Wednesday, August 28, 2019

എന്റെ മതം



ഞാൻ നബിദിനം ആഘോഷിയ്ക്കാറില്ല, ക്രിസ്തുമസ് ആഘോഷിയ്ക്കാറില്ല. ബുദ്ധപൂർണ്ണിമ ആഘോഷിയ്ക്കാറില്ല. ഈസ്റ്ററോ ഈദോ ആഘോഷിക്കാറില്ല. ഇഫ്താർ പാർട്ടികൾ നടത്താറില്ല.ബൈശാഖിയ്ക്ക് പ്രത്യേക ആഘോഷമൊന്നുമില്ല. എന്റെ നാട്ടിൽ പള്ളിയില്ല. അതോണ്ട് പള്ളിപ്പെരുന്നാൾ കൂടിയിട്ടില്ല.. വീട്ടിലായിരുന്നപ്പോൾ ഓണം, വിഷു, ശ്രീകൃഷ്ണജയന്തി, അമ്പലത്തിലെ ഉത്സവം, ദീപാവലി, പിന്നെ വൈക്കത്തഷ്ടമി, അഷ്ടമിരോഹിണി എന്നിവയൊക്കെ ചെറുതായോ വലുതായോ കമ്പോളം ആവശ്യപ്പെടുന്ന നിലയിൽ ആഘോഷിയ്ക്കും. സ്വയം ആചരിയ്ക്കുന്നത് നവരാത്രി മാത്രമാണ്. അതും എല്ലാക്കൊല്ലവുമൊന്നുമില്ല, തോന്നിയാൽ മാത്രം.
ക്രിസ്തുമതം ഇസ്ലാം മതം തുടങ്ങിയ ചുറ്റുമുള്ളവരുടെ ആയിരക്കണക്കിനു മതങ്ങളോട് ഒരു ‘ടോളറൻസും‘ എനിയ്ക്കില്ല. ഞാനവരെ ടോളറേറ്റ് ചെയ്യുകയല്ല, സഹിയ്ക്കുകയല്ല, നീ ആളു ശരിയല്ല പക്ഷേ സഹിയ്ക്കുന്നു എന്ന മനോഭാവമല്ല എനിക്കുള്ളത്. അവരെ അവരായി സർവാത്മനാ അംഗീകരിയ്ക്കുകയാണ്. മറ്റു മതക്കാർ മോശക്കാരാന്നോ അവരുടെ മത ആചരണങ്ങൾ മോശം കാര്യമാണെന്നോ എനിയ്ക്ക് തോന്നാറില്ല. ഗ്രാമദേവതകളെ എല്ലാവരും ചേർന്ന് ആഘോഷമായി ആരാധിയ്ക്കുന്നത് മുതൽ ജീവിതം മുഴുവൻ..പതിറ്റാണ്ടുകളോളം ഏകാന്തത്തിൽ ധ്യാനിക്കുന്നതുവരെയുള്ള ഉപാസനാമാർഗ്ഗങ്ങൾ കണ്ടിട്ടുണ്ട്.
മിക്കവാറും ഉപാസനാമാർഗ്ഗങ്ങളൊക്കെ, ഞാനാചരിയ്ക്കുന്നതുൾപ്പെടെ യുക്തിരഹിതമാണ് എന്നതുകൊണ്ട് ഒരു മതത്തിന്റെ ഉപാസനാരീതികളിലും ഒരു യുക്തിയും തിരഞ്ഞ് പോകാറില്ല. ഓരോരുത്തർക്കും ഓരോരുത്തരുടെ വഴി എന്നേ ഉള്ളൂ. ആത്മാർത്ഥതയോടെയാണെങ്കിൽ ഏത് വഴിയ്ക്കും മുന്നോട്ടുപോക്കുണ്ടാകും എന്ന് മുന്നോട്ടുപോയവർ എന്ന് ഞാൻ കരുതുന്നവർ ഉറപ്പ് പറഞ്ഞിട്ടുണ്ട്. ഞാൻ വിശ്വസിക്കുന്ന ഒരു രീതി പ്രകാരം മതങ്ങൾ പൊതുവേ പറയുന്ന ആ ഉയർന്ന അവസ്ഥയിലേക്കെത്താൻ ആകെ ഒരു മനുഷ്യനു വേണ്ട ഗുണം “ക്ഷമ ആർജ്ജവം ദയ സത്യം സന്തോഷം“ എന്നീ അഞ്ച് കാര്യങ്ങൾ മാത്രമാണ്. അതുണ്ടേൽ ഏത് മതക്കാരനും മുന്നോട്ടുപോകും. ഒരു ഭാരതീയനെന്ന നിലയിൽ എന്നെ അതാണെന്റെ സംസ്കാരത്തിലെ നല്ലത് പഠിപ്പിച്ചിട്ടുള്ളത്.. ആ ഉറപ്പാണെന്റെ സംസ്കാരത്തിലെ ഞാൻ നന്മയെന്ന് കരുതുന്നത് എനിയ്ക്ക് തന്നിട്ടുള്ളത്. അതുകൊണ്ട് പരമതനിന്ദയോ പരമതദ്വേഷമോ ഞങ്ങളുടെ അജണ്ടയിലില്ല.
എന്നാൽ ചിലമതങ്ങൾ എന്നെയും എന്റെ ബന്ധുക്കളേയും എന്റെ സംസ്കാരത്തേയും പാപി, കാഫിർ, അവിശ്വാസി, മോശക്കാരൻ, സത്യത്തിനോ ദൈവചിന്തയ്ക്കോ അർഹതയില്ലാത്തവൻ എന്നൊക്കെ മുദ്രകുത്തുന്നുണ്ടെന്ന് എനിക്കറിയാം. അവർക്ക് ഈ സംസ്കാരത്തെത്തന്നെ തുടച്ചുമാറ്റി അവരുടെ വിശ്വാസസംഹിതകൾ അടിച്ചേൽപ്പിക്കണം എന്നതാണ് അജണ്ടയെന്നും എനിക്കറിയാം. ചരിത്രത്തിൽ അവർ തന്നെ അങ്ങനെ ചെയ്തത് നിറയേ കാണുന്നുണ്ട്. അവരുടെ ആ മനോഭാവം എപ്പോഴും ഈ സമൂഹത്തിലും ഇന്ന് നേരിട്ട് കാണുന്നുണ്ട്. സർവധർമ്മസമഭാവനയുള്ളവനാണ് ഞാൻ. പക്ഷേ പുലിയും ബ്രഹ്മം ആശാനും ബ്രഹ്മമാണേൽ പുലി വരുമ്പോൾ നെഞ്ചും വിരിച്ച് ബ്രഹ്മമല്ലേ വരുന്നത് എന്നും പറഞ്ഞ് മുന്നിൽച്ചെന്ന് നിൽക്കാൻ എനിക്കാവില്ല.അത് ആനമണ്ടത്തരമാണ്. ആശാൻ ബ്രഹ്മം ഓടടാ എന്നാണ് പറയുന്നത്.
അപ്പോൾ എത്ര സർവധർമ്മസമഭാവനയുണ്ടെങ്കിലും ചില ചിന്താധാരകളെപ്പറ്റി അൽപ്പം ശ്രദ്ധിച്ച് നിൽക്കണമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അതായത് അമ്പതുപൈസ അമ്പലത്തിലിട്ടാൽ ദൈവം നല്ലതുവരുത്തുമെന്ന് ഒരുവൻ വിശ്വസിച്ചാൽ ആ വിശ്വാസം പരമാവധി അവനുവരുത്തുന്ന നഷ്ടം അമ്പതുപൈസയായിരിയ്ക്കും. അതേ സമയം അയലത്തുകാരന്റെ തലതല്ലിപ്പൊട്ടിച്ചാൽ എനിയ്ക്കെന്റെ ദൈവം നല്ലതുവരുത്തുമെന്ന് ഒരുത്തൻ വിശ്വസിച്ചാൽ അത് ചിലപ്പോൾ വലിയ നഷ്ടങ്ങൾ വരുത്തിയേക്കും. അത്തരത്തിലൊരു റിസ്ക് അസസ്മെന്റ് എപ്പോഴും നമ്മൾ ചെയ്യാറുണ്ട്. അതുകൊണ്ട് എല്ലാ മതങ്ങളും “തുല്യമല്ല”. കൂടെനിൽക്കുന്നവനെ വേർതിരിയ്ക്കുന്നത് ഏത് മതമായാലും അത് “മോശം” തന്നെയാണ്.
ഇനി ഇവരൊക്കെ കൂടെ നിൽക്കുന്നവനെ വേർതിരിയ്ക്കുന്ന മതങ്ങൾ ആണെന്നും അവരുടെ സംസ്കാരം നമ്മെ നിർബന്ധമായി അടിച്ചേൽപ്പിക്കാൻ ശ്രമിയ്ക്കുന്ന മതങ്ങൾ ആണെന്നും ഞാൻ പക്ഷപാതപരമായി പറയുന്നതാണോ? ആണോ എന്നെനിക്ക് പറയാനാവില്ല. കാരണം എന്റെ ബയാസ് എന്റെ ബ്ലൈൻഡ്സ്പോട്ടാണ്. പക്ഷേ എന്നെ ആ നിഗമനത്തിലേക്കെത്തിച്ച വാദങ്ങൾ പറയാം, ഈജിപ്റ്റ് അറബിരാജ്യമായിരുന്നില്ല, ലെബനോൻ അറബിരാജ്യമായിരുന്നില്ല, ലിബിയ അറബിരാജ്യമായിരുന്നില്ല, പാകിസ്ഥാൻ അറബിരാജ്യമായിരുന്നില്ല, അഫ്ഗാനിസ്ഥാൻ അറബിരാജ്യമായിരുന്നില്ല, കാശ്മീർ അറബിരാജ്യമായിരുന്നില്ല, ഇറ്റലി ക്രിസ്ത്യൻ രാജ്യമായിരുന്നില്ല, അമേരിക്ക ക്രിസ്ത്യൻ രാജ്യമായിരുന്നില്ല, സ്പെയിൻ ക്രിസ്ത്യൻ രാജ്യമായിരുന്നില്ല, ജർമ്മനി ക്രിസ്ത്യൻ രാജ്യമായിരുന്നില്ല, തെക്കേ അമേരിക്ക ക്രിസ്ത്യൻ രാജ്യമായിരുന്നില്ല, സ്പാനിഷോ പോർച്ചുഗീസോ ആയിരുന്നില്ല അവിടുത്തെ ഭാഷകൾ, വടക്കേ അമേരിക്കയിലെ ആദിമനിവാസികൾ ഇന്ന് അവിടെ ചില കുടികളിൽ മാത്രമേ ഉള്ളൂ….യസീദികൾ ഇന്ന് ബാക്കിയില്ല, നളന്ദയും തക്ഷശിലയുമില്ല, ടാ‍സ്മാനിയക്കാരെ കൊന്ന് അവർക്ക് വംശനാശം വന്നു, അബോറീജിൻ ആസ്ട്രേലിയക്കാർ ഇന്ന് ബാക്കിയില്ല, ഇവിടത്തെയെല്ലാം ആദിമവാസികളും ആദിമസംസ്കാരങ്ങളും സ്വാഭാവികമായി ഇല്ലാതായതല്ല, നൂറ്റാണ്ടുകളിലൂടെ സിസ്റ്റമാറ്റിക്കായി കൊന്നൊടുക്കിയതും തച്ചുതകർത്തതുമാണ്.
ഒരു സമൂഹമെന്ന നിലയിൽ നമുക്ക് ഒരുമിച്ച് ജീവിയ്ക്കണമെങ്കിൽ അത്യാവശ്യം വേണ്ട സാധനം അടുത്തുള്ളവരെ അംഗീകരിയ്ക്കുകയാണ്. ടോളറേറ്റ് ചെയ്യുകയല്ല, അംഗീകരിയ്ക്കുക... തൊട്ടടുത്തിരിയ്ക്കുന്നവൻ താൻ ഏറ്റവും പരമപ്രധാനമായി കരുതുന്ന ഏറ്റവും വലിയ നന്മയ്ക്ക് അർഹനല്ലെന്നും അവനോട് അടുത്താൽ ലോകത്തിലെ ചീത്ത ശക്തി (അത് സാത്താനെന്നോ പിശാചെന്നൊ എന്തായാലും) എന്നെ ഉപദ്രവിക്കുമെന്നും ഒക്കെ പാരനോയ്‌യ പിടിച്ച് ജീവിക്കേണ്ടി വരുന്നത് ഏറ്റവും കുറഞ്ഞപക്ഷം മനോരോഗമാണ്.
ഹാലൂസിനേഷൻ എനിയ്ക്കുമാവാം.ഞാൻ ഹാലൂസിനേറ്റ് ചെയ്യുന്നത് മറ്റുള്ളവരെ സ്നേഹിക്കൂ എന്നാണെങ്കിൽ അത് ഭ്രാന്താണെങ്കിലും കുഴപ്പമില്ലാത്ത ഭ്രാന്ത് എന്നേ കരുതാനാകൂ. എന്നാൽ അവൻ കൊള്ളൂല്ല അവനെ നശിപ്പിക്കൂ എന്ന് ഹാലൂസിനേറ്റ് ചെയ്യിക്കുന്ന ഇനം ഭ്രാന്ത് ചുരുങ്ങിയപക്ഷം ചികിത്സ ആവശ്യപ്പെടുന്നു എന്നേ പറയാനാകൂ.
അതായത് തന്റെ വിശ്വാസം അംഗീകരിക്കാത്തവൻ, അവനാരായാലും മോശക്കാരനാണെന്ന് പറയുന്ന മതമുണ്ടെങ്കിൽ ആ ഗ്രൂപ്പ് മനുഷ്യരെ ലോകത്തെ ഒരു സ്വതന്ത്രസമൂഹത്തിലും അംഗീകരിച്ചുകൂടാത്തതാണ്. ഒരു സമൂഹവും അത്തരം ചിന്താധാരകളെ അനുവദിക്കുകയും ചെയ്തുകൂടാത്തതാണ്. നിങ്ങൾക്ക് സർവധർമ്മസമഭാവന ശീലിക്കാനായില്ലേൽ വീട്ടിനകത്തിരിയ്ക്കണം.
അതുകൊണ്ട് അത്തരക്കാരുള്ള ഒരു പൊതുസമൂഹത്തിൽ നമ്മുടെ സർവ്വധർമ്മസമഭാവനയ്ക്ക് പുലിബ്രഹ്മം ആശാൻബ്രഹ്മം എന്നിങ്ങനെ കണ്ടീ‍ഷൻസ് അപ്ലൈ ആണെന്ന് സാരം.

