Sunday, February 28, 2016

സോഷ്യൽ എഞ്ചിനീയറിങ്ങ്

ഒരു പഴയ കഥയാണ്. വാർത്തകളും അവലോകനങ്ങളും നാടകങ്ങളും സിനിമകളുമെന്ന പേരിലൊക്കെ നമ്മുടെ മുന്നിലെത്തിന്ന ഇൻഫർമേഷൻ എത്രത്തോളം ട്വിസ്റ്റഡ് ആണെന്നുള്ളതിനൊരുദാഹരണം.

ബ്രിട്ടീഷ് പബ്ളിഷിങ്ങ് ഹൗസുകൾ പണ്ടുമുതലേ പ്രൊപ്പഗാണ്ട മാത്രം എഴുതുന്നവരാണ്. സത്യം അവരുടെ അടുത്ത് കൂടെപ്പോലും പോയിട്ടില്ല. അത് ഗാർഡിയൻ ആയാലും ടൈംസ് ആയാലും കേംബ്രിഡ്ജ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസുകൾ, ബീ ബീ സീ ആയാലും. സമയത്ത് ഉപയോഗിയ്ക്കാൻ അവർ ഒരു നൂറുകൊലം മുന്നേക്കണ്ട് കാര്യങ്ങൾ എഴുതും. എറിച്ചാലെറീച്ചു അത്രതന്നെ. ഇതേ ലവന്മാർ തിരിച്ചും എഴുതും. എസ്പിയൊണാജിനു പോലും അവന്മാർ ഈ ടൂളുകളാണ് ഉപയോഗിയ്ക്കുക.

ഒരുദാഹരണം പറയാം. യെസ് മിനിസ്റ്റർ, യെസ് പ്രൈം മിനിസ്റ്റർ എന്നീ രണ്ട് വളരെ ഫേമസ് ആയ സിറ്റ് കോം ഉണ്ടാരുന്നു. ഞാൻ അതിന്റെ ഒരു കട്ട കട്ട ഫാൻ ആണ്. രാഷ്ട്രീയം ഇഷ്ടപ്പെടുന്നവരെല്ലാം കണ്ടിരിയ്ക്കേണ്ട സാധനമാണു കേട്ടോ. എന്തായാലും 1988 ലാണു ആതിന്റെ അവസാന എപ്പിസോഡ് വന്നത്.
പെട്ടെന്ന് 2010 ൽ അതിന്റെ അടുത്ത ഭാഗമായി അല്ലെങ്കിൽ സീക്വൽ ആയി പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെച്ചേർത്ത് ഒരു നാടകം അവതരിപ്പിയ്ക്കുന്നു എന്ന് അറിയിപ്പ് വന്നു. പഴയ നടന്മാരെല്ലാം മിക്കവരും മരിച്ചുപോയി. എഴുത്തുകാരാന്നേ നല്ല വയസ്സുമായി. നടന്മാർ പുതിയവരെ വച്ചാണ് നാടകം. ഞാനും ടിക്കറ്റ് വാങ്ങിച്ച് പോയി. ലണ്ടനിൽ. നമ്മുടെ നാട്ടിലെ സിനിമ പോലെ ഇവിടെ സ്ഥിരം നാടകം പ്രദർശിപ്പിയ്ക്കുന്ന തീയറ്ററുകളുണ്ട്. September 2010 ൽ നാടകം റിലീസ് ആയി ഏതാണ്ട് 2011 പകുതി വരെയൊക്കെ ഓടി.

നാടകം തുടങ്ങിയപ്പോഴേ കല്ലുകടി ഉണ്ടാരുന്നു. ഏതോ ഒരു സാങ്കൽപ്പിക രാജ്യത്തെ (അറബ് എന്ന് തോന്നിയ്ക്കുന്ന പേർ. കുമ്രാനിസ്ഥാൻ) 'പ്രീമിയർ' യൂ കേ വിസിറ്റ് ചെയ്യുന്നതും, അയാൾ ഡീലുകളിൽ ഒപ്പിടാൻ വേണ്ടി ബ്രിട്ടീഷ് പ്രൈം മിനിസ്റ്റർ മാമാപ്പണി ചെയ്യണമെന്ന് വരെ അതും വെള്ളക്കാരികളായ കൊച്ചു കുട്ടികളെ കൊടുക്കാൻ വരെ ആവശ്യപ്പെടുന്നെന്നും, ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ മൗനാനുവാദത്തോടെ അതിനൊക്കെ ശ്രമിയ്ക്കുന്നു എന്നൊക്കെയുമാണ് നാടകം. പൊതുവേ ഈ നാടകം കാണാൻ പോകുന്നത് മുഴുവൻ പത്രക്കാർ രാഷ്ട്രീയക്കാർ ഒക്കെയാവുമല്ലോ. വിഷയം ഇതായത് കൊണ്ട്. എല്ലാവരും ആർത്തട്ടഹസിച്ച് ചിരിയ്ക്കുന്നു.

ഈ പിഡോഫീലിയ പ്രത്യേകം ഓർത്തിരിയ്ക്കേണ്ട കാര്യമാണ്. പണ്ടൊക്കെ ആരെയെങ്കിലും ഭീകരമായി ഇമേജ് ടാർണിഷ് ചെയ്യണമെങ്കിൽ ഈ വെസ്റ്റേൺ ടീമുകൾ ചെയ്തിരുന്നത് അവർ ഹോമോസെക്ഷ്വൽ ആണെന്ന് എഴുതുകയാണ്. വീര സവർക്കർ, മഹാത്മാഗാന്ധി, രവീന്ദ്രനാഥടാഗൂർ, വിവേകാനന്ദസ്വാമികൾ, ശ്രീരാമകൃഷ്ണദേവൻ ഒക്കെ ഹോമോസെക്ഷ്വൽ ആണെന്ന് എത്രയോ പുസ്തകങ്ങൾ വന്നിരിയ്ക്കുന്നു. ഇപ്പൊ ഹോമോസെക്ഷ്വൽ എന്നത് വലിയ കുറ്റമായല്ല അവരെ സപ്പോർട്ട് ചെയ്യണമെന്ന രീതിയിലാണ് ജനം കാണുന്നത്, നല്ല സപ്പോർട്ട് കിട്ടുന്ന സംഗതിയാണ് എന്നതുകൊണ്ട് ഇപ്പൊഴത്തെ ബസ് വേഡാണ് പീഡൊഫീലിയ. ഗാന്ധിജിയേയും ടാഗോറിനേയുമൊക്കെപ്പറ്റി അത് ഇപ്പോൾത്തന്നെ തുടങ്ങി. ആരെയൊക്കെ എന്ന് കണ്ടറിയണം.


അതിനിടയ്ക്ക് ശരിയ്ക്ക് പീഡോഫൈൽ ആയവന്മാർ പുളച്ച് നടക്കുന്നുണ്ടെന്നും ഓർക്കണം. ഹസൻ സുരൂരിനെ മറക്കാൻ പാടില്ലല്ലോ.

എന്തായാലും നാടകം കണ്ടോണ്ടിരുന്നപ്പൊ എനിയ്ക്ക് സംഭവം പെട്ടെന്ന് മനസ്സിലായി. അത് ഗദ്ദാഫിയെയാണ് കാണിയ്ക്കുന്നത്. ഞാനത് ഫേസ്ബുക്കിൽ റിവ്യൂ പോലെ എഴുതുകയും ചെയ്തു.

ലിബിയയുമായി അവർ ഏതോ മിലിട്ടറി ഡീലുണ്ടാക്കൻ ശ്രമിയ്ക്കുന്ന സമയമായിരുന്നു അത്. എന്നാൽ ആരെയും ഒന്നും പറയുന്നുമില്ല. എന്തായാലും നാടകം കണ്ടവർക്കെല്ലാം ഗദ്ദാഫി ഡീലിലൊപ്പിടാൻ പന്ത്രണ്ട് വയസ്സിനു താഴെയുള്ള വെള്ളക്കാരി കുട്ടികളെ വരെ ചോദിച്ചു എന്നതാണ് നാടകത്തിലെ വിഷയമെന്ന് മനസ്സിലായി. നമ്മുടെ പഴയ ടീ വീ സിരീസ് ആണെങ്കിലോ വളരെ പുരോഗമനപരവും നല്ലതും ഒരു തരിമ്പ് പോലും തെറ്റ് പറയാൻ പറ്റാത്തതും ആയിരുന്നെന്നോർക്കണം. എന്നാൽ വളരെ മോശമായ റേസിസ്റ്റ് വ്യംഗ്യങ്ങളൊക്കെ ചേർത്തായിരുന്നു ഈ നാടകം എഴുതിയിരുന്നത്.
എല്ലാവരും ചിരിയ്ക്കുമ്പോൾ ഞാനും എന്റെ സുഹൃത്തും മാത്രം തീയറ്ററിലിരുന്ന് ബൂ ചെയ്തു. പല പ്രാവശ്യം. അത്ര അസഹനീയമാരുന്നു റേസിസ്റ്റ് പ്രൊപ്പഗാണ്ടകൾ. എഴുനേറ്റ് നിന്ന് മുദ്രാവാക്യം വിളിച്ചാലോ എന്ന് പോലും തോന്നുന്നതരം കള്ളത്തരം. ഗദ്ദാഫിയെന്ന ആളെ ഒരുകാരണാവശാലും അംഗീകരിക്കാഞ്ഞിട്ട് കൂടി ഈ പ്രൊപ്പഗാണ്ട സഹിയ്ക്കാൻ പറ്റില്ലാരുന്നു.

