശദീകരിക്കണ്ട തൃത്താല മെംബ്രേ. അതിനിയാൾ ആരാ? വിൻസ്റ്റൺ ചർച്ചിലോ? താങ്കൾ താങ്കളുടെ പാർട്ടിയായ കോൺഗ്രസ്സിനെ ബാധിച്ചിരിയ്ക്കുന്ന വംശാധിപത്യം എന്ന ഭൂതത്തെപ്പറ്റിയൊന്ന് പറയൂ. താങ്കളെ എമ്മെല്ലേ ആക്കിയ മാനേജ്മെന്റ് കൺസൽട്ടൻസിയും രാജീവ് ഗാന്ധിയുടെ മകൻ എന്ന ഒരൊറ്റ കാരണത്താൽ മന്മോഹൻസിംഗിനെപ്പോലെയുള്ള ഒരു മനുഷ്യനെ വരെ അധിക്ഷേപിച്ച് ഷോ കാണിച്ച് കോൺ-ഗ്രാസ് പാർട്ടിയെ വ്യഭിചരിയ്ക്കുന്ന രാഹുൽ ഗാന്ധിയേയും അവന്റെ അമ്മയേയും പറ്റി പറയൂ. സിസിലിയൻ മാഫിയകളെ വെല്ലുന്ന രീതിയിൽ അവർ കോൺ-ഗ്രാസിന്റെ മുകൾത്തട്ടിലെത്തിയതിനെപ്പറ്റി പറയൂ.

സീതാറാം കേസരിയെ കക്കൂസിൽ പൂട്ടിയിട്ടതും, നരസിംഹറാവു എന്ന ഇൻഡ്യയുടെ ഭാഗധേയം തിരുത്തിയ മനുഷ്യന്റെ ശരീരം ഡൽഹിയിൽ ഒരു പൊതുദർശനത്തിനു പോലും വയ്ക്കാനാകാതെ വന്നതിനെപ്പറ്റിയും സംസാരിയ്ക്കൂ.  തന്റെ ആദർശപുരുഷൻ രാഹുൽ ഗാന്ധിയും അവന്റെ അളിയൻ റോബർട്ട് വധേരയും ചേർന്ന് രാജ്യത്തെ ഒരു മൂലയ്ക്ക് നിന്ന് ഞൊട്ടിത്തിന്നതിനെപ്പറ്റി വിശദീകരിച്ചാൽ മതി. അത് കണ്ട് സഹികെട്ടിട്ടാടോ ബലറാ‍മേ ഈ ജനം ബീ ജേ പീയെ തിരഞ്ഞെടുത്തത്. അതങ്ങനെയാണെങ്കിൽ അങ്ങനെ തന്നെ തുടരും.

പോട്ട് കേന്ദ്രസർക്കാരിന്റെ നയം തനിയ്ക്ക് അന്യമാരിയ്ക്കും. കുഞ്ഞ് വളരുന്നതല്ലേയുള്ള്. എത്തും, ഇത്രയ്ക്ക് വഴുവഴുക്കനായ താൻ കേന്ദ്രത്തിൽ തന്നെ ഒരുകാലത്തെത്തും. (ആശംസ). കോൺ ഗ്രാസ് ആസ്ഥാനത്തെ സകല വിഴുപ്പും അലക്കാനുള്ള  സകല ഗുണവും വഴുവഴുപ്പും തനിയ്ക്കുണ്ട്. അതോണ്ട് അതിനെപ്പറ്റി ഇപ്പ വേണ്ട, പിന്നെ ചോയിച്ചോളാം (അന്ന് ചോയിയ്ക്കാൻ നമ്മൾക്കൊക്കെ ഹിന്ദി അറിയൂല്ലല്ല് എന്ന് ആശ്വസിയ്ക്കേണ്ട.ട്യൂഷൻ മാസ്റ്റ്രേ വയ്ക്കാൻ പണമില്ലേലും ചപ്പാത്തി തിന്ന് പഠിച്ച് ചോദിച്ചോളാം. ജീവൻ ബാക്കി വച്ചേക്കുമെംകിൽ, അല്ല അങ്ങനെയാണല്ലോ പാരമ്പര്യം, അമ്മേം മോനേം എതിർത്ത് ചോദിയ്ക്കുന്നവരും അവരുടെ വളർച്ചയ്ക്ക് ഇടയിൽ നിൽക്കുന്നവനും ഹെലിക്കോപ്റ്റർ തകർന്നും വണ്ടിയിടിച്ചും ഒക്കെ അങ്ങ് നേരത്തേ പോവും. എന്താണോ ആവോ?).

താങ്കൾ എം എൽ ഏ ആയിരിയ്ക്കുന്ന ഈ സർക്കാരിന്റെ കാലത്ത് തന്റെ മുക്കിയമന്ത്രി ഉമ്മൻ ചാണ്ടി തന്റെ ഗൺ മോൻ സലീം രാജിന്റെയും കൂട്ടാളികളുടേയും ഗൂണ്ടായിസത്തിനു അരുനിന്നതിനെപ്പറ്റി ത്യാങ്കൾക്കെന്തെങ്കിലും പറയാനുണ്ടോ? താങ്കളും? കൂട്ടരും ഉൾപ്പെടുന്ന സരിതാ കേസിനെപ്പറ്റി? അതിൽ മുക്കിയമന്ത്രിയുടെ ആപ്പീസ് ചെയ്ത ഇടപെടലുകളേപ്പറ്റി, ദിവസേനയെന്ന നിലയിൽ കേരളജനത പൊറുതിമുട്ടിയ തന്റെ കൂടെ പങ്കുള്ള ഈ ഭരണത്തെപ്പറ്റി? ചീഫ് വിപ്പ് പോലും പുറത്ത് വിട്ട   അഴിമതികളേപ്പറ്റി?

അതും പോട്ടെ അത് ഇന്നത്തെ കാര്യവും താങ്കൾക്ക് വിശദീകരിയ്ക്കാൻ ബുദ്ധിമുട്ടുമാന്നേൽ ഈ മുക്കിയമന്ത്രിയും തന്റെ വേറൊരു കള്ളൻ അന്തോനിച്ചനും മറ്റു കോൺ ഗ്രാസുകാരും ചേർന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും ശാസ്ത്ര മുന്നേറ്റത്തിനും അതിലെല്ലാമുപരി കുറേയേറെ നല്ല മനുഷ്യരുടെ ജീവിതം തന്നെ ഇല്ലാതാക്കിയ,  തന്റെ തന്നെ പാർട്ടിയിലെ തലമുതിർന്നൊരു നേതാവിനെ ഇല്ലാതാക്കാൻ പടച്ചു വിട്ട  ചാരക്കേസ് എന്ന കള്ളക്കേസ് പടച്ച് വിട്ടതിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ?

തന്റെ തന്നെ പാർട്ടിക്കാരെ തന്റെ തന്നെ പാർട്ടിക്കാർ ഊമ്പിച്ച കഥയെപ്പറ്റി മാത്രമേ ചോദിച്ചിട്ടുള്ളൂ. ഇൻഡ്യയിലെ ജനങ്ങളേ മുഴുവൻ ഊക്ളിച്ചതിനെപ്പറ്റി താങ്കളൊന്നും പറയണ്ട. ഇതിനെപ്പറ്റിയെങ്കിലും എന്തെങ്കിലും ഒന്ന് പറയെടോ വക്കീലേ, പറ.

Saturday, July 11, 2015

സ്വാശ്രയത്തിനെതിരേ സമരസഗാക്കൾ

പണ്ടു പണ്ട്, ആയിരക്കണക്കിനു കൊല്ലം മുൻപ്, മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ ഒരു അനുബന്ധ വൈദ്യ വിഷയങ്ങൾ പഠിപ്പിയ്ക്കുന്ന സ്കൂൾ തുടങ്ങാൻ അന്നത്തെ കോട്ടയം മെഡിയ്ക്കൽ കോളേജ് സൂപ്രണ്ട് ആയിരുന്ന ഡോക്ടർ പീ ജീ ആർ പിള്ള ആശയമിട്ടു. ഡോക്ടർ യൂ ആർ അനന്തമൂർത്തി (പുള്ളി പിന്നീട് വലിയൊരു സംഘിയായും സെക്ടേറിയനായുമൊക്കെ പേരെടുത്തിട്ടുണ്ട്) സർവകലാശാല വൈസ് ചാൻസലർ ആയിരുന്നു. ഇരുവരുമൊരുമിച്ച് മെഡിയ്ക്കൽ കോളേജ് മുതൽ ഗാന്ധിനഗർ വരെ , റോഡിനിരുവശവും പീ ജീ‍ ആർ സാർ തന്നെ മുങ്കൈയെടുത്ത് വാകമരങ്ങൾ വച്ചുപിടിപ്പിച്ച പാതയിലൂടെ, നടക്കാൻ പോകുമ്പോഴായിരുന്നു ഈ ആശയമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. (ആവശ്യത്തിനു നാടകീയത വന്നല്ലൊ)

പീ ജീ ആർ പിള്ള വിരമിയ്ക്കാനിരിയ്ക്കുകയാണ്. ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തെ ആശ്രയിച്ചാൽ പുഷ്പം പോലെ ഒരു കോളേജ് പണിഞ്ഞ് പുള്ളിയെ അതിന്റെ തലവനാക്കി കോടികൾ കൊയ്യും. പുള്ളിയത് ചെയ്യുമോ, ശനി തലയ്ക്കുമീതേ നിൽക്കുകയാണ്.

മഹാത്മാഗാന്ധി സർവകലാശാലയുടെ ഒരു ഡിപ്പാർട്ട്മെന്റ് അഥവാ സ്കൂൾ എന്ന നിലയിൽത്തന്നെ അത് തുടങ്ങണമെന്ന് കരുതി. സ്കൂൾ തുടങ്ങുകയല്ല പീ ജീ ആർ പിള്ളയുടെ പ്രധാന ഉദ്ദേശം. മെഡിക്കൽ കോളേജ് സൂപ്രണ്ടായിരുന്നപ്പൊ അവിടെ ആവശ്യത്തിനു അനുബന്ധ വൈദ്യ വിഷയങ്ങളിൽ വിദഗ്ധരായവരെ കിട്ടുന്നില്ല. ഇങ്ങനെയൊന്ന് തുടങ്ങിയാൽ മെഡിക്കൽ കോളേജിൽ സൌജന്യമായി ഒരു വർക്ഫോഴ്സ് ലഭിയ്ക്കും. സർക്കാരിനു നാലു കാശു പോലും ചിലവുമില്ല. അനന്തമൂർത്തി എല്ലാ പിന്തുണയും നൽകാമെന്നേറ്റു. കരുണാകരൻ എന്ന ഒരു ഭാവി ചാരക്കേസ് പ്രതി അന്ന് മുഖ്യമന്ത്രി. അദ്ദേഹം കോട്ടയത്ത് വന്നപ്പൊ ഗാന്ധിനഗർ ഹയർ സെക്കന്ററി സ്കൂളിന്റെ മുകൾത്തട്ടിലായി പഴയ ഒരു കെട്ടിടം, കുട്ടികൾ മൂത്രം ഒഴിയ്ക്കാനായും ബീഡി വലിയ്ക്കാനായും ഉപയോഗിച്ചിരുന്ന സ്ഥലം എടുത്തോളാൻ കനിവോടെ അനുമതി നൽകി. ഒരു പത്ത് സെന്റ് വരും.

