Wednesday, January 13, 2016

ശബരിമലയെപ്പറ്റി ചിലത്

ശബരിമലയെപ്പറ്റി ചിലത്. ഇനിമുതൽ എല്ലാക്കൊല്ലവും റെക്കറന്റ് ആയി മണ്ഡലകാലത്ത് ദിവസവും നാലുപ്രാവശ്യം വച്ച് ഷെയർ ചെയ്യുന്നതായിരിയ്ക്കും.

ആദ്യം തന്നെ പോയന്റുകൾ പറയട്ടെ. ഓവറായി വായിച്ച് ബുദ്ധിമുട്ടണ്ടല്ലോ.
1. ശബരിമല സ്ത്രീ വിരുദ്ധമല്ല. സ്ത്രീകൾക്ക് അവിടെ പോകുന്നതിനു യാതൊരു വിലക്കുമില്ല.
2. ശബരിമലയിൽ ആർത്തവ വിരുദ്ധതയുമല്ല. മിക്ക ഹിന്ദു ക്ഷേത്രങ്ങളിലും ആർത്തവസമയത്ത് സ്ത്രീകൾ കയറാറില്ല എന്നൊരാചാരം ഉണ്ട്. എന്നാൽ ശബരിമലയിലെ ആചാരം ആർത്തവവുമായി ബന്ധപ്പെട്ടതല്ല. ഇനി ദേവസ്വം ബോർഡ് പറഞ്ഞാലും അതങ്ങനെയല്ല.
3. ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകളോ പുരുഷന്മാരോ ട്രാൻസ് ജെണ്ടേഴ്സോ പോകുന്നതിൽ ഒരു വിലക്കിന്റേയും ആവശ്യമില്ല എന്നാണെന്റെ ഉറച്ച ബോധ്യം.

ഇനി ഉദ്ദേശമാണ്. ഈ കുറിപ്പിന്റെ അജണ്ട. ശബരിമലയിലെയോ മറ്റെവിടുത്തേയുമോ ആചാരങ്ങളെ ന്യായീകരിയ്ക്കുകയല്ല എന്റെ ഉദ്ദേശം. ശബരിമല മുഴുവൻ സ്ത്രീവിരുദ്ധമാണെന്ന പ്രചണ്ഡപ്രചരണം അരങ്ങ് കൊഴുക്കുമ്പോൾ ഈ നാട്ടിലെ ഏറ്റവും വലിയൊരാരാധനാലയം മഹത്തരമായൊരാരാധനാലയം സ്ത്രീകൾക്ക് വിരുദ്ധമാണെന്ന തോന്നലും മനോഭവവും, ഒരുതരം അപകർഷതയും സ്ത്രീയും പുരുഷനും ട്രാൻസ്ജെണ്ടറുമായ ഇന്നാട്ടുകാരിലൊരാൾക്കും തോന്നണ്ട എന്ന് വച്ചട്ടാണീ കുറിപ്പ്.

ഇനി പോയന്റ് നമ്പ്രകൾ വിശദീകരണം. വെറും ചപ്പടാ‍ച്ചികളാണ്. പരീക്ഷയ്ക്ക് മാർക്ക് വാങ്ങിയ്ക്കാനുള്ളവർ പോയന്റ് പോയന്റായി മാത്രം പഠിച്ചാൽ മതി. താത്വികം വായിച്ച് സമയം കളയണ്ട.

അയ്യപ്പൻ എന്ന സങ്കൽപ്പമൂർത്തി ആണാണ്. അദ്ദേഹം ബ്രഹ്മചര്യം അനുഷ്ഠിച്ച് തപസ്സ് ചെയ്യുകയാണ് എന്നാണ് സങ്കൽപ്പം. ബ്രഹ്മചര്യമനുഷ്ഠിയ്ക്കുന്ന ഒരു പുരുഷൻ യുവതികളായ സ്ത്രീകളുടെ സാമീപ്യം ഒഴിവാക്കും. അത് അദ്ദേഹത്തിന്റെ വൃതമാണ്. അങ്ങനെ വൃതങ്ങൾ അനുഷ്ഠിച്ച് തപസ്സ് ചെയ്യുന്ന രീതികൾ ലോകം മുഴുവനുമുണ്ട്.

