Tuesday, March 22, 2016

സ്കോട്ടിഷ് റഫറണ്ടവും കാശ്മിരിലെ വംശഹത്യയും

സ്കോട്ട്ലാൻഡ് യൂകേടെ അവിഭാജ്യ ഘടകമല്ലേ, അവിടെ യൂ കേ യിൽ തന്നെ നിൽക്കണോ വേണ്ടയോ എന്നറിയാൻ ഹിതപരിശോധന നടത്തി എന്നാണ് ജേ എൻ യൂ വിഷയത്തെ അധികരിച്ച് ചിലർ സംസാരിച്ചപ്പോ കാശ്മീർ തീവ്രവാദത്തെ ന്യായീകരിയ്ക്കാൻ കണ്ടെത്തിയ ചില താത്വികങ്ങൾ.

ശരിയാണ് സ്കോട്ടിഷ് ദേശീയതയ്ക്ക് നൂറ്റാണ്ടുകളുടെ അല്ലെങ്കിൽ അതിലും കൂടുതൽ ചരിത്രമുണ്ട്.
ശരിയാണ് അവിടെ യൂ കേ യിൽ നിന്ന് വിട്ടുപോകണോ എന്ന് ചോദിയ്ക്കാൻ ഹിതപരിശോധന  നടത്തി.
ശരിയാണ് കശ്മീരിൽ ഹിതപരിശോധന  നടത്തണം എന്ന വാദമേ നമ്മൾ സമ്മതിയ്ക്കില്ല.

പക്ഷേ സ്കോട്ട്ലാൻഡിൽ  യൂകേയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് ആൾക്കാർക്ക് സ്വതന്ത്രമായി ജീവിയ്ക്കാൻ ആരും ബുദ്ധിമുട്ടുകളുണ്ടാക്കുന്നില്ലല്ലോ സർ. ആർക്കും സ്കോട്ട്ലാൻഡിൽ വന്ന് താമസിയ്ക്കാം, ജോലി ചെയ്യാം. വീടുവാങ്ങിയ്ക്കാം വോട്ടുചെയ്യാം.

സ്കോട്ട്ലാൻഡുകാർ അവിടത്തെ ന്യൂനപക്ഷങ്ങളേയോ പാരമ്പര്യമായി സ്കോട്ടിഷ് ഗോത്രങ്ങളല്ലാത്തവരേയോ വംശഹത്യ ചെയ്തിട്ടില്ല. സ്കോട്ട്ലാൻഡ് അന്താരാഷ്ട്ര ജിഹാദിസത്തിന്റെ വിളനിലമല്ല, സ്കോട്ട്ലാൻഡിൽ അയൽക്കാരൻ അയൽക്കാരന്റെ വിടിനു തീയിട്ടശേഷം അകത്തുനിന്ന് പുറത്തേക്ക് ഓടി വന്നവരെ വെടിവച്ച് കൊന്നിട്ടില്ല. സ്കോട്ട്ലാൻഡ് അയലത്ത് കിടക്കുന്ന ശത്രുരാജ്യവുമായി ചേർന്ന് (ഹൊ ശത്രുരാജ്യമല്ലെന്നോ? അതിനു വേറേ പറയാം ട്ടാ) ഇംഗ്ളണ്ടിനെ നശിപ്പിയ്ക്കാൻ നടന്നിട്ടില്ല. സ്കോട്ട്ലാൻഡ് ബ്രിട്ടീഷ് പാർലമെന്റ് നശിപ്പിയ്ക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടില്ല, സ്കോട്ട്ലാൻഡ് മതത്തിന്റെ പേരിലല്ല രാജ്യം ആവശ്യപ്പെടുന്നത്, സ്കോട്ട്ലാൻഡ് നിറയേ ആയുധങ്ങൾ കൂട്ടിവച്ച ഭൂപ്രദേശമല്ല, സ്കോട്ട്ലാൻഡിൽ സ്വച്ഛമായി ജനാധിപത്യം നിലനിൽക്കുന്ന ഇടമാണ്, സ്കോട്ട്ലാൻഡിൽ ദേശീയതയെപ്പറ്റിയും രാഷ്ട്രത്തെപ്പറ്റിയും സംവാദങ്ങൾ ചെയ്യാൻ പറ്റിയ സ്ഥലമാണ്, സ്കോട്ട്ലാൻഡിൽ സ്വതന്ത്രചിന്തയും സകലസ്വതന്ത്ര്യവും നിലനിൽക്കുന്ന ഇടമാണ്, സ്കോട്ട്ലാൻഡിൽ നിയമവാഴ്ച നിലനിൽക്കുന്ന സ്ഥലമാണ്.

സ്കോട്ട്ലാൻഡ് ഞാനിപ്പൊ അരിമേടിയ്ക്കുന്ന വഴിയിലൂടെ നടക്കുന്നതിനു എന്നെ ബോംബിട്ട് കൊല്ലാത്തതോ ഇവിടെ വീടു മേടിച്ചാൽ എന്നെ തീയിട്ടു കൊല്ലാത്തതോ ആയ രാജ്യമാണ്. ഇവിടെ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇവിടെ താമസിയ്ക്കുന്നത്കൊണ്ട് മാത്രം, പൗരനല്ലാഞ്ഞിട്ടും എനിയ്ക്ക് വോട്ട് ചെയ്യാൻ അധികാരം തരുന്ന ഉൽപ്പതിഷ്ണുക്കളുടെ രാജ്യമാണ്.

അതേ! സ്കോട്ട്ലാൻഡ് ഒരു രാജ്യം തന്നെയാണ്. ഇംഗ്ളണ്ട്, സ്കോട്ട്ലാൻഡ്, നോർത്തേൺ അയർലാൻഡ്, വേൽസ് എന്നീ നാലു രാജ്യങ്ങളുടെ കൂട്ടായ്മയാണ് യൂകേ. പണ്ട് മുതലേ.

ഇനി സ്കോട്ടിഷ് ദേശീയതയും ഹിതപരിശോഷനയും.
ഹിതപരിശോധനയിൽ വോട്ട് ചെയ്യാൻ സകല സ്കോട്ടിഷ് നിവാസികൾക്കും അവകാശമുണ്ടായിരുന്നു. ഇവിടെ ജീവിയ്ക്കുന്നവരും ജോലിചെയ്യുന്നവരുമായ ലോകം മുഴുവൻ നിന്ന് വന്നവർ ഇവിടെ ഹിതപരിശോധനയിൽ വോട്ടു ചെയ്തു.

ശരിയാണ് ഇവിടെ ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒക്കെ നിലനിൽക്കുന്നത് കൊണ്ട് തന്നെ ഹിതപരിശോധന നടന്നു. നാട്ടിലെ കമ്യൂണിസ്റ്റുകാർക്ക് തുല്യമായ യൂകേയിലെ ലേബർ പാർട്ടി എന്താ അതിൽ നിലപാടെടുത്തത്?

ഇവിടം, സ്കോട്ട്ലാൻഡ്, ലേബർ പാർട്ടിയുടെ കോട്ടയായിരുന്നു. നാഷണലിസ്റ്റ് പാർട്ടി മുന്നോട്ട് വരുന്നത് വരെ. അപ്പോഴും പാർലമെന്റിലേക്ക് സ്കോട്ട്ലാൻഡുകാർ തിരഞ്ഞെടുക്കുന്നത് ലേബറിനെയായിരുന്നു. ആ ലേബർ പാർട്ടി ഭരണകക്ഷിയായ കൺസർവേറ്റീവുകളുമായി ചേർന്ന് നിന്ന് യൂണിയൻ നിലനിർത്താൻ അവസാന ശ്വാസം വരെ പോരാടി.

പെട്ടിയിലിരുന്ന ഗോർഡൻ ബ്രുൺ സ്കോട്ട്ലാൻഡ് മുഴുവൻ പ്രചണ്ഡമായി പ്രചരണം നടത്തി. ജനപ്രീയനേതാക്കന്മാരും താരങ്ങളും മുതൽ കായികതാരങ്ങളും ടീവീ ചാനലുകളും വരെ നിലപാടുകൾ വ്യക്തമാക്കി. രാജ്യത്തിന്റെ ഒരുമയ്ക്ക് വേണ്ടി ആശയപ്രചരണം നടത്തി.

അല്ലാതെ ഇരിയ്ക്കുന്ന ഇടം നശിപ്പിയ്ക്കുന്ന, സ്വന്തം വീട് തല്ലിത്തകർക്കുന്ന, സ്വന്തമാൾക്കാരെ വംശഹത്യ ചെയ്തവരെ ആരാധിയ്ക്കുന്ന, സ്വന്തം പാർലമെന്റിനു നേരേ ആക്രമണം നടത്തി നിരപരാധികളെ കൊന്നൊടുക്കുന്ന സമൂഹങ്ങളല്ലായിരുന്നു യൂ കേയിലെ ഒരു പാർട്ടിയും.

സ്കോട്ട്ലാൻഡ് സ്വതന്ത്രമാകണം എന്നതിനെതിരേ ഉള്ള പ്രചരണം ലേബർ പാർട്ടിയ്ക്ക് ഒട്ടും ഗുണകരമല്ലായിരുന്നു എന്നുമോർക്കണം. സ്കോട്ടിഷ് ദേശീയവാദികളുടെ സ്ഥിരം വോട്ട് കിട്ടിക്കൊണ്ടിരുന്ന ലേബർ പാർട്ടിയെ ഇനിമുതൽ അവർ കൈവിടും എന്നവർക്കറിയാമായിരുന്നു. ഒരുപക്ഷേ യൂകേയിലെത്തന്നെ ലേബറിന്റെ അവസാനമാകും അതെന്ന് പലരും പറഞ്ഞു. പക്ഷേ എന്നിട്ടും അവർ യൂകേയ്ക്ക് വേണ്ടി സ്വതന്ത്രമായ ശക്തമായ നിലപാടെടുത്തു.

സ്കൂളുകളിലും കോളേജുകളിലും തെരുവിലും ഫാക്ടറികളിലുമെല്ലാം നിരന്തരമായി സംവാദങ്ങൾ നടന്നു. ഫലം ഉറപ്പായിരുന്നു. സ്കോട്ടിഷുകാർ ഐക്യം അംഗീകരിച്ചു. സ്കോട്ടിഷ് പാർലമെന്റിൽ സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയാണ് ഭരിയ്ക്കുന്നതെങ്കിലും, സ്കോട്ട്ലാൻഡ് വേറേ പോണോ എന്ന ഹിതപരിശോധനയിൽ സ്കോട്ടിഷുകാർ വ്യക്തമായി തന്നെ വേണ്ട എന്ന് വിധിയെഴുതി.

കാശ്മീരിൽ അങ്ങനെയൊരു ഹിതപരിശോധനയ്ക്കുള്ള സാഹചര്യമാണോ? ഇങ്ങനെയാണോ ഹിതപരിശോധന നടത്തേണ്ടത്? അവിടെ അങ്ങനെയൊരു വോട്ടെടുപ്പ് നടന്നാൽ ഭാരതത്തിനനുകൂലമായി വോട്ടു ചെയ്യും എന്നുണ്ടായിരുന്ന കാശ്മീർ പണ്ഡിറ്റുകളെ അവിടേനിന്നോടിച്ചു. അവരെ വംശഹത്യ ചെയ്തു. അന്താരാഷ്ട്ര ജിഹാദികൾ വിളയാടുകയാണിന്ന് കാശ്മീരിൽ. യാതൊരു രീതിയിലുമുള്ള സംവാദങ്ങൾക്കോ സമാധാനമായി ഒരു പ്രചരണത്തിനു പോലുമോ സ്വതന്ത്രമായി വെളിയിലിറങ്ങി നടക്കാൻ പോലുമോ ആവാത്ത സ്ഥലമാണതിന്ന്.

വംശഹത്യ ചെയ്ത് അവിടെ ജോലിചെയ്യാനോ ജീവിയ്ക്കാനോ പോലും ആരെയുമനുവദിയ്ക്കില്ല എന്ന് നിരന്തരം പ്രചരണം നടത്തി ശത്രുരാജ്യങ്ങളുമായി ചേർന്ന് ബാക്കിയുള്ള ദേശത്തിനെ നശിപ്പിയ്ക്കാൻ വെമ്പി നിൽക്കുന്ന ഗ്രൂപ്പുകൾക്ക് കുഴലൂതുന്നവർ രാജ്യസ്നേഹിയെന്ന് പറയണമെങ്കിൽ തലേടെ വെട്ടം അടിച്ചുപോണം സർ.

ഇനി ഇൻഡ്യ വിഭജിയ്ക്കപ്പെടുകയില്ല. അത് ആസേതുകാശ്മീർ ഉള്ള ബാക്കിയുള്ള, ചരിത്രപരമായി നിരന്തരം അടിച്ചമർത്തപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ജനതയുടെ സുരക്ഷയ്ക്ക് വേണ്ടി കൂടിയാണ്. ഇനി ഒരു വിഘടനവാദിയ്ക്കും ഒരു കഷണവും മുറിച്ച് കൊടുക്കാൻ പോണില്ല. ഇനി ഒരു അന്താരാഷ്ട്ര ജിഹാദിയ്ക്കും അവനു വിളനിലമാകാൻ ഭാരതഭൂമി കൊടുക്കാനാകില്ല. കൊടുത്തതിനു തന്നെ ഇത്രയും സഹിച്ചു നമ്മൾ.

പാരലൽസ് വരയ്ക്കുമ്പൊ നേരേ വരയ്ക്കണം.

ഈ കേരളത്തിൽ ഇത്രയും കൃത്യമായ ദേശീയതയ്ക്കെതിരേയുള്ള വികാരം കാണുമ്പൊ കഷ്ടം തോന്നുന്നു. ഈ നാടിനെ എങ്ങനേയും നശിപ്പിയ്ക്കണമെന്ന് അറിഞ്ഞോ അറിയാതെയോ ഉള്ള വികാരം കുത്തിവയ്ക്കാൻ ഇവർക്ക് കഴിഞ്ഞിരിയ്ക്കുന്നു. കഷ്ടം!

കമ്യൂണിസ്റ്റ് പ്രൊപ്പഗാണ്ട ഭാരതത്തിൽ

 എനിയ്ക്ക് നിങ്ങളുടെ ഒരു മണിയ്ക്കൂർ വേണം. ഒരു രാജ്യത്തിനെ എങ്ങനെയാണ് അടിമപ്പെടുത്തുന്നതെന്ന് സോവിയറ്റ് കേ ജീ ബീ ഉദ്യോഗസ്ഥനായ യൂറി ബെസ്മനോവ് സംസാരിയ്ക്കുന്നു. വളരെ ലളിതമായ ഇംഗ്ളീഷാണ്. മിക്കവർക്കും മനസ്സിലാകുമെന്ന് കരുതുന്നു.
പഴയ വീഡിയോ ആണ്. എൺപതുകളിലോ മറ്റോ പുറത്തിറങ്ങിയത്.

യൂട്യൂബിൽ ഈ വീഡിയോയ്ക്ക് കീഴെയുള്ള ഒരു കമന്റുണ്ട് “പതിറ്റാണ്ടുകൾക്ക് മുന്നേ ഈ വീഡിയോ പ്രചരിച്ചപ്പോൾ മിക്കയാൾക്കാരും ഇത് വെറും തമാശയെന്നേ കരുതിയുള്ളൂ. പക്ഷേ ഇന്ന് 2015ൽ, ഈ വീഡിയോ നിങ്ങൾ കാണുമ്പൊ എല്ലാം കൃത്യമായി മനസ്സിലാവും. ഈ മനുഷ്യൻ കൃത്യമായി പറഞ്ഞിരിയ്ക്കുന്നു. നമ്മളെല്ലാം പറ്റിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കുറച്ച് പേർ അതിൽ കൂടൂതൽ വീണിരിയ്ക്കാം. മനുഷ്യർ എങ്ങനെ ചിന്തിയ്ക്കണം എന്ന് വീണ്ടും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു..“

ഇതിനേക്കാൾ കൂടുതൽ ഈ ഇന്റർവ്യൂവിനെപ്പറ്റി ഒന്നും പറയാനില്ല. 

പീയെസ്: യൂറി ബെസ്മനോവ് ഭാരതത്തിലാണ് ജോലി ചെയ്തിരുന്നത്. :-) സോവിയറ്റ് യൂണിയൻ മാത്രമല്ല, ജനാധിപത്യ സിസ്റ്റങ്ങളെ അസ്ഥിരപ്പെടുത്താൻ നടക്കുന്ന സകലരുടേയും കൃത്യമായ രീതികൾ ഇതൊക്കെത്തന്നെയാണ്.

പീയെസ് രണ്ട്: ഈ വീഡിയോയും പ്രൊപ്പഗാണ്ടയുടെ ഭാഗം തന്നെയാണ് ടെക് ഇറ്റ് വിത് എ പിഞ്ച് ഓഫ് ഉപ്പ്.

തുമ്പതൻ പൂവുപോലിത്തിരിയുപ്പുതരിയെടുത്താവിപാറുന്നപൊടിയരിക്കഞ്ഞിയിൽ തൂവിപ്പതിയെപ്പറയുന്നു ബെസ്മനോവ്...

ലഹരി

ഒരു സമയത്ത് മലയാള സിനിമ തുറന്നാൽ മുഴുവൻ വെള്ളമടിയായിരുന്നു. കുപ്പിതുറക്കുക വായിലോട്ട് നേരിട്ടൊഴിച്ച് ആളാവുക വീണ്ടും തുറക്കുക ഒഴിയ്ക്കുക വീരത്തം കാണിയ്ക്കുക. ഏത് സീനിലും ഗ്ളാസിൽ ഐസ് വീഴുന്നു വിസ്കിയൊഴിയ്ക്കുന്നു കുടിയ്ക്കുന്നു എന്ന നിലയിൽ. മദ്യപാനത്തിന്റെ പലവഴികൾ സിനിമയിൽക്കൂടി നമ്മൾ കണ്ടിട്ടുണ്ട്.

ഫെർമന്റഡ് ബെവറേജസ് എന്ന നിലയിൽ നാം കാണുന്ന സോഫ്റ്റ് ബെവറേജസ് (കള്ള്, ബിയർ, വൈൻ മുതലായവ) കുടിയ്ക്കുന്ന അത്യാവശ്യം ആരോഗ്യകരമായ മദ്യപാനശീലം മാറ്റി (അത്യാവശ്യം എന്നത് വായിക്കണേ) സ്പിരിറ്റ് കുപ്പീന്ന് നേരിട്ട് കുടിയ്ക്കുന്ന പ്രക്രിയയാക്കുന്നതിൽ സിനിമ നല്ലോണം സഹായിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ ശ്രീനിവാസനും മോഹൻലാലും മമ്മൂട്ടിയുമൊക്കെ സിനിമ അങ്ങനെയല്ല വർക്ക് ചെയ്യുന്നതെന്ന് പറയാൻ ഉപയോഗിയ്ക്കുന്ന വഴുക്കൽന്യായങ്ങളൊക്കെ ഓർമ്മ വരും.

ഇപ്പം കുടിയ്ക്കുന്നവനും കുടിയ്ക്കാത്തവനുമൊക്കെ ചെറുപ്രായത്തിൽ കരളടിച്ച്പോയി ചാവുന്നത് ഒരു ഫാഷനായിരിയ്ക്കുകയാണ്. ആൽക്കഹോളിസം കുടുംബങ്ങളേയും വ്യക്തികളേയും സമൂഹത്തെയാകമാനം നശിപ്പിയ്ക്കുന്ന ഒരു ഭീകരതയായി ഇങ്ങനെ തൂങ്ങി നിൽക്കുന്നു. ആരോഗ്യപ്രശ്നമല്ല മാനസികവും സാമൂഹ്യവുമായ പ്രശ്നമാണ് സഹിയ്ക്കാനാവാത്തത്. മദ്യം ലോകത്തൊരിടത്തും ഇതുപോലെ ഉപയോഗിയ്ക്കുന്നുണ്ടാവില്ല.

വിദേശരാജ്യങ്ങളിലൊക്കെ സിഗററ്റിനെ പടിയടച്ച് പിണ്ഡം വച്ചെങ്കിലും ഏത് കുഞ്ഞിനും സൂപ്പർമാർക്കറ്റിൽ മദ്യക്കുപ്പികളുടെയിടയിൽ നിന്ന് വളരാം. പക്ഷേ സംസ്കാരത്തിന്റെ ഭാഗമായി മദ്യത്തെ ആഘോഷിയ്ക്കുന്നതുകൊണ്ടാവണം സെക്സിലെന്ന പോലെ മദ്യത്തിന്റെ ഉപയോഗത്തിനും ഒരു സംസ്കാരം അവിടെയൊക്കെ ഉരുത്തിരിഞ്ഞിട്ടുണ്ട്.

നമ്മൾ ഒരു വഴിയ്ക്ക് മദ്യത്തിനെ അതിഭീകരനാക്കുമ്പൊ മറുവഴിയ്ക്ക് മദ്യത്തെ ദുരുപയോഗം ചെയ്യുന്നു. വീട്ടിൽ പൊതുവിടങ്ങളിൽ മദ്യത്തിനെ ഡെമണൈസ് ചെയ്യുമ്പോൾ, മദ്യത്തെ നിരോധിയ്ക്കുകയും രാക്ഷസനാക്കുകയുമൊക്കെ ചെയ്യുമ്പോൾ മദ്യപനെ ആഘോഷിയ്ക്കുന്ന വല്ലാത്തൊരു വൈരുദ്ധ്യം, കപടത.

മറ്റെല്ലാമെന്നപോലെ മദ്യവും ഉപയോഗിയ്ക്കാനുള്ളതാണ്. വേണ്ടവർക്ക് കഴിയ്ക്കുന്നതിൽ ഒരു കുഴപ്പവുമില്ല. പക്ഷേ എന്തുമെന്ന പോലെ അമിതമാവുമ്പോൾ മദ്യം കീടനാശിനിയാവും. പിന്നെ എഥനോളോ മെഥനോളോ  ബാബുവോ മുരുഗനോ എന്നൊന്നുമറിയാതെ നമ്മൾ രക്തം ഛർദ്ദിയ്ക്കും. മദ്യത്തെപ്പറ്റി സംസാരിയ്ക്കാതെ ടാബൂ ആക്കിവച്ച് മദ്യപനെ മാത്രം ആഘോഷിയ്ക്കുമ്പോഴുണ്ടാകുന്ന കുഴപ്പമതാണ്.

ഈയിടെയായി സിനിമകളിൽ മദ്യമില്ല. കഞ്ചാവാണ്. അതിനേയും അമിതഗ്ളോറിഫൈ ചെയ്ത് ഭാംഗിനു പകരം സ്കങ്ക് വലിച്ച് കയറ്റുന്ന വിപ്ളവകാരികളെ വീണ്ടും വീണ്ടും കാണുന്നു. കാണിയ്ക്കുന്നു . കഞ്ചാവിനു വേണ്ടി കടൽ കടന്ന് മറിയുകയാണ് കൂത്താട്ടങ്ങൾ. കഞ്ചാവിൽ നിൽക്കില്ല. കറുപ്പ് ഹെറോയിനെന്ന പോലെ കഞ്ചാവ് പതിയെ മറ്റു പ്യൂരിഫൈ ചെയ്ത മറ്റു രൂപങ്ങളിലേക്ക് വഴിമാറും.

അമേരിയ്ക്കയിലെ സ്വാഭാവികവാസികൾ (റെഡ് ഇൻഡ്യാക്കാർ) പുകയില ഉപയോഗിച്ചു വന്നിരുന്ന പോലെ ഭാംഗ് അഥവാ കന്നബിസ് ഇൻഡിക്ക (Cannabis indica) വച്ചുണ്ടാക്കുന്ന നല്ല രസമുള്ള സംഭവങ്ങൾ ഭാരതസംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. ഇന്നും ഹോളീ ആഘോഷങ്ങൾക്ക് ഉത്തരേന്ത്യയിലെത്തിയാൽ ആൺ പെൺ വ്യത്യാസമില്ലാതെ ഭാംഗ് ഉപയോഗിച്ച് ഹോളീ ആഘോഷിയ്ക്കുന്നവരെ കാണാം. എന്നാൽ ആധുനിക സമൂഹത്തിൽ അത്തരം സാംസ്കാരികമായ നിലനിൽപ്പുകൾക്ക് ആശ്രയമില്ല. എന്തിനേയും അമിതോപയോഗം ചെയ്യുകയെന്നത് എന്തിനേയും വ്യഭിചരിയ്ക്കുക എന്നത്പോലെതന്നെ ഒരു സംസ്കാരമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. അതിനെയാണ് നമ്മൾ അഡ്രസ്സ് ചെയ്യേണ്ടത്.

അല്ലാതെ കാടടച്ചുള്ള നിരോധനങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്കേ വഴിതെളിയ്ക്കൂ എന്ന് വ്യക്തമായി ശാസ്ത്രം പത്തിരുനൂറു കൊല്ലങ്ങളായി തെളിയിച്ച് കൊണ്ടിരിയ്ക്കുന്നു. ഇനിയും അത് കാണുന്നില്ലെന്ന് വരുന്നത് കള്ളത്തരമല്ലാതെ ഒന്നുമല്ല.

ഫെർമന്റഡ് ഡ്രിങ്ക്സ് കേരളത്തിൽ ഡിസ്റ്റിൽഡ് അഥവാ ഹോട്ട് ഡ്രിങ്ക്സിനു വഴിമാറിയത് പോലെ തന്നെയാണ് ഭാംഗോ, ശിവമൂലിയോ ചരസ്സിനും ഹാഷിഷിനുമൊക്കെ മാറുന്നത്.

