Sunday, December 18, 2011

വാള്‍മാര്‍ട്ട് വരുമോ? വരണോ? വന്നോട്ടേ?

(ഒരു കമന്റ് സൂക്ഷിയ്ക്കുന്നെന്നേയുള്ളൂ.2011 ഡിസംബറിലാണ് ആദ്യമെഴുതിയത്. 2012 ഡിസംബറിൽ അപ്പുമാഷിന്റെ ഈ പോസ്റ്റിനെഴുതിയ കമന്റുകളും ചേർത്ത് എഡിറ്റ് ചെയ്തിട്ടുണ്ട്.)

കച്ചവടത്തിന്റെ കാര്യത്തില്‍ കാര്യക്ഷമത എന്നത് ഏറ്റവും കുറച്ചു മുതലുമുടക്കി ഏറ്റവും കൂടുതല്‍ ലാഭം  ഉണ്ടാക്കുകയാണ്.അങ്ങനെയുള്ള കണ്ടുപിടിത്തങ്ങളിൽ എറ്റവും പുതിയതാണ് സൂപ്പർമാർക്കറ്റുകൾ. പലരീതിയിൽ അത്തരം ചന്തകൾ എമ്പാടും വന്നുകഴിഞ്ഞു. ചില്ലറ വിൽപ്പനയിൽ വിദേശനിക്ഷേപം അനുവദിയ്ക്കുകയും ചെയ്യുന്നു. ഇത്തരുണത്തിൽ വിദേശനിക്ഷേപം എന്നുള്ളതിനെ വാൾമാർട്ട് എന്ന് പൊതുവേ വിളിച്ച് അതിനെപ്പറ്റിയൊന്ന് നിരൂപണം ചെയ്യാം.

ദൌര്‍ഭാഗ്യവശാല്‍ വാള്‍മാര്‍ട്ട് ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ വരിക തന്നെ ചെയ്യും. വിദേശ കുത്തകയല്ലെങ്കില്‍ സ്വദേശക്കുത്തക. മുതല്‍ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്നത്തെ ലോകവ്യവസ്ഥിതിയില്‍ ലുലുവിന്റേയോ റിലയന്‍സ് ഫ്രെഷിന്റേയോ രൂപത്തില്‍ വാള്‍മാര്‍ട്ട് വരും.വന്നിരിയ്ക്കും.

ഒരുകിലോ തക്കാളിയുടെ വില്‍പ്പനവ്യവസ്ഥയില്‍ ഇടനിലയ്ക്കുള്ള സ്വയം തൊഴില്‍ ചെയ്യുന്ന പച്ചക്കറിക്കടക്കാരന്‍ മുതല്‍ ചുമട്ടുതൊഴിലാളി വരെയുള്ള ജനത്തിന്റെ കാര്യം ഇവിടെ പ്രസക്തമാണ്. വാള്‍മാര്‍ട്ട് വ്യവസ്ഥയില്‍ അവന്റെ കയ്യിലുള്ള ചെറുകിട അദ്ധ്വാനോപകരണങ്ങള്‍ നശിച്ചു പോവുകയും സ്വന്തമായി ഒന്നുമില്ലാത്ത അവന്‍ വാള്‍മാര്‍ട്ടിലെ ദിവസക്കൂലിക്കാരനോ മണിക്കൂറുകൂലിക്കാരനോ ആയിത്തീരുകയും ചെയ്യും. ഇപ്പോള്‍ത്തന്നെ ഇത് സംഭവിയ്ക്കുന്നുണ്ട്. ടെക്നോപാര്‍ക്കിലെ ചെറിയ പണികള്‍ ചെയ്യുന്ന കോണ്ട്രാക്ട് സ്റ്റാഫിന്റെ അച്ഛനമ്മമാര്‍ ചെയ്തിരുന്ന പണിയെന്തെന്ന് നോക്കൂ. മിക്കവരും ചെറുകിട കച്ചവടക്കാരോ, സ്വയം തൊഴില്‍ (തയ്യല്‍പ്പണി മുതല്‍ ചുമട്ടുതൊഴില്‍ വരെ) ചെയ്തിരുന്നവരോ ആയിരിയ്ക്കും. അവര്‍ ജീവിച്ച ജീവിതഗുണനിലവാരം അവരുടെ മക്കള്‍ക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിയ്ക്കുക വയ്യ.(ജോലിസ്ഥിരതയില്ലായ്മ, സ്ട്രെസ്സ്, മറ്റൊരാളുടെ കീഴില്‍ ജോലിയെടുക്കേണ്ടി വരുന്നതിലുള്ള സ്വാതന്ത്ര്യമില്ലായ്മ ഒക്കെ. ) അവര്‍ പക്ഷേ പൊതുവായ പുരോഗതി കൊണ്ടുണ്ടായ ഗുണങ്ങള്‍ അനുഭവിയ്ക്കുന്നുമുണ്ടാകും. (നല്ല ആശുപത്രികള്‍, റോഡുകള്‍, പഠിയ്ക്കാന്‍ കൂടുതല്‍ അവസരങ്ങള്‍) പക്ഷേ അത് ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് സമയമില്ലെന്നുള്ള (ഊര്‍ജ്ജവും ബാക്കിയുണ്ടാവില്ല) പരിമിതിയും ഉണ്ടാകും.

