Saturday, August 13, 2016

ശങ്കരാചാര്യരും പ്രതിമയുംആദിശങ്കരാചാര്യരുടെ പേരിൽ ചാർത്തിക്കൊടുത്ത ശാങ്കരസ്മൃതിയോ ഇനി പരശുരാമനെന്ന കഥാപാത്രത്തിന്റെ പേരിൽ ചാർത്തിക്കൊടുത്തിരിയ്ക്കുന്ന ഭാർഗ്ഗവസ്മൃതിയോ ഒന്നും ഒരു കാലത്തും ശങ്കരാചാര്യരുടേതായി സംസ്കൃതത്തിൽ സാമാന്യജ്ഞാനമുള്ളവർ പോലും പരിഗണിച്ചിരുന്നില്ല.

കേരളത്തിലെ നമ്പൂതിരിമാർ ഉണ്ടാക്കുന്ന പ്രൊപ്പഗാണ്ടയ്ക്കൊക്കെ കൂട്ടുനിന്ന് ഫേസ്ബുക്കിലെഴുതിയതിനൊക്കെ ആദിശങ്കരൻ വന്ന് മറുപടി പറഞ്ഞോണം എന്ന് വിചാരിയ്ക്കുന്നത് ശരിയല്ല.

കാലങ്ങളായി ജനങ്ങളെ തൊട്ടുകൂടായ്മയുടെ വിഷം അനുഭവിപ്പിച്ച നമ്പൂതിരിമാരുൾപ്പെടെയുള്ളവർ പറയുന്നത് ആധുനികകാലത്ത് ഏറ്റുപറയുന്നത് ലിബറൽ ബുദ്ധിജീവികളാണെന്നത് വളരെ രസകരമാണ്.

ശങ്കരാചാര്യരുടെ കഥയിൽ വരുന്ന മനീഷാ പഞ്ചകം എഴുതാൻ കാരണമായ ഭാഗമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ പരമേശ്വരനെ നേരിട്ട് കാണാൻ, അല്ലെങ്കിൽ ബ്രഹ്മജ്ഞാനം പൂർണ്ണമായും ലഭിയ്ക്കാനുള്ള കാരണമായി പറയുന്നത്. സകല ഭാരതീയ പൗരാണികമതങ്ങൾ പ്രകാരവും ജീവന്റെ പരമമായ ലക്ഷ്യമാണ് അല്ലെങ്കിൽ ഏറ്റവും വലിയ പടിയാണ് സാക്ഷാത്കാരം. ശങ്കരാചാര്യർ ആ അവസ്ഥയിലെത്തി എന്ന് പറയപ്പെടുന്ന കഥയാണ് മനിഷാ പഞ്ചകത്തിന്റെ കഥ.

പട്ടികളുമായി വരുന്ന ഒരു ചണ്ഡാലനോട് വഴിമാറിപ്പോകാൻ പറയുന്ന ശങ്കരാചാര്യർ എന്ന മനുഷ്യനിലെ അവസാന കളങ്കവും മാറ്റാൻ ഈ നാട്ടിലെ ഏറ്റവും കുറഞ്ഞതെന്ന് കരുതപ്പെടുന്ന, ഇന്നും പുറമ്പോക്കിൽ നിർത്തിയിരിയ്ക്കുന്ന ആളായാണ് സാക്ഷാൽ പരമശിവൻ രൂപമെടുത്ത് വരുന്നത്. ശൂദ്രരൊക്കെ ജാതിവ്യവസ്ഥയ്ക്കകത്തുള്ളവരാണ് അവരിലും കുറഞ്ഞ മനുഷ്യന്റെ രൂപത്തിലാണ് സാക്ഷാൽ ഭഗവാനായ പരമേശ്വരൻ വരുന്നത്.

തന്റെ ശിഷ്യന്റെ അവസാന കളങ്കവും, അയാളിൽ അവശേഷിച്ച അൽപ്പം ഭേദചിന്തയും കൂടെ ആ ചോദ്യത്തിലൂടെ നീക്കി എന്ന കഥയുടെ നന്മ മനസ്സിലാക്കുമ്പോഴേ എന്നേയും നിങ്ങളേയും പോലെ ഒരു മനുഷ്യനായി ജീവിച്ച, എഞ്ചിനീയറും ഡോക്ടറും ഒക്കെ വലുതാണെന്നും തെറാപിസ്റ്റ് അൽപ്പം മോശമാണെന്നുമൊക്കെ കരുതിയ ശങ്കരൻ ഭഗവാന്റെ കാരുണ്യത്താൽ സകലഭേദഭാവനയും ഇല്ലാതെയായ നന്മയെ പുർണ്ണമായും മനസ്സിലാക്കാനാവൂ.

