Sunday, June 26, 2016

ബ്രെക്സിറ്റും സ്വാതന്ത്ര്യവും ഭാരതവും

നമ്മൾ ഭാരതത്തിൽ ഇടയ്ക്കിടെ പാടിപ്പുകഴ്ത്താറുള്ള, വയലിലും ചേറിലും കടലിലും കുഴിയിലും നമുക്കന്നം വിളമ്പാനും, നമ്മുടെ ഭാരം ചുമക്കാനും നമ്മളെ നമ്മളാക്കാനും കരിഞ്ഞു കരയുന്ന ജനതയോട്, സാധാരണ ജനങ്ങളോട്, അവരല്ലാത്തവർക്കെല്ലാം പുച്ഛമാണ്. അതുകൊണ്ട് തന്നെ അവരെടുക്കുന്ന തീരുമാനങ്ങൾ ശരിയെന്ന് സമ്മതിയ്ക്കാൻ  ബാക്കിയുള്ള ബുദ്ധിയുണ്ടെന്നഹങ്കരിയ്ക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ജനാധിപത്യത്തിൽ.

അവിടെ കാര്യങ്ങളെല്ലാം സമ്പന്നരും വിവരമുള്ളവരും വിദ്യാഭ്യാസമുള്ളവരും വലിയ വലിയ പേരെടുത്ത സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുമടങ്ങുന്ന വരേണ്യവർഗ്ഗം പറയുന്നതുപോലെ തീരുമാനിച്ചുകൊള്ളണം. അല്ലെങ്കിൽ ഇപ്പറയുന്ന ജനതയെ വിളിയ്ക്കാൻ ഞങ്ങൾ പേരുകൾ കണ്ടെത്തിയിട്ടുണ്ട്. അതിപ്പൊ വർക്കിംഗ് ക്ളാസ് മെന്റാലിറ്റിയെന്നോ റേസിസ്റ്റെന്നോ സീനോഫോബിക്കെന്നോ ജിംഗോയിസ്റ്റ് എന്നോ ഒക്കെ, പേരുകളിടുന്നവരുടെ തമ്പുരാക്കന്മാർ ഈ സാധാരണക്കാരനു പലതരം പേരുകൾ ചാർത്തിക്കൊടുക്കും.

ബ്രിട്ടണിലെ ആ പാവപ്പെട്ടവനും ആ പേരുകൾ ചാർത്തിക്കിട്ടിയ ദിവങ്ങളാണിത്. Uncultured Xenophobic Swines (സംസ്കാരരഹിതരായ വംശവിദ്വേഷിപ്പന്നികള്‍) എന്നാണെന്റെയൊരു അക്കാഡമിക സുഹൃത്തിന്ന് ഫേസ്ബുക്കിൽ കുറിച്ചത്. ഒരിയ്ക്കലും മുകൾച്ചുണ്ടിന്റെ മുറുക്കം കുറയാത്തവരെല്ലാം ***** ഇട്ടെഴുതേണ്ട വാക്കുകളാൽ അവരുടെ ഫേസ്ബുക്ക് വാളുകൾ നിറച്ചിരിയ്ക്കുകയാണ്.

ഒരു വോട്ടെടുപ്പിൽ ജയവും തോൽവിയും ഉണ്ടാകുമെന്നത് അറിയാത്ത പോലെ തോൽവിയുണ്ടായ ഭാഗത്ത് നിൽക്കുന്നവർ ജയിച്ച ഭാഗത്തിനു വോട്ടുചെയ്തവരെ നിരന്തരം ചീത്തവിളിയ്ക്കുന്ന അപൂർവാവസരം.  ടെലിവിഷനിൽ അവതാരകർ വഴിയിലൂടെ നടക്കുന്നവരെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ കുറ്റപ്പെടുത്തിച്ചോദിയ്ക്കുന്നു. “നിങ്ങൾ പുറത്തേയ്ക്ക് പോകണമെന്ന് വോട്ടുചെയ്തതിന്റെ ദൂഷ്യഫലങ്ങളനുഭവിയ്ക്കാൻ തയ്യാറുണ്ടോ?“

ഒരപ്പൂപ്പൻ ശാന്തനായിത്തന്നെ പറഞ്ഞു. “ഞങ്ങൾ രണ്ട് ലോകയുദ്ധങ്ങൾ ജയിച്ചവരാണ്.“

ഉയർന്നവർ പ്ളെബ്സ് എന്ന് പുശ്ചമായും വർക്കിങ്ങ് ക്ളാസ് എന്ന് പുറമേയും വിളിയ്ക്കപ്പെടുന്ന ഒരുദിവസത്തെക്കൂലിയില്ലേൽ പിഴച്ചുപോകാനാവാത്തവരാണ് ബ്രിട്ടണിൽ ഈ വോട്ടുചെയ്തത്, ഈ തീരുമാനമെടുത്തത്. സ്വന്തമായി യാതൊന്നുമില്ലാത്തവർ.

എന്തുകൊണ്ടാണ് ഈ ഹിതപരിശോധനയിൽ, ഭരിയ്ക്കുന്ന ഗവണ്മെന്റു മുഴുവൻ, പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും പ്രധാനപ്പെട്ട എല്ലാ പാർട്ടികളും മുതൽ വൻ ബിസിനസ് മുതലാളിമാരും,  കലാകാരന്മാരും, ബീബീസീ തുടങ്ങിയ സകല മാധ്യമങ്ങളും ഒരുവശത്ത് നിന്നുകൊണ്ട് ഗവണ്മെന്റ് തന്നെ ഔദ്യോഗിക സംവിധാനങ്ങലുപയോഗിച്ച് യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിയരുത് എന്ന് സകല കീഴ്വഴക്കങ്ങളും മറന്ന് ആവശ്യപ്പെട്ടിട്ടും യൂറോപ്പിൽ നിന്ന് വിട്ടുപോരുക എന്ന തീരുമാനത്തിൽ ജനങ്ങൾ ഉറച്ചു നിന്നത്?