അങ്ങനെ പതിയെ അവര്‍ സമൂഹത്തില്‍ നിന്ന് അന്യവല്‍ക്കരിയ്ക്കപ്പെടുകയും ഉയരുവാനുള്ള അവസരങ്ങളില്ലാതെ ഒഴിവാക്കപ്പെടുകയും ചെയ്യും. ഓരോരോ ഇരുപതു കൊല്ലം കൂടുമ്പോഴും രാഷ്ട്രീയക്കാരും ബാങ്കേഴ്സ് ഉള്‍പ്പെടെയുള്ള മുതലാളിമാരും വളരെ കൃത്യതയോടെ ആസൂത്രണം ചെയ്യുന്ന തങ്ങളുടെ ഊതിപ്പെരുപ്പിച്ച മുതലിന്റെ പൊട്ടും പൊടിയും തട്ടിക്കളഞ്ഞ് ഒടുക്കിവയ്ക്കുന്ന പ്രക്രിയയായ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കുമ്പോള്‍ ഇപ്പറഞ്ഞവര്‍ ഏതാണ്ടെല്ലാവരും നിരാശ്രയരാവുകയും ചെയ്യും. ഭൂരിഭാഗവും തെരുവിലേക്ക് വലിച്ചെറിയപ്പെടും.

ഈ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരുന്നത് വിപണമേഖലയിലേക്കാണെന്നു ആരെങ്കിലും തെറ്റിദ്ധരിച്ചോ?. ഒട്ടുമല്ല. നമ്മളിന്ന് കാണുന്ന മിക്ക ബ്രാന്‍ഡുകളേയും പിന്തള്ളി സൂപ്പര്‍മാര്‍ക്കറ്റുകളുടെ സ്വന്തം ബ്രാന്‍ഡുകള്‍ വിപണി കയ്യേറും.ഉപ്പുതൊട്ട് ബ്രേസിയര്‍ വരെ ഉണ്ടാക്കുന്ന നിര്‍മ്മാണ മേഖല, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പറയുന്ന വിലയ്ക്ക് അവര്‍ക്ക് പറയുന്ന സാധനമുണ്ടാക്കിക്കൊടുക്കുന്ന ചെറുകിട കോണ്ട്രാക്ട് വ്യവസായികളായിത്തീരും. അമ്പത് സെന്റില്‍ അമ്പതു മൂട് തെങ്ങിന്റേയോ പച്ചക്കറിത്തോട്ടത്തിന്റേയോ ജീവിതമോ വിലയോ ഒരു കാരണവശാലും നിലനില്‍ക്കില്ല.അവനു നാലു രൂപായ്ക്ക് ഒരു കിലോ ഉള്ളി നല്‍കണമെങ്കില്‍ നൂറും ഇരുനൂറും ഏക്കര്‍ സ്ഥലത്ത് കടും കൃഷി ചെയ്ത് യന്ത്രവല്‍കൃതമായി വിളവിറക്കുന്ന കര്‍ഷകനേ പറ്റൂ.അപ്പൊ അവര്‍ വന്തോതില്‍ സ്ഥലം വാങ്ങി അവര്‍ തന്നെ വിളവിറക്കും. പത്ത് സെന്റ്കാരന്‍ ആ ഫാമുകളിലെ ട്രാക്ടര്‍ ഓടിയ്ക്കുന്ന, അല്ലെങ്കില്‍ വഴുതണങ്ങാ സോര്‍ട്ടിങ്ങ് ഡിവിഷനിലെ കൂലിത്തൊഴിലാളിയാകും.

