ഞാന്‍ കാഞ്ചീപുരത്ത് പോയത് ഒരു പത്തുകൊല്ലമെങ്കിലും മുന്‍പാണ്.അതി സുന്ദരമായ ഒരു പ്രദേശം. സംഭവങ്ങളാണല്ലോ യാത്രകളേ പൊതുവേ ഓര്‍മ്മയുടെ നിലാവെളിച്ചത്ത് നിര്‍ത്തുന്നത്. പക്ഷേ പ്രത്യേകിച്ച് യാതൊരു വ്യത്യാസവുമില്ലാതിരുന്നിട്ടു കൂടി യാത്രകളുടെ പെരുമഴയിലും കാഞ്ചീപുരത്തെ ഇന്നുമോര്‍ക്കുന്നു .
പല്ലവരുടെ തലസ്ഥാനമായിരുന്നു കാഞ്ചീപുരം. ധ്യാനാത്മകതയുടെ സംഗീതം ലോകത്തിലെത്തിച്ച ബോധിധര്‍മ്മന്‍ ഒരു പല്ലവരാജകുമാരനായിരുന്നു. കാഞ്ചീപുരത്തുനിന്നും കൊണ്ട്പോയ മര്‍മ്മചിറ്റൂരം ചൈനയിലെ ഷാവോലിന്‍ മഠത്തിലെത്തിയപ്പോള്‍ ഷാവോലിന്‍ കുങ്ഫൂ ആയി. ജപ്പാനില്‍ അത് കരാട്ടേയായി. ബോധിധര്‍മ്മന്‍ ധ്യാനസ്വരൂപമായി.
ഇപ്പൊ പ്രത്യേകിച്ച് ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്.ഈ വീഡിയോ കാണേണ്ടി വന്നു.
“നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്ക്കും അളന്നു കിട്ടും.
എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഔര്ക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്ത്? അല്ല, സ്വന്ത കണ്ണില്‍ കോല്‍ ഇരിക്കെ നീ സഹോദരനോടു: നില്‍ക്കൂ, നിന്റെ കണ്ണില്‍ നിന്നു കരടു എടുത്തുകളയട്ടേ, എന്നു പറയുന്നതു എങ്ങനെ?
കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്‍ നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണില്‍ കരടു എടുത്തുകളവാന്‍ വെടിപ്പായി കാണും.“
(മത്തായിയുടെ സുവിശേഷം)
എന്റെ കണ്ണില്‍ കോലു വല്ലതുമുണ്ടോ എന്നു നോക്കണമല്ലോ. കണ്ണാടിയില്‍ നോക്കി...
പട്ട് എന്നത് ഏറ്റവും പുരാതനമായ നൂലുകളിലൊന്നാണ്. ഒരു പക്ഷേ നാഗരികതകള്‍ക്ക് മുന്നേതന്നെ മനുഷ്യന്‍ പട്ട്നൂല് ഉപയോഗിച്ചിരുന്നിരിയ്ക്കണം. 3500BC യില്‍ തന്നെ ചൈനയില്‍ അത് ഉപയോഗിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഏതാണ്ട് അതേ സമയത്തു തന്നെ ഭാരതത്തിലും പട്ട് ഉണ്ടായിരുന്നുവെന്നതിനു തെളിവുകളുണ്ട്.
അപ്പൊ അത് ആരാ ആദ്യം കണ്ടുപിടിച്ചത്?
ആരാണ് ആദ്യം ചോറുണ്ടാക്കിയത് എന്നു ചോദിയ്ക്കുന്നതുപോലെയാകും അത്. അരിയെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചാല്‍ അത് മൃദുവാകുമെന്നും അത് കഴിയ്ക്കാമെന്നും ലോകത്തെ പല സംസ്കാരങ്ങളിലും ഒരേ സമയത്ത് മനസ്സിലാക്കിയിരിയ്ക്കണം. അത് ഉപയോഗിച്ചിരിയ്ക്കണം. അതുപോലെ പട്ട്നൂല്‍പ്പുഴുവിന്റെ പൊട്ടിയ കൊക്കൂണുകളില്‍ നിന്ന് നൂലുനൂറ്റെടുക്കാമെന്ന് ആ പുഴു സ്വാഭാവികമായി കാണപ്പെടുന്ന സ്ഥലങ്ങളിലുള്ള പല സംസ്കാരങ്ങളിലും ഒരേ സമയത്തോ സമാന്തരമായി അറിയാതെ പല സമയത്തോ മനസ്സിലാക്കിയിരിയ്ക്കണം.എന്തായാലും ചിനയിലും ഭാരതത്തിലും അറിയപ്പെടുന്ന പുരാവസ്തുഗവേഷണങ്ങളെല്ലാം വച്ച് നോക്കിയാല്‍ ഏതാണ്ട് ഒരേ സമയം തന്നെ പട്ട് ഉണ്ടാക്കിത്തുടങ്ങിയെന്ന് കരുതാം.
