Tuesday, December 31, 2013

ശിവഗിരി തീർത്ഥാടനം.

കോട്ടയം നാഗമ്പടം ക്ഷേത്രത്തിനടുത്തുള്ള ഒരു മാവിൻ ചുവട്ടിൽ സ്വാമിയും കൂട്ടരും വിശ്രമിയ്ക്കുമ്പോഴാണ് ശിവഗിരി തീർത്ഥാടനത്തെപ്പറ്റി വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരും, ടീ കേ കിട്ടൻ റൈട്ടറും നാരായണഗുരുവിനോട് സംഭാഷണമാരംഭിയ്ക്കുന്നത്. ആ സംഭാഷണം താഴെ ചേർക്കുന്നു.

വൈദ്യർ: റൈട്ടർക്ക് തൃപ്പാദസന്നിധിയിൽ ഒരു കാര്യം ഉണർത്തിച്ച് അനുവാദകൽ‌പ്പന വാങ്ങിപ്പാനുണ്ട്.

ഗുരു: എന്താണ്? പറയാമല്ലോ.

വൈദ്യർ: കാര്യങ്ങൾ ചോദ്യരൂപത്തിൽ അക്കമിട്ട് എഴുതിവച്ചിരിയ്ക്കുകയാണ്. കൽ‌പ്പിച്ചാൽ റൈട്ടർ വായിച്ചുകൊള്ളും.

റൈട്ടർ: ശിവഗിരി തീർത്ഥാടനം എന്ന് വായിച്ചു.

ഗുരു:തീർത്ഥാടനമോ? ശിവഗിരിയിലോ? കൊള്ളാം. നമ്മുടെ കുഴൽ വെള്ളത്തിൽ കുളിയ്ക്കാം*. ശാരദാദേവിയെ വന്ദിയ്ക്കുകയും ചെയ്യാം. നല്ല കാര്യം. വായിയ്ക്കണം. കേൾക്കട്ടെ.

റൈട്ടർ: കേരളത്തിലെ ഈഴവർക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങൾ കൽ‌പ്പിച്ച് അനുവദിയ്ക്കണമെന്ന് അപേക്ഷിയ്ക്കുന്നു.

ഗുരു: വർക്കല ജനാർദ്ധനം പുണ്യസ്ഥലമാണല്ലോ. അതിനടുത്ത് ശിവഗിരി കൂടി പുണ്യസ്ഥലമാകുമോ?

റൈട്ടർ: ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഞങ്ങൾക്കാർക്കും പ്രവേശനമില്ല. അല്ലാതെ പോകുന്നവർക്ക് ഹേമദണ്ഡങ്ങളും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത്. തൃപ്പാദങ്ങൾ കൽ‌പ്പിച്ചാൽ ശിവഗിരി പുണ്യസ്ഥലമാകും. കൽ‌പ്പന ഉണ്ടായാൽ മതി.

ഗുരു: നാം പറഞ്ഞാൽ ശിവഗിരി പുണ്യസ്ഥലമാകുമെന്ന് റൈട്ടരും വൈദ്യരും വിശ്വസിയ്ക്കുന്നു അല്ലേ?

വൈദ്യർ: ഞങ്ങൾ പൂർണ്ണമായി വിശ്വസിയ്ക്കുന്നു.

ഗുരു: അപ്പോൾ ഞാൻ പറയുകയും നിങ്ങൾ രണ്ടാളും വിശ്വസിയ്ക്കുകയും ചെയ്താൽ ആകെ മൂന്നുപേരായി. മതിയാകുമോ?.

വൈദ്യർ: കൽ‌പ്പന ഉണ്ടായാൽ ഞങ്ങൾ ഇരുപത് ലക്ഷവും ഞങ്ങളെപ്പോലെയുള്ള മറ്റ് അധഃകൃതരും ശിവഗിരി പുണ്യസ്ഥലമായി സ്വീകരിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്യും.

ഗുരു: വിശ്വാസമുണ്ടല്ലോ. കൊള്ളാം. അനുവാദം തന്നിരിയ്ക്കുന്നു.

റൈട്ടർ: തീർത്ഥാടകർ ആണ്ടിലൊരിയ്ക്കൽ ശിവഗിരിയിൽ വരണമെന്നാണ് ആഗ്രഹിയ്ക്കുന്നത്. അത് എപ്പോൾ, ഏത് മാസം, തീയതി, ആഴ്ച, നക്ഷത്രം ആയിരിക്കേണമെന്ന് കൽ‌പ്പന ഉണ്ടായിരിയ്ക്കണം.

ഗുരു:(അൽ‌പ്പം ആലോചിച്ചിട്ട്), തീർത്ഥാടകർ ശിവഗിരിയിൽ വന്ന് കൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിന് ആയിക്കൊള്ളട്ടെ. ജനുവരി മാസം ഒന്നാം തീയതി. അത് നമ്മുടെ കണക്കിനു ധനു മാസം പതിനാറ് പതിനേഴ് തീയതികളിലായിരിയ്ക്കും. അത് കൊള്ളാം നല്ല സമയം.

റൈട്ടർ: തീർത്ഥാടകർ വല്ല വൃതവും ആചരിയ്ക്കണമോ? അതിന്റെ രീതികൾക്ക് കൽ‌പ്പന ഉണ്ടാകണം.

ഗുരു: നീണ്ട വൃതവും കഠിനവ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിച്ചെന്ന് വരില്ല. പത്ത് ദിവസത്തെ വൃതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോട് കൂടി ആചരിച്ചാൽ മതിയാകും. വൈദ്യർ എന്ത് പറയുന്നു?

വൈദ്യർ: കൽ‌പ്പിച്ചതു ധാരാളം മതിയാകും.

ഗുരു: കൊള്ളാം അത് മതി, നന്നായിരിയ്ക്കും.

റൈട്ടർ: തീർത്ഥാടകരുടെ വസ്ത്രധാരണരീതിയിൽ വല്ല പ്രത്യേകതയും ഉണ്ടായിരിയ്ക്കണമോ?

ഗുരു: വെള്ള വസ്ത്രം ഗൃഹസ്ഥന്മാരുടെത്. കാഷായം സംന്യാസിമാർക്ക്, കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാർക്ക്. ശിവഗിരി തീർത്ഥാടകർക്ക് മഞ്ഞവസ്ത്രം ആയിക്കൊള്ളട്ടെ. ശീകൃഷ്ണന്റേയും ശ്രീബുദ്ധന്റേയും മുണ്ട്. അത് കൊള്ളാം നന്നായിരിയ്ക്കും.

(ആ സമയം കൂട്ടത്തിൽ നിന്നൊരാൾ, തീർത്ഥാടകർ രുദ്രാക്ഷം ധരിയ്ക്കണമോ?)
ഗുരു: വേണ്ട, രുദ്രാക്ഷം കുറേ ഉരച്ച് പച്ചവെള്ളത്തിൽ കുടിയ്ക്കുന്നത് നന്നായിരിയ്ക്കും. ഗുണമുണ്ടാകാതെയിരിയ്ക്കില്ല.

(അഭിമുഖസന്ദർശകർ തലേന്നാൾ രാത്രിയിൽ തയ്യാറാക്കിക്കൊണ്ട് വന്ന ചോദ്യങ്ങൾ ഇവിടെ അവസാനിച്ചു. പക്ഷേ ഗുരു തുടർന്നു)
ഗുരു: ഇനി എന്തെങ്കിലും ചോദിപ്പാനുണ്ടോ?

റൈട്ടർ: ഇനി ഒന്നുമില്ല.

ഗുരു: ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധി അറിയാമോ വൈദ്യർക്ക്?
വൈദ്യർ: അറിയാം,

ഗുരു: പറയണം കേൾക്കട്ടെ.
വൈദ്യർ:ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക് ശുദ്ധി, കർമ്മശുദ്ധി.

ഗുരു: ശരി, ഇതനുഷ്ഠിച്ചാൽ മതിയാകും.(അൽ‌പ്പം കഴിഞ്ഞ്) മഞ്ഞവസ്ത്രം എന്ന് പറഞ്ഞതിനു മഞ്ഞപ്പട്ട് വാങ്ങിയ്ക്കാൻ ആരും തുനിയരുത്. കോടിവസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തിലിരിയ്ക്കുന്ന വെള്ളവസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചാൽ മതി.പിന്നീട് അലക്കിത്തെളിച്ച് എടുത്ത്കൊള്ളാമല്ലോ.യാത്ര ആർഭാടരഹിതമാക്കണം. വിനീതമായിരിയ്ക്കണം. ഈശ്വരസ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിയ്ക്കുന്നത് കൊള്ളാം. 

തീർത്ഥയാത്രയുടെ പേരിൽ ആർഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്. കോട്ടയത്ത് നിന്ന് ഒരാൾ ശിവഗിരിയ്ക്ക് പോയി രണ്ട് ദിവസം താമസിച്ച് തിരികെ വരുന്നതിന് എന്ത് ചിലവു വരുമെന്ന് നോക്കാം. (അൽ‌പ്പനേരം കണക്കുകൂട്ടുന്നതിനായി ആലോചിച്ചിട്ട്) മൂന്നു രൂപായുണ്ടെങ്കിൽ കുറച്ച് ചക്രം മിച്ചമുണ്ടായിരിയ്ക്കും.അത് ധാരാളം മതിയാകും. 

ഈഴവർ പണമുണ്ടാക്കും. പക്ഷേ മുഴുവൻ ചെലവു ചെയ്ത് കളയും. ചിലർ കടം കൂടി വരുത്തിവയ്ക്കും. അത് പാടില്ല. മിച്ചം വയ്ക്കാൻ പഠിയ്ക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നോക്കം. ഈ രീതി മാറണം. മാറ്റണം.
(എല്ലാം കുറിച്ചെടുത്ത് കക്ഷത്തിൽ മടക്കി വച്ചിരിയ്ക്കുന്ന സന്ദർശകരോട്)

ഇനി ഒന്നുമില്ലല്ലോ ചോദിപ്പാൻ?

സന്ദർശകർ: ഇല്ല.

(രണ്ട് മൂന്ന് മിനിട്ട് കഴിഞ്ഞ് പ്രധാനിയെ നോക്കി കൈവിരൽ ചൂണ്ടിക്കൊണ്ട്) ഗുരു: ഈ തീർത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശമെന്ത്? ഒന്നുമില്ലെന്നുണ്ടോ?

റൈട്ടർ: ഉദ്ദേശങ്ങൾ മുൻപ് കൽ‌പ്പിച്ചിട്ടുണ്ടല്ലോ.

ഗുരു: അത് അതിന്റെ രീതികളല്ലായോ? രീതികളാണോ ഉദ്ദേശം.

(ആരും മറുപടി പറഞ്ഞില്ല)
ഗുരു: വൈദ്യർ എന്ത് പറയുന്നു? തീർത്ഥാടനത്തിന് ഉദ്ദേശം ഒന്നുമില്ലെന്നുണ്ടോ?
(മറുപടിയില്ല).

അടുത്തുണ്ടായിരുന്ന സംന്യാസിമാരേയും ചുറ്റുപാടും നിന്നിരുന്ന ജനപ്രമാണികളേയും ഗുരുദേവൻ നോക്കി. എന്നിട്ട് അൽ‌പ്പം ഗൌരവഭാവത്തിൽ തുടർന്നു: ആണ്ടിലൊരിയ്ക്കൽ കുറെ ആളുകൾ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും മഞ്ഞവസ്ത്രവും ധരിച്ച് യാത്രചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റും നടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി വീടുകളിൽ ചെല്ലുന്നത്കൊണ്ട് എന്തു സാധിച്ചു? ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടുകളും. അത് പാടില്ല. എന്ത് പ്രവൃത്തിയ്ക്കും ഒരു ഉദ്ദേശം വേണം.

(ഗുരുദേവൻ പ്രധാനിയുടെ നേർക്ക് നോക്കിക്കൊണ്ട് ‘എഴുതുക‘ എന്ന് പറഞ്ഞു)

ഗുരു: ശിവഗിരി തീർത്ഥയാത്രയുടെ ഉദ്ദേശങ്ങൾ - സാധിയ്ക്കേണ്ട കാര്യങ്ങൾ- അതിന്റെ ലക്ഷ്യം (ഇടതു കൈയ്യുടെ വിരലുകളൊരോന്നായെണ്ണിക്കൊണ്ട്.)

ഒന്ന് : വിദ്യാഭ്യാസം, രണ്ട്: ശുചിത്വം, മൂന്ന്: ഈശ്വരഭക്തി, നാല്: സംഘടന, അഞ്ച്: കൃഷി, ആറ്: കച്ചവടം, ഏഴ്: കൈത്തൊഴിൽ, എട്ട്: സാങ്കേതിക പരിശീലനങ്ങൾ.
മനസ്സിലായോ ഈ വിഷയങ്ങൾ. ഓരോരോ വിഷയത്തിലും വൈദഗ്ധ്യം ഉള്ളവരെ ക്ഷണിച്ച് വരുത്തി പ്രസംഗം പറയിക്കണം. ജനങ്ങൾ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിയ്ക്കണം. അതിൽ വിജയം പ്രാപിയ്ക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും.
ഈഴവർക്ക് മാത്രമല്ല ഈഴവരിലൂടെ എല്ലാ സമുദായക്കാർക്കും അഭിവൃദ്ധിയുണ്ടാകണം. അങ്ങനെ ജീവിതം മാതൃകാപരമാകണം. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിയ്ക്കണം. മനസ്സിലായോ?

ഗുരു പറഞ്ഞ് നിർത്തി.

(സംഭാഷണം മുഴുവനായും പ്രൊഫസർ എം കേ സാനു എഴുതിയ നാരായണ ഗുരുസ്വാമി എന്ന പുസ്തകത്തിൽ നിന്ന് പകർത്തിയെഴുതിയതാണ്. H&C Publications 2007. ചിത്രം വിക്കീമീഡിയാ കോമൺസിൽ നിന്ന് )

*ശിവഗിരിയിലെ കുഴൽ‌വെള്ളം: ക്ഷേത്രങ്ങളിൽ സന്ദർശനത്തിനു വരുന്നവർക്ക് കുളിയ്ക്കാൻ കുളങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതിനോട് നാരായണഗുരുവിനു അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കുളങ്ങൾ ശുചിയായി സൂക്ഷിയ്ക്കാൻ സാധ്യമല്ല. അതുകൊണ്ട് കുഴലുകൾ വച്ച് തലയ്ക്കു മീതെ വെള്ളം വന്നു വീഴത്തക്കവിധം ഉണ്ടാക്കിയ ഒരുപാട് ചെറു ചെറു കുളിമുറികൾ ആണ് ശിവഗിരിയിൽ വേണ്ടതെന്ന് നാരായണഗുരു പറഞ്ഞിട്ടുണ്ട്. അത് അങ്ങനെയാണവിടെ ഏർപ്പാടു ചെയ്തിരിയ്ക്കുന്നത്.

എല്ലാവർക്കും നവവത്സരാശംസകൾ. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.

Tuesday, December 10, 2013

സാമൂഹിക പരിണാമത്തേയും ശൈശവവിവാഹത്തേയും കുറിച്ച്

പൂർണ്ണമായ ഊഹാപൊഹയങ്ങളാണ് പറയാൻ തോന്നുന്നത്.

ആദ്യത്തേത് ഒരു സർവലോക പ്രമാണമാണ്.. ചരിത്രത്തിൽ ഒരു മാവേലിലോകം ഉണ്ടെന്ന് ചരിത്രത്തിൽ അഭിമാനിയ്ക്കുനവരും മറ്റു ചിലരും വിശ്വസിയ്ക്കുന്നത് ഒരു മിത്താണ്.

ഇന്നില്ലാത്ത മാവേലിലോകമൊന്നും ഒരിയ്ക്കലും നിലനിന്നിട്ടില്ല. ഭാരതത്തിലും പണ്ട് മാവേലി ലോകവും പിന്നീട് വൈദേശികാക്രമണത്തിൽ നമ്മളിങ്ങനെയും ആയൊന്നും മാറിയതല്ല. ഒരു ഗോത്ര സമൂഹത്തിൽ നിലനിന്നിരുന്ന പല കാര്യങ്ങളും വലിയൊരു വിസ്തൃതിയുള്ള ഈ ഭൂമികയിലും നിലനിന്നു. ആ സാമൂഹ്യ ചുറ്റുപാടുകളിൽ അതിൽ വലിയൊരു ശരികേടുണ്ടായിരുന്നെന്ന് പറയാനും വയ്യ. ഒരുപാട് അനാചാരങ്ങൾ നിലവിലുണ്ടായിരുന്നു. തീർച്ചയായും.

പക്ഷേ ഒരു കുട്ടി വേറൊരു കുട്ടിയെ അതായത് പതിമൂന്നോ പതിനാലോ വയസായ രണ്ട് പേർ കല്യാണം കഴിയ്ക്കുന്നതിൽ ഒരു ആദ്യകാല കർഷക സമൂഹത്തിൽ അനാചാരമായിരിയ്ക്കുക വയ്യ.ശരാശരി ആയുർദൈർഘ്യം മുപ്പതോ നാപ്പതോ ആയ ഒരു സമൂഹത്തിൽ പിന്നെയെന്ന് കുടുംബം തുടങ്ങണമെന്നാണ്? എത്രയും പെട്ടെന്ന് കുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റ് തുടങ്ങുക എന്നതാണ് അത്തരം സമൂഹത്തിൽ ലാഭകരമായ വ്യവസായം. കാർഷികവൃത്തിയോ കന്നുകാലിമേയ്ക്കലോ ഒഴിച്ച് മറ്റൊരു പഠനമോ മറ്റോ അവിടെയില്ല താനും. ദാരിദ്യമാണിവിടെ ശൈശവ വിവാഹത്തിനു കാരണം. ലോകമെങ്ങും, ഭാരതത്തിൽ മാത്രമല്ല, ലോകമെങ്ങും ഉള്ള ആദികാല കർഷകസമൂഹത്തിൽ ഇങ്ങനെ ശൈശവ വിവാഹം നിലവിലുണ്ടായിരുന്നു.

കാർഷിക സമൂഹം ഫ്യൂഡൽ രീതിയിൽ പുനസംഘടിപ്പിച്ച സമൂഹങ്ങളിൽ ഫ്യൂഡൽ എലീറ്റിനു ഇങ്ങനെയുള്ള പല ‘ലാഭകരമായ വ്യവസായ‘ങ്ങളും ഒരു ഏളുതരമായിത്തീർന്നു. അവരുടെ പ്രബലമായ വിഭാഗങ്ങൾക്കായി ഈ വഴക്കങ്ങൾ പലതും ആചാരങ്ങളായും ആചാരങ്ങൾ പാലിയ്ക്കാൻ മതനിർബന്ധം കൂടെയാവുമ്പൊ അനാചാരങ്ങളായും മാറി. ഫ്യൂഡൽ സവർണ്ണരിലോ? അവർക്ക് പഠിയ്ക്കാനും അവരവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും അവസരമുണ്ടായതോടെ ‘ബ്രഹ്മചര്യം’ (പഠനം) പൂർത്തിയായ ശേഷമേ ഗൃഹസ്ഥാശ്രമം പാടൂ എന്ന് നിയമമായി. പഠനം വേണ്ടാത്തവർക്ക് അതായത് ഫ്യൂഡൽ സവർണ്ണരിലെയായാലും സ്ത്രീകൾക്കും അവർണ്ണർക്കും അപ്പോഴും ശൈശവ വിവാഹം ആവാം. മാത്രമല്ല ആവണം . കാരണം അതിപ്പൊ നമ്മടെ ‘ട്രെഡിഷന്റെ’ ഭാഗമാണ്. ‘ട്രെഡിഷൻ‘ നിലനിന്നാലേ ഫ്യൂഡൽ സമൂഹം നിലനിൽക്കൂ. http://www.youtube.com/watch?v=gRdfX7ut8gw :)

ആധുനിക സമൂഹം ലോകത്തെല്ലായിടത്തും വ്യവസായവൽക്കരിച്ച സമൂഹങ്ങളാണ്. പല ഫ്യൂഡൽ ആചാരങ്ങളും രീതികളും വളരെപ്പെട്ടെന്നാണ് അനാചാരങ്ങളാവുന്നത്. ലോകത്തെ ചില ഭാഗങ്ങൾ വളരെപ്പെട്ടെന്ന് ഇൻഡസ്ട്രിയലൈസ്ഡ് ആവുകയും അവർ മറ്റു ഭാഗങ്ങളെ കീഴ്പ്പെടുത്തുകയും ചെയ്യാൻ തുടങ്ങിയതോടെ ഭരണവർഗ്ഗത്തിന്റെ അനാചാരങ്ങൾ അതാത് ലോകത്തിലെ ഭരണവർഗ്ഗങ്ങൾക്കും അനാചാരങ്ങളായി മാറി. ശൈശവവിവാഹത്തോടൊപ്പം മാട്രിയാർക്കി, പോളിഗമി ഒക്കെ അനാചാരമായത് ഓർക്കുക. വ്യവസായവൽക്കരിച്ച സമൂഹങ്ങളിൽ ആണിനും പെണ്ണിനും കൂടിയ ജീവിതദൈർഘ്യമുണ്ട്, വ്യവസായശാലകളിൽ മാനേജർമാരായും ബാക്കി ക്ലർക്കുമാരായും ജോലി ചെയ്യണമെങ്കിൽ കോമ്പ്രിഹെൻസീവ് എഡ്യൂക്കേഷനും കോളേജ് പഠനവും കൂടിയേ കഴിയൂ.

ആദ്യകാല വ്യസയായവൽക്കരണം നടന്ന സമൂഹങ്ങളുടെ ഒരു നേർക്കാഴ്ചയാണ് ഡിക്കൻസിന്റെ എ ക്രിസ്സ്മസ് കരോൾ.
http://en.wikisource.org/wiki/A_Christmas_Carol_(Dickens)

വിവാഹം ആ സമൂഹത്തിൽ അതായത് നമ്മുടെ ഈ സമൂഹത്തിൽ വലിയ രീതിയിൽ അനാചാരവും നഷ്ടവുമായ ഒരു വ്യവസായമായി മാറി. മനുഷ്യൻ അവന്റെ ഇരുപതുകളിൽ കെട്ടുന്നതാണ് ഇപ്പൊ ലാഭകരമായ വ്യവസായം. അതോണ്ട് ശൈശവവിവാഹം ഏത് വിലകൊടുത്തും സമൂഹം ഇല്ലാതെയാക്കണം. കർഷകവൃത്തിയിലെപ്പോലെ കൂട്ടുകുടുംബമായി സ്ഥലം സംരക്ഷിക്കേണ്ട കാര്യമൊന്നും നമ്മൾക്കില്ല. അപ്പൊ അണുകുടുംബങ്ങളും വ്യവസായശാലകളിൽ ജോലി ചെയ്യുന്ന ഭർത്താവിനനുസരിയ്ക്കുന്ന ഭാര്യയും ഒക്കെ ‘പൂമുഖ വാതിലിൽ സ്നേഹം വിടർത്താൻ തുടങ്ങി’. കുറച്ചൂടെ കഴിഞ്ഞപ്പൊ സ്ത്രീകൾ എന്ന പാതി പോപ്പുലേഷൻ കുട്ടികളെ വളർത്തിയിരുന്നാൽ നമ്മുടെ ശാലകൾക്കും ടെക്നോ പാർക്കുകൾക്കും ഒക്കെ ഭീകര നഷ്ടം ആയി മാറിയപ്പൊ അവരെ ജോലിക്കെടുക്കാൻ തുടങ്ങി. എന്തായി? സ്ത്രീകൾക്ക് പണിയെടുക്കുമ്പൊ അവൾക്ക് സ്വാതന്ത്ര്യം എന്നൊരു ഫീലിങ്ങ് കൊടുക്കണമെന്നത് ‘ലാഭകരമായ വ്യവസായമായി‘.

