Wednesday, September 07, 2016

മതപരിവർത്തനം, മതപരിവർത്തനം, സേവനം


താഴെക്കൊടുത്തിരിയ്ക്കുന്ന സ്ക്രീൻ ഷോട്ടുകൾ ബ്രിട്ടണിലെ ദേശീയപ്പത്രങ്ങളാണ്. തീർച്ചയായും ചെറി പിക്ക് ചെയ്തതാണ്. അവരെ വിശുദ്ധയാക്കുന്നതിന്റെ വിശേഷങ്ങളെപ്പറ്റിയൊക്കെ ഒരുപാട് വാർത്തകളുണ്ടായിരുന്നു. പക്ഷേ ഇടതെന്നോ വലതെന്നോ ഇല്ലാതെ സകല പ്രത്രങ്ങളും അവരെ വിമർശിയ്ക്കുന്ന ഒരു വാർത്തയെങ്കിലും ഉൾക്കൊള്ളീയ്ക്കാൻ ശ്രമിച്ചു. 

മനോരമയിൽ പണ്ടെങ്ങോ വന്ന ഒരു ലേഖനം പക്ഷേ, അവർ ഡിലീറ്റ് ചെയ്തു.

ലോകത്തെ എല്ലായിടത്തേക്കാളും വലിയ ജനാധിപത്യം ബ്രിട്ടണിലുണ്ടെന്നാണ് ബീ ബീ സീ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ഭാവം. അതിന്റെ പേരിൽ ലോകത്തെല്ലാമുള്ള സകല ഭരണകൂടങ്ങൾക്കെതിരേയും അവന്മാർ ഇഷ്ടമല്ലെന്ന് കണ്ടാൽ പ്രൊപ്പഗാണ്ടയുണ്ടാക്കും. പക്ഷേ ബ്രിട്ടണിൽ ഒരു കത്തോലിയ്ക്കനു പ്രധാനമന്ത്രിയാകാനാകില്ല. അങ്ങനെ നിയമമൊന്നും വ്യക്തമായില്ല. പക്ഷേ ഇന്ന് വരെ ഒരു കത്തോലിക്കാ വിശ്വാസിയും പ്രധാനമന്ത്രിയായിട്ടില്ല. മുൻ പ്രധാനമന്ത്രി ആയിരുന്ന ടോണീ ബ്ളെയർ ആംഗ്ളിക്കനായിരുന്നെങ്കിലും വിശ്വാസപരമായി കത്തോലിക്കാ വിശ്വാസി ആയി മാറിയിരുന്നു. പക്ഷേ അയാൾ പ്രധാനമന്ത്രിയായി സ്ഥാനമൊഴിഞ്ഞതിനു ശേഷമേ കത്തോലിക്കനായി മതം മാറിയുള്ളൂ (ഉണ്ടയാണ് ജനാധിപത്യം!!)

കത്തോലിക്ക വിശ്വാസിയാണേൽ രാജാവ്/രാജ്ഞി ആയി വാഴിയ്ക്കാനും പറ്റില്ല. അത് നിയമം തന്നെയാണ്. ആംഗ്ളിക്കൻ ചർച്ച് എന്ന സഭയാണിവിടെ ഭരിയ്ക്കുന്നത്. ആംഗ്ളിക്കൻ ചർച്ചിൽ പോപ്പിന്റെ സ്ഥാനത്ത് ബ്രിട്ടീഷ് രാജാവ്/രാജ്ഞിയാണ്. ഓർക്കുക, ലോകമെമ്പാടും ആംഗ്ളിക്കൻ വിശ്വാസികളുണ്ട്. അവരുടെ പോപ്പ് ബ്രിട്ടീഷ് രാജ്ഞിയാണ്.

എന്തുകൊണ്ടാണ് അങ്ങനെയൊരു സെറ്റപ്പ്? ചരിത്രം പറഞ്ഞാൽ ഒരു രാജാവിനു വിവാഹമോചനം വേണമായിരുന്നെന്ന് മുതൽ ഒരുപാട് കഥകളും അടിപിടിയേയുമൊക്കെപ്പറ്റി പറയാമെങ്കിലും കാര്യം സിമ്പിളാണ്. ചരിത്രത്തിന്റെ ഒരു സന്ധിയിൽ ബ്രിട്ടീഷ് രാജവംശത്തിനു മനസ്സിലായി കത്തോലിക്കാ സഭയ്ക്ക് രാഷ്ട്രത്തേക്കാൾ കൂറു സഭയോടാണെന്ന്. അതോടെ അവർ സ്വന്തമായി സഭ തുടങ്ങി, ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി എന്ന ഒരു പുരോഹിതപ്രമുഖനെ വാഴിച്ചു. അയാൾ രാജകുടുംബത്തിനു മുകളിൽക്കയറി കളിയ്ക്കാതിരിയ്ക്കാൻ രാജാവ് തന്നെ പോപ്പിന്റെ സ്ഥാനം ഏറ്റെടുത്തു. നമ്മുടെ നാട്ടിലൊക്കെ ഈ രാജപുരോഹിതൻ/രാജഗുരു എന്ന സെറ്റപ്പാണ് ആർച്ച് ബിഷപ്പ് ഓഫ് കാന്റൻബറി. അദ്ദേഹമാണ് ഔദ്യോഗികമായി രാജാവിനെ/രാജ്ഞിയെ കിരീടധാരണം ചെയ്യേണ്ടത്. തമാശയായി പറയുന്നത് ആർച്ച് ബിഷപ്പ് ഓഫ് കാന്റൻബറിയായി എപ്പോഴും എതീസ്റ്റുകളേയായിരിയ്ക്കും തിരഞ്ഞെടുക്കുക എന്നാണ്.

കത്തോലിക്കാ സഭയെപ്പറ്റി പറഞ്ഞത് ശരി തന്നെയാണ്. അവർ സർവരാജ്യ കമ്യൂണിസ്റ്റ് രാജ്യം പോലെ സർവരാജ്യ കത്തോലിക് രാജ്യത്തിൽ വിശ്വസിയ്ക്കുന്നവരാണ്.അതുകൊണ്ട് തന്നെ ശാസ്ത്രം സിന്ദാബാ എന്ന് വിളിച്ച് കൂവി, തെളിയിയ്ക്കപ്പെട്ട ആധുനികവൈദ്യരീതികളേപ്പോലും ജനിതകഭീകരവാദമെന്നൊക്കെ ഫിയർ മോംഗർ ചെയ്യുന്ന ശാസ്ത്രസാഹിത്യ പരിഷത്തിലെ കൊണാണ്ടർ ആയിരുന്ന തോമസ്സൈസക്കിനു ഹാല്ലേലൂയാ പാടാൻ വലിയ വിഷമമൊന്നുമില്ല. നിലവിളക്ക് കാണുമ്പൊ സുധാകരനു വട്ടിളകുകയും ചെയ്യും.

ലക്ഷക്കണക്കിനു വരുന്ന സാധാരണ കത്തോലിക്ക വിശ്വാസികളെപ്പറ്റി പക്ഷേ ഒരിയ്ക്കലും ഞാനത് പറയില്ല. പക്ഷേ വിശ്വാസികളെ സഭയെന്നാരു കണക്കുകൂട്ടുന്നു? വിശ്വാസികളുടെ ഏതെങ്കിലും കാര്യത്തിനു സഭ കൂട്ടുനിന്നിട്ടുണ്ടോ? വിശ്വാസികളുടെ എന്തെങ്കിലും പ്രശ്നങ്ങൾക്ക് സഭ റിസ്കെടുത്തിട്ടുണ്ടോ? കൈകൾ രണ്ടും വെട്ടിമുറിയ്ക്കപ്പെട്ട ഒരു പാവം പ്രൊഫസർ തൊടൂപുഴ ന്യൂമാൻ കോളേജിലുണ്ടായിരുന്നു. സഭ എന്ത് ചെയ്തു? അദ്ദേഹത്തെ കൂടുതൽ ശിക്ഷിച്ചു.കൂടുതൽ ദ്രോഹിച്ചു, അദ്ദേഹത്തെ മാത്രമല്ല കുടൂംബത്തെപ്പോലും.