വിട്ടുപോരാൻ ആവശ്യപ്പെട്ട് പ്രചാരണം നയിച്ചവർ ജനങ്ങൾ അധികം വിലകൊടുക്കാത്ത ഒന്നുരണ്ട് നേതാക്കന്മാർ മാത്രമായിരുന്നു. ചില ബ്ളോഗുകൾ പറഞ്ഞത് വിട്ടുപോരാതിരിയ്ക്കാൻ മനപ്പൂർവം അത്തരക്കാരെ ആ പ്രചരണം ഏൽപ്പിയ്ക്കുകയായിരുന്നു എന്നാണ്. ഗൂഡാലോചനാവാദമാണ്. എന്നാലും ആരും യൂറോപ്പിൽ നിന്ന് വിട്ടുപോരുക എന്ന പ്രചരണം നയിച്ചവരുടെ വിജയമായി ഈ തീരുമാനത്തെ എടുത്തിട്ടില്ല. ആ പ്രചരണം നയിച്ചവർ പോലും.

യൂണിവേഴ്സിറ്റികൾ, ഗവണ്മെന്റ് വകുപ്പുകൾ, ബുദ്ധിജീവികൾ, സകല പാർട്ടിയിലെ മുഴുവൻ രാഷ്ട്രീയക്കാരും ഒന്നോ രണ്ടോ പേരൊഴിച്ച് ഒന്നോടെ ജനങ്ങളോട് പറഞ്ഞു, നമുക്ക് യൂറോപ്യൻ യൂണിയനിൽ നിൽക്കണം. പക്ഷേ ജനം ഒന്നുമാലോചിച്ചില്ല. ഒന്നും കേട്ടില്ല. സകല പ്രമുഖപാർട്ടികളും ഗവണ്മെന്റും സകല മാധ്യമങ്ങളും ഒത്തുപിടിച്ചിട്ടും അമ്പത് ശതമാനം വോട്ടുപോലും കിട്ടിയില്ല . അതിൽ എവിടെയോ എന്തോ കാരണമുണ്ടാവും എന്നറിയാതിരിയ്ക്കാൻ മാത്രം ബുദ്ധിയില്ലാത്തവരാണോ ലളിതയുക്തികളാൽ ആ ജനങ്ങളെ കുറ്റം പറയുന്നത്?

എല്ലാവരും പറയുന്നത് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ജനങ്ങളുടെ കുടിയേറ്റം കണ്ട് സഹിയ്ക്ക വയ്യാതായതുകൊണ്ടാണ് ബ്രിട്ടൺ യൂറോപ്യൻ യൂണിയനെതിരേ വോട്ടുചെയ്തതെന്നാണ്. ഒന്നു മനസ്സിലാക്കണം, യൂറോപ്പിലെ ഏറ്റവും സഹിഷ്ണുതയുള്ള സമൂഹങ്ങളിലൊന്നാണ് ബ്രിട്ടൺ. യൂറോപ്പിലെമ്പാടും നിയോനാസികൾ അരങ്ങ് തകർക്കുമ്പോൾ ബ്രിട്ടണിൽ പേരിനുപോലും അത്തരമൊരു ഗ്രൂപ്പിനെ കാണാനാകില്ല. ഏറ്റവും വിവിധത ആഘോഷിയ്ക്കുന്ന യൂറോപ്യൻ രാഷ്ട്രമാണ് ബ്രിട്ടൺ. ഇൻഡ്യയിലും പാകിസ്ഥാനിലും ബംഗ്ളാദേശിൽ നിന്നും ആഫ്രിക്കയിൽ നിന്നും കരീബിയയിൽ നിന്നും എന്തിന് അവർ യുദ്ധം ചെയ്യുന്ന അഫ്ഗാനിസ്ഥാനിൽ അവരുടെ ജയിലിൽക്കിടന്നവർക്കു പോലും രാഷ്ട്രീയാഭയം കൊടുക്കുന്ന രാജ്യമാണ് ബ്രിട്ടൺ. ഇന്നും ബ്രിട്ടീഷ് സൈന്യത്തിൽ ബ്രിട്ടീഷ് പൗരന്മാരല്ലാത്തവർക്ക് ജോലിയിൽ ചേരാം. ഗൂർഘകളുടെ റെജിമെന്റ് പോലും റോയൽ ആർമിയിലുണ്ട്. അതിനായി വർഷാവർഷം നേപ്പോളിൽ നിന്നും റിക്രൂട്ട്മെന്റും നടത്തുന്നു.

