Monday, November 25, 2013

ഡിസക്ഷന്റെ ധാർമ്മികതയും രാഷ്ട്രീയവും

സംസ്ഥാനത്തെ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ ജന്തുശാസ്ത്ര പഠനത്തിന്റെ ഭാഗമായി കീറിമുറിച്ചുള്ള പഠനത്തെ വന്യജീവി സംരക്ഷണവകുപ്പിന്റെ അടിസ്ഥാനത്തിൽ നിരോധിയ്ക്കുന്നെന്ന് മാധ്യമങ്ങളിൽ ഒരു വാർത്ത കണ്ടു.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണീ പുതിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. യൂ ജീ സീ സർവകലാശാലകളിലും ഇത്തരം പഠനത്തിനു ഒരു പൊതു നിരോധനം കൊണ്ട് വരുന്നെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതേപ്പറ്റി ഒരു Google Plus പോസ്റ്റിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ തുന്നിച്ചേർക്കുന്നു.

തീർച്ചയായും വന്യജീവി സംരക്ഷണ നിയമം പാലിയ്ക്കപ്പെടണം എന്നതിൽ സംശയമില്ല. പക്ഷേ എല്ലാത്തിനും വിവേചനപൂർവ്വമായ വകതിരിവ് എന്നൊരു സംഭവമുണ്ട്.ഗിനിപ്പന്നീം എലീമൊക്കെ വന്യജീവിസംരക്ഷണമാണെന്ന് പറയുന്നത് കേട്ടാൽ തമാശയാണ്. ഗിനിപ്പന്നി വന്യജീവിയല്ല. എന്ന് മാതരമല്ല അതൊരു വീട്ടുജീവിയാണ് (domesticated animal) .  കലാലയങ്ങളിൽ ഡിസക്ഷനായി ഉപയോഗിയ്ക്കുന്ന മിക്ക ജീവികളും വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല.എന്നാലും നിരോധനം കീറിമുറിച്ചുള്ള പഠനത്തിനാണ്.. 

എങ്ങാനും നിയമം ലംഘിയ്ക്കുന്നവർ എന്ന് അധികാരികൾ വിചാരിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ വച്ചാണ് കേസെടുക്കുക. ഇരുണ്ടയുഗത്തിലെ യൂറോപ്യൻ നിയമങ്ങളെയാണ് അതൊക്കെ അനുസ്മരിപ്പിയ്ക്കുന്നത്. അങ്ങനെ പൊതുവേ നോക്കുമ്പോൾ ഇതിന്റെ ഉദ്ദേശം കൃത്യമായി മനസ്സിലാക്കും. അനിമൽ വെൽഫെയർ എന്ന പേരിൽ പ്രവർത്തിയ്ക്കുന്ന മധ്യവർഗ്ഗ ഭീകരവാദികളുടെ ലോബിയിങ്ങ് വഴിയാണീ നിയമങ്ങളും ഉത്തരവുകളും. 

ഇതേ മൃഗസ്നേഹി തീവ്രവാദികളുടെ വേറൊരു വേദന മൂത്ത് മൂത്ത് ഇപ്പൊ നാട്ടിലിറങ്ങണ്ട. ഇപ്പൊ പട്ടിരാജ്യമാണ് നാട്ടുമ്പുറങ്ങൾ. നാട്ടിച്ചെന്നപ്പൊ എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞത് ഈ ഇഗ്ലീഷ് സിനിമകളിലെയൊക്കെപ്പോലെ കുറേ കഴിഞ്ഞ് ഈ പട്ടികൾ കൂട്ടമായി ഓരോരോ മനുഷ്യരെയായി കൊന്ന് നാട് പിടിച്ചടക്കുമെന്നാണ്. സംഭവം അത്ര ഭീകരമാണ്. വീട്ടിൽ കോഴിയേയോ, താറാവിനേയോ പൂച്ചയേയോ ആടിനേയോ പട്ടിയേയോ ഒന്നും വളർത്താൻ വയ്യ. വന്ന് എല്ലാത്തിനേം വളഞ്ഞിട്ട് കടിച്ച് തിന്നും . പേടിച്ച് ജനം ഇപ്പൊ കൊച്ചു കുട്ടികളേപ്പോലും വെളിയിലിറക്കുന്നില്ല. പത്തും പതിനഞ്ചും ഉള്ള ഗ്രൂപ്പുകളായി വന്ന് വലിയയാൾക്കാരെപ്പോലും ആക്രമിയ്ക്കും. വൈകിട്ട് ഒരു സമയം കഴിഞ്ഞാൽ ജനം ആട്ടോ വിളിച്ചേ നാട്ടുവഴിയിലൂടെ പോകാൻ പറ്റൂ.. പട്ടിരാജ്യം.