ഇത് ഇവിടത്തെ മാത്രമല്ല, ഇത് തന്നെയാണ് ലോകമെമ്പാടും കത്തോലിക്കാ സഭയ്ക്ക് വിശ്വാസികളോടുള്ള പെരുമാറ്റം. മിക്കവരും കത്തോലിയ്ക്കർ തന്നെയായ നേഴ്സുമാരെ എന്തുമാത്രം സഭയുടെ ആശുപത്രികളിൽ അവർ സമരം ചെയ്തെന്ന കാരണത്താൽ ദ്രോഹിച്ചെന്ന് നോക്കുക. അമൃതയിൽ സംഭവിച്ചത് നമ്മുടെ സാമൂഹ്യമെമ്മറിയിൽ ഡീലീറ്റ് ചെയ്യപ്പെടാതെ ഇടയ്ക്കിടയ്ക്ക് റിഫ്രഷ് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ അമൃതയിൽ അങ്ങനെ ചെയ്ത ചിലരുടെ മുഷ്ക് അവസാനിച്ചത് വകുപ്പ് മേധാവികൾ അടക്കമുള്ള, അമൃതയിൽത്തന്നെ ജോലിചെയ്യുന്ന അമൃതാനന്ദമയിയുടെ അടുത്ത ശിഷ്യരുൾപ്പെടെ നേഴ്സുമാരുടെ സമരത്തിനു സപ്പോർട്ട് ചെയ്യും എന്ന നിലവന്നപ്പോഴാണ്. (അന്ന് തന്നെ ഇതേ ഞാൻ അത് റിപ്പോർട്ട് ചെയ്തിരുന്നു) എത്ര സഭാ ആശുപത്രികളിൽ അങ്ങനെയൊരു നിലപാട് അവിടത്തെ ബാക്കി പ്രമുഖരെടുത്തു?

മുറികളിൽ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും പോലും നിഷേധിയ്ക്കുകയും കൂട്ടം ചേർന്ന് ആക്രമിയ്ക്കുകയുമൊക്കെ ചെയ്തിട്ട് നമ്മളിൽ എത്രപേരത് ഓർത്തിരിയ്ക്കുന്നുണ്ട്? എന്ത് കൊണ്ട് ഓർക്കുന്നില്ല എന്ന് ഊഹിയ്ക്കാമോ? ചില കാര്യങ്ങൾ എങ്ങനെയാണ് കൂടൂതൽ ഓർമ്മിപ്പിയ്ക്കേണ്ടതെന്നും അതുവഴി ചിലതെങ്ങനെ ജനം ഓർക്കാതെയിരിയ്ക്കുമെന്നും പ്രൊപ്പഗാണ്ടയുടെ പാഠങ്ങളിൽ പ്രാഥമികമായതാണ്.

സഭയെന്നത് പുരോഹിതരുടെ ഗൂണ്ടാസംഘവും അതിനോട് ചേർന്ന് നിൽക്കുന്ന ബിസിനസ്സുകാരുടെ കൂട്ടവുമാണ്. പക്ഷേ അവരിൽ ആരെങ്കിലുമെന്തെങ്കിലും ചെയ്താൽ സഭ ഏത് കഠിനമായ റിസ്കെടുത്തും സഹായിയ്ക്കും. ഇവർ കൊലപാതകങ്ങൾ ചെയ്താലും, ആരെയെങ്കിലും ബലാൽസംഗം ചെയ്താലും പിഞ്ച് കുഞ്ഞുങ്ങളെ പീഡിപ്പിച്ചാലും . സഭ ഒരു നുള്ള് മണ്ണ് അവരുടെ ദേഹത്ത് വീഴാൻ സമ്മതിയ്ക്കില്ല. ഒരു രാജ്യത്തേയും നിയമങ്ങൾ സഭയ്ക്ക് ബാധകമല്ല. സഭയിലെ പുരോഹിതരിൽ നാലു ശതമാനത്തിലധികം പീഡൊഫൈൽ ആണെന്നാണ് ചില പഠനങ്ങൾ. ലോകമെമ്പാടും കുഞ്ഞുങ്ങളേ ലൈംഗികമായി ഉപയോഗപ്പെടുത്തിയ കേസുകൾ കത്തോലിക്കാ പുരോഹിതർക്കെതിരേ വരുന്നുണ്ട്. സഭ ആ പുരോഹിതരെ ഒരിയ്ക്കലും ശിക്ഷിയ്ക്കില്ല. അവരെ പരമാവധി കോടതികളിൽ നിന്ന് രക്ഷപെടുത്താൻ നോക്കുകയും ചെയ്യും.