ഇവിടെ ലാഭമില്ലെങ്കില്‍ അവര്‍ ലോകത്തെവിടെയെങ്കിലും ലാഭമുണ്ടാക്കുന്ന സ്ഥലങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഉണ്ടാക്കി വരുത്തും. നീണ്ടകരയിലെ വാള്‍മാര്‍ട്ടില്‍ ഇന്‍ഡോനേഷ്യയിലെ കൊഞ്ചും ചൂരയും വരും, ആഫ്രിക്കയില്‍ നിന്ന് തിലോപ്പിയ വരും, ഫിലിപ്പീന്‍സില്‍ നിന്ന് വെളിച്ചെണ്ണ വരും.തൊഴിലാളികള്‍ക്ക് കുറച്ച് കൂലി കൊടുത്താല്‍ മതിയാകുന്നതാണ് ഏറ്റവും കൂടുതല്‍ ലാഭം. അധ്വാനത്തിനു വിലയിടിയുപോഴാണ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയുന്നത്. അല്ലാതെ ലോകത്തെല്ലായിടത്തും വൈദ്യുതി, ഊര്‍ജ്ജം, അസംസ്കൃതവസ്തുക്കള്‍ എന്നിവയുടെ വില തുല്യമാണ്. അങ്ങനെ നാട്ടിലെ ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് നാല്‍പ്പതു രൂപയാകുമ്പൊ വാള്‍മാര്‍ട്ടില്‍ ഒരുപത് രൂപയ്ക്ക് ഒന്നാം ക്ലാസ് മട്ടിയില്ലാത്ത വെളിച്ചെണ്ണ വാങ്ങി നാം വീട്ടില്‍പ്പോകും.അറുപതോ എഴുപതോ രൂപയ്ക്ക് “കേരളാ ചക്കിലാട്ടിയ മട്ടിയുള്ള വെളിച്ചെണ്ണ“ എന്ന പേരില്‍ വാള്‍മാര്‍ട്ട് ലോക്കല്‍ സാധനത്തെ മഹത്വവല്‍ക്കരിച്ച് ഇല്ലാതെയാക്കും.

ഈ വ്യവസ്ഥിതിയില്‍ ജീവിയ്ക്കണമെങ്കില്‍ മാതാപിതാക്കളിരുവരും ജോലി ചെയ്തേ മതിയാകൂ.എന്തെങ്കിലുംകാരണം കൊണ്ട് ജോലിയില്ലാതെയായാല്‍ ഒരുമാസം പോലും ജീവിയ്ക്കാനാവാതെ ഇടത്തരക്കാര്‍ പോലും കുഴയും.

സൂപ്പര്‍മാര്‍ക്കറ്റ് തൊഴിലാളികള്‍ക്ക് സമയത്തിനു ജോലിക്കെത്താനും പാചകവും കുട്ടികളെ നോക്കലും ഒരുമിച്ച് പറ്റില്ലയെന്നതിനാല്‍ ഫാസ്റ്റ് ഫുഡ് ടേക് എവേകളും, കുഞ്ഞുങ്ങളെ നോക്കുന്ന സ്ഥലങ്ങളും ആകും ഏക സ്വയം ചെറുകിട വ്യാപാരം.

ഇന്‍ഡ്യയില്‍ കുത്തകമുതലാളിത്തം ആസൂത്രണം ചെയ്യുന്ന ആദ്യത്തെ രൂക്ഷമായ മാന്ദ്യം രണ്ടായിരത്തിയിരുപതോടെ ഉണ്ടാവും.

