Saturday, January 12, 2013

ആകാശവും നക്ഷത്രങ്ങളും.

“ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൽ
നേരാം വഴികാട്ടും ഗുരുവല്ലോ പര ദൈവം “എന്നാണാശാൻ പറഞ്ഞത്. അങ്ങനെവന്നാൽ എന്റേയും ദൈവം നാരായണഗുരു തന്നെ. 

 എന്റെ ഗുരു. എന്റെ ദൈവം :) എല്ലാം എന്റെ മാത്രം.

നല്ലൊരു ലേഖനം ദേശാഭിമാനിയിലേത്.

ഈയിടെ ഹിന്ദുമതത്തിൽ ബ്രാഹ്മണനായി ജനിയ്ക്കാത്തതിനാൽ,ചിലരുടെയൊക്കെ മതത്തിൽ ജനതതികൾക്ക് സ്ഥാനമില്ലെന്ന് ഒരു നമ്പൂതിരിയെഴുതിയ ലേഖനം മനോരമപ്പത്രത്തിൽ വായിച്ചു.നാം എവിടെയെത്തിയിട്ടും എവിടെയുമെത്തിയില്ലല്ലോ എന്ന് നിരാശതോന്നി. അവരുടെ ഹിന്ദുമതത്തിൽ നമുക്ക് സ്ഥാനമില്ല. ഗുരുവിനോട് മതമേതെന്ന് പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട്. മതമില്ല ജാതിയില്ല എന്ന് ഇരിപ്പിലും നടപ്പിലും ഉറക്കത്തിൽ‌പ്പോലും ജീവിച്ചിരുന്നയൊരാളോട് ചോദിയ്ക്കുന്നവന്റെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടാവണം ജാതിനിർണ്ണയം എഴുതിയത്, കണ്ണാടി പ്രതിഷ്ടിച്ചത്. 

ബ്രഹ്മസൂത്രത്തിനൊരു ടിപ്പണിയെഴുതണമെന്ന് ആവശ്യപ്പെട്ടപ്പൊ എഴുതി. അധികാരം നിഷേധിയ്ക്കുന്ന സൂത്രങ്ങൾക്ക് ടിപ്പണിയല്ല. ദർശനമാലയെന്ന ലോക ക്ലാസിക്കുകളിലൊരെണ്ണം. 

ക്ഷത്രിയനായിരുന്ന വിശ്വാമിത്രൻ രാജ്യം വെടിഞ്ഞ് അതിഘോരമായ തപസ്സുചെയ്ത്  സകല ദിവ്യശക്തികളും സംഭരിച്ചിട്ടും വിശ്വാമിത്രൻ ബ്രഹ്മർഷിയാണെന്നു വസിഷ്ഠൻ സമ്മതിക്കാഞ്ഞതിനെക്കുറിച്ച് ഗുരു ഒരിയ്ക്കൽ പറഞ്ഞു.

 “ വസിഷ്ടൻ ബ്രാഹ്മണനും വിശ്വാമിത്രൻ ക്ഷത്രിയനുമാണ്.ബ്രാഹ്മണനും ക്ഷത്രിയനും തമ്മിൽ ഒരംഗുലത്തിന്റെ വ്യത്യാസമേയുള്ളൂ.അത്ര അടുത്തു നിൽക്കുന്ന ക്ഷത്രിയൻ ബ്രാഹ്മണനാവാൻ ശ്രമിച്ചിട്ടുണ്ടായ പാടാണത്.ആ സ്ഥിതിയ്ക്ക് എത്രയോ ദണ്ഡ് അകലെക്കിടക്കുന്ന മറ്റു ജാതിക്കാർ ബ്രാഹ്മണ്യത്തിനു ശ്രമിച്ചാലുള്ള കഥ എന്തായിരിയ്ക്കും” .

ഹിന്ദുമതത്തിലിരുന്നാൽ ആ ദണ്ഡ് അവിടെത്തന്നെ കാണുമെന്ന് മനസ്സിലാക്കിയാണ് ാബസാഹിബ് ബുദ്ധമതത്തിലേക്ക് മാറാൻ ദളിതരോട് ആഹ്വാനം ചെയ്തത്.  ഒരു മതം ഉണ്ടാവണമെന്ന് നിർബന്ധമെങ്കിൽ അതിനേക്കാൾ നല്ലൊരു മാർഗ്ഗമില്ല. ഇന്നത്തെ ഹിന്ദുമതത്തിൽ ദളിതരായി ജീവിയ്ക്കുന്നതിലും എത്രയോ നല്ലതാണ് ബുദ്ധമതക്കാരാവുന്നത് എന്നദ്ദേഹത്ിനു ന്നിയിൽ ഒരു കുറ്റമില്ല.

ഇതെഴുതുമ്പൊ സഹോദരൻ അയ്യപ്പനും ശ്രീ നാരായണഗുരുവുമായുള്ള ഒരു സംഭാഷണം വായിച്ചതാണ് ഓർമ്മ വരുന്നത്. അതിവിടെ ചേർക്കാം.

സ്വാമി: അയ്യപ്പാ, ഡോക്ടർ മതം മാറണമെന്ന് പറയുന്നല്ലോ?

(ഡോക്ടർ എന്നത് ഡോക്ടർ പൽ‌പ്പുവിനെ ഉദ്ദേശിച്ചാണ്. ഈഴവർ ബുദ്ധമതം സ്വീകരിയ്ക്കണമെന്ന് ഡോക്ടർ പൽ‌പ്പു ആ സമയത്ത് വാദിച്ചിരുന്നു..). 

സഹോദരൻ: മതം മാറണമെന്ന് ചിലർക്കെല്ലാം അഭിപ്രായമുണ്ട്. 

സ്വാമി:മനുഷ്യൻ നന്നായാൽ പോരായോ? മതം മാറ്റം അതല്ലേ? അല്ലാതുള്ള മാറ്റമാണോ എല്ലാവരും പറയുന്നത്? 

സഹോദരൻ:മനുഷ്യൻ നന്നാവാനുള്ള മാർഗ്ഗങ്ങൾ അധികം കാണുന്നത് ബുദ്ധമതത്തിലാണ്. 

സ്വാമി: ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യന്മാരാണോ? മത്സ്യം തിന്നുന്നവരും, കള്ളുകുടിയ്ക്കുന്നവരും, അസമത്വമാചരിയ്ക്കുന്നവരും ധാരാളമുണ്ടെന്ന് നാമറിയുന്നു.

സഹോദരൻ:ഇപ്പോഴുള്ള ബുദ്ധമതക്കാരിൽ നല്ലവർ വളരെക്കുറയും എന്നുവേണം പറയാൻ. 

സ്വാമി:അങ്ങനെയാണോ? നാമും അത് കേട്ടു. ബുദ്ധസന്യാസിമാർ കിട്ടുന്നതെല്ലാം ഭക്ഷിയ്ക്കണം.മാംസമായാലുംതിന്നും. കൊടുക്കുന്നതൊന്നും വേണ്ടെന്ന് പറയാൻ പാടില്ല. ഇല്ലേ? അങ്ങനെ മാംസത്തിനു രുചിപിടിച്ച് അത്യധികം ഇഷ്ടമാകും. ആളുകൾ ഇഷ്ടം നോക്കി മാംസം തന്നെ കൊടുക്കും ഇതു നല്ലതാണോ? 

സഹോദരൻ: ഇടക്കാലത്തു ബുദ്ധമതവും ദുഷിച്ചു. എങ്കിലും മനുഷ്യൻ നന്നാവാൻ ബുദ്ധന്റെ ഉപദേശങ്ങളോളം നല്ല ഉപദേശമില്ല. 

സ്വാമി:കൃസ്തുവിന്റെ ഉപദേശം നല്ലതല്ലേ? മുഹമ്മദു നബിയുടെ ഉപദേശവും കൊള്ളാമല്ലോ. ആ മതക്കാരിൽ‌പ്പെട്ട എല്ലാവരും യോഗ്യന്മാരാണോ? അപ്പോൾ മതമേതായാലും മനുഷ്യൻ നന്നാവാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കണം. അല്ലെങ്കിൽ അധഃപതിയ്ക്കും. പ്രവൃത്തി ശുദ്ധമായിരിയ്ക്കണം. വാക്കും വിചാരവും ശുദ്ധമായിരിയ്ക്കണം.ഈ മൂന്നുവിധത്തിലും തെറ്റുകൾ വരരുത്.തെറ്റുകൾ വന്നശേഷം , ഹേ! തെറ്റിപ്പോയല്ലോ എന്നു തിരിത്താൻ സംഗതി വരാത്തവണ്ണം മനസ്സ് ശുദ്ധമായിരിയ്ക്കണം. അതാണ് ജീവന്മുക്താവസ്ഥ.

സഹോദരൻ:ബുദ്ധമതക്കാർ അതിനു നിർവ്വാണം എന്നു പറയുന്നു. 

സ്വാമി:ആയിരിയ്ക്കാം. ജാതി മനുഷ്യരിൽ കയറി മൂത്തുപോയി.ശങ്കരാചാര്യരും അതിൽ തെറ്റുകാരനാണ്. ബ്രഹ്മസൂത്രവും ഗീതയും എഴുതിയ വ്യാസൻ തന്നെ ചാതുർവർണ്യത്തെക്കുറിച്ച് രണ്ടിടത്തു രണ്ടുവിധം പറഞ്ഞിരിയ്ക്കുന്നു. ജാതി കളയണം. അല്ലാതെ രക്ഷയില്ല. മനുഷ്യരെല്ലാം ഒരു സമുദായമാണല്ലോ. ആ നില വരത്തക്കവണ്ണം ജാതിയെ ഉപേക്ഷിയ്ക്കണം. മതം മാറ്റത്തെപ്പറ്റി കുമാരനാശാന്റെ അഭിപ്രായമെന്താണ്? . 

സഹോദരൻ: സ്വാമി തൃപ്പാദങ്ങളുടെ അഭിപ്രായമറിയാതെ മതം മാറുന്നത് സ്വാമിയെ പ്രത്യക്ഷത്തിൽ അവഗണിയ്ക്കുന്നതായിരിയ്ക്കുമെന്നാണു ആശാന്റെ അഭിപ്രായം.

സ്വാമി:അങ്ങനെയാണൊ?

സഹോദരൻ: ഈ സംഗതിയിൽ സ്വാമിയുടെ അഭിപ്രായം പ്രത്യേകം അറിയണമെന്നാണ് ആശാൻ പറയുന്നത്. 

സ്വാമി:നമ്മുടെ അഭിപ്രായം ഇതുവരെ അറിഞ്ഞിട്ടില്ലേ? അയ്യപ്പനറിയാമോ നമ്മുടെ അഭിപ്രായം? . 

സഹോദരൻ: അറിയാം. തൃപ്പാദങ്ങൾക്ക് ഒരു മതത്തോടും വെറുപ്പില്ല.മനുഷ്യന്റെ മതം , വേഷം, ഭാഷ, മുതലായവ എങ്ങനെയിരുന്നാലും അവർ തമ്മിൽ ഒരു സമുദായമായി കഴിയണമെന്നാണ് സ്വാമിയുടെ അഭിപ്രായമെന്നറിയാം. 

സ്വാമി:അതാണ് നമ്മുടെ അഭിപ്രായം.മതം എന്നുവച്ചാൽ അഭിപ്രായം. അതേതായാലും മനുഷ്യനു ഒരുമിച്ചു കഴിയാം. ജാതിഭേദം വരരുത്. അതാണു വേണ്ടത്. അതു സാധിയ്ക്കും. നിശ്ചയമായും സാധിയ്ക്കും. സത്യവ്രതനെ നോക്ക്. സത്യവ്രതനു അശേഷം ജാതിയില്ല. ഉണ്ടോ? 

സഹോദരൻ:സത്യവ്രതസ്വാമികൾക്ക് അശേഷം ജാതിയില്ല

(ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ സത്യവ്രതസ്വാമികൾ നായർ സമുദായത്തിൽ ജനിച്ചയാളായിരുന്നു). 

സ്വാമി: നമുക്കാർക്കും അത്രയ്ക്ക് ജാതി പോയിട്ടില്ലെന്നു തോന്നുന്നു.ബുദ്ധനു കൂടി ഇത്രയ്ക്കു ജാതിപോയിരുന്നോ എന്ന് സംശയമാണ്. സത്യവ്രതൻ അത്ര വ്യത്യാസമില്ലാത്ത ആളാണ്.അങ്ങനെ ജീവിയ്ക്കാമല്ലോ. ഹിന്ദുമതത്തിനു എന്താണു കുറ്റം. ആര്യസമാജക്കാരും ബ്രഹ്മസമാജക്കാരും ഹിന്ദുക്കളാണല്ലോ. അവർക്ക് ജാതിയില്ലല്ലോ? 

സഹോദരൻ:അവർ ഹിന്ദുക്കളല്ല. അവരുടെ സംഘത്തിൽ ആളുകൾ അധികപ്പെടാനായി അവർ ഹിന്ദുക്കളെന്ന് പറയുകയാണ്.ആര്യസമാജക്കാർ വേദങ്ങളെ സ്വീകരിയ്ക്കുന്നു. പക്ഷേ അതിനും അവർ വേറേ വ്യഖ്യാനം കൊടുത്താണു പ്രമാണമാക്കുന്നത്. 

സ്വാമി:അങ്ങനെയാണൊ?

സഹോദരൻ:തീയർ മതം മാറുന്നു എന്ന് കേട്ട് സ്വാമിയോട് മറ്റുള്ളവർക്കെല്ലാം വലിയ ബഹുമാനമായിരിയ്ക്കുകയാണ്. 

സ്വാമി:(ചിരിച്ചുകൊണ്ട്) അതുകൊള്ളാം. ബഹുമാനമുണ്ടാകുമല്ലോ. 

സഹോദരൻ:അവർ ചോദിയ്ക്കുന്നു. എന്തിനു മതം മാറുന്നു. ? നമുക്ക് ശ്രീനാരായണ മതം പോരയോ എന്ന്. എന്നാൽ നിങ്ങൾ ശ്രീനാരായണമതം സ്വീകരിയ്ക്കിൻ എന്ന് പറഞ്ഞിട്ട് അവർക്കത്ര ഇഷ്ടമാകുന്നുമില്ല. 

സ്വാമി:അതെന്തിന്? അവരവർക്ക് ഇഷ്ടമുള്ള മതം സ്വീകരിയ്ക്കാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ? മതം ഏതുമാകട്ടെ. 

സഹോദരൻ: സ്വാമിയുടെ മുമ്പേയുള്ള അഭിപ്രായം എന്താണ്? 

സ്വാമി:നമുക്കിപ്പോഴുള്ള അഭിപ്രായവും അതുതന്നെ. മതം മാറണാമെന്നു തോന്നിയാൽ ഉടനേ മാറണം. അതിന്നു സ്വാതന്ത്ര്യം വേണം. മതം ഓരോരുത്തരുടെ ഇഷ്ടം പോലെയായിരിയ്ക്കും.അച്ഛന്റെ മതമല്ലായിരിയ്ക്കാം മകനിഷ്ടം. മനുഷ്യനു മതസ്വാതന്ത്ര്യം വേണ്ടതാണ്. അതാണു നമ്മുടെ അഭിപ്രായം. നിങ്ങളൊക്കെ അങ്ങനെ പറയുമോ? 