നാടകം ഭീകര ഹിറ്റായി. സെപ്റ്റംബർ 2010 നു നാടകം റീലീസ് ചെയ്തു. ഗദ്ദാഫി മുഴുവൻ ആഫ്രിക്കയേയും ഒന്നിയ്ക്കാൻ ശ്രമം തുടങ്ങിയ സമയം. ഒക്ടോബർ 2010നു അടിമവ്യാപാരത്തിന്റെ കാര്യത്തിൽ അയാൾ ആഫ്രിക്കയോട് മാപ്പു പറഞ്ഞത് ആഫ്രിക്കയിൽ പുള്ളിയ്ക്ക് നല്ല ഇമേജുമുണ്ടാക്കി നിൽക്കുന്ന സമയം. ആഫ്രിക്ക ഒരുമിച്ചാൽ നമുക്ക് പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് പബ്ളിഷിങ്ങ് ഹൗസുകൾ ഗദ്ദാഫിക്കെതിരേ ഓരോരോ പീസുകളായി എഴുതിത്തുലയ്ക്കാൻ തുടങ്ങിയിരുന്നു. ഗദ്ദാഫിക്കെതിരേ ലിബിയയിൽ റിബലുകൾ പൊങ്ങിത്തുടങ്ങി. ബീ ബീ സീയിലും മറ്റും അവരെ സ്വാതന്ത്ര്യസമരസേനാനികളെന്ന മട്ടിൽ വാർത്തകൾ വന്നു തുടങ്ങി. ഫെബ്രുവരി 2011ൽ ഈ നാടകം യൂ കേ മുഴുവൻ ടൂർ തുടങ്ങുന്നു.
മാർച്ച് 2011 നു പെട്ടെന്ന് അറബ് സ്പിങ്ങ് അഥവാ മുല്ലപ്പൂ വിപ്ളവം പൊട്ടിപ്പുറപ്പെടുന്നു!

2011 ഏപ്രിലിൽ ഗദ്ദാഫിയെ നാറ്റോ ആക്രമിയ്ക്കുന്നു. യൂ കേയിലെ ഒരു പട്ടിയും, ഒരു മാധ്യമവും, ഒരു രാഷ്ട്രീയപ്പാർട്ടിയും നിങ്ങളെന്തിനാണിപ്പൊ ഗദ്ദാഫിയെ ആക്രമിയ്ക്കുന്നതെന്ന് ചോദിച്ചില്ല. ബ്രിട്ടൺ ആണ് എയർ സ്ട്രൈക്ക് ചെയ്തതിൽ മുഖ്യ കക്ഷി. ഒക്ടോബർ 2011ൽ ഗദ്ദാഫിയെ കൊല്ലുന്നു. ഏതാണ്ട് 2011 അവസാനം നാടകം അവസാന സ്റ്റേജും കളിയ്ക്കുന്നു.
ഇതാണ് സോഷ്യൽ എഞ്ചിനീയറിങ്ങ്. ആ നാടകം അതിലെ ഒരു കണ്ണി മാത്രമാണ്. കൃത്യമായ കള്ളവാർത്തകളും പ്രത്യക്ഷത്തിൽ ശരിയെന്ന് തോന്നുന്ന ലേഖനങ്ങളും കോർത്ത് പൊതുവികാരം അനുകൂലമാക്കുക. പതിയെ ആവശ്യം വേണ്ട സമയത്തുപയോഗിയ്ക്കുക.

സിറിയയിലും ഗദ്ദാഫിയെ കൊന്ന ശേഷം ഇതേ റിബലുകൾ അഴിഞ്ഞാടി. സിറിയയിലും ലിബിയയിലുമുള്ള ‘റിബലുകളെ‘ ‘സഹായിയ്ക്കാൻ‘ സകല യൂ കേ ക്കാരനും പ്രയത്നിയ്ക്കണമെന്ന് ബീ ബീ സി പ്രൈം ടൈം ന്യൂസിൽ നിന്ന് റിപ്പോർട്ടർമാർ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഖത്തറിൽ വച്ച് അമേരിയ്ക്കയും ബ്രിട്ടനും പാകിസ്ഥാനുമൊക്കെ ‘റിബലുകൾ‘ക്ക് ട്രെയിനിങ്ങ് നൽകി.

സിറിയയിലും ലിബിയയിലുമുള്ള ആ 'റിബലുകൾ' ചേർന്ന് ഉണ്ടായ സംഘടനയാണ് ഐസിസ്.

ടർക്കിയുടെ സഹായത്തോടെ മധ്യപൂർവേഷ്യയിൽ, ഐസിസ് ലോകം കണ്ടിട്ടില്ലാത്ത എന്ന് പറയില്ല. ഭാരതത്തിൽ വന്ന ആക്രമണകാരികളെല്ലാം ആയിരക്കണക്കിനു കൊല്ലങ്ങളായി നമ്മോട് കാണിച്ച അതേ ക്രൂരതകൾ ഇന്ന് ഇന്റർനെറ്റ് യുഗത്തിൽ ജനങ്ങളോട് കാണിയ്ക്കാൻ തുടങ്ങി. അപ്പോഴും ഐസിസിനെ ഇല്ലാതെയാക്കാൻ ആരും ശ്രമിച്ചില്ല. അതിനു റഷ്യ വേണ്ടി വന്നു.
റഷ്യ രംഗത്തിറങ്ങി ഇത്രയും സമയമായി. ഈയിടേയായി പഴയ ഐസിസല്ല ന്യൂസുകളിലെല്ലാം. അവർ വീണ്ടും ‘റിബലുകളായി‘ മാറിത്തുടങ്ങി. പാവപ്പെട്ട റിബലുകളെ റഷ്യൻ ഭീകരർ കൊല്ലുന്നു എന്ന മട്ടിലാണ് ഇപ്പൊ വാർത്താപാരായണം.

ഇൻഡ്യയിൽ പണ്ട് മാവോവാദികൾ ഇലക്ഷൻ ബൂത്ത് ആക്രമിച്ചപ്പോൾ ബീ ബീ സി വാർത്ത കൊടുത്തത് സ്വാതന്ത്ര്യ സമര സേനാനികൾ ഇലക്ഷൻ ബൂത്താക്രമിച്ചു എന്നാണ്. മുംബൈ ആക്രമണം നടന്നപ്പോൾ ആയുധധാരികൾ മുംബൈ ആക്രമിച്ചു എന്നും.

ഇനി ഇങ്ങനെ പരസ്യമായി ആക്രമിയ്ക്കാൻ പറ്റിയില്ലേൽ പിന്നെന്താ വഴി. ഫ്രിഞ്ച് ഗ്രൂപ്പുകളെ ഉണ്ടാക്കി ഭരണം പിടിച്ചെടുക്കുക. പണമൊഴുക്കി എങ്ങനെയും അധികാരത്തിൽ നിന്നൊഴിവാക്കുക. പച്ചക്കള്ളങ്ങളും അർദ്ധസത്യങ്ങളും ചേർത്ത് ജനമനസ്സിൽ സംശയമുണ്ടാക്കുക. ഒന്നിനേയും ഒരു സിസ്റ്റത്തേയും വിശ്വസിയ്ക്കാനാവില്ലെന്ന നിലയിലെത്തിയ്ക്കുക. ആകെ പുകമറ ഉണ്ടാക്കുക. അതിൽ നിന്ന് തങ്ങൾക്കാവശ്യമുള്ള റിസൾട്ട് വരുത്തുക.
സോഷ്യൽ എഞ്ചിനീയറീങ്ങ് സാധ്യമായത് ഈ നാടകം മാത്രമെന്ന് കരുതരുത്. നാടകം അത് കാണുന്ന മാധ്യമപ്രവർത്തകർ, എലീറ്റുകൾ, പുത്തിജീവികൾ അക്കാഡമിക്കുകൾ ഇവരെ ഒക്കെ കാണിയ്ക്കാനാണ്. ടീവിയിൽ വാർത്തയായും പല പല ഡോക്യുമെന്ററീകളായുമൊക്കെ ഇങ്ങനെ പല സാധനങ്ങളും വരുന്നുണ്ടാരുന്നു എന്നുമോർക്കണം.

ഒരുദാഹരണം കൂടിക്കൊണ്ട് അവസാനിപ്പിയ്ക്കാം. ഇർഫൻ ഹബീബ് എന്ന പുംഗവൻ ഒരു സമ്മേളനത്തിൽ ബുദ്ധിശക്തിയുടെ കാര്യം നോക്കിയാൽ ആർ എസ് എസും ഐസിസും തമ്മിൽ വ്യത്യാസമൊന്നുമില്ല എന്ന് ഭീകരമായ ഒരു കോമഡി അടിച്ചു. കേട്ടിരുന്നവരെല്ലാം കോമഡി കേട്ട് ചിരിയ്ക്കുകയും ചെയ്തു (വീഡിയോ ലിങ്ക് ആദ്യ കമന്റിൽ) പിറ്റേന്ന് പത്രങ്ങൾ ആർ എസ് എസ് എന്നത് ഐസിസിനു തുല്യം എന്ന് ഇർഫാൻ ഹബീബ് പറഞ്ഞു എന്ന നിലയിൽ വാർത്ത കൊടുത്തു.

നമുക്കെല്ലാം വലിയ വിഷമമായി, എങ്ങനെയാണ് ഹേ താങ്കളാ താരതമ്യം നടത്തിയതെന്ന് നമ്മൾ ടൺ കണക്കിനു പോസ്റ്റുകളിട്ട് ചോദിച്ചു. നിഷ്പക്ഷരായവർ പോലും ട്വിറ്ററിൽ ആർ എസ് എസ്നു അനുകൂലമായി പ്രതികരിച്ചു. യുക്തിപരമായ ഒരു മറുപടിയും വന്നില്ല. അയാൾ തമാശിച്ചതാന്ന് വീഡിയോ കണ്ട് മനസ്സിലായി. നമ്മൾ ജയിച്ചതായി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടൺ സന്ദർശിച്ച സമയത്താരുന്നു ഈ തമാശ എന്ന് മറക്കരുത്. യൂകേയിലെ പ്രമുഖ പ്രത്രങ്ങൾ പ്രത്യേകിച്ച് ലെഫ്റ്റ് ലിബറൽ നാട്യത്തിൽ പ്രൊപ്പഗാണ്ട ചെയ്യുന്ന പത്രങ്ങൾ എഴുതി “ ഇൻഡ്യയിലെ ഏറ്റവും പ്രമുഖ ചരിത്രകാരൻ ഐസിസിനു തുല്യം എന്ന് വിശേഷിപ്പിച്ച തീവ്രവലതുപക്ഷ ഹിന്ദു തീവ്രവാദ പാരാമിലിറ്ററി സംഘടനയുടെ നേതാവായ ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യൂ കേയിൽ“ എന്ന്.

