Wednesday, September 16, 2009

കുഴക്കുന്ന പ്രതിഭകള്‍

ചിത്രകാരന്റെ ഈ പോസ്റ്റില്‍ നിന്നാണ് വായിയ്ക്കുന്നത്. ഹനാന്‍ ബിന്‍‌ത് ഹാഷിമിനെപ്പറ്റി.

ഇന്റര്‍നെറ്റാണ് വിവരങ്ങളുടെ മാതാവെന്നാണ് എന്റെ അന്ധവിശ്വാസം. എല്ലാ നെറ്റാശ്രിതരേയും പോലെ.
അവിടെ കമന്റിട്ടിരുന്ന എല്ലാവരേയും പോലെ ഇന്റര്‍നെറ്റില്‍ പരതി. ബിന്‍ത് ഹാഷിം നെറ്റിന്റെ ലോകത്തല്ല ജീവിയ്ക്കുന്നതെന്ന് മനസ്സിലായി.
ഈ കുട്ടിയുടേ നാസയിലെ പഠനസര്‍ട്ടിഫിക്കറ്റും മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഒക്കെ വലിയ കഴമ്പുള്ള വാര്‍ത്തയല്ല എന്ന് മിക്കവര്‍ക്കും ചിത്രകാര ബ്ലോഗില്‍ നിന്നു തന്നെ പിടികിട്ടിക്കാണണം.

ചെറുതായിരുന്നപ്പോള്‍ എനിയ്ക്കും തോന്നിയിട്ടുണ്ട് ഞാന്‍ ഭീകരനാണെന്ന്. ഇപ്പോഴും ആ തോന്നലിന്റെ അലകള്‍ കെട്ടടങ്ങിയിട്ടില്ല. ഞാന്‍ അവതാരമായിരുന്നു എന്നായിരുന്നെന്റെ വിശ്വാസം. അത്യാവശ്യം സൈസ് ഉണ്ടായിരുന്നത് കൊണ്ട് ഭീമന്റെ അവതാരമായിരുന്നെന്ന് ഉറച്ച് വിശ്വസിച്ചു. അഞ്ചിലോ ആറിലോ ഒക്കെ പഠിച്ചിരുന്നപ്പോഴാണ് രണ്ടാ‍മൂഴം വായിയ്ക്കാന്‍ കിട്ടുന്നത്...പിന്നെ പറയണോ.
മഹാഭാരത സീരിയല്‍ കണ്ടപ്പോ ദുര്യോധനന്റെ അവതാരമാണ് ഞാന്‍ എന്ന് ലൈന്‍ മാറ്റിപ്പിടിച്ചു.

ഈ കുട്ടി അങ്ങനെ സ്വപ്ന ലോകത്തിലാണ് എന്നു പറയാന്‍ എന്റെ കയ്യില്‍ തെളിവുകളൊന്നുമില്ല. കിട്ടിയത് വച്ച് ആ പത്രക്കാരന്‍ (കാരി??) പരപ്രേരണയില്ലാതെ പൊലിപ്പിച്ചതുമാകാം. ചിലപ്പോ അവര്‍ക്ക് എഴുതി വന്നപ്പോ കണ്ട്രോളു കിട്ടിക്കാണില്ല. ഇന്റലക്ച്വല്‍ ഓര്‍ഗാസം. ഇവിടെയത് നോണ്‍ ഇന്റലക്ച്വല്‍ ഓര്‍ഗാസമായെന്ന് മാത്രം.

