Tuesday, August 30, 2016

ശബരിമലയിലെ ആകാശക്കാഴ്ചകൾ


ഒരുപാട് പതിറ്റാണ്ടുകളായി സ്ഥിരമായി ശബരിമലയെന്ന മഹത്തായ ആരാധനാലയത്തിനെ തീവച്ച് നശിപ്പിച്ചതു തുടങ്ങി ഒളിഞ്ഞു തെളിഞ്ഞും പലവിധ ആക്രമണങ്ങളുയരുന്നു. ഇന്നാട്ടിലെ ജാതിമതഭേദമില്ലാതെ സകലജനങ്ങളേയും ഒരുമിപ്പിയ്ക്കുന്ന കലിയുഗവരദന്റെ ആജ്ഞാശക്തിയ്ക്ക് മുന്നിൽ ആരൊക്കെയോ പേടിച്ചിരിയ്ക്കുന്നു എന്നത് ഉറപ്പാണ്.

അതിലെ പുതിയ കപടപ്രചരണമാണ് യുവതികൾ ദർശനത്തിനായി പോകാത്ത ശബരിമലയെ സ്തീവിരുദ്ധമാണെന്ന ആരോപണങ്ങളുയർത്തി താഴ്ത്തിക്കെട്ടുക എന്നത്.

യുവതികൾക്ക് ശബരിമലയിൽ കയറണമെന്നാണെങ്കിൽ വ്യക്തിപരമായി സന്തോഷം മാത്രമേയുള്ളൂ. ജാതി മത വർഗ്ഗ ലിംഗ ജീവി ജീവൻ ഭേദമില്ലാത്ത അയ്യപ്പസ്വാമിയ്ക്ക് ഒരു വിഷമവുമുണ്ടാകില്ല. അയ്യപ്പസ്വാമിയാകാൻ പരിശീലനം ചെയ്യുന്നയ്യപ്പന്മാർ യുവതികളേയും സ്വാമിയെന്ന് കരുതിയാൽ മതി. അങ്ങനെയാണ് വേണ്ടതും.

പക്ഷേ യാതൊരു വിവേചനവും ഇല്ലാത്ത മലയെച്ചൂണ്ടി സ്ത്രീ പുരുഷ സമത്വം എന്ന കള്ളപ്പേരും പറഞ്ഞ് അയ്യനെയും മലയേയും ഒരു സംസ്കാരത്തേയുമാകമാനം ആക്രമിയ്ക്കാനുള്ള പദ്ധതികളെ ഒരു കാരണവശാലും അനുവദിയ്ക്കാൻ കഴിയില്ല.

ആദ്യമേ തന്നെ പറയാനുള്ളത് അക്കമിട്ട് തന്നെ പറയാം.
-------------------------------------------
1. ശബരിമല സ്ത്രീ വിരുദ്ധമല്ല. സ്ത്രീകൾക്ക് അവിടെ പോകുന്നതിനു യാതൊരു വിലക്കുമില്ല.

2. ശബരിമലയിൽ ആർത്തവ വിരുദ്ധതയുമല്ല. മിക്ക ഹിന്ദു ക്ഷേത്രങ്ങളിലും ആർത്തവസമയത്ത് സ്ത്രീകൾ കയറാറില്ല എന്നൊരാചാരം ഉണ്ട്. എന്നാൽ ശബരിമലയിലെ ആചാരം ആർത്തവവുമായി ബന്ധപ്പെട്ടതല്ല. ഇനി ദേവസ്വം ബോർഡ് പറഞ്ഞാലും അതങ്ങനെയല്ല.

3. ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകളോ പുരുഷന്മാരോ നപുംസകരോ പോകുന്നതിൽ ഒരു വിലക്കിന്റേയും ആവശ്യമില്ല എന്നാണ് ഈയെഴുതുന്നയാളിന്റെ ഉറച്ച ബോധ്യം.