എന്തിനാണു സീ ഐ ഡീകൾ തമാശകൾ പറയുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ.

Monday, February 22, 2016

ഒരു കമ്യൂണിസ്റ്റ് ഇന്റർനാഷണൽ വിശ്വപൗരത്വം

(ജനം ടീവിയിൽ പ്രസിദ്ധീകരിച്ച കുറിപ്പ്
http://www.janamtv.com/2016/02/23/international_commi_jnu/)

ഞങ്ങൾ ദേശീയവാദികളല്ല, ഇന്റർനാഷണലിസ്റ്റുകളാണ്, വിശ്വം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന മനുഷ്യത്വത്തിന്റെ ആ‍ൾക്കാരാണ്  എന്നൊക്കെയാണ് പൊതുവേ മാനവിക ബുദ്ധിജീവികൾ നടിക്കുന്നത്. ഈ വിശ്വപൗരത്വ സിദ്ധാന്തം ഇന്നോ ഇന്നലേയൊ തുടങ്ങിയതല്ല. ച്ചിരെ പുറകിലോട്ട് പോണം.

ഈ കമ്യൂണിസം തൊഴിലാളികളെ സംരക്ഷിയ്ക്കാനാണെന്നാണല്ലോ വെപ്പ്. സഖാവ് മാർക്സും സഖാവ് ഏംഗൽസും കൂടെ സർവരാജ്യത്തൊഴിലാളികളേ സംഘടിയ്ക്കുവിൻ എന്നാണ് ആദ്യമായി വിളിച്ച് കൂവിയത്. ആ ‘സർവരാജ്യ‘മാണ് മാർക്സിസത്തിലെ ഇന്റർനാഷണലിസം.

1864ൽ ലണ്ടനിൽ വച്ച് ലോകത്തെ (എന്ന് വച്ചാൽ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിലെ :-)) തൊഴിലളികളേയെല്ലാം കൂട്ടിച്ചേർത്ത് ഒരു തൊഴിലാളി സംഘടന തുടങ്ങാൻ ചിലർ തീരുമാനിച്ചു. ഒരുപാട് ചർച്ചകൾക്ക് ശേഷം സംഘടന തുടങ്ങി. ഇംഗ്ളണ്ട്, ഫ്രാൻസ്, അയർലന്റ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നെല്ലാം പല പല തൊഴിലാളി ഗ്രൂപ്പുകൾ ആ സംഘടനയിൽ ചേർന്ന് നിന്ന് ഒരുമിച്ച് പ്രവർത്തിച്ചു. വ്യവസായവിപ്ളവം നടന്ന യൂറോപ്പിൽ തൊഴിലാളികൾ ഒരുമിച്ച് നിന്നാൽ വമ്പൻ മുതലാളികൾക്കും യൂറോപ്പിലെ രാജവംശങ്ങൾക്കുമെതിരേ വലിയ ഒരു ശക്തിയായി മാറാം എന്നതായിരുന്നു ഈ കൂട്ടത്തിന്റെ കാരണം.

ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയേഷൻ എന്നായിരുന്നതിന്റെ പേർ. അതിനെ മാർക്സിസ്റ്റുകാർ അവരുടെ സാഹിത്യത്തിൽ ഒന്നാം ഇന്റർനാഷണൽ എന്നാണു വിളിയ്ക്കുന്നത്.

1864 ലെ ലണ്ടനിലെ അതിന്റെ സമ്മേളനത്തിൽ പ്രതിനിധി ലിസ്റ്റിലെ അവസാനപേരുകാരനായി, സ്വന്തം നിലയിൽ, ഒരു യൂണിയന്റേയും പ്രതിനിധിയല്ലാത്ത ഒരു പത്രപ്രവത്തകനും ഉണ്ടായിരുന്നു. പ്രസംഗിയ്ക്കാനൊന്നും അദ്ദേഹത്തിനു അവസരം കിട്ടിയില്ല. പേരു കാൾ മാർക്സ്.

ഒരുപാട് മുന്നേറ്റങ്ങൾ ഈ തൊഴിലാളിയൂണിയനുകളുടെ പൊതു ഗ്രൂപ്പുകൾ വഴി യൂറോപ്പിലുണ്ടായി. പ്രത്യേകിച്ച് തൊഴിൽ അവകാശങ്ങളിൽ. എട്ട് മണിയ്ക്കൂർ ജോലി എട്ട് മണിയ്ക്കൂർ വിശ്രമം എന്നൊക്കെ നിജപ്പെടുത്തിയ നിലപാടുകൾ അവരുടെ പ്രയത്നത്തിൽ നിന്നുണ്ടായതാണ്.

1867ൽ മാർക്സ് ദസ് കാപ്പിറ്റൽ എന്ന പുസ്തകം പുറത്തിറക്കി. യൂറോപ്പിൽ പൊതുവേ ആ പുസ്തകത്തിനു ബുദ്ധിജീവികളുടേയിടയിൽ അത്യാവശ്യം പ്രചാരം ലഭിച്ചു. 1870കൾ ആയപ്പോൾ ഒന്നാം ഇന്റർനാഷണലിൽ തൊഴിലാളികളുടെ ഗ്രൂപ്പുകളോടൊപ്പം ഒരു പുതിയ കൂട്ടം കൂടെ ഉയർന്ന് വന്നു. മാർക്സിസ്റ്റ്- കമ്യൂണിസ്റ്റുകൾ. തൊഴിലാളികളെ സ്നേഹിച്ച് രക്ഷിയ്ക്കാനെത്തിയ സേവകർ. മിക്കവരും തൊഴിലാളികളായിരുന്നില്ല. തൊഴിലാളി രക്ഷകർ എന്ന പേരിൽ കൂടിയ ചിലർ.

ഇതിന്റെ ഒരു സമ്മേളനത്തിൽ വച്ച് ഈ സർവരാജ്യ തൊഴിലാളി സംഘടന മാർക്സിസത്തിനെ തത്വശാസ്ത്രമായി അംഗീകരിയ്ക്കുന്നതിനെ പറ്റി ചർച്ച നടന്നു. പക്ഷേ മിഖായൽ ബക്കുനിൻ എന്ന ചിന്തകൻ അതിനെ ശക്തമായി എതിർത്തു. മാർക്സിന്റെ ആശയങ്ങൾ തികച്ചും മണ്ടത്തരമാണെന്നും മാർക്സിസ്റ്റ് കമ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നാൽ സംഭവിയ്ക്കുന്നത് അധികാരം അവരുടെ കുത്തകയാക്കി ബാക്കിയുള്ളവരെയെല്ലാം, തൊഴിലാളിവർഗ്ഗത്തിനെയുൾപ്പെടെ നശിപ്പിയ്ക്കുകയും അടിച്ചമർത്തുകയും ചെയ്യുകയിരിയ്ക്കുമെന്നും അന്ന് യൂറോപ്പിൽ നിലവിലുള്ള ഉപരിവർഗ്ഗ ഭരണവ്യവസ്ഥയിൽ നിന്ന് ഒരു തുള്ളിപോലും മാറ്റമില്ലാത്ത ഭരണമായിരിയ്ക്കും മാർക്സിസ്റ്റുകാരുടെതെന്ന് അദ്ദേഹം പ്രവചിച്ചു.

ആരു കേൾക്കാൻ? ബക്കിനിനെ ചീത്ത വിളിച്ച് മാർക്സ് കാണ്ഡം കാണ്ഡമായി എഴുതി. (എതിർക്കുന്നവരെ വ്യക്തിഹത്യ പോലും ചെയ്ത് തെറിപറയുന്ന ശീലം മാർക്സിൽ നിന്ന് കിട്ടിയതാണ് ഈ കമ്യൂണിസ്റ്റ് വാദക്കാർക്ക്) പക്ഷേ ബക്കിനിന്റെ പ്രവചനാത്മകമായ ആ വാദം അച്ചട്ടായി വന്നു എന്ന് ചരിത്രം തെളിയിച്ചു.

1870 കളുടെ അവസാനത്തോടെ തൊഴിലാളി പ്രസ്ഥാനങ്ങളേയും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ മുന്നേറ്റങ്ങളേയും മാർക്സിസ്റ്റുകൾ എന്നറിയപ്പെടുന്ന ഗ്രൂപ്പുകാർ ഹൈജാക്ക് ചെയ്തു. മാർക്സിസ്റ്റ് കമ്യൂണിസ്റ്റുകൾ  ഒന്നാം ഇന്റർനാഷണൽ എന്ന ഇന്റർനാഷണൽ വർക്കേഴ്സ് യൂണിയൻ പിളർത്തി രണ്ട് ഗ്രൂപ്പുകളാക്കി.

മാർക്സിസ്റ്റ് ഗ്രൂപ്പും മാർക്സിസ്റ്റ് അല്ലാത്തവരുടെ ഗ്രൂപ്പും ആയി ആ തൊഴിലാളി സംഘടന മ‍ാറി. മാർക്സിസ്റ്റുകളുടെ മറ്റൊരു സ്വഭാവം ഇവിടെ നാം ആദ്യമായി കാണുകയാണ്. ഒരുമിച്ച് നിന്നിരുന്നെങ്കിൽ ഒരുപക്ഷേ യൂറോപ്പിലെ തൊഴിലാളികളുടെ ജീവിതത്തെ മാറ്റിമറിയ്ക്കാൻ കഴിയുമായിരുന്ന തൊഴിലാളിസമൂഹത്തെ അവർ അവരുടെ ആവശ്യങ്ങൾക്കായി പിളർത്തി, പലതാക്കി. ഇന്നും സകല രാഷ്ട്രങ്ങളിലും ഇതു തന്നെയാണ് ഗതി. തൊഴിലാളികളെ കുറച്ചാൾക്കാരെ വാചോടാപങ്ങൾ നിരത്തി തങ്ങൾ അവരുടെ പക്ഷത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് പിളർത്തി അവരുടെ ശക്തി ഇല്ലാതെയാക്കും. കൂടെക്കൂടൂന്ന തൊഴിലാളികളെ വച്ച് വിലപേശും. അന്നും വ്യത്യസ്തമായിരുന്നില്ല ഗതി.

യൂറോപ്പിലെ എന്നല്ല, ലോകതൊഴിലാളി പ്രസ്ഥാനങ്ങളുടേയെല്ലാം മുന്നേറ്റത്തിന്റെ തുടക്കത്തിൽത്തന്നെയുള്ള അവസാനമായിരുന്നു ആ പിളർപ്പ്. മാർക്സിസ്റ്റ് ഗ്രൂപ്പുകൾ അവിടെയുമിവിടെയുമൊക്കെ കൂടാൻ ശ്രമിച്ചെങ്കിലും ഒരു ചുക്കും നടന്നില്ല. അവസാനം ഒന്നാം ഇന്റർനാഷണൽ എന്ന ഇന്റർനാഷണൽ വർക്കിങ്ങ് മെൻസ് അസോസിയേഷൻ നാശകോശമായി. എല്ലാവരും പലനൂലായി.

1889ൽ വീണ്ടും തൊഴിലാളികൾ എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ‘രണ്ടാം ഇന്റർനാഷണൽ‘ എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കി. യൂറോപ്പിലെ പലരാജ്യത്തേയും ലേബർ പാർട്ടികൾ, തൊഴിലാളിയൂണിയനുകൾ ഒക്കെ അതിലുണ്ടായിരുന്നു.

എന്നാൽ 1905 ൽ സഖാവ് ലെനിനും കൂട്ടരും അതിൽ ചേരുകയും വീണ്ടും അതിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ തുടങ്ങുകയും ചെയ്തു.  പുള്ളി മാർക്സിന്റെ ആശയങ്ങൾ റഷ്യയിൽ അധികാരസ്ഥാപനത്തിനു നല്ലൊരു ചവിട്ട്പടിയാണെന്ന് കണ്ട് അതിൽ പിടിച്ച് കയറാനും അതിനു വ്യാഖ്യാനങ്ങൾ ചമയ്ക്കാനും തുടങ്ങിയ സമയമാരുന്നു. മാർക്സിസ്റ്റുകാർ വീണ്ടും അവരല്ലാത്ത ബാക്കിയെല്ലാ ആൾക്കരേയും കാഫിർ എന്ന് വിളിച്ചുകൊണ്ട് വലത്തോട്ട് തിരിഞ്ഞവൻ എടത്തോട്ട് തിരിഞ്ഞവൻ നേരേ നിൽക്കുന്നവൻ എന്നൊക്കെ മുദ്രകുത്തി അതിനേയും പലനൂലാക്കി.
ഒന്നാം ലോകയുദ്ധത്തോടെ അത് പൂർണ്ണമായും നശിച്ചു.

ഈ മാർകിസ്റ്റ്-കമ്യൂണിസ്റ്റുകാർ ഹൈജാക്ക് ചെയ്തതോടെ ലോകതൊഴിലാളി പ്രസ്ഥാനങ്ങളെല്ലാം അവരുടെ മുന്നേറ്റം മാർക്സിസ്റ്റ്-കമ്യൂണിസ്റ്റുകാരെന്ന് സ്വയം വിളിച്ച ചില ബുദ്ധിജിവികളുടേയും, കൂടെ നിന്ന സൈക്കോപാത്തുകളുടെയും കാൽക്കൽ അടിയറവയ്ക്കേണ്ടി വന്നു. അവർക്ക് ചേർന്ന എല്ലാ ചേരുവയും മാർക്സിസത്തിനകത്തുണ്ടാരുന്നു.

പിന്നെയാണ് സോവ്യറ്റ് യൂണിയനെ ഫാദർലാന്റായി കാണുന്ന ഇന്റർനാഷണലിസം വരുന്നത്. സഖാവ് ലെനിൻ റോൾസ് റോയ്സ് വാങ്ങിക്കൂട്ടിയ, സൈബീരിയയിലെ തണുപ്പിനു ലക്ഷക്കണക്കിനു ജീവനുകളെ വിട്ടുകൊടുത്ത, തിരിച്ചെന്തെങ്കിലും ചിന്തിച്ചാൽ പോലും മതിലിനോട് ചേർത്ത് നിർത്തി തലയിൽ തുളയിടുന്ന വിശാലഹൃദയനായ സോവ്യറ്റ് യൂണിയൻ ആശാൻ വരുന്നത്.

1917ൽ സഗാവ് ലെനിൻ സോവ്യറ്റ് ഉണ്ടാക്കിയപ്പത്തൊട്ട് എല്ലാം ഇന്റർനാഷണലിസം ആരുന്നു അവിടെ. അധികാരത്തിലെത്തിയ ഉടനേതന്നെ എതിർത്ത് നിന്ന സകലവനേം കൊന്ന് കുഴിച്ച്മൂടി. മുതലാളിത്ത പ്രലോഭനങ്ങൾക്കെതിരേ ജനങ്ങളെ പ്രാപ്തരാക്കാൻ അദ്ദേഹം വളരെ കരുണയോടെ അടുത്തുള്ള രാജ്യങ്ങളെ ആക്രമിച്ച് റഷ്യയുടെ സ്വന്തമാക്കി ‘സംരക്ഷിച്ചു‘. അർമേനിയ, ജോർജിയ ഒക്കെ അങ്ങനെ ഈ വിശ്വപൗരത്വത്തിന്റെ ഭാഗമായി. അപ്പോഴാണ് പുള്ളിയ്ക്ക് വയ്യാതായത്. പിന്നെ സഖാവ് സ്റ്റാലിൻ വർമ്മ സ്ഥലത്തെത്തി. അദ്ദേഹം ലെനിനേക്കാൾ വലിയൊരു മഹാത്മാവായിരുന്നു. എണ്ണയാൽ സമ്പന്നമായ പോളണ്ടിനെ വിശ്വപൗരനാക്കാൻ അദ്ദേഹത്തിനു വലിയ ആഗ്രഹമായി. ലെനിൻ തന്നെ തുടങ്ങിവച്ച, സോവിയറ്റ് വിശ്വപൗരന്മാർ പോളണ്ടിനെ വിശ്വപൗരനാക്കി സഹായിയ്ക്കുന്ന യുദ്ധം പുള്ളി ഒരുപടികൂടെ കടത്തി. നല്ല ഒന്നാം ക്ളാസ് സ്നേഹിച്ച് കൊല്ലാൻ തുടങ്ങി.

സോവിയറ്റ് രേഖകൾ പ്രകാരം തന്നെ ഏതാണ്ട് എട്ടു ലക്ഷത്തോളം പേരെ വിശ്വപൗരന്മാരാക്കാൻ ശ്രമിച്ച് അദ്ദേഹം മോക്ഷം നൽകിയിട്ടുണ്ട്. അപ്പഴാണ് മഹാത്മാ ഹിറ്റ്ലർ ഒരു വശത്തുനിന്ന് പോളണ്ടിന്റെ ജർമ്മൻ വശത്തെ വിശ്വപൗരൻ ആക്കാൻ നോക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനേ തന്നെ സ്റ്റാലിൻ ഹിറ്റ്ലറുമായി സന്ധി ഒപ്പിട്ടു. പോളണ്ടിനെ പാതി നിങ്ങൾ വിശ്വപൗരന്മാരാക്കിക്കോ. പാതിയെ ഞങ്ങൾ ആക്കിക്കോളാം എന്ന്. അങ്ങനെ മൊളൊട്ടൊവ് റിബണ്ട്രോപ്പ് സന്ധി വച്ച് പപ്പാതി പോളണ്ട്കാരെ സഖാവ് സ്റ്റാലിനും സഖാവ് ഹിറ്റ്ലറും ചേർന്ന് വിശ്വപൗരന്മാരാക്കാൻ തുടങ്ങി.

അപ്പഴാണ് ഹിറ്റ്ലറിനു പ്രാന്ത് മൂത്തത്. അയാൾ റഷ്യയേയും ആക്രമിയ്ക്കാൻ തുടങ്ങി. അന്നേരം സ്റ്റാലിൻ സഖാവ് ഒരു ദിവസം കൊണ്ട് ആന്റി ഫാസിസ്റ്റായി. സ്റ്റാലിൻ സഖാവ് മാറുമ്പൊ ഈ ക്വാണ്ടം എൻടാംഗിൾമെറ്റ് പോലെയാണ്. പ്രപഞ്ചത്തിന്റെ സകലഭാഗത്തുമുള്ള കമ്യൂണിസ്റ്റുവിശ്വപൗരന്മാരും ശഠേന്ന് ഫാസിസത്തിനെതിരായി. ഇവിടെ ഭാരതത്തിലും.