ഇത് അനിവാര്യമാകുന്നത് എന്ത് കൊണ്ടാണ്?

ഈ വ്യവസ്ഥയാണ് നമ്മുടെ സാമൂഹ്യ രാഷ്ട്രീയ കേന്ദ്രങ്ങളെ പരിപാലിയ്ക്കുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതും എന്നതുകൊണ്ട് മാത്രമാണ്. ഒരു തുരുത്തായി ഭാരതത്തിനു മാത്രം നില്‍ക്കുക സാധ്യമല്ല. ഒരിയ്ക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ അധികാരത്തിലെത്തില്ല.എത്തിയാല്‍ അവരും ചൈനയില്‍ കാണുന്നപോലെ മുതല്‍ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥ വരിയ്ക്കാന്‍ നിര്‍ബന്ധിതരായിത്തീരും. ജനങ്ങളുടെ കൂട്ട ഉപബോധം അതിലൂടെ കടന്നു പോയെങ്കിലേ പറ്റൂ എന്നു തോന്നുന്നു.

സൂപ്പര്മാര്ക്കറ്റുകള്‍ വിപണി ഭരിയ്ക്കുന്ന ഒരു രാജ്യത്തും സാധാരണ കര്ഷകനു അവനു മര്യാദക്ക് പോയിട്ട് കടമില്ലാതെ ജീവിയ്ക്കാന്‍ പോലും കഴിയുന്നില്ല. പത്തും ആയിരവും ഏക്കറുകള്‍ ഉള്ള കര്ഷകരുടെ കാര്യമാണീ പറയുന്നത്. അമേരിക്കയിലേയും ബ്രിട്ടണിലേയും ചെറുകിട കര്ഷകരൊക്കെ എന്നോ മറഞ്ഞുകഴിഞ്ഞു.വന്‍ തോതില്‍ തദ്ദേശീയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്ന് ഗവണ്മെന്റും ജനങ്ങളും പ്രൊപ്പഗാണ്ട ചെയ്തിട്ടു കൂടി ഒരൊറ്റ ഭീമന്‍ സൂപ്പര്മാര്ക്കറ്റുകളും  തദ്ദേശീയ ഉൽപ്പന്നങ്ങൾ ഉപയോഗികാറില്ല. ഉള്ളിയ്ക്ക് ഒരു കിലോയ്ക്ക് വെറും ഏഴു മുതല്‍ രൂപയ്ക്കാണു (ഏഴു പൗണ്ടല്ല, ഏഴു രൂപ,പത്ത് പെന്സ്) ബ്രിട്ടണിലെ സൂപര്മാര്ക്കറ്റുകള്‍ ബ്രിട്ടീഷ് കര്ഷകരുടെയിടയില്‍ നിന്ന് വാങ്ങുന്നത്. ഉരുളക്കിഴങ്ങിന്റെ കാര്യവും അതുതന്നെ (രണ്ട് പ്രധാന ബ്രിട്ടീഷ് വിളകളാണിത്) ഫാമുകള്‍ നിലനില്ക്കാന്‍ പാടുപെടുന്നു. പാല്‍ ബ്രിട്ടീഷ് കര്ഷകരുടെ കയ്യില്‍ നിന്ന് ലിറ്ററിന്‍ ഇരുപത് പെന്സ് (പതിനാലു രൂപയോളം ) മാത്രം കൊടുത്താണ് സൂപ്പര്‍ മാര്ക്കറ്റുകള്‍ വാങ്ങുനത്.ആ വിലയ്ക്ക് കൊടുക്കണമെങ്കിൽ കർഷകന് എന്ത് ലാഭമാണുണ്ടാകുന്നത് എന്ന് ഊഹിയ്ക്കാമല്ലോ.ഉപഭോക്താവിന്റെ കയ്യിൽ നിന്നും ഇതിന്റെ പത്തിരട്ടി വിലയാണ് ഈ കുത്തകകൾ വാങ്ങുന്നത്.

