Wednesday, August 28, 2019

ആമസോൺ കാട്ടുതീയുടെ ഡി(ങ്കോൾ)ഫി

കേരളത്തിലുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അതികഠിനമായ പാരിസ്ഥിതികാഘാതമുണ്ടാ‍ക്കുന്ന കടന്നുകയറ്റങ്ങളെ കൈയ്യയച്ച് സഹായിയ്ക്കുന്നവരാണ് മാർക്സിസ്റ്റുകാർ. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള മാധവഗാഡ്ഗിൽ റിപ്പോർട്ടിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് തോൽപ്പിച്ച കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഇന്നലെ ആമസോൺ വനാന്തരങ്ങളിൽ കാട്ടുതീ പടർന്നതിനെതിരേ ബ്രസീൽ സർക്കാരിനെതിരേ പ്രതിഷേധം ഉയർത്തിയതെന്തിന് എന്നത് ബോധമുള്ളവർക്കെല്ലാം ഉണ്ടാകുന്ന ന്യായമായ സംശയമാണ്.

കഴിഞ്ഞകൊല്ലം അഞ്ഞൂറിലധികവും ഇക്കൊല്ലം നൂറോളവും പാവപ്പെട്ട ജനങ്ങൾ സ്വന്തം നാട്ടിൽ വെള്ളത്തിനടിയിൽപ്പെട്ട് ജീവൻ വെടിഞ്ഞപ്പോഴും ഈ സി പി എം എന്ന പാർട്ടിക്ക് ബോധമുദിച്ചിട്ടില്ല. ഒരാഴ്ച മുന്നേ മാത്രം ഒരൊറ്റനിമിഷം കൊണ്ട് മലയിടിഞ്ഞ് ആയിരക്കണക്കിനു ടൺ വരുന്ന മണ്ണും കല്ലുമെല്ലാം തലയ്ക്ക് മുകളിലൂടെയൊഴുകി ജനങ്ങളും ഗ്രാമങ്ങളുമൊന്നാകെ അപ്രത്യക്ഷമായപ്പോഴും തോന്നാത്ത പാരിസ്ഥിതികസ്നേഹം ആമസോണിൽ കാട്ടുതീയുണ്ടായപ്പോൾ സി പി എമ്മിനു തോന്നാനെന്താണ് കാരണം?

ഈ ജനങ്ങൾ ഈ പ്രളയാഘാത്തിൽ വലഞ്ഞുതിരിഞ്ഞപ്പോൾ, നിലം തൊടാതെ കഷ്ടപ്പെട്ടപ്പോൾ ചെളിനനയാത്ത മുണ്ടുമ്പൊക്കിപ്പിടിച്ച് നടന്നവർ ഡൽഹിയിൽ ബ്രസീൽ എംബസിയുടെ മുന്നിൽ നിന്ന് അവിടത്തെ കാട്ടുതീയ്ക്കെന്ന പേരിൽ കോപ്രായം കാട്ടാനെന്താണ് കാരണം?

സൈലന്റ് വാലി എന്നൊരു വനഭാഗമുണ്ട്.  ലോകത്തെ പരിസ്ഥിതി ലോലമായ പ്രദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതിലൊന്ന്.. പണ്ട് ആ സൈലന്റ് വാലി മുഴുവൻ മുക്കിക്കളയാൻ പാകത്തിനു അണക്കെട്ടുപണിയാൻ സിപീഎം നേതൃത്വം മുഴുവൻ മെനക്കെട്ട് ശ്രമിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്നും സി പി എമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികളും വൈദ്യുതിവകുപ്പിലെ സിപി‌എം സർവീസ് സംഘടനയും സൈലന്റ്വാലി മുക്കാൻ അണക്കെട്ട് പണിയണം എന്ന് വാദിയ്ക്കുന്നവരാണ്.

അന്ന് സീ പീ എം ന്റെ മുഖ്യമന്ത്രി ശ്രീ നായനാരുൾപ്പടെയുള്ള നേതൃത്വം മുഴുവൻ സൈലന്റ് വാലിയെ നശിപ്പിയ്ക്കാനാണ് ശ്രമിച്ചത്. കേരളത്തിന്റെ ഊർജ്ജപ്രതിസന്ധി പരിഹരിക്കാൻ വേണ്ടി സൈലന്റ് വാലി പദ്ധതി നടത്തണം എന്ന് വാദിച്ച ചിലരുണ്ടായിരുന്നു. എന്നാൽ സീ പീ എം ചെയ്തത് അതും കടന്ന് പോയി. ആ വനങ്ങളുടെ പാരിസ്ഥിതികമായ പ്രാധാന്യവും ഊർജ്ജപ്രതിസന്ധിയ്ക്ക് ഫലപ്രദമായ ബദലുകളും വിദഗ്ധർ നിർദ്ദേശിച്ച ശേഷവും തങ്ങളുടെ ഭാഗം തെറ്റെന്ന് സമ്മതിയ്ക്കാതെ മർക്കടമുഷ്ഠി പിടിച്ച് കള്ളത്തരങ്ങളും ഭീഷണിയും മുതൽ അന്നത്തേയും ഇന്നത്തേയും സ്ഥിരം പാർട്ടി പരിപാടികളായ ലേബലു ചാർത്തൽ, കളിയാക്കൽ തുടാങ്ങിയവയുമായി അവർ പരിസ്ഥിതി സംരക്ഷിയ്ക്കാനിറാങ്ങിയവരെ നേരിട്ടു.

സഞ്ചിമൃഗങ്ങൾ,സാമ്രാജ്യത്ത കൊളോണിയൽ ചിന്താസരണിക്കാർ, വികസനവിരുദ്ധർ, മരത്തിനെ കെട്ടിപ്പിടിച്ച് കവിത ചൊല്ലി നടക്കുന്ന ഭ്രാന്തന്മാർ എന്നിങ്ങനെ സുഗതകുമാരി ടീച്ചറെയുൾപ്പെടെ അന്ന് സൈലന്റ് വാലിയ്ക്ക് വേണ്ടി നിലകൊണ്ടവരെ സിപീഎം നേതാക്കൾ പള്ളുവിളിച്ചു.

അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ നായനാർ സൈലന്റ് വാലിയിൽ വൈദ്യുതപദ്ധതി വേണമെന്ന് ഇന്ദിരാഗാന്ധിയെ പറഞ്ഞ് ബോധിപ്പിയ്ക്കാൻ ബീ കേ നായർ എന്ന ഒരു വിദഗ്ധനെ കൊണ്ടു പോയെന്നും അദ്ദേഹം ‘ദേർ ഈസ് നോ ഫോറസ്റ്റ് ഇൻ സൈലന്റ്‌വാലി‘ എന്ന് പറഞ്ഞത് കേട്ടപ്പോഴേ ഇന്ദിരാഗാന്ധിയ്ക്ക് ദേഷ്യം വന്ന് മുഖ്യമന്ത്രിയോട് ഇദ്ദേഹത്തെ വിളിച്ച് കൊണ്ട് പോകാൻ ആവശ്യപ്പെട്ടെന്നുമാണ് പറയുന്നത്.

ഇന്ദിരാഗാന്ധി സൈലന്റ് വാലിയ്ക്ക് മുകളിലൂടെ ഹെലികോപ്റ്ററിൽ സന്ദർശനം നടത്തി അവിടെ കാടുണ്ടെന്ന് വ്യക്തമായി കണ്ടിരുന്നു എന്നതായിരുന്നു നായനാരുടേ വിദഗ്ധന്റെ ഈ കള്ളം കേട്ട് അവർക്ക് ദേഷ്യം വരാൻ കാരണം. എന്തൊക്കെപ്പറഞ്ഞാലും ഇന്ദിരാഗാന്ധി എടുത്ത ശക്തമായ നിലപാടാണ് അന്നാ പദ്ധതി തടഞ്ഞ് സൈലന്റ്‌വാലി എന്ന ലോകത്തിലെ ഏറ്റവും പ്രധാനമായ കന്യാവനങ്ങളെ രക്ഷിച്ചത്. അല്ലെങ്കിൽ മാർക്സിറ്റുകാർ അതിനെ ചുട്ടുതിന്നുമായിരുന്നു.

(ഇന്ന് പൊതുവേ ജനങ്ങൾ ധരിച്ച് വച്ചിരിയ്ക്കുന്നതോ, സൈലന്റ് വാലി സമരം നടത്തിയത് സീ പീ എം ആണെന്നും സീപിഎം അനുകൂലക്കാരായ പരിഷത്തുകാർ അതിൽ സജീവമായി പങ്കെടുത്തെന്നൊക്കെയുമാണ്. അതാണവന്മാരുടെ കപടപ്രചരണത്തിനുള്ള വിരുത്)
.
അത് പോട്ടെ, പഴങ്കഥ അവിടെ നിൽക്കട്ടെ, മാധവ്ഗാഡ്ഗിൽ റിപ്പോർട്ട് തന്റെ എം‌ബാം ചെയ്ത് വച്ച ശവത്തിനു മുകളിലൂടെ (സഖാക്കൾ ചിതയൊന്നും ഒരുക്കാറില്ലല്ലോ. ഉപ്പിലിട്ട് സൂക്ഷിയ്ക്കുകയല്ലേ) മാത്രമേ നടപ്പിൽ വരുത്തൂ എന്നു പറയുകയും അതിനായി സകല കാളികൂളീകളുമൊത്ത് മാധവഗാഡ്ഗിലിന്റെ ബന്ധുക്കളേ വരെ ചീത്ത പറയുകയും ചെയ്തത് ഇതേ സി പി എമ്മാണ്. ഇക്കൊല്ലം പ്രളയം കഴിഞ്ഞതിന്റെ പിറകേ ഒരു ദിവസം പോലും താമസമില്ലാതെ തന്നെ സകല ക്വാറികൾക്കും മലപൊട്ടിച്ച് തകർക്കാൻ അനുവാദം നൽകിയവരും ഇതേ സിപീഎം ആണ്.

അവരെന്തിന് ആമസോണിന്റെ മുകളിൽ കയറി കുത്തിയിരിയ്ക്കുന്നു? എന്തിന് ഡൽഹിയിൽ ഒരു അന്യരാജ്യത്തിന്റെ എംബസിയ്ക്ക് മുന്നിൽ ചെന്നുനിന്ന് ഈ ഇന്ത്യാ മഹാരാജ്യത്തെത്തന്നെ നാണം കെടുത്തുന്നു?

ബ്രസീൽ എന്ന വലിയ രാജ്യത്തുണ്ടായ ഒരു ദുരന്തമാണാ കാട്ടുതീ. തീർച്ചയായും അന്താരാഷ്ടസമൂഹവും ബ്രസീൽ സർക്കാരും ഒരുമിച്ച് നിന്ന് അതിനെതിരേ നടപടികൾ എടുക്കേണ്ടതുണ്ട്. അപ്പോൾ ഇതുപോലെ ഒരു പാരിസ്ഥിതിക ദുരന്തം നടക്കുമ്പോൾ  ആ ഗവണ്മെന്റിന്റെ എംബസിയ്ക്ക് മുന്നിൽ നിന്ന് കോപ്പ്രായം കാട്ടുന്നതെന്തിനാണ്. അതും ഒരു അവധി ദിവസം? ദുരന്തം വരുമ്പോഴാണോ രാഷ്ട്രീയം പറയുന്നത് എന്നത് ഇപ്പൊ ഒരു കമ്യൂണിസ്റ്റ് കോമഡിയായി മാറിയിട്ടുപോലുമുണ്ടല്ലോ.

അല്ല, നമ്മളെല്ലാം കരുതുമ്പോലെ അത്ര നിഷ്കളങ്കമല്ല മാർക്സിസ്റ്റുകാരുടെ ഉദ്ദേശം. റഹീമും റിയാസും ആഗോള പരിസ്ഥിതിയെപ്പറ്റി മൂട്ടിൽ വേവടിച്ചിട്ടുമല്ല ബ്രസീൽ എംബസിയുടെ മുന്നിൽ നിന്ന് പത്താളെക്കൂട്ടി മിമിക്സ് പരേഡ് നടത്തിയത്.

കാര്യം കാട്ടുതീയൊന്നുമല്ല. ഈ ഭൂമിയിലെ സകലതിനേയും “ചൂഷണം” ചെയ്ത് ജീവിയ്ക്കാൻ പഠിപ്പിക്കുന്ന കമ്യൂണിസ്റ്റുകാർക്ക് പരിസ്ഥിതിയോടൊന്നും ഒരു സ്നേഹവുമില്ല.  ജൈർ ബൊൽ‌സൊണരോ എന്ന ബ്രസീലിയൻ രാഷ്ട്രപതിയാണ് കാര്യം.

ബ്രസീലിനെ ഏതാണ്ട് സാമ്പത്തികത്തകർച്ചയിലേക്ക് കൂപ്പുകുത്തിച്ച ഇടതുപക്ഷ ഭരണത്തിനു ശേഷം ഇന്ന് ബ്രസീലിൽ അധികാരത്തിലെത്തിയ ജൈർ ബോൽ‌സൊണാരോ അയാളുടേതായ രീതിയിൽ ആ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിയ്ക്കുകയാണ്. പക്ഷേ ജൈർ ബോൽ‌സൊണാരോ ഒരു ചൈനാവിരുദ്ധനാണ്. പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരുദ്ധനുമാണ്. എന്ന് മാത്രമല്ല, അമേരിയ്ക്കയുമായും ഇസ്രേയലുമായും അടുത്ത ബന്ധവും കാത്തുസൂക്ഷിയ്ക്കുന്നയാളുമാണ് ബോൽ‌സൊണാരോ.

ഇടതുപക്ഷക്കാർ ഏകാധിപതികളെ പുകഴ്ത്തുന്നവരാണെന്നും ജനാധിപത്യത്തിൽ അവർക്ക് വിശ്വാസമില്ലെന്നും ബോൽ‌സൊണാരോ പലതവണ പറഞ്ഞിട്ടുണ്ട്. സ്ഥാനമേറ്റെടുത്തയുടനേ അമേരിക്ക, ഇസ്രേയൽ, ജപ്പാൻ, ദക്ഷിണകൊറിയ, തായ്‌വാൻ എന്നീ രാജ്യങ്ങൾ സന്ദർശിയ്ക്കുകയാണ് താൻ എന്ന് പ്രഖ്യാപിയ്ക്കുകയും നമ്മൾക്ക് നല്ല മനുഷ്യരുമായും ജനതയുമായും ആണ് ചേർന്ന് നിൽക്കേണ്ടത് എന്ന് അതിനു കാരണമായി പറയുകയും ചെയ്തു.

ചൈനയെ ചില്ലറയൊന്നുമല്ല ഇത് ചൊടിപ്പിച്ചത്. ജപ്പാൻ സന്ദർശനം മാത്രമല്ല, ചൈന അവരുടെ സ്വന്തമാണെന്ന് പറയുന്ന തായ്‌വാൻ കൂടി സന്ദർശിച്ചതോടെ ലോകമെമ്പാടുമുള്ള ചൈനാപ്രേമികളുടെ കണ്ണിലെ കരടായി മാറി ബോൽ‌സൊണാരോ.

മാത്രമല്ല ചൈനയുടെ ബ്രസീലിലുള്ള സാമ്പത്തിക ഇടപാടുകളെ അതീവ സംശയദൃഷ്ടിയോടെയാണ് ബോൽ‌സൊണാരോ കാണുന്നത്. ധാതുക്കളും പ്രകൃതിവിഭവങ്ങളും കൊണ്ട് സമ്പന്നമായ ബ്രസീലിനെ മുൻ ഇടതുപക്ഷ സർക്കാരുകൾ ചൈനയ്ക്ക് ഏതാണ്ട്  ഇഷ്ടദാനം എഴുതിക്കൊടുത്തപോലെയായിരുന്നു. ചൈനീസ് സാമ്രാജ്യത്തത്തിന്റെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഏറ്റവും വലിയ താവളമായിരുന്നു ഇടതുപക്ഷം ഭരിയ്ക്കുമ്പോൾ ബ്രസീൽ .

എന്നാലിന്ന് ബോൽ‌സൊണാരോ അതിശക്തമായാണ് ചൈനയ്ക്കെതിരേ സംസാരിയ്ക്കുന്നത്. ‘ബ്രസീലിനെ വിലയ്ക്ക് വാങ്ങാനാണ് ചൈന ശ്രമിയ്ക്കുന്നത്‘. ബോൽ‌സൊണാരോ  ഒരിയ്ക്കൽ പറഞ്ഞു. തത്വശാസ്ത്രം അടിച്ചേൽപ്പിക്കുന്ന അജണ്ടയുള്ള രാജ്യങ്ങളോടൊന്നും നമുക്ക് ബന്ധം ആവശ്യമില്ല എന്നും അയാൾ പറഞ്ഞിട്ടുണ്ട്.

ചൈനയെ മാത്രമല്ല. ഇസ്രേയലുമായി വളരെയടുപ്പമുള്ളയാളാണ് ബോൽ‌സൊണാരോ. പാലസ്തീൻ ഒരു രാജ്യമല്ലെന്നും അതുകൊണ്ട് അവിടെ ബ്രസീലിന് എംബസി വേണ്ടെന്നുമാണ് അയാളുടെ നിലപാട്. ഭീകരവാദികളുമായി സംസാരിക്കാൻ ബ്രസീൽ തയ്യാറല്ല എന്നും അയാൾ പറഞ്ഞിട്ടുണ്ട്.

മുഹമ്മദ് റിയാസിന്റേയും റഹീമിന്റേയും പരിസ്ഥിതിസ്നേഹത്തിനു പിന്നിലെ അജണ്ട വ്യക്തമായിക്കാണുമെന്ന് കരുതുന്നു. തങ്ങളുടെ കൈപ്പിടിയിലുണ്ടായിരുന്ന, സാമന്തരാജ്യമായിക്കൊണ്ടുനടന്ന ബ്രസീൽ വഴുതിപ്പോകുന്നത് നോക്കിനിൽക്കാനേ ചൈനയ്ക്കിപ്പോൾ കഴിയുന്നുള്ളൂ.
ബോൽ‌സൊണാരോ  അത്ര മഹാനൊന്നുമാണെന്ന് അഭിപ്രായമില്ല. തികഞ്ഞ വർണ്ണവെറിയനും മൌലികവാദിയും ഒക്കെയാണ് അയാളെന്ന് പലതവണ അയാളുടെ സംഭാഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പക്ഷേ അയാൾ പൂർണ്ണമായും ജനപക്ഷത്തു നിൽക്കുന്നയാളാണോ അല്ലയോ എന്നൊക്കെ നമുക്ക് നോക്കെണ്ട കാര്യമില്ല. കാരണം ബ്രസീലിലെ ഇരുപത് കോടിയോളം വരുന്ന ജനതയ്ക്ക് അവരുടെ നേതാക്കളെ കണ്ടെത്താനുള്ള കഴിവുണ്ട്. അവരുടെ ജനാധിപത്യത്തിലിടപെടേണ്ട ആവശ്യം നമുക്കില്ല.

ഓർമ്മയുണ്ടോ പണ്ടൊരു ദീപാവലിയ്ക്ക് ചൈനീസ് എംബസിയിൽ നിന്ന് ഇന്ത്യയിലെ അവരുടെ അടിമകൾക്ക് സമ്മാനവുമായി ചൈനീസ് മുതലാളിമാർ പോകുന്ന വാർത്ത കണ്ടത്. കട്ടക്കമ്പനിയിലെ മുതലാളി പറയുമ്പോൾ പഞ്ചായത്തിന്റെ മുന്നിൽ സമരം വിളിക്കാൻ പോകുന്ന അന്യസംസ്ഥാനത്തൊഴിലാളികളെപ്പോലെ ചൈനയുടെ അന്യസംസ്ഥാനത്തൊഴിലാളികളായാണ് റഹീമും റിയാസുമൊക്കെ ബ്രസീൽ എംബസിയ്ക്ക് മുന്നിൽ പോയത്. ഇടയ്ക്ക് മുതലാളി വല്ല ചൈനീസ് ഫോണോ വഴിച്ചന്തയിൽ കിട്ടുന്ന വീഡിയോ ഗെയിമോ ഒക്കെ സമ്മാനം കൊടുക്കുമാരിക്കും.

ഒരു രാജ്യത്ത് കാട്ടുതീ പടരുമ്പോൾ അവിടത്തെ സർക്കാരിനെ തെറിവിളിക്കാൻ പോകാൻ അല്ലാതെ ബോധമുള്ളവനൊന്നും തയ്യാറാ‍വില്ല.
ചൈനയെ ഒഴിവാക്കി അമേരിക്കയോടും ഇന്ത്യയോടുമൊക്കെ അടുക്കാൻ ശ്രമിയ്ക്കുന്ന വളർന്നുവരുന്ന വൻ സാമ്പത്തികശക്തിയായ ബ്രസീൽ എന്ന രാജ്യം ഇന്ത്യയുമായി നല്ലബന്ധമുണ്ടാക്കരുത് എന്ന ചൈനീസ് ഗൂഢബുദ്ധിയും ഇതിനുപിറകിലുണ്ട്. കേരളത്തിൽ പ്രളയം നടന്ന് അഞ്ഞൂറുപേർ മുങ്ങിമരിച്ചുകൊണ്ടിരുന്നപ്പോൾ ബ്രസീലിലെ ഇന്ത്യൻ എംബസിയ്ക്ക് മുന്നിൽ കുറേ ബ്രസീലുകാർ നിരന്നുനിന്ന് കേരളത്തിനേയും ഇന്ത്യയേയും തെറിപറഞ്ഞാൽ ആ രാജ്യത്തോട് നമുക്കെന്ത് മനോഭാവമായിരിയ്ക്കും എന്ന് ആലോചിയ്ക്കുക. ബ്രസീലും ഇന്ത്യയുമായുള്ള ബന്ധത്തിൽ ആ വിടവാണ് ഈ മിമിക്രി കൊണ്ട് ഇവന്മാർ ഉണ്ടാക്കിയിട്ടുള്ളത്. ബന്ധങ്ങളുണ്ടാക്കുന്നത് ജനങ്ങൾ തമ്മിലാണ് ഭരണകൂടങ്ങൾ തമ്മിലല്ല.

എല്ലാക്കാലവും സ്വരാജ്യത്തെ ഒറ്റുകൊടുത്തിട്ടുള്ള കൊടൂം ചതിയന്മാരായ കമ്യൂണിസ്റ്റുകാരോട് രാജ്യത്തിന്റെ വിദേശനയങ്ങൾ സംരക്ഷിക്കേണ്ടതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. എന്നാലും വളരെ ചുരുക്കിപ്പറഞ്ഞാൽ ആമസോണിലെ തീ എന്ന പേരിൽ കപടപരിസ്ഥിതിസ്നേഹവും പറഞ്ഞ് ചൈനാമുതലാളിമാരുടേ അന്യരാജ്യത്തൊഴിലാളികൾ ഇന്നലെ ഡൽഹിയിൽ ചെയ്തത് തികഞ്ഞ രാജ്യദ്രോഹപ്രവർത്തനമാണ്.

1 comment:

  1. ആരാന്റമ്മക്ക്‌ ഭ്രാന്ത് വന്നാൽ .....

    ReplyDelete