അതുവരെ ബ്രിട്ടീഷ് സാമ്രാജ്യത്തത്തിന്റെ തലവേദനയായിരുന്ന രണ്ടാം ലോകയുദ്ധം ഒരു നിമിഷം കൊണ്ട് ഫാസിസത്തിനെതിരേയുള്ള ജുദ്ധമായി. സ്വാതന്ത്ര്യ സമരം ഫാസിസ്റ്റുകളുടെ സമരവും. ആരവിടെ സ്വാതന്ത്ര്യസമരമെന്ന പേരിൽ സഖാവു ജോർജ് തമ്പുരാനെ എതിർക്കുന്നവരെ പോലീസിനു പിടിച്ച് നൽകൂ. ഇവിടെ കോയിക്കോട്ട് കടപ്പുറത്ത് ക്വിറ്റിൻഡ്യാ വിളിച്ചത് പോലും വിശ്വപൗരത്വത്താൽ എൻടാംഗിളായിക്കിടക്കുന്ന ചെറുകണികകൾക്ക് സഹിച്ചില്ല.

സകലവനേം ഫാസിസത്തിനെതിരേ ജുദ്ധം ചെയ്യുന്ന ഇന്നലെ രാത്രി പെട്ടെന്ന് മഹാത്മാവായ സഖാവു ആറാം ജോർജ് തമ്പുരാനു ഒറ്റിക്കൊടുത്തു കൊണ്ട് ആ വിശ്വപൗരന്മാർ അവരുടെ വിശ്വപൗരത്വം മുഴക്കി. സുഭാഷ് ചന്ദ്രബോസ് ഒരു ദിവസം കൊണ്ട് സാമ്രാജ്യത്തത്തിന്റെ ചെരുപ്പ് നക്കിയായി. എല്ലാം  1941 ജൂൺ 22 ആം തീയതി കഴിഞ്ഞ ആ വേളയിൽ, ആ അവസരത്തിലു സംഭവിച്ചതാ.

ഈ രണ്ടാം ലോകജുദ്ധം ഒരു വലിയ ഓപ്പണിങ്ങ് ആരുന്നു വിശ്വപൗരൻ സ്റ്റാലിൻ വർമ്മയ്ക്ക്. സോവ്യറ്റ് യൂണിയന്റെ പട്ടാളം യൂറൊപ്യൻ രാജ്യങ്ങളീന്നൊന്നും തിരിച്ച് പോയില്ല. സഹായിച്ചതിനു പ്രതിഫലമായി ഓരോ സൈഡീന്നു സകലവനും പങ്കുവച്ചെടുത്തു. എല്ലാരേം വിശ്വപൗരന്മാരാക്കാൻ, ജർമ്മനിയെ മുറിച്ച് ഒരു വശത്തൂന്ന് അമേരിക്കേം വേറേ വശത്തൂന്ന് സോവ്യറ്റും വിശ്വപൗരന്മാരാക്കി. കിഴക്കൻ ജർമ്മനീൽ നിന്ന് കൊണ്ട്  കുറുപ്പുമാരും നമ്പൂരിപ്പാടുമാരും പടിഞ്ഞാറിനെ നോക്കി പുഞ്ജിച്ചു. അവിടെ സ്റ്റാസികൾ സകലവന്റേം അണ്ടർവയറുകളുൾപ്പെടെ അടിച്ച്മാറ്റി (ഒരക്ഷരം കവിഭാവനയല്ല) ഡേറ്റാബേസുണ്ടാക്കി വിശ്വപൗരത്വം പഠിപ്പിച്ചു. പോളണ്ട്, ചെക്കോസ്ലോവാക്യ, റൊമേനിയ ഒക്കെ വിശ്വപൗരന്മാരായി. പ്രഭാത് ബുക്ക് ഹൗസ് വഴി ലോകമെമ്പാടും വിശ്വപൗരത്വത്തിന്റെ വിത്തുകൾ പാകി.

അപ്പോഴാണ് 1950കളിൽ മാവോസേദുങ്ങ് ചൈനാവക വിശ്വപൗരത്വം തുടങ്ങിയത്. ഇൻഡ്യയിലെ വിശ്വപൗരന്മാർക്ക് ചിലർക്ക് ഒട്ടും പിടിച്ചില്ല. ചിലർക്ക് അതൊക്കെ ഭേഷാ പിടിയ്ക്കുകയും ചെയ്തു. ചൈനയിൽ തുടങ്ങിയതാണോ വിശ്വപൗരത്വം, അതോ റഷ്യയിലേതാണോ എന്നൊക്കെ സംശയിച്ച് ഇവിടേം ഈ ക്വാണ്ടം എൻടാംഗിൾഡായ ടീമുകൾ തമ്മിൽ അടിയായി. ഒരുകൂട്ടർ ചൈനാക്കാരാണു വിശ്വപൗരന്മാരെന്നും റഷ്യാക്കാർ, പ്രത്യേകിച്ച് ഞമ്മടെ സ്റ്റാലിൻ മഹാത്മാവിനെ തള്ളിപ്പറഞ്ഞ നികിത ക്രൂഷ്ചേവ് റഷ്യൻ വിശ്വപൗരത്വത്തെ ബൂർഷ്വാസികൾക്ക് അടിയറവയ്ക്കുകയാണെന്നും പറഞ്ഞ് ചൈനീസ് വിശ്വപൗരത്വം സ്വീകരിച്ചു.

അപ്പോഴാണിവിടെ 1962ൽ ചൈനാ ഇൻഡ്യാ ജുദ്ധം നടക്കുന്നത്. ധൈര്യസമേതം ചൈനാ വിശ്വപൗരത്വത്തെ ഉയർത്തിക്കാട്ടി ഭാരത വിശ്വപൗരന്മാർ അവരവരുടേതെന്നും ഇവരിവരുടേതെന്നും ഒക്കെ പറയുന്ന സ്ഥലത്തിനു നമ്മൾക്കെന്ത് ചേതമെന്ന നിലപാടെടുത്തു. സഖാവ് തന്നെയായിരുന്നെങ്കിലും ഇത്രയും വിശ്വപൗരത്വം സ്വന്തം നാട്ടിലെ കമ്യൂണിസ്റ്റുകാരിൽ നിന്ന് പ്രതീക്ഷിയ്ക്കാതിരുന്ന നെഹ്രു ചാച്ചാജീയ്ക്ക് ദേഷ്യമായി ചിലരെയൊക്കെ അന്ന് ജയിലിൽ പിടിച്ചിട്ടു.

ആയിടെയാണ്, വിശ്വപൗരനായിരുന്നെങ്കിലും അത്രയ്ക്ക് വിശ്വപൗരത്വം ബാധിയ്ക്കാതിരുന്ന പെട്ടിബൂർഷ്വാ സഖാവ് വീ എസ് അച്യുതാനന്ദൻ ജയിലിൽ വച്ച് ഇൻഡ്യൻ പട്ടാളക്കാർക്ക് ചോര ദാനം ചെയ്യണമെന്ന് പറഞ്ഞത്. സഹിയ്ക്കുമോ? വിശ്വപൗരന്മാരുടെ പാർട്ടി ഒട്ടും കളിയ്ക്കാതെ അദ്ദേഹത്തിനെ തരം താഴ്ത്തി.

ദാണ്ടേ ഇന്നിപ്പം പാർലമെന്റ് ആക്രമിച്ച് തകർത്ത് അതിനകത്തിരുന്ന സകലരേയും കൊല്ലാൻ ഗൂഡാലോചന ചെയ്തൊരു കൊടും തീവ്രവാദിയുടെ ‘ഓർമ്മദിവസം‘ ആചരിയ്ക്കുന്നു ചിലയിനം വിശ്വപൗരന്മാരും പൗരകളും. അതിന്റെ പിറകിൽ നമ്മൾ നമ്മടേതെന്നും അവരവരുടേതെന്നും പണ്ട് പറഞ്ഞ് കൊണ്ടിരുന്ന വിശ്വപൗരത്വവും ഈയിടെയായി തലപൊക്കിയ വേറൊരിനം വിശ്വപൗരത്വവും ഒറ്റക്കെട്ടാണ്.

അതെന്താണാ വേറൊരിനം വിശ്വപൗരത്വമെന്നോ? അതാണ് ജിഹാദി വിശ്വപൗരത്വം. സമാധാനപ്രീയരായ മുസ്ലീങ്ങൾ ആ വാക്കിനെ വേറൊരർത്ഥത്തിലാണുപയോഗിയ്ക്കുന്നെങ്കിലും വിശ്വപൗരന്മാരായ ചിലയിനം മതഭ്രാന്തന്മാർക്ക് അങ്ങനെയല്ല. അത് ലോകം മുഴുവൻ തങ്ങളുടെ മധ്യകാലവിശ്വാസങ്ങളും ബാർബേറിയനിസവും പ്രചരിപ്പിയ്ക്കണമെന്നുള്ള അടങ്ങാത്ത ഭ്രാന്താണ്. ആരേയും കൊന്നും കൊലവിളിച്ചും കഴുത്തറുത്തും ബോംബ് വച്ചും എത്നിക് ക്ളെൻസിങ്ങ് നടത്തിയും വിശ്വപൗരന്മാരെ ഉണ്ടാക്കാൻ അവർ പേ പിടിച്ച് നടപ്പാണ്. ഞങ്ങൾ വിചാരിച്ച വിശ്വപൗരത്വം ഇതല്ലേ എന്ന് ശങ്കിച്ച ചില ചുവപ്പൻ കഴുതകളും കൂടെക്കൂടിയിട്ടുണ്ട്.

ഇതെല്ലാമല്ലാതെ ഇനി വേറൊരു തരം വിശ്വപൗരത്വമുണ്ട്. അതാണ് ആഗോളഗ്രാമം. നമ്മൾ സാധനങ്ങൾ എവിടെയെങ്കിലും സൗകര്യമുള്ളിടത്ത് ഒണ്ടാക്കും. നിങ്ങൾ വിശ്വപൗരന്മാരായി മാറണം. ഞങ്ങൾ പറയുന്നത് പോലെ ഗവണ്മെന്റുകൾ ഉണ്ടാക്കിക്കോണം. ഞങ്ങൾക്ക് ചുങ്കം ചുമത്തരുത്. സകല വാണിജ്യവും വ്യവസായവും നമ്മൾക്കടിയറവു വയ്ക്കണം. നിങ്ങളുടെ നാട്ടിൽ ആരെങ്കിലും വിശ്വപൗരന്മാരായില്ലേൽ നമ്മൾ വന്ന് ഭീഷണിപ്പെടുത്തും. നിങ്ങൾക്ക് എണ്ണയുണ്ടേൽ പിന്നെ യാതൊരു ഓപ്ഷനുമില്ല, വിശ്വപൗരന്മാരായേ ഒക്കൂ. അത് വേറേ തരം ഇനറ്റ്ർനാഷണലിസം.

 ഈ രണ്ടാമത് പറഞ്ഞ വിശ്വപൗരത്വത്തിൽ ഗൂഗിളുപോലെയുള്ള മൾട്ടി നാഷണലുകാരാണ് സ്റ്റേറ്റ്. ഗൂഗിൾ യേത് സ്റ്റേറ്റിലാ എന്നൊന്നു ചോയിയ്ക്കരുത്. ആത്യന്തികമായി ഗൂഗിൾ എവിടെയാ എന്നും ചോദിയ്ക്കരുത്. കഴുത്തിൽ വലിയൊരു ടാഗ്  Working in a multinational company  എന്ന് മാട്രിമോണണം. അപ്പൊ വിശ്വപൗരനായി

വിശ്വപൗരത്വം എന്ന് പറഞ്ഞ് നമ്മുടെ തലയിലേക്ക് ചെലുത്തിത്തരുന്ന കള്ളത്തരങ്ങളുടെ ചരിത്രപരമായ രാഷ്ട്രീയം പറഞ്ഞെന്നേയൊള്ള്. ആർഷ ഭാരത സംസ്കൃതിയിലെ വിശ്വപൗരത്വം മാത്രമല്ല ഒരുപാട് പഴയ സംസ്കൃതികളിൽ എല്ലാം ഒന്നെന്ന സങ്കൽപ്പങ്ങളൊക്കെയുണ്ട്. പക്ഷേ ഇന്നത്തെ സാമൂഹ്യാവസ്ഥയിൽ അതൊക്കെ ചെലുത്തിത്തരുന്ന ചില ഗ്രൂപ്പുകളുടെ രാഷ്ട്രീയം ഒന്ന് വെളിവാക്കിയെന്നേയുള്ള്. ഭാരതം എന്ന രാഷ്ട്രീയ സ്വത്വത്തെ തകർക്കാൻ വിശ്വപൗരത്വം വിളമ്പുന്ന സകലവനും അവനവന്റെ അജണ്ടയുണ്ട്.

അങ്ങനെയല്ലാതെ വിശ്വപൗരനെന്ന സങ്കൽപ്പം ഇല്ലേ? തീർച്ചയായുമുണ്ട്. നടരാജഗുരുവും ഗുരു നിത്യയുമൊക്കെ പോലും ഭാരതത്തിലും ഈ കൊച്ച് കേരളത്തിലും അത്തരം സങ്കൽപ്പങ്ങൾ പ്രചാരത്തിലാക്കിയിട്ടുണ്ട്. പക്ഷേ അതൊക്കെ ധനാത്മകമായി കാര്യങ്ങളെ കാണുന്ന സങ്കൽപ്പങ്ങളാണ്. ആരെങ്കിലും ഇല്ലാതെയായാലോ ഇല്ലാതെയാക്കിയാലോ മാത്രം ‘കിട്ടുന്ന‘ വിശ്വപൗരത്വമല്ല.

അത് യുദ്ധത്താലും വിപ്ളവത്താലും വന്നുചേരുന്നതുമല്ല. ഒരുവനു അവന്റെ ഗ്രാമത്തെ സ്നേഹിയ്ക്കാനോ നാട്ടുകാരെ സ്നേഹിയ്ക്കാനോ സ്വന്തം കുടുംബത്തെ ഉപേക്ഷിയ്ക്കേണ്ടാത്തത് പോലെ അത്തരത്തിലുള്ള വിശ്വപൗരനാകുവാനും മനുഷ്യത്വത്തെ മുഴുവനും ഒന്നായി കാണുവാനും അതിലുപരി ജീവിവർഗ്ഗത്തെയും ചേർത്ത് ഒരു ജൈവസ്വത്വത്തിന്റെ വിവിധ ഭാഗങ്ങളായി കാണുവാനും അതിലുമുപരി ഈ സകലപ്രപഞ്ചത്തേയും ചരാചരങ്ങളേയും ഒന്നെന്ന രുപത്തിൽ മനസ്സിലാക്കുവാനും ഉള്ളതിനെയൊന്നും തച്ചുടയ്ക്കേണ്ട കാര്യമില്ല. ഭാരതത്തിൽ മാത്രമല്ല സകല മുതിർന്ന സംസ്കാരങ്ങളിലും അത്തരത്തിലുള്ള മഹത്തായ സങ്കൽപ്പങ്ങളുണ്ട്.

അത് ഓർത്തിരുന്നാൽ മതേതരമായും ജനാധിപത്യപരമായും സ്വതന്ത്രമായും അഭിപ്രായ സ്വാതന്ത്ര്യത്തോടെയും ഒക്കെ ജീവിയ്ക്കുന്ന നമ്മുടെ ഇന്നത്തെ സ്ഥിതി ഇതേക്കാൾ മെച്ചപ്പെടുത്താനായി പ്രയത്നിയ്ക്കാനാവും.

അല്ലെങ്കിൽ ഇത്തരം കഴുതകളുടെ കയ്യിൽ വിശ്വപൗരത്വവും ഏൽപ്പിച്ച് സോവിയറ്റ് യൂണിയനിലും കമ്പോഡിയയിലും ചൈനയിലും എന്തിനു കണ്ണൂരിലും സിറിയയിലും കാശ്മീരിലും ഒക്കെ വിശ്വപൗരന്മാർ മോക്ഷം നൽകിയ ശതകോടിക്കണക്കിനൊന്നായി മാറാം.

Tuesday, February 16, 2016

സീ പീ എം ഗൂണ്ടായിസം

മൂന്നു ദിവസം മുന്നേ ഒരു തെറ്റും ചെയ്യാത്ത ഒരു നേഴ്സിനെ അയാളുടെ ജോലി ചെയ്തതിനു കൃഷ്ണദാസ് എന്ന സിപീഎം  മുൻ എം പീയും അയാളുടെ ഗൂണ്ടകളും ചേർന്ന് മർദ്ദിച്ചവശനാക്കി. ആദ്ദേഹം ഗുരുതരാവസ്ഥയിൽ കിടക്കുന്നു.

എന്ത്‌ തരം മനുഷ്യരാണിത്? എവിടെയാണ് മാധ്യമങ്ങൾ? എവിടെയാണ് കവികളും കലാകാരന്മാരും.?

പച്ചക്കള്ളമാണ് കേരളം. പച്ചക്കള്ളം. ഒന്നാന്തരം ഹിപ്പോക്രാറ്റുകൾ

ഇല്ല അയാൾ ഒരു പ്രത്യേക ജാതിക്കാരനായത് കൊണ്ട് ഞാൻ കൂടുതൽ നീതി ആവശ്യപ്പെടില്ല. ഞാനും ഏതാണ്ട്  ഈ തൊഴിൽ ചെയ്യുന്നവനാണ്. ഏതെങ്കിലും നായിന്റെമോന്റെമോൻ എന്റെ ജോലിസ്ഥലത്ത് വന്ന് എന്നെ ചവുട്ടിക്കൂട്ടിയാൽ, ഞാൻ ഗുരുതരാവസ്ഥയിൽ മൂന്നുദിനം ആശുപത്രിയിൽ കിടന്നാൽ, അപ്പോഴേയ്ക്കും ആരെങ്കിലുമൊക്കെ ചോദിയ്ക്കാനുണ്ടാവണം. പ്ലീസ്

അരോളിയിൽ ഞങ്ങളുടെ പ്രീയപ്പെട്ടവൻ സുജിതിനെ ഇന്നലെ വെട്ടിക്കൊന്നിട്ട് ഇന്ന് പെണ്ണുകേസാണെന്ന് ആരോപിയ്ക്കുന്നത്പോലെ എന്തെങ്കിലുമായി വരരുത്. ദയവുചെയ്ത്.


Monday, February 15, 2016

മൗദൂദിസത്തിന്റേയും വഹാബിസത്തിന്റേയും സാമൂഹ്യപരീക്ഷണങ്ങൾ

ഈ മുറിയിലുള്ള ആനയെപ്പറ്റി ഇനി സംസാരിയ്ക്കാതിരുന്നിട്ട് ഒരു കാര്യവുമില്ല.

മൗദൂദിസവും വഹാബിസവും കാലാകാലങ്ങളായി കാശ്മീരിൽ മാത്രമല്ല, പാകിസ്ഥാനിൽ മാത്രമല്ല, അഫ്ഗാനിസ്ഥാനിൽ, പഖ്തൂൺഖ്വായിൽ, മിഡിലീസ്റ്റിലാകെ മാത്രമല്ല ലോകം മുഴുവൻ ഇസ്ലാം മതവിശ്വാസികളുടെയിടയിൽ പടർത്തുന്ന ജിഹാദിസത്തിന്റെ ബാക്കിപത്രമാണ്  കാശ്മീരിൽ അങ്ങോളമിങ്ങോളം പൊട്ടിയൊഴുകുന്ന ഭാരതവിരുദ്ധ വികാരം.

ഐ എസ് ഐ പരീക്ഷിച്ച് ലോകം മുഴുവൻ വിജയിപ്പിച്ച സോഷ്യൽ എഞ്ചിനീയറിങ്ങ്. ഈ സോഷ്യൽ എഞ്ചിനീയറീങ്ങിനെപ്പറ്റിയറിയാൻ കാശ്മീരിലൊ അഫ്ഗാനിലെ ഗുഹയിലോ ഒന്നും തന്നെ പോകണ്ട, വികസിത രാജ്യമായ യൂകേയിലെ  ബിർമിംഹാമിലോ, ഡാർബിയിലേ, ബ്രാഡ്ഫോർഡിലോ (ബ്രാഡ്സ്ഥാൻ ന്നാണ്), ലണ്ടനിലോ, ബെർലിനിലോ, ഫ്രാങ്ക്ഫർട്ടിലോ, ആംസ്റ്റർഡാമിലോ ...നിങ്ങളൊക്കെ ലോക ലിബറൽ കേന്ദ്രങ്ങൾ എന്ന് കരുതുന്ന ഏത് മൂലയിലെ ഒരു രണ്ടാം തലമുറ മുസ്ലീം യുവാക്കളുടെ കൂട്ടത്തോടും പോയി നിന്ന് സംസാരിച്ചാൽ മതി.

അതിൽ നിന്ന് മാറിനിൽക്കുന്ന ഒരേയൊരു വലിയ മുസ്ലീം സമൂഹം മുഖ്യധാരാ ഇൻഡ്യയിൽ മാത്രമാണുള്ളത്. അതിനേയും പല രീതിയിൽ മൗദൂദിസ്റ്റ് വഹാബിസ്റ്റ് ആയി മാറ്റാൻ പരിപാടികൾ ഒരുപാട് കാലമായി നടക്കുന്നു.

ബ്രിട്ടണിൽ ആർമിയിൽ ജോലി ചെയ്യുന്നത് 560 മുസ്ലീങ്ങളാണ്. ബ്രിട്ടീഷ് ആർമി എന്നത് ഒരു വലിയ ഇൻസ്റ്റിറ്റ്യൂഷനും ഒരു ജോലി ആണ് ആവശ്യമെങ്കിൽ ആരോഗ്യമുള്ളവർക്ക് പെട്ടെന്ന് ജോയിൻ ചെയ്യാവുന്ന ഒരു ഇൻസ്റ്റിറ്റ്യൂഷനുമാണ്. നാഷണാലിറ്റി പോലും അതിൽ പ്രശ്നമല്ല. നേപ്പാൾ/ഇൻഡ്യൻ പൗരന്മാരായ ഗൂർഖകൾ ഒരു റജിമെന്റായിത്തന്നെ ബ്രിട്ടീഷ് ആർമിയിലുണ്ട്. ബ്രിട്ടീഷ് പൗരൻ പോലുമാകണ്ട അതിൽ ചേരാനും നല്ല ശമ്പളവും ജീവിതസൗകര്യങ്ങളനുഭവിയ്ക്കാനും എന്ന് സാരം.

ഔദ്യോഗിക കണക്ക് പ്രകാരം ഏതാണ്ട് 1600ലധികം, ചിലരത് രണ്ടായിരവും മൂവായിരവുമൊക്കെ പറയുന്നു ആൾക്കാരാണ് ബ്രിട്ടണിൽ നിന്ന് മാത്രം ഐസിസിൽ ചേർന്നിരിയ്ക്കുന്നത്. ഐസിസിൽ. പൊതുധാരാ ഇസ്ലാം സമൂഹം ഒട്ടുമുക്കാലും ഫ്രൗൺഡ് അപ്പോൺ ചെയ്യുന്നവർക്ക് ബ്രിട്ടണിൽ നിന്ന് കിട്ടിയ സജീവ വോളണ്ടിയർമാരെപ്പറ്റിയാണ് പറയുന്നത്. കുഞ്ഞ് മക്കളെ കളഞ്ഞ് പോയ അമ്മമാർ, പതിനാറും ഒക്കെ പ്രായമുള്ള പെൺകുട്ടികൾ, മക്കളേയും ഭാര്യമാരേയും കളഞ്ഞ് പോയ അച്ചന്മാർ ഉൾപ്പെടെ.

കുടുംബത്തിലെല്ലാരും നല്ല ലിബറൽ മൂല്യങ്ങൾ സൂക്ഷിയ്ക്കുന്ന നമ്മൾ ഡേ ടു ഡേ ലൈഫിൽ കാണുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണു മിക്കവരും. അല്ലാതെ സെക്ളൂഡഡ് ആയ കമ്യൂണിറ്റികളിൽ നിന്നൊന്നുമല്ല. എന്താ ബ്രിട്ടീഷ് ഗവണ്മെന്റ് ഫെയിൽഡ് ആയിട്ടാന്നോ അങ്ങനെ സംഭവിച്ചത്?

ലോകമാകെ വ്യാപിച്ച ഈ സോഷ്യൽ എഞ്ചിനീയറിങ്ങ്  തുടങ്ങിയത് പഖ്തൂൺഘ്വായിലാണ്. പാകിസ്ഥാന്റെ ഭാഗമായി ബ്രിട്ടീഷുകാർ വരച്ച് ചേർത്ത സാംസ്കാരിക അഫ്ഗാൻ ഭാഗം. ഇൻഡ്യയിലെ പത്രങ്ങളൊക്കെ പഖ്തൂൺഖ്വാ യെപ്പറ്റി പറയുമ്പൊ പാകിസ്ഥാന്റെ ഗോത്രഭാഗം എന്നാണ് പറയുക. അങ്ങനെയല്ല. പഞ്ചാബിലും സിന്ധിലുമുള്ളവരേക്കാൾ സാംസ്കാരികമായും വിവിധതയാലും സമ്പന്നമായിരുന്ന പഷ്തൂണികൾ ഇന്ന് നിരന്തരം ആക്രമിയ്ക്കപ്പെടുന്നവരാണ്. മലാല യൂസഫ്സായ് അവിടെ നിന്നുള്ളവരാണ്.

അമ്പതുകളിൽ ഒരുകൂട്ടം ട്രെയിൻഡ് ആൾക്കാരെ പുറത്ത് നിന്ന് പള്ളികളിൽ മൊല്ലാക്കമാരായി നിയമിച്ചും പുതിയ പള്ളികൾ ഉണ്ടാക്കിയുമായിരുന്നു തുടക്കം. പള്ളികൾ കേന്ദ്രീകരിച്ച് മദ്രസകൾ തുടങ്ങി. മദ്രസകളിൽ മൊല്ലാക്കമാരെ മൗദൂദി ട്രെയിനിങ്ങ് കിട്ടിയവർ പാക് പഞ്ചാബിൽ നിന്നും കൊണ്ട് വന്ന് നിയമിച്ചു. ആ മൊല്ലാക്കമാർ നമ്മടെ പരശ്ശതം സക്കീർ നായികുമാരേയും മുജാഹിദീൻ ബാലുശ്ശേരിമാരേയും പോലെ മത പ്യുരിട്ടനിസം പ്രചരിപ്പിയ്ക്കാൻ തുടങ്ങി. മദ്രസകളിൽ അവരുടെ ഇസ്ലാമിനെപ്പറ്റി പഠിപ്പിയ്ക്കാൻ തുടങ്ങി.

അങ്ങനെ ജമായത്തേക്കാർക്ക് ചന്ദനക്കുടവും, മുട്ടമന്ത്രവാദവും, ജിന്നും, കെട്ടുകാഴ്ചയും , എഴുന്നള്ളത്തും,  പ്രാർത്ഥനയും, മറ്റു മതക്കാരും നല്ലവരെന്ന ചിന്തയും, നിലവിളക്കും മെഴുകുതിരിയും
അമ്പലങ്ങളിലും ചർച്ചിലും
സംഭാവന കൊടുക്കാം എന്ന നിലയും, പാട്ടും, സിനിമയും, സംഗീതവുമെല്ലാം ഹറാമായമാതിരി പഷ്തൂണിലെ സൂഫി പാരമ്പര്യത്തിൽപ്പെട്ടതെല്ലാം മത പ്യുരിട്ടൻ ചിന്താഗതികൾക്ക് ഹറാം ആയി.

ഒരു പുതിയ മദ്രസ ട്രെയിൻഡ് പ്യുരിട്ടൻ ഇസ്ലാം അഥവാ മൗദൂദി ഇസ്ലാം അവിടെ നിലവിൽ വന്നു. ഈ ഐ എസ് ഐ എന്ന് പറയുന്നത് നമ്മുടെയെല്ലാം മനസ്സിലുള്ള പോലെ യൂണിഫോമിട്ട ഏതോ ഒരു ജനറൽ അല്ല. ഈ മദ്രസകളുടെ, മൊല്ലാക്കമാരുടെ നെറ്റ്വർക്ക് ആണ്.

ഈ നെറ്റ്വർക്കിനെ എതിർക്കുന്നവരെയെല്ലാം വെടിവച്ചോ, ബോംബ് പൊട്ടിച്ചോ കൂട്ടക്കൊല ചെയ്തോ ഒക്കെ കൊന്നു തീർത്തു. ഫുൾടൈം മദ്രസാ പഠനത്തിനു കുട്ടികളെ വിട്ടില്ലെങ്കിൽ പോലും അവരെ ഐ എസ് ഐ കൊല്ലാൻ തുടങ്ങി. മാത്രമല്ല കൊന്ന് ബോംബ് പൊട്ടിച്ചിട്ട് അത് സി ഐ ഏ പൊട്ടിച്ചതാണ് എന്ന് പ്രചരണവും. അപ്പോഴാണ് സി ഐ ഏ അഫ്ഗാനിൽ സോവിയറ്റ് യൂണിയൻ ഇടപെടലിലെതിരേ ആളെക്കൂട്ടൻ ഈ മദ്രസ നെറ്റ്വർക്കുമായി അടുക്കാൻ തുടങ്ങിയത്. ഉടനേ സകല ബോംബ് സ്ഫോടനവും റോ ചെയ്യുന്നെന്ന് പറയാൻ തുടങ്ങി.