വിദേശികുത്തകകള്‍ വരുന്നതിന്റെ ദോഷങ്ങളെന്തൊക്കെയാണ്? സൂപ്പർമാർക്കറ്റ് സംസ്കാരം എന്തായാലും വന്നു .പിന്നെയത് അംബാനിയായാലെന്ത്, ടാറ്റയായാലെന്ത്, വാൾമാർട്ടായാലെന്ത്? സ്വദേശ കുത്തകകളും വിദേശകുത്തകകളും തമ്മിൽ ചില്ലറ വ്യത്യാസങ്ങളുണ്ട്. സ്വദേശികളാണെന്കില്‍ സ്റ്റേറ്റിനു അവരുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, കൂടുതല്‍ ടാക്സ് , തെമ്മാടിത്തരം കാണിച്ചാല്‍ ഇന്ഡ്യന്‍ ഭരണകൂടത്തിന്റെയും ജുഡീഷ്വറിയുടേയും നിയന്ത്രണം ഉറപ്പാക്കല്‍ എന്നൊക്കെ ഗുണങ്ങളുണ്ട്. 

വിദേശികളാണെന്കില്‍ അത് പറ്റില്ലയെന്ന് മാത്രമല്ല അവരുടെ നിയന്ത്രണം ഉറപ്പാക്കാന്‍ ഇന്ഡ്യന്‍ ഭരണവ്യവസ്ഥയെ ഇൻഡ്യയുടെ തന്നെ നിലനിൽപ്പിനു ഭീഷണിയാവുന്ന നിലയിൽ അഴിമതിപ്പെടുത്തുക എന്നതും ഭരണകൂട അട്ടിമറികള്‍, ഭരണകൂട ഭീകരത എന്നിവയ്ക്കൊക്കെ കൂട്ടുനില്ക്കും എന്നതുമോര്ക്കണം . ഇന്ഡ്യന്‍ കുത്തകകളും അതൊക്കെ ചെയ്യും പക്ഷേ അത് നമുക്ക് അല്പ്പമെന്കിലും നിയന്ത്രണമുണ്ടാകുന്ന രീതിയിലാവും.ഇപ്പൊത്തന്നെ പാവഗവണ്മെന്റുകളാണ് ഭരിയ്ക്കുന്നത്.

അതും ബ്രിട്ടന്റെ കാര്യം ചെറിയ ഒരുദാഹരണമായി  എടുക്കാം.സ്റ്റാര്ബക്സ്സ്, ഗൂഗിള്‍ തുടങ്ങിയ വന്‍ അമേരിക്കന്‍ വിദേശക്കമ്പനികള്‍ ഒരു ണാ പൈ കോർപ്പറേഷൻ ടാക്സായി ബ്രിട്ടീഷ് സര്ക്കാരിനു നല്കിയിട്ടില്ല. അവര്‍ അവരുടെ ഹെഡാപ്പീസ് ഓഫ്ഷോറ് (ബ്രിട്ടനു പുറത്തുള്ള ഒന്ന് രണ്ട് ടാക്സ് ഹെവന്‍ ഐലന്റുകളുണ്ട് അവിടേയോ റിപ്പബ്ളിക് ഓഫ് അയര്ലന്റിലോ) ഹെഡാപ്പീസു വയ്ക്കും അവിടിരുന്ന് ബ്രിട്ടണിലെ കച്ചവടം നടത്തും.നിയമതത്തിലെ ചില്ലറ പഴുതുകളുപയോഗിച്ചാണിതു ചെയ്യുന്നത്. . ബ്രിട്ടീഷ് സര്ക്കാരിനു ഇങ്ങനെയാണ് ഉഞ്ഞാല പറ്റുന്നതെന്കില്‍ ഇന്ഡ്യന്‍ ജനങ്ങളുടെ കര്യം പറയണോ? ഒരു ബ്രിട്ടീഷ് കമ്പനി ഇങ്ങനെ ചെയ്യുമോ? ഇല്ല എന്നാണ്‌ തെളിവുകള്‍ കാണിയ്ക്കുന്നത്. ഒരുപാട് നിയമ ടാക്സ് വശങ്ങളുണ്ട് എന്നാലും .

ആദ്യം ഉദാഹരണം പറഞ്ഞ് ബദലിന്റെ സ്വപ്നത്തിലേക്ക് പോവാം.1844ലാണ് ബ്രിട്ടണിൽ കോ ഓപ്പറേറ്റീവ് കടകൾ തുടങ്ങിയത്.ഇന്ന് മൊത്തം മാർക്കറ്റിന്റെ ഏതാണ്ട് പത്ത് ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് കോ ഓപ്പറേറ്റീവ് സ്റ്റോറുകളാണ്.ബ്രാന്റിങ്ങിലും വിൽപ്പനയിലും എല്ലാം മുങ്കിട സൂപ്പർമാർക്കറ്റ് ഭിമന്മാരോട് കിടപിടിയ്ക്കുക്ക കോ ഓപ് അതേസമയം കർഷകർക്കും മറ്റും മാന്യമായ വില നൽകി മാത്രമേ സാധനങ്ങൾ വാങ്ങുകയുള്ളൂ എന്നത് നിർബന്ധമാണ്.തദ്ദേശീയ ഉൽപ്പന്നങ്ങൾ ഉപയോഗിയ്ക്കുക എന്നത് അവരുടെ പ്രധാനമായ ഒരു അജണ്ടയും

കച്ചവടത്തിൽ മാത്രമല്ല ബാങ്കുകൾ മുതൽ ശവസംസ്കാരം വരെ  ചെയ്യുന്ന കോ ഓപ്പറെറ്റീവുകളുണ്ട്.  കോ ഓപ്പറെറ്റീവ് ബാങ്കുകളുടെ പണം ആയുധക്കച്ചവടത്തിനോ അതുപോലുള്ള അന്യായമായ പ്രവർത്തനങ്ങൾക്കോ ഉപയോഗിയ്ക്കുകയില്ല എന്നത് അവരുടെ മോട്ടോ ആണ്.വിശദമായി എഴുതേണ്ട വിഷയമാണ്. ഇപ്പൊ ഉണ്ട് എന്നറിയിക്കാൻ മാത്രം എഴുതി നിർത്താം.


എന്തെങ്കിലും ബദലുണ്ടോ?എന്ന ചോദ്യത്തിനുത്തരമാണിത്.. ഉണ്ട്.. ഈ ചെറുകിടക്കാരനും തയ്യല്‍ക്കാരനും അമ്പതുസെന്റ് കൃഷിക്കാരനും, ചുമട്ടുതൊഴിലളിയും ഒക്കെച്ചേര്‍ന്ന് സഹകരണ സംഘങ്ങള്‍ തുടങ്ങുക. വാള്‍മാര്‍ട്ടിനു ബദലായി നാടെങ്ങും സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകളും, സഹകരണ ഗ്രൂപ്പ് ഫാമുകളും, സഹകരണ ആശുപത്രികളും, സഹകരണ ബാങ്കുകളും ഉണ്ടാക്കുക.എന്റര്‍പ്രെണര്‍ഷിപ്പിനും കച്ചവടത്തിനും സഹകാരികള്‍ക്ക് ട്രെയിനിങ്ങ് നല്‍കി അവരെ എന്നും മുന്നണിയില്‍ നിര്‍ത്തുക. എല്ലാത്തരം ജോലികള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ കൊണ്ടുവന്ന് ജോലിചെയ്യുന്നവരുടെ കണ്‍സോര്‍ഷ്യം കരാര്‍ ജോലികള്‍ ഏറ്റെടുക്കുന്ന നിലയില്‍ ഗവണ്മെന്റ് ഇടപെടുക. വിലകൂടിയാലും സ്വന്തം നാട്ടിലുണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ ജനങ്ങളെ ഉത്ബുദ്ധരാക്കുക.ഗ്രാമച്ചന്തകള്‍ നിലനില്‍ക്കേണ്ടത് ഒരു സാംസ്കാരിക ആവശ്യമെന്ന് മനസ്സിലാക്കിക്കുക. അത് ഗുണപരമായ ഒരനുഭവമാക്കാന്‍ പഞ്ചായത്തും മുനിസിപ്പാലിറ്റിയും വൃത്തിയ്ക്കും കച്ചവടത്തിനും മുന്‍ നിര്‍ത്തി ലോക്കല്‍ മാര്‍ക്കറ്റുകളിലെ കച്ചവടം വിലനിലവാരമുള്‍പ്പെടെ നിയന്ത്രിയ്ക്കുക.ഉത്സവച്ചന്തകള്‍ എന്ന ആശയം വ്യാപകമാക്കുക.. ഒരു വാള്‍മാര്‍ട്ടും ഒരു ചുക്കുംചെയ്യില്ല.


വിപണിയിലാണ് സമ്പത്ത് മുഴുവനും വ്യാപരിയ്ക്കുന്നത്. അതിന്റെ നിയന്ത്രണം ഒരു രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയിലും അതുവഴി രാഷ്ട്രീയ വ്യവസ്ഥയിലും ഉള്ള നിയന്ത്രണമാണ്.

11 comments:

  1. thenga ente vakayoo ... vishvasikkan pattunnillaa..

    by the way idevide itta commentanu ...
    aa linkum koodi thannal bakkiyum koodi vayikkamayirunnu

    ReplyDelete
    Replies
    1. https://plus.google.com/u/0/108028915687666836164/posts/2jKLuA66B2P

      അമ്പി മുകളില്‍ തന്നെ ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ
      (ഒരു കമന്റ് സൂക്ഷിയ്ക്കുന്നെന്നേയുള്ളൂ.2011 ഡിസംബറിലാണ് ആദ്യമെഴുതിയത്. 2012 ഡിസംബറിൽ അപ്പുമാഷിന്റെ ഈ //////////പോസ്റ്റിനെഴുതിയ///////[ഇങ്ങിനെ എഴുതിയ സ്ഥലത്ത് ക്ലിക്ക് ചെയ്‌താല്‍ അവിടെ എത്താം ] കമന്റുകളും ചേർത്ത് എഡിറ്റ് ചെയ്തിട്ടുണ്ട്.)

      Delete
    2. രാവൺസേ പുള്ളിയിത് 2011 ല് ചോചിച്ച ചോദ്യമാണ്. :) അതിന്റെ മറുപടി താഴെ കിടപ്പുണ്ട്

      Delete
  2. സംഗതി നല്ല ആശയം തന്നെ കാളി. പക്ഷേ, വിചാരിക്കുന്നത്ര എളുപ്പമല്ല എന്നു മാത്രം. കാരണം,വിപണി അത്ര എളുപ്പത്തില്‍ വഴങ്ങിത്തരുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ വലിയ ശക്തികളാണ് അതില്‍ കളിക്കുന്നത്. അഥവാ, കളിക്കാന്‍ ഇറങ്ങുക.ഇടതുവലതു വ്യത്യാസമെന്യേ. അതിനെ ചെറുക്കാനും തോല്‍പ്പിക്കാനും ഇന്ന് നമ്മുടെ കയ്യിലുള്ള രാഷ്ട്രീയമായ ഇച്ഛാശക്തിയൊന്നും പോരാതെ വരും.

    ReplyDelete
  3. ഇന്നത്തെ വ്യവസ്ഥയ്ക്കകത്തുനിന്ന് സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്ന ബദൽ പലയിടത്തും വിജയിച്ച ചരിത്രമുണ്ട് ചേലനാട്ട് മാഷേ.
    http://en.wikipedia.org/wiki/The_Co-operative_Group.
    http://en.wikipedia.org/wiki/British_co-operative_movement
    എന്നാലും വിപണി പെട്ടെന്ന് വഴങ്ങിത്തരുമെന്ന് വിശ്വസിയ്ക്കുന്നത് മണ്ടത്തരം തന്നെയാവും.

    ReplyDelete
  4. Please see this too
    http://www.guardian.co.uk/world/2012/apr/29/co-op-israel-west-bank-boycott

    ReplyDelete
  5. വളരെ നല്ല ലേഖനം

    ReplyDelete
  6. ബ്രിട്ടനില്‍ വാള്‍മാര്‍ട്ടിനു സമാനമായി വെയ്റ്റ് റോസ്, ടെസ്കോ, സെയ്ന്‍സ്‌ബറി, മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍ ഒക്കെയുണ്ടെങ്കിലും ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം farmers cooperative, farmers market തുടങ്ങിയ സോഷ്യലിസ്റ്റ് കമ്മ്യൂണ്‍ ശൈലിയിലെ സങ്കല്പങ്ങളുടെ സാന്നിധ്യവും പ്രയോഗവുമാണ്. ഇവിടെ ലണ്ടനില്‍ തന്നെ പ്രശസ്തമായ 20-ഓളം കര്‍ഷകച്ചന്തകളുണ്ട്‌. നല്ല പൊതുഗതാഗത സം‌വിധാനം കൂടിയുള്ളതുകൊണ്ട് പലപ്പോഴും അവിടങ്ങളില്‍ നിന്ന് സ്വല്പം കനപ്പെട്ട ഷോപ്പിംഗ് നടത്തിയാലും സാധനം വീട്ടിലെത്തിക്കാന്‍ കാറൊന്നും പിടിക്കണ്ട. പഴം‌പച്ചക്കറി വഹകളൊക്കെ പാളയത്തോ പേരൂര്‍ക്കടയിലോ ഇടപ്പഴനിയിലോ നടന്ന് വാങ്ങുന്ന മാതിരി തന്നെ വാങ്ങാം. ബഹളത്തിലും തമാശകളിലുമൊക്കെയുള്ള സാംസ്കാരികവൈജാത്യങ്ങളെ ആസ്വദിക്കാമെങ്കില്‍ (ഒരു പാത്രം ഫിഷ് ആന്റ് ചിപ്സും രണ്ട് ബിയറുകുപ്പിയും അകത്തുണ്ടേല്‍ സ്കോട്ട്‌ലന്റുകാരന്റെ കടിച്ചാപ്പൊട്ടാത്ത ആക്സന്റും വഴങ്ങിക്കോളും:) യൂണിവേഴ്സിറ്റിക്കടുത്തുതന്നെയുള്ള രണ്ട് മാര്‍ക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സൗകര്യമാണ്. ശ്രദ്ധിച്ചിട്ടുള്ള മറ്റൊരുകാര്യം, യൂറോപ്യന്‍ യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതിയവബോധം അവരുടെ ഷോപ്പിംഗ് രീതികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ്. "ഭൂമിമേല്‍ വിരിച്ചിട്ട സകലതും നിനക്കായി തിന്ന് മദിച്ച് കൂത്താടീട്ട് വലിച്ചെറിയാന്‍" കനിഞ്ഞനുവദിച്ചു തന്നതാണെന്ന ബിബ്ലിക്കല്‍ അതിവായനയില്‍ നിന്ന് റീസൈക്കിള്‍ ചെയ്യുന്നതിലേക്കും (പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പുനരുപയോഗിക്കാവുന്ന തുണി ബാഗുകള്‍), പറ്റാവുന്നിടത്തോളം പച്ചപ്പിനെ ബാധിക്കാതെ ജീവിക്കാനും (കാറിനു പകരം സൈക്കിളും പൊതുഗതാഗതവും), സൂപ്പര്‍‌മാര്‍ക്കറ്റ് ഉല്പന്നങ്ങള്‍ക്ക് പകരം fair trade ഉല്പന്നങ്ങളും പ്രാദേശിക ഉല്പന്നങ്ങളും ഉപയോഗിക്കാനും ഒക്കെ യൂറോപ്പിന്റെ പുതുതലമുറ ശീലിച്ചിരിക്കുന്നു. ഒരുതരം ആധുനികോത്തര ഹിപ്പിയിസം...

    അമ്പിയണ്ണന്‍ ബ്ലോഗിലെഴുതുമ്പോലെ പ്രാദേശിക ബദലുകളുണ്ട്. തീച്ചയായും.

    ReplyDelete
  7. അമ്പി പറഞ്ഞതില്‍ കൂടുതല്‍ എന്ത് പറയാന്‍ !!

    ReplyDelete