Tuesday, June 19, 2007

ഡോക്ടേഴ്സ് ഒണ്‍ലി

അന്ന് ഒത്തിരി ജോലിയുണ്ടായിരുന്നു..

പുറത്തെ ഹോട്ടലിലാണ് ഞാനെന്നും ഭക്ഷണം കഴിയ്ക്കാറ്..സമയമില്ലാത്തതുകൊണ്ട് അന്ന് കാന്റീനിലാകാമെന്ന് വിചാരിച്ചു.

കാന്റീനില്‍ സാധാരണ ഞാന്‍ പോയാല്‍ ഇരിയ്ക്കുന്ന ഒരു മുറിയുണ്ട്.സുഹൃത്തുക്കളായ ഡോക്ടര്‍മാരുമൊത്ത് പൊകുമ്പോഴെല്ലാം ആ മുറിയിലിരുന്നാണ് ഭക്ഷണവും, അവരുടെ പുതിയ കാറിന്റെ വിശേഷങ്ങളും ടാക്സിന്റെ പ്രശ്നങ്ങളും മറ്റും കേട്ടിരിയ്ക്കുക.ആയിരത്തിയഞ്ഞൂറ് രൂപാ ശമ്പളമുള്ള എനിയ്ക്ക് അതൊന്നും ബാധകമല്ലെങ്കിലും ആക്സന്റിന്റെ സസ്പെന്‍ഷന്‍ പൊരാ എന്നും സാണ്ട്രോ ചെറുതെങ്കിലും നല്ലതെന്നുമൊക്കെയുള്ള വിശേഷങ്ങള്‍ക്ക് അന്ന് ചെവിയുണ്ടായിരുന്നു.

എന്റെയൊരു മച്ചുനന്‍ ആ ആശുപത്രിയിലെ ഡോക്ടറായിരുന്നു.അങ്ങനെയാണ് ഒരു ടെക്നോളജിസ്റ്റായ ഞാന്‍ ഡോക്ടര്‍മാരുമായുള്ള ചങ്ങാത്തം തുടങ്ങിയത്. അല്ലെങ്കില്‍ ഡോക്ടര്‍മാരുമായി ചങ്ങാത്തം പറ്റുകയില്ലേ എന്നിപ്പൊ നിങ്ങള്‍ക്ക് തോന്നാം..ഈ വിശദീകരണത്തിന്റെ കാരണം ഞാന്‍ വഴിയേ പറയാം.

സാധാരണ ഞാനാ മുറിയിലാണ് കയറുന്നത്..അതുകൊണ്ട് ഞാനാ മുറിയിലിരുന്നു എന്നുമാത്രം.വൃത്തിയുള്ള പിഞ്ഞാണങ്ങളില്‍ ഭക്ഷണം കിട്ടുമെന്നുള്ളതും,രോഗികളുടെ ബന്ധുക്കള്‍ ചായവാങ്ങിത്തരുമെന്ന ചമ്മല്‍ ഒഴിവുമാകും എന്നുള്ളതും ആ മുറിയില്‍ കയറാന്‍ കാരണമായിരുന്നു.

സാധാരണ ഞങ്ങള്‍ കയറുമ്പൊ വരുന്ന ചേട്ടന്‍ തന്നെയാണ് അന്നും വന്നത്..

ഞാന്‍ ചിരിച്ചു..

“ചേട്ടാ..നാലുദോശ ..മുട്ടക്കറി..“

ചേട്ടന്‍ പോയി..
സാധാരണ വരുമ്പൊ പറയുന്ന കുശലപ്രശ്നങ്ങള്‍ ഇല്ല എന്നുള്ളത് ഞാനപ്പൊ ശ്രദ്ധിച്ചിരുന്നില്ല..
കുറേക്കഴിഞ്ഞിട്ടും ഒന്നും കിട്ടിയില്ല.. ഹോട്ടലുകളില്‍ ഭക്ഷണം താമസിച്ചാല്‍ ഞാന്‍ ബഹളം ഉണ്ടാക്കാറില്ല..വിനയവും സ്നേഹവും കൊണ്ടൊന്നുമല്ല..സഭാകമ്പത്തിന്റെ വേറൊരു പതിപ്പ്..വേണ്ടതു പോലും ചിലപ്പോ ഞാന്‍ ചോദിയ്ക്കില്ല..

ചേട്ടന്‍ ആ വഴി കടന്നുപോയപ്പൊ ഞാന്‍ ഒന്നൂടെ വിളിച്ചു..

ചേട്ടന്‍ കയറി വന്നു..
“അതേ, നിങ്ങള്‍ ഡോക്ടറാണോ”.
“അല്ലല്ലോ“..

ഈ മുറി ഡോക്ടര്‍മാര്‍ക്ക് മാത്രമുള്ളതാണ്..നിങ്ങളിവിടെയിരിയ്ക്കുന്നതുകണ്ടാല്‍ സീ എം ഓ ഞങ്ങളോട് ചൂടാവും..

അങ്ങനെയുള്ള അപമാനം കുട്ടിയിലേ മുതല്‍ക്കെ അനുഭവിച്ചില്ലാത്തതിനാലാവണം..എന്റെ തല കറങ്ങുന്നതു പോലെ എനിയ്ക്കു തോന്നി.

അപ്പോളോ ആശുപത്രിയില്‍ മൂത്രമൊഴിയ്ക്കുന്നിടത്ത് ഡോക്ടേഴ്സ് ഒണ്‍ലി എന്നെഴുതിയതു കണ്ടിട്ടുണ്ട്..അന്ന് പോസ്റ്റിങ്ങിനു പോയ വിദ്യാര്‍ത്ഥികളായത് കൊണ്ട് ഡോക്ടര്‍മാരുടെ ജനനേന്ദ്രിയത്തെ കളിയാക്കുന്ന ഏതോ വളിപ്പ് തമാശയില്‍ അതൊതുങ്ങി.മറ്റു പല ആശുപത്രി കാന്റീനുകളിലും ഡോക്ടേഴ്സ് ഒണ്‍ലി അറിയിപ്പ് കണ്ടിട്ടുണ്ട്..അവിടെയെല്ലാം രോഗിയോ രോഗശ്രുഷൂഷകനോ ആയിരുന്നു..ശ്രദ്ധിച്ചിട്ടില്ല.കണ്ണുണ്ടായിരുന്നില്ല..പഠന സമയത്ത് തെക്കേ ഇന്ത്യയിലെ പല ആശുപത്രികളിലും പോസ്റ്റിങ്ങിനു പോയിട്ടുണ്ട്.അവിടെയെല്ലാം ഈ അറിയിപ്പ് കണ്ടിട്ടുണ്ട്.ശ്രദ്ധിച്ചിട്ടില്ല..

മനസ്സാനിധ്യം വീണ്ടെടുക്കാന്‍ കുറച്ച് സെക്കന്റുകളെടുത്തു..

“ഞാന്‍ ഡോക്ടര്‍മാരേക്കാളും മോശക്കാരനൊന്നുമല്ല“

党അത് ഞങ്ങള്‍ക്കറിയേണ്ടാ..ഇവിടെ ഡോക്ടര്‍മാരല്ലാത്തവരിരുന്നാല്‍ സീ എം ഓ വഴക്കു പറയും..

എന്റെ ശബ്ദം ഉയര്‍ന്നു..

“നിങ്ങള് ഞാന്‍ പറഞ്ഞത് തന്നാല്‍ മതി..സീ എം ഓ എന്തെങ്കിലും പറഞ്ഞാല്‍ അങ്ങേരോട് ഞാന്‍ പറഞ്ഞോളാം..“

ചേട്ടന്‍ വാദിയ്ക്കാന്‍ നിന്നില്ല..ഭക്ഷണം കൊണ്ടു വന്നു..അദ്ദേഹം പുറത്തെയ്ക്ക് പോയപ്പോ ആരോ ചോദിച്ചു..

“എന്തു പറഞ്ഞു..?“

“അങ്ങെരോട് അയാള്‍ പറഞ്ഞോളാംന്ന്..“

എനിയ്ക്ക് ഭക്ഷണം ഇറങ്ങിയില്ല..

ഭക്ഷണം പാതിവച്ച് ഇറങ്ങി വന്നപ്പോഴാണ് പലതവണ കണ്ടിരുന്നുവെങ്കിലും അന്നുവരെ ശ്രദ്ധിയ്ക്കാതിരുന്ന ഒരു കാര്യം മനസ്സില്‍ പെട്ടത്..

“ഡോക്ടേഴ്സ് ഒണ്‍ലി“

_____________________________

അന്നു മാത്രമല്ല..രണ്ട് മൂന്ന് ദിവസത്തേയ്ക്ക്..മുറിയ്ക്കകത്ത് ഞാന്‍ അടച്ചിരുന്നു. സാധാരണ ജോലികഴിഞ്ഞ് വന്ന് ആശുപത്രിയിലെ കുറച്ച് ജീവനക്കാരുമൊത്ത് ക്രിക്കറ്റ് കളിയ്ക്കാന്‍ പോകുമായിരുന്നു....അവിടെയും പോയില്ല..ഒന്നും വായിയ്ക്കാനും പറ്റുന്നില്ല...

ഒരു ഇരുപത്തിനാലുകാരന്റെ ഈഗോ ചെറുതൊന്നുമല്ലായിരുന്നു..ഞാന്‍ പതുക്കെ വിഷാദത്തിലെയ്ക്ക് വഴുതി വീഴുകയായിരുന്നു..ആള്‍ക്കാരെ അഭിമുഖീകരിയ്ക്കാന്‍ പൊലും മടി..

അരോടും ഇതുവരെ ഞാനിത് പറഞ്ഞിട്ടില്ല..എന്റെ ഒരു സുഹൃത്തിനോടൊഴിച്ച്..സാധാരണ പോലെ എന്തോ തത്വശാസ്ത്രം പറഞ്ഞ് അവനെന്നെ സമാധാനിപ്പിച്ചു..അത് പറഞ്ഞപ്പൊ കുറച്ച് മാറിവന്നു..എല്ലാം സാധാരണ പോലെയാവാന്‍ തുടങ്ങി.

ഞാന്‍ ജോലിയ്ക്ക് വന്ന ദിവസം ആശുപത്രിയ്ക്കപ്പുറത്തുള്ള ക്വാട്ടേഴ്സുകള്‍ നില്‍ക്കുന്ന വളപ്പിലെ അഞ്ചാറു സ്റ്റാഫുകള്‍ താമസിയ്ക്കുന്ന ഒരു ചെറിയവീട്ടിലായിരുന്നു താമസം തന്നിരുന്നത്..എന്റെ മുറിയില്‍ അപ്പോള്‍ തന്നെ രണ്ടു പേര്‍ താമസമുണ്ടായിരുന്നു.

അതിശയോക്തിയല്ല .ഒരു 10x10 മുറി..രണ്ട് കട്ടിലുകള്‍ കഷ്ടിച്ച് ഇട്ടിട്ടുണ്ട്..മുറിയിലെ ഒരാള്‍ നൈറ്റ് ഡ്യൂട്ടിയും മറ്റൊരാള്‍ ശബരിമല ഡ്യൂട്ട്യുമായിരുന്നതിനാല്‍ അദ്യ ദിനം ആരും ഉണ്ടായിരുന്നില്ല.ഒരു കട്ടിലിലെ മുഷിഞ്ഞ തുണികള്‍ അല്‍പ്പം മാറ്റി ഞാനവിടെ കിടന്നു.ആറോളം ആള്‍ക്കാര്‍ക്ക് ഒരു കുളിമുറിയും കക്കൂസും..മുഴുവന്‍ ഇടിഞ്ഞ് പൊളിഞ്ഞത്.

ശബരിമല ഡ്യൂട്ടിക്കാരന്‍ വന്നാല്‍ എനിയ്ക്കവിടെ കിടക്കാന്‍ പറ്റുമായിരുന്നില്ല.തറയില്‍ ഒരു പായ വിരിയ്ക്കാനുള്ള സ്ഥലമുണ്ടായിരുന്നില്ല.

അവിടെ താമസിയ്ക്കുന്നവരിരൊരാള്‍ ആശുപത്രിയിലെ മുതിര്‍ന്ന ഗുമസ്തനായിരുന്നു.അങ്ങേര്‍ അവിടെയെനിയ്ക്ക് കിടക്കാനുള്ള സ്ഥലമില്ല എന്നു പറഞ്ഞിട്ടാവണം ജൂനിയര്‍ ഡൊക്ടര്‍മാരെ താമസിപ്പിയ്ക്കുന്നയിടത്ത് ഒഴിഞ്ഞ് കിടക്കുന്ന നാലു മുറികളിലൊന്നില്‍ എനിയ്ക്ക് താമസം തന്നത്...ഞാനന്നൊന്നും ചോദിയ്ക്കാന്‍ ശീലിച്ചിരുന്നില്ല..വിനയാന്വീതനായിരുന്നു..‘ആംഗര്‍ മാനെജ്മെന്റ് ‘ എന്ന സിനിമയില്‍ കാണിയ്ക്കും പോലെ അവനവനോടുള്ള എന്തോ ഒരു ദേഷ്യം.