കൂടെ ജോലിചെയ്യുന്നവരേയും കൂട്ടുകാരേയും ഒക്കെ സംഘടിപ്പിച്ച്, അറിയാവുന്ന ചില ഫർണിച്ചർ ഷോപ്പുകാരെ വിളിച്ച് കുറച്ച് മേശകസേരകളും വാങ്ങിപ്പിച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് മെഡിയ്ക്കൽ എജ്യൂക്കേഷൻ അഥവാ എസ് എം ഈ എന്ന സ്ഥാപനം തുടങ്ങി. കുട്ടികളടയ്ക്കുന്ന ഫീസ് സെമസ്റ്ററിൽ ഏതാണ്ട് പതിമൂവായിരം രൂപ. കിട്ടിത്തുടങ്ങുന്ന മുറയ്ക്ക് കെട്ടിടമൊക്കെ കെട്ടാം.  അതുവരെ മെഡിയ്ക്കൽ കോളേജിൽ ഒരുപാട് സ്ഥലവും സൌകര്യങ്ങളുമുണ്ട്, അതുപയോഗിയ്ക്കാം എന്നായിരുന്നു വിചാരം. മാത്രമല്ല, മെഡിയ്ക്കൽ കോളേജിനു സൌജന്യമായി ആദ്യവർഷം മുതൽ ചുമ്മാ ജോലിചെയ്യാൻ കുറച്ച് പിള്ളേരെ കിട്ടുകയും ചെയ്യും. വണ്ടിയുന്താനെങ്കിലങ്ങനെ.

യൂണിവേഴ്സിറ്റി ഫീസു വാങ്ങിയാണു പഠിപ്പിയ്ക്കുന്നത്. ഗ്രാന്റ് ഒന്നുമില്ലല്ലോ. നേഴ്സിങ്ങ്, ഫാർമസി, റേഡിയോഗ്രഫി, ലബോറട്ടറി, ഫിസിയോ എല്ലാ നാലുകൊല്ല ബിരുദക്കാരും സെമസ്റ്ററിൽ പതിമൂവായിരം വച്ചടയ്ക്കണം.

ഇതിനാരൊക്കെയാ ചേർന്നത്? വീടു പണയം വച്ചും, പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് ലോണെടുത്തും ബാക്കിയുള്ള ഒരു സെന്റ് ഭൂമി എഴുതി വിറ്റും, പലിശയ്ക്കു കടമെടുത്തും, അറിയാവുന്ന സ്ത്രീജനങ്ങളുടേയൊക്കെ കെട്ടുതാലി വരെ പണയം വച്ചും പതിമൂവായിരം ആറുമാസത്തിൽ വലിയ ഭാരമായിരുന്നവർ. എനിയ്ക്ക് ഉറപ്പായുമറിയാം അത് ഭാരമല്ലാത്ത ഒറ്റയൊരുവൻ ഒരുവൾ പോലും എന്റെ ക്ലാസിലില്ലായിരുന്നു.

ആരു പഠിപ്പിയ്ക്കും? അതായിരുന്നു ഞങ്ങടെ ഭാഗ്യം. മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച പ്രൊഫസർമാരും ലോകമറിയപ്പെടുന്ന ശാസ്ത്രജ്ഞരും പീ ജീ ആർ സാറിന്റെ ഫോൺവിളിയിൽ ഞങ്ങളെ പഠിപ്പിയ്ക്കാനായി വന്നു. ലക്ചർമാരു പോലും വിരളം. ആ ചൌരസ്യേലെ ആദ്യ ചാപ്റ്ററില്ലേ, സജൈറ്റൽ, കൊറോണൽ, ആക്സിയൽ സംഭവം. അത് പോലും പറഞ്ഞ് തന്നത് അന്നമ്മാ മാഡം എന്ന് ഞങ്ങൾ സ്നേഹത്തോടെ, ബഹുമാനത്തോടെ വിളിയ്ക്കുന്ന ഡോക്ടർ അന്നമ്മാ തോമസാണ്. ഇൻഡ്യയറിയപ്പെടുന്ന അനാറ്റമിസ്റ്റ്. അവരുടെ വീടായിരുന്നു ആദ്യകാല അഡ്മിനിസ്റ്റ്രേഷൻ ആപ്പീസ്. ഞാനും അവിടെയാണു സർട്ടിഫിക്കറ്റുകൾ കാണിച്ച് വിരി വാങ്ങിയത്.കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ഇട്ടിസോമൻ സാർ അനാറ്റമി ഡിപ്പാർട്ട്മെന്റിനൊപ്പം ഒരു അഡ്മിനിസ്ട്രേറ്ററേപ്പോലെ ദൈനം ദിന കാര്യങ്ങളും മാനേജ് ചെയ്തു വന്നു.

ആദ്യ ബാച്ച് ക്ലാസ് തുടങ്ങി. ഒറ്റ ബാച്ചും ആളു തികഞ്ഞില്ല. ആദ്യവർഷം അത്യാവശ്യം സാമാന്യശാസ്ത്രങ്ങളിലെ പ്രാക്ടിക്കൽ മതിയല്ലൊ. എവിടുന്നോ കൊറച്ച് പ്രിസങ്ങളും, സ്പെക്ട്രോസ്കോപ്പുകളും, ഇലക്ട്രോണീക്സ് കപ്പാസിറ്റർ റെസിസ്റ്റർ സംഭവങ്ങളും മൈക്രോസ്കോപ്പുകൾ, ഈയോസിൻ ഹീമറ്റോക്സിലീൻ ഒക്കെ കൊണ്ട് വച്ചു. എന്തിനു വിഷമിയ്ക്കണം. പ്രാക്ടിക്കൽ വരുമ്പോ മെഡിക്കൽ കോളേജ് കിടക്കുവല്ലേ. അവിടെ ഇവന്മാർ നല്ലൊരു കൈ സഹായവുമാകും.

പക്ഷേ ആ മേൽ പാരഗ്രാഫിൽ ഒരു വാക്ക് ചോരച്ചാലുകൾ നിന്തിക്കയറിയ നമ്മുടെ സമരസഖാക്കൾക്ക് തെറിയായാണു തോന്നിയത്. ഒപ്പം ചാരക്കേസ് കരുണാകരൻ മുഖ്യമന്ത്രി. ഒരു ദിവസം പോലും ഭരിയ്ക്കാൻ അനുവദിയ്ക്കാമോ? എന്ത്? ഫീസ്. സ്വാശ്രയമോ, ഈ യൂണിവേഴ്സിറ്റിയിലോ, അത് പഠിയ്ക്കാൻ ആളു വന്നോ? എന്താണു കോട്ടപ്പള്ളീ (ക്ലീഷേ തന്നെ)

യൂണിവേഴ്സിറ്റിയിൽ  ഫ്ലോറൽ പാർക്കിലെ മധുരസോമം നുകർന്നേച്ച് വെറുതേയിരിയ്ക്കുമ്പോൾ അതി ശക്തമായി സ്വാശ്രയം എന്ന് ചിന്തിച്ച് പോയ ഈ കഴുതകളെ വിപ്ളവത്തിന്നിരയാക്കണമെന്ന് സഗാക്കൾ കമ്മിറ്റിയും കൂടി കോട്ടപ്പള്ളിസഗാവിന്റെ പിന്തുണയും മേടിച്ച് രക്തനച്ചത്രങ്ങൾ തുന്നാൻ തുടങ്ങി.

ഇവിടെ ആ മൂത്രപ്പുര വൃത്തിയാക്കി (ഒരു തുള്ളി സാഹിത്യമില്ല, ആദ്യ ബാച്ചാണത് വൃത്തിയാക്കിയത്) അതിൽ കയ്യീന്ന് കാശുകൊടുത്ത് ചോക്കു വാങ്ങിച്ച് വച്ച്, നേച്ചർ ക്ലബ് ഒക്കെ തുടങ്ങി കുറേ ചട്ടികളിൽ ഉള്ളയിടത്ത് പൂന്തോട്ടവും ഒക്കെ വച്ച് അൽ‌പ്പം നേരമ്പോക്കുമൊക്കെയായി ഈ ‘സ്വാശ്രയ’ പാവങ്ങൾ പ്രതീക്ഷിച്ചിരിയ്ക്കുകയാണു സുഹൃത്തുക്കളേ ഭാവി പ്രതീക്ഷിച്ചിരിയ്ക്കുകയാണ്.(സിംബൽ)

എത്തെപ്പൈ വക സ്വാശ്രയത്തിനെതിരേ ഗംഭീര സമരക്കൊടുമൈ. ഇവിടെയൊഴുകും വിസ്കി..സോറി ക്കുരുതിപ്പുനൽ. വിപ്ലവം ജയിയ്ക്കട്ടെ. എസ് എഫ് ഐ സിന്ദാബാദ്, വർഗ്ഗസമരം സിന്ദാബാദ്, കൊല്ലുമെടാ നായിന്റെമക്കളെ!

കമ്പ്ലീറ്റ് വന്ന് തല്ലിപ്പൊളിച്ചു.ഒന്നല്ല പലപ്രാവശ്യം.  നേച്ചർക്ലബിന്റെ ചെടിച്ചട്ടിയടക്കം തല്ലിപ്പൊട്ടിച്ചു. വയസ്സായ റിട്ടയേഡ് പ്രൊഫസർമാരെയൊക്കെ, ഇവനൊക്കെ സ്കാല്പെൽ പിടിയ്ക്കാൻ പറഞ്ഞ് കൊടുത്തവരാണ് മുച്ചൂടും തെറി വിളിച്ചു. ഭീഷണിപ്പെടുത്തി. ആ ഓൾഡ് മൂത്രപ്പുര ക്ലാസ്രൂമുകൾ സ്തംഭിപ്പിച്ചു. അന്നമ്മാ മാഡത്തിന്റെ വീട് ഉപരോധിച്ച് സമത്വം ആചരിച്ചു. സോഷ്യലിസത്തിന്റെ നാൾവഴികൾ.