ഇനി ഈ എഴുതിയതിലെ ഉദ്ദേശമാണ്. ശബരിമലയിലെയോ മറ്റെവിടുത്തേയുമോ ആചാരങ്ങളെ ന്യായീകരിയ്ക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. ശബരിമല മുഴുവൻ സ്ത്രീവിരുദ്ധമാണെന്ന പ്രചണ്ഡപ്രചരണം അരങ്ങ് കൊഴുക്കുമ്പോൾ ഈ നാട്ടിലെ ഏറ്റവും വലിയൊരാരാധനാലയം, മഹത്തരമായൊരാരാധനാലയം സ്ത്രീകൾക്ക് വിരുദ്ധമാണെന്ന തോന്നലും മനോഭാവവും ഒരുതരം അപകർഷതയും സ്ത്രീയും പുരുഷനും നപുംസകങ്ങളുമായ ഇന്നാട്ടുകാരിലൊരാൾക്കും തോന്നരുത് എന്ന് വച്ചട്ടാണീ കുറിപ്പ്.

വിശദീകരണം:
-----------------------
അയ്യപ്പൻ എന്ന സങ്കൽപ്പമൂർത്തി ആണാണ്. അദ്ദേഹം ബ്രഹ്മചര്യം അനുഷ്ഠിച്ച് തപസ്സ് ചെയ്യുകയാണ് എന്നാണ് സങ്കൽപ്പം. ബ്രഹ്മചര്യമനുഷ്ഠിയ്ക്കുന്ന ഒരു പുരുഷൻ യുവതികളായ സ്ത്രീകളുടെ സാമീപ്യം ഒഴിവാക്കും. അത് അദ്ദേഹത്തിന്റെ വൃതമാണ്. അങ്ങനെ വൃതങ്ങൾ അനുഷ്ഠിച്ച് തപസ്സ് ചെയ്യുന്ന രീതികൾ ലോകം മുഴുവനുമുണ്ട്.

ശബരിമലയിൽ മുന്നിൽ നിൽക്കുന്നതും നിരന്ന് നിൽക്കുന്നതും നടന്ന് പോകുന്നതും എല്ലാം അയ്യപ്പരാണ്. മാലയിട്ടാൽ അവനവൻ തന്നെയാണ് അയ്യപ്പൻ. നാൽപ്പത്തിയൊന്ന് ദിവസവും അയ്യപ്പൻ. ഇരിയ്ക്കുന്നയിടം ശബരിമല. അതാണ് ആ മൂർത്തിയുടെ സങ്കൽപ്പം. നാൽപ്പത്തിയൊന്ന് ദിവസത്തെ വൃതം എടുക്കാനാകാത്തതോ, മല കയറാ‍ൻ പറ്റാത്തതോ, ആർത്തവ രക്തം വീണ് അവിടെ വൃത്തികേടാവുന്നതോ ഒന്നുമല്ല വിഷയം. അയ്യപ്പൻ തപസ്സ് ചെയ്യുകയാണ്. തപസ്സു ചെയ്യുന്ന യുവാവായ അയ്യപ്പമൂർത്തി യുവതികളുടെ സാമീപ്യം ഒഴിവാക്കുന്നു. അത്രയേയുള്ളൂ കാര്യം.
ഇനി അയ്യപ്പൻ ആണല്ല. മോഹിനിയ്ക്ക് പരമശിവനിലുണ്ടായത് ഒരു പെൺകുട്ടിയാണ് എന്ന് വച്ചോളൂ. അവരാണ് തപസ്സുചെയ്യാൻ പോകുന്നതെങ്കിൽ, എന്നാണാ കഥയെങ്കിൽ, ശബരിമലയിൽ യുവാക്കൾ പോകില്ലായിരുന്നു.

ഇവിടെ ഈ അമ്പലത്തിൽ അയ്യപ്പനു സാമീപ്യമുണ്ടായാൽ വൃതഭംഗം വരാത്ത ബാലികമാർക്കോ അമ്മമാർക്കോ മാത്രമേ പ്രവേശനമുള്ളൂ എന്നാണ് ആചാരം. അതിൽ ആർത്തവത്തിനു യാതൊരു ബന്ധവുമില്ല.
ആർത്തവം ഇല്ലാത്തവരായാലും ഒരു പ്രത്യേക പ്രായത്തിനിടയിൽ ശബരിമലയിൽ സന്ദർശനം ഒഴിവാക്കാറുണ്ട്. ചില പ്രകൃതിചികിത്സാ വാദക്കാരൊക്കെ അവരുടെ രീതികൾ ശീലിയ്ക്കുന്ന സ്ത്രീകൾക്ക് ആർത്തവം നിന്ന് പോകുന്നതായും അത് ശരീരത്തിന്റെ ശുദ്ധീകരണമായുമൊക്കെ വാദിയ്ക്കുന്നുണ്ട് (ശരിയാണോ എന്നറിയില്ല). അങ്ങനെയുള്ള യുവതികളായാലും ഒരു പ്രത്യേക പ്രായത്തിനിടയിൽ ശബരിമലയിൽ പോകാറില്ല.

ഈയിടെ മാത്രമാണ് അവിടെ പോലീസ് പരിശോധന ഒക്കെ വന്നത്. ഒരു പരിശോധനയുമില്ലായിരുന്ന നൂറ്റാണ്ടുകൾ മുന്നേ പോലും അവിടെ യുവതികൾ സ്വമേധയാ തന്നെ പോകാറുണ്ടായിരുന്നില്ല. എന്നാൽ പെൺകുഞ്ഞുങ്ങളും വയോവൃദ്ധകളാ‍യ അമ്മമാരും പോകാറുണ്ടായിരുന്നു താനും.

അടുത്ത കാലത്തായി ഹൈന്ദവരായ ജനതയോട് ഒരു സ്നേഹം കോൺഗ്രസ്സ് പാർട്ടിയിലെ മറ്റാർക്കും ഇല്ലാത്തത് പോലെ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ പ്രയാർ ഗോപാലകൃഷ്ണനു തോന്നിയതിൽ നല്ല സന്തോഷമുണ്ട്. എന്നാലും ആർത്തവ സമയത്ത് അണ്ഡം മരിയ്ക്കുന്നു അതുകൊണ്ടാണ് ശബരിമലയിൽ യുവതീപ്രവേശനം സാധ്യമല്ലാത്തത് എന്നൊക്കെ അദ്ദേഹം പറഞ്ഞത് അർഹിയ്ക്കുന്ന ചിരിയോടെ തള്ളിക്കളയുകയാണ് വേണ്ടത്.
ശബരിമലയുടെ കാര്യത്തിൽ ഭക്തശിരോമണികളും തുല്യമായി തെറ്റുകാരാണ്. കാര്യം വരുമ്പൊ ഇതാണ് കാര്യം എന്ന് പറയാതെ അവിടെ യുക്തിയും കപടശാസ്ത്രവുമൊക്കെ പറയും. ഹിന്ദുമതാ‍ചാരത്തിലെ ശാസ്ത്രം എന്നൊക്കെപ്പേരിൽ ചില സാമൂഹ്യവിരുദ്ധർ ഇറക്കുന്ന അഞ്ച് തിരിയിട്ട് വിളക്ക് കത്തിയ്ക്കുന്നത് ചെർണ്ണോബിലെ ആണവദുരന്തം ഉണ്ടാവാതിരിയ്ക്കാനാണ്, അമ്പലത്തിൽ പോകുന്നത് ഇലക്ട്രോ മാഗ്നറ്റിക് കിരണങ്ങളെ പിടിച്ചെടുക്കാനാണ് എന്നൊക്കെ കപടശാസ്ത്രം പറഞ്ഞിരിയ്ക്കുന്ന പുസ്തകങ്ങൾ, വായിച്ചത് വച്ച് ലോകത്തില്ലാത്ത മണ്ടത്തരങ്ങളും മറ്റും വിളിച്ച് പറയും. അതിന്റെ ഫലമാണ് പല എതിർവാദങ്ങളും വരുന്നത്.

