Sunday, June 26, 2016

ബ്രെക്സിറ്റും സ്വാതന്ത്ര്യവും ഭാരതവും

നമ്മൾ ഭാരതത്തിൽ ഇടയ്ക്കിടെ പാടിപ്പുകഴ്ത്താറുള്ള, വയലിലും ചേറിലും കടലിലും കുഴിയിലും നമുക്കന്നം വിളമ്പാനും, നമ്മുടെ ഭാരം ചുമക്കാനും നമ്മളെ നമ്മളാക്കാനും കരിഞ്ഞു കരയുന്ന ജനതയോട്, സാധാരണ ജനങ്ങളോട്, അവരല്ലാത്തവർക്കെല്ലാം പുച്ഛമാണ്. അതുകൊണ്ട് തന്നെ അവരെടുക്കുന്ന തീരുമാനങ്ങൾ ശരിയെന്ന് സമ്മതിയ്ക്കാൻ  ബാക്കിയുള്ള ബുദ്ധിയുണ്ടെന്നഹങ്കരിയ്ക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ജനാധിപത്യത്തിൽ.

അവിടെ കാര്യങ്ങളെല്ലാം സമ്പന്നരും വിവരമുള്ളവരും വിദ്യാഭ്യാസമുള്ളവരും വലിയ വലിയ പേരെടുത്ത സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുമടങ്ങുന്ന വരേണ്യവർഗ്ഗം പറയുന്നതുപോലെ തീരുമാനിച്ചുകൊള്ളണം. അല്ലെങ്കിൽ ഇപ്പറയുന്ന ജനതയെ വിളിയ്ക്കാൻ ഞങ്ങൾ പേരുകൾ കണ്ടെത്തിയിട്ടുണ്ട്. അതിപ്പൊ വർക്കിംഗ് ക്ളാസ് മെന്റാലിറ്റിയെന്നോ റേസിസ്റ്റെന്നോ സീനോഫോബിക്കെന്നോ ജിംഗോയിസ്റ്റ് എന്നോ ഒക്കെ, പേരുകളിടുന്നവരുടെ തമ്പുരാക്കന്മാർ ഈ സാധാരണക്കാരനു പലതരം പേരുകൾ ചാർത്തിക്കൊടുക്കും.

ബ്രിട്ടണിലെ ആ പാവപ്പെട്ടവനും ആ പേരുകൾ ചാർത്തിക്കിട്ടിയ ദിവങ്ങളാണിത്. Uncultured Xenophobic Swines (സംസ്കാരരഹിതരായ വംശവിദ്വേഷിപ്പന്നികള്‍) എന്നാണെന്റെയൊരു അക്കാഡമിക സുഹൃത്തിന്ന് ഫേസ്ബുക്കിൽ കുറിച്ചത്. ഒരിയ്ക്കലും മുകൾച്ചുണ്ടിന്റെ മുറുക്കം കുറയാത്തവരെല്ലാം ***** ഇട്ടെഴുതേണ്ട വാക്കുകളാൽ അവരുടെ ഫേസ്ബുക്ക് വാളുകൾ നിറച്ചിരിയ്ക്കുകയാണ്.

ഒരു വോട്ടെടുപ്പിൽ ജയവും തോൽവിയും ഉണ്ടാകുമെന്നത് അറിയാത്ത പോലെ തോൽവിയുണ്ടായ ഭാഗത്ത് നിൽക്കുന്നവർ ജയിച്ച ഭാഗത്തിനു വോട്ടുചെയ്തവരെ നിരന്തരം ചീത്തവിളിയ്ക്കുന്ന അപൂർവാവസരം.  ടെലിവിഷനിൽ അവതാരകർ വഴിയിലൂടെ നടക്കുന്നവരെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ കുറ്റപ്പെടുത്തിച്ചോദിയ്ക്കുന്നു. “നിങ്ങൾ പുറത്തേയ്ക്ക് പോകണമെന്ന് വോട്ടുചെയ്തതിന്റെ ദൂഷ്യഫലങ്ങളനുഭവിയ്ക്കാൻ തയ്യാറുണ്ടോ?“

ഒരപ്പൂപ്പൻ ശാന്തനായിത്തന്നെ പറഞ്ഞു. “ഞങ്ങൾ രണ്ട് ലോകയുദ്ധങ്ങൾ ജയിച്ചവരാണ്.“

ഉയർന്നവർ പ്ളെബ്സ് എന്ന് പുശ്ചമായും വർക്കിങ്ങ് ക്ളാസ് എന്ന് പുറമേയും വിളിയ്ക്കപ്പെടുന്ന ഒരുദിവസത്തെക്കൂലിയില്ലേൽ പിഴച്ചുപോകാനാവാത്തവരാണ് ബ്രിട്ടണിൽ ഈ വോട്ടുചെയ്തത്, ഈ തീരുമാനമെടുത്തത്. സ്വന്തമായി യാതൊന്നുമില്ലാത്തവർ.

എന്തുകൊണ്ടാണ് ഈ ഹിതപരിശോധനയിൽ, ഭരിയ്ക്കുന്ന ഗവണ്മെന്റു മുഴുവൻ, പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും പ്രധാനപ്പെട്ട എല്ലാ പാർട്ടികളും മുതൽ വൻ ബിസിനസ് മുതലാളിമാരും,  കലാകാരന്മാരും, ബീബീസീ തുടങ്ങിയ സകല മാധ്യമങ്ങളും ഒരുവശത്ത് നിന്നുകൊണ്ട് ഗവണ്മെന്റ് തന്നെ ഔദ്യോഗിക സംവിധാനങ്ങലുപയോഗിച്ച് യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിയരുത് എന്ന് സകല കീഴ്വഴക്കങ്ങളും മറന്ന് ആവശ്യപ്പെട്ടിട്ടും യൂറോപ്പിൽ നിന്ന് വിട്ടുപോരുക എന്ന തീരുമാനത്തിൽ ജനങ്ങൾ ഉറച്ചു നിന്നത്?

വിട്ടുപോരാൻ ആവശ്യപ്പെട്ട് പ്രചാരണം നയിച്ചവർ ജനങ്ങൾ അധികം വിലകൊടുക്കാത്ത ഒന്നുരണ്ട് നേതാക്കന്മാർ മാത്രമായിരുന്നു. ചില ബ്ളോഗുകൾ പറഞ്ഞത് വിട്ടുപോരാതിരിയ്ക്കാൻ മനപ്പൂർവം അത്തരക്കാരെ ആ പ്രചരണം ഏൽപ്പിയ്ക്കുകയായിരുന്നു എന്നാണ്. ഗൂഡാലോചനാവാദമാണ്. എന്നാലും ആരും യൂറോപ്പിൽ നിന്ന് വിട്ടുപോരുക എന്ന പ്രചരണം നയിച്ചവരുടെ വിജയമായി ഈ തീരുമാനത്തെ എടുത്തിട്ടില്ല. ആ പ്രചരണം നയിച്ചവർ പോലും.

യൂണിവേഴ്സിറ്റികൾ, ഗവണ്മെന്റ് വകുപ്പുകൾ, ബുദ്ധിജീവികൾ, സകല പാർട്ടിയിലെ മുഴുവൻ രാഷ്ട്രീയക്കാരും ഒന്നോ രണ്ടോ പേരൊഴിച്ച് ഒന്നോടെ ജനങ്ങളോട് പറഞ്ഞു, നമുക്ക് യൂറോപ്യൻ യൂണിയനിൽ നിൽക്കണം. പക്ഷേ ജനം ഒന്നുമാലോചിച്ചില്ല. ഒന്നും കേട്ടില്ല. സകല പ്രമുഖപാർട്ടികളും ഗവണ്മെന്റും സകല മാധ്യമങ്ങളും ഒത്തുപിടിച്ചിട്ടും അമ്പത് ശതമാനം വോട്ടുപോലും കിട്ടിയില്ല . അതിൽ എവിടെയോ എന്തോ കാരണമുണ്ടാവും എന്നറിയാതിരിയ്ക്കാൻ മാത്രം ബുദ്ധിയില്ലാത്തവരാണോ ലളിതയുക്തികളാൽ ആ ജനങ്ങളെ കുറ്റം പറയുന്നത്?

എല്ലാവരും പറയുന്നത് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ജനങ്ങളുടെ കുടിയേറ്റം കണ്ട് സഹിയ്ക്ക വയ്യാതായതുകൊണ്ടാണ് ബ്രിട്ടൺ യൂറോപ്യൻ യൂണിയനെതിരേ വോട്ടുചെയ്തതെന്നാണ്. ഒന്നു മനസ്സിലാക്കണം, യൂറോപ്പിലെ ഏറ്റവും സഹിഷ്ണുതയുള്ള സമൂഹങ്ങളിലൊന്നാണ് ബ്രിട്ടൺ. യൂറോപ്പിലെമ്പാടും നിയോനാസികൾ അരങ്ങ് തകർക്കുമ്പോൾ ബ്രിട്ടണിൽ പേരിനുപോലും അത്തരമൊരു ഗ്രൂപ്പിനെ കാണാനാകില്ല. ഏറ്റവും വിവിധത ആഘോഷിയ്ക്കുന്ന യൂറോപ്യൻ രാഷ്ട്രമാണ് ബ്രിട്ടൺ. ഇൻഡ്യയിലും പാകിസ്ഥാനിലും ബംഗ്ളാദേശിൽ നിന്നും ആഫ്രിക്കയിൽ നിന്നും കരീബിയയിൽ നിന്നും എന്തിന് അവർ യുദ്ധം ചെയ്യുന്ന അഫ്ഗാനിസ്ഥാനിൽ അവരുടെ ജയിലിൽക്കിടന്നവർക്കു പോലും രാഷ്ട്രീയാഭയം കൊടുക്കുന്ന രാജ്യമാണ് ബ്രിട്ടൺ. ഇന്നും ബ്രിട്ടീഷ് സൈന്യത്തിൽ ബ്രിട്ടീഷ് പൗരന്മാരല്ലാത്തവർക്ക് ജോലിയിൽ ചേരാം. ഗൂർഘകളുടെ റെജിമെന്റ് പോലും റോയൽ ആർമിയിലുണ്ട്. അതിനായി വർഷാവർഷം നേപ്പോളിൽ നിന്നും റിക്രൂട്ട്മെന്റും നടത്തുന്നു.

യൂറോപ്പിലെങ്ങും ജുതരെ മുതൽ കറുത്തവരെ വരെ വേട്ടയാടിയപ്പോൾ ഇപ്പറയുന്ന ജർമ്മനിയിൽ പറ്റം പറ്റമായി ജർമ്മനിയ്ക്ക് സഹിയ്ക്കാത്തവരെയെല്ലാം കോൺസൻട്രേഷൻ ക്യാമ്പുകളിലടയ്ക്കുകയും ഗാസ് ചേമ്പറിൽ കൊലപ്പെടുത്തുകയും ചെയ്തപ്പോഴും അവരെയെല്ലാം രണ്ട് കയ്യും നീട്ടി സ്വീകരിച്ചതാണ് ബ്രിട്ടൺ. ഹിറ്റ്ലറും കൂട്ടരും താന്താങ്ങളുടെ പടയുമായി യൂറോപ്പ് ഒന്നിപ്പിയ്ക്കാൻ ചെന്നപ്പോ ഓസ്ട്രിയ പൂവുകളും പുഷ്പവൃഷ്ടിയുമായാണ് ഹിറ്റ്ലറെ സ്വീകരിച്ചത്. ഒരു ഭാഗത്തുനിന്ന് കമ്യൂണിസ്റ്റ് റഷ്യയും മറുഭാഗത്ത് നിന്ന് നാസീ ജർമ്മനിയും പോളണ്ടെന്ന രാജ്യത്തെ ആക്രമിച്ച് കീഴടക്കി അവരെ പറ്റം പറ്റമായി കൊന്നൊടുക്കിയപ്പോൾ, ശരിയാണ് അന്നവർ ഇൻഡ്യയെ അടക്കിഭരിയ്ക്കുകയൊക്കെയായിരുന്നെങ്കിലും ബ്രിട്ടണേ ഉണ്ടായിരുന്നുള്ളൂ ഈ ഫാസിസത്തെ ഞങ്ങൾ എന്ത് വിലകൊടുത്തായാലും എതിർക്കുമെന്ന് പറയാൻ.

