Friday, July 10, 2015

മോറിസ് ഫ്രൈഡ്മാൻമോറിസ് ഫ്രൈഡ്മാൻ എന്ന പേര് ഇൻഡ്യയുടെ ചരിത്രത്തിൽ വളരെയധികമാൾക്കാരൊന്നും ഓർത്തിരിയ്ക്കാൻ സാധ്യതയില്ല. എന്നാൽ ഭാരതത്തിന്റെ ഉന്നമനത്തിനു വളരെയധികം സംഭാവനകൾ നൽകിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം.

പോളണ്ടിലെ വാർസോയിൽ  ജനിച്ച അദ്ദേഹം ഉപരിപഠനത്തിനു ശേഷം പാരീസിലെ ഒരു ഫാക്ടറിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യവേ അവിടം സന്ദർശിച്ച മൈസൂർ ദിവാന്റെ അപേക്ഷപ്രകാരം മൈസൂർ ഇലക്ട്രിക്കൽ കമ്പനിയുടെ ചുമതല ഏറ്റെടുക്കാനാണ് 1930 കളുടെ തുടക്കത്തിൽ   ഇൻഡ്യയിലെത്തിയത്.

മൈസൂരിൽ വച്ച് ഗാന്ധിജിയേയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളേയും പറ്റി അറിഞ്ഞ അദ്ദേഹം വാർദ്ധയിലെ ഗാന്ധിജിയുടെ ആശ്രമം സന്ദർശിയ്ക്കുകയും അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുകയും ചെയ്തു. അവിടെവച്ചാണ് മോറിസ് ഗാന്ധിജിയ്ക്ക് വേണ്ടി ഏറ്റവും കാര്യക്ഷമമായി ഉപയോഗിയ്ക്കാൻ കഴിയുന്ന ഒരു ചർക്ക രൂപകൽപ്പന ചെയ്തത്. ഇന്ന് അപ്രോപ്രിയേറ്റ് ടേക്നോളജി എന്ന് പറയുന്ന വിഭാഗത്തിൽപ്പെടുന്ന പല കാര്യങ്ങളും വർദ്ധായിൽ വച്ച് മോറിസ് സ്വദേശി പ്രസ്ഥാനത്തിനായി രൂപകൽപ്പന ചെയ്തിട്ടുണ്ട്.


(ഭാരതാനന്ദ താൻ രൂപകൽപ്പന ചെയ്ത ധനുഷ് തക്ളി ഗാന്ധിജി ഉപയോഗിയ്ക്കുന്നത് കാണുന്നു)

രമണമഹർഷി , സ്വാമി രാം ദാസ് തുടങ്ങി അന്ന് ജീവിച്ചിരുന്ന മഹാത്മാക്കളെ കണ്ടുമുട്ടിയ അദ്ദേഹം വളരെപ്പെട്ടെന്ന് ഭാരതീയ തത്വശാസ്ത്രത്തിൽ ആകൃഷ്ടനായി. രമണാ‍ശ്രമത്തിൽ സ്ഥിര സന്ദർശകനാവുകയും സ്വാമി രാംദാസിന്റെ അടുത്ത് നിന്ന് സന്യാസദീക്ഷ സ്വീകരിയ്ക്കുകയും ചെയ്തു. സ്വാമി ഭാരതാനന്ദ എന്ന പേര് ഗാന്ധിജി നൽകിയതാണെന്ന് പറയപ്പെടുന്നു.


ഭാരതാനന്ദ തന്നെയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ തത്വശാസ്ത്രം മാത്രമല്ല ജീവിതരീതിയേയും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളേയും സർവാത്മനാ സ്വീകരിച്ചു . സന്യാസിയായിട്ടും മൈസൂരിലെ ഫാക്ടറിയിൽ ജോലി തുടർന്ന അദ്ദേഹത്തിനു സന്യാസവേഷം ധരിയ്ക്കാൻ അനുവാദമില്ലായിരുന്നു. അതിനുവേണ്ടി ദിവാനുമായി സ്ഥിരം വഴക്കുകൾ പതിവായി. ദിവാനു ഇത്രയും നല്ലൊരു ടെക്നോക്രാറ്റിനെ നഷ്ടപ്പെടുത്താനും താൽപ്പര്യമില്ലായിരുന്നു. അവസാനം പ്രമുഖവ്യക്തികളെ സ്വീകരിയ്ക്കുമ്പോൾ മാത്രം സ്യൂട്ട് ധരിച്ചാൽ മതി ബാക്കിസമയത്ത് സന്യാസവേഷമായ കാവി ധരിയ്ക്കാം എന്ന ഒത്ത് തീർപ്പിൽ അവരിരുവരുമെത്തി.