ഇനി അൽപ്പം താത്വികമായി അവലോകനം ചെയ്താൽ, ശബരിമല ഏതോ താപസകേന്ദ്രം തന്നെയാവണം. അല്ലെങ്കിൽ ഈ കാട്ടിനു നടുവിൽ മലയ്ക്ക് മുകളിൽ ആര‍ാണിങ്ങനെയൊരു അമ്പലം പണിയുക? അങ്ങനെ പണിഞ്ഞത് തന്നെ സകല ലോകവിചാരത്തിൽ നിന്നും ഒഴിവായി തപസ്സ് ചെയ്യാനുള്ള ആഗ്രഹം കൊണ്ട് തന്നെയാവണം.

അപ്പൊ ശബരിമലയിൽ സ്ത്രീ വിരുദ്ധതയല്ല. അയ്യപ്പൻ ഒരു കാരണവശാലും സ്ത്രീ വിരോധിയുമല്ല. മല കയറാൻ സ്ത്രീകൾക്ക് പറ്റില്ല എന്നതുമല്ല വിഷയം. അതാണ് കാരണമെങ്കിൽ വയോ വൃദ്ധകളായും പിഞ്ച് കുഞ്ഞുങ്ങളുമായുള്ള സ്ത്രീകളേയാണല്ലോ ആദ്യം ഒഴിവാക്കേണ്ടത്. അമ്മ അസുഖം അഭിനയിച്ചപ്പോൾ സ്വജീവൻ പണയം വച്ച് പുലിപ്പാൽ കൊണ്ട് വന്ന് കൊടുത്ത മകനാണ് അയ്യപ്പൻ. ആ അയ്യപ്പനു സ്ത്രീ വിരുദ്ധനാകാൻ കഴിയില്ല.

ഇനി ശബരിമലയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ലൈംഗികത വിരുദ്ധതയാണുള്ളത്. തപസ്സ് ചെയ്ത് ജീവിയ്ക്കുമ്പോൾ സാക്ഷാത്കാരം കാംക്ഷിയ്ക്കുന്ന വ്യക്തി സുഖഭോഗങ്ങളെല്ലാം ഒഴിവാക്കുന്ന സമയത്ത് ഒഴിവാക്കുന്ന ഒന്നാണ് ലൈംഗികചിന്ത. ലൈംഗികതയില്ലാതെ മനുഷ്യനുണ്ടാവുമോ എന്നൊക്കെ ചോദിച്ചാൽ മനുഷ്യനുണ്ടായിരിയ്ക്കണമെന്ന് ഈ വഴിയ്ക്ക് പോകുന്നവർക്ക് യാതൊരു നിർബന്ധവുമില്ല എന്നാണ് വ്യക്തിപരമായി എനിയ്ക്ക് തോന്നിയിട്ടുള്ളത്. അവരെ അവരുടെ വഴിയ്ക്ക് വിടുക.

ലൈംഗികതാവിരുദ്ധരല്ലാത്ത ഹിന്ദുമതം വേണമെന്നുള്ളവർക്ക് ഖജൂരാഹോ ക്ഷേത്രത്തിൽ പോകാം. അല്ലെങ്കിൽ അങ്ങനെയൊന്ന് പണിയാം. ഈ സംസ്കാരത്തിൽ അങ്ങനെ എല്ലാത്തിനും സാധ്യതകളുണ്ട്.
ആറ്റുകാലമ്മയ്ക്ക് സ്ത്രീകൾ വയ്ക്കുന്ന പായസമാണ് ഇഷ്ടമെന്നത് കൊണ്ട് അവിടെ ആണുങ്ങൾ പൊങ്കാലയിടാറില്ല. കൊറ്റംകുളങ്ങരയമ്മയ്ക്ക് ആണുങ്ങളേപ്പോലും പെൺ വേഷത്തിൽ കാണുന്നതാണിഷ്ടമെന്നതുകൊണ്ട് ചമയവിളക്കിനു പെൺവേഷം കെട്ടി തന്നെ പോകണം. കുദ്രോളി ഗോകർണ്ണനാഥേശ്വര ക്ഷേത്രത്തിൽ വിധവകളായ ദളിത് അമ്മമാരാണ് പൂജ നടത്തുന്നത്. മണ്ണാറശ്ശാലയിൽ അമ്മ കോടിക്കണക്കിനു ഭക്തരെ അനുഗ്രഹിയ്ക്കുന്നു. അങ്ങനെ സകലവിധ രീതികളോടും ഈ നാടിന്റെ സംസ്കാരം ബഹുമുഖമായി പന്തലിച്ച് സകലർക്കും തണലേകി നിൽക്കുന്നു.