യൂറോപ്പിലെങ്ങും ജുതരെ മുതൽ കറുത്തവരെ വരെ വേട്ടയാടിയപ്പോൾ ഇപ്പറയുന്ന ജർമ്മനിയിൽ പറ്റം പറ്റമായി ജർമ്മനിയ്ക്ക് സഹിയ്ക്കാത്തവരെയെല്ലാം കോൺസൻട്രേഷൻ ക്യാമ്പുകളിലടയ്ക്കുകയും ഗാസ് ചേമ്പറിൽ കൊലപ്പെടുത്തുകയും ചെയ്തപ്പോഴും അവരെയെല്ലാം രണ്ട് കയ്യും നീട്ടി സ്വീകരിച്ചതാണ് ബ്രിട്ടൺ. ഹിറ്റ്ലറും കൂട്ടരും താന്താങ്ങളുടെ പടയുമായി യൂറോപ്പ് ഒന്നിപ്പിയ്ക്കാൻ ചെന്നപ്പോ ഓസ്ട്രിയ പൂവുകളും പുഷ്പവൃഷ്ടിയുമായാണ് ഹിറ്റ്ലറെ സ്വീകരിച്ചത്. ഒരു ഭാഗത്തുനിന്ന് കമ്യൂണിസ്റ്റ് റഷ്യയും മറുഭാഗത്ത് നിന്ന് നാസീ ജർമ്മനിയും പോളണ്ടെന്ന രാജ്യത്തെ ആക്രമിച്ച് കീഴടക്കി അവരെ പറ്റം പറ്റമായി കൊന്നൊടുക്കിയപ്പോൾ, ശരിയാണ് അന്നവർ ഇൻഡ്യയെ അടക്കിഭരിയ്ക്കുകയൊക്കെയായിരുന്നെങ്കിലും ബ്രിട്ടണേ ഉണ്ടായിരുന്നുള്ളൂ ഈ ഫാസിസത്തെ ഞങ്ങൾ എന്ത് വിലകൊടുത്തായാലും എതിർക്കുമെന്ന് പറയാൻ.

പാവങ്ങളുടെ പടത്തലവനെന്ന് പാർട്ടി അപ്പിസുകളിൽ മാലയിട്ടിരുത്തിയിരിയ്ക്കുന്ന സ്റ്റാലിൻ അന്ന് ഹിറ്റ്ലറുടെ വലംകൈയ്യായിരുന്നു. ഹോളീവുഡ് സിനിമകളിൽ നമ്മൾ കണ്ട് ശീലിച്ച അമേരിയ്ക്കൻ രണ്ടാം ലോകയുദ്ധ വീരന്മാരൊക്കെ പേൾഹാർബറിൽ ബോംബ് വീഴും വരെ ഇരുപക്ഷത്തും ആയുധങ്ങളും സൗകര്യങ്ങളും വിറ്റുകൊണ്ടിരിയ്ക്കുകയുമായിരുന്നു. ബ്രിട്ടൺ ഒറ്റയ്ക്കാണ് അന്നുവരെ ഹിറ്റ്ലറെ എതിർത്തത്.

ബ്രിട്ടണെന്നാൽ നാസികളോട് സന്ധിചെയ്ത്  ബ്ളാക് ഷർട്ടുകളെയുണ്ടാക്കിയ ചില ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായിരുന്നില്ല. വയലിലും പാടത്തും ഫാക്ടറികളിലും പണിയെടുക്കുന്നവരാണ് നമുക്ക് ഹിറ്റ്ലറെ തടഞ്ഞേ കഴിയൂ എന്ന് പ്രഖ്യാപിച്ചത്. ആ വികാരം ഗവണ്മെന്റ് ഏറ്റെടുക്കുക മാത്രമേ ചെയ്തുള്ളൂ. ഫാക്ടറികളിൽ നിന്നും, വയലുകളിൽ നിന്നും, ഖനികളിൽ നിന്നും, മില്ലുകളിൽ നിന്നും  വോളണ്ടിയർമാരായി യാതൊന്നും പ്രതീക്ഷിയ്ക്കാതെ ആ യുദ്ധം നയിച്ച, അത് ജയിച്ചവരോടാണ് പുതുബാല്യക്കാരൻ റിപ്പോർട്ടറുടെ ചോദ്യം, നിങ്ങൾ വംശവിദ്വേഷിയാണോ എന്ന്!

തന്റെ വീട്ടിന്റെ മുറ്റത്ത് നിൽക്കുന്ന ബംഗാളിയെയും കൂടെ ജോലിചെയ്യുന്ന തമിഴനേയും വഴിയിൽക്കണ്ട ഗുജറാത്തിയേയും (ഗുജറാത്തിയാണെങ്കിൽ കേരളാ വിപ്ളവനായകന്മാരുടെ മുന്നിലെത്തിപ്പെട്ടാൽ പിന്നെ തരം കിട്ടിയാൽ ഇരുട്ടടിയ്ക്കും എന്ന മട്ടിലാണ്) ഒക്കെ നാലുതരം കണ്ണുകൾവച്ച് കാണുന്ന ശരാശരി മലയാളിയും ബ്രിട്ടീഷുകാരെ അടങ്കൽ റേസിസ്റ്റുകൾ എന്നു വിളിയ്ക്കുന്നു. രാവിലേ ഇന്നലത്തെ ബാക്കിവന്ന പിറ്റ്സയും കഴിച്ച് മിസ്റ്റർ സിംഗിന്റെ കടയീന്ന് പത്രവും പാലും വാങ്ങി ജോലിയ്ക്ക് ചെന്ന് ഡോക്ടർ ഹുസൈന്റെ സെക്രട്ടറിയായി രാജ് കൗറിന്റെ കീഴിൽ ജോലിചെയ്ത് വൈകിട്ട് ഖാന്റെ കടയീന്ന് ചിക്കൻ ടിക്കാ മസാലയും ഓർഡർ ചെയ്ത് വീട്ടിലെത്തി കുഞ്ഞുങ്ങൾക്ക് കൂട്ടിരിയ്ക്കാൻ വൈകിട്ട് വന്ന റൊമേനിയക്കാരി പെൺകുട്ടിയ്ക്ക് പണവും ഭക്ഷണത്തിലൊരു പങ്കും നൽകി പറഞ്ഞയയ്ക്കുന്ന ശരാശരി ബ്രിട്ടീഷുകാരി വീട്ടമ്മ യൂറോപ്പിൽ നിന്ന് പോകാൻ വോട്ടുചെയ്ത മാത്രയിൽ യൂറോപ്പിലെ വൻ ശിങ്കങ്ങളുടെ മുന്നിൽ സീനോഫോബിക് ആയി, വംശീയവിദ്വേഷമുള്ളവളായി മാറി. സ്റ്റീരിയോടൈപ്പിങ്ങിനു ക്ഷമാപണം.