 
(രമണ മഹർഷിയോടൊപ്പം)

അങ്ങനെയൊരു വിശിഷ്ടാതിഥിയെ സ്വീകരിച്ചതാണ് അദ്ദേഹത്തിന്റേയും പിന്നീട് ഭാരത സ്വാതന്ത്ര്യ സമരത്തിലേയും വലിയൊരു നാഴികക്കല്ലായത്. ഔന്ഥ് രാജ്യത്തിലെ രാജകുമാരൻ അപ പന്ഥ് ഇംഗ്ളണ്ടിലെ തന്റെ പഠനത്തിനു ശേഷം കൂടുതൽ ഭരണാനുഭവജ്ഞാനം ഉണ്ടാക്കുന്നതിനായി മൈസൂരിലെത്തി. മൈസൂർ അന്ന് ഇൻഡ്യയിലെ ഏറ്റവും മികച്ച നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു. കൃഷ്ണരാജ വാഡിയാർ നാലാമന്റേയും സർ മിസ്ര ഇസ്മായിൽ എന്ന ദിവാന്റേയും നേതൃത്വത്തിൽ യൂറോപ്യൻ രാജ്യങ്ങളേപ്പോലും വെല്ലുന്ന പുരോഗതി നേടിയ മൈസൂരിന്റെ സുവർണ്ണ കാലഘട്ടം. പിൽക്കാലത്ത് വന്ന ജനായത്ത ഭരണകൂടങ്ങൾക്കൊന്നും കഴിയാതിരുന്ന പുരോഗതി ഉണ്ടായിരുന്ന സമയം.

ഔന്ഥ് രാജകുമാരൻ പെട്ടെന്ന് തന്നെ സ്വാമി ഭാരതാനന്ദയെ ശ്രദ്ധിയ്ക്കുകയും അദ്ദേഹത്തിന്റെ ഭരണപരിചയത്തെ തന്റെ രാജ്യത്തിലേക്ക് ഉപയോഗിയ്ക്കാൻ ആഗ്രഹിയ്ക്കുകയും ചെയ്തു. ദിവാനു ഇത്രയും മിടുക്കനായൊരാളെ വിട്ട് കൊടുക്കാൻ ഉദ്ദേശവുമില്ലായിരുന്നു. അപ്പോഴാണ് സന്യാസവേഷം ധരിയ്ക്കുന്നതിനെക്കുറിച്ചും ഭാരതാനന്ദയുടെ ജീവിതരീതിയെക്കുറിച്ചുമൊക്കെ ദിവാനും അദ്ദേഹവുമായുള്ള പൊരുത്തക്കേടുകൾ ഔന്ഥ് രാജകുമാരൻ ശ്രദ്ധിച്ചത്. അവർ പെട്ടെന്ന് വളരെയടുത്ത സ്നേഹിതരായി. കിർലോസ്കർ ഷോറൂമിന്റെ ബാംഗ്ളൂരിലെ മാനേജരുടെ വീട്ടിൽ താമസിച്ചിരുന്ന അപ പന്ഥും അവിടെ വന്നിരുന്ന ഭാരതാനന്ദയും ആ വീടിനകം ആശയങ്ങൾ കൊണ്ട് നിറച്ചു എന്നാണദ്ദേഹം എഴുതുന്നത്.

ശാസ്ത്രവും സാങ്കേതികതയും ഗ്രാമങ്ങളിലേക്ക് ഒഴുകണം. അവിടത്തെ പാവങ്ങൾക്കായി അത് ഉപയോഗിയ്ക്കപ്പെടണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആദർശം. ഗ്രാമീണവികസനത്തിനായി ജനങ്ങൾക്കാവശ്യമുള്ള രീതിയിൽ സാങ്കേതികതയെ രൂപപ്പെടുത്തുന്നതിൽ വിശാരദനായിരുന്ന ഭാരതാനന്ദയോട് അപ പന്ഥ്,  "നിങ്ങൾ ആരുടേയും അടിമയല്ല, നിങ്ങൾക്ക് സകല സ്വാതന്ത്ര്യവും നൽകാം ഔന്ഥിലേക്ക് വരാമോ" എന്ന് ചോദിച്ചു. ഔന്ഥിലെ ദിവാനു പോലും അന്ന് ഭാരതാനന്ദയ്ക്ക് മൈസൂരിൽ കിട്ടുന്നതിനേക്കാൾ പത്തിലൊന്നേ ശമ്പളമുണ്ടായിരുന്നുള്ളൂ. പക്ഷേ അദ്ദേഹത്തിനു സംശയമൊന്നുമുണ്ടായില്ല. കിടക്കാൻ സ്ഥലവും ഭക്ഷണവും ലഭിച്ചാൽ ഔന്ഥിലേക്ക് വരാം എന്ന് പറഞ്ഞ അദ്ദേഹം തന്റെ വൻ ശമ്പളവും മൈസൂരിനേയും ഉപേക്ഷിച്ച് ഔന്ഥിലേക്ക് യാത്രയായി.

വളരെ ചെറിയൊരു രാജ്യമായിരുന്ന ഔന്ഥിൽ ഗ്രാമങ്ങളെ മുന്നോട്ട് കൊണ്ട് വരികയായിരുന്നു ഭാരതാനന്ദയുടെ ദൗത്യം. ഗാന്ധിജിയുടെ സ്വദേശി പ്രസ്ഥാനത്തിന്റേയും ഗ്രാമസ്വരാജിന്റേയും ആദ്യകാലമാതൃകകൾ അദ്ദേഹം അവിടെ പരീക്ഷിച്ചു വിജയം കണ്ടു. ഒരു തപസ്സെന്ന പോലെ ഗ്രാമങ്ങൾ തോറും അദ്ദേഹം വികസനത്തിന്റെ വെളിച്ചമെത്തിച്ചു. അദ്ദേഹത്തിന്റെ സ്വാധീനത്താൽ രാജാവ് ഔന്ഥിൽ വധശിക്ഷ നിർത്തലാക്കി. ജയിലുകളിലെ കുറ്റവാളികളെ ഗ്രാമീണ വികസനപ്രവർത്തനങ്ങളിൽ ജോലിയ്ക്കായി ഏർപ്പെടുത്തുകയും അവരെ പുനരധിവസിപ്പിയ്ക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഏറ്റവും വലിയൊരു കാര്യം സ്വതന്ത്രപുർ എന്ന ഒരു കോളനി ഗ്രാമം ഉണ്ടാക്കുകയും അവിടെ തുറന്ന ജയിലുകളിൽ കുറ്റവാളികളെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം താമസിപ്പിച്ച് അവിടത്തെ തോട്ടങ്ങളിൽ പണിയെടുത്ത് ജീവിയ്ക്കാനും പുനരധിവസിപ്പിയ്ക്കാനും ഉതകും വിധമൊരു വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു എന്നതാണ്. സ്വതന്ത്രപുരത്ത് ഇന്നും ഒരു തുറന്ന ജയിലുണ്ട്. ബോളീവുഡിലെ മികച്ച ക്ളാസിക്കുകളിലൊന്നായി എണ്ണുന്ന दो आँखें बारह हाथ എന്ന സിനിമ ഈ ജയിലിന്റെ കഥയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.

ഈയിടെയാണ് രാജാവായിരുന്ന ശ്രീമാൻ ഭവൻ റാവു പാന്ഥ് പ്രതിനിധിയുടെ എഴുപതാം ജന്മദിനത്തിന്റെ ഒരുക്കങ്ങൾ ആലോചിയ്ക്കുമ്പൊ  " രാജാസാഹേബ്, നിങ്ങൾക്ക് എന്ത് കൊണ്ട് മഹാത്മാഗാന്ധിയോട് ചേർന്ന് നിന്ന് സ്വാതന്ത്യ സമരത്തിന്റെ വിജയത്തിനായി ഈ രാജ്യം ജനഭരണത്തിനായി വിട്ട് കൊടുത്ത് കൂടാ?" എന്ന് ഭാരതാനന്ദ രാജാവിനോട് ചോദിച്ചത്.