സിനിമാക്കാർ നന്നാവില്ല. പണം അമിതമായി വലിച്ചെറിയപ്പെടുന്ന ഏരിയയാണ്. എന്നാൽ വീടുകളിൽ കുഞ്ഞുങ്ങളിപ്പൊ കഞ്ചാവ്പുരാണം അടിച്ച് വിട്ടാൽ അവനെ പണ്ട് മദ്യത്തിൽ ചെയ്തതെന്നപോലെ ചീത്തവിളിയ്ക്കുകയും ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയുമൊക്കെ ചെയ്താൽ യാതൊരു സംശയവുമില്ല,  അവർ അതിന്റെ അടിമയാകും.

ഹൃദയമുള്ള ബന്ധങ്ങളും സൗഹൃദങ്ങളും ഉറ്റവരുമൊക്കെയാകുമ്പൊ ഒരഡിക്ഷനും നിലനിൽക്കില്ല. നമ്മോട് കള്ളം പറയണ്ടാത്ത നിലയിൽ ബന്ധങ്ങൾ തുറന്നതാക്കിയാൽ ആ ബന്ധങ്ങൾക്ക് മൂല്യമേറും. ആ സാഹചര്യങ്ങളൊരുക്കാൻ അഡീക്ടിനും സമൂഹത്തിനും കൂട്ടുത്തരവാദിത്തമാണുള്ളത്.

മദ്യ മയക്കുമരുന്നുകളെപ്പറ്റി ശാസ്ത്രീയമായ വിവരങ്ങൾക്ക് പ്രാമാണികവും ആധികാരികവുമായ ഒരു വെബ്സൈറ്റ് പരിചയപ്പെടുത്തുന്നെന്നേ ഉള്ളൂ. ഇനി സിനിമകൾ ഈ രിതിയിൽ പോവുകയാണേൽ ഇത്തരം സൈറ്റുകൾ നമ്മുടെയൊക്കെ വീടുകളിൽത്തന്നെ അധികം താമസിയാതെ ആവശ്യം വന്നേക്കും.

http://www.talktofrank.com/

പിയെസ്: ഫെർമന്റഡ് ഡ്രിങ്ക്സ് സ്പിരിറ്റുകളേക്കാൾ മെച്ചമെന്ന വാദത്തിൽ മല്ലയ്യമാമൻ കാരുണ്യത്തോടെ ഉണ്ടാക്കിത്തരുന്ന എട്ടും പത്തും ശതമാനം വീര്യമുള്ള ഫോർട്ടിഫൈഡ് സാധനങ്ങൾ പെടില്ല. അത് ബിയറല്ല. വേറെന്തോ സാധനമാണ്. ഒരു ഹോം ബ്രൂവർ എന്ന നിലയിൽ ആ സാധനത്തിനെ ബിയറെന്ന് വിളിച്ചാൽ എന്റെ ബ്രൂവിങ്ങ് ചാത്തന്മാർ എന്നെ ശപിയ്ക്കും.

Wednesday, March 16, 2016

മരിയ സ്പിരിഡോനോവ പഠിച്ച കമ്യൂണിസം

സോവിയറ്റ് യൂണിയനിൽ ബോൾഷെവിയ്ക്കുകളോടൊത്ത്  ഇടതുപക്ഷ സോഷ്യൽ റെവലൂഷണറികൾ എന്നൊരു പാർട്ടിയും ഒരു മുന്നണിയായി നിന്നിരുന്നു. മരിയ സ്പിരിഡോനോവ ആയിരുന്നു അവരുടെ നേതാവ്.

ബോൾഷെവിയ്ക്കുകൾ കർഷകരിൽ നിന്ന് ബലമായി ധാന്യങ്ങളും മറ്റും പിടിച്ചെടൂക്കുകയും വ്യാപകമായി അക്രമങ്ങളഴിച്ച് വിടുകയും കൊലപാതക പരമ്പരകൾ തുടങ്ങുകയും ചെയ്തപ്പോൾ ഇടതുപക്ഷ സോഷ്യൽ റെവലൂഷനറികൾ ബോൾഷെവിയ്ക്കുകൾക്കെതിരായി.

ലെനിൻ എന്ന ‘മഹാത്മാ‘വിനത് സഹിച്ചില്ല. ജർമ്മൻ ഗവണ്മെന്റായിരുന്നു ഒന്നാം ലോകയുദ്ധത്തിലെ ജർമ്മനിയുടെ എതിരാളിയായിരുന്ന സാർ ചക്രവർത്തിയെ താഴെയിറക്കാൻ ലെനിനു സകല സഹായവും ചെയ്ത് കൊണ്ടിരുന്നത്. ഈ അവിശുദ്ധ ബന്ധം സോഷ്യൽ റെവലൂഷണറികൾ എതിർത്തു. ഇതിനിടെ ഇവരിൽച്ചിലർ ഒരു ജർമ്മൻ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്തു.

മരിയ പക്ഷേ തീവ്രവാദത്തിനെതിരായിരുന്നു. അവർ ജനാധിപത്യപരമായി ജനസഭകളിൽ പ്രവർത്തിച്ചു. 1919ൽ മരിയ ബോൾഷെവിക് ഗവണ്മെന്റിനെതിരേ ശക്തമായ ഒരു പ്രസംഗം നടത്തി. ജനങ്ങളിൽ വലിയൊരു വിഭാഗം അവരെ അനുകൂലിയ്ക്കുന്ന അവസ്ഥയെത്തി. ലെനിനു സഹിച്ചില്ല. മരിയയെ അറസ്റ്റ് ചെയ്തു.

കമ്യൂണിസ്റ്റ് കംഗാരുക്കോടതി മരിയയെ മാനസികരോഗിയെന്ന് വിധിച്ച് ഭ്രാന്താശുപത്രിയിലടച്ചു. ഇടതുപക്ഷ റെവലൂഷണറി സോഷ്യലിസ്റ്റ് വിഭാഗത്തിലെ സകല നേതാക്കളേയും തടവിലാക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തു.  കുറേ നാൾ ഇല്ലാത്ത ഭ്രാന്തിനു ചികിത്സയുമായി മാനസികരോഗാശുപത്രിയിൽ പീഡനമനുഭവിച്ചു. പിന്നീട് ജീവച്ഛവമായി വിട്ടയച്ചു. പിന്നീടൊരിയ്ക്കലും അവർ രാഷ്ട്രീയം സംസാരിച്ചിട്ടില്ല.

1937ൽ വീണ്ടും ജയിലിലാക്കപ്പെട്ട അവരെ 1941ൽ സ്റ്റാലിൻ കൊലപ്പെടുത്തുകയാണുണ്ടായത്. കൊല്ലപ്പെടുന്നതു വരെ ജയിലിലെ ക്രൂരമായ പീഡനം സഹിയ്ക്ക വയ്യാതെ തന്നെയൊന്ന് കൊന്നുതരാൻ ആവശ്യപ്പെട്ട് അവർ അറ്റോർണീ ജനറലിനു കത്തുകളയയ്ക്കുമായിരുന്നു.

Tuesday, March 15, 2016

ഇരുമ്പ് മറയിലെ സോവിയറ്റ് യൂണിയൻ

ടി പി ശ്രീനിവാസനേയും ചിദാനന്ദപുരി സ്വാമികളേയും മുതൽ എതിരഭിപ്രായം പറയുന്നവരെ മുതൽ എതിരാവും എന്ന് തോന്നുന്നവരെപ്പോലും അവസാനം കൂട്ടത്തിൽ നിൽക്കുന്നവനെയും കൂടെക്കിടന്നുറങ്ങിയവനേയും വെട്ടിക്കൊലപ്പെടുത്താനും ഉന്മൂലനം ചെയ്യാനുമുള്ള കമ്യൂണിസ്റ്റ് ത്വര എവിടെനിന്ന് വരുന്നു?

അവരുടെ പൂജാവിഗ്രഹങ്ങളുടെ ചെയ്തികളിൽ നിന്ന് തന്നെ യാതൊരു സംശയവുമില്ല.

സോവിയറ്റ് യൂണിയനിൽ മഹാത്മാവെന്ന് ഇവർ വാഴ്ത്തുന്ന ലെനിനും സ്റ്റാലിനും ചെയ്തുകൂട്ടിയതിന്റെ കഥകൾ ജനം ടീവിയിൽ തുടരുന്നു. . ഇരുമ്പ് മറയിലെ സോവിയറ്റ് യൂണിയൻ ജനം ടീവിയിൽ വീക്കെൻഡ് സ്പെഷ്യൽ.

ഭാഗങ്ങൾ ഇവിടെ കാണാം.

https://www.youtube.com/watch?list=PLIPOC7PrVrYWBaeXZUmtxfEbr-yatzxgb&v=qj0DibcC7CQ&app=desktop

Friday, March 11, 2016

എല്ലാവർക്കും ആരോഗ്യം

ഈ നാട്ടിലെത്തിയിട്ട് ഇത്രയും കാലമായി. തെക്ക് വടക്ക് സകല മൂലകളിലും ജീവിച്ചിട്ടുണ്ട്. പലയിടത്തും ജോലിചെയ്തിട്ടുണ്ട്.

ഗ്രേറ്റ് ബ്രിട്ടൺ എന്നാണു പേർ. ഒരുപാട് കാര്യങ്ങൾ ഇന്നാട്ടിൽ ഗ്രേറ്റ് ആയുണ്ട്. അധ്വാനികളായ മനുഷ്യർ മുതൽ ശാസ്ത്രത്തിനും വികസനത്തിനുമായുള്ള മനോഭാവമുൾപ്പെടെ. യൂണീവേഴ്സിറ്റികൾ മുതൽ സൈഡറും ചിക്കൻ ടിക്കാ മസാലയും വരെ ഇന്നാട്ടിനെ അടയാളപ്പെടുത്തുന്ന ഗ്രേറ്റുകളാണ്.

പക്ഷേ ഇവിടത്തെ ഗ്രേറ്റ്നെസ്സിന്റെ സാകല്യവും സാരാംശവുമാണ് നാഷണൽ ഹെൽത് സർവീസ് എന്ന NHS. ഇൻഷൂറൻസോ കാഷ്കൗണ്ടറൊ ഇല്ലാതെ പൂർണ്ണമായും നികുതി വരുമാനത്തിൽ നിന്ന് സകലജനങ്ങൾക്കും  ഒരേപോലെ, സൗജന്യമായ ആരോഗ്യസംവിധാനം.

ഇൻഷൂറൻസോ പണമടയ്ക്കാതേയോ എങ്ങനെയാണ് ജനങ്ങൾക്ക്പൂർണ്ണമായും സൗജന്യമായി ആരോഗ്യസംവിധാനമൊരുക്കുക?

ദേശത്തിന്റെ ആരോഗ്യം കാക്കുന്ന പോലീസോ ഫയർഫോഴ്സോ മറ്റു സേനകളോ നമുക്ക് വേണ്ടി പ്രവർത്തിയ്ക്കുന്നതിനു ഇൻഷൂറൻസ് എടുക്കാറുണ്ടോ? അമേരിയ്ക്കയിൽ പണ്ട് ചിലയിടങ്ങളിലൊക്കെ അഗ്നിശമനസേനയുടെ സേവനങ്ങൾക്ക് ഇൻഷൂറൻസ് എടുക്കണമായിരുന്നു.  വീട്ടിനു തീപിടിച്ചാൽ ഇൻഷ്വറൻസ് എടുത്ത വീട്ടിന്റെ അടുത്ത വീട്ടുകാരനു ഇൻഷ്വറൻസ് ഇല്ലെങ്കിൽ അവരെങ്ങനെ തീയണയ്ക്കും എന്ന സംശയം തോന്നുന്നുണ്ടോ?

ആരോഗ്യസംവിധാനത്തിനും അതേ സംശയം ബാധകമാണ്. രോഗം വ്യക്തികൾക്കല്ല, സമൂഹത്തിനാണ്.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ സമയത്ത് ഇൻഷൂറൻസും കാഷ്കൗണ്ടറുമില്ലാതെ ഇത്രയും വലിയൊരു വാർ എഫർട്ട് നടത്താൻ  സ്റ്റേറ്റിനു കഴിയുമെങ്കിൽ അതേപോലെ ആരോഗ്യസംവിധാനമൊരുക്കാനും സ്റ്റേറ്റിനു കഴിയും എന്ന ആശയത്തിൽ നിന്നാണ് അന്യുറിൻ ബെവൻ എന്ന ആരോഗ്യമന്ത്രി അന്ന് ഈ പ്രസ്ഥാനത്തിനു തുടക്കമിട്ടത്.

അതുകൊണ്ട് തന്നെ ജനങ്ങൾ സ്വതന്ത്രരാണ്. പേടിയ്ക്കാതെ ഈ നാട്ടിൽ റിസ്കുകളെടുക്കാം. പണം കൂട്ടിവച്ച് ജീവിയ്ക്കേണ്ട കാര്യമില്ല. നമ്മുടെ നാട്ടിൽ എത്ര ധനികനായാലും ഒരസുഖം വന്ന് കിട്ടിയാൽ, കോടികൾ ഉള്ളവർക്ക് പോലും ദരിദ്രരാവാൻ അത് മതി.