ഇവിടെ ഈ അമ്പലത്തിൽ അയ്യപ്പനു സാമീപ്യമുണ്ടായാൽ വൃതഭംഗം വരാത്ത ബാലികമാർക്കോ വൃദ്ധർക്കോ മാത്രമേ പ്രവേശനമുള്ളൂ എന്നാണ് ആചാരം. അതിൽ ആർത്തവത്തിനു യാതൊരു ബന്ധവുമില്ല. ആർത്തവം എന്നത് ഒരു സൗകര്യത്തിനു പറയുന്ന ആചാരമാണ്. അല്ലാതെ അയ്യപ്പനു ആർത്തവരക്തം അലർജിയായത്കൊണ്ടോ, മറ്റുള്ള ക്ഷേത്രങ്ങളിൽ ആർത്തവ സമയത്ത് സ്ത്രീകൾ പോകാറില്ലെന്നതുമായോ ശബരിമലയ്ക്ക് യാതൊരു ബന്ധവുമില്ല. ഇത് കാണാതെ പോകുന്ന അയ്യപ്പഭക്തരും അയ്യപ്പ വിരുദ്ധരും ആ പാവം താപസനെ ആർത്തവത്തിൽ കൂട്ടിക്കുഴയ്ക്കരുത്.

ആർത്തവം ഇല്ലാത്തവരായാലും (ചില പ്രകൃതിചികിത്സാവാദക്കാരൊക്കെ അവരുടെ രീതികൾ പ്രക്ടീസ് ചെയ്യുന്നവർക്ക് ആർത്തവം നിന്ന് പോകുന്നതായും അത് ശരീരത്തിന്റെ പ്യൂരിഫിക്കേഷനായുമൊക്കെ വാദിയ്ക്കുന്നുണ്ട്. എനിയ്ക്ക് ഡീറ്റേൽസ് അറിഞ്ഞൂടാ. അങ്ങനെയുള്ളവരായാലും) ഒരു പ്രത്യേക പ്രായത്തിനിടയിൽ ശബരിമലയിൽ സന്ദർശനം ഒഴിവാക്കണം എന്നാണ് ആചാരം.

