Sunday, December 18, 2016

കലാകാരന്റെ ഉദ്ധരിച്ച വാലുകൾ

ഞാനൊരു ഹനുമാൻസ്വാമി ഭക്തനാണ്. സംശയമുണ്ടെങ്കിൽ പ്രൊഫൈൽ ഫോട്ടോയിലോട്ട് നോക്കിയാൽ മതി. കുറേ നാളായി അത് തന്നെയാണ് പടം. ഇടയ്ക്ക് പ്രത്യക്ഷപ്പെടുമെന്നേ ഉള്ളൂ 

ഭക്തനെന്ന് പറയാമോ? കൃഷ്ണനെ ഉണ്ണിയെന്ന് വിളിച്ച് സ്വന്തമാക്കിക്കൊണ്ട് നടക്കുന്ന അമ്മമാരും കാമുകിമാരും അണ്ണനെന്ന് വിളിച്ച് കൂട്ടുകാരനായി കൂടെക്കൊണ്ട് നടക്കുന്ന അനുജന്മാരുമുള്ള നാടാണ്. 

ഹനുമാൻ സ്വാമി നമ്മടെ സ്വന്തം അണ്ണനാണ്.

മാരുതതുല്യ വേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം എന്നാണ് സംസ്കൃതത്തിൽ പുള്ളീടെ പഞ്ച് ഡയലോഗ്. ഇന്ദ്രിയജയം സാധ്യമായ ആളാണ്. വരിഷ്ഠമായ, ശ്രേഷ്ഠമായ ബുദ്ധിയാണ് ഹനുമാൻ സ്വാമി. കാറ്റിനു തുല്യമായ വേഗത. സകല ഇന്ദ്രിയങ്ങളേയും ജയിച്ച് ഹൃദയഗുഹയിൽ മുഴങ്ങുന്ന രാമ രാമനെന്ന മുഴക്കത്തിൽ മനസ്സിനെ പൂർണ്ണമായും നിഗ്രഹിച്ച് ധ്യാനനിമഗ്നനായിരിയ്ക്കുന്ന ചിരഞ്ജീവി.

നിങ്ങൾക്ക് ഹോമോസെക്ഷ്വൽ ആവാം, ഹെട്രോസെക്ഷ്വൽ ആകാം, ബൈസെക്ഷ്വൽ ആകാം. ഒരു കുഴപ്പവുമില്ല. നിങ്ങളുടെ കൂട്ടത്തിലെങ്കിലും നിങ്ങൾ അംഗീകരിയ്ക്കപ്പെടും. ലോകം ഭൂരിപക്ഷവും ഹെട്രോസെക്ഷ്വൽ ആൾക്കാരായത് കൊണ്ട് ബാക്കിയുള്ളവർക്ക് ഭൂരിപക്ഷത്തിന്റെ ആനുകൂല്യമുണ്ടായിരിയ്ക്കില്ല എന്ന് മാത്രം.

പക്ഷേ നിങ്ങൾ എസെക്ഷ്വൽ ആണെന്ന് പറഞ്ഞുനോക്കൂ.

ലോകം മുഴുവൻ, ഹോമോയും ഹെട്രോയും ബൈയും സകലവനും പൊട്ടിച്ചിരിയ്ക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ ലിംഗം ഉദ്ധരിച്ചില്ലെങ്കിൽ അതിൽ കമ്പു കെട്ടിവച്ചെങ്കിലും ഉദ്ധരിപ്പിയ്ക്കാൻ നോക്കും. അതിനും കഴിഞ്ഞില്ലെങ്കിൽ നിങ്ങളെ കള്ളനെന്ന് മുദ്ര കുത്തും.

ഇന്ദ്രിയനിഗ്രഹം സകലർക്കും അതി ഗംഭീരമായ ദേഷ്യമുണ്ടാക്കുന്ന കാര്യമാണ്. ഞാൻ വെറുതേ പറയുകയല്ല. ആരെങ്കിലും ഏതെങ്കിലും വികാരത്തിനതീതമായി കടന്നു എന്ന് തോന്നിയാൽ ലോകം മുഴുവൻ അതിനെ അയാളെ പഴിയ്ക്കും. ഫ്രോയ്ഡ് മുതൽ ന്യൂറോഇമേജിങ്ങ് വരെ തെളിവുകളായി വരും.

ഹനുമാൻ സ്വാമിയുടെ ഇന്ദ്രിയങ്ങളെല്ലാം ഉള്ളിലേയ്ക്ക് തുറന്നിരിയ്ക്കുകയാണ്. ഒന്നും പുറത്തേയ്ക്കില്ല. ലിംഗം ഒരു ഇന്ദ്രിയമായി സാധാരണ കണക്കുകൂട്ടാറില്ലെങ്കിലും അത് ഇന്ദ്രിയമായാൽ അതും.

കണ്ണ് മൂക്ക് ചെവി നാക്ക് ത്വക്ക് എന്നിവയൊക്കെയല്ലാതെ ലിംഗത്തോട് വലിയൊരു ആകർഷണമുണ്ട് മനുഷ്യർക്ക്. അവന്റെ അസ്തിത്വം, ജീവിയ്ക്കുന്നതിന്റെ ഒരേ ഒരു ചോദന ആ സാധനവുമായി കണക്ടഡാണ്.

ഇനി രാവിലേ എഴുനേൽക്കുമ്പൊ അദ്ദേഹത്തിന് Nocturnal penile tumescence എങ്കിലും ഉണ്ടാവില്ലേ? ഉണ്ടാവുമായിരിയ്ക്കും. ത്വങ്മാംസരക്താസ്ഥിവിണ്മൂത്രരേതസാം പഞ്ചഭൂതകനിർമ്മിതമാണെങ്കിൽ ആണെങ്കിൽ ഉണ്ടാവുമാരിയ്ക്കും. എന്തായാലും അദ്ദേഹത്തിന് അതിലൊന്നും വലിയ താൽപ്പര്യമില്ല എന്നാണ് പറച്ചിൽ.

ആരു പറയുന്നു?
പടച്ചവർ തന്നെ പറയുന്നു.

ഇതിനു മുന്നേ ഹനുമാനെ എം എഫ് ഹുസൈനാണ് വിവാദമായി വരച്ചിരിയ്ക്കുന്നത്. ഒന്നല്ല പലതവണ. ശാസ്ത്രലോകം തള്ളിക്കളഞ്ഞെങ്കിലും കലാസാംസ്കാരികജീവികൾക്ക് വലിയൊരു അഭയമാണ് ഫ്രോയിഡ് ഇന്നും. തങ്ങളുടെ സകല പെറപ്പുകൾക്കും അവിടന്ന് വിശദീകരണം ലഭിയ്ക്കുമെന്ന ഒരൊറ്റ കാരണമാണാ ആകർഷണത്തിനാധാരം. ഉദ്ധരിച്ചു നിൽക്കുന്ന തന്റെ വാലിൽ കെട്ടിപ്പിടിച്ചിരിയ്ക്കുന്ന ഒരു നഗ്നയായ സ്ത്രീ. ഹുസൈൻ സാഹെബിന്റെ ഒരു ചിത്രമാണ്.

വാലെങ്ങനേയാ ഉദ്ധരിയ്ക്കുക?

കലാകാരന്റെ വാൽ ഉദ്ധരിയ്ക്കും. വാലു മാത്രമല്ല അവന്റെ രോമം പോലും ഉദ്ധരിയ്ക്കും.

ആ സ്ത്രീ സീതാദേവിയാണെന്നാണ് ആരൊക്കെയോ പറയുന്നത്.

ഹനുമാന്റെ അമ്മയാണ് സീതാദേവി.

അതെങ്ങനെയാണ് അന്യയായ, സ്വന്തം സ്പീഷീസ് പോലുമല്ലാത്ത ഒരു സ്ത്രീ അദ്ദേഹത്തിന്റെ അമ്മയാകുന്നത്? പാവങ്ങൾക്ക് അങ്ങനെയൊക്കെയാകാം. പണക്കാർക്ക് സ്വന്തം അമ്മ പോലും അമ്മയല്ലാതാവുമ്പൊ പാവങ്ങൾക്ക് കറുത്തവരും വെളുത്തവരും ഇരുണ്ടവരും എല്ലാം അക്കനും അമ്മയും അമ്മാവനും അനിയനും അണ്ണനുമൊക്കെയാണ്. പിച്ചയെടുക്കുമ്പോൾ വിളി കേട്ടിട്ടില്ലേ? അമ്മാ വല്ലതും തരണേ..

പാവങ്ങൾക്കങ്ങനെയാണ്.

എന്തായാലും സ്വന്തം മാതാവിനെ ഉദ്ധരിച്ചുനിൽക്കുന്ന വാലിൽ നഗ്നയാക്കിയിരുത്തി ചാടുന്ന ഹനുമാൻ സ്വാമിയുടെ ചിത്രം കണ്ട ആരുടെയൊക്കെയോ ദേഷ്യം പുറത്ത് ചാടി. ചാടിയ്ക്കാൻ ഡിസൈൻ ചെയ്തതാണെന്ന് അവരോർത്ത് കാണും. പക്ഷേ അവർ ചാടിയെന്നതാണ് കഥ.

അതോടെ സോത്ബീസ് എന്ന ലണ്ടനിലെ ഓക്ഷൻ ഹൗസിന്റെ ഓക്ഷനീർസ് താടിതടവിച്ചിരിച്ചു ചൊല്ലീ മുനി.. മില്യൺസ് ജെന്റിൽമാൻ മില്യൻസ്.

സോത്ബീസിൽ ഓക്ഷനു വരുന്ന പണം നേരായപണമാണെന്ന് കരുതുന്നുണ്ടോ? ഓരോ മില്യനുകളുടെയും പിറകേ ആയുധത്തിന്റേയും നിലവിളികളുടെയും കൊള്ളക്കൊലകളുടെയും ഭീകരവാദത്തിന്റേയും ക്രൂരമായ കണക്കുകളുണ്ടാവും. ആർട്ടിലെ നിക്ഷേപം എന്തിന്റെ ഭാഗമാണെന്ന് ഒരു ചെറിയ ഗൂഗിൾ സെർച്ച് നടത്തി തൃപ്തിയടയുക.

ഈ കിട്ടിയ പണത്തിന്റെയെല്ലാം ടാക്സ് അടയ്ക്കാൻ വയ്യാഞ്ഞ് ഖത്തറിലോട്ട് ചാടിയ ഹുസൈൻ സാഹിബ് വലതുപക്ഷ തീവ്രവാദികളുടെ രക്തസാക്ഷിയായി അറബിക്കുപ്പായമിട്ടു. ഖത്തറിലെ മാളികയിൽ കിടന്ന് സാഹെബ് ഹുക്ക വലിച്ചു വലിച്ചു വലിച്ചു..

ഇന്ന് ഹനുമാൻ സ്വാമിയുടെ വാലല്ല ഉദ്ധരിച്ചുനിൽക്കുന്നത്. ലിംഗം തന്നെയാണ്. ഹനുമാൻ സ്വാമിയല്ല നായകന്റെ പാർട്ണറുടെ ഹനുമാൻ ഭക്തിയാണെന്ന് വ്യാഖ്യാനമാവും.

എന്തായാലും നായകൻ ആ ചിത്രം വരച്ച് ശാഖയുടെ മുന്നിൽ, അതും മാറാട്ട് നടക്കുന്ന ശാഖയുടെ മുന്നിൽ കൊണ്ട് വച്ച് പ്രസിദ്ധീകരിച്ചെന്നും അടിയ്ക്കാൻ വന്ന ദണ്ഡകളുടെ മുന്നിൽ തന്റെ നഗ്നത തുറന്ന് വച്ചെന്നുമാണ് കഥയെന്ന് ആരോ പറഞ്ഞുതന്നിരുന്നു.

ആർ എസ് എസ് ഒരു വലതുപക്ഷ സംഘടനയാണെന്നാണ് ജയൻ ചെറിയാൻ നിലനിൽക്കുന്ന പക്ഷക്കാർ സ്വയം ഇടതുപക്ഷമായി വ്യാഖ്യാനിച്ച് പറയുന്നത്. അല്ലെന്നോ ആണെന്നോ ഇന്ന് വരെ പറയാൻ ആരും പോയിട്ടില്ല. പക്ഷേ പൂച്ചക്കവിതകളെഴുതുന്ന ഇടത് മാർക്സിസ്റ്റ് മഹാകവി പോലും സ്വവർഗ്ഗാനുരാഗികളെ പിടിച്ച് ഷോക്കടിപ്പിയ്ക്കണമെന്ന് പറഞ്ഞപ്പോഴും ലൈംഗികത ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നാണ് ആർ എസ് എസ് പറഞ്ഞത്.

അതൊരു കുറ്റമല്ലെന്നും ക്രിമിനലൈസ് ചെയ്യുന്നതിനെ അനുകൂലിയ്ക്കുന്നില്ലെന്നും പറയുകയുണ്ടായി. പിന്നീട് വിവാദമായപ്പോൾ മനശ്ശാസ്ത്രപരമായ വിഷയമായി എടുക്കണമെന്ന് റ്റ്വിറ്ററിൽ കുറിച്ചു അദ്ദേഹമെങ്കിലും, ഭാരതം പോലെയൊരു രാജ്യത്ത് ഒരു പ്രമുഖ സംഘടനയുടെ ജോയിന്റ് ജനറൽ സെക്രട്ടറി ഇത്രയുമെങ്കിലും പറഞ്ഞത് വലിയൊരു കാര്യമായാണ് എനിയ്ക്ക് തോന്നുന്നത്.

ഈ വിഷയത്തിൽ വേണമെങ്കിൽ പിണറായിയോട് നിങ്ങൾക്ക് അഭിപ്രായം ചോദിയ്ക്കാം. വലതുപക്ഷതീവ്രന്റെ, ദണ്ഡയുമായി ഉദ്ധരിച്ച ലിംഗങ്ങളെയെല്ലാം അടിച്ചുകൊഴിയ്ക്കാൻ നടക്കുന്നവരെന്ന് നിങ്ങൾ പറഞ്ഞുണ്ടാക്കുന്നവരുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുടെ അഭിപ്രായത്തിന്റെ വാലിൽക്കെട്ടാവുന്ന വല്ലതുമെങ്കിലും കിട്ടുമോ എന്നറിയാനാണ്.

പക്ഷേ ഹനൂമാന്റെ ഉദ്ധരിച്ച ലിംഗവുമായി ജയൻ ചെറിയാൻ കുഴിച്ച കുഴിയിലേയ്ക്ക് പതിയെ ഗതികേടുകൊണ്ട്, അറിഞ്ഞുകൊണ്ട് തന്നെ പലരും നടന്നടുക്കുമ്പോഴും മാറാട്ട് ഒരു ജനതയെത്തന്നെ കലാപത്തിൽ നിന്നും സ്വയം പഴിയ്ക്കലിൽ നിന്നും വീണ്ടെടുത്ത് അവർക്ക് ആത്മവിശ്വാസവും ജീവിതവും കൊടുത്ത്, ഇനിയൊരു തവണകൂടി ഒരു കലാപമുണ്ടാവാതെ ജാഗ്രതപ്പെട്ട് അവിടത്തെ അവിടമാക്കിയ കുമ്മനത്തെപ്പോലെയുള്ള വെള്ളത്താടികൾ ഇവിടെയുള്ളപ്പോഴും, ജയൻ ചെറിയാനേ, താങ്കൾ ഹോമോഫോബിയയുടെ ഭാരതമുഖമായി ആ ദണ്ഡയേയും നഗ്നതകാണുമ്പൊ പകച്ചുപോയ മാറാട്ടെത്തന്നെ മുക്കുവമുഖങ്ങളേയും അടയാളപ്പെടുത്തിയല്ലോ!

വെട്ടിയരിയപ്പെട്ട സ്വന്തമാൾക്കാരുടെ നഗ്നമായ മൃതദേഹങ്ങൾക്കുമുന്നിൽ പകയ്ക്കാത്തവർ, ഒരു സ്വവർഗ്ഗാനുരാഗിയുടെ ഉദ്ധാരണത്തിൽ എങ്ങനെ പകയ്ക്കാനാണ്?

മാർക്കറ്റിങ്ങ് തുടർന്ന് കൊള്ളുക.

കരിങ്കൊടിപ്രകടനങ്ങളും ഹനുമാൻസ്വാമിയുടെ മാന്യതസംരക്ഷിയ്ക്കാനും ഒരുപാടുപേർ കാണും. ഞാൻ അതിലൊരാളല്ല. പ്രകടനങ്ങളേറുമ്പൊ അടുത്ത മേളയിലേയ്ക്ക് സാധനം വലിയവിലയിൽ വിറ്റഴിയ്ക്കാം. അല്ലെങ്കിൽ സായിപ്പിനിതൊക്കെ ഫിലാഡാൽഫിയായ്ക്ക് മുന്നേ പറഞ്ഞ് പഴകിയ ചർവിതചർവണമാണ്. അപ്പൊ മേളകൾ കടന്ന് കിട്ടണമെങ്കിൽ അൽപ്പം ഗാമ്പ്ളിങ്ങൊക്കെ വേണം.

പക്ഷേ ഹനുമാൻ സ്വാമി നഗ്നനാണ്. എല്ലാവരുടെയും മുന്നിൽ എന്നും നിലനിൽക്കുന്ന ചിരഞ്ജീവിയായ നഗ്നവാനരൻ. സൂക്ഷ്മരൂപിയും സ്ഥുലരൂപിയുമായവൻ. ജ്ഞാനഗുണസാഗരൻ. കൂടുതലറിയുമ്പൊ പ്രത്യക്ഷരൂപിയായി പുരങ്ങളേയെരിയിയ്ക്കുന്ന സർവശക്തൻ.

വിചാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്> 
http://www.vicharam.org/hanuman-tail/

Monday, December 12, 2016

കരുണാവാൻ നബി മുത്തുരത്നമോ?

പുരുഷാകൃതി പൂണ്ട ദൈവമോ? 
നരദിവ്യാകൃതി പൂണ്ട ധർമ്മമോ? 
പരമേശപവിത്രപുത്രനോ? 
കരുണാവാൻ നബി മുത്തുരത്നമോ? 

ശ്രീനാരായണഗുരുദേവന്റെ അനുകമ്പാദശകത്തിലെ നാലുവരികളാണ്.

ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും

എന്ന് തുടങ്ങുന്നു അനുകമ്പാദശകം.

കരുണാകരനായ ഭഗവാനേ, ഒരു എറുമ്പിനു പോലും ഒരു പീഡയും വരുത്തരുത് എന്നുള്ള അനുകമ്പയും, സദാ നിന്റെ ഓർമ്മയും മനസ്സിലുണ്ടാ‍വണേ എന്നുമുള്ള മനോഹരമായ പ്രാർത്ഥന.

അരുളാൽ വരുമിമ്പമൻപക-
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
ഇരുളൻപിനെ മാറ്റുമല്ലലിൻ
കരുവാകും കരുവാമിതേതിനും.

അരുളാൽ അതായത് യഥാർത്ഥ അറിവിനാൽ സുഖമുണ്ടാകും. സ്നേഹമില്ലാത്ത ഹൃദയത്താൽ ദുഃഖങ്ങളും വന്ന് ചേരും. അജ്ഞതയാകുന്ന ഇരുൾ സ്നേഹമില്ലാതെയാക്കും. അതുകൊണ്ട് അജ്ഞാനം സകല വിഷമങ്ങൾക്കും കരണമാകും. എന്ന് ഗുരുദേവൻ ഉറപ്പിച്ചു പറയുകയാണ്. കരുണയറ്റ ഹൃദയമാണ് സകല ആപത്തിനും കാരണം.

ഒരു പടി കൂടെ കടന്ന് ഗുരുദേവൻ പറയുന്നു.

അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
'അരുളുളളവനാണു ജീവി'യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ.

ജ്ഞാനം സ്നേഹം കാരുണ്യം, ഇത് മൂന്നിനും അർത്ഥം ഒന്ന് തന്നെ.ആ സത്യമാണ് ജീവനെ സംസാരദുഃഖങ്ങളുടെ മറുകരയെത്തിയ്ക്കുന്നത്. എന്നിട്ട് ഒരു മഹാമന്ത്രം ഗുരുദേവൻ പറഞ്ഞുതരുന്നു. “അരുളുള്ളവനാണ് ജീവി“ അതായത് യഥാർത്ഥ ജ്ഞാനമുള്ളവനാണ് ശരിയായി ജീവിയ്ക്കുന്നവൻ. ഈ ഒൻപത് അക്ഷരമുള്ള മന്ത്രം (നവാക്ഷരി) സദാ ഉരുവിടുക.

അങ്ങനെ ഈ ലോകത്തെ അനുകമ്പയാർന്നവരുടെ പേരുകൾ ഗുരുദേവൻ പറയുന്നു.

പരമാർത്ഥമുരച്ചു തേർ വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാവൻ?

പരമസത്യം പറഞ്ഞ് തന്ന് തേരോടിയ്ക്കുന്ന പരം പൊരുളായ ശ്രീകൃഷ്ണഭഗവാനോ? അതോ ജീവകാരുണ്യമൂർത്തിയായ ഭൂതദയയുടെ സാഗരമായ ബുദ്ധഭഗവാനോ? അതോ ഭഗവത്ഗീതയ്ക്കും ബ്രഹ്മസൂത്രത്തിനും ഉപനിഷത്തുക്കൾക്കും ഭാഷ്യം രചിച്ച ശ്രീ ശങ്കരാചാര്യരാണോ? അവരെല്ലാം അനുകമ്പാമൂർത്തികളാ‍ണ്.

ഒരു മതമേയുള്ളൂ എന്ന് പ്രഖ്യാപിച്ച ഗുരുദേവൻ ലോകത്തെ സകല മഹാഗുരുക്കന്മാരും ഒരു മതത്തിലുള്ളവരാണെന്നും ജീവിതത്തിന്റെ പരമമായ ലക്ഷ്യം പരമസത്യം അനുഭവിച്ചറിയുകയാണെന്നും മതഭേദങ്ങൾ വെറും ഇരുളാണെന്നും അനുകമ്പാദശകത്തിൽ തീർത്തും വ്യക്തമാക്കുന്നു.

അടുത്ത വരികളിൽ

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്നമോ?

എന്ന് ഗുരുദേവൻ ചോദിയ്ക്കുന്നു. പുരുഷവേഷം ധരിച്ചെത്തിയ സാക്ഷാൽ ദൈവമായ വ്യാസഭഗവാനാണോ? മനുഷ്യവേഷം പൂണ്ട ധർമ്മമൂർത്തിയായ ശ്രീരാമഭഗവാനാണോ? അതോ പരമേശ്വരന്റെ പവിത്രപുത്രനായ സാക്ഷാൽ കൃസ്തുഭഗവാനോ? അതോ കാരുണ്യവാനായ നബി മുത്തുരത്നമോ? ആരാണ് അനുകമ്പയാണ്ടവൻ?

ശ്രീരാമനേയും വ്യാസഭഗവാനേയും കൃസ്തുദേവനേയും മുത്തുരത്നമായ നബിതിരുമേനിയേയും ഒരു വരിയിൽ ബന്ധിയ്ക്കുകയാണ് ഗുരുദേവൻ ചെയ്യുന്നത്. അത് വഴി മതഭേദങ്ങൾ, എന്റെ മതം നിങ്ങളുടെ മതം എന്റെ ദൈവം എന്റെ പ്രവാചകൻ എന്നിങ്ങനെയുള്ള ഭേദങ്ങൾ ഇല്ലാത്തതാണെന്ന് ഗുരുദേവൻ അസന്നിഗ്ധമായി പ്രഖ്യാപിയ്ക്കുന്നു.

ജ്വര മാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാം നോവു കെടുത്ത സിദ്ധനോ

അപ്പർ, സുന്ദരർ മാണിക്യവാചകർ, തിരുജ്ഞാനസംബന്ധർ എന്നിങ്ങനെയുള്ള മഹാസിദ്ധർ തമിഴ്നാട്ടിൽ ജീവിച്ചിരുന്നു. ഗുരുദേവനും ആ മഹാസിദ്ധരുടെ പരമ്പരയുടെ ഭാഗമാണെന്ന് വിശ്വസിയ്ക്കുന്നവരുണ്ട്. അതിൽ തിരുജ്ഞാനസംബന്ധർ എന്ന മഹാസിദ്ധൻ കബ്ജപാണ്ഡ്യരുടെ ജ്വരം വെറും ഭസ്മം പൂശി വാശിയാക്കുകയുണ്ടായി. അതുപോലെ അപ്പർ സ്വന്തം വയറുവേദന മാറാ‍ൻ നമഃശിവായ മന്ത്രം ജപിച്ചിരിയ്ക്കുമ്പോഴാണ് ശിവദർശനമുണ്ടായത്. തമിഴ്നാട്ടിലെ ആ മഹത്തായ സിദ്ധമുനിമാരുടെ കഥകൾ ഗുരുദേവൻ ഇനിയും സൂചിപ്പിയ്ക്കുന്നു.

