Friday, April 17, 2009

എന്തിന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം?വോട്ടിങ്ങ് തുടങ്ങുകയോ കഴിയുകയോ ഒക്കെ ചെയ്തു..

ഇനിയൊരു പോസ്റ്റിട്ടിട്ട് എന്തുകാര്യം? പക്ഷേ . ഞാന്‍ പോസ്റ്ററൊട്ടിച്ചാല്‍ ഞാന്‍ പോലും കേള്‍ക്കുകയില്ലാത്തതുകൊണ്ട് വോട്ടിങ്ങിനു മുന്‍പ് പോസ്റ്ററൊട്ടിച്ചിട്ടും വലിയ കാര്യമൊന്നുമില്ലായിരുന്നു.

എന്തിനു ഇടതുപക്ഷത്തിനു വോട്ട് ചെയ്യണം?
ഭാരതത്തിലെ ജനസംഖ്യയിലെ എണ്‍പതുശതമാനം വരുന്ന, മറ്റുമതങ്ങളിലില്ലാതെ, ഹൈന്ദവരെന്ന് ലേബല്‍ പേറുന്ന ജനതയെ രാഷ്ട്രീയമായി ചൂഷണം ചെയ്ത് അധികാരത്തില്‍ വരാന്‍ ശ്രമിയ്ക്കുന്ന, ഇന്നാട്ടിലെ സംസ്കാരം എന്ന് പറഞ്ഞ് മധ്യകാല യൂറോപ്യര്‍ ചവച്ച്തള്ളിയ സദാചാരക്കമ്മറ്റികളെ , ലോകം ഇന്നേവരെ കണ്ടിട്ടുള്ള വികൃതമായ ആശയങ്ങളിലൊന്നായ ഫാസിസത്തിന്റെ മേമ്പൊടിചേര്‍ത്ത് ഭാരതത്തില്‍ അവരോധിയ്ക്കാന്‍ ശ്രമിയ്ക്കുന്ന സംഘപരിവാരത്തിനെ ഇന്ന് ഫലപ്രദമായി എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമേയുള്ളൂ എന്നതുകൊണ്ട്...എന്നതുകൊണ്ട് മാത്രം.

ഭാരതം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പട്ടിണിയോ വികസനമോ ഒന്നുമല്ല ആസന്നമായ ഫാസിസത്തിന്റെ ഭരണവാഴ്ചയാണ്

എന്തുകൊണ്ട് കോണ്‍ഗസ്സ് അല്ല.?

തീര്‍ച്ചയായും കോണ്‍ഗ്രസ്സ് നല്ലൊരു ഓപ്ഷനാണ്. കാശുള്ളവന്. പക്ഷേ കോണ്‍ഗ്രസ്സിനു ചെയ്യുന്ന ഓരോ വോട്ടും ഭാരതത്തില്‍ നിന്ന് പറിച്ചുകളഞ്ഞ കുടുംബവാഴ്ചയുടെ വേരുറപ്പിയ്ക്കുന്നതാണ് എന്നതാണ് കോണ്‍ഗ്രസ്സിനെ എതിര്‍ക്കാനുള്ള മുഖ്യ കാരണം.നെഹ്രു കുടുംബത്തില്‍ നിന്നൊന്നു മാറിചിന്തിയ്ക്കാന്‍ പോലും ശേഷിയില്ലാത്തവണ്ണം അധപ്പതിച്ചു ആ പാര്‍ട്ടി. മുതലാളിത്തത്തിന്റെ കാവല്‍പ്പട്ടിയാണ് ഇന്ന് കോണ്‍ഗസ്സ് എന്നത് ചര്‍ച്ചിയ്ക്കേണ്ട കാര്യമല്ല. (കാ‍വല്‍പ്പട്ടി എന്നത് ചീത്ത പറഞ്ഞതുമല്ല..watch dog) ഉയര്‍ന്നുവരുന്ന മുതലാളിത്തം എല്ലായിടങ്ങളിലും അതിനെ സംരക്ഷിയ്ക്കാനാവശ്യമായ ഭരണകൂടവര്‍ഗ്ഗങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്. അമേരിയ്ക്കയിലെ റിപ്പബ്ലിക്കന്മാരും ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവുകളും പുതിയ ലേബറും ഒക്കെ അതിനുദാഹരണം. അതില്‍ അസ്വാഭാവികതയൊന്നും ഇല്ല..(ഈ മുതലാളിത്തം എന്ന വാക്ക് കാപ്പിറ്റലിസം എന്ന ശരിയായ വാക്കിന്റെ തര്‍ജ്ജിമയല്ല. കാപ്പിറ്റലില്‍ ‘ആളി‘ല്ല മുതലു മാത്രമേയുള്ളൂ. എന്നിട്ടും മുതലാളിത്തം എന്ന് കേള്‍ക്കുന്ന മാത്രയില്‍ സ്റ്റേഷനറി കടമുതലാളി രാമദാസന്റെ കഴുത്തറക്കണം എന്ന് മുറവിളിയ്ക്കുന്ന അല്‍പ്പഞ്ജാനികളണ് സോഷ്യലിസം എന്ന മഹത്തായ ആശയത്തെക്കൂടി ജനമനസ്സില്‍ അസ്വീകാര്യമാക്കിയത്. ..അതുപോട്ടെ)

പറഞ്ഞു വന്ന കാപ്പിറ്റലിസത്തിനു വളരാന്‍ കൂടുതലെളുപ്പം ഫാസിസ്റ്റുകളാണ് . കാരണം പൌരസ്വാതന്ത്ര്യത്തെ വെളിയിലെങ്കിലും വിലകൊടുക്കുന്ന ഒരു സംഘടനയേക്കാള്‍ അടിച്ചമര്‍ത്തിയിട്ട ജനതയെക്കൊണ്ട് കാപ്പിറ്റലിന്റെ കാപ്പിറ്റലായ അദ്ധ്വാനം ഉറുമ്പുകളേപ്പോലെ ഉണ്ടാക്കുകയാണ് മുതലിനു ലാഭം. അതുകൊണ്ടാണ് പൌരസ്വാതന്ത്ര്യം അനുവദിയ്ക്കാത്ത ചൈന മുതലുകളുടെ തമ്പുരാക്കന്മാര്‍ക്ക് ഇന്ന് സ്വര്‍ഗ്ഗമാവുന്നത്. അങ്ങോട്ട് ചായുന്നതിനേക്കാള്‍ കോണ്‍ഗ്രസ്സ് ജീവിച്ചിരിയ്ക്കുന്നതുതന്നെ കോരനു നല്ലത്. അപ്പൊ മുതലാളിപക്ഷത്ത് കോണ്‍ഗ്രസ്സുള്ളപ്പോ ജനപക്ഷത്തുനിന്ന് അതിനെ ബാലന്‍സ് ചെയ്യണമെങ്കില്‍ ആരെങ്കിലുമുണ്ടായെങ്കിലേ പറ്റുകയുള്ളൂ. അവരെയാണ് ഇടതുപക്ഷം എന്ന് പറയുന്നത്.

