Monday, February 18, 2008

വൈദ്യവും മനുഷ്യനും തമ്മിലുള്ള അന്തരം. ആമുഖം

തമ്പാനൂരിലെ ഒരു മഴ
ഒരു മഴപെയ്തതാണ്. തമ്പാന്നൂരു വന്നുപെട്ടു ആ കുട്ടി. മോഡല്‍ സ്കൂളീന്ന് വീട്ടിലേയ്ക്ക് പോകുവാരുന്നു.
ചെറുമഴ പെയ്താലും തമ്പാന്നൂര് കൊളമായല്ലോ ...
നടന്ന വഴിയ്ക്ക് ഒരോടയുടെ സ്ലാബില്ലാതെ കിടക്കുന്നു. കവിഞ്ഞ് വെള്ളമൊഴുകുമ്പോള്‍ എന്ത് കാണാന്‍.? അവന്‍ ഓടയില്‍ വീണു.

“അന്നു തുടങ്ങിയതാ പനി. ഇതിപ്പം രണ്ടാഴ്ചയായി, മാറുന്നില്ല. രാവിലേ പഠിയ്ക്കാന്‍ വിളിയ്ക്കുമ്പോള്‍ നെഞ്ചുവേദനേന്ന് പറയും.എടയ്ക്കെടയ്ക്കുണ്ട് നെഞ്ചുവേദന.പരിക്ഷയിങ്ങ് അടുക്കുകയും ചെയ്തു. ഇതിപ്പം ഇവന് എപ്പൊഴും ക്ഷീണമാണ്.”

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രിയായിരുന്നു. നെഞ്ചുവേദനയും പനിയുമായി വന്ന ഒരു പതിനഞ്ചുകാരനെ ജനറല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ മോഹന്‍ പരിശോധിയ്ക്കുന്നു.കുട്ടിയുടെ അമ്മയുമുണ്ട് കൂടെ..

“ടേയ് നിനക്ക് പത്താം ക്ലാസിലെ പരീക്ഷയൊക്കെ വരുന്നതിന്റെ ടെന്‍ഷനാണെന്ന് തോന്നുന്നു. അല്ലാതെ നിനക്കെന്തോന്ന് നെഞ്ചുവേദന വരാന്‍“?
ഡോക്ടര്‍ തമാശ പറഞ്ഞു.

“എന്നാലും നോക്കട്ട് ഇനി ഈ സീ ജീ യും കൂടെയുള്ളൂ നോക്കാന്‍. എന്തായാലും നമുക്കൊരു ഈ സീ ജീ എട്ത്ത് നോക്കാം.അത് കഴിഞ്ഞ് മര്യാദയ്ക്ക് പോയിരുന്ന് പഠിച്ചോണം“

ഈ സീ ജീ എടുത്ത് നോക്കിയ അദ്ദേഹം അത് ഒന്നൂടെ ആവര്‍ത്തിച്ചു. മെഷീന്റെ തകരാറാണെന്ന് വിചാരിച്ച് വേറൊരു മിഷീന്‍ വച്ച് നോക്കി.

ആ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് അന്നുണ്ടായിരുന്നില്ല.
മോഹന്‍ അവനുമൊത്ത് സ്വന്തം കാറില്‍ തന്നെ കാര്‍ഡിയോളജിസ്റ്റിന്റെ വീട്ടില്‍ പോയി. അദ്ദേഹത്തെ കാണിച്ചു.
തിരുവനതപുരത്തെ പ്രശസ്തനായ കാര്‍ഡിയോളജിസ്റ്റ്.

“ഇത് കണ്ടിട്ട് പെരി കാര്‍ഡൈറ്റിസ് ആണെന്നു തോന്നുന്നു.മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്യണം.“

അമ്മയോടായി അദ്ദേഹം പറഞ്ഞു.

“ഹൃദയത്തിന്റെ ആവരണമായ പെരികാര്‍ഡിയത്തില്‍ ഉണ്ടാകുന്ന അണുബാധയാകും കാരണം. വിശദമായി പരിശോധിയ്ക്കണം. ശ്രീ ചിത്രയിലും മെഡിയ്ക്കല്‍ കോളേജിലുമൊക്കെയേ അതിനുള്ള സൌകര്യമുള്ളൂ. തീര്‍ച്ചയായും അങ്ങോട്ട് കൊണ്ട് പോണം. വേറൊരു ആശുപത്രിയിലും തിരുവനന്തപുരത്ത് അതിനുള്ള സൌകര്യമില്ല.“


അവന്റെ അച്ഛന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അമ്മ അച്ഛനെ ഫോണില്‍ വിളിച്ചു. കൊല്ലത്ത് നിന്നും അച്ഛന്‍ എത്തുമ്പോഴേയ്ക്കും ആംബുലന്‍സില്‍ മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോകാനുള്ള സൌകര്യങ്ങള്‍ ചെയ്തിരുന്നു ഡോ:മോഹന്‍.

"ആംബുലന്‍സ് വേണ്ടാ. വണ്ടിയുണ്ട്." അച്ഛന്‍ പറഞ്ഞു.
"ഏത് സമയത്തും എന്നെ വിളിയ്ക്ക്ക്കാം. വിവരങ്ങള്‍ അറിയിയ്ക്കണം.“ മോഹന്‍ ഓര്‍മ്മിപ്പിച്ചു


മെഡിയ്ക്കല്‍ കോളേജ് കാഷ്വാല്റ്റി.

ഡോക്ടര്‍ യുവാവ് ചീട്ട് വാങ്ങിച്ച് നോക്കി. ഈ സീ ജീ എട്ത്ത് നോക്കി

......ST - elevation.. ? Pericarditis കാര്‍ഡിയോളജിസ്റ്റ് എഴുതിയിരിയ്ക്കുന്നു.

ഈ സീ ജീ എന്തിയേ?

ഈ സീ ജി കൊടുത്തു.

ഇതില്‍ കുഴപ്പമൊന്നുമില്ല. വീട്ടിപ്പൊക്കോ

അത് സാര്‍ ..ഇവിടെ അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞു.
ആര് ??
ഡോ. ടൈനീ നായര്‍ ..

അയാളാന്നോ ഇവിടെ അഡ്മിറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുന്നത്?

ഫര്‍തര്‍ ചെക്കപ്പ് വേണമെന്ന് പറഞ്ഞു. സര്‍...പ്ലീസ്

ങാ..രണ്ടാം വാര്‍ഡില്‍ സ്ഥലമുണ്ടേല്‍ പോയിക്കെടന്നോ..അയാള്‍ ദയാലുവായി.