ഈ രീതിയിൽ ചികിത്സാരംഗം മുന്നോട്ട്പോവുകയാണെങ്കിൽ ഭാരതത്തിൽ എന്ത് വികസനമുണ്ടായിട്ടും ഒരു കാര്യവുമില്ല. പലതരം ബിസിനസുകൾ കണ്ടിട്ടുണ്ട്. ചികിത്സാരംഗത്തെ ബിസിനസ് ആണ് ഏറ്റവും വൃത്തികെട്ടതായി തോന്നിയിട്ടുള്ളത്. ഉപഭോക്താവിനു ജീവിതത്തിനും മരണത്തിനുമിടയിലെ ചോയിസ് എടുക്കേണ്ടി വരുന്നതും മത്സരത്തിനു ഒരു സാധ്യതയില്ലാത്തതും ഒക്കെയാണ് പ്രധാനമായി  ആരോഗ്യരംഗം ഒരു ബിസിനസ് മോഡൽ എന്ന നിലയിൽ സാമൂഹ്യമായി പരാജയപ്പെടുന്ന ഇടങ്ങൾ.

ആധുനിക സമ്പദ്‌വ്യവസ്ഥ പിൻതുടരുന്ന രാജ്യങ്ങളിൽ അത് ഒരിയ്ക്കലും കച്ചവടം ആവേണ്ടാത്തതെന്ത് കൊണ്ട് എന്ന ചോദ്യത്തിനുത്തരം അതൊക്കെയാണ്. അല്ലാതെ ആരോഗ്യം ഒരു മഹത്തായ സേവനമാണെന്ന നിലയിലെ നൂറുകണക്കിണു തള്ളലുകളല്ല കാര്യം.

ആരോഗ്യം അതിന്റെ സ്വഭാവത്താൽത്തന്നെ ഒരു കച്ചവടം അല്ല. പ്രതിരോധം, പോലീസിങ്ങ്, ഫയർഫോഴ്സ് ഒക്കെപ്പോലെ ആരോഗ്യരംഗവും ഒരു എസൻഷ്യൽ സ്റ്റേറ്റ് ചുമതലയാണ്. അങ്ങനെയാവണം. അതേ സമയം ബ്രഡുണ്ടാക്കൽ മുതൽ ശൂന്യാകാശത്തേക്ക് റോക്കറ്റ് അയയ്ക്കുന്നതു വരെ സ്റ്റേറ്റിന്റെ ചുമതലയല്ലാ താനും.

ഈ തിരഞ്ഞെടുപ്പിൽ ആർക്ക് കുത്തിയാലും ഇത് ഓർക്കണം. നിങ്ങളുടെ സ്ഥാനാർത്ഥിയോട് ഈ ആശയം പറയണം. നിങ്ങളുടെ പാർട്ടിയിൽ ഈ ആശയം ചർച്ച ചെയ്യണം.

ഒരു കുട്ടി ആസ്റ്റർ ആശുപത്രിയിൽ അഡ്മിറ്റായി പണം അന്വേഷിച്ചു കൊണ്ടുള്ള പോസ്റ്റുകൾ കണ്ടു. എന്തെങ്കിലും സഹായിയ്ക്കേണ്ടവർ ദയവുചെയ്ത് സഹായിക്കുക. നമുക്കതല്ലാതെ ഒന്നും ചെയ്യാനാകില്ല. ഫേസ്ബുക്കിൽ പോസ്റ്റിടാൻ കഴിയാത്ത ഇതുമാതിരി ആയിരക്കണക്കിനു കുഞ്ഞുമക്കൾ ഇന്നാട്ടിൽ ആവശ്യത്തിനു മരുന്നുകൾ കിട്ടാതെ, ആരോഗ്യരക്ഷ കിട്ടാതെ ഏതൊക്കെയോ ആശുപത്രികളിൽ പാതിവഴിയ്ക്ക് ചികിത്സ നിർത്തി മരണത്തിനു കീഴടങ്ങുന്നുണ്ട്. നമ്മുടെ കയ്യിൽ പണമുണ്ട്. ഉപയോഗിച്ചാൽ മാത്രം മതി. തൽക്കാലം ഈ കുഞ്ഞിനു കയ്യിലുള്ള പണം എത്തിയ്ക്കുക. പണമുള്ളവർ, പറ്റുന്നവർ, കാണുന്നവരെയെല്ലാം സഹായിയ്ക്കുക.

പക്ഷേ സ്റ്റേറ്റ് ഇടപെട്ടല്ലാതെ എല്ലാവരേയും സഹായിയ്ക്കുക എന്നത് എത്ര ചാരിറ്റിയ്ക്കും കഴിയില്ലെന്ന് കൂടി ഓർക്കുക. അത് നടപ്പിലാക്കിയല്ലാതെ നമുക്കാർക്കും സുഖമായി ഉറങ്ങാനാവില്ല.

പക്ഷേ അത് എന്നോ വരുന്ന കാര്യമാണ് അതുവരെ സഹായിയ്ക്കാനാവുന്നവർ സഹായിയ്ക്കുക.

Wednesday, March 09, 2016

അസഹിഷ്ണുതാ വാദവും നിലവിളിമാമിമാരും

കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് കൊല്ലം രണ്ടാവാറായി. പത്തറുപത് കൊല്ലമായി തുടരുന്ന, ഒരു കുടുംബവാഴ്ചയാൽ നശിച്ചു കൊണ്ടിരുന്ന ഭാരതസമ്പദ്‌ വ്യവസ്ഥയുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും തകരാറുകൾ മാറ്റാനും, വികസനപ്രവർത്തനങ്ങൾക്കായും ഈ സർക്കാർ നിരന്തരമായി പ്രയത്നിയ്ക്കുകയായിരുന്നു, ഈ കഴിഞ്ഞ രണ്ടുകൊല്ലവും.


ഒരിയ്ക്കൽപ്പോലും പക്ഷപാതപരമായോ ഭിന്നിപ്പുണ്ടാക്കുന്ന വിധത്തിലോ ഒരു നടപടിയോ നയങ്ങളോ ഈ സർക്കാർ കൈക്കൊണ്ടിട്ടില്ല. ഒരു ചെറിയ അഴിമതി ആരോപണം പോലും ഈ സർക്കാരിനെതിരേ ഉന്നയിയ്ക്കാനായിട്ടില്ല. ഒരു ദിവസം പോലും അവധിയെടുക്കാതെയാണ് ഇന്നാട്ടിലെ പ്രധാനമന്ത്രി ഇത്രയും കാലം ജോലിചെയ്തത്.  ആഭ്യന്തര മന്ത്രാലയവും, വിദേശകാര്യമന്ത്രാലയവും ലോകമെമ്പാടും അസൂയയുണ്ടാക്കുന്ന വിധത്തിലാണ് ജോലി ചെയ്തത്.


യമൻ യുദ്ധസമയത്ത് വിദേശകാര്യസഹമന്ത്രി ജനറൽ വീ കേ സിങ്ങ് നേരിട്ട് യുദ്ധമുഖത്ത് പോയാണ് യമനിൽ നിന്ന് ഭാരതീയരെ രക്ഷപെടുത്തിക്കൊണ്ട് വന്നത്. അമേരിയ്ക്കയിലെപ്പോലും മാധ്യമങ്ങൾ ഇന്ത്യൻ സർക്കാരിനെ അതിൽ അഭിനന്ദിച്ചു. ഇറാഖിലും ലിബിയയിലും എന്നല്ല ലോകമെമ്പാടും യുദ്ധഭൂമിയിലകപ്പെട്ട നേഴ്സുമാരേയും സാധാരണക്കാരേയും മുഴുവൻ ഭാരതസർക്കാർ കൈവിട്ടില്ലെന്ന് മാത്രമല്ല, ഏത് അർദ്ധരാത്രിയിലും സുഷമാസ്വരജ് എന്ന വിദേശകാര്യമന്ത്രി ഉണർന്നിരുന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


അത്ഭുതാവഹമായ വികസനമാണ് റെയിൽവേയിൽ നടക്കുന്നത്. മേക്ക് ഇൻ ഇൻഡ്യാ, സ്റ്റാർട്ടപ്പ് ഇൻഡ്യാ, ഡിജിറ്റൽ ഇൻഡ്യാ, സ്വച്ഛ് ഭാരത് അഭിയാൻ, പ്രധാനമന്ത്രി ജൻ ധൻ യോജന, സൻസദ് ആദർശ് ഗ്രാമവികാസ യോജന എന്നൊക്കെയുള്ള പദ്ധതികൾ അസൂയാവഹമായ നിലയിൽ ഭാരതത്തെ വികസനോന്മുഖമാക്കിക്കൊണ്ടിരിയ്ക്കുന്നു.


പ്രധാനമന്ത്രിയുടെ സൗഹൃദസന്ദർശനങ്ങൾ കാരണം ലോകം മുഴുവൻ, ബ്രിട്ടണും അമേരിയ്ക്കയുമുൾപ്പെടെ ഭാരത താൽപ്പര്യങ്ങൾക്കനുകൂലമായി സംസാരിയ്ക്കുന്നു. ചരിത്രത്തിലാദ്യമായി പാകിസ്ഥാൻ ഭാരതവുമായി രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നു.  


ഏത് മതമായാലും ജാതിയായാലും പ്രീണനമോ ഒഴിവാക്കലോ ഒന്നും ഈ ഗവണ്മെന്റിൽ നിന്ന് ഉണ്ടായിട്ടുമില്ല.


പ്രതിപക്ഷം ഉണ്ടായിരിയ്ക്കേണ്ടേ? തീർച്ചയായും വേണം. ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനമായ ഭാഗമാണ് പ്രതിപക്ഷം. ഗവണ്മെന്റിനെ നിരന്തരം തിരുത്തുന്നത് വഴി രാഷ്ട്രത്തെ മുന്നോട്ട്കൊണ്ടുപോവുക പ്രതിപക്ഷത്തിന്റെ കടമയാണ്.


പക്ഷേ ഈ ഗവണ്മെന്റിനെ വെറുക്കുന്ന ശക്തികൾ ഇന്ന് പ്രതിപക്ഷമായല്ല പ്രവർത്തിയ്ക്കുന്നത്. രാഷ്ടത്തെത്തന്നെ നശിപ്പിച്ചിട്ടായാലും വേണ്ടില്ല ഈ ഗവണ്മെന്റിനെ താഴെയിറക്കി പഴയ കുടുംബവാഴ്ച തിരികെക്കൊണ്ടു വരണമെന്നാണ് അവരുടെ അദമ്യമായ ആഗ്രഹം. ഇത്രയും കാലം രാജ്യം കടന്നുപോയ ഞെട്ടിയ്ക്കുന്ന കൊള്ളകളുടേയും അഴിമതികളുടേയും നിരയിലേക്ക് രാഷ്ട്രത്തെ വീണ്ടും എത്തിയ്ക്കുകയാണ് അവരുടെ ആവശ്യം.


ഈ ഗവണ്മെന്റ് ഈ നിലയിൽ വികസനപ്രവർത്തനങ്ങൾ തുടർന്നാൽ ഈ ഗവണ്മെന്റിന്റെ എതിരാളികളെ ഇനിയൊരിയ്ക്കലും ഭാരതജനത അധികാരത്തിലെത്തിയ്ക്കുകയില്ല എന്നവർക്ക് മനസ്സിലായി.  എങ്ങനേയും കൊടും കള്ളങ്ങളും, പ്രൊപ്പഗാണ്ടകളും യാതൊരുളുപ്പുമില്ലാതെ പ്രചരിപ്പിച്ച് ഒന്നിനു പിറകേ ഒന്നായി ഈ സർക്കാരിനെതിരേ തൊടുത്ത് വിട്ടു കൊണ്ടിരിയ്ക്കുന്നു. രാജ്യത്തെത്തന്നെ അതിന്റെ പേരിൽ അസ്ഥിരപ്പെടുത്താനും അവർക്ക് മടിയില്ല.


ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു മാത്രം അടിച്ചിറക്കിയ ‘കൃസ്ത്യാനികൾ ആക്രമിയ്ക്കപ്പെടുന്നു’ എന്ന വ്യാജ ആരോപണങ്ങൾ മുതൽ ജേ എൻ യൂ വിലെ കോലാഹലങ്ങൾ വരെ, കൃത്യമായി ആസുത്രണം ചെയ്ത കപടാരോപണങ്ങൾ കള്ളം പ്രചരിപ്പിയ്ക്കാൻ മടിയില്ലാത്ത മാധ്യമങ്ങളിലൂടെ ഉയർത്തിക്കാട്ടുകയണ് ചെയ്യുന്നത്.


ക്രമസമാധാന പാലനം സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്, കേന്ദ്രത്തിന് അതിലൊന്നും ചെയ്യാനില്ല എന്നതു പോലും മറച്ച് വച്ച് ബീ ജേ പീ ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ സംഭവിച്ചതു പോലും, അത് ദാദ്രിയിലെ കൊലപാതകമായാലും രോഹിത് വെമുലയുടെ ആത്മഹത്യയുടെ തുടർനടപടികൾ ആയാലും മോദി സർക്കാരിനെതിരേയുള്ള കുറ്റങ്ങളായി നിരത്തപ്പെട്ടു.