രസമെന്തെന്ന് വച്ചാൽ യൂറോപ്പ് വെള്ളക്കാരുടെ നാടാണെന്നും അവിടെ നിന്നും കുടിയേറുന്നവർ വെള്ളക്കാരു തന്നെയാണെന്നും അറിഞ്ഞുകൊണ്ടാണോ ഈ വംശീയവിദ്വേഷം അവരിലാരോപിയ്ക്കുന്നത്? Xenophobia എന്ന വാക്കു പ്രത്യേകം പറയുന്നത് അതുകൊണ്ടാവാം. വലിയ മിടുക്കന്മാർ നൽകുന്ന ലേബലുകളാവുമ്പൊ അത്രയ്ക്ക് കൃത്യമായ ലേബലുകൾ തന്നെ നൽകണമല്ലോ.

അതിലും രസമെന്തെന്നാൽ ഈയിടെ ഒരു ഇന്റർവ്യൂവിൽ യൂറോപ്പിൽ നിന്ന് ജോലിക്കാർ വന്നില്ലെങ്കിൽ നമുക്ക് പല ഇടങ്ങളിലും വിദഗ്ധർ കുറയുമല്ലോ എന്ന് ചോദിച്ച ഒരു ടീവീക്കാരനോട് ആൾക്കാരെ നമുക്ക് പഴയപോലെ ഇൻഡ്യയിൽ നിന്നും കോമൺ വെൽത്ത് രാജ്യങ്ങളിൽ നിന്നും കൊണ്ടുവരാം എന്നായിരുന്നു ഒരു ബ്രിട്ടീഷുകാരന്റെ മറുപടി. അവരിലൊക്കെയെങ്ങനെയാണ് Xenophobia ആരോപിയ്ക്കുക?

എങ്കിൽപ്പിന്നെയെന്തുകൊണ്ടാണ് ബ്രിട്ടൺ പോകാൻ തീരുമാനിച്ചത്? അവർക്ക് യൂറോപ്യൻ കുടിയേറ്റം പ്രശ്നമല്ല, വംശീയവിദ്വേഷവുമല്ലെങ്കിൽ?

അവിടെയാണ് ജീവിതത്തിന്റെ സകലതുറകളിലും പിടിമുറുക്കിയ യൂറോപ്യൻ യൂണിയൻ എന്ന നീരാളിയെ പരിചയപ്പെടേണ്ടത്. ഏത് രാജ്യത്തെ ജനങ്ങളായാലും, അവർ ജനാധിപത്യവ്യവസ്ഥ തത്വത്തിലെങ്കിലും പിൻതുടരുന്നെകിൽ തങ്ങളുടെ നിയന്ത്രണത്തിലാണിതെല്ലാം എന്നൊരു തോന്നലുണ്ടാകണം. ആ തോന്നൽ സത്യമാവണമെന്നൊന്നുമില്ല. പക്ഷേ അവർക്കത് തോന്നണം.

പക്ഷേ ദിവസമെന്ന കണക്കിനു പുതിയപുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പാസാക്കി ജനങ്ങളിൽ അടിച്ചേൽപ്പിയ്ക്കുന്ന ഒരു ആധിപത്യഭരണസംവിധാനമായി യൂറോപ്പ് മാറിയിരുന്നു.

തങ്ങൾ തിരഞ്ഞെടുക്കാത്ത പ്രതിനിധികൾ യാതൊരു സുതാര്യതയുമില്ലാതെ എവിടേയോയിരുന്ന് തീരുമാനിയ്ക്കുന്ന നിയമങ്ങൾ അതും പലപ്പോഴും തുഗ്ളക്കിയൻ നിയമങ്ങൾ എന്ന് വിളിയ്ക്കാവുന്ന തരം സാധനങ്ങൾ ഓരോരോ ദിവസവും ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരുന്നു. സാധാരണ നിയമങ്ങളിൽ അവർക്ക് ഗവണ്മെന്റിനെ കുറ്റം പറയാം. പക്ഷേ യൂറോപ്യൻ നിയമങ്ങളിൽ ഗവണ്മെന്റിനെ ഒന്നും പറയാനാകില്ല. അവർ കൈമലർത്തും. ജനങ്ങളെ പൊറുതിമുട്ടിച്ച ഏറ്റവും വലിയ കാര്യമിതായിരുന്നു.

