Monday, August 12, 2019

കാശ്മീരും അയർലന്റും യസീദികളും. അപക്വമായ സമവാക്യങ്ങളിലെ ചതിക്കുഴികൾ

“ഹേയ് ബി ബി സി, ജമ്മു കാശ്മീരിനെ നിങ്ങൾ ഇന്ത്യൻ അധിനിവേശ കാശ്മീർ എന്ന് വിശേഷിപ്പിയ്ക്കുമ്പോൾ എപ്പോഴും തോന്നാറുണ്ട്, വടക്കൻ അയർലാൻഡിനെ ഇനിമുതൽ ബ്രിട്ടീഷ് അധിനിവേശ അയർലാൻഡ് എന്ന് നിങ്ങൾ വിശേഷിപ്പിയ്ക്കുമോ?” ലോകപ്രശസ്ത സംവിധായകനായ ശേഖർ കപൂറിന്റേതാണ് ചോദ്യം.

ആദ്യം കേൾക്കുമ്പോൾ പൂർണ്ണമായും ശരിയെന്ന് തോന്നിയേക്കാം. ബി ബി സി എന്ന ബ്രിട്ടീഷ് സാമ്രാജ്യത്തശക്തിയുടെ എന്നത്തേയും വലിയ മെഗാഫോണിനു ബ്രിട്ടീഷുകാർക്കിടയിൽ വലിയ സ്വീകാര്യതയുള്ള സംവിധായകൻ തന്നെയായ ശേഖർ കപൂർ മറുപടി നൽകിയത് കൃത്യമായ അടിയായിരുന്നു താനും.

കാശ്മീരിനെ ഇൻഡ്യൻ അഡ്മിനിസ്ട്രേഡ് കാശ്മീർ എന്നാണ് ബിബിസി എപ്പോഴും വിശേഷിപ്പിയ്ക്കുന്നത്. ബിബിസി മാത്രമല്ല, ബ്രിട്ടീഷ് എം പി മാരും അങ്ങനെതന്നെയാണ് വിശേഷിപ്പിയ്ക്കുന്നത്. ഏറ്റവും വലിയ തമാശ വളരെ ലിബറൽ ആയും ലോകസമാധാനത്തിനായുമൊക്കെ വാദിയ്ക്കുന്ന ‘മതമില്ലാത്ത‘ മുസ്ലിം നാമധാരികളായ പുരോഗമന ബ്രിട്ടീഷ് എം പി മാരെല്ലാം കാശ്മീരിലെ അവരുടെ ‘സഹോദര‘ങ്ങളെപ്പറ്റി ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമെന്റ് ഒരു നിയമം പാസ്സാക്കിയതിനു ബ്രിട്ടീഷ് ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ചാൽ അത് ഇന്ത്യയ്ക്ക് വെറും തൃണമാണെന്ന് അവർക്കറിയാതെയല്ല. കഴുതകൾക്ക് പലതും കരഞ്ഞു തീർക്കുകയെങ്കിലും വേണമല്ലോ.

പക്ഷേ ശേഖർ കപൂർ പറഞ്ഞതിലെ വലിയ ശരിയിൽ ഒരു ചെറിയ തെറ്റുണ്ട്.. അത് പൂർണ്ണമായും മനസ്സിലാക്കണമെങ്കിൽ അൽപ്പം ഭൂമിശാസ്ത്ര ചരിത്രം പറയണം.

ഇംഗ്ലണ്ട്, നോർത്തേൺ അയർലാൻഡ്, സ്കോട്ലൻഡ്, വേൽ‌സ് എന്നീ രാജ്യങ്ങൾ ചേർന്നതാണ് ഇന്നത്തെ യുണൈറ്റഡ് കിങ്ഡം എന്ന രാജഭരണപ്രദേശം. പണ്ട് മുഴുവൻ അയർലൻഡും ഇതിലുണ്ടായിരുന്നു. പക്ഷേ 1921ൽ അയർലൻഡിന്റെ ഒരു ഭാഗം സ്വാതന്ത്രം പ്രഖ്യാപിച്ച് ഒരു സ്വതന്ത്രരാജ്യമായി മാറി. റിപ്പബ്ലിക് ഓഫ് അയർലൻഡ് എന്നാണാ  ഭാഗം ഇന്ന് അറിയപ്പെടുന്നത്.

ബ്രിട്ടൻ എന്ന് ഇന്ന് പൊതുവേ അറിയപ്പെടുന്ന പ്രദേശത്തിൽ സ്കോട്ലൻഡ്, വേൽ‌സ്, അയർലൻഡ് എന്നീ രാജ്യങ്ങൾ പലപ്പോഴും, ഇപ്പോഴും യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് വിട്ടുപോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

1922ൽ റിപ്പബ്ലിക് ഓഫ് അയർലൻഡ് എന്ന രാജ്യത്തിനു സ്വാതന്ത്ര്യം നൽകിയെങ്കിലും ലോകത്തെല്ലാ പ്രദേശങ്ങളേയും വിഭജിച്ചതുപോലെ ബ്രിട്ടീഷുകാർ അയർലാൻഡിനെ രണ്ടായി വിഭജിച്ച് നോർത്തേൺ അയർലൻഡ് എന്ന ഭാഗം ഇപ്പോഴും തങ്ങളുടെ സ്വന്തമാക്കി വച്ചിരിയ്ക്കുകയാണ്.

മതം തന്നെയാണ് ഇവിടെയും വിഷയം. ബ്രിട്ടീഷ് രാജ്ഞിയുടെ സ്വന്തമായി ഒരു സഭയുണ്ട്. ചർച്ച് ഓഫ് ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ഈ സഭകളെ പൊതുവേ ആംഗ്ലിക്കൻ സഭകൾ എന്ന് അറിയപ്പെടുന്നു. ഇവരും വത്തിക്കാനിലെ പോപ്പ് നിയന്ത്രിയ്ക്കുന്ന കത്തോലിക്ക വിശ്വാസികളും ചരിത്രപരമായിത്തന്നെ അത്ര രസത്തിലല്ല.

നോർത്തേൺ അയർലാൻഡിലെ കത്തോലിക്ക വിശ്വാസികൾക്ക് അയർലൻഡ് ഒരുമിയ്ക്കണമെന്നും നോർത്തേൺ അയർലൻഡിനെ റിപ്പബ്ലിക് ഓഫ് അയർലൻഡുമായി ചേർക്കണമെന്നുമാണ് ആഗ്രഹം.കത്തോലിക്ക വിശ്വാസികൾ കൂടുതലുള്ള നോർത്തേൺ അയർലൻഡ് എന്ന പ്രദേശത്ത് ബ്രിട്ടനിൽ നിന്ന് വിട്ടുപോകാനായി ഇപ്പോഴും  ഭീകരപ്രവർത്തനനങ്ങൾ  നടന്നുവരുന്നു.  ഇപ്പോഴും നോർത്തേൺ അയർലൻഡിൽ  കത്തോലിക്കാ സഭയുടെ വിശ്വാസികളുമായി ഗവണ്മെന്റും സേനകളും വലിയ ആക്രമണങ്ങളിൽ ഏർപ്പെടാറുണ്ട്.

പക്ഷേ നോർത്തേൺ അയർലൻഡ് എന്ന പ്രദേശത്ത് കത്തോലിക്കർ കൂടുതലുള്ള സ്ഥലങ്ങളിൽ ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ആംഗ്ലിക്കൻ വിശ്വാസമുള്ളവരെ കൊണ്ടു പാർപ്പിച്ചും അവിടെ ഈ രണ്ടു വിഭാഗങ്ങളെ പരസ്പരം യുദ്ധം ചെയ്യിച്ചും ബ്രിട്ടൻ തങ്ങളുടെ സ്വാധീനം നോർത്തേൺ അയർലൻഡിൽ ഇന്ന് ശക്തമാക്കിയിരിയ്ക്കുകയാണ്. കാശ്മീരിനെപ്പോലെയല്ല, നോർത്തേൺ അയർലൻഡിൽ ആർക്കും വസ്തുവാങ്ങാനും ബിസിനസുകൾ നടത്താനും നിയമപരമായി ജീവിയ്ക്കാനുമൊക്കെ അവകാശമുണ്ട്. അനേകം മലയാളികളുൾപ്പെടെ ആ പ്രദേശത്ത് ബ്രിട്ടീഷ് പൌരന്മാരായി എല്ലാ സൌകര്യങ്ങളോടും കൂടെ ഇന്ന് ജീവിയ്ക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ അവിടെ ഹിതപരിശോധന നടത്തിയാൽ കത്തോലിക്കർക്ക് ഒരിയ്ക്കലും ഇനി വിജയിക്കാനാവില്ല.

സ്കോട്‌ലാൻഡും ബ്രിട്ടനിൽ നിന്ന് പിരിഞ്ഞുപോകണമെന്ന് ആഗ്രഹം പ്രകടിപ്പിയ്ക്കുന്ന രാജ്യമാണ്. പക്ഷേ സ്കോട്ലാൻഡിലും ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിൽ നിന്നും യൂറൊപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരെ കൊണ്ടു പാർപ്പിക്കുകയും അവരെ ബ്രിട്ടനുമായി ഒരുമിച്ച് നിർത്തുകയും ചെയ്യുകവഴി അവിടത്തെ പൊതുബോധത്തെ ബ്രിട്ടന് അനുകൂലമാക്കിനിർത്താൻ ബ്രിട്ടീഷുകാർ കിണഞ്ഞു ശ്രമിയ്ക്കുകയാണ്.

ഇതിൽ നിന്ന് നേരേ ഭിന്നമാണ് കാശ്മീരിലെ അവസ്ഥ. കാശ്മീരിലെ തനത് ജനവിഭാഗങ്ങളായ ഹിന്ദുക്കൾ മുഴുവൻ നൂറ്റാണ്ടുകളായുള്ള വംശഹത്യ കാരണം ഇന്നവിടെ നിന്ന് പാലായനം ചെയ്തുകഴിഞ്ഞു. പതിനഞ്ചാം നൂറ്റാണ്ടിൽ മംഗോളിൽ നിന്നുള്ള ആക്രമണകാരികളായ സൈനുൾ അബിദിൻ മുതൽ തുടങ്ങുന്നു കാശ്മീരിലെ ഹിന്ദുക്കളുടെ പടിപടിയായുള്ള വംശഹത്യ. 1990കളിൽ ആ വംശഹത്യയുടെ അവസാനഭാഗം മാത്രമാണ് നടന്നത്. സ്ലേറ്റിൽ ബാക്കിയുള്ള ആ പോടി കൂടി തുടച്ചുകളയുന്ന പ്രക്രിയ. അതിനുമുൻപ് നൂറുകണക്കിനു തവണ കാശ്മീരിൽ ഇസ്ലാമിക അധിനിവേശശക്തികൾ ഹിന്ദുക്കളെ പടിപടിയായി, ബോധപൂർവമായിത്തന്നെ വംശഹത്യ നടത്തിയിട്ടുണ്ട്.

അതിനു ശേഷം അത് ആ ആക്രമണകാരികളായ , വേട്ടക്കാരുടെ  സ്ഥലമാണെന്ന് പറയുന്നതിൽ യാതൊരു നീതിയുമില്ല. ഇരകളായ തനതുജനതയുടെ അവസാന പൊടി ഇന്ത്യയുടെ പലഭാഗങ്ങളിലുള്ള ദുരിതാശ്വാസക്യാമ്പുകളിൽ ഇന്നും നരകിയ്ക്കുമ്പോൾ അവരെ അവിടെനിന്ന് ആക്രമിച്ചോടിച്ച വംശഹത്യക്കാരായ വേട്ടക്കാർക്ക് വേണ്ടി കരയാൻ ഇന്ന് കപടലിബറൽ കാളികൂളികൾ മത്സരമാണ്. അതുകൊണ്ട് കാശ്മീരിൽ കുറഞ്ഞത് ആധുനികസമയത്തെ  വംശഹത്യയുടെ ഇരകളേയെങ്കിലും തിരികെയെത്തിക്കാതെ ഒരു രീതിയിലുള്ള നീതിയും നടപ്പിലാക്കാനാകില്ല. അതിനായി ശക്തമായ ബോധപൂർവമായ നടപടികൾ തന്നെ ആവശ്യമാണ്.

ചരിത്രപരമായ ഇസ്ലാമികഭീകരതയുടെ ജീവിയ്ക്കുന്ന തെളിവാണ് കാശ്മീർ. ഇന്റർനെറ്റാനന്തര സമൂഹത്തിലെ ഐസിസിന്റേയും താലിബാന്റേയും ക്രൂരതകൾ നാം കണ്ട് കണ്ണ് മിഴിയ്ക്കുമ്പോൾ, കണ്ണ് നിറയ്ക്കുമ്പോൾ ആ നൃശംസതകളുടെ കഥകൾ നൂറ്റാണ്ടുകളായി സഹിയ്ക്കുന്ന ഒരു ചിതറിയ ജനതയുടെ സ്വന്തമാണ് കാശ്മീർ. അല്ലാതെ ഇന്ന് മാംഗേ ആസാദീ കൂവുന്നവർ ഒരു പത്തിരുപത് കൊല്ലം കഴിഞ്ഞ് പണ്ട് യസീദികൾ താമസിച്ചിരുന്ന സ്ഥലങ്ങളിൽ അന്ന് താമസിയ്ക്കുന്ന ഐസിസ് ഭീകരർക്ക് നീതിവേണമെന്ന് നിലവിളിയ്ക്കുന്നത് പോലെയുള്ള നാണംകെട്ടവന്മാരാണ്.

കാശ്മീരിനെപ്പറ്റി കേരളത്തിന്റെ മഹർഷിയായ സുകുമാർ അഴീക്കോട് എഴുതിയ ഒരു ലേഖനത്തിലെ ഭാഗം വായിയ്ക്കാം.

“...നടന്നത് പാകിസ്താന്റെ ഗൂഢപ്രേരണയില്‍ നുഴഞ്ഞുകയറ്റക്കാരും ചാരന്മാരും സായുധരായ അക്രമികളും കശ്മീരിലേക്ക് കടന്നുകയറുക എന്നതായിരുന്നു. ഇതു കണ്ടു മടുത്തിട്ടാണ് ഗാന്ധിജി 'ഇനി വിഭജിക്കില്ല' എന്ന് തറപ്പിച്ചു പറഞ്ഞത്. വിഘടിച്ചുപോകണമെന്ന് തോന്നുന്നവര്‍ ഏതു നാട്ടിലുമുണ്ടാകാം. തിരുവിതാംകൂര്‍ സ്വതന്ത്രമാകുമെന്ന് സി.പി. രാമസ്വാമി അയ്യര്‍ വീരസ്യം പറഞ്ഞതും ജുനഗഢിന്റെ സ്വാതന്ത്ര്യമോഹവും ഇന്ത്യ അനുവദിച്ചുകൊടുത്തില്ല. ഗോവയുടെ മോഹവും നടന്നില്ല. അതുപോലെ ആസാദ് കാശ്മീരിന്റെ മോഹവും സമ്മതിക്കില്ല. 

രാഷ്ട്രീയചരിത്രവും നമ്മുടെ സംസ്‌കാരചരിത്രവും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ആയിരം നാക്കുകൊണ്ട് വിളംബരം ചെയ്യുന്നുണ്ട്. ആസേതുഹിമാചലം എന്നൊരു സങ്കല്പം ഇന്ത്യക്കാര്‍ക്കെല്ലാം ഉണ്ട്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ എന്നാണ് അതിനര്‍ഥം. ഇന്ത്യയിലെ പണ്ഡിതന്മാരുടെ മേല്‍ തന്റെ ധൈഷണികമായ പ്രാഭവം ചെലുത്തിയ ആചാര്യ ശങ്കരന്‍ അതിനെ ശക്തിപ്പെടുത്തിയത്, കശ്മീരില്‍ ചെന്ന് ശാരദാംബികാക്ഷേത്രത്തില്‍ വെച്ച് സര്‍വ്വജ്ഞപീഠം കയറിയിട്ടാണ്. ഈ സങ്കല്പമൊക്കെ മിഥ്യയാക്കാന്‍ പറ്റുമോ? 

കശ്മീരിന്റെ സംഭാവനകളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഭാരതീയസാഹിത്യം അഥവാ സംസ്‌കൃതസാഹിത്യം മുടന്തിപ്പോകും. കല്‍ഹണന്‍, ക്ഷേമേന്ദ്രന്‍, സോമദേവന്‍, ആനന്ദവര്‍ദ്ധനന്‍, അഭിനവഗുപ്തന്‍, രുയ്യകന്‍, ലോല്ലടന്‍, മാഘന്‍, തുംഖന്‍ തുടങ്ങിയ പേരുകള്‍ അരുന്ധതി റോയിക്ക് അപരിചിതമായിക്കൂടാത്തതാണ്. ഒരു ഇന്ത്യന്‍ എഴുത്തുകാരിയുടെ പ്രാഥമികയോഗ്യതകളില്‍ ഈ അറിവും പെടും. ലോകത്തിന്റെ തന്നെ പ്രാചീന കഥാമാതൃകയായി നില്‍ക്കുന്ന നിസ്തുലമായ കൃതിയാണ് ഗുണാഢ്യന്റെ ബൃഹല്‍കഥ. ഇന്ന് അത് ലഭ്യമല്ല. പക്ഷേ, അതിന്റെ രണ്ട് സംക്ഷേപങ്ങള്‍ നമുക്ക് നല്‍കിയത് കശ്മീരാണ് - ക്ഷേമേന്ദ്രന്റെ 'ബൃഹല്‍കഥാമഞ്ജരി'യും സോമദേവന്റെ 'കഥാസരില്‍സാഗര'വും സാഹിത്യചിന്തയില്‍ അതിമഹത്തായ ഔചിത്യസിദ്ധാന്തം അവതരിപ്പിച്ചത് ക്ഷേമേന്ദ്രനാണ് -'ഔചിത്യവിചാരചര്‍ച്ച'. ലോകത്തിലെ സാദൃശ്യമില്ലാത്ത ചരിത്രകാവ്യം നമുക്ക് തന്നത് 'രാജതരംഗിണി' എഴുതിയ കല്‍ഹണന്‍ ആണ്. കിരാതാര്‍ജ്ജുനീയം എഴുതിയ മാഘനെ വിട്ടുകളയാമോ? 

സര്‍വ്വോപരി കശ്മീര്‍ ഇന്ത്യയെയും ലോകത്തെയും കടപ്പെടുന്നത് സാഹിത്യപഠനത്തിന് ഏറ്റവും സഹായിക്കുന്ന ധ്വനീസിദ്ധാന്തം അവതരിപ്പിച്ച 'ധ്വന്യാലോക'കാരനായ ആനന്ദവര്‍ദ്ധനാചാര്യനെക്കൊണ്ടാണ്. ഇതിന്റെ വ്യാഖ്യാതാവായ അഭിനവഗുപ്തനേയും വിശ്വപണ്ഡിതനായി ആദരിക്കണം. സാഹിത്യദര്‍ശനത്തിന്റെ ഇരിപ്പിടമായ വ്യംഗ്യചിന്തയില്‍ അധിഷ്ഠിതമാണ് ഈ ധ്വനിവാദം. 

മറ്റുള്ളവരെപ്പറ്റിയൊന്നും വിവരിക്കുന്നില്ല. ചരിത്രവും സംസ്‌കാരവും സാഹിത്യവും ഇന്ത്യയോട് കനകച്ചങ്ങലകൊണ്ട് വരിഞ്ഞുകെട്ടിയ കശ്മീരിനെ ഒരു വര്‍ഗീയ ഭൂരിപക്ഷത്തിന്റെ പേരില്‍ വിട്ടുകൊടുക്കണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. വിഘടനവാദികള്‍ക്ക് നാടുവിട്ടുപോകാം. ദേശത്തെ അന്യാധീനമാക്കാന്‍ പാടില്ല…….“

(ഇന്ത്യയെ ചെറുതാക്കരുത്! സുകുമാര്‍ അഴീക്കോട്

അതുകൊണ്ട് ആർക്കും സ്ഥലം വാങ്ങാവുന്ന, ആർക്കും വന്ന് താമസിയ്ക്കാവുന്ന ആർക്കും വോട്ടുചെയ്യാവുന്ന, ആർക്കും അഭിപ്രായം പറയാവുന്ന, ആർക്കും സ്വതന്ത്രമായി ഭീതികൂടാതെ ജീവിയ്ക്കാനാവുന്ന, നിയമവാഴ്ചയുള്ള നോർത്തേൺ അയർലൻഡുമായി വംശഹത്യയുടേ നൂറ്റാണ്ടുകളുടെ വടുപേറുന്ന കാശ്മീരിനെ താരതമ്യപ്പെടുത്താനാവില്ല.

അതുകൊണ്ട് ശ്രീ ശേഖർ കപൂർ, അങ്ങ് ബിബിസിയെന്ന പഴയകാല സാമ്രാജ്യത്ത കുഴലൂത്തുകാരുടെ കൊടിച്ചിപ്പട്ടിയ്ക്ക് വായടച്ച് മറുപടിപറയുമ്പോൾ ആ തുറന്ന് പറച്ചിലിന് നൂറായിരം നന്ദിയുണ്ട്. അൽപ്പം ലിബറൽ യോഗ്യതാപത്രസാക്ഷ്യങ്ങൾ കുറഞ്ഞുപോയാലും ധാർമ്മികതയുടെ പക്ഷത്ത് നിലയുറപ്പിച്ചതിനു നിറയെ സ്നേഹമുണ്ട്.

പക്ഷേ അങ്ങ് പറഞ്ഞതിലെ ഈ ചെറിയ വ്യത്യാസം ഒരു വലിയ സത്യമായി ഒരു സമൂഹമെന്ന നിലയിൽ തുറന്ന് പറയേണ്ട സമയമായെന്ന് കരുതുന്നതുകൊണ്ട് മാത്രം പറയുന്നു. കാശ്മീർ ഇരകളായ ചിതറിയവരുടേതാണ്. വേട്ടക്കാരായ ഭീകരവാദികളുടെയല്ല.

No comments:

Post a Comment