ശബരിമലയുടെ കാര്യത്തിൽ ഭക്തശിരോമണികളും തുല്യ കൾപ്രിറ്റുകളാണ്. കാര്യം വരുമ്പൊ ഇതാണ് വിഷയം എന്ന് പറയാതെ ലോജിക് അപ്ളൈ ചെയ്യും. ഹിന്ദുമതാ‍ചാരരഹസ്യം എന്നൊക്കെപ്പേരിൽ ചില സാമൂഹ്യവിരുദ്ധർ ഇറക്കുന്ന പുസ്തകങ്ങൾ, അഞ്ച് തിരിയിട്ട് വിളക്ക് കത്തിയ്ക്കുന്നത് ചെർണ്ണോബിലെ ആണവദുരന്തം ഉണ്ടാവാതിരിയ്ക്കാനാണ്, അമ്പലത്തിൽ പോകുന്നത് ഇലക്ട്രോ മാഗ്നറ്റിക് കിരണങ്ങളെ പിടിച്ചെടുക്കാനാണ് എന്നൊക്കെ മട്ടിൽ അസാധ്യ തള്ളൽ തള്ളിയിരിയ്ക്കുന്ന പുസ്തകങ്ങൾ, വായിച്ചതിന്റെ ഹാങ്ങോവറിൽ സ്ത്രീകളുടെ ശരീരം തേങ്ങാക്കൊലയാണ് ചെമ്പരുത്തിപ്പൂവാണ്, അവിടെ 41 ദിവസത്തെ വൃതം സ്ത്രീകൾക്ക് നാപ്പതര ദിവസമേ പറ്റൂ, റാണീ പത്മിനിമാർക്ക് മല കയറാ‍ൻ പറ്റൂല്ല എന്നൊക്കെ ലോകത്തില്ലാത്ത കപടശാസ്ത്രവും മണ്ടത്തരങ്ങളും തള്ളും. അതിന്റെ ഫലമാണ് ഈ എതിർ വാദങ്ങളും മറ്റും വരുന്നത്. അല്ലാതെ അതിനു വാദങ്ങളുന്നയിയ്ക്കുന്നവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഇവിടെ ഒരു ലോജിയ്ക്കുമില്ല. പ്യുവർ അന്ധവിശ്വാസം. 41 ദിവസത്തെ വൃതം എടുക്കാനാകാത്തതോ, മല കയറാ‍ൻ പറ്റാത്തതോ, രക്തം വീണ് അവിടെ വൃത്തികേടാവുന്നതോ ഒന്നുമല്ല വിഷയം. ലോകത്തിന്റെ പല ഭാഗത്തൂന്ന് വന്ന്, ചിക്കൻഫ്രൈയും എറച്ചിയും ളാ‍ഹേന്ന് പോലും വാങ്ങിച്ച് തിന്നിട്ട് (അതിൽ എനിയ്ക്ക് ഒരു ദേഷ്യവുമില്ല. താപസവൃത്തി എന്ന അന്ധവിശ്വാസത്തിൽ അങ്ങനെ തിന്നാൻ പറ്റില്ല എന്നേ ഉദ്ദേശിച്ചുള്ളൂ) ശബരിമലയിൽ കേറി അവിടെ മുഴുവൻ വൃത്തികേടാക്കുന്നതിലും കണ്ട പ്ളാസ്റ്റിക്കും, പേപ്പറും മുണ്ടും തുണിയും തുപ്പലും ഒക്കെ ആ പരിസ്ഥിതിലോലമായ കാട്ടിലേയ്ക്ക് പോലും വലിച്ചെറിയുന്നതിലും കവിഞ്ഞ് ഒരു അശുദ്ധിയും നാലു സ്ത്രീകൾ ചെന്നാൽ അവിടെ ഉണ്ടാവുന്നില്ല . അവർ സാനിറ്ററീ നാപ്കിൻ മര്യാദയ്ക്ക് ഡിസ്പോസ് ചെയ്തോളും.

മുന്നിൽ നിൽക്കുന്നതും നിരന്ന് നിൽക്കുന്നതും നടന്ന് പോകുന്നതും എല്ലാം അയ്യപ്പരാണ്. മാലയിട്ടാൽ അവനവൻ തന്നെയാണ് അയ്യപ്പൻ. 41 ദിവസവും അയ്യപ്പൻ. ഇരിയ്ക്കുനിടം ശബരിമല. അതാണ് ആ മൂർത്തിയുടെ സങ്കൽപ്പം. അല്ലാതെ മോഹിനീയോനിജനായ അയ്യപ്പനു അൽപ്പം ആർത്തവരക്തം പറ്റിയ തുണികണ്ടാൽ ഒരു കുഴപ്പവുമില്ല.