അവാർഡ് വാപ്പസി ആയാലും അസഹിഷ്ണുതാ വാദമായാലും മോദീ സർക്കാരിനെ മാത്രമല്ല ലോകമെമ്പാടുമുള്ള സകല ഭാരതസമൂഹങ്ങളേയും അപമാനിയ്ക്കും വിധം പുതിയ പുതിയ വാചാടോപങ്ങൾ കണ്ടുപിടിയ്ക്കാൻ ചരിത്രപരമായിത്തന്നെ ഇവർ വിദഗ്ധരാണ്. അതൊക്കെ നമുക്ക് മറക്കാം.


ബീഹാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടാണ് അസഹിഷ്ണുതാ വാദവും അവാർഡ് വാപ്പസി നാടകവും ഉയർത്തിവിട്ടതെന്ന് ഇന്നാട്ടിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും മനസ്സിലായിക്കഴിഞ്ഞു. താൽക്കാലിക ലാഭത്തിനായി അങ്ങനെയെന്തും ചെയ്യാൻ ഇവർക്ക് മടിയില്ലെന്നതും നമ്മൾ കണ്ടു.


കഴിഞ്ഞ പത്തറുപത് കൊല്ലമായി ഭരണകൂടത്തിന്റെ സുഖശീതളിമയിൽ ബുദ്ധിജീവികളും സാംസ്കാരികപ്രവർത്തകരുമായി ഞെളിഞ്ഞിരുന്നവർക്ക് അതിന്റെ നന്ദി അറിയിയ്ക്കാനുള്ള സമയമായിരുന്നു അസഹിഷ്ണുതാ വാദ നാടകവും അവാർഡ് വാപ്പസി നാടകവും.


സത്യമെന്തെന്ന് വച്ചാൽ കോൺഗ്രസ്- കമ്യൂണിസ്റ്റ് ഗുണ്ടാസംഘം അവന്മാരുടെ ഏറ്റവും മോശമായ ദുഃസ്വപ്നങ്ങളിൽപ്പോലും ബീ ജേ പീയ്ക്ക് ഇതുപോലൊരു ഭൂരിപക്ഷം കിട്ടുമെന്ന് നിനച്ചിട്ടുണ്ടാവില്ല.


അവന്മാർ വിചാരിച്ചതും പ്രാർത്ഥിച്ചതും എങ്ങനെയെങ്കിലും പരസ്പരം മൂടുതാങ്ങി തങ്ങൾ ചെയ്തുകൂട്ടിയ കള്ളത്തരങ്ങളുടെയും കുറ്റകൃത്യങ്ങളുടേയും അഴിമതികളുടേയുമെല്ലാം നാൾവഴികൾ മായിച്ചുകളയാൻ തക്കവണ്ണം അടുത്തൊരു കുംഭകോണ യൂ പീ ഏ ഗവണ്മെന്റിനെ തട്ടിക്കൂട്ടാം എന്നായിരിയ്ക്കണം. 'മാരൻ' മാരും 'കാർത്തി' മാരും 'ഗാന്ധി'മാരും 'രാജാ'മാരുമെല്ലാം അങ്ങനെയാവണം കരുതിയത്. തങ്ങളുടെ സാമന്ത/ മാടമ്പി ദന്തഗോപുരങ്ങൾ തകരാതെ അതിനുള്ളിലിരുന്ന് എതിർപ്പ് നാടകങ്ങളും കള്ളവിമർശനങ്ങളും വാചാടോപങ്ങളുമായി കോൺഗ്രസിന്റെ എച്ചിൽപ്പട്ടികളായി എന്നെന്നേയ്ക്കും നിൽക്കാമെന്ന് എല്ലാവരും കരുതിയിരിയ്ക്കണം.


പക്ഷേ അവരുടെ സകല പദ്ധതികളും ഭാരതജനത തകർത്തെറിഞ്ഞു. ഭഗ്നാശരായ അവർ ‘കൃസ്ത്യാനികൾ ആക്രമിയ്ക്കപ്പെടുന്നേ’ എന്ന പച്ചക്കള്ള നിലവിളി മുതൽ ജേ എൻ യൂ കോലാഹലം വരെ ഉയർത്തി അവരുടെയൊക്കെ വീടിനു തീ പിടിച്ച മാതിരി ഓടുകയാണ്..


പക്ഷേ ഈയിടെ എല്ലാം കൂടൂപൊട്ടിച്ച് കെട്ടഴിച്ച് വന്നത് ഇസ്രത്ത് ജഹാൻ കേസിലെ ഞെട്ടിപ്പിയ്ക്കുന്ന ഒരു വെളിപ്പെടുത്തലോടെയാണ്. നരേന്ദ്രമോദിയേയും അമിത് ഷായേയും വ്യക്തിപരമായി കുടുക്കിൽപ്പെടുത്താൻ ഇസ്രത്ത് ജഹാൻ കേസിലെ കോടതിയിൽ സമർപ്പിച്ച  രണ്ടാം സത്യവാങ്മൂലം അന്നത്തെ ഭാരതീയ ആഭ്യന്ത്രമന്ത്രിയായ പീ ചിദംബരം നേരിട്ട് തിരുത്തിയെന്നായിരുന്നു അത്.


ഇൻഡ്യൻ ഇന്റലിജൻസ് ബ്യൂറോ സമർത്ഥമായി കുരുക്കിലാക്കിയെന്ന് കണ്ടപ്പോൾ ആക്രമണമഴിച്ച് വിട്ട ഇസ്രത് ജഹാനും കൂട്ടരും പോലീസ് പ്രതിരോധത്തിൽ കൊല്ലപ്പെട്ടു. ആദ്യം അവർ ഭീകരവാദികളായിരുന്നെന്ന് കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചു അന്നത്തെ മന്മോഹൻ സിംഗ് ഗവണ്മെന്റ്. പിന്നെയാണവർക്ക് മനസ്സിലായത് സംഭവം ഗുജറാത്തിൽ നടന്നതായത് കൊണ്ട് നരേന്ദ്രമോദിയേയും അമിത് ഷായേയും പ്രതിരോധത്തിലാക്കാൻ ഇത് വലിയൊരു ആയുധമാണെന്ന്.


ഉടൻ തന്നെ  കോടതിയിലെ രണ്ടാം സത്യവാംഗ്‌മൂലത്തിൽ അവർ ഭീകരവാദികളെന്നതിനു തെളിവില്ല എന്ന് കേന്ദ്രഗവണ്മെന്റ് പറഞ്ഞു. അതിനെ വ്യാഖ്യാനിച്ച് കപട മാധ്യമങ്ങളും കോൺഗ്രസ്സിന്റെ വൈതാളികരും വ്യാജ ഏറ്റുമുട്ടലിൽ അവരെ കൊല്ലുകയായിരുന്നെന്ന് പച്ചക്കള്ളം പ്രചരിപ്പിച്ചു.


ഈ രണ്ടാം സത്യവാംഗ്മൂലം എഴുതിനൽകാൻ സോണിയയുടെ വിശ്വസ്തരായ സീ ബീ ഐക്കാർ ആഭ്യന്തരമന്ത്രാലയത്തിലെ അണ്ടർ സെക്രട്രി ആയിരുന്ന  ആർ വീ എസ് മണിയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിയ്ക്കുകയും സിഗററ്റ് കൊണ്ട് പൊള്ളിയ്ക്കുക പോലും ചെയ്തെന്നാണ് അദ്ദേഹം പറയുന്നത്.


(ശ്രീ ആർ വീ എസ് മണിയുടെ ടൈംസ് നൗ എടുത്ത അഭിമുഖം https://www.youtube.com/watch?v=KhlemtrSjIQ)


ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി മാത്രമല്ല അന്നത്തെ ആഭ്യന്തരസെക്രട്ടറി ആയിരുന്ന മലയാളിയായ റിട്ടയേഡ് ഐ ഏ എസ് ഉദ്യോഗസ്ഥൻ ശ്രീ ജീ കേ പിള്ളയും ഇതേ ആരോപണങ്ങൾ ശരിവച്ചു. അന്നത്തെ ആഭ്യന്തരസെക്രട്രി പറയുന്നത് വച്ച് നോക്കിയാൽ രണ്ടാം റിപ്പോർട്ട്  വന്നത് ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ഓഫീസിൽ നിന്നോ അതിനു മുകളിൽ നിന്നോ തന്നെയെന്ന് ആർക്കും വ്യക്തമാകും. രാജ്യത്തിന്റെ സുരക്ഷയെപ്പോലും  പണയം വച്ച് അത്തരത്തിൽ കള്ളക്കഥകൾ എതിരാളികൾക്കെതിരേ ഉണ്ടാക്കിയെടുക്കാൻ ഒരു മടിയുമില്ലാത്തവരാണിവരെന്ന് ജനത്തിനു വ്യക്തമായി മനസ്സിലായി.


ആ വൃത്തികെട്ട രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി ഒരു ദളിത് ഓഫീസറുൾപ്പെടെ ഭാരത പോലീസ് സേനയിലെ മിടുക്കന്മാരായ ഓഫീസർമാർ എട്ടുകൊല്ലത്തോളം ജയിൽ വാസം അനുഭവിയ്ക്കേണ്ടി വന്നുവെന്നത് ആരെയാണ് ഞെട്ടിയ്ക്കാത്തത്!


ജനം ഇത് കേട്ട് ശരിയ്ക്കും വായപൊളിച്ചു. നരേന്ദ്രമോദിയെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനുള്ള ഗൂഡാലോചനയായിരുന്നു സീ പീ എം പോളിറ്റ് ബ്യൂറോ  അംഗം ബ്രിന്ദാ കാരാട്ടുൾപെടെയുള്ളവർ മുഴുവൻ വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞ് വിലപിച്ച് നടന്ന ഇസ്രത്ത് ജഹാൻ കേസെന്ന് ജനത്തിനു വ്യക്തമായി മനസ്സിലായി. രാഷ്ട്രീയപകപോക്കലുകൾക്കായി മിടുക്കന്മാരായ ഉദ്യോഗസ്ഥരെ ഇല്ലാതാക്കനും തീവ്രവാദികൾക്ക് കൂട്ടിക്കൊടുപ്പ് ചെയ്യാനും പോലും മടിയില്ലാത്തവരാണിതെല്ലാം എന്ന് ജനങ്ങൾ കൃത്യമായി മനസ്സിലാക്കി.


ഇതിന്റെ നിഴലുകൾ തങ്ങളുടെ തലതൊട്ടമ്മയായ മാഡം സോണിയാ ഗാന്ധിയിലേക്കാണു നീളുന്നതെന്ന് കണ്ട സോണിയാ ഗാന്ധിയുടെ വിശ്വസ്തരായ അടിമകൾ, നമ്മുടെ സ്ഥിരം മാധ്യമനിലവിളിക്കാർ ഉടനേ രംഗത്തിറങ്ങി.  നാഷണൽ ഹെറാ‍ൾഡ് കേസിൽ കോടിക്കണക്കിനു രൂപാ കൊള്ളയടിച്ച ഗാന്ധിമാർക്ക് ആ കേസിൽ നിന്നും തലയൂരാൻ ഒരു രക്ഷയുമില്ല എന്ന് ഉറപ്പായ സമയവുമായിരുന്നത്. സോണിയാമ്മയുടെ അടിമകളായ നിലവിളിയമ്മായിമാർക്ക് സഹിയ്ക്കുമോ?


ഇപ്പൊ ഇസ്രത്ത് ജഹാൻ തീവ്രവാദിയായിരുന്നെന്നതിനു സംശയമൊന്നുമില്ല. അപ്പോൾ പുതിയ ചോദ്യമാണ്. തീവ്രവാദിയായാൽത്തന്നെയെന്ത്?! വ്യാജ ഏറ്റുമുട്ടൽ ശരിയാണോ എന്നതാണ് ഇപ്പോഴത്തെ മില്യൺ ഡോളർ ചോദ്യം.


ഇസ്രത്ത് ജഹാൻ ലഷ്കർ തീവ്രവാദിയായിരുന്നില്ല എന്ന് പറഞ്ഞാണ് അത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് ഇന്ന് വരെ വാദിച്ചിരുന്നതെന്ന് സമർത്ഥമായി അവർ ഒളിച്ച് വയ്ക്കുന്നു.


ഈ കോൺഗ്രസ്സിന്റെ അടിമകൾ കോൺഗ്രസും അവർ കൂട്ടിലിട്ട തത്തകളാക്കി വച്ചിരുന്ന അന്നത്തെ സീ ബീ ഐയും വിവരിച്ച കള്ളക്കഥകൾ ഉപ്പുതൊടാതെ ജനങ്ങൾക്ക് വിളമ്പി ആളുകളായവന്മാരാണ്.


വേറൊരു പച്ചക്കള്ള പ്രചരണത്തിലേയ്ക്ക് കടക്കാം.


