Friday, April 17, 2009

എന്തിന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം?



വോട്ടിങ്ങ് തുടങ്ങുകയോ കഴിയുകയോ ഒക്കെ ചെയ്തു..

ഇനിയൊരു പോസ്റ്റിട്ടിട്ട് എന്തുകാര്യം? പക്ഷേ . ഞാന്‍ പോസ്റ്ററൊട്ടിച്ചാല്‍ ഞാന്‍ പോലും കേള്‍ക്കുകയില്ലാത്തതുകൊണ്ട് വോട്ടിങ്ങിനു മുന്‍പ് പോസ്റ്ററൊട്ടിച്ചിട്ടും വലിയ കാര്യമൊന്നുമില്ലായിരുന്നു.

എന്തിനു ഇടതുപക്ഷത്തിനു വോട്ട് ചെയ്യണം?
ഭാരതത്തിലെ ജനസംഖ്യയിലെ എണ്‍പതുശതമാനം വരുന്ന, മറ്റുമതങ്ങളിലില്ലാതെ, ഹൈന്ദവരെന്ന് ലേബല്‍ പേറുന്ന ജനതയെ രാഷ്ട്രീയമായി ചൂഷണം ചെയ്ത് അധികാരത്തില്‍ വരാന്‍ ശ്രമിയ്ക്കുന്ന, ഇന്നാട്ടിലെ സംസ്കാരം എന്ന് പറഞ്ഞ് മധ്യകാല യൂറോപ്യര്‍ ചവച്ച്തള്ളിയ സദാചാരക്കമ്മറ്റികളെ , ലോകം ഇന്നേവരെ കണ്ടിട്ടുള്ള വികൃതമായ ആശയങ്ങളിലൊന്നായ ഫാസിസത്തിന്റെ മേമ്പൊടിചേര്‍ത്ത് ഭാരതത്തില്‍ അവരോധിയ്ക്കാന്‍ ശ്രമിയ്ക്കുന്ന സംഘപരിവാരത്തിനെ ഇന്ന് ഫലപ്രദമായി എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമേയുള്ളൂ എന്നതുകൊണ്ട്...എന്നതുകൊണ്ട് മാത്രം.

ഭാരതം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പട്ടിണിയോ വികസനമോ ഒന്നുമല്ല ആസന്നമായ ഫാസിസത്തിന്റെ ഭരണവാഴ്ചയാണ്

എന്തുകൊണ്ട് കോണ്‍ഗസ്സ് അല്ല.?

തീര്‍ച്ചയായും കോണ്‍ഗ്രസ്സ് നല്ലൊരു ഓപ്ഷനാണ്. കാശുള്ളവന്. പക്ഷേ കോണ്‍ഗ്രസ്സിനു ചെയ്യുന്ന ഓരോ വോട്ടും ഭാരതത്തില്‍ നിന്ന് പറിച്ചുകളഞ്ഞ കുടുംബവാഴ്ചയുടെ വേരുറപ്പിയ്ക്കുന്നതാണ് എന്നതാണ് കോണ്‍ഗ്രസ്സിനെ എതിര്‍ക്കാനുള്ള മുഖ്യ കാരണം.നെഹ്രു കുടുംബത്തില്‍ നിന്നൊന്നു മാറിചിന്തിയ്ക്കാന്‍ പോലും ശേഷിയില്ലാത്തവണ്ണം അധപ്പതിച്ചു ആ പാര്‍ട്ടി. മുതലാളിത്തത്തിന്റെ കാവല്‍പ്പട്ടിയാണ് ഇന്ന് കോണ്‍ഗസ്സ് എന്നത് ചര്‍ച്ചിയ്ക്കേണ്ട കാര്യമല്ല. (കാ‍വല്‍പ്പട്ടി എന്നത് ചീത്ത പറഞ്ഞതുമല്ല..watch dog) ഉയര്‍ന്നുവരുന്ന മുതലാളിത്തം എല്ലായിടങ്ങളിലും അതിനെ സംരക്ഷിയ്ക്കാനാവശ്യമായ ഭരണകൂടവര്‍ഗ്ഗങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്. അമേരിയ്ക്കയിലെ റിപ്പബ്ലിക്കന്മാരും ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവുകളും പുതിയ ലേബറും ഒക്കെ അതിനുദാഹരണം. അതില്‍ അസ്വാഭാവികതയൊന്നും ഇല്ല..(ഈ മുതലാളിത്തം എന്ന വാക്ക് കാപ്പിറ്റലിസം എന്ന ശരിയായ വാക്കിന്റെ തര്‍ജ്ജിമയല്ല. കാപ്പിറ്റലില്‍ ‘ആളി‘ല്ല മുതലു മാത്രമേയുള്ളൂ. എന്നിട്ടും മുതലാളിത്തം എന്ന് കേള്‍ക്കുന്ന മാത്രയില്‍ സ്റ്റേഷനറി കടമുതലാളി രാമദാസന്റെ കഴുത്തറക്കണം എന്ന് മുറവിളിയ്ക്കുന്ന അല്‍പ്പഞ്ജാനികളണ് സോഷ്യലിസം എന്ന മഹത്തായ ആശയത്തെക്കൂടി ജനമനസ്സില്‍ അസ്വീകാര്യമാക്കിയത്. ..അതുപോട്ടെ)