ഇതാണ് ഒരു ഹിന്ദുവായ എന്റെ മതം.

(ചിത്രം: കണ്ടെത്തിയതിൽ സാമാന്യം പഴക്കമുള്ള സിന്ധുനദീതടസംസ്കാരത്തിന്റെ അവശേഷിപ്പുകളിൽ നിന്ന് ലഭിച്ച ഒരു യോഗിയുടെ രൂപം)

1 comment:

  1. ഒരു സമൂഹമെന്ന നിലയിൽ നമുക്ക് ഒരുമിച്ച് ജീവിയ്ക്കണമെങ്കിൽ അത്യാവശ്യം വേണ്ട സാധനം അടുത്തുള്ളവരെ അംഗീകരിയ്ക്കുകയാണ്. ടോളറേറ്റ് ചെയ്യുകയല്ല, അംഗീകരിയ്ക്കുക... തൊട്ടടുത്തിരിയ്ക്കുന്നവൻ താൻ ഏറ്റവും പരമപ്രധാനമായി കരുതുന്ന ഏറ്റവും വലിയ നന്മയ്ക്ക് അർഹനല്ലെന്നും അവനോട് അടുത്താൽ ലോകത്തിലെ ചീത്ത ശക്തി (അത് സാത്താനെന്നോ പിശാചെന്നൊ എന്തായാലും) എന്നെ ഉപദ്രവിക്കുമെന്നും ഒക്കെ പാരനോയ്‌യ പിടിച്ച് ജീവിക്കേണ്ടി വരുന്നത് ഏറ്റവും കുറഞ്ഞപക്ഷം മനോരോഗമാണ്.

    ReplyDelete