ആശുപത്രിയ്ക്കുള്ളില്‍ത്തന്നെയുള്ള ഒരു കെട്ടിടമായിരുന്നത്.താഴെയും മുകളിലുമായി നാലു മുറികളുള്ള ഒരു കെട്ടിടം.ജൂനിയര്‍ ഡൊക്ടര്‍മാരുടെ താമസസ്ഥലമായിരുന്നു അത്.പക്ഷേ ഒരാള്‍ മാത്രമേ താമസമുണ്ടായിരുന്നുള്ളൂ. മറ്റു ജീവനക്കാര്‍ക്ക് രാത്രി ഒന്ന് മിനുങ്ങാനുള്ള ആശുപത്രിയിലെ തന്നെ മിനി ബാറായിരുന്നാ കെട്ടിടത്തിലെ ഒഴിഞ്ഞമുറികള്‍.

ആയിടയ്ക്കാണ് ഉച്ചയ്ക്ക് എന്തോ ആവശ്യത്തിന് ഞാന്‍ മുറിയിലേയ്ക്ക് ചെല്ലുമ്പൊ ഓഫീസിലെ ഒരു ഗുമസ്തന്‍ എന്റെ മുറി തുറന്ന് (ഞാനറിഞ്ഞില്ല) എന്തോ ആരെയൊക്കെയോ കാണിയ്ക്കുന്നത് കണ്ടത്.

ഞാന്‍ ചിരിച്ചു..

“ആരായേട്ടാ ..“?

“അത്..മധൂ..അത് പുതിയ കാഷ്വാല്‍റ്റി മെഡിയ്ക്കല്‍ ഓഫീസറാ..അങ്ങേര്‍ക്ക് മുറികളൊക്കെ കാണിയ്ക്കുകയായിരുന്നു..മധുവിനോട് സീ എം ഓ ആപ്പീസിലോട്ട് ചെല്ലാന്‍ പറഞ്ഞു..“

ഞാന്‍ ഓഫീസിലെയ്ക്ക് പോയി..

“മധൂ....പുതിയ കാഷ്വാല്‍റ്റി മെഡിയ്ക്കല്‍ ഓഫീസര്‍ വന്നിട്ടുണ്ട്..അയാള്‍ക്ക് മറ്റു മുറികളൊന്നും ഇഷ്ടപ്പെട്ടിട്ടില്ല..മധുവിന്റെ മുറി മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ..അതുകൊണ്ട് മധു ഈ മുറിയില്‍ നിന്നു മാറി മുകളിലുള്ള മുറിയിലോട്ട് പോണം.“

അത്..(എനിയ്ക്കൊന്നും പറയാന്‍ തോന്നിയില്ല)

“അല്ല അക്കൊമൊഡേഷന്‍ തന്നാല്‍ പോരേ..ലീഗലീ എത് മുറിയായാലും പ്രശ്നമില്ലല്ലോ..“

“അത്...അത് ശരിയാണ്..“

കൂടുതലൊന്നും പറയാന്‍ എനിയ്ക്ക് വന്നില്ല..ഞാന്‍ ഇറങ്ങി നടന്നു..ഞാന്‍ തിരിച്ച് മുറിയില്‍ ചെന്നപ്പൊ സാധനങ്ങള്‍ മുറിയില്‍ നിന്ന് മാറ്റിത്തുടങ്ങിയിരുന്നു..

“സാറേ..ആ ബുക്കുകളൊക്കെ കളയാനുള്ളതാന്നോ ? മോളിലെ മുറിയിലാ സാറിനുവേണ്ടി പറഞ്ഞിട്ട്ള്ളത്“...

അച്യുതന്‍ ചൊദിച്ചു..

വാരിവലിച്ചിട്ടിരുന്ന കുറെ പുസ്തകങ്ങളും വാരി ഞാന്‍ അച്യുതന്റെ കൂടെ നടന്നു.

“ഹലോ ഐ ആം ഡോക്ടര്‍ കോശി“..ഒരു ചെക്കന്‍ ചിരിച്ചു..ഐ ഡിഡിന്റ് മീന്‍ ദാറ്റ്....നോ ഹാര്‍ഡ് ഫീലിഗ്സ്..ഓ ക്കേ?

“ദാറ്റ്സ് ഓക്കേ..യൂ ഡിഡിന്റ് ഡൂ എനിതിങ്..“ഞാനും ചിരിച്ചു..

മറ്റൊന്നും ചിന്തിയ്ക്കാന്‍ എനിയ്ക്ക് അപ്പോള്‍ ബോധമില്ലായിരുന്നു..

ചിലവക്കുകളില്‍ നിന്ന് ചില മുറുമുറുപ്പുകള്‍ വരുന്നുണ്ടായിരുന്നു.ഞാന്‍ എന്റെ സ്വന്തം കാര്യമായതുകൊണ്ട് സ്വന്തമായി ഒന്നും പറയാന്‍ പാടില്ല എന്നൊരു തത്വശാസ്ത്രം മറയാക്കി വെറുതേയിരുന്നു

ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ എന്നൊന്നുമറിയില്ല..എന്തായാലും ഡോക്ടര്‍ കോശി ജോയിന്‍ ചെയ്യാന്‍ വന്നില്ല..വരുമോ എന്നു പോലും ഉറപ്പില്ലാത്ത ഒരാള്‍ക്ക് വേണ്ടിയായിരുന്നു അത്..

ആയിടെയാണ് അമൃതയില്‍ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റിനെ ആവശ്യമുണ്ട് എന്ന് കാണിച്ചുള്ള പരസ്യം കണ്ടത്..

"ഒന്ന് അയയ്ക്കെടാ..ഒന്നുമില്ലേലും ടെക്നോളജിസ്റ്റെന്നല്ലേ..നാലുവര്‍ഷം പഠിച്ചിട്ട് ടെക്നീഷ്യന്‍ എന്നു കേള്‍ക്കേണ്ടല്ലോ"..അമ്മ പറഞ്ഞു.

എന്റെ അന്നത്തെ വലിയ അപകര്‍ഷതകളിലൊന്നായിരുന്നു ടെക്നീഷ്യന്‍ എന്ന വിളിപ്പേര്.ഏതാണ്ട് ഈ തരത്തിലുള്ള ഇന്‍ഡ്യയിലെ ആദ്യത്തെ കോഴ്സ് ഞങ്ങള്‍ പഠിച്ചതാണ്.മെഡിയ്ക്കല്‍ റേഡിയേഷന്‍ ടെക്നോളജിയില്‍ നാലുവര്‍ഷത്തെ ബിരുദം.ചില വിദേശ സര്‍വകലാശാലകളിലെ പഠനം മാതൃകയാക്കി തുടങ്ങിയതാണത്.പക്ഷേ പുതിയ കഴിവുകളുമായി ഞങ്ങള്‍ പുറത്തിറങ്ങിയപ്പോ മിക്കവര്‍ക്കും അതിതീവ്രമായ ജോലി സംതൃപ്തിയില്ലായ്മയാണ് അനുഭവപ്പെട്ടിരുന്നത്.ചിലര്‍ ജൊലി വിട്ട് മെഡിയ്ക്കല്‍ ട്രാന്‍സ്കൃപ്ഷനെന്ന സെക്രട്ടറി ജോലിയ്ക്ക് പോയി..ചിലര്‍ മാര്‍ക്കറ്റിംഗിലേയ്ക്ക് പോയി..ചിലര്‍ ജോലിയ്ക്ക് പോയതെയില്ല..

അമൃതയിലെ ടെക്നോളജിസ്റ്റ് എന്ന പരസ്യം ഒത്തിരി സന്തോഷം തന്നു.അതുകൊണ്ട് തന്നെ അവിടെ ഇന്റര്‍വ്യൂവിന് ശമ്പളം എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമുള്ളതു മതി എന്നാണ് പറഞ്ഞത്..എത്ര കുറഞ്ഞാലും ആ ലാഭം രോഗികള്‍ക്ക് സേവനം ചെയ്യാനാണല്ലോ ഉപയോഗിയ്ക്കുന്നത് എന്ന് വിചാരം എന്നെ സന്തോഷിപ്പിച്ചു.സീ റ്റീ സ്കാനെഴുതി വിടുന്നതിനു പാരിതോഷികമായി പതിനായിരവും ഇരുപതിനായിരവും ഒക്കെ കൊണ്ട് നടന്ന് വിതരണം ചെയ്യുന്നത് എന്നോട് തന്നെ എനിയ്ക്ക് വെറുപ്പുണ്ടാക്കിയിരുന്നു.അതുകൊണ്ട് തന്നെ എത്ര ശമ്പളം തന്നാലും ഇനിയും പന്തളം എന്‍ എസ് എസ്സില്‍ ജോലി ചെയ്യുന്നില്ല എന്നു തീരുമാനിച്ചു.

ജോലിയ്ക്ക് ചെരുന്നയന്ന് എനിയ്ക്ക് ഒരു താല്‍ക്കാലിക പാസും ഡിപ്പാര്‍ട്ട്മെന്റില്‍ കൊടുക്കാന്‍ ഒരു പേപ്പറും തന്നു.പെപ്പറില്‍ റേഡിയോ തെറാപ്പി ടെക്നീഷ്യന്‍ എന്നെഴുതിയിരിയ്ക്കുന്നു..

“ഇതെന്താ ഇങ്ങനെ?..ഇങ്ങനെ എഴുതിയിരിയ്ക്കുന്നത്? “ഞാന്‍ ആ പേപ്പര്‍ തന്നയാളോട് ചോദിച്ചു

"എങ്ങനെ? “

“ടെക്നോളജിസ്റ്റ് എന്നായിരുന്നല്ലോ പത്രപ്പരസ്യം തന്നത്..ഇപ്പൊ അതെങ്ങനെ ടെക്നീഷ്യനായി..?“

“അയ്യോ അതറിയില്ലല്ലോ..നിങ്ങള്‍ നിങ്ങളുടെ വകുപ്പ് തലവനോട് ചോദിയ്ക്കൂ..“

റേഡിയേഷന്‍ ഓങ്കോളജിയില്‍ രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളാണ് .റേഡിയേഷന്‍ ഓങ്കോളജിയും മെഡിയ്ക്കല്‍ ഫിസിക്സും.ഒന്നിന്റെ തലവനൊരു ഡോക്ടറായിരിയ്ക്കുമ്പോള്‍ മറ്റതിന്റെ തലവന്‍. ബീ എ ആര്‍ സീ യില്‍ നിന്ന് റേഡിയേഷന്‍ ഫിസിക്സില്‍ വിദഗ്ധ പരിശീലനം കിട്ടിയ ഒരു ഫിസിസ്റ്റായിരിയ്ക്കും.

ടെക്നോളജിസ്റ്റുകള്‍ ഇവരിലാരുടെയെങ്കിലും കീഴിലായിരിയ്ക്കും.അവര്‍ക്ക് പരിശീലനമോ അറിവോ ഒന്നും ആവശ്യമില്ല.ശമ്പളവുമില്ല..3500 രൂപയായിരുന്നു എന്റെ ശമ്പളം.(അത് അവിടെ ഒരു വലിയ ശമ്പളമാണ്.1500 രൂപയ്ക്ക് ജോലി ചെയ്യുന്ന നേഴ്സുകളുള്ളപ്പോള്‍).എന്റെ ക്ലാസില്‍ പഠിച്ച ഒരു കുട്ടി അവിടെ ഡയഗണൊസ്റ്റിക് റേഡീയോളജിയില്‍(എക്സ്രെ , സ്കാനിംഗ്,വിഭാഗം) ജോലി ചെയ്യുന്നുണ്ടായിരുന്നു.അവളുടെ ശമ്പളം 2000 രൂപയായിരുന്നു.

ഞാന്‍ ചെന്ന ദിവസം ഫിസിക്സിന്റെ തലവന്‍ അവിടെയില്ലായിരുന്നു.അയാളായിരുന്നു കാര്യങ്ങളൊക്കെ നിയന്ത്രിച്ചിരുന്നത്.

അന്ന് ഞാന്‍ കണ്ടവരോടൊക്കെ തസ്തികയുടെ പേരുമാറ്റത്തെപ്പറ്റി പറഞ്ഞു നോക്കി..ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു.

അപ്പോള്‍ തന്നെ അവിടെ മൂന്നു പേര്‍ ചെര്‍ന്നിട്ടുണ്ടായിരുന്നു.അവര്‍ക്കും ടെക്നീഷ്യന്‍ എന്ന പെരു തന്നെയാണ് കിട്ടിയിരിയ്ക്കുന്നത്.

പിറ്റേന്ന് ഞാന്‍ ഫിസിക്സിന്റെ തലവനെ കണ്ട് കാര്യം പറഞ്ഞു..

“വെല്‍..ഐ ഓള്‍സോ നോട്ട് ലൈക് ദ ടേം.. ടെക്നീഷ്യന്‍..ഐ വില്‍ ടെല്‍ റ്റു എച് ആര്‍ ഡീ..“

“തങ്ക്യൂ സര്‍ ..“

നാളു കുറെ കഴിഞ്ഞിട്ടും അത് മാറ്റിത്തന്നില്ല ഒറിജിനല്‍ ഐ ഡീ കാര്‍ഡും കിട്ടി..അതിലും ടെക്നീഷ്യന്‍..

ഞാന്‍ ഒന്നൂടെ തലവനെ കണ്ട് പറഞ്ഞു..

