Friday, November 25, 2016

ഇടത് ഭീകരത


സെക്യൂരിട്ടി ഫോഴ്സുകളിൽ ചേരുന്നതിനേക്കാൾ രാജ്യസ്നേഹം പ്രകടിപ്പിയ്ക്കാനാവുന്നത് ഇലക്ട്രിസിറ്റി ബോർഡിലെ ⁕ലൈൻമാനാകുന്നതാണ് എന്ന് കരുതിയ എന്നേയും നിങ്ങളേയും പോലെ സാധാരണക്കാരായ 7399 പൗരന്മാരാണ് 1996 മുതൽ 2015 വരെ, മാവോയിസ്റ്റ് ആക്രമണങ്ങളിൽ പല രീതിയിൽ കൊല്ലപ്പെട്ടത്. 

7399 സാധാരണ ജനങ്ങൾക്കൊപ്പം 2520 സെക്യൂരിറ്റി സേനാ അംഗങ്ങളും 2797 നക്സലേറ്റുകാരുമാണ് മരിച്ചത്. ഏത് ദേശത്തിലേയും സ്റ്റാറ്റിസ്റ്റിക്സ് വച്ച് നോക്കിയാൽ ഇത്രയധികം സെക്യൂരിറ്റി സേനാംഗങ്ങളേയും സാധാരണക്കാരേയും ഇത്ര കുറഞ്ഞ ‘ഡാമേജ്‘ കൊണ്ട് കൊന്നൊടുക്കിയ തീവ്രവാദികൾ ഉണ്ടോ എന്ന് സംശയം. മരണപ്പെട്ട ഓരോ നക്സൽ മാവോയിസ്റ്റുകൾക്കും പകരം 3.6 സാധാരണക്കാരുടെ (സെക്യൂരിറ്റി സേനാംഗങ്ങളുടേയുൾപ്പെടെ) ജീവൻ പോയിട്ടുണ്ട്.

ശരിയാണ് സ്റ്റാറ്റിസ്റ്റിക്സ്, ഓരോ ജീവന്റേയും വിലപറയുന്ന ശരാശരിക്കണക്കുകൾ, മുഖമില്ലാത്തതും അതി ക്രൂരവുമാണ്. പക്ഷേ നമ്മുടെ മാവോയിസ്റ്റ് നിയന്ത്രണ സംവിധാനങ്ങളുടെ ഭയപ്പെടുത്തുന്ന എഫിഷ്യൻസിയില്ലായ്മയാണിത് കാണിയ്ക്കുന്നത്.

ജീവൻ പണയം വച്ച് ജോലിയെടുക്കുന്ന സെക്യൂരിട്ടി സേനാംഗങ്ങൾ എഫിഷ്യൻസി ഇല്ലാത്തവരെന്നല്ല പറഞ്ഞത്.ഏത് കാര്യമായാലും നമുക്ക് നഷ്ടമാകുന്ന റിസോഴ്സുകൾക്ക് ഒരുപാട് കുറവാണ് അതിന്റെ ഫലമെന്ന് വരുമ്പോൾ ആ സിസ്റ്റം എഫിഷ്യന്റ് അല്ല എന്ന് പറയുന്ന പോലെ പറഞ്ഞതാണ്.

ഒരു കാര്യമോർക്കണം. ഇവിടെ മരിച്ച മാവോയിസ്റ്റുകളുടെ എണ്ണമല്ല എഫിഷ്യൻസി നിർണ്ണയിയ്ക്കുന്നത്. ഈ നാട്ടിലെ ജനാധിപത്യവ്യവസ്ഥയോടും നിയമവാഴ്ചയോടും പൗരന്മാർ പരമാവധി ഇണങ്ങി ജീവിയ്ക്കുന്നതും, സ്വതന്ത്രവും നീതിപൂർവകവുമായ ജീവിതം ഉറപ്പുവരുത്തുന്നതുമാണ് എഫിഷ്യൻസി. അല്ലാതെ നാളെ കുറേ മാവോയിസ്റ്റുകളെ കൊന്ന് എണ്ണം കൂട്ടിയാൽ എഫിഷ്യന്റ് ആകില്ല. നമ്മുടെ ലക്ഷ്യം നാട്ടിലെ സമാധാനമാണ്. അത് മറക്കരുത്.

ഓരോ ഗ്രാമത്തിലും, ഓരോ വാർഡിലും ആയുധമെടുത്ത ഒരു പത്ത് പേരുണ്ടെങ്കിൽ ആ സ്ഥലം ഭരിയ്ക്കാം. ഈ മോഡസ് ഓപ്പറാണ്ടി ഫലപ്രദമായി ഈയിടെ വിജയിപ്പിച്ച തീവ്രവാദികൾ താലിബാനാണ്. നിങ്ങൾ കരുതുന്നത് പോലെ അഫ്ഗാനിസ്ഥാനിലെ സകല ജനങ്ങളും താലിബാനല്ല, എന്നല്ല മിക്ക ജനങ്ങളും അതിനെതിരാണ്. പക്ഷേ ഓരോ മദ്രസയോടും ചേർന്ന് ആയുധമെടുത്ത മതപഠനം കഴിഞ്ഞവരുടെ സേനയാണ് താലിബാൻ. അവരാണ് ഗ്രാമം മുഴുവൻ നിയന്ത്രിയ്ക്കുന്നത്. ആ ഗ്രാമത്തിൽ കാടൻ നിയമങ്ങളടിച്ചേൽപ്പിയ്ക്കുന്നതും ഒരു സംസ്കാരത്തെത്തന്നെ തുടച്ചെറിഞ്ഞതും അവരാണ്.

ഇത് തന്നെയാണ് സകല തീവ്രവാദത്തിന്റേയും ലക്ഷണം. ആയുധമെടുത്ത വളരെച്ചെറിയ ഒരു ഗ്രൂപ്പ് ഭൂരിപക്ഷം വരുന്ന ബഹുജനങ്ങളേ ബന്ദിയാക്കിവച്ച് ജനായത്ത സംവിധാനങ്ങളോട് വിലപേശുക. മാവോയിസ്റ്റുകൾ അത് തന്നെയാണ് ചെയ്യുന്നത്. കുറേക്കഴിയുമ്പോൾ സ്റ്റോക്‌ഹോം സിൻഡ്രോം ബാധിച്ച കുറേയേറെപ്പേർ തങ്ങളെ ബന്ദിയാക്കിവച്ചിരിയ്ക്കുന്നവരുടെ കൂടെപ്പോവും. പല രീതിയിൽ പണത്തിന്റെ ഒഴുക്കുകൾ നടക്കും. മയക്ക് മരുന്നുകളേക്കാളും വിഷമേറിയ, റാഡിക്കൽ മാറ്റങ്ങൾക്കായി ആയുധമെടുക്കാൻ പ്രേരിപ്പിയ്ക്കുന്ന പ്രൊപ്പഗാണ്ടകൾ , എല്ലാം ചേർന്ന് ഒരു കോക്കസ് രൂപപ്പെടും.

ചൈനയിലെ മാവോസെദുങ് എന്ന അതിക്രൂരനായ മനുഷ്യൻ തന്റെ ഭ്രാന്തൻ ആശയങ്ങൾ കൊണ്ട് കൊന്നൊടുക്കിയത് 45000000 ജനങ്ങളേയാണ്. അയാളധികാരത്തിലെത്തി നാലു വർഷം കൊണ്ട് ഇത്രയും മനുഷ്യർ ചൈനയിൽ മരണപ്പെട്ടു. പട്ടിണിയും പരിവട്ടവുമായി ചൈന വലഞ്ഞു. മാവോ കോൻസണ്ട്രേഷൻ ക്യാമ്പിൽ അടച്ചിരുന്ന ദെങ് സവു പെങ് എന്ന അടുത്ത ഭരണാ‍ധികാരി മാവോയുടെ മരണശേഷം അയാളുടെ സകല ആശയങ്ങളും എടുത്ത് കളഞ്ഞ് ആധുനിക കമ്പോള സമ്പദ്‌വ്യവസ്ഥയെ പുൽകിയത് കൊണ്ടാണ് ചൈന ഇന്ന് കാണുന്ന പുരോഗതി നേടിയത്. ഭരണത്തിൽ ചുവപ്പ് കൊടിയുടെ മറവിൽ അഥോറിട്ടേറിയനിസവും സമ്പദ് വ്യവസ്ഥയിൽ ആധുനിക കമ്പോള വ്യവസ്ഥയുമായ ചൈന ദെങിന്റെ കീഴിൽ വൻ പുരോഗതി നേടി. അതായത് ചൈന പുരോഗമിച്ചത് അമേരിയ്ക്കയിലേപ്പോലെ കമ്പോളവ്യവസ്ഥ കൊണ്ടാണ്. കമ്യൂണിസം കൊണ്ടല്ല.

രസമെന്തെന്ന് വച്ചാൽ കമ്യൂണിസമെന്ന് പേരുള്ള ചൈന കമ്പോള സമ്പദ് വ്യവസ്ഥയായപ്പോഴും നമ്മൾ ഭാരതീയർ നെഹ്രു കുടുംബത്തിന്റേയും സോവ്യറ്റ് യൂണിയന്റേയും അടിമകളായി സോഷ്യലിസമെന്ന് പറഞ്ഞ് ലൈസൻസ് രാജിൽ കിടക്കുകയായിരുന്നു. കുത്തനെ കൂപ്പുകുത്തിക്കൊണ്ടിരുന്ന ഭാരത സമ്പദ്വ്യവസ്ഥയെ അവസാനം 1991ൽ നരസിംഹറാ‍വു എന്ന മനുഷ്യൻ സകല റിസ്കുമെടുത്ത് രക്ഷിയ്ക്കാൻ തീരുമാനിച്ചു. 1991ൽ റാ‍വു ഗവണ്മെന്റ് ഇന്നാട്ടിലും കമ്പോള സമ്പദ്‌വ്യവസ്ഥയും ആഗോളവൽക്കരണവും നയപരിപാടിയാക്കിയ ശേഷം കഴിഞ്ഞ പത്തിരുപത്തഞ്ച് കൊല്ലം കൊണ്ടുണ്ടായ മാറ്റം, വികസനം, ജീവിതപുരോഗതി എല്ലാവർക്കും അറിയാവുന്നതാണ്. കണ്ണടച്ചിരുട്ടാക്കുന്നവർക്കൊഴിച്ച്. അതിനു ശേഷം വന്ന വാജ്പേയ് ഗവണ്മെന്റും അതേ നയങ്ങളുമായി മുന്നോട്ട് പോയി.

അതിനെതിരേ വിശാല ഇടതു, മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് ലെനിനിസ്റ്റ് പാർട്ടികൾ മുതൽ നക്സലേറ്റുകൾ വരെ ഇന്നാട്ടിൽ ഉണ്ടാക്കിയ പുക്കാറു മറക്കാനാവില്ല. മറക്കാനാവില്ല എന്ന് മാത്രമല്ല ഇവർ പറയുന്നതിന്റേയും ഇവരുടെ നയങ്ങളുടേയും പൊട്ടത്തരമായി നമ്മളെന്നും അത് ഓർത്തിരിയ്ക്കുകയും വേണം.

ആ 45000000 ആൾക്കാരെ ചൈനയിൽ മാത്രം കൊന്ന, അതിലേറെപ്പേരെ പട്ടിണിയ്ക്കിട്ട, കൊടും ക്രൂരമായി ദുരിതങ്ങളനുഭവിപ്പിച്ച ജയിലിലടച്ച കോൺസണ്ട്രേഷൻ ക്യാമ്പുകളിൽ അടിമകളാക്കിയ ഒരു വ്യവസ്ഥയെയാണ് പാവപ്പെട്ട ജനങ്ങളെ തോക്കിൻ മുനയിൽ നിർത്തി ഈ മാവോയിസ്റ്റുകൾ മുതൽ കമ്യൂണിസ്റ്റ് മാർക്സിസ്റ്റുകൾ വരെ നേടാൻ ശ്രമിയ്ക്കുന്നത്. അതുകൊണ്ട് തന്നെ മാവോയിസ്റ്റുകളോട് കാനം രാജേന്ദ്രനു പ്രത്യേക സ്നേഹം തോന്നിയതിൽ അത്ഭുതമൊന്നുമില്ല. മതം പ്രാക്ടീസ് ചെയ്യുന്നവനും പ്രാക്ടീസ് ചെയ്യാത്തവനും തമ്മിലുള്ള വ്യത്യാസമേ കാനവും മാവൊയിസ്റ്റും തമ്മിലുള്ളൂ. മതം ഒന്ന് തന്നെയാണ്. കൂട്ടക്കൊലകളുടെ മതം. കാനം ഈ നാടിന്റെ സ്വാതന്ത്ര്യത്തിന്റെ സുഖം പിടിച്ചുപോയതുകൊണ്ട് മാത്രമാണ് ഇങ്ങനെ പൊതുധാരയിൽ തന്റെ മതം പ്രാക്ടീസ് ചെയ്യാതെ ജീവിയ്ക്കുന്നത്.

കമ്യൂണിസം ലോകം മുഴുവൻ ജനങ്ങളെ കൊന്നൊടുക്കിയ തത്വശാസ്ത്രമാണ്. കൂട്ടക്കൊലകളരങ്ങേറാത്ത, ജനങ്ങൾക്ക് പൗരസ്വാതന്ത്ര്യമുള്ള ഒരു കമ്യൂണിസ്റ്റ് രാഷ്ട്രവുമില്ല. ഈ നാട്ടിൽ നമ്മളെല്ലാം അനുഭവിയ്ക്കുന്ന പൗരസ്വാതന്ത്ര്യവും, ജീവിതവും ഇല്ലാതെയാക്കാനാനും ഇവിടത്തെ പൗരന്മാരെ ബന്ദികളാക്കാനുമാണ് കൂട്ടക്കൊലകളുടെ തത്വശാസ്ത്രങ്ങൾ തലയിൽക്കേറിയാൽ പിന്നെ ആയുധമെടുത്തവർ ആദ്യം ശ്രമിയ്ക്കുന്നത്.

എന്താണൊരു വഴി? തണ്ടർബോൾട്ട് സേന ആന്റിബയോട്ടിക്കുകളാണ്. രോഗം വന്നശേഷം മാത്രമേ അത് കൊണ്ട് ഉപയോഗമുള്ളൂ. ആയുധമെടുത്ത ആക്രമണകാരികൾ, തിരികെ സമന്വയം പറ്റാത്തവരെയൊക്കെയാണ് പരസ്പരമുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നത്.

മാവോവാദികളെ നമുക്കറിയാം. എന്തൊക്കെയോ ഭ്രാന്തുകൾ വിചാരിച്ച് കൊല്ലുന്നതും തല്ലുന്നതും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതും ഒരു സുഖമാണെന്ന് തോന്നുന്ന മനോരോഗം ബാധിച്ചവരാണവർ.

മനുഷ്യനും മനുഷ്യനുമുള്ള ബന്ധത്തിനും അപ്പുറം ആശയങ്ങൾക്കും മതത്തിനും ആദർശങ്ങൾക്കുമൊക്കെ മൂല്യം നൽകുന്നത് നിർത്തേണ്ട സമയം കഴിഞ്ഞു. ഇതൊക്കെ മനുഷ്യനു വേണ്ടിയാണ് അല്ലാതെ തിരിച്ചല്ല എന്ന് മനസ്സിലാക്കണം. റാ‍ഡിക്കലൈസേഷൻ ഏതുതരമായാലും പലപ്പോഴും ചികിത്സ വേണ്ടുന്ന രോഗവുമാണ്.

എന്നാൽ നമ്മുടെയിടയിൽ ഈ പൊതുസമൂഹത്തിന്റെ സകല സ്വാതന്ത്ര്യവും സുരക്ഷിതത്വവുമനുഭവിച്ച് പത്തായം പെറ്റ് ചക്കികുത്തിയമ്മവച്ചതുണ്ണുന്ന കുറേപ്പേരുണ്ട്. അവരെ ഓർത്തിരിയ്ക്കുക. ചതിയാണത്. ചതി ചികിത്സിച്ചാൽ മാറുന്ന രോഗമല്ല. ഒരു സ്വഭാവമാണ്. സൂക്ഷിയ്ക്കുകയേ നിവൃത്തിയുള്ളൂ.

കാനം രാജേന്ദ്രനെപ്പറ്റിയല്ല ഞാൻ പറഞ്ഞതും.

----------------------------------------------------------------------
⁕ലൈൻമാൻമാരോട് ബഹുമാനമേയുള്ളൂ. അവർക്ക് രാജ്യസ്നേഹം കുറവാണെന്നും പറഞ്ഞെന്ന് അർത്ഥമാക്കരുത്. സോഷ്യൽ മീഡിയയിൽ കറങ്ങിയ വളരെ ഇൻസെൻസിറ്റീവായ ഒരു പഴയ ഉദാഹരണത്തിനെ സൂചിപ്പിച്ചെന്നേ ഉള്ളൂ

Friday, November 11, 2016

നോട്ടുപരിഷ്കരണം നോട്ടുനിരോധനം

Black economy, black money, black market .. ഇതു മൂന്നും തമ്മിൽ ചെറുതല്ലാത്ത വ്യത്യാസങ്ങളുണ്ട്. കറൻസി നോട്ട് നിരോധനം ബ്ളാക് എക്കോണമിയെ നേരിടാനാണെന്നും അതു വഴി ആഭ്യന്തരമായി ഉപയോഗിയ്ക്കുന്ന ബ്ളാക് മണി ഉപയോഗശൂന്യമാവുമെന്നും ആണ് ഗുണം. പ്രചാരത്തിലുള്ള കറൻസികളുടെ മൂല്യത്തിൽ 86 ശതമാനത്തോളം വരുമായിരുന്നു 500, 100 നോട്ടുകൾ. അത് പിൻ വലിച്ചതോടെ അത്രയും പണമാണ് പുറത്തായത്. അത്രയും മൂല്യത്തിലുള്ള എക്കോണമിയാണ് വരവുവയ്ക്കപ്പെട്ടത്

ഈ ചൂണ്ടയിടുമ്പോൾ ഇര കൊരുക്കും. വരാലിനെ കിട്ടണമെങ്കിൽ അതിന്റെ ഇര, കാർപ്പിനെ കിട്ടണമെങ്കിൽ അതിന്റെ ഇര. അതല്ല ഇനി മത്തിയോ ചാളയോ സ്രാവോ ഒക്കെ വേണമെങ്കിൽ കടലിൽ വല വീശണം.

ഇത്തിക്കരയാറിൽ മോദി മാമൻ വലയിട്ട് വരാലുകളിങ്ങനെ നിറഞ്ഞ് വല വന്നപ്പോ എടേ നീ എന്തരു പിടിത്തക്കാരൻ, നെനക്ക് ഒരൊറ്റ നെമ്മീനെയോ ചൂരയേയോ കിട്ടീല്ലല്ല് എന്ന് പറഞ്ഞ് കൂവുന്നവനെ താടിയ്ക്കൊരു തേമ്പും കൊടുത്ത് പാലത്തേന്ന് താഴോട്ട് തള്ളിയിടണം.

പിന്നല്ല..

അപ്പൊ പറഞ്ഞ് വന്നത് Black economy, black money, black market .. ഇതു മൂന്നും തമ്മിൽ ചെറുതല്ലാത്ത വ്യത്യാസങ്ങളുണ്ട് എന്ന് ആരെങ്കിലും വിദഗ്ധന്മാരായ നിലവിളിമാമാമാർക്ക് ഒന്ന് പറഞ്ഞ് കൊടുക്കുമോ?

എക്ണോമിക്സ് വിദഗ്ധർ! ഫ ചേർക്കുന്നത് തമാശയല്ലാരുന്നെന്ന് ഇപ്പം മനസ്സിലായി.