അമ്പലപ്പുഴയിൽ പാൽപ്പായസം പറ്റില്ല കടും പായസം മതി എന്ന് പറഞ്ഞാൽ കടും പായസം വേണ്ടുന്നവർ അങ്ങനെയൊരു അമ്പലം പണിഞ്ഞോളൂ എന്ന് പറയുന്ന പോലെയാണ്. ശബരിമലയിൽ കൊട്ടത്തേങ്ങയും അവലും മലരും കടിച്ചാൽ പൊട്ടാത്ത അപ്പവും ഒക്കെ കൊടുക്കുമ്പൊ അയ്യപ്പനു ലഡു കൊടുക്കാത്തത് അത് കൊണ്ടാണ്.

നേരേ മറിച്ച് സുഖലോലുപനായ ദൈവമാണ് തിരുപ്പതി വെങ്കടേശ്വര സ്വാമികൾ. മാത്രവുമല്ല അദ്ദേഹം സ്വന്തം വിവാഹം വലിയനിലയിൽ ആർഭാടമായി നടത്തിയത് കൊണ്ട് ഒരുപാട് കടം വന്നെന്നും ആ കടം ഭക്തർ കൊടുത്ത് തീർക്കേണ്ടത് കൊണ്ട് ഒരുപാട് കാശു വേണമെന്നും ഭക്തരോട് ആവശ്യപ്പെടുന്ന മൂർത്തിയാണ്. അത് കൊണ്ട് തന്നെ പണമുണ്ടാക്കാൻ അദ്ദേഹം ഭക്തരെ സകലരീതിയിലും അനുഗ്രഹിയ്ക്കും എന്നൊരു വിശ്വാസമുണ്ട്. ഇൻഡ്യയിലെ ഒരുപാട് കമ്പനികളിൽ നിശബ്ദ പങ്കാളിയാണദ്ദേഹം. നികുതി അടച്ചില്ലെങ്കിൽപ്പോലും വെങ്കടാചലപതിയുടെ ലാഭവിഹിതം കൃത്യമായി എല്ലാക്കൊല്ലവും അവിടെയെത്തിയ്ക്കുന്ന വ്യാപാരിവ്യവസായികൾ ഭാരതത്തിൽ ഒരുപാടുണ്ട്.

ഇനി ഈ മലയുടെ മുകളിൽ, കാട്ടിനു നടുക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങളും, സുഖ കേന്ദ്രങ്ങളും മുതൽ ലോകത്തെങ്ങുമില്ലാത്ത വാണിഭം വരെ നടക്കുന്ന ഈ നേരത്ത് ഒന്നുകിൽ അയ്യപ്പൻ എപ്പൊഴേ പൂർണ്ണമായി സത്യം സാക്ഷാത്കരിച്ച് ഇതൊക്കെ ചിരിച്ച് നോക്കി നിൽക്കുകയാവണം. അല്ലെങ്കിൽ താപസൻ തന്നെയാണെങ്കിൽ എപ്പോഴേ വേറേ എവിടേയോ കയറി പോയിട്ടുണ്ടാവും.

രണ്ടായാലും മല കയറുന്ന അയ്യപ്പന്മാർ മലയിലിരിയ്ക്കുന്ന അയ്യപ്പനെ തിരുപ്പതി വെങ്കടേശ്വരനെപ്പോലെയാണ് കാണുന്നതെങ്കിൽ തിരുപ്പതിയിലെപ്പോലെ പത്മാവതി ദേവിമാർക്കും അല്ലെങ്കിൽ ഗുരുവായൂരിലെപ്പോലെ ഗോപികമാർക്കും അവിടെ പോകുന്നതിൽ യാതൊരു കുഴപ്പവുമില്ല. എന്ന് മാത്രമല്ല പോകണം.
ഇതെല്ലാം യുക്തിരഹിതമല്ലേ എന്നാണു ചോദ്യമെങ്കിൽ തീർച്ചയായും ആണ്. നല്ല നാൽപ്പത്തിയെട്ട് കാരറ്റ് യുക്തിരഹിതമാണ്. ഒരു സംശയവുമില്ല.

ശബരിമല രഹസ്യം:
--------------------------------
ശബരിമല വൃതം എന്നത് നാൽപ്പത്തിയൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിശീലനമാണെന്നാണ് അറിവുള്ളവർ പറയുന്നത്. കറുപ്പ് വസ്ത്രവും മറ്റുമുടുക്കുന്നത് വർണ്ണപ്പകിട്ടാർന്ന വസ്ത്രങ്ങൾ ഒഴിവാക്കാനാണ്. സ്വയം ദാരിദ്ര്യം. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് നിവേദ്യമാക്കി കഴിയ്ക്കണം. ലൈംഗികചിന്ത പാടില്ല. അതുകൊണ്ട് തന്നെ ഒരുങ്ങൽ, മുടി താടി ഒക്കെ വെട്ടി ഒതുക്കി നിർത്തൽ ഒക്കെ ഒഴിവാക്കുന്നു. മാംസം, മദ്യം ഒക്കെ ഒഴിവാക്കണം. ഉള്ളിപോലും ചിലർ കഴിയ്ക്കില്ല. വല്ല കാട്ടുകായും കൊണ്ടുണ്ടാക്കിയ മാല ജപിച്ചിടുന്നു. ചോറും പയറും ഒരുമിച്ച് വേവിച്ചായിരുന്നു മൂന്നു നേരം ഭക്ഷണം. അത് ബാഹ്യാചാരം.

പൈസാ ദാരിദ്യം പോലെ സകല സുഖങ്ങളും ഒഴിവാക്കി ദാരിദ്ര്യം ശീലിയ്ക്കണം. എന്തിനു ദാരിദ്ര്യം ശീലിയ്ക്കണം? പണമെന്നതും സ്വാമിയല്ലേ എന്ന് ചോദിച്ചാൽ ദാരിദ്ര്യം ശീലിയ്ക്കുന്നത് ആഗ്രഹങ്ങളെ അൽപ്പം ക്ഷയിപ്പിയ്ക്കാനാണ് എന്നേ മറുപടിയുള്ളൂ. ലൈംഗികദാരിദ്ര്യവും ശീലിയ്ക്കും. ഭാര്യയും കാമുകിയും എല്ലാം സ്വാമി. നല്ല രുചിയുള്ള ആഹാരവും വസ്ത്രവും ഒക്കെ സ്വാമി തന്നെയാണെങ്കിലും പരിശീലന സമയത്ത് ഒഴിവാക്കി നിർത്തുന്ന പോലെ ലൈംഗികതസ്വാമിയേയും പരിശീലന സമയത്ത് ഒഴിവാക്കി നിർത്തുന്നു. അത് കൊണ്ട് പരമാവധി ആ വിധത്തിലുള്ള സ്ത്രീ സംസർഗ്ഗം ഒഴിവാക്കുന്നു. ഇത് സാമ്പ്രദായികമായി പുരുഷന്മാർ ചെയ്ത് വരുന്ന വൃതമായത് കൊണ്ട് ആ സ്ഥലത്ത് യൗവനയുക്തകളായ സ്ത്രീകളെ ഒഴിവാക്കിക്കാണും. അതാണിവിടത്തെ കഥ. അങ്ങനെയാണ് പണ്ടൊക്കെ സ്വാമിമാർ വൃതം നോറ്റിരുന്നത്. അതാണ് ശബരിമല.