ലോകമെമ്പാടും കുഞ്ഞുങ്ങളെ ബാലൽസംഗം ചെയ്ത ആയിരക്കണക്കിനു പുരോഹിതരെയാണ് സഭ സംരക്ഷിയ്ക്കുന്നത്. അത് പുറത്ത് പറയുന്നവരെ ഏത് വിധേനയും ഇല്ലാതെയാക്കാൻ നോക്കുന്നത്. പുറത്ത് പറയുന്നവരുടെ പേരിൽ സ്മിയർ കാമ്പേനുകൾ, (അപവാദപ്രചരണം, കരിപൂശൽ) ഭീഷണി തുടങ്ങി ഏതറ്റം വരേയും സഭ പോകും. അഭയക്കേസും, മറ്റു പല ധ്യാനകേന്ദ്രങ്ങളിലെ കേസുകളുമെല്ലാം പച്ചയായി നമ്മളെ നോക്കി കോക്കിറി കാട്ടുന്നുണ്ട്. എന്നാലും കുറേ നാൾ കഴിഞ്ഞ് ആൾക്കാരെല്ലാം മറക്കും എന്ന് സഭയ്ക്കറിയാം. സനൽ ഇടമറുകിനെ നമ്മളെല്ലാം മറന്നത് പോലെ. ഇതേ മദർ തെരേസയുടെ വിശുദ്ധയാക്കുന്നതിൽ കെട്ടിച്ചമച്ച അത്ഭുതപ്രവർത്തി പോളിച്ചതായിരുന്നു സനലിന്റെ പേരിൽ സഭയ്ക്കുള്ള പ്രധാന ചൊരുക്ക്.

ഈ മറവിയാണ് ഇവരുടെ മുഖ്യ ആയുധം . സഭ ചിന്തിയ്ക്കുന്നത് നൂറ്റാണ്ടുകളിലോ ആയിരമാണ്ടുകളിലോ ആണ്. അടുത്ത ആയിരം കൊല്ലത്തെ അജണ്ട എന്നതാണ് സഭയുടെ പദ്ധതി. അവിടെ ഇന്ന് നടക്കുന്ന ചില ചെറിയ കാര്യങ്ങളൊക്കെ എല്ലാവരും മറക്കും എന്ന് അവർക്കറിയാം. അത് അഭയക്കേസായാലും മുരുങ്ങൂർ ഡിവൈൻ ആയാലും.

ഗോവയിൽ കുറേക്കൊല്ലം കൂടുമ്പോൾ അഞ്ഞൂറിൽപ്പരം വർഷം പഴക്കമുള്ള ഒരു ശവശരീരം എടുത്ത് വച്ച് സഭ നമ്മെ നോക്കി ചിരിയ്ക്കാറുണ്ട്. സെന്റ് ഫ്രാൻസിസ് സേവ്യർ എന്ന പുരോഹിതന്റെ ദ്രവിച്ച ശരീരമാണത്. അയാൾ ചില്ലറക്കാരനല്ല. ഗോവൻ ഇങ്ക്വിസിഷൻ തുടങ്ങാൻ പോർച്ചുഗീസിലേക്ക് കത്തെഴുതിയ മഹാനാണത്. ലോകം മുഴുവൻ പലപല തന്ത്രങ്ങളും കള്ളത്തരങ്ങളുമൊക്കെയായി വചനം പ്രഘോഷിച്ചയാൾ. ഇയാളുടെ ആഗ്രഹപ്രകാരം തുടങ്ങിയ മതപീഡനത്തിൽ ഗോവയിലെ കൃസ്ത്യാനികളല്ലാത്ത ഒരുപാട് പേർക്ക് അവിടം വിട്ട് ഭാരതത്തിന്റെ പല ഭാഗങ്ങളിലേക്ക് ഓടേണ്ടി വന്നു.

പൊന്നുപോലെ കരുതിയ വിഗ്രഹങ്ങളുമെടുത്ത് വേറേയൊന്നും കയ്യിലില്ലാതെ വള്ളങ്ങളിൽക്കയറി അതടുപ്പിയ്ക്കാൻ പറ്റിയ കരകളിലെല്ലാം അടുപ്പിച്ച് കൊച്ചിയിലും കൊടുങ്ങല്ലൂരും ആലപ്പുഴയിലും കോഴിക്കോട്ടും മംഗലാപുരത്തുമൊക്കെ വന്നടിഞ്ഞ ഗൗഡ സാരസ്വതർ, മലയാളികൾ കൊങ്ങിണിമാർ എന്ന് വിളിയ്ക്കുന്ന കമ്മത്ത് ആൻഡ് കമ്മത്തുകൾ ഈ ഫ്രാൻസിസ് സേവ്യറുടെ സ്നേഹത്തിന്റെ കടുപ്പം മനസ്സിലാക്കിയവരാണ്.

വിഗ്രഹം ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് അതിനു ചുറ്റുമായിക്കഴിഞ്ഞ അവർ കൊടിയ ദാരിദ്ര്യത്തിൽ ചെറിയ ചെറിയ ജോലികൾ തുടങ്ങി കിട്ടിയ പണം സൂക്ഷിച്ച് വച്ച് അതുവച്ച് വ്യാപാരവും വ്യവസായവും ചെയ്ത് സമൂഹത്തിന്റെ ഉന്നതിയിലേക്കെത്തിയവരാണ്. കഴിഞ്ഞ അഞ്ഞൂറുകൊല്ലമായി സ്വന്തം ഭാഷയായ കൊങ്ങിണിയും അതിന്റെ ഭാഗമായ സംസ്കാരങ്ങളും നശിയ്ക്കാതെ കൊണ്ടുനടക്കുന്നവർ. ആ മനുഷ്യരുടെ മുഖത്ത് നോക്കി കളിയാക്കലാണ് സഭയുടെ ഫ്രാൻസിസ് സേവ്യറിനെ പ്രദർശിപ്പിയ്ക്കൽ എന്ന് ആരെങ്കിലും അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടോ?

പറയണം എന്നാണ് ഞാൻ പറയുക. അതിനെ അടയാളപ്പെടുത്തണം. നാളെയൊരുകാലത്ത് ചരിത്രപുസ്തകങ്ങളെഴുതാൻ രേഖകൾ തിരയുന്നവർ ഇങ്ങനേയുമൊരു വശമുണ്ടായിരുന്നു എന്ന് മനസ്സിലാക്കണം, ഇതുപോലുള്ള ക്രൂരതകൾ, പീഡനങ്ങൾ, കൊലപാതകപരമ്പരകൾ, വെട്ടിപ്പിടിയ്ക്കലുകൾ, ബലാൽസംഗങ്ങൾ. ഇതിന്റെയൊക്കെ മുകളിലാണീ സ്ഥാപനം കെട്ടിയുയർത്തിയിരിയ്ക്കുന്നതെന്ന് ആരെങ്കിലും മനസ്സിലാക്കണം. അല്ലാതെ കൊടിയും പിടിച്ച് അവിടെച്ചെന്ന് വരുന്ന വിശ്വാസികളെ ഭീഷണിപ്പെടുത്താനല്ല, അവർ വെറും ആടുകളാണ്. ആദ്യം പോകുന്നതിന്റെ പിറകേ പോകും. ആശയപരമായി അടയാളപ്പെടുത്തണം. അവർ ‘വിശുദ്ധ‘നെന്ന് കരുതുന്നതിൽപ്പലതും കള്ളനാണയങ്ങളാണെന്ന് ആരെങ്കിലുമൊക്കെ മനസ്സിലാക്കണ്ടേ?

മതപരിവർത്തനംയെപ്പറ്റി ഒരുപാട് ആരോപണങ്ങളുണ്ട്. ആ ആരോപണങ്ങളിൽ അവർ മതപരിവർത്തനം നടത്തിയോ ഇല്ലയോ എന്നതൊക്കെ രണ്ടാമതാണ്. മിഷനറിമാർ മതപരിവർത്തനം നടത്താനാണ് വരുന്നത്. ചാരിറ്റിയ്ക്കല്ല. അത് ഒരു വസ്തുതയാണ്. വസ്തുതയായിത്തന്നെ അംഗീകരിയ്ക്കുകയും ചെയ്താൽ എളുപ്പമായി. മിഷനറീസ് ഓഫ് ചാരിറ്റിയിലെ കപടതകൾ പലതും പുറത്ത് കൊണ്ട് വന്നത് അരൂപ് ചാറ്റർജീ എന്ന കൽക്കട്ടയിൽ ജനിച്ച് വളർന്ന് പഠിച്ച ഇപ്പോൾ യൂകേയിൽ ജോലിചെയ്യുന്ന ഒരു ഡോക്ടറാണ്. പിന്നീട് ഒരുപാട് വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്. മരണാസന്നരായ, വേദനയെടുത്ത് പുളയുന്നവർക്ക് വേദനാസംഹാരികൾ നൽകിയില്ല എന്നതൊക്കെ ആർക്കും സഹിയ്ക്കാനാവുന്ന വസ്തുതയല്ല. ഒരിയ്ക്കലും യോജിയ്ക്കാനാവുകയുമില്ല. കൃസ്തു വേദനയെടുത്താണ് മരിച്ചതെന്നായിരുന്നു അവരുടെ ന്യായം. അന്താരാഷ്ട്ര ഡ്രഗ് മാഫിയയുടെ പണം സ്വീകരിയ്ക്കാനും, ചാരിറ്റിയ്ക്കെന്ന പേരിൽ പിരിച്ചെടുക്കുന്ന പണം വഴിമാറ്റിച്ചെലവഴിയ്ക്കാനും ഒന്നും അവർക്ക് ഈ കൃസ്തുബോധം കുഴപ്പമില്ലായിരുന്നു.