എന്താ ആ കുട്ടിയ്ക്ക് ഐന്‍സ്റ്റീനെ തിരുത്തിക്കൂടേ.? തീര്‍ച്ചയായുമാകാം. നാളെ ഒരുപക്ഷേ അത് ഉണ്ടായെന്നും വരാം. തിയററ്റിക്കല്‍ ഫിസിക്സ് വലിയ സൌകര്യങ്ങള്‍ വേണ്ടുന്ന പഠനശാഖയല്ല. പേപ്പര്‍ പെന്‍സിലുകള്‍ ഒക്കെമതി. പലപ്പൊഴും വലിയ വലിയ കണ്ടുപിടുത്തങ്ങള്‍ കോഫീഹൌസുകളിലെ മേശപ്പുറങ്ങളിലായിരുന്നു പിറന്ന് വീണത് എന്ന് കേട്ടിട്ടുണ്ട്. (അതും സത്യമാണോ എന്നറിയില്ല) എന്നാലും ഒരു എസ്തെറ്റിക് സെന്‍സ് വച്ച് സത്യം എന്ന് വിശ്വസിയ്ക്കുക. ഹനാന്റെ കാര്യത്തില്‍ വിശ്വസിയ്ക്കാന്‍ പറ്റുന്ന എസ്തെറ്റിക് സെന്‍സിനും അപ്പുറമാണ് കാര്യങ്ങള്‍.
ജയന്റ് നര്‍ലിക്കറും പ്രൊഫസര്‍ മുകുന്ദയുമൊക്കെ ഗവേണിങ്ങ് ബോഡിയിലുള്ള ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്റ്റ്രോ ഫിസിക്സിന്റെ ജേണലില്‍ ഈ കുട്ടിയുടെ പ്രബന്ധം വരും എന്നാണ് മാതൃഭൂമിയുടേ അവകാശവാദം. വരട്ടേ.
Indian Institute of Astrophysics നു ജേര്‍ണലൊന്നും അവരുടെ സൈറ്റില്‍ കാണുന്നുമില്ല.

ആനീബസന്റും കൂട്ടരും ചേര്‍ന്ന് മിശിഹായാണ് എന്നുപറഞ്ഞ് ഒരു കുട്ടിയെ പിടിച്ചോണ്ട് പോയാരുന്നു പണ്ട്. ജിദ്ദു കൃഷ്ണമൂര്‍ത്തി. പുള്ളി മിശിഹാ തന്നെയായി അറിവായപ്പോ മിശിഹായൊന്നുമല്ല ഞാന്‍ എന്ന് പറഞ്ഞ് കളഞ്ഞിട്ട് പൊയി. അത് ആര്‍ജ്ജവം.

ഒറ്റനോട്ടത്തില്‍ കാണുന്ന വിവരമനുസരിച്ച് മുകളില്‍ പറഞ്ഞിരിയ്ക്കുന്നതാണ് ശരിയെങ്കില്‍ നമ്മുടെ നാട്ടിലെ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ കേടുകളിലേയ്ക്കാണ് ഈ വാര്‍ത്ത വിരല്‍ ചൂണ്ടുന്നത്. ഭാസ്കരപ്പണിയ്ക്കര്‍ക്കും ആര്‍ വീ ജീയ്ക്കും പകരമായി ഗോപാലകൃഷ്ണന്മാര്‍ അരങ്ങിലെത്തിയതിന്റെ തെളിവുകളാണിത്. സയന്‍സ് എന്നത് അല്‍ക്കെമിയാണെന്ന് ഇന്നും വിശ്വസിയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്ന ജനതയുടെ സൈക്കിയാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നത്.

പരിഷത്തിനെ കേരളീയര്‍ മിസ്സു ചെയ്യേണ്ടുന്നതിന് കാരണങ്ങളൊത്തിരിയുണ്ട്. ഇന്ന് എനിയ്ക്കറിയാവുന്ന രണ്ട് ലോക്കല്‍ പരിഷത്തുകാരിലൊരാള്‍ ബ്രഹ്മോകുമാരീസിന്റെ ധ്യാന പരിശീലകനാണ്. ഒരാള്‍ റെയ്കി /ഹോമിയോ ഡോക്ടറും. ശാസ്ത്ര ബോധം പ്രചരിപ്പിയ്ക്കുന്ന ഇത്തരമൊരു സംഘടനയെ സഹിയ്ക്കാന്‍ ഇന്നവര്‍ക്കു കഴിയുന്നു എന്നത് തീര്‍ച്ചയായും കേരളത്തിലെ ശാസ്ത്രവിദ്യാഭ്യാസത്തിന്റെ കേടുകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. പണ്ടത്തെ കാലത്തൊക്കെ എന്താ മഴ!! ഇന്നെങ്ങാണും മഴയുണ്ടോ എന്ന മട്ടിലല്ല.പരിഷത്തിനെ കേരളീയര്‍ മിസ്സു ചെയ്യേണ്ടുന്നതിന് കാരണങ്ങളൊത്തിരിയുണ്ട്...