സ്വാശ്രയം നടക്കും. നടന്നേ പറ്റൂ. യൂണിവേഴ്സിറ്റി രുചിപിടിച് പോയി. സെക്കന്റ് ബാച്ചായപ്പൊ രൂഫാ വരാൻ തുടങ്ങി. നേഴ്സിങ്ങിനും ഫിസിയോയ്ക്കും ഫാർമസിയ്ക്കും ആളു വന്ന് കൂടി. യൂണിവേഴ്സിറ്റിയുടേ അകത്തളങ്ങളിൽ വിപ്ലവോം പറഞ്ഞ് തടിയനങ്ങാതെ തിന്നു തീർക്കുന്ന ക്ലാർക്കാപ്പീസർമാർക്ക് ശമ്പളം ധാ‍രധാരയായി ഇടതടവില്ലാതെ കിട്ടാൻ ഈ എച്ചിപ്പണിക്കാരന്റെ പൈസ കിട്ടുമെന്നായി. അപ്പോഴും ഞങ്ങളെ പഠിപ്പിയ്ക്കുന്നവർക്ക് അയ്യായിരം രൂഫായാണു റെംയൂണറേഷൻ. അവർ റിട്ടയർ ചെയ്തവരായോണ്ട് അവർക്കിത് ജനസേവനം. ഞങ്ങൾ ഭാഗ്യവാന്മാർ.

ഒരുസമയത്ത് ഇവന്മാർ നൽകുന്ന അയ്യായിരം രൂപയ്ക്ക് പഠിപ്പിയ്ക്കാൻ ആളെക്കിട്ടാതായപ്പൊ റിട്ടയർ ചെയ്ത കോട്ടയത്തുള്ള മെഡിക്കൽ കോളേജ് പ്രൊഫസർമാരുടെ ലിസ്റ്റെടുത്ത് അവരുടെയോരോരുത്തരുടെ വീട്ടിൽ കയറി യാചിച്ചിട്ടുണ്ട് വന്നു ക്ലാസെടുക്കുമോ എന്ന്. അതുകൊണ്ടേന്താ, ഇന്നും കണ്ണിനു മുന്നിൽ വെളിച്ചമായി ആ മഹാത്മാക്കൾ നിൽക്കുകയും ചെയ്യുന്നു.

ആദ്യത്തെ ഒന്ന് രണ്ട് വർഷം ആയിട്ടും ഫീസ് യൂണിവേഴ്സിറ്റിയിലേക്ക് കെട്ടുന്നതല്ലാതെ ഇങ്ങോട്ടൊരു നയാ പൈസ പോലും കിട്ടുന്നില്ല.ക്ളാസുകൾ കൂടിയപ്പൊ ആർപ്പൂക്കര മുതൽ കോട്ടയം വരെയുള്ള സകല ഒഴിഞ്ഞ് കിടന്ന കടമുറികളും വാടകയ്ക്കെടുത്ത് ക്ളാ‍സ് നടത്തേണ്ടി വന്നു. പദ്മജാ ടൈലേഴ്സ് അപ്പറം മാസ്റ്റേഴ്സ് ഓഫ് ബയോമെഡിയ്ക്കൽ ഇൻസ്ട്രമെന്റേഷൻ അപ്പറം ജോയിച്ചന്റെ കാസറ്റുകട. പീ ജീ ആർ പിള്ള സർ ഫർണിച്ചർ മുതൽ കടലാസുകടക്കാരന്റെ മുന്നിൽ വരെ പലിശയ്ക്ക് പണം വാങ്ങിയിട്ട് തിരിച്ച് കൊടുക്കാനില്ലാത്തവരെപ്പോലെ അവധി പറഞ്ഞു.

ഇടതുപക്ഷ സിൻഡിക്കേറ്റ് വാശി കാട്ടുകയാണ്. സ്വാശ്രയത്തിനെതിരേ. സ്വാശ്രയത്തീന്ന് കിട്ടുന്ന പണം മുഴുവൻ യൂണിവേഴ്സിറ്റിയുടെ പൊതുഫണ്ടിൽ സഗാക്കൾ സെമിനാറുകൾ നടത്തിയും ഫെസ്റ്റിവലുകൾ തിമിർത്തും പൊടിച്ചു. മറൂവശത്തൂടെ ഞങ്ങളെ കാന്റീനി കേറ്റൂല്ല, ഞങ്ങൾക്ക് ഹോസ്റ്റലിൽ മുറിയില്ല, ഞങ്ങളെ ലൈബ്രറീൽ ഫുൾ മെമ്പർഷിപ്പ് തരരുത്, ചൂടുവെള്ളത്തി കുളിയ്ക്കരുത്. എന്തൊക്കെയാരുന്നു! ഇടത്കക്ഷ സർവീസ് സംഘടനകൾ ഒപ്പം.  ഇവന്റെയൊക്കെ അരി വാങ്ങിയ്ക്കുന്നത് ഞങ്ങളുടെ തന്തതള്ളമാർ ചോര നീരാക്കുന്നതാണെന്ന് ഒരു മരമയിരനും ഓർത്തില്ല. ക്ലാർക്കുമാർ ഞങ്ങടെ പേപ്പർ നീക്കൂല്ല, പരീക്ഷ മുതൽ ചോക്ക് വാങ്ങിയ്ക്കാൻ വരെയുള്ള ഫയലുകൾ യൂണിവേഴ്സിറ്റിയിലെ സെക്ഷനാപ്പീസർമാരുടെ ഓരോരുത്തരുടെ കാലുപിടിച്ച് നീക്കിയ്ക്കാൻ വിദ്യാർത്ഥികൾ ഊഴമിട്ട് ലീവെടുക്കും. ഞങ്ങടെ ആവശ്യങ്ങളുള്ള അജണ്ടകൾ സിൻഡിക്കേറ്റ് ചർച്ചയ്ക്കെടുക്കൂല്ല. മടുത്തു. വീ സീ യും മാറി.

മറ്റൊരു കുഴപ്പം ഞങ്ങൾക്ക് ആവശ്യമായ കൗൺസിൽ അംഗീകാരങ്ങൾ (നേഴ്സിങ്ങ് കൗൺസിൽ, ഫർമസി കൗൺസിൽ തുടങ്ങി) കിട്ടുന്നില്ല എന്നായിരുന്നു. ഒരു മിനിമം ഇൻഫ്രാ സ്ട്രക്ചറില്ലാതെ അംഗീകാരം തരൂല്ല. സാധാരണ കൈക്കൂലിക്കാശു കൊടുക്കുകയാണു വേണ്ടത്. ഗവണ്മെന്റ് സ്ഥാപനങ്ങൾക്ക് അത് പറ്റാത്തോണ്ട് ശരിയ്ക്കും പേപ്പറിൽ ഉള്ളത് കാണിച്ചാലേ അംഗീകാരം കിട്ടൂ. യൂണിവേഴ്സിറ്റി ഒരു പൈസ തരാതെ എന്ത് സൗകര്യം, എന്ത് അംഗീകാരം. പിള്ളേർ മൂന്നാം കൊല്ലമായി. ആകെ ബഹളം. പലരുടേയും വീട്ടിൽ ആകെയുണ്ടാരുന്ന പണമെടുത്താണ് എങ്ങനേയും ജോലികിട്ടാൻ പിള്ളേരെ പറഞ്ഞയച്ചത്. ഒരു ഗതിയുമില്ല , സഹായിയ്ക്കാൻ ആരുമില്ല.

ഞങ്ങളിറങ്ങി. ഒരു വിദ്യാർ'ത്തി' സംഘടനകളിലുമില്ലാതെ, ഒരു രാഷ്ട്രീയപ്പാർട്ടിയുടേയും സഹായമില്ലാതെ. ഓരോരോ സിൻഡിക്കേറ്റ് യോഗങ്ങളിലും ചെന്ന് യോഗം നടക്കുന്ന മുറിയുടെ മുന്നിൽ മുദ്രാവാക്യം വിളിച്ചു. വീ സീ യെ ഉപരോധിച്ചു. എത്തെപ്പൈ കാളകൾ ഞങ്ങൾക്കെതിരേ മുദ്രാവാക്യങ്ങൾ മുഴക്കി. ഭീഷണിപ്പെടുത്തി, എൻ ജീ യോ യൂണിയൻ പോലും ഞങ്ങടെ പൈസ വാങ്ങിച്ച് ഞൊട്ടിത്തിന്നിട്ട് സമരം ചെയ്യുന്ന കുട്ടികളെ വന്ന് ഭീഷണിപ്പെടുത്തി മുദ്രാവാക്കിച്ചു. എന്നലും യൂണിയനിലെ സ്നെഹമുള്ള ചേട്ടചേച്ചിമാർ മാറി നിന്ന് ഞങ്ങളോട് അനുഭാവം പറഞ്ഞു.

സമരങ്ങളിൽ സങ്കടം സഹിയ്ക്കാഞ്ഞ് സിൻഡിക്കേറ്റിലെ സാറന്മാരെയും മാഡമുമാരെയും പേരെടുത്ത് പറഞ്ഞ് പ്രാകിക്കൊണ്ട് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. വേറൊരു തവണ ഇനി മരിച്ചാലും കൊന്നാലും പ്രശ്നമില്ലെന്ന മട്ടിൽ രാത്രി പത്ത് മണിയായിട്ടും ഞങ്ങൾക്ക് ഫണ്ട് റിലീസ് ചെയ്യുന്നത് അജണ്ടയിലെടുക്കാഞ്ഞപ്പൊ വീസീയേയും സിൻഡിക്കേറ്റംഗങ്ങളേയും പൂട്ടിയിട്ടിട്ടുണ്ട്. കരിയില കൂട്ടിയിട്ട് കത്തിച്ച് പുകയിട്ടിട്ടുണ്ട്. സങ്കടം കൊണ്ട് പെൺകുട്ടികൾ അലറിക്കരഞ്ഞിട്ടുണ്ട്. പരസ്യ ആത്മഹത്യയ്ക്കൊരുങ്ങിയിട്ടുണ്ട്.

