Tuesday, November 19, 2013

കഞ്ചാവ്

കഞ്ചാവ് വലിയ്ക്കുന്നതോ അതിന് അടിമയാകുന്നതോ അത്ര നല്ലതിനൊന്നുമല്ല. അതിപ്പൊ ഏത് ലഹരിയ്ക്കും അടിമയാകുന്നത് നല്ലതല്ല. എന്നു വച്ച് ആൾക്കാർ കഞ്ചാവു വലിക്കാതെയിരിയ്ക്കുമോ?

ഒരു കഥ പറയാം. ഞങ്ങടെ നാട്ടിൽ നടന്ന കഥയാണ്.
ശ്രീകാന്ത് എന്റെയൊരു അടുത്ത സുഹൃത്ത്. അഡ്വക്കേറ്റാവണം എന്ന് അതിയായ ആഗ്രഹമുള്ള, അതിനായി കഠിനമായി പരിശ്രമിയ്ക്കുന്ന മനുഷ്യൻ. അവസാന വർഷ ബീ എ പരീക്ഷയെഴുതുമ്പൊ അടുത്ത് പരീക്ഷയെഴുതിക്കൊണ്ടിരുന്ന ഒരു അലവലാതിയെ തുണ്ടെഴുതിയതിനു പിടിച്ചു. ഡീബാർ ചെയ്തു. അവൻ കരുതി ശ്രീകാന്താണ് ഒറ്റിക്കൊടുത്തതെന്ന്. പിറ്റേന്ന് അവൻ കുറേ ഗുണ്ടകളുമായി വന്ന് കാമ്പസിലിട്ട് ശ്രീയെ തല്ലിച്ചതച്ചു. അയാൾ ആശുപത്രിയിലായി.

ഇനിയെന്ത്? അറിയാൻ മേല. പരീക്ഷ പാതി വച്ച് മുടങ്ങി. എഴുതാൻ കഴിഞ്ഞില്ല. സപ്ലിമെന്ററി അടുത്ത കൊല്ലം. ഓരോ ദിവസവും അന്നന്നത്തെ അരിയുണ്ടാക്കേണ്ടവന്റെ പാട്.പട്ടിണി പരിവട്ടം , പെങ്ങളുടെ കല്യാണം..ദുരിതം..

ശ്രീയ്ക്ക് സ്വന്തമായി- എന്നുവച്ചാൽ കുടുംബത്തിന്റെ ഒരു ഇരുപത് സെന്റ് നിലമുണ്ട്. നാട്ടിലെ പരമ്പരാഗത വ്യവസായമായ ഇഷ്ടികയ്ക്ക് ചെളിയെടുത്ത് കുഴിച്ചിട്ടിരിയ്ക്കുന്ന നിലം. ആ ചെളിയുടെ അടിയിൽ മണലാണ്. മുങ്ങിയാൽ മണൽ ആറ്റിൽ നിന്നെന്ന പോലെ കോരിയെടുക്കാം. അയാൾ ഒരു ദിവസം രാവിലേ ഒരു കുട്ടിത്തോർത്തുടുത്ത് മണലുവാരാനിറങ്ങി.

ഒരു കൂട്ടുകാരന്റെ ലോറിയിൽ അവരു മൂന്നു നാലു പേരു ചേർന്ന് സ്വന്തം പുരയിടത്തീന്ന് മണലുവാരി ഓരോരോ ആവശ്യക്കാർക്കെത്തിയ്ക്കാൻ തുടങ്ങി.സ്വന്തം പുരയിടത്തീന്നായാലും മണലു വാരുന്നത് നിയമവിരുദ്ധമാണ് (ആവോ?). മണലുലോറികൾ പോലീസും റവന്യൂവും പിടിയ്ക്കും. ആദ്യമൊക്കെ രാഷ്ടീയക്കാർ പണം വാങ്ങി ഇറക്കിക്കൊടുക്കും. അങ്ങനെ പണം വാങ്ങുന്ന രാഷ്ട്രീയക്കാരുമായി ശ്രീയ്ക്ക് നല്ല പരിചയമായി. അവിടുന്ന് പണം വാങ്ങുന്ന ഉദ്യോഗസ്ഥരുമായും. പിന്നെപ്പിന്നെ പണം മാസാമാസം വീട്ടിലെത്തിച്ചു കൊടുക്കാൻ തുടങ്ങി. എസ് ഐക്ക് മാസം പത്തായിരം സീ ഐയ്ക്ക് ഇരുപതായിരം ഒക്കെ.

ബിസിനസ് പച്ച പിടിച്ചു വന്നു.നല്ല കഠിനാധ്വാനിയും നേതൃപാടവവുമുണ്ട് ശ്രീയ്ക്ക്. ഒരു ലോറി സ്വന്തമായി വാങ്ങി. അടുത്ത വയലുകൾ വാടകയ്ക്കെടുത്ത് മണലു വാരൽ തുടങ്ങി.കുഴിയുടെ ആഴം കൂടിയപ്പൊ നെയ്യാറ്റിങ്കരയിൽ നിന്നും പാറശാലയിൽ നിന്നും നല്ല ആഴങ്ങളിൽ മുങ്ങി ശീലമുള്ള തൊഴിലാളികളെ കൊണ്ട് വന്നു. ജേസീബീയും യന്ത്രങ്ങളും ഉപയോഗിച്ച് കുഴിയ്ക്കാൻ തുടങ്ങി..

പണം കൊടുത്താലും ചിലപ്പൊ പോലീസുകാർ ലോറി ചേസ് ചെയ്യും. അപ്പൊ ധൈര്യമായി ലോറി സ്പീഡിന് ഓടിക്കാൻ കഴിയുന്ന ഒരു ഡ്രൈവർ വേണം. അങ്ങനെ ഡ്രൈവർ- ഒരുപാട് വേഗതയിൽ ലോറി പറത്താനും, വേണമെങ്കിൽ പോലീസുകാരനിട്ട് രണ്ട് കൊടുക്കാനും കഴിയുന്നവർ -ലോറിയടക്കം മൂന്നു നാലു പേരായി. എന്തിനും പോന്ന നാലു ലോറി,ഒരുപാട് ആളുകൾ, ജേ സീ ബീ, ഡീ വൈ എസ് പീ മുതലിങ്ങോട്ട് താഴെവരെയുള്ള പോലീസുമായും ആർ ഡീ ഓ മുതൽ താഴെവരെയുള്ള റവന്യൂ ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം..ലോറികളുടെ മരണപ്പാച്ചിൽ, എതിരാളികളായ മണലു വാരക്കക്കാർ ഇതുപോലെയൊക്കെ സൌകര്യമുള്ളവരുമായി അൽ‌പ്പം വഴക്കും അടികലശലും. പത്രത്തിൽ ഇടയ്ക്ക് വരുന്ന വാർത്തയിലൊക്കെ ഒരു പൊതു പേര് ഇവർക്ക് പതിഞ്ഞ് കിട്ടി. മണൽ മാഫിയാ.

ചിലപ്പോഴൊക്കെ മുന്തിയ പോലീസുദ്യോഗസ്ഥരുമായി വിനോദയാത്രകൾ, മറ്റു ബിസിനസുകാർക്ക് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുന്ന പാർട്ടികൾ. ലോക്കൽ സിംഹങ്ങൾ, ചാക്രികന്മാർ തുടങ്ങിയ സംഘങ്ങളിൽ അംഗത്വം..ശ്രീ പതിയെ വളർന്ന് പന്തലിച്ചു.

എന്ത് ആവശ്യമുണ്ടേലും എനിയ്ക്ക് ഇന്നും ആ പഴയ ശ്രീയോട് ഓടിച്ചെല്ലാം. ശ്രീ വ്യക്തിപരമായി മാഫിയാ ഒന്നുമല്ല. എന്നാലും പത്രക്കാർ ഇന്ന് അയാളെപ്പറ്റി ഒരു വാർത്തയെഴുതിയാൽ മണൽ മാഫിയാ രാജാവ് എന്നായിരിയ്ക്കും വിശേഷിപ്പിയ്ക്കുക. നാട്ടുകാരും അങ്ങനെയൊക്കെയാണ് അയാളെ വിളിയ്ക്കുന്നത്.

ഈ കഥയ്ക്ക് ആന്റി ക്ലൈമാക്സ് ഒന്നുമില്ല. ഈയിടെ വേറേയേതോ നാട്ടിലെ ഒരു രാജാവ് അയാളുടെ ടിപ്പർ മണലുലോറി പിടിയ്ക്കാൻ ചെന്ന കളക്ടറുടെ വണ്ടിയ്ക്ക് മുകളിൽ ഒരു ലോഡ് മണലും തട്ടിക്കൊടുത്തു. വണ്ടിയും കളക്ടരും മണൽക്കൂനയിലായി. വേറൊരിടത്ത് ഏതോ മുന്തിയ പോലീസുദ്യോഗസ്ഥരെ ‘ഡ്രൈവർമാർ’ സംഘം ചേർന്ന് തല്ലിച്ചതച്ചു. അതോടേ സാറന്മാർ ഇളകി. കൊല്ലം ജില്ലയിൽ ഒരിടത്തും ഇനി ഒരു തുള്ളി മണലുവാരാൻ അനുവദിയ്ക്കില്ലെന്ന് അവന്മാർ പ്രതിജ്ഞയെടുത്തു. മണലു വാരക്കം നിന്നു.

ശ്രീ പാപ്പരായോ? മണലു വാരൽ നിന്നിട്ട് കൊല്ലം ഒന്ന് കഴിഞ്ഞെങ്കിലും അയാൾക്ക് ഒരു ക്ഷീണവുമില്ല.നൂറേക്കറോളം ഒരു വലിയ ക്വാറി വാങ്ങി ക്രഷർ തുടങ്ങിക്കഴിഞ്ഞു. ജില്ലയിലെല്ലായിടത്തും റിയൽ എസ്റ്റേറ്റ് ബിസിനസിൽ അയാൾക്ക് കൈയ്യുണ്ട്. അയാളിനി തിരിഞ്ഞ് നോക്കേണ്ട.

ആർക്കാണിവിടെ നഷ്ടം? നിയന്ത്രിതമായ രീതിയിൽ മണലു വാരാനായി പാരിസ്ഥിതികാഘാത പഠനം നടത്തിയ ശേഷം ഒരു സർട്ടിഫിക്കറ്റ് ജിയോളജി വകുപ്പ് ശ്രീയ്ക്ക് അടിച്ച് കൊടുത്തിരുന്നെങ്കിൽ മാസം പതിനായിരവും അമ്പതിനായിരവുമായി അങ്ങനെ എല്ലാവരിൽ നിന്നുമായി കോടിക്കണക്കിനു രൂപ ഉദ്യോഗസ്ഥർക്ക് കിമ്പളം കൊടുത്തത് സർക്കാർ ഖജനാവിലിരുന്നേനേ. ടാക്സ് ആയി. ശ്രീയ്ക്ക് ഇപ്പോഴുള്ള പണം ഒളിച്ച് വയ്ക്കാൻ കൂടുതൽ കള്ളപ്പണികളിലോട്ടും പോകാതെ, നല്ലൊരു എന്റർപ്രെണർ എന്നു പേരെടുക്കാമായിരുന്നു. നാട്ടുകാർക്ക് അവരുടെ വീട്ടുമുറ്റത്ത് കിണറിലെ വെള്ളം കിണറിനേക്കാൾ ആഴത്തിൽ വയലിൽ കുഴിയുള്ളത് കൊണ്ട് അങ്ങോട്ട് വലിഞ്ഞ് പോയി കുടിവെള്ളം മുട്ടില്ലായിരുന്നു. എല്ലാവരും വിജയിച്ചേനേ.

പകരം ഒരു മാഫിയയെ നമ്മളുണ്ടാക്കി.
കുറ്റം പറയാൻ എളുപ്പമാണ്.കഞ്ചാവും അങ്ങനൊക്കെത്തന്നെയാണ്.

വലിക്കാൻ പ്രേരിപ്പിയ്ക്കുന്നെന്ന് പറഞ്ഞ് ലഹളയുണ്ടാക്കിയാൽ മാഫിയ മാഫിയയായിത്തന്നെ നിൽക്കും.

No comments:

Post a Comment