Saturday, May 08, 2010

വൈറ്റില ആലുവാ വഴിയിലോടുന്ന വോള്‍വോ ബസുകള്‍


പതിവു പോലെ ആരെയൊക്കെയോ ശപിച്ചു കൊണ്ടു (അതു മൊബൈല്‍ കണ്ടുപിടിച്ചവനേയൊ കോളിംഗ് ബെല്ല് കണ്ടുപിടിച്ചവനേയൊ ഒക്കെ ആണെന്നു തോന്നുന്നു) ഞാന്‍ ഇന്നും ഉണര്‍ന്നു.

ദിവസത്തില്‍ 23 മണിക്കൂറും ജോലിയെ കുറിച്ചു മാത്രം ചിന്തിക്കാന്‍ വിധിക്കപ്പെട്ട എന്നെ പൊലെ ഒരാള്‍ക്ക്.....ഒരുപാടു പേരില്‍ ഒരാള്‍ക്ക് , പ്രഭാതം എന്നു പറയുന്നതു ഒരു തരം മരവിപ്പാണ്.....ഒരു ദിവസം മുഴുവനുള്ള മരവിപ്പിനെ കുറിച്ചൊര്‍ത്തുള്ള മരവിപ്പ്.

പിന്നെ പതിവു  പോലെ ചടങ്ങുകള്‍....പല്ല് തേപ്പ്...കുളി....വേഷം കെട്ടല്‍......ഇന്നു ആരെയൊക്കെ പറ്റിക്കണം എന്നതിന്റെ ഓര്‍മ്മപ്പെടലുകള്‍.....ഒടുവില്‍ തിരക്കു പിടിച്ചുള്ള ഓടലും.ഓടുന്നതിനിടയില്‍ മുകളിലെ ചടങ്ങുകളില്‍  ഒന്നു മാത്രമായ മാതൃ സ്നേഹവും.....ഫോണിലൂടെ......” ഹലൊ അമ്മ....തിരക്കാ.....ശമ്പളം കിട്ടിയില്ല..അയക്കാം....ലീവ് ഇല്ല....ഈ മാസം വെരാന്‍ പറ്റില്ല....നോക്കാം..... സുഖമല്ലേ.....വെക്കുന്നു...ബസ് വന്നു....”....കഴിഞ്ഞു.

ഇന്നു ഞാ‍ന്‍ പോകുന്ന ബസ് കുറച്ചു വൈകി.ബസ് എന്നു പറഞാല്‍ ....കേന്ദ്രം അമേരിക്കയുടെ കയ്യില്‍ നിന്നും കടം വാങ്ങി കേരളത്തിനു  നല്‍കിയ AC CITY BUS....നാലിരട്ടി പണം കൊടുക്കണമെങ്കിലും സംഗതി കുശാലാ‍.....
എ സി.....പാട്ട്.....ചുറ്റിലും മിണ്ടാതെ .... ചിരിയ്ക്കാതെ ഇരിക്കുന്ന വലിയ ആള്‍ക്കാര്‍....ആകെ കൂടി ഒരു കെട്ടിമാറാപ്പു തന്നെ.

ഞാന്‍ കയറി അടുത്ത  സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ അവിടെ നിന്നും ഒരു നാടോടി കുടുംബം ഈ ബസില്‍ കയറാനായി വന്നു.....കുളിക്കാതെ....കയ്യില്‍ കുറേ തുണി കെട്ടുകളുമായി ഒരു കുടുംബം.....ഒരു അച്ഛന്‍ അമ്മ മോന്‍ മോള്‍.......ആ കുഞ്ഞുങ്ങള്‍ ഈ ബസ് കണ്ടപ്പോള്‍ തുള്ളിച്ചാടുന്നുണ്ടായിരുന്നു.

ആ‍ അച്ഛന്‍ ബസിലേക്കു കയറി....

“കേറല്ലേ...കേറല്ലേ..ഇതു കണ്ട തെണ്ടികള്‍ക്കു കയറാനുള്ളതല്ല.....“കണ്ടക്റ്റര്‍ ഏമാന്‍ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു..അതു കേട്ടു ചിരിക്കാന്‍  ബാക്കി എമാന്‍മാര്‍....

അയാള്‍ കണ്ടക്ടറെ ഒന്നു നൊക്കി...എന്നിട്ടു പുറത്തു നിന്നും ആ തുണി കെട്ടുകളെയും കുട്ടികളേയും എടുത്ത് ബസ്സിനുള്ളിലെക്കു ഇട്ടു.....പുറകേ ആ സ്ത്രീയും കയറി.....

“ആലുവ വരെ ഒരാള്‍ക്കു 32 രൂപാ ആകും...കുട്ടികള്‍ക്ക് പകുതി എടുക്കണം....മൊത്തം 96 രൂപാ...കയ്യില്‍ കാശ് ഉണ്ടെങ്കില്‍ കയറിയാല്‍ മതി...ഇല്ലെങില്‍ ഇറങ്ങിയ്ക്കോണം....മനുഷ്യനെ മെനെക്കെടുത്താതെ.....” കണ്ടക്ടര്‍ വീണ്ടും പറഞ്ഞു....

അപ്പോള്‍ ആ‍ സ്ത്രീ ...ആ‍ കുട്ടികളുടെ അമ്മയാകും.....ആവാം......കയ്യില്‍ മുറുക്കി പിടിച്ചിരുന്ന ചുളുങ്ങി മുഷിഞ്ഞ ഒരു 100 രൂപാ നോട്ടു കണ്ടക്ടറുടെ കയ്യിലേക്കു കൊടുത്തു....പിന്നെ ആരും ഒന്നും മിണ്ടിയില്ല.....

അവര്‍ നാലു പേരും കൂടി ഞാന്‍ ഇരുന്നതിനു മുന്‍പിലായി വന്നു ഇരുന്നു.....അവര്‍ എതോ മായാ ലോകത്തു ഇരിക്കുന്നതു പോലെ ആയിരുന്നു.....ആ കുട്ടികള്‍ സീറ്റിലൊക്കെ കയറി ചാടി കളിച്ചു.....
ആ പെണ്‍കുട്ടി തലയൊക്കെ ചൊറിഞ്ഞു കൊണ്ട് ബസ്സില്‍ ഓടി കളിച്ചു....ആ അച്ഛനും അമ്മയും നിറഞ്ഞ കണ്ണുകളോടെ അതു നോക്കി കാണുന്നുണ്ടായിരുന്നു.....

എല്ലാവരും അവരെ തന്നെ നോക്കുകയായിരുന്നു......അതില്‍ പലരുടേയും നെറ്റി ചുളിയുന്നുണ്ടായിരുന്നു........

ഞാ‍ന്‍ ആ പെണ്‍കുട്ടിയെ നോക്കി ചിരിച്ചു...അവള്‍ നാണിച്ചു അവളുടെ അമ്മയുടെ അടുത്തു പോയി പതുങ്ങി  ഇരുന്നു...ആ അമ്മ അവരുടെ കീറിയ സാരിത്തലപ്പു കൊണ്ടു പുതപ്പിച്ചു കൊടുത്തു.....ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച ......എന്റെ മനസ്സ് വല്ലാണ്ടു വിങ്ങുകയായിരുന്നു.....

അപ്പോള്‍ ആ മനുഷ്യന്‍....ആ അച്ഛന്‍ എന്നോടായി പറഞ്ഞു....”കൊലന്തയുടെ ആശ.....താന്‍....തണ്ണി വാങ്ങര്‍തുക്കു പോലും ഇനി കാശു കിടയാതു....ആനാ......”....

ഞാന്‍ അയാളെ നോക്കി ചിരിച്ചു....മനസ്സു കരയുകയാ‍യിരുന്നെങിലും........

ബസ് ആലുവയില്‍ എത്തി....എല്ലാരും ഇറങ്ങി...ഞാനും......

പുറത്തിറങ്ങി ഞാന്‍ അവരെ തന്നെ നോക്കി നിന്നു......ആ‍ കുട്ടികള്‍ അമ്പിളി അമ്മാവനെ കിട്ടിയ സന്തോഷത്തില്‍ തുള്ളിച്ചാടുന്നുണ്ടായിരുന്നു...ആ അച്ഛന്‍ അവിടെ ഇരുന്നു ബീടി വലിക്കുന്നു.....ആ അമ്മ...അമ്മ....അവര്‍ എവിടെ.......ദൂരെ ഒരു മരത്തിന്റെ ചുവട്ടിലിരുന്നു അരോടൊക്കെയോ കൈ നീട്ടുന്നു.....അമ്മ...അമ്മ....ലീവ് ഇല്ല....ഈ മാസം വെരാന്‍ പറ്റില്ല....നോക്കാം..... സുഖമല്ലേ.....വെക്കുന്നു......ഞാന്‍ കരഞ്ഞു......അമ്മ...അമ്മ...‌‌‌------------------------------------------------------------------------------------------------------------------------------------------------------------------
എന്റെ അനുജന്‍ അയച്ച കത്താണ്.അനുജന്‍ ജ്യേഷ്ടനയയ്ക്കുന്ന കത്തുകളില്‍ സ്വകാര്യതയുടെ അംശമുണ്ടാവും. എങ്കിലും ഈ രാത്രിയില്‍ അവനെ വിളിച്ചനുവാദം ചോദിയ്ക്കാന്‍ മിനക്കെടാതെതന്നെ ഇവിടെ പോസ്റ്റുചെയ്യുന്നു.


വികസനവും ഇന്‍‌ക്രെഡിബിളിന്‍ഡിയായും ട്വന്റീ ട്വന്റീയുമൊക്കെ (എല്ലാം നല്ലതുതന്നെ) അരങ്ങ് തകര്‍ക്കുമ്പോള്‍ ഇരന്നുനടക്കുന്ന കുറേപ്പേരെ കാണാനും അവര്‍ക്കൊരു ചിരികൊടുക്കാനും അവനു മനസ്സുണ്ടായെന്ന് വായിച്ചപ്പോ ഇവിടെയിങ്ങനെയൊരു സൈബര്‍ സ്പേസ് പിന്നെയെന്തിനാണ്? പറഞ്ഞ് പഴകിയ നാടോടിക്കഥയാകാം എത്ര പഴകിയിട്ടും നാടോടി നാടോടിയായും അമ്മ അമ്മയായും തന്നെയിരിയ്ക്കുന്നു. പഴയതാകാതെ തന്നെ. 
--------------------------------------------------------------------------------------------------------------------------------------------------------------------

14 comments:

 1. ആഗ്രഹങ്ങള്‍ പോലും ചെറുതാവുന്ന അവസ്ഥ!
  --

  ReplyDelete
 2. എന്തൊക്കെ ഭാവങ്ങളാണ് അത് സ്വീകരിക്കുന്നത് .....

  sajudivakar

  ReplyDelete
 3. പ്രിയ കാളിയംബി,
  വളരെ ഹൃദയത്തില്‍ തട്ടി എഴുതിയതാണെന്നറിയാം.
  അബിയും അനിയനും ഭാഗ്യവാന്മാര്‍.
  ഇത്രയും മൃദുലമായ മനുഷ്യസ്നേഹം നിങ്ങളുടെ ഹൃദയത്തിലുണ്ടാകണമെങ്കില്‍
  മാതാപിതാക്കളുടെ,പ്രത്യെകിച്ച് അമ്മയുടെ സ്നേഹവിശാലതയില്‍ മുങ്ങിക്കുളിച്ചിരിക്കുകതന്നെ വേണം.
  അതുകൊണ്ടാണ് ഭാഗ്യവാന്മാരെന്നു പറഞ്ഞത്.

  മാനവികതയുടെപേരില്‍ ...
  ചിത്രകാരന്റെ സ്നേഹാശംസകള്‍ !!!

  ReplyDelete
 4. അറിയാതെ എന്റെയും കണ്ണുകള്‍ നനഞ്ഞു. ഇതൊക്കെ തന്നെ ആണ് മാഷേ പോസ്റ്റ് ആക്കേണ്ടതും. 'കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്' എന്നല്ലേ?

  ReplyDelete
 5. വളരെ നല്ല പോസ്റ്റ്‌. ഇത് പോലുള്ള പല സംഗതികളും നമ്മുടെ ചുറ്റിനും കാണാം. അത് കാണാന്‍ ഒരല്‍പ നിമിഷം ചിലവിടാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍.
  തെരുവില്‍ വളരുന്ന എല്ലാവരും മനുഷ്യരേ അല്ല എന്നാ നിലയിലാണ് പ്രബുദ്ധരായ മലയാളി സമൂഹം പോലും കാണുന്നതെന്ന സത്യം
  വിചിത്രമായ ഒരു വസ്തുതയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  ReplyDelete
 6. Pachayaya jeevithathil idakkenkilum kaanunna nishkalankatha....

  ReplyDelete
 7. പ്രബുദ്ധത എന്നാല്‍ മാനവികതയില്‍ നിന്നും അകന്നുപോവുക എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്ന കാലമാണിത്.

  ഇത്തിരിയെങ്കിലും മനുഷ്യത്വം മനസ്സില്‍ സൂക്ഷിക്കുന്ന ആരുടെയും കണ്ണൊന്നു നനയും.

  സ്നേഹാശംസകള്‍.

  ReplyDelete
 8. No One can Close their Eyes against Realities.....Heart touching Story...!!!

  ReplyDelete
 9. ഇതില്‍ പറഞ്ഞ അനിയന്‍ ഞാനാണ്..എല്ലാവര്‍ക്കും നന്ദി.....

  ReplyDelete
 10. പണത്തിന്റെ അഹന്ത മനസിനെ കീഴ് പെടുതുന്നതിന്റെ തെളിവാണ് ആ ബസ്സില്‍ ഞെളിഞ്ഞിരുന്ന മറ്റു സുഹൃത്തുക്കള്‍.പുച്ഛത്തോടെ കാണുന്ന നാടോടികളായ അവര്‍ക്കും ഇല്ലേ സ്വപ്നഗല്‍ ആ സ്വപ്നം സാക്ഷല്കരിച്ച മിഥു സര്‍ സ്നേഹത്തിന്റെ ഹൃദയ കവാടം മലര്‍ക്കെ തുറന്നിരിക്കുന്നു.....രേക്ഷിതക്കള്‍ക്ക് മക്കളോടുള്ള സ്നേഹം എത്രമാത്രമാണെന്ന് അളന്നു തിട്ട പെടുതനവില്ലല്ലോ.....സര്‍ നു നന്ദി......സ്നേഹപൂര്‍വ്വം സേതുനാഥ് കൂടെ ഇത് പബ്ലിഷ് ചെയ്ത മധു അണ്ണനും .......

  ReplyDelete