പറഞ്ഞു വന്ന കാപ്പിറ്റലിസത്തിനു വളരാന്‍ കൂടുതലെളുപ്പം ഫാസിസ്റ്റുകളാണ് . കാരണം പൌരസ്വാതന്ത്ര്യത്തെ വെളിയിലെങ്കിലും വിലകൊടുക്കുന്ന ഒരു സംഘടനയേക്കാള്‍ അടിച്ചമര്‍ത്തിയിട്ട ജനതയെക്കൊണ്ട് കാപ്പിറ്റലിന്റെ കാപ്പിറ്റലായ അദ്ധ്വാനം ഉറുമ്പുകളേപ്പോലെ ഉണ്ടാക്കുകയാണ് മുതലിനു ലാഭം. അതുകൊണ്ടാണ് പൌരസ്വാതന്ത്ര്യം അനുവദിയ്ക്കാത്ത ചൈന മുതലുകളുടെ തമ്പുരാക്കന്മാര്‍ക്ക് ഇന്ന് സ്വര്‍ഗ്ഗമാവുന്നത്. അങ്ങോട്ട് ചായുന്നതിനേക്കാള്‍ കോണ്‍ഗ്രസ്സ് ജീവിച്ചിരിയ്ക്കുന്നതുതന്നെ കോരനു നല്ലത്. അപ്പൊ മുതലാളിപക്ഷത്ത് കോണ്‍ഗ്രസ്സുള്ളപ്പോ ജനപക്ഷത്തുനിന്ന് അതിനെ ബാലന്‍സ് ചെയ്യണമെങ്കില്‍ ആരെങ്കിലുമുണ്ടായെങ്കിലേ പറ്റുകയുള്ളൂ. അവരെയാണ് ഇടതുപക്ഷം എന്ന് പറയുന്നത്.

ആരാണ് ഇടതുപക്ഷം?

പാവപ്പെട്ട ജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്നവനാണ് ഇടതുപക്ഷം.

സീ പീ യെം ഇടതുപക്ഷമാണോ?

എന്റെ കണ്ണില്‍ അല്ല.. സീപീയെം എല്ലാം തികഞ്ഞ ഒരു ഗൂഡാലോചനാ പാര്‍ട്ടിയാണ്.

എന്തുകൊണ്ട്?