ഗാന്ധിജിയുടേയും സ്വാതന്ത്ര്യ സമരത്തിന്റേയും അനുയായിയും ദേശീയവാദിയുമായിരുന്ന  മഹാരാജാവിനു സംശയം ഒന്നുമുണ്ടായിരുന്നില്ല. ഭാരതാനന്ദ തന്നെ ഭരണഘടനയുടെ ഒരു കരട് എഴുതിയുണ്ടാക്കുകയും ഗാന്ധിജിയെ അപ പാന്ഥുമൊന്നിച്ച് പോയി കാണുകയും ചെയ്തു. ഇതിൽ വളരെയേറെ സന്തോഷവാനായ  ഗാന്ധിജി ഒരുപാട് ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം മാറ്റങ്ങൾ വരുത്തി :-) ഭരണഘടനയുടെ അവസാന പതിപ്പുണ്ടാക്കി അവർക്ക് കൊടുത്തു.

രാജാ ഭവൻ റാവു പാന്ഥ് പ്രതിനിധി അദ്ദേഹത്തിന്റെ എഴുപതാം പിറന്നാളായ 1938 നവംബർ 23നു രാജസഭയിൽ ഇങ്ങനെ പ്രഖ്യാപിച്ചു. "I am renouncing all my powers and power of my purse in favour of my children who are now capable of managing their own affairs. We will watch them and guide them". Jai Jagadamba !


 (രാജാ ഭവൻ റാവു പാന്ഥ് പ്രതിനിധി)

1939 ജനുവരി 21നു പുതിയ ഭരണഘടന സഭ അംഗീകരിച്ചു. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയങ്ങൾ ഉൾക്കൊള്ളിച്ച പുതിയ ഭരണഘടനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ദ്വിതല പഞ്ചായത്ത് നിലവിൽ വരികയും വിദ്യാഭ്യാസം മുതൽ നീതിനിർവഹണം വരെയുള്ള എല്ലാ ചുമതലകളും പഞ്ചായത്തിന്റെ ചുമതലയിലാവുകയും ചെയ്തു.ഈ നിയമപ്രകാരം സകല ജനങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം,ആരാധനാസ്വാതന്ത്ര്യം , കൂട്ടം ചേരാനും ആശയങ്ങൾ പങ്കുവയ്ക്കുവാനും സ്വാതന്ത്ര്യം , ജന്മം കൊണ്ടോ അല്ലാതെയോ ജാതിമതവർഗ്ഗലിംഗഭേദമന്യേ സകല അസമത്വങ്ങളും ഇല്ലാതെ ജീവിയ്ക്കാനുള്ള സ്വാതന്ത്ര്യം മുതൽ സകലജനങ്ങൾക്കും കുറഞ്ഞ കൂലി ഉറപ്പ് വരുത്തിയുള്ള തൊഴിൽ സുരക്ഷ വരെ ഉറപ്പ് നൽകി.

വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ച് കയറ്റമാണ് ഔന്ഥിൽ നടന്നത്. ബജറ്റിന്റെ അമ്പത് ശതമാനത്തോളം വിദ്യാഭ്യാസത്തിനായി മാറ്റിവച്ചു. അഞ്ച് കൊല്ലം കൊണ്ട് അമ്പതോളം സ്കൂളുകൾ സ്ഥാപിച്ചു. വിദ്യാഭ്യാസമോ സാക്ഷരതയോ ഇല്ലാത്ത ജനങ്ങൾക്ക് ഈ മാറ്റമൊന്നും പിടികിട്ടിയതേയില്ല എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. രാജ്യത്ത് ശക്തമായി സാക്ഷരത ഉയർത്താനുള്ള ശ്രമങ്ങൾ നടന്നു.  ജനങ്ങൾ വളരെയേറെപ്പേർ സാക്ഷരരാവുകയും ജനാധിപത്യം എന്തെന്ന് മനസ്സിലാകുകയും ജനാധിപത്യപ്രക്രിയയിൽ ജനങ്ങൾ ശക്തമായി ഇടപെട്ട് തുടങ്ങുകയും ചെയ്തു. 1941ൽ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായ ശ്രീ രാമപ്പ ബിദരിയുടെ കീഴിൽ ഔന്ഥ് ആദ്യമായി ആ രാജ്യത്തെ കടങ്ങളെല്ലാം തീർത്തു.