കിടക്കയില്ല. ഒരു പായും തലയിണയും വാങ്ങിച്ചു.

ഫ്യൂര്‍ഡാന്‍ കുടിച്ച് മനോനില തെറ്റിക്കിടന്ന ഒരാളുടെ കിടക്കയ്ക്ക് കീഴിലാണ് സ്ഥലം കിട്ടിയത്. അവിടെ കിടന്നു.

നൂറ് കണക്കിനാള്‍ക്കാര്‍ നിരനിരയായി അട്ടിവച്ച് കിടക്കുന്ന വാര്‍ഡ്..ഒടിയാറായ തുരുമ്പു പിടിച്ച കട്ടില്‍, പെയിന്റ് ഓര്‍മ്മ മാത്രമായ ഡ്രിപ്പ് സ്റ്റാന്റുകള്‍, പഴകിപ്പോളിഞ്ഞ മെത്ത (കട്ടില്‍ കിട്ടിയവര്‍ക്ക് അതൊരു പരീക്ഷണമാണ്) തറയില്‍ നിറച്ച് അഴുക്ക്, ചെളി, പൊടി,..ചിലര്‍ കരയുന്നു, ചിലര്‍ ഛര്‍ദ്ദിയ്ക്കുന്നു. ചിലര്‍ രക്തമൊലിപ്പിയ്ക്കുന്നു. ഈച്ച..കൊതുക് ..പൊട്ടിയൊലിയ്ക്കുന്ന കക്കൂസില്‍ നിന്നുള്ള നാറ്റം.എങ്ങടവുമെത്താതെ ഓടുന്ന നേഴ്സുമാര്‍, നിലാവത്തെ കോഴികളെപ്പോലെ നടക്കുന്ന ഡോക്ടര്‍മാര്‍...

അകെ പുകില് തന്നെ.

അതിനിടയില്‍ തന്നെ പനി വന്നവരുണ്ട്, എയിഡ്സ് ബാധിച്ചവരുണ്ട്, മഞ്ഞപ്പിത്തം ബാധിച്ചവരുണ്ട്, എലിപ്പനി വന്നവരുണ്ട്, വിഷം കഴിച്ചവരുണ്ട്, ഡെങ്കിപ്പനി വന്നവരുണ്ട്, ന്യുമോണിയ വന്നവരുണ്ട്, വൃണങ്ങള്‍ വന്നവരുണ്ട്....അവരുടെയൊക്കെ കൂടെവന്നവരുണ്ട്.

കുട്ടിയ്ക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ഒന്നുമില്ലെന്ന് കാഷ്വാല്‍റ്റിയിലെ ഡോക്ടര്‍ പറഞ്ഞല്ലോ. പനിയും മറ്റും കുറഞ്ഞു. അവന്‍ അവിടവിടെ എഴുനേറ്റ് നടക്കാനും കാണാന്‍ വന്ന കൂട്ടുകാര്‍ പിള്ളേരോട് ചുറ്റിത്തിരിയാനും തുടങ്ങി.
ഏതൊക്കെയോ ഡൊക്ടര്‍മാര്‍ വന്ന് പനിയൊക്കെ നോക്കി.

“നാളേ വീട്ടില്പോകാം കേട്ടോ..“ ആരോ പറഞ്ഞു.

അവന്‍ അന്ന് വൈകുന്നേരം മൂത്രമൊഴിയ്ക്കാന്‍ പോയ സമയത്ത് അവന്റെ വശത്ത് കിടക്കയില്‍ കിടന്നിരുന്ന, വിഷമടിച്ച് മനോനില തെറ്റിക്കിടന്നയാള്‍ വിളിച്ച് കൂവി വെപ്രാളം കാണിച്ച് കട്ടിലുമായി താഴെ വീണത് അവന്‍ കിടന്നിരുന്ന പായയില്‍. അവനവിടുണ്ടായിരുന്നേല്‍ അപ്പൊത്തന്നെ കാര്യം തീര്‍ന്നു കിട്ടിയേനേ (അയാളുടെ കയ്യും കാലും കിടക്കയോട് ചേര്‍ത്ത് കെട്ടിയിരിയ്ക്കുകയാണ്. ബോധമില്ലാതെ നിലവിളിയ്ക്കുകയും വെപ്രാളം കാണിയ്ക്കുകയും ചെവി പൊട്ടും വിധം തെറി വിളിയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നയാള്‍‍)

പിന്നെ ഒന്നും നോക്കിയില്ല. നാളെ പോവുക തന്നെ. ഇവിടെ വയ്യ.

കുട്ടിയുടെ ഒരു അമ്മാവന്റെ ബന്ധു അവിടെ ഹൌസ് സര്‍ജന്‍സി ചെയ്യുന്നുണ്ടായിരുന്നു.മെഡിസിന്‍ വിഭാഗം തലവനെ കുറിപ്പുകള്‍ കാണിയ്ക്കാം എന്ന് ആ ബന്ധു ഏറ്റു.
എന്നാല്‍ അത് കഴിഞ്ഞ് പോകാം.

കുറിപ്പുകള്‍ വായിച്ച് ഈ സീ ജീ യും കണ്ട ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ചോദിച്ചു.

അവനെവിടെ..?
അവന്‍ വാര്‍ഡിന്റെ അങ്ങേയറ്റത്ത് നിന്ന് കളിയ്ക്കുന്നു.

അവിടെ നില്ല്..നടക്കരുത്. ഗായത്രീ സ്ടെച്ചര്‍ പറയൂ. ഐ സീ യൂ വില്‍ അഡ്മിറ്റ് ചെയ്യണം. ദിസ് ഇസ് വെരി ക്രിട്ടിക്കല്‍.

എല്ലാരും അമ്പരന്ന് പോയി..അവന് കണ്ടാല്‍ ഒരു കുഴപ്പവുമില്ലല്ലോ?കഴിഞ്ഞ രണ്ട് ദിവസമായി അവന്‍ ഇവിടെത്തന്നെ നില്‍ക്കുവാരുന്നല്ലോ?

സ്ടെച്ചറുമായി അവന്‍ നിന്നിടത്ത് പോയെടുത്ത് മെഡിക്കല്‍ കോളേജിലെ ഐ സീ യൂ വില്‍ കിടത്തിയ അവനെ രണ്ടാഴ്ച കഴിഞ്ഞാണ് അവിടുന്ന് പുറത്ത് വിട്ടത്. പിന്നീട് രണ്ട് മൂന്ന് മാസം പൂര്‍ണ്ണ വിശ്രമം.സ്റ്റീറോയ്ഡുകള്‍ കയറ്റി ഞരമ്പുകള്‍ വെന്തുപോയി. ഒരോ ഇടവേളയിലും രക്തസമ്മര്‍ദ്ദം നോക്കി. മരുന്നുകള്‍ കയറ്റി പുറത്തും അകത്തുമായി നൂറായിരം ടെസ്റ്റുകള്‍ നടത്തി....

വൈറല്‍ പെരികാര്‍ഡൈറ്റിസായിരുന്നു,ഭാഗ്യത്തിന് ഹൃദയ പേശികള്‍ക്ക് തകരാറൊന്നും പറ്റിയില്ല. സമയത്തിനു വൈദ്യസഹായം കിട്ടിയതിനാല്‍.

ഇപ്പൊ സുഖമായിരിയ്ക്കുന്നു.അഹംകാരി..

ആ ഹൌസ് സര്‍ജനെ അറിയാതിരുന്നെങ്കിലോ???

ആ കുട്ടി എന്റെ അനിയനാണേയ്.....
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------------------------------------------

ഇരുനൂറ് രൂപാ

ഞാന്‍ ജോലി ചെയ്തിരുന്ന ആശുപത്രി. ഒരു രാത്രി വിളി.

“സിസ്റ്ററേ ...ഒരു ഇരുനൂറ് രൂപയുടെ കുറവല്ലേയുള്ളൂ. എന്റെ കയ്യില്‍ ഇപ്പൊ ഇല്ലാഞ്ഞിട്ടാണ്. ഞാന്‍ ഇത് നടത്തിയേച്ച് വീട്ടീന്ന് കൊണ്ട് വരാം.“
ഞാന്‍ കയറിച്ചെല്ലുമ്പോ ഒരാള്‍ നിന്ന് കരയുന്നതാണ് കണ്ടത്.
“അതിപ്പം ഞാനെന്തോ ചെയ്യാനാ..ഇരുനൂറ് രൂപയ്ക്ക് ഇരുനൂറ് രൂപ വേണ്ടേ?“
“എന്താ സിസ്റ്ററേ?“ ഞാന്‍ ചോദിച്ചു
സീ റ്റി യുടേ കാശടയ്ക്കാന്‍ ഒരു ഇരുനൂറ് രൂപയുടെ കുറവുണ്ട്.

“സാറേ മോന്‍‍ സൈക്കളെന്നൊന്ന് വീണതാ? അന്നേരം ബോധമില്ലാരുന്നു. ഒന്ന് രണ്ട് തവണ ച്ഛര്‍ദ്ദിച്ചു. സീ റ്റീ എടുക്കണമെന്ന്. രാത്രിയായിപ്പോയി. ആശൂത്രീല്‍ വീട്ടുകാരി മാത്രമേ ഒണ്ടാരുന്നുള്ളൂ. ഒരിരുനൂറ് രൂപയുടെ കൊറവുണ്ട്....“
അങ്ങേര്‍ കരയുകയായിരുന്നു.

ഞാന്‍ പോക്കറ്റില്‍ തപ്പി. ഒരു നയാ പൈസയില്ല.എന്റെ കയ്യിലെവിടെ മാസാവസാനം ഇരുനൂറ് രൂപാ. വല്ലവരോടും ചോദിയ്ക്കാന്‍ എല്ലാവനും ഒറങ്ങുകയായിരിയ്ക്കും.

ഞാനാ കുഞ്ഞിനെ നോക്കി.തലയിലൊരു കെട്ടുമൊക്കെയാ‍യി അവന്‍ ..ഒരു നാലഞ്ച് വയസ്സ് കാണും.ഒറങ്ങുവാണ്..പാവം

“ഇദ്ദേഹം ഇരുനൂറ് രൂപാ നാളെ തരും അല്ലേല്‍ ഇരുനൂറ് രൂപാ നാളെ ഞാന്‍ തരാം. എന്റെ പേരിലെഴുതിയ്ക്കോ..“
ഞാന്‍ കാഷ്യറോട് പറഞ്ഞു.

“അങ്ങനെ പറഞ്ഞാലെങ്ങനാ സാറേ..അതെങ്ങനാ ഞാന്‍ ബില്ലാക്കുന്നത്? “

“ഹ ഞാന്‍ ഇവിടെ ജോലി ചെയ്യുന്നവനല്ലേ. ഇയാള്‍ കൊണ്ടത്തന്നില്ലെങ്കില്‍ ഞാന്‍ നാളെ തരാം ഇപ്പം എന്റെ കയ്യിലില്ല. നിങ്ങക്ക് പാതിരാത്രീലാരേം കണക്ക് ബോധിപ്പിയ്ക്കണ്ടല്ലോ?“

മനസ്സില്ലാ മനസ്സോടെ അവര്‍ സമ്മതിച്ചു. അങ്ങേര് പിറ്റേന്ന് കാശുകൊണ്ടുക്കൊടുത്തു.
‌‌‌‌‌‌‌‌‌‌‌‌‌‌സീ ടീ ചെയ്തപ്പോള്‍ അവന്റെ തലച്ചോറിന്റെ ആവരണങ്ങളിലൊന്നില്‍ രക്തസ്രാവം ഉണ്ടായിരുന്നു. ‌‌
--------------------------------------------------------

തിരക്കിനിടയിലൂടെ നൂണ്ട് ഒരു ഗവണ്മെന്റ് ആശുപത്രിയുടെ ഓപീ ഡിവിഷനില്‍ ചെന്ന് കാശുനിറച്ച പൊതി ഡോക്ടറെ ഏല്‍പ്പിയ്ക്കുമ്പോള്‍ ചുറ്റിനും നിറഞ്ഞ് നില്‍ക്കുന്ന ആള്‍ക്കാരെ വകവയ്ക്കാതെ, ഒരുളുപ്പുമില്ലാതെ അയാള്‍ പറഞ്ഞു.

“ട്രിവാണ്ട്രം സ്കാന്‍സ്‌കാരു എണ്ണൂറു രൂപയാ ഇപ്പം കട്ട് തരുന്നേ. ഞാനിനി അവിടേയ്ക്കേ ആളെ അയയ്ക്കുകയുള്ളൂ..ഹും..“

ശരി. ആളു വന്നില്ലേല്‍ എന്റെ ജോലി അത്രയും കുറഞ്ഞിരിയ്ക്കും എന്നു ഞാന്‍ മനസ്സില്‍ കരുതി.
ഒരാശുപത്രിയുടേ പീ ആര്‍ ഓ ആയിരുന്നു ഞാന്‍ അന്ന്.

ഫിനാന്‍സ് ആപ്പീസര്‍ കാശെല്ലാം കവറിലിട്ട് പേരെഴുതി തരും. ഞാന്‍ ജീപ്പില്‍ അതാതിടത്ത് പോയി അത് വിതരണം ചെയ്യണം. സീ ടീ ചെയ്യാന്‍ ആളേ വിടണമെന്ന് പറയണം എന്ന് ഒരു ജോലികൂടെ ചെയ്യണം എന്നാണ് നിയമം. പോസ്റ്റ്മാന്റെ പണി ചെയ്യുന്നത് തന്നെ വലിയ വിഷമിച്ചാ..:)
തലയുടെ സ്കാനിങ്ങ് 500 രൂപ
ഡൈ കുത്തിവച്ച് ചെയ്തിട്ടാ‍ണേല്‍ 600 രൂപാ
നെഞ്ച് വയറ് ഒക്കെ സ്കാന്‍ ചെയ്യണേല്‍ 650 രൂപാ ആയിരുന്നു പറഞ്ഞ് വിടുന്ന ഡോക്ടര്‍മാര്‍ക്കുള്ള കമ്മീഷന്‍ അന്ന്.
----------------------------------------------


അതിനൊക്കെ കുറെ നാള്‍ മുന്‍പ്..എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റിങ്ങിന് നില്‍ക്കുന്ന സമയം(ഡിഗ്രിയുടെ ഭാഗമായ ട്രെയിനിങ്ങ്) അള്‍ട്രാസൌണ്ട് സ്കാനിങ്ങിലായിരുന്നു അന്നത്തെ ട്രെയിനിങ്ങ്.

ആദ്യത്തെ ദിവസം അവിടുത്തെ അള്‍ട്രാസൌണ്ട് സ്കാനിങ്ങ് വിഭാഗം എവിടെയെന്ന് ഞാന്‍ അവിടെ കണ്ട ഒരു അറ്റന്ററോട് ചോദിച്ചു.(എന്നെ കണ്ടാല്‍ വിദ്യാര്‍ത്ഥിയെന്ന് തിരിച്ചറിയുന്ന രീതിയിലുള്ള വേഷമായിരുന്നില്ല അന്ന്.:)
“ ഇവിടെ ആ സ്കാനിങ്ങില്ല.അതിന് പുറത്ത് പോണം..എന്താ പേര് ?“ എന്നു പറഞ്ഞ് അങ്ങേരെനിയ്ക്ക് എറണാകുളത്തെ പ്രശസ്തമായ ഒരു ഡയഗ്ണോസ്റ്റിക് സെന്ററിന്റെ പേരു പറഞ്ഞു തന്നു.
(കാര്യം മനസ്സിലാക്കിയ ഞാന്‍ ഒന്ന് ചിരിച്ച് നന്ദിയും പറഞ്ഞ് രണ്ട് ചുവട് മുന്നോട്ട് പോയപ്പോള്‍ സ്കാനിങ്ങ് വിഭാഗത്തിനു മുന്നില്‍ തന്നെയെത്തി)
--------------------------------------------------

ഞങ്ങളുടെ കോളേജില്‍ ട്രെയിനിങ്ങിനായി വച്ചിരുന്ന അള്‍ട്രാസൌണ്ട് സ്കാനിങ്ങ് യന്ത്രം രോഗികള്‍ക്ക് ഉപകരിയ്ക്കാതെ ചുമ്മായിരിയ്ക്കുവാണല്ലോ എന്ന് വിചാരിച്ച് ഞങ്ങളുടെ വകുപ്പ് തലവനും, ഞങ്ങളുടെ സീനിയറായി പഠിച്ച് അവിടെത്തന്നെ ലക്ചറര്‍ ആയ ഒരാളും മുന്‍‌കൈ എടുത്ത് ചെറിയ തുകയ്ക്ക് ഒരു അള്‍ട്രാസൌണ്ട് ചെയ്തു കൊടുക്കുന്ന ക്ലിനിക്ക് തുടങ്ങി.

വെളിയില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ നാനുറ്റമ്പത് രൂപയൊക്കെ വാങ്ങുമ്പോള്‍ അവിടെ നൂറ്റമ്പത് രൂപാ.

ഇടയ്ക്ക് വച്ച് രോഗികള്‍ തീരെ വരാതായി. ഞങ്ങള്‍ വിചാരിച്ചു കാശുകുറച്ച് കൊടുക്കുന്ന സേവനം വേണ്ടാ എന്നു തീരുമാനിയ്ക്കത്തക്കവണ്ണം മലയാളികള്‍ കാശുകാരായെന്ന് :)

പരിചയമുള്ള ഒരു ഓട്ടോ‍ ഓടിയ്ക്കുന്ന ചേട്ടനാണത് പറഞ്ഞത്. ചില സ്വകാര്യ സ്ഥാപനങ്ങള്‍ രോഗികളെ ഞങ്ങളുടെ സ്കൂളിലേയ്ക്ക് കൊണ്ട് വരാതിരിയ്ക്കാനും (പൂട്ടിപ്പോയെന്ന് കള്ളം പറയുക )അവരെ സ്വകാര്യ സ്ഥാപനങ്ങളിലെത്തിയ്ക്കുന്നതിനും കോട്ടയം മെഡിയ്ക്കല്‍ കോളേജ് സ്റ്റാന്റിലെ ഓട്ടോക്കാര്‍ക്ക് കമ്മീഷന്‍ കൊടുക്കുമായിരുന്നത്രേ..

എന്തായാലും അതൊന്നും അധികകാലം നിന്നില്ല ചില നല്ല ഡോക്ടര്‍മാര്‍ മെഡിയ്ക്കല്‍ കോളേജില്‍ വരുന്ന കാശിനു ബുദ്ധിമുട്ടുള്ള രോഗികളെ പ്രത്യേകം അവിടേയ്ക്ക് തന്നെ പറഞ്ഞയയ്ക്കാന്‍ തുടങ്ങി. ചില ഡോക്ടര്‍മാര്‍ വഴിയൊക്കെ വരച്ച് കൊടുത്ത് വിടുമായിരുന്നു.

അപ്പോള്‍ സ്വകാര്യക്കാര്‍ വേറേ വഴിനോക്കിക്കാണും...കാണുമല്ലോ....

ഒരു സുപ്രഭാതത്തില്‍ കേരളത്തിലെ മാന്യമഹാപത്രക്കടലാസുകളെല്ലാം ഞങ്ങളുടെ വകുപ്പ് ക്ലിനിക്കില്‍ “കോടികളുടെ തട്ടിപ്പ് “ എന്ന് വെണ്ടക്കാ നിരത്തി.(ദിവസം ഒന്നോ രണ്ടൊ സ്കാന്‍. അതായത് 150+150 രൂപാ. മാസം എങ്ങനെ പോയാലും 10000 രൂപയിലധികം സ്കാനിങ്ങൊന്നും നടക്കാത്ത വകുപ്പ് രണ്ട് കൊല്ലം പൂര്‍ത്തിയാക്കുന്നതിനു മുന്‍പാണീ “കോടികളുടെ തട്ടിപ്പ്“ വെണ്ടക്കാ നിരന്നത് എന്നോര്‍ക്കണം.

എന്തായാലും കാര്യം അറിയാവുന്നത് കൊണ്ട് ആരും പതറിയില്ല. ( ക്ലിനിക് തുടങ്ങുവാന്‍ മുന്‍‌കൈ എടുത്ത ലക്ചറര്‍ കുറച്ച് വിഷാദവാനായി എന്നത് നേര്..മനുഷ്യര്‍ക്ക് നല്ലതു ചെയ്യാന്‍ പോയ ഞാനിങ്ങനെ കേട്ടല്ലോ കര്‍ത്താവേ സ്റ്റയിലില്‍) ..എന്തായാലും യൂണിവേഴ്സിറ്റി വിജിലന്‍സ് കാര്യം അന്വേഷിച്ചു.

അത് കൊണ്ട് നന്നായി

ഒന്ന് : കണക്കുകളേല്ലാം യൂണിവേഴ്സിറ്റിയ്ക്ക് ബോധ്യമായി. ഇനിയൊരു സംശയം വരാത്ത രീതിയില്‍ .

രണ്ട്: പത്രവാര്‍ത്തയില്‍ നിന്ന് ഇങ്ങനെയൊരു ക്ലിനിക്ക് നടക്കുന്ന കാര്യമറിഞ്ഞ രോഗികള്‍ അവിടേയ്ക്ക് നേരിട്ട് വരാന്‍ തുടങ്ങി. രോഗികളുടെ എണ്ണം ഇരട്ടിയിലധികമായി.

എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് ?? ????
ഇതെന്തിനാ ചേട്ടാ ഈ രോഗിയെ സീ റ്റീ എടുക്കാന്‍ ഇയാള്‍ പറഞ്ഞ് വിട്ടത്. ഇത് സൈനസൈറ്റിസാണേന്ന് ഉറപ്പല്ലേ?
“ചുമ്മാ കിട്ടുന്ന അറുനൂറ് രൂപാ വേണ്ടെന്ന് വയ്ക്കുമോ, ആരെങ്കിലും?“

ഈ ഹോമിയോ ഡോക്ടറെന്തിനാ സ്ഥിരം രോഗികളെ സീ ടീ എടുക്കാന്‍ വിടുന്നത്?
മോനേ ഞാന്‍ ഇനിയും ഉത്തരം പറയണോ?

ഇതെന്താ കാല്‍പ്പാദത്തിന്റെ സീടീ യോ? കാലുവേദനയ്ക്ക്..അതും പറഞ്ഞ് വിട്ടിരിയ്ക്കുന്നത് ഒരു കഷ്വാല്‍റ്റി മെഡിയ്ക്കല്‍ ആപ്പീസറോ?
“നീയിനി ഇങ്ങനൊന്നും മേലാ ചോദിയ്ക്കരുത്..“

ഈ ജനറല്‍ മെഡിസിന്‍ വിദഗ്ധനെന്തിനാ ഈ തലച്ചോറില്‍ രക്തസ്രാവമുള്ള രോഗിയെ ന്യൂറോ സര്‍ജനുള്ള ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യാതെയിരിയ്ക്കുന്നത്? ഇപ്പത്തന്നെ മൂന്ന് സീ റ്റീ ഒരാഴ്ചയ്ക്കുള്ളിലായല്ലോ?
“നീ സീ ടീ എടുത്താല്‍ പോരേ..കുഴിയെണ്ണുന്നതെന്തിന്?”

ഷോള്‍ഡര്‍ ഡിസ്ലൊക്കേഷനായി വന്ന രോഗിയെ സീ ടീ എടുപ്പിയ്ക്കണതെന്തിന്?

ഇതെന്താ ഈ റേഡിയോളജിസ്റ്റ് റിപ്പോര്‍ട്ടില്‍ മിക്കവാറും രോഗനിര്‍ണ്ണയം ഉറപ്പായിരുന്നാലും സജസ്റ്റ് എം ആര്‍ ഐ എന്നെഴുതുന്നത്?

ഇതെന്താ ഈ ഒവേറിയന്‍ സിസ്റ്റിന്റെ വലിപ്പം ഇയാള്‍ മനപൂര്‍വം കൂട്ടിയെഴുതുന്നത്?

അല്ല ഇതെന്താ ഈ സ്കൂട്ടറെന്ന് വീണ് മുട്ട് മുറിഞ്ഞയാളുടെ മുട്ടിന്റെ എം ആര്‍ ഐ എടുക്കാന്‍ പറയുന്നത്?

ഇതെന്താ....
ച്ഛി മിണ്ടാണ്ടിരിയെടാ..

-------‌‌‌‌-----------------------------------------

ചാരിറ്റബിള്‍ ആശുപത്രി
എറണാകുളത്തെ പ്രശസ്തമായ ചാരിറ്റബിള്‍ ആശുപത്രി.

ഞാന്‍ അവിടേയും ജോലി ചെയ്തിട്ടുണ്ട്

രോഗിസഹായ വകുപ്പിന്റെ മുന്നിലൂടെ വേണം അകത്തേയ്ക്ക് കയറാനുമിറങ്ങാനും.
ഒരു ദിവസം ഉച്ചയൂണിനു പോകുമ്പോള്‍ അവിടെ ഒരു മനുഷ്യന്‍ വല്ലാതെ നില്‍ക്കുന്നു.വല്ലാതെ വിഷമിച്ച്.

ഞാനങ്ങേരുടെ മുഖത്ത് നോക്കി.

സാര്‍..
എന്താ ചേട്ടാ...?

“ഞാനേ ഇവിടെ പേഷ്യന്റ് സര്‍വീസത്തില്‍ വന്നതാണേ. ഭാര്യയുടെ ഹാര്‍ട്ടാപ്പറേഷനും പതിനായിരം രൂപാ ഇവിടുന്ന് കുറച്ച് കൊടുക്കാംന്ന്. അമ്മയെ പറ്റി എന്തെങ്കിലും എഴുതിത്തരണം.“

ഞാനെന്തെഴുതാനാ ചേട്ടാ‍?

“എനിയ്ക്കേ എഴുത്തും വായനയും അറിയില്ല. എന്തെങ്കിലും എഴുതിത്തരണം. എഴുതിക്കൊടുക്കാതെ കാശ് കൊറച്ച് തരത്തില്ല.“
അയാളുടെ കണ്ണ് നിറഞ്ഞു.

ചേട്ടന്‍ പറ..ഞാനെഴുതാം.
അതിപ്പം സാറങ്ങെഴുതിയാല്‍ മതി..
ചേട്ടന്‍ പറ. ഞാന്‍ അതുപോലെയെഴുതാം.

എന്റെ ഭാര്യ........................ഞാന്‍ ......യൊട് വളരെ നന്ദി............‌‌‌---------ന്ദമയി അമ്മ..........കാശ് കൊറച്ച് തന്ന......നന്ദി.....ആ കാശ് കൂടെയൊണ്ടാക്കാന്‍ പാട്......നന്ദി.....
..........................................

ആ കണ്ണുകള്‍ നിറഞ്ഞഞ്ഞൊഴുകിയത് നന്ദി കാരണമായിരുന്നില്ല.

ഞാനെഴുതാം ചേട്ടാ...
എഴുതി...ചോറിറങ്ങിയില്ല...

--------------------------------------------------

എനിയ്ക്കറിയാവുന്ന മറ്റൊരാള്‍ നാട്ടില്‍ നിന്ന് അവിടെ ചികിത്സയ്ക്ക് വന്നു. കാശു കുറച്ച് തരാന്‍ പേഷ്യന്റ് സര്‍വീസില്‍ അപേക്ഷ നല്‍കി. പാവപ്പെട്ട മനുഷ്യര്‍. ചെറിയ എന്തോ ജൊലി ചെയ്യുന്നവര്‍..
“കാശില്ലെങ്കില്‍ വല്ല സര്‍ക്കാരാശുപത്രീലും പോയിക്കൂടേന്ന് ചോദിച്ചു..... അവരുടെ വലിയ ഭക്തനൊക്കെ തന്നെ ഞാന്‍. പക്ഷേങ്കീ അവിട്ന്നൊള്ള ചോദ്യങ്ങള്‍ കേട്ടാ തൊലിയങ്ങ് പൊളിഞ്ഞ് പോവും കേട്ടോ.“
ആളും അമ്പാരിയുമൊന്നുമില്ലാതിരുന്നപ്പോഴേ പ്രവചനം കേള്‍ക്കാന്‍ അവിടെ പൊയ്ക്കൊണ്ടിരുന്ന അയാള്‍ പറഞ്ഞു.

അയാളുടെ ചികിത്സ ആര്‍ സീ സീ യില്‍ ചെയ്യുന്നതിന് പരമാവധി പതിനായിരം രൂപയാകും.

ചാരിറ്റി ആശുപത്രിയില്‍ അമ്പതിനായിരം രൂപയില്‍ നിന്ന് പതിനായിരം കുറച്ച് നല്‍കി.(ചികിത്സ ആര്‍ സീ സീ യിലും അവിടെയും യാതൊരു വ്യത്യാസവുമില്ല.).

മുതുപഴകിയ തുണിക്കട ബിസിനസ് തന്ത്രം തന്നെ. അമ്പത് രൂപയുടെ ഷര്‍ട്ടിന് മുന്നൂറ് രൂപ വിലയിട്ട് അമ്പത് ശതമാനം റിഡക്ഷന്‍..

എന്നാലും അത് ഭേദമാകുന്ന തരം കാന്‍സറായിരുന്നു..
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌----------------------------------------------------

സുലൈമാന് ശ്വാസകോശത്തില്‍ നിന്ന് എല്ലുകളിലേയ്ക്ക് പടര്‍ന്ന കാന്‍സര്‍ ആയിരുന്നു. അവസാന ഘട്ടം. കൂലിപ്പണിക്കാരനായിരുന്നു. നാട്ടുകാര്‍ പിരിവിട്ടാണ് ചികിത്സ നടത്തുന്നത്. . റേഡിയേഷന്‍ ചികിത്സ എടുക്കാനായി സേവനം നടത്തുന്ന ആശുപത്രിയില്‍ വന്നു.വേദനമാറാനുള്ള ചികിത്സയായിരുന്നു ആവശ്യം.

ഇരുപതിനായിരം രൂപയോളം റേഡിയേഷനാകും എന്നവരോട് പറഞ്ഞു. അവസാനം പതിനായിരം കുറച്ച് നല്‍കി. പിരിവിട്ട് അവരത് നല്‍കി.

തൊട്ടപ്പുറത്ത് ജനറല്‍ ആശുപത്രിയില്‍ ആ ചികിത്സ സൌജന്യമാണ്. അതവരോടാരും പറഞ്ഞില്ല.വേദന മാറാനുള്ള റേഡിയേഷന്‍ ചികിത്സയ്ക്ക് ഹൈടെക്കും സെന്‍‌ട്രലൈസ്ഡ് ഏ സീ യും ഒന്നും വേണ്ടാ.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------------------------------------
ഇതൊന്നും ഒന്നുമല്ല. ഞാന്‍ നേരിട്ട് അനുഭവിച്ചതില്‍ തന്നെ വളരെ കുറച്ചും സത്യമായും വസ്തുതകളെന്ന് അറിയാവുന്നവയുമാണ് ഇവിടെ എഴുതിയിരിയ്ക്കുന്നത്. നേരിട്ടുള്ള അനുഭവം മാത്രമേ എഴുതിയിട്ടുള്ളൂ. പറഞ്ഞ് കേട്ടത് എഴുതിയാല്‍ ശരിയായ തെളിവുകള്‍ എപ്പോഴും നല്‍കാന്‍ പറ്റില്ല എന്നതുകൊണ്ടാണത്. ഇത് വായിയ്ക്കുന്നവരില്‍ ഓരോരുത്തര്‍ക്കും ഇതിലുപരി പറയാനുണ്ടാകും. അതുകൊണ്ട് തന്നെ ദയവായി പറയുക.കമന്റുകള്‍ ഇവിടെ എനിയ്ക്കാവശ്യമുണ്ട്.-----------------------------------------------------

അല്ലടെ ചെക്കാ നീ എന്തായിപ്പൊ പറയാനുദ്ദേശിയ്ക്കുന്നേ ????
ഒന്നുമില്ല..അങ്ങനെ ഞാനൊരു അഞ്ചര മണിയ്ക്കൂര്‍ ഇങ്ങ് പിറകിലെത്തി.

മുതലാളിത്ത ഫാസിസ്റ്റ് മൂരാച്ചികള്‍.തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തിന്റെ കൊടും ശത്രുക്കള്‍. മുതലാളിത്ത ഭീകരതയുടെ ക്രൂരമുഖം..നമ്മളെ ഭരിച്ച് മുടിച്ച ഭീകരര്‍..ഹോ..

സംസ്കാരമില്ലാത്ത ആള്‍ക്കാര്‍.. നമ്മളുപനിഷത്തെഴുതിക്കൊണ്ടിരുന്നപ്പൊ കാടന്മാരായി നടന്ന വാലില്ലാക്കുരങ്ങന്മാരുടെ നാട് ..

വൃത്തികെട്ടവന്മാര്‍.കുളിക്കില്ല. ചന്തികഴുകില്ല....ഹേയ്..കണ്ട പെണ്ണുങ്ങളേയെല്ല്ലാം കേറി ഭോഗിയ്ക്കും..മരിയുവാനയും ഹാഷിഷുമൊക്കെ തിന്ന് നടക്കുന്നവന്മാര്‍.

മാടിന്റെ കൊടലില്‍ വരെ എറച്ചി വച്ച് തിന്നുമത്രേ

മക്കളേ അവിടെ അവരെ നോക്കാന്‍ ആരുമില്ല. എല്ലാവരും സ്വന്തം കാര്യം മാത്രം..കുടുംബമില്ല..മക്കളില്ല..അച്ഛനില്ല...മക്കള്‍ക്കച്ഛനില്ല അമ്മയില്ല വിവാഹമോചനമാണ് കൂടുതല്‍..പണമുണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം?

മദാമ്മമാരൊക്കെ എവനെ വലവീശിപ്പിടിച്ച് കളയും. ഇവനെ കെട്ടിച്ചിട്ട് വിട്ടാല്‍ മതിയാരുന്നു..

പെണ്‍ ഭരണമല്ലിയോ. രാജ്ഞിയല്ലിയോ ഭരണം. ?എങ്ങനെ ശരിയാവും?

അവിടെ ഭയങ്കര ചിലവാ....ഇവിടൊന്നും നിനക്ക് സെവ് ചെയ്യാന്‍ പറ്റൂല്ലെന്നേ..

വല്ല മദാമ്മമാരേം ഒപ്പിച്ചോടാ...ങ്മും.. കള്ളന്‍ പിന്നേ ചക്കരക്കൊടത്തീ കൈയ്യിട്ടാല്‍ ആരും നക്കാതിരിക്കുവല്ലേ..

അവിടെ ഭയങ്കര റേസിസമാണ്. ജോലി സ്ഥലത്തൊക്കെ നിന്നെ ഒറ്റപ്പെടുത്തും. സായിപ്പ് ശരിയല്ല. അവര്‍ ചൂഷകരാണ്.

അവസാനം നീയും മുതലാളിത്തകെണിയില്‍ വീണു അല്ലേ.

മാന്‍ ഇസ് ദ പ്രൊഡക്റ്റ് ഒഫ് എന്‍‌വയോന്മെന്റ് എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്

‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------------------------------------

ഇവിടുത്തെ ആശുപത്രിയില്‍ പൈസ എവിടെയാ കൊടുക്കുന്നേ? (നാട്ടിലിതാ ഗതിയെങ്കില്‍ ഇവിടെ മുതലാളിത്ത ഭീകരതയുടെ താണ്ഡവമായിരിയ്ക്കുമല്ലോ?)

ആരും പൈസ കൊടുക്കണ്ടാ..

ചുമ്മാ പോഡാ..പൈസ ബാങ്കീന്ന് പിടിയ്ക്കുമാരിയ്ക്കും.എല്ലാം ഇപ്പം ഏ ടീ എം അല്ലേ..

അങ്ങനെയങ്ങനെയിരിക്കേ..

ഒരു ദിവസം എന്റെ കണ്ണ് ചുവന്ന് തടിച്ചു. കോണ്ടാക്ട് ലെന്‍സ് ഇട്ടപ്പോഴേയ്ക്കും കണ്ണ് കൊളമായി. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ പോയി.

ഇതൊന്നുമില്ല. സാധാരണ കണ്ണുതുള്ളിമരുന്നൊഴിച്ചാല്‍ മതി. ഫാര്‍മസിയില്‍ ചെന്നു വാങ്ങിയ്ക്കൂ.

മരുന്നിനെഴുതി തന്നു. ഫാര്‍മസിയില്‍ ചെന്നു. ആറുപൌണ്ട് ചില്ലറ.(നാനൂറ്റമ്പത് രൂപാ ഒരു ചെറിയ ഡപ്പി ആന്റിബയീട്ടിക് കണ്ണ് മരുന്നിന്)

മരുന്നിന്റെ വെല അപാരം തന്നെ. പക്ഷേ മരുന്നിന്റെ വാണിജ്യനാമം അല്ല ഉപയോഗിച്ചിരിയ്ക്കുന്നത് എന്ന് ശ്രദ്ധിച്ചോ. അവന്മാര്‍ ട്രേഡ് നേം മറച്ച് സ്റ്റിക്കറൊട്ടിച്ച് കൊണ്ട് രാസവസ്തുവിന്റെ ജെനറിക് പേര് ഉപയോഗിച്ചിരിയ്ക്കുന്നു.അത് കൊള്ളാം.എന്നാലും മരുന്നിന്റെ വെല അപാരം..

പിന്നീടൊരിയ്ക്കല്‍ കാലുവേദന വന്നു. എക്സ്രേ ....രക്തപരിശോധന..എന്റെ കാശുകുറേ പോകും.

ഹേയ് ഇല്ലില്ല ...പരിശോധന ഫ്രീ...
ഹമ്മേ പരിശോധനകളെല്ലാം സൌജന്യമോ..പക്ഷേ മരുന്നിന് കാശാകുമല്ലോ?

മരുന്നോ?

ഒരു കൂട്ടം മരുന്നെഴുതിത്തന്നു. തകര്‍ന്നു. കണ്ണിലൊഴിയ്ക്കാന്‍ ഒരു കുഞ്ഞ് കുപ്പി മരുന്നിന് വെല ആറ് പൌണ്ടെങ്കില്‍ ...ഇത് കുറേ കടുക്കും.

അല്ല ,മണിയാ..ഈ മരുന്നിനെല്ലാം കൂടേ വീണ്ടും ആറ് പൌണ്ടേ ആയുള്ളൂ.

അതെങ്ങനെ?

അതങ്ങനാ. ഒരു രൂപായുടെ മരുന്നിനും ഒരു ലക്ഷം രൂപായുടെതിനും ആറു പൌണ്ട്. അത് മരുന്നിന്റെ വിലയല്ല.ഒരു ടൊക്കൺ മാത്രം. ഇന്‍ പേഷ്യന്റ്(ആശുപത്രിയില്‍ താമസിച്ചുള്ള രോഗചികിത്സ) ആണെങ്കില്‍ മരുന്ന് ഫ്രീ.

അത് ഞാനീ ആശുപത്രി ജോലിക്കാരനായിട്ടാണൊ..?

ഹേയ് അല്ല ഇന്നാട്ടിലുള്ളവര്‍ക്കെല്ലാം ഫ്രീ ആണത്രേ..ഇവിടത്തെ പൌരന്മാര്‍ക്ക് മാത്രമല്ല. ഇവിടെ താമസിയ്ക്കുന്നവര്‍ക്കെല്ലാം സൌജന്യം.

ഹേയ് അതുവരുമോ.നമ്മള് പത്ത് അറുപത് കൊല്ലമായി കമ്മ്യൂണിസ്റ്റ്കാരും, മാര്‍ക്സിസ്റ്റുകളും, ഹ്യൂമനിസ്റ്റുകളും, സോഷ്യലിസ്റ്റുകാരും, ഡെമോക്രാറ്റുകളും, കര്‍ഷക സോഷ്യലിസ്റ്റുകളും, മുതലാളിത്ത സോഷ്യലിസ്റ്റുകളും ഒരുമിച്ചും ഒറ്റയ്ക്കും ഭരിച്ച് ഭരിച്ച് ഭാരിയിട്ടും നാട്ടിലുള്ളയെല്ലാര്‍ക്കും ഫ്രീ പരിശോധനയും മരുന്നും കൊടുത്തിട്ടില്ല. മെഡിയ്ക്കല്‍ കോളേജില്‍ പോലും പുറത്ത് നിന്ന് മരുന്ന് വാങ്ങിച്ച് വരണം.പിന്നല്ലേ മുതലാളിത്ത മൂരാച്ചികള്‍..

പക്ഷേ ഇവിടെ എങ്ങനെ പുറത്ത് പോയി മരുന്ന് വാങ്ങിയ്ക്കും മെഡിക്കല്‍ ഷോപ്പൊന്നും കാണുന്നില്ലല്ലോ?

എല്ലാ മരുന്നും ആശുപത്രിയിലുണ്ട് മാഷേ. ഒന്നിനും പുറത്ത് പോണ്ടാ. എല്ലാം സൌജന്യം ആണ്. ഇവിടെ ഡയഗ്ഗ്ണോസ്റ്റിക് സെന്ററും മെഡിയ്ക്കല്‍ ഷോപ്പും ഒന്നുമില്ല. എല്ലാം എന്‍ എച് എസ്.

അതേ മരുന്നിന് ആറുപൌണ്ടും ടോക്കണ്‍ കൊടുക്കാനില്ലാത്തവരെന്ത് ചെയ്യും?

പതിനെട്ട് വയസ്സിനു താഴെയോ അറുപത് വയസ്സിന്‍ മേലോ ഉള്ളവര്‍ കാശു കൊടുക്കണ്ടാ. നീണ്ട് നില്‍ക്കുന്ന, എന്നും മരുന്ന് വേണ്ടുന്ന രോഗങ്ങള്‍ (ഉദാ: ഡയബറ്റിസ്) ഉള്ളവര്‍ പൈസ കൊടുക്കണ്ടാ.വൈകല്യങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍...ഒന്നും പൈസ കൊടുക്കണ്ടാ..

ഈ അപ്പൂപ്പനമ്മൂമ്മമാരൊക്കെ എങ്ങനെ ബസ് കയറി എല്ലാ ദിവസത്തേയും ചികിത്സ വരുന്നോ ആവോ?

അതോ ? അത് ആശുപത്രി സൌജന്യ ഗതാഗത സൌകര്യം ഒരുക്കിയിട്ടുണ്ട്.

ഇവിടെ കിടക്കുന്നവര്‍ക്ക് ആരു ചോറുകൊണ്ട് കൊടുക്കും?

ആശുപത്രി രോഗികള്‍ക്ക് സൌജന്യമായി എല്ലാ നേരവും ഭക്ഷണം നല്‍കും.ഞാന്‍ യൂ കേ യിലല്ലേ നില്‍ക്കുന്നത്. ഇതാണോ സമത്വ സുന്ദര സോവിയറ്റ്.... ഭഗവാനേ നാട് തെറ്റിയോ..എവിടെ സ്റ്റാലിന്‍ ????

നീ മുതലാളിത്ത മൂരാച്ചി ബ്രിട്ടീഷ് ഏകീകൃത സാമ്രാജ്യത്തില്‍ തന്നെ മോനേ നില്‍ക്കുന്നത്.

അതുവ്വോ?

അതുവ്വ് തന്നെ..

ഇതെപ്പം തുടങ്ങി?

അത് പറയാം
--------------------------------------------

(തുടരും..
അടുത്ത ഭാഗം ...“ ചൊട്ട മുതല്‍ ചുടല വരെ” )

കണ്ണില്‍ മണ്ണെണ്ണയൊഴിച്ച് കാത്തിരിയ്ക്കുക....:)