പാവങ്ങളുടെ പടത്തലവനെന്ന് പാർട്ടി അപ്പിസുകളിൽ മാലയിട്ടിരുത്തിയിരിയ്ക്കുന്ന സ്റ്റാലിൻ അന്ന് ഹിറ്റ്ലറുടെ വലംകൈയ്യായിരുന്നു. ഹോളീവുഡ് സിനിമകളിൽ നമ്മൾ കണ്ട് ശീലിച്ച അമേരിയ്ക്കൻ രണ്ടാം ലോകയുദ്ധ വീരന്മാരൊക്കെ പേൾഹാർബറിൽ ബോംബ് വീഴും വരെ ഇരുപക്ഷത്തും ആയുധങ്ങളും സൗകര്യങ്ങളും വിറ്റുകൊണ്ടിരിയ്ക്കുകയുമായിരുന്നു. ബ്രിട്ടൺ ഒറ്റയ്ക്കാണ് അന്നുവരെ ഹിറ്റ്ലറെ എതിർത്തത്.

ബ്രിട്ടണെന്നാൽ നാസികളോട് സന്ധിചെയ്ത്  ബ്ളാക് ഷർട്ടുകളെയുണ്ടാക്കിയ ചില ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായിരുന്നില്ല. വയലിലും പാടത്തും ഫാക്ടറികളിലും പണിയെടുക്കുന്നവരാണ് നമുക്ക് ഹിറ്റ്ലറെ തടഞ്ഞേ കഴിയൂ എന്ന് പ്രഖ്യാപിച്ചത്. ആ വികാരം ഗവണ്മെന്റ് ഏറ്റെടുക്കുക മാത്രമേ ചെയ്തുള്ളൂ. ഫാക്ടറികളിൽ നിന്നും, വയലുകളിൽ നിന്നും, ഖനികളിൽ നിന്നും, മില്ലുകളിൽ നിന്നും  വോളണ്ടിയർമാരായി യാതൊന്നും പ്രതീക്ഷിയ്ക്കാതെ ആ യുദ്ധം നയിച്ച, അത് ജയിച്ചവരോടാണ് പുതുബാല്യക്കാരൻ റിപ്പോർട്ടറുടെ ചോദ്യം, നിങ്ങൾ വംശവിദ്വേഷിയാണോ എന്ന്!

തന്റെ വീട്ടിന്റെ മുറ്റത്ത് നിൽക്കുന്ന ബംഗാളിയെയും കൂടെ ജോലിചെയ്യുന്ന തമിഴനേയും വഴിയിൽക്കണ്ട ഗുജറാത്തിയേയും (ഗുജറാത്തിയാണെങ്കിൽ കേരളാ വിപ്ളവനായകന്മാരുടെ മുന്നിലെത്തിപ്പെട്ടാൽ പിന്നെ തരം കിട്ടിയാൽ ഇരുട്ടടിയ്ക്കും എന്ന മട്ടിലാണ്) ഒക്കെ നാലുതരം കണ്ണുകൾവച്ച് കാണുന്ന ശരാശരി മലയാളിയും ബ്രിട്ടീഷുകാരെ അടങ്കൽ റേസിസ്റ്റുകൾ എന്നു വിളിയ്ക്കുന്നു. രാവിലേ ഇന്നലത്തെ ബാക്കിവന്ന പിറ്റ്സയും കഴിച്ച് മിസ്റ്റർ സിംഗിന്റെ കടയീന്ന് പത്രവും പാലും വാങ്ങി ജോലിയ്ക്ക് ചെന്ന് ഡോക്ടർ ഹുസൈന്റെ സെക്രട്ടറിയായി രാജ് കൗറിന്റെ കീഴിൽ ജോലിചെയ്ത് വൈകിട്ട് ഖാന്റെ കടയീന്ന് ചിക്കൻ ടിക്കാ മസാലയും ഓർഡർ ചെയ്ത് വീട്ടിലെത്തി കുഞ്ഞുങ്ങൾക്ക് കൂട്ടിരിയ്ക്കാൻ വൈകിട്ട് വന്ന റൊമേനിയക്കാരി പെൺകുട്ടിയ്ക്ക് പണവും ഭക്ഷണത്തിലൊരു പങ്കും നൽകി പറഞ്ഞയയ്ക്കുന്ന ശരാശരി ബ്രിട്ടീഷുകാരി വീട്ടമ്മ യൂറോപ്പിൽ നിന്ന് പോകാൻ വോട്ടുചെയ്ത മാത്രയിൽ യൂറോപ്പിലെ വൻ ശിങ്കങ്ങളുടെ മുന്നിൽ സീനോഫോബിക് ആയി, വംശീയവിദ്വേഷമുള്ളവളായി മാറി. സ്റ്റീരിയോടൈപ്പിങ്ങിനു ക്ഷമാപണം.

രസമെന്തെന്ന് വച്ചാൽ യൂറോപ്പ് വെള്ളക്കാരുടെ നാടാണെന്നും അവിടെ നിന്നും കുടിയേറുന്നവർ വെള്ളക്കാരു തന്നെയാണെന്നും അറിഞ്ഞുകൊണ്ടാണോ ഈ വംശീയവിദ്വേഷം അവരിലാരോപിയ്ക്കുന്നത്? Xenophobia എന്ന വാക്കു പ്രത്യേകം പറയുന്നത് അതുകൊണ്ടാവാം. വലിയ മിടുക്കന്മാർ നൽകുന്ന ലേബലുകളാവുമ്പൊ അത്രയ്ക്ക് കൃത്യമായ ലേബലുകൾ തന്നെ നൽകണമല്ലോ.

അതിലും രസമെന്തെന്നാൽ ഈയിടെ ഒരു ഇന്റർവ്യൂവിൽ യൂറോപ്പിൽ നിന്ന് ജോലിക്കാർ വന്നില്ലെങ്കിൽ നമുക്ക് പല ഇടങ്ങളിലും വിദഗ്ധർ കുറയുമല്ലോ എന്ന് ചോദിച്ച ഒരു ടീവീക്കാരനോട് ആൾക്കാരെ നമുക്ക് പഴയപോലെ ഇൻഡ്യയിൽ നിന്നും കോമൺ വെൽത്ത് രാജ്യങ്ങളിൽ നിന്നും കൊണ്ടുവരാം എന്നായിരുന്നു ഒരു ബ്രിട്ടീഷുകാരന്റെ മറുപടി. അവരിലൊക്കെയെങ്ങനെയാണ് Xenophobia ആരോപിയ്ക്കുക?

എങ്കിൽപ്പിന്നെയെന്തുകൊണ്ടാണ് ബ്രിട്ടൺ പോകാൻ തീരുമാനിച്ചത്? അവർക്ക് യൂറോപ്യൻ കുടിയേറ്റം പ്രശ്നമല്ല, വംശീയവിദ്വേഷവുമല്ലെങ്കിൽ?

അവിടെയാണ് ജീവിതത്തിന്റെ സകലതുറകളിലും പിടിമുറുക്കിയ യൂറോപ്യൻ യൂണിയൻ എന്ന നീരാളിയെ പരിചയപ്പെടേണ്ടത്. ഏത് രാജ്യത്തെ ജനങ്ങളായാലും, അവർ ജനാധിപത്യവ്യവസ്ഥ തത്വത്തിലെങ്കിലും പിൻതുടരുന്നെകിൽ തങ്ങളുടെ നിയന്ത്രണത്തിലാണിതെല്ലാം എന്നൊരു തോന്നലുണ്ടാകണം. ആ തോന്നൽ സത്യമാവണമെന്നൊന്നുമില്ല. പക്ഷേ അവർക്കത് തോന്നണം.

പക്ഷേ ദിവസമെന്ന കണക്കിനു പുതിയപുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പാസാക്കി ജനങ്ങളിൽ അടിച്ചേൽപ്പിയ്ക്കുന്ന ഒരു ആധിപത്യഭരണസംവിധാനമായി യൂറോപ്പ് മാറിയിരുന്നു.

തങ്ങൾ തിരഞ്ഞെടുക്കാത്ത പ്രതിനിധികൾ യാതൊരു സുതാര്യതയുമില്ലാതെ എവിടേയോയിരുന്ന് തീരുമാനിയ്ക്കുന്ന നിയമങ്ങൾ അതും പലപ്പോഴും തുഗ്ളക്കിയൻ നിയമങ്ങൾ എന്ന് വിളിയ്ക്കാവുന്ന തരം സാധനങ്ങൾ ഓരോരോ ദിവസവും ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരുന്നു. സാധാരണ നിയമങ്ങളിൽ അവർക്ക് ഗവണ്മെന്റിനെ കുറ്റം പറയാം. പക്ഷേ യൂറോപ്യൻ നിയമങ്ങളിൽ ഗവണ്മെന്റിനെ ഒന്നും പറയാനാകില്ല. അവർ കൈമലർത്തും. ജനങ്ങളെ പൊറുതിമുട്ടിച്ച ഏറ്റവും വലിയ കാര്യമിതായിരുന്നു.

അടിസ്ഥാന ഗവേഷണ രംഗത്ത് മുതൽ ഓഫീസ് കസേരകളിൽ വരെ യൂറോപ്യൻ ’ഡിറക്ടീവ്സ്’ മേഞ്ഞു നടന്നു. ജീവശാസ്ത്രത്തിലെ ക്ളിനിക്കൽ ട്രയലുകൾ മുതൽ സെൽ കൾച്ചറിൽ വരെ യൂറോപ്യൻ തുഗ്ളക്കിയൻ പരിഷ്കാരങ്ങൾ അവരെ പൊറുതിമുട്ടിച്ചു. ഒരുസമയത്ത് ലോകത്തെ 12 ശതമാനം ക്ളിനിക്കൽ ട്രയലുകളും (വൈദ്യഗവേഷണം) നടന്നിരുന്ന ബ്രിട്ടണിൽ യൂറോപ്യൻ നിയമങ്ങൾ അടിച്ചേൽപ്പിച്ച ശേഷം ആ ഗവേഷണങ്ങൾ ഏതാണ്ട് മിക്കതും നടത്താനാകാതെ വന്നു. പ്രൈവറ്റ് ഫണ്ടിങ്ങില്ലാത്ത ക്ളിനിക്കൽ ഗവേഷണങ്ങളുടെ എണ്ണം പകുതിയിലേറെ കുറഞ്ഞു. കാർഷിക ഗവേഷണം ജനിതകപരീക്ഷണങ്ങൾക്കുള്ള യൂറോപ്യൻ നിയന്ത്രണം വന്നതിനു ശേഷംവലിയ അനിശ്ചിതാവസ്ഥയെ നേരിട്ടു. നൊബേൽ സമ്മാനത്തിനടുത്തുവരെ നിൽക്കുന്ന വലിയ ശാസ്ത്രജ്ഞർ ചൈനയിൽ നിന്നിറങ്ങുന്ന പുതിയ ഗവേഷണഫലങ്ങൾ കാത്തിരിയ്ക്കുന്ന അവസ്ഥയുണ്ടായി.

എന്തിനധികം കസേര ഇത്ര അടി അകലത്തിട്ട് ജോലിയെടുക്കണമെന്ന പുതിയ യൂറോപ്യൻ ഡിറക്ടീവ് (ഒരു പ്രത്യേക ലക്ഷ്യം മുൻ നിർത്തിയുള്ള യൂറോപ്യൻ നിയമങ്ങൾ പൊതുവേ ഡിറക്റ്റീവുകൾ എന്നാണറിയപ്പെടുക.) വന്നപ്പോ ടേപ്പുമായി കസേരകളുടേയും മേശകളുടേയും അളവെടുക്കാൻ നടന്ന മേലധികാരികൾ യൂറോപ്യൻ യൂണിയനെ വിളിച്ച മോശം വാക്കുകൾ കേട്ടാൽ..ഒരുപക്ഷേ ആ Xenophobia എന്ന വാക്ക് ശരിയായിരുന്നോ എന്ന് തോന്നിപ്പോകും.

ഇതൊന്നും ജനാധിപത്യപരമായോ എവിടെയെങ്കിലും ചർച്ച ചെയ്തിട്ടോ എടുക്കുന്ന തീരുമാനങ്ങളല്ല എന്നത് ജനങ്ങൾക്ക് ഇതുമായുള്ള അകൽച്ചയുടെ ആക്കം കൂട്ടി. ബ്രസൽസിലെ ഏതോ ഒരു യൂറോപ്യൻ യൂണിയൻ ഓഫീസിലിരുന്ന് ബ്രിട്ടണുമായോ ഇവിടത്തെ സാംസ്കാരികപശ്ചാത്തലവുമായോ യാതൊരു ബന്ധവുമില്ലാത്തവർ ഇവർ കുടിയ്ക്കുന്ന ബിയർ ഗ്ളാ‍സുകളുടെ അളവിത്രയായിരിയ്ക്കണം എന്നുപോലും നിശ്ചയിച്ചാൽ ജനത്തിനു തീർച്ചയായും ആ വെള്ളാനയോട് ഇഷ്ടം തോന്നില്ല.

യൂറോപ്യൻ യൂണിയനു ഇസ്ലാമിക തീവ്രവാദികളോടുള്ള ഒരുതരം മൃദുസമീപനമായിരുന്നു വേറൊരു കാര്യം. പാരീസിലും ബ്രസൽസിലും നടന്ന തീവ്രവാദി ആക്രമണങ്ങൾ ഫ്രാൻസ്, ബെൽജിയം ഗവണ്മെന്റുകൾക്കറിയാവുന്ന അവർ തന്നെ രാഷ്ട്രീയാഭയം നൽകിയവരുടെ കൈക്രിയയാണെന്ന് ബ്രിട്ടീഷുകാർക്ക് നന്നായി മനസ്സിലായി. എന്നിട്ടുപോലും അത്തരം ഗ്രൂപ്പുകളോട് മൃദുസമീപനം പുലർത്തുന്ന യൂറോപ്യൻ സമീപനം പലരേയും അരിശം കൊള്ളിച്ചിരുന്നു. തുറന്ന് പറഞ്ഞില്ലെങ്കിൽപ്പോലും പല ക്യാമ്പുകളിലും അഭയാർത്ഥികളുടെ പേരിലെത്തിയ തീവ്രവാദികൾ യൂറോപ്പിൽ നിന്നൊഴുകും എന്ന അടക്കമ്പറച്ചിൽ ഒരുപാടുണ്ടായിരുന്നു.

ടർക്കി യൂറോപ്യൻ യൂണിയനിൽ ചേർന്നാൽ എന്ത് സംഭവിയ്ക്കുമെന്ന് എല്ലാവരും ഭയന്നു. ടർക്കിയുടെ അതിരുകൾ സിറിയയുടെ ഐസിസ് ക്യാമ്പുകളിലാണവസാനിയ്ക്കുക എന്ന് ഒരു കൊച്ചുകുഞ്ഞിനുപോലുമറിയാം. ടർക്കി യൂറോപ്യൻ യൂണിയനിൽ വന്നാൽ നിങ്ങൾ ഭീകരവാദികൾ ഇവിടെയ്ക്ക് നുഴഞ്ഞ് കയറുന്നതിനെ എങ്ങിനെ നേരിടുമെന്ന ചോദ്യത്തിനു യൂറോപ്പിൽ തന്നെ ബ്രിട്ടൺ നിൽക്കണമെന്ന പ്രചാരണം നയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമായൊരുത്തരം പറയാഞ്ഞത്ഒരുപാട്പേരെ ചൊടിപ്പിച്ചു. എന്റെ ഭരണകാലത്ത് ടർക്കി വരില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നു പറഞ്ഞാൽ എന്താണതിനർത്ഥം?

പോളിഷുകാരെയും റൊമേനിയക്കാരേയും പേടിയൊന്നുമില്ലെങ്കിലും സിറിയയിലെ ഐസിസ് ക്യാമ്പുകളിൽ അവസാനിയ്ക്കുന്ന ടർക്കിയുടെ അതിരുകളെ ബ്രിട്ടീഷ് പൊതുജനം പേടിച്ചു എന്നത് സത്യം തന്നെയാണ്. എന്തേ അവർക്ക് പേടിയ്ക്കാനർഹതയില്ലേ? അതോ ടർക്കിയും ഐസിസും പേടിക്കേണ്ടതില്ലാത്ത പ്രവൃത്തികളാണോ ചെയ്തുകൊണ്ടിരിയ്ക്കുന്നത്? ആഞ്ജലാ മെർക്കലിനു നൊബേൽ സമാധാന സമ്മാനം കിട്ടണമെങ്കിൽ എന്തിനു ബ്രിട്ടൺ സഹിയ്ക്കണം എന്നൊരു ചോദ്യം ചോദിയ്ക്കാനും വേണ്ടി വിവരമുള്ളവരാണ് പാവപ്പെട്ട ബ്രിട്ടീഷുകാർ.

വ്യവസായ വാണിജ്യരംഗത്ത് യൂറോപ്യൻ യൂണിയന്റെ ഏകാധിപത്യപ്രവണതകളും ഒരു വശം മാത്രം ലാക്കാക്കിയുള്ള നിയമങ്ങളും പല ബ്രിട്ടീഷ് വ്യവസായങ്ങളേയും നശിപ്പിച്ചു. യൂറോപ്യൻ യൂണിയന്റെ വരവോടെ ബ്രിട്ടണിലെ മത്സ്യബന്ധനവ്യവസായം പൂർണ്ണമായും തകർന്നു . ഇരുനൂറു മൈലുകളോളം മത്സ്യബന്ധനത്തിനു അനുവാദമുണ്ടായിരുന്ന ബ്രിട്ടീഷ് മുക്കുവർക്ക് വെറും പന്ത്രണ്ട് മൈലുകൾ കരവിട്ടാൽ പിന്നെ മത്സ്യബന്ധനത്തിനനുവാദമില്ലാത്തവരായി.  ഏകദേശം രണ്ട് ബില്യൻ പൗണ്ടുകളോളം നഷ്ടമാണ് ബ്രിട്ടനു അതുകൊണ്ട് ഓരോ വർഷവും ഉണ്ടായത്. അതായത് ഇന്നത്തെക്കണക്ക് നോക്കിക്കഴിഞ്ഞാൽ 185797109960.00 രൂപ.  ഒരുസമയത്ത് തിങ്ങിനിറഞ്ഞിരുന്ന മീൻ ലേലപ്പുരകൾ ആളൊഴിഞ്ഞ് കിടന്നു. മത്സ്യബന്ധനവുമായി നൂറ്റാണ്ടുകൾ ജീവിച്ച സമൂഹങ്ങൾ ചിതറി. പലരും തൊഴിലില്ലായ്മാ വേതനം കൊണ്ട് മാത്രം ജീവിയ്ക്കേണ്ടുന്ന അവസ്ഥയിലെത്തി. 95 ശതമാനം മുക്കുവരും യൂറോപ്യൻ യൂണിയനെതിരേ വോട്ടുചെയ്യും എന്ന് നിശ്ചയിച്ചിരുന്നെന്ന റിപ്പോർട്ടുകൾ ഹിതപരിശോധനയ്ക്ക് മുന്നേ തന്നെ പുറത്ത് വന്നിരുന്നു.

ബ്രിട്ടീഷ് തുറമുഖങ്ങൾക്കായി യൂറോപ്പിലെ പുതിയ ഡിറക്ടീവ് വന്നത് വലിയ വാർത്തയായിരുന്നു. എത്രയോ നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് തുറമുഖങ്ങൾ യൂറോപ്പിലെ ഏതോ ഓഫീസിലിരുന്ന് ആരോ എഴുതിവിട്ട തുഗ്ളക്കിയൻ പരിഷ്കാരങ്ങൾ കാരണം അടച്ചുപൂട്ടുമെന്ന നിലയിലെത്തി. തുറമുഖങ്ങളും കടലും അതിനോടനുബന്ധിച്ച ജീവിതവും ബ്രിട്ടണിലെ സിരകളിലൊഴുകുന്ന സംസ്കാരമാണ്. ചോരയ്ക്കുപകരം ഉപ്പുവെള്ളമാണൊഴുകുക സിരകളിൽ എന്ന് ഈ ദ്വീപുവാസികളെപ്പറ്റി പറയാറുണ്ട്. അവരുടെ ചരിത്രത്തേയും സംസ്കാരത്തേയും പുല്ലുവില നൽകാത്ത ഇത്തരം ഏട്ടിലെ പശുക്കളെ അവരെന്തിനു സഹിയ്ക്കണം?

അതുകൊണ്ട് ബ്രിട്ടൺ യൂറോപ്പിൽ നിന്ന് പോന്നത് യൂറോപ്യരുടെ കുടിയേറ്റം കാരണമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്ന് പറയേണ്ടി വരും.

ഒരുപക്ഷേ ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് ജനത തിരഞ്ഞെടുക്കപ്പെടാത്ത, അടക്കിഭരിയ്ക്കുന്ന, ജനവികാരം തിരികെപ്പറയാനും ചർച്ചചെയ്യാനും അനുവാദമില്ലാത്ത ഏകാധിപത്യപ്രവണതകളുള്ള അധികാരസ്ഥാനമിനി ഞങ്ങൾക്ക് വേണ്ട എന്ന ശക്തമായ തീരുമാനമെടുത്ത നിമിഷമാണീ ജനഹിതപരിശോധന.  ബ്രിട്ടന്റെ മുന്നോട്ടുപോക്കിനായേ അത് സഹായകമാവൂ . ഇനിയിപ്പോ സ്കോട്ട്ലാൻഡ് അതിന്റെ പേരിൽ പിരിഞ്ഞ് പോയാൽക്കൂടി ബാക്കിയുള്ള ഭാഗം ഈ തീരുമാനമെടുത്ത നിമിഷം ഭാവിയിൽ അഭിമാനത്തോടെ കാണുമെന്ന് ഉറപ്പുണ്ട്. ദീർഘമായ ബ്രിട്ടീഷ് ചരിത്രത്തിൽ ഇൻസ്റ്റിറ്റ്യൂഷനുകൾക്കെതിരേ ജനത ഇതുപോലെ ശക്തമായ ഒരു നിലപാടെടുത്ത സംഭവം അധികമൊന്നുമുണ്ടായിട്ടില്ല.

