Saturday, April 09, 2011

അഴിമതിയും അന്നാ ഹസാരെയും ചാരുകസേരച്ചിന്തകളും


അഴിമതി ഇല്ലാതാക്കാനാവുമോടെ?

ഇല്ലെടേയ് അഴിമതി എല്ലാക്കാലവും ഈ സിസ്റ്റത്തിൽ കാണും

നിങ്ങളു ചുമ്മാ ഒരുമാതിരീ കമ്യൂണിസ്റ്റുകാരെപ്പോലെ വർത്തമാനിയ്ക്കല്ല്..

അല്ലെടേ, അഴിമതിയെന്നത്  പണം ബേസ് ചെയ്ത ഏത് സിസ്റ്റത്തിലെ ക്രയവിക്രയങ്ങൾക്കും ന്യായമായി ഉണ്ടാകുന്ന ഒരു പാർശ്വഫലമാണ്. അതില്ലാതാകണമെങ്കിൽ പണമേ ഇല്ലാതാകണം

അതെങ്ങനെ? അമേരിയ്ക്കയിലും ബ്രിട്ടണിലും സ്വീഡനിലുമൊന്നും അഴിമതിയില്ലല്ലോ?

അതാരു പറഞ്ഞു? എല്ലായിടത്തും അഴിമതിയുണ്ട്. ന്യായമല്ലാത്ത കച്ചവടവുമുണ്ട്. പലയിടത്തും അഴിമതിയെ ലീഗലൈസ് ചെയ്തിരിയ്ക്കുന്നോട് അറിയുന്നില്ലന്നേയുള്ളൂ..

എന്നുവച്ചാൽ?

എന്നുവച്ചാൽ എന്റെ നാട്ടിലെ വയലീന്ന് ചെളിവെട്ടിയും മണലുവാരിയും കൊല്ലത്തെ കെട്ടിടങ്ങളുണ്ടാക്കുന്നു. വയലിൽ നിന്ന് ചെളിവെട്ടാനോ മണലുവാരാനോ ഗവണ്മെന്റ് സമ്മതിക്കില്ല. നിയമ വിരുദ്ധം. അപ്പൊ ജിയോളജിക്കാർക്കും, പോലീസിനും കൈക്കൂലി കൊടുക്കും. അതഴിമതി.അതേ സമയം അത് നിയമവിധേയമായാൽ ആ കൊടുക്കുന്ന കൈക്കൂലി ഗവണ്മെന്റിനു ടാക്സായി വാങ്ങിയ്ക്കാം

അപ്പൊ അഴിമതി നിയമവിധേയമാക്കിയാ മതിയെന്നാണോ പറയുന്നത്?

കുറേയൊക്കെ അങ്ങനെയാക്കാം.. എന്നാലും വൻ കച്ചവടങ്ങൾ വരുമ്പൊ പണം മറിയും. ഇടനിൽക്കുന്ന മനുഷ്യനു കൈനനയാതെ പണം കിട്ടാൻ അവസരമുണ്ടാകുമ്പോ അവനത് ഉപയോഗിയ്ക്കും.

അതില്ലാതെയാക്കാനെന്താ വഴി?

കച്ചവടം സുതാര്യമാക്കിയാൽ കുറേയൊക്കെ ഒഴിവാക്കാം

എന്നുവച്ചാൽ?

എന്നുവച്ചാൽ നീ പോത്തിനെ വാങ്ങിയ്ക്കാൻ പോകുന്നു. തോർത്തുപൊത്തിയുള്ള പോത്തുകച്ചവടം നിനക്കറിയില്ല. തോർത്തുപൊത്താൻ അറിയുന്നവൻ നിനക്കുവേണ്ടി വാങ്ങുകയും വിൽക്കുകയും ചെയ്യും. അപ്പൊ അവൻ ആയിരം രൂപയ്ക്ക് വാങ്ങിയിട്ട് നിന്നോട് രണ്ടായിരം പറഞ്ഞാ നീയതറിയുന്നില്ലല്ല്ല്ല്. അപ്പം അങ്ങനത്തെ തോർത്ത്പൊത്തി കച്ചവടം ഇല്ലാതാക്കണം. അതോടെ മറിപ്പ് നടക്കൂല.

അപ്പൊ ഇൻഡ്യയിലെ അഴിമതിയ്ക്കും ഇതൊക്കെയാണോ കാരണം.
ഇതൊക്കെത്തന്നെ.

ഇതൊക്കെ എങ്ങനെ ഇല്ലാതാക്കാം. അഴിമതിക്കാരെയെല്ലാം തൂക്കിക്കൊന്നാ പറ്റുമോ?

പറ്റുമോന്ന് നോക്കിയാട്ട്..അഴിമതിക്കാരെയെല്ലാം വെടിവച്ച് കൊല്ലുന്ന രാജ്യമല്ലോ ചൈന, അവിടെ ഇതെല്ലാം കുറവെന്ന് നിനക്ക് വിശ്വാസമുണ്ടോ?

ഇൻഡ്യയിലെപ്പോലെയില്ലല്ല്...

അമേരിയ്ക്കയിലെപ്പോലെയുമില്ല...

ഇൻഡ്യയെപ്പറ്റിപ്പറയുമ്പൊ അമേരിയ്ക്കയെപ്പറ്റി പറയുന്നതെന്തിന്? ഇവിടെ അഴിമതിയൊന്നുമില്ല.

ഇല്ലേ? എണ്ണക്കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി മാത്രം രാജ്യത്തിന്റെ സൈനികരെ ഇറാക്കിലയച്ച് കൊടിക്കണക്കിനു ജനങ്ങളെ കൊന്നൊടുക്കിയത് അഴിമതിയല്ലേ?അല്ലേൽ അതിലും കൊടും പാതകമല്ലേ????അന്നുതൊട്ടുന്നുവരെ അമേരിയ്ക്കയിൽ കുടിയേറിയ മനുഷ്യർ കൊന്നൊടുക്കിയവരെ ഓർത്താൽ ലോകത്തുള്ള അഴിമതിയെല്ലാം നിഷ്പ്രഭമാകും. ആദ്യം അമേരിയ്ക്കയിലെ റെഡ് ഇൻഡ്യക്കാരെ ജീനൊസൈഡ് ചെയ്ത് തുടങ്ങി ഇന്ന് അഫ്ഗാനിലും ഇറാക്കിലും വരെയെത്തിനിൽക്കുന്നു വെള്ളക്കാരന്റെ പട്ടാളം.

സ്വീഡനും നോർവേയുമുൾപ്പെടെ സ്കാൻഡിനേവിയക്കാർ അഴിമതിയിൽ ഒന്നുമില്ലെന്നാണല്ലോ പറയുന്നത്??

 ലോകത്തുള്ള ആയുധക്കച്ചവടത്തിന്റെ ഒട്ടുമുക്കാലും നടക്കുന്നത് ഏറ്റവും അഴിമതികുറഞ്ഞതെന്ന് കൊട്ടിഘോഷിയ്ക്കുന്ന ഈ രാജ്യങ്ങളുടെ ഇടനില വഴിയാണ് എന്ന് നിനക്കറിയില്ലേടേ..പുലികളുടേ കാര്യത്തിൽ അവന്മാർ മധ്യസ്ഥം നിന്നത് വെറുതേയോ??

ബ്രിട്ടൻ, ഫ്രാൻസ് മുതലായ രാജ്യങ്ങളിലും അഴിമതിയില്ലല്ലോ?
കോപ്പാ.., ബ്രിട്ടണിലേയും ഫ്രാൻസിലേയും അമേരിയ്ക്കയിലേയും മുന്തിയ രാഷ്ട്രീയക്കാരിൽ മിക്കവരും റിട്ടയർ ചെയ്യാറുണ്ടെന്നത് അറിയാമോടേയ്..

അത് നല്ലതല്ലേ..

തന്നെ..അത്കഴിഞ്ഞ് അവരെവിടെപ്പോകുന്നു??

അവരങ്ങനെ വെറുതേ സുഖമായിയിരിയ്ക്കും.

അല്ല. അവർ സുഖമായിത്തന്നെ ലോകത്തെ ഏറ്റവും മികച്ച എണ്ണ, പെട്രോളിയം, ടേക്നോളജി, ആയുധനിർമ്മാണം, ഊർജ്ജം ഒക്കെ വിൽപ്പന നടത്തുന്ന കമ്പനികളിലും മറ്റും നേരേ ഡയറക്ടറായായിരിയ്ക്കും പോകുന്നത്. ഒരു കമ്പനീടെ ഡയറക്ടർബോർഡിൽ നിയമനം കിട്ടുന്നതിന്റെ കാര്യമെന്ത്?

അത് ലോബിയിങ്ങ് നടത്താനല്ലേ. അത് പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിച്ചതാണല്ലോ?

അപ്പം അവരംഗീകരിച്ചാ അതഴിമതിയല്ലാതാവുമോ?ഈ ലോബിയിങ്ങിനെയല്ലേടേ നമ്മളഴിമതി എന്ന് പറയുന്നത്. അതിനവന് കാശു ഷെയറായി കൊടുക്കുന്നന്നെല്ലേയുള്ള്.

അപ്പൊ അന്നാഹസാരെ നിരാഹാരം കിടന്നതിനെ കൊള്ളില്ലെന്നാണോ പറഞ്ഞത്.?

ഒട്ടുമല്ല. അത് നല്ലകാര്യം തന്നെ. പക്ഷേ ഇന്ന് എല്ലാ കാര്യങ്ങൾക്കും കാരണം അഴിമതിയാണ് എന്ന മട്ടിലുള്ള പ്രചാരണം ശരിയല്ല. ഒരുപക്ഷേ ഇൻഡ്യ ഇന്നനുഭവിയ്ക്കുന്ന പുരോഗതിയ്ക്ക് കാരണം പോലും അഴിമതിയാണ് എന്ന് പറയേണ്ടി വരും. ഉദാരവൽക്കരണവും അഗോളവൽക്കരണവും നല്ല ഒന്നാന്തരം അഴിമതി ഡീലുകൾക്ക് ഉദാഹരണമായിരുന്നല്ലോ..

നിർത്തെടേയ് ട്വൻടീ ട്വന്റീ കാണട്ട്..

ട്വൻടീ ട്വൻടീ ക്രിക്കറ്റ് നോക്ക്...അടിമുടി കച്ചവടവും അഴിമതിയും.
സിനിമ കള്ളപ്പണത്തിന്റെ കൂട്. ദാവൂദ് ഇബ്രാഹിമ്മിന്റെ കാശാണ് ബോളീവുഡിൽ ഒഴുകിപ്പരക്കുന്നതെന്ന് അറിയാത്തവരില്ലല്ലോ?ഭാരതസർക്കാരിന്റെ ഒന്നാം നമ്പർ കേഡീലിസ്റ്റിലുള്ള അവന്റെ മോളെ കെട്ടിയത് മിയാന്ദാദിന്റെ മോനല്ലേ (അതോ തിരിച്ചോ) . അതിനല്ലേ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള താരങ്ങൾ പോയിത്തുള്ളീയത്. എന്നിട്ടും നമ്മൾ സിനിമ കാണാതെയിരിയ്ക്കുന്നില്ലല്ലോ..നമ്മളു വീണ്ടും കാശുകൊടുത്തതൊക്കെ പോയിക്കാണും.

അപ്പൊ ക്രിക്കറ്റും സിനിമയും കാണേണ്ടന്നാണോ?
അല്ല. നീയിനി എത്ര പറഞ്ഞാലും സിനിമ കാണും, നീയിനി എത്ര പറഞ്ഞാലും പണമുണ്ടെങ്കിൽ അഴിമതി നടക്കും. പണമില്ലേൽ സ്വജനപക്ഷപാതം നടക്കും.

അപ്പൊ നമ്മളെന്ത് ചെയ്യും.?
ഇതെല്ലാമറിഞ്ഞോണ്ട് മെച്ചപ്പെട്ട ഒരു സമൂഹത്തിനായി യത്നിക്കുക. അന്നാ ഹസാരേയെ സപ്പോർട്ട് ചെയ്യണമെങ്കിൽ അത് ചെയ്യാം. വീ എസിനെ സപ്പോർട്ടാകണമെങ്കിൽ അതാകാം. പക്ഷേ ഇതൊക്കെ മറന്ന് ഇന്ന് മറിച്ച് കളയാം എന്നോർത്താൽ, എതിരു നിൽക്കുന്നവനോ എതിരഭിപ്രായം ആരെങ്കിലും പറഞ്ഞാലോ അവൻ വെറും പോഴൻ എന്നൊക്കെ ഓർത്താൽ

ഓർത്താൽ..????
നിനക്കുതന്നെ നഷ്ടം.സന്തോഷമായിരിയ്ക്കുകയാണല്ലോ നമുക്കെല്ലാമാവശ്യം. അതുണ്ടാവില്ല.

പണത്തിന്റെ ആർത്തിമേൽ കെട്ടപ്പെട്ട സമൂഹം ഇല്ലാതെയാക്കി മാർക്സ് മുതലായ ധനതത്വശാസ്ത്രജ്ഞരൊക്കെ കണ്ട പോലെയൊരു സമൂഹം കെട്ടിപ്പടുക്കാൻ ശ്രമിച്ചാൽ നന്നായിരിയ്ക്കും. മറ്റുള്ളവനെ വെറുത്ത് അവൻ വേറെയെന്ന് ചിന്തിച്ച് അവനിനി കള്ളനോ കൊള്ളക്കാരനോ ആയാലും അവരെയെല്ലാം കൊന്ന് , ഒരു സമൂഹം ഉണ്ടാക്കിക്കളയാം എന്ന് ചിന്തിച്ചാൽ മനുഷ്യരുടെടയ്ക്ക് അത് നടക്കില്ല എന്നാണ് തോന്നുന്നത്.

ജനാധിപത്യം എന്നത് പത്ത് മൂവായിരം കൊല്ലം മുൻപേയെങ്കിലും  മനുഷ്യരുടിടയ്ക്ക് വന്ന ആശയമാണ്,അത് ഇന്ന് ഭാരതത്തിലേയും അമേരിയ്ക്കയിലേയും ഒക്കെപ്പോലെ ഒരു ഭരണ സംവിധാനമായി. എന്നാലും ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് ഒക്കെയായി ലോകത്തെ ഏറ്റവും മിടുക്കരും ജനാധിപത്യവാദികളും എന്നു പറയുന്നവർ താമസിയ്ക്കുന്ന ബ്രിട്ടനിലും മറ്റും ഇപ്പോഴും രാജാധികാരമാണ്. എന്നാലും പൊതുവേ ലോകം ജനാധിപത്യത്തോട് കൂടുതലടുത്തുകൊണ്ടിരിയ്ക്കുന്നു എന്നതുപോലെ പണമില്ലാത്ത സമൂഹമുണ്ടാകാൻ തുടങ്ങുന്നതു തന്നെ വളരെക്കഴിഞ്ഞിട്ടാവാം.

ഇൻഡ്യയിൽ ജനാധിപത്യമാണോ അഴിമതിയ്ക്ക് കാരണം?

ഇൻഡ്യൻ ജനാധിപത്യം വന്നതുതന്നെ ആലോചിച്ചാൽ അത്ഭുതം.അമ്പതു കൊല്ലമായി നിലനിൽക്കുന്നതാലോചിച്ചാൽ അത്യത്ഭുതം.മഹാത്മാഗാന്ധി,ബാബാസാഹിബ് അംബേദ്കർ, സർദാർ വല്ലഭായിപട്ടേൽ , മൗലാന തുടങ്ങിയ  ഒത്തിരിയൊത്തിരി ആദ്യകാല നേതാക്കൾ മനപൂർവം ശ്രമിച്ചതു കൊണ്ടാണങ്ങനെ വന്നത്.എന്നാലും  അറുനൂറു രാജാക്കന്മാരെയാണ് സാമ ദാന ഭേദ ദണ്ഡന മുറകളുപയോഗിച്ച് സർദാർ ജനാധിപത്യത്തോട് ചേർത്തതെന്നാലോചിയ്ക്കുമ്പോൾ ബഹുമാനം തോന്നും.

അവിടേയും മോത്തിലാൽ നെഹ്രു തന്റെ മകനെ രാജാവാക്കാനാണ് പഠിപ്പിച്ചത്. അദ്ദേഹം രാജാവായി...നല്ലൊരു രാജാവായിരുന്നു. അദ്ദേഹത്തിന്റെ മകൾ രാജ്ഞിയായി. അതിനിടയ്ക്കുകയറി നിന്ന ലാൽബഹാദൂർ ശാസ്ത്രി എന്ന മനുഷ്യൻ മരിച്ചതെങ്ങനെയെന്നു പോലും ഇപ്പോഴും ജനത്തിനറിയില്ല. അറിയിയ്ക്കുന്നുമില്ല. ഇപ്പൊഴും അവരൊക്കെ രാജകുമാരന്മാരും അമ്മമഹാറാണിയുമായിയിരിയ്ക്കുന്നു.

ഒരുപക്ഷേ രാജാധികാരമായിരുന്നെങ്കിൽ രാജാവ് ഈ സ്വത്തെല്ലാം സൂക്ഷിച്ച് ഉപയോഗിച്ചേനേ. അത് അയാളുടെ സ്വത്താണ്. അബൂദാബിയിൽ ജീവിയ്ക്കുന്നയാൾ എന്നും അവിടുത്തെ രാജാവിന്റെ സ്വത്തല്ലേ. അപ്പൊ അവിടെ കടലിൽ ദ്വീപും, പൊക്കത്തിൽ കെട്ടിടവുമൊക്കെ വരും. പക്ഷേ രാജാവിന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ ലൈക്കിടണോ വേണ്ടേ ലൈക്കിടാണോ വേണ്ടേ എന്നിങ്ങനെ മനസ്സ് കലമ്പലുണ്ടാക്കിക്കൊണ്ടേയിരിയ്ക്കും.

ഇൻഡ്യയിൽ അവന്മാരഴിമതി കാണിച്ചാലും വോട്ട് ചോദിച്ച് വരുമ്പോ വോട്ടു ചെയ്യില്ലെന്നും കൂടെയുള്ളവൻ വെരട്ടിയാൽ തല്ലിയെന്ന് പറഞ്ഞ് കള്ളക്കേസുകൊടുക്കാനും നമ്മുടെ നാട്ടിൽ പറ്റും. ആ സ്വാതന്ത്ര്യത്തിന് അഴിമതി കൂലിയെങ്കിൽ.....

അപ്പൊ അഴിമതിയെ സപ്പോർട്ട് ചെയ്യുവാണോ?
ഒരിയ്ക്കലുമല്ല. ഭാരതം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിഷയം അഴിമതിയല്ല. മതങ്ങളുടെ പേരിലുള്ള തീവ്രവാദമാണ്. അതിൽ ഏറ്റവും മുന്തിയ ഗ്രൂപ്പ് സംഘപരിവാറും.
അഴിമതിയില്ലാത്ത വികസനമെന്നൊക്കെയുള്ള പേരിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ ഗുജറാത്തിനെ മാതൃകയാക്കാൻ എല്ലാവരും പറയുമ്പോൾ അവരുയർത്തുന്ന വംശീയവിദ്വേഷത്തിന്റെ രാഷ്ട്രീയം എല്ലാവരും മറക്കുന്നു. മതരാഷ്ട്രീയവും അതിന്റെ പേരിലുള്ള വർഗ്ഗീയതയും അഴിമതിയേക്കാൾ എതിർക്കപ്പെടണം. ഗുജറാത്തിൽ നടന്ന വംശഹത്യ എന്നും ഭാരതത്തിനൊരു പാഠമായിരിയ്ക്കണം. കർണാടകം മറ്റൊരു ഗുജറാത്താക്കാൻ നല്ല ശ്രമം നടക്കുന്നുണ്ട്.കേരളത്തിലെയൊക്കെ ചില വിഷം തുപ്പുന്ന ടീച്ചറന്മാരുടെയൊക്കെ പ്രഭാഷണങ്ങൾ എന്റെ സുഹൃത്തുക്കൾ കേട്ടുനോക്കു എന്ന് പറഞ്ഞ് പങ്കുവയ്ക്കുമ്പോൾ വല്ലാത്ത വിഷമം തോന്നും.

അഴിമതിയെപ്പറ്റി പറയുമ്പോ വർഗ്ഗീയതയെ പറയുന്നതെന്തിന്? എങ്കി ഞാനും പറയും സോളിഡാരിറ്റിയും ലാവലേസും കൂടി കുതിച്ച് കയറി അടിയറവു പറയിപ്പിച്കില്ലേ.....:)

അഴിമതിയെന്ന ഉറുമ്പിനേക്കാൾ വർഗ്ഗീയതയെന്ന പാമ്പിനു വിഷമുണ്ടെന്നേ ഉദ്ദേശിച്ചുള്ളൂ.അഴിമതി ഒരു വൻ പ്രശ്നമായി ഉയർത്തിക്കാട്ടുമ്പോൾ വർഗ്ഗീയപ്പാർട്ടികളോട് കൂടൂ. ഞങ്ങൾ അഴിമതിയില്ലാത്ത ഗുജറാത്താക്കാം ഭാരതത്തിനെ, എന്നു പറയിപ്പിക്കാൻ എളുപ്പമായതുകൊണ്ട്.

അവിടേയും ഇൻഡ്യ ചെറിയ ചെറിയ രീതിയിൽ സത്യത്തോടടുത്തു നിന്നുകൊണ്ട് മുന്നോട്ട് പൊയ്ക്കോണ്ടിരിയ്ക്കുന്നു. ബ്രിട്ടീഷുകാരെ ഓടിച്ചെങ്കിൽ ഇവരൊക്കെയാണോ പ്രയാസം. അതും നടക്കും. നമ്മുടെ സംസ്കാരത്തിലുറച്ച് നിന്ന് സത്യത്തോടടുത്തുനിന്ന് ഭാരതം ഇനിയും ഒരുപാടുകാലം ലോകത്തിനു വെളിച്ചമായിത്തന്നെ നിലകൊള്ളും.

അതെങ്ങനെ വെളിച്ചമാകും.വൈദ്യുതിയും ബൾബും കണ്ടുപിടിച്ചത് വെള്ളക്കാരനല്ലേ..?