Friday, September 16, 2016

ശ്രീനാരായണഗുരുവിന്റെ മതം

ശ്രീനാരായണഗുരുസ്വാമിയുടെ മതമാണല്ലോ വിഷയം. ഈ വിഷയത്തിൽ അന്ധർ ആനയെക്കണ്ടപോലെ നമ്മളെല്ലാം ഓരോ പക്ഷം തിരിഞ്ഞ് ബഹളംവച്ചുകൊണ്ടിരിയ്ക്കുന്നു. കൂടുതലായി പറയുന്നില്ല. ഗുരുസ്വാമിയുടെ തന്നെ വാക്കുകൾ എടുത്തെഴുതാം.
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‘ എന്ന ഉപദേശത്തിൽ ‘ഒരു മതം‘ എന്ന ഭാഗത്ത് എല്ലാവർക്കും ആശയക്കുഴപ്പമുണ്ടെന്ന് ശ്രീ സീ വീ കുഞ്ഞിരാമൻ പറഞ്ഞപ്പോൾ അദ്ദേഹവുമായി ഗുരു നടത്തിയ സംഭാഷണത്തിലെ ഭാഗങ്ങൾ അതേ പടി പകർത്തി എഴുതുന്നു.
……...
സീവി: ത്യാജ്യഗ്രാഹ്യ വിവേചനത്തോടു കൂടി എല്ലാ മതഗ്രന്ഥങ്ങളും പഠിയ്ക്കണമെന്നാണ് തൃപ്പാദങ്ങളുടെ ഉപദേശസാരമെന്ന് ഞാൻ മനസ്സിലാക്കട്ടയോ? അത് ശരിയായിരിയ്ക്കുമോ?
ഗുരു: നമ്മുടെ ഉപദേശസാരം അത് തന്നെയാണ്. ആലുവാ വച്ചു കൂടിയ സർവ്വമത സമ്മേളനാവസരത്തിൽ നാം അത് പ്രസ്താവിച്ചിട്ടുണ്ടല്ലോ. രാജ്യങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലുമുള്ള ശണ്ഠ ഒന്ന് മറ്റൊന്നിനെ തോൽപ്പിയ്ക്കുമ്പോൾ അവസാനിയ്ക്കും. മതങ്ങൾ തമ്മിൽ പൊരുതാൻ ഒടുങ്ങാത്തതുകൊണ്ട് ഒന്നിനു മറ്റൊന്നിനെ തോൽപ്പിയ്ക്കാൻ സാധിയ്ക്കില്ല. ഈ മതപ്പോരിനു അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോട് കൂടി എല്ലാ മതങ്ങളും എല്ലാവരും പഠിയ്ക്കണം. അപ്പോൾ പ്രധാന തത്വങ്ങളിൽ അവയ്ക്ക് തമ്മിൽ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടു കിട്ടുന്ന മതമാണ് ഞാൻ ഉപദേശിയ്ക്കുന്ന ഏകമതം.
സീവി: ഒരു സംശയം കൂടിയുണ്ട്
ഗുരു: എന്താണ്?
സീവി: മതപരിവർത്തനോത്സാഹം സമുദായത്തിൽ ഇപ്പോൾ വർദ്ധിച്ചു വരുന്നുണ്ട്. ചിലർ ബുദ്ധമതം നന്നെന്നും ചിലർ കൃസ്തുമതം നന്നെന്നും ചിലർ ആര്യസമാജം നന്നെന്നും..ഇങ്ങനെ ഉത്സാഹം പലവഴിയ്ക്കാണ് കണ്ട് വരുന്നത്. മതപരിവർത്തനം ആവശ്യമില്ലെന്ന് പറയുന്നവരും ഉണ്ട്.
ഗുരു: മതത്തിന് ആഭ്യന്തരവും ബാഹ്യവുമായ രണ്ട് വശങ്ങളുണ്ട്. ഇവയിൽ ഏതിനാണ് പരിവർത്തനം വേണമെന്ന് പറയുന്നത്? ബാഹ്യമായ മാറ്റത്തിനാണുത്സാഹമെങ്കിൽ അത് മതപരിവർത്തനമല്ല. സമുദായപരിവർത്തനമാണ്.
ആഭ്യന്തരമതത്തിനു പരിവർത്തനം ചിന്താശീലമുള്ള ഓരോ വ്യക്തികളിലും ക്രമേണ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു. അത് വിജ്ഞാനവർദ്ധനയോടുകൂടി സ്വാഭാവികമായി മാറുകയല്ലാതെ ആർക്കും മാറ്റുവാൻ കഴിയുകയില്ല. ഹിന്ദുമതം കൃസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളാൽ അറിയപ്പെടുന്ന മതങ്ങളിൽ ചേർന്നിരിയ്ക്കുന്നവരിൽ ഒരാൾക്ക് ആ മതത്തിൽ വിശ്വാസമില്ലെന്ന് വന്നാൽ അയാൾ ആ മതം മാറുകതന്നെയാണ് വേണ്ടത്. വിശ്വാസമില്ലാത്ത മതത്തിലിരിയ്ക്കുന്നത് ഭീരുത്വവും കപടതയുമാണ്. അവൻ മതം മാറുന്നത് അവനും നല്ലതാണ് അവനു വിശ്വാസമില്ലാതയ മതത്തിനും നല്ലതാണ്. ഒരു മതത്തിനും ആ മതത്തിൽ അവിശ്വാസികളുടെ സംഖ്യ വർദ്ധിയ്ക്കുന്നത് ശ്രേയസ്കരമല്ലല്ലോ.
സിവീ: ഹിന്ദുമതത്തിൽ തന്നെ ഇരിയ്ക്കണമെന്ന് പറയുന്നവർ ഇപ്പോഴത്തെ ഹിന്ദുമതം നന്നല്ലെന്നും പറയുന്നുണ്ട്.
ഗുരു: അപ്പോൾ അവർ ഹിന്ദുക്കൾക്ക് മാത്രമല്ല ഹിന്ദു മതത്തിനും കൂടി പരിവർത്തനം വേണമെന്ന് പറയുകയാണ്. ഹിന്ദുമതം എന്ന് ഒരു മതമേ ഇല്ലല്ലോ.ഹിന്ദുസ്ഥാനവാസികളെ ഹിന്ദുക്കൾ എന്ന് വിദേശീയർ പറഞ്ഞുവന്നു. ഹിന്ദുസ്ഥാനവാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കിൽ, ഹിന്ദുസ്ഥാനത്തെ ഇപ്പോൾ അധിവസിയ്ക്കുന്ന മുഹമ്മദീയരുടേയും കൃസ്ത്യാനികളുടേയും മതങ്ങളും ഹിന്ദുമതം തന്നെയാണ്. അങ്ങനെ ആരും പറയുന്നുമില്ല സമ്മതിയ്ക്കുന്നുമില്ല. ഇപ്പോൾ ഹിന്ദു മതമെന്ന് പറയുന്നത് കൃസ്തുമതം മുഹമ്മദുമതം മുതലായി ഹിന്ദുസ്ഥാനത്തിനു വെളിയിൽ നിന്ന് വന്ന മതങ്ങൾ ഒഴിച്ച് ഹിന്ദുസ്ഥാനത്തിൽ തന്നെ ഉദ്ഭവിച്ചിട്ടുള്ള മതങ്ങൾക്കുള്ള ഒരു പൊതുപ്പേരാകുന്നു.
അതുകൊണ്ടാണ് ബുദ്ധമതം ജൈനമതം മുതലായവയും ഹിന്ദുമതം തന്നെയാണെന്ന് ചിലർ പറയുന്നത്. വൈദിക മതം, പൗരാണിക മതം, സാംഖ്യമതം, വൈശേഷികമതം, മീമാംസകമതം, ദ്വൈതമതം, അദ്വൈതമതം, വിശിഷ്ടാദ്വൈത മതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം എന്നിങ്ങനെ പ്രത്യക്ഷത്തിൽ വിഭിന്നങ്ങളായിരിയ്ക്കുന്ന അനേക മതങ്ങൾക്ക് എല്ലാറ്റിനും കൂടി ഒരു പൊതു പേരു പറയുന്നത് യുക്തിഹീനമല്ലെങ്കിൽ മനുഷ്യജാതിയ്ക്കെല്ലാറ്റിനും മോക്ഷപ്രാപ്തിയ്ക്കുപയുക്തങ്ങളായി ദേശകാലാവസ്ഥകൾ അനുസരിച്ച് ഓരോ ആചാര്യന്മാർ ഈഷദീഷൽഭേദങ്ങളോടു കൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങൾക്കും ഏകമായ ലക്ഷ്യത്തോടുകൂടിയ ‘ഏകമതം‘ എന്ന് പറയുന്നതിൽ എന്തിനാണ് യുക്തിഹീനതയെ സംശയിയ്ക്കുന്നത്?
--------------------------
1104ലെ (1928) കന്നി അഞ്ചിനാണ് ഗുരു മഹാസമാധിയാവുന്നത്. 1103 ധനുമാസത്തിൽ ശ്രീനാരായണ ധർമ്മസംഘം എന്ന പേരിൽ ഒരു സന്യാസസംഘം രജിസ്റ്റർ ചെയ്തു. ഈ ധർമ്മസംഘത്തിനൊരു നിയമാവലിയുണ്ടാക്കാൻ കുറച്ച് നിയമവിധഗ്ധരെ ഏൽപ്പിച്ചു. സമയത്ത് ആരും നിയമാവലി കൊണ്ടുവരാഞ്ഞപ്പോൾ ‘ആശ്രമനിയമമുണ്ടാക്കാൻ ഇത്ര പ്രയാസമോ, നമുക്കുണ്ടാക്കാം’ എന്ന് തമാശപറഞ്ഞിട്ട് കടലാസെടുത്ത് അതിൽ അഞ്ച് ശ്ലോകങ്ങളെഴുതി ശിഷ്യന്മാരെ ഏൽപ്പിച്ചു.
ഒരു പക്ഷേ ഗുരു എഴുതിയ അവസാന കൃതിയായിരിയ്ക്കണമിത്.
ആശ്രമേസ്മിന്‍ ഗുരുഃ കശ്ചി-
ദ്വിദ്വാന്‍ മുനിരുദാരധീഃ
സമദൃഷ്ടിഃ ശാന്തഗംഭീ-
രാശയോ വിജിതേന്ദ്രിയഃ
പരോപകാരീ സ്യാദ്ദീന-
ദയാലുഃ സത്യവാക്പടുഃ
സദാചാരരതഃ ശീഘ്ര-
കര്‍ത്തവ്യകൃദതന്ദ്രിതഃ
അധിഷ്ഠായാസ്യ നേതൃത്വം
കുര്യാത് കാഞ്ചിത് സഭ‍ാം ശുഭ‍ാം
അസ്യാമായാന്തി യേ തേ സ്യുഃ
സര്‍വ്വേ സോദരബുദ്ധയഃ
യദ്വദത്രൈവ തദ്വച്ച
സ്ത്രീണ‍ാം പുംസ‍ാം പൃഥക് പൃഥക്
വിദ്യാലയാ ദിശി ദിശി
ക്രിയന്താമാശ്രമാഃ സഭാഃ
ഏകൈകസ്യാമാസു നേതാ
ചൈകൈക സ്യാദ്വിചക്ഷണഃ
സര്‍വ്വാഭിരനുബന്ധോദ്വൈ-
താശ്രമസ്യാഭിരന്വഹം
