Tuesday, January 31, 2017

ഇരുപത്തിയൊന്ന് മാസത്തെ നരകം

യദു കൃഷ്ണൻ എന്ന ഒരു യുവസംവിധായകൻ അടിയന്തിരാവസ്ഥ സമയത്ത് ജയിലിലാക്കപ്പെട്ട സാധാരണമനുഷ്യർ അനുഭവിച്ച ക്രൂരമർദ്ദനങ്ങളെപ്പറ്റി ഒരു ഡോക്യുമെന്ററി എടുത്തു. ഇരുപത്തിയൊന്ന് മാസത്തെ നരകം '21 Months of Hell' എന്നതാണ് ആ ഡോക്യുമെന്ററിയുടെ പേർ.


ക്രൂരയായ ഒരു ഏകാധിപതി തന്റെ കുടുംബവാഴ്ചയുടെ ആണിക്കല്ലുറപ്പിയ്ക്കാൻ സോവിയറ്റ് യൂണിയൻ പോലെയുള്ള ഒരു വൃത്തികെട്ട ഭീകരരാഷ്ട്രത്തിന്റെ സഹായത്തോടെ ഇരുപത്തിയൊന്ന് മാസം ഒരു രാഷ്ട്രത്തെ മുഴുവൻ തടവറയിലിട്ട ചരിത്രം.


ആരുമില്ലായിരുന്നു പ്രതിരോധിയ്ക്കാൻ പ്രധാനപ്രതിപക്ഷ കക്ഷികളായ കമ്യൂണിസ്റ്റ് പാർട്ടികളിൽ സീപീഐ സർവാത്മനാ ഇന്ദിരാഗാന്ധിയുടെ ഭരണകക്ഷിയായി വിലസി. സോവിയറ്റ് സ്റ്റാലിനിസ്റ്റ് ഭരണവ്യവസ്ഥകളുടെ നേർപ്പകർപ്പ് നടപ്പാക്കാൻ അവർ സകല ഒത്താശയും ചെയ്തു. സീപീഎമോ? ആക്ടീവ്ലീ ഇനാക്ടീവ്. അതായത് എതിർത്തോ എന്ന് ചോദിച്ചാൽ എതിർത്തു., ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല. ജയിലിലാക്കപ്പെട്ട സകല സീപീഎം കാരേയും ദിവസങ്ങൾ കഴിഞ്ഞപ്പോൽ മോചിതരാക്കി. ഒരു ചുക്കും കാര്യമായി ചെയ്യാതെ അവർ അത് പുറമേ അംഗീകരിച്ച് മാറിനിന്നു.
ജയപ്രകാശ് നാരയണന്റെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ ഉയർന്ന് വന്ന പ്രക്ഷോഭത്തിൽ മൊറാർജി മുതൽ ജോർജ് ഫെർണാണ്ടസ് വരെയുള്ളവർ തടവിലാക്കപ്പെട്ടു. അദ്വാനിയേയും വാജ്പേയിയേയും മുതലുള്ളവരെ പറയുന്നില്ല.
വൈക്കം ഗോപൻ ചേട്ടനും അതിലൊരാളാണ്.
അതിക്രൂരമായി പോലീസ് പീഡിപ്പിച്ചു. ലോകത്തിന്നുവരെ കേട്ടിട്ടില്ലാത്ത വേദനിപ്പിയ്ക്കുന്ന പീഡനമുറകൾ. നക്സലേറ്റ് വേട്ടയും അതിന്റെ കൂടെ നടത്തിയപ്പോൾ രാജനെപ്പോലെയുള്ള നിരപരാധികൾ കൂടെ മർദ്ദനനത്തിൽ കൊല്ലപ്പെട്ടത് നമുക്കറിയാം. എംബീബീഎസ് പാതിപഠിച്ച് പോലീസുകാരനായ ജയറാം പടിയ്ക്കലിന്റെ നേതൃത്വത്തിൽ വേദന എന്ന നരകയാതനയുടെ സകല സാദ്ധ്യതകളും കേരളത്തിലെ പോലീസ് കോൺസണ്ട്രേഷൻ ക്യാമ്പുകളിൽ നടത്തി.
വൈക്കം ഗോപൻ ചേട്ടൻ എന്ന വയോധികൻ അതുകഴിഞ്ഞ് ഇന്ന് വരെ പാതിചതഞ്ഞ ശരീരവുമായി ജീവിയ്ക്കുന്നു. പലതവണ വർഷങ്ങളോളം ചികിത്സകൾ നടത്തി. ജീവിയ്ക്കുന്ന രക്തസാക്ഷിയെന്നൊക്കെ പറയുന്നത് ക്ളീഷേയായി. എന്നാലും ഇന്നും ജീവിയ്ക്കുന്ന പോരാട്ടവീര്യത്തിന്റെ മായാത്ത തളരാത്ത മനസ്സായി നിൽക്കുന്നു ഗോപൻ ചേട്ടൻ. ഒപ്പം ക്രൂരതകളുടെ ഏകാധിപത്യത്തിന്റെ നേർക്കാഴ്ചകളുടെ സാക്ഷിയായും.
പക്ഷേ സെൻസർ ബോർഡിനു സിനിമയ്ക്ക് അംഗീകാരം നൽകാനാവില്ലത്രേ!
അടിയന്തിരാവസ്ഥ സമയത്ത് ചെയ്തതിനൊക്കെ 'ഗവണ്മെന്റ് റിപ്പോർട്ട്' തന്നെ തെളിവായി വേണമെന്നാണ് സാറന്മാരുടേയും മാഡങ്ങളുടേയും ഡിക്രി.
ഓ 'സംഘി' സെൻസർ ബോർഡ് അല്ലേ?  ക്ഷമിയ്ക്കണം സംഘികൾക്ക് ഇപ്പഴും ലോക്കൽ സെക്രട്രറിമാരെ അക്കാഡമി ചെയർമാൻ ആക്കുന്ന വിദ്യ തെളിഞ്ഞുകിട്ടിയിട്ടില്ല. വരും അത് നടക്കും.

ഇതേ സെൻസർ ബോർഡ് ഒരു സിനിമയുടെ പേരു മാറ്റണമെന്ന് പറഞ്ഞപ്പോൾ ഇന്റർനാഷണൽ ലെവലിൽ സെൻസേഷണലൈസ് ചെയ്ത ഒരുത്തനും ഈ കൊച്ചു ഡോക്യുമെന്ററിയുടെ കൂടെ നിൽക്കില്ലെന്ന് നൂറുശതമാനം ബോദ്ധ്യത്തോടെ തന്നെ, ഇനിയും നേരു മരിച്ചിട്ടില്ലാത്ത മനസ്സുകൾ ഈ ഡോക്യുമെന്ററിയുടെ കൂടെ നിൽക്കാൻ അപേക്ഷിയ്ക്കുന്നു ഒരു കൊച്ച് സൈക്കിൾ റിക്ഷായും പഴയ പ്രൊജക്ടറും വാടകയ്ക്കെടുത്ത് ചവുട്ടി ഭാരതത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ ചന്തകളിൽ വൈകിട്ട് പോയി ഈ ചിത്രം കാണിയ്ക്കാൻ ഒരു സെൻസർ ബോർഡിന്റേം അനുവാദം വേണ്ട.
അത് ചെയ്യാൻ വൈക്കം ഗോപൻ ചേട്ടനെപ്പോലെയുള്ളവരുടെ വീര്യം സിരകളിലൊഴുകുന്ന ലക്ഷക്കണക്കിനു ചെറുപ്പക്കാർ ഈ ഭാരതമഹാരാജ്യത്തിന്റെ ഓരോ കോണിലുമുണ്ട്. ...ഓരോ മുക്കിലും മൂലയിലുമുണ്ട്. കാശ്മീരത്തിന്റെ അറ്റത്ത് മുതൽ കന്യാകുമാരിയുടെ മുനമ്പ് വരെ. ഒരു നയാ പൈസ ചെലവില്ലാതെ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് അവരത് ചെയ്യും.

പക്ഷേ സെൻസർ ബോർഡ് അങ്ങനങ്ങ് 'കളിച്ചാൽ' കൊള്ളില്ലല്ലോ. 'ഗവണ്മെന്റ് റിപ്പോർട്ട്' തന്നെ തെളിവായി കിട്ടാതെ അടിയന്തിരാവസ്ഥയെപ്പറ്റിയുള്ള ഡൊക്യുമെന്ററിക്ക് സർട്ടിഫിക്കറ്റ് നൽകുമോ എന്നൊന്ന് നോക്കണ്ടേ?
അല്ല, വേണ്ടേ?

No comments:

Post a Comment