വെളിയിൽ നടക്കുന്ന മാറ്റങ്ങൾ ഔന്ഥ് രാജ്യത്തേയും ബാധിയ്ക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിനു ഈ മുഴുവൻ സംഭവങ്ങളും സ്വാഭാവികമായും ഒട്ടും രസിച്ചില്ല. പക്ഷേ നിയമപ്രകാരം രാജാവിനെ ഒന്നും ചെയ്യാൻ കഴിയുകയുമില്ലായിരുന്നു. അവർ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ രാജ്യത്തിനു മേൽ സാമ്പത്തികമായി പിടിമുറുക്കി. ഔന്ഥിലെ രാജാവും സിസ്റ്റവും ഒരേസമയം ബ്രിട്ടീഷുകാരോട് സഹകരിയ്ക്കുമ്പോഴും സ്വാതന്ത്ര്യസമര സേനാനികളോട് പിൻ വാതിൽ മൃദുനയം സ്വീകരിച്ചിരുന്നത് കൊണ്ട് പല ഗാന്ധിയൻ/സായുധ വിപ്ളവകാരികളും ബോംബേയിൽ പ്രവർത്തനങ്ങൾക്ക് ശേഷം ഔന്ഥിൽ ഒളിവിൽ അഭയം തേടി. അതും ബ്രിട്ടീഷുകാരെ ചൊടിപ്പിച്ചു.

ക്വിറ്റ് ഇൻഡ്യാ സമരം ഔന്ഥിലും അലയടിച്ചു. ഔന്ഥ് പരീക്ഷണവും വേറൊരു ഗതിയിലേക്ക് മാറുകയായിരുന്നു. നാപ്പത്തിയാറോടെ ഔന്ഥിലെ സാമ്പത്തിക രംഗം പരുങ്ങലിലായി. പ്രധാനകാരണം രണ്ടാം ലോകയുദ്ധത്തെത്തുടർന്നുള്ള സാമ്പത്തിക ഞെരുക്കമാണ്. എത്ര സ്വാശ്രയമായാലും ഗ്രാമസ്വരാജിനു അതിനു ചുറ്റുമുള്ള വലിയ എക്കോണമിയെ അതിവർത്തിച്ച് നിൽക്കാനാവില്ലെന്നും ഗ്രാമസ്വരാജും വ്യവസായിക സമ്പദ് വ്യവസ്ഥയും ചേർന്ന് നിൽക്കണമെന്നും ഉള്ള പാഠം അവിടെനിന്നാണു ഭാരതാനന്ദയും അപ പാന്ഥും നിരീക്ഷിച്ചത്.

എന്തായാലും സ്വതന്ത്ര ഭാരതം നിലവിൽ വന്നു.  നാപ്പത്തിയെട്ട് മാർച്ച് എട്ടാം തീയതി സ്വതന്ത്ര ഭാരതസർക്കാറിന്റെ പ്രതിനിധി ഔന്ഥിലെത്തി. ജയ് ജഗദംബേ എന്ന് മൂന്ന് പ്രാവശ്യം മന്ത്രിച്ച ശേഷം രാജാ ഭവൻ‌ റാവുപാന്ഥ് പ്രതിനിധി സ്വതന്ത്രഭാരതത്തിന്റെ കാൽക്കീഴിൽ തന്റെ ചെറു രാജ്യത്തെ സമർപ്പിച്ചു.

ഈ മഹാരാജാ ഭവൻ റാവു പാന്ഥ് പ്രതിനിധിയാണ് ആയിരക്കണക്കിനു വർഷങ്ങളായി ചില കൾട്ടുകളിൽ മാത്രം നിലനിന്നിരുന്ന സൂര്യനമസ്കാരത്തെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചതും വേദമന്ത്രങ്ങൾ എല്ലാ മതക്കാർക്കും പറ്റുന്നതല്ലന്ന് കണ്ട് അർത്ഥമില്ലാത്ത സിലബിൾസ് അടങ്ങിയ ശബ്ദങ്ങൾ ഉൾപ്പെടുത്തി സൂര്യനമസ്കാരം ഒരു വ്യായാമമുറ എന്ന നിലയിൽ സ്കൂളുകളിലെല്ലാം നിർബന്ധമാക്കിയതും.

