Tuesday, March 22, 2016

ലഹരി

ഒരു സമയത്ത് മലയാള സിനിമ തുറന്നാൽ മുഴുവൻ വെള്ളമടിയായിരുന്നു. കുപ്പിതുറക്കുക വായിലോട്ട് നേരിട്ടൊഴിച്ച് ആളാവുക വീണ്ടും തുറക്കുക ഒഴിയ്ക്കുക വീരത്തം കാണിയ്ക്കുക. ഏത് സീനിലും ഗ്ളാസിൽ ഐസ് വീഴുന്നു വിസ്കിയൊഴിയ്ക്കുന്നു കുടിയ്ക്കുന്നു എന്ന നിലയിൽ. മദ്യപാനത്തിന്റെ പലവഴികൾ സിനിമയിൽക്കൂടി നമ്മൾ കണ്ടിട്ടുണ്ട്.

ഫെർമന്റഡ് ബെവറേജസ് എന്ന നിലയിൽ നാം കാണുന്ന സോഫ്റ്റ് ബെവറേജസ് (കള്ള്, ബിയർ, വൈൻ മുതലായവ) കുടിയ്ക്കുന്ന അത്യാവശ്യം ആരോഗ്യകരമായ മദ്യപാനശീലം മാറ്റി (അത്യാവശ്യം എന്നത് വായിക്കണേ) സ്പിരിറ്റ് കുപ്പീന്ന് നേരിട്ട് കുടിയ്ക്കുന്ന പ്രക്രിയയാക്കുന്നതിൽ സിനിമ നല്ലോണം സഹായിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ ശ്രീനിവാസനും മോഹൻലാലും മമ്മൂട്ടിയുമൊക്കെ സിനിമ അങ്ങനെയല്ല വർക്ക് ചെയ്യുന്നതെന്ന് പറയാൻ ഉപയോഗിയ്ക്കുന്ന വഴുക്കൽന്യായങ്ങളൊക്കെ ഓർമ്മ വരും.

ഇപ്പം കുടിയ്ക്കുന്നവനും കുടിയ്ക്കാത്തവനുമൊക്കെ ചെറുപ്രായത്തിൽ കരളടിച്ച്പോയി ചാവുന്നത് ഒരു ഫാഷനായിരിയ്ക്കുകയാണ്. ആൽക്കഹോളിസം കുടുംബങ്ങളേയും വ്യക്തികളേയും സമൂഹത്തെയാകമാനം നശിപ്പിയ്ക്കുന്ന ഒരു ഭീകരതയായി ഇങ്ങനെ തൂങ്ങി നിൽക്കുന്നു. ആരോഗ്യപ്രശ്നമല്ല മാനസികവും സാമൂഹ്യവുമായ പ്രശ്നമാണ് സഹിയ്ക്കാനാവാത്തത്. മദ്യം ലോകത്തൊരിടത്തും ഇതുപോലെ ഉപയോഗിയ്ക്കുന്നുണ്ടാവില്ല.

വിദേശരാജ്യങ്ങളിലൊക്കെ സിഗററ്റിനെ പടിയടച്ച് പിണ്ഡം വച്ചെങ്കിലും ഏത് കുഞ്ഞിനും സൂപ്പർമാർക്കറ്റിൽ മദ്യക്കുപ്പികളുടെയിടയിൽ നിന്ന് വളരാം. പക്ഷേ സംസ്കാരത്തിന്റെ ഭാഗമായി മദ്യത്തെ ആഘോഷിയ്ക്കുന്നതുകൊണ്ടാവണം സെക്സിലെന്ന പോലെ മദ്യത്തിന്റെ ഉപയോഗത്തിനും ഒരു സംസ്കാരം അവിടെയൊക്കെ ഉരുത്തിരിഞ്ഞിട്ടുണ്ട്.