ആരാണ് ഇടതുപക്ഷം?

പാവപ്പെട്ട ജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്നവനാണ് ഇടതുപക്ഷം.

സീ പീ യെം ഇടതുപക്ഷമാണോ?

എന്റെ കണ്ണില്‍ അല്ല.. സീപീയെം എല്ലാം തികഞ്ഞ ഒരു ഗൂഡാലോചനാ പാര്‍ട്ടിയാണ്.

എന്തുകൊണ്ട്?

എന്റെ നാട്ടില്‍ (ബ്രാഞ്ചില്‍) പത്ത് പതിനഞ്ച് സീ പീ എം അംഗങ്ങളുണ്ട്. അയ്യായിരം ജനങ്ങളും. ഈ അയ്യായിരം ജനങ്ങളില്‍ ഒരുവനു പോലും ഈ പത്തു സീ പീ എം അംഗങ്ങളുടെ ബ്രാഞ്ചില്‍ നടക്കുന്നതെന്തെന്ന് അറിവ് കിട്ടുകയില്ല. ആരെങ്കിലും ബ്രാഞ്ച് കമ്മറ്റിയില്‍ ഇന്നതു നടന്നു എന്ന് കവലയില്‍ പറഞ്ഞുവെന്നിരിയ്ക്കട്ടേ.അവന്‍ പാര്‍ട്ടിയ്ക്ക് പുറത്താണ്. അതിനി ഏത് തൊഴിലാളിയായാലും അതെ. പത്ത് സീപീയെം അംഗങ്ങളുടെ ബ്രാഞ്ചാണ് പത്തായിരം അംഗങ്ങളുടെ പഞ്ചായത്ത് മെമ്പറെ ഭരിയ്ക്കുന്നത്.ഏരിയാക്കമ്മറ്റി നിയമസഭാമെമ്പറെയും ജില്ലാക്കമ്മറ്റി എം പീ യേയും ഭരിയ്ക്കും. ഏരിയാക്കമ്മറ്റിയില്‍ ശരിയ്ക്ക് ചര്‍ച്ച ചെയ്തതെന്തെന്ന് ബ്രാഞ്ച് മെമ്പര്‍ക്ക് അറിയുകയില്ല. ജില്ലാക്കമ്മറ്റിയില്‍ ശരിയ്ക്ക് നടക്കുന്നതെന്തെന്ന് ഏരിയാക്കമ്മറ്റിക്കാരനും പിടിയില്ല.പോലിറ്റ് ബ്യൂറോ എന്നൊരു സാധനത്തില്‍ ശരിയ്ക്കെന്ത് നടന്നെന്ന് അതിലുള്ളവര്‍ക്കുപോലും പിടിയുണ്ടാ‍വില്ല. സെന്‍സര്‍ ചെയ്ത വിശദീകരണങ്ങളുണ്ടാകുമെന്നൊഴിച്ചാല്‍ ആര്‍ക്കും യാതൊന്നുമറിയില്ല.ഫ്യൂഡല്‍ വ്യവസ്ഥയിലേക്കാള്‍ ഹൈറാര്‍ക്കിയാണ്. പട്ടാളത്തില്‍ ഇത്രയ്ക്ക് രഹസ്യമുണ്ടോ ഇതുപോലെ ഹൈറാ‍ര്‍ക്കിയുണ്ടോ എന്ന് സംശയം തോന്നും.

അവരുടെ അഭിപ്രായമനുസ്സരിച്ച് എല്ലാവരും സീപീഎമ്മിനെ ആക്രമിയ്ക്കാനിരിയ്ക്കുകയാണ്. സകലവനും നമ്മള്‍ക്കെതിര്. ആരേയും വിശ്വസിയ്ക്കരുതെന്ന ചാരസംഘടനകളുടെ ആപ്തവാക്യം. പോളിറ്റ്ബ്യൂറോ മുതല്‍ താഴേത്തട്ടിലുള്ള ബ്രാഞ്ചിലെവരെ രേഖകള്‍ മുഴുവനും രഹസ്യം. മാധ്യമങ്ങള്‍ക്ക് ലഭിയ്ക്കില്ല. (ലഭിച്ചാല്‍ ശരാശരി മാധ്യമങ്ങള്‍ ജനങ്ങളോട് സത്യം പറയില്ല എന്നതവിടിരിയ്ക്കട്ടെ) സീ പീ യെം ഭരിയ്ക്കുന്ന കേരളത്തിലും ത്രിപുരയിലും ബംഗാളിലും ഒക്കെ മൊത്തം ജനസംഖ്യയുടേ കഷ്ടി രണ്ട് ശതമാനം പോലും ആ പാര്‍ട്ടിയിലെ അംഗങ്ങളല്ല. അംഗമാകാന്‍ ആളിഞ്ഞാട്ടിട്ടല്ല. സീ ഐ ഏ യില്‍ അംഗമാകാന്‍ അതിലും എളുപ്പമാണ്.(വെര്‍തേ സീ പീ എംനെ തെറിപറഞ്ഞാല്‍ ഒന്നുകില്‍ സീ ഐ ഏ, അല്ലെങ്കില്‍ സംഘപരിവാരം. അസ് സിമ്പിള്‍ അസ് ദാറ്റ്) കേഡര്‍ പാര്‍ട്ടിയാണു ഹേ എന്നുത്തരം പറയാം.ഭാരതം പോലെ ഒരു ഡെമോക്രാറ്റിക് വ്യവസ്ഥയില്‍ കേഡറിസത്തിനെന്ത് കാര്യം? ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടികള്‍ മാവോയിസ്റ്റുകളും ആര്‍ എസ് എസ്സുമാണ്.