സ്വയം സുഖസൗകര്യങ്ങളെടുക്കാതിരിയ്ക്കുക എന്നതല്ല മഹത്വത്തിന്റെ ലക്ഷണം എന്ന് ആദ്യത്തെച്ചിന്തയിൽ ജനത്തിനു മനസ്സിലാകുകയില്ല. വെസ്റ്റഡ് ഇൻട്രസ്ട് എന്നത് ശരീരസുഖമാണെങ്കിൽ ശരീരമെന്ന വികാരത്തിനു പുല്ലുവിലകൊടുക്കാത്ത ആത്മഹത്യാഭീകരവാദികളാവും ഏറ്റവും വലിയ മഹാന്മാർ.

അപ്പൊ നീ എന്ത് ചെയ്തെടോ, വഴിയിൽക്കിടന്നവരെ സംഘികൾ സഹായിച്ചോ എന്നൊക്കെയാണ് തെറിചേർത്ത് ചോദ്യങ്ങൾ.

വാരണാ‍സിയിലെ അവധൂത് ഭഗവാൻ കുഷ്ഠസേവാശ്രമത്തിൽ സിദ്ധ വൈദ്യവും ആയൂർവേദവും കൊണ്ട് ലക്ഷക്കണക്കിനു കുഷ്ഠരോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. (അതിനവർക്ക് ഗിന്നസ് വേൾഡ് റേക്കോഡ് കിട്ടിയെന്നൊക്കെ ചിലയിടത്ത് പറയുന്നു.) ബാബാ ആംതേ തുടങ്ങിയ മഹാരോഗി സേവാ സമിതി ആധുനിക ചികിത്സാരീതികൾ കൊണ്ട് തന്നെ ഏതാണ്ട് മുപ്പതിനായിരത്തോളം കുഷ്ഠരോഗികളെ ചികിത്സിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല അതിൽ ഇരുപതിനായിരത്തോളം പേരെ റീഹാബിലിറ്റേറ്റ് ചെയ്യാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് പലരീതിയിൽ ഡിഫറന്റ്ലീ ഏബിൾഡ് ആയുള്ളവരെ സഹായിയ്ക്കാൻ ബാബാ ആംതേ സ്ഥാപിച്ച ആശ്രമങ്ങൾ നിരന്തരം പ്രവർത്തിയ്ക്കുന്നു. വനവാസികളുടെയിടയിലും ദളീതരുടെയിടയിലും ബാബാ ആംതേയും അദ്ദേഹത്തിന്റെ കുടുംബവും ഇന്ന് നടത്തിക്കൊണ്ടിരിയ്ക്കുന്ന സേവനങ്ങൾ ആർക്കും ചെയ്യാനാവുന്നതല്ല.

ഇനി സംഘികൾ എന്ത് ചെയ്യുവാരുന്നു എന്ന് ചോദിച്ചാൽ സദാശിവ് ഗോവിന്ദ് ഖാത്രേ എന്ന ഒരു മഹാത്മാവിനെ അറിയാമോ എന്ന് ചോദിയ്ക്കാം. അറിയാൻ സാധ്യതയില്ല പ്രസിദ്ധീ പരങ്മുഖത എന്നത് വൃതമായി ശീലിച്ച അവരെപ്പോലെയുള്ളവരെയൊന്നും ആരും അറിയില്ല.

നിങ്ങളൊക്കെ മിനിട്ടിനു നാലു പ്രാവശ്യം ചവുട്ടിത്തേയ്ക്കുന്ന ഗുരുജി എന്ന ഗുരുജി ഗോൾവർക്കറുടേ ആശയങ്ങളിൽ പ്രേരിതനായി റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന സദാശിവ് ഖാത്രേ മധ്യപ്രദേശിലെ ചമ്പ എന്ന സ്ഥലത്ത് വീടുകളിൽ നിന്ന് ഒരു പിടി അരിയും ശേഖരിച്ച് മൂന്ന് കുഷ്ഠരോഗികളുമായി തുടങ്ങിയ കുഷ്ഠ നിവാരൺ സംഘം (അതെ സംഘം തന്നെ) ഇന്ന് ആയിരക്കണക്കിനു രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ സ്ഥാപനമാണ്.