ഹരനന്നെഴുതി പ്രസിദ്ധമാം
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടു പോയൊര-
പ്പരമേശന്റെ പരാർത്ഥ്യഭക്തനോ?

മാണിയ്ക്കവാചകർ എഴുതിയ തിരുവാചകം സാക്ഷാൽ പരമശിവനാണ് എഴുതിയെടുത്തത്. ഒരു വൃദ്ധന്റെ രൂപത്തിൽ മാണിയ്ക്കവാചകരുടെ അടുത്തെത്തിയ പരമേശ്വരൻ നിന്റെ പാട്ടുകൾ ഞാൻ എഴുതിയെടുക്കാം എന്ന് പറഞ്ഞത്രേ. അങ്ങനെ എഴുതിയെടുത്ത താളിയോലക്കെട്ടുകൾ പിറ്റേന്ന് പൂജാരി ക്ഷേത്രനട തുറന്നപ്പോൾ മാണിയ്ക്കവാചകർ ചൊല്ലിക്കേൾപ്പിച്ച് നടരാജൻ കുറിച്ചിട്ടതെന്ന അവതാരികയോടുകൂടി ശ്രീകോവിലിലുണ്ടായിരുന്നു. തിരുവാചകത്തെ ഗുരുദേവൻ മറ അഥവാ വേദം എന്ന് തന്നെയാണ് വിശേഷിപ്പിയ്ക്കുന്നത്.

ചേരമാൻ പെരുമാൾ കേരളം ഭരിച്ചിരുന്ന സമയത്ത് ജീവിച്ചിരുന്ന സുന്ദരമൂർത്തി നായനാർ ശിവഭക്തികൊണ്ട് അവസാനം വെള്ളാനയുടെ പുറത്ത് ഉടലോടെ കൈലാസത്തുപോയി എന്നാണ് പ്രസിദ്ധി. ഗുരുശുശ്രൂഷ ചെയ്ത് ഭക്തനായി ജീവിച്ച ചേരമാൻ പെരുമാളും ഗുരുവിനൊപ്പം കൈലാസത്തിലേയ്ക്ക് പോയി സാക്ഷാത്കാരം ലഭിച്ചു എന്നാണ് പ്രസിദ്ധി. ആ കഥയാണ് ഗുരുദേവൻ സൂചിപ്പിയ്ക്കുന്നത്.

അരുമാമറയോതുമർത്ഥവും
ഗുരുവോതും മുനിയോതുമർത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താൻ
പൊരുളോർത്താലഖിലാഗമത്തിനും.

എന്നതാണ് അനുകമ്പാദശകത്തിനു ഫലശ്രുതിയായി ഗുരുദേവൻ എഴുതിയിരിയ്ക്കുന്നത്. ദിവ്യങ്ങളായ മഹാവേദങ്ങൾ പറഞ്ഞുതരുന്ന അർത്ഥവും ജ്ഞാനസിദ്ധരായ മുനിമാരുടെ വാക്കുകളും ഒന്നു തന്നെയാണ്. ലോകത്തെ എല്ലാ ആഗമങ്ങൾക്കും, ശൈവവൈഷ്ണവ പ്രമാണഗ്രന്ഥങ്ങൾക്കും എല്ലാ മതപ്രമാണങ്ങൾക്കും ഒരേ ഒരു പൊരുളാണുള്ളത്.

ആത്മോപദേശശതകത്തിൽ ഗുരുദേവൻ പറയുന്നു

പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം.

അവരവരുടെ മതമാണ് വലുതെന്ന് വിചാരിച്ച് അന്ധർ ആനയെക്കണ്ടപോലെ പല വിധയുക്തികൾ പറഞ്ഞ് മഠയന്മാർ അലയുന്നു . എല്ലാ മതങ്ങളുടെ സാരവും ഒന്ന് തന്നെയാണ് എന്ന് കണ്ട് അവർ അലയുന്നത് പോലെ അലയാതെ ശാന്തമായി സത്യം തിരയണം.

നബിനിനാശംസകൾ. കരുണാവാനായ നബി മുത്തുരത്നം എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ.