അമ്മയെ കണ്ടിട്ടുണ്ടോ എന്നത് അമൃതാ അശുപത്രിയില്‍ ഇന്റര്‍വ്യൂവിന്റെ ഒരു സ്ഥിരം ചോദ്യമാണ്. ഇല്ലെന്ന് പറഞ്ഞു. ഈ സ്ഥാപനങ്ങളുടെയെല്ലാം ഒരു സീ ഈ ഓ എന്ന നിലയിലെങ്കിലും പോയൊന്ന് കാണണ്ടേ എന്നോ മറ്റോ അവിടെയിരുന്ന ഒരാള്‍ ചോദിച്ചതായി ഓര്‍ക്കുന്നണ്ട് .
പന്തളം എന്‍ എസ് എസ് മെഡിയ്ക്കല്‍ മിഷനില്‍ ജോലിയ്ക്ക് ജോയിന്‍ ചെയ്യാനായി പെരുന്നയിലെ നായന്മാരുടെ ആസ്ഥാനത്തെ ആപ്പീസില്‍ ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോള്‍ അവിടത്തെ തന്നെ ഒരു കാറില്‍ കയറ്റി ശ്രീ. നാരായണപ്പണിയ്ക്കരുടെ വീട്ടില്‍ കൊണ്ട് പോയി ജോലിയ്ക്കെടുക്കുന്നുവെന്ന കത്തില്‍ ഒപ്പിടുവിച്ചത് ഓര്‍ക്കുന്നു.കൃഷ്ണനെക്കണ്ട ത്രിവക്രയുടെ നിലയിലായിരുന്നു അന്ന് . ആയിരത്തഞ്ഞൂറ് രൂപാ മാസശമ്പളമുള്ള ജോലിയ്ക്ക് ജോയിന്‍ ചെയ്യാന്‍ ചെന്നതാണ്. കാറും ഡ്രൈവറും ടീവിയില്‍ മാത്രം കണ്ട് ശീലിച്ച സെലിബ്രിറ്റി പണിയ്ക്കരദ്ദേഹവും ആ ഇരുപത്തൊന്നുകാരനെ ആകെ വിരട്ടിക്കളഞ്ഞു.
പിന്നീടൊരിയ്ക്കല്‍ അമൃതാ ആശുപത്രിയില്‍ ചേര്‍ന്ന് കഴിഞ്ഞ ശേഷം സീ ഈ ഓ ആയല്ല സത്യജ്ഞാനിയും ഗുരുവുമായ അമ്മയെ കാണാന്‍ പോയതുമോര്‍ക്കുന്നു. അമ്മയെ കാണാന്‍ അടുത്തെത്തിയപ്പോള്‍ കണ്ടവരെല്ലാം കരയുന്നു. സായിപ്പന്മാരും നാട്ടുകാരുമൊക്കെ കുട്ടികളെപ്പോലെ അമ്മാ അമ്മാന്നു വിളിച്ച് കരയുന്നു. നാലുപാടും അതിഭീകര വെളിച്ചം. മധുരമനോഹരമായ ഗാനാമൃതധാര. അമൃതാനന്ദമയി എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാനും ഇരുന്ന് കരയാന്‍ തുടങ്ങി.
അന്നുവരെ ആകെ അഹങ്കരിച്ച് മദിച്ചിരുന്ന മധു എന്ന വ്യക്തിയ്ക്ക് മേല്‍ പൂര്‍ണ്ണ നിയന്ത്രണമെന്ന് വിചാരിച്ചിരുന്ന എന്നിലെ ബുദ്ധിയ്ക്ക് ഈ ദേഹം നിയന്ത്രണം വിട്ട് കരയുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആകെ അന്തം വിട്ട് പോയി. പിന്നീട് കുറേ നാള്‍ അതൊരു നാണക്കേടായി കൊണ്ട് നടന്നു.എന്നെപ്പോലും നിയന്ത്രിയ്ക്കാനാവാത്ത ഞാനിനെ ശരിയ്ക്കും അന്ന് കണ്ടു.
ഇവിടെ വന്ന ശേഷം ജോലി സംബന്ധമായി ഹിപ്നോസിസിന്റെ ചില കോഴ്സുകള്‍ക്ക് പോയിട്ടുണ്ട്.
ശരിയാണ് അവസരമുണ്ടെങ്കില്‍ സീ ഈ ഓ യെ കാണണം.
ഇനി വിമര്‍ശനത്തിന്റെ കാര്യമെടുക്കാം. അതു ചിലപ്പോല്‍ വലിയ തമാശ ആകാറുണ്ട്. ആദ്യം അവര്‍ കെട്ടിപ്പിടിയ്ക്കുന്നതിലെ അശ്ലീലതയാണ് കാണുക. പിന്നെ ഇത്രയും പണം വരുന്നതിലെ അസ്വാഭിവകത. അമൃതാനന്ദമയിയെപ്പറ്റിയോ അവരുടെ മഠത്തെപ്പറ്റിയോ ഒട്ടെങ്കിലും അറിയാവുന്നവര്‍ക്ക് അത് കാണുമ്പോള്‍ തമാശ തോന്നും.
ആദ്യം പണം. അവരുടെ കൂടെ എല്ലാം ഉപേക്ഷിച്ച് സന്യാസിമാരായി ജീവിയ്ക്കുന്ന ഏതാണ്ട് ആയിരത്തോളം പേരുണ്ട്. ഇവരുടെയെല്ലാം പൂര്‍വാശ്രമത്തിലെ അല്‍പ്പം പണം മഠത്തിനായി നല്‍കിയാല്‍ തന്നെ ഒരുപാട് പണം വരും. അവര്‍ മഠത്തിലെ പല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതു മൂലമുള്ള മാനുഷിക വിഭവ മൂല്യം അളക്കാന്‍ പറ്റുന്നതല്ല. അമൃതാ ആശുപത്രിയില്‍ തന്നെ ന്യൂറോസര്‍ജന്‍, ഓങ്കോളജിസ്റ്റ് , നേഴ്സിംഗ് സ്പെഷലിസ്റ്റുകള്‍ ഉള്‍പ്പെടെ പത്തോ പതിനഞ്ചോ അതിവിദഗ്ധ ഭിഷഗ്വരന്മാര്‍ ബ്രഹ്മചാരികളുണ്ട്. മിക്കവാറും മറ്റെല്ലാ സപ്പോര്‍ട്ടീവ് സേവനങ്ങളും നല്‍കുന്ന വകുപ്പുകളിലും ഐ ഐ ടീ തുടങ്ങിയിടത്തു നിന്നൊക്കെ പഠിച്ചിറങ്ങിയ എഞ്ചിനീയര്‍മാര്‍, ദേശ വിദേശങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമൊക്കെ വന്നെത്തിയ മാനേജ്മെന്റ് വിദഗ്ധന്മാര്‍,ചാര്‍ട്ടേര്‍ഡ് കണക്കപ്പിള്ളമാര്‍ ഒക്കെയായി നൂറുകണക്കിനാള്‍ക്കാര്‍ അന്തേവാസികളായും ബ്രഹ്മചാരികളായും അല്ലാതേയും ജോലി ചെയ്യുന്നു. മൂന്നു നേരം ലളിതമായ വെജിറ്റേറിയന്‍ ശാപ്പാടും കിടക്കാന്‍ ഒരു കട്ടിലുമാണ് അവര്‍ തിരിച്ചെടുക്കുന്നത്. നേരിട്ട് വ്യക്തമായി അറിയാവുന്നതാണത്. വളരെച്ചെറിയ ശമ്പളത്തിന് (പതിനായിരത്തിനു താഴെ) വാങ്ങിച്ച് അവിടെ ജോലി ചെയ്യുന്ന നൂറുകണക്കിന് റിട്ടയേഡ് വിദഗ്ധന്മാരേയും കാണാം. വിദഗ്ധരല്ലാതെ റിഷപ്ഷനിസ്റ്റ് മുതല്‍ കെട്ടിടനിര്‍മ്മാണ മേല്‍നോട്ടവും മറ്റുമായി നടക്കുന്ന ബ്രഹ്മചാരി/ അനുചരവൃന്ദം വേറെ. അവരുടെയെല്ലാം ശമ്പളത്തില്‍ നിന്നു തന്നെ അല്ലെങ്കില്‍ അവരുടെ അധ്വാനത്തിനു മൂല്യമായിത്തന്നെ അമൃത മഠം ഉണ്ടാക്കുന്ന പണം കോടികള്‍ വരും. ഓരോരോ മാസവും.
അമൃതാനന്ദമയിയ്ക്ക് പലരും പണം നല്‍കാന്‍ പോകുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. എനിയ്ക്ക് വളരെ അടുപ്പമുള്ളവര്‍ ബിസിനസ്സുകാരൊക്കെ ലക്ഷക്കണക്കിനു രൂപാ അവര്‍ക്ക് ഒരോരോ സമയത്തും നല്‍കുന്നത് വ്യക്തമായി അറിവുള്ളതാണ്. എനിയ്ക്കറിയാവുനവര്‍ അവരുടെ അനുചരരിലെ മധ്യവര്‍ഗ്ഗമാണ്.അപ്പോള്‍ ബാക്കിയുള്ളവര്‍ എത്ര നല്‍കുന്നുണ്ടാകും?
മറ്റൊരു വരുമാനമാര്‍ഗ്ഗം അമൃതാനന്ദമയി നടത്തുന്ന ലോക പര്യടനങ്ങളാണ്. നമ്മള്‍ വിചാരിയ്ക്കും കാശു ചിലവാക്കിയാണ് അവര്‍ പര്യടനം നടത്തുന്നതെന്ന്. അവര്‍ ദര്‍ശനത്തിനു ഫീസു വാങ്ങാറുമില്ല. പക്ഷേ ഒരോരോ പര്യടനവും മഠത്തിനു ഒത്തിരി വരുമാനമുണ്ടാക്കുന്നുണ്ട്. സത്സംഗങ്ങളും മറ്റും നടക്കുന്നയിടത്ത് ആള്‍ക്കാര്‍ക്ക് ചായ ഉണ്ടാക്കി കൊടുക്കുന്നതുമുതല്‍ മഠത്തില്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ മാല രുദ്രാക്ഷം മണി ചന്ദനം രക്തചന്ദനം മുതല്‍ "അമ്മപ്പാവ" വരെ ഒരുപാടു വിറ്റു പോകുന്നുണ്ട്. നല്ല ലാഭവും ഉണ്ടാകുന്നുണ്ട്. നല്ല ഗുണ നിയന്ത്രങ്ങളൊടെ ഉണ്ടാക്കുന്ന വസ്തുക്കളായതുകൊണ്ട് വാങ്ങുന്നവര്‍ക്കും നഷ്ടമില്ല. ശബരിമല സീസണില്‍ സന്നിധാനത്തുള്ള മഠത്തിന്റെ സ്റ്റാളിലെ തിരക്ക് മാത്രം ഊഹിയ്ക്കുക.
അപ്പോള്‍ അമൃതാനന്ദമയിയ്ക്ക് പണമുണ്ടാക്കാന്‍ വിദേശത്തു നിന്ന് കണക്കില്ലാതെ ഒഴുകി വരുന്ന പണമൊന്നും വേണ്ടാ. ഇങ്ങനെ കിട്ടുന്ന പണം നല്ല ബുദ്ധിയോടു കൂടി അത് പെരുകുന്ന വ്യവസായങ്ങളില്‍ തന്നെയാണ് അവര്‍ നിക്ഷേപിയ്ക്കുന്നതും. വിദ്യാഭ്യാസം, ആതുരശൃശ്രൂഷ ഒക്കെയായി ഒന്നിനു പത്തായി ഓരോരൊ നയാപൈസയും നിക്ഷേപിച്ചിരിയ്ക്കുന്നു.
അതൊക്കെ കൊണ്ട് തന്നെ നിയമവിധേയമല്ലാതെ അമൃതാമഠം പണം ഉണ്ടാക്കുന്നുവെന്ന് ആര്‍ക്കെങ്കിലും തെളിയിയ്ക്കാമെന്ന് തോന്നുന്നില്ല.
പണം എങ്ങനെ ആദ്യം ഉണ്ടായി എന്നതും അത്ഭുതമാകേണ്ടതില്ല. വളരെ ചെറുപ്പം മുതലേ നാട്ടുകാരും പരദേശികളും കേട്ടറിഞ്ഞും അല്ലാതേയും സുധാമണിയെ കാണാന്‍ എത്തുമായിരുന്നു. ബോധം മറയുമ്പോള്‍ ഉണ്ടാകുന്ന പ്രവചനങ്ങള്‍ കേള്‍ക്കുകയായിരുന്നു ആദ്യമൊക്കെ ആള്‍ക്കാരുടെ ഉദ്ദേശം. പലതും ശരിയായി വന്നുവെന്ന് കേട്ടപ്പോള്‍ ആളുകൂടി.ഇത്രയും വലിയ പ്രസ്ഥാനമാകുന്നതിനു മുന്നേതന്നെ എണ്‍പതുകളുടെ പകുതിയില്‍ മുതലേ അവരെ കാണാന്‍ സ്ഥിരമായി മദ്രാസില്‍ നിന്നൊക്കെ എത്തുന്ന വന്‍ വ്യവസായികളെ എനിയ്ക്ക് നേരിട്ടറിയാം. അന്നൊക്കെ മഠവും മറ്റും ഇത്ര വലിയതൊന്നുമല്ല.അതുപോലെ എത്ര പേര്‍. വിദേശ ശിഷ്യരായി ആദ്യമെത്തീയ പരമാത്മാനന്ദസ്വാമിയും (നീല്‍) മറ്റും നല്ല പണമുള്ള കുടുബക്കാരായിരുന്നു.ഒന്നോ രണ്ടൊ ആദ്യത്തെ വിദേശ ശിഷ്യന്മാര്‍ക്ക് നിയമപരമായി നാട്ടില്‍ താമസിയ്ക്കാനായാണ് മഠം രജിസ്റ്റര്‍ ചെയ്യുന്നതു തന്നെ എന്ന് വായിച്ചിട്ടുണ്ട്.റോണ്‍ ഗോട്സിജന്‍ എന്ന മറ്റൊരു ശിഷ്യന്‍ സ്വന്തമായി ഉണ്ടായിരുന്ന ഒരു ബഹുരാഷ്ട്രകമ്പനി വിറ്റ പണവുമായാണ് കേരളത്തിലേയ്ക്ക് വന്നത്. പല ഉപകരണങ്ങളും- കോടിക്കണക്കിന് വിലയുള്ളത് അമൃതാ ആശുപത്രിയ്ക്ക് ആ ഉപകരണങ്ങളുണ്ടാക്കുന്ന കമ്പനികള്‍ തന്നെ സംഭാവനയായി കൊടുത്തിട്ടുണ്ട്.
ഇനി കെട്ടിപ്പിടുത്തം. അതും വലിയ ഒരു തമാശ തന്നെ.
സുന്ദരിയായ ഒരു പെണ്‍കുട്ടി വരുന്ന ആണുങ്ങളെയെല്ലാം കെട്ടിപ്പിടിയ്ക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ശരാശരി കേരളീയനു കുളിരു കോരും.പെങ്ങള്‍ ആങ്ങളയെ കെട്ടിപ്പിടിച്ചാലും ഇരുത്തി മൂളുന്ന സമൂഹമാണ്. അപ്പൊ കഥ പറയാനുണ്ടോ. ലൈംഗികമായ അടിച്ചമര്‍ത്തലില്‍ നിന്ന് വരുന്ന അസൂയ. ‘ലസൂയ‘ എന്നു പറയാം. അപ്പോള്‍ സദാചാരമുണരും.യൂറോപ്യന്‍ സദാചാരി മിഷനറിമാര്‍ വന്ന് പഠിപ്പിച്ചിട്ട് പോയ സദാചാരം.യുക്തിവാദിസംഘക്കാര്‍ ഫ്രോയിഡിനെയൊക്കെ കൂട്ടു പിടിച്ച് വാദിച്ചാലും കാര്യം അതു തന്നെ.
(മധ്യകാല സദാചാരമൊക്കെ വിട്ടെങ്കിലും ഇവര്‍ പാശ്ചാത്യര്‍ക്ക് ഇപ്പൊ ലൈംഗികപ്പേടി വേറൊരു രീതിയിലാണ്. ഇംഗ്ലണ്ടില്‍ വന്ന കാലത്ത് നാട്ടില്‍ നിന്നു തന്നെ വന്ന വളരെഅടുത്തൊരു സുഹൃത്ത് കാണാന്‍ വന്നു. അദ്ദേഹം നാട്ടിലെപ്പോലെ തോളില്‍ കയ്യിട്ട് വഴിയിലൂടെ നടന്നു. പിറ്റേന്ന് ജോലിയ്ക്ക് ചെന്നപ്പോ കൂടെ ജോലി ചെയ്യുന്ന ഒരു സര്‍ദാര്‍ജീ ആണ് ഞങ്ങളോട് പറഞ്ഞത്. “ടേയ് ഇന്നലെ വഴിയിലൂടെ നിങ്ങള്‍ തോളില്‍ കയ്യിട്ട് നടക്കുന്നതു കണ്ടു. നാട്ടില്‍ നമ്മുടെ ശീലമാണത്. പക്ഷേ ഇവിടെ നടന്നാല്‍ നീ കുണ്ടനാണെന്ന് വിചാരിയ്ക്കും”.കുണ്ടനാണെന്ന് സായിപ്പ് പറഞ്ഞാല്‍ എനിയ്ക്കൊരു ചുക്കുമില്ല. പക്ഷേ എന്നെങ്കിലും പിന്നെയും പിന്നെയും പടികടന്നെത്തുന്ന മദാമ്മമാരുടെ പദനിസ്വനം എന്ന സ്വപ്നം ഇനി അതുകാരണം നശിച്ചുപോകേണ്ട എന്ന് കരുതി പിന്നെ തീണ്ടപ്പാട് ആചരിക്കാറുണ്ട്. അഞ്ച് കൊല്ലം കഴിഞ്ഞിട്ടും മദാമ്മമാരുടെ പദനിസ്വനം കിനാവില്‍ മാത്രമാണെന്നത് സങ്കടം.:) )
അപ്പൊ അമൃതാനന്ദമയിയുടെ കാര്യം.