1. ശ്രീ നാരായണ ധർമ്മസംഘമെന്ന ഈ ആശ്രമത്തിൽ സത്യമെന്തെന്നറിയുന്നവനും (വിദ്വാൻ) സ്വാർത്ഥ സങ്കൽപ്പങ്ങൾ വെടിഞ്ഞവനും (മനഃസങ്കൽപ്പങ്ങൾ ഉപേക്ഷിയ്ക്കുകയെന്ന മൗനം അംഗീകരിച്ചവനാണു മുനി.) ലോകോപകാരിയും സമദർശിയും ശാന്തവും ഗംഭീരവുമായ ഹൃദയത്തോടു കൂടിയവനും ഇന്ദ്രിയങ്ങളെ കീഴടക്കിയവനുമായ ഒരാൾ ഗുരുവായുണ്ടാകണം
2. ആ ഗുരു അന്യർക്കുപകാരം ചെയ്യാൻ ഉണർന്നു വർത്തിയ്ക്കുന്നവനും, ദുഃഖിതരിൽ ദയയുള്ളവനും സത്യം മാത്രം പറയുന്നവനും സമർത്ഥനും സന്മാർഗ്ഗനിഷ്ഠയുള്ളവനും ചുമതലകൾ അതിവേഗം നിറവേറ്റുന്നവനും അലസത പാടേ വെടിഞ്ഞവനുമാകണം.
3. ഈ ആശ്രമത്തിന്റെ നേതൃസ്ഥാനത്ത് വർത്തിച്ചുകൊണ്ട് ഗുരു ലോകത്തിനു മംഗളം ചെയ്യുന്ന ഒരു സംഘടന കെട്ടിപ്പടുക്കേണ്ടതാണ്. ആരൊക്കെയാണോ ഈ സംഘടനയിൽ അംഗങ്ങളായി ചേരുന്നത് അവരൊക്കെ പരസ്പരം സഹോദരഭാവത്തിൽ വർത്തിയ്ക്കേണ്ടതാണ്.
4. ആശ്രമത്തിന്റെ കേന്ദ്രസ്ഥാനത്തെങ്ങനെയോ അങ്ങനെതന്നെ ഓരോ സ്ഥലത്തും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക്കം പ്രത്യേകം വിദ്യാലയങ്ങളും ആശ്രമങ്ങളും സംഘടനകളും രൂപപ്പെടുത്തേണ്ടതാണ്.
5. ഈ സഭകളിൽ ഓരോന്നിലും ഓരോരോ വിവേകിയായ നേതാവ് ഉണ്ടായിരിയ്ക്കേണ്ടതാണ്. ഈ എല്ലാ സഭകളോടും ചേർന്ന് അദ്വൈതാശ്രമത്തിന്റെ ശാഖയും ഉണ്ടായിരിയ്ക്കേണ്ടതാണ്.
എന്തിനാണ് അദ്വൈതാശ്രമത്തിന്റെ ശാഖ? ഈ പ്രവർത്തനങ്ങളുടെയെല്ലാം പരമലക്ഷ്യം അദ്വൈതാനുഭൂതിയാണ്. ലോക ജീവിതത്തിന്റെ തന്നെ പരമലക്ഷ്യം അദ്വൈതാനുഭൂതിയാണെന്ന് ഗുരു അവസാന കൃതിയിൽപ്പോലും ശിഷ്യന്മാരെ അറിയിയ്ക്കുന്നു. അദ്വൈതാനുഭൂതി ലഭിച്ചുകഴിഞ്ഞാൽ ജാതിയില്ല മതവുമില്ല. ശങ്കരാചാര്യ സ്വാമികൾ പറയുന്നു.
‘ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ .
ന ധർമോ ന ചാർഥോ ന കാമോ ന മോക്ഷഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.
എനിക്ക് ദ്വേഷമോ രാഗമോ ഇല്ല. എനിക്ക് ലോഭമോ മോഹമോ ഇല്ല; എനിക്ക് മദമില്ല തന്നെ. എനിക്കാരോടും മത്സരഭാവമില്ല തന്നെ. ധർമമില്ല; അർത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.
ന മേ മൃത്യുശങ്കാ ന മേ ജാതിഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ .
ന ബന്ധുർന മിത്രം ഗുരുർനൈവ ശിഷ്യഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം
മരണമില്ല, സംശയമേയില്ല. എനിക്കു ജാതിഭേദമില്ല. അച്ഛൻ ഇല്ല തന്നെ; മാതാവില്ല തന്നെ, ജന്മവുമില്ല. ബന്ധുവില്ല, സുഹൃത്തില്ല. ഗുരുവോ ശിഷ്യനോ ഇല്ല. ഞാൻ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.‘
അവർക്കൊക്കെ പിന്നെയെന്ത് മതം? ഗുരുദേവനെ സാധാരണയായി ആരാധിയ്ക്കുന്നത് ഈഴവരാണ്. അവർ അദ്ദേഹത്തെ ആരാധിയ്ക്കുമ്പോൾ ഗുരു ഈഴവനാകുന്നു. ഹിന്ദുക്കൾ മുഴുവൻ അദ്ദേഹത്തെ തങ്ങളുടേതായിക്കണ്ട് അദ്ദേഹത്തിന്റെ ദർശനത്തെ തങ്ങളുടെ ദർശനമായിക്കണ്ട് ആരാധിച്ചാൽ ഗുരുദേവൻ ഹിന്ദുവായി മാറും. ഗുരുദേവൻ തന്നെ ഹിന്ദുക്കൾക്ക് നൽകിയ നിർവചനം ഓർമ്മിയ്ക്കുക.

ഇനി അങ്ങനെയല്ല, ഞങ്ങൾ ഹിന്ദുക്കളല്ല സായിപ്പന്മാരായ കൃസ്ത്യാനികളും മുസ്ലീങ്ങളും ആണെങ്കിൽ അവരും അദ്ദേഹത്തെ തങ്ങളുടെ ഗുരുവായിക്കണ്ട് അദ്ദേഹത്തിന്റെ കൃതികളും ദർശനവും പഠിച്ച് ഫലപ്രാപ്തിയിലെത്തിച്ചാൽ ഗുരുദേവൻ ഒരു സംശയവുമില്ലാതെ കൃസ്ത്യാനിയും മുസ്ലീമും ഒക്കെയായി മാറും. അങ്ങനെ ഗുരുദേവൻ ഇച്ഛിച്ച പോലെ, തന്റെ മതത്തിലുൾപ്പെടാത്തവർക്ക് ഗതികിട്ടില്ലെന്ന പരമതദ്വേഷമില്ലാതെ, തങ്ങളുടെ മതത്തിൽ ചേർന്നാലേ സ്വർഗ്ഗമോ മോക്ഷമോ ലഭിയ്ക്കൂ എന്ന വിഭാഗീയതയില്ലാതെ പരമതവാദവും പരമതദ്വേഷവും ഒഴിഞ്ഞ് ഗുരുദേവൻ ദർശനം ചെയ്ത ഏകമതത്തിലേക്ക് എല്ലാവരും എത്തിച്ചേരട്ടെ.
1927ൽ കളവങ്കോടം ക്ഷേത്രത്തിലാവണം ഗുരു അവസാനമായി പ്രതിഷ്ഠാകർമ്മം നടത്തിയത്. വാക്കുകൾ തെളിഞ്ഞു കാണത്തക്ക വിധം വാക്കുകളുടെ ആകൃതിയിൽ പിറകിൽ നിന്ന് രസം ചുരണ്ടിക്കളഞ്ഞ ഒരു കണ്ണാടിയാണ് അവിടെ പ്രതിഷ്ഠിച്ചത്. ആ വാക്കുകൾ ഇങ്ങനെയായിരുന്നു
’ഓം ശാന്തി’

No comments:

Post a Comment