Monday, November 01, 2010

അരുന്ധതിയക്കന്റെ പൊട്ടിയ ചട്ടിയും ബീജേപ്പീ കഴുതകളും

തന്റെ വീട്ടില്‍ ബീജേപ്പീയിലെ ചേച്ചിമാര് ചെടിച്ചട്ടി തല്ലിയുടയ്ക്കാന്‍ വന്നപ്പോ അരുന്ധതിയക്കന്‍ 
“What is the nature of the agreement between these sections of the media and mobs and criminals in search of spectacle? Does the media which positions itself at the ‘scene' in advance have a guarantee that the attacks and demonstrations will be non-violent?“  എന്നൊക്കെ പ്പറഞ്ഞ് വളരെ വിഷമിയ്ക്കുകയുണ്ടായി. NDTV, Times Now, News24 എന്നൊകെയുള്ള കമ്പനികളുടെ OB വാനുകള്‍ (outside broadcast vans) അക്രമത്തിനു മുന്നേ തന്നെ ഡല്‍ഹിയിലെ അതിസുരക്ഷാ ഏരിയയായ ചാണക്യപുരിയിലെ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്നതായി കണ്ടിട്ടാണ് അക്കന്‍ മാധ്യമങ്ങള്‍ ചെറ്റകളാണെന്ന് പറഞ്ഞത്. ചെടിച്ചട്ടി തല്ലിയുടയ്ക്കാന്‍ മഹിളാമോര്‍ച്ചകള്‍ വന്നപ്പോ അക്കന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇനി എന്റെ വകവളച്ചൊടിയ്ക്കല്‍ വാദങ്ങള്‍: 
1)കാശ്മീര്‍ പ്രശ്നത്തില്‍ കേസെടുക്കണം എന്ന് ആരോ എവിടാണ്ടോ നിലവിളിച്ചതിന്റെ മുന്നേ (അല്ല അങ്ങനെ ആരും പറയില്ല എന്നു കരുതിയല്ലല്ലോ സെമിനാറില്‍ പ്രസംഗിയ്ക്കാന്‍ പോയത്. ) “Pity the nation that has to silence its writers for speaking their minds. Pity the nation that needs to jail those who ask for justice“ എന്നൊക്കെ വിളിച്ച് പറഞ്ഞ് രക്തസാക്ഷിയാവാന്‍ ശ്രമിച്ചോണ്ടിരിയ്ക്കുമ്പോള്‍ ദാണ്ടേ ചിദംബരം പറയുന്നു ആരും കേസെടുക്കുന്നില്ലെന്ന്.

2) NDTV യുടേ മൊതലാളി പ്രണയ് റോയ് അരുന്ധതിയുടേ മച്ചുനനാണ്.(cousin) അപ്പം ഈ മച്ചുനന്‍ അറിഞ്ഞല്ലേ സ്വന്തം കമ്പനീടെ വാന്‍ ബന്ധുവീട്ടിനു വെളിയില്‍ വന്നത്. മച്ചുനത്തിയെ ആക്രമിയ്ക്കാന്‍ പോകുന്നത് വീഡിയോയെടുക്കാന്‍ പോകുന്ന വിവരം ആരും മൊതലാളിയോട് പറഞ്ഞില്ലേ.?

3) നക്സലുകളേ പറ്റി ഏതാണ്ട് പറഞ്ഞതിന് ആരും അധികം ചൊറിയാന്‍ പോകാതായപ്പോ അവസാനം "I am on this side of line. I do not care...pick me up put me in jail," എന്ന് പറഞ്ഞ് നിലവിളിയ്ക്കുന്നുണ്ടായിരുന്നു അത് മച്ചുനന്റെ പത്രത്തില്‍ വന്നതിന്റെ ലിങ്ക് ഇവിടെ.
അന്നും ആരും ജയിലിലിട്ടില്ല.
http://www.ndtv.com/article/india/put-me-in-jail-for-backing-maoists-arundhati-roy-29642

4)ഹിന്ദു പത്രം ബീജേപ്പീക്കാരു വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു എന്നെഴുതിയപ്പോ മുട്ടന്‍ വലതന്‍ ബ്രിട്ടീഷ് പത്രം ഇന്‍ഡിപ്പെന്റന്റ് ഇങ്ങനെ എഴുതി.“Dozens of right-wing activists attacked and vandalised the house of Booker prize-winning writer Arundhati Roy over comments she made suggesting Kashmir had never been an integral part of India.“

5)എന്നാല്‍ അരുന്ധതി സ്ഥിരമായി ലേഖനങ്ങള്‍ എഴുതിക്കൊടുക്കുന്ന ഗാര്‍ഡിയന്‍ എന്ന ബ്രിട്ടീഷ് പത്രമാകട്ടേ“ The Delhi home of the prize-winning Indian novelist and -human rights campaigner Arundhati Roy was besieged by Hindu women today -demanding that she quit the country because of her outspoken views on Kashmir.
Around 150 members of the Bharatiya Janata Party's women's organisation surrounded the house chanting slogans such as: "Take back your statement, else leave India". The BJP is fiercely opposed to Kashmiri independence.
എന്നാണ് എഴുതിയത്.ആ സമയത്ത് അവര്‍ വീട്ടിലില്ലായിരുന്നേ.ഗാര്‍ഡിയന്‍ അത് അറിഞ്ഞിട്ടേയില്ല.

6) ആരുണ്ടായാലും ഇല്ലെങ്കിലും വല്ലവന്റേം വീട്ടിനു മുന്നില്‍ മുദ്രാവാക്യം വിളിയ്ക്കുന്നതും ചെടിച്ചട്ടി തല്ലിയുടയ്ക്കുന്നതും തെമ്മാടിത്തരമാണ്. ബീ ജേ പീയില്‍ നിന്ന് അത് ചെയ്യാന്‍ പറഞ്ഞ് വിട്ടവന്മാര്‍ സാമാന്യബോധം പോലും ഇല്ലാത്തവന്മാരുമാണ്.

7)അവസാനം കിട്ടിയ റിപ്പോര്‍ട്ടനുസരിച്ച് അക്കന് മടുത്തു. ആരും ജയിലിലിട്ടില്ല. 'I’m Bored Of My Critics': Arundhati Roy

8) ലോകത്തെ ഏറ്റവും വലിയ ‘ഇടതുപക്ഷ‘ മാധ്യമമായ ഫോബ്സ് കഴിഞ്ഞ ജൂലായില്‍ ലോകത്തിലെ ഏറ്റവും മികച്ച 30 most inspiring women ല്‍ ഒന്നായി തിരഞ്ഞെടുത്തിരുന്നു. അക്കന് സാഹിത്യ അക്കാഡമി അവാര്‍ഡ് നിരസിച്ച് പാരമ്പര്യമുണ്ടേ.മച്ചുനന്റെ പത്രത്തില്‍ തന്നെ വെണ്ടകായില്‍ വന്ന വാര്‍ത്ത.“Indian author and activist Arundhati Roy is ranked third and PepsiCo's India-born chief Indira Nooyi 10th in Forbes list of the world's 30 most inspiring women that also features Mother Teresa and US Secretary of State Hillary Clinton.“
"Others named in the list include actor Angelina Jolie, former US secretary of state Condoleezza Rice, first lady Michelle Obama and author JK Rowling.

Read more at: http://www.ndtv.com/article/india/arundhati-nooyi-among-forbes-30-most-inspiring-women-39691?cp

9) രാമചന്രഗുഹയണ്ണന്‍ പറഞ്ഞെന്നും പറഞ്ഞില്ലെന്നും പറഞ്ഞ ഒരു വാചകത്തില്‍ നിര്‍ത്താം.
“ Arundhati Roy has become a joke, a publicity fiend,” Guha told Bangalore Mirror. “She hops from cause to cause, and just look at the company she’s keeping ... the likes of Syed Ali Shah Geelani, an ultimate bigot who wants to keep women in purdah and bring in an Islamic theocracy.” (എന്നു പറഞ്ഞ് രാമേന്ദ്ര ഗുഹയണ്ണന്‍ എന്റെ അമ്മാച്ചനാണെന്നാരും പറയല്ല്. അതുപോലെ പറയാനെക്കൊണ്ടുംമേണ്ട ഇംഗ്ലീഷ് അറിയാത്തോണ്ട് കോപ്പിപ്പേസ്റ്റ് ചെയ്തെന്നേയൊള്ള്.)
10) ഇന്നാളെങ്ങാണ്ടല്ലേ സ്വന്തം പടങ്ങള്‍ കത്തിയ്ക്കാന്‍ വേണ്ടി തെഹല്‍ക്കാക്കാര് മുത്തലിക്കിന്  കാശു കൊടുത്തത്. ഐ എസ് ഐ കാശുകൊണ്ടക്കൊടുത്തത് മോഹന്‍ ഭഗവതിനും പ്രവീണ്‍ തൊഗാഡിയയ്ക്കുമെന്ന് വേറേയാരാണ്ട് പറയുന്നു.അരാരാണെന്റെ തേവരേ...

എന്നാലും തട്ടിയുടഞ്ഞ് കിടക്കുന്ന ചെടിച്ചട്ടികള്‍ ആരുടേയും ഹൃദയമലിയിയ്ക്കും. ഇതുപോലെ എന്റെ വീട്ടില്‍ പണ്ട് നടന്നിരുന്നു. അയലത്തെ സജുഅണ്ണന്റെ ലോറി സീ സീ പിടിയ്ക്കാന്‍ വീടുമാറിക്കയറിയ ഗുണ്ടകള്‍ പാതിരാത്രീല്‍ എന്റെ വീട്ടിലെ എല്ലാ ചെടിച്ചട്ടികളും തള്ളിയിട്ട് പൊട്ടിച്ചു.  മറ്റൊരു ചെടിച്ചട്ടി പൊട്ടിയ്ക്കല്‍ നടന്നത് ഞാന്‍ കോളേജില്‍ പഠിച്ചിരുന്നപ്പോഴാണ്. യൂണിവേഴ്സിറ്റിയുടേ വക സ്വാശ്രയ കോളേജായിരുന്നു അത്. സ്വാശ്രയ കോളേജിനെതിരേ സമരം ചെയ്ത എസ് എഫ് ഐ ക്കാര്‍ ഞങ്ങളുടെ കോളേജില്‍ (ഒരു ഹൈസ്കൂളിന്റെ മൂത്രപ്പുര പെയിന്റടിച്ച് കോളേജാക്കിയതാണ്.) വന്ന് നേച്ചര്‍ ക്ലബുകാര്‍ വച്ച് പിടിപ്പിച്ച എല്ലാ ചെടികളും പിഴുതുകളഞ്ഞു. അവിടേയിരുന്ന എല്ലാ ചെടിച്ചട്ടികളും തല്ലിപ്പൊട്ടിച്ചു. (രണ്ടും സത്യമാണ്). 

പൊട്ടിയ ചെടിച്ചട്ടികള്‍ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാട്: ഹിന്ദു പത്രം.

Sunday, October 31, 2010

Endosulfan:എന്റോസള്‍ഫാന്‍



2002 ലുണ്ടായ ഒരു ചലച്ചിത്രം. കൊല്ലം 8 കഴിഞ്ഞു.
എന്റോ സള്‍ഫാന്‍ നിരോധിയ്ക്കുന്നതു വരെ കേരളത്തില്‍ നിന്നുള്ള കശുവണ്ടി ഇറക്കുമതി ചെയ്യരുതെന്ന് യൂറോപ്യന്‍ യൂണിയനേയും അമെരിയ്ക്കയേയും സമ്മര്‍ദ്ദം ചെലുത്തത്തക്ക രീതിയില്‍ ഒരു മൂവ്മെന്റില്‍ ആരെങ്കിലും പങ്കു ചേരുമോ? 



എന്റോസല്‍ഫാന്‍ എന്തായാലും എന്നെങ്കിലും നിരോധിയ്ക്കും. പക്ഷേ പരമാവധി അവര്‍ അത് നീട്ടിക്കൊണ്ട് പോകും. ഓരോ ദിവസം നീട്ടിക്കൊണ്ട് പോകുമ്പോഴും കോടിക്കണക്കിനു രൂപയുടെ ലാഭമാണ് കമ്പനികള്‍ക്കുണ്ടാകുന്നത്.ഏതാണ്ട് 8500 ടണ്‍ എന്റോസള്‍ഫാനാണ് ഓരോ കൊല്ലവും ഇന്‍ഡ്യയില്‍ ഉണ്ടാക്കുന്നത്. അതില്‍ 4500 ടണ്ണോളം ഭാരതത്തില്‍ തന്നെ ഒഴുക്കുന്നു..

Friday, October 08, 2010

പാസഞ്ചറും പീപ്‌ലി ലൈവും

പീപ്‌ലി (ലൈവ്) സിനിമ കാണാ‍ന്‍ ചെന്നപ്പോള്‍ ആകെ പത്തോ പതിനഞ്ചോ പേരേ കൊട്ടകയിലുണ്ടായിരുന്നുള്ളൂ. അതു തന്നെ അത്ഭുതമായിരുന്നു.എക് കുഡീ പഞ്ചാബ് കീ യും അന്‍‌ജാനാ അന്‍‌ജാനായും മറ്റും ഓടുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഈ മൂലയ്ക്ക് കിടക്കുന്ന സിനിമാക്കൊട്ടകയില്‍ ഈ സിനിമ ഓടുന്നതു പോലും അത്ഭുതം തന്നെ.
ഒരു കോമഡി സിനിമയാണെന്ന് പരസ്യം നല്‍കിയിരുന്നത് കൊണ്ടാണോ എന്നറിയില്ല തുടങ്ങിയപ്പൊ മുതല്‍ കുറേ മാര്‍വാഡി പെണ്‍പിള്ളേര്‍ ഇരുന്ന് കൊലകൊലാന്ന് ചിരിയ്ക്കാന്‍ തുടങ്ങി. ഓരോരോ ഡയലോഗിനും ചിരി.
കുറേക്കഴിഞ്ഞപ്പോള്‍ എന്റെ കൂടെക്കയറിയവന്  പ്രാന്തായി. അവന്‍ അല്‍പ്പം ഉറക്കെത്തന്നെ ചോദിച്ചു:“ഇത്‌നാ ഹസ്നേ കേലിയേ ക്യാ ഹെ ഇസ് മേ“?
ചിരി പൂര്‍ണ്ണമായും നിന്നില്ലേലും ശബ്ദം അല്‍പ്പം കുറഞ്ഞു.

കര്‍ഷക ആത്മഹത്യകള്‍
കര്‍ഷക ആത്മഹത്യകള്‍ ഭാരതത്തില്‍ മാത്രമല്ല.അമേരിയ്ക്കയിലും യൂറോപ്പിലും സാമാന്യ ജനത്തേക്കാള്‍ കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാറുണ്ടെന്ന് പഠനങ്ങള്‍ തെളിയിയ്ക്കുന്നു. . ഭാരതത്തില്‍ ഓരോ 32 മിനിറ്റിലും ഓരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു.ഏതാണ്ട് രണ്ട് ലക്ഷത്തോളം കര്‍ഷകരാണ് 1997 നു ശേഷം ഭാരതത്തില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്.അതില്‍ 86.5 ശതമാനം പേരും കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്തവരാണ്. അവരുടെ ശരാശരി കടം ഏതാണ്ട് 30000 രൂപയില്‍ താഴെയും. വിദര്‍ഭയിലെ പരുത്തികൃഷിക്കാരില്‍ 200 പേരാണ് 2005 ജൂലായ്ക്കും 2006 ഫെബ്രുവരിയ്ക്കും ഇടയില്‍, ഏഴു മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത്.

എന്തുകൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു?
കടവും പണത്തിനുള്ള ബുദ്ധിമുട്ടുമാണ് പ്രധാന കാര്യമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ എന്ത് കൊണ്ട് ഇത്രയും കടം വരുന്നു?
കുറച്ച് ചരിത്രം നോക്കാം
ഭാരതത്തിലെ കര്‍ഷകന്‍ ആനാദി കാലം മുതല്‍ക്കേ കടത്തില്‍ ജനിച്ച്, കടപ്പെട്ട് ജീവിച്ച് കടത്തില്‍ മരിയ്ക്കുന്നവനാണ്.
1960 കളുടെ അവസാനത്തില്‍ ഭാരതത്തില്‍ ഗവണ്മെന്റിന്റെ നിരന്തരമായ പ്രചരണഫലമായാണ് ഹരിത വിപ്ലവം സാധ്യമായത്. അതിനു മുന്‍പ് ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന വിത്തുവര്‍ഗ്ഗങ്ങളേയും കൃഷി രീതികളേയും പാടേ തമസ്കരിച്ച് അമേരിയ്ക്കയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്ത പുത്തന്‍ വിത്തുകള്‍ ഭാരതത്തിലെ കൃഷിഭൂമികളില്‍ പ്രയോഗിക്കപ്പെട്ടു. അത്തരം വിളകള്‍ക്ക് വേണ്ടി കോടിക്കണക്കിനു കിലോ കീടനാശിനികളും രാസവളങ്ങളും-എല്ലാം വിദേശ കമ്പനികളോ, വിദേശകമ്പനികള്‍ക്ക് റോയല്‍റ്റി കൊടുത്ത് ഭാരതത്തിലുണ്ടാക്കിയതോ- കൃഷി ഭൂമിയില്‍ പ്രയോഗിക്കപ്പെട്ടു.ഭാരതത്തിന്റെ കാര്‍ഷികോല്‍പ്പാദനം പതിന്മടങ്ങ് വര്‍ദ്ധിയ്ക്കുകയുണ്ടായി.വരാനിരിയ്ക്കുന്ന പുത്തന്‍ സ്വര്‍ഗ്ഗത്തെപ്പറ്റി ജനങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങി.
പക്ഷേ ഹരിതവിപ്ലവം യദാര്‍ത്ഥത്തില്‍ സമൂഹത്തിന് എന്തെങ്കിലും ഗുണം ചെയ്യുകയുണ്ടാ‍യോ? യദാര്‍ത്ഥത്തില്‍ കര്‍ഷകന്‍ അതില്‍ നിന്നും ലാഭമുണ്ടാക്കിയോ എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. വിത്തും രാസവളങ്ങളും കീടനാശിനിയും കര്‍ഷകന് വന്‍‌തോതില്‍ വിലകുറച്ചാണ് വിറ്റിരുന്നത്.പലപ്പോഴും ഗവണ്മെന്റ് സൌജന്യമായി തന്നെ ഇത് കര്‍ഷകന് കൊടുത്തു. അതുകൊണ്ട് തന്നെ അവര്‍ക്ക് വിളവ് വളരെ കുറഞ്ഞ വിലയ്ക്കു പോലും വില്‍ക്കുവാനായി. ഫുഡ് കോര്‍പ്പറേഷനുകളുടെ ഗോഡൌണുകളില്‍ ഇങ്ങനെ വിലകുറച്ച് ശേഘരിച്ച അരിയും ഗോതമ്പും പുഴുക്കളും എലിയും തിന്നു തീര്‍ത്തു. പട്ടിണി കിടക്കുന്നവന്‍ പട്ടിണി കിടന്നുതന്നെയിരുന്നു.പക്ഷേ കണക്കുകളില്‍ ഭാരതം ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത വരിച്ചു. പുഴുവരിച്ച റേഷന്‍ പാവങ്ങള്‍ വാങ്ങിച്ചു കഞ്ഞിവച്ചു.

ഇനി ചിലര്‍ വിത്തുകളും വളവും കീടനാശിനികളും വാങ്ങതെ കൃഷിയിറക്കാം എന്നു തീരുമാനിച്ചാലോ? നടപ്പില്ല. കാരണം  ചുറ്റുമുള്ളവരെല്ലാം കീടാനാശിനികള്‍ ഉപയോഗിയ്ക്കുന്നവരാണ്. അവിടെ നിന്ന് ഓടിവരുന്ന കീടങ്ങള്‍ വിഷമുപയോഗിയ്ക്കാത്ത കൃഷിസ്ഥലങ്ങളെ ബാക്കി വയ്ക്കില്ല.കീടനാശിനികളുടെ അമിത ഉപയോഗം കീടങ്ങളുടെ സ്വാഭാവിക ശത്രുക്കളായ തവള ചിലന്തി മുതലായതുകളെയുംനശിപ്പിച്ചിരുന്നു.  രാസവളം അമിതമായി കൊല്ലങ്ങളായുപയോഗിച്ച് മണ്ണിന്റെ ജൈവികത ഇല്ലാതെയായി.തന്റെ അച്ഛനപ്പൂപ്പനമാരും അമ്മയമ്മൂമ്മമാരും ഉപയോഗിച്ചിരുന്ന രാസവളവും കീടനാശിനിയും വേണ്ടാത്ത വിത്തുകള്‍, അമേരിയ്ക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചോളവിത്തിന്റേയും ഗോതമ്പിന്റേയും കയറ്റിറക്കത്തില്‍ എവിടേയോ നഷ്ടമായി.

എന്നുകരുതി ഹരിത വിപ്ലവത്തെ കുറ്റം പറയാന്‍ ഒട്ടും സാധ്യമല്ല. അന്നത്തെ പരിതസ്ഥിതിയില്‍ കാര്‍ഷിക നവോദ്ധാനത്തിന് ഹരിത വിപ്ലവത്തേക്കാള്‍ മെച്ചപ്പെട്ട യാതൊരു മാര്‍ഗ്ഗവുമില്ലായിരുന്നു.
ഇവിടെയാണ് ചതി വരുന്നത്. ഹരിത വിപ്ലവം സാധ്യമാക്കിയ ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ചുള്ള അറിവും ഗവേഷണവുംതുടര്‍ന്നു പോകുന്നതില്‍ തൊണ്ണൂറുകളുടേ ആദ്യം മുതല്‍ ആഗോളവല്‍ക്കരണത്തിന് പരവതാനി വിരിയ്ക്കുന്നതിനിടയില്‍ ഗവണ്മെന്റും രാജ്യവും മറന്നു പോയി. പ്രാദേശികമായ കൃഷി രീതികള്‍ പുനരുജ്ജീവിപ്പിയ്ക്കുകയും പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ പരമാവധി ശാസ്ത്രീയമായും ജൈവ വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടും കൃഷി   ചെയ്തിരുന്നുവെങ്കില്‍ ഹരിതവിപ്ലവത്തിന് ഒരു പുതു മുഖം നല്‍കാമായിരുന്നു ഒരു പക്ഷേ മാറിയ ലോകക്രമത്തില്‍ അത് ലാഭത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്തേനേ

പത്തിരുപതു കൊല്ലം കഴിഞ്ഞു. രാജ്യം ആഗോളവല്‍ക്കരണത്തെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ കമ്പോളാധിപത്യത്തെ പഴയ കോളനികളിലേയ്ക്ക് ഇറക്കുമതി ചെയ്തപ്പോള്‍ സാമ്രാജ്യത്ത ശക്തികള്‍ മുന്നില്‍ വച്ച കരാറുകളിലൊന്ന് കര്‍ഷകനു നല്‍കുന്ന സബ്സിഡി പിന്‍പലിയ്ക്കണം എന്നതായിരുന്നു.സബ്സിഡി പിന്‍‌വലിച്ചു. രാസവളം, കീടനാശിനി, വിത്തുകള്‍ എന്നിവ യഥാര്‍ത്ഥ വിലയ്ക്ക വാങ്ങുവാനായി കര്‍ഷകനു കടം വാങ്ങേണ്ടി വന്നു. സഹകരണ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും വഴി ,കരാറിലൊപ്പുവച്ചതു കൊണ്ട് കിട്ടിയ സഹായപ്പണം കര്‍ഷകനു വായ്പയായി ഗവണ്മെന്റ് നല്‍കി. ഓരോരോ വിളവെടുപ്പിനും പറ്റ് തീര്‍ത്ത് വിളവിറക്കിന് വീണ്ടും വായ്പയെടുത്ത് കടത്തിന്റെ തീരാത്ത ഒരു കറക്കത്തിലേയ്ക്ക് കര്‍ഷകന്‍ എടുത്തെറിയപ്പെട്ടു.