നമ്മൾ ഒരു വഴിയ്ക്ക് മദ്യത്തിനെ അതിഭീകരനാക്കുമ്പൊ മറുവഴിയ്ക്ക് മദ്യത്തെ ദുരുപയോഗം ചെയ്യുന്നു. വീട്ടിൽ പൊതുവിടങ്ങളിൽ മദ്യത്തിനെ ഡെമണൈസ് ചെയ്യുമ്പോൾ, മദ്യത്തെ നിരോധിയ്ക്കുകയും രാക്ഷസനാക്കുകയുമൊക്കെ ചെയ്യുമ്പോൾ മദ്യപനെ ആഘോഷിയ്ക്കുന്ന വല്ലാത്തൊരു വൈരുദ്ധ്യം, കപടത.

മറ്റെല്ലാമെന്നപോലെ മദ്യവും ഉപയോഗിയ്ക്കാനുള്ളതാണ്. വേണ്ടവർക്ക് കഴിയ്ക്കുന്നതിൽ ഒരു കുഴപ്പവുമില്ല. പക്ഷേ എന്തുമെന്ന പോലെ അമിതമാവുമ്പോൾ മദ്യം കീടനാശിനിയാവും. പിന്നെ എഥനോളോ മെഥനോളോ  ബാബുവോ മുരുഗനോ എന്നൊന്നുമറിയാതെ നമ്മൾ രക്തം ഛർദ്ദിയ്ക്കും. മദ്യത്തെപ്പറ്റി സംസാരിയ്ക്കാതെ ടാബൂ ആക്കിവച്ച് മദ്യപനെ മാത്രം ആഘോഷിയ്ക്കുമ്പോഴുണ്ടാകുന്ന കുഴപ്പമതാണ്.

ഈയിടെയായി സിനിമകളിൽ മദ്യമില്ല. കഞ്ചാവാണ്. അതിനേയും അമിതഗ്ളോറിഫൈ ചെയ്ത് ഭാംഗിനു പകരം സ്കങ്ക് വലിച്ച് കയറ്റുന്ന വിപ്ളവകാരികളെ വീണ്ടും വീണ്ടും കാണുന്നു. കാണിയ്ക്കുന്നു . കഞ്ചാവിനു വേണ്ടി കടൽ കടന്ന് മറിയുകയാണ് കൂത്താട്ടങ്ങൾ. കഞ്ചാവിൽ നിൽക്കില്ല. കറുപ്പ് ഹെറോയിനെന്ന പോലെ കഞ്ചാവ് പതിയെ മറ്റു പ്യൂരിഫൈ ചെയ്ത മറ്റു രൂപങ്ങളിലേക്ക് വഴിമാറും.

അമേരിയ്ക്കയിലെ സ്വാഭാവികവാസികൾ (റെഡ് ഇൻഡ്യാക്കാർ) പുകയില ഉപയോഗിച്ചു വന്നിരുന്ന പോലെ ഭാംഗ് അഥവാ കന്നബിസ് ഇൻഡിക്ക (Cannabis indica) വച്ചുണ്ടാക്കുന്ന നല്ല രസമുള്ള സംഭവങ്ങൾ ഭാരതസംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. ഇന്നും ഹോളീ ആഘോഷങ്ങൾക്ക് ഉത്തരേന്ത്യയിലെത്തിയാൽ ആൺ പെൺ വ്യത്യാസമില്ലാതെ ഭാംഗ് ഉപയോഗിച്ച് ഹോളീ ആഘോഷിയ്ക്കുന്നവരെ കാണാം. എന്നാൽ ആധുനിക സമൂഹത്തിൽ അത്തരം സാംസ്കാരികമായ നിലനിൽപ്പുകൾക്ക് ആശ്രയമില്ല. എന്തിനേയും അമിതോപയോഗം ചെയ്യുകയെന്നത് എന്തിനേയും വ്യഭിചരിയ്ക്കുക എന്നത്പോലെതന്നെ ഒരു സംസ്കാരമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. അതിനെയാണ് നമ്മൾ അഡ്രസ്സ് ചെയ്യേണ്ടത്.

അല്ലാതെ കാടടച്ചുള്ള നിരോധനങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്കേ വഴിതെളിയ്ക്കൂ എന്ന് വ്യക്തമായി ശാസ്ത്രം പത്തിരുനൂറു കൊല്ലങ്ങളായി തെളിയിച്ച് കൊണ്ടിരിയ്ക്കുന്നു. ഇനിയും അത് കാണുന്നില്ലെന്ന് വരുന്നത് കള്ളത്തരമല്ലാതെ ഒന്നുമല്ല.

ഫെർമന്റഡ് ഡ്രിങ്ക്സ് കേരളത്തിൽ ഡിസ്റ്റിൽഡ് അഥവാ ഹോട്ട് ഡ്രിങ്ക്സിനു വഴിമാറിയത് പോലെ തന്നെയാണ് ഭാംഗോ, ശിവമൂലിയോ ചരസ്സിനും ഹാഷിഷിനുമൊക്കെ മാറുന്നത്.

സിനിമാക്കാർ നന്നാവില്ല. പണം അമിതമായി വലിച്ചെറിയപ്പെടുന്ന ഏരിയയാണ്. എന്നാൽ വീടുകളിൽ കുഞ്ഞുങ്ങളിപ്പൊ കഞ്ചാവ്പുരാണം അടിച്ച് വിട്ടാൽ അവനെ പണ്ട് മദ്യത്തിൽ ചെയ്തതെന്നപോലെ ചീത്തവിളിയ്ക്കുകയും ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയുമൊക്കെ ചെയ്താൽ യാതൊരു സംശയവുമില്ല,  അവർ അതിന്റെ അടിമയാകും.

ഹൃദയമുള്ള ബന്ധങ്ങളും സൗഹൃദങ്ങളും ഉറ്റവരുമൊക്കെയാകുമ്പൊ ഒരഡിക്ഷനും നിലനിൽക്കില്ല. നമ്മോട് കള്ളം പറയണ്ടാത്ത നിലയിൽ ബന്ധങ്ങൾ തുറന്നതാക്കിയാൽ ആ ബന്ധങ്ങൾക്ക് മൂല്യമേറും. ആ സാഹചര്യങ്ങളൊരുക്കാൻ അഡീക്ടിനും സമൂഹത്തിനും കൂട്ടുത്തരവാദിത്തമാണുള്ളത്.

മദ്യ മയക്കുമരുന്നുകളെപ്പറ്റി ശാസ്ത്രീയമായ വിവരങ്ങൾക്ക് പ്രാമാണികവും ആധികാരികവുമായ ഒരു വെബ്സൈറ്റ് പരിചയപ്പെടുത്തുന്നെന്നേ ഉള്ളൂ. ഇനി സിനിമകൾ ഈ രിതിയിൽ പോവുകയാണേൽ ഇത്തരം സൈറ്റുകൾ നമ്മുടെയൊക്കെ വീടുകളിൽത്തന്നെ അധികം താമസിയാതെ ആവശ്യം വന്നേക്കും.

http://www.talktofrank.com/

പിയെസ്: ഫെർമന്റഡ് ഡ്രിങ്ക്സ് സ്പിരിറ്റുകളേക്കാൾ മെച്ചമെന്ന വാദത്തിൽ മല്ലയ്യമാമൻ കാരുണ്യത്തോടെ ഉണ്ടാക്കിത്തരുന്ന എട്ടും പത്തും ശതമാനം വീര്യമുള്ള ഫോർട്ടിഫൈഡ് സാധനങ്ങൾ പെടില്ല. അത് ബിയറല്ല. വേറെന്തോ സാധനമാണ്. ഒരു ഹോം ബ്രൂവർ എന്ന നിലയിൽ ആ സാധനത്തിനെ ബിയറെന്ന് വിളിച്ചാൽ എന്റെ ബ്രൂവിങ്ങ് ചാത്തന്മാർ എന്നെ ശപിയ്ക്കും.

No comments:

Post a Comment