ഔന്ഥ് പരീക്ഷണം പോലെയുള്ള സ്വാതന്ത്ര്യ സമരത്തിന്റെ വികസന, ഗ്രാമവികസന പദ്ധതികളിൽ വളരെയേറെ പണിയെടുത്തിരുന്നെങ്കിലും സ്വാമി ഭാരതാനന്ദ ഒരിയ്ക്കലും സ്വാതന്ത്ര്യ സമരത്തിലെ രാഷ്ട്രീയപ്രവർത്തനങ്ങളിൽ മുന്നിൽ നിന്നിട്ടില്ല. ഇൻഡ്യാക്കാരന്റെ സ്വാതന്ത്ര്യം അവർ തന്നെ നേടണമെന്നൊരു വാശി ഗാന്ധിജിയ്ക്കുണ്ടായിരുന്നെന്ന് വേണം കരുതാൻ. പക്ഷേ സ്വന്തം രാജ്യമായ പോളണ്ടിനെ ഒരു വശത്ത് നിന്ന് സ്റ്റാലിനും വേരൊരു വശത്ത് നിന്ന് ഹിറ്റ്ലറും കൈക്കലാക്കിയപ്പോൾ പോളണ്ടിന്റെ സ്വാതന്ത്ര്യത്തിനായും അവിടെയുള്ളവരെ രക്ഷിയ്ക്കുന്നതിനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധിയെ ഗോഡ്സേ വധിച്ചതോടെ സ്വാമി ഭാരതാനന്ദ ഔദ്യോഗിക ജോലികളിൽനിന്നെല്ലാം വിടുതൽ നേടി വാരാണസിയിലും മറ്റും സമയം ചിലവഴിച്ചു. ആയിടയ്ക്കാണ് ജിദ്ദു കൃഷ്ണമൂർത്തിയുടെ ജേ കേ ഫൗണ്ടേഷൻ ചിറ്റൂരിൽ സ്ഥാപിയ്ക്കുന്ന റിഷിവാലി സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയാവുന്നത്. ജിദ്ദുവും അദ്ദേഹവും അടുത്ത സുഹൃത്തുക്കളായിരുന്നു.

1959 വരെ സോവ്യറ്റ് അധിനിവേശ പോളിഷ് അഭയാർത്ഥികളുടെ കാര്യങ്ങളിലൊഴിച്ചാൽ അദ്ദേഹം വലുതായ പ്രവർത്തനങ്ങളിലൊന്നും ഏർപ്പെട്ടിട്ടില്ല. രണ്ടാം ലോകയുദ്ധത്തിനു മുന്നും പിന്നും സോവ്യറ്റ് അധിനിവേശ പോളണ്ടിൽ നിന്നുള്ള ഒരുപാട് പേരെ സോവ്യറ്റ് യൂണിയൻ സൈബീരിയയിൽ ക്യാമ്പുകളിൽ തടവിലിട്ടിരുന്നു.  തടവിലാക്കപ്പെട്ടവർ പലരും ചേർന്ന് ഇറാൻ വഴിയും അല്ലാതെയും ഇൻഡ്യയിലേക്ക് രക്ഷപെടുകയും ഇവിടെനിന്ന് കപ്പലിൽ യൂറോപ്പിന്റെയും ആഫ്രിക്കയുടേയും പല ഭാഗങ്ങളിലും എത്തിപ്പെടുകയും ചെയ്തു. അവരെ സഹായിയ്ക്കാനായി അദ്ദേഹം വളരെയേറെ പ്രയത്നിച്ചിരുന്നു.എന്റെ കൂടെ ജോലിചെയ്തിരുന്ന അടുത്തൊരു സുഹൃത്തിന്റെ അമ്മ ഇങ്ങനെ സൈബീരിയയിൽ നിന്ന് രക്ഷപെട്ട് ഇൻഡ്യയിലെത്തി ഇവിടന്ന് ഇംഗ്ലണ്ടിലത്തിയതാണ്. ആ അമ്മ ഇന്നും ജീവിച്ചിരിയ്ക്കുന്നു. അവരുടെ കൂടെ വന്ന അനുജത്തി ഇൻഡ്യയിൽ ഉള്ള ഒരാളെ വിവാഹം ചെയ്തു. അവരിവിടെ എവിടെയോ താമസിയ്ക്കുന്നുണ്ടായിരുന്നെന്നും അവരെ (യോ അവരുടെ മക്കളേയോ ആരെയെങ്കിലും) എങ്ങനെയെങ്കിലും കണ്ടുപിടിയ്ക്കണം എന്നും പുള്ളി എന്നോട് പറയാറുണ്ട്.