ഇങ്ങനെ കടത്തിന്റെ ചക്രത്തിലൊരിയ്ക്കലാണ് കുടുംബത്തിലൊരാള്‍ക്ക് മാരകമായ അസുഖമോ പെണ്‍കുട്ടിയുടേ കല്യാണമോ വരുന്നതെങ്കിലോ? ബാങ്ക് ,കൃഷിസ്ഥലം പണയം വച്ചാല്‍ വായ്പ തരും. വായ്പയെടുത്താലേ ചികിത്സ ചെയ്യാന്‍ പറ്റൂ. വായ്പയെടുത്ത് ചികിത്സിയ്ക്കും. ചിലപ്പോ പെണ്ണിനെ കെട്ടിച്ചയയ്ക്കും ചിലപ്പോ ചോരുന്ന പുരയൊന്നു കെട്ടിമേയും. നാലോ അഞ്ചോ കൊല്ലങ്ങള്‍ വിളവെടുത്താല്‍ തിരിച്ചടയ്ക്കാമെന്നൊരു കണക്കുകൂട്ടലുണ്ട്. മഴയോ വെയിലോ ചതിച്ച് വിളവെടുക്കാനാവാതെവന്നാല്‍.... ബാങ്കുകാര്‍ വീട്ടില്‍ കയറിയിറങ്ങും. ചെണ്ടകൊട്ടി ജപ്തി നോട്ടീസ് പതിപ്പിയ്ക്കും. വട്ടിപ്പലിശക്കാര്‍ വീട്ടില്‍ വന്ന് ചീത്തവിളിയ്ക്കും. ചിലപ്പോ കയ്യേറ്റം ചെയ്യും.

അപ്പനപ്പൂപ്പന്മാരും അമ്മയമ്മൂമ്മമാരും സമ്പാദിച്ച ഭൂമിയാണ്. ആത്മഹത്യയുടെ താക്കോല്‍ ഇവിടെയാണിരിയ്ക്കുന്നത്. സായിപ്പിന് ലോണ്‍ അടയ്ക്കാനാവാതെവന്നാല്‍ അവന്‍ ബള്‍ബിന്റെ ഹോള്‍ഡര്‍ ഉള്‍പ്പെടെ അഴിച്ചെടുത്ത്  ബാങ്കിന് ജപ്തി ചെയ്യാന്‍ പാകത്തിന് വീടുപേക്ഷിച്ച് സ്ഥലം വിടും. അങ്ങനെ കൂട്ടത്തോടെ സ്ഥലം വിട്ടപ്പോള്‍ ജപ്തിനടത്തി ലേലം വിളിയ്ക്കുമ്പോള്‍ കൊടുത്ത വായ്പയുടെ പകുതി വിലപോലും വീടിന് നല്‍ക്കാന്‍ ആളില്ലാതെയായി. കാശു പോയ പാശ്ക്ചാത്യ ബാങ്കുകാര്‍ സാമ്പത്തികമാന്ദ്യം പ്രഖ്യാപിച്ചു.

ഭാരതത്തില്‍ അങ്ങനെയല്ല. അപ്പനപ്പൂപ്പന്മാരുടെ ഭൂമിയും വീടുമാണ്. അത് നഷ്ടപ്പെടുത്തുന്നതിലും നല്ലത് മരണമാണ്.ഒരുചാണ്‍ കയറിലോ ഒരു കുപ്പി കീടാനാശിനിയിലോ ചുരുക്കത്തില്‍ അഭിമാനം കാത്തു രക്ഷിയ്ക്കാം. ചിലപ്പോ കുടുംബത്തോടെ തന്നെ. അല്ലെങ്കില്‍ ഞാന്‍ ചത്തെന്നാല്‍ ചിലപ്പോ ഗവണ്മെന്റ് സഹായധനം വല്ലതും തന്റെ കുടുംബത്തിനു നല്‍കിയെന്നും വരാം.

ഭാരതത്തിലെ കര്‍ഷക ആത്മഹത്യകളില്‍ ഏതെടുത്താലും കഥകള്‍ ഇതുപോലെയൊക്കെയായിരിയ്ക്കുമെന്ന് എനിയ്ക്കുറപ്പുണ്ട്. അപമാനവും പട്ടിണിയും സഹിയ്ക്കവയ്യാതെ, തന്റെ പൂര്‍വികര്‍ സമ്പാദിച്ച ഭൂമിയും വീടുമൊക്കെ കൈവിട്ട് പോകുന്നത് കണ്ടുനില്‍ക്കാനാവാതെ ഒരു നിമിഷത്തിന്റെ അങ്കലാപ്പില്‍ മരണം വരിയ്ക്കുന്ന പാവം മനുഷ്യര്‍.



സിനിമ കണ്ട് ഒരാഴ്ച കഴിഞ്ഞിട്ടും ആ ചോദ്യം തലയില്‍ നിന്ന് ഒഴിയുന്നില്ല..
”ഇത്‌നാ ഹസ്നേ കേലിയേ ക്യാഹെ ഇസ് മേ“?

ഈ സിനിമയിലെ നാഥ കടക്കാരനാണ് - കര്‍ഷകന്റെ പ്രതിനിധിയാണ്. ചേട്ടന്‍, ഭാര്യ കുട്ടികള്‍ അമ്മ എന്നിവരടങ്ങുന്ന കുടുംബമുണ്ട്. ബാങ്ക് വായ്പ കഴുത്തില്‍ മുറുകിയപ്പോ എന്തെങ്കിലും സഹായം ചെയ്തു തരണമെന്ന് അഭ്യര്‍ത്ഥിയ്ക്കാന്‍ ഒരു ലോക്കല്‍ ജാതി നേതാവിന്റെയടുക്കല്‍ പോയി. അയാളാ‍ണ് നാഥയോടും ചേട്ടനോടും ആത്‌മഹത്യ ചെയ്യാന്‍ പരിഹസിച്ചത്.

നാഥയുടേ ഭാര്യ ഒരു വായാടിയാണ്. അമ്മ സദാസമയവും പ്രാകിക്കൊണ്ട് തളര്‍ന്നു കിടക്കുന്ന സ്ത്രീ. ഈ സിനിമയിലെ രണ്ട് സ്ത്രീകളും സദാസമയം ഭര്‍ത്താക്കന്മാരെയും മക്കളേയും പ്രാകുന്ന,ചിലപ്പോ നമുക്ക് പ്രാന്തെന്ന് പോലും തോന്നുന്ന രീതിയില്‍ സിനിക് ആയ സ്ത്രീകളാണ്. നാഥയും ചേട്ടനും ഒന്നും ചെയ്യാതെ ഇരുപത്തിനാലു മണിയ്ക്കൂറും കള്ളും കുടിച്ച് കഞ്ചാവുമടിച്ച് നടക്കുന്ന  മടിയന്മാരും. നാഥ മരിച്ചാല്‍ ഗവണ്മെന്റ് കുറെ പണം തരുമെന്നും, കടം എഴുതിത്തള്ളുമെന്നും മനസ്സിലാക്കുന്ന ചേട്ടനാണ് അയാളെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിയ്ക്കുന്നത്. വളരെ ചാതുര്യത്തോടെ ചേട്ടന്‍ നാഥയെ കൊണ്ട് ആത്‌മഹത്യ ചെയ്യാന്‍ സമ്മതിപ്പിയ്ക്കുന്നു.
കള്ളു കുടിച്ച് , വഴിയില്‍ നിന്ന് നാഥ ഇത് ഉറക്കെപ്പറയുന്നത് കേട്ട ഒരു ലോക്കല്‍ പത്രത്തിന്റെ ലേഘകന്‍ അയാളുടെ പത്രത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നു.നാഥ ജീവിയ്ക്കുന്നത് മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിലാണ്. തിരഞ്ഞെടുപ്പ് ആസന്നമായിരിയ്ക്കുന്ന സമയത്ത് ഈ വാര്‍ത്ത ഒരു വന്‍ സെന്‍സേഷനാകുമെന്ന് മനസ്സിലാക്കുന്ന ദേശീയ വിഷ്വല്‍ മീഡിയകള്‍ രായ്ക്കു രാമാനം നാഥയുടെ വീട്ടുമുറ്റത്ത് ദേശീയ തത്സമയ സം‌പേക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നു.സാറ്റലൈറ്റ് വാനുകളും ക്യാമറാകളും, പത്രപ്രവര്‍ത്തകരും ഒക്കെയായി നാഥയ്ക്കും കുടുംബത്തിനും സ്വസ്ഥമായി മലമൂത്ര വിസര്‍ജ്ജനം ചെയ്യാനുള്ള അവസരം പോലും നഷ്ടപ്പെടുന്നു.

വാര്‍ത്താ ചാനലുകളുടെ വിവേചന രഹിതമായ റിപ്പോര്‍ട്ടിങ്ങ് രീതികളേയും, രാഷ്ട്രീയക്കാരുടെ കള്ളത്തരങ്ങളേയും, ജാതി രാഷ്രീയക്കാരുടെ ഗുണ്ടാ‍യിസത്തേയും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ മനുഷ്യസ്നേഹമില്ലായ്മയേയും ഒക്കെ കണക്കിനു കളിയാക്കുമ്പോള്‍ സിനിമ കാണാന്‍ മള്‍ട്ടിപ്ലക്സില്‍ നൂറുരൂപാ കൊടുത്ത് കയറാ‍ന്‍ കഴിവുള്ള ഭാരതത്തിലെ ഇടത്തട്ടുകാരനായ പ്രൊഫഷണലുകള്‍ക്കും, തന്തതള്ളമാര്‍ക്ക് കാശുള്ള വിദ്യാര്‍ത്ഥികള്‍ക്കും, ഫാബിന്‍ഡ്യാ ബുദ്ധി ജീവികള്‍ക്കും ഈ സിനിമ ഇഷ്ടപ്പെടും. ഉദാത്ത സിനിമയെന്ന് വാഴ്ത്തും.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവന്‍ നാഥയുടെ ആത്മഹത്യ ഭീഷണിയ്ക്ക് കാരണമായി, അമേരിയ്ക്കയുടെ കറുത്ത കരങ്ങളേപ്പറ്റിയൊക്കെ ഘോരഖോരം പ്രസംഗിയ്ക്കുന്ന ക്ലീഷേ തമാശ സീനൊക്കെ പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരുദ്ധ ബു ജി കളുടെയിടയില്‍ ഒരുപാട് കയ്യടി നേടിയേക്കാം.
ഞാനാലോചിയ്ക്കുന്നത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരു കര്‍ഷകനേയും അയാളുടെ കുടുംബത്തേയും ഈ സിനിമയെടുത്തവര്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ്. മടിയര്‍, കഞ്ചാവുവലിയന്മാര്‍, ഉത്തരവാദിത്തമില്ലാത്തവര്‍, ധൈര്യമില്ലാത്തവര്‍,  യുവാവായ മകന്‍ മരിച്ച് പണം വരുന്നത് നോക്കിയിരിയ്ക്കുന്ന തളര്‍ന്ന് കിടക്കുന്ന തള്ള. അനുജനെ ആത്മഹത്യ ചെയ്യിച്ച് പണം കിട്ടാന്‍ നോക്കിയിരിയ്ക്കുന്ന ചേട്ടന്‍. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് വരുന്ന സൌഭാഗ്യങ്ങളെ നോക്കിയിരിയ്ക്കുന്ന, അയാളെ അല്‍പ്പം പോലും സ്നേഹമില്ലാതെ സകലസമയവും വഴക്കു കൂടിക്കൊണ്ടിരിയ്ക്കുന്ന ഭാര്യ. അച്ഛന്‍ എന്നാണ് ചാകുന്നതെന്ന് നോക്കിയിരിയ്ക്കുന്ന മകന്‍. അബദ്ധത്തിനു ആത്മഹത്യ ചെയ്യാം എന്നു പറഞ്ഞുപോയെങ്കിലും അതിനൊന്നും ഒട്ടും ആഗ്രഹമില്ലാത്ത നാഥ.

നാലു നേരം ഭക്ഷണം ലഭിച്ച് കിടന്നുറങ്ങാന്‍ സ്വസ്ഥമായി വീടും, മാസാമാസം ശമ്പളം കിട്ടുന്ന ജോലിയും ഉള്ള, ഇടത്തട്ടിലെ മുകള്‍ത്തട്ടിലുള്ള ബോബേക്കാരന് കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നതുത്തരവാദിത്തമില്ലായ്മയെന്ന് തോന്നുന്നതില്‍ ഒട്ടും അത്ഭുതമില്ല.പക്ഷേ ശരാശരി മലയാളി അത് പറയരുത്. കാരണം നമ്മുടെ പൊതുജീവിതത്തിലെ ആത്മഹത്യയ്ക്കും സുഖജീവിതത്തിനുമിടയിലെ നൂല്‍പ്പാലം വളരെ നേര്‍ത്തതാണ്. എന്റെ അമ്മാവന്മാരും അണ്ണന്മാരും നാളെമുതല്‍ അറബിനാട്ടില്‍ ജോലിചെയ്യേണ്ടന്ന് ഷേകല്‍‌ബിന്‍‌സുല്‍ത്താന്‍ ഉത്തരവിറക്കിയാല്‍ സഹകരണ ബാങ്കു മുതല്‍ ലോക്കല്‍ പലിശക്കാരന്‍ ചിട്ടിയുണ്ണി വരെയുള്ളവര്‍ വീടുകളില്‍ കയറിയിറങ്ങി നിരങ്ങും. സോഫ്റ്റ് വെയറിന് ഓര്‍ഡര്‍ കിട്ടിയില്ലേലും ഗതി അതു തന്നെ.
പാസഞ്ചര്‍ എന്നൊരു മലയാള സിനിമ കണ്ടപ്പോഴും എനിയ്ക്കിതുതന്നെയാണ് തോന്നിയത്. ഇടത്തട്ടുകാരന്റെ ഹീറൊയിസം. അതില്‍ ലോഹമണല്‍ ഖനനത്തിനെതിരേ പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്ത്രീ കഥാപാത്രമുണ്ട്. പ്ലാച്ചിമടയിലെ മയിലമ്മയുടെ നിഴലായ ഒരു കഥാപാത്രം. ഉയര്‍ന്ന ഇടത്തട്ടുകാരനായ ഒരു “മേനോന്‍” വക്കീലും മാധ്യമപ്രവര്‍ത്തകയായ ഭാര്യയും വളരെ ബുദ്ധിപൂര്‍വം, ജീവന്‍ വരെ തൃണവല്‍ഗണിച്ച് ത്യാഗം സഹിച്ച് ലോഹമണല്‍ ഖനനത്തിനെതിരേ പ്രവര്‍ത്തിയ്ക്കുമ്പോള്‍ വിവരമില്ലാത്ത ഔട്ട്സ്പോക്കണായ മരയ്ക്കാത്തി? യായ ഈ നാട്ടുകാരി സ്ത്രീ അവരുടെ ത്യാഗത്തെയൊക്കെ പുല്ലുവില നല്‍കുകയും, അവരെ തള്ളിപ്പറയുകയും,കള്ളത്തരങ്ങള്‍ പറയുകയും ഒക്കെ ചെയ്യുന്ന ഒരു സെമി വില്ലത്തിയാണ്. കഥയെഴുതിയയാള്‍ അവരെ അങ്ങനെ സ്റ്റീരിയോടൈപ്പ് ചെയ്യണമെന്ന് ബോധപൂര്‍വം വിചാരിച്ചു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല.
ഇനിയിങ്ങനെയല്ലാതെ എന്തു ചെയ്യണം?പരമപരിശുദ്ധനായ നാഥയുംകുടുംബവും വില്ലന്മാരായ സമൂഹവും എന്ന നിലയില്‍ രണ്ട് കരച്ചില്‍ പാട്ടും ഒരു താരാട്ടും ഒക്കെ വച്ച് ഒരു ശരാശരി ബോളീവുഡ് പടം പിടിയ്ക്കണമായിരുന്നോ എന്ന് മറുചോദ്യം ചോദിയ്ക്കാം. ഇത് ഒരു സറ്റയറാണ് എന്നു വാദിയ്ക്കാം. ഇത് സറ്റയര്‍ അല്ല. സിനിയ്ക്കല്‍ ആണ്. ആദി മുതല്‍ അന്ത്യം വരെ സിനിയ്ക്കല്‍ ആയ ചിത്രം.
പീപ്ലി ലൈവിന്റെ കഥയെഴുത്തുകാരനും സംവിധായകനും മനപ്പൂര്‍വം നാഥയേയും കുടുംബത്തേയും സ്റ്റീരിയോടയിപ്പ് ചെയ്യണമെന്ന് വിചാരിച്ചു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല.ചിലപ്പോ മനപൂര്‍വം തന്നെ ചെയ്തതാവാനും മതി.സിനിമയുടെ  അവസാന ഷോട്ടിലും നാഥ മറ്റുള്ളവര്‍ ജോലി ചെയ്യുമ്പോള്‍ ജോലിയൊന്നും ചെയ്യാതെ വെറുതേയിരിയ്ക്കുന്നതാണ് കാണിയ്ക്കുന്നത്.

അവനവന്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വര്‍ഗ്ഗത്തിന്റെ കളക്റ്റീവ് അബോധത്തിന്റെ സ്വാധീനം ഇല്ലാതാക്കണമെങ്കില്‍ വളരെ ബോധപൂര്‍വമായി കണ്ണുകള്‍ തുറന്നു വച്ച് ജീവിച്ചാലേ സാധിയ്ക്കുകയുള്ളൂ. അങ്ങനെ കണ്ണുകള്‍ തുറന്ന് വച്ച് വര്‍ഗ്ഗത്തിന്റെ സ്വഭാവത്തില്‍ നിന്നുയരുന്നവരെയാണ് വിപ്ലവകാരികള്‍ എന്നു പറയുന്നത്.
അമീര്‍ഖാനിലും അനുഷ റിസ്‌വിയിലും രഞിത് ശങ്കറിലുമൊക്കെ അങ്ങനെയുള്ളവരെ പ്രതീക്ഷിച്ചു എന്നും പറഞ്ഞില്ല.

Wednesday, September 29, 2010

സ്വാമിയും കോമരവും

ഒന്നാം ഭാഗം ഇവിടെ   
രണ്ടാം ഭാഗം ഇവിടെ  
മൂന്നാം ഭാഗം ഇവിടെ 

സുനാമിയില്‍ വീടു തകര്‍ന്നവര്‍ക്ക് വീടു നല്‍കുന്നു. കത്രീന കൊടുംകാറ്റില്‍  പെട്ടു പോയവരെ സംരക്ഷിയ്ക്കാന്‍ യൂ എസ് ഗവണ്മെന്റിനു കാശു കൊടുക്കുന്നു. വീടില്ലാത്തവര്‍ക്ക് വീടു വച്ചു കൊടുക്കുന്നു. ഒക്കെ വലിയ കാര്യങ്ങള്‍. വീടു വച്ച് കൊടുക്കുന്നതിനോടൊപ്പം ആജീവാനന്ത ലോയല്‍റ്റി പകരം വാങ്ങുന്നുമുണ്ട്. വെറുതേ വീടു വച്ച് കൊടുക്കുകയല്ല. വീടിന് പകരമായി അവിടെ താമസിയ്ക്കുന്നവര്‍ സ്വാഭാവികമായും അമ്മയുടെ കറതീര്‍ന്ന ഭക്തരാവും. അമ്മയുടെ മതത്തിലേക്ക് അവര്‍ മാറിയിരിയ്ക്കും.
അമ്മയുടേ മതമോ? തീര്‍ച്ചയാ.യും ഹിന്ദുമതം എന്ന റസിഡ്യുവല്‍ ഡെഫനിഷന്‍ നല്‍കുന്ന സ്വാതന്ത്ര്യമൊന്നും ഇല്ലാത്ത മതം. അവിടെ അച്ചന്മാരുണ്ട്, മൊല്ലാക്കമാരുണ്ട്, മതപഠനശാലയുണ്ട്, അന്ത്യപ്രവാചകനും ഉയര്‍ത്തെഴുനേല്‍ക്കലുമുണ്ട്.

 രവിവര്‍മ്മ വരച്ച സരസ്വതിയ്ക്ക്, എത്ര മുലകളുണ്ട്  എന്നു ചിത്രകാരന്‍ ചോദിച്ചപ്പോള്‍ മത നിഷേധത്തിന് അദ്ദേഹത്തെ പോലീസ്സ്റ്റേഷനില്‍ കയറ്റി.. അന്ത്യപ്രവാചകന്‍ മുഹമ്മദിനെ എന്തെങ്കിലും പറഞ്ഞാല്‍ എനിയ്ക്കിനിയും കൈ വേണമെന്നുള്ളതുകൊണ്ട് പേടിച്ച് പറയാന്‍ വയ്യ.