പക്ഷേ റോയോ സി ഐ ഏയോ ആണെങ്കിൽ ഐ എസ് ഐ ക്കാരെ കൊല്ലണം. ഈ ലിബറൽ മുസ്ലീങ്ങളെ എന്തിനു കൊല്ലുന്നു എന്ന് ചോദിക്കേണ്ടവരെയെല്ലാം അപ്പോഴത്തേക്ക് ഇല്ലാതാക്കിയിരുന്നു.

മുഴുവൻ ഇല്ലാതാക്കാൻ പറ്റി എന്ന് പൂർണ്ണമായും പറയാനാകില്ല. ബച്ചാ ഖാൻ എന്ന ഭാരതരത്നമായ ഖാൻ അബ്ദുൾ ഗാഫർഖാൻ, നമ്മൾ അതിർത്തിഗാന്ധിയെന്ന് വിളിയ്ക്കുന്ന മഹാത്മാവ് തുടങ്ങിവച്ച് പ്രസ്ഥാനങ്ങൾ (47 കഴിഞ്ഞ് 1988ൽ മരണമടഞ്ഞത് വരെ ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം പാകിസ്ഥാനിൽ തടവറയിലാരുന്നു കേട്ടോ) അവിടെ ഈ മദ്രസാവൽക്കരണത്തിനെതിരേ പ്രയത്നിച്ചു. അദ്ദേഹത്തിന്റെ ആൾക്കാർ ഇന്നും അവിടെയുണ്ട്. പാക് പാർലമെന്റിൽ അവർക്ക് ഒരു എം പീയുമുണ്ട്. പലതവണ ഓട്ടവീണ ശരീരമായെങ്കിലും.

അങ്ങനെ സീ ഐ ഏയുമായി അടുത്ത,  പഖ്തൂൺഖ്വായിൽ പാതി വിജയിച്ച ഈ മദ്രസാ, മുക്രി നെറ്റ്വർക്കിന്റെ ബാക്കി അവർ ആടിയത് അഫ്ഗാനിസ്ഥാനിലാണ്. സോവിയറ്റ് അനുകൂല സർക്കാരിനെതിരേ. ആ നെറ്റ്വർക്കിന്റെ ഇന്നത്തെ പേരാണ് താലിബാൻ.

സ്ത്രീസ്വാതന്ത്ര്യമുണ്ടാരുന്ന, വളരെ ലിബറൽ സ്വഭാവമുണ്ടാരുന്ന, വിദ്യാഭ്യാസവും സ്വതന്ത്രചിന്തയും പോരാട്ടവീര്യവുമുള്ള അഫ്ഗാനിസ്ഥാനിൽ ഈ പഷ്തൂൺ സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ ഡിറ്റോ ആണ് പകർത്തിയത്. ആദ്യം മദ്രസാ പള്ളി നെറ്റ്വർക്ക്. പിന്നെ ഇസ്ലാമിനെ ശുദ്ധീകരിയ്ക്കൽ,  സൂഫിസത്തിനും വിശാല ആരാധനാരീതികൾക്കും പകരം ശുദ്ധീകരിയ്ക്കപ്പെട്ട ഇസ്ലാം, മദ്രസ നെറ്റ്വർക്ക്, മദ്രസാ ട്രെയിൻഡ് മിലിറ്റൻസ്, കുട്ടികളെ ചേറുതിലേ കുടുംബങ്ങളിൽ നിന്ന് മദ്രസകളിലേക്ക് പിടിച്ച് കൊണ്ട് പോവൽ, അവരുടെ ഭീകരവാഴ്ച.

ഈ താലിബാൻ എന്നത് വലിയൊരു ഗ്രാമത്തിൽപ്പോലും പത്തോ പതിനഞ്ചോ പേർ മാത്രമാണ്. പക്ഷേ ആയുധധാരികളും ഇസ്ലാം ഇങ്ങനെയായിരിയ്ക്കണമെന്ന കൃത്യമായ ട്രെയിനിങ്ങും കിട്ടി മഷ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ട ഇവർ മതി.

ഈ സംഭവത്തിന്റെ വേറൊരു കൃത്യമായ ആസൂത്രിതമായ ഇമ്പ്ളിമെന്റെഷനാണു കാശ്മീർ താഴ്വരയിൽ നടത്തപ്പെട്ടത്. അല്ലാതെ പട്ടാളത്തിനെതിരേ നാച്ചുറൽ ആയി ഉരുത്തിരിഞ്ഞ എതിർപ്പൊന്നുമല്ല. കൃത്യമായ ആസൂത്രിതമായ സോഷ്യൽ എഞ്ചിനീയറിങ്ങ്. പള്ളി- മുക്രി-പ്യുരിട്ടൻ ഇസ്ലാം - ഇസ്ലാം സമൂഹത്തെയാകെ നിയന്ത്രിയ്ക്കൽ എന്ന അതേ സോഷ്യൽ എഞ്ചിനീയറിങ്ങ് ബ്രിട്ടണിൽ, കേരളത്തിൽ, അമേരിയ്ക്കയിൽ, എന്ന് വേണ്ട ഇസ്ലാം മതവിശ്വാസികളുള്ള എല്ലായിടത്തും ഐ എസ് ഐ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്.

വെസ്റ്റ് അതിനെ പല രീതിയിൽ ഉപയോഗിയ്ക്കുന്നുമുണ്ട്. സൗദി വഹാബികൾ അതിനെ അകമഴിഞ്ഞ് പെട്രോ ഡോളറൊഴുക്കി സഹായിയ്ക്കുന്നുണ്ട്. ലിബിയയിൽ, സിറിയയിൽ ഒക്കെ ഈ ഗ്രൂപ്പുകാരെ വച്ച് വെസ്റ്റ് ആണ് കളിച്ചത്. ഈജിപ്റ്റിൽ ആ കളി ഒന്ന് പാളി.

കാശ്മീരിൽ വൻ വിജയമായി. അവിടെ ക്ളീൻ ആക്കിക്കഴിഞ്ഞു. ഹറാമായവരെയെല്ലാം അടിച്ച് അല്ലെങ്കിൽ കൊന്ന് പുറത്താക്കിയല്ലോ.

ഇൻഡ്യൻ പട്ടാളം അല്ല ഏത് പട്ടാളമായാലും ഇനി മഹാത്മാ നോർവേയുടെയോ സ്വീഡന്റേയോ പട്ടാളമായാലും ഒരു ഭൂഭാഗത്തിറങ്ങുമ്പോൾ കർശനമായ മോണിറ്ററിങ്ങ് സംവിധാനവും മറ്റും ഉണ്ടായില്ലേൽ അട്രോസിറ്റീസ് ഉണ്ടാകും.കാശ്മീരിൽ അത് ഒരുപാട് കുറവും ഇൻഡ്യൻ പട്ടാളം അവിടെ അവരാൽക്കഴിയുന്ന രീതിയിൽ അത് നിയന്ത്രിയ്ക്കുകയും ചെയ്യുന്നുണ്ട്.

പക്ഷേ ഈ സോഷ്യൽ എഞ്ചിനീയറിങ്ങ് നടത്തി പെർജ് ചെയ്ത് വച്ചിരിയ്ക്കുന്ന ഭൂഭാഗത്തിനെ ഇനി ഏത് ലിബറൽ കോണീന്ന് ചിന്തിച്ചാലും ഒരു ഓഞ്ഞമോനും വിട്ടു കൊടുക്കാൻ പാടില്ല. മിലിറ്റന്റ് ഇസ്ലാം ഭീഷണി നിയന്ത്രിച്ചിട്ടല്ലാതെ എത്ര പട്ടാളക്കാരുടെ ജീവൻ നഷ്ടപ്പെട്ടാലും ശരി താലിബാനു അഫ്ഗാൻ കൊടുത്ത മാതിരി കാശ്മീർ ഒരുത്തനും കൊടുക്കാൻ പാടില്ല. അത് ഇൻഡ്യയ്ക്കെന്നല്ല ലോകത്തിനാകെ ആപത്താണ്.

പാകിസ്ഥാൻ മൗദൂദികൾക്ക് കൊടുത്തതിന്റെ ആപത്താണിപ്പൊ അനുഭവിച്ച് കൊണ്ടിരിയ്ക്കുന്നത്. ലോകം മുഴുവൻ. കേരളത്തിനില്ലാത്ത കാശ്മീരിനു ഒരു സ്വാതന്ത്ര്യവും ആവശ്യമില്ല.

സ്വാതന്ത്ര്യം വേണ്ടത് ഇസ്ലാമിനാണ്. മൗദൂദിസത്തിന്റേയും വഹാബിസത്തിന്റേയും പിടിയിൽ നിന്ന്. അത് എത്രയും പെട്ടെന്ന് ചെയ്തില്ലേൽ ഇങ്ങനെ ഓരോരുത്തർ വച്ച് നീട്ടുന്ന തോക്കുകൊണ്ട് പരസ്പരം വെടിവച്ച് തുലഞ്ഞോണ്ടിരിയ്ക്കും.

ആസാദിനെതിരേ റിബലുകൾ ഐസിസായതും നിലവിളികളും പുടിൻ നിന്ന് കാച്ചാൻ തുടങ്ങിയപ്പൊ വീണ്ടും റിബലുകളായതും ബോധമുള്ളവന്മാരെല്ലാം കണ്ടു കാണുമെന്ന് കരുതുന്നു.
ഇനി ആരൊക്കെ എന്തൊക്കെ സിന്ദാബാ വിളിച്ചാലും ഇൻഡ്യയുടെ ഒരു ജിയോഗ്രഫിക്കൽ അതിർത്തിയും തൽക്കാലം ഒരു കച്ചവടക്കാരനും അടിയറവയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല. അത് പാൽപ്പൊടിയായാലും അറബിപ്പൊന്നായാലും

(ഇവിടെയെഴുതിയ കമന്റാണ്. 
https://plus.google.com/u/0/+simynazareth/posts/1UzbuWgDWL7)