അടിസ്ഥാന ഗവേഷണ രംഗത്ത് മുതൽ ഓഫീസ് കസേരകളിൽ വരെ യൂറോപ്യൻ ’ഡിറക്ടീവ്സ്’ മേഞ്ഞു നടന്നു. ജീവശാസ്ത്രത്തിലെ ക്ളിനിക്കൽ ട്രയലുകൾ മുതൽ സെൽ കൾച്ചറിൽ വരെ യൂറോപ്യൻ തുഗ്ളക്കിയൻ പരിഷ്കാരങ്ങൾ അവരെ പൊറുതിമുട്ടിച്ചു. ഒരുസമയത്ത് ലോകത്തെ 12 ശതമാനം ക്ളിനിക്കൽ ട്രയലുകളും (വൈദ്യഗവേഷണം) നടന്നിരുന്ന ബ്രിട്ടണിൽ യൂറോപ്യൻ നിയമങ്ങൾ അടിച്ചേൽപ്പിച്ച ശേഷം ആ ഗവേഷണങ്ങൾ ഏതാണ്ട് മിക്കതും നടത്താനാകാതെ വന്നു. പ്രൈവറ്റ് ഫണ്ടിങ്ങില്ലാത്ത ക്ളിനിക്കൽ ഗവേഷണങ്ങളുടെ എണ്ണം പകുതിയിലേറെ കുറഞ്ഞു. കാർഷിക ഗവേഷണം ജനിതകപരീക്ഷണങ്ങൾക്കുള്ള യൂറോപ്യൻ നിയന്ത്രണം വന്നതിനു ശേഷംവലിയ അനിശ്ചിതാവസ്ഥയെ നേരിട്ടു. നൊബേൽ സമ്മാനത്തിനടുത്തുവരെ നിൽക്കുന്ന വലിയ ശാസ്ത്രജ്ഞർ ചൈനയിൽ നിന്നിറങ്ങുന്ന പുതിയ ഗവേഷണഫലങ്ങൾ കാത്തിരിയ്ക്കുന്ന അവസ്ഥയുണ്ടായി.

എന്തിനധികം കസേര ഇത്ര അടി അകലത്തിട്ട് ജോലിയെടുക്കണമെന്ന പുതിയ യൂറോപ്യൻ ഡിറക്ടീവ് (ഒരു പ്രത്യേക ലക്ഷ്യം മുൻ നിർത്തിയുള്ള യൂറോപ്യൻ നിയമങ്ങൾ പൊതുവേ ഡിറക്റ്റീവുകൾ എന്നാണറിയപ്പെടുക.) വന്നപ്പോ ടേപ്പുമായി കസേരകളുടേയും മേശകളുടേയും അളവെടുക്കാൻ നടന്ന മേലധികാരികൾ യൂറോപ്യൻ യൂണിയനെ വിളിച്ച മോശം വാക്കുകൾ കേട്ടാൽ..ഒരുപക്ഷേ ആ Xenophobia എന്ന വാക്ക് ശരിയായിരുന്നോ എന്ന് തോന്നിപ്പോകും.

ഇതൊന്നും ജനാധിപത്യപരമായോ എവിടെയെങ്കിലും ചർച്ച ചെയ്തിട്ടോ എടുക്കുന്ന തീരുമാനങ്ങളല്ല എന്നത് ജനങ്ങൾക്ക് ഇതുമായുള്ള അകൽച്ചയുടെ ആക്കം കൂട്ടി. ബ്രസൽസിലെ ഏതോ ഒരു യൂറോപ്യൻ യൂണിയൻ ഓഫീസിലിരുന്ന് ബ്രിട്ടണുമായോ ഇവിടത്തെ സാംസ്കാരികപശ്ചാത്തലവുമായോ യാതൊരു ബന്ധവുമില്ലാത്തവർ ഇവർ കുടിയ്ക്കുന്ന ബിയർ ഗ്ളാ‍സുകളുടെ അളവിത്രയായിരിയ്ക്കണം എന്നുപോലും നിശ്ചയിച്ചാൽ ജനത്തിനു തീർച്ചയായും ആ വെള്ളാനയോട് ഇഷ്ടം തോന്നില്ല.

യൂറോപ്യൻ യൂണിയനു ഇസ്ലാമിക തീവ്രവാദികളോടുള്ള ഒരുതരം മൃദുസമീപനമായിരുന്നു വേറൊരു കാര്യം. പാരീസിലും ബ്രസൽസിലും നടന്ന തീവ്രവാദി ആക്രമണങ്ങൾ ഫ്രാൻസ്, ബെൽജിയം ഗവണ്മെന്റുകൾക്കറിയാവുന്ന അവർ തന്നെ രാഷ്ട്രീയാഭയം നൽകിയവരുടെ കൈക്രിയയാണെന്ന് ബ്രിട്ടീഷുകാർക്ക് നന്നായി മനസ്സിലായി. എന്നിട്ടുപോലും അത്തരം ഗ്രൂപ്പുകളോട് മൃദുസമീപനം പുലർത്തുന്ന യൂറോപ്യൻ സമീപനം പലരേയും അരിശം കൊള്ളിച്ചിരുന്നു. തുറന്ന് പറഞ്ഞില്ലെങ്കിൽപ്പോലും പല ക്യാമ്പുകളിലും അഭയാർത്ഥികളുടെ പേരിലെത്തിയ തീവ്രവാദികൾ യൂറോപ്പിൽ നിന്നൊഴുകും എന്ന അടക്കമ്പറച്ചിൽ ഒരുപാടുണ്ടായിരുന്നു.