വിദ്യാനിപുണരും വിവര ‘പടു‘ക്കളുമൊക്കെയാണിത് ചെയ്യുന്നത്. മണ്ടന്‍ അക്ഷരം പഠിയ്ക്കാത്ത മൊല്യാരോ, ലാറ്റിനും വീഞ്ഞും കുടിച്ച് നല്ല കാലം കഴിച്ച അച്ചനോ, സ്കൂളില്‍ പോകാന്‍ മിടുക്കനല്ലാത്തതു കൊണ്ട് എവിടുന്നെങ്കിലും നാല്  ശ്വ്വ് ശൂ ന്ന് മന്ത്രം പറയാന്‍ പഠിച്ച് പൂജാരിയോ സന്യാസിയോ ആയവരോ അല്ല. അതി ബുദ്ധിമാന്മാര്‍, ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍-ഗവേഷകര്‍...അവരാണ് അമൃത മതത്തിന്റേയും പ്രയോക്താക്കള്‍.
അമൃതാനന്ദമയിയെ വ്യക്തിപരമായി പ്രകീര്‍ത്തിച്ചുള്ളതാണ്  മിക്കവാറും മഠത്തിന്റേതായി എല്ലാ ഭജനകളും. ലളിതാ സഹസ്രനാമം പുസ്തകം മഠം വിറ്റഴിയ്ക്കുന്നുണ്ട്. അതിന്റെ ആദ്യത്തെ കുറച്ച് താളുകള്‍ അമൃതാനന്ദമയി നാമാവലിയോ മറ്റോ ആണ്. ശ്രീ രാജേഷ് വര്‍മ്മ ഈ എം എസ് അഷ്ടോത്തര നാമാവലി ഇറക്കിയതു പോലെ. ലളിതാ സഹസ്രനാമം പ്രൌഡമായ ഒരു കൃതിയാണ്. സാഹിത്യഗുണം വച്ചായാലും അതിന്റെ ആത്മീയ ഉപയോഗം വച്ചായാലും.അത് നോക്കിയിട്ടുള്ളവന് അമൃതാനന്ദമയി നാമാവലികണ്ടാല്‍ തന്നെ ചിരിവരും. സഹിത്യകൃതി എന്ന നിലയില്‍ പോലും ലളിതാസഹസ്രനാമത്തിന്റെ അടുത്തെത്താന്‍ യോഗ്യതയില്ല ആ വരികള്‍ക്ക്.രാജേഷ് വര്‍മ്മയുടെ ഈ എം എസ് സ്തോത്രം സാഹിത്യഭംഗി വച്ച് തന്നെ അതിനെക്കാളേറെ എത്രയോ മുന്‍പിലാണ്.
തിരുവള്ളിക്കാട്ട് നാരായണമേനോന്‍ എന്നൊരു ദേവീഭക്തന്‍ ഭാസ്കരായരുടെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ലളിതാസഹസ്ര നാമത്തിനു വ്യാഖ്യാനം രചിച്ചു.1920 കളിലാണ് അദ്ദേഹം മരണമടഞ്ഞത്.അദ്ദേഹത്തിന്റെ അവകാശികള്‍ അത് പ്രസിദ്ധീകരിയ്ക്കാന്‍ മഠത്തിനു നല്‍കി . പ്രൊഫസര്‍ കേ വീ ദേവ് എന്നൊരു പ്രൊഫസര്‍ ആ വ്യാഖ്യാനത്തില്‍ അമൃതാനന്ദമയിയുടെ അപദാനങ്ങളും കയറ്റി പുന:സംസ്കരണം ചെയ്ത് ഇറക്കിയിട്ടുണ്ട് . അതായത്  മരിച്ചുപോയൊരാ‍ള്‍ എഴുതിയ സഹസ്രനാമത്തിന്റെ വ്യാഖാനത്തിലും വാന്‍ഡലിസം.സഹസ്രനാമത്തില്‍ വാന്‍ഡലിസം കാണിച്ചാല്‍ ചോദിയ്ക്കാനാരുമില്ലല്ലോ. വിക്കീപീഡിയയില്‍ വാന്‍ഡലിസം കാണിച്ചാലോ? ആംഗലേയ വിക്കിയുടെ അമൃതാനന്ദമയിയെപ്പറ്റിയുള്ള താളിലെ സംവാദം വായിച്ച് നോക്കുക. (അത് മഠം ചെയ്തു എന്ന് അര്‍ത്ഥമാക്കുന്നില്ല.)

എന്തുകൊണ്ട് സഹസ്രനാമം? പണ്ട് തന്നേ ആളുകള്‍ നിത്യപാരായണത്തിനും സാധനയ്ക്കും ഉപയോഗിയ്ക്കുന്ന ഒന്നാണ് ലളിതാസഹസ്രനാമം. അതിനു ചുറ്റുമായി ഒരു ഗൂഡാത്മകതയുടെ ഹാലോ ഉണ്ട് താ‍നും. അതിന് ഒത്തിരി വ്യാഖ്യാനങ്ങളും മറ്റും ഇറങ്ങിയിട്ടുമില്ല. അപ്പൊ അതില്‍ കയറി, സഹസ്രനാമം വായിയ്ക്കുന്ന എല്ലാ വീടുകളിലും അമൃതാമഠത്തിനുമെത്താം.മിക്കാവാറും സഹസ്രനാമത്തിനു മുന്നിലായി ധ്യാന ശ്ലോകങ്ങളും മറ്റും കാണും. അതോടൊപ്പം അമൃതാനന്ദമയിയുടേ നാമാവലിയ്ക്കും കടന്നു കയറാം. മഠം ഇറക്കിയ പുസ്തകത്തില്‍ അമൃതാനന്ദമയിയുടെ നാമാവലിയും കീര്‍ത്തനശ്ലോകങ്ങളും മറ്റും യഥാര്‍ത്ഥ സഹസ്രനാമത്തില്‍ നിന്ന് വ്യത്യസ്തമായല്ല കൊടുത്തിരിയ്ക്കുന്നത്.സഹസ്രനാമം ആരാണ് എഴുതിയതെന്ന് അറിയില്ല. അതുപോലെ തന്നെ അമൃതാകീര്‍ത്തന ശ്ലോകങ്ങളും ആരെഴുതിയതെന്ന് കൊടുത്തിട്ടൊന്നുമില്ല. അപ്പൊ ഇത് വാങ്ങി അര്‍ത്ഥമറിയാതെ വായിയ്ക്കുന്ന ജനം അറിയാതെ തന്നെ അമൃതാകീര്‍ത്തനശ്ലോകങ്ങളും അവരുടെ മനസ്സിലുള്ള അമൂര്‍ത്തമായ ദേവിയ്ക്കുള്ള പ്രാര്‍ത്ഥനയോടൊപ്പം ചൊല്ലിത്തുടങ്ങും. അതിനു ക്രമേണ മാതൃവാണിമുതല്‍ ചാനല്‍ വരെയുള്ള ഉപകരണങ്ങള്‍ വഴി ഒരു മൂര്‍ത്ത രൂപമുണ്ടാക്കുകയും ചെയ്യും..

അമൃതാ ആശുപത്രിയില്‍ ആദ്യമൊക്കെ ഹിന്ദുസ്ഥാനി ഉപകരണ വാദ്യങ്ങള്‍, ഭീംസെന്‍ ജോഷിയും മറ്റും പാടിയ ഭജനുകള്‍ എന്നിവ കൂടി വച്ചിരുന്നു അവരുടെ പേജിംഗ് സിസ്റ്റത്തിലൂടെ, ഏതോ ഒരു സന്യാസിനിയ്ക്ക് അത് രസിച്ചില്ലത്രേ. അതുകൊണ്ട് അത് നിര്‍ത്തിച്ചു. ഇന്നവിടെപ്പോയാല്‍ മഠം ഇറക്കിയ ഭജനുകള്‍- മിക്കതും അമൃതാനന്ദമയിയെ പ്രകീര്‍ത്തിച്ച് കൊണ്ട് അവര്‍ തന്നെ പാടിയത് മാത്രമേ കേള്‍ക്കാന്‍ കഴിയൂ. എവിടെവരെ എത്തി നില്‍ക്കുന്നു എന്നു നോക്കുക അസഹിഷ്ണുത.എല്ലാ പ്രസ്ഥാനങ്ങളിലും മുഴുവന്‍ അമ്മയുടെ ചിത്രങ്ങള്‍ എത്ര വലുതാക്കാമോ അത്രയും വലുതാക്കി എല്ലായിടത്തും ഒട്ടിച്ചിട്ടുണ്ട്. ഇതൊക്കെ അവരുടെ സ്ഥാപനമല്ലേ അവര്‍ക്കിഷ്ടമുള്ളതു പോലെ ചെയ്യും എന്ന് മറുവാദം പറയാം. പറഞ്ഞോളൂ . മറുപടിയെന്തെന്ന് എനിയ്ക്കറിയില്ല.
അവര്‍ അമ്പലങ്ങളും നടത്തുന്നുണ്ട്. ഒരു ബിംബത്തില്‍ തന്നെ പല രൂപങ്ങള്‍ കൊത്തിവച്ചതാണ് മിക്കയിടത്തേയും പ്രതിഷ്ഠ. എല്ലായിടത്തും കാശുകൊടുത്തുള്ള പൂജകളും വഴിപാടുകളുമുണ്ട്. മഠത്തിന്റെ മറ്റൊരു പരിപാടിയാണ് ശനിദോഷനിവാരണ പൂജയും രാഹുദോഷ നിവാരണ പൂജയും. അതിനും ചീട്ടേഴുത്തും പണച്ചിലവുമുണ്ട്. അത്തരം പൂജകള്‍ക്ക് അമൃതാനന്ദമയി തന്നെയാണ് നേതൃത്വം നല്‍കി കാണുന്നത്.അവര്‍ ഇന്‍ഡ്യയിലെ തന്നെ മറ്റു പട്ടണങ്ങള്‍ സന്ദര്‍ശിയ്ക്കുമ്പോഴത്തെ മുഖ്യ പ്രവര്‍ത്തനമാണിത്. എന്താ രാഹുദോഷവും ശനിദൊഷവും മാറണ്ടേ എന്നു ചോദിയ്ക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. അല്ലാത്തവരോട് കൂടുതല്‍ പറയേണ്ടതായും ഇല്ല.

ഹിന്ദു മതത്തിലെ മറ്റ് ദൈവങ്ങളെ ആരാധിയ്ക്കുന്ന കാര്യം വരുമ്പോ മഠം ശരിയ്ക്കും അദ്വൈതിയാകും:) എല്ലാ ദൈവങ്ങളും അമൃതാനന്ദമയിയില്‍ ലയിച്ചിരിയ്ക്കുന്നു എന്നാണ്  പല ബ്രഹ്മചാരികളും പറയുന്നത്. ഇത് മഠത്തിന്റെ ഔദ്യോഗിക പറച്ചിലാണോ എന്നറിയില്ല. പക്ഷേ അതിനുള്ളിത്തന്നെയുള്ള  പലരും പറയുന്നത് കേട്ടിട്ടുണ്ട്. പണ്ട് സുധാമണിയമ്മ കൃഷ്ണന്റേയും കാളിയുടേയും രൂപമൊക്കെ കെട്ടി ദേവീദര്‍ശനവും കൃഷ്ണ ദര്‍ശനവുമൊക്കെ കൊടുത്ത് വരാറുണ്ടായിരുന്നു. അപ്പോള്‍ അത് യദാര്‍ത്ഥ ദേവിയാണെന്നും യദാര്‍ത്ഥ വാസുദേവ കൃഷ്ണനാണെന്നും ജനം വിശ്വസിച്ച് പോരുന്നു.

മഠത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ പോകുന്നവരേയും പഠിയ്ക്കാന്‍ പോകുന്നവരേയും ഇങ്ങനെ വളരെ ശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെയാണ് മതം മാറ്റുന്നത്. കുറെ നാള്‍ അവിടെയൊക്കെ ചുറ്റിപറ്റി നിന്നാല്‍ നാലു നേരവും പ്രകീര്‍ത്തിച്ചുള്ള പാട്ടും കൂടെയുള്ള മഠികളില്‍ നിന്നുള്ള പ്രബോധനവും വമ്പന്‍ ചിത്രങ്ങളും പുസ്തകങ്ങളുമൊക്കെയായി അവരറിയാതെതന്നെ അവരില്‍ മതബോധമുണ്ടാക്കും.അമ്മയില്‍ വിശ്വാസമുണ്ടൊ എന്നാണ് ചോദിയ്ക്കുക. ഇല്ല എന്നാരും പറയില്ല. എനിയ്ക്ക് ആ ചോദ്യത്തിന്റെ അര്‍ത്ഥം തന്നെ ഇന്നു വരെ മനസ്സിലായിട്ടില്ല. അമ്മയില്‍ എന്ത് വിശ്വാസമുണ്ടൊ എന്നാണ്? അമ്മ നിനക്ക് പൈസ തരും എന്ന് നിനക്ക് വിശ്വാസമുണ്ടോ എന്നോ ,അമ്മ ദൈവമാണ് എന്ന് വിശ്വാസമുണ്ടോ എന്നോ ചോദിച്ചാല്‍ മറുപടി പറയാം. ഒരുതരം അബ്സ്ട്രാക്ട് ചോദ്യമാണ് ”അമ്മയില്‍ വിശ്വാസമുണ്ടോ”?


മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊക്കെ ആരാധകവൃന്ദവും അവരുടെ പടത്തില്‍ മാലയിടുകയും പരസ്പരം തല്ലു കൂടുകയും അവരുടെ സിനിമകള്‍ വിജയിയ്ക്കാന്‍ വഴിപാടുമൊക്കെ ചെയ്യുന്ന ഒരു സമൂഹത്തിനോട് ഇതൊക്കെപ്പറയുമ്പോള്‍ ഇതിനൊക്കെ എന്താണു കുഴപ്പം എന്ന് ചോദിയ്ക്കുന്നത് കേള്‍ക്കാം.

മതിയായി.കുറച്ച് തമാശ പറഞ്ഞ് പിരിയാം.നാണുസ്വാമിയുടെ വകയാണ് ഇന്നത്തെ കോമഡി. പുള്ളി വലിയ തമാശക്കാരനായിരുന്നു എന്നാണ് കണ്ടിട്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത്. യുഗപുരുഷന്‍ എന്നൊരു സിനിമ കണ്ടു. അതിലെ നാരായണഗുരു ആദ്യം മുതല്‍ അവസാനം വരെ ഒരു മാതിരി ഇഞ്ചികടിച്ചപോലെയാണ്. സംവിധായകനു കരച്ചില്‍ വരുമ്പോഴൊക്കെ അത് നാരായണഗുരുവിനു ചാര്‍ത്തിക്കൊടുക്കും.
1)
(ജന്തു ബലി നടത്തി വന്നിരുന്ന ഒരു ക്ഷേത്രത്തിലെ ഭാരവാഹികളോട് സംസാരിയ്ക്കുന്നതാണ്)
സ്വാമി:“ക്ഷേത്രത്തില്‍ ഹിംസ പാടില്ല. അതു പാപമാണ്“
ഭക്തന്‍:“ഹിംസ നിര്‍ത്തുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല“
സ്വാമി: “പിന്നെ ആര്‍ക്കാണ് വിരോധം?“
ഭക്തര്‍:“ക്ഷേത്ര ഭാരവാഹികള്‍ക്ക്.അവര്‍ എത്ര പറഞ്ഞാലും സമ്മതിയ്ക്കുന്നില്ല“
സ്വാമി:“നിങ്ങള്‍ കോഴിയേയും മറ്റും കൊടുക്കാതിരുന്നാല്‍ മതിയല്ലോ? ക്ഷേത്ര“ഭാരവാഹികള്‍ക്ക്“ സമ്മതവും വിസമ്മതവും ഉണ്ടാകില്ല. അവര്‍ തൂണുകളല്ലേ“
ഭക്തന്‍:“കോഴിയ്ക്കു പകരം എന്ത് ബലികഴിച്ചാല്‍ കൊള്ളാമെന്നറിഞ്ഞ് കൂടാ“
ഒരു അന്തേവാസി: “ഉത്തമപൂജയ്ക്ക് കുമ്പളങ്ങയാണ് ഉപയോഗിയ്ക്കാറ്. അതു മതിയാവുമെന്ന് തോന്നുന്നു.“
സ്വാമി:വേണ്ടാ...“കോഴിവെട്ടുന്നവന്റെ മകനെ കൊടുത്താലെന്താണ്!!!!“

2)
ബര്‍മ്മയില്‍ സഞ്ചാരം നടത്തിവന്ന ഒരു ശിഷ്യനോട് സ്വാമി ചോദിച്ചു
സ്വാമി:“ബുദ്ധക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളുണ്ടോ?“
ശിഷ്യന്‍:“ഹിന്ദു ക്ഷേത്രങ്ങളിലുമുള്ളലിലധികം വിഗ്രഹങ്ങളുണ്ട്“
സ്വാമി:“അത് മുടി വെട്ടുന്നത് പോലെയാണ്. വെട്ടുന്തോറും വേഗവും അധികവും ഉണ്ടാകാന്‍ തുടങ്ങും..വിഗ്രഹം പാടില്ലെന്ന് നിര്‍ബന്ധിച്ചത് കൊണ്ടായിരിയ്ക്കും ഇത്ര വര്‍ദ്ധിച്ചത്“

(ഇതിനൊരനുബന്ധമുണ്ട് ഫോട്ടോയെടുക്കാന്‍ പോകുമ്പോഴൊക്കെ “രസപ്പടം എടുക്കാന്‍ കഴിയുമോ”:എന്ന് നാണുസ്വാമി ചോദിയ്ക്കുമായിരുന്നത്രേ. അങ്ങനെ ചോദിച്ചതുകൊണ്ടാവും നാടുനീളേ “രസ പ്രതിമകള്‍“ ഉണ്ടായത്.)
3)
ചെങ്ങന്നൂരില്‍ വച്ച് സ്വാമി വിശ്രമിയ്ക്കുമ്പോള്‍ പല്ലുകളെല്ലാം കൊഴിഞ്ഞ ഭീമാകായനായ ഒരു കോമരം ഉറഞ്ഞ് തുള്ളി അദ്ദേഹത്തിന്റെ അരികിലെത്തി.അനേകം ആ‍ളുകള്‍ അടുത്തുകൂടി.കോമരം സ്വാമിയോട് ചോദിച്ചു
“ഞാന്‍ ആരാണെന്ന് അറിയാമോ??“
“സ്വാമി:കണ്ടിട്ട് ഒരു തടിമാടനാണെന്ന് തോന്നുന്നു“
കോമരം: “എന്ത്?!!!പരിഹസിയ്ക്കുന്നോ?? പരീക്ഷ വല്ലതും കാണാണോ?“
സ്വാമി : (ചിരിച്ച്കൊണ്ട് ) “ആ വായില്‍ പല്ലൊന്ന് കണ്ടാല്‍ കൊള്ളാം“

കോമരവും അടുത്തുനിന്നവരും ചിരിച്ചുപോയി

ഇത്തരം പല്ലില്ലാത്ത കോമരങ്ങളെ ചിരിപ്പിച്ച്, അമ്പലത്തിലെ പ്രതിഷ്ടയ്ക്കു പകരം കണ്ണാടി വച്ച്കൊടുത്ത്, ഒരുജാതിയൊരുമതമൊരുദൈവം എന്നു പറഞ്ഞ്  “ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ, ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം” എന്ന് കേട്ട് നാണു സ്വാമി പോയി. കോമരങ്ങള്‍ വീണ്ടും ഉറഞ്ഞ് തുള്ളുകയാണ്. ആളും കൂടുന്നുണ്ട്.തമാശതന്നെ.ഇതിങ്ങനെ തുള്ളിക്കൊണ്ടേയിരിയ്ക്കും.ആളു കൂടിക്കൊണ്ടേയിരിയ്ക്കും.

അമ്മയും മക്കളും-സേവനം

അമ്മയും മക്കളും ഒന്നാം ഭാഗം

അമ്മയും മക്കളും രണ്ടാം ഭാഗം 

അപ്പൊ അവര്‍ സേവന പ്രവര്‍ത്തനം നടത്തുന്നതോ? നടത്തുന്നുവോ?

അമൃതാ ആശുപത്രിയില്‍ ഏറ്റവും പുതിയ ഉപകരണങ്ങള്‍ ഉണ്ട്. മികച്ച വിദഗ്ധരുണ്ട്.
പക്ഷേ അവര്‍ പറയുന്നത്ര സേവനമൊന്നും ചെയ്യുന്നതും കണ്ടിട്ടില്ല.
രോഗചികിത്സയില്‍ വല്ല ചെറിയ കുറവുമൊക്കെ കുറച്ച് കൊടുത്തിട്ട് ചാരിറ്റിയായി പൊക്കിപ്പറയുന്ന സൂത്രം അവര്‍ക്കുണ്ട്. അവിടെ നിന്ന് വല്ല കുറവും കിട്ടണമെങ്കില്‍ പേഷ്യന്റ് സര്‍വീസ് എന്ന വകുപ്പില്‍ പോകണം. അവിടെ ചെന്നാല്‍ അവരുടെ വക പെരുമാറ്റം വളരെ മോശമാണെന്നാണ് അറിയുന്നത്. “വല്ല സര്‍ക്കാരാശുപത്രിയിലെങ്ങാനും പോയിക്കൂടേ “ എന്ന് എനിയ്ക്കറിയാവുന്ന ഒരാളോട് ചോദിച്ചതായി പറഞ്ഞിട്ടുണ്ട്.

വല്ലതും കുറച്ചു കിട്ടിയാല്‍ത്തന്നെ അമ്മയെ പ്രകീര്‍ത്തിച്ച് ലേഖനമെഴുതി കൊടുക്കണം. അത് വളരെ നിര്‍ബന്ധമാണ്. ഒരു ദിവസം അങ്ങനെ ലേഖനമെഴുതാന്‍ എന്തെഴുതണമെന്നറിയാതെ, അക്ഷരമറിയാത്ത ഒരു വൃദ്ധന്‍ ആ ഡിപ്പാര്‍ട്ട്മെന്റിനു മുന്നില്‍ വിഷമിച്ച് നില്‍ക്കുന്നത് കണ്ട് ഞാന്‍ അയാള്‍ക്ക് എഴുതിക്കൊടുത്തിട്ടുണ്ട്.

അതുപോലെ ഒരനുഭവം ഡിങ്കന്‍ എന്ന ബ്ലോഗറും പറഞ്ഞിട്ടുണ്ട്.അതുനെ ഇവിടെ കോട്ടുന്നു

“2 വര്‍ഷം മുന്‍പ് അമൃതയില്‍ വെച്ചുണ്ടായ രസകരമായ ഒരു അനുഭവം പറയാം. ബൈക്ക് ആക്സിഡന്റില്‍ പെട്ട് കിടക്കുന്ന ഒരു സുഹൃത്തിനെ കാണാന്‍ ചെന്നതായിരുന്നു. വാര്‍ഡില്‍ സുഹൃത്തിനടുത്ത് വേറൊരു രോഗി കിടക്കുന്നു, അരികിലായി ഒരു 50 വയസിനോടടുത്ത സ്ത്രീയും, 20 വയസിനടുത്ത ഒരു പെണ്‍കുട്ടിയും കരയുന്നു. പെണ്‍കുട്ടി എന്തോ എഴുതുന്നും ഉണ്ട്. രോഗിക്കാണെങ്കില്‍ കാലില്‍ പ്ലാസ്റ്ററും, തലയില്‍ കെട്ടും ഉണ്ട്. കാഴ്ചയില്‍ ഗുരുതരാവസ്ഥ അല്ലതാനും. സുഹൃത്താണ് കഥ പറഞ്ഞത്. ഒരു ലോറി ഡ്രൈവറായിരുന്നു ആക്സിഡെന്റില്‍ പെട്ട് അവിടെ കിടന്നിരുന്നത്.അപകടത്തില്‍ പരിക്ക് വളരെ ഗുരുതരം ആയിരുന്നു.ദരിദ്ര കുടുംബത്തിലെ അംഗം ആയതിനാല്‍ മഠവുമായി ബന്ധപ്പെട്ട ചിലര്‍ ചേര്‍ന്ന് അവിടെ എത്തിച്ചു. തലയ്ക്കും കാലിനും സര്‍ജറി ഉണ്ടായിരുന്നു. സാമ്പത്തിക പരാധീനത കണക്കിലെടുത്ത് ചിലവിന്റെ 25%ഓളം മഠം ഇളവ് അനുവദിച്ചു. എന്നാല്‍ ഡിസ്ചാര്‍ജ്ജ് ആകുന്ന അന്ന് ആ 25%ന് പകരമായി ‘അമ്മ‘യുടെ കരുണയെ പ്രകീര്‍ത്തിച്ച് എഴുതിക്കൊടുക്കാന്‍ നിര്‍ദ്ദേശിച്ച് ഒരു സ്വാമിനി പോയത്രേ. വിദ്യഭ്യാസം തീരെ കുറവായ ആ പെണ്‍കുട്ടി അക്ഷരത്തെറ്റിലും, മോശമായ കൈപ്പടയിലും എഴുതിയ ഒരു കുറിച്ച് ഒരു തവണ ‘റിജെക്റ്റ്‘ ആയിരിക്കുന്നു. 25% ഇളവ് പൂര്‍ണ്ണമായും ലഭിക്കണമെങ്കില്‍ നന്നായി ഒന്നുകൂടെ എഴുതാന്‍ പറഞ്ഞത്രെ. അതാണ് ആ കുട്ടി കരഞ്ഞ്കൊണ്ട് എഴിതീരുന്നത്. കേട്ട് ഞാന്‍ അത്ഭുതപ്പെട്ട് പോയി. ആ കടലാസില്‍ കരുണ,ദയ,സഹതാപം എന്നിവയുടെ ഓര്‍മ്മയില്‍ ഉള്ള എല്ലാ പര്യായങ്ങളും ചേര്‍ത്ത് 2 ഖണ്ഡിക എഴുതി കൊടുത്ത് അവിടെ നിന്ന് പുറത്തിറങ്ങി. ആ കുടുംബത്തിന് ഇളവ് കിട്ടിയോ ആവോ? (സ്വാനുഭവം ആണ്. അവിടെ നിന്ന് നല്ല റെസ്പോണ്‍സ് കിട്ടിയവര്‍ ഉണ്ടാകാം ,എങ്കിലും അപവാദങ്ങളും ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്താന്‍ മാത്രം ആണ് ഓഫടി) “
TUE JUN 19, 05:46:00 PM 2007 


ഇനി ചികിത്സയിലെ ചിലവിന്റെ കാര്യമാണ്. എല്ലാ വകുപ്പുകളിലും മറ്റ് ആശുപത്രികളിലെപ്പോലെ തന്നെയാണ് പണം ഈടാക്കുന്നത്. പരിശോധനകളുടെയും മറ്റും ചിലവും അതു തന്നെ. ചിലയിടങ്ങളില്‍ ഉദാഹരണമായി റേഡിയേഷനും മറ്റും ഇന്‍ഡ്യയിലെ വലിയ മുതലാളി ആശുപത്രികളിലേക്കാള്‍ ചാര്‍ജ് ഈടാക്കുന്നു. ഇവിടെ മറ്റൊരു തമാശയുമുണ്ട്. കാന്‍സര്‍ ചികിത്സയിലാണ്. വേദനാ സംഹാരിയായി റേഡിയേഷന്‍ ചികിത്സ കൊടുക്കാറുണ്ട്. പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാനും റേഡിയേഷന്‍ നല്‍കാറുണ്ട്.പക്ഷേ എല്ലുകളിലേയ്ക്കും മറ്റും കാന്‍സര്‍ ബാധിച്ച് അവസാന ഘട്ടമെത്തിയാല്‍ ഭേദപ്പെടുത്താനാവില്ലെങ്കിലും വേദന കുറയ്ക്കാന്‍ റേഡിയേഷന്‍ ഉപയോഗിയ്ക്കും ചിലപ്പോള്‍. അത്തരം സാഹചര്യങ്ങളില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഒന്നും വേണമെന്നില്ല ചികിത്സ കൊടുക്കാന്‍. മെഡിയ്ക്കല്‍ കോളേജിലും മറ്റുമുള്ള സൌകര്യങ്ങള്‍ പരമാവധി മതിയാകും. അതിനു രോഗിയ്ക്ക് പത്ത് രൂപാ പോലും ചിലവില്ല. കാശൊന്നുമില്ലാതെ വരുന്ന അത്തരം രോഗികള്‍ക്ക് ചികിത്സിച്ചശേഷം- ഉദാഹരണമായി റേഡിയേഷന്‍ കൊടുത്തു. വില പതിനായിരം രൂപാ.- പകുതിയൊക്കെ കുറച്ച് കൊടുക്കും - പേഷ്യന്‍ഡ് സര്‍വീസില്‍ ചെന്ന് ഇരന്ന് ലേഖനമൊക്കെ എഴുതിക്കൊടുത്താല്‍.

ഇവിടത്തെ സാങ്കേതികവിദ്യയൊന്നും വേണ്ടാ മെഡിക്കല്‍ കോളേജില്‍ ചെന്നാല്‍ പത്ത് രൂപാ ചിലവില്‍ തുല്യ ചികിത്സ കിട്ടും എന്ന് ആരും അവരോട് പറയില്ല. നാട്ടുകാരില്‍ നിന്നൊക്കെ പിരിച്ച് കൊണ്ട് വന്ന് അങ്ങനെ പകുതി കുറച്ച് കൊടുത്ത പണം അടച്ച് പോയ രോഗികളെ കണ്ടിട്ടുണ്ട്. പണമില്ലാതെ ചികിത്സ പകുതിയ്ക്ക് വച്ച് മുടക്കിയ രോഗികളെ കണ്ടിട്ടുണ്ട്. ആര്‍ സീ സീ യില്‍ പോയാല്‍ തുല്യ ചികിത്സ ഇത്രയും കാശു കൊടുക്കാതെ കിട്ടും. നിര്‍ഭാഗ്യവശാല്‍ ആര്‍ സീ സീ യില്‍ മാത്രമേ ഈ സംവിധാനങ്ങളൊക്കെ കേരളത്തിലുള്ളൂ.

ഇനി മറ്റൊരു തരം ചൂഷണമാണ്. അമൃതാ ഇന്‍‌കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്നവരോടുള്ള ചൂഷണമാണ് അത്. ആശുപത്രിയിലാണെങ്കില്‍ നേഴ്സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നത്.ഡല്‍ഹിയിലും മറ്റും ആശുപത്രികളില്‍ പോയ മലയാളി നേഴ്സുമാര്‍ സമരം ചെയ്തിട്ടും അമൃതയിലാരും സമരം ചെയ്യാത്തതെന്ത് എന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്.ഞാനും സമരം ചെയ്തില്ല. അവര്‍ക്കെതിരേ പ്രവര്‍ത്തിച്ചാല്‍ ദൈവകോപമുണ്ടാകുമോ എന്നൊരു ഭയം എല്ലാവരുടേയും ഉള്ളിലുണ്ട്.  മിക്ക നേഴ്സുമാര്‍ക്കും രണ്ടായിരമോ മൂവായിരമോ ഒക്കെയാണ് ശമ്പളം. പലയിടത്തും നേഴ്സുമാര്‍ വേണ്ടയിടങ്ങളില്‍ നേഴ്സിംഗ് അസിസ്റ്റന്റുകളെ വച്ച് ജോലി ചെയ്യിയ്ക്കുന്നത് കണ്ടിട്ടുണ്ട്.
ഏറ്റവും വലിയ ചതി അവരുടേ ബോണ്ടെഴുതലാണ്. ബോണ്ട് കാലാവധി (അത് മിക്കപ്പോഴും രണ്ടു കൊല്ലമാകും) യ്ക്ക് മുന്‍പേ പിരിഞ്ഞ് പോണമെങ്കില്‍ നേഴ്സുമാര്‍ ഇരുപത്തയ്യായിരവും മുപ്പതിനായിരവുമൊക്കെയാണ് ഫീസടയ്ക്കേണ്ടത്. അടച്ചില്ലേല്‍ തൊഴില്‍‌പരിചയ സര്‍ട്ടിഫിക്കറ്റ് കൊടുക്കില്ല. പലരും അത് കൊടുക്കാനില്ല്ലാഞ്ഞ് നല്ല ജോലി കിട്ടിയാലും പോകാറില്ല.അത് അവിടെ പഠിയ്ക്കുന്ന നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. ഈ മൂവായിരം ശമ്പളത്തിനാണ് ഈ മുപ്പതിനായിരത്തിന്റെ ബോണ്ട് എന്നോര്‍ക്കണം.

വേറൊരു കൊടും ചൂഷണം അവിടുത്തെ ചില്ലറ ജോലികള്‍ ചെയ്യുന്ന കുട്ടികളാണ്. തൂപ്പുതുടപ്പ് ശിപായിപ്പണിചെയ്യുന്ന ക്ലാസ് നാല് ജീവനക്കാര്‍. അവര്‍ അവിടുത്തെ “ജീവനക്കാരല്ല“. അവരെ അമൃതാ സര്‍വീസ് കേന്ദ്ര എന്ന വോളണ്ടിയര്‍മാരായാണ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. ആയിരത്തില്‍ താഴെയായിരുന്നു ഞാന്‍ ജോലിചെയ്തിരുന്നപ്പോള്‍ അവര്‍ക്ക് കൊടുത്തിരുന്ന ശമ്പളം. അതില്‍ നിന്ന് ഭക്ഷണത്തിനുള്ള നാനൂറു രൂപയോ മറ്റൊ കിഴിച്ച് ബാക്കിയായിരുന്നു അവര്‍ക്ക് കയ്യില്‍ നല്‍കിയിരുന്നത്. വോളണ്ടറി വര്‍ക്ക് എന്ന ഓമനപ്പേരായതിനാല്‍ നിയമത്തിന് ഒന്നും ചെയ്യാനാവില്ലല്ലോ.

നാനൂറ് രൂപയ്ക്ക് അവര്‍ക്ക് മാസം കൊടുത്തിരുന്ന ഭക്ഷണം വായില്‍ വയ്ക്കാന്‍ കൊള്ളാത്തതും.

ഉച്ചയ്ക്ക് നല്ല ഭക്ഷണമായിരിയ്ക്കും കാരണം ചിലപ്പോള്‍ മറ്റ് ജീവനക്കാരും ഉച്ചക്ക് ആ കാന്റീനില്‍ നിന്ന് കഴിയ്ക്കും.രാവിലേയും രാത്രിയിലും പ്രധാനമായി അവര്‍ കഴിയ്ക്കുന്ന സമയത്ത് ഭക്ഷണം പലപ്പോഴും വായില്‍ വയ്ക്കാന്‍ കൊള്ളില്ല. പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്- അവിടെ  പഠിയ്ക്കുന്ന ഹോസ്റ്റലില#ക് 񑹣്ടികള്‍ക്ക് ഒരേസമയം ഒരേ ഭക്ഷണപ്പുരയില്‍ നിന്നാണ് പലപ്പോഴും ഭക്ഷണം നല്‍കുന്നതെങ്കിലും രണ്ട് തരം ഭക്ഷണമാണ് നല്‍കുക.വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഭക്ഷണം(അല്ലെങ്കില്‍ അവര്‍ ബഹളമാക്കില്ലേ). ജീവനക്കാര്‍ക്ക് മറ്റൊരു തരം ഭക്ഷണം. മറ്റ് കാന്റീനുകളില്‍ (കാശു കൊടുത്ത് കഴിയ്ക്കേണ്ടുന്ന അമൃതയില്‍ തന്നെ മറ്റ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കുമുള്ള കാന്റീന്‍) ഇരുന്ന് ഈ നാലാം ക്ലാസ് ജീവനക്കാരികള്‍ കഴിച്ചാല്‍ അവരുടെ ചുമതലയുള്ള സ്ത്രീ അവരെ വഴക്കു പറയും എന്നത്കൊണ്ട് കാശുണ്ടെങ്കില്‍ പോലും!!! അവരവിടെ വരില്ല.  പതിനാറ് മുതല്‍ മേലŔ񑹣്ടുള്ള പെണ്‍കുട്ടികളാണ് ആ ജീവനക്കാരില്‍ ഭൂരിഭാഗം. വളരെക്കുറച്ച് അന്യസംസ്ഥാനക്കാരായ ആണ്‍കുട്ടികള്‍. അവരെ നിയന്ത്രിയ്ക്കുന്ന ഒരു അന്തേവാസിനിയുണ്ട്. ആ കുട്ടികളെ അവര്‍ പലപ്പോഴും ഭയങ്കരമായി വഴക്കു പറയുകയും വളരെ മോശമായി പെരുമാറുകയും ചെയ്യും എന്ന് ചിലര്‍ എന്നോട് സങ്കടപ്പെട്ട് പറഞ്ഞിട്ടുണ്ട്. അവരില്‍ പലരും പലപ്പോഴും അത്തരം വഴക്കുപറയലുകളൊക്കെ കാരണം ഒറ്റയ്ക്കിരുന്ന് കരയുന്നതും കണ്ടിട്ടുണ്ട്. ദേഹോപദ്രവത്തെപ്പറ്റി പറയുന്നത് കേട്ടിട്ടില്ല. പക്ഷേ ശിക്ഷയായി ഡബിള്‍ഡ്യൂട്ടി , കക്കൂസുകഴുകല്‍ തുടങ്ങിയവ നല്‍കുമെന്ന് കേട്ടിട്ടുണ്ട്.

 പ്രത്യേക ജോലി സമയമൊന്നും അവര്‍ക്കില്ല.ഏഴുദിവസവും ജോലിയാണ്.  രാവിലേ ഏഴു മണിയ്ക്ക് ജോലി തുടങ്ങിയാലും രാത്രി പത്ത് മണിവരെയൊക്കെ ജോലി നീളും. ചിലപ്പോള്‍ അതില്‍ കൂടുതലും.
മിക്ക കുട്ടികളും അമൃതയിലെത്തുന്നത് മഠത്തിന്റെ ലŔ񑹙്കല്‍ കാര്യദര്‍ശിമാര്‍ വഴിയായിരിയ്ക്കും. മിക്കവരുടെയും വീടുകളില്‍ ഒരാള്‍ കുറഞ്ഞ് കിട്ടിയാല്‍ അത്രയും കുറച്ച് അരിയിട്ടാല്‍ മതിയല്ലോ എന്ന രീതിയില്‍ ഭീകരമായ ദാരിദ്ര്യം ഉള്ളതാണ്. അപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സുരക്ഷിതമായ ഒരിടവും മൂന്നു നേരം ഭക്ഷണവും എന്നത് ഒരു  സ്വപ്നമാണ്. അതാണ് അമൃതക്കാര്‍ ചൂഷണം ചെയ്യുന്നത്. പത്താം ക്ലാസ് പാസായവരെയൊക്കെ ചിലരെ നേഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിനു പഠിപ്പിയ്ക്കാം എന്ന് വാഗ്ദാനം ചെയ്ത് കൊണ്ട് വരുന്നതാണ്. അതൊക്കെ പലപ്പോഴും നടക്കാറില്ല.കുറേ നാളൊക്കെ പിടിച്ച് നിന്നാല്‍ -നാലും അഞ്ചും വര്‍ഷമൊക്കെ കഴിഞ്ഞാല്‍ -ചിലര്‍ക്കൊക്കെ ചില്ലറ സ്ഥാനക്കയറ്റങ്ങളൊക്കെ നല്‍കും.

അവരുടെ താമസസ്ഥലത്ത് ഒരു മുറിയില്‍ ഏഴും എട്ടും പേരെ വരെ തട്ടു കട്ടിലിട്ട് കിടത്തുന്നതായാണ് പറഞ്ഞിട്ടുള്ളത്. ബാത്റൂമൊക്കെ കിട്ടാന്‍ തിരക്കു കാരണം രാവിലേ നാലു മണിയ്ക്കേ ആ കുട്ടികള്‍ എഴുന്നേറ്റ് കുളിയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

ഇത് ആശുപത്രിയിലെ മാത്രം കാര്യമല്ല. അമൃതക്കാര്‍ നടത്തുന്ന മിക്ക സ്ഥാപനങ്ങളിലേയും സ്ഥിതിയിതാണ്. സ്കൂളിലെ അധ്യാപകര്‍ ശമ്പളം കിട്ടാന്‍ സമരം ചെയ്തതായി പത്രത്തില്‍ വായിച്ചിട്ടുണ്ടല്ലോ.

(അങ്ങാടിത്തെരു സിനിമാക്കഥയല്ല പറയുന്നത്. അതുകൊണ്ട് തന്നെ ഇനിയും തുടരും...)

Tuesday, September 28, 2010

അമ്മയും മക്കളും- രണ്ട്

ഒന്നാം ഭാഗം ഇവിടെ

അമ്മയെ കണ്ടിട്ടുണ്ടോ എന്നത് അമൃതാ അശുപത്രിയില്‍ ഇന്റര്‍വ്യൂവിന്റെ ഒരു സ്ഥിരം ചോദ്യമാണ്.  ഇല്ലെന്ന് പറഞ്ഞു. ഈ സ്ഥാപനങ്ങളുടെയെല്ലാം ഒരു സീ ഈ ഓ എന്ന നിലയിലെങ്കിലും പോയൊന്ന് കാണണ്ടേ എന്നോ മറ്റോ അവിടെയിരുന്ന ഒരാള്‍ ചോദിച്ചതായി ഓര്‍ക്കുന്നണ്ട് .
പന്തളം എന്‍ എസ് എസ് മെഡിയ്ക്കല്‍ മിഷനില്‍ ജോലിയ്ക്ക് ജോയിന്‍ ചെയ്യാനായി പെരുന്നയിലെ നായന്മാരുടെ ആസ്ഥാനത്തെ ആപ്പീസില്‍ ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോള്‍  അവിടത്തെ തന്നെ ഒരു കാറില്‍ കയറ്റി ശ്രീ. നാരായണപ്പണിയ്ക്കരുടെ വീട്ടില്‍ കൊണ്ട് പോയി ജോലിയ്ക്കെടുക്കുന്നുവെന്ന കത്തില്‍ ഒപ്പിടുവിച്ചത് ഓര്‍ക്കുന്നു.കൃഷ്ണനെക്കണ്ട ത്രിവക്രയുടെ നിലയിലായിരുന്നു അന്ന് . ആയിരത്തഞ്ഞൂറ് രൂപാ മാസശമ്പളമുള്ള ജോലിയ്ക്ക് ജോയിന്‍ ചെയ്യാന്‍ ചെന്നതാണ്. കാറും ഡ്രൈവറും ടീവിയില്‍ മാത്രം കണ്ട് ശീലിച്ച സെലിബ്രിറ്റി പണിയ്ക്കരദ്ദേഹവും ആ ഇരുപത്തൊന്നുകാരനെ ആകെ വിരട്ടിക്കളഞ്ഞു.

പിന്നീടൊരിയ്ക്കല്‍ അമൃതാ ആശുപത്രിയില്‍ ചേര്‍ന്ന് കഴിഞ്ഞ ശേഷം സീ ഈ ഓ ആയല്ല സത്യജ്ഞാനിയും ഗുരുവുമായ അമ്മയെ കാണാന്‍ പോയതുമോര്‍ക്കുന്നു. അമ്മയെ കാണാന്‍ അടുത്തെത്തിയപ്പോള്‍ കണ്ടവരെല്ലാം കരയുന്നു. സായിപ്പന്മാരും നാട്ടുകാരുമൊക്കെ കുട്ടികളെപ്പോലെ അമ്മാ അമ്മാന്നു വിളിച്ച് കരയുന്നു. നാലുപാടും അതിഭീകര വെളിച്ചം. മധുരമനോഹരമായ ഗാനാമൃതധാര. അമൃതാനന്ദമയി എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാനും ഇരുന്ന് കരയാന്‍ തുടങ്ങി.
അന്നുവരെ ആകെ അഹങ്കരിച്ച് മദിച്ചിരുന്ന മധു എന്ന വ്യക്തിയ്ക്ക് മേല്‍ പൂര്‍ണ്ണ നിയന്ത്രണമെന്ന് വിചാരിച്ചിരുന്ന എന്നിലെ ബുദ്ധിയ്ക്ക് ഈ ദേഹം  നിയന്ത്രണം വിട്ട് കരയുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആകെ അന്തം വിട്ട് പോയി. പിന്നീട് കുറേ നാള്‍ അതൊരു നാണക്കേടായി കൊണ്ട് നടന്നു.എന്നെപ്പോലും നിയന്ത്രിയ്ക്കാനാവാത്ത ഞാനിനെ ശരിയ്ക്കും അന്ന് കണ്ടു.

ഇവിടെ വന്ന ശേഷം ജോലി സംബന്ധമായി ഹിപ്നോസിസിന്റെ ചില കോഴ്സുകള്‍ക്ക്  പോയിട്ടുണ്ട്.

ശരിയാണ് അവസരമുണ്ടെങ്കില്‍ സീ ഈ ഓ യെ കാണണം.

ഇനി വിമര്‍ശനത്തിന്റെ കാര്യമെടുക്കാം. അതു ചിലപ്പോല്‍ വലിയ തമാശ ആകാറുണ്ട്. ആദ്യം അവര്‍ കെട്ടിപ്പിടിയ്ക്കുന്നതിലെ അശ്ലീലതയാണ് കാണുക. പിന്നെ ഇത്രയും പണം വരുന്നതിലെ അസ്വാഭിവകത. അമൃതാനന്ദമയിയെപ്പറ്റിയോ അവരുടെ മഠത്തെപ്പറ്റിയോ ഒട്ടെങ്കിലും അറിയാവുന്നവര്‍ക്ക് അത് കാണുമ്പോള്‍ തമാശ തോന്നും.