സഹോദരൻ:പറയുന്നുണ്ട്. ഞാൻ ഈയിടെ ഒരാധാരത്തിൽ ‘ബുദ്ധമതം‘ എന്നു ചേർത്തു. 

സ്വാമി:(ചിരിച്ചുകൊണ്ട്) ജാതി എഴുതിയില്ല അല്ലേ. അതുകൊള്ളാം. ജാതി വരരുത്. ഒരിടത്തും ജാതി ഉണ്ടായിരിയ്ക്കരുത്. മനുഷ്യൻ ഒരു ജാതിയായി ജീവിയ്ക്കണം. ഈ അഭിപ്രായം എല്ലായിടത്തും പരക്കണം.അതിരിയ്ക്കട്ടെ. മതം മാറണമെന്ന് പറയുന്നവർ ഹിന്ദു മതത്തിന് എന്തു ദൂഷ്യമാണ് പറയുന്നത്? 

ഒരു ശിഷ്യൻ: ഹിന്ദുമത സാഹിത്യം ദുഷിച്ചതാണെന്നു പറയുന്നു.വേദവും ഗീതയുമെല്ലാം ജന്തുബലിയും ബഹുദൈവാരാധനയും ജാതിയും ഉപദേശിയ്ക്കുന്നുണ്ടെന്ന് പറയുന്നു. 

സ്വാമി:വേദം അങ്ങനെയായിരിയ്ക്കാം. എന്നാലും അവയിൽ കൊള്ളാവുന്ന തത്വങ്ങൾ കാണാം. മതസാഹിത്യം നല്ലതായിട്ടുള്ള മതം അനുഷ്ഠിയ്ക്കുന്നവരുടെ ആചാരവും നല്ലതല്ലല്ലോ. അപ്പോൾ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യൻ ദുഷിച്ചാൽ ഫലമില്ല. മനുഷ്യൻ നന്നാവണം. പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധി വേണം. അതാണാവശ്യം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി. അതാണ് നമ്മുടെ അഭിപ്രായം. 

( എം കേ സാനു, നാരായണഗുരുസ്വാമി, എച് &സി ബുക്ക്സ്, പുറം 270-272)

ഒരിയ്ക്കൽ  സിലോണിലെ വിജ്ഞാനോദയം സഭക്കാർ ഏകദേശം അയ്യായിരം രൂപവരുന്ന ഭൂമി സ്വാമിയ്ക്ക് ദാനം ചെയ്തെന്ന ആധാരം കാൽക്കൽ വച്ച് അത് സദയം സ്വീകരിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു.

"എന്താണിത് നമുക്ക് ഭൂമിയോ?” 

“ഉവ്വ് ഞങ്ങളുടെ ആദരവിന്റെ സൂചനയായി സ്വാമി ഇത് സ്വീകരിയ്ക്കണം” 

“നമുക്ക് ഭൂമി ആവശ്യമില്ലല്ലോ.അതുകൊണ്ട് നമുക്കെന്താണൊരു പ്രയോജനം. ? നാം ലോകമടയനാണ്. ഇത് വല്ലവർക്കും നൽകാനല്ലാതെ ഉപയോഗിയ്ക്കാനുള്ള വഴി നമുക്കറിഞ്ഞുകൂടല്ലോ".

ഇത്രയും പറഞ്ഞിട്ട് സ്വാമി പുഞ്ചിരിയോടെ തുടർന്നു. 

“ആകാശവും നക്ഷത്രങ്ങളും നമുക്കെഴുതി രജിസ്ട്രാക്കിത്തരാൻ നിങ്ങൾക്കു കഴിയുമോ? എങ്കിൽ കൊള്ളാം. അതേക്കുറിച്ച് അവകാശത്തർക്കങ്ങളൊന്നും ഉണ്ടാവുകയുമില്ലല്ലോ"
----------------------------------------------

ആകാശവും നക്ഷത്രങ്ങളും.  ! :)