പഞ്ചായത്ത് മുഴുവൻ ഇഷ്ടപ്പെടുന്ന നല്ല ഒരു പ്രസിഡന്റാണ് ഇപ്പൊ ഭാഗ്യത്തിനു ഞങ്ങളുടെ പഞ്ചായത്തിൽ. അവർ പറഞ്ഞത് പരസ്യമായി നമുക്കൊന്നും ചെയ്യാൻ പറ്റൂല്ല രഹസ്യമായി നമുക്കെല്ലാം ചേർന്ന് വിഷം വച്ച്/വേറെന്തെങ്കിലും വഴി കൊല്ലാം എന്നാണ്.ഒറ്റിയാൽ പക്ഷേ അകത്ത് കിടക്കണമെന്നത് കൊണ്ട് എല്ലാരും അവനവന്റെ വീടുകൾക്ക് മതിലു കെട്ടുന്നു.
എന്റെ സ്ഥലത്ത് (ഒരു കൊച്ച് ഗ്രാമപ്രദേശമാണ്) കുട്ടികളെ കടിച്ച സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരുപാട് സ്ഥലം ഉള്ളതുകൊണ്ട് ഇവയെ ലൊക്കേറ്റ് ചെയ്യാൻ പാടാണ്. ശരിയ്ക്കും ഗറില്ലാ പോരാട്ടമാണ്. എവിടന്നറിയാതെ ഒരു പട്ടി വരും. അവൻ ചേസ് ചെയ്യും . ഇര (അത് കോഴിയോ, പൂച്ചയോ കൊച്ച് പട്ടിയോ ഏതായാലും) ഓടിച്ചെന്ന് കയറുന്നത് വളഞ്ഞ് നിൽക്കുന്ന ഇവറ്റകളുടെ ഒരു പത്മവ്യൂഹത്തിലായിരിയ്ക്കും. പിന്നെ എല്ലാരും ചുറ്റും കൂടി കടിച്ച് കുടയും. നമ്മൾ അടുത്ത് ചെന്നാൽ പറ്റമായി നിൽക്കുകയാണേൽ നമുക്ക് നേരേ ആക്രമിക്കാനായി വരും. ഒറ്റയ്ക്കാണേ ഓടി പൊന്തക്കാട്ടിലേക്കോ, ആറ്റിന്റെ അരികിലെ ചെറു കാടുകളിലേക്കോ ഒഴിഞ്ഞ പറമ്പുകളിലേക്കോ ഓടി മറയും. ഭീകര ബുദ്ധിയും സ്ട്രാറ്റജിക് പ്ലാനിങ്ങുമൊക്കെയാണ് ഗ്രാമത്തിലെ തെരുവുനായ്ക്കൾക്ക്. ചിലപ്പൊ എം പീ നാരായണപിള്ളേടെ പരിണാമം എന്ന നോവൽ ഓർമ്മവരും :)

ഡിസക്ഷനിലേക്ക് വരാം

കമ്പ്യൂട്ടർ സിമുലേഷനുകളുൾപ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിപ്പിച്ചുകൂടേ എന്നാണൊരു ചോദ്യം. പറയുന്ന പോലെ സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിപ്പിയ്ക്കുന്നതിൽ ഒരു പ്രശ്നവുമില്ല. കൊന്നു തന്നെ പഠിയ്ക്കണമെന്ന് നിർബന്ധവുമില്ല. പക്ഷേ നമ്മുടെ സർക്കാർ വിദ്യാലയങ്ങളിൽ ഏത് കമ്പ്യൂട്ടർ സിമുലേഷൻ പ്രോഗ്രാമുകളാണ് ബദലായി തരികയെന്നത് പറയാൻ നിരോധിയ്ക്കുന്നവർക്ക് നല്ല ഉത്തരവാദിത്തമുണ്ട്.

എന്തായിരിയ്ക്കും ഈ നിരോധനത്തിന്റെ ബാക്കിപത്രം? കമ്പ്യൂട്ടർ സിമുലേഷൻ പ്രോഗ്രാമുകളൊട്ട് വരികയുമില്ല, ഇപ്പോഴത്തെ പാഠ്യപദ്ധതിയിലുള്ള പ്രയോജനകരമായ ഒരു പ്രായോഗികപാഠം അവസാനിയ്ക്കുകയും ചെയ്തു.(ഇനി കൃത്യമായ രീതിയിൽ ഡിസക്ഷൻ പഠിപ്പിയ്ക്കുന്ന ഡിസക്ഷൻ പ്രോഗ്രാമുകളൊന്നും ഏറ്റവും മുന്തിയ മെഡിക്കൽ സർവകലാശാലകലിൽ‌പ്പോലുമില്ല. അത് ഏതാണ്ട് അപ്രായോഗികമാണ് ഇന്നത്തെ സാങ്കേതികവിദ്യ വച്ച്.) 

പക്ഷേ ഹയർ സെക്കണ്ടറിക്കാരൻ അങ്ങനെ ഡിസക്ഷൻ ശീലിയ്ക്കേണ്ട കാര്യമില്ല എന്ന് വാദിയ്ക്കാം.പക്ഷേ അനറ്റമിയിലേയും ഫിസിയോളജിയിലേയും ചില പ്രധാന സങ്കേതങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഡിസസ്ക്ഷനോളം പോന്ന ഒരു പഠനരീതിയില്ല.ബിരുദതലത്തിൽ ജീവശാസ്ത്രം ഐച്ഛികമായെടുക്കാൻ ആഗ്രഹിയ്ക്കുന്നവൻ പ്രത്യേകിച്ചും .

ഡിസക്ഷൻ സിമുലേഷനെപ്പറ്റി. വൈയക്തികമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ലെന്നറിയാം. അതുകൊണ്ട് വ്യക്തിപരമായ അനുഭവങ്ങൾ ചർച്ചയിൽ പറയുന്നില്ല. 

ഇനി ഡിസക്ഷൻ ശീലിയ്ക്കുമ്പോൾ അനാറ്റമിയും ഫിസിയോളജിയും മാത്രമല്ല പഠിയ്ക്കുന്നത്. ജീവശാസ്ത്രത്തിന് ഒരു രീതിശാസ്ത്രം (methodology) ഉണ്ട്. അതും പഠിയ്ക്കേണ്ടതുണ്ട്. അതായത് മുറിച്ച് പഠിയ്ക്കുക മാത്രമല്ല മുറിയ്ക്കാനും പഠിയ്ക്കുകയെന്നർത്ഥം. ഇത്തരം പ്രാഥമികമായ രീതിശാസ്ത്രം ഹയർ സെക്കന്ററി തലത്തിൽ തന്നെ ശീലിയ്ക്കണം. കാരണം ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ശീലിയ്ക്കുമ്പോഴാണ് ഈ ശാസ്ത്രബോധം എന്ന സാധനത്തിന്റെ മണം മനുഷ്യനടിയ്ക്കുന്നത്. ആ രീതിശാസ്ത്ര പഠനം ലോകത്തിലെ ഒരു ജീവശാസ്ത്ര സർവലകാശാലയും പാഠ്യഭാഗങ്ങളിൽ നിന്ന് ഇല്ലാതെയാക്കാൻ സമ്മതിക്കില്ല. അതേ സമയം അതൊക്കെ പഠിയ്ക്കുന്നത് ഇൻഡ്യയിൽ ശിക്ഷാർഹമായ, ജാമ്യമില്ലാത്ത കുറ്റവും ആകുന്നു. പരിതാപകരം