ചൈന പണ്ട് മുതലേ കണ്ടുപിടുത്തങ്ങളുടെ രാജ്യമാണ്. വെടിമരുന്നുമുതല്‍ കടലാസുവരെ ചൈനയിലാണ് ആദ്യമുണ്ടാക്കിയത്. ചരിത്രാതീത കാലം മുതലേ ചിനയില്‍ നിന്നുള്ള മണ്‍പാത്രങ്ങളും ചിനക്കാരുടെ പട്ടും ലോകമെങ്ങും പ്രശസ്തമാണ്. അതൊക്കെ എല്ലാവര്‍ക്കുമറിയാവുന്നതുമാണ്.
കാഞ്ചീപുരത്ത് നെയ്ത്തുകാരുണ്ടായിട്ടും നാളുകളേറെയായി.പല്ലവരുടെ തലസ്ഥാനമായിരുന്ന കാഞ്ചീപുരം. അന്ന് അവിടെ താമസിയ്ക്കാന്‍ വന്ന ശാലിയ (നെയ്ത്തുകാര്‍) .. ജാതിക്കാരാണ് നെയ്ത്ത് അവിടെ ആദ്യം തുടങ്ങിയത്. (നമ്മുടെ ചാലിയര്‍ തന്നെ ”ചാല്യത്തി ചൊങ്കത്തി പെണ്ണെളേമ്മേ“:). ഇപ്പൊ ജാതിമതഭേദമൊന്നുമില്ല ഒരു എട്ടുകിലോമീറ്റര്‍ ചുറ്റളവില്‍ നെയ്യുന്ന സാരി സ്ഥലനാമ സൂചകമായി തമിഴ്നാട് ഗവണ്മെന്റ് അംഗീകരിച്ചിരിയ്ക്കുന്നു.
കാഞ്ചീപുരത്ത് പട്ടുണ്ടാക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കാഞ്ചീപുരത്ത് സാരിയേ ഉണ്ടാക്കുന്നുള്ളൂ. നെയ്ത്തുകാരേ അവിടെയുള്ളൂ. പട്ടുനൂല്‍ കൂടുതലും ധര്‍മ്മപുരിയില്‍ നിന്നും ബംഗലൂരു നിന്നുമാണ് വരുന്നത്.കാഞ്ചീപുരം സാരിയുടെ പ്രധാന ഭാഗമായ കസവ് സൂരറ്റില്‍ നിന്നും വരുന്നു.
എത്ര രൂപയുടെ സാരി കാഞ്ചീപുരത്ത് ഉണ്ടാക്കുന്നുണ്ട്? 2005 ലെ ഒരു കണക്കനുസരിച്ച് 60000 തറികളും 22 നെയ്ത്ത് സഹകരണ സംഘങ്ങളുമാണ് കാഞ്ചീപുരത്തുള്ളത്. അതില്‍ നിന്ന് കൊല്ലം ഏതാണ്ട് 200 കോടി രൂപയുടെ വിറ്റു വരവ് നടക്കുന്നുണ്ട്. ഏതാണ്ട് 3 കോടി രൂപയുടെ സാരി കയറ്റിയയയ്ക്കുകയും ചെയ്യുന്നു.അഞ്ച് കൊല്ലം മുന്‍പുള്ള കണക്കാണ്.
ഗവണ്മെന്റ് രജിസ്റ്റര്‍ ചെയ്ത സംഘങ്ങളല്ലാതെ തന്നെ പല വീടുകളിലും സാരി ഉണ്ടാക്കുന്നു.അതുകൊണ്ട് ഉപയോഗിയ്ക്കുന്ന പട്ടിന്റെ ഗുണമേന്മയും കസവിലെ വെള്ളി സ്വര്‍ണ്ണം അളവും എക്സ് റേ ഫ്ലൂറോസ്കോപ്പി ഉപയോഗിച്ച് ഗുണനിയന്ത്രണപരിശോധന ചെയ്ത് ഉറപ്പുവരുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ സൌകര്യമൊരുക്കിയിട്ടുണ്ട്.നാല്‍പ്പത് രൂപാ അധികം കൊടുത്താല്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് തരും.