ഇനി സപ്പോസ് അയ്യപ്പൻ ആണല്ല. മോഹിനിയ്ക്ക് പരമശിവനിലുണ്ടായത് ഒരു പെൺകുട്ടിയാണ്. അവരാണ് തപസ്സുചെയ്യാൻ പോകുന്നതെങ്കിൽ, എന്നാണാ കഥയെങ്കിൽ, ശബരിമലയിൽ ആണുങ്ങളെ കയറ്റില്ലായിരുന്നു. ആറ്റുകാലമ്മയ്ക്ക് ആണുങ്ങൾ വയ്ക്കുന്ന പായസം ഇഷ്ടമല്ലാത്തോണ്ട് അവിടെയും ആണുങ്ങളെ പൊങ്കാലയിടാൻ സമ്മതിയ്ക്കില്ല. കൊറ്റംകുളങ്ങരയമ്മയ്ക്ക് ആണുങ്ങളേപ്പോലും പെൺ വേഷത്തിൽ കാണുന്നതാണിഷ്ടമെന്നതുകൊണ്ട് ചമയവിളക്കിനു പെൺവേഷം കെട്ടി തന്നെ പോകണം.

ഇനി അൽപ്പം താത്വികമായി അവലോകനം ചെയ്താൽ, ശബരിമല ഏതോ താപസകേന്ദ്രം തന്നെയാവണം. അല്ലെങ്കിൽ ഈ കാട്ടിനു നടുവിൽ മലയ്ക്ക് മുകളിൽ ആര‍ാണിങ്ങനെയൊരു അമ്പലം പണിയുക? അങ്ങനെ പണിഞ്ഞത് തന്നെ സകല ലോകവിചാരത്തിൽ നിന്നും ഒഴിവായി തപസ്സ് ചെയ്യാനുള്ള ആഗ്രഹം കൊണ്ട് തന്നെയാവണം.

അപ്പൊ ശബരിമലയിൽ സ്ത്രീ വിരുദ്ധതയല്ല. അയ്യപ്പൻ ഒരു കാരണവശാലും സ്ത്രീ വിരൊധിയുമല്ല.
ഇനി ശബരിമലയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ലൈംഗികതവിരുദ്ധതയാണുള്ളത്. തപസ്സ് ചെയ്ത് ജീവിയ്ക്കുമ്പോൾ സാക്ഷാത്കാരം കാംക്ഷിയ്ക്കുന്ന വ്യക്തി സുഖഭോഗങ്ങളെല്ലാം ഒഴിവാക്കുന്ന സമയത്ത് ഒഴിവാക്കുന്ന ഒന്നാണ് ലൈംഗികചിന്ത. അത് വേണോ വേണ്ടയോ എന്നൊക്കെ ചോദിച്ചാൽ എനിയ്ക്കറിഞ്ഞൂട. ലൈംഗികതയില്ലാതെ മനുഷ്യനുണ്ടാവുമോ എന്നൊക്കെ ചോദിച്ചാൽ മനുഷ്യനുണ്ടായിരിയ്ക്കണമെന്ന് ഈ വഴിയ്ക്ക് പോകുന്നവർക്ക് യാതൊരു നിർബന്ധവുമില്ല എന്നാണ് വ്യക്തിപരമായി എനിയ്ക്ക് തോന്നിയിട്ടുള്ളത്. അവരെ അവരുടെ വഴിയ്ക്ക് വിടുക.

ലൈംഗികതാവിരുദ്ധരല്ലാത്ത ഹിന്ദുമതം വേണമെന്നുള്ളവർക്ക് ഖജൂരാഹോ പണിയാം. അമ്പലപ്പുഴയിൽ പാൽപ്പായസം പറ്റില്ല കടൂം പായസം മതി എന്ന് പറഞ്ഞാൽ കടും പായസം വേണ്ടുന്നവർ അങ്ങനെയൊരു അമ്പലം പണിഞ്ഞോളൂ എന്ന് പറയുന്ന പോലെയാണ്. ശബരിമലയിൽ കൊട്ടത്തേങ്ങയും അവലും മലരും കടിച്ചാൽ പൊട്ടാത്ത അപ്പവും ഒക്കെ കൊടുക്കുമ്പൊ അയ്യപ്പനു ലഡു കൊടുക്കാത്തത് അത് കൊണ്ടാണ്.