ആധുനിക വൈദ്യശാസ്ത്രത്തിൽ മൾട്ടിഡ്രഗ് തെറാപ്പി വന്നപ്പോൾ അത് കമ്യൂണിറ്റികളിലേക്ക് നേരിട്ട് പോയി കൊടുത്ത് രോഗികളെ സാനിറ്റോറിയങ്ങളിലാക്കാതെ കമ്യൂണിറ്റികളിൽത്തെന്നെ വച്ച് ചികിത്സിയ്ക്കുന്ന രീതിയൊക്കെ പൊതുജനാരോഗ്യരംഗത്തെ പുതിയ അറിവുകളിലേക്ക്ക് പോലും നയിച്ചിട്ടുണ്ട്. രോഗികളെ മാത്രമല്ല രോഗികളുടെ കുഞ്ഞുങ്ങളെപ്പോലും അകറ്റി നിർത്തുന്ന പ്രവണത കൂടുതലായപ്പോൾ ആ കുട്ടികളെ ഏറ്റെടുത്ത് രോഗികളായ മാതാപിതാക്കളുമായി ഒരുമിച്ച് ജീവിയ്ക്കാൻ ശുശീൽ ബാലഗൃഹം എന്ന വലിയൊരു ആശ്രമവും അദ്ദേഹത്തിന്റെ പദ്ധതിയാണ്.

ഇന്ന് കുഷ്ടരോഗം ഏതാണ്ട് ഇല്ലാതായപ്പോൾ അത് ആരോരുമില്ലാത്ത കുഞ്ഞുങ്ങളേ നോക്കാനും ഡീഫറന്റ്ലീ ഏബിൾഡ് ആയവരെ പരിശീലിപ്പിയ്ക്കാനുമുള്ള ഒരിടമായി തീർന്നിരിയ്ക്കുന്നു.

ഇനി നിങ്ങളാരും അറിയാത്ത ഒരു കുഷ്ഠരോഗചികിത്സകനെക്കൂടി പറയാം. ശിവഗിരിയിൽ ജീവിച്ചിരുന്ന പരവിജ്ഞാനത്തിന്റേയും കരുണയുടേയും സാഗരമായിരുന്ന നാരായണഗുരു. അദ്ദേഹത്തിന്റെ കുഷ്ഠരോഗചികിത്സ തുടങ്ങുന്നത് കായംകുളത്ത് വാരണപ്പള്ളി കുടുംബത്തിൽ താമസിച്ച് പഠിയ്ക്കുമ്പോഴാണ്. നാണുവെന്ന വിദ്യാർത്ഥിയുടെ അടുത്ത കൂട്ടുകാരനായിരുന്നു അവിടത്തെ പണിക്കാരനായ ചാത്തനെന്നയ‍ാൾ. കുറേ നാളായി ചാത്തനെ കാണാഞ്ഞിട്ട് ചാത്തൻ എവിടേപ്പോയി എന്ന് തിരക്കി. ചാത്തനു കുഷ്ഠരോഗം പിടിപെട്ടെന്നും മാറി താമസിയ്ക്കുകയാണെന്നും കേട്ട നാണു ചാത്തന്റെ വീടു തിരക്കിച്ചെന്നു.

നാണുവിനെക്കണ്ട് പരിഭ്രമിച്ച ചാത്തനോട് പരിഭ്രമിയ്ക്കരുത്, മരുന്നുമായി വന്നതാണെന്ന് പറഞ്ഞ് കൊണ്ടുവന്ന ആയൂർവേദ മരുന്നുകളും മരോട്ടിയെണ്ണയും (മരോട്ടിയെണ്ണ ലേപനം ചെയ്യുന്നത് കുഷ്ഠരോഗത്തിനൊരു ചികിത്സയായിരുന്നു) വൃത്തിയുള്ള തുണിയുമൊക്കെ അദ്ദേഹത്തിനു കൊടുത്ത് ചാത്തന്റെ രോഗം ചികിത്സിച്ച് ഭേദമാക്കി എന്നാണ് ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

ഗുരുവിന്റെ കുടുംബം പാരമ്പര്യമായി വൈദ്യന്മാരായിരുന്നു. പിന്നീട് യോഗിയായി സഞ്ചാരത്തിലിരിയ്ക്കുമ്പോളും തുടർന്ന് ശിവഗിരിയിൽ വരേയും ധാരാളം കുഷ്ഠരോഗികൾ (മറ്റു മാറാ രോഗികളും) നാരായണഗുരുവിനെ തിരക്കി വരുമായിരുന്നെന്നും അവർക്കെല്ലാം വേണ്ട മരുന്നും ചികിത്സയും കൊടുക്കുമായിരുന്നെന്നും എഴുതപ്പെട്ട രേഖകളുണ്ട്. ഗുരുദേവൻ ശുചിത്വത്തിനും ആൾക്കാരോട് രണ്ടുനേരം കുളിയ്ക്കാനുമൊക്കെ ഉപദേശിച്ചിരുന്നത് ഈ കുഷ്ഠരോഗത്തെക്കുറിച്ചുള്ള അറിവുകൊണ്ടു കൂടിത്തന്നെയായിരിയ്ക്കണം.