ഇനി ഇന്നത്തെ അവസ്ഥയിൽ വ്യവസായശാലയുടെ മാനേജർ കോടിക്കണക്കിനു സമ്പാദിക്കുന്നു. പാവം ചുമട്ടുകാരൻ അഞ്ചുരൂപയ്ക്ക് പണിയെടുക്കുന്നു. ചുമട്ടുകാരനില്ലേൽ മാനേജറുണ്ടോ? ചുമട്ടുകാരനെയല്ലേ മാനേജ് ചെയ്യേണ്ടത്. അത് കൊണ്ട് ചുമട്ടുകാരന്റെയും ജീവിതം അൽ‌പ്പം മെച്ചപ്പെടണ്ടേ? ഇത്രയും ലാഭം മുതലാളിമാർ ഉണ്ടാക്കുന്നത് നല്ലതോ? വാളുമെടുത്ത് തുള്ളും നമ്മൾ, ഞാൻ ഇത്രയും കാലം പണിയെടുത്ത് സീനിയർ ആയും, ടീം ലീഡർ ആയും പ്രൊജക്ട് മാനേജർ ആയും സമ്പാദിച്ച ശമ്പളം ചുമട്ടുകാരനു നൽകുകയോ? നെവർ. നോ നോ. രണ്ട്ചെടികളേ രണ്ട് ചട്ടിയിൽ വളർത്തി രണ്ടിനും വെള്ളംഴിച്ചാൽ രണ്ടും രണ്ട് രീതിയിൽ വളരൂല്ലേ. ഒരിയ്ക്കലും ചുമട്ടുകാരനു പ്രൊജക്ട് മാനേജരുടെ ശമ്പളം പാടില്ല. (പണ്ടൊരാൾ ഒരേ ചെടിയുടെ തന്നെ ഇലകൾ എല്ലാം വ്യത്യാസമല്ലേ, ചിലത് കരിഞ്ഞും ചുളുങ്ങിയും ചിലത് നല്ലതായും ഇരിയ്ക്കുന്നിലേ എന്ന് ന്യായവാദം മുഴക്കി.. പിഴിഞ്ഞ് നോക്കടേ എന്ന് പറഞ്ഞുകൊടുത്തു.യേത്. ന്യായമൊക്കെ അന്ന് തീർന്നു. )

ആദ്യകാല കാർഷിക സമൂഹത്തിൽ നിന്ന് വ്യവസായത്തിലെത്തിയത് പോലെ ഒരു ദിവസം ചുമട്ടുകാരനു പ്രൊജക്ട് മാനേജരുടെ ശമ്പളം നൽകുന്നതാണ് ലാഭമെന്ന ഒരവസ്ഥ വരും. അന്ന് അവർ പറയും.. ഈ വൃത്തികെട്ട ആദ്യകാല സമൂഹങ്ങളെന്താണ് ചെയ്തിരുന്നത്? പലർക്കും പല ശമ്പളമോ? കാടന്മാർ ..എന്നൊക്കെ കളിയാക്കി അവർ അന്ന് മാനേജർക്ക് ചുമട്ടുകാരനും ഒരേ ശമ്പളവും സാമൂഹികാന്തസ്സും നൽകാത്ത സമൂഹങ്ങളെ നിയമപരമായി ശിക്ഷിക്കണമെന്ന് നിയമങ്ങൾ പാസാക്കി സുഖമായിരിയ്ക്കും

പണ്ട് എവിടെയോ ഒരു പോസ്റ്റ് കണ്ടിരുന്നു കാക്കശ്ശേരി ഭട്ടതിരിയുടെ പോസ്റ്റ്. +സജി സത്യപാലൻ ന്റെ പോസ്റ്റാണ്
---
"ഭട്ടതിരിക്ക് തീണ്ടലെന്നും തൊടീലെന്നും മറ്റുമുള്ള അജ്ഞാനങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹം ആർ ചോറു കൊടുത്താലും ഉണ്ണും. ക്ഷേത്രങ്ങളിലും ബ്രാഹ്മണാലയങ്ങളിലുമെല്ലാം കേറുകയും എല്ലാവരെയും തൊടുകയും എല്ലാം ചെയ്യും. കുളി സുഖത്തിനും ശരീരത്തിലെ അഴുക്കു പോകുന്നതിനുമെന്നല്ലാതെ ശുദ്ധിക്കായിട്ടാണെന്നുള്ള വിചാരം പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല" 'കാക്കശ്ശേരി ഭട്ടതിരി'-ഐതിഹ്യമാല.

തലയ്ക്കു വെളിവുള്ളവനെല്ലാം അന്നും കാര്യങ്ങൾ വ്യക്തമായിരുന്നു.“
---
ശരിതന്നെ. തലയ്ക്ക് വെളിവുള്ളവനെല്ലാം എന്നും നല്ല തെളിഞ്ഞ ഇളകാത്ത വെള്ളം പോലെ കാര്യങ്ങൾ വ്യക്തമായിരുന്നു.

(സുധീഷിന്റെ ഈ ഗൂഗിൾ+ പോസ്റ്റിലെ കമന്റാണ്.)