നേരേ മറിച്ച് സുഖലോലുപനായ ദൈവമാണ് തിരുപ്പതി വെങ്കടേശ്വര സ്വാമികൾ. മാത്രവുമല്ല അദ്ദേഹം വലിയനിലയിൽ രവിപിള്ളയുടെ മകളേപ്പോലെ സ്വന്തം വിവാഹം ആർഭാടമായി നടത്തിയത് കൊണ്ട് ഒരുപാട് കടം വന്നെന്നും ആ കടം ഭക്തർ കൊടുത്ത് തീർക്കേണ്ടത് കൊണ്ട് ഒരുപാട് കാശു വേണമെന്നും പറയുന്ന മൂർത്തിയാണ്. ഇൻഡ്യയിലെ ഒരുപാട് കമ്പനികളിൽ സൈലന്റ് പാർട്ട്ണറാണദ്ദേഹം. ടാക്സ് അടച്ചില്ലേലും അദ്ദേഹത്തിന്റെ പാർട്ണർഷിപ്പ്/ഡിവിഡന്റ് കൃത്യമായി എല്ലാക്കൊല്ലവും അവിടെയെത്തിയ്ക്കുന്ന ബിസിനസുകാർ ഒരുപാടുണ്ട്.

ഇനി ഈ മലയുടെ മുകളിൽ, കാട്ടിനു നടുക്ക് ഫൈവ് സ്റ്റാർ സൗകര്യങ്ങളും, സുഖ കേന്ദ്രങ്ങളും മുതൽ ലോകത്തെങ്ങുമില്ലാത്ത വാണിഭം വരെ നടക്കുന്ന ഈ നേരത്ത് ഒന്നുകിൽ അയ്യപ്പൻ എപ്പൊഴേ പൂർണ്ണമായി സത്യം സാക്ഷാത്കരിച്ച് ഇതൊക്കെ ചിരിച്ച് നോക്കി നിൽക്കുകയാവണം. അല്ലെങ്കിൽ താപസൻ തന്നെയാണെങ്കിൽഎപ്പോഴേ വേറേ എവിടേയോ കയറി പോയിട്ടുണ്ടാവും.

രണ്ടായാലും മല കയറുന്ന അയ്യപ്പന്മാർ മലയിലിരിയ്ക്കുന്ന അയ്യപ്പനെ തിരുപ്പതി വെങ്കടേശ്വരനെപ്പോലെയാണ് കാണുകയാണെങ്കിൽ തിരുപ്പതിയിലെപ്പോലെ പത്മാവതി ദേവിമാർക്കും അല്ലെങ്കിൽ ഗുരുവായൂരിലെപ്പോലെ ഗോപികമാർക്കും അവിടെ പോകുന്നതിൽ യാതൊരു കുഴപ്പവുമില്ല.എന്ന് മാത്രമല്ല പോകണം.

ഇതെല്ലാം അന്ധവിശ്വാസമല്ലേ എന്നാണു ചോദ്യമെങ്കിൽ തീർച്ചയായും ആണ്. നല്ല 48 കാരറ്റ് അന്ധവിശ്വാസമാണ്. ഒരു സംശയവുമില്ല.
അപ്പൊ ആർത്തവത്തിനു കേറാൻ പറ്റാത്തത് ശബരിമലയിലല്ല. നിങ്ങടെയെല്ലാം ലോക്കൽ ക്ഷേത്രങ്ങളിലാണ്. മുരാരിമുക്ക്, ഗുരുവായൂർ, ഇടപ്പള്ളി, തൃത്താല, ചേർത്തല, ചോറ്റാനിക്കര, പത്മനാഭസ്വാമിയുൾപ്പെടെ. അതിനു ശബരിമല അയ്യൻ ഒന്നും പിഴച്ചില്ല.

വർഷാവർഷം അയ്യപ്പന്മാർ ശബരിമലയ്ക്ക് പോകാൻ തുടങ്ങുമ്പൊ വൃശ്ചികമാസം പുലർന്നു; തങ്ങൾ മോഡേണായെന്ന് കാണിയ്ക്കാൻ സമയമായി എന്ന മട്ടിൽ ഇത് ആവർത്തിയ്ക്കുമ്പോൾ You are barking at the wrong tree. അതായത് ഇത് എല്ലാ മാസങ്ങളിലും ആവർത്തിയ്ക്കാവുന്ന സമരമാണ്.

ഇനി ഈ ലോജിക്കില്ലായ്മയിലെ ലോജിക്: നിഷേധത്തിന്റെ നിഷേധമെന്നൊക്കെ കേട്ടിട്ടില്ലേ അതാണ്.

ശബരിമല വൃതം എന്നത് 41 ദിവസം നീണ്ടുനിൽക്കുന്ന ഒരു പ്രാക്ടീസാണ്. കറുപ്പ് വസ്ത്രവും മറ്റുമുടുക്കുന്നത് വർണ്ണപ്പകിട്ടാർന്ന വസ്ത്രങ്ങൾ ഒഴിവാക്കാനാണ്. സ്വയം ദാരിദ്ര്യം. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് നിവേദ്യമാക്കി കഴിയ്ക്കണം. ലൈംഗികചിന്ത പാടില്ല. അതുകൊണ്ട് തന്നെ ഗ്രൂമിങ്ങ് , മുടി താടി ഒക്കെ വെട്ടി ഷേപ്പാക്കി നിർത്തൽ ഇല്ലാതെ വയ്ക്കുന്നു. മാംസം, മദ്യം ഒക്കെ ഒഴിവാക്കണം. ഉള്ളിപോലും ചിലർ കഴിയ്ക്കില്ല. വല്ല കാട്ടുകായും കൊണ്ടുണ്ടാക്കിയ മാല ജപിച്ചിടുന്നു.ചോറും പയറും ഒരുമിച്ച് വേവിച്ചായിരുന്നു മൂന്നു നേരം ഭക്ഷണം. അത് ബാഹ്യാചാരം.

ഇനി മനസ്സിൽ. എല്ലാം സ്വാമിയാണ്. താൻ കാണുന്നതും കേൾക്കുന്നതും സ്വാമി. സ്വയം സ്വാമി. ഞാൻ പോകട്ടേ എന്ന് പറയുകയില്ല സ്വാമി പോകട്ടേ എന്നേ പറയൂ. സ്വന്തം കുട്ടിയായാലും സ്വാമി. വഴിയിൽ ഒരു കല്ലു കിടന്നാലും സ്വാമിയെന്നേ പറയാവൂന്നാണ്. കല്ലുസ്വാമി.പശുസ്വാമി, പോത്തുസ്വാമി എരുമസ്വാമി സൂര്യൻ സ്വാമി ചന്ദ്രൻ സ്വാമി. പൈസാ ദാരിദ്യം പോലെ സകല സുഖങ്ങളും ഒഴിവാക്കി ദാരിദ്ര്യം ശീലിയ്ക്കണം. പൈസാ സ്വാമിയല്ലേ എന്ന് ചോദിച്ചാൽ ആക്രാന്തങ്ങളെ അൽപ്പം ക്ഷയിപ്പിയ്ക്കാനാണ് എന്നേ മറൂപടിയുള്ളൂ. ബുദ്ധിജീവികളോടാ‍ണേൽ കസൻസക്കീസ് വായിച്ചിട്ടുണ്ടോ എന്ന് ചോദിയ്ക്കുകയേ ഇന്നത്തെ ബുദ്ധിജീവികളോട് നിവൃത്തിയുള്ളൂൂ. ലൈംഗികദാരിദ്ര്യം. ഭാര്യയും സ്വാമി. നല്ല രുചിയുള്ള ആഹാരവും വസ്ത്രവും ഒക്കെ സ്വാമി തന്നെയാണെങ്കിലും പ്രാക്ടീസ് സമയത്ത് ഒഴിവാക്കി നിർത്തുന്ന പോലെ ലൈംഗികതസ്വാമിയേയും പ്രാക്ടീസ് സമയത്ത് ഒഴിവാക്കി നിർത്തുന്നു. അത് കൊണ്ട് പരമാവധി ആ വിധത്തിലുള്ള സ്ത്രീ സംസർഗ്ഗം ഒഴിവാക്കുന്നു. അല്ലാതെ സ്ത്രീ ബസിൽക്കയറിയാൽ ഇല്ലാതാവുകയല്ല. അതാണിവിടത്തെ കഥ. അങ്ങനെയാണ് പണ്ടൊക്കെ സ്വാമിമാർ വൃതം നോറ്റിരുന്നത്. അതാണ് ശബരിമല.

ഇത് സാമ്പ്രദായികമായി പുരുഷന്മാർ ചെയ്ത് വരുന്ന വൃതമായത് കൊണ്ട് ആ സ്ഥലത്ത് യൗവനയുക്തകളായ സ്ത്രീകളെ ഒഴിവാക്കിക്കാണും. ഒരുപക്ഷേ ശബരിമല ഒരു പുരുഷ മൊണാസ്ട്രി ആയിരുന്നിരിയ്ക്കണം.
മിക്ക മതങ്ങളും മോർ ഓർ ലെസ് ജന്റിൽമാൻ ക്ളബുകളാണ്. സ്ത്രീവിരുദ്ധത സകല തുറകളിലുമുണ്ട്. എന്റെ അറിവിൽ ചട്ടക്കൂടൂള്ള മതങ്ങളിൽ എല്ലാത്തുറകളിലും സ്ത്രീ പുരുഷ സമത്വം വരുത്തിയ ഒരേ ഒരു മതം സിഖ് മതമാണ്. അവരിൽ പേരുകൾ പോലും വ്യത്യാസമില്ല. ഭാരതത്തിൽ പഴയകാലം മുതലേ എന്ന് വച്ചാൽ ഒരുപാട് പഴയ കാലം മുതലേ സ്ത്രീ കേന്ദ്രീകൃതമായ ആത്മീയധാരകൾ ഉണ്ടായിട്ടുണ്ട്. പലതുകൊണ്ടും അത് തമസ്കരിയ്ക്കപ്പെട്ട് പോയി. അത്തരം ധാരകളെ തിരികെക്കൊണ്ട് വരാൻ വിശ്വാസികൾ തന്നെ കഠിനയത്നം ചെയ്യേണ്ടതുണ്ട്.

അതുകൊണ്ട് യുവതികൾക്ക് ശബരിമലയിൽ കയറണോ? സന്തോഷം. ഏവർക്കും സ്വാഗതം. (ഞാൻ പറഞ്ഞാ മതിയെങ്കിൽ. നമ്മളാ‍രുമല്ലെങ്കിലും). ജാതി മത വർഗ്ഗ ലിംഗ ജീവി ജീവൻ ഭേദമില്ലാത്ത അയ്യപ്പസ്വാമിയ്ക്ക് ഒരു വിഷമവുമുണ്ടാകില്ല. അയ്യപ്പസ്വാമിയാകാൻ പരിശീലനം ചെയ്യുന്നയ്യപ്പന്മാർ യുവതികളേയും സ്വാമിയെന്ന് കരുതിയാൽ മതി. അങ്ങനെയാണ് വേണ്ടതും.

എല്ലാമെല്ലാമയ്യപ്പൻ, എല്ലാത്തിൻ പൊരുളയ്യപ്പൻ എന്നാണല്ലോ മഹാത്മാക്കൾ പറയുന്നത്.

ശരണമയ്യപ്പാ.

No comments:

Post a Comment