അപ്പൊ കാഞ്ചീപുരത്ത് നെയ്യുന്ന സാരിയ്ക്ക് എന്താ പ്രത്യേകത? ബാലരാമപുരത്തുണ്ടാക്കുന്ന കൈത്തറിയ്ക്ക് എന്താ പ്രത്യേകത?അറിയില്ല. കാഞ്ചീപുരത്ത് സാരിയുണ്ടാക്കുന്നു. നെയ്ത്തുകാര്‍ പലയിടങ്ങളിലായി- പല കമ്പനികളിലും വീട്ടിലും സംഘങ്ങളിലുമായി പണിയെടുക്കുന്നു.പതിവുപോലെ അതില്‍ നാല്‍പ്പതിനായിരത്തോളം കുഞ്ഞുങ്ങളുമുണ്ട്.. കാഞ്ചീപുരത്ത് നിന്നും വാങ്ങുന്ന സാരിയ്ക്ക് പ്രത്യേക ഗുണ നിയന്ത്രണങ്ങളോ എന്താണ് നല്ല സാരിയെന്നോ മോശം സാരിയെന്നോ പറയാന്‍ പ്രത്യേക അളവുവിവരങ്ങളോ ഇല്ല.അത് പറ്റുകയുമില്ല. സായിപ്പ് പ്രൊഡക്ഷന്‍ ലൈനില്‍ ഉണ്ടാക്കുന്ന സാധനങ്ങളുടെ പ്രത്യേകത അളക്കാന്‍ തുടങ്ങിയ ക്വാളിറ്റി കണ്ട്രോള്‍ നിയമങ്ങള്‍ കാഞ്ചീപുരത്തെ ചിതറിക്കിടക്കുന്ന നെയ്ത്തുകാരില്‍ അടിച്ചേല്‍പ്പിയ്ക്കുക വയ്യ. എന്നാലും ഗുണമേന്മയേറിയ ഒന്നുരണ്ട് തരം പ്രത്യേക നെയ്ത്ത് രീതികള്‍ കാഞ്ചീപുരത്തുണ്ട്. അതിലെ മുന്താണിയിലെ കസവുകൊണ്ടുള്ള ചിത്രപ്പണിയും പ്രത്യേക ഡിസൈനുകളും ഒക്കെ പ്രത്യേകതകളാണ്.അതൊന്നും ആറന്മുള കണ്ണാടിയുടെ രഹസ്യം പോലെ രഹസ്യമൊന്നുമല്ല. പല സംഘങ്ങളും ആധുനിക പകുതിയന്ത്രവല്‍കൃതമായ തറികള്‍ ഉപയോഗിയ്ക്കുന്നു. ഒരു ലക്ഷത്തോളം പേര്‍ ജോലിചെയ്യുന്നു.
അപ്പൊ എന്തിനാണ് ചൈനക്കാര്‍ എട്ടുകോടി രൂപാ കയ്യില്‍ വച്ച്കൊടുത്ത് കാഞ്ചീപുരം സാരിയുടെ രഹസ്യം മനസ്സിലാക്കിയത്?
അറിയില്ല.
എവിടെയാണ് എണ്ണൂറുകോടിയുടെ രഹസ്യം കാഞ്ചീപുരത്തിരിയ്ക്കുന്നത്?
ഒരേയൊരു രഹസ്യമുണ്ടായിരുന്നു. അത് ഫുല്ലാരവിന്ദായതപത്ര നേത്രന്‍ ബോധിധര്‍മ്മന്‍ ചൈനക്കാര്‍ക്ക് നേരത്തേ പറഞ്ഞ് കൊടുത്ത് പോയല്ലോ.രഹസ്യത്തിലും രഹസ്യമായ പരസ്യം.
മത്തായി വീണ്ടും പറയുന്നു.
“വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുത്. അവ കാല്‍ കൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുത്.......“
____________________________________________________________________
എവിടുന്ന് കിട്ടി?
1) Wikipedia
2)N.S. Gopalakrishnan,P S. Nair & A K. Babu, Exploring the Relationship between Geographical Indications and Traditional Knowledge:An Analysis of the Legal Tools for the Protection of Geographical Indications in Asia, A Study Commissioned by the International Centre for Trade and Sustainable Development (ICTSD), ICTSD, 2007
3) I.L. Good, J.M. Kenoyer, R.H Meadow, New evidence for early silk in the Indus civilization, Archaeometry 51, 3 (2009) 457–466,University of Oxford.
4) B. Bowonder and J.V. Sailesh,ICT for the renewal of a traditional industry: a case study of Kancheepuram silk sarees,International Journal of Services Technology and Management
Volume 6, Number 3-5 / 2005
5)Sanjay Sinha, Development Impact of Silk Production: A Wealth of Opportunities,Economic and Political Weekly, Vol. 24, No. 3 (Jan. 21, 1989), pp. 157-163
6)Asha Krishnakumar, First stop on the silk route, Special feature: Kancheepuram, Frontline, Volume 22 - Issue 20, Sep. 24 - Oct. 07, 2005
Images:Wikipedia