അടിയില്‍ ദേ ഈ വീഡിയോ കൂടി കാണുക. പണ്ട് ടീവീയില്‍ കണ്ടതാണ്. ഇപ്പൊ സെര്‍ച്ച് ചെയ്ത് വീണ്ടും പൊക്കി. ഹനാന്‍ ബിന്‍‌ത് ഹാഷിം ഈ പയ്യനെപ്പോലെയാണ് എന്നു പറയാണ് തെളിവുകളേതുമില്ല.
എന്നാലും സായിപ്പിന് അസൂയയെന്ന് വിചാരിച്ച് തലയിലൂടേ പുതപ്പ് വലിച്ചിട്ട് കിടന്നുറങ്ങുന്നു....








ഇയാളേപ്പറ്റിയുള്ള വാഴ്ത്തുകള്‍ ഇവിടെയും വായിയ്ക്കാം

ശാസ്ത്രബോധം??
ഗുഡ്നൈറ്റ്

7 comments:

  1. “ഭാസ്കരപ്പണിയ്ക്കര്‍ക്കും ആര്‍ വീ ജീയ്ക്കും പകരമായി ഗോപാലകൃഷ്ണന്മാര്‍ അരങ്ങിലെത്തിയതിന്റെ തെളിവുകളാണിത്“

    യൂ സെഡ് ഇറ്റ്.. വന്ന് വന്ന് ആർക്കും കേറി ശാസ്ത്രത്തിന്റെ പൊറത്തങ്ങ് മേയാം എന്നായിട്ടുണ്ട്

    ReplyDelete
  2. ജിദ്ദു കൃഷ്ണമൂര്‍‌ത്തിയ്ക്ക് ആര്‍ജ്ജവം ഇത്തിരി കുറഞ്ഞാലും കുഴപ്പമില്ലായിരുന്നു അംബീ. പക്ഷേ ജനം വിശ്വസിച്ചു വായിക്കുന്ന മാധ്യമങ്ങള്‍‌ക്ക്, അതിലെഴുതുന്നവര്‍‌ക്ക്, ആര്‍‌ജ്ജവമില്ലാത്ത അവസ്ഥയാകുമ്പോള്‍ ആ സമൂഹം ജീര്‍‌ണ്ണിക്കും. ഈ സിസി ജേക്കബ് ഏതോ അവാഡൊക്കെ വാങ്ങിയിട്ടുള്ള ജേണലിസ്റ്റാണത്രേ. ഥൂ!!!

    ReplyDelete
  3. ഇവന്മർ/ഇവളുമാർ വായിൽ തോന്നിയത് കോതക്ക് പാട്ടെന്നെഴുതിവെക്കും. ചില പത്രക്കാർ മണ്ടന്മാരാണെങ്കിലും വിവരമില്ലാത്തതിന്റെ യാതൊരു അഹങ്കാരവുമില്ലാത്തവരായിരിക്കും..!

    കഷ്ടം...

    ReplyDelete
  4. എന്തിര് പറയാന്‍ നാട്ടുകരി നന്നാകണത് സുഹിക്കിണില്ലേ പിള്ളേ !

    ReplyDelete
  5. പണ്ട് ചില പരിഷത്ത് പുസ്തകകങ്ങള്‍ വായിച്ച കാലം തൊട്ടുള്ള അന്വേഷണങ്ങളാണ്‌ ഈ തിയറിയൊക്കെ ഒന്ന് മനസ്സിലാക്കാന്‍.. ഒരു പിടിയും കിട്ടിയില്ല. എന്തായാലും താങ്കള്‍ പരിഷത്തുകാരില്‍ ചിലരില്‍ സംഭവിച്ച മാറ്റങ്ങളില്‍ക്കാണാം നമ്മളെങ്ങോട്ടാണ്‌ പോയിക്കൊണ്ടിരിക്കുന്നതെന്ന്.. !

    ReplyDelete
  6. എന്തായാലും ഈ വിഷയത്തില്‍ ധാരാളം ചര്‍ച്ച നടന്നതില്‍ സന്തോഷം.
    ചിത്രകാരനു പറ്റിയ ഒരബദ്ധത്തിന്റെ ജാള്യത ഇപ്പോഴും നഷ്ടപ്പെടാതെ പിന്‍‌തുടരുന്നുണ്ടെങ്കിലും ആശ്വാസം ഇത്തരം ഇടപെടലുകളാണ്.

    ReplyDelete