Sunday, September 18, 2016

ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ

നാരായണഗുരുസ്വാമിയുടെ വളരെ അടുത്ത ശിഷ്യനായ സഹോദരൻ അയ്യപ്പനെ ചെറായിയിൽ ഈഴവരുടെ സഭയായ വിജ്‌ഞാനവർദ്ധിനി സഭയിൽ നിന്ന് പുറത്താക്കിയപ്പോൾ സ്വാമി ആ യോഗത്തിൽ ഉണ്ടായിരുന്നു എന്നും മറ്റും ഒരു കള്ളപ്രചാരണം ഓൺലൈനിൽ നടക്കുന്നുണ്ട്.
വസ്തുതകൾക്ക് നിരക്കാത്ത, നടന്നതിന് നേരെ വിപരീതമായ ആ കള്ളപ്രചരണം എന്ത് പറഞ്ഞ് നമുക്ക് തടയാനാകും? ഈയടുത്ത കാലത്ത് ജീവിച്ചിരുന്ന നാരായണഗുരുവിനെപ്പറ്റിപ്പോലും നടക്കാത്ത കാര്യങ്ങൾ, നടന്നതിന് നേരെ വിപരീതമായ കാര്യങ്ങൾ നടന്നതാണെന്ന മട്ടിൽ പ്രചരിപ്പിച്ചാൽ നമുക്ക് നോക്കിയിരിയ്ക്കാം എന്നല്ലാതെ ഒന്നും ചെയ്യാനാകില്ല.
സഹോദരൻ അയ്യപ്പൻ സ്വാമിയോട് വളരെ അടുപ്പമുള്ള ഒരു ശിഷ്യനായിരുന്നു. സഹോദരന്റെ മുടങ്ങിയ പഠനം പൂർത്തിയാക്കാൻ പണം നൽകി അദ്ദേഹത്തെ പഠിപ്പിച്ചതും സ്വാമിയാണ്. പഠനം കഴിഞ്ഞ് അദ്ദേഹം സ്വാമിയുടെ വാക്കുകളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് ചെറായിയിൽ പ്രവർത്തനങ്ങൾ തുടങ്ങിയത്.
സാമൂഹ്യപരിഷ്കരണത്തിനായി വഴിയരികിൽ ഒരു വീഞ്ഞപ്പെട്ടിയിൽ കയറിനിന്ന് വഴിയേ പോകുന്നവരൊട് പ്രസംഗിച്ചാണ് അദ്ദേഹം തുടങ്ങിയത്. അതിനു ശേഷം പന്തിഭോജനം നടത്തി. എല്ലാ ജാതിക്കാരും ഒരുമിച്ചിരുന്ന് ഒരു പന്തിയിൽ ഊണ് കഴിച്ചു. പന്തിഭോജനം വലിയ ബഹളമാണുണ്ടാക്കിയത്. പുലയരോട് തൊട്ട് ഭക്ഷണം കഴിച്ച സഹോദരനെ പുലയനയ്യപ്പൻ എന്ന് ചില ഈഴവപ്രമാണിമാർ വിളിയ്ക്കാൻ തുടങ്ങി. അദ്ദേഹത്തിനത് അഭിമാനമായിരുന്നു. വലിയ ബഹളങ്ങൾ സഹോദരനെതിരെയും അദ്ദേഹത്തിന്റെ സഭയിലിരുന്ന് എല്ലാ ജാതിക്കാരോടുമൊപ്പം ഊണ് കഴിച്ച ഈഴവ കുടുംബങ്ങൾക്കെതിരെയും ഈഴവപ്രമാണിമാരുടെയിടയിൽ പൊട്ടിപ്പുറപ്പെട്ടു.
എന്നാൽ വിവേകോദയം എന്ന എസ് എൻ ഡീ പി യുടെ ദ്വൈവാരികയിൽ കുമാരനാശാൻ തന്നെ പന്തിഭോജനത്തെ അനുകൂലിച്ച് മുഖപ്രസംഗമെഴുതി. സ്വാമിയ്ക്കും വേറൊരു അഭിപ്രായമുണ്ടായിരുന്നില്ല.
അപ്പോഴാണ് സ്വാമി ഈ പന്തിഭോജനപ്രസ്ഥാനത്തിനെതിരാണെന്ന് ഒരു അപവാദപ്രചരണം ജാതി ഈഴവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത്കേട്ട് സഹോദരൻ ഉടനേ സ്വാമിയെക്കാണാൻ ഓടിച്ചെന്നു.
സ്വാമിയ്ക്ക് അയ്യപ്പൻ ഒരു മകനേപ്പോലെയായിരുന്നു. സ്വാമി സഹോദരനോട് സ്നേഹമോടെ മിശ്രഭോജനത്തെപ്പറ്റി വളരെ ഉത്സാഹത്തോടേ സംസാരിച്ചു. സഹോദരനെ അഭിനന്ദിച്ചു. ഒപ്പം ഒരുപദേശവും നൽകി
“എതിർപ്പ് കണ്ട് അയ്യപ്പൻ വിഷമിയ്ക്കണ്ട, ഇത് വലിയ പ്രസ്ഥാനമായി വളരും.ഒരു കാര്യം ഓർമ്മിച്ചാൽ മതി അയ്യപ്പൻ ക്ഷമിയ്ക്കണം. കൃസ്തുവിനേപ്പോലെ ക്ഷമിയ്ക്കണം“
സഹോദരൻ അയ്യപ്പന് ഇതിലും വലിയ സന്തോഷമില്ലായിരുന്നു. അദ്ദേഹം പൂർവാധികം ശക്തിയോടെ തന്റെ പരിപാടികൾ തുടർന്നു. അക്ഷരം പ്രതി സ്വാമിയുടെ ഉപദേശം അയ്യപ്പൻ ചെവിക്കൊണ്ടു. എതിരാളികളോട് അദ്ദേഹം കൃസ്തുവിനേപ്പോലെ ക്ഷമിച്ചു. വേണമെങ്കിൽ കായികമായി നേരിടാൻ അദ്ദേഹത്തിനും സഹോദരസംഘാംഗങ്ങൾക്കും കഴിയുമായിരുന്നു. പക്ഷേ സ്വാമിയുടെ വാക്കുകൾ അയ്യപ്പൻ വിട്ടില്ല. മുത്തകുന്നത്ത് വച്ച് അദ്ദേഹത്തെ അണ്ടിനെയ്യ് (കശുവണ്ടി തല്ലിക്കഴിഞ്ഞ് തോടിൽ നിന്ന് വരുന്ന ടോക്സിക് ഓയിൽ) കൊണ്ട് അഭിഷേകം ചെയ്തു. മറ്റൊരിടത്ത് ചാണകമെറിഞ്ഞു, വേറൊരിടത്ത് ഉറുമ്പിൻ കൂടുകൾ തലയിൽ വച്ചു, കത്തിയുമായി കുത്താൻ ചെന്നു...സ്വാമി പറഞ്ഞത് പക്ഷേ ജീവിതവൃതമായെടുത്ത് അദ്ദേഹം ഒന്നിനേയും കായികമായി എതിരിട്ടില്ല. കൃസ്തുവിനേപ്പോലെ ക്ഷമിച്ചു.
സ്വാമി അദ്വൈതാശ്രമത്തിൽ വിശ്രമിയ്ക്കുന്ന സമയത്ത് സമസ്തകേരള സഹോദരസംഘം സമ്മേളനം സ്വാമിയുടെ അധ്യക്ഷതയിലാണ് കൂടിയത്. അവിടെ വച്ച് സ്വാമിയുടെ കൈപ്പടയിൽ പന്തിഭോജനപ്രസ്ഥാനത്തിനായി എന്തെങ്കിലും എഴുതിത്തന്നാൽ ആൾക്കാർ ഉപദ്രവിയ്ക്കില്ല എന്ന് സഹോദരൻ അറിയിച്ചു. സ്വാമി ഉടനേ തന്നെ ഒരു കടലാസിൽ ഇവ്വിധം എഴുതിക്കൊടുത്തു. എന്നിട്ട് എല്ലാം ഭംഗിയായി വരും എന്ന് അനുഗ്രഹിച്ചു.
‘മനുഷ്യരുടെ വേഷം ഭാഷ എന്നിവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായത് കൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിൽ യാതൊരു ദോഷവുമില്ല. നാരായണഗുരു“
ഈ സന്ദേശത്തെയാണ് 'മഹാസന്ദേശം' എന്ന് പറയുന്നത്. ഇതിന്റെ അനേകായിരം പ്രതികൾ അച്ചടിച്ച് സഹോദരൻ വിതരണം ചെയ്തു. അങ്ങനെ അവർക്കുണ്ടായിരുന്ന വലിയ എതിർപ്പ് അടങ്ങുകയും സഹോദരസംഘം വളരെ നന്നായി പ്രവർത്തിയ്ക്കുകയും ചെയ്തു.
സ്വാമി ചെറായിയിൽ പോയിട്ടില്ല.സ്വാമി സഹോദരനെ എവിടെ നിന്നും പുറത്താക്കിയിട്ടുമില്ല. സഹോദരന്റെ ആവേശവും യുവത്വവീര്യവും കണ്ടാവനം അത് അക്രമത്തിലേയ്ക്ക് നീങ്ങരുതെന്ന് കരുതി കൃസ്തുവിനെപ്പോലെ ക്ഷമിയ്ക്കണമെന്ന് സ്വാമി ഉപദേശിച്ച് അനുഗ്രഹിച്ച് യാത്രയാക്കിയത്. സ്വാമി സഹോദരസംഘത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായി അനുഗ്രഹിച്ച വ്യക്തിയാണ്.സഹോദരസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന് അദ്ധ്യക്ഷനായിരുന്നതും ഗുരുവാണ്. സഹോദരൻ അയ്യപ്പൻ തന്നെ വിശദമായി ഈ വിഷയത്തെ അവലംബിച്ച് എഴുതിയിട്ടുണ്ട്, പറഞ്ഞിട്ടുണ്ട് .
സഹോദരൻ അയ്യപ്പൻ പല പ്രാവശ്യം ഈ വിഷയം എഴുതുകയും സംസാരിയ്ക്കുകയും ചെയ്തിട്ടുണ്ട് അതിലൊന്നും ഇങ്ങനെയൊരു പുറത്താക്കലിൽ സ്വാമി ഇരുന്നിട്ടുണ്ട് എന്ന കാര്യം പറഞ്ഞിട്ടില്ല. പകരം ഞാൻ മേലെഴുതിയ മഹാസന്ദേശം ഗുരുവിന്റെ സ്വന്തം കൈപ്പടയിൽ വാങ്ങിച്ചുകൊണ്ട് പോയി അച്ചടിച്ച് വിതരണംചെയ്യുകയാണുണ്ടായത്. ആ മഹാസന്ദേശം കിട്ടിയതോടെ പന്തിഭോജനപ്രസ്ഥാനത്തിനും സഹോദരസംഘത്തിനും ഈ നാട്ടിലുണ്ടായിരുന്ന എതിർപ്പ് ഇല്ലാതെയായി.
സ്വാമി എന്ത് ചെയ്തോ അതിന്റെ നേരേ വിപരീതം ചെയ്‌തെന്ന് പ്രചരിപ്പിയ്ക്കുകയാണിപ്പോഴത്തെ ഫാഷൻ. ഗുരുവിനെ പഠിയ്ക്കാൻ അദ്ദേഹത്തിന്റെ കൃതികളുടെയും ജീവിതത്തിന്റേയും മുഴുവൻ വിവരങ്ങളും ഈ ഇന്റർനെറ്റിൽ സൗജന്യമായി കിടപ്പുണ്ട്.
പന്തി ഭോജനം കേരളത്തിൽ അതിനുമുമ്പും നടന്നിട്ടുണ്ട് 1913 ൽ ഹരിപ്പാട് രാമകൃഷ്ണാശ്രമം സ്ഥാപിച്ച ശേഷം അവിടത്തെ ക്ഷേത്രത്തിൽ സകല ജാതിമതക്കാർക്കും ആരാധനാസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തിരുന്നു. അന്ന് അത് വലിയ പ്രശ്നമാകുകയും ചെയ്തു. പക്ഷെ രാമകൃഷ്ണ മിഷന് രാജാക്കന്മാരിലും അധികാരികളിലും മറ്റും സ്വാധിനമുള്ളത് കൊണ്ട് അധികമാരും ബുദ്ധിമുട്ടുകളുണ്ടാക്കിയില്ല.
1914 ൽ രാമകൃഷ്ണദേവന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച സദ്യയിൽ എല്ലാ ജാതിക്കാരും ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു. ഊണൊക്കെ കഴിഞ്ഞെങ്കിലും താണജാതിക്കാരുടെ ഇലയെടുക്കാൻ ഇല മാറ്റാൻ നിന്നവർ ആരും തയ്യാറായില്ല. സ്വാമി നിർമ്മലാനന്ദജി (രാമകൃഷ്ണദേവന്റെ പ്രമുഖ ശിഷ്യന്മാരിലൊരാൾ) ഇത് കണ്ട് അദ്ദേഹം തന്നെ ഓരോ ഇലയായി എടുത്ത് മാറ്റാൻ തുടങ്ങി. അത് കണ്ട് സകലരും ഒപ്പം കൂടി.
കേരള ചരിത്രത്തിലത് ഒരു വിപ്ലവമായിരുന്നു. ഈ സമാജത്തിലെ അനാചാരങ്ങൾ അവരൊക്കെച്ചെർന്ന് തന്നെയാണ് ഇല്ലാതാക്കിയത്. പിന്നീട് എല്ലാക്കൊല്ലവും രാമകൃഷ്ണജയന്തിയ്ക്ക് ഹരിപ്പാട് രാമകൃഷ്‌ണാശ്രമത്തിൽ പൊതുസദ്യ നടന്ന് വരുന്നു.

Friday, September 16, 2016

ശ്രീനാരായണഗുരുവിന്റെ മതം

ശ്രീനാരായണഗുരുസ്വാമിയുടെ മതമാണല്ലോ വിഷയം. ഈ വിഷയത്തിൽ അന്ധർ ആനയെക്കണ്ടപോലെ നമ്മളെല്ലാം ഓരോ പക്ഷം തിരിഞ്ഞ് ബഹളംവച്ചുകൊണ്ടിരിയ്ക്കുന്നു. കൂടുതലായി പറയുന്നില്ല. ഗുരുസ്വാമിയുടെ തന്നെ വാക്കുകൾ എടുത്തെഴുതാം.
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‘ എന്ന ഉപദേശത്തിൽ ‘ഒരു മതം‘ എന്ന ഭാഗത്ത് എല്ലാവർക്കും ആശയക്കുഴപ്പമുണ്ടെന്ന് ശ്രീ സീ വീ കുഞ്ഞിരാമൻ പറഞ്ഞപ്പോൾ അദ്ദേഹവുമായി ഗുരു നടത്തിയ സംഭാഷണത്തിലെ ഭാഗങ്ങൾ അതേ പടി പകർത്തി എഴുതുന്നു.
……...
സീവി: ത്യാജ്യഗ്രാഹ്യ വിവേചനത്തോടു കൂടി എല്ലാ മതഗ്രന്ഥങ്ങളും പഠിയ്ക്കണമെന്നാണ് തൃപ്പാദങ്ങളുടെ ഉപദേശസാരമെന്ന് ഞാൻ മനസ്സിലാക്കട്ടയോ? അത് ശരിയായിരിയ്ക്കുമോ?
ഗുരു: നമ്മുടെ ഉപദേശസാരം അത് തന്നെയാണ്. ആലുവാ വച്ചു കൂടിയ സർവ്വമത സമ്മേളനാവസരത്തിൽ നാം അത് പ്രസ്താവിച്ചിട്ടുണ്ടല്ലോ. രാജ്യങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലുമുള്ള ശണ്ഠ ഒന്ന് മറ്റൊന്നിനെ തോൽപ്പിയ്ക്കുമ്പോൾ അവസാനിയ്ക്കും. മതങ്ങൾ തമ്മിൽ പൊരുതാൻ ഒടുങ്ങാത്തതുകൊണ്ട് ഒന്നിനു മറ്റൊന്നിനെ തോൽപ്പിയ്ക്കാൻ സാധിയ്ക്കില്ല. ഈ മതപ്പോരിനു അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോട് കൂടി എല്ലാ മതങ്ങളും എല്ലാവരും പഠിയ്ക്കണം. അപ്പോൾ പ്രധാന തത്വങ്ങളിൽ അവയ്ക്ക് തമ്മിൽ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടു കിട്ടുന്ന മതമാണ് ഞാൻ ഉപദേശിയ്ക്കുന്ന ഏകമതം.
സീവി: ഒരു സംശയം കൂടിയുണ്ട്
ഗുരു: എന്താണ്?
സീവി: മതപരിവർത്തനോത്സാഹം സമുദായത്തിൽ ഇപ്പോൾ വർദ്ധിച്ചു വരുന്നുണ്ട്. ചിലർ ബുദ്ധമതം നന്നെന്നും ചിലർ കൃസ്തുമതം നന്നെന്നും ചിലർ ആര്യസമാജം നന്നെന്നും..ഇങ്ങനെ ഉത്സാഹം പലവഴിയ്ക്കാണ് കണ്ട് വരുന്നത്. മതപരിവർത്തനം ആവശ്യമില്ലെന്ന് പറയുന്നവരും ഉണ്ട്.
ഗുരു: മതത്തിന് ആഭ്യന്തരവും ബാഹ്യവുമായ രണ്ട് വശങ്ങളുണ്ട്. ഇവയിൽ ഏതിനാണ് പരിവർത്തനം വേണമെന്ന് പറയുന്നത്? ബാഹ്യമായ മാറ്റത്തിനാണുത്സാഹമെങ്കിൽ അത് മതപരിവർത്തനമല്ല. സമുദായപരിവർത്തനമാണ്.
ആഭ്യന്തരമതത്തിനു പരിവർത്തനം ചിന്താശീലമുള്ള ഓരോ വ്യക്തികളിലും ക്രമേണ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു. അത് വിജ്ഞാനവർദ്ധനയോടുകൂടി സ്വാഭാവികമായി മാറുകയല്ലാതെ ആർക്കും മാറ്റുവാൻ കഴിയുകയില്ല. ഹിന്ദുമതം കൃസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളാൽ അറിയപ്പെടുന്ന മതങ്ങളിൽ ചേർന്നിരിയ്ക്കുന്നവരിൽ ഒരാൾക്ക് ആ മതത്തിൽ വിശ്വാസമില്ലെന്ന് വന്നാൽ അയാൾ ആ മതം മാറുകതന്നെയാണ് വേണ്ടത്. വിശ്വാസമില്ലാത്ത മതത്തിലിരിയ്ക്കുന്നത് ഭീരുത്വവും കപടതയുമാണ്. അവൻ മതം മാറുന്നത് അവനും നല്ലതാണ് അവനു വിശ്വാസമില്ലാതയ മതത്തിനും നല്ലതാണ്. ഒരു മതത്തിനും ആ മതത്തിൽ അവിശ്വാസികളുടെ സംഖ്യ വർദ്ധിയ്ക്കുന്നത് ശ്രേയസ്കരമല്ലല്ലോ.
സിവീ: ഹിന്ദുമതത്തിൽ തന്നെ ഇരിയ്ക്കണമെന്ന് പറയുന്നവർ ഇപ്പോഴത്തെ ഹിന്ദുമതം നന്നല്ലെന്നും പറയുന്നുണ്ട്.
ഗുരു: അപ്പോൾ അവർ ഹിന്ദുക്കൾക്ക് മാത്രമല്ല ഹിന്ദു മതത്തിനും കൂടി പരിവർത്തനം വേണമെന്ന് പറയുകയാണ്. ഹിന്ദുമതം എന്ന് ഒരു മതമേ ഇല്ലല്ലോ.ഹിന്ദുസ്ഥാനവാസികളെ ഹിന്ദുക്കൾ എന്ന് വിദേശീയർ പറഞ്ഞുവന്നു. ഹിന്ദുസ്ഥാനവാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കിൽ, ഹിന്ദുസ്ഥാനത്തെ ഇപ്പോൾ അധിവസിയ്ക്കുന്ന മുഹമ്മദീയരുടേയും കൃസ്ത്യാനികളുടേയും മതങ്ങളും ഹിന്ദുമതം തന്നെയാണ്. അങ്ങനെ ആരും പറയുന്നുമില്ല സമ്മതിയ്ക്കുന്നുമില്ല. ഇപ്പോൾ ഹിന്ദു മതമെന്ന് പറയുന്നത് കൃസ്തുമതം മുഹമ്മദുമതം മുതലായി ഹിന്ദുസ്ഥാനത്തിനു വെളിയിൽ നിന്ന് വന്ന മതങ്ങൾ ഒഴിച്ച് ഹിന്ദുസ്ഥാനത്തിൽ തന്നെ ഉദ്ഭവിച്ചിട്ടുള്ള മതങ്ങൾക്കുള്ള ഒരു പൊതുപ്പേരാകുന്നു.
അതുകൊണ്ടാണ് ബുദ്ധമതം ജൈനമതം മുതലായവയും ഹിന്ദുമതം തന്നെയാണെന്ന് ചിലർ പറയുന്നത്. വൈദിക മതം, പൗരാണിക മതം, സാംഖ്യമതം, വൈശേഷികമതം, മീമാംസകമതം, ദ്വൈതമതം, അദ്വൈതമതം, വിശിഷ്ടാദ്വൈത മതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം എന്നിങ്ങനെ പ്രത്യക്ഷത്തിൽ വിഭിന്നങ്ങളായിരിയ്ക്കുന്ന അനേക മതങ്ങൾക്ക് എല്ലാറ്റിനും കൂടി ഒരു പൊതു പേരു പറയുന്നത് യുക്തിഹീനമല്ലെങ്കിൽ മനുഷ്യജാതിയ്ക്കെല്ലാറ്റിനും മോക്ഷപ്രാപ്തിയ്ക്കുപയുക്തങ്ങളായി ദേശകാലാവസ്ഥകൾ അനുസരിച്ച് ഓരോ ആചാര്യന്മാർ ഈഷദീഷൽഭേദങ്ങളോടു കൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങൾക്കും ഏകമായ ലക്ഷ്യത്തോടുകൂടിയ ‘ഏകമതം‘ എന്ന് പറയുന്നതിൽ എന്തിനാണ് യുക്തിഹീനതയെ സംശയിയ്ക്കുന്നത്?
--------------------------
1104ലെ (1928) കന്നി അഞ്ചിനാണ് ഗുരു മഹാസമാധിയാവുന്നത്. 1103 ധനുമാസത്തിൽ ശ്രീനാരായണ ധർമ്മസംഘം എന്ന പേരിൽ ഒരു സന്യാസസംഘം രജിസ്റ്റർ ചെയ്തു. ഈ ധർമ്മസംഘത്തിനൊരു നിയമാവലിയുണ്ടാക്കാൻ കുറച്ച് നിയമവിധഗ്ധരെ ഏൽപ്പിച്ചു. സമയത്ത് ആരും നിയമാവലി കൊണ്ടുവരാഞ്ഞപ്പോൾ ‘ആശ്രമനിയമമുണ്ടാക്കാൻ ഇത്ര പ്രയാസമോ, നമുക്കുണ്ടാക്കാം’ എന്ന് തമാശപറഞ്ഞിട്ട് കടലാസെടുത്ത് അതിൽ അഞ്ച് ശ്ലോകങ്ങളെഴുതി ശിഷ്യന്മാരെ ഏൽപ്പിച്ചു.
ഒരു പക്ഷേ ഗുരു എഴുതിയ അവസാന കൃതിയായിരിയ്ക്കണമിത്.
ആശ്രമേസ്മിന്‍ ഗുരുഃ കശ്ചി-
ദ്വിദ്വാന്‍ മുനിരുദാരധീഃ
സമദൃഷ്ടിഃ ശാന്തഗംഭീ-
രാശയോ വിജിതേന്ദ്രിയഃ
പരോപകാരീ സ്യാദ്ദീന-
ദയാലുഃ സത്യവാക്പടുഃ
സദാചാരരതഃ ശീഘ്ര-
കര്‍ത്തവ്യകൃദതന്ദ്രിതഃ
അധിഷ്ഠായാസ്യ നേതൃത്വം
കുര്യാത് കാഞ്ചിത് സഭ‍ാം ശുഭ‍ാം
അസ്യാമായാന്തി യേ തേ സ്യുഃ
സര്‍വ്വേ സോദരബുദ്ധയഃ
യദ്വദത്രൈവ തദ്വച്ച
സ്ത്രീണ‍ാം പുംസ‍ാം പൃഥക് പൃഥക്
വിദ്യാലയാ ദിശി ദിശി
ക്രിയന്താമാശ്രമാഃ സഭാഃ
ഏകൈകസ്യാമാസു നേതാ
ചൈകൈക സ്യാദ്വിചക്ഷണഃ
സര്‍വ്വാഭിരനുബന്ധോദ്വൈ-
താശ്രമസ്യാഭിരന്വഹം
1. ശ്രീ നാരായണ ധർമ്മസംഘമെന്ന ഈ ആശ്രമത്തിൽ സത്യമെന്തെന്നറിയുന്നവനും (വിദ്വാൻ) സ്വാർത്ഥ സങ്കൽപ്പങ്ങൾ വെടിഞ്ഞവനും (മനഃസങ്കൽപ്പങ്ങൾ ഉപേക്ഷിയ്ക്കുകയെന്ന മൗനം അംഗീകരിച്ചവനാണു മുനി.) ലോകോപകാരിയും സമദർശിയും ശാന്തവും ഗംഭീരവുമായ ഹൃദയത്തോടു കൂടിയവനും ഇന്ദ്രിയങ്ങളെ കീഴടക്കിയവനുമായ ഒരാൾ ഗുരുവായുണ്ടാകണം
2. ആ ഗുരു അന്യർക്കുപകാരം ചെയ്യാൻ ഉണർന്നു വർത്തിയ്ക്കുന്നവനും, ദുഃഖിതരിൽ ദയയുള്ളവനും സത്യം മാത്രം പറയുന്നവനും സമർത്ഥനും സന്മാർഗ്ഗനിഷ്ഠയുള്ളവനും ചുമതലകൾ അതിവേഗം നിറവേറ്റുന്നവനും അലസത പാടേ വെടിഞ്ഞവനുമാകണം.
3. ഈ ആശ്രമത്തിന്റെ നേതൃസ്ഥാനത്ത് വർത്തിച്ചുകൊണ്ട് ഗുരു ലോകത്തിനു മംഗളം ചെയ്യുന്ന ഒരു സംഘടന കെട്ടിപ്പടുക്കേണ്ടതാണ്. ആരൊക്കെയാണോ ഈ സംഘടനയിൽ അംഗങ്ങളായി ചേരുന്നത് അവരൊക്കെ പരസ്പരം സഹോദരഭാവത്തിൽ വർത്തിയ്ക്കേണ്ടതാണ്.
4. ആശ്രമത്തിന്റെ കേന്ദ്രസ്ഥാനത്തെങ്ങനെയോ അങ്ങനെതന്നെ ഓരോ സ്ഥലത്തും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക്കം പ്രത്യേകം വിദ്യാലയങ്ങളും ആശ്രമങ്ങളും സംഘടനകളും രൂപപ്പെടുത്തേണ്ടതാണ്.
5. ഈ സഭകളിൽ ഓരോന്നിലും ഓരോരോ വിവേകിയായ നേതാവ് ഉണ്ടായിരിയ്ക്കേണ്ടതാണ്. ഈ എല്ലാ സഭകളോടും ചേർന്ന് അദ്വൈതാശ്രമത്തിന്റെ ശാഖയും ഉണ്ടായിരിയ്ക്കേണ്ടതാണ്.
എന്തിനാണ് അദ്വൈതാശ്രമത്തിന്റെ ശാഖ? ഈ പ്രവർത്തനങ്ങളുടെയെല്ലാം പരമലക്ഷ്യം അദ്വൈതാനുഭൂതിയാണ്. ലോക ജീവിതത്തിന്റെ തന്നെ പരമലക്ഷ്യം അദ്വൈതാനുഭൂതിയാണെന്ന് ഗുരു അവസാന കൃതിയിൽപ്പോലും ശിഷ്യന്മാരെ അറിയിയ്ക്കുന്നു. അദ്വൈതാനുഭൂതി ലഭിച്ചുകഴിഞ്ഞാൽ ജാതിയില്ല മതവുമില്ല. ശങ്കരാചാര്യ സ്വാമികൾ പറയുന്നു.
‘ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ .
ന ധർമോ ന ചാർഥോ ന കാമോ ന മോക്ഷഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.
എനിക്ക് ദ്വേഷമോ രാഗമോ ഇല്ല. എനിക്ക് ലോഭമോ മോഹമോ ഇല്ല; എനിക്ക് മദമില്ല തന്നെ. എനിക്കാരോടും മത്സരഭാവമില്ല തന്നെ. ധർമമില്ല; അർത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.
ന മേ മൃത്യുശങ്കാ ന മേ ജാതിഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ .
ന ബന്ധുർന മിത്രം ഗുരുർനൈവ ശിഷ്യഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം
മരണമില്ല, സംശയമേയില്ല. എനിക്കു ജാതിഭേദമില്ല. അച്ഛൻ ഇല്ല തന്നെ; മാതാവില്ല തന്നെ, ജന്മവുമില്ല. ബന്ധുവില്ല, സുഹൃത്തില്ല. ഗുരുവോ ശിഷ്യനോ ഇല്ല. ഞാൻ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.‘
അവർക്കൊക്കെ പിന്നെയെന്ത് മതം? ഗുരുദേവനെ സാധാരണയായി ആരാധിയ്ക്കുന്നത് ഈഴവരാണ്. അവർ അദ്ദേഹത്തെ ആരാധിയ്ക്കുമ്പോൾ ഗുരു ഈഴവനാകുന്നു. ഹിന്ദുക്കൾ മുഴുവൻ അദ്ദേഹത്തെ തങ്ങളുടേതായിക്കണ്ട് അദ്ദേഹത്തിന്റെ ദർശനത്തെ തങ്ങളുടെ ദർശനമായിക്കണ്ട് ആരാധിച്ചാൽ ഗുരുദേവൻ ഹിന്ദുവായി മാറും. ഗുരുദേവൻ തന്നെ ഹിന്ദുക്കൾക്ക് നൽകിയ നിർവചനം ഓർമ്മിയ്ക്കുക.

ഇനി അങ്ങനെയല്ല, ഞങ്ങൾ ഹിന്ദുക്കളല്ല സായിപ്പന്മാരായ കൃസ്ത്യാനികളും മുസ്ലീങ്ങളും ആണെങ്കിൽ അവരും അദ്ദേഹത്തെ തങ്ങളുടെ ഗുരുവായിക്കണ്ട് അദ്ദേഹത്തിന്റെ കൃതികളും ദർശനവും പഠിച്ച് ഫലപ്രാപ്തിയിലെത്തിച്ചാൽ ഗുരുദേവൻ ഒരു സംശയവുമില്ലാതെ കൃസ്ത്യാനിയും മുസ്ലീമും ഒക്കെയായി മാറും. അങ്ങനെ ഗുരുദേവൻ ഇച്ഛിച്ച പോലെ, തന്റെ മതത്തിലുൾപ്പെടാത്തവർക്ക് ഗതികിട്ടില്ലെന്ന പരമതദ്വേഷമില്ലാതെ, തങ്ങളുടെ മതത്തിൽ ചേർന്നാലേ സ്വർഗ്ഗമോ മോക്ഷമോ ലഭിയ്ക്കൂ എന്ന വിഭാഗീയതയില്ലാതെ പരമതവാദവും പരമതദ്വേഷവും ഒഴിഞ്ഞ് ഗുരുദേവൻ ദർശനം ചെയ്ത ഏകമതത്തിലേക്ക് എല്ലാവരും എത്തിച്ചേരട്ടെ.
1927ൽ കളവങ്കോടം ക്ഷേത്രത്തിലാവണം ഗുരു അവസാനമായി പ്രതിഷ്ഠാകർമ്മം നടത്തിയത്. വാക്കുകൾ തെളിഞ്ഞു കാണത്തക്ക വിധം വാക്കുകളുടെ ആകൃതിയിൽ പിറകിൽ നിന്ന് രസം ചുരണ്ടിക്കളഞ്ഞ ഒരു കണ്ണാടിയാണ് അവിടെ പ്രതിഷ്ഠിച്ചത്. ആ വാക്കുകൾ ഇങ്ങനെയായിരുന്നു
’ഓം ശാന്തി’

Wednesday, September 07, 2016

മതപരിവർത്തനം, മതപരിവർത്തനം, സേവനം


താഴെക്കൊടുത്തിരിയ്ക്കുന്ന സ്ക്രീൻ ഷോട്ടുകൾ ബ്രിട്ടണിലെ ദേശീയപ്പത്രങ്ങളാണ്. തീർച്ചയായും ചെറി പിക്ക് ചെയ്തതാണ്. അവരെ വിശുദ്ധയാക്കുന്നതിന്റെ വിശേഷങ്ങളെപ്പറ്റിയൊക്കെ ഒരുപാട് വാർത്തകളുണ്ടായിരുന്നു. പക്ഷേ ഇടതെന്നോ വലതെന്നോ ഇല്ലാതെ സകല പ്രത്രങ്ങളും അവരെ വിമർശിയ്ക്കുന്ന ഒരു വാർത്തയെങ്കിലും ഉൾക്കൊള്ളീയ്ക്കാൻ ശ്രമിച്ചു. 

മനോരമയിൽ പണ്ടെങ്ങോ വന്ന ഒരു ലേഖനം പക്ഷേ, അവർ ഡിലീറ്റ് ചെയ്തു.

ലോകത്തെ എല്ലായിടത്തേക്കാളും വലിയ ജനാധിപത്യം ബ്രിട്ടണിലുണ്ടെന്നാണ് ബീ ബീ സീ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ഭാവം. അതിന്റെ പേരിൽ ലോകത്തെല്ലാമുള്ള സകല ഭരണകൂടങ്ങൾക്കെതിരേയും അവന്മാർ ഇഷ്ടമല്ലെന്ന് കണ്ടാൽ പ്രൊപ്പഗാണ്ടയുണ്ടാക്കും. പക്ഷേ ബ്രിട്ടണിൽ ഒരു കത്തോലിയ്ക്കനു പ്രധാനമന്ത്രിയാകാനാകില്ല. അങ്ങനെ നിയമമൊന്നും വ്യക്തമായില്ല. പക്ഷേ ഇന്ന് വരെ ഒരു കത്തോലിക്കാ വിശ്വാസിയും പ്രധാനമന്ത്രിയായിട്ടില്ല. മുൻ പ്രധാനമന്ത്രി ആയിരുന്ന ടോണീ ബ്ളെയർ ആംഗ്ളിക്കനായിരുന്നെങ്കിലും വിശ്വാസപരമായി കത്തോലിക്കാ വിശ്വാസി ആയി മാറിയിരുന്നു. പക്ഷേ അയാൾ പ്രധാനമന്ത്രിയായി സ്ഥാനമൊഴിഞ്ഞതിനു ശേഷമേ കത്തോലിക്കനായി മതം മാറിയുള്ളൂ (ഉണ്ടയാണ് ജനാധിപത്യം!!)

കത്തോലിക്ക വിശ്വാസിയാണേൽ രാജാവ്/രാജ്ഞി ആയി വാഴിയ്ക്കാനും പറ്റില്ല. അത് നിയമം തന്നെയാണ്. ആംഗ്ളിക്കൻ ചർച്ച് എന്ന സഭയാണിവിടെ ഭരിയ്ക്കുന്നത്. ആംഗ്ളിക്കൻ ചർച്ചിൽ പോപ്പിന്റെ സ്ഥാനത്ത് ബ്രിട്ടീഷ് രാജാവ്/രാജ്ഞിയാണ്. ഓർക്കുക, ലോകമെമ്പാടും ആംഗ്ളിക്കൻ വിശ്വാസികളുണ്ട്. അവരുടെ പോപ്പ് ബ്രിട്ടീഷ് രാജ്ഞിയാണ്.

എന്തുകൊണ്ടാണ് അങ്ങനെയൊരു സെറ്റപ്പ്? ചരിത്രം പറഞ്ഞാൽ ഒരു രാജാവിനു വിവാഹമോചനം വേണമായിരുന്നെന്ന് മുതൽ ഒരുപാട് കഥകളും അടിപിടിയേയുമൊക്കെപ്പറ്റി പറയാമെങ്കിലും കാര്യം സിമ്പിളാണ്. ചരിത്രത്തിന്റെ ഒരു സന്ധിയിൽ ബ്രിട്ടീഷ് രാജവംശത്തിനു മനസ്സിലായി കത്തോലിക്കാ സഭയ്ക്ക് രാഷ്ട്രത്തേക്കാൾ കൂറു സഭയോടാണെന്ന്. അതോടെ അവർ സ്വന്തമായി സഭ തുടങ്ങി, ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി എന്ന ഒരു പുരോഹിതപ്രമുഖനെ വാഴിച്ചു. അയാൾ രാജകുടുംബത്തിനു മുകളിൽക്കയറി കളിയ്ക്കാതിരിയ്ക്കാൻ രാജാവ് തന്നെ പോപ്പിന്റെ സ്ഥാനം ഏറ്റെടുത്തു. നമ്മുടെ നാട്ടിലൊക്കെ ഈ രാജപുരോഹിതൻ/രാജഗുരു എന്ന സെറ്റപ്പാണ് ആർച്ച് ബിഷപ്പ് ഓഫ് കാന്റൻബറി. അദ്ദേഹമാണ് ഔദ്യോഗികമായി രാജാവിനെ/രാജ്ഞിയെ കിരീടധാരണം ചെയ്യേണ്ടത്. തമാശയായി പറയുന്നത് ആർച്ച് ബിഷപ്പ് ഓഫ് കാന്റൻബറിയായി എപ്പോഴും എതീസ്റ്റുകളേയായിരിയ്ക്കും തിരഞ്ഞെടുക്കുക എന്നാണ്.

കത്തോലിക്കാ സഭയെപ്പറ്റി പറഞ്ഞത് ശരി തന്നെയാണ്. അവർ സർവരാജ്യ കമ്യൂണിസ്റ്റ് രാജ്യം പോലെ സർവരാജ്യ കത്തോലിക് രാജ്യത്തിൽ വിശ്വസിയ്ക്കുന്നവരാണ്.അതുകൊണ്ട് തന്നെ ശാസ്ത്രം സിന്ദാബാ എന്ന് വിളിച്ച് കൂവി, തെളിയിയ്ക്കപ്പെട്ട ആധുനികവൈദ്യരീതികളേപ്പോലും ജനിതകഭീകരവാദമെന്നൊക്കെ ഫിയർ മോംഗർ ചെയ്യുന്ന ശാസ്ത്രസാഹിത്യ പരിഷത്തിലെ കൊണാണ്ടർ ആയിരുന്ന തോമസ്സൈസക്കിനു ഹാല്ലേലൂയാ പാടാൻ വലിയ വിഷമമൊന്നുമില്ല. നിലവിളക്ക് കാണുമ്പൊ സുധാകരനു വട്ടിളകുകയും ചെയ്യും.

ലക്ഷക്കണക്കിനു വരുന്ന സാധാരണ കത്തോലിക്ക വിശ്വാസികളെപ്പറ്റി പക്ഷേ ഒരിയ്ക്കലും ഞാനത് പറയില്ല. പക്ഷേ വിശ്വാസികളെ സഭയെന്നാരു കണക്കുകൂട്ടുന്നു? വിശ്വാസികളുടെ ഏതെങ്കിലും കാര്യത്തിനു സഭ കൂട്ടുനിന്നിട്ടുണ്ടോ? വിശ്വാസികളുടെ എന്തെങ്കിലും പ്രശ്നങ്ങൾക്ക് സഭ റിസ്കെടുത്തിട്ടുണ്ടോ? കൈകൾ രണ്ടും വെട്ടിമുറിയ്ക്കപ്പെട്ട ഒരു പാവം പ്രൊഫസർ തൊടൂപുഴ ന്യൂമാൻ കോളേജിലുണ്ടായിരുന്നു. സഭ എന്ത് ചെയ്തു? അദ്ദേഹത്തെ കൂടുതൽ ശിക്ഷിച്ചു.കൂടുതൽ ദ്രോഹിച്ചു, അദ്ദേഹത്തെ മാത്രമല്ല കുടൂംബത്തെപ്പോലും.

ഇത് ഇവിടത്തെ മാത്രമല്ല, ഇത് തന്നെയാണ് ലോകമെമ്പാടും കത്തോലിക്കാ സഭയ്ക്ക് വിശ്വാസികളോടുള്ള പെരുമാറ്റം. മിക്കവരും കത്തോലിയ്ക്കർ തന്നെയായ നേഴ്സുമാരെ എന്തുമാത്രം സഭയുടെ ആശുപത്രികളിൽ അവർ സമരം ചെയ്തെന്ന കാരണത്താൽ ദ്രോഹിച്ചെന്ന് നോക്കുക. അമൃതയിൽ സംഭവിച്ചത് നമ്മുടെ സാമൂഹ്യമെമ്മറിയിൽ ഡീലീറ്റ് ചെയ്യപ്പെടാതെ ഇടയ്ക്കിടയ്ക്ക് റിഫ്രഷ് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ അമൃതയിൽ അങ്ങനെ ചെയ്ത ചിലരുടെ മുഷ്ക് അവസാനിച്ചത് വകുപ്പ് മേധാവികൾ അടക്കമുള്ള, അമൃതയിൽത്തന്നെ ജോലിചെയ്യുന്ന അമൃതാനന്ദമയിയുടെ അടുത്ത ശിഷ്യരുൾപ്പെടെ നേഴ്സുമാരുടെ സമരത്തിനു സപ്പോർട്ട് ചെയ്യും എന്ന നിലവന്നപ്പോഴാണ്. (അന്ന് തന്നെ ഇതേ ഞാൻ അത് റിപ്പോർട്ട് ചെയ്തിരുന്നു) എത്ര സഭാ ആശുപത്രികളിൽ അങ്ങനെയൊരു നിലപാട് അവിടത്തെ ബാക്കി പ്രമുഖരെടുത്തു?

മുറികളിൽ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും പോലും നിഷേധിയ്ക്കുകയും കൂട്ടം ചേർന്ന് ആക്രമിയ്ക്കുകയുമൊക്കെ ചെയ്തിട്ട് നമ്മളിൽ എത്രപേരത് ഓർത്തിരിയ്ക്കുന്നുണ്ട്? എന്ത് കൊണ്ട് ഓർക്കുന്നില്ല എന്ന് ഊഹിയ്ക്കാമോ? ചില കാര്യങ്ങൾ എങ്ങനെയാണ് കൂടൂതൽ ഓർമ്മിപ്പിയ്ക്കേണ്ടതെന്നും അതുവഴി ചിലതെങ്ങനെ ജനം ഓർക്കാതെയിരിയ്ക്കുമെന്നും പ്രൊപ്പഗാണ്ടയുടെ പാഠങ്ങളിൽ പ്രാഥമികമായതാണ്.

സഭയെന്നത് പുരോഹിതരുടെ ഗൂണ്ടാസംഘവും അതിനോട് ചേർന്ന് നിൽക്കുന്ന ബിസിനസ്സുകാരുടെ കൂട്ടവുമാണ്. പക്ഷേ അവരിൽ ആരെങ്കിലുമെന്തെങ്കിലും ചെയ്താൽ സഭ ഏത് കഠിനമായ റിസ്കെടുത്തും സഹായിയ്ക്കും. ഇവർ കൊലപാതകങ്ങൾ ചെയ്താലും, ആരെയെങ്കിലും ബലാൽസംഗം ചെയ്താലും പിഞ്ച് കുഞ്ഞുങ്ങളെ പീഡിപ്പിച്ചാലും . സഭ ഒരു നുള്ള് മണ്ണ് അവരുടെ ദേഹത്ത് വീഴാൻ സമ്മതിയ്ക്കില്ല. ഒരു രാജ്യത്തേയും നിയമങ്ങൾ സഭയ്ക്ക് ബാധകമല്ല. സഭയിലെ പുരോഹിതരിൽ നാലു ശതമാനത്തിലധികം പീഡൊഫൈൽ ആണെന്നാണ് ചില പഠനങ്ങൾ. ലോകമെമ്പാടും കുഞ്ഞുങ്ങളേ ലൈംഗികമായി ഉപയോഗപ്പെടുത്തിയ കേസുകൾ കത്തോലിക്കാ പുരോഹിതർക്കെതിരേ വരുന്നുണ്ട്. സഭ ആ പുരോഹിതരെ ഒരിയ്ക്കലും ശിക്ഷിയ്ക്കില്ല. അവരെ പരമാവധി കോടതികളിൽ നിന്ന് രക്ഷപെടുത്താൻ നോക്കുകയും ചെയ്യും.

ലോകമെമ്പാടും കുഞ്ഞുങ്ങളെ ബാലൽസംഗം ചെയ്ത ആയിരക്കണക്കിനു പുരോഹിതരെയാണ് സഭ സംരക്ഷിയ്ക്കുന്നത്. അത് പുറത്ത് പറയുന്നവരെ ഏത് വിധേനയും ഇല്ലാതെയാക്കാൻ നോക്കുന്നത്. പുറത്ത് പറയുന്നവരുടെ പേരിൽ സ്മിയർ കാമ്പേനുകൾ, (അപവാദപ്രചരണം, കരിപൂശൽ) ഭീഷണി തുടങ്ങി ഏതറ്റം വരേയും സഭ പോകും. അഭയക്കേസും, മറ്റു പല ധ്യാനകേന്ദ്രങ്ങളിലെ കേസുകളുമെല്ലാം പച്ചയായി നമ്മളെ നോക്കി കോക്കിറി കാട്ടുന്നുണ്ട്. എന്നാലും കുറേ നാൾ കഴിഞ്ഞ് ആൾക്കാരെല്ലാം മറക്കും എന്ന് സഭയ്ക്കറിയാം. സനൽ ഇടമറുകിനെ നമ്മളെല്ലാം മറന്നത് പോലെ. ഇതേ മദർ തെരേസയുടെ വിശുദ്ധയാക്കുന്നതിൽ കെട്ടിച്ചമച്ച അത്ഭുതപ്രവർത്തി പോളിച്ചതായിരുന്നു സനലിന്റെ പേരിൽ സഭയ്ക്കുള്ള പ്രധാന ചൊരുക്ക്.

ഈ മറവിയാണ് ഇവരുടെ മുഖ്യ ആയുധം . സഭ ചിന്തിയ്ക്കുന്നത് നൂറ്റാണ്ടുകളിലോ ആയിരമാണ്ടുകളിലോ ആണ്. അടുത്ത ആയിരം കൊല്ലത്തെ അജണ്ട എന്നതാണ് സഭയുടെ പദ്ധതി. അവിടെ ഇന്ന് നടക്കുന്ന ചില ചെറിയ കാര്യങ്ങളൊക്കെ എല്ലാവരും മറക്കും എന്ന് അവർക്കറിയാം. അത് അഭയക്കേസായാലും മുരുങ്ങൂർ ഡിവൈൻ ആയാലും.

ഗോവയിൽ കുറേക്കൊല്ലം കൂടുമ്പോൾ അഞ്ഞൂറിൽപ്പരം വർഷം പഴക്കമുള്ള ഒരു ശവശരീരം എടുത്ത് വച്ച് സഭ നമ്മെ നോക്കി ചിരിയ്ക്കാറുണ്ട്. സെന്റ് ഫ്രാൻസിസ് സേവ്യർ എന്ന പുരോഹിതന്റെ ദ്രവിച്ച ശരീരമാണത്. അയാൾ ചില്ലറക്കാരനല്ല. ഗോവൻ ഇങ്ക്വിസിഷൻ തുടങ്ങാൻ പോർച്ചുഗീസിലേക്ക് കത്തെഴുതിയ മഹാനാണത്. ലോകം മുഴുവൻ പലപല തന്ത്രങ്ങളും കള്ളത്തരങ്ങളുമൊക്കെയായി വചനം പ്രഘോഷിച്ചയാൾ. ഇയാളുടെ ആഗ്രഹപ്രകാരം തുടങ്ങിയ മതപീഡനത്തിൽ ഗോവയിലെ കൃസ്ത്യാനികളല്ലാത്ത ഒരുപാട് പേർക്ക് അവിടം വിട്ട് ഭാരതത്തിന്റെ പല ഭാഗങ്ങളിലേക്ക് ഓടേണ്ടി വന്നു.

പൊന്നുപോലെ കരുതിയ വിഗ്രഹങ്ങളുമെടുത്ത് വേറേയൊന്നും കയ്യിലില്ലാതെ വള്ളങ്ങളിൽക്കയറി അതടുപ്പിയ്ക്കാൻ പറ്റിയ കരകളിലെല്ലാം അടുപ്പിച്ച് കൊച്ചിയിലും കൊടുങ്ങല്ലൂരും ആലപ്പുഴയിലും കോഴിക്കോട്ടും മംഗലാപുരത്തുമൊക്കെ വന്നടിഞ്ഞ ഗൗഡ സാരസ്വതർ, മലയാളികൾ കൊങ്ങിണിമാർ എന്ന് വിളിയ്ക്കുന്ന കമ്മത്ത് ആൻഡ് കമ്മത്തുകൾ ഈ ഫ്രാൻസിസ് സേവ്യറുടെ സ്നേഹത്തിന്റെ കടുപ്പം മനസ്സിലാക്കിയവരാണ്.

വിഗ്രഹം ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് അതിനു ചുറ്റുമായിക്കഴിഞ്ഞ അവർ കൊടിയ ദാരിദ്ര്യത്തിൽ ചെറിയ ചെറിയ ജോലികൾ തുടങ്ങി കിട്ടിയ പണം സൂക്ഷിച്ച് വച്ച് അതുവച്ച് വ്യാപാരവും വ്യവസായവും ചെയ്ത് സമൂഹത്തിന്റെ ഉന്നതിയിലേക്കെത്തിയവരാണ്. കഴിഞ്ഞ അഞ്ഞൂറുകൊല്ലമായി സ്വന്തം ഭാഷയായ കൊങ്ങിണിയും അതിന്റെ ഭാഗമായ സംസ്കാരങ്ങളും നശിയ്ക്കാതെ കൊണ്ടുനടക്കുന്നവർ. ആ മനുഷ്യരുടെ മുഖത്ത് നോക്കി കളിയാക്കലാണ് സഭയുടെ ഫ്രാൻസിസ് സേവ്യറിനെ പ്രദർശിപ്പിയ്ക്കൽ എന്ന് ആരെങ്കിലും അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടോ?

പറയണം എന്നാണ് ഞാൻ പറയുക. അതിനെ അടയാളപ്പെടുത്തണം. നാളെയൊരുകാലത്ത് ചരിത്രപുസ്തകങ്ങളെഴുതാൻ രേഖകൾ തിരയുന്നവർ ഇങ്ങനേയുമൊരു വശമുണ്ടായിരുന്നു എന്ന് മനസ്സിലാക്കണം, ഇതുപോലുള്ള ക്രൂരതകൾ, പീഡനങ്ങൾ, കൊലപാതകപരമ്പരകൾ, വെട്ടിപ്പിടിയ്ക്കലുകൾ, ബലാൽസംഗങ്ങൾ. ഇതിന്റെയൊക്കെ മുകളിലാണീ സ്ഥാപനം കെട്ടിയുയർത്തിയിരിയ്ക്കുന്നതെന്ന് ആരെങ്കിലും മനസ്സിലാക്കണം. അല്ലാതെ കൊടിയും പിടിച്ച് അവിടെച്ചെന്ന് വരുന്ന വിശ്വാസികളെ ഭീഷണിപ്പെടുത്താനല്ല, അവർ വെറും ആടുകളാണ്. ആദ്യം പോകുന്നതിന്റെ പിറകേ പോകും. ആശയപരമായി അടയാളപ്പെടുത്തണം. അവർ ‘വിശുദ്ധ‘നെന്ന് കരുതുന്നതിൽപ്പലതും കള്ളനാണയങ്ങളാണെന്ന് ആരെങ്കിലുമൊക്കെ മനസ്സിലാക്കണ്ടേ?

മതപരിവർത്തനംയെപ്പറ്റി ഒരുപാട് ആരോപണങ്ങളുണ്ട്. ആ ആരോപണങ്ങളിൽ അവർ മതപരിവർത്തനം നടത്തിയോ ഇല്ലയോ എന്നതൊക്കെ രണ്ടാമതാണ്. മിഷനറിമാർ മതപരിവർത്തനം നടത്താനാണ് വരുന്നത്. ചാരിറ്റിയ്ക്കല്ല. അത് ഒരു വസ്തുതയാണ്. വസ്തുതയായിത്തന്നെ അംഗീകരിയ്ക്കുകയും ചെയ്താൽ എളുപ്പമായി. മിഷനറീസ് ഓഫ് ചാരിറ്റിയിലെ കപടതകൾ പലതും പുറത്ത് കൊണ്ട് വന്നത് അരൂപ് ചാറ്റർജീ എന്ന കൽക്കട്ടയിൽ ജനിച്ച് വളർന്ന് പഠിച്ച ഇപ്പോൾ യൂകേയിൽ ജോലിചെയ്യുന്ന ഒരു ഡോക്ടറാണ്. പിന്നീട് ഒരുപാട് വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്. മരണാസന്നരായ, വേദനയെടുത്ത് പുളയുന്നവർക്ക് വേദനാസംഹാരികൾ നൽകിയില്ല എന്നതൊക്കെ ആർക്കും സഹിയ്ക്കാനാവുന്ന വസ്തുതയല്ല. ഒരിയ്ക്കലും യോജിയ്ക്കാനാവുകയുമില്ല. കൃസ്തു വേദനയെടുത്താണ് മരിച്ചതെന്നായിരുന്നു അവരുടെ ന്യായം. അന്താരാഷ്ട്ര ഡ്രഗ് മാഫിയയുടെ പണം സ്വീകരിയ്ക്കാനും, ചാരിറ്റിയ്ക്കെന്ന പേരിൽ പിരിച്ചെടുക്കുന്ന പണം വഴിമാറ്റിച്ചെലവഴിയ്ക്കാനും ഒന്നും അവർക്ക് ഈ കൃസ്തുബോധം കുഴപ്പമില്ലായിരുന്നു.

സ്വയം സുഖസൗകര്യങ്ങളെടുക്കാതിരിയ്ക്കുക എന്നതല്ല മഹത്വത്തിന്റെ ലക്ഷണം എന്ന് ആദ്യത്തെച്ചിന്തയിൽ ജനത്തിനു മനസ്സിലാകുകയില്ല. വെസ്റ്റഡ് ഇൻട്രസ്ട് എന്നത് ശരീരസുഖമാണെങ്കിൽ ശരീരമെന്ന വികാരത്തിനു പുല്ലുവിലകൊടുക്കാത്ത ആത്മഹത്യാഭീകരവാദികളാവും ഏറ്റവും വലിയ മഹാന്മാർ.

അപ്പൊ നീ എന്ത് ചെയ്തെടോ, വഴിയിൽക്കിടന്നവരെ സംഘികൾ സഹായിച്ചോ എന്നൊക്കെയാണ് തെറിചേർത്ത് ചോദ്യങ്ങൾ.

വാരണാ‍സിയിലെ അവധൂത് ഭഗവാൻ കുഷ്ഠസേവാശ്രമത്തിൽ സിദ്ധ വൈദ്യവും ആയൂർവേദവും കൊണ്ട് ലക്ഷക്കണക്കിനു കുഷ്ഠരോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. (അതിനവർക്ക് ഗിന്നസ് വേൾഡ് റേക്കോഡ് കിട്ടിയെന്നൊക്കെ ചിലയിടത്ത് പറയുന്നു.) ബാബാ ആംതേ തുടങ്ങിയ മഹാരോഗി സേവാ സമിതി ആധുനിക ചികിത്സാരീതികൾ കൊണ്ട് തന്നെ ഏതാണ്ട് മുപ്പതിനായിരത്തോളം കുഷ്ഠരോഗികളെ ചികിത്സിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല അതിൽ ഇരുപതിനായിരത്തോളം പേരെ റീഹാബിലിറ്റേറ്റ് ചെയ്യാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് പലരീതിയിൽ ഡിഫറന്റ്ലീ ഏബിൾഡ് ആയുള്ളവരെ സഹായിയ്ക്കാൻ ബാബാ ആംതേ സ്ഥാപിച്ച ആശ്രമങ്ങൾ നിരന്തരം പ്രവർത്തിയ്ക്കുന്നു. വനവാസികളുടെയിടയിലും ദളീതരുടെയിടയിലും ബാബാ ആംതേയും അദ്ദേഹത്തിന്റെ കുടുംബവും ഇന്ന് നടത്തിക്കൊണ്ടിരിയ്ക്കുന്ന സേവനങ്ങൾ ആർക്കും ചെയ്യാനാവുന്നതല്ല.

ഇനി സംഘികൾ എന്ത് ചെയ്യുവാരുന്നു എന്ന് ചോദിച്ചാൽ സദാശിവ് ഗോവിന്ദ് ഖാത്രേ എന്ന ഒരു മഹാത്മാവിനെ അറിയാമോ എന്ന് ചോദിയ്ക്കാം. അറിയാൻ സാധ്യതയില്ല പ്രസിദ്ധീ പരങ്മുഖത എന്നത് വൃതമായി ശീലിച്ച അവരെപ്പോലെയുള്ളവരെയൊന്നും ആരും അറിയില്ല.

നിങ്ങളൊക്കെ മിനിട്ടിനു നാലു പ്രാവശ്യം ചവുട്ടിത്തേയ്ക്കുന്ന ഗുരുജി എന്ന ഗുരുജി ഗോൾവർക്കറുടേ ആശയങ്ങളിൽ പ്രേരിതനായി റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന സദാശിവ് ഖാത്രേ മധ്യപ്രദേശിലെ ചമ്പ എന്ന സ്ഥലത്ത് വീടുകളിൽ നിന്ന് ഒരു പിടി അരിയും ശേഖരിച്ച് മൂന്ന് കുഷ്ഠരോഗികളുമായി തുടങ്ങിയ കുഷ്ഠ നിവാരൺ സംഘം (അതെ സംഘം തന്നെ) ഇന്ന് ആയിരക്കണക്കിനു രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ സ്ഥാപനമാണ്.

ആധുനിക വൈദ്യശാസ്ത്രത്തിൽ മൾട്ടിഡ്രഗ് തെറാപ്പി വന്നപ്പോൾ അത് കമ്യൂണിറ്റികളിലേക്ക് നേരിട്ട് പോയി കൊടുത്ത് രോഗികളെ സാനിറ്റോറിയങ്ങളിലാക്കാതെ കമ്യൂണിറ്റികളിൽത്തെന്നെ വച്ച് ചികിത്സിയ്ക്കുന്ന രീതിയൊക്കെ പൊതുജനാരോഗ്യരംഗത്തെ പുതിയ അറിവുകളിലേക്ക്ക് പോലും നയിച്ചിട്ടുണ്ട്. രോഗികളെ മാത്രമല്ല രോഗികളുടെ കുഞ്ഞുങ്ങളെപ്പോലും അകറ്റി നിർത്തുന്ന പ്രവണത കൂടുതലായപ്പോൾ ആ കുട്ടികളെ ഏറ്റെടുത്ത് രോഗികളായ മാതാപിതാക്കളുമായി ഒരുമിച്ച് ജീവിയ്ക്കാൻ ശുശീൽ ബാലഗൃഹം എന്ന വലിയൊരു ആശ്രമവും അദ്ദേഹത്തിന്റെ പദ്ധതിയാണ്.

ഇന്ന് കുഷ്ടരോഗം ഏതാണ്ട് ഇല്ലാതായപ്പോൾ അത് ആരോരുമില്ലാത്ത കുഞ്ഞുങ്ങളേ നോക്കാനും ഡീഫറന്റ്ലീ ഏബിൾഡ് ആയവരെ പരിശീലിപ്പിയ്ക്കാനുമുള്ള ഒരിടമായി തീർന്നിരിയ്ക്കുന്നു.

ഇനി നിങ്ങളാരും അറിയാത്ത ഒരു കുഷ്ഠരോഗചികിത്സകനെക്കൂടി പറയാം. ശിവഗിരിയിൽ ജീവിച്ചിരുന്ന പരവിജ്ഞാനത്തിന്റേയും കരുണയുടേയും സാഗരമായിരുന്ന നാരായണഗുരു. അദ്ദേഹത്തിന്റെ കുഷ്ഠരോഗചികിത്സ തുടങ്ങുന്നത് കായംകുളത്ത് വാരണപ്പള്ളി കുടുംബത്തിൽ താമസിച്ച് പഠിയ്ക്കുമ്പോഴാണ്. നാണുവെന്ന വിദ്യാർത്ഥിയുടെ അടുത്ത കൂട്ടുകാരനായിരുന്നു അവിടത്തെ പണിക്കാരനായ ചാത്തനെന്നയ‍ാൾ. കുറേ നാളായി ചാത്തനെ കാണാഞ്ഞിട്ട് ചാത്തൻ എവിടേപ്പോയി എന്ന് തിരക്കി. ചാത്തനു കുഷ്ഠരോഗം പിടിപെട്ടെന്നും മാറി താമസിയ്ക്കുകയാണെന്നും കേട്ട നാണു ചാത്തന്റെ വീടു തിരക്കിച്ചെന്നു.

നാണുവിനെക്കണ്ട് പരിഭ്രമിച്ച ചാത്തനോട് പരിഭ്രമിയ്ക്കരുത്, മരുന്നുമായി വന്നതാണെന്ന് പറഞ്ഞ് കൊണ്ടുവന്ന ആയൂർവേദ മരുന്നുകളും മരോട്ടിയെണ്ണയും (മരോട്ടിയെണ്ണ ലേപനം ചെയ്യുന്നത് കുഷ്ഠരോഗത്തിനൊരു ചികിത്സയായിരുന്നു) വൃത്തിയുള്ള തുണിയുമൊക്കെ അദ്ദേഹത്തിനു കൊടുത്ത് ചാത്തന്റെ രോഗം ചികിത്സിച്ച് ഭേദമാക്കി എന്നാണ് ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

ഗുരുവിന്റെ കുടുംബം പാരമ്പര്യമായി വൈദ്യന്മാരായിരുന്നു. പിന്നീട് യോഗിയായി സഞ്ചാരത്തിലിരിയ്ക്കുമ്പോളും തുടർന്ന് ശിവഗിരിയിൽ വരേയും ധാരാളം കുഷ്ഠരോഗികൾ (മറ്റു മാറാ രോഗികളും) നാരായണഗുരുവിനെ തിരക്കി വരുമായിരുന്നെന്നും അവർക്കെല്ലാം വേണ്ട മരുന്നും ചികിത്സയും കൊടുക്കുമായിരുന്നെന്നും എഴുതപ്പെട്ട രേഖകളുണ്ട്. ഗുരുദേവൻ ശുചിത്വത്തിനും ആൾക്കാരോട് രണ്ടുനേരം കുളിയ്ക്കാനുമൊക്കെ ഉപദേശിച്ചിരുന്നത് ഈ കുഷ്ഠരോഗത്തെക്കുറിച്ചുള്ള അറിവുകൊണ്ടു കൂടിത്തന്നെയായിരിയ്ക്കണം.

ഇവർക്കാർക്കും ഒരു ഭാരതരത്നവും നോബൽ സമ്മാനവുമില്ല. ഇവർക്കാർക്കും ഡ്രഗ് മാഫിയാ നേതാക്കളുടെ ഡോണേഷൻ ഇല്ല. വിശുദ്ധരുമല്ല. രോഗികളെ മതം മാറ്റിയിട്ടില്ല, ആവശ്യത്തിനു മരുന്നുകൾ കൊടുത്തു. കൃസ്തു കുരിശിൽ വേദന അനുഭവിച്ചെന്ന് വച്ച് വേദനയാൽ വിഷമിയ്ക്കുന്നവർക്ക് വേദനാസംഹാരികൾ നിഷേധിച്ചില്ല.

നാരായണഗുരു ദൈവമാണ്. വിഗ്രഹാരാധകനുമാണ്.
“പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം. “

എന്നാണ് നാരായണഗുരു പറഞ്ഞത്. എല്ലാ മതസാരവും ഏകം എന്ന് മനസ്സിലാക്കാതെ അന്ധന്മാർ ആനയെക്കണ്ട പോലെ, മണ്ടന്മാർ പലവിധ യുക്തികൾ പറഞ്ഞ് അലയുന്നത് പോലെ നമ്മൾ അലയാതെയമരണം എന്ന് അർത്ഥം.

അങ്ങനെ അലയാതിരിയ്ക്കണമെങ്കിൽ എല്ലാ മതസാരവും ഒന്നുതന്നെയാണ് എന്ന് കരുതാനുള്ള സ്വാതന്ത്ര്യം നമുക്ക് വേണം. ആ സ്വാതന്ത്ര്യം കാത്തുസൂക്ഷിയ്ക്കണമെങ്കിൽ എന്ത് വിശ്വസിയ്ക്കുന്നോ വിശ്വസിയ്ക്കുന്നില്ലയോ എന്നത് നിന്നെയൊരിയ്ക്കലും പാപിയാക്കില്ലന്നും നിന്റെ ജന്മം പാപത്തിന്റെ ഫലമല്ല പകരം വിശ്വം മുഴുവനും സകല ഭേദങ്ങളുമന്യേ വിളങ്ങുന്ന അമൃതസ്യ പുത്രന്മാരാണെല്ലാം എന്ന സത്യബോധത്തിന്റെ വെളിച്ചത്തിൽ തിരിയുന്ന സർവ്വധർമ്മ സമഭാവന ഉണ്ടാവണം.

പല മതസാരവും ഏകം എന്ന് മനസ്സിലാക്കുന്ന നിമിഷം വിശ്വസിയ്ക്കാത്തവനു സ്വർഗ്ഗമില്ല എന്ന വാദം അവസാനിയ്ക്കുന്നു.

“Neither shall they say, Lo here! or, lo there! for, behold, the kingdom of God is within you.” അവിടേയും ഇവിടേയുമൊക്കെയാണെന്ന് അവർക്ക് ചുമ്മാ പറയാനാകില്ല. ദൈവരാജ്യം നിങ്ങളിൽത്തന്നെയാണ് എന്നാണ് കൃസ്തുദേവൻ പറഞ്ഞത്. നമ്മളിലുള്ള ആ ദൈവത്തെ നോക്കിക്കാണുമ്പോൾ ‘അവനിലുമേറിയറിയുന്നവൻ തന്നുരുവിലുമൊത്ത് പുറത്തുമുജ്വലിയ്ക്കും‘ എന്ന് നാരായണഗുരുവും പറഞ്ഞു തരും.

അവിടേയുമിവിടെയുമൊന്നുമല്ല അകത്ത് തന്നെയാണെന്ന് കൃസ്തുദേവൻ തന്നെ പറയുമ്പൊ നമ്മളെന്തിനു സ്വർഗ്ഗത്തിലേക്ക് വേറേ ടിക്കറ്റുകളെടുക്കണം?








Saturday, September 03, 2016

ശബരിമല വിഷയം തന്നെയാണ്

ശബരിമല വിഷയം തന്നെയാണ് വീണ്ടും. 
ഒരു കാര്യം പറയാതെ വയ്യ. വീണ്ടും ആവർത്തിയ്ക്കേണ്ട ഒന്ന്. ശബരിമലയിൽ സ്ത്രീ പ്രവേശനം നിരോധിച്ചിട്ടില്ല. യുവതികൾ അവിടെപ്പോകാത്തതിനു കാരണം അതൊരു താപസകേന്ദ്രമായതുകൊണ്ടാണ്. ശബരിമലയിൽ വിവേചനവും ഇല്ല. 

ഗ്രീസിലെ മൗണ്ട് ആഥോസിൽ ഈയിടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ സന്ദർശിച്ചിരുന്നു. വലിയ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ആഥോസ്മല. ഓർതഡോക്സ് സഭയുടെ ചരിത്രപ്രധാനമായ, വിശ്വാസപ്രധാനമായ ആ താപസകേന്ദ്രത്തിലും യുവതികൾക്കല്ല സ്ത്രീകൾക്കൊന്നും പ്രവേശനമില്ല. ആയിരക്കണക്കിനു കൊല്ലങ്ങളായി അങ്ങനെതന്നെയാണ്. വളർത്തുമൃഗങ്ങളിൽപ്പോലും ആ നിയമമുണ്ട്. പിടക്കോഴിയും പശുവും പോലും അവിടെ അനുവദനീയമല്ല.

ജപ്പാനിലെ ഒമീൻ മല. ജപ്പാനീസ് ബുദ്ധിസത്തിന്റേയും പൗരാതനമതങ്ങളുടേയും ചേർച്ചയായ ഷുജെൻടോ മതത്തിന്റെ പുണ്യകേന്ദ്രവും ഒമേൻസാൻജിയുടെ ക്ഷേത്രവും അവിടെയാണ്. യമബുഷി എന്ന താപസന്മാരുടെ കേന്ദ്രവുമായ ആ മലയിലും സ്ത്രീകൾക്കാർക്കും പ്രവേശനമില്ല.

മനുഷ്യരെ മനുഷ്യരായിക്കാണാത്തയിടങ്ങളെ ഞാൻ പരാമർശിയ്ക്കുന്നില്ല. സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്നു മുതൽ ഡ്രൈവിങ്ങ് ചെയ്തുകൂടെന്ന് വരെ പറയുന്ന സമുഹങ്ങളുണ്ട്. അതൊക്കെ താരതമ്യപ്പെടുത്തുന്നത് നമ്മളുടെ സമൂഹത്തെ അപമാനിയ്ക്കലാവും. പക്ഷേ ഗ്രീസിലും ജപ്പാനിലും അങ്ങനെയല്ലല്ലോ. ഇവിടെയാരും ഡിസ്ക്രിമിനേഷൻ എന്ന ബുദ്ധിമുട്ട് ഉയർത്തിയിട്ടുമില്ല.

പുരുഷന്മാരുടെ താപസകേന്ദ്രം. അവിടെ സ്ത്രീകൾക്ക് പ്രവേശനം നിയന്ത്രിച്ചിരിയ്ക്കുന്നു എന്ന അതി ലളിതമായ യുക്തിയാണതിനു പിറകിൽ. വിവാഹിതരായ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത പുഷ്കർ ക്ഷേത്രം മുതൽ സ്ത്രീകൾക്ക് മാത്രം വൃതമെടുക്കാനാവുന്ന സന്തോഷീ മാ ക്ഷേത്രങ്ങൾ വരെ പുരുഷന്മാർക്ക് പ്രവേശനത്തിനു നിയന്ത്രണങ്ങളുള്ളയിടമാണ്. അതായത് ഈ നിയന്ത്രണങ്ങൾ സ്ത്രീകൾക്ക് മാത്രമല്ല എന്ന് സാരം.

സകലയിടത്തും പറഞ്ഞ് പഴകിയ ആറ്റുകാലും മണ്ടയ്ക്കാടും ചക്കുളത്ത് കാവും ഒന്നും പറയുന്നില്ല. പല ശാക്തേയ സംസ്കാരങ്ങളിലും പൂജാരി സ്ത്രീകൾ തന്നെയാവണം എന്ന് നിർബന്ധമാണ്. ഇതൊന്നും ഡിസ്ക്രിമിനേഷനല്ല. വേറുതിരിവല്ല.

അവിടെയാണ് കേ സുരേന്ദ്രനും സന്ദീപ് വാര്യരുമൊക്കെ K Surendran @Sandeep Varier Palakkad ഭക്തരുടെ പക്ഷത്ത് നിൽക്കുന്നവരെങ്കിലും ഇതൊരു വേറുതിരിവിന്റെ പ്രശ്നമായി കാണുകയും അങ്ങനെ അഭിപ്രായപ്പെടുകയും ചെയ്യുന്നതിലെ അപകടം.

ഇന്നലെ റെജിച്ചേട്ടൻ എഴുതി Reji Kumar
“എത്ര പെട്ടെന്നാണു ശബരിമലയുടെ പ്രതിച്ഛായ മാറിയത്..!
'മത മൈത്രിയുടെ, മതേതരത്വത്തിന്റെ, സമഭാവനയുടെ, ത്യാഗത്തിന്റെ, സഹനത്തിന്റെ ലോകത്തെ "ഉദാത്ത പ്രതീകം" ഇതാ ഇവിടെയുണ്ട്, ഈ കേരളത്തിലുണ്ട്, വരൂ കാണൂ' എന്ന് ഇക്കാലമത്രയും പ്രചരിപ്പിച്ചുപോന്ന ശബരിമല...

അത് എത്ര പെട്ടെന്നാണു സ്ത്രീവിരുദ്ധവും കൊടിയ അനാചാരവും നിറഞ്ഞ ഒരു "സവർണ ഹിന്ദുത്വ സ്ഥാപന"മായത് എന്നു ശ്രദ്ധിക്കുക..!!!

ശബരിമലയെ വാനോളം വാഴ്ത്തി പ്രസംഗിച്ചവരൊക്കെ എവിടെപ്പോയി?
തീവച്ചു നശിപ്പിക്കാനും കുരിശുനാട്ടി പിടിച്ചടക്കാനും, പിന്നെ സ്നേഹിച്ചുസ്നേഹിച്ചു നക്കിക്കൊല്ലാനും നോക്കിയിട്ടു നടക്കാതെ വന്നപ്പോൾ, ഇപ്പോൾ കുത്തിക്കൊല്ലാൻ ഇറങ്ങിയിരിക്കുന്നു.”

സത്യം! എത്ര പെട്ടെന്നാണത്!!

ഒരു കോടതിവിധിയുടെ അടിസ്ഥാനത്തിൽ എന്തെങ്കിലുമൊരു തീരുമാനമുണ്ടായാൽ, അത് യുവതീപ്രവേശനമായാലും അല്ലെങ്കിലും അതോടുകൂടി ശബരിമലയിലെ ഒത്തൊരുമയുടെ ഐക്യത്തിന്റെ ആ മഹാചൈതന്യം ക്ഷയിയ്ക്കും.

ഒന്നോർത്തോളൂ ആ ചൈതന്യം യുവതീപ്രവേശനമുണ്ടായാലല്ല ക്ഷയിയ്ക്കുന്നത്. അയ്യപ്പന്റെ കാര്യം നോക്കാൻ ഈ നാട്ടിൽ ഭക്തരില്ലെന്ന് വരുമ്പോഴാണ് ചൈതന്യം നശിയ്ക്കുന്നത്. ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിച്ചിട്ട് നമ്മൾ കല്ലും മുള്ളും കാലുക്ക് മെത്തയെന്ന പോലെ ക്ഷമിച്ചു. അത് പൂർവാധികം ഭംഗിയായി പുനർ നിർമ്മിച്ചു. കുരിശു നാട്ടിയപ്പോഴും അത് മതങ്ങൾ തമ്മിലുള്ള ഇടപെടലുകളായി വ്യാഖ്യാനിയ്ക്കാതെ ജനാധിപത്യപരമായി ചർച്ചകളിലൂടെയും സത്യഗ്രഹത്തിലൂടെയും അതിനു പോംവഴി കണ്ടെത്തി.

ഇത് ശബരിമലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വേറെന്തുണ്ടെങ്കിലും ശബരിമലയിൽ വിവേചനമില്ല. ഇന്നാട്ടിലെ ഇസ്ലാമും കൃസ്ത്യാനിയും ഹിന്ദുവും ഒക്കെ ഒരുമിയ്ക്കുന്ന പെരുംകോവിലാണ് ശബരിമല. ആഥോസ് മലയിലെപ്പോലെ പിടക്കോഴികൾക്ക് പോലും പ്രവേശനമില്ലാത്തയിടമല്ല.

സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമുണ്ട്. യുവതികൾക്ക് പ്രവേശനമില്ല എന്ന് ആരും നിർബന്ധിച്ചിരുന്നില്ല. 1991ൽ വിഷയങ്ങളെ കോടതിയിലേയ്ക്ക് വലിച്ചിഴച്ചത് കൊണ്ടാണ് ഒരു വെറും ഗൈഡ്ലൈൻ മാത്രമായിരുന്ന ആ ഒരു കീഴ്വഴക്കം പോലീസ് പരിശോധനയും പമ്പയിൽ തടയലും ഒക്കെയായി മാറിയത്. അത് വരെ ആരും ആരേയും തടഞ്ഞിരുന്നില്ല. ഇന്നത് അൻപത്തഞ്ചെന്ന ‘നിയമ‘ത്തിൽ എത്തി നിൽക്കുന്നു. ഗതികേടാണത്. ഒരു കീഴ്വഴക്കം, വളരെ അയഞ്ഞ ഒരു ഗൈഡ്ലൈൻ മുറുകിയ ഒരു നിയമമാക്കി മാറി കോടതിയും ഗവണ്മെന്റും ഒക്കെ ഇടപെട്ടതോടെ.

അത്കൊണ്ട് ദയവുചെയ്ത് ആരോ സെറ്റ് ചെയ്ത് വച്ചിരിയ്ക്കുന്ന അജണ്ടയ്ക്കനുസ്സരിച്ച് തുള്ളുന്ന മണ്ടന്മാരാകരുത്. കാലു പിടിച്ച് പറയുകയാണ്. യുവതികൾ പോകണോ വേണ്ടയോ എന്നതല്ല വിഷയം. ശബരിമലയിൽ ഡിസ്ക്രിമിനേഷൻ ഉണ്ടോ ഇല്ലയോ എന്നാണ്. പരസ്യമായാണ് ഡിസ്ക്രിമിനേഷൻ ഉണ്ടെന്ന് നമ്മൾ വരുത്തണം അങ്ങനെ ചർച്ചകൾ നയിയ്ക്കണമെന്ന് ചിലർ പരസ്പരം ആഹ്വാനം നൽകുന്നത്.

അത് ഒരു ആധുനിക ആഭിചാരമാണ്. സകലരേയും ഒന്നിപ്പിയ്ക്കുന്ന ശബരിമല എന്ന മഹാസ്ഥാപനത്തിൽ ഡിസ്ക്രിമിനേഷൻ ഉണ്ടെന്ന കിംവദന്തിയുടെ ആഭിചാരം ഏൽക്കുന്ന ആ നിമിഷം കേരളത്തിന്റെ ശക്തിയും ഒരുമയും ചൈതന്യവും നഷ്ടപ്പെടും.അപ്പോഴാണ് നഷ്ടപ്പെടുക.

ഈ ദശാസന്ധിയിൽ നിന്ന് മുന്നോട്ട് വന്ന് പൂർവാധികം ശക്തിയോടെ ശബരിമലയിലെ ധർമ്മവീര്യം കേരളത്തിന്റേതിലുപരി ഭാരതത്തിന്റെ മുഴുവനുമായി ചൈതന്യവത്താകാൻ മണികണ്ഠൻ അനുഗ്രഹിയ്ക്കട്ടെ.