അതൊക്കെ ശരി, ഇതിൽ നമ്മൾ ഭാരതീയർക്കെന്തെങ്കിലും കാര്യമുണ്ടോ? തീർച്ചയായുമുണ്ട്. ഇതാണ് നമുക്ക് ബ്രിട്ടണുമായി അടുക്കാനും വ്യാപാര വാണിജ്യ കരാറുകളുണ്ടാക്കാനുമുള്ള സുവർണ്ണാവസരം. ഈ അവസരത്തിൽ താഴോട്ടുപോകുന്ന ഓഹരിവിപണിയും പൗണ്ടുമൊക്കെ പിടിച്ചുനിർത്താൻ ബ്രിട്ടണു വേണ്ടത് യൂറോപ്പിനേക്കാൾ വലിയ കൂട്ടുകാരെയാണ്. തുറന്നതും ജനാധിപത്യപരവുമായ ഗവണ്മെന്റുള്ള , സ്വതന്ത്ര വിപണിയുള്ള, പൊതുവേ നയതന്ത്രമേഖലയിൽ ലോകം മുഴുവൻ ഈയിടെയായി വളരെ നല്ല പ്രതിശ്ചായയുള്ള ഭാരതത്തിന് നമുക്ക് മെച്ചമുള്ള നിലയിൽ ബ്രിട്ടണുമായി വ്യാപാരവാണിജ്യക്കരാറുകളിൽ ഏർപ്പെടാനുള്ള നേരമാണിത്.

സാംസ്കാരികമായി ബ്രിട്ടൺ യൂറോപ്പിനേക്കാൾ ഭാരതത്തോടാണ് അടുത്ത് നിൽക്കുക എന്ന് പറഞ്ഞാൽ ചിലരെങ്കിലും നെറ്റി ചുളിയ്ക്കും. പക്ഷേ അതാണ് ശരി. അതുകൊണ്ട് തന്നെ ഈ അവസരം ഭാരതം പരമാവധി ഉപയോഗിയ്ക്കുകയും ഈ ഘട്ടത്തിൽ ചില ബുദ്ധിമുട്ടുകൾ സഹിച്ചായാലും ബ്രിട്ടന്റെ കൂടെ നിൽക്കുകയും ചെയ്താൽ ഭാവിയിൽ അന്താരാഷ്ട്രരംഗത്ത് അടുപ്പമുള്ളവർ തമ്മിലുള്ള ബന്ധമായിരിയ്ക്കും ബ്രിട്ടണും നമ്മളും തമ്മിലുണ്ടാവുക. ടാറ്റാ പോലെയുള്ള കമ്പനികൾ ബ്രിട്ടണിൽ ഇപ്പോൾത്തന്നെ ഒരു നിർണ്ണായക ശക്തിയാണ്. അത് വ്യാപിപ്പിയ്ക്കാനും ശ്രമിയ്ക്കണം.

ഒപ്പം യൂറോപ്പിൽ നിന്നുള്ള വിദഗ്ധതൊഴിലാളികളുടെ കുത്തൊഴുക്കവസാനിച്ചാൽ ഭാരതത്തിൽ നിന്നുള്ള വിദ്യാസമ്പന്നരായവർക്ക് കൂടുതൽ അവസരങ്ങൾ ബ്രിട്ടണിലുണ്ടാകും. ഒരുപാട് പേർക്ക് കൂടുതൽ അവസരങ്ങളും നമുക്ക് വിദേശനാണ്യവും നേടിത്തരുമത്.ഒപ്പം ബ്രിട്ടണിൽ ശക്തമായ ഒരു ഭാരതീയസമൂഹം ഇരു രാജ്യങ്ങളുടേയും ശക്തമായ ബന്ധത്തിനും സഹായിയ്ക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ അദ്ദേഹത്തിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് മുതൽ ഭാരതീയസമൂഹവുമായി ശക്തമായ ബന്ധമുണ്ടാക്കാൻ മനപ്പൂർവം ശ്രമിച്ച് വരുന്നതായി നിരീക്ഷിച്ചിരുന്നു. പുതിയതായി വരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയും അത് തുടർന്നാൽ ഭാരതവും ബ്രിട്ടണുമായുള്ള ബന്ധത്തിൽ പുതിയൊരധ്യായമായിരിയ്ക്കും ഇതെന്ന് നമുക്കാശിയ്ക്കാം. ഭാരതപ്രധാനമന്ത്രി ലണ്ടനിൽ പറഞ്ഞതുമാതിരി തുല്യർ തമ്മിലുള്ള ബന്ധത്തിന്റെ പുതിയ അദ്ധ്യായം.

ഇതെല്ലാം പറയുമ്പോഴും യൂറോപ്യൻ യൂണിയനിൽ നിൽക്കണ്ട എന്ന് വോട്ടുചെയ്ത ബ്രിട്ടീഷ് പൊതുജനത്തെ ബുദ്ധിജീവി സമൂഹം കുറ്റം പറയുന്നത് വീണ്ടും വീണ്ടും പല കോണുകളിൽ നിന്നും ഉയർന്നുവരുന്നു. അവനവന്റെ ദന്തഗോപുരങ്ങളിലിരുന്ന് ഈ ബുദ്ധിജീവികൾ വിരലുചൂണ്ടുന്നത് ശരിയായായിരുന്നെങ്കിൽ 1947 ഓഗസ്റ്റ് 15നു സ്വയം നിർണ്ണയാവകാശത്തിനു തീരുമാനമെടുത്ത ഒരു പാവം രാജ്യം അറുനൂറ്റമ്പതു രാജാധികാര രാഷ്ട്രങ്ങളായി പരസ്പരം തല്ലുകൂടിച്ചത്തേനേ.

ബ്രിട്ടൻ ഇത് സ്വയം നിർണ്ണയാവകാശത്തിനു നൽകിയ വോട്ടാണ്.  Who do you think you are kidding, Mr. Hitler, If you think we’re on the run? എന്നും പാട്ടുപാടി ഹിറ്റ്ലറോട് യുദ്ധം ചെയ്യാൻ പോയ, പഴയ മഹാത്മാഗാന്ധിയുടെ ചിത്രങ്ങളിൽ അദ്ദേഹത്തിനെ കാണാൻ ഓടിക്കൂടി ചുറ്റും നിൽക്കുന്ന തൊഴിലാളികളില്ലേ, അവരുടെ പിന്മുറക്കാരാണ് നമ്മളെയൊക്കെ അടക്കിഭരിച്ച അക്കാഡമിക്കുകളുടേയും എലീറ്റുകളുടേയും സകല രാഷ്ട്രീയപ്പാർട്ടികളുടേയും മാധ്യമഭീമന്മാരുടെയും പേടിക്കച്ചവടത്തിനെ തള്ളിമാറ്റി സഹിച്ചാലും കഷ്ടപ്പെട്ടാലും സാരമില്ല സ്വയം നിർണ്ണയാവകാശത്തിനു വോട്ടെന്ന് പറഞ്ഞ് ഇന്നലെ പോളിങ്ങ് ബൂത്തിലേക്ക് പോയത്.

നമ്മളെ ഭരിച്ച ഉപരിവർഗ്ഗ ബ്രിട്ടണല്ല, തങ്ങൾ പണിയെടുക്കുന്ന മില്ലുകൾ അടച്ചുപൂട്ടിയ്ക്കനായി മാത്രം കൈ കൊണ്ട് നെയ്യുന്ന തുണിയുമുടുത്ത് നടക്കുന്ന ഗാന്ധിജിയെ കാണാനും അദ്ദേഹത്തോടൊപ്പം നിൽക്കാനും ഓടിക്കൂടിയ ആ മിൽത്തൊഴിലാളികളുടെയും പാവങ്ങളുടേയും ബ്രിട്ടനാണ് യൂറോപ്പിൽ നിന്ന് പോരാൻ തീരുമാനമെടുത്തത്.

ഇതുപോലെയുള്ള സകല മേലാക്കന്മാരുടേയും സകല പ്രവചനങ്ങളേയും കാറ്റിൽപ്പറത്തി അറുപതാണ്ടിനിപ്പുറം ജ്വലിച്ചുനിൽക്കുന്ന നമ്മൾ എന്ത് അക്കാദമിക അഹങ്കാരത്തിന്റെ പേരിലായാലും ഈ അവസരത്തിൽ ബ്രിട്ടനെ തള്ളിപ്പറയരുത്. അത് നമ്മുടെ ചരിത്രത്തോടു തന്നെയുള്ള നെറികേടാവും.

(ജനം ടീവീ പോർട്ടലിൽ പ്രസിദ്ധീകരിച്ചതാണ്. http://www.janamtv.com/2016/06/26/dont-disapprove-britain-its-not-fair-article-by-kaliyambi/#vuukle_div)

Tuesday, June 21, 2016

യോഗയുടെ മതേതരത്വവും മതേതരപ്രദർശനങ്ങളും

വേദങ്ങൾ ഇതിഹാസങ്ങൾ പുരാണങ്ങൾ കാവ്യങ്ങൾ ശാസ്ത്രങ്ങൾ തുടങ്ങിയ സംസ്കൃതസാഹിത്യം ഒരു മതത്തിന്റേയും സ്വത്തല്ല. വിശാലമായ ഭാരതീയ പൈതൃകത്തിന്റെ ഭാഗമാണത്. ഈ നാടിന്റെ പൈതൃകം.
ആ പൈതൃകം ആരാധനാരീതിയിലും പിന്തുടരുന്ന, അല്ലെങ്കിൽ വേറേ ആരാധനാരീതികൾ പലകാരണങ്ങൾ കൊണ്ടും തിരഞ്ഞെടുക്കാത്ത ബാക്കിയുള്ള വിഭാഗത്തെ (റെസിഡ്യുവൽ എന്ന് മലയാളം) ഇന്ന് ഹിന്ദുക്കൾ എന്ന് വിളിയ്ക്കുന്നു.

ആരാധനാരീതികളിൽ വ്യത്യസ്തത വേണം എന്ന് കരുതിയ കൂട്ടർ മറ്റു മതങ്ങളായി കഴിയുന്നു. എന്ന് വച്ച് അപ്പോഴും ഈ നാടിന്റെ പൊതു പൈതൃകത്തിൽ നിന്ന് വേദങ്ങൾ മുതൽ കാളിദാസനെ വരെ എടുത്ത് കളയാനാകില്ല.

Hinc lucem et pocula sacra എന്നാണു കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി മോട്ടോ. പ്രൊഫസർ റിച്ചാഡ് ഡോക്കിൻസിന്റെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി ആണെങ്കിൽ Dominus Illuminatio Mea,
എന്നാണ് മോട്ടോ വച്ചിരിയ്ക്കുന്നത്. എന്റെ വെളിച്ചം അങ്ങാണ് എന്ന് പറയാം. ഇംഗ്ളണ്ടിലെ ഭാഷയായ ഇംഗ്ളീഷല്ല കേട്ടോ. ലാറ്റിനാണ്. ആഢ്യ ലാറ്റിൻ.

അവിടെച്ചെന്ന് നാളെ രാവിലേ മുതൽ എനിയ്ക്ക് സത്യമേവജയതേ എന്ന് മോട്ടോ വയ്ക്കണം എന്ന് പറഞ്ഞാൽ നടക്കില്ല.
അതുകൊണ്ട് ഒരു മതത്തിന്റെ വേദം എന്നൊന്നില്ല. ഭാരതീയപൈതൃകമായ വേദം. അത് അംഗീകരിയ്ക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ഇഷ്ടം. ഇനി ഇപ്പൊ ആരെങ്കിലും അംഗീകരിച്ചില്ലെന്ന് വച്ച് അത് പൈതൃകമാവാതെയൊന്നുമിരിയ്ക്കില്ല. അത് അത്പോലെതന്നെ അവിടെയുണ്ടാവും.

വേദങ്ങളെ എനിയ്ക്ക് നാളെ അമേരിക്കയുടേയോ ആഫ്രിക്കയുടേയോ അറേബ്യയുടേയോ പൈതൃകമാക്കാൻ കഴിയില്ല. അത് ഇവിടെത്തന്നെയേ പറ്റൂ.
വേദം എന്ന വാക്ക് മതഗ്രന്ഥം എന്ന രീതിയിൽ ഉപയോഗിയ്ക്കുന്നത് പാൽപ്പൊടിമുതൽ പലതും കച്ചവടം ചെയ്യാൻ വന്നവരുടെ സൂത്രമാണ്. ഞങ്ങടെ വേദം ഇതാണ് എന്ന് പറയൽ. അത് വേറോരു സൂത്രം. അപ്രോപ്രിയേഷൻ.

ഒരു സാംസ്കാരിക പൈതൃകത്തിനെ മുഴുവൻ തുടച്ച് മാറ്റി ക്ളീൻ സ്ലേറ്റിൽ പുതിയ പുതിയ ഡോഗ്മകൾ പ്രതിഷ്ഠിയ്ക്കാൻ കമ്യൂണിസ്റ്റുകാർ മുതൽ ജിഹാദികൾ വരെ ശ്രമിയ്ക്കുന്നുണ്ട്. ശ്രമിച്ചിട്ടുണ്ട്.
വിഗ്രഹങ്ങളും ബുദ്ധപ്രതിമകളും മുതൽ പഴയ ആർക്കിയോളജിക്കൽ സൈറ്റുകൾ വരെ ബോംബിട്ടു തകർക്കുക എന്നത് ഇസ്ലാമിസ്റ്റുകളുടെ ഇന്നത്തെ മാത്രമല്ല പണ്ടത്തെയും പരിപാടിയാരുന്നു. നളന്ദ ഒക്കെ അങ്ങനെ തകർന്നതാണ്. കമ്യൂണിസ്റ്റുകാർ ചൈനയെ മുഴ്വൻ അങ്ങനെ സാസ്കാരികവിപ്ളവത്തിലൂടെ തുടച്ചുമിനുക്കാൻ ശ്രമിച്ച് അമ്പേ പരാജയെപ്പെട്ടു.

സോവിയറ്റിൽ അത് ഒരു പരിധി വരെ വിജയിച്ചു.
ബ്രാഹ്മണമതവും പൗരാണികഭാരതത്തെ തനിക്കാക്കി വെടക്കാക്കാൻ ശ്രമിച്ചിട്ടുണ്ട്. പറയിയുടെ ചെറുമകനായ മുക്കുവൻ എഡിറ്റു ചെയ്ത വേദങ്ങൾ മുതൽ സംസ്കൃതഭാഷ വരെ ഒരു സമയത്ത് (താരതമ്യേന ആധുനികകാലത്ത്) അവർ കൈയ്യടക്കി വച്ചിരുന്നു.
എന്ന് വച്ച് കയ്യടക്കിയതെങ്ങനെ തൊട്ടുകൂടാത്തതാവും?

ഈ മനുഷ്യർ തൊട്ടാൽ കിളിക്കുഞ്ഞിനെ കൂട്ടിൽക്കേറ്റാതെ വലിയകിളികൾ കൊത്തിക്കൊല്ലും എന്ന് കേട്ടിട്ടുണ്ട് അതുപോലെയാണോ? അറിയില്ല.
ഇവിടെ ആർക്ക് വേണമെങ്കിലും വേണ്ടങ്കിലും വേദങ്ങൾ മുതൽ മാപ്പിളപ്പാട്ടും മാർഗ്ഗം കളിയും വരെ സാസ്കാരികപൈതൃകമായിത്തന്നെ അവശേഷിയ്ക്കും. അതിനെ അറേബ്യൻ മുതൽ വെസ്റ്റേൺ വരെ സംസ്കാരങ്ങൾ കൊണ്ട് സംബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ ശ്രമിച്ചാൽ കുഴപ്പമൊന്നുമില്ല. അങ്ങനെയുള്ള മിക്സ്ചർ തന്നെയാണ് എല്ലായിടവും.

പക്ഷേ നേരത്തേ പറഞ്ഞകൂട്ട് ആസ്ട്രേലിയൻ പാരമ്പര്യമായി വേദങ്ങളെയും സംസ്കൃതത്തേയും മുതൽ പണിയഭാഷയെ വരെ ആരും കണക്കുകൂട്ടില്ല. അതുകൊണ്ട് അൺഫോർച്യുണേറ്റ്ലീ ഇത് ഇവിടെയൊക്കെത്തന്നെ കാണും.
ഇങ്ങനെയൊക്കെത്തന്നെ തുടരും.


ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയുടെ കോട്ട് ഓഫ് ആംസിൽ എന്റെ വെളിച്ചം അങ്ങാണെന്ന് കാണുമ്പൊ ഇവിടത്തെ പുരോഗമനനാട്യക്കാരുടെ കണക്കിനാണേൽ റിച്ചാഡ് ഡൊക്കിൻസിനു ഹാർട്ടറ്റാക്ക് വരേണ്ട സമയം കഴിഞ്ഞു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ എംബ്ളത്തിൽ വെളുത്ത കുരിശുതന്നെ ഉള്ളതുകൊണ്ടാവും അദ്ദേഹം കേംബ്രിഡ്ജിൽ ജോലി ചെയ്യാഞ്ഞത്!

എന്തൊക്കെ ഷോകളാണ്...

(ആരോഗ്യമന്ത്രി ഷൈലജടീച്ചർ യോഗാദിനത്തോടനുബന്ധിച്ച് കാണിച്ച മതേതര ഷോയെപ്പറ്റി എഴുതിയതാണ് http://www.mathrubhumi.com/youth/social-media/fb-troll-against-k-k-shylaja-teacher-malayalam-news-1.1152363)

https://www.facebook.com/kaaliyambi/posts/994816773971270

Saturday, June 18, 2016

മാധ്യമം, ജമായത്തേ ഇസ്ലാമി എന്നീ ചതിയന്മാരുടെ ഒറ്റും പരമതദ്വേഷവും


കന്യകയ്ക്ക് ദിവ്യഗർഭമുണ്ടായെന്നും അതിലെ കുഞ്ഞ് മുപ്പത്തിമൂന്നാം വയസ്സിൽ കുരിശുമരണം വരിച്ച് മൂന്നാം നാൾ ഉയർത്തെണീറ്റെന്നും ദൈവത്തിന്റെ മാലാഖ തിരഞ്ഞെടുക്കപ്പെട്ട ഒരു മനുഷ്യനു ലോകത്തിന്റെ പ്രമാണങ്ങൾ ഓതിക്കൊടുത്തെന്നും ദൈവമെന്നും സാത്താനെന്നും പേരിൽ രണ്ട് ദ്വന്ദ്വങ്ങൾ നിരന്തരസമരത്തിലാണെന്നും അവസാനമൊരുനാൾ സകലവന്റേം വിധിതീരുമാനിയ്ക്കപ്പെടുമെന്നും മരിച്ച് സ്വർഗ്ഗത്തിൽച്ചെന്നാൽ പലതരം സുഖസൗകര്യങ്ങൾ കിട്ടുമെന്നും അതിന്റെയൊക്കെ പേരിൽ എന്ത് ക്രൂരതയും കാട്ടാമെന്നും കൃഷ്ണൻ രാമൻ തുടങ്ങിയവരൊക്കെ സ്വന്തം ജീവിതകാലത്ത് പരശ്ശതം അത്ഭുതവൃത്തികൾ ചെയ്തെന്നും അമ്പലത്തിൽ വഴിപാടു ചെയ്യുന്നത് മുതൽ ഗീതയെ പൂജിയ്ക്കുന്നത് വരെ നല്ലകാലം വരുത്തുമെന്നും കരുതുന്നവർ, ഇതിൽച്ചിലതൊക്കെ ഏതായാലും സത്യമെന്ന് കരുതുന്നവർ, കുട്ടിച്ചാത്തൻ സേവയ്ക്കെതിരേ പരാതി നൽകിയിരിയ്ക്കുന്നു.

ഏറ്റവും വിഷമിപ്പിയ്ക്കുന്നത് അതൊന്നുമല്ല, ആ നാട്ടിലെ നിയമങ്ങളനുസ്സരിച്ച് കുറ്റാരോപിതരുടെ ജീവനുവരെ ഭീഷണിയായേക്കാവുന്ന ഇത്തരമൊരു ആരോപണം യാതൊരു മടിയുമില്ലാതെ ജമായത്തേ ഇസ്ലാമി അൽ കേരളം പത്രം ‘വളരെ ധൈര്യപൂർവം‘ നടത്തിയെന്നും അതിനെതിരെ-സ്വന്തം നാട്ടുകാർക്കെതിരെ, പരാതിപ്പെടുകയും അവരെ കുടുക്കി എന്ന അട്ടഹാസം വീണ്ടും പത്രത്തിലെഴുതുകയും അത് ജനം ആഘോഷിയ്ക്കുകയും ചെയ്യുന്നുവെന്നാണ്.

വാർത്ത ഇപ്പോൾ അവിടെ കാണുന്നില്ല. ഫേസ്ബുക്കിലെ സ്ക്രീൻഷോട്ട് ഇടുന്നു. വാർത്തയിലെഴുതിയിരുന്നത് ഇങ്ങനെയാണ്.
------------------------------------------------------------------
മനാമ: ബഹ്റൈനില്‍ ഒരു സംഘം മലയാളികളുടെ നേതൃത്വത്തില്‍ നടന്നുവന്ന അനധികൃത കുട്ടിച്ചാത്തന്‍ സേവാകേന്ദ്രം നിര്‍ത്തലാക്കി. ഗുദൈബിയയില്‍ ഇന്ത്യന്‍ ക്ളബിനു സമീപമുള്ള ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് മാസങ്ങളായി കുട്ടിച്ചാത്തന്‍ സേവ നടത്തിയിരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഇവിടുത്തെ ആരാധനാകേന്ദ്രം പൊളിക്കുകയാണുണ്ടായത്.
ബഹ്റൈനില്‍ ബിസിനസ് രംഗത്തുള്ള ഒരു പ്രമുഖ മലയാളിയുടെ നേതൃത്വത്തിലാണ് കുട്ടിച്ചാത്തന്‍ സേവക്കുള്ള സൗകര്യങ്ങളൊരുക്കിയത്. ഇയാള്‍ക്ക് ബിസിനസില്‍ ചില പ്രശ്നങ്ങളുണ്ടായപ്പോള്‍ അത് പരിഹരിക്കപ്പെട്ടത് തൃശൂരിലുള്ള ഒരു ചാത്തന്‍ സേവാകേന്ദ്രത്തില്‍ നിന്നാണെന്നും ഇതേ തുടര്‍ന്ന് ഇയാള്‍ ഇതിന്‍െറ ഉപകേന്ദ്രം എന്ന നിലക്ക് ബഹ്റൈനിലും സേവ തുടങ്ങുകയായിരുന്നെന്ന് പറയപ്പെടുന്നു.
ഇതിന്‍െറ പൂജക്കും മറ്റുമായി ഒരാളെ നാട്ടില്‍ നിന്ന് വിസ കൊടുത്ത് കൊണ്ടുവന്നിരുന്നു. ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റിന്‍െറ ഒരു മുറിയിലാണ് സേവ നടന്നിരുന്നത്. കേന്ദ്രം അടച്ചതോടെ, ഇയാള്‍ മറ്റൊരിടത്ത് ജോലിക്ക് ചേര്‍ന്നതായാണ് വിവരം. സ്ഥിരം പൂജാരിക്കുപുറമെ മറ്റൊരു പ്രധാനി നാട്ടില്‍ നിന്ന് ഇടക്കിടെ വന്നുപോയിരുന്നു. ഇയാള്‍ ഇനിയും വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. എല്ലാ ദിവസവും പൂജയും ബുധന്‍,ശനി ദിവസങ്ങളില്‍ പ്രധാന വഴിപാടുകളുമാണ് നടന്നിരുന്നത്. മാസത്തിലൊരിക്കല്‍ നടത്തിയിരുന്ന സവിശേഷ പൂജയില്‍ കലശത്തിനായി ഇടപാടുകാര്‍ കോഴിയും മദ്യവുമായാണ് എത്തിയിരുന്നത്.പൂജകള്‍ക്കുശേഷം കോഴിക്കറിയും ഭക്ഷണവും മദ്യസേവയും പതിവാക്കിയിരുന്നു. കോഴിയും മറ്റുമായി ആളുകള്‍ വന്നുപോകാന്‍ തുടങ്ങിയതോടെ ഇവിടുത്തെ മറ്റുതാമസക്കാര്‍ തന്നെ പരാതിപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് ആരാധന അവസാനിപ്പിച്ചത്. ബഹ്റൈനിലെ സാമൂഹിക രംഗത്തും മറ്റും സജീവമായ മലയാളികളെ ഉള്‍പ്പെടുത്തി കുട്ടിച്ചാത്തന്‍ സേവയുടെ പ്രചാരകര്‍ ‘വിഷ്ണുമായ’ എന്ന പേരില്‍ വാട്സ് ആപ് ഗ്രൂപ്പും നടത്തിയിരുന്നു. വാര്‍ത്ത വന്നതോടെ, ഈ ഗ്രൂപ്പും അപ്രത്യക്ഷമായി. ഇവിടെ ആരാധനക്കത്തെുന്നവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവിധ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും അവരെക്കൂടി ഇത്തരം പൂജകള്‍ക്കായി എത്തിക്കുകയും ചെയ്യുന്ന രീതിയാണ് തുടര്‍ന്നിരുന്നത്. പൂജ വഴി കൈവന്ന സൗഭാഗ്യങ്ങളെക്കുറിച്ചുള്ള കഥകളും പലരും പ്രചരിപ്പിച്ചു.
ബിസിനസ്-തൊഴില്‍ പ്രശ്നങ്ങള്‍, ശത്രു സംഹാരം, ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളുമായാണ് ആളുകള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നത്.
കുട്ടിച്ചാത്തന്‍ സേവ പോലുള്ള ആരാധനകളും ആഭിചാരക്രിയകളും ബഹ്റൈനില്‍ നിയമവിരുദ്ധമാണ്. എന്നാല്‍, ഹിന്ദു ക്ഷേത്രങ്ങളും വിവിധ ക്രിസ്റ്റ്യന്‍ ചര്‍ച്ചുകളും നിയമവിധേയമായി തന്നെ ഇവിടെയുണ്ട്. അതിനിടെ, ചില മലയാളികളുടെ നേതൃത്വത്തില്‍ അദ്ലിയ, ബുദയ എന്നിവിടങ്ങളില്‍ രഹസ്യമായി ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. വീടുകേന്ദ്രീകരിച്ച് ഭജനയും മറ്റുമായി തുടങ്ങിയ ഇത്തരം ഇടങ്ങള്‍ പിന്നീട് വിപുലീകരിച്ചതായാണ് അറിയുന്നത്.
-----------------------------------------------------------------------------

ആരാധനാസ്വാതന്ത്ര്യത്തിനായും ഏത് ഡിങ്കനെ ആരാധിയ്ക്കാനും അവനവന്റെ വിശ്വാസപ്രമാണങ്ങൾ സൂക്ഷിയ്ക്കാനും ഉള്ള സ്വാതന്ത്ര്യത്തിനായും ഈ നാട്ടിൽ ജമായത്തേ ഇസ്ലാമി അൽ കേരളം ഇനിയും വരും. കുഴപ്പമില്ല. ഞങ്ങൾ കുട്ടിച്ചാത്തൻ സേവക്കാർ അതിന്റെ മുൻ നിരയിൽത്തന്നെയുണ്ടാവും.

പീഎസ്. കുട്ടിച്ചാത്തൻ സേവയും കോഴിയെപൊരിച്ച് തിന്നുന്നതും മദ്യപിയ്ക്കുന്നതുമൊന്നും ‘ബ്ളാക് മാജിക്കല്ല‘ ഈസ്റ്ററിനും കൃസ്മസ്സിനും നോമ്പുതുറയ്ക്കും പത്താമുദയത്തിനും സംക്രാന്തിയ്ക്കും ചെയ്യുമ്പോൾ എന്ന് പറയാൻ പറഞ്ഞു. വിശാലമായ ജീവിതരീതികളുടെ ആഘോഷമാണത്. കോഴിയായാലും ബീഫായാലും പന്നിയായാലും കറിവച്ചാൽ ഭക്ഷണവും. സസ്യാഹാരികൾ പൊറുക്കുക.

ഭക്ഷണസ്വാതന്ത്ര്യത്തിനും ആരാധനാസ്വാതന്ത്ര്യത്തിനുമൊക്കെ ഇനിയും ‘മാധ്യമ‘ധർമ്മം ഉയർത്തിയുയർത്തി ഈ വഴി ആനകളേയും തെളിച്ച് വരണം കേട്ടോ. നമ്മളിവിടെയൊക്കെത്തന്നെ കാണും.
----------------------------------------
1921ല്‍ സ്വാമികള്‍ ശിവഗിരിയില്‍ സ്വസ്ഥമായി വിശ്രമിച്ചിരുന്ന ഒരു ദിവസം .അകലെ എവിടെയോ നിന്ന് രണ്ടാളുകള്‍ വന്ന് സന്ദര്‍ശനം കാത്ത് നില്‍ക്കുന്നു എന്ന് ഒരു അന്തേവാസി സ്വാമികളെ അറിയിച്ചു.

"കാത്തുനില്‍ക്കുന്നതെന്തിന്? അവരെ കൂട്ടിക്കൊണ്ട് വരാമല്ലോ" എന്ന് സ്വാമി പറഞ്ഞു.

ആഗതരെക്കണ്ടപ്പോള്‍ സ്വാമി : എന്താ,നമ്മെ കാണാന്‍ വന്നതായിരിക്കും അല്ലേ കൊള്ളാം.

ഉത്തരം : അല്ല സ്വാമി ഒരു സങ്കടമുണര്‍ത്തിക്കാന്‍ വന്നതാണ്.

സ്വാമി: നമ്മോടോ? സങ്കടമോ? എന്താണ് പറയാമല്ലോ.

ഉത്തരം: വളരെ നാളായി അടിയത്തിന്റെ വീട്ടില്‍ കുട്ടിച്ചാത്തന്‍ ഉപദ്രവം കൊണ്ട് കിടക്കപ്പൊറുതിയില്ല സ്വാമി. പലേ കര്‍മ്മങ്ങളും പ്രവര്‍ത്തിച്ച് നോക്കി.ഒരു മാറ്റവും ഇല്ല .സ്വാമി അടിയങ്ങളെ രക്ഷിക്കണം.

സ്വാമി: ആരാണെന്നാ പറയുന്നത് ?കുട്ടിച്ചാത്തനോ? കൊള്ളാമല്ലോ, ആളിനെ നിങ്ങള്‍ കണ്ടോ ?

ഉത്തരം: കണ്ടു സ്വാമി, വളപ്പിന്റെ ഒരിരുണ്ട മൂലയ്ക്കല്‍ കരിക്കട്ട പോലെ നില്‍ക്കുന്നത് അടിയങ്ങള്‍ കണ്ടു.എപ്പോഴും ഉപദ്രവമാണ്.ഇടതടവില്ലാതെ കല്ലെറിഞ്ഞ് കൊണ്ടിരിക്കും.

സ്വാമി: അത് തരക്കേടില്ല.ആള്‍ കുട്ടിച്ചാത്തനാണെന്ന് എങ്ങനെ അറിഞ്ഞു?അതും നാം പറഞ്ഞാല്‍ കേള്‍ക്കുമോ?

ഉത്തരം: ഉവ്വ് സ്വാമി,അവിടന്ന് പറഞ്ഞാല്‍കേള്‍ക്കും.
സ്വാമി: ആവോ, കുട്ടിച്ചാത്തനും നാമും തമ്മില്‍പരിചയമില്ല.

(ഉത്തരം കേട്ട് ആഗതര്‍ വല്ലാതെ വിഷണ്ണരായിനില്‍ക്കുന്നത് കണ്ടിട്ട്).

സ്വാമി: ആട്ടെ കുട്ടിച്ചാത്തന് നാമൊരു കത്ത് തന്നാല്‍ മതിയാകുമോ?

(ഒരു ഭക്തനോട്) ഇതൊന്ന് എഴുതി എടുത്തോളൂ (എന്നിട്ട്താഴെപ്പറയുന്ന വിധം പറഞ്ഞ് കൊടുത്തു).

"ശ്രീ കുട്ടിച്ചാത്തനറിവാന്‍,
ഈ കത്ത് കൊണ്ട് വരുന്ന പെരയ് രായുടെ വീട്ടില്‍ മേലാല്‍ യാതൊരു ഉപദ്രവവും ചെയ്യരുത്. എന്ന് നാരായണഗുരു"
..............

ഭാഗ്യമാണതൊക്കെ. മഹാഭാഗ്യം.

Sunday, June 12, 2016

അമൃതയെപ്പറ്റി വീണ്ടും


ഓൺലൈനിൽ അത്യാവശ്യം ഇൻഫേമസ് ആകത്തക്ക നിലയിൽ അമൃതാബാഷിങ്ങ് നടത്തിയിട്ടുള്ളയാളും (ഇൻഫേമസ് എന്ന് പറഞ്ഞതിനു കാരണങ്ങളുണ്ട്. ഇരുപക്ഷവും ഈ വിഷയത്തിൽ ശത്രുവായാണ് കാണുന്നത്. അമൃതാ പ്രസ്ഥാനങ്ങളെപ്പറ്റിയൊക്കെ രുചിയ്ക്കാത്ത കാര്യങ്ങളെഴുതിയതിന് അവരുടെ പക്ഷവും എതിർ ചേരിക്കാരന് വേണ്ടുന്ന പോലെ എഴുതാത്തതിനു (ആ അമ്മയെ അമ്മയെന്ന് വിളിയ്ക്കുന്നതിനുപോലും) മറുപക്ഷവും പിണക്കമാണ് :-)

അമൃത പക്ഷേ പലരും എഴുതിയിരിയ്ക്കുന്നതുപോലെ ഒരു ‘ഗൂഢ‘ സാമ്രാജ്യമൊന്നുമല്ല. മറ്റേതൊരു ബിസിനസ്സുകാരും ചെയ്യുന്നത്പോലെ പരസ്യപ്പണം കാണിച്ച് മാധ്യമങ്ങളെ അവർ പലവിഷയങ്ങളിലും കണ്ണുതെറ്റിയ്ക്കുന്നുണ്ടാവാം. അത്യാവശ്യം ബാഡ് പീആർ ഒഴിവാക്കാൻ ഏത് ബിസിനസ് സ്ഥാപനത്തേയും പോലെ ഇന്നലേയോ നാളേയോ അവരും ശ്രമിച്ചേക്കാം. പക്ഷേ വളരെ അകന്ന കണ്ണികളുള്ള, പലപ്പോഴും നമ്മൾ പുറമേനിന്ന് കാണുമ്പോൾ തോന്നുന്ന രീതിയിൽ ഇഴയടുക്കമില്ലാത്ത ഒരു സാധാരണ വലിയ കോർപ്പറേറ്റ് മാത്രമാണ് അമൃതാ സ്ഥാപനങ്ങൾ. അവർ അവർക്കെതിരേ എന്തെങ്കിലും പറഞ്ഞെന്ന് വച്ച് കൊട്ടേഷൻകാരെ വച്ച് കാച്ചിക്കളയുകയും മറ്റുമില്ല.

ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്. ആ അമൃതയെപ്പറ്റിയും മഠത്തെപ്പറ്റിയും മുഴുവനായും അത്യാവശ്യം ഡാമേജിങ്ങായ കാര്യങ്ങളൊക്കെ പറഞ്ഞിട്ടും പലതവണ അവിടെ പോയിട്ടുണ്ട്. മനപ്പൂർവം എഴുതിയതിനെപ്പറ്റി സംസാരിയ്ക്കാതിരിയ്ക്കാൻ ശ്രമിച്ചെന്നതൊഴിച്ച് എന്നെ തട്ടിക്കൊണ്ട്പോയി ഭേദ്യം ചെയ്യാനൊന്നും ആരും മുതിർന്നിട്ടില്ല. അവർക്കതിനു കഴിയുകയുമില്ല. മിനിമം നീയിവിടെ വരണ്ട എന്നോ, ഡ്യൂട്ടിസമയത്ത് ഇവിടെ കയറിയിറങ്ങരുതെന്നെങ്കിലുമോ അവർക്ക് പറയാം. അവരൊന്നും പറഞ്ഞിട്ടില്ല. ചിലർ എന്നോട് മുഖം തരാതെ പിണങ്ങിയതൊഴിച്ചാൽ.

മലയാളിയുടെ ഭാവന സിനിമകൾ കണ്ട് ഒരുപാട് കാട് കയറിയിട്ടുണ്ട്.

അമൃതാനന്ദമയിയമ്മയെ ‘സിൽക്ക്സ്മിത‘ എന്ന് പോലും നിയമസഭയിൽ വിളിച്ച ഒരു 'പ്രമുഖ’ (അതാണല്ലോ ഫാഷൻ) നേതാവ് അതേ ആശുപത്രിയിൽ തന്നെ ചികിത്സയ്ക്കെത്തിയെന്നതും പിന്നീട് അമൃതാ സ്ഥാപനങ്ങളുടെ വലിയൊരു പ്രയോക്താവായെന്നതും പത്രങ്ങളിലൊക്കെ വന്നതാണല്ലോ. അവർക്കാരോടും സ്ഥിരമായ വിദ്വേഷമോ പകയോ ഒന്നുമുണ്ടെന്ന് തോന്നിയിട്ടില്ല. അവിടെ മുഴുവൻ നിലവറകളും രഹസ്യമുറികളും ഒന്നുമില്ല. ഒരുപക്ഷേ നേരേ തിരിച്ചാണ് കാര്യങ്ങൾ. പാരനോയ്‌യ മൂത്ത് മൂത്ത് സകലയിടത്തും സീ സീ ടീ വിയാണ് അമൃതയിൽ എന്ന് അവിടെ ജോലിചെയ്തിട്ടുള്ള ചില കൂട്ടുകാർ പറഞ്ഞിട്ടുണ്ട്. അവരെ ആരൊക്കെയോ ആക്രമിയ്ക്കുന്നു അവരുടെ സാധനങ്ങളെല്ലാം ആരോ കട്ടോണ്ടുപോകുന്നു എന്നൊക്കെ വലിയ ഭീതിയാണവർക്ക് എന്ന് തോന്നിയിട്ടുണ്ട്. ഈ വാർത്തകളൊക്കെ ശബരിമല സീസണാവുമ്പൊ പൊന്തിവരുന്ന വാർത്തകളേക്കൂട്ട് പൊന്തിവരുന്നത് കാണുമ്പൊ ഇനി അങ്ങനെ ആക്രമണങ്ങൾ ഉണ്ടെന്ന് അമൃതാക്കാർ അവകാശപ്പെടുന്നതിലും കാര്യമുണ്ടോ എന്ന് ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ജാസ്മിൻഷായും കൂട്ടരും അവിടെയെത്തിയപ്പോൾ ഗൂണ്ടായിസം കാണിച്ചത് തന്നെ എത്രത്തോളം ഓർഗനൈസ്ഡ് അല്ലാത്തവരാണവരെന്ന് വ്യക്തമായും അറിയിയ്ക്കുന്നതാരുന്നു. പഴയകാല സിനിമയിലെ വില്ലനെക്കൂട്ട് തൊഴിലാളിനേതാവിനെ നമുക്ക് നല്ല അടികൊടുത്തൊതുക്കുയേക്കാം എന്നൊക്കെ ആരെങ്കിലും പോഴന്മാർ വിചാരിച്ചെങ്കിൽ അവന്മാരെ പോഴന്മാർ എന്നല്ലാതെ എന്ത് പറയാനാണ്? അത് വിഷയത്തെ ആളിക്കത്തിച്ച് അമൃതാ ഹോസ്പിറ്റൽ സ്റ്റാൻഡ്സ്റ്റില്ലിൽ എത്തുന്നത് വരെ കാര്യങ്ങളെത്തിച്ചു. അൽപ്പമെങ്കിലും ഇഴയടുപ്പമുള്ള ഒരു ‘ഗൂഢ’ സാമ്രാജ്യമെങ്കിൽ അവർ എത്ര നീറ്റായി അതിനെ ഒതുക്കിയേനേ എന്ന് ഞാനായിട്ട് പറയണ്ട. അതേ സമയം കേരളമൊട്ടാകെ നടന്ന മറ്റു മാനേജ്മെന്റുകളിലെ നേഴ്സിങ്ങ് സമരത്തിൽ അവരെല്ലാമെടുത്ത നിലപാടുകൾ എന്താണെന്ന് നാമെല്ലാം പിന്നീട് കണ്ടു.

ഗൂഢസാമ്രാജ്യങ്ങളെങ്കിൽ അതൊക്കെയാണ് ഗൂഢസാമ്രാജ്യങ്ങൾ.

നേഴ്സിങ്ങ് സമരങ്ങളിലും പൊതുവേ അമൃതസ്ഥാപനങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങളിലും എനിയ്ക്ക് ഇന്നും വലിയ മാറ്റമൊന്നുമില്ല. തുറന്ന് പറയാൻ മുഷിവൊന്നുമില്ല താനും.

പക്ഷേ ഒന്നുറപ്പുണ്ട്. എന്റെ വേണ്ടപ്പെട്ടവർക്കോ ബന്ധുക്കൾക്കോ എന്തെങ്കിലും അസുഖം വന്നാൽ വിശ്വസിച്ച് കൊണ്ടോടേണ്ടത് എവിടേയ്ക്കാണെന്ന് കേരളത്തിലെ ആരോഗ്യരംഗം അകം പുറമറിയാവുന്ന എനിയ്ക്കുറപ്പുണ്ട്. ഈ തെറിയെല്ലാം വിളിച്ചിട്ടും പലതവണ എന്റെ വേണ്ടപ്പെട്ടവരേയുമായി അവിടേക്കോടിച്ചെന്നിട്ടുണ്ട്. അവരു കാശുവാങ്ങും. സംശയമൊന്നും വേണ്ട. അത്യാവശ്യം നല്ലനിലയിൽത്തന്നെ കാശുവാങ്ങും. ചാരിറ്റി ചെയ്യുന്നുണ്ടാവും, പക്ഷേ അത്പലപ്പോഴും സഹായം ചോദിയ്ക്കുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണെന്ന് തോന്നിയിട്ടുണ്ട്. സഹായം ചോദിച്ച് ചെല്ലുന്നവരോടൊക്കെ ആ വകുപ്പിലുള്ളവർ വളരെ മോശമായ രീതിയിൽ സംസാരിച്ചതിനു അനുഭവങ്ങൾ കേട്ടിട്ടുണ്ട്. പണക്കാരായവർ അവരുടെ പണം പുഴ്ത്തിവച്ചിട്ട് സഹായം ചോദിച്ച് ചെല്ലുന്നത് കൊണ്ടാണ് അവർ അതിന്റെ നടപടികൾ അത്രയേറെ കടുപ്പിച്ചതെന്നൊക്കെയാണ് അവർ ന്യായം പറയുന്നത്. അതൊന്നുമല്ല സിമ്പിൾ മുഷ്കാണ് കാര്യം എന്നും തോന്നിയിട്ടുണ്ട്. ദരിദ്രനായാൽ വേറേ രക്ഷയില്ല. ആത്മാഭിമാനം വേണ്ടെന്ന് വയ്ക്കുകയേ ദൈവം സഹായിച്ച് ഭാരതപൗരനു ഇന്ന് നിവൃത്തിയുള്ളൂ.

അമൃത ആശുപത്രിയിലെ ചികിത്സയിൽ എനിയ്ക്ക് ഉറപ്പ് പറയാവുന്ന ഒരു കാര്യമുണ്ട്.അവിടത്തെ സാധനങ്ങളിരുന്ന് തുരുമ്പെടുത്ത് പോകുന്നെന്ന് വിചാരിച്ചോ അവിടെ മരുന്നുകൾ വിറ്റഴിയ്ക്കണമെന്ന് കരുതിയോ അവർ നിങ്ങളെ അനാവശ്യമായി ചികിത്സിയ്ക്കുകയോ ചികിത്സിയ്ക്കാതിരിയ്ക്കുകയോ ചെയ്യില്ല. അവിടെ എല്ലാം NICE ഗൈഡ്ലൈൻസ് അച്ചട്ടാണെന്നൊന്നും പറയാനാകില്ല. ആരോഗ്യജോലിക്കാർക്ക് അത് ഡോക്ടർ മുതൽ തൂപ്പുകാരൻ വരെ ആരായാലും ലോകത്തെല്ലാം പറ്റുന്നത്പോലെ കൈപ്പിഴകളും പറ്റിയേക്കാം. ചില ആളുകൾ നല്ലവരും ചില ആളുകൾ മോശക്കാരും ചിലർ വളരെയേറെ മോശക്കാരുമായി ആ ആശുപത്രിയിൽ കണ്ടേക്കാം. പക്ഷേ പൊതുവേ എത്തിക്സിനു നിരക്കാത്തത് അവിടെ മനപ്പൂർവം ചെയ്യാൻ ജീവനക്കാരോട് മാനേജ്മെന്റ് അങ്ങനെയങ്ങ് നിർബന്ധിയ്ക്കില്ല എന്ന് ഉറപ്പുണ്ട്. ചുരുക്കിപ്പറഞ്ഞാൽ രാവിലേ എഴുനേറ്റ് നോക്കുമ്പൊ കിഡ്നി ഒന്നും കാണാതെ വരില്ല. അല്ല, അങ്ങനെയാണോ ബാക്കി ആശുപത്രികൾ എന്ന് ചോദിയ്ക്കരുത്. കിഡ്നി അടിച്ചോണ്ട് പോകുന്നെന്നത് അൽപ്പം എക്സാജറേഷൻ ആണെങ്കിലും അതുപോലൊക്കെത്തന്നെയാണ് പല സ്വകാര്യ ആശുപത്രികളും.