ഇത്തരം ഗൂഡാലോചന പാര്‍ട്ടികളെ ഡെമോക്രാറ്റിക് വ്യവസ്ഥയില്‍ അനുവദിയ്ക്കുക പോലും ചെയ്തുകൂട. ഗവണ്മെന്റ് സുതാര്യമാക്കി.വിവരാവകാശ നിയമമുണ്ട്. അത് ഭരിയ്ക്കുന്ന പാര്‍ട്ടി സുതാര്യമാക്കണ്ട എന്നു പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.(ജനാധിപത്യം എന്നതും ഡെമോക്രസിയുടെ നല്ലൊരു വിവര്‍ത്തനമല്ല. നല്ലൊരു വാക്ക് എനിയ്ക്കറിയുകയുമില്ല)

അപ്പൊ ഇതുപോലൊരു രഹസ്യ സംഘടന ഏത് ഫാസിസ്റ്റ് ശക്തിയേയും പോലെ തന്നെ അപകടകാരിയാണ്. സ്റ്റാലിന്‍ എന്ന ക്രൂരനായ ഏകാധിപതി അയാളുടെ ഏകാധിപത്യം നിലനിര്‍ത്താന്‍ ഉണ്ടാക്കിയെടുത്ത സംഘടനാരൂപം യാതൊരു വ്യത്യാസവുമില്ലാതെ അനുകരിച്ച് ജനാധിപത്യം എന്ന് വീമ്പ് പറയുകയാണ് മാര്‍ക്സിസ്റ്റുകാര്‍. മാര്‍ക്സിസ്റ്റ് എന്ന പദം പോലും തെറ്റിദ്ധരിപ്പിയ്ക്കത്തക്കതാണ്. ന്യൂട്ടനിസം ഐന്‍സ്റ്റീനിസം ബില്‍ഗേറ്റിസം ഡാര്‍വിനിസം ഹൈസന്‍ബര്‍ഗിസം അമര്‍ത്യസെന്നിസം എന്നതൊക്കെപ്പോലെ തികച്ചും അശാസ്ത്രീയവും തെറ്റിദ്ധരിപ്പിയ്ക്കുന്നതുമായ വാക്കാണ് മാര്‍ക്സിസം. ശാസ്ത്രീയ സോഷ്യലിസ്റ്റ് വ്യവസ്ഥയെപ്പറ്റിയുള്ള പഠനങ്ങള്‍ മാര്‍ക്സില്‍ നിന്ന് നൂറ്റാണ്ടുകള്‍ മുന്നോട്ട്പോയി. അത്തരം ശാസ്ത്രജ്ഞര്‍ക്കെല്ലാം ഒന്നുകില്‍ വലതുപക്ഷ റിവിഷനിസ്റ്റുകള്‍ അല്ലെങ്കില്‍ നിയോലിബറലിസ്റ്റുകള്‍ എന്ന പേരുചാര്‍ത്തും വ്യവസ്ഥാപിത മാര്‍ക്സിസ്റ്റുകാര്‍. അന്ത്യപ്രവാചകന്‍ മാര്‍ക്സ്. കാഫിര്‍ പോലെ വലതുപക്ഷ റിവിഷണലിസ്റ്റുകള്‍, നിയോലിബറലിസ്റ്റുകള്‍, അനാര്‍ക്കിസ്റ്റുകള്‍...ബ്രാഹ്മണമതത്തിലെ ശൂദ്രന്‍, ബൌദ്ധന്‍ ചാര്‍വാകന്‍...

പക്ഷേ എന്നും സീ പീ യെം എന്ന പാര്‍ട്ടിയില്‍ ഭാഗ്യത്തിന് ഒരുപാടു നല്ലയാളുകളുണ്ടായിട്ടുണ്ട്. പാര്‍ട്ടി മെഷീനറി അന്നങ്ങനെയുണ്ടാക്കിയെങ്കിലും...അന്ന് കോണ്‍ഗസ്സുകാരെപ്പോലെയുള്ള മുതലാളികളുടെ എച്ചില്‍നായകളും (മുതലാളിത്തത്തിന്റെ കാവല്‍നായ എന്ന പദം പോലെ ബഹുമാനപുരസ്സരം ഉപയോഗിച്ചതല്ല.:) ഭരണകൂടവും വേട്ടയാടിക്കൊണ്ടിരുന്ന ഒരു പാര്‍ട്ടിയ്ക്ക് സര്‍വൈവ് ചെയ്യാന്‍ അത് അത്യാവശ്യമായിരുന്നു താനും. പക്ഷേ മാറിയ സ്വാതന്ത്ര്യത്തിനനുസരിച്ച് പാര്‍ട്ടി മെഷീനറി മാറിയില്ല. അതിന്റെ ഫലമായാണ് പിണറായിയേയും അച്യുതാനന്ദനേയും പോലെയുള്ള ഏകാധിപതികള്‍ മുകളിലെത്തിയത്.

എന്നാലും ഞങ്ങടെ നാസര്‍ സാറും രാജേന്ദ്രന്‍ സഖാവും ഒക്കെ സീപീയെം കാരാണ്. ജന്മിമാരുടെ എച്ചില്‍പ്പട്ടികളുടെ ഒരോരോ അടിയും ഒരോരോ ഈങ്ക്വിലാബിനു തൊണ്ടകീറി നല്ലൊരു നാളേയെ സ്വപ്നം കണ്ട ആയിരക്കണക്കിനു മനുഷ്യജീവികളുടെ ത്യാഗം അത്രയ്ക്കങ്ങ് വിസ്മരിയ്ക്കാനാവില്ല നാടിനും ജനങ്ങള്‍ക്കും ...ഇന്നത്തെ പാര്‍ട്ടി നേതാക്കള്‍ക്കും..

പക്ഷേ ഒരു വെട്ടമുണ്ട്..

ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നവരില്‍ പൊട്ടും പൊടിയുമായി പലരേയും നമുക്ക് പാവപ്പെട്ടവന്റെ കൂട്ടമായി വേര്‍തിരിച്ചറിയാം. പഴയ ജനതാദലത്തിന്റെ..ഇന്‍ഡ്യയുടേ പ്രതീക്ഷയായിരുന്ന സോഷ്യല്‍ ഡെമോക്രാറ്റ്സിന്റെ പ്രേതമേയുള്ളുവെങ്കിലും ഇന്നും പച്ചയായി ചിലയിടങ്ങളില്‍ അത് പൊടിച്ച് നില്‍പ്പുണ്ട്.. ഭാരതത്തിന്റെ പ്രതീക്ഷയായ ദളിതരുടെ കൂട്ടം രാഷ്ട്രീയമായി ചേര്‍ന്നു നില്‍ക്കുന്നതും ഇടതുപക്ഷത്തിലാണ്. അഴിമതി ഒരു വിഷയമേയല്ല . അത് ഏതൊരു ജനാധിപത്യവ്യവസ്ഥയിലേയും അനിവാര്യ ഘടകമാണ്. സാധാരണക്കാരേക്കാള്‍ പണമുള്ളവനുണ്ടേങ്കില്‍ ഉറപ്പായും അഴിമതിയുണ്ടാകും.. അതുള്ളവന്‍ പണം നിലനിര്‍ത്താന്‍ എന്നും അധികാരത്തോട് ചേര്‍ന്നു നില്‍ക്കും. അവന്റെ പണം അധികാരത്തെ ദുഷിപ്പിയ്ക്കും. അഴിമതി ഇല്ലാതെയാകണമെങ്കില്‍ കുറച്ചെങ്കിലും തുല്യമായി പണം വിതരണം ചെയ്യപ്പെടണം.. പക്ഷേ അഴിമതിയിലും പൌരസ്വാതന്ത്ര്യം മരിയ്ക്കുന്നില്ല. ഇടപെടാന്‍ ജനങ്ങള്‍ക്ക് പഴുതുകളുണ്ട്. ഫാസിസത്തിലും ഭരണകൂടഭീകരതയിലും അതില്ല.