ആദ്യം പണം. അവരുടെ കൂടെ എല്ലാം ഉപേക്ഷിച്ച് സന്യാസിമാരായി ജീവിയ്ക്കുന്ന ഏതാണ്ട് ആയിരത്തോളം പേരുണ്ട്. ഇവരുടെയെല്ലാം പൂര്‍വാശ്രമത്തിലെ അല്‍പ്പം പണം മഠത്തിനായി നല്‍കിയാല്‍ തന്നെ ഒരുപാട് പണം വരും. അവര്‍ മഠത്തിലെ പല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതു മൂലമുള്ള മാനുഷിക വിഭവ മൂല്യം അളക്കാന്‍ പറ്റുന്നതല്ല. അമൃതാ ആശുപത്രിയില്‍ തന്നെ ന്യൂറോസര്‍ജന്‍, ഓങ്കോളജിസ്റ്റ് , നേഴ്സിംഗ് സ്പെഷലിസ്റ്റുകള്‍ ഉള്‍പ്പെടെ പത്തോ പതിനഞ്ചോ അതിവിദഗ്ധ ഭിഷഗ്വരന്മാര്‍ ബ്രഹ്മചാരികളുണ്ട്. മിക്കവാറും മറ്റെല്ലാ സപ്പോര്‍ട്ടീവ് സേവനങ്ങളും നല്‍കുന്ന വകുപ്പുകളിലും ഐ ഐ ടീ തുടങ്ങിയിടത്തു നിന്നൊക്കെ പഠിച്ചിറങ്ങിയ എഞ്ചിനീയര്‍മാര്‍, ദേശ വിദേശങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമൊക്കെ വന്നെത്തിയ മാനേജ്മെന്റ് വിദഗ്ധന്മാര്‍,ചാര്‍ട്ടേര്‍ഡ് കണക്കപ്പിള്ളമാര്‍ ഒക്കെയായി നൂറുകണക്കിനാള്‍ക്കാര്‍ അന്തേവാസികളായും ബ്രഹ്മചാരികളായും അല്ലാതേയും ജോലി ചെയ്യുന്നു. മൂന്നു നേരം ലളിതമായ വെജിറ്റേറിയന്‍ ശാപ്പാടും കിടക്കാന്‍ ഒരു കട്ടിലുമാണ് അവര്‍ തിരിച്ചെടുക്കുന്നത്. നേരിട്ട് വ്യക്തമായി അറിയാവുന്നതാണത്. വളരെച്ചെറിയ ശമ്പളത്തിന് (പതിനായിരത്തിനു താഴെ) വാങ്ങിച്ച് അവിടെ ജോലി ചെയ്യുന്ന നൂറുകണക്കിന്  റിട്ടയേഡ് വിദഗ്ധന്മാരേയും കാണാം. വിദഗ്ധരല്ലാതെ റിഷപ്ഷനിസ്റ്റ് മുതല്‍ കെട്ടിടനിര്‍മ്മാണ മേല്‍നോട്ടവും മറ്റുമായി നടക്കുന്ന ബ്രഹ്മചാരി/ അനുചരവൃന്ദം വേറെ. അവരുടെയെല്ലാം ശമ്പളത്തില്‍ നിന്നു തന്നെ അല്ലെങ്കില്‍ അവരുടെ അധ്വാനത്തിനു മൂല്യമായിത്തന്നെ അമൃത മഠം ഉണ്ടാക്കുന്ന പണം കോടികള്‍ വരും. ഓരോരോ മാസവും.

അമൃതാനന്ദമയിയ്ക്ക് പലരും പണം നല്‍കാന്‍ പോകുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. എനിയ്ക്ക് വളരെ അടുപ്പമുള്ളവര്‍ ബിസിനസ്സുകാരൊക്കെ ലക്ഷക്കണക്കിനു രൂപാ അവര്‍ക്ക് ഒരോരോ സമയത്തും നല്‍കുന്നത് വ്യക്തമായി അറിവുള്ളതാണ്. എനിയ്ക്കറിയാവുനവര്‍ അവരുടെ അനുചരരിലെ മധ്യവര്‍ഗ്ഗമാണ്.അപ്പോള്‍ ബാക്കിയുള്ളവര്‍ എത്ര നല്‍കുന്നുണ്ടാകും?
മറ്റൊരു വരുമാനമാര്‍ഗ്ഗം അമൃതാനന്ദമയി നടത്തുന്ന ലോക പര്യടനങ്ങളാണ്. നമ്മള്‍ വിചാരിയ്ക്കും കാശു ചിലവാക്കിയാണ് അവര്‍ പര്യടനം നടത്തുന്നതെന്ന്. അവര്‍ ദര്‍ശനത്തിനു ഫീസു വാങ്ങാറുമില്ല. പക്ഷേ ഒരോരോ പര്യടനവും മഠത്തിനു ഒത്തിരി വരുമാനമുണ്ടാ‍ക്കുന്നുണ്ട്.  സത്സംഗങ്ങളും മറ്റും നടക്കുന്നയിടത്ത് ആള്‍ക്കാര്‍ക്ക് ചായ ഉണ്ടാക്കി കൊടുക്കുന്നതുമുതല്‍ മഠത്തില്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ മാല രുദ്രാക്ഷം മണി ചന്ദനം രക്തചന്ദനം മുതല്‍ "അമ്മപ്പാവ" വരെ ഒരുപാടു വിറ്റു പോകുന്നുണ്ട്. നല്ല ലാഭവും ഉണ്ടാകുന്നുണ്ട്. നല്ല ഗുണ നിയന്ത്രങ്ങളൊടെ ഉണ്ടാക്കുന്ന വസ്തുക്കളായതുകൊണ്ട് വാങ്ങുന്നവര്‍ക്കും നഷ്ടമില്ല. ശബരിമല സീസണില്‍ സന്നിധാനത്തുള്ള മഠത്തിന്റെ സ്റ്റാളിലെ തിരക്ക് മാത്രം ഊഹിയ്ക്കുക.
അപ്പോള്‍ അമൃതാനന്ദമയിയ്ക്ക് പണമുണ്ടാക്കാന്‍ വിദേശത്തു നിന്ന് കണക്കില്ലാതെ ഒഴുകി വരുന്ന പണമൊന്നും വേണ്ടാ. ഇങ്ങനെ കിട്ടുന്ന പണം നല്ല ബുദ്ധിയോടു കൂടി അത് പെരുകുന്ന വ്യവസായങ്ങളില്‍ തന്നെയാണ് അവര്‍ നിക്ഷേപിയ്ക്കുന്നതും. വിദ്യാഭ്യാസം, ആതുരശൃശ്രൂഷ ഒക്കെയായി ഒന്നിനു പത്തായി ഓരോരൊ നയാപൈസയും നിക്ഷേപിച്ചിരിയ്ക്കുന്നു.
അതൊക്കെ കൊണ്ട് തന്നെ നിയമവിധേയമല്ലാതെ അമൃതാമഠം പണം ഉണ്ടാക്കുന്നുവെന്ന് ആര്‍ക്കെങ്കിലും തെളിയിയ്ക്കാമെന്ന് തോന്നുന്നില്ല.

പണം എങ്ങനെ ആദ്യം ഉണ്ടായി എന്നതും അത്ഭുതമാകേണ്ടതില്ല. വളരെ ചെറുപ്പം മുതലേ നാട്ടുകാരും പരദേശികളും കേട്ടറിഞ്ഞും അല്ലാതേയും സുധാമണിയെ കാണാന്‍ എത്തുമായിരുന്നു. ബോധം മറയുമ്പോള്‍ ഉണ്ടാകുന്ന പ്രവചനങ്ങള്‍ കേള്‍ക്കുകയായിരുന്നു ആദ്യമൊക്കെ ആള്‍ക്കാരുടെ ഉദ്ദേശം. പലതും ശരിയായി വന്നുവെന്ന് കേട്ടപ്പോള്‍ ആളുകൂടി.ഇത്രയും വലിയ പ്രസ്ഥാനമാകുന്നതിനു മുന്നേതന്നെ എണ്‍പതുകളുടെ പകുതിയില്‍ മുതലേ അവരെ കാണാന്‍ സ്ഥിരമായി മദ്രാസില്‍ നിന്നൊക്കെ എത്തുന്ന വന്‍ വ്യവസായികളെ എനിയ്ക്ക് നേരിട്ടറിയാം. അന്നൊക്കെ മഠവും മറ്റും ഇത്ര വലിയതൊന്നുമല്ല.അതുപോലെ എത്ര പേര്‍. വിദേശ ശിഷ്യരായി ആദ്യമെത്തീയ പരമാത്മാനന്ദസ്വാമിയും (നീല്‍) മറ്റും നല്ല പണമുള്ള കുടുബക്കാരായിരുന്നു.ഒന്നോ രണ്ടൊ ആദ്യത്തെ വിദേശ ശിഷ്യന്മാര്‍ക്ക് നിയമപരമായി നാട്ടില്‍ താമസിയ്ക്കാനായാണ് മഠം രജിസ്റ്റര്‍ ചെയ്യുന്നതു തന്നെ എന്ന് വായിച്ചിട്ടുണ്ട്.റോണ്‍ ഗോട്സിജന്‍ എന്ന മറ്റൊരു ശിഷ്യന്‍ സ്വന്തമായി ഉണ്ടാ‍യിരുന്ന ഒരു ബഹുരാഷ്ട്രകമ്പനി വിറ്റ പണവുമായാണ് കേരളത്തിലേയ്ക്ക് വന്നത്. പല ഉപകരണങ്ങളും- കോടിക്കണക്കിന് വിലയുള്ളത് അമൃതാ ആശുപത്രിയ്ക്ക് ആ ഉപകരണങ്ങളുണ്ടാക്കുന്ന കമ്പനികള്‍ തന്നെ സംഭാവനയായി കൊടുത്തിട്ടുണ്ട്.

ഇനി കെട്ടിപ്പിടുത്തം. അതും വലിയ ഒരു തമാശ തന്നെ.

സുന്ദരിയായ ഒരു പെണ്‍കുട്ടി വരുന്ന ആണുങ്ങളെയെല്ലാം കെട്ടിപ്പിടിയ്ക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ശരാശരി കേരളീയനു കുളിരു കോരും.പെങ്ങള്‍ ആങ്ങളയെ കെട്ടിപ്പിടിച്ചാലും ഇരുത്തി മൂളുന്ന സമൂഹമാണ്.  അപ്പൊ കഥ പറയാനുണ്ടോ. ലൈംഗികമായ അടിച്ചമര്‍ത്തലില്‍ നിന്ന് വരുന്ന അസൂയ. ‘ലസൂയ‘ എന്നു പറയാം. അപ്പോള്‍ സദാചാരമുണരും.യൂറോപ്യന്‍ സദാചാരി മിഷനറിമാര്‍ വന്ന് പഠിപ്പിച്ചിട്ട് പോയ സദാചാരം.യുക്തിവാദിസംഘക്കാര്‍ ഫ്രോയിഡിനെയൊക്കെ കൂട്ടു പിടിച്ച് വാദിച്ചാലും കാര്യം അതു തന്നെ.

(മധ്യകാല സദാചാരമൊക്കെ വിട്ടെങ്കിലും ഇവര്‍ പാശ്ചാത്യര്‍ക്ക് ഇപ്പൊ ലൈംഗികപ്പേടി വേറൊരു രീതിയിലാണ്. ഇംഗ്ലണ്ടില്‍ വന്ന കാലത്ത്  നാട്ടില്‍ നിന്നു തന്നെ വന്ന വളരെഅടുത്തൊരു സുഹൃത്ത് കാണാന്‍ വന്നു. അദ്ദേഹം നാട്ടിലെപ്പോലെ തോളില്‍ കയ്യിട്ട് വഴിയിലൂടെ നടന്നു. പിറ്റേന്ന് ജോലിയ്ക്ക് ചെന്നപ്പോ കൂടെ ജോലി ചെയ്യുന്ന ഒരു സര്‍ദാര്‍ജീ ആണ് ഞങ്ങളോട് പറഞ്ഞത്. “ടേയ് ഇന്നലെ വഴിയിലൂടെ നിങ്ങള്‍ തോളില്‍ കയ്യിട്ട് നടക്കുന്നതു കണ്ടു. നാട്ടില്‍ നമ്മുടെ ശീലമാണത്. പക്ഷേ ഇവിടെ നടന്നാല്‍ നീ കുണ്ടനാണെന്ന് വിചാരിയ്ക്കും”.കുണ്ടനാണെന്ന്  സായിപ്പ് പറഞ്ഞാല്‍ എനിയ്ക്കൊരു ചുക്കുമില്ല. പക്ഷേ എന്നെങ്കിലും പിന്നെയും പിന്നെയും പടികടന്നെത്തുന്ന മദാമ്മമാരുടെ പദനിസ്വനം എന്ന സ്വപ്നം ഇനി അതുകാരണം നശിച്ചുപോകേണ്ട എന്ന് കരുതി പിന്നെ തീണ്ടപ്പാട് ആചരിക്കാറുണ്ട്. അഞ്ച് കൊല്ലം കഴിഞ്ഞിട്ടും മദാമ്മമാരുടെ പദനിസ്വനം കിനാവില്‍ മാത്രമാണെന്നത് സങ്കടം.:) )

അപ്പൊ അമൃതാനന്ദമയിയുടെ കാര്യം.

ഹഗ്ഗിംങ് സെയിന്റ് എന്നാണല്ലോ മാധ്യമങ്ങള്‍ അവരെ വിളിയ്ക്കുന്നത്.കരുനാഗപ്പള്ളി, വള്ളിക്കാവ് ഓച്ചിറ ഒക്കെ നടന്നിരുന്ന ഒരു സിദ്ധനുണ്ടായിരുന്നത്രേ. എനിയ്ക്ക് നേരിട്ടറിയില്ല.എന്റെ ഒരു ബന്ധു പറഞ്ഞതാണ് .പ്രഭാകരസിദ്ധന്‍ എന്നാണെന്നു തോന്നുന്നു പേരു പറഞ്ഞത്. അദ്ദേഹം ഭ്രാന്തനെപ്പോലെ ഇങ്ങനെ നടക്കും. ചിലപ്പോഴൊക്കെ വഴിയില്‍ നടന്നു പോകുന്നവരെ അപ്രതീക്ഷിതമായി കെട്ടിപ്പിടിയ്ക്കും. ആദ്യമൊക്കെ ആള്‍ക്കാര്‍ അദ്ദേഹത്തെ തല്ലുകയൊക്കെ ചെയ്യുമായിരുന്നത്രേ. പിന്നെ സിദ്ധികളൊക്കെ കണ്ട് ജനം കൂടി.എന്തായാലും അദ്ദേഹത്തില്‍ നിന്നാണ് കെട്ടിപ്പിടിച്ച് അനുഗ്രഹിയ്ക്കുന്ന രീതി അമൃതാനന്ദമയിയ്ക്കുണ്ടായതെന്നാണ് അവരോട് അടുത്തയാളുകള്‍ തന്നെ പറയുന്നത്.

ഒറ്റനോട്ടത്തില്‍ സാമ്പത്തികമായോ മറ്റോ അവര്‍ ഭരണഘടനാവിരുദ്ധമായി ഒന്നും പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന് തോന്നുന്നെന്ന് പറഞ്ഞതാണ്. അതിന്റെ ആവശ്യമില്ല. പണ്ടൊക്കെ പറഞ്ഞിരുന്ന കഥ കടല്‍ത്തീരത്ത് ആശ്രമമുള്ളതുകൊണ്ട് മയക്കുമരുന്നുകളും മറ്റും എത്തിച്ച് സായിപ്പന്മാര്‍ക്ക് വിറ്റഴിയ്ക്കുന്ന സംഘമാണ് അവര്‍ എന്നായിരുന്നു. ഒരു മുക്കുവത്തിയായിപ്പോയതുകൊണ്ടുള്ള ഭാഗ്യദോഷം.അതിന്റെയൊന്നും ആവശ്യമില്ലാതെതന്നെ ധാരാളം പണം അവര്‍ക്കെത്തുന്നുണ്ട്.

അപ്പൊ അവര്‍ക്ക് ഇഷ്ടമുള്ളവര്‍ പണം കൊടുക്കുന്നു. അവര്‍ അത് ചിലവഴിയ്ക്കുന്നു. അവര്‍ സുഖലോലുപമായ ജീവിതം നയിയ്ക്കുന്നു എന്നതാണ് ചിലരുടെ ബുദ്ധിമുട്ട്. അവര്‍ക്ക് കിട്ടുന്ന പണം അവര്‍ സുഖമായി ചിലവഴിയ്ക്കുന്നു. എന്ത് സുഖലോലുപതയാണ്? അവര്‍ക്ക് വേണ്ടതെല്ലാം പരമാവധി സൌകര്യമായിരിയ്ക്കാന്‍ വേണ്ടത് ചെയ്യുന്നു. എന്നാലും ഇപ്പോഴും മുറ്റം തൂക്കുവാനും കക്കൂസ് കഴുകുവാനും കണ്‍സ്ട്രക്ഷന്‍ ജോലികളും മറ്റും നടക്കുന്നയിടത്തും ചിലപ്പോഴൊക്കെ അവര്‍ ജോലി ചെയ്യാറുണ്ട്. അവരുടെ അടുത്തുള്ളവരെക്കൊണ്ട് മട്ടുപ്പാവുകളിലിരിയ്ക്കാതെ അത്തരം ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിയ്ക്കാറുണ്ട്. അവരുടെ ഏറ്റവും അടുത്ത, ആശ്രമത്തിലെ ഏറ്റവും മുഖ്യനായ ആദ്യകാല ശിഷ്യനായ ഒരു സ്വാമിയുടെ സ്വന്തം മുറിയില്‍ ഞാന്‍ പോയിട്ടുണ്ട്. വളരെ ചെറിയ ഒരു മുറിയില്‍ ചെറിയൊരു ഒരാള്‍ക്കട്ടിലും രമണമഹര്‍ഷിയുടേയും മറ്റും കുറച്ച് പുസ്തകങ്ങളും രണ്ട് കസേരയും മാത്രമേ ഞാനവിടെ കണ്ടിട്ടുള്ളൂ. കസേരയില്‍ ഞങ്ങള്‍ ഇരുന്നതു കൊണ്ട്  പിന്നെ കാണാന്‍ വന്നവര്‍ പലരും - ആശ്രമ നടത്തിപ്പുകാരും മറ്റും- തറയില്‍ പായിട്ടാണ് ഇരുന്നിരുന്നത്.അവര്‍ക്ക് കാരവാനുണ്ടെന്നതും മറ്റുമാണ് മറ്റു ആരോപണങ്ങള്‍. ഇരുപത്തിനാലു മണിയ്ക്കൂറും പലയിടങ്ങളിലായി സഞ്ചരിയ്ക്കുന്ന അവര്‍ കാരവാന്‍ സംഭാവന കിട്ടിയാല്‍ വാങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഞാനായാലും വാങ്ങും. നമുക്ക് അക്കാര്യത്തില്‍ ഗാന്ധിജിയുടെ ബാധ കൂടിയിരിയ്ക്കുകയാണ്. ആരെങ്കിലും നാലാള്‍ക്കാരറിയുന്നവരാണെങ്കില്‍ കപട ലാളിത്യം എടുത്ത് ചാര്‍ത്തണം. ശശീ തരൂര്‍ ഖദര്‍ ജൂബായൊക്കെയിട്ട് രജനി സ്റ്റയില്‍ തൊഴുകയ്യുമായി വന്നാല്‍ നമുക്ക് ലാളിത്യം.രാഹുല്‍ ഗാന്ധി വെള്ളക്കൂര്‍ത്തായൊക്കെയിട്ട് ഷേവുചെയ്യാതെ ആദിവാസികളെക്കാണാ‍ന്‍ പോകുന്നത് കണ്ടിട്ടില്ലേ. നമുക്കതാണ് ലാളിത്യം.

പക്ഷേ ലാളിത്യം ശീലിയ്ക്കാനും സമൂഹ്യപ്രവര്‍ത്തനം ചെയ്യുവാനും അമൃതാനന്ദമയി എന്ന വ്യക്തി ഇന്നു നിലനില്‍ക്കുന്നില്ല. സുധാമണി എന്ന സ്ത്രീ പണ്ടേ ഇല്ലാതായി. അമ്മ എന്ന ഗുരു പത്തോ നൂറോ പേര്‍ക്ക് മാത്രമാണിന്ന് നിലനില്‍ക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് അവര്‍ ഒരു ഹഗിംഗ് യന്ത്രമാണ്. ചെല്ലുമ്പോ കെട്ടിപ്പിടിയ്ക്കും. മോനേ/മോളേ എന്നു വിളിയ്ക്കും. ഒന്നോ രണ്ടോ വാചകങ്ങള്‍ ചോദിയ്ക്കും.ദ ഹഗിംഗ് സെയിന്റ്. ചിലപ്പോ സമയമുണ്ടെങ്കില്‍ ഒരു ചെറിയ പ്രഭാഷണം നടത്തും. ഞാന്‍ പറഞ്ഞ് വരുന്നത് അമൃതാ ഇന്‍‌കോര്‍പ്പറേഷനെപ്പറ്റിയാണ്.

അമ്മയും മക്കളും

പലയിടത്തും ആള്‍ ദൈവങ്ങളേപ്പറ്റി പറയേണ്ടി വന്നിട്ടുണ്ട്. ഈയിടെയും സുകുമാരന്‍ ചേട്ടന്റെ ബ്ലോഗില്‍  കമന്റായി ആള്‍ ദൈവങ്ങളെപ്പറ്റി അഭിപ്രായമെഴുതുകയുണ്ടായി. രസകരമായത് നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്റെ തന്നെ അഭിപ്രായത്തില്‍ നിന്ന് ഇന്നത്തെ അഭിപ്രായം വ്യത്യാസപ്പെട്ടിരിയ്ക്കുന്നു എന്നതാണ്. “അഭിപ്രായം ഇരുമ്പുലക്കയല്ല “ എന്നു പറഞ്ഞത് സീ കുഞ്ഞുരാമനാണ്. അദ്ദേഹം മയ്യനാട്ടുകാരനാണ്. . എന്റെ വീട്ടില്‍ നിന്ന് ഒത്തിരി ദൂരെയല്ല.
അന്നത്തെ ആള്‍ദൈവങ്ങളെപ്പറ്റിയുള്ള പറച്ചിലില്‍ ഒരു പ്രധാന കാര്യം ഞാനിന്ന് കാണുന്നു. പേടി.ആരെങ്കിലും തല്ലിക്കൊല്ലുമോ എന്നല്ല, എനിയ്ക്ക് തെറ്റിയാലോ എന്ന പേടി.
വയസായി വരും തോറും ഭയം കൂടി വരണം. ഭഗവദനുഗ്രഹം കാരണം ഭയം ക്രമേണ കുറഞ്ഞു വരുന്നതായാണ് തോന്നുന്നത്.
നാമെല്ലാം അന്ധമായി ആശ്രയിയ്ക്കുന്ന ഒരു അളവുകോലാണ്  നമ്മുടെ യുക്തി. ഇപ്പൊ നോക്കുമ്പോള്‍ തോന്നുന്നത് ഒട്ടും വിശ്വസിയ്ക്കാന്‍ പറ്റാത്ത ഒരു അളവുകോലാണ്  അതെന്നാണ് . കാരണം യുക്തി വളരെ വ്യക്തി നിഷ്ഠമായ ഒന്നാണ്. അത് മനസ്സിലാക്കുന്നത് തന്നെ യുക്തിയുടെ വെളിച്ചത്തിലാണ് എന്നതാണ് ഇവിടെയുള്ള വൈരുദ്ധ്യം.എന്തായാലും യുക്തിപരതയേക്കാള്‍ ശാസ്ത്രീയമായ മനസ്സിലാക്കലുകളാണ് കൂടുതല്‍ സത്യത്തിലേക്ക്  നമ്മെ അടുപ്പിയ്ക്കുന്നത് എന്നാണ് അനുഭവം.

ഞാന്‍ ഒരു മനുഷ്യനാണ് എത്ര ശാസ്ത്രീയമാണെന്നാലും ആ രീതിവിധാനങ്ങളൊക്കെ ശരിയെന്ന് തോന്നുന്നത് എന്റെ വര്‍ഗ്ഗത്തിന്റെ ഒരുമിച്ചുള്ള യുക്തിയുടെ വെളിച്ചത്തിലാണ്. മനുഷ്യ മസ്തിഷ്കം പരമാവധി നാല് മാനങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്.ഇതൊന്നും എപ്പോഴത്തേയും അനുഭവമാകണമെന്നില്ല. ഈ കാലദേശങ്ങളില്‍ ഇങ്ങനെയൊരു ശരി. കുറേ നാള്‍ കഴിയുമ്പോള്‍ ശാസ്ത്രീയമായ രീതിയേക്കാള്‍ മെച്ചപ്പെട്ട എന്തെങ്കിലും രീതിശാസ്ത്രം ബുദ്ധി ഉണ്ടാക്കിക്കൂടെന്നില്ല  (മനുഷ്യ ബുദ്ധി തന്നെ ആകണമെന്നില്ല)

ഇത്രയും പറഞ്ഞത് യുക്തിയെ നമുക്ക് അങ്ങനെയങ്ങ് ആശ്രയിക്കാനാവില്ല എന്നു സൂചിപ്പിക്കാനാണ്. അതുപോലെ തന്നെ ഇന്ന് പരമമെന്ന് കരുതുന്ന രീതിവിധാനങ്ങളും കുറ്റമറ്റതാകണമന്നില്ല  എന്നും.ഇന്നു വരെയുള്ള അറിവിന്റെ വെളിച്ചത്തില്‍ ശാസ്ത്രീയമായ രീതിവിധാനങ്ങളാണ്  മെച്ചപ്പെട്ട മനസ്സിലാക്കലുകളിലേയ്ക്ക്  നമ്മെ അടുപ്പിയ്ക്കുന്നത് എന്നു തോന്നുന്നു.

നമുക്ക് ആള്‍ ദൈവങ്ങളിലേയ്ക്ക് വരാം.
എന്താണ് മാതാ അമൃതാനന്ദമയിയുടെയും അവരുടെ സംഘത്തിന്റേയും പ്രത്യേകത.?

കേരളത്തില്‍ മതാചാര്യന്മാരും സ്വാമിമാരും ഒട്ടുവളരെയുണ്ടായിട്ടുണ്ട്. ഒത്തിരി ഇന്‍സ്റ്റിറ്റ്യൂഷനുകളും ഉണ്ടായിരിയ്ക്കുന്നു. അവരില്‍ ഏറ്റവും മുഖ്യമായി നില്‍ക്കുന്ന ഒന്നാണ് അമൃതാനന്ദ മയി മഠം. സ്വത്തു കൊണ്ടും ആള്‍ബലം കൊണ്ടും. ഒരു സമാന്തര ഗവണ്മെന്റ് എന്നാണ് ഭരണകര്‍ത്താക്കളുടെ വരെ അടുത്തയാളുകള്‍ അവരെ വിളിച്ചത്.
(ജോണ്‍ ബ്രിട്ടാസിനേക്കാള്‍ ഗ്ലാമറസായുള്ള ഏത് എക്സിക്യൂട്ടീവ് ഉണ്ട് കേരളത്തില്‍. പോരാത്തതിനു താടിയുമുണ്ട് :) )

ഇത്രയും വലിയ ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍, പോരാത്തതിനു ശാസ്ത്രവും സാങ്കേതിക വിദ്യയുമൊക്കെ പഠിപ്പിയ്ക്കുന്ന ഒരു വമ്പന്‍ യൂണിവേഴ്സിറ്റി. സ്വന്തമായി മെഡിയ്ക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഒക്കെ നടത്തുന്നു. സ്വന്തമായി ചാനല്‍, പ്രസിദ്ധീകരണ ശാലകള്‍, വിപണനത്തിനായുള്ള നെറ്റ്വര്‍ക്കുകള്‍. യുവാക്കളുടേയും കുട്ടികളുടേയും സംഘടനകള്‍. പരിസ്ഥിതി സംഘടനകള്‍. ഏത് കോര്‍പ്പറെറ്റ് സ്ഥാപനത്തേയും അതിശയിപ്പിയ്ക്കുന്ന സംഘടനാ ചാതുരി. സ്വന്തമായി പട്ടാളമൊഴിച്ച് എല്ലാമുണ്ട്.

ഇത്രയും വലിയ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം. നമുക്ക് റിലയന്‍സ് ബിസിനസ് സാമ്രാജ്യത്തോട് ഇതിനെ ഉപമിയ്ക്കാം. ഏത് കച്ചവടത്തിനും പരസ്യം വേണം.

റിലയന്‍സിന്റെ പരസ്യം ഇവിടെ നമുക്ക് കാണാം.



നമുക്കറിയാം ഇതു പരസ്യമെന്ന്. ആ കുട്ടിയെ കാണാന്‍ ആരും ദിവസം മുഴുവന്‍ ക്യൂ നില്‍ക്കില്ല. ഇത് ഒരു സംവിധായകന്‍ ചിത്രീകരിച്ചതാണെന്നും കഥ ഇല്ലാത്തതാണെന്നും നമുക്കറിയാം. ഇനി ജീവിതത്തോട് അടുത്തു നില്‍ക്കുന്ന ഒരു പരസ്യമെടുക്കാം. റിലയന്‍സിന്റെ തന്നെ പരസ്യമാണ്. മുകേഷ് അംബാനിയാണ് മോഡല്‍. മേരാ പപ്പാ ക സപ്നാ, സബ്കോ അപ്നാ മൊബൈല്‍ ഫോണ്‍ എന്ന് കാപ്ഷന്‍. അപ്പൊ മുംബായിക്കാര്‍ അതിനെ കളിയാക്കി പറഞ്ഞു. മേരാ പപ്പാ ക സപ്നാ സബ്കേ മാല്‍ അപ്നാ എന്ന്.
ജനത്തിനറിയാം ധീരുഭായ് അംബാനി ജീയുടെ യഥാര്‍ത്ഥ ആഗ്രഹം അതായിരുന്നെന്ന്. അതു പറഞ്ഞെന്ന് വച്ച് റിലയന്‍സ് കുടുംബത്തില്‍ പോലും ആരും വിഷമിയ്ക്കുമെന്ന് കരുതുന്നില്ല.അപ്പൊ ഈ പരസ്യം കണ്ടാല്‍ നേരും പതിരും തിരിച്ചറിയാന്‍ ബുദ്ധി വൈകല്യമൊന്നുമില്ലാത്ത ആര്‍ക്കും കഴിയും.

ഇനി അമൃതാ ഇന്‍‌കോര്‍പ്പറേഷന്റെ ഒരു പരസ്യം കാണുക



ഇത് അമൃതാനന്ദമയിയുമായി അടുത്ത ബന്ധമുള്ള ആളുകള്‍ എടുത്ത ചിത്രമാണ്, അഭിനയിയ്ക്കുന്നവരും മറ്റും അമൃതാനന്ദമയിയെ ഇരുപത്തിനാലു മണിയ്ക്കൂറും നേരിട്ട് കാണാന്‍ കഴിവുള്ളവരാണ്.ഇനി ഇത് അമൃതാ മഠം എടുത്തതല്ല എന്ന് വാദം വന്നാല്‍ എന്നു വിചാരിച്ച് പറഞ്ഞന്നേയുള്ളൂ.
അത്ഭുതങ്ങള്‍- അതായത് വെള്ളം പാലാക്കുന്നു എന്ന തരത്തിലുള്ളതൊക്കെ സംഭവിയ്ക്കുകില്ലേ? അറിയില്ല. സംഭവിച്ചേക്കാം. ഇന്നുവരെ ഞാനോ എനിയ്ക്ക് നേരിട്ടറിയാവുന്ന ആരിലെങ്കിലുമോ അത്ഭുതങ്ങള്‍ സംഭവിച്ചതായി അറിവില്ല. ജീവിച്ചിരിയ്ക്കുന്നതും ജീവിതത്തിലെ പല സംഭവങ്ങളും ഇതിങ്ങനെ മുന്നോട്ട് പോകുന്നതും ഒരു വലിയ അത്ഭുതമാണിന്നെനിയ്ക്ക്. അതിനെപ്പറ്റിയല്ല പറയുന്നത് . വെള്ളം പാലാക്കുന്നതുപോലെയും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുന്നതു പോലെയുമുള്ള അത്ഭുതങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. എന്നു വച്ച് നടക്കാതിരിയ്ക്കുമോ?യോഗശക്തി കൊണ്ട് ഭക്ഷണമുണ്ടാക്കുക്കൊടുത്തതിനെപ്പറ്റിയൊക്കെ വലിയ കഥകള്‍ കേട്ടിരിയ്ക്കുന്നു.അറിയില്ല എന്നതു തന്നെ ഉത്തരം.
അമൃതാനന്ദമയിയുടെ ജീവിതം ഇതിലും അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. ആശ്രമം പ്രസിദ്ധീകരിയ്ക്കുന്ന മാതൃവാണി എന്ന മാസികയിലും ആശ്രമം തന്നെ പ്രസിദ്ധീകരിച്ച ജീവചരിത്രം, സ്വാമി പരമാത്മാനന്ദയുടെ ആത്മകഥ എന്നിവയിലുമൊക്കെ വളരെയേറെ അത്ഭുതങ്ങള്‍ എടുത്ത് കാട്ടിയിട്ടുണ്ട്. അതിനെ ഓരോന്നായെടുത്ത് പറഞ്ഞ് അതിലെ പൊരുത്തക്കേടുകള്‍ ഇവിടെ എഴുതാനൊന്നും ഉദ്ദേശമില്ല. എഴുതിയാലും “ ചിലപ്പോള്‍ സംഭവിയ്ക്കാം“,മേല്‍പ്പറഞ്ഞ “നമുക്കെല്ലാമറിയില്ല“ എന്ന വാദങ്ങളൊക്കെ വച്ച് വിശ്വാസിയുടെ മനസ്സ് കലഹമുണ്ടാക്കിക്കൊണ്ടിരിയ്ക്കും.
അത്തരം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കൂടി അമൃതാനന്ദമയിയുടെ അനുചരവൃന്ദം ഇത്രയധികമായിരിയ്ക്കുന്നത് ഒരത്ഭുതം തന്നെയല്ലേ എന്നൊരു ചോദ്യം നമ്മുടെയെല്ലാം മനസ്സില്‍ ഉണ്ട്.
ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സത്യാന്വേഷിയായ ഒരു ജൂതനെ ലോകം മുഴുവന്‍ യേശുകൃസ്തുവായി ആരാധിയ്ക്കുന്നു. ഇന്നും പല ധ്യാനപ്പുരകളിലും മഹാത്ഭുതങ്ങള്‍ സംഭവിയ്ക്കുന്നു. കുരിശില്‍ കിടന്ന് മരിയ്ക്കാന്‍ ഒരു കാരണവുമില്ലാതിരുന്നെന്ന് വ്യക്തമായി കണ്ടിട്ടും അദ്ദേഹം മൂന്നാം ദിവസം മരിച്ച് ഉയര്‍ത്തെഴുനേറ്റതാണെന്ന് വിശ്വസിയ്ക്കുന്നു. പുരാതനഅറേബ്യയിലെ ഒരു സാമൂഹ്യപരിഷ്കര്‍ത്താവായ മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായും അദ്ദേഹമൊഴിച്ച് മറ്റെല്ലാം തെറ്റെന്നും അന്ധമായി വിശ്വസിച്ച് ചിലരെങ്കിലും  ലോകം മുഴുവന്‍ അവര്‍ക്കെതിരെന്ന് ധരിച്ച് ഭയന്ന് ഭയന്ന് ജീവിയ്ക്കുന്നു.ഭഗവത് ഗീത പറഞ്ഞുകൊടുത്തത് കൃഷ്ണനെന്ന് അറിഞ്ഞ് കൊണ്ടുതന്നെ മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്ത ഗുരുവായൂരിലെ അമ്പലത്തില്‍ ജയിലിലടച്ചിരിയ്ക്കുന്ന ഒരു സങ്കല്‍പ്പത്തിന്റെ മുന്നില്‍ തുലാഭാരവുമായി മിടുക്കന്മാരായ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും കാത്തു കിടക്കുന്നു.

ശരിയാണ് ഇത് അത്ഭുതം തന്നെ.മഹാത്ഭുതം.

(ഇവിടെ തുടരുന്നു)

Wednesday, May 26, 2010

കാഞ്ചീപുരം


ഞാന്‍ കാഞ്ചീപുരത്ത് പോയത് ഒരു പത്തുകൊല്ലമെങ്കിലും മുന്‍പാണ്.അതി സുന്ദരമായ ഒരു പ്രദേശം. സംഭവങ്ങളാണല്ലോ യാത്രകളേ പൊതുവേ ഓര്‍മ്മയുടെ നിലാവെളിച്ചത്ത് നിര്‍ത്തുന്നത്. പക്ഷേ പ്രത്യേകിച്ച് യാതൊരു വ്യത്യാസവുമില്ലാതിരുന്നിട്ടു കൂടി യാത്രകളുടെ പെരുമഴയിലും കാഞ്ചീപുരത്തെ ഇന്നുമോര്‍ക്കുന്നു .
പല്ലവരുടെ തലസ്ഥാനമായിരുന്നു കാഞ്ചീപുരം. ധ്യാനാത്മകതയുടെ സംഗീതം ലോകത്തിലെത്തിച്ച ബോധിധര്‍മ്മന്‍ ഒരു പല്ലവരാജകുമാരനായിരുന്നു. കാഞ്ചീപുരത്തുനിന്നും കൊണ്ട്പോയ മര്‍മ്മചിറ്റൂരം ചൈനയിലെ ഷാവോലിന്‍ മഠത്തിലെത്തിയപ്പോള്‍ ഷാവോലിന്‍ കുങ്ഫൂ ആയി. ജപ്പാനില്‍ അത് കരാട്ടേയായി. ബോധിധര്‍മ്മന്‍  ധ്യാനസ്വരൂപമായി.
ഇപ്പൊ പ്രത്യേകിച്ച് ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്.ഈ വീഡിയോ കാണേണ്ടി വന്നു. 




ദൈവവചനമാണ് ആദ്യം ഓര്‍മ്മവന്നത്.
“നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്ക്കും‍ അളന്നു കിട്ടും.
എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഔര്ക്കാ‍തെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്ത്? അല്ല, സ്വന്ത കണ്ണില്‍ കോല്‍ ഇരിക്കെ നീ സഹോദരനോടു: നില്‍ക്കൂ, നിന്റെ കണ്ണില്‍ നിന്നു കരടു എടുത്തുകളയട്ടേ, എന്നു പറയുന്നതു എങ്ങനെ?
കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്‍ നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണില്‍ കരടു എടുത്തുകളവാന്‍ വെടിപ്പായി കാണും.“
(മത്തായിയുടെ സുവിശേഷം) 


എന്റെ കണ്ണില്‍ കോലു വല്ലതുമുണ്ടോ എന്നു നോക്കണമല്ലോ. കണ്ണാ‍ടിയില്‍ നോക്കി...


പട്ട് എന്നത് ഏറ്റവും പുരാതനമായ നൂലുകളിലൊന്നാണ്. ഒരു പക്ഷേ നാഗരികതകള്‍ക്ക് മുന്നേതന്നെ മനുഷ്യന്‍ പട്ട്നൂല് ഉപയോഗിച്ചിരുന്നിരിയ്ക്കണം. 3500BC യില്‍ തന്നെ ചൈനയില്‍ അത് ഉപയോഗിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഏതാണ്ട് അതേ സമയത്തു തന്നെ ഭാരതത്തിലും പട്ട് ഉണ്ടായിരുന്നുവെന്നതിനു തെളിവുകളുണ്ട്.
അപ്പൊ അത് ആരാ ആദ്യം കണ്ടുപിടിച്ചത്?
ആരാണ് ആദ്യം ചോറുണ്ടാക്കിയത് എന്നു ചോദിയ്ക്കുന്നതുപോലെയാകും അത്. അരിയെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചാല്‍ അത് മൃദുവാകുമെന്നും അത് കഴിയ്ക്കാമെന്നും ലോകത്തെ പല സംസ്കാരങ്ങളിലും ഒരേ സമയത്ത് മനസ്സിലാക്കിയിരിയ്ക്കണം. അത് ഉപയോഗിച്ചിരിയ്ക്കണം. അതുപോലെ പട്ട്നൂല്‍പ്പുഴുവിന്റെ പൊട്ടിയ കൊക്കൂണുകളില്‍ നിന്ന് നൂലുനൂറ്റെടുക്കാമെന്ന് ആ പുഴു സ്വാഭാവികമായി കാണപ്പെടുന്ന സ്ഥലങ്ങളിലുള്ള പല സംസ്കാരങ്ങളിലും ഒരേ സമയത്തോ സമാന്തരമായി അറിയാതെ പല സമയത്തോ മനസ്സിലാക്കിയിരിയ്ക്കണം.എന്തായാലും ചിനയിലും ഭാരതത്തിലും അറിയപ്പെടുന്ന പുരാവസ്തുഗവേഷണങ്ങളെല്ലാം വച്ച് നോക്കിയാല്‍ ഏതാണ്ട് ഒരേ സമയം തന്നെ പട്ട് ഉണ്ടാക്കിത്തുടങ്ങിയെന്ന് കരുതാം. 
ചൈന പണ്ട് മുതലേ കണ്ടുപിടുത്തങ്ങളുടെ രാജ്യമാണ്. വെടിമരുന്നുമുതല്‍ കടലാസുവരെ ചൈനയിലാണ് ആദ്യമുണ്ടാക്കിയത്. ചരിത്രാതീത കാലം മുതലേ ചിനയില്‍ നിന്നുള്ള മണ്‍പാത്രങ്ങളും ചിനക്കാരുടെ പട്ടും ലോകമെങ്ങും പ്രശസ്തമാണ്. അതൊക്കെ എല്ലാവര്‍ക്കുമറിയാവുന്നതുമാണ്.


കാഞ്ചീപുരത്ത് നെയ്ത്തുകാരുണ്ടായിട്ടും നാളുകളേറെയായി.പല്ലവരുടെ തലസ്ഥാനമായിരുന്ന കാഞ്ചീപുരം. അന്ന് അവിടെ താമസിയ്ക്കാന്‍ വന്ന ശാലിയ (നെയ്ത്തുകാര്‍) .. ജാതിക്കാരാണ് നെയ്ത്ത് അവിടെ ആദ്യം തുടങ്ങിയത്. (നമ്മുടെ ചാലിയര്‍ തന്നെ ”ചാല്യത്തി ചൊങ്കത്തി പെണ്ണെളേമ്മേ“:). ഇപ്പൊ ജാതിമതഭേദമൊന്നുമില്ല ഒരു എട്ടുകിലോമീറ്റര്‍ ചുറ്റളവില്‍ നെയ്യുന്ന സാരി സ്ഥലനാമ സൂചകമായി തമിഴ്നാട് ഗവണ്മെന്റ് അംഗീകരിച്ചിരിയ്ക്കുന്നു.


കാഞ്ചീപുരത്ത് പട്ടുണ്ടാക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കാഞ്ചീപുരത്ത് സാരിയേ ഉണ്ടാ‍ക്കുന്നുള്ളൂ. നെയ്ത്തുകാരേ അവിടെയുള്ളൂ. പട്ടുനൂല്‍ കൂടുതലും ധര്‍മ്മപുരിയില്‍ നിന്നും ബംഗലൂരു നിന്നുമാണ് വരുന്നത്.കാഞ്ചീപുരം സാരിയുടെ പ്രധാന ഭാഗമായ കസവ് സൂരറ്റില്‍ നിന്നും വരുന്നു.
എത്ര രൂപയുടെ സാരി കാഞ്ചീപുരത്ത് ഉണ്ടാക്കുന്നുണ്ട്? 2005 ലെ ഒരു കണക്കനുസരിച്ച് 60000 തറികളും 22 നെയ്ത്ത് സഹകരണ സംഘങ്ങളുമാണ് കാഞ്ചീപുരത്തുള്ളത്. അതില്‍ നിന്ന് കൊല്ലം ഏതാണ്ട് 200 കോടി രൂപയുടെ വിറ്റു വരവ് നടക്കുന്നുണ്ട്. ഏതാണ്ട് 3 കോടി രൂപയുടെ സാരി കയറ്റിയയയ്ക്കുകയും ചെയ്യുന്നു.അഞ്ച് കൊല്ലം മുന്‍പുള്ള കണക്കാണ്.

ഗവണ്മെന്റ് രജിസ്റ്റര്‍ ചെയ്ത സംഘങ്ങളല്ലാതെ തന്നെ പല വീടുകളിലും സാരി ഉണ്ടാക്കുന്നു.അതുകൊണ്ട് ഉപയോഗിയ്ക്കുന്ന പട്ടിന്റെ ഗുണമേന്മയും കസവിലെ വെള്ളി സ്വര്‍ണ്ണം അളവും എക്സ് റേ ഫ്ലൂറോസ്കോപ്പി ഉപയോഗിച്ച് ഗുണനിയന്ത്രണപരിശോധന ചെയ്ത് ഉറപ്പുവരുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ സൌകര്യമൊരുക്കിയിട്ടുണ്ട്.നാല്‍പ്പത് രൂപാ അധികം കൊടുത്താല്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് തരും.
അപ്പൊ കാഞ്ചീപുരത്ത് നെയ്യുന്ന സാരിയ്ക്ക് എന്താ പ്രത്യേകത? ബാലരാമപുരത്തുണ്ടാക്കുന്ന കൈത്തറിയ്ക്ക് എന്താ പ്രത്യേകത?അറിയില്ല. കാഞ്ചീപുരത്ത് സാരിയുണ്ടാക്കുന്നു.  നെയ്ത്തുകാര്‍ പലയിടങ്ങളിലായി- പല കമ്പനികളിലും വീട്ടിലും സംഘങ്ങളിലുമായി പണിയെടുക്കുന്നു.പതിവുപോലെ അതില്‍ നാല്‍പ്പതിനായിരത്തോളം കുഞ്ഞുങ്ങളുമുണ്ട്.. കാഞ്ചീപുരത്ത് നിന്നും വാങ്ങുന്ന സാരിയ്ക്ക് പ്രത്യേക ഗുണ നിയന്ത്രണങ്ങളോ എന്താണ് നല്ല സാ‍രിയെന്നോ മോശം സാരിയെന്നോ പറയാന്‍ പ്രത്യേക അളവുവിവരങ്ങളോ ഇല്ല.അത് പറ്റുകയുമില്ല. സായിപ്പ് പ്രൊഡക്ഷന്‍ ലൈനില്‍ ഉണ്ടാക്കുന്ന സാധനങ്ങളുടെ പ്രത്യേകത അളക്കാന്‍ തുടങ്ങിയ ക്വാളിറ്റി കണ്ട്രോള്‍ നിയമങ്ങള്‍ കാഞ്ചീപുരത്തെ ചിതറിക്കിടക്കുന്ന നെയ്ത്തുകാരില്‍ അടിച്ചേല്‍പ്പിയ്ക്കുക വയ്യ. എന്നാലും ഗുണമേന്മയേറിയ ഒന്നുരണ്ട് തരം പ്രത്യേക നെയ്ത്ത് രീതികള്‍ കാഞ്ചീപുരത്തുണ്ട്. അതിലെ മുന്താണിയിലെ കസവുകൊണ്ടുള്ള ചിത്രപ്പണിയും പ്രത്യേക ഡിസൈനുകളും ഒക്കെ പ്രത്യേകതകളാണ്.അതൊന്നും ആറന്മുള കണ്ണാടിയുടെ രഹസ്യം പോലെ രഹസ്യമൊന്നുമല്ല. പല സംഘങ്ങളും ആധുനിക പകുതിയന്ത്രവല്‍കൃതമായ തറികള്‍ ഉപയോഗിയ്ക്കുന്നു. ഒരു ലക്ഷത്തോളം പേര്‍ ജോലിചെയ്യുന്നു.