അതുകൊണ്ട് തന്നെ കൈയിൽ പണമുണ്ടെങ്കിൽ ഇനിയും എന്റെ വേണ്ടപ്പെട്ടവരെ വിശ്വസിച്ച് കൊണ്ടുപോകാൻ സ്വകാര്യമേഖലയിൽ ഇന്ന് അമൃതാ ആശുപത്രിയാണ് വലിയൊരു ഓപ്ഷൻ. ബാക്കി എല്ലാ ആശുപത്രികളും വെറും വൃത്തികെട്ടവരാന്നോ എന്ന് ചോദിച്ചാൽ എനിയ്ക്കറിയില്ല. പക്ഷേ വ്യക്തിപരമായി അറിയാവുന്ന ഡോക്ടർമാരല്ലെങ്കിൽ (അവരാണല്ലോ ചികിത്സകൾ നിശ്ചയിയ്ക്കുക) അൽപ്പം പാരനോയിക് ആയിത്തന്നെയേ ഇൻഡ്യയിലിന്നത്തെ ആശുപത്രിവ്യവസായത്തെ കാണാനാകൂ എന്ന് പറയേണ്ടിയിരിയ്ക്കുന്നു.

ഊരും പേരും ആളും ഐഡിയുമില്ലാത്ത ഫേസ്ബുക്കിൽ ഒരു ഫേക് ഐഡിയെങ്കിലുമല്ലാത്ത ഏതോ ഒരു സങ്കൽപ്പ നേഴ്സിനെ റെയിൽവേ ട്രാക്കുകൾക്കടുത്ത സാങ്കൽപ്പിക ‘പ്രമുഖ‘ ആശുപത്രിയിൽ ഐ സീ യൂവിൽ ആരോരുമറിയാതെ അദൃശ്യരായ ഡൊക്ടർമാരും നേഴ്സുമാരും ചികിത്സിച്ചെന്നും ഏതോ സ്വാമിമാർ അവരെ ബലാൽസംഗം ചെയ്തെന്നുമൊക്കെ പറഞ്ഞാൽ...എന്ത് പറയാനാണ്!.

അവിടെ ജോലിചെയ്യുന്ന ഒരു പ്രത്യേക മതത്തിൽപ്പെട്ട നേഴ്സുമാർ മുറികളിൽ രോഗികൾക്ക് ആ മതത്തിന്റെ പരിവർത്തന ലഘുലേഖകൾ ഡ്യൂട്ടിസമയത്ത് വിതരണം ചെയ്തത് ആവർത്തിയ്ക്കരുതെന്നും ഡ്യൂട്ടിസമയം ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിയ്ക്കരുതെന്നും താക്കീത് നൽകത്തക്ക രീതിയിൽ തുറന്നയിടമാണ് അമൃത ആശുപത്രി. കടുത്ത ഇടതുപക്ഷക്കാർ മുതൽ കടുത്ത അമൃതമതമല്ലാത്ത മതവാദികൾ വരെയുള്ളവർ അവിടെ ഡോക്ടർമാരായും നേഴ്സുകളും മുതൽ ജീവനക്കാരായുണ്ട്.

ഒറ്റയ്ക്ക് ഒരാളെ ഐസീയൂവിൽ ചികിത്സിയ്ക്കാൻ കഴിയില്ലെന്ന് മാത്രമല്ല പണ്ട് ഒരു വലിയ സമരം വന്നപ്പോൾപ്പോലും, വാശിപിടിച്ച മാനേജ്മെന്റിനോട് മിക്ക വകുപ്പ് മേധാവികളും പണിമുടക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് മാനേജ്മെന്റ് അവസാനം നേഴ്സസ് അസോസിയേഷന്റെ ആവശ്യങ്ങൾ അംഗീകരിച്ചത് എന്നാണ് കേട്ടിരിയ്ക്കുന്നത്. അതായത് അവിടെ ജോലിചെയ്യുന്നവർ നിറയെ ഏതോ ജയിംസ് ബോണ്ട് പടത്തിലെക്കൂട്ട് ബുദ്ധി മരവിച്ച കുറേ പാവകൾ പോലെയുള്ള മനുഷ്യരല്ല.

മറ്റൊരു വലിയ കാര്യം പ്രൊസീജിയറുകളോട് അമൃതാക്കാർക്ക് വലിയ പേടിയാണെന്നതാണ്. എന്റെ സുഹൃത്തിന്റെ അച്ഛൻ ഹൃദയാഘാതം വന്ന് അവിടെ എത്തുന്നതിനു മുന്നേ മരണപ്പെട്ട് പോയ സംഭവത്തിൽ സ്വാഭാവികമായും എല്ലാ കേരളീയരേയും പോലെ പോസ്റ്റുമാർട്ടം ഒഴിവാക്കാൻ വളരെ ഉയർന്നതെന്ന് നമ്മൾ കരുതുന്ന കേന്ദ്രങ്ങളിൽ നിന്ന് പോലും സമ്മർദ്ദങ്ങളുണ്ടായിട്ടും ഒട്ടും സമ്മതിയ്ക്കാത്ത ഒരനുഭവം എനിയ്ക്കുണ്ട്. കലാഭവൻ മണിയുടെ കാര്യത്തിലും അത് കണ്ടതാണ്. അമൃതയിൽ പല സ്ഥലങ്ങളിലും റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥർ വോളണ്ടിയർമാരായി ഉള്ളതുകൊണ്ട് ഒരുമാതിരി മൂശേട്ട സ്വഭാവം അവർ അതിൽ കാട്ടാറുണ്ട്. ഒരു സ്ത്രീയെ ഇതുമാതിരി ഒരു സിറ്റുവേഷനിൽ അഡ്മിറ്റ് ചെയ്താൽ യാതൊരു സംശയവുമില്ല ആദ്യത്തെ കോൾ പോയിട്ടുണ്ടാവുക ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലേക്കാവും.

പൂഴ്ത്തിവയ്പ്പും കൊലപാതകപരമ്പരകളും കൊണ്ടൊന്നും കെട്ടിപ്പടുത്ത ‘ഗൂഢ‘ സാമ്രാജ്യമൊന്നുമല്ല അമൃത. ശരിയാണ് സാത്വികരും ഗൂണ്ടകളും മോശക്കാരും നല്ലവരും ദുഷ്ടരും ശുദ്ധരുമൊക്കെ എല്ലായിടത്തേയും പോലെ അവിടെയുമുണ്ട്. അവർ ചെയ്തതിന്റെ, ചെയ്യാനാവുമായിരുന്നതിന്റെ പലതും നേഴ്സിങ്ങ് സമരത്തിൽ കാണിച്ചതാണ്. പക്ഷേ പിന്നീട് അതിനോട് മത്സരിയ്ക്കുന്ന നിലയിൽ മറ്റു മാനേജ്മെന്റുകൾ സ്കോർ ചെയ്യുന്നത് കണ്ടപ്പൊ ഇവരെത്ര മര്യാദക്കാരെന്നാണ് തോന്നിയത്.

ഏകലവ്യനിലെ നരേന്ദ്രപ്രസാദിനെപ്പോലെയൊക്കെ, ശ്രീനി പട്ടത്താനമൊക്കെ ഭാവനയിൽ നിന്ന് ഉരുത്തിരിയിച്ച ഇല്യുമിനാട്ടി ഗൂഡാലോചനയും അതിനകത്തില്ല. ആരോ പറഞ്ഞപോലെ മയക്കുമരുന്ന് കച്ചവടം കൊണ്ടല്ല, (അല്ല മയക്കുമരുന്നുണ്ട് അമ്മയുടെ സ്നേഹമാണ് മയക്കുമരുന്ന് എന്നൊക്കെ അമ്മ ഭക്തർ തന്നെ പറയും) അമ്മയുൾപ്പെടെയുള്ളവർ കട്ടചുമന്നും സിമന്റുകുഴച്ചും, കിട്ടുന്ന ഓരോരോ അണാപൈ നല്ല സുന്ദരമായി സൂക്ഷിച്ചുപയോഗിച്ചും ഉണ്ടാക്കിയെടുത്തതാണിതെല്ലാം. ഈ ഈഗോയെല്ലാം ഒന്ന് മാറ്റിവച്ച് ആ വളർച്ചയെ വസ്തുനിഷ്ഠമായി ഒന്ന് പഠിച്ചാൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിനു വലിയൊരു പാഠപുസ്തകമാകുമത്. നേരത്തേയും പറഞ്ഞിട്ടുണ്ടിത്.

അമൃതാ ആശുപത്രിയുടെ വളർച്ച പലർക്കും അലോസരമുണ്ടാക്കിയേക്കാം. പക്ഷേ എനിയ്ക്കതവിടെ നിലനിൽക്കണം. വസ്തുവിറ്റിട്ടായാലും കടം മേടിച്ചിട്ടായാലും വേണ്ടപ്പെട്ടവരേയുംകൊണ്ട് വിശ്വസിച്ച് ഓടിച്ചെല്ലാൻ അവിടമേയുള്ളൂ. അതവിടെയുള്ളതിന്റെ വില ഓടിച്ചെന്നിട്ടുള്ള, ഇന്നും ഓടിക്കൊണ്ടിരിയ്ക്കുന്ന എനിയ്ക്കറിയാം.

അമൃത സ്ഥാപനങ്ങളെ എതിർക്കാം.മറ്റേതൊരു മതത്തെക്കൂട്ടും മനുഷ്യബുദ്ധിയ്ക്ക് നിരക്കുന്ന പ്രചരണങ്ങളൊന്നുമല്ല അവരുടെ വളർച്ചയ്ക്കായവർ ഉപയോഗിച്ചത്. ഇന്നും ഉപയോഗിയ്ക്കുന്നത്. ഒരു പെന്റകോസ്റ്റൽ ഗ്രൂപ്പിനെക്കൂട്ടാണ് അവർ ആക്ട് ചെയ്യുന്നതെന്നും എന്റെ വ്യക്തിപരമായ എതിർപ്പിനു കാരണമാണ്. പൊതുവേ ഹിന്ദു എന്ന് അറിയപ്പെടുന്ന ഗ്രൂപ്പുകളുടെ ഒരു ഗുണമായ ബഹുസ്വരതയുള്ളതും ഏകതാനതയില്ലാത്തതുമായ രീതികളിൽ നിന്ന് മാറി കൃസ്ത്യൻ മുസ്ലീം മതങ്ങളെ മാതൃകയാക്കി ഒരു തരം പ്യുരിട്ടനിസം പ്രചരിപ്പിയ്ക്കാൻ നോക്കുന്നെന്നും തോന്നിയിട്ടുണ്ട്. അവരുടെ ജീവനക്കാരോട് അടിമകളെന്നപോലെ പെരുമാറുന്നെന്നത് ഞാനായിട്ട് പറയണ്ട. അവർക്കാവശ്യം വരുമ്പോൾ മാത്രം ഒരുതരം ഇരവാദവുമായി വരികയും ആവശ്യമില്ലാത്തപ്പൊ അവരെ ചവിട്ടുന്നവരെ തൊഴുതു നിൽക്കുന്ന സ്വഭാവമാണ് എന്നും പൊതുവേ തോന്നിയിട്ടുണ്ട്.

അതൊക്കെ നിലനിൽക്കുമ്പോൾത്തന്നെ ഈ വിഷയത്തിൽ അമൃതയുടെ കൂടെ നിൽക്കാതിരിയ്ക്കാൻ നിർവാഹമില്ല.
(അമൃതാ ആശുപത്രിയിൽ ആരെയോ ബലാൽസംഗം ചെയ്തെന്ന് കള്ളവാർത്തയുടെ പ്രചാരണത്തിനെതിരേ എഴുതിയ കുറിപ്പാണിത്. https://www.facebook.com/kaaliyambi/posts/989031741216440)