“ഐ ഹാവ് ഓള്രെഡീ ആസ്ക്ഡ് ദെം റ്റു ചേഞ്ജ്..“

“ബട്ട് സര്‍ ..യുവര്‍ അഡ്വര്‍ട്ടൈസ്മെന്റ് വാസ് അസ് ടെക്നോളജിസ്റ്റ്..വൈ ദേര്‍ ഇസ് സോ ലാഗ്..? ദേര്‍ വുഡ് ഹാവ് ബീന്‍ നോ നീഡ് റ്റു ചേഞ്ച് ഇഫ് ദേ ഹാവ് ഡണ്‍ ദാറ്റ് പ്രൊപ്പെര്‍ലീ നോ..?“

“ഓക്കെ..ഓക്കെ..ഐ വില്‍ ടെല്‍ ദെം.“

പിന്നെ ഞാനൊന്നും പറഞ്ഞില്ല.അപ്പോഴാണ് മനസ്സില്‍ ഒന്ന് തോന്നിയത്..എന്റെ അഹംകാരം കുറയ്ക്കാന്‍ വന്ന വഴികളായിരിയ്ക്കുമത്..അല്ലേല്‍ വലിയ അങ്ങുന്നായിത്തന്നെ ജീവിച്ചേനേ..ഇതെനിയ്ക്ക് വേണം..

ഒരു ദിവസം ഞങ്ങളെ വിളിച്ച് ടെക്നോളജിസ്റ്റ് എന്ന് പേരുമാറ്റി ഐ ഡീ മാറി തന്നു..

അന്നെനിയ്ക്ക് ബാക്കിയുള്ളവര്‍ ചായയും മുട്ടപപ്സും വാങ്ങിച്ചു തന്നു..:)

അമൃതാ ആശുപത്രിയില്‍ പോയിട്ടുള്ളവര്‍ക്കറിയാം..ആറു ടവറുകള്‍ ആറു ദിശയിലെയ്ക്ക് ഒരു സൂര്യന്റെ കിരണങ്ങള്‍ പോലെയുള്ളതായിട്ടാണ് അതിന്റെ നിര്‍മ്മാണം.നടുക്ക് വൃത്താകൃതിയിലുള്ള ഒരു ഏട്രിയവുമുണ്ട്..

ഒരോ ടവറില്‍ നിന്നും ഓരോ വാതിലുകള്‍ പുറത്തേയ്കുണ്ട്..മൂന്നാം ടവറിന്റെ വാതിലിനു മുന്നിലാണ് ഒരു കാന്റീന്‍..ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് മൂന്നാം ടവറിലും..

ഒരു ദിവസം അതിലെക്കൂടെ കയറാന്‍ പോയപ്പോഴാണ് സെക്യൂരിറ്റി തടഞ്ഞ് നിര്‍ത്തിയത്..

“ഇയാള്‍ ഡൊക്ടറാണോ?“

“അല്ല“

"ഇതേക്കൂടെ കയറാന്‍ പറ്റില്ല..എച് ആര്‍ ഡീ ന്ന് ഓഡറുണ്ട്..“

“അതെന്താ? “

“അതൊന്നും ഞങ്ങള്‍ക്കറിയില്ല..ഓഡറുണ്ട്..ഡോക്ടര്‍മാര്‍ക്കു മാത്രമേ എല്ലാ വാതിലില്‍ക്കൂടേയും കയറാന്‍ പറ്റൂ..നിങ്ങള്‍ അപ്പുറത്തെ ടവറിനും മെഡിയ്ക്കല്‍ കോളെജിനും ഇടയിലുള്ള വാതിലിലൂടെ കയറണം.“

അങ്ങേരോട് എന്തു പറയാന്‍..പണ്ടത്തെപ്പോലെ മുറുമുറുക്കലുകളൊന്നും നടത്തിയിട്ട് കാര്യ‍മില്ല എന്നറിയാമായിരുന്നു..പറയേണ്ടിടത്ത് ചിലടത്ത് പറഞ്ഞു..
വേണ്ടതു ചെയ്യാം എന്ന് അവര്‍ ഉറപ്പും തന്നു..

മുഖം നോക്കി ഡോക്ടറാണോ അല്ലയോ എന്നെങ്ങനെ മനസ്സിലാക്കും എന്നെനിയ്ക്ക് മനസ്സ്ലായില്ല..പിന്നെയാണ് ശ്രദ്ധിച്ചത്.ഡോക്ടര്‍മാരുടെയും ഉന്നതരുടേയും ഐ ഡീ കാര്‍ഡില്‍ ചുവപ്പ് നിറത്തിലാണെഴുതിയിരിയ്ക്കുന്നത്..ഞങ്ങളുടേതില്‍ കറുത്ത നിറത്തിലും.

ഒരു ദിവസം ഞാന്‍ കൂട്ടുകാരായ മുരുകദാസന്‍ ,സജു ,മറ്റു ചിലരുമൊത്ത് കാന്റീനിലിരിയ്ക്കുകയായിരുന്നു.അപ്പോഴാണ് സജുവിന് ഒരു ഫോണ്‍ വന്നത്.അവനന്ന് ചികിത്സാ ലിനാകിലായിരുന്നു പോസ്റ്റിംഗ്

"സജൂ..പെട്ടെന്ന് വരൂ..ഒരു അത്യാവശ്യ രൊഗി വന്നിട്ടുണ്ട്..“

സജു ഓടി മൂന്നാം ടവറിന്റെ വാതിലിലൂടെ അകത്തുകയറാന്‍ ഭാവിച്ചു.

“ഇതിലേ കടക്കാന്‍ പറ്റില്ല...ഡോക്ടര്‍മാര്‍ക്ക് മാത്രമേ പറ്റൂ “

“പേഷ്യന്റുണ്ടെന്ന്“

“പറ്റൂല്ലെന്ന് പറഞ്ഞില്ലേ“

"എമര്‍ജെന്‍സി പേഷ്യന്റുണ്ടെന്ന്..കറങ്ങിവരുന്നില്ല..ഇതേക്കൂടേ അകത്ത് പോണം.“

അവന്‍ സജുവിനെ തടഞ്ഞു..പിടിച്ച് മാറ്റി..

സജു അയാളെ പിടിച്ചു തള്ളിയിട്ട് അകത്ത് കയറി..


സഹിയ്ക്കാവുന്നതിലുമപ്പുറമായിരുന്നത്..ഞങ്ങള്‍ ഓങ്കോളജി വകുപ്പ് തലവനായ ഡോ: പദ്മനാഭനെ കണ്ടു

"ഞങ്ങള്‍ എന്താ സര്‍ .. ഡോക്ടര്‍മാരേക്കാള്‍ ഇന്‍ഫീരിയറായ ജോലിയാണൊ ചെയ്യുന്നത്..“

“ഏയ് അതൊന്നുമല്ല കാര്യം..അങ്ങനൊനും വിചാരിയ്ക്കരുത്..അതങ്ങ് പോട്ട്..എല്ലാം കഴിഞ്ഞല്ല്..“

കഴിഞ്ഞില്ലായിരുന്നു..പിറ്റേന്ന് സജുവിന് സസ്പെന്‍ഷന്‍..സെക്യൂരിറ്റിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നു കാര്യം.
ഒരുമിച്ച് ഡോ പദ്മനാഭനെ വീണ്ടും കണ്ട് പറഞ്ഞു..

“ഞങ്ങള്‍ കാര്യമെല്ലാം അപ്പോഴേ സാറിനോട് പറഞ്ഞില്ലേ“

"അത് സെക്യൂരിറ്റി എഴുതി പരാതികൊടുത്തു എന്നാണ് പറഞ്ഞത്. ആദ്യം പരാതി കൊടുത്തത് അവരാണ്..“

“അപ്പൊ ഞങ്ങള്‍ സാറിനോട് പറഞ്ഞതോ?“

“അത് എനിയ്ക്കല്ലേ അറിയൂ..എന്തായാലും ഞാനും പിള്ളയും(ഫിസിക്സ് തലവന്‍) വേണ്ടതു ചെയ്യാം“

സജുവിനെ തിരിച്ചെടുത്തു.

എല്ലാര്‍കും അതൊരു ആഘാതമായിരുന്നു കാര്യവുമില്ലാതെ സജുവിനെ ഒരുദിവസമെങ്കിലൊരു ദിവസം സസ്പെന്റ് ചെയ്തത് ആര്‍ക്കും സഹിയ്ക്കുമായിരുന്നില്ല..

പിറ്റേന്ന് ചായ കുടിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഞങ്ങളുടെ ഒരു നല്ല സുഹൃത്ത് ഡോക്ടര്‍ രാജേഷിന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അതേ പോലെ തന്നെ ഫോണ്‍ വന്നു..

“ഞാനൊരു കാര്യം കാണിച്ചുതരാം“

അയാള്‍ ഐ ഡീ എടുത്ത് പോക്കറ്റിലിട്ടു..നേരേ മൂന്നാം നിലയുടെ വാതിലിലൂടെ അകത്ത് കയറി..

"ഡോക്ടറാണോ?“

രാജേഷ് ഒന്നും മിണ്ടിയില്ല..
സെക്യൂരിറ്റി ബലം പിടിച്ച് തടഞ്ഞു.ഡോ രാജേഷിന്റെ ഉടുപ്പ് കീറി.

രാജേഷ് ആദ്യം ഐ എസ് ഓ ഡിപ്പാര്‍ട്ട്മെന്റിനും മെഡിയ്ക്കല്‍ ഡയറക്ടര്‍ക്കും പിന്നാര്‍ക്കോ ഒക്കെ കത്തെഴുതി..അയച്ചു..

പിറ്റേന്ന് തന്നെ മാപ്പു പറയാന്‍ ആള്‍ക്കാരെത്തി..സസ്പെന്‍ഷനും മറ്റുമില്ല..മാപ്പ് പറയുകയും ചെയ്തു..

എം എസ് സീ സുവോളജിയും(പൂര്‍ത്തിയാക്കിയിട്ടില്ല) റേഡിയേഷന്‍ ടേക്നോളജിയില്‍ ഡിപ്ലോമയുമുള്ള സജു ജോലി മതിയാക്കാന്‍ തീരുമാനിച്ചു.അവന്‍ കോണ്‍സ്റ്റബിള്‍ പണിയ്ക്ക് അപേക്ഷിച്ചു..ഇന്ന് പോലീസ് ക്യാമ്പില്‍ ‍കോണ്‍സ്റ്റബിളായി - കുറെയേറെപ്പേരുടെ കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സമയം ചെലവഴിച്കല്ലോ എന്ന ചാരിതാര്‍ത്യത്തിലാവണം..- അവന്‍ ജോലി ചെയ്യുന്നു..

ഒരു ദിവസം വഴിയില്‍ വച്ച് ഞാന്‍, കോളേജില്‍ എന്റെ ക്ലാസ്സില്‍ തന്നെ പഠിച്ച അമൃതയിലെ റേഡിയോ ഡയഗ്നോസില്‍ ജോലി ചെയ്യുന്ന അര്‍ച്ചനയെ കണ്ടു..കൂട്ടുകാരികളുമുണ്ടായിരുന്നു..കൂടെ

"എന്ത് പറയുന്നു..?“

“ഒന്നുമില്ലെടാ..ഒരാഴ്ചയിലായി എം ആര്‍ ഐയിലായിരുന്നു ഭയങ്കര കാലു വേദന..“

“എം ആര്‍ ഐയിലെന്താ കാലുവേദനയെടുക്കുമോ“

(ഞാന്‍ എം ആര്‍ ഐ യ്ക്ക് ബയോളജിയ്ക്കല്‍ ഹസാര്‍ഡ്സ് ഒന്നുമില്ല എന്ന വാദം പൊളിച്ചെഴുതുന്ന വക്കിലാണോ എന്ന് ശങ്കിച്ചു..നോബല്‍ സമ്മാനം എന്നെ മാടിവിളിച്ചു):)

“ഓഹ്..എം ആര്‍ ഐയിലെ ഒരാഴ്ചത്തെ ജോലി ഭീകരമാണ്..മുഴുവന്‍ സമയവും നിന്ന് ജോലി ചെയ്യണം..“കൂട്ടുകാരി പറഞ്ഞു..

“അതെന്താ അവിടെ കസേരയൊന്നുമില്ലേ?“

“അവിടെയാകെ രണ്ട് മൂന്ന് കസേരയേയുള്ളൂ..ഒന്നോ രണ്ടോ റേഡിയോളജിസ്റ്റുകള്‍ എപ്പോഴുമുണ്ടാകും.പിന്നെ ഡീ എന്‍ ബീ സ്റ്റുഡന്റ് എന്തെങ്കിലും വായിച്ചോണ്ട് അവിട്യിരിയ്ക്കും..“

“അര്‍ച്ചനേ..അത് നിന്റെ വര്‍ക്ക് പ്ലേസല്ലേ..നിനക്ക് വേറെ കസേര കൊണ്ട് വന്നിടണം..“

“അതിനുള്ള സ്ഥലം അവിടില്ലന്നേ..“

“ആ ഡീഎന്‍ ബീ സ്റ്റുഡന്റെന്തിനാ അവിടിരിയ്ക്കുന്നത്..അയാള്‍ക്ക് ലൈബ്രരിയില്‍ പോയിരുന്നൂടെ..നീ‍ അയാളുടേ കസേര ചോദിയ്ക്കണം.അപ്പോ അയാള്‍ തന്നിട്ട് ലൈബ്രറിയില്‍ പോയിരിയ്ക്കും..“

“അയാള്‍ തരില്ല..“

എനിയ്ക്ക് ചിന്തിയ്ക്കാന്‍ പോലും പറ്റിയില്ല..ഒരു ദിനം മുഴുവന്‍....ഓരോ സെഷനിലും നാല്‍പ്പത് നാല്‍പ്പത്തഞ്ച് മിനിട്ടെടുക്കുന്ന കമ്പ്യൂട്ടറും കൈകളും അസാധ്യ മാനസികാധ്വാനവും വേണ്ടുന്ന ജോലി ചെയ്യേണ്ടവള്‍ മേശപ്പുരത്ത് കുനിഞ്ഞ് നിന്ന് കീ ബോര്‍ഡില്‍ അഭ്യാസം കാണിയ്ക്കുന്നത്..

ഒരു ദിവസം കമ്പ്യൂട്ടറില്‍ ഒരുവന്‍ ഒരു മെയില്‍ കാണിച്ചുതന്നു..

“മെഡിയ്ക്കല്‍ കോളേജില്‍ പുതിയ ജിം തുടങ്ങുന്നു..എല്ലാവിധ ആധുനിക സൌകര്യങ്ങളോടും കൂടീയ ജിം..എല്ലാ ഡോക്ടര്‍മാര്‍ക്കും സ്വാഗതം.നോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ഡൊക്ടര്‍മാര്‍ക്കും ഒരു സുവര്‍ണ്ണാവസരം...“

ഇതായിരുന്നു ആ മെയിലിന്റെ കാതല്‍..

(ഡോക്ടര്‍മാര്‍ക്കും വലിയ ആള്‍ക്കാര്‍ക്കുമേ പേരു വച്ച് മെയില്‍ ഐ ഡീ അമൃതയുടെ വകയായി കൊടുക്കുകയുള്ളൂ)

ജിമ്മില്‍ ചേരാന്‍ പറ്റുമോ എന്നാരാഞ്ഞ് എന്റെയൊരു സുഹൃത്ത് ഫോണ്‍ ചെയ്തു..

“ജിമ്മില്‍ ഡൊക്ടര്‍മാര്‍ക്കോ, എം ബീ ബീ എസ് , ബീ ഡീ എസ് വിദ്യാര്‍ത്ഥികള്‍ക്കോ, ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കോ മാത്രമേ കയറാ‍ന്‍ പറ്റുകയുള്ളൂ..ബാക്കിയര്‍ക്കും പ്രവേശനമില്ല..“

ഡൊക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് വരെ പറ്റും ആ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ക്ക് പറ്റില്ലേ?

ആ കത്തയച്ച മെഡിയ്ക്കല്‍ കോളെജ് പ്രിന്‍സിപ്പാളിന് ഞാനൊരു മെയിലയച്ചു..
ഈ തീണ്ടല്‍, വേര്‍തിരിവ് അവസാനിപ്പിയ്ക്കണം എന്ന രീതിയില്‍..

മാതാ അമൃതാനന്ദമയിയുടെ ആദര്‍ശങ്ങളില്‍ വേര്‍തിരിവില്ലെന്നും മറ്റുമായി എങ്ങു തൊടാതെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ ഒരു മെയില്‍ മറുപടി പിറകേ വന്നു..

ഞാനതിനും മറുപടിയയച്ചു..

ഒന്നുരണ്ട് നാള്‍ കഴിഞ്ഞ് ജിം എല്ലാവര്‍ക്കും തുറന്ന് കൊടുക്കുന്നു എന്ന സന്തോഷവാര്‍ത്ത എന്നോടെന്റെ സുഹൃത്ത് പറഞ്ഞു..

മറ്റൊരു ദിവസം ഉച്ചയ്ക്ക് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഇഞ്ചിക്കറി നല്ലതെന്ന് തോന്നി..അത് വിളമ്പിയയാളോട് കുറച്ചൂടെ ഇഞ്ചിക്കറി ചോദിച്ചു

"ചേട്ടാ..ഇഞ്ചിക്കറി രണ്ടാമത് ഡോക്ടര്‍മാര്‍ക്കു മാത്രമേ കൊടുക്കാന്‍ പാടുള്ളൂ എന്ന് കരുണാമ്മ പറഞ്ഞിരിയ്ക്കുന്നു..“

കരുണാമ്മ സന്യാസിനിയാണ്..ആദ്യം ക്രൈസ്തവ സന്യാസിനിയായിരുന്നു..പിന്നീട് അമൃതാനന്ദമയിയുടെ കൂടെചേര്‍ന്നു കരുണാമൃതചൈതന്യയായി..

ആ പയ്യനോട് അതുമിതും പറഞ്ഞിട്ടെന്ത് കാര്യം..ഇത് കരുണാമൃതമായി എനിയ്ക്ക് തോന്നാത്തതുകൊണ്ട് അവര്‍ക്കും മെയിലയച്ചു..

അന്ന് ഉച്ചതിരിഞ്ഞ് തന്നെ അവരെനിയ്ക്ക് ഫോണ്‍ ചെയ്തു. ഡോക്ടര്‍മാര്‍ക്ക് മാത്രമേ കൊടുക്കൂ എന്ന് പറഞ്ഞതിനു കാരണമൊന്നും പറഞ്ഞില്ല. കറി കുറെപ്പേര്‍ പാഴാക്കിക്കളയുന്നു.. ..അങ്ങനെയല്ല..ഇങ്ങനെയല്ലാ എന്നൊക്കെ പറഞ്ഞു..

ഞാനുദ്ദെശിച്ചതും അതല്ലമ്മേ എന്ന് ഞാനും പറഞ്ഞു

അമൃതയില്‍ നാലു കാന്റീനുകളുണ്ട്..ഒന്ന് സ്റ്റാഫ് കാന്റീന്‍..സ്റ്റാഫിന് മാത്രമായുള്ളത്.സ്ഥിരം മെനു മാത്രം..അവരു തരുന്നത് ഭക്ഷണം..ചോയ്സ് ഇല്ല.

വിസിറ്റേഴ്സ് കാന്റീന്‍ എന്നത് എന്റെ ഡിപ്പാര്‍ട്ടുമെന്റിനടുത്തുള്ളതാണ് ..എല്ലാവര്‍ക്കും കഴിയ്ക്കാം..ഹോട്ടല്‍ പോലെ..നമുക്ക് കാശുകൊടുത്ത് വേണ്ടത് കഴിയ്ക്കാം..വെജിറ്റേറിയന്‍ ഭക്ഷണം

മറ്റൊന്ന് ഫാസ്റ്റ് ഫുഡ് ആണ്..വെജിറ്റേറിയനും മുട്ട ചേര്‍ത്ത വിഭവങ്ങളും കിട്ടും.

സ്റ്റാഫ് കാന്റീനില്‍ നിന്ന് ഭക്ഷണം നമുക്ക് എടുത്ത് കൊണ്ട് പോകാം.ചില നേഴ്സുമാരും ജീവനക്കാരികളായ മറ്റു പെണ്‍കുട്ടികളും ഒരു പാത്രത്തില്‍ ഭക്ഷണമെടുത്ത് പൊകും..മുറിയില്‍ പോയി രണ്ടു പേര്‍ ചേര്‍ന്ന് കഴിയ്ക്കും..പാത്രം വലിയതൊന്നുമല്ല..സാധാരണ ചോറുപാത്രം..

പെണ്‍കുട്ടികള്‍ക്ക് ആ പാത്രത്തിലെ ചോറ് രണ്ടു പേര്‍ക്ക് ധാരാളമായിരുന്നു..ഒരു കാര്‍ഡ്(മാസം മൂന്നു നേരം ഭക്ഷണം 650 രൂപ. )എടുത്താല്‍ ആര്‍ക്കും നഷ്ടമില്ലാതെ രണ്ട് പേര്‍ക്ക് കഴിയ്ക്കാം.. 1500 രൂപ ശമ്പളവും അതില്‍ പിടിത്തവുമുള്ളവര്‍ക്ക് ഈ ഒരുപാത്രച്ചോറ് വലിയ സഹായകമായിരുന്നു..

ഒരു സുപ്രഭാതത്തില്‍ കാന്റിനില്‍ നിന്ന് ഭക്ഷണമെടുത്ത് പുറത്തേയ്ക്ക് പോകാന്‍ പറ്റില്ല എന്ന് നിയമം വന്നു..കാന്റീനിന്റെ വരുമാനം കൂടിയതൊന്നുമില്ല..എന്റെ പെങ്ങമ്മാര്‍ മിടുക്കികളായിരുന്നു.അവര്‍ പുറത്തുള്ള ഹോട്ടലുകളില്‍ നിന്ന് പൊതിച്ചോറ് വാങ്ങി പകുത്തു.

അന്നേരമാണ് എനിയ്ക്ക്, ഡൊക്ടര്‍മാര്‍ക്കും ടെക്നോളജിസ്റ്റിനും തുല്യ അവസരങ്ങളും സാമൂഹികാന്തസ്സും വേണമെന്നതിലുപരി ഞങ്ങള്‍ക്ക് താഴെയാരൊക്കെയുണ്ട് എന്നു ചിന്തിയ്ക്കാനായി തോന്നിയത്.അങ്ങനെയാണ് ഞാന്‍ അമൃതയിലെ തന്നെ ഏ എസ് കേ ജീവനക്കാരെ കാണുന്നത്.

അമൃത സര്‍വീസ് കെന്ദ്രാ എന്നാണ് ഏ എസ് കേ യുടെ മുഴുവന്‍ നാമം.കൂടുതലും പെണ്‍കുട്ടികളാണ്. വോളണ്ടിയര്‍ ഗ്രൂപ്പ് എന്നാണ് പറച്ചിലെങ്കിലും വളരെകുറച്ച് പേരേ അതില്‍ വോളണ്ടിയറായുള്ളൂ.ബാക്കിയുള്ളവരെല്ലാം അമൃത ആശുപ്പത്രിയിലെ ജോലിയും അവിടൂത്തെ സുരക്ഷിതത്വവും മോഹിച്ച് എത്തുന്ന പെണ്‍കുട്ടികളാണ്.അതില്‍ കുറ്റം പറയാന്‍ വയ്യ.കാരണം ലോകത്ത് ലണ്ടന്‍ എന്ന വികസിതരാജ്യതലസ്ഥാനത്തു പോലും കിട്ടാത്ത സുരക്ഷിതത്വമാണ് അമൃതയിലെ ചുറ്റുമതില്‍ക്കകത്ത് കിട്ടുന്നത്.പല പേടികളില്‍ നിന്നും വരുന്നവര്‍ക്ക് അത് സ്വര്‍ഗ്ഗമാണ്.അവര്‍ സുരക്ഷിതരാണ്.

പക്ഷേ കുറച്ചുകഴിഞ്ഞപ്പോഴാണ് അതൊരു സേവനം മാത്രമല്ല ചൂഷണവും കൂടിയാണെന്ന ബോധം ഞങ്ങള്‍ക്ക് ഉണ്ടായത്.അമൃത പോലെയൊരു സ്ഥാപനം സത്യത്തില്‍ ഓടിച്ചു പോകുന്നത് അവരാണ്.ഓങ്കോളജിയുടെ ത്ലവന്‍ ഒരാഴ്ച ലീവെടുത്താല്‍ ഒന്നും ആ വകുപ്പില്‍ സംഭവിയ്ക്കുകയില്ല.ജൂനിയര്‍ ഡോക്ടര്‍മാര്‍ തുല്യ സമര്‍ത്ഥരാണ്.എന്നാല്‍ ഒരു ഏ എസ് കേ ജീവനക്കാരി നാലു ദിവസം ലീവെടുത്താല്‍ ഡിപ്പാര്‍ട്ട്മെന്റാകെ തകിടം മറിയും.

മിക്ക കുട്ടികളും പത്താം ക്ലാസോ പ്രീ ഡിഗ്രിയോ വിദ്യാഭ്യാസമുള്ളവരാണ്.അവര്‍ക്കിന്നതേ ചെയ്യാവൂ എന്നൊന്നുമില്ല.രോഗികളുടെ ചില ടെസ്റ്റുകള്‍ നടത്തുന്നതുമുതല്‍ മുറ്റം അടിച്ചുവാരുന്നതു വരെ അവര്‍ ചെയ്യണം. കമ്പ്യൂട്ടറിലെ ചില ഷെഡ്യൂളിംഗ് പണികള്‍ മുതല്‍ തറ തുടയ്ക്കുന്നതു വരെ അവരാണ്.രാവിലേ ഏഴുമണിയ്ക്ക് അവരില്‍ ചിലര്‍ ജോലിയ്ക്ക് വന്നാല്‍ രാത്രി പത്ത് പതിനൊന്ന് മണിവരെ ജോലി ചെയ്യണം. ബുദ്ധി ഉപയോഗിയ്ക്കേണ്ട ഗുമസ്ത ജോലിമുതല്‍ നൂറും നൂതമ്പതും കിലോ വരുന്ന ട്രോളികലും വീല്‍ചെയറുകളും ചുമന്നുപോകുന്നതു വരെ അവര്‍ ചെയ്യണം.

മാസം ആയിരത്തിനടുത്ത്‍ ശമ്പളം.ഭക്ഷണത്തിനായി 450ഓ കൂടുതലോ സ്റ്റാഫ് കാന്റീനില്‍ നിന്ന് പിടിയ്ക്കും.ലേബര്‍ക്യാമ്പുകളിലെപ്പോലെ ഒരു മുറിയില്‍ ആറും ഏഴും പേരു തട്ടുകട്ടിലില്‍ കിടക്കുന്നു.എന്റെയൊരു പെങ്ങള്‍ രാത്രി പത്തു മണീയ്ക്ക് ജോലി കഴിഞ്ഞ് വന്നാലും രാവിലേ നാലുമണിയ്ക്കേ എഴുനേല്‍ക്കും.... എന്നലേ അവള്‍ക്ക് കക്കൂസും കുളീമുറിയും കിട്ടുകയുള്ളൂ..

രാവിലേ ഏഴുമണിയ്ക്കു തന്നെ അവള്‍ക്ക് തിരിച്ച് ഡിപ്പാര്‍ട്ട്മെന്റില്‍ വരണം.അത് തുറക്കണം സാറന്മാരും ചേട്ടന്മാരും, ചേച്ചിമാരും വരുന്നതിനു മുന്നേ എല്ലാം വൃത്തിയാക്കണം രോഗികളുടെ ഷെഡ്യൂളിങ്ങും ഫയലുകളും ശരിയാക്കണം.ഗൌണുകളും ഷീറ്റുകളും ആവശ്യമുള്ളിടങ്ങളില്‍ നിരത്തി വയ്ക്കണം........എല്ലാം കഴിഞ്ഞ് രോഗികളായെത്തുന്നവരുടെയും ബന്ധുക്കളുടേയും വായിലിരിയ്ക്കുന്നതെല്ലാം കേള്‍ക്കണം.(ചിലര്‍ ഡൊക്ടര്‍മാരോടോ കണ്ടാല്‍ വലിയവരെന്നു തോന്നുന്നവരോടോ ഒന്നും പറയില്ല..ഇങ്ങനെയുള്ളവരോടാണ് അഭ്യാസം മുഴുവന്‍)...സാറന്മരുടേയും ചേട്ടന്മാരുടേയും വായിലിരിയ്ക്കുന്നതെല്ലം കേള്‍ക്കണം.....

എല്ലാത്തിലുമുപരി അവരുടെ സൂപ്പര്‍വൈസറോ മേലധികാരിയോ ഒക്കെയായ മോഹനാമ്മ എന്ന ആശ്രമ അന്തെവാസിനിയുടെ വഴക്ക് കേള്‍ക്കണം..കരയണം..എല്ലാരേം നോക്കി ചിരിയ്ക്കണം.സാറന്മാരും ചേട്ടന്മാരും വരുമ്പോ എഴുനേല്‍ക്കണം ..

പണിഷ്മെന്റ് ട്രാന്‍സ്ഫെര്‍ ഒക്കെയുണ്ട്..കക്കൂസ് കഴുകുന്ന വിഭാഗത്തില്‍ ഒരാഴ്ചത്തെ ഡ്യൂട്ടി..

മാസം ഭക്ഷണത്തിനു പിടിച്ചിട്ട് ബാക്കിവരുന്ന അഞ്ഞൂറില്‍ താഴെ വരുന്ന ശമ്പളം കൂട്ടി വയ്ക്കണം.ഒരു തരി പൊന്നു വാങ്ങാനോ വീട്ടിലയയ്ക്കാനോ..പൊന്നില്ലേല്‍ ആരെങ്കിലും കല്യാ‍ണം കഴിയ്ക്കുമോ?

പക്ഷേ ആ മതില്‍ക്കെട്ടിനുള്ളില്‍ സുരക്ഷിതത്വമുണ്ട്.. ജയിലിലെ സുരക്ഷിതത്വം. പുറത്ത് പോകാനൊന്നുമൊക്കില്ല.(മതിലിനു പുറത്ത് പോകാനൊക്കില്ല).വര്‍ഷത്തിലൊന്നോ രണ്ടോ പ്രാവശ്യം മോഹനാമ്മ സമ്മതിയ്ക്കുന്നതു പ്രകാരം വീട്ടില്‍ നിന്ന് ആരെങ്കിലും വിളിയ്ക്കാന്‍ വന്നാല്‍ വീട്ടില്പോകാം..കൂടുതല്‍ ലീവു ചോദിച്ചാല്‍ സേവനം മതിയാക്കി പോക്കോണം.

അവരാണ് അമൃതയെന്നല്ല ഈ ഭാരതത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളും നടത്തുന്നത്.ഗവണ്മെന്റ് ആശുപത്രികളുടെ അവസ്ഥയെപ്പറ്റി നമ്മള്‍ കരയുമല്ലോ..അവരില്ലാത്തതുകൊണ്ടാണത്, അത് ലോകത്തെ ഏറ്റവും വലിയ മാനേജ്മെന്റ് ഗുരുക്കളായ അമൃതാനനന്ദമയി മഠത്തിനറിയാം.

ലക്ഷക്കണക്കിനു രൂപാ ശമ്പളം വാങ്ങുന്ന വകുപ്പുതലവന്മാര്‍ എല്ലാരും ഒരു സുപ്രഭാതത്തില്‍ പിരിഞ്ഞു പോയാലും അമൃതയിലൊന്നും സംഭവിയ്ക്കാന്‍ പോകുന്നില്ല.പക്ഷേ ഓരോ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഓരോ ഏ എസ് കേ സ്റ്റാഫ് അവധിയെടുത്താല്‍ അവിടെ രോഗചികിത്സയുടെ താളം ആകെ തെറ്റും.

കുറച്ചുകൂടി ശമ്പളം കൊടുത്താലോ കുറച്ചുകൂടി നല്ല ജീവിതസാഹചര്യങ്ങള്‍ നല്‍കിയാലോ അവര്‍ക്ക് സ്വന്തം വില മനസ്സിലാകുമോ എന്നു ഭയന്നായിരിയ്ക്കും ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനിലും ബിസിനസ് മാനേജ്മെന്റിലും ബിരുദാനന്തര പഠനങ്ങള്‍ നടത്തുന്ന അമൃതാ മാനേജ്മെന്റ് അവരെ ഇങ്ങനെയിട്ടിരിയ്ക്കുന്നത്.

അവിടെ വാര്‍ഷിക ആഘോഷങ്ങള്‍ നടക്കാറുണ്ട്. ഡൊക്ടര്‍മാരുടെ വാര്‍ഷികാഘോഷം, ഏ എസ് കേ സ്റ്റാഫിന്റെ ആഘോഷം, വെറും സ്റ്റാഫിന്റെ ആഘോഷം എന്നിങ്ങനെ.അതില്‍പ്പോലും വേര്‍തിരിവ്.

ഈ കുട്ടികളെല്ലാവരും ചില അന്തേവാസി(നി) കളും ഭക്ഷണം കഴിയ്ക്കുന്നത് അമൃതാ സ്റ്റാഫ് കാന്റീനിലാണ്. പുളിച്ച ചമ്മന്തി അവിടെയാണ് ആദ്യമായി ഞാന്‍ കാണുന്നത്.ഏത് ഹോട്ടലുകാരനും തരാന്‍ മടിയ്ക്കുന്ന നല്ല പുളിയുള്ള വൈനിന്റെ രുചിയുള്ള ചമ്മന്തിയാണ് രാവിലേ സ്ഥിരം അവിടെ കിട്ടുന്നത്.ദോശയാണെങ്കില്‍ ഒട്ടും അതിശയോക്തിയോ ഇരട്ടിപ്പിയ്ക്കലോ ഒന്നുമില്ലാതെ പറയുകയാണ് മുറം പോലെയിരിയ്ക്കും.ചമ്മന്തിയിലിട്ട് അരമണിയ്ക്കൂറെങ്കിലും കുതിര്‍ക്കണം..എന്റെ സുഹൃത്ത് ഒരു ദിനം ചര്‍ദ്ദിയ്കാന്‍ വന്നതിനു ശേഷം ഞങ്ങളങ്ങോട്ട് പോയിട്ടില്ലായിരുന്നു.പോരുന്നതിനു കുറേ നാള്‍ മുന്‍പ് അവിടെയൊന്ന് പോയപ്പോള്‍ കണ്ടു..അവിടേയും ചില ടേബിളിനു മുകളില്‍ ഡൊക്ടേഴ്സ് ഓണ്‍ലി. (വേറൊരിടത്ത്‍ സ്ക്രീനിട്ട് സ്ഥലം മറച്ചിട്ടുണ്ട്.. ഡോക്ടേഴ്സ് ഓണ്‍ളീ.)

സ്റ്റാഫ് കാന്റീനില്‍ ഈയിടെ സാധാരണ ഡൊക്ടര്‍മാരാരും ഭക്ഷണം കഴിയ്ക്കാറില്ല ഇപ്പൊ.അവര്‍ വിസിറ്റേഴ്സ് കാന്റീനിന്റെ മുകളില്‍ ജയപ്രകാശ് എന്ന ബ്രഹ്മചാരി നടത്തുന്ന കാന്റീനില്‍ നിന്നാണ് ഭക്ഷണം കഴിയ്ക്കുക.അവരെന്നല്ല 15 രൂപാ കയ്യിലെടുക്കാനുള്ള ഏ എസ് കേ സ്റ്റാഫ് ഒഴിച്ചുള്ള ആരും ഇപ്പോള്‍ അവിടുന്നു തന്നെ...കുറ്റം പറയരുതല്ലോ..അങ്ങേര്‍ അത്തരം വിവേചനങ്ങളൊന്നും കാണിയ്ക്കില്ല.

ഫാസ്റ്റ് ഫുഡ് കന്റീനില്‍ ദോശ നല്ലതാണ്. രണ്ട് രൂപയ്ക്ക് വലുതുമാണ്. സ്റ്റാഫ് കാന്റീനിലെ ചീഞ്ഞ ഭക്ഷണം കഴിയ്ക്കാനാവാതെ ചില എ എസ് കേ ജീവനക്കാരികള്‍ അവരുടെ കീശയിലൊതുങ്ങുന്ന ഒരു ബദലായതിനെ കണ്ടു.രാത്രി അവര്‍ ഫാസ്റ്റ്ഫുഡില്‍ നിന്ന് ഒരു ദോശ വാങ്ങും ചമ്മന്തിയും സാമ്പാറും കൂടെ.രണ്ട് രൂപയ്ക്ക് അത് ധാരാളം. അവിടെയിരുന്ന് കഴിച്ചാല്‍ മോഹനാമ്മ വഴക്കുപറയുമെന്നുള്ളതിനാല്‍ അവര്‍ റൂമില്‍ കൊണ്ടുപോകും.(അവര്‍ക്ക് സ്റ്റാഫ് കാന്റീനിലല്ലാതെ മറ്റിടങ്ങളിലിരുന്ന് കഴിച്ചാല്‍ വഴക്കു കേള്‍ക്കും ) രണ്ട് രൂപയ്ക്ക് വലിയൊരു ദോശയാണ്. എനിയ്ക്കാണേല്‍ അത് നാലെണ്ണം വേണം.

അങ്ങനെയത് കുറെനാള്‍ തുടര്‍ന്നു. ഞാന്‍ ചിലപ്പോഴൊക്കെ അവിടുന്ന് നാലഞ്ച് ദോശയും സാമ്പാറുമൊക്കെ പാഴ്സല്‍ വാങ്ങാറുണ്ട്..വൃത്തിയില്ലായ്മ കാരണം പുറത്തെ ഹോട്ടലുകള്‍ ചിലപ്പോ ഒഴിവാക്കും.

ഒരു ദിവസം ഞാനവിടുന്ന് ഒരു മുട്ട ദോശയും നാലു സാദാ ദോശയും പാഴ്സല്‍ ചോദിച്ചു..

“ചേട്ടാ മുട്ട ദോശ തരാം..സാദാ ദോശ പാഴ്സല്‍ തരാന്‍ പാടില്ലെന്ന് കരുണാമ്മ(മുകള്‍പ്പറഞ്ഞ കരുണാമൃത ചൈതന്യ) ഓഡറിട്ടിരിയ്ക്കുന്നു.“

അതെന്റെ സ്വന്തം കാര്യം അല്ലാത്തതിനാലാവണം മെയിലയയ്ക്കാനൊന്നും ഞാന്‍ പോയില്ല.

സ്വന്തമായി വാടക നല്‍കാന്‍ ത്രാണി തൊണ്ണൂറു ശതമാനം ജീവനക്കാര്‍ക്കും ഇല്ലായിരുന്നത് കൊണ്ടാവണം അമൃതയില്‍ ആദ്യമൊക്കെ ജീവനക്കാര്‍ക്കെല്ലാം അക്കൊമൊഡേഷന്‍ നല്‍കുമായിരുന്നു. ഒരു വീട്ടില്‍ പത്തും പതിനഞ്ചും പേര്‍...ഫര്‍ണിച്ചറോ കിടക്കയോ ഒന്നുമില്ല.ഡോക്ടര്‍മാര്‍ക്കാണെങ്കില്‍ ഫര്‍ണിഷ്ഡായ വീടാണ് നല്‍കുക.ജൂനിയര്‍ ഡോക്ടര്‍മര്‍ക്ക് സിംഗിള്‍ മുറി കിട്ടത്തക്ക രീതിയിലും സീനിയര്‍ ആള്‍ക്കാര്‍ക്ക് 3000-3500 രൂപാ വരെ ഹൌസ് അലവന്‍സും.അവര്‍ക്കെന്തു കിട്ടുന്നു എന്നതല്ല കാര്യം.

ആദ്യം രണ്ട് മുന്ന് ദിവസം എന്റെ താമസം ഒരു ഫ്ലാറ്റിലായിരുന്നു.ഏകദേശം പത്തോളം ആള്‍ക്കാര്‍ ആ ഫ്ലാറ്റില്‍ താമസിച്ചിരുന്നു.രണ്ട് മുറിയുള്ള ഫ്ലാറ്റ്. പ്രത്യേക സ്ഥലമൊന്നുമില്ല.എവിടെയെങ്കിലുമൊക്കെ കിടക്കും.അത് കഴിഞ്ഞ് ഞങ്ങള്‍ക്ക് തന്ന വീട്ടില്‍ ഫാനോ, കിടക്കയോ, ചില മുറികള്‍ക്ക് വാതിലോ ഒന്നുമില്ലായിരുന്നു. തറയിലാകെ റെഡ് പെയിന്റ് പോലെന്തോ തേച്ചിരുന്ന‍ത് കാരണം വസ്ത്രങ്ങളാകെ ചുവപ്പ് നിറമായി...ഞങ്ങള്‍ കുറെ ചാക്ക് വാങ്ങി അതുമ്മേ കിടന്നു.

അക്കൊമൊഡേഷന്റെ കാര്യങ്ങളൊക്കെ നോക്കുന്ന മായ എന്ന ബ്രഹ്മചാരിണിയോട് എന്തെങ്കിലും കിടക്കാനായി തരുമോ എന്നു ചോദിച്ച് ഞാന്‍ ഫോണ്‍ ചെയ്തിരുന്നു. സ്വാധീനമുള്ള ചിലര്‍ക്കൊക്കെ കിടക്കയും ഫാനും മറ്റും കൊടുത്തിരുന്നെന്നു കേട്ടാണ് വിളിച്ചത്.പറ്റില്ല എന്ന് മറുപടി പറഞ്ഞു. സ്ക്രാപ്പ് ആയ കട്ടിലോ മെത്തയോ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ശരിയാക്കി എടുത്തോളാം എന്നു കെഞ്ചി.തരാന്‍ പറ്റില്ല എന്ന് മറുപടി കിട്ടി..ആശുപത്രിയിലാണെങ്കില്‍ ധാരാളം സ്ക്രാപ്പ് ഉണ്ട് താനും

ഞങ്ങള്‍ക്ക് വീടു തന്നപ്പോള്‍ എന്നും വീട്ടില്‍ പോയി വരുന്ന ഒരാളേയും ചേര്‍ത്ത് പേരു കൊടുത്തു.അങ്ങനെ കുറെപ്പേര്‍ കാണിച്ചിട്ടുണ്ടായിരുന്നു.അല്ലേല്‍ മാനേജ്മെന്റിന്റെ കണക്ക് പ്രകാരം ഒരു മുറിയില്‍ മൂന്നും നാലുമൊക്കെയാണ്.(ഫാനൊന്നുമില്ലാതെ ചത്തു പോകും.)അമൃതക്കാരിത് കണ്ടു പിടിച്ചു. അവരൊരു വിദ്യയിറക്കി.എല്ലാര്‍ക്കും അഞ്ഞൂറ് രൂപ ശമ്പളം കൂട്ടിക്കൊടുത്തു. എന്നിട്ട് അക്കൊമൊഡേഷന്റെ പേരില്‍ അഞ്ഞൂറ് രൂപ പിടിയ്ക്കാനും തുടങ്ങി.അപ്പോ വെറുതേ പേരു കൊടുത്തിരിയ്ക്കുന്നവരെല്ലാം പേരു വെട്ടി. ഞങ്ങള്‍ വെട്ടിലായി.

അതോടെ ഞങ്ങള്‍ ചിലര്‍ ചേര്‍ന്ന് ഞങ്ങള്‍ തന്നെ വാടക കൊടുക്കുന്ന രീതിയില്‍ വീടെടുത്തു...എടുക്കേണ്ടി വന്നു..

അതിന്റെ ചൂഷണം അവിടെയല്ലായിരുന്നു.പുതിയതായി വരുന്നവര്‍ക്ക് പഴയ ശമ്പളം തന്നെ.പണ്ട് 2500 രൂപ ശമ്പളം കിട്ടിയവന് ഇപ്പൊ 3000-500 എന്നായി.പക്ഷേ പുതിയതായി വരുന്നവന്‍ 2500-500 എന്ന നിലയിലായി.അമ്മയ്ക്ക് എന്ത് കൊണ്ടും ലാഭം.

ഡോക്ടര്‍മാരുടെ കയ്യില്‍ നിന്നും ഇതു തന്നെ ചെയ്യാന്‍ തുടങ്ങി.പക്ഷേ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഡോക്ടര്‍മാര്‍ക്ക് /ലക്ചറര്‍മാര്‍ക്ക് രണ്ട് പേര്‍ ഒരു മുറിയിലും സാദാ നേഴ്സുമാരും മറ്റ് ജീവനക്കാരും നാലുമുതല്‍ ആറുവരെ ആള്‍ക്കാര്‍ ഒരു മുറിയിലും ആണ് താമസം..അതായത് ഡോക്ടര്‍മാരുടെ/ലക്ചറര്‍മാരുടെ മുറിയില്‍ നിന്ന് 1000 രൂപ വാടക കിട്ടുമ്പോള്‍ മറ്റുള്ളവരുടെ മുറിയില്‍ നിന്ന് 2000 മുതല്‍ 3000 വരെ രുപാ വാടക ഈടാക്കുന്നു.

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 12 നിലകളോളമുണ്ട് . പത്തുപേര്‍ക്ക് മാത്രം കയറാന്‍ പറ്റുന്ന ചെറിയ രണ്ട് ലിഫ്റ്റുകളാണ് ഉള്ളത്.രോഗികളുടെ ശ്രുശ്രൂഷകരായി വരുന്നവര്‍ക്കുള്ള ഗസ്റ്റ് ഹൌസും ആ കെട്ടിടത്തില്‍ തന്നെയാണ്. മിക്കവാറും വൈകുന്നെരം അമൃതയിലെ ഫാസ്റ്റ് ഫുഡ് കാന്റീനടുത്ത് ചെന്നാല്‍ കാണാം ലിഫ്റ്റിനുള്ള ഭീകരമായ തള്ള്. മിക്കവാറും മനപൂര്‍വമാണോ എന്നറിയില്ല വൈകുന്നേര സമയങ്ങളില്‍ ലിഫ്റ്റ് കേടായിരിയ്ക്കും.ഹോസ്റ്റല്‍ ഏഴാം നിലയ്ക്ക് മുകളിലാണെന്നതിനാല്‍ ജീവനക്കാരികളാണ് അനുഭവിയ്ക്കുന്നത്. രോഗിശ്രുശ്രൂഷകര്‍ക്കൊക്കെ ഗസ്റ്റ് ഹൌസ് ഏഴാം നിലയ്ക്ക് തഴെയൊക്കെയായതിനാല്‍ കോണിപ്പടി കയറാം.ജോലിയും കഴിഞ്ഞ് മാനസികമായും ശാരീരികമായും തളര്‍ന്ന് വരുന്നവരെ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷിയ്ക്കാനും കൊളസ്റ്റ്രോള്‍ കുറയ്ക്കാനും ദൈവം തന്നെയാകണം ഏഴു നിലകള്‍ക്ക് മേല്‍ പാര്‍പ്പിച്ചിട്ട് ലിഫ്റ്റ് സ്ഥിരം കേടാക്കുന്നത്.

എന്നാല്‍ ആറുനിലകള്‍ മാത്രമുള്ള ആശുപത്രിയില്‍ വമ്പന്‍ പന്ത്രണ്ട് ലിഫ്റ്റുകളാണുള്ളത്.ഒരു ദിവസം മാനേജ്മെന്റിലെ ഒരു മുന്തിയയാളായ(ജനറല്‍ മാനേജര്‍?) സുധാകര്‍ ജയറാമിന്റെ വകയായി ഒരു മെമ്മോ കണ്ടു. ഡോക്ടര്‍മാരല്ലാത്ത ജീവനക്കാര്‍ ലിഫ്റ്റിന്റെ ഉപയോഗം കുറയ്കണം കറണ്ട് ചിലവാകുന്നുവെന്ന്. ഡോക്ടര്‍മാരുപയോഗിച്ചാല്‍ കറണ്ട് ചിലവാകില്ലേ എന്ന് എന്റെ മനസ്സിലൂടെ പോയി.അത്യാഹിത ആവശ്യങ്ങള്‍ക്കായാണ് ഡോക്ടര്‍മാരെ ഒഴിവാക്കിയതെന്ന് ഇന്ന് മറുപടി പറയും ചുമ്മാതെയാണാ വാദം. കാരണം അത്യാഹിത ഘട്ടങ്ങളില്‍ ഡോക്ടര്‍മാരേക്കാള്‍ അലൈഡ് മെഡിയ്ക്കല്‍ സ്റ്റാഫിനാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് പെട്ടെന്നെത്തിച്ചേരേണ്ട ആവശ്യം വരിക.എമര്‍ജെന്‍സി ക്രാഷ് ടീമില്‍ ഒന്നോ രണ്ടോ ഡോക്ട്ര്‍മാരേ ഉണ്ടാവുകയുള്ളൂ.ബാക്കിയെല്ലാം അനുബന്ധ വൈദ്യ വിദഗ്ധരായിരിയ്ക്കും.

സാധാരണ യൂ ജീ സീ സ്കെയിലിലാണ് ഡോക്ടര്‍മാര്‍ക്ക് ശമ്പളം കൊടുക്കുക. ശമ്പള വര്‍ദ്ധനവ് കാലാകാലങ്ങളില്‍ മുറതെറ്റാതെയുണ്ടാകും. നാലായിരം അയ്യായിരം രൂപയൊക്കെ ആണ് ശമ്പളം ഒറ്റയടിയ്ക്ക് കൂടുക. എന്റെ കൂടെ ജോലിചെയ്യുന്ന ഒരാള്‍ക്ക് ഒരു കൊല്ലം കഴിഞ്ഞ് നൂറുരൂപാ കൂട്ടിക്കൊടുത്തു..അദ്ദേഹം സീനിയര്‍ ടെക്നോളജിസ്റ്റായിരുന്നു.

ഡ്യൂട്ടി സമയമാണ് അസാധ്യ കൊള്ള. ഡബിള്‍ ഡ്യൂട്ടയൊക്കെ(15 മണിയ്ക്കൂര്‍) സര്‍വ സാധാരണം.അതിനു തക്ക അലവന്‍സോ ലീവോ ഒന്നുമില്ല താനും.മിക്കപ്പോഴും തളര്‍ന്ന് തണ്ടൊടിഞ്ഞ അവസ്ഥയിലായിരിയ്ക്കും എല്ലാവരും.ശാരീരികമായല്ല മാനസികമായും.ഒരു ആശുപത്രിയുടെ കാര്യമല്ല എല്ലാ ആശുപത്രിയുടെ കാര്യവുമിതു തന്നെ.

രോഗ ചികിത്സയിലും രോഗശ്രുശ്രൂഷയിലും ഒരു വിദഗ്ധ നേഴ്സ് ഡോക്ടറോളം തന്നെ അവിഭാജ്യഘടകമാണ്. രോഗം കണ്ടെത്തിയാല്‍ ശ്രുശ്രൂഷയില്‍ ഡോക്ടറേക്കാള്‍ കാര്യങ്ങള്‍ ചെയ്യേണ്ടത് അവരാണ്.പക്ഷേ പരിതാപകരമാണ് അവരോടുള്ള രോഗികളുടെ പെരുമാറ്റം.ഒരു പ്രൊഫഷണലിനു സാധാരണ കൊടുക്കുന്ന യാതൊരു പരിഗണനയും രോഗികള്‍/ കൂടെയുള്ളവര്‍ അവരോട് കാണിയ്ക്കാറില്ല.‍.അവര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ രോഗികള്‍ മുഖവിലയ്ക്കെടുക്കാറേയില്ല.രോഗികളെക്കണ്ട പരിചയവും ജ്ഞാനവും മിക്കവാറും അവര്‍ക്കായിരിയ്ക്കും കൂടുതല്‍.ഉദാഹരണത്തിന് എന്റെ അനിയന് ഒരു അസുഖം വന്ന് കുറച്ച് നാള്‍ കിടക്കേണ്ടി വന്നപ്പോ അയലത്തുള്ള ഒരു റിട്ടയര്‍ ചെയ്ത നേഴ്സമ്മയാണ് ‘മറ്റൊന്നിനും രുചിയുണ്ടാകില്ല ധാരാളം ചോക്കലേറ്റ് വാങ്ങിക്കൊടുക്കാന്‍‘ പറഞ്ഞത്.അന്ന് കഴിച്ച ഫൈവ് സ്റ്റാറും ഡയറി മില്‍ക്കുമൊക്കെയാണ് ഒന്നും കഴിയ്ക്കാതെ കിടന്ന അവനെയൊന്ന് പൊക്കിയെടുത്തത്. ഒരു പ്രൊഫസറും അത് പറഞ്ഞതുമില്ല.

പക്ഷെ സാധാരണയായി ആള്‍ക്കാര്‍ , ബഹുമാനം പോട്ടേ സ്നേഹം പോലും കാണിയ്ക്കാറില്ല.
“ആ പെണ്ണ്” എന്നാണ് മിക്കവരും നേഴ്സിനെ സംബോധന ചെയ്യുക.(കേള്‍ക്കാത്തപ്പോള്‍).

“അവളുമാരുടെയൊക്കെ ജാട കണ്ടാല്‍ വല്ല പ്രൊഫസറുമാരുമാന്നു തോന്നും.എന്നോടേ ഓഡറിടുന്നു.”

എന്നെന്റെയൊരു സുഹ്രത്ത് പറഞ്ഞത് പനി കൂടുമ്പോ തുണി നനച്ച് തുടയ്ക്കണം എന്ന് ഒരു നേഴ്സ് നിര്‍ബന്ധമായി പറഞ്ഞതിനാണ് ..അത് ഡൊക്ടര്‍ പറഞ്ഞാലോ? തുണി നനച്ച് തുടയ്ക്കാത്തതിന് ഇന്നലേം ഡോക്ടര്‍ വഴക്കു പറഞ്ഞു എന്നാവും. ആര്‍ക്ക് വേണ്ടി പറഞ്ഞു എന്നതാണ് ചോദ്യം.:)

മറ്റ് അനുബന്ധ മെഡിയ്ക്കല്‍ ജീവനക്കരേയുമതേ.പലരും ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കഴിഞ്ഞവരായിരിയ്ക്കും എന്നാലും എല്ലാര്‍ക്കും അവര്‍ പെണ്ണു തന്നെ.അല്ലെങ്കില്‍ ചുവപ്പ് വെള്ളം, വെള്ളം ചേര്‍ത്ത് മറിച്ച് വില്‍ക്കുന്ന കമ്പൌണ്ടര്‍.(ഒരു ഡിഗ്രിയും കഴിഞ്ഞില്ലെങ്കിലും അവര്‍ മനുഷ്യരാണ്.)

എന്റെയൊരു സുഹൃത്തിന്റെ ബന്ധു ഡയബറ്റിക് ഗാംഗ്രീനായി ഒരിയ്ക്കല്‍ അമൃതയില്‍ വന്നു. കാലു മുറിച്ചു കളയുന്ന ശസ്ത്രക്രീയ ചെയ്യേണ്ടി വന്നു. കാലു മുറിച്ച് രോഗിയുടെ മുറിവ് ഉണങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആ മനുഷ്യന്റെ ജീവിതം അനക്കിക്കൊടുക്കുന്നതില്‍ ഒരു പ്രമുഖ പങ്ക് ഫിസിയോതെറാപ്പിസ്റ്റിനാണ്. എന്റെ കോളേജില്‍ എന്റെ സ്കൂളില്‍ (സ്കൂള്‍ ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷന്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല) കൂടെ പഠിച്ച ഒരാളായിരുന്നു അവിടുത്തെ ആ വകുപ്പിലെ ഫിസിയോതെറാപ്പിസ്റ്റ്.

പ്രമേഹരോഗത്തിനനുബന്ധമായുള്ള കാലിലെ പ്രശ്നങ്ങളില്‍ വളരെ വിദഗ്ധമായ പരിശീലനം കിട്ടിയയാളായിരുന്നു അയാള്‍. പഠനം , മറ്റുള്ളവര്‍ക്ക് നന്മ ചെയ്യല്‍ തുടങ്ങിയവയിലൊക്കെ വ്യാപ്രതനായ ഒരു ചെറുപ്പക്കാരന്‍‍. അദ്ദേഹത്തെ ഞങ്ങള്‍ ‍ആ രോഗിയ്ക്ക് പരിചയപ്പെടുത്തി .പ്രത്യേക താല്‍പ്പര്യമെടുത്ത് അയാള്‍ ആ രൊഗിയെ നോക്കുകയും ചെയ്തു.പക്ഷേ ഒരു ദിവസം കാണാന്‍ ചെന്നപ്പോ രോഗിയുടെ കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞത് കേട്ട് സങ്കടം വന്നു..

“ഫിസിയോതെറാപ്പിസ്റ്റാണെങ്കിലും ഡോക്ടറുടെ ഗമയാ”

അയാള്‍ സ്വതവേ അല്‍പ്പം അന്തര്‍മുഖനാണെന്ന കാരണത്താല്‍, നല്ല വസ്ത്രം ധരിച്ചിരിയ്ക്കുന്നെന്ന കാരണത്താല്‍ ഡോക്ടറുടെ ഗമയാത്രേ.നാലു വര്‍ഷ ഫിസിയോതെറാപ്പി ബിരുദം, ഇന്റേണ്‍ഷിപ്പ് വേറേ , ഡയബറ്റിക് ഫുട് കെയറില്‍ വിദഗ്ധ പഠനം ഒക്കെയുള്ള അയാള്‍ക്ക് ഗമയുണ്ടാക്കന്‍ പാടില്ല എന്നാണോ?

എന്റെ കൂടെ എന്റെ കോഴ്സ് പഠിച്ചവരില്‍ നാട്ടിലുള്ളവരിലധികവും ഇത്തരം അപമാനം കാരണം ജോലി വിട്ടവരാണ്.(.ഇതുവരെയിറങ്ങിയ ഏകദേശം 200 പേരില്‍ പ്രൊഫഷനില്‍ തുടരുന്നവര്‍ കൂടുതലും വിദേശത്തുള്ളവരാണ്. ഇരുപതോളമാള്‍ക്കാര്‍ ഈ യൂ കേയില്‍ തന്നെയുണ്ട്. ഗള്‍ഫ്, അമേരിയ്ക്ക, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍(മലേഷ്യ, സിംഗപ്പൂര്‍ ഒക്കെ) തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയെടുത്താല്‍ ഏകദേശം നൂറില്‍പ്പുറത്താകും.വിദേശത്തെത്തുന്നത് മിടുക്കാണെന്ന രീതിയിലല്ല. മറ്റൊരു വികസിത രാജ്യത്തെ സര്‍ട്ടിഫിക്കേഷന്‍ സമ്പാദിച്ചെന്നുള്ള രീതിയില്‍ കോമ്പീറ്റന്‍സിയെപ്പറ്റി പറഞ്ഞതാണ്.സായിപ്പ് വിശ്വാസമില്ലാത്തവനെ അവന്റെ ശരീരം ചികിത്സിയ്ക്കാന്‍ ഏല്‍പ്പിയ്ക്കാറില്ല)

ഈയിടേ ഞാനറിഞ്ഞു എന്റെ കൂടെ ഫിസിയോ തെറാപ്പിയ്ക്ക്(ബീ പീ റ്റി) പഠിച്ച ഒരാള്‍ എം ബീ ഏ എടുത്ത് ദുബായില്‍ ബാങ്കിംഗ് രംഗത്ത് കണ്‍സള്‍ട്ടെന്റ് ആയി ജോലി ചെയ്യുന്നുവെന്ന്. കാരണം മറ്റൊന്നുമാവാന്‍ വഴിയില്ല.

നാട്ടില്‍ ചിക്കന്‍ ഗുനിയയും പകര്‍ച്ചവ്യാധികളും പടര്‍ന്ന് പിടിയ്ക്കുമ്പോള്‍ മെഡിയ്ക്കല്‍ മൈക്രോബയോളജിയില്‍(വൈദ്യ സൂഷ്മാണുശാസ്ത്രം) നാലുവര്‍ഷ ബിരുദവും രണ്ട് വര്‍ഷ ബിരുദാനന്തര ബിരുദവുമെടുത്ത (ആറു വര്‍ഷം അതു തന്നെ പഠിച്ച) എന്റെ കൂട്ടുകാര്‍ വിദേശത്തല്ലാത്തവര്‍ നാട്ടില്‍ ഏതെങ്കിലും ബയോടേക് / ഫാര്‍മാ കമ്പനിയ്ക്ക് വേണ്ടി മാര്‍ക്കറ്റിംഗ് ചെയ്യുന്നു. നല്ല അന്തസ്സുള്ള ജോലിയായതു കാരണം. സര്‍ക്കാരില്‍ അവര്‍ക്കിന്നും ഒരു പോസ്റ്റില്ല.സ്വകാര്യ ആശുപത്രികളില്‍ അവര്‍ ടെക്നീഷ്യനായി 2000 രൂപാ വാങ്ങിച്ചോണം.

ചിക്കന്‍ ഗുനിയയെപ്പറ്റി വിദഗ്ധാഭിപ്രായം പറയുന്നതോ? മൈക്രോ ബയോളജി അനന്തരാമന്റെ പുസ്തകമെന്നും പബ്ബ്ലിക് ഹെല്‍ത്തെന്നാല്‍ പാര്‍ക്കിന്റെ പുസ്തകമെന്നും അഞ്ചുവര്‍ഷത്തിലെ നൂറായിരം പേപ്പറുകളിലൊന്നായി പഠിച്ചവന്‍ ഡോക്ടറായതുകാരണം അവന്‍ കാര്‍ഡിയോളജിസ്റ്റായാലും കുഴപ്പമില്ല, അണുക്കളേപ്പറ്റി അഭിപ്രായം പറയുന്നു, അന്വേഷിയ്ക്കുന്നു..അത് വേണ്ടെന്നല്ല. (അതിനെപറ്റി പിന്നീട് പറയാം..)പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദമെടുത്തവന്‍ തേരാപ്പാരാ നടക്കുന്നു. ആറുകൊല്ലം വൈദ്യസൂക്ഷ്മാണുശാസ്ത്രം പഠിച്ച് ബിരുദാനന്തര ബിരുദവും ഡൊക്ട്രേറ്റുമെടുത്തവന്‍ ലാബുകളില്‍ കിറ്റ് വില്‍ക്കാന്‍ നടക്കുന്നു.അവന് ശബ്ദമില്ലാഞ്ഞ് കൊണ്ട് തന്നെ.അല്ലാതെ കാശുണ്ടാക്കി മറിയ്ക്കാനൊന്നുമല്ല.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദധാരികള്‍ റിസപ്ഷനിസ്റ്റായി പണി ചെയ്യുന്നു. മെഡിയ്ക്കല്‍ ഡൊക്യുമെന്റേഷനില്‍ ബിരുദാനന്തര ബിരിദധാരിണിയായ എന്റെയൊരു ചേച്ചി ടീ ടീ സീ എടുത്ത് ലോവര്‍ പ്രൈമറി സ്കൂള്‍ കുട്ടികളെ പഠിപ്പിയ്ക്കുന്നു.അത് ഒട്ടും കുറഞ്ഞ ജൊലിയല്ല.പക്ഷേ ടീ ടീ സീ യ്ക്ക് പ്രീ ഡിഗ്രീ കഴിഞ്ഞപ്പോഴേ പോകാമായിരുന്നു.തൊഴിലധിഷ്ഠിത എം എസ് സീ കഴിയുന്നത് വരെ കാത്തിരിയ്ക്കേണ്ടാ‍യിരുന്നു.

ഈ രാജ്യത്തെ ഇത്രയും നല്ല ഒരു സിസ്റ്റത്തിലെ തൊഴില്‍ പരിശീലനത്തിനു ശേഷവും എനിയ്ക്കും ഗൌരീപ്രസാദിനും നാട്ടില്‍ പോകേണ്ടി വരികയാണെങ്കില്‍ അവിടെ കഴിവതും ഈ ജോലി ചെയ്യാതിരിയ്ക്കാന്‍ ഞങ്ങള്‍ ശ്രമിയ്ക്കും.പട്ടിണി കിടക്കേണ്ടി വന്നില്ലെങ്കില്‍.

വൈദ്യശാ‍സ്ത്രത്തില്‍ സഹായികളായും പൂരകമായും തുടങ്ങിയ പ്രൊഫഷനുകളുണ്ട് .
ഉദാഹരണത്തിന് നേഴ്സിംഗ് എന്നത് രോഗികളുടെ ശ്രുഷൂഷയും ഡോക്ടറുടേ കൈയ്യാളും എന്ന നിലയില്‍ തുടങ്ങി ഇന്ന് എല്ലാ നിലയിലും അങ്ങനെയല്ലാതെ രോഗിയുടെ മാത്രം ശ്രുശ്രൂഷയും മികച്ച അക്കാഡമികവൈദഗ്ധ്യവും മനസാനിധ്യവും പല രീതിയിലുള്ള കഴിവുകളും ഒക്കെ വേണ്ടുന്ന നിലയിലെത്തി നില്‍ക്കുന്ന പ്രൊഫഷനാണ്. പക്ഷേ റേഡിയേഷന്‍ ടെക്നോളജി എന്നത് എക്സ്രേ കണ്ടു പിടിച്ചപ്പോള്‍ വൈദ്യ രംഗത്ത് അത് ഉപയോഗിയ്ക്കായി വന്ന എഞ്ചിനീയറന്മാരിലും സാങ്കേതികവിദഗ്ധരിലും തുടങ്ങി, ഇടക്കാലത്ത് എക്സ് റേ എന്നത് അധികം സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാത്ത ഒന്നായപ്പോള്‍ വലിയ അക്കാഡമിക വൈദഗ്ധ്യമില്ലാത്ത ടെക്നീഷ്യന്മാര്‍ ചെയ്ത് പിന്നീട് സ്കാനിംഗും പല മാനങ്ങളിലുള്ള ഇമേജിംഗും ഒക്കെയായി വളര്‍ന്നപ്പോള്‍ വീണ്ടും അക്കാഡമിക വൈദഗ്ധ്യവും വൈദ്യ രംഗത്തുള്ള അറിവുമൊക്കെ ഉള്ള വിദഗ്ധര്‍ ചെയ്യുന്ന തൊഴിലാണ്.മൈക്രോബയോളജിയുടേയും ബയോ കെമിസ്ട്രിയുടേയും ഒക്കെ കഥ പറയേണ്ടല്ലോ.

അതായത് ഡോക്ടര്‍മാര്‍ എന്ന രാജാക്കന്മാര്‍ രോഗം വന്നവനെ ചികിത്സിയ്ക്കുന്നു. ബാക്കിയുള്ളവര്‍. സേവകരും എന്ന നിലയിലാണെങ്കില്‍ വൈദ്യശാസ്ത്രം ഇപ്പൊഴും നൂറു കൊല്ലം പിറകില്‍ നില്‍ക്കേണ്ടി വന്നേനേ.ഇന്നത്തെ വൈദ്യ ശാസ്ത്രം അതല്ല.ഒരു മള്‍ട്ടി ഡിസിപ്ലിനറി മനേജ്മെന്റ് എന്നതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഇന്നത്തെ രോഗചികിത്സ.ചികിത്സകന്‍ അവരില്‍ ഒരാള്‍ മാത്രം.ഒരു പക്ഷേ ഒരു ഫ്രണ്ട് എന്റ് എന്ന് വിചാരിയ്ക്കാം. ഗ്രാഫിയ്ക്കല്‍ യൂസര്‍ ഇന്റെര്‍ഫെയ്സ് എന്നു പറഞ്ഞാല്‍ കമ്പ്യൂട്ടര്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകുമായിരിയ്ക്കും.:)പക്ഷേ ഭാരതത്തില്‍ ഇന്നും ആ നില ജോലിയില്‍‍ വന്നിട്ടുണ്ടെങ്കിലും ജോലിസ്ഥലത്തെ അംഗീകാരത്തില്‍ വന്നിട്ടില്ല.

എന്റെ ജീവിതത്തിലെ വളരെ ചെറിയ കാലയളവിലുണ്ടായ കുറേ അനുഭവങ്ങള്‍ പറഞ്ഞതാണിത്.ഇതില്‍ പറഞ്ഞിരിയ്ക്കുന്ന ഓരോ വാക്കുകളും സത്യമാണ്.ഒട്ടും അതിശയോക്തി യാതൊരു രീതിയിലും കലര്‍ത്തിയിട്ടില്ല. സംഭാഷണങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് അതുപോലെ ചേര്‍ത്തിരിയ്ക്കുന്നു.പേരുകളും കൊടുത്തിരിയ്ക്കുന്നത് സത്യം തന്നെ.

ഇത് ഡൊക്ടര്‍മാര്‍ക്കെതിരേയോ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കെതിരേയോ ഉള്ള പ്രൊപ്പഗാണ്ടയല്ല.എന്റെ ഏറ്റവും അടുത്ത കൂട്ടുകാരില്‍ പലരും ഡൊക്ടര്‍മാരാണ്. അവരാരും ഇത്തരം ചെയ്തികളെ അനുകൂലിയ്ക്കുന്നവരുമല്ല. ഒരു വെറും ന്യൂനപക്ഷമാണിതിനു പിറകില്‍.അവര്‍ ഡോക്ടര്‍മാര്‍ തന്നെ ആയിരിയ്ക്കണമെന്നില്ല എന്നതാണിതിന്റെ രസം.
ഇത് ബ്ലോഗിലിടുന്നത് മറ്റ് മാധ്യമങ്ങളില്‍ എനിയ്ക്ക് ആക്സസ്സ് ഇല്ലാത്തതു കൊണ്ട് മാത്രമാണ്. കൂടുതല്‍ വ്യാപ്തിയുള്ള ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിയ്ക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അതാവാം.അത് സഹായകവുമായിരിയ്ക്കും.എന്റെ പേരുപോലും നല്‍കണമെന്നില്ല.പക്ഷേ വ്യക്തികളെ/സ്ഥാപനങ്ങളേ പറ്റി പറയുന്ന ഭാഗങ്ങള്‍ എന്റെ അനുവാദമില്ലാതെയും എന്നെ കാണിയ്ക്കാതേയും പ്രസിദ്ധീകരിയ്ക്കരുതെന്ന് അപേക്ഷയുണ്ട്.ആരും ദുരുപയോഗം ചെയ്യാതിരിയ്ക്കാനുള്ള ഒരു മുന്‍ കരുതല്‍.അത്ര മാത്രം.

ചിലര്‍ക്കൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഒത്തിരിയുണ്ടാകും.ലോകത്ത് പലയിടത്തുനിന്നും ഇതിലും വലിയ അനുഭവങ്ങള്‍ അനുഭവിച്ചവരുണ്ടാകും.പക്ഷേ ഇത് നടന്നിട്ടുള്ളത് സാക്ഷരകേരളത്തിലെ നിങ്ങള്‍ എല്ലാരുമറിയുന്ന രണ്ട് ആശുപത്രികളിലാണ്. നിങ്ങള്‍ എല്ലാരുടേയും കണ്മുന്നിലാണ്. കമ്മ്യൂണിസവും സോഷ്യലിസവും 24/7 ചര്‍ച്ച ചെയ്യുന്ന ഒരു സമൂഹത്തിലാണ്.തീണ്ടലും അയിത്തവും നൂറ്റാണ്ട് മുന്നേ തകര്‍ത്തെറിഞ്ഞ ഒരു സമൂഹത്തിലാണ്.രണ്ട് ആശുപത്രികളും സ്വകാര്യ ആശുപത്രികളുമല്ല എന്നത് പ്രത്യേകം ആലോചിയ്ക്കേണ്ടതാണ്.

ഒന്ന് ഒരു പ്രമുഖ സമുദായമായ നായര്‍മാരുടെ ആരോഗ്യ സേവനത്തിന്റെ തലസ്ഥാനം എന്നു പറയാവുന്നയിടം.എന്ന് മെഡിയ്ക്കല്‍ കോളേജാവുന്നു എന്ന് മുട്ടി നില്‍ക്കുന്ന സ്ഥലം. മറ്റൊന്ന് ഒരു ആശ്രമം നടത്തുന്ന, വസുധൈവകുടുംബകമെന്നും സഹ നാവവതുവെന്നുമൊക്കെ ..സ്നേഹമെന്നും സേവനമെന്നുമൊക്കെ മണിയ്ക്കൂറിന് നൂറുവട്ടം പറയുന്ന ഒരു ഗുരുവിന്റെ ശിഷ്യര്‍ നടത്തുന്നയിടം.ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും ആള്‍ക്കാരെത്തിയിട്ടുള്ള, അമേരിയ്ക്കയില്‍ നിന്നും യൂ കേയില്‍ നിന്നും പരിശീലനം നേടിയവരെക്കൊണ്ട് മുട്ടി, നടക്കാന്‍ വയ്യാത്തയിടം. ദൈനം ദിന ഭരണത്തില്‍ ഗുരു തന്നെ നേരിട്ട് ഇടപെടുന്നു എന്ന് പറയപ്പെടുന്നയിടം..

ഇവിടെയൊക്കെ ക്രൂരമായ മനുഷ്യാവകാശധ്വംസനം എന്നു പറയാവുന്ന തരത്തിലൊക്കെയുള്ള കാ‍ര്യങ്ങള്‍ നടന്നുവെങ്കില്‍ വേറേയെവിടേയും നടക്കാം.പ്രൈവറ്റ് സ്ഥാപനങ്ങളില്‍ എന്തു നടക്കുന്നു എന്ന് ആലോചിയ്ക്കാന്‍ പൊലും അശക്തരാണ് .

ഈ സ്ഥലങ്ങളില്‍ ഇതുവരെ ആരും ഒരുകാലും ചിറകുകളും വിടര്‍ത്തി വിറപ്പിച്ച് എന്റെ പെങ്ങന്മാരുടെ നേരേ ചെല്ലാന്‍ ധൈര്യപ്പെട്ടിട്ടില്ല. എന്റെ സഹോദരന്മാര്‍ തിരിഞ്ഞ് നിന്ന് ചോദിച്ചതിന് പരമാവധി പിരിച്ച് വിടലല്ലാതെ, പല കഷണങ്ങളായി ഒഴുകി നടക്കേണ്ടി വന്നിട്ടില്ല.അതിശയോക്തിയായേക്കാം എന്നാലതും നടക്കാന്‍ അധിക സമയമൊന്നും വേണ്ടാ..

വ്യക്തിപരമായി എനിയ്ക്കിപ്പോ സുഖമാണ്..ആരും ഒന്നും പറയില്ല‍. യാതൊരു വിവേചനവുമില്ല. അപ്പുറത്തെ മുറികളില്‍ ഡോക്ടര്‍മാര്‍ ഉറങ്ങുന്നു. അവര്‍ക്ക് ഞങ്ങള്‍ ഇപ്പുറത്തെ മുറികളില്‍ താമസിയ്ക്കുന്നത് കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. എനിയ്ക്കും തുല്യ കഴിവുകളും ബിരുദവുമുള്ള ഡോക്ടര്‍ക്കും ഒരേ ശമ്പളമാണ്..തൊഴില്‍ സ്ഥലത്തെ അന്തരീക്ഷം , എനിയ്ക്ക് ജോലി ചെയ്യാന്‍ പരമാവധി അനുകൂലമാക്കുന്നതില്‍ എന്റെ തൊഴിലുടമ ബാധ്യസ്ഥനാണ്. എന്റെ മുറി വൃത്തിയാക്കാന്‍ വരുന്ന ചേച്ചി ഇവിടുത്തെ അക്കൊമൊഡേഷന്‍ മാനേജരുടെ മകളാണ്. അവര്‍ എന്നെക്കാളും ചെറിയ ജോലിയാണ് ചെയ്യുന്നുവെന്ന് എനിയ്ക്കോ അവര്‍ക്കോ വിചാരമില്ല.ലോണ്‍ മുറിയ്ക്കാന്‍ വരുന്ന ചേട്ടന്‍ ഹോര്‍ട്ടിക്കള്‍ച്ചറില്‍ എനിയ്ക്ക് റേഡിയോളജിയിലുള്ള അറിവ് പോലെ തന്നെ അറിവുള്ളായാളാണ്. സോഫ്റ്റ്വേര്‍ എഞ്ചിനീയറാന്മാര്‍ ഇവിടെ ജോലി മടുക്കുമ്പോള്‍ ചുടുകട്ടയടുക്കുകാരായി പരിശീലനം നേടി (എഞ്ചിനീയറാണെന്ന് പറഞ്ഞ് നേരേ ജോലി ചെയ്യാന്‍ പറ്റില്ല.)ജോലി ചെയ്യുന്നു. എന്റെ വര്‍ക്പ്ലേസിലെ കസേര കൊടുക്കണമെന്ന് പറഞ്ഞാല്‍ "പോയി പണി നോക്ക് രാമാ " എന്ന് എനിയ്ക്ക് ഇതിന്റെ ഡയറക്ടറോട് പോലും പറയാം.ഡോക്ടേഴ്സ് ഒണ്‍ലി എന്നെങ്ങാനുമൊരു ബോര്‍ഡ് വച്ചാല്‍ തൊഴില്‍ വകുപ്പ് ആശുപത്രി പൂട്ടി സീലു ചെയ്യും.

അപ്പോഴാണ് ഞാനനുഭവിച്ചതൊക്കെ അപമാനമായിരുന്നെന്ന് എനിയ്ക്ക് മനസ്സിലായത്.ഇപ്പോഴും എന്റെ സഹോദരങ്ങള്‍ അതനുഭവിയ്ക്കുന്നു.ദിവസേന...ആ അപമാനം ഒട്ടും ഇനി സഹിയ്ക്കാന്‍ വയ്യ..പാടില്ല..

എന്റെ പോസ്റ്റുകളില്‍ ആരും കമന്റിടണമെന്നോ വായിയ്ക്കണമെന്നോ ഞാന്‍ ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല.പക്ഷേ ഇതില്‍ അങ്ങനെയൊരാഗ്രഹമുണ്ട്.ഇതൊരു ചര്‍ച്ചയുടെ ആരംഭമാകട്ടേ. വൈദ്യരംഗത്തുനിന്നും തുടങ്ങി എല്ലാ രംഗങ്ങളിലുമുള്ള ജോലിസ്ഥലത്തെ വിവേചനത്തിനെതിരേ ഒരു തുള്ളിയുപ്പെങ്കിലത്.. അതാവട്ടേ..

ഇതിനൊക്കെയെതിരേ എന്ത് ചെയ്യണമെന്ന് അറിവുള്ളവര്‍ പറഞ്ഞ് തരിക. നിയമപരമായും അല്ലാതേയും...