ടർക്കി യൂറോപ്യൻ യൂണിയനിൽ ചേർന്നാൽ എന്ത് സംഭവിയ്ക്കുമെന്ന് എല്ലാവരും ഭയന്നു. ടർക്കിയുടെ അതിരുകൾ സിറിയയുടെ ഐസിസ് ക്യാമ്പുകളിലാണവസാനിയ്ക്കുക എന്ന് ഒരു കൊച്ചുകുഞ്ഞിനുപോലുമറിയാം. ടർക്കി യൂറോപ്യൻ യൂണിയനിൽ വന്നാൽ നിങ്ങൾ ഭീകരവാദികൾ ഇവിടെയ്ക്ക് നുഴഞ്ഞ് കയറുന്നതിനെ എങ്ങിനെ നേരിടുമെന്ന ചോദ്യത്തിനു യൂറോപ്പിൽ തന്നെ ബ്രിട്ടൺ നിൽക്കണമെന്ന പ്രചാരണം നയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമായൊരുത്തരം പറയാഞ്ഞത്ഒരുപാട്പേരെ ചൊടിപ്പിച്ചു. എന്റെ ഭരണകാലത്ത് ടർക്കി വരില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നു പറഞ്ഞാൽ എന്താണതിനർത്ഥം?

പോളിഷുകാരെയും റൊമേനിയക്കാരേയും പേടിയൊന്നുമില്ലെങ്കിലും സിറിയയിലെ ഐസിസ് ക്യാമ്പുകളിൽ അവസാനിയ്ക്കുന്ന ടർക്കിയുടെ അതിരുകളെ ബ്രിട്ടീഷ് പൊതുജനം പേടിച്ചു എന്നത് സത്യം തന്നെയാണ്. എന്തേ അവർക്ക് പേടിയ്ക്കാനർഹതയില്ലേ? അതോ ടർക്കിയും ഐസിസും പേടിക്കേണ്ടതില്ലാത്ത പ്രവൃത്തികളാണോ ചെയ്തുകൊണ്ടിരിയ്ക്കുന്നത്? ആഞ്ജലാ മെർക്കലിനു നൊബേൽ സമാധാന സമ്മാനം കിട്ടണമെങ്കിൽ എന്തിനു ബ്രിട്ടൺ സഹിയ്ക്കണം എന്നൊരു ചോദ്യം ചോദിയ്ക്കാനും വേണ്ടി വിവരമുള്ളവരാണ് പാവപ്പെട്ട ബ്രിട്ടീഷുകാർ.

വ്യവസായ വാണിജ്യരംഗത്ത് യൂറോപ്യൻ യൂണിയന്റെ ഏകാധിപത്യപ്രവണതകളും ഒരു വശം മാത്രം ലാക്കാക്കിയുള്ള നിയമങ്ങളും പല ബ്രിട്ടീഷ് വ്യവസായങ്ങളേയും നശിപ്പിച്ചു. യൂറോപ്യൻ യൂണിയന്റെ വരവോടെ ബ്രിട്ടണിലെ മത്സ്യബന്ധനവ്യവസായം പൂർണ്ണമായും തകർന്നു . ഇരുനൂറു മൈലുകളോളം മത്സ്യബന്ധനത്തിനു അനുവാദമുണ്ടായിരുന്ന ബ്രിട്ടീഷ് മുക്കുവർക്ക് വെറും പന്ത്രണ്ട് മൈലുകൾ കരവിട്ടാൽ പിന്നെ മത്സ്യബന്ധനത്തിനനുവാദമില്ലാത്തവരായി.  ഏകദേശം രണ്ട് ബില്യൻ പൗണ്ടുകളോളം നഷ്ടമാണ് ബ്രിട്ടനു അതുകൊണ്ട് ഓരോ വർഷവും ഉണ്ടായത്. അതായത് ഇന്നത്തെക്കണക്ക് നോക്കിക്കഴിഞ്ഞാൽ 185797109960.00 രൂപ.  ഒരുസമയത്ത് തിങ്ങിനിറഞ്ഞിരുന്ന മീൻ ലേലപ്പുരകൾ ആളൊഴിഞ്ഞ് കിടന്നു. മത്സ്യബന്ധനവുമായി നൂറ്റാണ്ടുകൾ ജീവിച്ച സമൂഹങ്ങൾ ചിതറി. പലരും തൊഴിലില്ലായ്മാ വേതനം കൊണ്ട് മാത്രം ജീവിയ്ക്കേണ്ടുന്ന അവസ്ഥയിലെത്തി. 95 ശതമാനം മുക്കുവരും യൂറോപ്യൻ യൂണിയനെതിരേ വോട്ടുചെയ്യും എന്ന് നിശ്ചയിച്ചിരുന്നെന്ന റിപ്പോർട്ടുകൾ ഹിതപരിശോധനയ്ക്ക് മുന്നേ തന്നെ പുറത്ത് വന്നിരുന്നു.

ബ്രിട്ടീഷ് തുറമുഖങ്ങൾക്കായി യൂറോപ്പിലെ പുതിയ ഡിറക്ടീവ് വന്നത് വലിയ വാർത്തയായിരുന്നു. എത്രയോ നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് തുറമുഖങ്ങൾ യൂറോപ്പിലെ ഏതോ ഓഫീസിലിരുന്ന് ആരോ എഴുതിവിട്ട തുഗ്ളക്കിയൻ പരിഷ്കാരങ്ങൾ കാരണം അടച്ചുപൂട്ടുമെന്ന നിലയിലെത്തി. തുറമുഖങ്ങളും കടലും അതിനോടനുബന്ധിച്ച ജീവിതവും ബ്രിട്ടണിലെ സിരകളിലൊഴുകുന്ന സംസ്കാരമാണ്. ചോരയ്ക്കുപകരം ഉപ്പുവെള്ളമാണൊഴുകുക സിരകളിൽ എന്ന് ഈ ദ്വീപുവാസികളെപ്പറ്റി പറയാറുണ്ട്. അവരുടെ ചരിത്രത്തേയും സംസ്കാരത്തേയും പുല്ലുവില നൽകാത്ത ഇത്തരം ഏട്ടിലെ പശുക്കളെ അവരെന്തിനു സഹിയ്ക്കണം?