എന്റെ നാട്ടില്‍ (ബ്രാഞ്ചില്‍) പത്ത് പതിനഞ്ച് സീ പീ എം അംഗങ്ങളുണ്ട്. അയ്യായിരം ജനങ്ങളും. ഈ അയ്യായിരം ജനങ്ങളില്‍ ഒരുവനു പോലും ഈ പത്തു സീ പീ എം അംഗങ്ങളുടെ ബ്രാഞ്ചില്‍ നടക്കുന്നതെന്തെന്ന് അറിവ് കിട്ടുകയില്ല. ആരെങ്കിലും ബ്രാഞ്ച് കമ്മറ്റിയില്‍ ഇന്നതു നടന്നു എന്ന് കവലയില്‍ പറഞ്ഞുവെന്നിരിയ്ക്കട്ടേ.അവന്‍ പാര്‍ട്ടിയ്ക്ക് പുറത്താണ്. അതിനി ഏത് തൊഴിലാളിയായാലും അതെ. പത്ത് സീപീയെം അംഗങ്ങളുടെ ബ്രാഞ്ചാണ് പത്തായിരം അംഗങ്ങളുടെ പഞ്ചായത്ത് മെമ്പറെ ഭരിയ്ക്കുന്നത്.ഏരിയാക്കമ്മറ്റി നിയമസഭാമെമ്പറെയും ജില്ലാക്കമ്മറ്റി എം പീ യേയും ഭരിയ്ക്കും. ഏരിയാക്കമ്മറ്റിയില്‍ ശരിയ്ക്ക് ചര്‍ച്ച ചെയ്തതെന്തെന്ന് ബ്രാഞ്ച് മെമ്പര്‍ക്ക് അറിയുകയില്ല. ജില്ലാക്കമ്മറ്റിയില്‍ ശരിയ്ക്ക് നടക്കുന്നതെന്തെന്ന് ഏരിയാക്കമ്മറ്റിക്കാരനും പിടിയില്ല.പോലിറ്റ് ബ്യൂറോ എന്നൊരു സാധനത്തില്‍ ശരിയ്ക്കെന്ത് നടന്നെന്ന് അതിലുള്ളവര്‍ക്കുപോലും പിടിയുണ്ടാ‍വില്ല. സെന്‍സര്‍ ചെയ്ത വിശദീകരണങ്ങളുണ്ടാകുമെന്നൊഴിച്ചാല്‍ ആര്‍ക്കും യാതൊന്നുമറിയില്ല.ഫ്യൂഡല്‍ വ്യവസ്ഥയിലേക്കാള്‍ ഹൈറാര്‍ക്കിയാണ്. പട്ടാളത്തില്‍ ഇത്രയ്ക്ക് രഹസ്യമുണ്ടോ ഇതുപോലെ ഹൈറാ‍ര്‍ക്കിയുണ്ടോ എന്ന് സംശയം തോന്നും.

അവരുടെ അഭിപ്രായമനുസ്സരിച്ച് എല്ലാവരും സീപീഎമ്മിനെ ആക്രമിയ്ക്കാനിരിയ്ക്കുകയാണ്. സകലവനും നമ്മള്‍ക്കെതിര്. ആരേയും വിശ്വസിയ്ക്കരുതെന്ന ചാരസംഘടനകളുടെ ആപ്തവാക്യം. പോളിറ്റ്ബ്യൂറോ മുതല്‍ താഴേത്തട്ടിലുള്ള ബ്രാഞ്ചിലെവരെ രേഖകള്‍ മുഴുവനും രഹസ്യം. മാധ്യമങ്ങള്‍ക്ക് ലഭിയ്ക്കില്ല. (ലഭിച്ചാല്‍ ശരാശരി മാധ്യമങ്ങള്‍ ജനങ്ങളോട് സത്യം പറയില്ല എന്നതവിടിരിയ്ക്കട്ടെ) സീ പീ യെം ഭരിയ്ക്കുന്ന കേരളത്തിലും ത്രിപുരയിലും ബംഗാളിലും ഒക്കെ മൊത്തം ജനസംഖ്യയുടേ കഷ്ടി രണ്ട് ശതമാനം പോലും ആ പാര്‍ട്ടിയിലെ അംഗങ്ങളല്ല. അംഗമാകാന്‍ ആളിഞ്ഞാട്ടിട്ടല്ല. സീ ഐ ഏ യില്‍ അംഗമാകാന്‍ അതിലും എളുപ്പമാണ്.(വെര്‍തേ സീ പീ എംനെ തെറിപറഞ്ഞാല്‍ ഒന്നുകില്‍ സീ ഐ ഏ, അല്ലെങ്കില്‍ സംഘപരിവാരം. അസ് സിമ്പിള്‍ അസ് ദാറ്റ്) കേഡര്‍ പാര്‍ട്ടിയാണു ഹേ എന്നുത്തരം പറയാം.ഭാരതം പോലെ ഒരു ഡെമോക്രാറ്റിക് വ്യവസ്ഥയില്‍ കേഡറിസത്തിനെന്ത് കാര്യം? ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടികള്‍ മാവോയിസ്റ്റുകളും ആര്‍ എസ് എസ്സുമാണ്.