ഹഗ്ഗിംങ് സെയിന്റ് എന്നാണല്ലോ മാധ്യമങ്ങള്‍ അവരെ വിളിയ്ക്കുന്നത്.കരുനാഗപ്പള്ളി, വള്ളിക്കാവ് ഓച്ചിറ ഒക്കെ നടന്നിരുന്ന ഒരു സിദ്ധനുണ്ടായിരുന്നത്രേ. എനിയ്ക്ക് നേരിട്ടറിയില്ല.എന്റെ ഒരു ബന്ധു പറഞ്ഞതാണ് .പ്രഭാകരസിദ്ധന്‍ എന്നാണെന്നു തോന്നുന്നു പേരു പറഞ്ഞത്. അദ്ദേഹം ഭ്രാന്തനെപ്പോലെ ഇങ്ങനെ നടക്കും. ചിലപ്പോഴൊക്കെ വഴിയില്‍ നടന്നു പോകുന്നവരെ അപ്രതീക്ഷിതമായി കെട്ടിപ്പിടിയ്ക്കും. ആദ്യമൊക്കെ ആള്‍ക്കാര്‍ അദ്ദേഹത്തെ തല്ലുകയൊക്കെ ചെയ്യുമായിരുന്നത്രേ. പിന്നെ സിദ്ധികളൊക്കെ കണ്ട് ജനം കൂടി.എന്തായാലും അദ്ദേഹത്തില്‍ നിന്നാണ് കെട്ടിപ്പിടിച്ച് അനുഗ്രഹിയ്ക്കുന്ന രീതി അമൃതാനന്ദമയിയ്ക്കുണ്ടായതെന്നാണ് അവരോട് അടുത്തയാളുകള്‍ തന്നെ പറയുന്നത്.
ഒറ്റനോട്ടത്തില്‍ സാമ്പത്തികമായോ മറ്റോ അവര്‍ ഭരണഘടനാവിരുദ്ധമായി ഒന്നും പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന് തോന്നുന്നെന്ന് പറഞ്ഞതാണ്. അതിന്റെ ആവശ്യമില്ല. പണ്ടൊക്കെ പറഞ്ഞിരുന്ന കഥ കടല്‍ത്തീരത്ത് ആശ്രമമുള്ളതുകൊണ്ട് മയക്കുമരുന്നുകളും മറ്റും എത്തിച്ച് സായിപ്പന്മാര്‍ക്ക് വിറ്റഴിയ്ക്കുന്ന സംഘമാണ് അവര്‍ എന്നായിരുന്നു. ഒരു മുക്കുവത്തിയായിപ്പോയതുകൊണ്ടുള്ള ഭാഗ്യദോഷം.അതിന്റെയൊന്നും ആവശ്യമില്ലാതെതന്നെ ധാരാളം പണം അവര്‍ക്കെത്തുന്നുണ്ട്.
അപ്പൊ അവര്‍ക്ക് ഇഷ്ടമുള്ളവര്‍ പണം കൊടുക്കുന്നു. അവര്‍ അത് ചിലവഴിയ്ക്കുന്നു. അവര്‍ സുഖലോലുപമായ ജീവിതം നയിയ്ക്കുന്നു എന്നതാണ് ചിലരുടെ ബുദ്ധിമുട്ട്. അവര്‍ക്ക് കിട്ടുന്ന പണം അവര്‍ സുഖമായി ചിലവഴിയ്ക്കുന്നു. എന്ത് സുഖലോലുപതയാണ്? അവര്‍ക്ക് വേണ്ടതെല്ലാം പരമാവധി സൌകര്യമായിരിയ്ക്കാന്‍ വേണ്ടത് ചെയ്യുന്നു. എന്നാലും ഇപ്പോഴും മുറ്റം തൂക്കുവാനും കക്കൂസ് കഴുകുവാനും കണ്‍സ്ട്രക്ഷന്‍ ജോലികളും മറ്റും നടക്കുന്നയിടത്തും ചിലപ്പോഴൊക്കെ അവര്‍ ജോലി ചെയ്യാറുണ്ട്. അവരുടെ അടുത്തുള്ളവരെക്കൊണ്ട് മട്ടുപ്പാവുകളിലിരിയ്ക്കാതെ അത്തരം ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിയ്ക്കാറുണ്ട്. അവരുടെ ഏറ്റവും അടുത്ത, ആശ്രമത്തിലെ ഏറ്റവും മുഖ്യനായ ആദ്യകാല ശിഷ്യനായ ഒരു സ്വാമിയുടെ സ്വന്തം മുറിയില്‍ ഞാന്‍ പോയിട്ടുണ്ട്. വളരെ ചെറിയ ഒരു മുറിയില്‍ ചെറിയൊരു ഒരാള്‍ക്കട്ടിലും രമണമഹര്‍ഷിയുടേയും മറ്റും കുറച്ച് പുസ്തകങ്ങളും രണ്ട് കസേരയും മാത്രമേ ഞാനവിടെ കണ്ടിട്ടുള്ളൂ. കസേരയില്‍ ഞങ്ങള്‍ ഇരുന്നതു കൊണ്ട് പിന്നെ കാണാന്‍ വന്നവര്‍ പലരും - ആശ്രമ നടത്തിപ്പുകാരും മറ്റും- തറയില്‍ പായിട്ടാണ് ഇരുന്നിരുന്നത്.അവര്‍ക്ക് കാരവാനുണ്ടെന്നതും മറ്റുമാണ് മറ്റു ആരോപണങ്ങള്‍. ഇരുപത്തിനാലു മണിയ്ക്കൂറും പലയിടങ്ങളിലായി സഞ്ചരിയ്ക്കുന്ന അവര്‍ കാരവാന്‍ സംഭാവന കിട്ടിയാല്‍ വാങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഞാനായാലും വാങ്ങും. നമുക്ക് അക്കാര്യത്തില്‍ ഗാന്ധിജിയുടെ ബാധ കൂടിയിരിയ്ക്കുകയാണ്. ആരെങ്കിലും നാലാള്‍ക്കാരറിയുന്നവരാണെങ്കില്‍ കപട ലാളിത്യം എടുത്ത് ചാര്‍ത്തണം. ശശീ തരൂര്‍ ഖദര്‍ ജൂബായൊക്കെയിട്ട് രജനി സ്റ്റയില്‍ തൊഴുകയ്യുമായി വന്നാല്‍ നമുക്ക് ലാളിത്യം.രാഹുല്‍ ഗാന്ധി വെള്ളക്കൂര്‍ത്തായൊക്കെയിട്ട് ഷേവുചെയ്യാതെ ആദിവാസികളെക്കാണാന്‍ പോകുന്നത് കണ്ടിട്ടില്ലേ. നമുക്കതാണ് ലാളിത്യം.
പക്ഷേ ലാളിത്യം ശീലിയ്ക്കാനും സമൂഹ്യപ്രവര്‍ത്തനം ചെയ്യുവാനും അമൃതാനന്ദമയി എന്ന വ്യക്തി ഇന്നു നിലനില്‍ക്കുന്നില്ല. സുധാമണി എന്ന സ്ത്രീ പണ്ടേ ഇല്ലാതായി. അമ്മ എന്ന ഗുരു പത്തോ നൂറോ പേര്‍ക്ക് മാത്രമാണിന്ന് നിലനില്‍ക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് അവര്‍ ഒരു ഹഗിംഗ് യന്ത്രമാണ്. ചെല്ലുമ്പോ കെട്ടിപ്പിടിയ്ക്കും. മോനേ/മോളേ എന്നു വിളിയ്ക്കും. ഒന്നോ രണ്ടോ വാചകങ്ങള്‍ ചോദിയ്ക്കും.ദ ഹഗിംഗ് സെയിന്റ്. ചിലപ്പോ സമയമുണ്ടെങ്കില്‍ ഒരു ചെറിയ പ്രഭാഷണം നടത്തും. ഞാന്‍ പറഞ്ഞ് വരുന്നത് അമൃതാ ഇന്‍കോര്‍പ്പറേഷനെപ്പറ്റിയാണ്.
This comment has been removed by the author.
ReplyDeletethe link placed in (തുടര്‍ന്നേ പറ്റൂ) is an anchor to the top part of this same post. Please do redirect it to the third part.
ReplyDeleteനന്ദി സെബിന്‍ .ശ്രദ്ധിച്ചില്ല.:) തിരുത്തിയിട്ടുണ്ട്.
ReplyDelete