കുറച്ചു നാൾ മുന്നേ രോഹിത് വെമുലയെന്ന ഹൈദരാബാദ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അരവിന്ദ് കേജ്രിവാൾ, രാഹുൽജീ, തുടങ്ങിയ ഒരുപാട്പേർ ഹൈദരാബാദിലോട്ടോടി.


ആരാത്മഹത്യ ചെയ്താലും ദുഃഖകരമാണ്. പക്ഷേ വെമുല, ആ യൂണിവേഴ്സിറ്റിയിൽ പോലും ആത്മഹത്യ ചെയ്യുന്ന ആദ്യ ദളിതൻ ആയിരുന്നില്ല. അതേ സർവകലാശാലയിൽ ഇന്നേവരെ ഒൻപത് ദളിത് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ആരും സോണിയാ മാഡമാണവരെ കൊന്നതെന്ന് നിലവിളിച്ചിട്ടില്ല .


കോളേജിലെ ഒരു ഏ ബീ വീ പീ പ്രവർത്തകൻ ഫേസ്ബുക്കിൽ ഒരു അഭിപ്രായ പ്രകടനം നടത്തിയെന്ന് പറഞ്ഞ്  അയാളെ ഹോസ്റ്റൽ മുറിയിൽക്കയറി ആക്രമിച്ചു എന്ന കുറ്റത്തിനാണ് രോഹിതുൾപ്പെടെയുള്ളവരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. ദളിത് അനുകൂലസംഘടനയിൽ പ്രവർത്തിച്ചിരുന്നെങ്കിലും രോഹിത് ദളിത് സമൂഹത്തിൽ ജനിച്ചവനല്ല എന്നും റിപ്പോർട്ടുകൾ വരുന്നു. ജുഡീഷ്വൽ കമിറ്റി ഈ റിപ്പോർട്ടുകൾ ശരിവച്ചിട്ടുണ്ട്. രോഹിത് വെഉല ദളിതനല്ല. രാജ്യ മുഴുവൻ ദളിതർക്ക് നേരേ എന്ന നിലയിൽ ഇയാളുടെ ആത്മഹത്യയെ പൊക്കി നടന്നവന്റെയൊക്കെ വായിൽ ഇപ്പൊ നാവുണ്ടോ എന്ന് കുത്തിത്തുറന്ന് നോക്കണം.


പക്ഷേ ലെഫ്റ്റ് ലിബറലുകൾ അഴിഞ്ഞാടുന്ന ഒരു വിദ്യാലയങ്ങളിലും യഥാർത്ഥ ദളിത് വിദ്യാർത്ഥിയുടെ ഗതി ഇന്ന് വരെയും മെച്ചപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല വളരെ കഷ്ടമാണ്. ഈ യൂണിവേഴ്സിറ്റിയിൽത്തന്നെ എസ് എഫ് ഐയുടേയും സീ പീ എമ്മിന്റേയും മറ്റും ദളിത് വിരുദ്ധതയെപ്പറ്റി ഈ രോഹിത് വെമുല തന്നെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ ഇടപെടലുകളിൽ പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്.(രോഹിതിന്റെ എസ് എഫ് ഐ വിരുദ്ധ പോസ്റ്റുകൾ നോക്കുക)  മറ്റുള്ളവരെ ആക്രമിച്ചിട്ട് ഹോസ്റ്റലിൽ നിന്ന് സസ്പെന്റ് ചെയ്തതിനല്ല, ദിനേനയുള്ള വേറുതിരിവുകൾ സഹിയ്ക്കവയ്യാതെ ദളിത് വിദ്യാർത്ഥികൾ ഇടത് ലിബറലുകളുടെയൊക്കെ കോട്ടകളിലുൾപ്പെടെ ആത്മഹത്യയിലോ കൊഴിഞ്ഞ് പോക്കിലോ അഭയം പ്രാപിയ്ക്കുന്നു.


പ്രബുദ്ധരെന്ന് അഭിമാനിയ്ക്കുന്ന കേരളത്തിൽ ഇടത് കോട്ടയായ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ വരെ ദീപാ എം മോഹൻ എന്ന ദളിത് ഗവേഷക, സീ പീ എം സംഘടനാ നേതാവായ അധ്യാപകനിൽ നിന്ന് നേരിട്ട ക്രൂരമായ വിവേചനത്തിനെതിരെയും എസ് എഫ് ഐയുടേയും കമ്യൂണിസ്റ്റ് ഗുണ്ടകളുടേയും നിരന്തരമായ ആക്രമണം സഹിയ്ക്കാതെയും നീതിയ്ക്ക് വേണ്ടി പോരാടുകയാണ്.  തീർച്ചയായും ഗവണ്മെന്റ് അടിയന്തിരമായി ശ്രദ്ധിയ്ക്കേണ്ട വിഷയം തന്നെയാണ് ദളിത് വിദ്യാർത്ഥികൾ കാമ്പസുകളിൽ നേരിടുന്ന പ്രശ്നങ്ങൾ.


https://www.facebook.com/deepa.pmohanan?fref=ts


സ്വയം ഒരു പിന്നോക്കസമുദായത്തിൽ ജനിച്ച നരേന്ദ്രമോദി ദളിതരുടെ പിന്തുണയോട് കൂടിത്തന്നെയാണ് അധികാരത്തിലെത്തിയതും ഇന്നും തുടരുന്നതും. സീ പീ എമും കോൺഗ്രസുമുൾപ്പെടേയുള്ള രാഷ്ട്രീയപ്പാർട്ടികൾ എന്നും ഉയർന്നവർഗ്ഗങ്ങളെ മാത്രം നേതൃത്വത്തിലെത്തിയ്ക്കുമ്പോൾ ബീ ജേ പീ നേതൃനിരയിൽ ദളിതരും സ്ത്രീകളുമുൾപ്പെടെയുള്ള അടിച്ചമർത്തപ്പെടുന്നവർ മറ്റേതൊരു പാർട്ടിയേക്കാളും കൂടുതലാണ്. മനുസ്മൃതിയല്ല ഭീംസ്മൃതിയാണ് തങ്ങളുടെ ഭരണഘടനയെന്ന് അന്തസ്സോടെ പറഞ്ഞ് തന്നെയാണ് നാം നിൽക്കുന്നത്. ദളിത് ക്ഷേമത്തിനും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താനും വേണ്ടുന്നതെല്ലാം ചെയ്ത് തന്നെയാണ് ഈ ഗവണ്മെന്റ് നിൽക്കുന്നത്. ഈ കഴിഞ്ഞ ദിവസം മഹാത്മാ അയ്യങ്കാളി സ്കൂളിനും പഠന ഗവേഷണ കേന്ദ്രത്തിനായും 40.5 കോടി രൂപ അനുവദിച്ചതുൾപ്പെടെ.


ജാതി സംവരണം എന്തിനാണെന്നും അത് നിലനിർത്തേണ്ട ആവശ്യമെന്തെന്നും വീണ്ടും വീണ്ടും പറഞ്ഞ് തന്നെയാണ് ഈ ഗവണ്മെന്റ് നിലനിൽക്കുന്നത്.


എന്നാൽ കോൺഗ്രസോ? ഗുജറാത്തിലെ മുന്നോക്ക സമുദായമായ പട്ടേൽ വിഭാഗത്തിനേയും ഹരിയാനയിലെ മുന്നോക്കക്കാരായ ജാട്ട് സമുദായത്തേയും ഇളക്കി വിട്ട് അവർക്ക് സംവരണം വേണമെന്ന വാദമുയർത്തി കലാപങ്ങളുണ്ടാക്കി പിന്നോക്കസംവരണം എന്ന ആശയത്തെത്തന്നെ തുരങ്കം വയ്ക്കുകയാണ് അവർ ഇന്ന് ചെയ്യുന്നത്. ഹരിയാനയിൽ ജാട്ട് എന്ന സവർണ്ണ വിഭാഗത്തിനെ സംവരണം വേണമെന്ന് പറഞ്ഞ് കോൺഗ്രസ് മധ്യസ്ഥതയിൽ നടത്തുന്ന കലാപത്തിൽ ഇരുപത്തിയെട്ട് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളഴിച്ച് വിടാൻ പ്രമുഖ കോൺഗ്രസ് നേതാവ് നിർദ്ദേശം കൊടുക്കുന്ന ടെലിഫോൻ സന്ദേശം രാജ്യം മുഴുവൻ കണ്ടിട്ടും കേരളത്തിൽ ഒരു മാധ്യമവും അതേപ്പറ്റി ചർച്ചകൾ നയിയ്ക്കുന്നില്ല. ദുർഗാദേവി വേശ്യയാണോ എന്ന് സമർത്ഥിയ്ക്കുന്നതിലാണ് എല്ലാവർക്കും താൽപ്പര്യം. പട്ടേൽ വിഭാഗത്തിനു സംവരണം വേണമെന്ന് പറഞ്ഞ് ഇതേ പോലെ കലാപങ്ങളുണ്ടാക്കാൻ നോക്കിയ ഹർദിക് പട്ടേൽ എന്നയാളെ ഇന്ന് കോൺഗ്രസ്സാണ് പൊക്കിക്കൊണ്ട് നടക്കുന്നത്.


ദളിതരുടേയും മറ്റു അടിച്ചമർത്തപ്പെട്ടിരുന്ന വിഭാഗങ്ങളുടേയും സാമൂഹ്യാന്തസ്സ് ഉയരുന്നതിനായാണ്  സംവരണം ഉണ്ടായത് തന്നെ. ആ ആശയത്തെത്തന്നെ തുരങ്കം വയ്ക്കുന്ന നിലയിലുള്ള ഇത്തരം പ്രവർത്തനങ്ങൾ യാതൊരു ഉളുപ്പുമില്ലാതെ ചെയ്തിട്ട് മറുവശത്ത് ദളിത് സ്നേഹികളായി അവതരിയ്ക്കുകയാണിവർ ചെയ്യുന്നത്.


നമുക്ക് നിലവിളിമാമാമാരുടെ പുതിയ പ്രതീകമായ കന്നയ്യകുമാരനിലോട്ടും ജേ എൻ യൂവിലോട്ടും വരാം. ജേ എൻ യൂവിൽ  ‘കവിതാലാപനം’ നടത്താനെന്ന പേരിൽ അനുമതി വാങ്ങിയ പരിപാടിയിലാണ് ചില കഴുതകൾ  ഫെബ്രുവരി ഒൻപതാം തീയതി ഭാരതവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയത്.


രാജ്യത്തിലെ പരമോന്നതനീതിപീഠം പരമാവധി ശിക്ഷ നൽകിയ, ഭാരതജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് ആക്രമിച്ച് അവിടെയുള്ള സകലരേയും വകവരുത്താൻ പദ്ധതിയിട്ട, കൊടും തീവ്രവാദി മുഹമ്മദ് അഫ്സലിന്റെ ‘ഓർമ്മദിനം‘ ആചരിയ്ക്കുകയാണ് അവന്മാർ യഥാർത്ഥത്തിൽ ചെയ്തത്. ഒൻപത് ധീരസേനാംഗങ്ങളുടെ ജീവൻ ബലികഴിച്ച് ആ തീവ്രവാദികളെ അന്ന് തടഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോൾ വീരവാദമടിയ്ക്കുന്ന മാർക്സിസ്റ്റുകാരുൾപ്പെടേയുള്ള എം പീമാരെത്തന്നെ ആ കൊലയാളികൾ അന്ന് കൊലപ്പെടുത്തിയേനേ.  


മുഹമ്മദ് അഫ്സൽ എന്ന അഫ്സൽ ഗുരുവിനെ വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ ഈ ഇടതുലിബറലുകളെല്ലാം വലിയ കോലാഹലമുണ്ടാക്കിയിരുന്നു. ആദ്യം നമ്മൾ വിചാരിച്ചത്  തൂക്കിക്കൊലയ്ക്കെതിരേയാണ് ഈ ബഹളങ്ങളെല്ലാം എന്നാണ്. പരമാവധി ശിക്ഷയായി തൂക്കിക്കൊല്ലുന്നത് വേണമോ എന്ന് പുനർവിചിന്തനം ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ പതിയെയാണ് തൂക്കിക്കൊലയ്ക്കെതിരെയല്ല തീവ്രവാദിയെ മഹാനാക്കി ഉയർത്താനായിരുന്നു ഈ ബഹളങ്ങളെല്ലാം എന്ന് നമുക്ക് മനസ്സിലാവുന്നത്.


ജേ എൻ യൂവിൽ ഈ മുഹമ്മദ് അഫ്സലിനെ അനുകൂലിച്ച് പാക്കിസ്ഥാനു സിന്ദാബാദും, ഭാരതത്തെ തുണ്ടം തുണ്ടമാക്കുമെന്നും, കാശ്മീരിനു സ്വാതന്ത്ര്യവും എന്നൊക്കെ മുദ്രാവാക്യങ്ങൾ മുഴങ്ങിയപ്പോൾ ഈ വിഷയത്തിൽ കമ്യൂണിസ്റ്റു വാചകമടിക്കാർ ആദ്യം പറഞ്ഞ് ഗവണ്മെന്റിനെ വിമർശിയ്ക്കുന്നത് രാജ്യദ്രോഹമല്ലെന്നായിരുന്നു.


ഇന്ന് സഖാവ് സീതാറാം യെച്ചൂരി ചോദിയ്ക്കുന്നത് പാകിസ്ഥാനു സിന്ദാബാദ് വിളിച്ചാൽ എന്താണു കുഴപ്പം എന്നാണ്


ഭാരതവിരുദ്ധമുദ്രാവാക്യങ്ങളെ “ഗവണ്മെന്റിനെതിരേയുള്ള“ എന്ന ആട്ടിൻ തോലുമണിയിച്ച്, അഭിപ്രായസ്വാതന്ത്ര്യമെന്ന പളപളാമിന്നുന്ന ഉടുപ്പിനടിയിൽ ഒളിപ്പിച്ച് കടത്തുകയാണവന്മാർ ചെയ്തത്. ഭാരതത്തിനെതിരേ, ഭാരതമെന്ന ആശയത്തിനെതിരേ യാതൊരു തത്വദീക്ഷയും ഉത്തരവാദിത്തവുമില്ലാതെ മുദ്രാവാക്യങ്ങളും വാചാടോപങ്ങളുമായി കിടന്ന് അർമ്മാദിയ്ക്കുകയായിരുന്നാ രാജ്യദ്രോഹികൾ. കന്നയ്യ കുമാറിനേയും കൂട്ടരേയും തെളിവുകളുടെ അടിസ്ഥാനത്തിൽത്തന്നെ പോലീസ് അറസ്റ്റ് ചെയ്തു.


കന്നയ്യാകുമാരനെ ജാമ്യത്തിലിറക്കിയപ്പോൾ നിലവിളിമാമന്മാർക്ക് പുതിയ ചേഗുവേരയെ കിട്ടി. ബിജെപിക്കെതിരെ ഉയർത്തിക്കൊണ്ടു നടക്കാൻ ഇത്തരം കപടബിംബങ്ങളെ ഇടയ്ക്കിടെ അവർക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കണം. കുറച്ചു നാൾ മുന്നേ കേരളത്തിൽ അത് സ്വന്തം പെൺവാണിഭ ബിസിനസ് വിപുലപ്പെടുത്താൻ സംഘപരിവാർ വിരുദ്ധത നല്ലൊരായുധമായി കണ്ട രാഹുൽ പശുപാലനെന്ന ഒരു പിമ്പ് ആയിരുന്നു. കന്നയ്യനെന്ന പുതിയ ചെഗുവേര ജാമ്യം നേടി ഇറങ്ങിയപ്പോൾത്തന്നെ ബർഖാ ദത്തെന്ന നിത്യവിശുദ്ധ ഓടിയെത്തി അയാളെ ഇന്റർവ്യൂ ചെയ്തു. ഇതേ ബർഖാ ദത്ത് തന്നെയാണ് കഴിഞ്ഞ കോൺഗ്രസ് ഗവണ്മെന്റിന്റെ കാലത്ത് കോർപറേറ്റുകൾക്ക് താത്പര്യമുള്ളവരെ മന്ത്രിമാരാക്കാൻ നീരാറാഡിയയ്ക്കൊപ്പം ദല്ലാൾപ്പണി എടുത്തത് എന്ന് മറക്കരുത്.  


മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ട ഒരു കമ്യൂണീസ്റ്റ് തീവ്രവാദിയുടെ സകല രൂപവുമുള്ള ഒരുവനാണീ കന്നയ്യനെന്ന് ആ ഇന്റർവ്യൂ കണ്ടാൽ സകലർക്കും ബോധ്യമാവും.


ഈ കേരളത്തിൽ സീ പീ ഐ എന്ന പാർട്ടിയിൽ പ്രവർത്തിയ്ക്കുന്ന രാജ്യസ്നേഹികൾ തീർച്ചയായും തങ്ങളുടെ വിദ്യാർത്ഥിസംഘടനയായ ഏ ഐ എസ് എഫ് ന്റെ ജേ എൻ യൂ നേതാവിന്റെ മൊഴിമുത്തുകൾ കേൾക്കേണ്ടത് തന്നെയാണ്.  


അയാളുടെ ചില മൊഴിമുത്തുകൾ നോക്കുക: ‘ദേശീയത ഒരു പാശ്ചാത്യ ആശയമാണ്’.  ‘നക്സലേറ്റുകൾ പൊലീസിനെ ആക്രമിയ്ക്കുമ്പോൾ കൊല്ലപ്പെട്ടാൽ അവരെ രക്തസാക്ഷിയെന്നാണ് വിളിയ്ക്കേണ്ടത്‘.


1996നു ശേഷം ഇന്നേവരെ 7618 സാധാരണക്കാരും 2594 ധീരരായ പോലീസുകാരുമാണ് നക്സലേറ്റ് ആക്രമണങ്ങളിൽ ജീവൻ വെടിഞ്ഞത്. കേരളീയരുൾപ്പെടെ ഒരുപാട്പേർ ഉത്തരഭാരതത്തിൽ പല മേഖലകളിലും പിടി മുറുക്കിയിരിയ്ക്കുന്ന കമ്യൂണിസ്റ്റ് ഭീകരതയിൽ ക്രൂരമായി കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് എട്ടാം തീയതി ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്ന ശ്രീകുമാർ നായരെന്ന പാലക്കാട്ടുകാരനെ മാവോവാദികൾ വെടിവച്ച് കൊലപ്പെടൂത്തി. ബാലരാമപുരത്തുള്ള ലിഞ്ജു എന്ന ധീരനുൾപ്പെടെ അഞ്ചു സീ ആർ പീ എഫ് സേനാംഗങ്ങളെയാണ് നക്സലേറ്റ് എന്ന പേരിൽ നടക്കുന്ന കൊടും ക്രൂരന്മാർ മാർച്ച് മൂന്നാം തീയതി കൊന്ന് തള്ളിയത്.


ലോകത്തിനൊരു ഗുണവുമില്ലാതെ, സവിതാഭാഭി ഗുജറാത്തിയോ എന്നമട്ടിൽ ഗവേഷണം ചെയ്ത് ജനത്തിന്റെ നികുതിപ്പണം തിന്നുകൊണ്ടിരിയ്ക്കുന്ന ജേ എൻ യൂവിലെ വിപ്ളവവായാടികൾക്ക്, നക്സലുകൾ നീട്ടിത്തരുന്ന തോക്കെടുക്കണോ അതോ ജീവൻ വെടിഞ്ഞും സ്കൂളിൽപ്പോകണോ എന്ന് തീരുമാനിയ്ക്കേണ്ടിവരുന്ന ഝാർഖണ്ഡിലേയും ഛത്തീസ്ഗഡിലേയും നക്സലുകളുടെ അടിമസേനയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കാര്യമോർക്കണ്ട.


ബാൽ ദസ്തയെന്ന കുട്ടികളുടെ മാവോവാദി സേനയിൽ ചേർന്നില്ലെങ്കിൽ ആ കുഞ്ഞുങ്ങളെ നക്സലുകൾ കൊല്ലും. അവർക്ക് സ്കൂളിൽപ്പോകാനാകില്ല. സ്വന്തമായൊന്നും ചെയ്യാനാകില്ല. മാവോവാദി സേനയിൽ കുട്ടികളെ ചേർത്തില്ലെങ്കിൽ കുടുംബത്തെയാകെ ‘ഉന്മൂലനം‘ ചെയ്യും. അന്നാട്ടിലെ പാവപ്പെട്ട ഗ്രാമീണർ മാവോവാദികളുടെ ബന്ദികളായാണ് തങ്ങളുടെ ജീവിതം കഴിയ്ക്കുന്നത്.


താലിബാനികളുടെ മുന്നിൽ നിന്ന് സ്കൂളിൽപ്പോകണമെന്ന് പറഞ്ഞതിനു വെടികൊണ്ട ധീരയായ മലാല യൂസഫ്സായിയെ ലോകമറിഞ്ഞു. മാവോവാദികളുടെ തോക്കിനിരയാകുന്ന ഇവരെ ആരറിയുന്നു!


എന്നാൽ ഈ കന്നയ്യകുമാരൻ ഡൽഹിയുടെ സുരക്ഷയിൽ  നിലമിളിമാമാമാരുടെ വെൺപ്രഭയിൽ സുഖിച്ചിരുന്ന് വാചാടോപങ്ങളടിയ്ക്കുന്ന അതേ സമയത്ത് നക്സലാവണ്ട സ്കൂളിൽപ്പോയി പഠിയ്ക്കണമെന്ന് പറഞ്ഞതിനു മാവോവാദികൾ വെടിവച്ച് കൊന്ന സഞ്ജീതാ കുമാരിയെ അവനറിയുമോ? ആ കുട്ടി അയാളുടെ കംമ്യൂണിസ്റ്റു കണക്കിനു ‘ഡിഫക്ടർ‘ ആയിരിയ്ക്കുമല്ലോ. അവർക്കെന്താണ് കമ്യൂണിസത്തിൽ ശിക്ഷ? ഒളിച്ചോടിയാൽ ശിക്ഷ തലയിലൂടെ വെടിയുണ്ടയെന്ന്  തന്നെയല്ലേ  വിപ്ളവവായാടികളുടെ ആരാധ്യപുരുഷനായ ചെഗുവേരയും പ്രവർത്തിച്ചിരുന്നത്!


ഈ നിലവിളി മാമാമാരുടെയും വിപ്ളവവായാടികളുടേയും അവരുടെ ചരടുവലിയ്ക്കുന്ന കുടൂംബവാഴ്ചമാഫിയയുടേയും വിചാരം ജനങ്ങൾ പൊട്ടന്മാരാണെന്നാണ്. ബീജേപീ അധികാരത്തിലെത്തില്ലയെന്ന് ബെറ്റുവച്ച് നടന്നവന്മാർക്ക് ഒട്ടും സഹിയ്ക്കുന്നില്ല.


ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. അവസാനം സഹികെട്ട ജനത്തിന്റെ വികാരമെന്നവണ്ണം അനുപം ഖേർ ഒരു പ്രസംഗത്തിൽ സകലവനേയും പൊളിച്ചടുക്കി.


 
വെറുപ്പ് വിതച്ച് രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിയ്ക്കുന്ന സകലവന്റേം വായടപ്പിയ്ക്കുന്ന നിലയിലാണ് അനുപം ഘേർ സംസാരിച്ചത്.


ജനങ്ങൾ പൊറുതിമുട്ടിയിരിയ്ക്കുന്നു, ഇവന്മാരുടെ ഈ കള്ളത്തരങ്ങൾ കണ്ട്.


ജനങ്ങൾക്ക് സഹിയ്ക്കവയ്യാതെയായിരിയ്ക്കുന്നു ഈ യുക്തിരഹിത വാചകമടികൾ  കണ്ട്.


വികസനവും സഹിഷ്ണുതയും മാത്രം മുന്നിൽ നിർത്തി മുന്നോട്ട് പൊയ്ക്കൊണ്ടിരിയ്ക്കുന്ന, രാഷ്ട്രത്തെ അസൂയാവഹമായ നിലയിൽ മുന്നോട്ട് ചലിപ്പിയ്ക്കുന്ന, ഒരു അഴിമതിയോ, കുറ്റമോ കുറവുകളോ കണ്ടെത്താനാവാത്ത ഗവണ്മെന്റിനെതിരെ ഇതുമാതിരി കള്ളപ്രചരണങ്ങളും പ്രൊപ്പഗാണ്ടകളും ഗീബൽസിയൻ തന്ത്രങ്ങളും രാഷ്ട്രമെന്ന വിചാരത്തിനു തന്നെ തുരങ്കം വയ്ക്കാവുന്ന നിലയിലുള്ള പ്രവർത്തനങ്ങളും കണ്ട് സഹികെട്ട,
ഇവിടത്തെ സകലശ്രേണിയിലുമുള്ള ഭാരതീയൻ ഇതിനി സഹിയ്ക്കാനാവില്ല എന്ന് തീർച്ചപ്പെടുത്തിയതിന്റെ ബഹിർസ്ഫുരണമായിരുന്നു അനുപം ഖേറിന്റെ പ്രസംഗവും അതിനു ലഭിച്ച സ്വീകാര്യതയും.


ഭാരത ദേശത്തിനെ മാത്രമല്ല ഇവിടത്തെ പൗരാണികമായ സകലതിനേയും വെറുക്കുന്ന ബ്രെഡ്ബട്ടർ അപ്പോസ്തലന്മാരുടെ കൂട്ടത്തെ ജനത ഒറ്റപ്പെടുത്തുമെന്നും ഇവന്മാരുടെ നാടകങ്ങളിലൊന്നും സാധാരണ ജനങ്ങൾ വീഴില്ലെന്നും വീണ്ടും വീണ്ടും തെളിയിയ്ക്കുന്നതായിരുന്നു അത്.


സുഖശീതളിമകളിലിരുന്ന് വിപ്ളവം പ്രസംഗിയ്ക്കുന്ന കോൺഗ്രസിന്റെ കൂട്ടിക്കൊടുപ്പുകാരായ നിലവിളിമാമാമാർ പടച്ചുവിടുന്ന മോദീവിരുദ്ധതയും അതിനുവേണ്ടി ചെയ്ത്കൂട്ടുന്ന, ദേശത്തെപ്പോലും അസ്ഥിരപ്പെടുത്തുന്ന കള്ളത്തരങ്ങളും അവരെത്തന്നെ തിരിഞ്ഞുകൊത്തുന്ന കാലം വിദൂരമല്ലെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിയ്ക്കും.


ജനം ഇതെല്ലാം കാണുന്നുണ്ട്.


ഭാര്യ പറഞ്ഞതുകൊണ്ട് ഭാരതം മോശമായെന്നും സ്വദേശത്ത് ഭീകര അസഹിഷ്ണുതയാണെന്നും തട്ടിവിട്ട ഒരു നടനതാരത്തിനു പുറം തിരിഞ്ഞ് കാണിച്ചു കൊടുത്തു  ഭാരതജനത എന്ന് ഈ നിലവിളി മാമാമാർ ഓർത്തിരിയ്ക്കുന്നത് നന്ന്..


ഇരുപത്തിയെട്ടു വയസ്സും ജെ എൻ യൂവിൽ ചിലവഴിച്ച പതിമൂന്ന് കൊല്ലവും കഴിഞ്ഞ് സ്വാന്തന്ത്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ഒന്നാം ക്ളാസ് വിപ്ളവവായാടികൾക്ക് സഞ്ജീതാ കുമാരിയെയറിയണ്ട, മാവോവാദികൾക്ക് വിടുപണി ചെയ്താൽ മതി, കാശ്മീരി പണ്ഡിറ്റിനെയറിയണ്ട കാശ്മീർ കീ ആസാദി അറിഞ്ഞാൽ മതി, അവനു ഭാരതമെന്തെന്നറിയണ്ട, ഭാരതത്തെ തുണ്ടം തുണ്ടമാക്കിയാൽ മതി.


കഴിഞ്ഞ ദിവസം ലോക്സഭയിൽ ഈ മാധ്യമപിമ്പുകളുടെ പൊന്നോമനയായ,  ഒരു മഹാൻ "പ്രധാനമന്ത്രിയല്ല രാഷ്ട്രം, രാഷ്ട്രം അല്ല പ്രധാനമന്ത്രി" എന്ന് ആരോ എഴുതിക്കൊടുത്ത വാചകം തത്ത പറയുമ്പോലെ ഉരുവിടുന്നത് കണ്ടു.  ആ വാചകത്തിന്റെ മൂലം എവിടന്നു വന്നു എന്നു മനസ്സിലാക്കാനുള്ള ബോധം പോലും അയാൾക്കില്ലാത്തതുകൊണ്ട് ചരിത്രമറിയുന്നവർക്ക് അത് വലിയൊരു തമാശയായി.


"ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ" എന്ന് അണികളെക്കൊണ്ട് പാടിച്ച്  അടിയന്തിരാവസ്ഥയിൽ ഇയാളുടെയൊക്കെ അമ്മൂമ്മ ഈ ഭാരതദേശത്തിലെ ജനാധിപത്യമില്ലാതെയാക്കി, തികഞ്ഞ ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ സൃഷ്ടിച്ചപ്പോൾ, അവർക്ക് വിടുപണി ചെയ്തുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യാ എന്ന കനയ്യകുമാറിന്റെ മാതൃസംഘടനയിലെ ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു കേരളത്തിൽ. തന്റെ മകനെ പിടിച്ചുകൊണ്ടുപോയി കൊന്ന് കളഞ്ഞതറിയാതെ അവനെയും അന്വേഷിച്ച് നടന്ന ഈച്ചരവാരിയർ എന്ന ഒരു വൃദ്ധപിതാവിനെ ‘അറിയില്ല‘ എന്ന് പറഞ്ഞ ‘മഹാത്മാവ്’.


ആ ശ്രേണിയിലേക്ക് തികച്ചും ‘യോഗ്യൻ’ തന്നെ പഠിയ്ക്കാൻ പോകണമെന്ന് പറഞ്ഞ ഇരുപത്‌ വയസ്സുകാരിയെ യാതൊരു തത്വദീക്ഷയുമില്ലാതെ തലയിലൂടെ വെടിയുണ്ട പായിച്ച് കൊന്ന് തള്ളിയ പ്രസ്ഥാനത്തിനു വേണ്ടി വാചാടോപം മുഴക്കുന്ന ഈ കുമാരൻ. പക്ഷേ ഇയാൾ സുഖമായി മാവോവാദികളെ രക്തസാക്ഷികളാക്കാൻ വാദിയ്ക്കുമ്പൊ പതിമൂന്ന് കൊല്ലമായി ജേ എൻ യൂ ൽ ‘പഠിയ്ക്കുന്ന‘ ഇയാളുടെ ‘പഠന‘ ത്തിനു ആരും എതിർപ്പ് പറയാനില്ല. അയാൾക്ക് നല്ല സുഖവുമാണ് സുരക്ഷിതവുമാണ്. ഈ സുരക്ഷിതത്വം കിട്ടുന്നത് മാവോവാദികളുടെ വെടിയുണ്ടകൾക്ക് മുന്നിൽ, ഇവന്റെ കപടവിമർശനം ഏറ്റുവാങ്ങുന്ന പോലീസ് സേനാംഗങ്ങൾ ജീവൻ വെടിഞ്ഞിട്ടാണെന്ന് ഇവൻ ഓർക്കില്ല.


ഭാരതത്തിന്റെ ഒരിഞ്ചുപോലും വിട്ടുപോകാതെയിരിയ്ക്കാൻ അതിർത്തിയിൽ ജവാന്മാർ മരിച്ചുവീണുകൊണ്ടിരിയ്ക്കുമ്പോൾ ഭാരതത്തിനെ തുണ്ടം തുണ്ടമാക്കുമെന്ന് ഒരു സർവകലാശാലയിൽ മുദ്രാവാക്യം വിളിച്ചവർ മഹാന്മാരാണു ചിലർക്ക്. മാവോവാദികൾ സാധാരണക്കാരേയും കൊച്ചുകുട്ടികളേപ്പോലും കൊന്ന് തള്ളുമ്പോൾ മാവോവാദികളെ രക്തസാക്ഷികളാക്കാൻ നാവിട്ടലയ്ക്കുന്നവർ യുവജനതയുടേ പ്രതീക്ഷകളാണ് ചിലർക്ക്, ഉണ്ടായയന്ന് അർദ്ധരാത്രിമുതൽ, സ്വയം നശിച്ചാലും വേണ്ടില്ല ഭാരതം തകർന്നാൽ മതിയെന്ന നിലയിൽ പ്രവർത്തിയ്ക്കുന്ന പാകിസ്ഥാൻ സിന്ദാബാദാണു ചിലർക്ക്. ത്രീജീയും ടൂജീയും കൽക്കരിയും ധാതുക്കളുമൊന്നും വിറ്റുണ്ണാൻ കഴിയാത്തതിന്റെ കൊതിക്കെറുവാണ് ചിലർക്ക്. ഭാരതത്തിന്റെ ജനഗണകോടികൾ വികസനമനുഭവിയ്ക്കുന്നത് ഇവർക്ക് ഭയമാണ്.  ഐക്യവും ശക്തവും അഖണ്ഡവുമായ ഭാരതം ഇവർക്ക് ഭയമാണ്.




പക്ഷേ വികസനമന്ത്രവുമായി,  അഖണ്ഡ ഭാരതമായി, ഉരുക്കു സിരകളും ഇരുമ്പുപേശികളും മനസ്സിൽ മിന്നൽപ്പിണരുമായി ഇന്നാട്ടിലെ അടിസ്ഥാനവർഗ്ഗം ഉയർത്തെണീറ്റ് കഴിഞ്ഞു. സിംഹഗർജ്ജനം മുഴക്കിക്കഴിഞ്ഞു. കുറച്ച് വിശുദ്ധരെ ഉണ്ടാക്കിയല്ല, ജനാധിപത്യത്തിന്റെ ശാക്തീകരണത്തിൽ നിന്ന് തുല്യ അവസരങ്ങൾ ഉണ്ടാക്കുന്നതിലൂടെ , ആർഷപുരാതനമായ അഹിംസാശക്തിയാർജ്ജിച്ച്  ലോകത്തിനു മുഴുവൻ അഹിംസാമന്ത്രം നൽകി രക്തം രക്തത്തെ മുന്നോട്ട് പോകാൻ വിളിയ്ക്കുകയാണ് . എല്ലാ ഭേദഭാവനകൾക്കുമുപരിയായി മാതൃരാജ്യത്തിനെ അമ്മയെപ്പോലെ സ്നേഹിയ്ക്കുന്ന കോടിക്കണക്കിനു ജനങ്ങൾ ഉണർന്ന് കഴിഞ്ഞു. ലോകത്തിനു തന്നെ മാതൃകയാവാൻ ഭാരതം ഒരുങ്ങിക്കഴിഞ്ഞു. ഗുരുപരമ്പരയുടെ ചൈതന്യം മുഴുവൻ നമ്മളോടൊപ്പമുണ്ട്. അവസാനശ്വാസം വരെയും ഈ നാടിന്റെ ഒരു തുള്ളിയെപ്പോലും നശിപ്പിയ്ക്കാനനുവദിയ്ക്കാതെ ജീവൻ വെടിഞ്ഞും പോരാടാൻ മഹാ ത്യാഗികളുടെ  വീര്യം മുഴുവൻ നമ്മളോടൊപ്പമുണ്ട്.


ഇനിയും  ഇതിന്റെ മാർഗ്ഗം മുടക്കുവാൻ, കോടികോടി പുരുഷാന്തരങ്ങളിൽക്കൂടി നേടിയ ആർജ്ജവത്താൽ ശിരസ്സുയർത്തിപ്പായുന്ന ഭാരതമഹിമയെ തടയിടാ‍ൻ ഒരു കള്ളപ്രചരണങ്ങൾക്കും കഴിയില്ല. ഭാരതം മുന്നോട്ട് തന്നെ പോകും.


വന്ദേ മാതരം! ജയ് ഹിന്ദ്!

Tuesday, March 08, 2016

കൊലപാതക രാഷ്ട്രീയം

ചോര കണ്ടാൽ തലചുറ്റുന്നത് കൊണ്ടല്ല അത് ക്രോപ്പ് ചെയ്ത് മാറ്റിയത്. ഒഴിഞ്ഞ് കിടക്കുന്ന ആ ചെരിപ്പുകളും ഓട്ടോയും സ്കൂൾബാഗുകളുമൊക്കെ മതി ഈ ദൃശ്യത്തിന്റെ ക്രൂരത മനസ്സിലാക്കാൻ എന്നതുകൊണ്ടാണ്.

നമുക്കെന്ത്കൊണ്ടാണ് അഭിപ്രായവ്യത്യാസങ്ങൾ അംഗീകരിച്ച് ജീവിയ്ക്കാനാകാത്തത്?

നമുക്കെന്ത്കൊണ്ടാണ് കൊന്നാൽ നഷ്ടമേയുള്ളൂ എന്ന് മനസ്സിലാകാത്തത്?

നമുക്കെന്ത്കൊണ്ടാണ് ഒരു സാംസ്കാരികൗന്നത്യമുള്ള സമൂഹമായി, സമാധാനമായി ജീവിയ്ക്കാനാകാത്തത്?

വഴിയരികിലും, ബസ്റ്റാൻഡിലും ബസിലും എന്തിനു വീടിനകത്തും പള്ളിക്കൂടങ്ങളിലും അമ്മമാരുടേയും പിഞ്ചുകുഞ്ഞുങ്ങളുടേയും മക്കളുടേയും മുന്നിൽ വച്ച് പോലും ക്രൂരമായി കൊലചെയ്യപ്പെടേണ്ടി വരുന്നത് എന്ത്കൊണ്ടാണ്?

മരണത്തിൽ നിന്ന് ഭാഗ്യത്തിനു മാത്രം രക്ഷപെട്ട ശ്രീ. ബിജു പെട്ടെന്ന് സുഖപ്പെടട്ടെ. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിയ്ക്കപ്പെടട്ടെ.

ജീവൻ വെടിഞ്ഞവരെയോർത്തുള്ള ദുഃഖം ഒരിയ്ക്കലും ഇല്ലാതെയാവുന്നുമില്ല.

എന്നാലും ഇനിയെങ്കിലും ഇതൊന്നവസാനിപ്പിയ്ക്കാൻ എന്താണു ചെയ്യാനാവുക എന്ന് ചിന്തിയ്ക്കാൻ സമയമായില്ലേ?

നമുക്ക് വേണ്ടിയല്ല, ഇതൊക്കെ കണ്ട് വളരുന്ന ആ തൂക്കിയിട്ടിരിയ്ക്കുന്ന വെള്ളക്കുപ്പികളുടെ ഉടമകൾക്ക് വേണ്ടി?