1959ൽ ചൈന ടിബറ്റിനെ പതിയെ കൈക്കലാക്കാൻ തുടങ്ങി. ഔന്ഥിലെ രാജകുമാരനായിരുന്ന അപ പാന്ഥ് അപ്പോഴേയ്ക്കും ഇൻഡ്യൻ വിദേശ സർവീസിൽ ചേർന്ന് പലയിടങ്ങളിലും അംബാസിഡറായും മറ്റും പ്രവർത്തിച്ച് തുടങ്ങിയിരുന്നു. ഹിമാലയൻ അതിർത്തിയിലെ ഒരു ടിബറ്റൻ അഭയാർത്ഥി ക്യാമ്പിലേക്ക് അപാ പാന്ഥ് സ്വാമി ഭാരതാനന്ദയെ ക്ഷണിച്ചു.

 
 (അപാ പാന്ഥ്)

എൺപതിനായിരത്തോളം വരുന്ന ടിബറ്റൻ അഭയാർത്ഥികളെ പുനരധിവസിപ്പിയ്ക്കാനുള്ള വലിയൊരു പദ്ധതി അവർ രൂപകൽപ്പന ചെയ്തു. നെഹ്രു അപ്പോഴും ഇൻഡ്യാ ചീന ഭായി ഭായി എന്ന് പറഞ്ഞ് നടന്നിരുന്നതിനാൽ ടീബറ്റൻ അഭയാർത്ഥികളുടെ കാര്യത്തിൽ വഴുവഴുക്കൻ നയമാണ് സ്വീകരിച്ചിരുന്നത്. പക്ഷേ പല തവണ നെഹ്രുവിനെ നേരിട്ട് കണ്ട് അപേക്ഷിച്ചതിൻ പ്രകാരം ചില സംസ്ഥാന ഗവണ്മെന്റുകൾക്ക് നെഹ്രു കത്തുകൾ നൽകി. ഈ കത്തുകളുമായി ഡൽഹി മുതൽ ഒരുപാട് സംസ്ഥാനങ്ങളിൽ ചെന്നെങ്കിലും ആർക്കും ഇതുപോലൊരു തലവേദന ഏറ്റെടുക്കാൻ താൽപ്പര്യമില്ലായിരുന്നു. പക്ഷേ കർണാടക സർക്കാർ, പഴയ മൈസൂരിലെ സ്വാമി ഭാരതാനന്ദയെ നല്ലവണ്ണം അറിയുകയും ബഹുമാനിയ്ക്കുകയും ചെയ്തിരുന്ന ഉത്തരവാദിത്തപ്പെട്ടവർ ഇന്നത്തെ ബൈലകുപ്പെ എന്നറിയപ്പെടുന്ന സ്ഥലം നൽകുകയും ടിബറ്റൻ അഭയാർത്ഥികൾ അവിടെ പുതിയൊരു ജീവിതം കരുപ്പിടിപ്പിയ്ക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിന്റെ ഭാഗങ്ങളിലും ടിബറ്റൻ സെറ്റിൽമെന്റുകൾ അനുവദിയ്ക്കപ്പെട്ടു. അവസാനം ഇന്നത്തെ ദലായ് ലാമയും അവിടെയെത്തി. ദേശത്തിന്റെ മഹത്വമോതുമ്പൊ ജൂതന്മാർ മുതൽ പാർസികൾ വരെയെന്നത് ഇന്ന് ദലായ്ലാമയും ടിബറ്റുകാരും വരെയെന്ന് അഭിമാനിയ്ക്കാൻ വഴിയിട്ടത് ഈ ഭാരതാനന്ദയാണ്.