ശരിയ്ക്ക് പറഞ്ഞാൽ നമ്മുടെ നാട്ടിൽ ജന്തുശാസ്ത്രം പഠിയ്ക്കുന്നവർക്ക് ഡിസക്ഷൻ ചെയ്തേ തീരൂ എന്നൊന്നുമില്ല. ജന്തുശാസ്ത്രം എന്ന പേരിൽ നമ്മുടെ സ്കൂളുകളിലും സർവകലാശാലകളിലും ഇന്ന് പ്രധാനമായും പഠിപ്പിയ്ക്കുന്നത് ടാക്സോണമി എന്ന പേരിടൽ കർമ്മമാണ്. ബിരുദതലത്തിൽ കോശശാസ്ത്രം, സൂക്ഷ്മാണുശാസ്ത്രം, ഫിസിയോളജി, തന്മാത്രാ ജീവശാസ്ത്രം, ബയോകെമിസ്ട്രി എന്നിവയിലൊന്നും യാതൊരു മുൻ‌ഗണനയും കൊടുക്കാതെയാണ് ഈ ടാക്സോണമി പഠനം. മാത്രമല്ല ഇന്നും പാഠ്യവിഷയങ്ങളിൽ യാതൊരു തിരഞ്ഞെടുക്കൽ സ്വാതന്ത്ര്യവുമില്ല. 

ഡിസക്ഷൻ മാത്രമല്ല ഒരു കൊച്ചു മ്യൂസിയം പോലും സൂക്ഷിയ്ക്കാൻ കലാലയങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ല എന്ന് വന്നാൽ? അധികാരം സ്കൂളുകളുടെ ലാബുകളിൽ‌പ്പോലും ഒച്ചപ്പാടുണ്ടാക്കണമെന്ന് തികച്ചും നിനച്ച ഏതോ ഒരു ‘സാറിന്റെ’ ഭാവന ഹയർ സെക്കന്ററി സ്കൂളുകളിലെ ഇല്ലാത്ത ജന്തുശാസ്ത്ര മ്യൂസിയങ്ങളിൽ അലയടിക്കട്ടെ. അങ്ങനെ ഇവിടെ വന്യജീവികൾ സസുഖം വാഴട്ടെ. ആമേൻ.

ഈ വന്യജീവിവർഗ്ഗത്തിലോ മറ്റോ പെട്ട ഏതെങ്കിലും ഒരു സാധനത്തെ സ്കൂൾ ലബോറട്ടറിയിൽ നിന്നു കിട്ടിയാൽ-അങ്ങനൊരു സാധനമാണെന്ന് സംശയം തോന്നിയാൽ തന്നെ അധ്യാപകനെ പിടിച്ചകത്തിട്ട് കൂമ്പിനിടിയ്ക്കാനും ജാമ്യം നൽകാതിരിയ്ക്കാനും പോലീസിനൊരു ഒഴിവായി. പണ്ട് ആ എസ് കത്തി കിട്ടിയപോലെ ഒരു കുഞ്ഞ് ഇലയോ മറ്റോ ലാബീന്ന് കിട്ടിയെന്ന് പറഞ്ഞാലും ഏതേലും ശല്യക്കാരൻ സാറിന്റെ പരിപാടി പൂട്ടാം. ഭരണകൂടത്തിനെ എതിർക്കുന്നവരുടെ പേരുകളിൽ ദിവസേന പൊന്തുന്ന കേസുകൾ കാണുന്നില്ലേ. രാജകുമാരന്മാർക്കും മഹാരാജാക്കന്മാർക്കും ഭരിച്ച് ഭാരാൻ നിലമൊരുക്കണ്ടേ? ഇനി ഇതിലെ അല്ല ഇനി ഏത് നിയമമാണ്ഭാരതത്തിൽ  ഇന്നുണ്ടാകുന്നതിൽ അങ്ങനെയല്ലാത്തത് എന്ന് ചോദിയ്ക്കരുത്. 