അതുകൊണ്ട് ബ്രിട്ടൺ യൂറോപ്പിൽ നിന്ന് പോന്നത് യൂറോപ്യരുടെ കുടിയേറ്റം കാരണമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്ന് പറയേണ്ടി വരും.

ഒരുപക്ഷേ ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് ജനത തിരഞ്ഞെടുക്കപ്പെടാത്ത, അടക്കിഭരിയ്ക്കുന്ന, ജനവികാരം തിരികെപ്പറയാനും ചർച്ചചെയ്യാനും അനുവാദമില്ലാത്ത ഏകാധിപത്യപ്രവണതകളുള്ള അധികാരസ്ഥാനമിനി ഞങ്ങൾക്ക് വേണ്ട എന്ന ശക്തമായ തീരുമാനമെടുത്ത നിമിഷമാണീ ജനഹിതപരിശോധന.  ബ്രിട്ടന്റെ മുന്നോട്ടുപോക്കിനായേ അത് സഹായകമാവൂ . ഇനിയിപ്പോ സ്കോട്ട്ലാൻഡ് അതിന്റെ പേരിൽ പിരിഞ്ഞ് പോയാൽക്കൂടി ബാക്കിയുള്ള ഭാഗം ഈ തീരുമാനമെടുത്ത നിമിഷം ഭാവിയിൽ അഭിമാനത്തോടെ കാണുമെന്ന് ഉറപ്പുണ്ട്. ദീർഘമായ ബ്രിട്ടീഷ് ചരിത്രത്തിൽ ഇൻസ്റ്റിറ്റ്യൂഷനുകൾക്കെതിരേ ജനത ഇതുപോലെ ശക്തമായ ഒരു നിലപാടെടുത്ത സംഭവം അധികമൊന്നുമുണ്ടായിട്ടില്ല.

അതൊക്കെ ശരി, ഇതിൽ നമ്മൾ ഭാരതീയർക്കെന്തെങ്കിലും കാര്യമുണ്ടോ? തീർച്ചയായുമുണ്ട്. ഇതാണ് നമുക്ക് ബ്രിട്ടണുമായി അടുക്കാനും വ്യാപാര വാണിജ്യ കരാറുകളുണ്ടാക്കാനുമുള്ള സുവർണ്ണാവസരം. ഈ അവസരത്തിൽ താഴോട്ടുപോകുന്ന ഓഹരിവിപണിയും പൗണ്ടുമൊക്കെ പിടിച്ചുനിർത്താൻ ബ്രിട്ടണു വേണ്ടത് യൂറോപ്പിനേക്കാൾ വലിയ കൂട്ടുകാരെയാണ്. തുറന്നതും ജനാധിപത്യപരവുമായ ഗവണ്മെന്റുള്ള , സ്വതന്ത്ര വിപണിയുള്ള, പൊതുവേ നയതന്ത്രമേഖലയിൽ ലോകം മുഴുവൻ ഈയിടെയായി വളരെ നല്ല പ്രതിശ്ചായയുള്ള ഭാരതത്തിന് നമുക്ക് മെച്ചമുള്ള നിലയിൽ ബ്രിട്ടണുമായി വ്യാപാരവാണിജ്യക്കരാറുകളിൽ ഏർപ്പെടാനുള്ള നേരമാണിത്.

സാംസ്കാരികമായി ബ്രിട്ടൺ യൂറോപ്പിനേക്കാൾ ഭാരതത്തോടാണ് അടുത്ത് നിൽക്കുക എന്ന് പറഞ്ഞാൽ ചിലരെങ്കിലും നെറ്റി ചുളിയ്ക്കും. പക്ഷേ അതാണ് ശരി. അതുകൊണ്ട് തന്നെ ഈ അവസരം ഭാരതം പരമാവധി ഉപയോഗിയ്ക്കുകയും ഈ ഘട്ടത്തിൽ ചില ബുദ്ധിമുട്ടുകൾ സഹിച്ചായാലും ബ്രിട്ടന്റെ കൂടെ നിൽക്കുകയും ചെയ്താൽ ഭാവിയിൽ അന്താരാഷ്ട്രരംഗത്ത് അടുപ്പമുള്ളവർ തമ്മിലുള്ള ബന്ധമായിരിയ്ക്കും ബ്രിട്ടണും നമ്മളും തമ്മിലുണ്ടാവുക. ടാറ്റാ പോലെയുള്ള കമ്പനികൾ ബ്രിട്ടണിൽ ഇപ്പോൾത്തന്നെ ഒരു നിർണ്ണായക ശക്തിയാണ്. അത് വ്യാപിപ്പിയ്ക്കാനും ശ്രമിയ്ക്കണം.