പിന്നെയുമുണ്ട് കാര്യങ്ങൾ. ട്രെയിനിങ്ങ് അഥവാ പോസ്റ്റിങ്ങിനു സമയമായപ്പൊ നേരത്തേ ഉദ്ദേശിച്ചപോലെ ഞങ്ങൾക്ക് മെഡിയ്ക്കൽ കോളേജിൽ ട്രെയിനിങ്ങ് തരൂല്ല. മെഡിയ്ക്കൽ കോളേജ് സൂപ്രണ്ടായിരിയ്ക്കുമ്പോൾ അവിടെ നല്ലൊരു വർക്ഫോഴ്സിനെ സൌജന്യമായിക്കിട്ടുന്ന കാര്യമെന്ന് പറഞ്ഞാണീ കോഴ്സുകളും സ്കൂളും പീ ജീ ആർ സാർ തുടങ്ങുന്നത് തന്നെ. പക്ഷേ ഭീകരന്മാരും തെണ്ടികളുമായ സ്വാശ്രയത്തിനത് കൊടുക്കേണ്ടന്ന് മാറിയ സർക്കാരും അവരുടെ മെഡിക്കോസും എത്തെപ്പൈയും ചേർന്നങ്ങ് തീരുമാനിച്ചു. മെഡിയ്ക്കൽ കോളേജിൽ ആരു കയറണമെന്ന് വിപ്ലവസർക്കാർ തീരുമാനിയ്ക്കും, സർവകലാശാലയ്ക്കതിലധികാരമില്ല. മാത്രവുമല്ല മെഡിയ്ക്കൽ കോളേജിൽ ഞങ്ങൾക്ക് ട്രെയിനിങ്ങ് തന്നാൽ സമരം ചെയ്യുമെന്ന് ഇടതു സർവീസ് സംഘടനകൾ പ്രഖ്യാപിച്ചു. ആദ്യ ദിനം പോസ്റ്റിങ്ങിനു പോയവരെ സർവീസ് സംഘടനക്കാർ സമരം ചെയ്ത് അടിച്ചോടിച്ചു. ട്രെയിനിങ്ങ് കിട്ടാത്തത് കൊണ്ട് കൌൺസിലുകൾ കോഴ്സുകൾക്ക് അംഗീകാരം നൽകുകയുമില്ല.

സമരം ചെയ്തതുകൊണ്ട് മെഡിയ്ക്കൽ കോളേജിൽ ട്രെയിനിങ്ങ് അഥവാ പോസ്റ്റിങ്ങ് കിട്ടിയില്ലെങ്കിലും (അത് സർക്കാർ തീരുമാനം), ഞങ്ങടെ പ്രാക്ക് കേട്ട് സഹിയ്ക്കാതെയും, പൂട്ടിയിട്ട് വിശന്നപ്പോൾ വയറ്റിൽ ആവി കയറിയും, പീ ജീ ആർ സർ ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രീയദർശനീ ഹിത്സിൽ കേറി ഇരന്നും, തെറിവിളിച്ചും ഒക്കെയായപ്പൊ വീ സീയും സിൻഡിക്കേറ്റ് പുംഗന്മാരും ഫണ്ട് റിലീസ് ചെയ്തു.

കേന്ദ്രഗവണ്മെന്റിന്റെ നേരിട്ടുള്ള കൺസ്ട്രക്ഷൻ- സെന്റ്രൽ പൊതുമരാമത്ത് വകുപ്പ് - കൺസ്ട്രക്ഷൻ ഏറ്റെടുത്ത് നല്ല ഒന്നാംതരമൊരു കെട്ടിടം, കോട്ടയത്തെ ഏറ്റവും കൂടുതൽ ചതുരശ്ര അടിയുള്ള കെട്ടിടം നിർമ്മിച്ച് തുടങ്ങി. അതും ആ സ്കൂളിനു മുകളിലെ ചെറിയ സ്ഥലത്ത്.ഞങ്ങടെ ഫീസുവരുമാനത്തിന്റെ കാൽഭാഗം പോലും വേണ്ടിവന്നില്ല അത് പണിയാൻ. തൊട്ടുമുകളിൽ മെഡിക്കൽ കോളേജിന്റെ വക കപ്പ നട്ട് വെറുതേയിട്ടിരിയ്ക്കുന്ന സ്ഥലം ഞങ്ങൾക്ക് തരാമെന്നായിരുന്നു ചാരക്കേസ് കരുണാകരൻ ജി പറഞ്ഞിരുന്നത്. പക്ഷേ അപ്പോഴേയ്ക്ക് വർഗ്ഗസമരം വന്നുപോയതുകൊണ്ട് ഒരു കാരണവശാലും സ്വാശ്രയ ഭീകരന്മാരെ തൊട്ടുകൂടെന്ന് വിധിച്ച് അത് വലിയോർകൾ പുള്ളൈമാർക്ക് കപ്പ നടാൻ തന്നെ കൊടുത്തു. തന്നില്ലെങ്കിലെന്താ? ഉള്ള സ്ഥലത്ത് എസ് എം ഈ നല്ല ഉഗ്രനായി പണിതു തുടങ്ങി. കോസ്റ്റ് എഫക്ടീവായി.

ട്രെയിനിങ്ങ്. എന്തുചെയ്യും? മെഡിക്കൽക്കോളേജുകാർക്ക് വേണ്ടെങ്കിൽ വേണ്ട.പീ ജീ ആർ പിള്ള എന്നത് ഇൻഡ്യയിൽ മുഴുവൻ ഒരുപാട് പേർക്ക് ബഹുമാനമുള്ള ഒരു ഡൊക്ടറാണ്, അതിലുപരി അഡ്മിനിസ്റ്റ്രേറ്ററാണ്.മദ്രാസിലെ അപ്പോളോ, ബാംഗ്ലൂരിലെ സെന്റ് ജോൺസ്, കിദ്വായ് പോലെയുള്ള ആശുപത്രികൾ, കേരളത്തിനകത്തു തന്നെ അമൃത, ലിസി, മെഡിക്കൽ ട്രസ്റ്റ്, ലിറ്റിൽ ഫ്ലവർ, തുടങ്ങി ഏറ്റവും നല്ല സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ഡയറക്ടർ നേരിട്ട് വിളിച്ച്പറഞ്ഞ് ഞങ്ങൾക്ക് ട്രെയിനിങ്ങ് തരമായി. മെഡിക്കൽ കോളേജിലെ മ്യൂസിയം പീസുകൾ വച്ചല്ല, ഏറ്റവും അത്യന്താധുനികമായ ട്രെയിനിങ്ങ്.

ആർ സീ‍ സീ എന്ന സ്ഥാപനത്തിലും വിദ്യ അഭ്യർത്ഥിച്ച് ചെന്നിട്ടുണ്ട്.ഞങ്ങടെ ആദ്യ ബാച്ച് ചെന്നന്ന് സമരമായിരുന്നു. ചെന്ന പിള്ളേരെ പടി ചവിട്ടിയ്ക്കാതെ ഓടിച്ച് വിട്ടു. മൂന്ന് കൊല്ലം കഴിഞ്ഞ് ഏതോ ഒരു രജിസ്റ്റ്രാർ (പുള്ളിയ്ക്ക് കാര്യങ്ങളുടെ കിടപ്പ് അത്രയ്ക്കറിഞ്ഞൂടാരുന്നെന്ന് തോന്നുന്നു) ഞങ്ങളെ ട്രെയിനിങ്ങിനു സമ്മതിച്ച് വീണ്ടും കത്തയച്ചു. ഓരോ കൊല്ലവും ഒരാചാരം മാതിരി ട്രെയിനിങ്ങ് അപേക്ഷിച്ച് ഞങ്ങൾ ഡിപ്പാർട്ട്മെന്റിൽ നിന്ന് ലെറ്ററയയ്ക്കും. അന്ന് ആർ സീ സീൽ ഞാനുൾപ്പെടുന്ന ബാച്ചാണ് പോയത്. പ്രശ്നമുണ്ടാകുമോ എന്നറിയാത്തതിനാൽ എല്ലാരും തിരുവനന്തപുരം ലോക്കൽസ് ആരുന്നു.  ഒരു ദിവസം നിന്നു. അപ്പോഴാണ് അവന്മാർ അത് അറിഞ്ഞത്. പിറ്റേന്ന് ഞങ്ങൾ സ്വാശ്രയ ഭീകരരെ അകത്ത് കയറ്റിയാൽ രോഗികളെ പരിശോധിയ്ക്കില്ലെന്ന് ചില നായിന്റെമക്കൾ പ്രതിജ്ഞയെടുത്തു. ഞങ്ങളെ വിരട്ടി. എന്റെ മുന്നിൽ വച്ച് ഒരു പട്ടിയ്ക്ക് പിറന്നവൻ ഞങ്ങളോടുള്ള ദേഷ്യത്തിനു സ്കാനിങ്ങിനു വന്ന ഒരു ലുക്കീമിയ ബാധിച്ച കൊച്ചു കുട്ടിയെ മുച്ചൂടും തെറിപറയുന്നത് കേട്ടപ്പൊ കെട്ടു വിട്ടു. ഈ നാറിയെ ഇന്ന് മെഡിയ്ക്കൽ കോളേജിലിട്ട് തല്ലുമെന്ന് കുമാരപുരം ചേട്ടന്മാരെ വിളിച്ച് ഉറപ്പിച്ചു.

പക്ഷേ, 'നിങ്ങൾക്ക് വേണോങ്കിൽ വാശിപിടിച്ച് നിൽക്കാം, തെറ്റ് എന്റേതാണ്, ഇവർ ഇങ്ങനെ പെരുമാറുമെന്ന് എനിയ്ക്ക് ഒരിയ്ക്കലും തോന്നിയില്ല, ക്ഷമിയ്ക്കണം നിങ്ങൾ തീരുമാനമെടുക്കുക' എന്ന് അറിയപ്പെടുന്നൊരു ശാസ്ത്രജ്ഞനും അച്ഛന്റെ പ്രായമുള്ളയാളുമായ രജിസ്റ്റ്ട്രാർ എന്നോട് നേരിട്ടാണു പറഞ്ഞത്. 'വാശിപിടിച്ച് കാൻസർ രോഗം വന്നവരുടെ ചികിത്സ ജെപ്രൊഡൈസ് ചെയ്യുന്നില്ല സർ. അറിയാതെയാണെങ്കിലും ഞങ്ങൾക്ക് ഇവിടെ ഒരു ദിവസം നിൽക്കാൻ അനുവാദം തന്നതിനു നന്ദി' എന്ന് എന്റെ കൂടെയുള്ളവൾ ആംഗലേയത്തിൽ മറുമൊഴിഞ്ഞു. ഇന്നും നന്ദി.

പക്ഷേ ഞങ്ങൾക്ക് നന്ദിയുണ്ട് വിപ്ലവത്തൊഴിലാളികളോട്. ആ ട്രെയിനിങ്ങും അനുഭവങ്ങളും ഇന്നും ഈ നാൽ‌പ്പതാം വയസ്സിലും ഞങ്ങളുടെയെല്ലാം ജീവിതത്തിൽ പുരോന്മുഖമായേ മാറ്റം വരുത്തിയിട്ടുള്ളൂ. നിങ്ങൾ മെഡിക്കൽ കോളേജുകളിൽ ഞങ്ങളുടെ നാലുവർഷം തളച്ചിടാതിരുന്നത് കൊണ്ട് അമ്മയുമച്ഛനും കടം മേടിച്ചും മറ്റും തരുന്നതെങ്കിലും, സ്ലീപ്പറിൽ പോകാൻ പണം തികയാത്തതുകൊണ്ട് ജനറലിൽ തള്ളിയിടിച്ച് കയറിയിരുന്ന് പോയെങ്കിലും ചെറുപ്രായത്തിൽത്തന്നെ ചെന്നൈയിലും, ബാംഗ്ലൂരിലും, മധുരയിലും, കോവൈയിലും, തിരുപ്പതിയിലും,മൈസൂരിലും, ഹൈദരാബാദിലും, കാക്കിനടയിലും, ഡിണ്ടിഗല്ലിലും കേരളത്തിന്റെ വടക്കേയറ്റം മുതൽ നാഗർകോവിൽ വരേയും ഭാഷയേയും കാലാവസ്ഥയേയും ജീവിതരീതിയേയുമൊക്കെ മറികടന്ന് യാത്രചെയ്തു പരിവ്രാജകരെപ്പോലെ പഠിച്ചു. അതുകൊണ്ട് ഈ യൂകേയിൽ മാത്രം എന്റെ ഒറ്റ കോഴ്സിൽ നിന്ന്  മുപ്പതോളം പേരുണ്ടിന്ന്. ബാക്കി നേഴ്സിങ്ങ്, ഫാർമസി, മൈക്രോബയോളജി ഒക്കെയെടുത്താൽ നൂറുകണക്കിനു എസ് എം ഈയന്മാരുണ്ടിവിടെ. ഇനി അമേരിയ്ക്കയിലും മിഡിലീസ്റ്റിലും ആഫ്രിക്കയിലും ഒക്കെ കണക്കെടുക്കാവതല്ല. ഇൻഡ്യയ്ക്ക് പുറത്ത് ജോലിചെയ്യുന്നതിൽ വലിയ കാര്യമെന്നല്ല. ലോകമെമ്പാടും എത്തുന്നത് ക്വാളിറ്റിയില്ലാതെ പറ്റില്ലല്ലോ. എവിടെയായാലും ജോലിചെയ്യുന്ന എല്ലാവരും അവരുടെ ജീവിതത്തിന്റെ ഔന്നത്യവും സംതൃപ്തിയും അതിന്റെ എല്ലാ രീതിയിലും ആസ്വദിയ്ക്കുന്നു.

ഏഴു കൊല്ലം എങ്ങാണ്ട് പീ ജീ ആർ പിള്ള സർ ഡയറക്ടറായിരുന്നു. ഒരുപാട് കുതികാൽ‌വെട്ടുകളെ മറികടന്ന്. അവസാനം വിപ്ലവ സിൻഡിക്കേറ്റ് ഏതോ തൊടുന്യായം നിയമമുണ്ടാക്കി (ചെരുപ്പിടുന്നവർ ഡയറക്ടർമാരാവാൻ പാടില്ലെന്നോ അറുപത്തഞ്ച് കഴിഞ്ഞവർ മാളത്തിലൊളിയ്ക്കണമെന്നോ മറ്റോ) അദ്ദേഹത്തെ ഇറക്കി വിട്ടു. ശരിയ്ക്കും ഒരു സുപ്രഭാതത്തിൽ ഇറക്കി വിടുന്നത് പോലെ തന്നെയായിരുന്നു.

ഞങ്ങളുടെ ബിൽഡിങ്ങ് പണി, ആ ബിൽഡിങ്ങ് പണിയുമ്പോൾ സൂപ്പർവൈസർ ആയിരുന്ന ശശിസാറോടൊപ്പം രാത്രിയിലുൾപ്പെടെ, ഇതെങ്ങനെയാവും എന്ന് സ്വപ്നം കണ്ട് ബിൽഡിങ്ങ് സൈറ്റിലിരുന്ന് പാട്ട് പാടിയിട്ടുണ്ട്. ഓരോരോ ക്ലാസു മുറികളായി പണിയുമ്പോൾ ഇങ്ങനെവേണം ഞങ്ങൾക്ക് മുറികളെന്ന് പറഞ്ഞ് പ്ലാൻ നോക്കിയിട്ടുണ്ട്. ആ ബിൽഡിങ്ങ് പണി ഏതാണ്ട് പൂർത്തിയാക്കിയിരുന്നു. പശ്ചാത്തല വിഷയങ്ങൾക്ക് ബ്രിട്ടണിലെ യൂണിവേഴ്സിറ്റികളേക്കാളും സൌകര്യമുള്ള ലാബുകൾ, ഇന്ന് വരെ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും നല്ലൊരു മെഡിക്കൽ ലൈബ്രറി (ജേർണലുകൾ കുറവായിരുന്നു പക്ഷേ). ഒന്നാം ക്ലാസ് ക്ലാസുകൾ സൌകര്യങ്ങൾ. നാലാം നിലയ്ക്കു മുകളിൽ (ടെറസ്) ഒരു ഓഡിറ്റോറിയവും ഹാളുമായിരുന്നു പ്ലാൻ.

ഈ സ്ഥാപനം മൂന്നുനാലു കൊല്ലം കൂടി സ്വാശ്രയമായി നിലനിർത്തണമെന്നും, ബിൽഡിങ്ങ് പണി കഴിഞ്ഞ് പടിപടിയായി ഫീസ് ഇല്ലാതെയാക്കി ശാസ്ത്രീയമായ ഫെസിലിറ്റികൾ കൂട്ടി, നല്ല അധ്യാപകരെ ആകർഷിച്ച് ഇതിനെയൊരു ലോകോത്തര ഗവേഷണകേന്ദ്രമാക്കണമെന്നുമായിരുന്നു പീ ജീ ആർ സാറിന്റെ സ്വപ്നം. അദ്ദേഹം അത് മീറ്റിങ്ങുകളിൽ കൂടെക്കൂടെ പറയുമാരുന്നു.  എന്തായാലും അദ്ദേഹം ഇറങ്ങിയപ്പൊ ബിൽഡിങ്ങിൽ ബാക്കിയുണ്ടായിരുന്നത് നാലു നിലകൾക്ക് മുകളിൽ പണിയണമെങ്കിൽ ലിഫ്റ്റ് വേണമെന്ന ബിൽഡിങ്ങ് നിയമം കൊണ്ട് ലിഫ്റ്റിന്റെ ഓട്ടയ്ക്കകത്ത് ലിഫ്റ്റ് വരുകയെന്ന പണി മാത്രമായിരുന്നു. പുള്ളിയുടെ സെന്റോഫ് ദിവസം, ആ ആഴ്ചയിൽ ലിഫ്റ്റിന്റെ ഓട്ട കട്ടവച്ച് കെട്ടി. കറുത്ത ടൈത്സൊട്ടിച്ചതിൽ ഇന്ന് എത്തെപ്പൈയും ഏബീവീപ്പിയും കേയെസ്യൂയും ഒക്കെ പോസ്റ്ററൊട്ടിച്ച് കളിയ്കുന്നു.നാലു നിലയ്ക്ക് മുകളിൽ ഓഡിറ്റോറിയം പണി നിന്ന് അവിടെ ഷീറ്റിട്ട് മൂടി. അതിനുശേഷം ഒരു കട്ട ആ ബിൽഡിങ്ങിൽ കയറിയിട്ടില്ല.

അതുപോലെ തന്നെ ഈയിടെ വേറേ യേതോ ഒരു സ്വാശ്രയക്കാരനു കിടക്കാൻ മുറി നിഷേധിച്ചിട്ട്, അന്തസ്സോടെ വിരിമാറു ഇടനെഞ്ചിൽ കാട്ടി, ചോരച്ചാലുകൾ നീന്തിക്കയറി സാങ്കൽ‌പ്പിക തൂക്കുമരങ്ങളിൽ ഊഞ്ഞാലയാടി മരണത്തിന്റെ മുഖത്ത് ചവുട്ടി നിവർന്ന് ഞെളിഞ്ഞ് നിൽക്കുകയാണു കേരളത്തിന്റെ സ്വന്തം വിപ്ലവപ്രസ്ഥാനം..പൊതുവിദ്യാഭാസം സംരക്ഷിയ്ക്കാൻ വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നിറക്കിവിട്ട്.. അവർ ജയിയ്ക്കട്ടെ. സ്വാശ്രയം തോറ്റു തൊപ്പിയിട്ടല്ലോ.


നടക്കട്ട്

Friday, July 10, 2015

മോറിസ് ഫ്രൈഡ്മാൻ



മോറിസ് ഫ്രൈഡ്മാൻ എന്ന പേര് ഇൻഡ്യയുടെ ചരിത്രത്തിൽ വളരെയധികമാൾക്കാരൊന്നും ഓർത്തിരിയ്ക്കാൻ സാധ്യതയില്ല. എന്നാൽ ഭാരതത്തിന്റെ ഉന്നമനത്തിനു വളരെയധികം സംഭാവനകൾ നൽകിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം.

പോളണ്ടിലെ വാർസോയിൽ  ജനിച്ച അദ്ദേഹം ഉപരിപഠനത്തിനു ശേഷം പാരീസിലെ ഒരു ഫാക്ടറിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യവേ അവിടം സന്ദർശിച്ച മൈസൂർ ദിവാന്റെ അപേക്ഷപ്രകാരം മൈസൂർ ഇലക്ട്രിക്കൽ കമ്പനിയുടെ ചുമതല ഏറ്റെടുക്കാനാണ് 1930 കളുടെ തുടക്കത്തിൽ   ഇൻഡ്യയിലെത്തിയത്.

മൈസൂരിൽ വച്ച് ഗാന്ധിജിയേയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളേയും പറ്റി അറിഞ്ഞ അദ്ദേഹം വാർദ്ധയിലെ ഗാന്ധിജിയുടെ ആശ്രമം സന്ദർശിയ്ക്കുകയും അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുകയും ചെയ്തു. അവിടെവച്ചാണ് മോറിസ് ഗാന്ധിജിയ്ക്ക് വേണ്ടി ഏറ്റവും കാര്യക്ഷമമായി ഉപയോഗിയ്ക്കാൻ കഴിയുന്ന ഒരു ചർക്ക രൂപകൽപ്പന ചെയ്തത്. ഇന്ന് അപ്രോപ്രിയേറ്റ് ടേക്നോളജി എന്ന് പറയുന്ന വിഭാഗത്തിൽപ്പെടുന്ന പല കാര്യങ്ങളും വർദ്ധായിൽ വച്ച് മോറിസ് സ്വദേശി പ്രസ്ഥാനത്തിനായി രൂപകൽപ്പന ചെയ്തിട്ടുണ്ട്.


(ഭാരതാനന്ദ താൻ രൂപകൽപ്പന ചെയ്ത ധനുഷ് തക്ളി ഗാന്ധിജി ഉപയോഗിയ്ക്കുന്നത് കാണുന്നു)

രമണമഹർഷി , സ്വാമി രാം ദാസ് തുടങ്ങി അന്ന് ജീവിച്ചിരുന്ന മഹാത്മാക്കളെ കണ്ടുമുട്ടിയ അദ്ദേഹം വളരെപ്പെട്ടെന്ന് ഭാരതീയ തത്വശാസ്ത്രത്തിൽ ആകൃഷ്ടനായി. രമണാ‍ശ്രമത്തിൽ സ്ഥിര സന്ദർശകനാവുകയും സ്വാമി രാംദാസിന്റെ അടുത്ത് നിന്ന് സന്യാസദീക്ഷ സ്വീകരിയ്ക്കുകയും ചെയ്തു. സ്വാമി ഭാരതാനന്ദ എന്ന പേര് ഗാന്ധിജി നൽകിയതാണെന്ന് പറയപ്പെടുന്നു.


ഭാരതാനന്ദ തന്നെയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ തത്വശാസ്ത്രം മാത്രമല്ല ജീവിതരീതിയേയും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളേയും സർവാത്മനാ സ്വീകരിച്ചു . സന്യാസിയായിട്ടും മൈസൂരിലെ ഫാക്ടറിയിൽ ജോലി തുടർന്ന അദ്ദേഹത്തിനു സന്യാസവേഷം ധരിയ്ക്കാൻ അനുവാദമില്ലായിരുന്നു. അതിനുവേണ്ടി ദിവാനുമായി സ്ഥിരം വഴക്കുകൾ പതിവായി. ദിവാനു ഇത്രയും നല്ലൊരു ടെക്നോക്രാറ്റിനെ നഷ്ടപ്പെടുത്താനും താൽപ്പര്യമില്ലായിരുന്നു. അവസാനം പ്രമുഖവ്യക്തികളെ സ്വീകരിയ്ക്കുമ്പോൾ മാത്രം സ്യൂട്ട് ധരിച്ചാൽ മതി ബാക്കിസമയത്ത് സന്യാസവേഷമായ കാവി ധരിയ്ക്കാം എന്ന ഒത്ത് തീർപ്പിൽ അവരിരുവരുമെത്തി.

 
(രമണ മഹർഷിയോടൊപ്പം)

അങ്ങനെയൊരു വിശിഷ്ടാതിഥിയെ സ്വീകരിച്ചതാണ് അദ്ദേഹത്തിന്റേയും പിന്നീട് ഭാരത സ്വാതന്ത്ര്യ സമരത്തിലേയും വലിയൊരു നാഴികക്കല്ലായത്. ഔന്ഥ് രാജ്യത്തിലെ രാജകുമാരൻ അപ പന്ഥ് ഇംഗ്ളണ്ടിലെ തന്റെ പഠനത്തിനു ശേഷം കൂടുതൽ ഭരണാനുഭവജ്ഞാനം ഉണ്ടാക്കുന്നതിനായി മൈസൂരിലെത്തി. മൈസൂർ അന്ന് ഇൻഡ്യയിലെ ഏറ്റവും മികച്ച നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു. കൃഷ്ണരാജ വാഡിയാർ നാലാമന്റേയും സർ മിസ്ര ഇസ്മായിൽ എന്ന ദിവാന്റേയും നേതൃത്വത്തിൽ യൂറോപ്യൻ രാജ്യങ്ങളേപ്പോലും വെല്ലുന്ന പുരോഗതി നേടിയ മൈസൂരിന്റെ സുവർണ്ണ കാലഘട്ടം. പിൽക്കാലത്ത് വന്ന ജനായത്ത ഭരണകൂടങ്ങൾക്കൊന്നും കഴിയാതിരുന്ന പുരോഗതി ഉണ്ടായിരുന്ന സമയം.

ഔന്ഥ് രാജകുമാരൻ പെട്ടെന്ന് തന്നെ സ്വാമി ഭാരതാനന്ദയെ ശ്രദ്ധിയ്ക്കുകയും അദ്ദേഹത്തിന്റെ ഭരണപരിചയത്തെ തന്റെ രാജ്യത്തിലേക്ക് ഉപയോഗിയ്ക്കാൻ ആഗ്രഹിയ്ക്കുകയും ചെയ്തു. ദിവാനു ഇത്രയും മിടുക്കനായൊരാളെ വിട്ട് കൊടുക്കാൻ ഉദ്ദേശവുമില്ലായിരുന്നു. അപ്പോഴാണ് സന്യാസവേഷം ധരിയ്ക്കുന്നതിനെക്കുറിച്ചും ഭാരതാനന്ദയുടെ ജീവിതരീതിയെക്കുറിച്ചുമൊക്കെ ദിവാനും അദ്ദേഹവുമായുള്ള പൊരുത്തക്കേടുകൾ ഔന്ഥ് രാജകുമാരൻ ശ്രദ്ധിച്ചത്. അവർ പെട്ടെന്ന് വളരെയടുത്ത സ്നേഹിതരായി. കിർലോസ്കർ ഷോറൂമിന്റെ ബാംഗ്ളൂരിലെ മാനേജരുടെ വീട്ടിൽ താമസിച്ചിരുന്ന അപ പന്ഥും അവിടെ വന്നിരുന്ന ഭാരതാനന്ദയും ആ വീടിനകം ആശയങ്ങൾ കൊണ്ട് നിറച്ചു എന്നാണദ്ദേഹം എഴുതുന്നത്.

ശാസ്ത്രവും സാങ്കേതികതയും ഗ്രാമങ്ങളിലേക്ക് ഒഴുകണം. അവിടത്തെ പാവങ്ങൾക്കായി അത് ഉപയോഗിയ്ക്കപ്പെടണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആദർശം. ഗ്രാമീണവികസനത്തിനായി ജനങ്ങൾക്കാവശ്യമുള്ള രീതിയിൽ സാങ്കേതികതയെ രൂപപ്പെടുത്തുന്നതിൽ വിശാരദനായിരുന്ന ഭാരതാനന്ദയോട് അപ പന്ഥ്,  "നിങ്ങൾ ആരുടേയും അടിമയല്ല, നിങ്ങൾക്ക് സകല സ്വാതന്ത്ര്യവും നൽകാം ഔന്ഥിലേക്ക് വരാമോ" എന്ന് ചോദിച്ചു. ഔന്ഥിലെ ദിവാനു പോലും അന്ന് ഭാരതാനന്ദയ്ക്ക് മൈസൂരിൽ കിട്ടുന്നതിനേക്കാൾ പത്തിലൊന്നേ ശമ്പളമുണ്ടായിരുന്നുള്ളൂ. പക്ഷേ അദ്ദേഹത്തിനു സംശയമൊന്നുമുണ്ടായില്ല. കിടക്കാൻ സ്ഥലവും ഭക്ഷണവും ലഭിച്ചാൽ ഔന്ഥിലേക്ക് വരാം എന്ന് പറഞ്ഞ അദ്ദേഹം തന്റെ വൻ ശമ്പളവും മൈസൂരിനേയും ഉപേക്ഷിച്ച് ഔന്ഥിലേക്ക് യാത്രയായി.

വളരെ ചെറിയൊരു രാജ്യമായിരുന്ന ഔന്ഥിൽ ഗ്രാമങ്ങളെ മുന്നോട്ട് കൊണ്ട് വരികയായിരുന്നു ഭാരതാനന്ദയുടെ ദൗത്യം. ഗാന്ധിജിയുടെ സ്വദേശി പ്രസ്ഥാനത്തിന്റേയും ഗ്രാമസ്വരാജിന്റേയും ആദ്യകാലമാതൃകകൾ അദ്ദേഹം അവിടെ പരീക്ഷിച്ചു വിജയം കണ്ടു. ഒരു തപസ്സെന്ന പോലെ ഗ്രാമങ്ങൾ തോറും അദ്ദേഹം വികസനത്തിന്റെ വെളിച്ചമെത്തിച്ചു. അദ്ദേഹത്തിന്റെ സ്വാധീനത്താൽ രാജാവ് ഔന്ഥിൽ വധശിക്ഷ നിർത്തലാക്കി. ജയിലുകളിലെ കുറ്റവാളികളെ ഗ്രാമീണ വികസനപ്രവർത്തനങ്ങളിൽ ജോലിയ്ക്കായി ഏർപ്പെടുത്തുകയും അവരെ പുനരധിവസിപ്പിയ്ക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഏറ്റവും വലിയൊരു കാര്യം സ്വതന്ത്രപുർ എന്ന ഒരു കോളനി ഗ്രാമം ഉണ്ടാക്കുകയും അവിടെ തുറന്ന ജയിലുകളിൽ കുറ്റവാളികളെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം താമസിപ്പിച്ച് അവിടത്തെ തോട്ടങ്ങളിൽ പണിയെടുത്ത് ജീവിയ്ക്കാനും പുനരധിവസിപ്പിയ്ക്കാനും ഉതകും വിധമൊരു വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു എന്നതാണ്. സ്വതന്ത്രപുരത്ത് ഇന്നും ഒരു തുറന്ന ജയിലുണ്ട്. ബോളീവുഡിലെ മികച്ച ക്ളാസിക്കുകളിലൊന്നായി എണ്ണുന്ന दो आँखें बारह हाथ എന്ന സിനിമ ഈ ജയിലിന്റെ കഥയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.

ഈയിടെയാണ് രാജാവായിരുന്ന ശ്രീമാൻ ഭവൻ റാവു പാന്ഥ് പ്രതിനിധിയുടെ എഴുപതാം ജന്മദിനത്തിന്റെ ഒരുക്കങ്ങൾ ആലോചിയ്ക്കുമ്പൊ  " രാജാസാഹേബ്, നിങ്ങൾക്ക് എന്ത് കൊണ്ട് മഹാത്മാഗാന്ധിയോട് ചേർന്ന് നിന്ന് സ്വാതന്ത്യ സമരത്തിന്റെ വിജയത്തിനായി ഈ രാജ്യം ജനഭരണത്തിനായി വിട്ട് കൊടുത്ത് കൂടാ?" എന്ന് ഭാരതാനന്ദ രാജാവിനോട് ചോദിച്ചത്.

ഗാന്ധിജിയുടേയും സ്വാതന്ത്ര്യ സമരത്തിന്റേയും അനുയായിയും ദേശീയവാദിയുമായിരുന്ന  മഹാരാജാവിനു സംശയം ഒന്നുമുണ്ടായിരുന്നില്ല. ഭാരതാനന്ദ തന്നെ ഭരണഘടനയുടെ ഒരു കരട് എഴുതിയുണ്ടാക്കുകയും ഗാന്ധിജിയെ അപ പാന്ഥുമൊന്നിച്ച് പോയി കാണുകയും ചെയ്തു. ഇതിൽ വളരെയേറെ സന്തോഷവാനായ  ഗാന്ധിജി ഒരുപാട് ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം മാറ്റങ്ങൾ വരുത്തി :-) ഭരണഘടനയുടെ അവസാന പതിപ്പുണ്ടാക്കി അവർക്ക് കൊടുത്തു.

രാജാ ഭവൻ റാവു പാന്ഥ് പ്രതിനിധി അദ്ദേഹത്തിന്റെ എഴുപതാം പിറന്നാളായ 1938 നവംബർ 23നു രാജസഭയിൽ ഇങ്ങനെ പ്രഖ്യാപിച്ചു. "I am renouncing all my powers and power of my purse in favour of my children who are now capable of managing their own affairs. We will watch them and guide them". Jai Jagadamba !


 (രാജാ ഭവൻ റാവു പാന്ഥ് പ്രതിനിധി)

1939 ജനുവരി 21നു പുതിയ ഭരണഘടന സഭ അംഗീകരിച്ചു. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയങ്ങൾ ഉൾക്കൊള്ളിച്ച പുതിയ ഭരണഘടനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ദ്വിതല പഞ്ചായത്ത് നിലവിൽ വരികയും വിദ്യാഭ്യാസം മുതൽ നീതിനിർവഹണം വരെയുള്ള എല്ലാ ചുമതലകളും പഞ്ചായത്തിന്റെ ചുമതലയിലാവുകയും ചെയ്തു.ഈ നിയമപ്രകാരം സകല ജനങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം,ആരാധനാസ്വാതന്ത്ര്യം , കൂട്ടം ചേരാനും ആശയങ്ങൾ പങ്കുവയ്ക്കുവാനും സ്വാതന്ത്ര്യം , ജന്മം കൊണ്ടോ അല്ലാതെയോ ജാതിമതവർഗ്ഗലിംഗഭേദമന്യേ സകല അസമത്വങ്ങളും ഇല്ലാതെ ജീവിയ്ക്കാനുള്ള സ്വാതന്ത്ര്യം മുതൽ സകലജനങ്ങൾക്കും കുറഞ്ഞ കൂലി ഉറപ്പ് വരുത്തിയുള്ള തൊഴിൽ സുരക്ഷ വരെ ഉറപ്പ് നൽകി.

വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ച് കയറ്റമാണ് ഔന്ഥിൽ നടന്നത്. ബജറ്റിന്റെ അമ്പത് ശതമാനത്തോളം വിദ്യാഭ്യാസത്തിനായി മാറ്റിവച്ചു. അഞ്ച് കൊല്ലം കൊണ്ട് അമ്പതോളം സ്കൂളുകൾ സ്ഥാപിച്ചു. വിദ്യാഭ്യാസമോ സാക്ഷരതയോ ഇല്ലാത്ത ജനങ്ങൾക്ക് ഈ മാറ്റമൊന്നും പിടികിട്ടിയതേയില്ല എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. രാജ്യത്ത് ശക്തമായി സാക്ഷരത ഉയർത്താനുള്ള ശ്രമങ്ങൾ നടന്നു.  ജനങ്ങൾ വളരെയേറെപ്പേർ സാക്ഷരരാവുകയും ജനാധിപത്യം എന്തെന്ന് മനസ്സിലാകുകയും ജനാധിപത്യപ്രക്രിയയിൽ ജനങ്ങൾ ശക്തമായി ഇടപെട്ട് തുടങ്ങുകയും ചെയ്തു. 1941ൽ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായ ശ്രീ രാമപ്പ ബിദരിയുടെ കീഴിൽ ഔന്ഥ് ആദ്യമായി ആ രാജ്യത്തെ കടങ്ങളെല്ലാം തീർത്തു.

വെളിയിൽ നടക്കുന്ന മാറ്റങ്ങൾ ഔന്ഥ് രാജ്യത്തേയും ബാധിയ്ക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിനു ഈ മുഴുവൻ സംഭവങ്ങളും സ്വാഭാവികമായും ഒട്ടും രസിച്ചില്ല. പക്ഷേ നിയമപ്രകാരം രാജാവിനെ ഒന്നും ചെയ്യാൻ കഴിയുകയുമില്ലായിരുന്നു. അവർ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ രാജ്യത്തിനു മേൽ സാമ്പത്തികമായി പിടിമുറുക്കി. ഔന്ഥിലെ രാജാവും സിസ്റ്റവും ഒരേസമയം ബ്രിട്ടീഷുകാരോട് സഹകരിയ്ക്കുമ്പോഴും സ്വാതന്ത്ര്യസമര സേനാനികളോട് പിൻ വാതിൽ മൃദുനയം സ്വീകരിച്ചിരുന്നത് കൊണ്ട് പല ഗാന്ധിയൻ/സായുധ വിപ്ളവകാരികളും ബോംബേയിൽ പ്രവർത്തനങ്ങൾക്ക് ശേഷം ഔന്ഥിൽ ഒളിവിൽ അഭയം തേടി. അതും ബ്രിട്ടീഷുകാരെ ചൊടിപ്പിച്ചു.

ക്വിറ്റ് ഇൻഡ്യാ സമരം ഔന്ഥിലും അലയടിച്ചു. ഔന്ഥ് പരീക്ഷണവും വേറൊരു ഗതിയിലേക്ക് മാറുകയായിരുന്നു. നാപ്പത്തിയാറോടെ ഔന്ഥിലെ സാമ്പത്തിക രംഗം പരുങ്ങലിലായി. പ്രധാനകാരണം രണ്ടാം ലോകയുദ്ധത്തെത്തുടർന്നുള്ള സാമ്പത്തിക ഞെരുക്കമാണ്. എത്ര സ്വാശ്രയമായാലും ഗ്രാമസ്വരാജിനു അതിനു ചുറ്റുമുള്ള വലിയ എക്കോണമിയെ അതിവർത്തിച്ച് നിൽക്കാനാവില്ലെന്നും ഗ്രാമസ്വരാജും വ്യവസായിക സമ്പദ് വ്യവസ്ഥയും ചേർന്ന് നിൽക്കണമെന്നും ഉള്ള പാഠം അവിടെനിന്നാണു ഭാരതാനന്ദയും അപ പാന്ഥും നിരീക്ഷിച്ചത്.

എന്തായാലും സ്വതന്ത്ര ഭാരതം നിലവിൽ വന്നു.  നാപ്പത്തിയെട്ട് മാർച്ച് എട്ടാം തീയതി സ്വതന്ത്ര ഭാരതസർക്കാറിന്റെ പ്രതിനിധി ഔന്ഥിലെത്തി. ജയ് ജഗദംബേ എന്ന് മൂന്ന് പ്രാവശ്യം മന്ത്രിച്ച ശേഷം രാജാ ഭവൻ‌ റാവുപാന്ഥ് പ്രതിനിധി സ്വതന്ത്രഭാരതത്തിന്റെ കാൽക്കീഴിൽ തന്റെ ചെറു രാജ്യത്തെ സമർപ്പിച്ചു.

ഈ മഹാരാജാ ഭവൻ റാവു പാന്ഥ് പ്രതിനിധിയാണ് ആയിരക്കണക്കിനു വർഷങ്ങളായി ചില കൾട്ടുകളിൽ മാത്രം നിലനിന്നിരുന്ന സൂര്യനമസ്കാരത്തെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചതും വേദമന്ത്രങ്ങൾ എല്ലാ മതക്കാർക്കും പറ്റുന്നതല്ലന്ന് കണ്ട് അർത്ഥമില്ലാത്ത സിലബിൾസ് അടങ്ങിയ ശബ്ദങ്ങൾ ഉൾപ്പെടുത്തി സൂര്യനമസ്കാരം ഒരു വ്യായാമമുറ എന്ന നിലയിൽ സ്കൂളുകളിലെല്ലാം നിർബന്ധമാക്കിയതും.

ഔന്ഥ് പരീക്ഷണം പോലെയുള്ള സ്വാതന്ത്ര്യ സമരത്തിന്റെ വികസന, ഗ്രാമവികസന പദ്ധതികളിൽ വളരെയേറെ പണിയെടുത്തിരുന്നെങ്കിലും സ്വാമി ഭാരതാനന്ദ ഒരിയ്ക്കലും സ്വാതന്ത്ര്യ സമരത്തിലെ രാഷ്ട്രീയപ്രവർത്തനങ്ങളിൽ മുന്നിൽ നിന്നിട്ടില്ല. ഇൻഡ്യാക്കാരന്റെ സ്വാതന്ത്ര്യം അവർ തന്നെ നേടണമെന്നൊരു വാശി ഗാന്ധിജിയ്ക്കുണ്ടായിരുന്നെന്ന് വേണം കരുതാൻ. പക്ഷേ സ്വന്തം രാജ്യമായ പോളണ്ടിനെ ഒരു വശത്ത് നിന്ന് സ്റ്റാലിനും വേരൊരു വശത്ത് നിന്ന് ഹിറ്റ്ലറും കൈക്കലാക്കിയപ്പോൾ പോളണ്ടിന്റെ സ്വാതന്ത്ര്യത്തിനായും അവിടെയുള്ളവരെ രക്ഷിയ്ക്കുന്നതിനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധിയെ ഗോഡ്സേ വധിച്ചതോടെ സ്വാമി ഭാരതാനന്ദ ഔദ്യോഗിക ജോലികളിൽനിന്നെല്ലാം വിടുതൽ നേടി വാരാണസിയിലും മറ്റും സമയം ചിലവഴിച്ചു. ആയിടയ്ക്കാണ് ജിദ്ദു കൃഷ്ണമൂർത്തിയുടെ ജേ കേ ഫൗണ്ടേഷൻ ചിറ്റൂരിൽ സ്ഥാപിയ്ക്കുന്ന റിഷിവാലി സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയാവുന്നത്. ജിദ്ദുവും അദ്ദേഹവും അടുത്ത സുഹൃത്തുക്കളായിരുന്നു.

1959 വരെ സോവ്യറ്റ് അധിനിവേശ പോളിഷ് അഭയാർത്ഥികളുടെ കാര്യങ്ങളിലൊഴിച്ചാൽ അദ്ദേഹം വലുതായ പ്രവർത്തനങ്ങളിലൊന്നും ഏർപ്പെട്ടിട്ടില്ല. രണ്ടാം ലോകയുദ്ധത്തിനു മുന്നും പിന്നും സോവ്യറ്റ് അധിനിവേശ പോളണ്ടിൽ നിന്നുള്ള ഒരുപാട് പേരെ സോവ്യറ്റ് യൂണിയൻ സൈബീരിയയിൽ ക്യാമ്പുകളിൽ തടവിലിട്ടിരുന്നു.  തടവിലാക്കപ്പെട്ടവർ പലരും ചേർന്ന് ഇറാൻ വഴിയും അല്ലാതെയും ഇൻഡ്യയിലേക്ക് രക്ഷപെടുകയും ഇവിടെനിന്ന് കപ്പലിൽ യൂറോപ്പിന്റെയും ആഫ്രിക്കയുടേയും പല ഭാഗങ്ങളിലും എത്തിപ്പെടുകയും ചെയ്തു. അവരെ സഹായിയ്ക്കാനായി അദ്ദേഹം വളരെയേറെ പ്രയത്നിച്ചിരുന്നു.



എന്റെ കൂടെ ജോലിചെയ്തിരുന്ന അടുത്തൊരു സുഹൃത്തിന്റെ അമ്മ ഇങ്ങനെ സൈബീരിയയിൽ നിന്ന് രക്ഷപെട്ട് ഇൻഡ്യയിലെത്തി ഇവിടന്ന് ഇംഗ്ലണ്ടിലത്തിയതാണ്. ആ അമ്മ ഇന്നും ജീവിച്ചിരിയ്ക്കുന്നു. അവരുടെ കൂടെ വന്ന അനുജത്തി ഇൻഡ്യയിൽ ഉള്ള ഒരാളെ വിവാഹം ചെയ്തു. അവരിവിടെ എവിടെയോ താമസിയ്ക്കുന്നുണ്ടായിരുന്നെന്നും അവരെ (യോ അവരുടെ മക്കളേയോ ആരെയെങ്കിലും) എങ്ങനെയെങ്കിലും കണ്ടുപിടിയ്ക്കണം എന്നും പുള്ളി എന്നോട് പറയാറുണ്ട്.

1959ൽ ചൈന ടിബറ്റിനെ പതിയെ കൈക്കലാക്കാൻ തുടങ്ങി. ഔന്ഥിലെ രാജകുമാരനായിരുന്ന അപ പാന്ഥ് അപ്പോഴേയ്ക്കും ഇൻഡ്യൻ വിദേശ സർവീസിൽ ചേർന്ന് പലയിടങ്ങളിലും അംബാസിഡറായും മറ്റും പ്രവർത്തിച്ച് തുടങ്ങിയിരുന്നു. ഹിമാലയൻ അതിർത്തിയിലെ ഒരു ടിബറ്റൻ അഭയാർത്ഥി ക്യാമ്പിലേക്ക് അപാ പാന്ഥ് സ്വാമി ഭാരതാനന്ദയെ ക്ഷണിച്ചു.

 
 (അപാ പാന്ഥ്)

എൺപതിനായിരത്തോളം വരുന്ന ടിബറ്റൻ അഭയാർത്ഥികളെ പുനരധിവസിപ്പിയ്ക്കാനുള്ള വലിയൊരു പദ്ധതി അവർ രൂപകൽപ്പന ചെയ്തു. നെഹ്രു അപ്പോഴും ഇൻഡ്യാ ചീന ഭായി ഭായി എന്ന് പറഞ്ഞ് നടന്നിരുന്നതിനാൽ ടീബറ്റൻ അഭയാർത്ഥികളുടെ കാര്യത്തിൽ വഴുവഴുക്കൻ നയമാണ് സ്വീകരിച്ചിരുന്നത്. പക്ഷേ പല തവണ നെഹ്രുവിനെ നേരിട്ട് കണ്ട് അപേക്ഷിച്ചതിൻ പ്രകാരം ചില സംസ്ഥാന ഗവണ്മെന്റുകൾക്ക് നെഹ്രു കത്തുകൾ നൽകി. ഈ കത്തുകളുമായി ഡൽഹി മുതൽ ഒരുപാട് സംസ്ഥാനങ്ങളിൽ ചെന്നെങ്കിലും ആർക്കും ഇതുപോലൊരു തലവേദന ഏറ്റെടുക്കാൻ താൽപ്പര്യമില്ലായിരുന്നു. പക്ഷേ കർണാടക സർക്കാർ, പഴയ മൈസൂരിലെ സ്വാമി ഭാരതാനന്ദയെ നല്ലവണ്ണം അറിയുകയും ബഹുമാനിയ്ക്കുകയും ചെയ്തിരുന്ന ഉത്തരവാദിത്തപ്പെട്ടവർ ഇന്നത്തെ ബൈലകുപ്പെ എന്നറിയപ്പെടുന്ന സ്ഥലം നൽകുകയും ടിബറ്റൻ അഭയാർത്ഥികൾ അവിടെ പുതിയൊരു ജീവിതം കരുപ്പിടിപ്പിയ്ക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിന്റെ ഭാഗങ്ങളിലും ടിബറ്റൻ സെറ്റിൽമെന്റുകൾ അനുവദിയ്ക്കപ്പെട്ടു. അവസാനം ഇന്നത്തെ ദലായ് ലാമയും അവിടെയെത്തി. ദേശത്തിന്റെ മഹത്വമോതുമ്പൊ ജൂതന്മാർ മുതൽ പാർസികൾ വരെയെന്നത് ഇന്ന് ദലായ്ലാമയും ടിബറ്റുകാരും വരെയെന്ന് അഭിമാനിയ്ക്കാൻ വഴിയിട്ടത് ഈ ഭാരതാനന്ദയാണ്.

ടിബറ്റൻ അഭയാർത്ഥികളെ സ്വന്തം കാലിൽ നിൽക്കുന്നതിനും അവർക്ക് വിദ്യാഭ്യാസം നൽകുന്നതിനുമൊക്കെ അദ്ദേഹവും മറ്റൊരു പോളിഷ്കാരിയായ ഉമാ ദേവി എന്ന് പേരു സ്വീകരിച്ച Wanda Dynowska യും മുന്നിട്ടിറങ്ങി. അന്ന് കുട്ടിയായിരുന്ന ദലായ് ലാമയ്ക്കും മറ്റ് ടിബറ്റൻ കുഞ്ഞുങ്ങൾക്കും അമ്മയെപ്പോലെയായിരുന്നു ഉമാദേവി. 1965 വരെ അദ്ദേഹം അവിടെ തുടർന്നു. പിന്നീട് ബോംബേയിലേയ്ക്ക് താമസം മാറി.

ബോംബേയിൽ അദ്ദേഹത്തിനു കിട്ടിയത് തന്റെ കുടുസ്സുമുറിയിൽ മക്കളോടും ഭാര്യയോടുമൊപ്പം ബീഡിതെറുപ്പുകാരനായി ജീവിച്ചിരുന്ന നിസംഗദത്ത മഹാരാജെന്ന ജ്ഞാനിയെയയിരുന്നു. മറാഠി നല്ലവണ്ണം അറിയാമായിരുന്ന ഭാരതാനന്ദയാണ് നിസംഗദത്തമഹാരാജിന്റെ സംഭാഷണങ്ങൾ 'I Am That' എന്ന പേരോടെ ഇംഗ്ളീഷിൽ പ്രസിദ്ധീകരിച്ചത്. നിസ്സംഗദത്ത മഹാരാജാവിനെ സന്ദർശിച്ചും സംഭാഷണങ്ങൾ പകർത്തിയും അദ്ദേഹം 1976 വരെ ബോംബെയിൽ കഴിഞ്ഞു. 1976 ന്റെ ആദ്യമാസങ്ങളിൽ ഒരു മോട്ടോർ സൈക്കിളിടിച്ച് അവശനിലയിലായ അദ്ദേഹം 1976 മാർച്ച് 9ആം തീയതി നിസംഗദത്ത മഹാരാജിന്റേയും അപ പാന്ഥിന്റേയും സാന്നിധ്യത്തിൽ സ്വദേഹം വെടിഞ്ഞു.

 (ഭാരതാനന്ദ നിസംഗദത്ത മഹാരാജാവിനോടൊപ്പം)

വിദേശികൾ ഇൻഡ്യയിലേക്ക് വരുന്നതും പ്രവർത്തിയ്ക്കുന്നതും,  നമ്മുടെ അനുഭവങ്ങൾ ചരിത്രപരമായി മോശമായത്കൊണ്ടാവാം,  പലപ്പോഴും സംശയദൃഷ്ടിയോടേയാണ് ഇന്നും നമ്മൾ കാണുന്നത്. പക്ഷേ പോളണ്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് ബോംബേയിൽ അവസാനിച്ച ഈ കർമ്മയോഗിയുടെ ജീവിതം ഏത് ഭാരതീയനേക്കാളും ഭാരതീയതയുടെ ആഴങ്ങളിൽ ജീവിതമർപ്പിയ്ക്കാൻ നമ്മെ പ്രാപ്തരാക്കുന്നതാണ്.

(ചിത്രങ്ങൾ പലയിടത്തു നിന്നും ബ്ളോഗുകളിലും പുസ്തകങ്ങളിലും നിന്നുൾപ്പെടെ എടുത്തതാണ്. പകർപ്പവകാശലംഘനം ഉദ്ദേശിച്ചിട്ടില്ല.പഴയ ചിത്രങ്ങളായത്കൊണ്ട് എത്രത്തോളം അതുണ്ട് എന്നും സംശയമാണ്)