ഇനി ധാർമ്മികതയാണ് ഈ നിയമത്തിനു പിന്നിൽ എന്ന് വാദിയ്ക്കാം.സാമ്പത്തിക അടിത്തറയില്ലാത്ത ധാർമ്മികത ഒരിക്കലും നിലനിന്നിട്ടില്ല എന്ന്  മാർക്സിനു ശേഷമുള്ള ചില കംയൂണിസ്റ്റ് സാമ്പത്തികവിദഗ്ധർ പ്രചരിപ്പിയ്ക്കുന്ന മറ്റൊരു പ്രൊപ്പഗാണ്ടാ വാദം ഉന്നയിക്കാം. ആശ്ചര്യമില്ലാതെ തന്നെ ഹാർഡ്കോർ കമ്പോളാധിഷ്ഠിത സാമ്പത്തിക ശാസ്ത്രജ്ഞരും ഇതേ വാദം കൈക്കൊണ്ടിട്ടുണ്ട്..ആവിയന്ത്രമാണ് അടിമത്തത്തെ അധാർമ്മികമാക്കിയത് എന്നൊരു വാദം കേട്ടിട്ടുണ്ട്. പുറം കാഴചയിൽ ഈ വാദം ശരിയാണെന്ന് തോന്നാം.പ്രാഥമികമായി ചരിത്രപരമായും പെരുമാറ്റശാസ്ത്ര/മസ്തിഷ്കശാസ്ത്രത്തിന്റെ വെളിച്ചത്തിലും നോക്കിയാൽ അത് ശരിയല്ലെന്ന് മനസ്സിലാക്കാം.

ധാർമ്മികത എന്നൊന്ന് നിലനിൽ‌പ്പിൽ (existence) ൽ നിന്ന് വ്യത്യസ്തമായി ഇല്ല എന്ന് പൂർണ്ണമായും ശരിയാണ്. പരിണാമപരമായി ഗോത്രങ്ങളായി ജീവിയ്ക്കേണ്ടുന്നതിനനുഗുണമായ മാനസിക മൂല്യങ്ങൾ  ജനിതകപരമായി മനുഷ്യസമൂഹത്തിൽ  വ്യാപകമായതിന്റെ മൂർത്ത രൂപമാണ് ധാർമ്മികത എന്നതിലും ശരിയുണ്ട്. പക്ഷേ സാമ്പത്തിക അടിത്തറയുടെ അടിസ്ഥാനത്തിൽ മാത്രം മാനസിക ഗുണങ്ങളെ വിലയിരുത്തുന്നത് അന്ധൻ ആനയെ കണ്ട മാതിരിയാണ്. അയാൾ ചൂലിനെപ്പോലെയുള്ള വാലിനെപ്പറ്റി കൃത്യവും വ്യക്തമായി വിശദീകരിയ്ക്കും. പക്ഷേ പരിപൂർണ്ണമായുള്ള ഒരു വീക്ഷണം അതിൽ സാധ്യമല്ല.