അപ്പൊ എന്തിനാണ് ചൈനക്കാര്‍ എട്ടുകോടി രൂപാ കയ്യില്‍ വച്ച്കൊടുത്ത് കാഞ്ചീപുരം സാരിയുടെ രഹസ്യം മനസ്സിലാക്കിയത്? 
അറിയില്ല.
എവിടെയാണ് എണ്ണൂറുകോടിയുടെ രഹസ്യം കാഞ്ചീപുരത്തിരിയ്ക്കുന്നത്?

ഒരേയൊരു രഹസ്യമുണ്ടായിരുന്നു. അത് ഫുല്ലാരവിന്ദായതപത്ര നേത്രന്‍ ബോധിധര്‍മ്മന്‍ ചൈനക്കാര്‍ക്ക് നേരത്തേ പറഞ്ഞ് കൊടുത്ത് പോയല്ലോ.രഹസ്യത്തിലും രഹസ്യമായ പരസ്യം.




മത്തായി വീണ്ടും പറയുന്നു.


“വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുത്. അവ കാല്‍ കൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുത്.......“
____________________________________________________________________


എവിടുന്ന് കിട്ടി?


1) Wikipedia
2)N.S. Gopalakrishnan,P S. Nair & A K. Babu, Exploring the Relationship between Geographical Indications and Traditional Knowledge:An Analysis of the Legal Tools for the Protection of Geographical Indications in Asia, A Study Commissioned by the International Centre for Trade and Sustainable Development (ICTSD), ICTSD, 2007
3) I.L. Good, J.M. Kenoyer, R.H Meadow, New evidence for early silk in the Indus civilization, Archaeometry 51, 3 (2009) 457–466,University of Oxford.
4) B. Bowonder and J.V. Sailesh,ICT for the renewal of a traditional industry: a case study of Kancheepuram silk sarees,International Journal of Services Technology and Management
Volume 6, Number 3-5 / 2005
5)Sanjay Sinha, Development Impact of Silk Production: A Wealth of Opportunities,Economic and Political Weekly, Vol. 24, No. 3 (Jan. 21, 1989), pp. 157-163 
6)Asha Krishnakumar, First stop on the silk route, Special feature: Kancheepuram, Frontline, Volume 22 - Issue 20, Sep. 24 - Oct. 07, 2005
Images:Wikipedia

Sunday, May 09, 2010

പോളിങ്ങ് സ്റ്റേഷനുകളില്‍ കണ്ട മൂന്നാം ലോക നിര

വോട്ടിനു മുന്‍പ്
04/05/2010, വൈകിട്ട് മൂന്ന്-മൂന്നര/വിശ്രമ മുറി

പോളും നിക്കിയും കാതറിനും അശോകനും ഫാത്തിമയും വെറുതേ വെളിയിലേയ്ക്ക് നോക്കിയിരിയ്ക്കുകയായിരുന്നു. ചായകുടിച്ച് , കര്‍ക്കിടകമൂടാപ്പ് വര്‍ഷം മുഴുവന്‍ ശീലമായ ഇംഗ്ലണ്ടില്‍ വിരളമായി പുറത്ത്കാണുന്ന സൂര്യന്റെ വെള്ളവെട്ടം.

“നിങ്ങള്‍ വോട്ടുചെയ്യുന്നുണ്ടോ ?“ കാതറിന്‍ ചോദിച്ചു.

ഒന്നു നിറുത്തിയിട്ട് ഓര്‍ത്ത് വീണ്ടും ചോദിച്ചു “നിങ്ങള്‍ക്ക് ഇവിടെ വോട്ടുചെയ്യാന്‍ കഴിയുമോ?“

അശോക് ജോലി എന്നെയേല്‍പ്പിച്ചു. മുഖത്ത് നോക്കി പറഞ്ഞോടാ എന്നപോലൊരു ചിരി.

“അവര്‍ക്കെന്താ വോട്ടുചെയ്താല്‍“??. പോള്‍ ദേഷ്യപ്പെട്ടു. “അവര്‍ ടാക്സ് അടയ്ക്കുന്നതല്ലേ.  നിനക്കറിയാമോ യഥാര്‍ത്ഥ മുതലാളിത്തത്തില്‍ ടാക്സ് അടയ്ക്കുന്നവനാണ്- അവനു മാത്രമേ ഉള്ളൂ വോട്ടവകാശം. പൌരത്വം എന്നത് സഹായങ്ങള്‍ കൈപ്പറ്റാനുള്ള സൂത്രം. യഥാര്‍ത്ഥ അനാര്‍ക്കിയിലോ ഏവനും വോട്ടുചെയ്യാം. മധ്യമാര്‍ഗ്ഗമാണല്ലോ എപ്പോഴും പ്രായോഗികം. അതിനാല്‍ നമ്മളുടെ സ്റ്റേറ്റൊരു സഹകരണസംഘം.

അതുപറഞ്ഞ് പോള്‍ വീണ്ടും വെളിയിലേയ്ക്ക് നോക്കിയിരുന്നു. അഞ്ച് നിമിഷം കഴിഞ്ഞ് എന്നോടായി പറഞ്ഞു.

“മധൂ, നിനക്കറിയുമോ, റോമന്‍ സാമ്രാജ്യത്തിലുണ്ടായിരുന്നവര്‍ തികച്ചും ക്രൂരന്മാരായിരുന്നു. നാഗരികതയെന്നൊക്കെ പറയും”

വീണ്ടും കുറേ നേരം ആരുമൊന്നും പറഞ്ഞില്ല.
കാതറിന്‍ വീണ്ടും ചോദിച്ചു.” എന്നിട്ട് നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുന്നുണ്ടോ”??

“അത്.....അത്.....കാതറിന്‍ ഒരുകാര്യം പറയട്ടേ..എനിയ്ക്കെന്നെത്തന്നെ പേടിയാണ്, രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോ. ഇടപെടാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ എന്തിനേക്കാളും വലിയ ആസക്തിയാകും എനിയ്ക്ക് രാഷ്ട്രീയത്തില്‍.. ..........  .ഒരുമാതിരി ചൂതുകളിയിലുള്ള ആസക്തിപോലെ. പിന്നെ മറ്റൊന്നും നടക്കില്ല.പഠിത്തം ജോലി എല്ലാം നാശമാകും. അതുകൊണ്ട് ഞാന്‍ എന്നെത്തന്നെ ഇടപെടീക്കാതെ വച്ചിരിയ്ക്കുകയാണ്.“ ഞാന്‍ പറഞ്ഞു

അപ്പൊ വോട്ട് ചെയ്താല്‍ ആര്‍ക്ക്  ചെയ്യും നീ? അവള്‍ വിടാനുള്ള ഭാവമില്ല.

സുന്ദരിയായിപ്പോയി അല്ലെങ്കില്‍ ഞാന്‍ ചൊറിഞ്ഞേനേ.എന്നാലും വായില്‍ വന്നതിങ്ങനെയാണ്

“വോട്ടുചെയ്യുന്നെങ്കില്‍..ചെയ്യുന്നെങ്കില്‍..ഞാന്‍ ബീ എന്‍ പീ യ്ക്ക്- നിക്ക് ഗ്രിഫ്ഫിന് വോട്ടുചെയ്യും.“

ഇടിത്തീവീണപോലെ എല്ലാരുമെന്നെ നോക്കി. ഇവനിനിയെന്ത് പറയാനാണ് പോകുന്നതാവോ?

ഞാന്‍ ചിരിച്ച്കൊണ്ട് പറഞ്ഞു. നിക് ഗ്രിഫ്ഫിന്‍ പറഞ്ഞിട്ടുണ്ട്. അയാള്‍ ജയിച്ചാല്‍ ബ്രിട്ടണിലുള്ള വെള്ളക്കാരല്ലാത്തവര്‍ ഇവിടം വിട്ട് പോകുവാന്‍ സമ്മതമറിയിച്ചാല്‍ അമ്പതിനായിരം പൌണ്ട് വെറുതേ തരുമെന്ന്. ഞാനതും വാങ്ങിച്ച് പോയി സുഖമായി ജിവിയ്ക്കും. ഹല്ലപിന്നെ...

എല്ലാ‍വരും അലറിച്ചിരിച്ചു.ഞാനും.

നിക്കീ നീയാര്‍ക്ക് വോട്ടുചെയ്യും ചിരിയൊഴിഞ്ഞപ്പോള്‍ കാതറിന്‍ ചോദിച്ചു.

ഞാന്‍..അതേ ഞാനാലോചിയ്ക്കുവാ..പിന്നെയാര്‍ക്കാ ഞാനോട്ടുചെയ്യുക. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് കൊടുക്കണോ.? ലേബറിന് വോട്ടു ചെയ്യാന്‍ വയ്യ. യുദ്ധവും മറ്റും. പിന്നെയെനിയ്ക്ക് ഗോര്‍ഡന്‍ ബ്രൌണിനേയും ഇഷ്ടമില്ല.പക്ഷേ ലിബറല്‍ ഡെമോക്രാറ്റിന് ചെയ്ത് അവസാനം തൂക്കുപാര്‍ലമെന്റ് വന്നാലോ..? എന്തോ..കണ്‍സര്‍വേറ്റീവിനു ഞാന്‍ കൊടുക്കില്ല. തീര്‍ച്ചയായും. ആ മാര്‍ഗരറ്റ് താച്ചറിനെ ഓര്‍ത്താല്‍ തന്നെ ദേഷ്യം വരും. അവര്‍ ഇന്നാട്ടില്‍ കാണിച്ച് കൂട്ടിയ അക്രമമോര്‍ത്താല്‍ ഒരു നൂറു കൊല്ലത്തേയ്ക്ക് കണ്‍സര്‍വേറ്റീവിനാരും വോട്ടുചെയ്യില്ല. പെണ്ണുമ്പിള്ള.ഹും

ശരിയാണ്..എല്ലാവരും (ഞങ്ങളൊഴികെ) ഒരുപോലെ പറഞ്ഞു.
അപ്പോള്‍ കയറിവന്ന ഐറിഷ് ലോറയും അങ്ങനെതന്നെയെന്ന് ശരിവച്ചു.

ലിസ് അപ്പോഴാണ് വന്നത്.അവള്‍ പറഞ്ഞു. “ഞാന്‍ മാര്‍ഗരറ്റിനെ ഇഷ്ടപ്പെടുന്നു. അവള്‍ നല്ല സ്ത്രീയാണ്. ഞാനൊരു കണ്‍സര്‍വേറ്റീവാ‍ണ്.“
എല്ലാവരും ലിസിനെ നോക്കി. പോള്‍ പറഞ്ഞു” അല്ല നിനക്ക് തെറ്റിപ്പോയി ലിസ്. അവര്‍ ഹൊറിബിളാണ്.
അവര്‍ നല്ല സ്ത്രീയാണ് പോള്‍..ലിസ് വീണ്ടും വിട്ടില്ല
ഐറിഷ് ലോറ പറഞ്ഞു” അവര്‍ നല്ല സ്ത്രീയാണ്. പക്ഷേ അവര്‍ ഒത്തിരി മോശപ്പെട്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

കൂട്ടച്ചിരി.

എല്ലാവരും കുറച്ച് നേരം മിണ്ടാതെയിരുന്നു . പോള്‍ പെട്ടെന്ന് തിരിഞ്ഞ് എന്നോട് ചോദിച്ചു

“നീ ബീ എന്‍ പീയ്ക്ക് വോട്ടുചെയ്യുമെന്ന് കാര്യമായി പറഞ്ഞതല്ലല്ലൊ??”

നാലര മണി വൈകുന്നേരം

ജോലിചെയ്തുകൊണ്ടിരിയ്ക്കുന്നതിനിടയിലാണ് ഡോണാക്കൂപ്പര്‍ ചോദിച്ചത്.
നീയാര്‍ക്ക് വോട്ടുചെയ്യും? എന്നോട് പറയാമോ
അത്..ഞാന്‍ ..വോട്ടുചെയ്യണോ എന്ന്..അറിയില്ല.വോട്ടുചെയ്യണ്ട എന്നാണിപ്പൊ ..ഞാനായിട്ട് ഇവിടത്തെ കാര്യങ്ങളില്‍ ഇടപെടണോ എന്ന് ചിന്തിയ്ക്കുന്നു ..ഡോണാ‍....നീയാരെയാണ് പിന്തുണയ്ക്കുന്നത്?

ഞാന്‍ ലേബറിനെയാണ്. പക്ഷേ ഇപ്പോ അവരും ആ താച്ചര്‍-ടോറികളും തുല്യം തന്നെ. എന്‍ എച് എസിനെ സ്വകാര്യവല്‍ക്കരിയ്ക്കാന്‍ അനുവദിയ്ക്കരുതെന്നുണ്ട്. അതുകൊണ്ട് പിന്നെ ലേബറിനു തന്നെ ചെയ്യാം എന്നും കരുതുന്നു. നിക് ക്ലെഗ്ഗിന്റെ ലിബറല്‍ ഡെമോക്രാറ്റ് നല്ലതാണ്. പക്ഷേ നീ ആലോചിച്ചിട്ടുണ്ടൊ..ചിലരൊക്കെ തൂക്കുമന്ത്രിസഭ എന്നൊക്കെ പറയുന്നു. അതുകൊണ്ട്..എനിയ്ക്ക്..ആകെ കുഴക്കമാണ്..

“പക്ഷേ ഡോണാ. തൂക്കുമന്ത്രിസഭ നല്ലതാണ്. കൂടുതല്‍ ജനാധിപത്യപരവും.“

“അതേ എനിയ്ക്ക് എന്താ ഈ തൂക്കുമന്ത്രിസഭയെന്നൊന്നുമറിയില്ലടാ“

ഞാന്‍ തൂക്കുമന്ത്രിസഭയെപ്പെറ്റി അവര്‍ക്ക് പറഞ്ഞ് കൊടുത്തു. എന്താണത്..?എന്തൊക്കെ ഗുണങ്ങള്‍, അഴിമതിയ്ക്കും കുതിരക്കച്ചവടത്തിനുമുള്ള സാധ്യത, എല്ലാവര്‍ക്കും മന്ത്രിസഭയിലിടം കിട്ടുന്നത് കൊണ്ടുള്ള കാര്യങ്ങള്‍ ഒക്കെ. നമ്മള്‍ പതിറ്റാണ്ടുകളായി ജീവിയ്ക്കുന്നത് തൂക്കുമന്ത്രിസഭയിലല്ലേ:)

ഉച്ച കഴിഞ്ഞ് എമ്മയും സൂസനും വന്ന് ചോദിച്ചു. നീ തൂക്കുമത്രിസഭയെപെറ്റി ഡോണയ്ക്ക് പറഞ്ഞ് കൊടുത്തല്ലോ. ഞങ്ങള്‍ക്കും പറഞ്ഞ് തരുമോ? ഞങ്ങളും വലിയ കുഴക്കത്തിലാണ്. ടെലിയില്‍ പറയുന്നതൊന്നും അങ്ങോട്ട് മനസ്സിലാകുന്നുമില്ല.

എത്ര പെട്ടെന്നാണ് ഓരോരോ പ്രശസ്തികള്‍ കയറിവരുന്നത്!!!!!!!

‌‌‌‌‌‌‌‌‌-----------------------------------------------------------------------------------------------------
05/05/2010, വൈകിട്ട് മൂന്ന്-മൂന്നര/വിശ്രമ മുറി

ഐറിഷ് ലോറ പതിവുപോലെ അവളുടെ ഐ ഫോണില്‍ ഉരച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. പോള്‍ ചായകുടിയ്ക്കുന്നു. ഞാന്‍ ഒന്ന് ഉറങ്ങാന്‍ നോക്കി കസേരയിലിരുന്ന് തല ചായ്ച്ചു. ഹെലന്‍ ഹാരിസണ്‍ ഫോണിലേയ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്നു. ഔഡ്രി പതിവുപോലെ തന്റെ പെയര്‍ പഴം തൊലികളയുന്നു. ബല്‍ജീത് സാമ്രാ ആപ്പിള്‍ മുറിയ്ക്കുന്നു. ഡോണ ടെക്സ്റ്റ് ചെയ്യുന്നു. എല്ലാം പതിവു തന്നെ.

മാര്‍ക്ക് കയറിവന്നു.
“മാര്‍ക്ക് നീയാര്‍ക്ക് വോട്ട് ചെയ്യും. ജെമ്മ ചോദിച്ചു.“
“ലേബറിന്. ഇവിടെ വന്നന്നുമുതല്‍ ഞങ്ങള്‍ കുടുംബപരമായി ലേബറാണ്. “
(മാര്‍ക്ക് കറുമ്പനാണ്. ജമൈക്കയില്‍ നിന്ന് കുടിയേറിയതാണ് അദ്ദേഹത്തിന്റെ അച്ഛനുമമ്മയും)
പോള്‍ നീയോ
“എനിയ്ക്ക് ഇലക്ഷനില്‍ താല്‍പ്പര്യമില്ല ഡോണാ“
“എന്തുകൊണ്ട്“?
“എനിയ്ക്ക് ഒരു തരിമ്പു പോലും താല്‍പ്പര്യമില്ല. അവര്‍ നില്‍ക്കുന്നു. അവര്‍ ജയിയ്ക്കുന്നു. അവര്‍ ഭരിയ്ക്കുന്നു“
“അല്ല പക്ഷേ അത് നിന്റെ നാടിനെ നന്നാക്കാനുള്ള അവസരമല്ലേ“?

“എന്ത് നന്നാക്കാന്‍ ഡോണാ‍. നിനക്കീ ഡിപ്പാര്‍ട്ട്മെന്റ് നന്നാക്കാമോ. നോക്കു..ഞാനിവിടത്തെ സൂപ്രണ്ടന്റന്റാണ്. മാനേജ്മെന്റാ‍ണ്. ഈ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു ചെറിയ മാറ്റം പോലും കൊണ്ട് വരാന്‍ എനിയ്ക്ക് കഴിയില്ല.പറ്റിയിട്ടില്ല. എന്നാല്‍ മാറേണ്ടപ്പോള്‍ മാറുകയും ചെയ്യും അത്തരം മാറ്റങ്ങളെ തടയാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട് ചിലപ്പോഴൊക്കെ. അതും കഴിഞ്ഞിട്ടില്ല. പിന്നെയെന്ത് മാറ്റം. പിന്നെ ഞാനെന്ത് നാടിനെ മാറ്റാന്‍.? ഈ സിസ്റ്റം അതിനനുസരിച്ച് പോകും ജെമ്മാ. നീ വോട്ട് ചെയ്താലും ചെയ്തില്ലെങ്കിലും തൂക്കുമന്ത്രിസഭവന്നാലും ആരും വോട്ടുചെയ്തില്ലെങ്കിലും ചിലര്‍ പ്രധാനമന്ത്രിയാകും ചിലര്‍ രാജാവാകും ചിലര്‍ മന്ത്രിമാരാവും ചിലര്‍ തെണ്ടികളാകും. “

ഞാന്‍ ചൂണ്ടയിടാന്‍ പോകുന്നു നാളെ. അതുമാത്രം എനിയ്ക്കറിയാം...
ആരും മിണ്ടിയില്ല.

കുറേ കഴിഞ്ഞ് പോള്‍ പറഞ്ഞു. “ടോറികള്‍ ജയിയ്ക്കരുതെന്ന് എനിയ്ക്കും ഉണ്ട്. ആ പെണ്ണുപിള്ള താച്ചറിനെ ആലോചിച്ചാല്‍ തന്നെ അരിശം വരും. കിഴവി. “ വന്‍ പണക്കാര്‍ക്ക് മാത്രം ചെലുത്തിക്കൊടുക്കും.പറഞ്ഞോണ്ട് തന്നെ.

പണക്കാരെ സഹായിയ്ക്കുമോ. എങ്കില്‍ ഞാന്‍ അവരെ പിന്തുണയ്ക്കും പോള്‍..കാരണം എനിയ്ക്കൊരിയ്ക്കല്‍ വലിയ പണക്കാരനാവണമെന്നുണ്ട്..ഞാന്‍ തമാശിച്ചു..

ചിരിച്ച്കൊണ്ട് പോള്‍ പറഞ്ഞു. നീ ഒരു കാലത്തും, ഒരു കാരണവശാലും പണക്കാരനാകാന്‍ പോകുന്നില്ല മഡൂ, പണക്കാരനായ റേഡിയോഗ്രാഫര്‍ എന്നൊരു സാധനം ഭൂമിയില്‍ നിലവിലില്ല..

പിന്നെയയാള്‍ ഒന്നാലോചിച്ച് താഴോട്ട് നോക്കി തലകുലുക്കി പതുക്കെ പറഞ്ഞു..

Never..ever goonna be rich.

06/05/2010 വൈകുന്നേരം  അഞ്ചര മണി. 