ഇത്തരം ഗൂഡാലോചന പാര്‍ട്ടികളെ ഡെമോക്രാറ്റിക് വ്യവസ്ഥയില്‍ അനുവദിയ്ക്കുക പോലും ചെയ്തുകൂട. ഗവണ്മെന്റ് സുതാര്യമാക്കി.വിവരാവകാശ നിയമമുണ്ട്. അത് ഭരിയ്ക്കുന്ന പാര്‍ട്ടി സുതാര്യമാക്കണ്ട എന്നു പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.(ജനാധിപത്യം എന്നതും ഡെമോക്രസിയുടെ നല്ലൊരു വിവര്‍ത്തനമല്ല. നല്ലൊരു വാക്ക് എനിയ്ക്കറിയുകയുമില്ല)

അപ്പൊ ഇതുപോലൊരു രഹസ്യ സംഘടന ഏത് ഫാസിസ്റ്റ് ശക്തിയേയും പോലെ തന്നെ അപകടകാരിയാണ്. സ്റ്റാലിന്‍ എന്ന ക്രൂരനായ ഏകാധിപതി അയാളുടെ ഏകാധിപത്യം നിലനിര്‍ത്താന്‍ ഉണ്ടാക്കിയെടുത്ത സംഘടനാരൂപം യാതൊരു വ്യത്യാസവുമില്ലാതെ അനുകരിച്ച് ജനാധിപത്യം എന്ന് വീമ്പ് പറയുകയാണ് മാര്‍ക്സിസ്റ്റുകാര്‍. മാര്‍ക്സിസ്റ്റ് എന്ന പദം പോലും തെറ്റിദ്ധരിപ്പിയ്ക്കത്തക്കതാണ്. ന്യൂട്ടനിസം ഐന്‍സ്റ്റീനിസം ബില്‍ഗേറ്റിസം ഡാര്‍വിനിസം ഹൈസന്‍ബര്‍ഗിസം അമര്‍ത്യസെന്നിസം എന്നതൊക്കെപ്പോലെ തികച്ചും അശാസ്ത്രീയവും തെറ്റിദ്ധരിപ്പിയ്ക്കുന്നതുമായ വാക്കാണ് മാര്‍ക്സിസം. ശാസ്ത്രീയ സോഷ്യലിസ്റ്റ് വ്യവസ്ഥയെപ്പറ്റിയുള്ള പഠനങ്ങള്‍ മാര്‍ക്സില്‍ നിന്ന് നൂറ്റാണ്ടുകള്‍ മുന്നോട്ട്പോയി. അത്തരം ശാസ്ത്രജ്ഞര്‍ക്കെല്ലാം ഒന്നുകില്‍ വലതുപക്ഷ റിവിഷനിസ്റ്റുകള്‍ അല്ലെങ്കില്‍ നിയോലിബറലിസ്റ്റുകള്‍ എന്ന പേരുചാര്‍ത്തും വ്യവസ്ഥാപിത മാര്‍ക്സിസ്റ്റുകാര്‍. അന്ത്യപ്രവാചകന്‍ മാര്‍ക്സ്. കാഫിര്‍ പോലെ വലതുപക്ഷ റിവിഷണലിസ്റ്റുകള്‍, നിയോലിബറലിസ്റ്റുകള്‍, അനാര്‍ക്കിസ്റ്റുകള്‍...ബ്രാഹ്മണമതത്തിലെ ശൂദ്രന്‍, ബൌദ്ധന്‍ ചാര്‍വാകന്‍...

പക്ഷേ എന്നും സീ പീ യെം എന്ന പാര്‍ട്ടിയില്‍ ഭാഗ്യത്തിന് ഒരുപാടു നല്ലയാളുകളുണ്ടായിട്ടുണ്ട്. പാര്‍ട്ടി മെഷീനറി അന്നങ്ങനെയുണ്ടാക്കിയെങ്കിലും...അന്ന് കോണ്‍ഗസ്സുകാരെപ്പോലെയുള്ള മുതലാളികളുടെ എച്ചില്‍നായകളും (മുതലാളിത്തത്തിന്റെ കാവല്‍നായ എന്ന പദം പോലെ ബഹുമാനപുരസ്സരം ഉപയോഗിച്ചതല്ല.:) ഭരണകൂടവും വേട്ടയാടിക്കൊണ്ടിരുന്ന ഒരു പാര്‍ട്ടിയ്ക്ക് സര്‍വൈവ് ചെയ്യാന്‍ അത് അത്യാവശ്യമായിരുന്നു താനും. പക്ഷേ മാറിയ സ്വാതന്ത്ര്യത്തിനനുസരിച്ച് പാര്‍ട്ടി മെഷീനറി മാറിയില്ല. അതിന്റെ ഫലമായാണ് പിണറായിയേയും അച്യുതാനന്ദനേയും പോലെയുള്ള ഏകാധിപതികള്‍ മുകളിലെത്തിയത്.

എന്നാലും ഞങ്ങടെ നാസര്‍ സാറും രാജേന്ദ്രന്‍ സഖാവും ഒക്കെ സീപീയെം കാരാണ്. ജന്മിമാരുടെ എച്ചില്‍പ്പട്ടികളുടെ ഒരോരോ അടിയും ഒരോരോ ഈങ്ക്വിലാബിനു തൊണ്ടകീറി നല്ലൊരു നാളേയെ സ്വപ്നം കണ്ട ആയിരക്കണക്കിനു മനുഷ്യജീവികളുടെ ത്യാഗം അത്രയ്ക്കങ്ങ് വിസ്മരിയ്ക്കാനാവില്ല നാടിനും ജനങ്ങള്‍ക്കും ...ഇന്നത്തെ പാര്‍ട്ടി നേതാക്കള്‍ക്കും..

പക്ഷേ ഒരു വെട്ടമുണ്ട്..

ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നവരില്‍ പൊട്ടും പൊടിയുമായി പലരേയും നമുക്ക് പാവപ്പെട്ടവന്റെ കൂട്ടമായി വേര്‍തിരിച്ചറിയാം. പഴയ ജനതാദലത്തിന്റെ..ഇന്‍ഡ്യയുടേ പ്രതീക്ഷയായിരുന്ന സോഷ്യല്‍ ഡെമോക്രാറ്റ്സിന്റെ പ്രേതമേയുള്ളുവെങ്കിലും ഇന്നും പച്ചയായി ചിലയിടങ്ങളില്‍ അത് പൊടിച്ച് നില്‍പ്പുണ്ട്.. ഭാരതത്തിന്റെ പ്രതീക്ഷയായ ദളിതരുടെ കൂട്ടം രാഷ്ട്രീയമായി ചേര്‍ന്നു നില്‍ക്കുന്നതും ഇടതുപക്ഷത്തിലാണ്. അഴിമതി ഒരു വിഷയമേയല്ല . അത് ഏതൊരു ജനാധിപത്യവ്യവസ്ഥയിലേയും അനിവാര്യ ഘടകമാണ്. സാധാരണക്കാരേക്കാള്‍ പണമുള്ളവനുണ്ടേങ്കില്‍ ഉറപ്പായും അഴിമതിയുണ്ടാകും.. അതുള്ളവന്‍ പണം നിലനിര്‍ത്താന്‍ എന്നും അധികാരത്തോട് ചേര്‍ന്നു നില്‍ക്കും. അവന്റെ പണം അധികാരത്തെ ദുഷിപ്പിയ്ക്കും. അഴിമതി ഇല്ലാതെയാകണമെങ്കില്‍ കുറച്ചെങ്കിലും തുല്യമായി പണം വിതരണം ചെയ്യപ്പെടണം.. പക്ഷേ അഴിമതിയിലും പൌരസ്വാതന്ത്ര്യം മരിയ്ക്കുന്നില്ല. ഇടപെടാന്‍ ജനങ്ങള്‍ക്ക് പഴുതുകളുണ്ട്. ഫാസിസത്തിലും ഭരണകൂടഭീകരതയിലും അതില്ല.

അതുകൊണ്ടാണ് എല്‍ ഡീ എഫിനു വോട്ടു ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടാന്‍ അവകാശമില്ലെങ്കിലും ഞാന്‍ എല്‍ ഡീ എഫിനോട് ചേര്‍ന്ന് നില്‍ക്കുന്നത്. കാരണം എല്‍ ഡീ എഫ് എന്ന തട്ടിക്കൂട്ട് തിരഞ്ഞെടുപ്പ് സഖ്യം യദാര്‍ത്ഥ ഇടതുപക്ഷമാകുന്ന ഒരു ദിനം ഞാന്‍ സ്വപ്നം കാണാറുണ്ട്. കമ്യൂണിസ്റ്റുകളുടേയും ലിബറലിസ്റ്റുകളുടേയും അനാര്‍ക്കിസ്റ്റുകളുടേയും ആന്റി കാപ്പിറ്റലിസ്റ്റുകളുടേയും ഒക്കെ ഒരു സ്ഥിതിസമത്വവാദ പക്ഷം.പാവപ്പെട്ടവന്റെ പക്ഷം.

വോട്ടാഘോഷം കഴിഞ്ഞതുകൊണ്ട് ഇനിയതിനെപ്പറ്റിയൊക്കെ ചിന്തിയ്ക്കാം.എല്‍ ഡീ എഫിന്റെ പത്രികയൊന്നും നോക്കണ്ട. പലതും നടക്കില്ലായിരിയ്ക്കാം. എല്‍ ഡീ എഫ് അധികാരത്തിലെത്തിയാല്‍ ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് വലിയ മാറ്റം വരുമെന്നൊന്നും കരുതുന്നുമില്ല.ആര് അധികാരത്തില്‍ വന്നാലും അധികാരത്തിന്റെ യന്ത്രത്തിന് ഒരു താളമുണ്ട്. ഭാരതത്തില്‍ അതിലെന്തെങ്കിലും സാരമായ മാറ്റം വരണമെങ്കില്‍ ആദ്യം ശരാശരി ഭാരതീയന് - സ്ത്രീയ്ക്കും പുരുഷനും- വിദ്യാഭ്യാസമുണ്ടാ‍കണം.(വിദ്യാഭ്യാസമെന്നത് കോളേജ് ഡിഗ്രി ആകണമെന്ന നിര്‍ബന്ധമൊന്നുമില്ല) . ആര്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധിച്ച് കൊടുക്കാനാവില്ല. അതിന് അവനവനു തന്നെ ശരിയറിയണമെന്ന ആഗ്രഹം വേണം. ആ ആഗ്രഹം എല്ലാ മനുഷ്യന്റെ ഉള്ളിലുമുണ്ട്..അതിനെ ഉണര്‍ത്താന്‍ തക്ക സാമൂഹ്യാന്തരീക്ഷം ഉണ്ടാകണം. അന്ധവിശ്വാസങ്ങളും മൂഡവിശ്വാസങ്ങളുടേയും കാട് വെട്ടിമാറ്റി സത്യത്തിന്റെ വെട്ടം പതിയുമ്പോള്‍ ശരിയ്ക്കുള്ള വികസനം വരും. വിദ്യാഭ്യാസപരമായി ഉയര്‍ന്ന ജനതയാണ് വികസനത്തിന്റെ ആദ്യത്തേയും അവസാനത്തേയും പടി.

ചുമ്മാതെയല്ല “വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍ സംഘടന കൊണ്ട് ശക്തരാകുവിന്‍“ എന്ന് പറഞ്ഞത്. പറഞ്ഞത് കേട്ട ഈഴവരെ മാത്രം കണ്ടു പഠിച്ചാല്‍ മതി ബാക്കിയുള്ള ഭാരതീയന്‍.

---------------------

ചിത്രം‍: പരാജിതന്‍.