ധാർമ്മികതയെയെന്നല്ല മറ്റേതൊരു മാനസിക/സാമൂഹ്യ മാനസിക വ്യാപാരങ്ങളെയായിരുന്നാലും ബിഹേവിയറൽ സയൻസ്, ന്യൂറോസയൻസ്, സോഷ്യൽ ന്യൂറോസയൻസ്, ആന്ത്രപ്പോളജി എന്നിവയുടേയും അടിസ്ഥാനത്തിൽ പഠിയ്ക്കേണ്ടതുണ്ട്. സാമ്പത്തിക അടിസ്ഥാനത്തിന്റെ മാനത്തിലുള്ള പഠനത്തിന് അത് കഴിഞ്ഞേ സ്ഥാനമുള്ളൂ.  
സമ്പത്തോ, ലാഭത്തിലധിഷ്ഠിതമായ മാനസിക വ്യാപാരങ്ങളോ മനുഷ്യന്റെയോ മനുഷ്യ ഗ്രൂപ്പുകളുടേയോ പൊതു സ്വഭാവമല്ല.സമ്പത്ത് ഒരു ഉപകരണം മാത്രമാണ്. വേറേയേതെങ്കിലും ഉപകരണങ്ങളുണ്ടായാലും മനുഷ്യന്റെ നിലനിൽ‌പ്പിനു മാറ്റങ്ങളൊന്നുമുണ്ടാകാൻ പോകുന്നില്ല.
അതുകൊണ്ട് തന്നെ ധാർമ്മികതയുടെയോ സമ്പത്തിന്റേയോ അടിസ്ഥാനത്തിൽ ഈ വിഷയത്തെ പരിഗണിയ്ക്കുന്നതിൽ അർത്ഥമില്ല. വീണ്ടും വിഷയത്തിലേക്കു വരാം.

ചരിത്രപരമായി എന്നൊക്കെ ധാർമ്മികതയുടേ പേരിൽ ഭരണകൂടം ശാസ്ത്രപഠനത്തിനോ ഗവേഷണത്തിനോ കൂച്ചുവിലങ്ങിടാൻ നോക്കിയിട്ടുണ്ടോ അന്നൊക്കെ അതാത് സമൂഹങ്ങൾ അതിന്റെ മുഴുവൻ അർത്ഥത്തിൽ മുന്നോട്ടുപോകുന്നതിൽ നിന്ന് തടയപ്പെട്ടിട്ടുണ്ട്.അഹിംസാ മതം ആയൂർവേദത്തിന്റെ ശസ്ത്രക്രീയ ശാഖയേയും അതുവഴി ആയൂർവേദത്തില ശാസ്ത്രീയരീതികളേയും പൊതുവായി ഇല്ലാതാക്കിയത് പോലെ, ആദ്യകാല മനുഷ്യ അനാറ്റമിസ്റ്റുകൾ ശ്മശാനങ്ങളിൽ നിന്ന് ശവശരീരങ്ങൾ മോഷ്ടിക്കേണ്ടി വന്നതു പോലെ ശാസ്ത്ര ചരിത്രം മുഴുവൻ ഒരുപാട് ഉദാഹരണങ്ങളുണ്ട്.

ചരിത്രം അവിടെ നിൽക്കട്ടെ..

എനിയ്ക്ക് വ്യക്തിപരമായി അറിയാവുന്നവയിൽ ഇന്നത്തെക്കാലത്ത് യൂറോപ്യൻ യൂണിയന്റെ പുതിയ പരിഷ്കാരങ്ങൾ ചിലതരം ഗവേഷണങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് ഇപ്പോൾ. ലോകപ്രശസ്ത്രരായ ശാസ്ത്രജ്ഞർ എനിയ്ക്ക് നേരിട്ടറിയാവുന്ന വിഷയവിദഗ്ധർ തന്നെ അത്തരം നിയന്ത്രണങ്ങളില്ലാത്ത ചൈനയിൽ നിന്ന് ആ വിഷയത്തിൽ എന്തെങ്കിലും ഗവേഷണം പുറത്തുവരാൻ നോക്കിയിരിയ്ക്കുകയാണിപ്പോൾ. ബ്രിട്ടണിലെ ഗവേഷണ രംഗത്തെ ബ്രസത്സിലെ സ്റ്റാസികൾ (എന്റെ വാക്കല്ല ഒരു മുതിർന്ന ശാസ്ത്രജ്ഞന്റെ വാക്കാണ്) പത്ത് കൊല്ലമെങ്കിലും പിറകോട്ടടിച്ചു എന്നാണവർ അഭിപ്രായപ്പെടുന്നത്. ചിലർ ചൈനീസ് സർവകലാശാലകൾക്ക് അവരുടെ ഗവേഷണകാര്യങ്ങൾ ഔട്ട് സോഴ്സ് ചെയ്തു.വിഷയമോ ആളുകളേയോ തൽക്കാലം പറയുക വയ്യ. കോൺഫിഡൻഷ്യാലിറ്റി ഇഷ്യൂസ് ഉണ്ട്. മനുഷ്യനു ഒരുപാട് ഗുണങ്ങൾ ഡയറക്ടായി ഉണ്ടാക്കുന്ന ഗവേഷണങ്ങളിലാണ് ഇത്തരം കൂച്ച് വിലങ്ങുകൾ.

ധാർമ്മികത വേണ്ടെന്നല്ല, പൊതു സമൂഹം അനുവർത്തിയ്ക്കുന്നതിൽക്കവിഞ്ഞ് ധാർമ്മികതയുടെ കാവലാളുകളാവാൻ ഭരണകൂടങ്ങൾ ശ്രമിയ്ക്കുന്നത് ഒട്ടും ജനാധിപത്യപരമല്ല..ഈ വാർത്തയിലായാലും ഐ ടീ ബില്ലിലായാലും എല്ലാം കാര്യം ഒന്ന് തന്നെയാണ്.

നാട്ടിലെ പട്ടികളെ കൊല്ലാൻ പാടില്ല എന്നത് നിയമം. വന്ധ്യംകരിച്ച് വിടാനാണ് ബദൽ നിശ്ചയിച്ചിരിയ്ക്കുന്നത്.സർക്കാരിന്റെ ബദലുകളെപ്പറ്റി അധികം പറയാനില്ല. വിവരം കെട്ടവർ ഭരിയ്ക്കുന്ന രാജ്യത്ത് ജനം പട്ടികടി കൊണ്ട് വാക്സിൻ കമ്പനികളുടേ കീശ വീർക്കട്ടെ.വന്ധ്യംകരിയ്ക്കാൻ വകയിരുത്തിയിട്ടില്ലെന്ന് സൂത്രണധാരർ ആ!

സാറന്മാർ ചിക്കൻ ഫ്രൈയും മട്ടൻ വിന്ദാലൂവും ഇനി പുതിയ കാല സാറന്മാർ സോസേജും ഹാമും ഒക്കെത്തിന്ന് മദിക്കട്ടെ. എങ്കിപ്പിന്നെ ഗോമാതായെ കൊല്ലരുതെന്ന് പറയുന്നത് മാത്രം ഫാസിസമാകുന്നതെങ്ങനെയാണ്. അവരുടെയും വാദം (സംസ്ഥാന സർക്കാരുകൾക്ക് പരിഗണിക്കാൻ നേരിട്ട് ഭരണഘടനേൽ എഴുതിച്ചേർത്തിട്ടുണ്ട്) എല്ലാരും പരിഗണിച്ച്  ഇനി ഗോമാതായേയും കൊല്ലണ്ട. അങ്ങനങ്ങ് വിട്ടാൽ പറ്റൂല്ലല്ലോ.

ഇവിടെ മനുഷ്യൻ മനുഷ്യനെ മാത്രം കൊന്നാൽ മാത്രം മതി.അതിനാവുമ്പൊ ജാമ്യം കിട്ടും. നല്ല വക്കീലുണ്ടെങ്കിൽ പെട്ടെന്നിറങ്ങിപ്പോരുകയും ചെയ്യാം.

No comments:

Post a Comment