ഇവർക്കാർക്കും ഒരു ഭാരതരത്നവും നോബൽ സമ്മാനവുമില്ല. ഇവർക്കാർക്കും ഡ്രഗ് മാഫിയാ നേതാക്കളുടെ ഡോണേഷൻ ഇല്ല. വിശുദ്ധരുമല്ല. രോഗികളെ മതം മാറ്റിയിട്ടില്ല, ആവശ്യത്തിനു മരുന്നുകൾ കൊടുത്തു. കൃസ്തു കുരിശിൽ വേദന അനുഭവിച്ചെന്ന് വച്ച് വേദനയാൽ വിഷമിയ്ക്കുന്നവർക്ക് വേദനാസംഹാരികൾ നിഷേധിച്ചില്ല.

നാരായണഗുരു ദൈവമാണ്. വിഗ്രഹാരാധകനുമാണ്.
“പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം. “

എന്നാണ് നാരായണഗുരു പറഞ്ഞത്. എല്ലാ മതസാരവും ഏകം എന്ന് മനസ്സിലാക്കാതെ അന്ധന്മാർ ആനയെക്കണ്ട പോലെ, മണ്ടന്മാർ പലവിധ യുക്തികൾ പറഞ്ഞ് അലയുന്നത് പോലെ നമ്മൾ അലയാതെയമരണം എന്ന് അർത്ഥം.

അങ്ങനെ അലയാതിരിയ്ക്കണമെങ്കിൽ എല്ലാ മതസാരവും ഒന്നുതന്നെയാണ് എന്ന് കരുതാനുള്ള സ്വാതന്ത്ര്യം നമുക്ക് വേണം. ആ സ്വാതന്ത്ര്യം കാത്തുസൂക്ഷിയ്ക്കണമെങ്കിൽ എന്ത് വിശ്വസിയ്ക്കുന്നോ വിശ്വസിയ്ക്കുന്നില്ലയോ എന്നത് നിന്നെയൊരിയ്ക്കലും പാപിയാക്കില്ലന്നും നിന്റെ ജന്മം പാപത്തിന്റെ ഫലമല്ല പകരം വിശ്വം മുഴുവനും സകല ഭേദങ്ങളുമന്യേ വിളങ്ങുന്ന അമൃതസ്യ പുത്രന്മാരാണെല്ലാം എന്ന സത്യബോധത്തിന്റെ വെളിച്ചത്തിൽ തിരിയുന്ന സർവ്വധർമ്മ സമഭാവന ഉണ്ടാവണം.

പല മതസാരവും ഏകം എന്ന് മനസ്സിലാക്കുന്ന നിമിഷം വിശ്വസിയ്ക്കാത്തവനു സ്വർഗ്ഗമില്ല എന്ന വാദം അവസാനിയ്ക്കുന്നു.

“Neither shall they say, Lo here! or, lo there! for, behold, the kingdom of God is within you.” അവിടേയും ഇവിടേയുമൊക്കെയാണെന്ന് അവർക്ക് ചുമ്മാ പറയാനാകില്ല. ദൈവരാജ്യം നിങ്ങളിൽത്തന്നെയാണ് എന്നാണ് കൃസ്തുദേവൻ പറഞ്ഞത്. നമ്മളിലുള്ള ആ ദൈവത്തെ നോക്കിക്കാണുമ്പോൾ ‘അവനിലുമേറിയറിയുന്നവൻ തന്നുരുവിലുമൊത്ത് പുറത്തുമുജ്വലിയ്ക്കും‘ എന്ന് നാരായണഗുരുവും പറഞ്ഞു തരും.

അവിടേയുമിവിടെയുമൊന്നുമല്ല അകത്ത് തന്നെയാണെന്ന് കൃസ്തുദേവൻ തന്നെ പറയുമ്പൊ നമ്മളെന്തിനു സ്വർഗ്ഗത്തിലേക്ക് വേറേ ടിക്കറ്റുകളെടുക്കണം?
No comments:

Post a Comment