ഒപ്പം യൂറോപ്പിൽ നിന്നുള്ള വിദഗ്ധതൊഴിലാളികളുടെ കുത്തൊഴുക്കവസാനിച്ചാൽ ഭാരതത്തിൽ നിന്നുള്ള വിദ്യാസമ്പന്നരായവർക്ക് കൂടുതൽ അവസരങ്ങൾ ബ്രിട്ടണിലുണ്ടാകും. ഒരുപാട് പേർക്ക് കൂടുതൽ അവസരങ്ങളും നമുക്ക് വിദേശനാണ്യവും നേടിത്തരുമത്.ഒപ്പം ബ്രിട്ടണിൽ ശക്തമായ ഒരു ഭാരതീയസമൂഹം ഇരു രാജ്യങ്ങളുടേയും ശക്തമായ ബന്ധത്തിനും സഹായിയ്ക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ അദ്ദേഹത്തിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് മുതൽ ഭാരതീയസമൂഹവുമായി ശക്തമായ ബന്ധമുണ്ടാക്കാൻ മനപ്പൂർവം ശ്രമിച്ച് വരുന്നതായി നിരീക്ഷിച്ചിരുന്നു. പുതിയതായി വരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയും അത് തുടർന്നാൽ ഭാരതവും ബ്രിട്ടണുമായുള്ള ബന്ധത്തിൽ പുതിയൊരധ്യായമായിരിയ്ക്കും ഇതെന്ന് നമുക്കാശിയ്ക്കാം. ഭാരതപ്രധാനമന്ത്രി ലണ്ടനിൽ പറഞ്ഞതുമാതിരി തുല്യർ തമ്മിലുള്ള ബന്ധത്തിന്റെ പുതിയ അദ്ധ്യായം.

ഇതെല്ലാം പറയുമ്പോഴും യൂറോപ്യൻ യൂണിയനിൽ നിൽക്കണ്ട എന്ന് വോട്ടുചെയ്ത ബ്രിട്ടീഷ് പൊതുജനത്തെ ബുദ്ധിജീവി സമൂഹം കുറ്റം പറയുന്നത് വീണ്ടും വീണ്ടും പല കോണുകളിൽ നിന്നും ഉയർന്നുവരുന്നു. അവനവന്റെ ദന്തഗോപുരങ്ങളിലിരുന്ന് ഈ ബുദ്ധിജീവികൾ വിരലുചൂണ്ടുന്നത് ശരിയായായിരുന്നെങ്കിൽ 1947 ഓഗസ്റ്റ് 15നു സ്വയം നിർണ്ണയാവകാശത്തിനു തീരുമാനമെടുത്ത ഒരു പാവം രാജ്യം അറുനൂറ്റമ്പതു രാജാധികാര രാഷ്ട്രങ്ങളായി പരസ്പരം തല്ലുകൂടിച്ചത്തേനേ.

ബ്രിട്ടൻ ഇത് സ്വയം നിർണ്ണയാവകാശത്തിനു നൽകിയ വോട്ടാണ്.  Who do you think you are kidding, Mr. Hitler, If you think we’re on the run? എന്നും പാട്ടുപാടി ഹിറ്റ്ലറോട് യുദ്ധം ചെയ്യാൻ പോയ, പഴയ മഹാത്മാഗാന്ധിയുടെ ചിത്രങ്ങളിൽ അദ്ദേഹത്തിനെ കാണാൻ ഓടിക്കൂടി ചുറ്റും നിൽക്കുന്ന തൊഴിലാളികളില്ലേ, അവരുടെ പിന്മുറക്കാരാണ് നമ്മളെയൊക്കെ അടക്കിഭരിച്ച അക്കാഡമിക്കുകളുടേയും എലീറ്റുകളുടേയും സകല രാഷ്ട്രീയപ്പാർട്ടികളുടേയും മാധ്യമഭീമന്മാരുടെയും പേടിക്കച്ചവടത്തിനെ തള്ളിമാറ്റി സഹിച്ചാലും കഷ്ടപ്പെട്ടാലും സാരമില്ല സ്വയം നിർണ്ണയാവകാശത്തിനു വോട്ടെന്ന് പറഞ്ഞ് ഇന്നലെ പോളിങ്ങ് ബൂത്തിലേക്ക് പോയത്.

നമ്മളെ ഭരിച്ച ഉപരിവർഗ്ഗ ബ്രിട്ടണല്ല, തങ്ങൾ പണിയെടുക്കുന്ന മില്ലുകൾ അടച്ചുപൂട്ടിയ്ക്കനായി മാത്രം കൈ കൊണ്ട് നെയ്യുന്ന തുണിയുമുടുത്ത് നടക്കുന്ന ഗാന്ധിജിയെ കാണാനും അദ്ദേഹത്തോടൊപ്പം നിൽക്കാനും ഓടിക്കൂടിയ ആ മിൽത്തൊഴിലാളികളുടെയും പാവങ്ങളുടേയും ബ്രിട്ടനാണ് യൂറോപ്പിൽ നിന്ന് പോരാൻ തീരുമാനമെടുത്തത്.

ഇതുപോലെയുള്ള സകല മേലാക്കന്മാരുടേയും സകല പ്രവചനങ്ങളേയും കാറ്റിൽപ്പറത്തി അറുപതാണ്ടിനിപ്പുറം ജ്വലിച്ചുനിൽക്കുന്ന നമ്മൾ എന്ത് അക്കാദമിക അഹങ്കാരത്തിന്റെ പേരിലായാലും ഈ അവസരത്തിൽ ബ്രിട്ടനെ തള്ളിപ്പറയരുത്. അത് നമ്മുടെ ചരിത്രത്തോടു തന്നെയുള്ള നെറികേടാവും.

(ജനം ടീവീ പോർട്ടലിൽ പ്രസിദ്ധീകരിച്ചതാണ്. http://www.janamtv.com/2016/06/26/dont-disapprove-britain-its-not-fair-article-by-kaliyambi/#vuukle_div)

No comments:

Post a Comment