അതുകൊണ്ടാണ് എല്‍ ഡീ എഫിനു വോട്ടു ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടാന്‍ അവകാശമില്ലെങ്കിലും ഞാന്‍ എല്‍ ഡീ എഫിനോട് ചേര്‍ന്ന് നില്‍ക്കുന്നത്. കാരണം എല്‍ ഡീ എഫ് എന്ന തട്ടിക്കൂട്ട് തിരഞ്ഞെടുപ്പ് സഖ്യം യദാര്‍ത്ഥ ഇടതുപക്ഷമാകുന്ന ഒരു ദിനം ഞാന്‍ സ്വപ്നം കാണാറുണ്ട്. കമ്യൂണിസ്റ്റുകളുടേയും ലിബറലിസ്റ്റുകളുടേയും അനാര്‍ക്കിസ്റ്റുകളുടേയും ആന്റി കാപ്പിറ്റലിസ്റ്റുകളുടേയും ഒക്കെ ഒരു സ്ഥിതിസമത്വവാദ പക്ഷം.പാവപ്പെട്ടവന്റെ പക്ഷം.

വോട്ടാഘോഷം കഴിഞ്ഞതുകൊണ്ട് ഇനിയതിനെപ്പറ്റിയൊക്കെ ചിന്തിയ്ക്കാം.എല്‍ ഡീ എഫിന്റെ പത്രികയൊന്നും നോക്കണ്ട. പലതും നടക്കില്ലായിരിയ്ക്കാം. എല്‍ ഡീ എഫ് അധികാരത്തിലെത്തിയാല്‍ ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് വലിയ മാറ്റം വരുമെന്നൊന്നും കരുതുന്നുമില്ല.ആര് അധികാരത്തില്‍ വന്നാലും അധികാരത്തിന്റെ യന്ത്രത്തിന് ഒരു താളമുണ്ട്. ഭാരതത്തില്‍ അതിലെന്തെങ്കിലും സാരമായ മാറ്റം വരണമെങ്കില്‍ ആദ്യം ശരാശരി ഭാരതീയന് - സ്ത്രീയ്ക്കും പുരുഷനും- വിദ്യാഭ്യാസമുണ്ടാ‍കണം.(വിദ്യാഭ്യാസമെന്നത് കോളേജ് ഡിഗ്രി ആകണമെന്ന നിര്‍ബന്ധമൊന്നുമില്ല) . ആര്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധിച്ച് കൊടുക്കാനാവില്ല. അതിന് അവനവനു തന്നെ ശരിയറിയണമെന്ന ആഗ്രഹം വേണം. ആ ആഗ്രഹം എല്ലാ മനുഷ്യന്റെ ഉള്ളിലുമുണ്ട്..അതിനെ ഉണര്‍ത്താന്‍ തക്ക സാമൂഹ്യാന്തരീക്ഷം ഉണ്ടാകണം. അന്ധവിശ്വാസങ്ങളും മൂഡവിശ്വാസങ്ങളുടേയും കാട് വെട്ടിമാറ്റി സത്യത്തിന്റെ വെട്ടം പതിയുമ്പോള്‍ ശരിയ്ക്കുള്ള വികസനം വരും. വിദ്യാഭ്യാസപരമായി ഉയര്‍ന്ന ജനതയാണ് വികസനത്തിന്റെ ആദ്യത്തേയും അവസാനത്തേയും പടി.

ചുമ്മാതെയല്ല “വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍ സംഘടന കൊണ്ട് ശക്തരാകുവിന്‍“ എന്ന് പറഞ്ഞത്. പറഞ്ഞത് കേട്ട ഈഴവരെ മാത്രം കണ്ടു പഠിച്ചാല്‍ മതി ബാക്കിയുള്ള ഭാരതീയന്‍.

---------------------

ചിത്രം‍: പരാജിതന്‍.


18 comments:

 1. "വിദ്യ കൊണ്ട് എസ്എന്‍ കോളേജു നടത്തുവിന്‍, സംഘടന കൊണ്ടു വെളളാപ്പളളി നടേശനാവുകിന്‍" എന്നാണ് അവസാനം പറഞ്ഞ ജനതയുടെ പുതിയ തിയറി... :)

  ReplyDelete
 2. പോസ്റ്റ് നന്നായിരിക്കുന്നു ..അവിടെയും ഒരല്പം അതിഭാവുകത്വം ഇല്ലേ ന്ന് സംശയിച്ചാലും...
  നല്ല കാഴ്ചപ്പാടുകള്‍

  ReplyDelete
 3. എന്റെ അഭിപ്രായത്തില്‍, ഇവിടെ ബൂലോകത്തില്‍ ഇടതുപക്ഷമുന്നണിയ്ക്കു വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളില്‍ ഏറ്റവും persuasive ആയ പോസ്റ്റ് ഇതാണ്‌.

  ശ്രീഹരീ, എനിക്ക് അതിഭാവുകത്വം തോന്നിയത് സമാനപോസ്റ്റുകളില്‍‌ക്കണ്ട ലിസ്റ്റ് ("പി എഫ് പലിശ.." മറ്റും) തുടങ്ങിയവയിലാണ്‌. റൊമാന്റിക് സ്വപ്നങ്ങളല്ല, ഇതുപോലത്തെ റിയലിസ്റ്റിക് വിലയിരുത്തലുകളാണ്‌ വോട്ടു നേടാന്‍ കൂടുതലുപകരിക്കുന്നത് എന്നെനിക്കു തോന്നുന്നു.

  ReplyDelete
 4. ഇങ്ങിനെയൊരു പോസ്റ്റിനു വളരെ നന്ദി. ഇതില്‍ സെബുവിന്റെ അഭിപ്രായത്തോട് ചേര്‍ന്നു നില്‍ക്കുന്നു. ഇത് വെറുതെ രാഷ്ട്രീയക്കാര്‍ പറയുന്നത് ഏറ്റു പറയുന്ന മുദ്രവാക്യമല്ലാതെ ആത്മാര്‍ത്ഥമായ ഒരു കണ്‍‌വിന്‍സിങ്ങ് പോസ്റ്റായിരിക്കുന്ു. thanks.

  ReplyDelete
 5. ഹൊ! നെഹ്രുക്കുടുംബത്തിലെ ആരെങ്കിലും തന്നെ മന്ത്രിയാവുന്നതാണ് എന്തുകൊണ്ടും നല്ലത്. ഓരോ കുടുംബത്തിലും മാറി മാറിയാണ് ഓരോ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി ഉണ്ടാവുന്നതെങ്കിലേ എത്ര കാശു ചിലവാക്കണം അവരുടേയും അവരുടെ കുടുംബത്തിന്റെയുമൊക്കെ സുരക്ഷയ്ക്കായി? ഇതിപ്പോ നെഹ്രു കുടുംബത്തിനെന്തായാലും സുരക്ഷ കൊടുക്കണം. ഇനി അവിടുന്നല്ലാതെ വേറൊരു പ്രധാനമന്ത്രിയുണ്ടായാലും കാര്യമായ മാറ്റമൊന്നും നാടിനുണ്ടാവുമെന്നും കരുതുകവയ്യ.

  :-)

  പോസ്റ്റ് നന്നായി.
  --

  ReplyDelete
 6. താങ്കൾക്ക് പറയാനുള്ളത് വ്യക്തമായി പറഞ്ഞിരിയ്ക്കുന്നു.നന്ദി!

  ReplyDelete
 7. നല്ല പോസ്റ്റ്.
  അഭിപ്രായത്തോടു ഞാന്‍ യോ‍ജിക്കുന്നു.
  ഇലക്ഷനെപ്പറ്റി വന്നതില്‍ ഏറ്റവും നല്ലത്.

  ReplyDelete
 8. ചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതിയ ലേഖനം വായിക്കുവായിരുന്നു.

  ഈ തിരഞ്ഞെടുപ്പില്‍ രാഹുല്‍ പ്രധാനമന്ത്രിയാവില്ല, ഇതൊരു സെമി ഫൈനലാണ്, ഈ തിരഞ്ഞെടുപ്പോടെ മന്മോഹന്‍സിങ്ങ്, അദ്വാനി എന്നിവരുടെ രാഷ്ട്രീയ ജീവിതം തീരും,

  അടുത്ത തിരഞ്ഞെടുപ്പാണ് ഫൈനല്‍ - അവിടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍ മോഡിയും രാഹുല്‍ ഗാന്ധിയും ആയിരിക്കും എന്ന് ഗുഹ പറയുന്നു.

  പാവപ്പെട്ടവന്റെ കൂട്ടം ആവണമെങ്കില്‍ ഇടതുപക്ഷം ആവണം എന്ന യുക്തി എനിക്ക് ഇനിയും മനസിലായിട്ടില്ല. കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് ഒപ്പം നില്‍ക്കാറില്ലേ? ഗരീബി ഹഠാവോ ഒക്കെ വെറും മുദ്രാവാക്യമായിരുന്നോ?

  ReplyDelete
 9. എന്നിട്ടും മുതലാളിത്തം എന്ന് കേള്‍ക്കുന്ന മാത്രയില്‍ സ്റ്റേഷനറി കടമുതലാളി രാമദാസന്റെ കഴുത്തറക്കണം എന്ന് മുറവിളിയ്ക്കുന്ന അല്‍പ്പഞ്ജാനികളണ് സോഷ്യലിസം എന്ന മഹത്തായ ആശയത്തെക്കൂടി ജനമനസ്സില്‍ അസ്വീകാര്യമാക്കിയത്. ..അതുപോട്ടെ)

  രാഷ്ട്രീയ പോസ്റ്റര്‍ കണ്ട്‌ ഓടി രക്ഷപെടാന്‍ തുടങ്ങിയതാ. അപ്പോഴല്ലേ ഈ വാക്യം കണ്ണില്‍പെട്ടത്‌. താങ്കള്‍ തുറന്ന മനസ്സുള്ള,ആളാണെന്നും താങ്കളുടെപോസ്റ്റ്‌ സുതാര്യവും കാര്യമാത്ര പ്രസക്തവുമാണ്‌. കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തെ ഞാനും ഏറെ പ്രകീര്‍ത്തിക്കുന്നു. പക്ഷേനാട്ടില്‍ സോഡാ വില്‍ക്കുന്നവനെ ബൂര്‍ഷ്വാ എന്നു വിളിക്കുന്ന കേരളത്തിലെ അല്‍പ്പന്മാരെ വല്ലാതെ വെറുക്കുന്നു. ഹിന്ദു ഫാസിസത്തിനെതിരേ കോണ്‍ഗ്രസ്സിനു മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്നാണ്‌ എന്റെ പക്ഷം. ചുരുക്കം ചിലരൊഴിച്ചാല്‍ ദേശീയ തലത്തിലും , അന്തര്‍ദ്ദേശീയത്തിലും കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകള്‍ കുറവാണ്‌.
  പിന്നെ ഇന്ത്യ ഒരു മതേതര രാഷ്ട്രമെങ്കിലും മതാത്മക രാഷ്ട്രമാണ്‌. ഭാരതത്തിന്റെ ജീനില്‍ മതമുണ്ട്‌. ചരിത്രത്തിലും, സാമ്പത്തിക ഘടനയിലും, രാഷ്ട്രീയത്തിലും എല്ലാം അത്‌ അന്തര്‍ലീനമാണ്‌. അപ്പോള്‍ Dialectical materialism അടിസ്ഥാന പാഠമായ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്‌ ഇന്ത്യയില്‍ പ്രസക്തിയില്ല. അവറുടെ ഭരണം ഇന്ത്യയുടെ ആത്മാവിനെ അറിയാത്ത ഏറ്റം ഫാസിസ്റ്റായ ഭരണമാവും.

  ReplyDelete
 10. സെബു ബുള്‍ ജീ,
  ഇതില്‍ എനിക്ക് വളരെ ചുരുക്കം ചിലയിടങ്ങളിലേ അതിഭാവുകത്വം തോന്നിയിട്ടൂള്ളൂ.... എങ്കിലും നിലപാടുകളോട് പൂര്‍ണയോജിപ്പ് ആണെന്ന് പറഞ്ഞല്ലോ...

  പിന്നെ പോസ്റ്റ് persuasive ആവുന്നതില്‍ സന്തോഷം. അതേ സമയം എതിര്‍ത്ത് വോട്ട് ചെയ്യുന്നതിലും എന്തിനെയെങ്കിലും അനുകൂലിച്ച് വോട്ട് ചെയ്യുന്നതിനോടാണ് എനിക്ക് പഥ്യം.
  "തെരഞ്ഞ് ഒഴിവാക്കല്‍" അല്ലല്ലോ "തെരഞ്ഞെടുപ്പ്" ആണല്ലോ പ്രക്രിയ.

  സംഘപരിവാര്‍ അജണ്ടകളെ ഫലപ്രദമായി എതിര്‍ക്കാന്‍ ഇടതു പക്ഷം മാത്രമേ ഉള്ളൂ എന്നതും, സാമ്പത്തിക-രാജ്യന്തരവിഷയങ്ങളില്‍ ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും നിലപാട് ഏറെക്കുറെ ഒന്നു തന്നെയാണെന്നതും ( ഒരാള്‍ പറയുമ്പോള്‍ മറ്റേയാള്‍ എതിര്‍ക്കുമെങ്കിലും രണ്ടു പക്ഷത്തിന്റേയും വീക്ഷണങ്ങള്‍ ആത്യന്തികമായി ഒന്നു തന്നേ...) ഇടതുപക്ഷത്തിനു അനുകൂലമായി വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വസ്തുതകളില്‍ ഒന്നാണ് എന്ന് പറയാതെ വയ്യ.

  അതോടൊപ്പം തന്നെ, ടിവി തരാം, ഫ്രിഡ്ജ് തരാം അമ്പലം പണിയാം തുടങ്ങിയ വാഗ്ദാനങ്ങളൊന്നുമല്ലാതെ രാജ്യത്തെ സംബന്ധിച്ച കാതലായ പ്രശ്നങ്ങളെക്കുറിച്ച് സുവ്യക്തമായ ഒരു മാനിഫെസ്റ്റോ ഉണ്ട് എന്നത് ഇടതുപക്ഷത്തിന്റെ പോസിറ്റീവ് ഘടകം തന്നെയാണ്.

  അതാണ് ഇടതുപക്ഷചിന്താധാരകളെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നതും...

  പലരുടേയും സ്വപ്നങ്ങള്‍ ‍ ആണ് പിന്നീട് യാഥാര്‍ത്ഥ്യമായി ലോകത്തെ മാറ്റിമറിച്ചിട്ടുള്ളത്....

  ReplyDelete
 11. "ആര് അധികാരത്തില്‍ വന്നാലും അധികാരത്തിന്റെ യന്ത്രത്തിന് ഒരു താളമുണ്ട്. ഭാരതത്തില്‍ അതിലെന്തെങ്കിലും സാരമായ മാറ്റം വരണമെങ്കില്‍ ആദ്യം ശരാശരി ഭാരതീയന് - സ്ത്രീയ്ക്കും പുരുഷനും- വിദ്യാഭ്യാസമുണ്ടാ‍കണം.(വിദ്യാഭ്യാസമെന്നത് കോളേജ് ഡിഗ്രി ആകണമെന്ന നിര്‍ബന്ധമൊന്നുമില്ല) . ..... വിദ്യാഭ്യാസപരമായി ഉയര്‍ന്ന ജനതയാണ് വികസനത്തിന്റെ ആദ്യത്തേയും അവസാനത്തേയും പടി."

  വളരെ ശരിയാണിത്. എന്റെ വോട്ടു ദാ, ഈ പറഞ്ഞതിന്. കാര്യങ്ങള്‍ മനസ്സിലാക്കി തീരുമാനം എടുക്കുന്ന ഒരു സമൂഹം വളര്‍ന്നു വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം അല്ലേ?

  പൊതുവെ വളരെ വസ്തുനിഷ്ടമായ വിലയിരുത്തൽ. പക്കാ കമ്മ്യൂണിസ്റ്റുകൾക്കു ദഹിക്കില്ലെങ്കിലും ‘കേഡർ പാർട്ടി’യെ പറ്റി പറഞ്ഞതു ശരിയെന്നു് അനുഭവത്തിലൂടെ മനസ്സിലായിട്ടുണ്ട്. പാർട്ടി അംഗങ്ങൾ അഭിമാനത്തോടെ ഈ ‘കേഡർ’ സ്വഭാവത്തെ നെഞ്ചിലേറ്റുമ്പോളും, ഒരു പരിധി വരെ ഇതു സാധാരണ ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്നുണ്ടു എന്നതു ഒരു വസ്തുതയാണ്.

  ഇടതുപക്ഷ പാർട്ടികൾ പാവപ്പെട്ടവന്റേതു എന്നു അവകാശപ്പെടാൻ ‘ഇന്നു കഴിയുമൊ’ എന്ന കാര്യവും സംശയകരമാണ്. അധികാരത്തിന്റെ അടുത്തെത്തുമ്പോഴേക്കും അതിലും വെള്ളം ചേർക്കപ്പെടുന്നു. ‘തമ്മിൽ ഭേദം തൊമ്മൻ’ എന്നെങ്കിലും അവകാശപ്പെടാൻ കഴിയുമോ!

  അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ‘അഴിമതി’-യുടെ കാര്യത്തിൽ ഇടതുപക്ഷം സ്വീകരിച്ചു വന്ന നിലപാടുകൾ എന്നും ബഹുമാനത്തോടെ കണ്ടിരുന്നു ഞാൻ. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ, ഇന്നും ആ ബഹുമാനം മനസ്സിലുണ്ട്. പക്ഷേ അതിനെയും തകർക്കുന്ന രീതിയിൽ സ്വജനപക്ഷപാതം (പ്രത്യേകിച്ചു കമ്മ്യൂണിസ്റ്റു പാർട്ടികളിൽ) തഴച്ചു വളരുന്നു എന്നതാണു നിരാശാജനകമായ വസ്തുത. ഭരണം ‘ഫാസിസ്റ്റു’കളുടെ കയ്യിൽ നിന്നും എടുത്തുമാറ്റി, പാർട്ടി ആഫീസുകൾ ഭരിക്കുന്ന ‘കേഡർ’പ്രഭുക്കളുടെ കൈകളിലേക്കു് നൽകുകയാണോ നാം ചെയ്യുന്നത്! ‘സാമുദായിക കോളേജു’കളിലെ പ്രവേശനത്തിനു അതാതു സമുദായത്തിന്റെ ആചാര്യന്മാരുടെ എഴുത്തു വേണം എന്നതു പോലെ, കാര്യങ്ങൾ നടന്നു കിട്ടണമെങ്കിൽ ‘പാവപ്പെട്ടവൻ’ ആദ്യം പാർട്ടി ആഫീസിലേക്കു നടക്കണം എന്ന അവസ്ഥയിലേക്കാണു കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നതു്.

  ദേശീയരാഷ്ട്രീയത്തിൽ ‘ക്രിയാത്മകമായി’ ഇടപെടാൻ കിട്ടുന്ന അവസരങ്ങൾ മുതലാക്കാതെ, പോക്കറ്റിൽ ഒരു ദേശീയ അജൻഡയും ഇട്ടൊണ്ടു, വിമർശനങ്ങളുമായി മുൻപോട്ട് പൊയിട്ടു കാര്യമുണ്ടൊ? കയ്യിലുള്ള ആശയങ്ങളൊക്കെ കേമമാണെങ്കിലും അതൊന്നു പ്രയോഗിക്കാൻ അവസരം കിട്ടുമ്പൊ പുറകോട്ടു വലിഞ്ഞു നിന്നാൽ എന്തു ചെയ്യും? ഈ തെരഞ്ഞെടുപ്പിന്റെ അവസാനചിത്രം തെളിയുമ്പോൾ ഇടതുപക്ഷത്തിനു മുൻതെരഞ്ഞെടുപ്പിലേതു പോലെ നിർണ്ണായകമായ ഒരു സ്ഥാനം കിട്ടിയാൽ, കോൺഗ്രസിന്റെ കൂടെയോ, അല്ലെങ്കിൽ എതെങ്കിലും കൂട്ടു മുന്നണികളുടെ കൂടെയോ ഭരണത്തിൽ പങ്കു ചേരാനുള്ള വിവേകം (ധൈര്യം !) കാട്ടണമെന്നും തങ്ങൾക്കു ഏറ്റവും സ്വാധീനം ചെലുത്താൻ പറ്റിയ വകുപ്പുകൾ ചോദിച്ചു വാങ്ങി, ചില കാര്യങ്ങളെങ്കിലും (നേരത്തെ ബുള്ളറ്റിട്ടു പറഞ്ഞവയിൽ ഒന്നെങ്കിലും!) നടപ്പിലാക്കാൻ ശ്രമിക്കണം എന്നുമാണു് എന്റെ അഭിപ്രായം. നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി ലോകത്തെ മാറ്റിമറിക്കുന്നതു നമുക്കു കാത്തിരുന്നു കാ‍ണാം !!!

  ReplyDelete
 12. ലോകം ഇന്നേവരെ കണ്ടിട്ടുള്ള വികൃതമായ ആശയങ്ങളിലൊന്നായ ഭീകര ജിഹാദ് മേമ്പൊടിചേര്‍ത്ത് (ഐ എസ് എസ്, എന്‍ ഡി എഫ്)ഭാരതത്തില്‍ അവരോധിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഇടതുപക്ഷത്തേയും കോണ്‍ഗ്രസ്സിനേയും ഇന്ന് ഫലപ്രദമായി എതിര്‍ക്കുന്നതിന് ബി ജെ പി മാത്രമേയുള്ളൂ എന്നതുകൊണ്ട്...എന്നതുകൊണ്ട് മാത്രം ഞാന്‍ ബി ജെ പിക്കു വോട്ടു ചെയ്യും

  ReplyDelete
 13. "എന്റെ നാട്ടില്‍ (ബ്രാഞ്ചില്‍) പത്ത് പതിനഞ്ച് സീ പീ എം അംഗങ്ങളുണ്ട്. അയ്യായിരം ജനങ്ങളും. ഈ അയ്യായിരം ജനങ്ങളില്‍ ഒരുവനു പോലും ഈ പത്തു സീ പീ എം അംഗങ്ങളുടെ ബ്രാഞ്ചില്‍ നടക്കുന്നതെന്തെന്ന് അറിവ് കിട്ടുകയില്ല. ആരെങ്കിലും ബ്രാഞ്ച് കമ്മറ്റിയില്‍ ഇന്നതു നടന്നു എന്ന് കവലയില്‍ പറഞ്ഞുവെന്നിരിയ്ക്കട്ടേ.അവന്‍ പാര്‍ട്ടിയ്ക്ക് പുറത്താണ്. അതിനി ഏത് തൊഴിലാളിയായാലും അതെ. പത്ത് സീപീയെം അംഗങ്ങളുടെ ബ്രാഞ്ചാണ് പത്തായിരം അംഗങ്ങളുടെ പഞ്ചായത്ത് മെമ്പറെ ഭരിയ്ക്കുന്നത്.ഏരിയാക്കമ്മറ്റി നിയമസഭാമെമ്പറെയും ജില്ലാക്കമ്മറ്റി എം പീ യേയും ഭരിയ്ക്കും. ഏരിയാക്കമ്മറ്റിയില്‍ ശരിയ്ക്ക് ചര്‍ച്ച ചെയ്തതെന്തെന്ന് ബ്രാഞ്ച് മെമ്പര്‍ക്ക് അറിയുകയില്ല. ജില്ലാക്കമ്മറ്റിയില്‍ ശരിയ്ക്ക് നടക്കുന്നതെന്തെന്ന് ഏരിയാക്കമ്മറ്റിക്കാരനും പിടിയില്ല.പോലിറ്റ് ബ്യൂറോ എന്നൊരു സാധനത്തില്‍ ശരിയ്ക്കെന്ത് നടന്നെന്ന് അതിലുള്ളവര്‍ക്കുപോലും പിടിയുണ്ടാ‍വില്ല. സെന്‍സര്‍ ചെയ്ത വിശദീകരണങ്ങളുണ്ടാകുമെന്നൊഴിച്ചാല്‍ ആര്‍ക്കും യാതൊന്നുമറിയില്ല.ഫ്യൂഡല്‍ വ്യവസ്ഥയിലേക്കാള്‍ ഹൈറാര്‍ക്കിയാണ്. പട്ടാളത്തില്‍ ഇത്രയ്ക്ക് രഹസ്യമുണ്ടോ ഇതുപോലെ ഹൈറാ‍ര്‍ക്കിയുണ്ടോ എന്ന് സംശയം തോന്നും. "
  :)

  ReplyDelete
 14. അവിടെ നടക്കുന്നത് എന്താണെന്നു അണ്‍നനു ഇതു വരെ ന്മനസ്സിലായില്ലെ? സന്റിയാഗോ എത്ര തരും, ഫാരി അണ്‍നന്‍ എത്ര തരും, ആരെയൊക്കെ ഒതുക്കണം, ആരെയൊക്കെ അമുക്കണം , ന്യുനപക്ഷത്തെ എങനെ വിഡ്ഡികളാക്കാം, അബ്കാരികളെ എങനെ രക്ഷിക്കാം, പാവപ്പെട്ടവന്മാരെ എങനെ പറ്റിക്കണം, ഹിന്ദുത്വം പരയുന്നെവെനെ എങനെ ഒതുക്കണം.... ഇതൊക്കെയല്ലതെ എന്തു...

  ReplyDelete
 15. ഭാരതത്തില്‍ അതിലെന്തെങ്കിലും സാരമായ മാറ്റം വരണമെങ്കില്‍ ആദ്യം ശരാശരി ഭാരതീയന് - സ്ത്രീയ്ക്കും പുരുഷനും- വിദ്യാഭ്യാസമുണ്ടാ‍കണം.

  - Ithinu keezhe oroppu :)

  ReplyDelete
 16. വളരെ നല്ല പോസ്റ്റ്. സെബു പറഞ്ഞതിനോട് യോജിക്കുന്നു.

  എന്തിന് എല്‍.ഡി.എഫിന് വോട്ട് ചെയ്യണമെന്നതും എന്തിന് എല്‍.ഡി.എഫിന് കണ്ണടച്ച് വോട്ട് ചെയ്യണമെന്നതും തമ്മിലുള്ള വ്യത്യാസം ഈ പോസ്റ്റില്‍ നിന്ന് കിട്ടും.

  വര്‍ഗ്ഗീയതയ്ക്കും ഫാസിസത്തിനുമെതിരെയുള്ള എല്‍.ഡി.എഫിന്റെ യുദ്ധം ആത്മാര്‍ത്ഥമാണോ അണികളുടെ ചോര്‍ച്ച തടയാനുള്ള ശ്രമം മാത്രമാണോ എന്ന സംശയം ഇപ്പോഴത്തെ എല്‍.ഡി.എഫ് (സി.പി.എം) നേതാക്കളുടെ പല പ്രവര്‍ത്തികളും ഉണ്ടാക്കുന്നുണ്ട്. അണ്ണന്മാര്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ പോലും ചിരിച്ച് തള്ളുന്ന വ്യാഖ്യാനങ്ങള്‍ നല്‍‌കുന്നുണ്ടെങ്കിലും.

  മതത്തിന്റെ പേരിലുള്ള കൊലപാതകം പോലെ തന്നെ ഭീകരമാണ് രാഷ്ട്രീയപ്പാര്‍ട്ടിവിശ്വാസത്തിന്റെ പേരിലുള്ള കൊലപാതകമെന്ന് പറഞ്ഞാല്‍ ഒന്നുകില്‍ ലേബലടിക്കും, അല്ലെങ്കില്‍ ഉരുണ്ടുകളിക്കും. വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ കൊല്ലുന്നത് മാത്രമല്ല, ആ കൊലപാതകം നല്ലവണ്ണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നതും കൂടി അറിയുമ്പോള്‍ അതിന്റെ ഭീകരത മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളോടൊപ്പം തന്നെയാണ്. പക്ഷേ അണ്ണന്മാര്‍ അത് ഒരിക്കലും സമ്മതിച്ച് തരില്ല.

  ReplyDelete
 17. ആരാണ് ഇടതുപക്ഷം?
  പാവപ്പെട്ട ജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്നവനാണ് ഇടതുപക്ഷം.
  ഒപ്പ്; അല്ലാതെ സിപി‌എം നയിക്കുന്ന മുന്നണിയല്ല. ഈ ഇടതുപക്ഷത്തിന്റെ ലേബല്‍ നാട്ടില്‍ സിപി‌എം കുത്തകയാക്കിയിട്ടുള്ളതാണ് എനിക്ക് ദഹിക്കാത്തത്.

  സീ പീ യെം ഇടതുപക്ഷമാണോ?
  എന്റെ കണ്ണില്‍ അല്ല.. സീപീയെം എല്ലാം തികഞ്ഞ ഒരു ഗൂഡാലോചനാ പാര്‍ട്ടിയാണ്.
  മറ്റൊരൊപ്പ്. ഞങ്ങളുടെ നാട്ടില്‍ സിപി‌എം ഒരു കണ്ട്രി ക്ലബ്ബാണ്. പൊതുവേ പണ്ടത്തെ ജന്മികള്‍ക്ക് അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു സെറ്റപ്പ്; പാവം കുറെ പാവങ്ങള്‍ അവരുടെ അടിമപ്പണിക്കാരും. കോണ്‍‌ഗ്രസ് സാധാ‍രണക്കാരന്റെ പാര്‍ട്ടിയായിട്ടാണ് എന്റെ നേരിട്ടുള്ള അനുഭവം.

  നല്ല ലേഖനം! സിപി‌എം എന്ന കള്‍ട്ട് പ്രസ്ഥാനത്തെ ഒഴിവാക്കി, സാധാരണക്കാരന്റെ കൂടെ നില്‍ക്കുന്ന, കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്ര ബാധ്യതകള്‍ ഒന്നുമില്ലാത്ത ഒരു ഇടതുപക്ഷത്തെപ്പറ്റി ചിന്തിക്കുന്നതുതന്നെ ഒരു സുഖമുള്ള കാര്യമാണ്. അത്തരമൊരു മുന്നേറ്റത്തില്‍ കോണ്‍‌ഗ്രസ് എന്ന മഴവില്‍ പാര്‍ട്ടിയിലെ ഇടതുപക്ഷനിറക്കാരും പ്രധാനഭാഗമായിരിക്കും. വി.പി.സിംഗ് അത്തരമൊരു മുന്നേറ്റം ഉണ്ടാക്കിയതാണ്; പക്ഷേ, എവിടെയോ അതിന്റെ നേതൃത്വത്തിന് വഴിപിഴച്ചു.

  ReplyDelete
 18. തകര്‍ന്നു തരിപ്പണം ആയി കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥിതി തിരിച്ചു വരുമെന്നും അത് ലോകത്തിലുള്ള പ്രശനങ്ങള്‍ക്ക് പരിഹാരം ആവും എന്ന് ചിന്തിക്കുനത് മലരപോടികാരന്‍റെ സ്വപ്നം പോലെ ആണ് . കമ്മ്യൂണിസ്റ്റ്‌കാര്‍ ആണ് പാവങ്ങളുടെ അടുത്ത് നില്കുനത് എന്നും അത് കൊണ്ട് അവര്‍ക് വോട്ടു ചെയ്യുക എന്ന് പറയുന്നത് മണ്ടത്തരം ആണ്. കഴിവ് ഉണ്ട് എന്ന് തോന്നുന്ന , പാര്‍ട്ടി നയങ്ങള്‍ അപ്പടി വിഴുങ്ങുന്നതില്‍ അപ്പുറം ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുതു പരിഹാരം കാണാന്‍ കഴിയുന്ന വ്യക്തികള്‍ ആണ് വോട്ട് ചെയേണ്ടത്. ഇതില്‍ ബ്ലോഗ്ഗര്‍ ച്യ്തിരികുനത് കുറെ നഗ്ന സത്യങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ട് , ഇതൊക്കെ ആണെന്കിലും തന്റെ കമ്മ്യൂണിസ്റ്റ്‌ ച്യാവ് പ്രകടിപ്പിക്കുവാനും അവര്‍ക് വോട്ട് ചെയാന്‍ ഉള്ള ഒരു അഹവനം മാത്രം അന്ന് ഉള്ളത്.

  ReplyDelete