ഇനി മനസ്സിൽ. എല്ലാം സ്വാമിയാണ്. താൻ കാണുന്നതും കേൾക്കുന്നതും സ്വാമി. സ്വയം സ്വാമി. ഞാൻ പോകട്ടേ എന്ന് പറയുകയില്ല സ്വാമി പോകട്ടേ എന്നേ പറയൂ. സ്വന്തം കുട്ടിയായാലും അയലത്തെ കുഞ്ഞായാലും സ്വാമി. വഴിയിൽ ഒരു കല്ലു കിടന്നാലും സ്വാമിയെന്നേ പറയാവൂന്നാണ്. കല്ലുസ്വാമി.പശുസ്വാമി, പോത്തുസ്വാമി, എരുമസ്വാമി, സൂര്യൻ സ്വാമി, ചന്ദ്രൻ സ്വാമി, ഞാൻ സ്വാമി, നീ സ്വാമി, മേശ സ്വാമി, കസേര സ്വാമി.
എല്ലാമെല്ലാമയ്യപ്പൻ, എല്ലാത്തിൻ പൊരുളയ്യപ്പൻ എന്നാണല്ലോ മഹാത്മാക്കൾ പറയുന്നത്.

സ്ത്രീപുരുഷ സമത്വം:
------------------------------------
എന്റെ അറിവിൽ ചട്ടക്കൂടൂള്ള മതങ്ങളിൽ എല്ലാത്തുറകളിലും സ്ത്രീ പുരുഷ സമത്വം മനപ്പൂർവം വരുത്തിയ ഒരേ ഒരു ലോകമതം സിഖ് മതമാണ്. അവരിൽ സ്ത്രീയും പുരുഷനും തമ്മിൽ പേരുകൾ പോലും വ്യത്യാസമുണ്ടാകരുത് എന്നാണ് നിയമം.(പഞ്ചാബീ ഹൗസ് സിനിമയിലെ ‘അരേ സോണിയാ‘ എന്ന ഹരിശ്രീ അശോകന്റെ വിളി ഓർക്കുക). ഭാരതത്തിലെ സംസ്കാരം അതാണ്. അല്ലാതെ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതോ ഒഴിവാക്കുന്നതോ അല്ല. യുദ്ധമുന്നണിയിൽ ജീവൻ വെടിഞ്ഞ ഝാൻസീ റാണിമാരുടെ മുതൽ കോടിക്കണക്കിനു ഭക്തരുടെ പരമഗുരുവായ അമൃതാനന്ദമയി അമ്മയുടെ വരെ ഭാരതമാണിത്.

ഭാരതത്തിൽ പഴയകാലം മുതലേ എന്ന് വച്ചാൽ ഒരുപാട് പഴയ കാലം മുതലേ സ്ത്രീ കേന്ദ്രീകൃതമായ ആത്മീയധാരകൾ ഉണ്ടായിട്ടുണ്ട്. പലതുകൊണ്ടും കുറച്ചൊക്കെ അത് തമസ്കരിയ്ക്കപ്പെട്ട് പോയി. അത്തരം ധാരകളെ തിരികെക്കൊണ്ട് വരാൻ വിശ്വാസികൾ തന്നെ കഠിനയത്നം ചെയ്യേണ്ടതുണ്ട്.അമ്മമാർ പൂജിയ്ക്കുന്ന മണ്ണാറശ്ശാലയും, അമ്മമാരെ പൂജിയ്ക്കുന്ന നാരീപൂജയും ഒക്കെ ഇവിടത്തേത്‌ തന്നെയാണ്.
അതുകൊണ്ട് യുവതികൾക്ക് ശബരിമലയിൽ കയറണോ? സന്തോഷം. ജാതി മത വർഗ്ഗ ലിംഗ ജീവി ജീവൻ ഭേദമില്ലാത്ത അയ്യപ്പസ്വാമിയ്ക്ക് ഒരു വിഷമവുമുണ്ടാകില്ല. അയ്യപ്പസ്വാമിയാകാൻ പരിശീലനം ചെയ്യുന്നയ്യപ്പന്മാർ യുവതികളേയും സ്വാമിയെന്ന് കരുതിയാൽ മതി. അങ്ങനെയാണ് വേണ്ടതും.

ലോകത്തിന്റെ പല ഭാഗത്തൂന്ന് വന്ന്, ചിക്കൻഫ്രൈയും എറച്ചിയും മറ്റും ളാ‍ഹേന്ന് പോലും വാങ്ങിച്ച് തിന്നിട്ട് ശബരിമലയിൽ കേറി അവിടെ മുഴുവൻ വൃത്തികേടാക്കുന്നതിലും കണ്ട പ്ളാസ്റ്റിക്കും, പേപ്പറും മുണ്ടും തുണിയും ഒക്കെ ആ പരിസ്ഥിതിലോലമായ കാട്ടിലേയ്ക്ക് പോലും വലിച്ചെറിയുന്നതിലും കവിഞ്ഞ് ഒരു അശുദ്ധിയും നാലു സ്ത്രീകൾ ചെന്നാൽ അവിടെ ഉണ്ടാവുന്നില്ല. അവർ ചെന്നാൽ അവിടം പരിശുദ്ധമാകുകയേയുള്ളൂ.

#ReadyToWait
-------------------
പക്ഷേ ശബരിമലയെന്ന മഹത്തായ ആരാധനാലയത്തെ സ്ത്രീ വിരുദ്ധമെന്ന് കള്ളം പറഞ്ഞ് ആക്ഷേപിച്ച് ഇന്നാട്ടിലെ ജനതയിൽ അപകർഷതാ ബോധം ഉയർത്തിവിട്ട് ഈ സംസ്കാരത്തെ വിഭജിച്ച് ഭരിച്ചുകളയാം എന്ന് ആരും വിചാരിയ്ക്കരുതെന്ന് മാത്രം. ഇന്ന് ഒരൊറ്റ ദിവസം #ReadyToWait എന്ന ഹാഷ് ടാഗിന്റെ കീഴിൽ അഭൂതപൂർവമായ പങ്കാളിത്തത്തോടെ അയ്യപ്പസ്വാമിയെ കാണാ‍ൻ ഞങ്ങൾ അമ്പത്തഞ്ച് വയസ്സാകുന്നത് വരെ കാത്ത് നിന്നുകൊള്ളാം എന്ന പേരിൽ ഇന്നാട്ടിലെ സംസ്കാരം എന്നും അണയാതെ സൂക്ഷിച്ചിരുന്ന, ഇന്നും സൂക്ഷിയ്ക്കുന്ന സ്ത്രീരത്നങ്ങൾ ചേർന്ന് നിൽക്കുന്നുവെങ്കിൽ, ഈ ജനത സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ ഉരുക്ക് ഞരമ്പുകളും ഇരുമ്പ് പേശികളും മിന്നൽപ്പിണരായ മനസ്സുകളോടും കൂടെ ഉയർത്തെഴുനേൽക്കുന്ന കാഴ്ചയാണത്.
സ്ത്രീകൾക്ക് പ്രവേശനം വേണമോ ഇല്ലയോ എന്നതിനേക്കാൾ ഈ സംസ്കാരത്തിനെ കപടവാദങ്ങളുന്നയിച്ച് ഇനിയും കരിപൂശാനാകില്ല എന്ന ഉറച്ച ശബ്ദമാണത്. സ്ത്രീ ശക്തിയായുണർന്നാൽ നടക്കാത്തതായൊന്നുമില്ല. മഹാമായയുടെ പ്രകടശക്തിയുടെ ആ വൈഭവത്തിനു മുന്നിൽ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ സാഷ്ടാംഗപ്രണാമം.

ശരണമയ്യപ്പാ.




No comments:

Post a Comment