ആ കഥ പലയിടത്തും എഴുതിയത് ഒന്നു കൂടി ചേർക്കുന്നു.

ഭാഷ്യങ്ങൾ എഴുതിക്കഴിഞ്ഞ് കാശിയിൽ താമസിയ്ക്കുമ്പോഴാണ് ശങ്കരാചാര്യർക്ക് അദ്വൈതികൾ പറയുന്ന അപരോക്ഷാനുഭൂതി എന്ന അവസ്ഥയിൽ എത്തിച്ചേരാൻ കാരണമായ കഥ നടക്കുന്നത്. ശങ്കരാചാര്യർക്ക് ഒരുവിധം എല്ലാം മനസ്സിലായെന്നും എന്നാൽ ജാതിഭ്രാന്ത് അദ്ദേഹത്തിൽ മുഴുവനായും മാറിയിട്ടില്ലെന്നും മനസ്സിലായ പരമശിവൻ (മാറിയിട്ടില്ല എന്ന് അദ്ദേഹം മുൻപെഴുതിയ ഭാഷ്യങ്ങൾ തെളിവല്ലേ) ഒരു ചണ്ഡാലന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ചണ്ഡാളനോട് വഴിമാറിപ്പോകാൻ പറഞ്ഞ ശങ്കരാചാര്യരോട്,

"യതിവര്യാ, ഭക്ഷണം കൊണ്ട് ഉണ്ടാക്കിയ ഒരു ശരീരം ഭക്ഷണത്താൽ തന്നെ ഉണ്ടാക്കിയ മറ്റൊരു ശരീരത്തിൽ നിന്നാണോ, അതോ എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന ബോധം ബോധത്തിൽ നിന്നാണോ? ഏത് ഏതിൽനിന്നാണു മാറേണ്ടത്?" എന്ന് ചോദ്യം ചെയ്യുന്നു.

ആ നിമിഷം തന്നെ പൂർണ്ണ ബോധോദയമുണ്ടായ ആചാര്യൻ മനീഷാ പഞ്ചകം എന്ന പ്രശസ്തമായ പദ്യം രചിച്ച് ഇങ്ങനെ പാടി

"ഉണർവിലും സ്വപ്നത്തിലും സുഷുപ്തിയിലും സ്ഫുടമായി എന്താണോ തെളിഞ്ഞിരിയ്ക്കുന്നത്,

ബ്രഹ്മാവു മുതൽ ഉറുമ്പു വരെയുള്ള ശരീരങ്ങൾ പ്രപഞ്ചത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് എന്തിനാലാണോ കോർത്തിണക്കപ്പെട്ടിരിയ്ക്കുന്നത്,
അത് തന്നെയാണ് "ഞാൻ" ഇക്കാണുന്ന വസ്തുക്കളൊന്നും തന്നെയല്ല,

ഇതുപ്രകാരമുള്ള ഉറപ്പായ അറിവെങ്കിലും ഒരാൾക്കുണ്ടെങ്കിൽ അയാൾ ചണ്ഡാളനായിക്കൊള്ളട്ടേ ബ്രാഹ്മണനായിക്കൊള്ളട്ടേ എന്റെ ഗുരുവാണ്. ഇതെന്റെ ഉറച്ച ബുദ്ധിയാണ് "

ശങ്കരാചാര്യർ എന്ന കഥ ഈ ഭാഗവും ചേർന്നതാണ്. അല്ലെങ്കിൽ ഈ ഭാഗം കൂടിച്ചേരുമ്പോഴേ ശങ്കരാചാര്യരാകൂ.

നാരായണഗുരുവിനേപ്പോലെ തന്നെയാണ് ആചാര്യസ്വാമികളും ജാതിയ്ക്കെതിരെ പറഞ്ഞത്. നാരായണഗുരു ജനിച്ചതുകൊണ്ട് തന്നെ ജാതിയ്ക്കതീതനായി. ശങ്കരാചാര്യർക്ക് പരമശിവൻ ഇങ്ങനെയൊരു വേഷം കെട്ടേണ്ടി വന്നു. അത്രയേയുള്ളൂ വ്യത്യാസം.

ഇനി ഈ കഥ യുക്തിവാദികൾ എങ്ങനെ വായിയ്ക്കണം? സ്പൂണിൽ തന്നെ തരാം.

അപ്പോൾ ശരിയ്ക്ക് പരമശിവൻ വേഷം കെട്ടിയോ?. അത് അന്ധവിശ്വാസമല്ലേ. എന്താവും നടന്നിരിയ്ക്കുക?

മനീഷാപഞ്ചകം ഉള്ളതാണ്. മനീഷാപഞ്ചകത്തിൽ ചണ്ഡാലനായാലും ബ്രാഹ്മണനായാലും എന്റെ ഗുരുവാണ് എന്ന് ഉറപ്പിച്ച് പറയുന്നതേയുള്ളൂ. അങ്ങ് പരമശിവനാണെന്ന് പറയുന്നില്ല.

"യതിവര്യാ, ഭക്ഷണം കൊണ്ട് ഉണ്ടാക്കിയ ഒരു ശരീരം ഭക്ഷണത്താൽ തന്നെ ഉണ്ടാക്കിയ മറ്റൊരു ശരീരത്തിൽ നിന്നാണോ, അതോ എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന ബോധം ബോധത്തിൽ നിന്നാണോ? ഏത് ഏതിൽനിന്നാണു മാറേണ്ടത്?"

എന്ന പട്ടികളേയും കൊണ്ട് നടക്കുന്ന കാശിയിലെ ഒരു സാധാരണക്കാരനായ ചണ്ഡാലന്റെ ചോദ്യം കേട്ടപ്പോൾ ആദി ശങ്കരാചാര്യർ ആ മനുഷ്യനെത്തന്നെ സ്വന്തം ഗുരുവായി വരിച്ചു എന്ന് യുക്തിവാദികൾ മനസ്സിലാക്കണം. അതാണൊ ജാതിഭ്രാന്തനായ ശങ്കരൻ?

യുക്തിവാദികൾക്ക് ആ രീതിയിൽ ആ കഥയെ സമീപിയ്ക്കാമെങ്കിൽ വിശ്വാസികൾക്ക് ശങ്കരാചാര്യരും ആ ചണ്ഡാളനും പരമശിവന്റെ അവതാരമാണ്.

രണ്ടായാലും ശങ്കരാചാര്യർ തെറ്റുകൾ സംഭവിയ്ക്കാതിരിയ്ക്കാനും മാത്രം ഒരു അമാനുഷനോ ദൈവമോ ഒന്നുമല്ല. അങ്ങനെയൊരു കൺസെപ്റ്റും ഈ നാട്ടിലില്ല.

പക്ഷേ ശങ്കരാചാര്യർ വളരെ വ്യക്തമായി അന്നത്തെക്കാലത്ത് നിലനിന്ന ജാതിവ്യവസ്ഥയ്ക്കെതിരേ സംസാരിച്ചിട്ടുണ്ട്. എഴുതിയിട്ടുണ്ട്. ഒരിയ്ക്കലല്ല പലതവണ. പലകൃതികളിലും ഭേദഭാവനകൾ ഇല്ലാതെയാക്കിയെന്നത് പറയാൻ ജാതിഭേദമില്ല എന്ന് പലതവണ പറഞ്ഞിട്ടുണ്ട് ആദിശങ്കരൻ.

ശങ്കരാചാര്യർ ഒരു കെട്ടുകഥയല്ല. എഴുതിയ ഗ്രന്ഥങ്ങൾ സംസ്കൃതപണ്ഡിതർ ഏതാണ്ട് ഏതൊക്കെയാണെന്ന് ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ചില കൃതികളിൽ ഈ ശ്ലോകങ്ങൾ ശങ്കരനല്ല, പകരം ഇന്ന ശിഷ്യനെഴുതിയതാണ് എന്ന മട്ടിൽപ്പോലും ശൈലീഭേദങ്ങൾ അനാലിസിസ് ചെയ്തിട്ടുണ്ട്. അത്തരം ഒന്നിൽപ്പോലും ശാങ്കരസ്മൃതി ആചാര്യൻ എഴുതിയതെന്ന് ആരും പറഞ്ഞിട്ടില്ല.

ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതെന്ന് പറഞ്ഞ് നാടൻ മീൻ കറിയുണ്ടാക്കാനുള്ള റെസിപ്പി വരെ ഇന്റർനെറ്റിൽ കിടക്കുന്നുണ്ട്. ഒരു കാലത്ത് സിമിയുടേ ലോജിക് ഒന്ന് എക്സ്റ്റന്റ് ചെയ്താൽ ഐൻസ്റ്റീൻ കേരളീയനായിരുന്നുവെന്ന് വരുമോ? സ്മൃതികളുടെ ആധികാരികതയെപ്പറ്റിയൊക്കെ എല്ലാക്കാലത്തും തർക്കങ്ങൾ നടന്നിരുന്നു. എന്തിനു ശ്രുതികളുടെ ആധികാരികതയെപ്പറ്റിപ്പോലും തർക്കങ്ങൾ നടക്കുന്നു. മാറ്റാൻ പറ്റാത്തതോ വിമർശനത്തിനതീതമായതോ ഒന്നും ഈ നാട്ടിലില്ല. ഹിന്ദു എന്ന് പൊതുവേ അറിയപ്പെടുന്ന മതങ്ങളിലുമില്ല. ഒന്ന് ഇഷ്ടപ്പെട്ടില്ലേൽ ഉടനേ വേറേ ഗ്രൂപ്പ് ഉണ്ടാക്കി അതിന്റെ അനുയായികളാവുക എന്നാണ് പൊതുവേ ഇന്നാട്ടിൽ കാണുന്ന രീതി. അല്ലാതെ നേരിട്ടിറക്കിക്കൊടുത്ത ഗ്രന്ഥങ്ങളോ മതപുസ്തകങ്ങളോ ആചാര്യന്മാരോ ഒന്നും ഇവിടില്ല.

ജാതിവ്യവസ്ഥ ഈ നാട്ടിലെ ഏറ്റവും വലിയ അനാചാരമായിരുന്നു. മനീഷാ പഞ്ചകം വഴി അതിനെ നിഷേധിച്ച ശങ്കരനാണ് ഈ നാട്ടിലുണ്ടായത്. ചിലർക്ക് അങ്ങനെയല്ല. തങ്ങളുടെ പ്രാമാണ്യം നിലനിർത്താൻ ഒരു കൂട്ടരും തങ്ങളുടെ കൂട്ടത്തിൽക്കൂട്ടാൻ നല്ലൊരു ഗ്രൂപ്പിനെ കിട്ടുമെന്ന് കരുതി വേറൊരു കൂട്ടരും ആ ശങ്കരനെയങ്ങ് ഒളിപ്പിച്ച് വച്ചിട്ട് ചണ്ഡാളനോട് ദൂരെപ്പോകാൻ പറഞ്ഞ ശങ്കരനെ എടുത്ത് പൊക്കിപ്പിടിയ്ക്കുന്നു. നടക്കട്ടെ. പക്ഷേ ഒരുപാട് കാലം ഈ കെട്ടുകാഴ്ചകൾ നിലനിൽക്കില്ല എന്ന് മാത്രം പറയട്ടെ.

ഈ വെസ്റ്റേൺ പടങ്ങളിലൊക്കെയുള്ള ഹീറോസ് ആന്റിഹീറോസ് അംഗുലീമാനെക്കൂട്ടായിരിയ്ക്കും. ആദ്യമൊക്കെ അൽപ്പം കുറഞ്ഞ മോറൽ വ്യൂസ് ഉള്ളയാളായി കാണിച്ചിട്ട് അവസാനം നല്ലവനാകുന്ന ഹീറോ. അത് കണ്ടിരിയ്ക്കുന്ന ദയയെങ്കിലും ശങ്കരാചാര്യർക്ക് നൽകണം.

പക്ഷേ ഹിന്ദുമതത്തിൽ ദളിതരായി ജനിച്ചുപോയവർക്ക് ഇന്നാട്ടിലെ ഏറ്റവും വലിയ തത്വചിന്തകൻ വരെ അവരെ ഏറ്റവും ക്രൂരമായി അവമതിയ്ക്കുന്ന ഒരു നീചമായ കൃതിയെഴുതി എന്ന് കള്ളപ്രചരണം നടത്തി അവരുടെ സ്വന്തം ജീവിതത്തിനെ ആ അപമാനത്തിൽ തളച്ചിടാൻ ലിബറൽ ബുജികളുടെ അൽപ്പജ്ഞാനം ഇനിയും കാരണമാകരുത്.

പഠിച്ചിട്ട് വിമർശിയ്ക്കാൻ പറയുന്നത് കോമഡിയായി മാറി. പക്ഷേ കള്ളം പറഞ്ഞ് വിമർശിയ്ക്കരുത്. പഠിയ്ക്കാനുള്ള മടികൊണ്ടല്ല, അതിലുമുപരിയായി ഒപ്പീനിയനേടഡ് ആയതുകൊണ്ടാണെന്നും പൗരാണികഭാരതീയസംസ്കൃതിയെ കൊളോണിയൽ മനസ്സോടേ കണ്ട് ശീലിച്ചതിന്റേയും അതിനെ നശിപ്പിയ്ക്കാൻ കണ്ട ഇൻഡോളജി പഠനങ്ങൾ നടത്തിയതിന്റേയും ഭാഗമാണീ തെരുക്കൂത്തുകളെല്ലാം എന്നറിയാഞ്ഞല്ല. പക്ഷേ ഇവിടെയിത് വായിക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് കരുതുന്നു.

ആദി ശങ്കരാചാര്യർ ജാതിയെ അംഗീകരിയ്ക്കുകയല്ല അതിനെ പൂർണ്ണമായും നിഷേധിയ്ക്കുകയാണ് ചെയ്തത്.. ഒരൊറ്റയിടത്ത് ഒരു വ്യാഖ്യാനസമയത്ത് (സ്വതന്ത്രകൃതിയിലല്ല) അദ്ദേഹം ജാതിയെ അംഗീകരിച്ച് പറഞ്ഞിട്ടുണ്ട്. അത് പൂർണ്ണമായ ജ്ഞാനം കിട്ടുന്നതിനു മുന്നേയാണ്. ആ തെറ്റ് ഒഴിവാക്കാൻ... വീണ്ടും പറയുന്നു ആ തെറ്റ് ഒഴിവാക്കാനും തന്റെ ശിഷ്യനായ ശങ്കരനു പൂർണ്ണമായ സത്യം മനസ്സിലാക്കിക്കൊടുക്കാനും ഭഗവാൻ പരമശിവൻ തന്നെ ഏറ്റവും മോശമെന്ന് കരുതുന്ന ജാതിയിൽ, ഒരു ചണ്ഡാലന്റെ രൂപമെടുത്ത് നായകളുമായി വന്ന് ശങ്കരാചാര്യർക്ക് ബോധോദയം അഥവാ പരമമായ അറിവ് പറഞ്ഞ് കൊടുത്തു എന്നാണ് കഥ.

അതായത് ഈ നാട്ടിലെ തത്വചിന്തയനുസ്സരിച്ച് പൂർണ്ണജ്ഞാനം ലഭിയ്ക്കണമെങ്കിൽ ചണ്ഡാലനെന്നും ബ്രാഹ്മണനെന്നും ഉള്ള വ്യത്യാസം ഇല്ലാതാവണം. ജാതി ചിന്ത നശിയ്ക്കണം. എന്നാലേ പൂർണ്ണ മനുഷ്യനാകൂ. ഗീതയിലും ഭാഗവതത്തിലും ഇതേ കാര്യം വ്യക്തമായി പറയുന്നുണ്ട്.

ജാതിയെ നിഷേധിയ്ക്കുന്ന സകലഭേദങ്ങളേയും നിഷേധിയ്ക്കുന്ന ഇതിലും മെച്ചമായ ഒരു കഥ ലോകചരിത്രത്തിലോ സാഹിത്യത്തിലോ കാണാനാകില്ല.

അതായത് ശങ്കരാചാര്യരുടെ സിനിമയുടേ ക്ളൈമാക്സ് ജാതി ഇല്ല എന്ന് പറയുന്നിടത്താണ്. ഈ കഥ കഴിഞ്ഞെഴുതിയ മിനിമം മൂന്നുനാലു കൃതികളിലെങ്കിലും ജാതിഭേദം ഇല്ല ഇല്ല എന്ന് ഉറപ്പിച്ച് ആവർത്തിച്ച് ശങ്കരാചാര്യർ വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment