നാരായണഗുരുസ്വാമിയുടെ വളരെ അടുത്ത ശിഷ്യനായ സഹോദരൻ അയ്യപ്പനെ ചെറായിയിൽ ഈഴവരുടെ സഭയായ വിജ്‌ഞാനവർദ്ധിനി സഭയിൽ നിന്ന് പുറത്താക്കിയപ്പോൾ സ്വാമി ആ യോഗത്തിൽ ഉണ്ടായിരുന്നു എന്നും മറ്റും ഒരു കള്ളപ്രചാരണം ഓൺലൈനിൽ നടക്കുന്നുണ്ട്.
വസ്തുതകൾക്ക് നിരക്കാത്ത, നടന്നതിന് നേരെ വിപരീതമായ ആ കള്ളപ്രചരണം എന്ത് പറഞ്ഞ് നമുക്ക് തടയാനാകും? ഈയടുത്ത കാലത്ത് ജീവിച്ചിരുന്ന നാരായണഗുരുവിനെപ്പറ്റിപ്പോലും നടക്കാത്ത കാര്യങ്ങൾ, നടന്നതിന് നേരെ വിപരീതമായ കാര്യങ്ങൾ നടന്നതാണെന്ന മട്ടിൽ പ്രചരിപ്പിച്ചാൽ നമുക്ക് നോക്കിയിരിയ്ക്കാം എന്നല്ലാതെ ഒന്നും ചെയ്യാനാകില്ല.
സഹോദരൻ അയ്യപ്പൻ സ്വാമിയോട് വളരെ അടുപ്പമുള്ള ഒരു ശിഷ്യനായിരുന്നു. സഹോദരന്റെ മുടങ്ങിയ പഠനം പൂർത്തിയാക്കാൻ പണം നൽകി അദ്ദേഹത്തെ പഠിപ്പിച്ചതും സ്വാമിയാണ്. പഠനം കഴിഞ്ഞ് അദ്ദേഹം സ്വാമിയുടെ വാക്കുകളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് ചെറായിയിൽ പ്രവർത്തനങ്ങൾ തുടങ്ങിയത്.
സാമൂഹ്യപരിഷ്കരണത്തിനായി വഴിയരികിൽ ഒരു വീഞ്ഞപ്പെട്ടിയിൽ കയറിനിന്ന് വഴിയേ പോകുന്നവരൊട് പ്രസംഗിച്ചാണ് അദ്ദേഹം തുടങ്ങിയത്. അതിനു ശേഷം പന്തിഭോജനം നടത്തി. എല്ലാ ജാതിക്കാരും ഒരുമിച്ചിരുന്ന് ഒരു പന്തിയിൽ ഊണ് കഴിച്ചു. പന്തിഭോജനം വലിയ ബഹളമാണുണ്ടാക്കിയത്. പുലയരോട് തൊട്ട് ഭക്ഷണം കഴിച്ച സഹോദരനെ പുലയനയ്യപ്പൻ എന്ന് ചില ഈഴവപ്രമാണിമാർ വിളിയ്ക്കാൻ തുടങ്ങി. അദ്ദേഹത്തിനത് അഭിമാനമായിരുന്നു. വലിയ ബഹളങ്ങൾ സഹോദരനെതിരെയും അദ്ദേഹത്തിന്റെ സഭയിലിരുന്ന് എല്ലാ ജാതിക്കാരോടുമൊപ്പം ഊണ് കഴിച്ച ഈഴവ കുടുംബങ്ങൾക്കെതിരെയും ഈഴവപ്രമാണിമാരുടെയിടയിൽ പൊട്ടിപ്പുറപ്പെട്ടു.
എന്നാൽ വിവേകോദയം എന്ന എസ് എൻ ഡീ പി യുടെ ദ്വൈവാരികയിൽ കുമാരനാശാൻ തന്നെ പന്തിഭോജനത്തെ അനുകൂലിച്ച് മുഖപ്രസംഗമെഴുതി. സ്വാമിയ്ക്കും വേറൊരു അഭിപ്രായമുണ്ടായിരുന്നില്ല.
അപ്പോഴാണ് സ്വാമി ഈ പന്തിഭോജനപ്രസ്ഥാനത്തിനെതിരാണെന്ന് ഒരു അപവാദപ്രചരണം ജാതി ഈഴവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത്കേട്ട് സഹോദരൻ ഉടനേ സ്വാമിയെക്കാണാൻ ഓടിച്ചെന്നു.
സ്വാമിയ്ക്ക് അയ്യപ്പൻ ഒരു മകനേപ്പോലെയായിരുന്നു. സ്വാമി സഹോദരനോട് സ്നേഹമോടെ മിശ്രഭോജനത്തെപ്പറ്റി വളരെ ഉത്സാഹത്തോടേ സംസാരിച്ചു. സഹോദരനെ അഭിനന്ദിച്ചു. ഒപ്പം ഒരുപദേശവും നൽകി
“എതിർപ്പ് കണ്ട് അയ്യപ്പൻ വിഷമിയ്ക്കണ്ട, ഇത് വലിയ പ്രസ്ഥാനമായി വളരും.ഒരു കാര്യം ഓർമ്മിച്ചാൽ മതി അയ്യപ്പൻ ക്ഷമിയ്ക്കണം. കൃസ്തുവിനേപ്പോലെ ക്ഷമിയ്ക്കണം“
സഹോദരൻ അയ്യപ്പന് ഇതിലും വലിയ സന്തോഷമില്ലായിരുന്നു. അദ്ദേഹം പൂർവാധികം ശക്തിയോടെ തന്റെ പരിപാടികൾ തുടർന്നു. അക്ഷരം പ്രതി സ്വാമിയുടെ ഉപദേശം അയ്യപ്പൻ ചെവിക്കൊണ്ടു. എതിരാളികളോട് അദ്ദേഹം കൃസ്തുവിനേപ്പോലെ ക്ഷമിച്ചു. വേണമെങ്കിൽ കായികമായി നേരിടാൻ അദ്ദേഹത്തിനും സഹോദരസംഘാംഗങ്ങൾക്കും കഴിയുമായിരുന്നു. പക്ഷേ സ്വാമിയുടെ വാക്കുകൾ അയ്യപ്പൻ വിട്ടില്ല. മുത്തകുന്നത്ത് വച്ച് അദ്ദേഹത്തെ അണ്ടിനെയ്യ് (കശുവണ്ടി തല്ലിക്കഴിഞ്ഞ് തോടിൽ നിന്ന് വരുന്ന ടോക്സിക് ഓയിൽ) കൊണ്ട് അഭിഷേകം ചെയ്തു. മറ്റൊരിടത്ത് ചാണകമെറിഞ്ഞു, വേറൊരിടത്ത് ഉറുമ്പിൻ കൂടുകൾ തലയിൽ വച്ചു, കത്തിയുമായി കുത്താൻ ചെന്നു...സ്വാമി പറഞ്ഞത് പക്ഷേ ജീവിതവൃതമായെടുത്ത് അദ്ദേഹം ഒന്നിനേയും കായികമായി എതിരിട്ടില്ല. കൃസ്തുവിനേപ്പോലെ ക്ഷമിച്ചു.
സ്വാമി അദ്വൈതാശ്രമത്തിൽ വിശ്രമിയ്ക്കുന്ന സമയത്ത് സമസ്തകേരള സഹോദരസംഘം സമ്മേളനം സ്വാമിയുടെ അധ്യക്ഷതയിലാണ് കൂടിയത്. അവിടെ വച്ച് സ്വാമിയുടെ കൈപ്പടയിൽ പന്തിഭോജനപ്രസ്ഥാനത്തിനായി എന്തെങ്കിലും എഴുതിത്തന്നാൽ ആൾക്കാർ ഉപദ്രവിയ്ക്കില്ല എന്ന് സഹോദരൻ അറിയിച്ചു. സ്വാമി ഉടനേ തന്നെ ഒരു കടലാസിൽ ഇവ്വിധം എഴുതിക്കൊടുത്തു. എന്നിട്ട് എല്ലാം ഭംഗിയായി വരും എന്ന് അനുഗ്രഹിച്ചു.
‘മനുഷ്യരുടെ വേഷം ഭാഷ എന്നിവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായത് കൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിൽ യാതൊരു ദോഷവുമില്ല. നാരായണഗുരു“
ഈ സന്ദേശത്തെയാണ് 'മഹാസന്ദേശം' എന്ന് പറയുന്നത്. ഇതിന്റെ അനേകായിരം പ്രതികൾ അച്ചടിച്ച് സഹോദരൻ വിതരണം ചെയ്തു. അങ്ങനെ അവർക്കുണ്ടായിരുന്ന വലിയ എതിർപ്പ് അടങ്ങുകയും സഹോദരസംഘം വളരെ നന്നായി പ്രവർത്തിയ്ക്കുകയും ചെയ്തു.
സ്വാമി ചെറായിയിൽ പോയിട്ടില്ല.സ്വാമി സഹോദരനെ എവിടെ നിന്നും പുറത്താക്കിയിട്ടുമില്ല. സഹോദരന്റെ ആവേശവും യുവത്വവീര്യവും കണ്ടാവനം അത് അക്രമത്തിലേയ്ക്ക് നീങ്ങരുതെന്ന് കരുതി കൃസ്തുവിനെപ്പോലെ ക്ഷമിയ്ക്കണമെന്ന് സ്വാമി ഉപദേശിച്ച് അനുഗ്രഹിച്ച് യാത്രയാക്കിയത്. സ്വാമി സഹോദരസംഘത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായി അനുഗ്രഹിച്ച വ്യക്തിയാണ്.സഹോദരസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന് അദ്ധ്യക്ഷനായിരുന്നതും ഗുരുവാണ്. സഹോദരൻ അയ്യപ്പൻ തന്നെ വിശദമായി ഈ വിഷയത്തെ അവലംബിച്ച് എഴുതിയിട്ടുണ്ട്, പറഞ്ഞിട്ടുണ്ട് .
സഹോദരൻ അയ്യപ്പൻ പല പ്രാവശ്യം ഈ വിഷയം എഴുതുകയും സംസാരിയ്ക്കുകയും ചെയ്തിട്ടുണ്ട് അതിലൊന്നും ഇങ്ങനെയൊരു പുറത്താക്കലിൽ സ്വാമി ഇരുന്നിട്ടുണ്ട് എന്ന കാര്യം പറഞ്ഞിട്ടില്ല. പകരം ഞാൻ മേലെഴുതിയ മഹാസന്ദേശം ഗുരുവിന്റെ സ്വന്തം കൈപ്പടയിൽ വാങ്ങിച്ചുകൊണ്ട് പോയി അച്ചടിച്ച് വിതരണംചെയ്യുകയാണുണ്ടായത്. ആ മഹാസന്ദേശം കിട്ടിയതോടെ പന്തിഭോജനപ്രസ്ഥാനത്തിനും സഹോദരസംഘത്തിനും ഈ നാട്ടിലുണ്ടായിരുന്ന എതിർപ്പ് ഇല്ലാതെയായി.
സ്വാമി എന്ത് ചെയ്തോ അതിന്റെ നേരേ വിപരീതം ചെയ്‌തെന്ന് പ്രചരിപ്പിയ്ക്കുകയാണിപ്പോഴത്തെ ഫാഷൻ. ഗുരുവിനെ പഠിയ്ക്കാൻ അദ്ദേഹത്തിന്റെ കൃതികളുടെയും ജീവിതത്തിന്റേയും മുഴുവൻ വിവരങ്ങളും ഈ ഇന്റർനെറ്റിൽ സൗജന്യമായി കിടപ്പുണ്ട്.
പന്തി ഭോജനം കേരളത്തിൽ അതിനുമുമ്പും നടന്നിട്ടുണ്ട് 1913 ൽ ഹരിപ്പാട് രാമകൃഷ്ണാശ്രമം സ്ഥാപിച്ച ശേഷം അവിടത്തെ ക്ഷേത്രത്തിൽ സകല ജാതിമതക്കാർക്കും ആരാധനാസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തിരുന്നു. അന്ന് അത് വലിയ പ്രശ്നമാകുകയും ചെയ്തു. പക്ഷെ രാമകൃഷ്ണ മിഷന് രാജാക്കന്മാരിലും അധികാരികളിലും മറ്റും സ്വാധിനമുള്ളത് കൊണ്ട് അധികമാരും ബുദ്ധിമുട്ടുകളുണ്ടാക്കിയില്ല.
1914 ൽ രാമകൃഷ്ണദേവന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച സദ്യയിൽ എല്ലാ ജാതിക്കാരും ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു. ഊണൊക്കെ കഴിഞ്ഞെങ്കിലും താണജാതിക്കാരുടെ ഇലയെടുക്കാൻ ഇല മാറ്റാൻ നിന്നവർ ആരും തയ്യാറായില്ല. സ്വാമി നിർമ്മലാനന്ദജി (രാമകൃഷ്ണദേവന്റെ പ്രമുഖ ശിഷ്യന്മാരിലൊരാൾ) ഇത് കണ്ട് അദ്ദേഹം തന്നെ ഓരോ ഇലയായി എടുത്ത് മാറ്റാൻ തുടങ്ങി. അത് കണ്ട് സകലരും ഒപ്പം കൂടി.
കേരള ചരിത്രത്തിലത് ഒരു വിപ്ലവമായിരുന്നു. ഈ സമാജത്തിലെ അനാചാരങ്ങൾ അവരൊക്കെച്ചെർന്ന് തന്നെയാണ് ഇല്ലാതാക്കിയത്. പിന്നീട് എല്ലാക്കൊല്ലവും രാമകൃഷ്ണജയന്തിയ്ക്ക് ഹരിപ്പാട് രാമകൃഷ്‌ണാശ്രമത്തിൽ പൊതുസദ്യ നടന്ന് വരുന്നു.