ഒരു രോഗി പുതിയതായി വരും ഒന്നു രണ്ട് മണിയ്ക്കൂര്‍ അധികജോലി ചെയ്യേണ്ടിവരും. എന്നാലെന്ത് ? സര്‍വകലാശാലയില്‍ പോകാനെടുത്ത അവധി മീതിയാക്കാന്‍ ഇനിയുമെത്ര അധികജോലി ചെയ്താലൊക്കുമെന്റെ ശിവനേ..ഡോണ പോകാനൊരുങ്ങുകയാണ്

നീ ഇന്ന് വോട്ടുചെയ്യണം മഡൂ. ആര്‍ക്കെന്നില്ല.വോട്ടുചെയ്യണം
വോട്ടുചെയ്യുകയാണെങ്കില്‍ ഞാന്‍ ലേബറിനേ ചെയ്യൂ ജെമ്മാ
എങ്കില്‍ നീ തീര്‍ച്ചയായും ചെയ്യണം മഡൂ. തീര്‍ച്ചയായും. നാളെ ഇവിടെ ലേബര്‍ തോറ്റാല്‍ നീയാണ് കാരണം.” പുഞ്ചിരിച്ച് കൊണ്ട് അവള്‍ പറഞ്ഞു.
ഹൊ ആ ചിരി കാണാന്‍ ഞാനിനി എത്ര വോട്ട്വേണേലും ചെയ്യാം. ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഏഴര മണിയായി ജോലി കഴിഞ്ഞപ്പോ. ഇന്നിനി വോട്ടൊന്നും ചെയ്യാന്‍ പറ്റില്ല.
വീട്ടിലെത്തിയപ്പോ അശോകന്‍ ചോദിച്ചു വോട്ടുചെയ്യുന്നോ?
ഓ അതിന്റെ സമയം കഴിഞ്ഞില്ലേ?

ഇല്ല പത്ത് മണിവരെ സമയമുണ്ട്.

എനിയ്ക്കുവയ്യ. ഞാനാകെ മുഷിഞ്ഞിരിയ്ക്കുന്നു. കുളിച്ച് ഒരു ഓണ്‍‌ ദ റൊക്സും ചാമ്പി സുഖമായി ഉറങ്ങണം.കഞ്ഞി വച്ചോടേ?

പിന്നേ നീ വരുമ്പോ കഞ്ഞി വച്ച് തരലല്ലേ എന്റെ ജോലി. ഞാനിന്ന് രാത്രിയില്‍ ഫ്രൂട്ട്സ് മാത്രമേ കഴിയ്ക്കുന്നുള്ളൂ

അക്കരക്കാഴചയിലെ ഗിരിയെപ്പോലെ ഞാന്‍ പറഞ്ഞു. “ടേ, ബേബിക്കുട്ടാ ഒരിച്ചിരി അരിയും പയറൂടെ ആ പ്രഷര്‍കുക്കറിലോട്ടിട്ട് രണ്ട് വിസില്‍.രണ്ട് പപ്പടം മൈക്രോവേവത്തിലോട്ട്വച്ച് നാപ്പത് സെക്കന്റ്. എന്തുവാടേ ഒന്ന് സഹായിക്കടേ. ഇന്നലെ ഞാന്‍ കഞ്ഞിവച്ചതല്ലേ

അതിന് ഇന്നലെ എല്ലാം കഴുകിവച്ചത് ഞാനാ. നീ വരുന്നേ വാ. ഞാന്‍ വോട്ടുചെയ്യാന്‍ പോകുവാ. ഫിഷാന്റ് ചിപ്സേന്ന് വല്ലോ വാങ്ങിയ്ക്കാം.

എങ്കി ശരി കുളിച്ചിട്ട് വരാം. നില്ല്.
കുളിച്ച് വന്നപ്പോ അശോക് കാര്‍ഡുകള്‍ തപ്പുന്നു. പോസ്റ്റില്‍ വന്ന വോട്ടിങ്ങ് കാര്‍ഡാണ്. എവിടെയെങ്കിലുമൊക്കെ ഇട്ടുകാണും.
കാര്‍ഡ് കണ്ടില്ലേ? അപ്പൊ ഇന്ന് വോട്ടുചെയ്യേണ്ടന്നാ വിധി.
അയ്യ. കാര്‍ഡില്ലെങ്കിലും വോട്ട് ചെയ്യാം. ഉണ്ടെങ്കില്‍ എളുപ്പമാണെന്നേയുള്ളൂ. ആ ദാണ്ടെ കിട്ടി.ഞാന്‍ പലപ്പോഴും നിന്നോട് പറഞ്ഞിട്ടുണ്ട് നിന്റെ മെയില്‍ എന്റതിന്റെ കൂടെ കുഴച്ചിടരുതെന്ന്.

തൊട്ടടുത്ത സ്കൂളാണ് പോളിങ്ങ് ബൂത്ത്. അഞ്ച് മിനിട്ട് നട. അവടെങ്ങും ഒരു പട്ടിക്കുഞ്ഞ് പോലുമില്ല. അകത്ത് ഒരു വെട്ടം. പുറത്ത് കമ്പ്യൂട്ടരില്‍ പ്രിന്റൌട്ടെടുത്ത് പോളിങ്ങ് ബൂത്ത് എന്നെഴിതി വച്ചിട്ടുണ്ട്.
അകത്ത് കയറിയപ്പോ ബേസ് ബോഡ് കൊണ്ട് ഉണ്ടാക്കിയ രണ്ട് ബൂത്തും രണ്ട് അപ്പൂപ്പന്മാരും ഒരു പ്ലാസ്റ്റിക് പെട്ടിയും.
Good Afternoon Gentlemen. അപ്പൂപ്പന്‍ പറഞ്ഞു.
Afternoon .  ഞ്യാ.
Well, Let me see your card Sir. നോക്കിയിട്ട് You can vote for both parliament and council election. Here is your ballet paper. Please make a cross against your candidate.
അവിടൊരു പെന്‍സിലിരുപ്പുണ്ട്. ലിബറല്‍ ഡെമോക്രാറ്റിന് രണ്ട് പേപ്പറിലും കുറി ഉരച്ചു.
Can I fold it?
Yes of course, fold the paper firmly .
എങ്ങനെ മടക്കും? ഞാന്‍ സംശയിച്ചു.നമ്മുടെ ഭാരതീയ ബാലറ്റ്പേപ്പര്‍ മടക്കുന്നത് തെറ്റിയാല്‍ അസാധുവാണല്ലോ.
You can fold that in anyway.
മടക്കി. പ്പ്ലാസ്റ്റിക് ബാലറ്റ്പെട്ടി നിറഞ്ഞ് കവിഞ്ഞിരിയ്ക്കുന്നു. ഒന്നുരണ്ട്വോട്ടുകള്‍ വഞ്ചിക്കുഴിയിലൂടെ പുറത്തേയ്ക്ക് നൂണ്ടുമിരുപ്പുണ്ട്. ഒരുവിധം തള്ളി അകത്തുകയറ്റി വച്ചു.
Bye Bye...
പുറത്തിറങ്ങിയപ്പോ അശോകന്‍ പറഞ്ഞു.

“ഇതെന്തോന്ന് വോട്ടെടെ. നമ്മള്‍ വല്ലവന്റേം കാര്‍ഡ് വാങ്ങിച്ചോണ്ട് വന്ന് കള്ളവോട്ട് ചെയ്തെങ്കില്‍ ഇവന്മാര്‍ എങ്ങനെ അറിയും. മഷിയൊന്നും ഉരച്ചില്ലല്ലോ.ഒന്നും ചോദിച്ചതുമില്ല. പോളിങ്ങ് ഏജന്റില്ല....

എടാ സായിപ്പ് കള്ളത്തരമൊന്നും കാണിയ്ക്കത്തില്ലായിരിയ്ക്കും.നമ്മള്  ഇന്‍ഡ്യക്കാരു ബ്ലഡി കണ്ട്രി ഫെന്റാസ്റ്റിക് ബട്ടന്‍സ്

അയ്യോ സായിപ്പ് പഞ്ച പാ‍വമല്ലേ.കള്ളത്തരമൊന്നും അറിഞ്ഞേകൂട. ഹരിശ്ചദ്രന്റെ കൊച്ച്മക്കളല്ലേ സായിപ്പന്മാര്‍.
ഞാന്‍ ചമ്മിയ ചിരിചിരിച്ചു.
ചലോ ഫിഷ് ആന്‍ഡ് ചിപ്സ്.

വീട്ടില്‍ വന്ന്പ്പോ ബീബീസീയില്‍ ഗംഭീര ബഹളം.
ഷെഫീല്‍ഡ്, ബിര്‍മിംഹാം ഒക്കെ ക്യൂവില്‍ നിന്നവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. ക്യൂവില്‍ നിന്നിട്ടുകൂടി പത്ത് മണിയായപ്പോ അവര്‍ സ്റ്റേഷന്‍ അടച്ചു. ചിലയിടങ്ങളില്‍ അതിനുമുന്‍പേ. കാരണം ബാലറ്റ് പേപ്പര്‍ തീര്‍ന്നുപോയി....

ഹ ഹ ഹ ബാലറ്റ്പേപ്പര്‍ തീര്‍ന്നു പോയാ. അത്ഗ്രേറ്റ്

ഇലക്ഷന്‍ നടത്തുന്ന ചേച്ചി ടീവീയിലിരുപ്പുണ്ട്.

നികേഷ്കുമാര്‍ ഫ്രം ബീ ബീ സീ ചോദിയ്ക്കുന്നു.
അപ്പൊ നിങ്ങള്‍ ക്യൂവില്‍ നിന്നവരെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലേ. എത്ര ദയനീയമാണത്. ഇലക്ഷന്‍ നടത്തുന്നതില്‍ ഒരു ഉദ്യോഗസ്ഥ എന്നനിലയില്‍ നിങ്ങള്‍ പരാജയപ്പെട്ടു എന്നു സമ്മതിയ്ക്കുന്നുവോ.?

അത്.പത്ത് മണിയ്ക്ക് ബൂത്ത് അടയ്ക്കണമെന്ന് നിയമമാണ്. ഞങ്ങള്‍ക്ക് നിയമം പാലിയ്ക്കലേയുള്ളൂ ജോലി. പുസ്തകത്തില്‍ കൃത്യമായി പറയുന്നത് അനുസരിയ്ക്കുക. നിയമം മാറ്റണമെങ്കില്‍ പൊതുജന സമ്മര്‍ദ്ദം മൂലം അത് മാറ്റട്ടേ. പക്ഷേ അതില്‍ അഭിപ്രായം പറയാന്‍ ഞാനാളല്ല.

അപ്പൊ ബാലറ്റ് പേപ്പര്‍ തീര്‍ന്നുപോയതോ.

അത്. പിന്നെ...അത് തികച്ചും ദൌര്‍ഭാഗ്യകരമാണ്. റിട്ടേണിങ്ങ് ഓഫീസറുടെ ചുമതലയാണ് ബാലറ്റ് പേപ്പറൊക്കെ കൊണ്ട് വരിക എന്നത്. അതിന്റെ വിശദാംശങ്ങളെപ്പറ്റി അന്വേഷണത്തിനു ഞങ്ങള്‍ ഉത്തരവിട്ടുകഴിഞ്ഞു.

ഇങ്ങനെയുള്ള സഭവങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു?ഒരു കണ്ടിന്‍‌ജന്‍സി പ്ലാന്‍ ഒന്നുമില്ലേ. ഇത് തികച്ചും ദൌര്‍ഭാഗ്യകരമല്ലേ. ജനങ്ങളുടെ വികാരമായി ഇത് നിങ്ങള്‍ കേള്‍ക്കൂ. (പിക്ചര്‍ ഇന്‍ പിക്ചറായി വോട്ടുചെയ്യാന്‍ ക്യൂവില്‍ നിന്ന ഒരു അമ്മൂമ്മയുടേ രോഷം. അമ്മൂമ്മ പറഞ്ഞപ്പോള്‍ ചുറ്റും കൂടിനിന്ന ജനം ഹിയര്‍ ഹിയര്‍ എന്നു വിളിച്ച്പറഞ്ഞു)

അത് നികേഷ്...നമ്മുടെ ഇലക്ഷന്‍ സിസ്റ്റം വിക്ടോറിയന്‍ കാലത്ത് ഉണ്ടാക്കിയതാണ്. അതില്‍ നിന്ന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇത്രയും വോട്ടിംഗ് ശമതാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചല്ല ആരുമൊന്നും ഈ സിസ്റ്റം ഉണ്ടാക്കിയിട്ടുള്ളത്.പണ്ടുകാലത്തുണ്ടാക്കി. ചില്ലറ മാറ്റങ്ങളോടെ ഇപ്പോഴും തുടരുന്നു.

അപ്പൊ അതാണ് കാര്യം പുണ്യ പുരാതനമായ ആര്‍ഷഭാരത വോട്ടിം സിസ്റ്റമാണ് സായിപ്പിന്.

ബലേഭേഷ്. വോട്ടിങ്ങ് ശതമാനം 60.4 ആയപ്പോ സിസ്റ്റം ചിലയിടങ്ങളിലെങ്കിലും തകര്‍ന്നു.

ബീ ബീ സീയില്‍ പറഞ്ഞ ഒരുകാര്യം എനിയ്ക്കിഷ്ടപ്പെട്ടു. പോളിങ്ങ് സ്റ്റേഷനുകളില്‍ മൂന്നാം ലോകത്തിലെപ്പോലെ നീണ്ട ക്യൂ കാണപ്പെട്ടുവെന്ന്.
”Third world type queue in polling station”

Wikipedia

Saturday, May 08, 2010

വൈറ്റില ആലുവാ വഴിയിലോടുന്ന വോള്‍വോ ബസുകള്‍


പതിവു പോലെ ആരെയൊക്കെയോ ശപിച്ചു കൊണ്ടു (അതു മൊബൈല്‍ കണ്ടുപിടിച്ചവനേയൊ കോളിംഗ് ബെല്ല് കണ്ടുപിടിച്ചവനേയൊ ഒക്കെ ആണെന്നു തോന്നുന്നു) ഞാന്‍ ഇന്നും ഉണര്‍ന്നു.

ദിവസത്തില്‍ 23 മണിക്കൂറും ജോലിയെ കുറിച്ചു മാത്രം ചിന്തിക്കാന്‍ വിധിക്കപ്പെട്ട എന്നെ പൊലെ ഒരാള്‍ക്ക്.....ഒരുപാടു പേരില്‍ ഒരാള്‍ക്ക് , പ്രഭാതം എന്നു പറയുന്നതു ഒരു തരം മരവിപ്പാണ്.....ഒരു ദിവസം മുഴുവനുള്ള മരവിപ്പിനെ കുറിച്ചൊര്‍ത്തുള്ള മരവിപ്പ്.

പിന്നെ പതിവു  പോലെ ചടങ്ങുകള്‍....പല്ല് തേപ്പ്...കുളി....വേഷം കെട്ടല്‍......ഇന്നു ആരെയൊക്കെ പറ്റിക്കണം എന്നതിന്റെ ഓര്‍മ്മപ്പെടലുകള്‍.....ഒടുവില്‍ തിരക്കു പിടിച്ചുള്ള ഓടലും.ഓടുന്നതിനിടയില്‍ മുകളിലെ ചടങ്ങുകളില്‍  ഒന്നു മാത്രമായ മാതൃ സ്നേഹവും.....ഫോണിലൂടെ......” ഹലൊ അമ്മ....തിരക്കാ.....ശമ്പളം കിട്ടിയില്ല..അയക്കാം....ലീവ് ഇല്ല....ഈ മാസം വെരാന്‍ പറ്റില്ല....നോക്കാം..... സുഖമല്ലേ.....വെക്കുന്നു...ബസ് വന്നു....”....കഴിഞ്ഞു.

ഇന്നു ഞാ‍ന്‍ പോകുന്ന ബസ് കുറച്ചു വൈകി.ബസ് എന്നു പറഞാല്‍ ....കേന്ദ്രം അമേരിക്കയുടെ കയ്യില്‍ നിന്നും കടം വാങ്ങി കേരളത്തിനു  നല്‍കിയ AC CITY BUS....നാലിരട്ടി പണം കൊടുക്കണമെങ്കിലും സംഗതി കുശാലാ‍.....
എ സി.....പാട്ട്.....ചുറ്റിലും മിണ്ടാതെ .... ചിരിയ്ക്കാതെ ഇരിക്കുന്ന വലിയ ആള്‍ക്കാര്‍....ആകെ കൂടി ഒരു കെട്ടിമാറാപ്പു തന്നെ.

ഞാന്‍ കയറി അടുത്ത  സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ അവിടെ നിന്നും ഒരു നാടോടി കുടുംബം ഈ ബസില്‍ കയറാനായി വന്നു.....കുളിക്കാതെ....കയ്യില്‍ കുറേ തുണി കെട്ടുകളുമായി ഒരു കുടുംബം.....ഒരു അച്ഛന്‍ അമ്മ മോന്‍ മോള്‍.......ആ കുഞ്ഞുങ്ങള്‍ ഈ ബസ് കണ്ടപ്പോള്‍ തുള്ളിച്ചാടുന്നുണ്ടായിരുന്നു.

ആ‍ അച്ഛന്‍ ബസിലേക്കു കയറി....

“കേറല്ലേ...കേറല്ലേ..ഇതു കണ്ട തെണ്ടികള്‍ക്കു കയറാനുള്ളതല്ല.....“കണ്ടക്റ്റര്‍ ഏമാന്‍ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു..അതു കേട്ടു ചിരിക്കാന്‍  ബാക്കി എമാന്‍മാര്‍....

അയാള്‍ കണ്ടക്ടറെ ഒന്നു നൊക്കി...എന്നിട്ടു പുറത്തു നിന്നും ആ തുണി കെട്ടുകളെയും കുട്ടികളേയും എടുത്ത് ബസ്സിനുള്ളിലെക്കു ഇട്ടു.....പുറകേ ആ സ്ത്രീയും കയറി.....

“ആലുവ വരെ ഒരാള്‍ക്കു 32 രൂപാ ആകും...കുട്ടികള്‍ക്ക് പകുതി എടുക്കണം....മൊത്തം 96 രൂപാ...കയ്യില്‍ കാശ് ഉണ്ടെങ്കില്‍ കയറിയാല്‍ മതി...ഇല്ലെങില്‍ ഇറങ്ങിയ്ക്കോണം....മനുഷ്യനെ മെനെക്കെടുത്താതെ.....” കണ്ടക്ടര്‍ വീണ്ടും പറഞ്ഞു....

അപ്പോള്‍ ആ‍ സ്ത്രീ ...ആ‍ കുട്ടികളുടെ അമ്മയാകും.....ആവാം......കയ്യില്‍ മുറുക്കി പിടിച്ചിരുന്ന ചുളുങ്ങി മുഷിഞ്ഞ ഒരു 100 രൂപാ നോട്ടു കണ്ടക്ടറുടെ കയ്യിലേക്കു കൊടുത്തു....പിന്നെ ആരും ഒന്നും മിണ്ടിയില്ല.....

അവര്‍ നാലു പേരും കൂടി ഞാന്‍ ഇരുന്നതിനു മുന്‍പിലായി വന്നു ഇരുന്നു.....അവര്‍ എതോ മായാ ലോകത്തു ഇരിക്കുന്നതു പോലെ ആയിരുന്നു.....ആ കുട്ടികള്‍ സീറ്റിലൊക്കെ കയറി ചാടി കളിച്ചു.....
ആ പെണ്‍കുട്ടി തലയൊക്കെ ചൊറിഞ്ഞു കൊണ്ട് ബസ്സില്‍ ഓടി കളിച്ചു....ആ അച്ഛനും അമ്മയും നിറഞ്ഞ കണ്ണുകളോടെ അതു നോക്കി കാണുന്നുണ്ടായിരുന്നു.....

എല്ലാവരും അവരെ തന്നെ നോക്കുകയായിരുന്നു......അതില്‍ പലരുടേയും നെറ്റി ചുളിയുന്നുണ്ടായിരുന്നു........

ഞാ‍ന്‍ ആ പെണ്‍കുട്ടിയെ നോക്കി ചിരിച്ചു...അവള്‍ നാണിച്ചു അവളുടെ അമ്മയുടെ അടുത്തു പോയി പതുങ്ങി  ഇരുന്നു...ആ അമ്മ അവരുടെ കീറിയ സാരിത്തലപ്പു കൊണ്ടു പുതപ്പിച്ചു കൊടുത്തു.....ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച ......എന്റെ മനസ്സ് വല്ലാണ്ടു വിങ്ങുകയായിരുന്നു.....

അപ്പോള്‍ ആ മനുഷ്യന്‍....ആ അച്ഛന്‍ എന്നോടായി പറഞ്ഞു....”കൊലന്തയുടെ ആശ.....താന്‍....തണ്ണി വാങ്ങര്‍തുക്കു പോലും ഇനി കാശു കിടയാതു....ആനാ......”....

ഞാന്‍ അയാളെ നോക്കി ചിരിച്ചു....മനസ്സു കരയുകയാ‍യിരുന്നെങിലും........

ബസ് ആലുവയില്‍ എത്തി....എല്ലാരും ഇറങ്ങി...ഞാനും......

പുറത്തിറങ്ങി ഞാന്‍ അവരെ തന്നെ നോക്കി നിന്നു......ആ‍ കുട്ടികള്‍ അമ്പിളി അമ്മാവനെ കിട്ടിയ സന്തോഷത്തില്‍ തുള്ളിച്ചാടുന്നുണ്ടായിരുന്നു...ആ അച്ഛന്‍ അവിടെ ഇരുന്നു ബീടി വലിക്കുന്നു.....ആ അമ്മ...അമ്മ....അവര്‍ എവിടെ.......ദൂരെ ഒരു മരത്തിന്റെ ചുവട്ടിലിരുന്നു അരോടൊക്കെയോ കൈ നീട്ടുന്നു.....അമ്മ...അമ്മ....ലീവ് ഇല്ല....ഈ മാസം വെരാന്‍ പറ്റില്ല....നോക്കാം..... സുഖമല്ലേ.....വെക്കുന്നു......ഞാന്‍ കരഞ്ഞു......അമ്മ...അമ്മ...



‌‌‌------------------------------------------------------------------------------------------------------------------------------------------------------------------
എന്റെ അനുജന്‍ അയച്ച കത്താണ്.അനുജന്‍ ജ്യേഷ്ടനയയ്ക്കുന്ന കത്തുകളില്‍ സ്വകാര്യതയുടെ അംശമുണ്ടാവും. എങ്കിലും ഈ രാത്രിയില്‍ അവനെ വിളിച്ചനുവാദം ചോദിയ്ക്കാന്‍ മിനക്കെടാതെതന്നെ ഇവിടെ പോസ്റ്റുചെയ്യുന്നു.


വികസനവും ഇന്‍‌ക്രെഡിബിളിന്‍ഡിയായും ട്വന്റീ ട്വന്റീയുമൊക്കെ (എല്ലാം നല്ലതുതന്നെ) അരങ്ങ് തകര്‍ക്കുമ്പോള്‍ ഇരന്നുനടക്കുന്ന കുറേപ്പേരെ കാണാനും അവര്‍ക്കൊരു ചിരികൊടുക്കാനും അവനു മനസ്സുണ്ടായെന്ന് വായിച്ചപ്പോ ഇവിടെയിങ്ങനെയൊരു സൈബര്‍ സ്പേസ് പിന്നെയെന്തിനാണ്? പറഞ്ഞ് പഴകിയ നാടോടിക്കഥയാകാം എത്ര പഴകിയിട്ടും നാടോടി നാടോടിയായും അമ്മ അമ്മയായും തന്നെയിരിയ്ക്കുന്നു. പഴയതാകാതെ തന്നെ. 
--------------------------------------------------------------------------------------------------------------------------------------------------------------------