ടിബറ്റൻ അഭയാർത്ഥികളെ സ്വന്തം കാലിൽ നിൽക്കുന്നതിനും അവർക്ക് വിദ്യാഭ്യാസം നൽകുന്നതിനുമൊക്കെ അദ്ദേഹവും മറ്റൊരു പോളിഷ്കാരിയായ ഉമാ ദേവി എന്ന് പേരു സ്വീകരിച്ച Wanda Dynowska യും മുന്നിട്ടിറങ്ങി. അന്ന് കുട്ടിയായിരുന്ന ദലായ് ലാമയ്ക്കും മറ്റ് ടിബറ്റൻ കുഞ്ഞുങ്ങൾക്കും അമ്മയെപ്പോലെയായിരുന്നു ഉമാദേവി. 1965 വരെ അദ്ദേഹം അവിടെ തുടർന്നു. പിന്നീട് ബോംബേയിലേയ്ക്ക് താമസം മാറി.

ബോംബേയിൽ അദ്ദേഹത്തിനു കിട്ടിയത് തന്റെ കുടുസ്സുമുറിയിൽ മക്കളോടും ഭാര്യയോടുമൊപ്പം ബീഡിതെറുപ്പുകാരനായി ജീവിച്ചിരുന്ന നിസംഗദത്ത മഹാരാജെന്ന ജ്ഞാനിയെയയിരുന്നു. മറാഠി നല്ലവണ്ണം അറിയാമായിരുന്ന ഭാരതാനന്ദയാണ് നിസംഗദത്തമഹാരാജിന്റെ സംഭാഷണങ്ങൾ 'I Am That' എന്ന പേരോടെ ഇംഗ്ളീഷിൽ പ്രസിദ്ധീകരിച്ചത്. നിസ്സംഗദത്ത മഹാരാജാവിനെ സന്ദർശിച്ചും സംഭാഷണങ്ങൾ പകർത്തിയും അദ്ദേഹം 1976 വരെ ബോംബെയിൽ കഴിഞ്ഞു. 1976 ന്റെ ആദ്യമാസങ്ങളിൽ ഒരു മോട്ടോർ സൈക്കിളിടിച്ച് അവശനിലയിലായ അദ്ദേഹം 1976 മാർച്ച് 9ആം തീയതി നിസംഗദത്ത മഹാരാജിന്റേയും അപ പാന്ഥിന്റേയും സാന്നിധ്യത്തിൽ സ്വദേഹം വെടിഞ്ഞു.

 (ഭാരതാനന്ദ നിസംഗദത്ത മഹാരാജാവിനോടൊപ്പം)

വിദേശികൾ ഇൻഡ്യയിലേക്ക് വരുന്നതും പ്രവർത്തിയ്ക്കുന്നതും,  നമ്മുടെ അനുഭവങ്ങൾ ചരിത്രപരമായി മോശമായത്കൊണ്ടാവാം,  പലപ്പോഴും സംശയദൃഷ്ടിയോടേയാണ് ഇന്നും നമ്മൾ കാണുന്നത്. പക്ഷേ പോളണ്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് ബോംബേയിൽ അവസാനിച്ച ഈ കർമ്മയോഗിയുടെ ജീവിതം ഏത് ഭാരതീയനേക്കാളും ഭാരതീയതയുടെ ആഴങ്ങളിൽ ജീവിതമർപ്പിയ്ക്കാൻ നമ്മെ പ്രാപ്തരാക്കുന്നതാണ്.

(ചിത്രങ്ങൾ പലയിടത്തു നിന്നും ബ്ളോഗുകളിലും പുസ്തകങ്ങളിലും നിന്നുൾപ്പെടെ എടുത്തതാണ്. പകർപ്പവകാശലംഘനം ഉദ്ദേശിച്ചിട്ടില്ല.പഴയ ചിത്രങ്ങളായത്കൊണ്ട് എത്രത്തോളം അതുണ്ട് എന്നും സംശയമാണ്)