Monday, May 30, 2016

നരസിംഹറാ‍വു അങ്ങേയ്ക്ക് സമാധാനമുണ്ടാവട്ടേ...


നെഹ്രു കാലം മുതലേയുള്ള കോൺഗ്രസ്സ് പാർട്ടിയുടെ സകല പിന്നാമ്പുറ വിഴുപ്പലക്കലുകളിലും ഭാഗഭാക്കായിരുന്നെങ്കിലും ഒരു പ്രത്യേക കാലത്ത് ഭാരതത്തിന്റെ ഭാഗധേയം തന്നെ മാറ്റാൻ വഴിതെളിച്ച, വലിയ ദീർഘവീക്ഷണമുണ്ടായിരുന്ന നല്ലൊരു ഭരണാ‍ധികാരിയായിരുന്നു.

നെഹ്രു കുടുംബവാഴ്ചയുടെ കളിപ്പാട്ടമെന്നതിൽക്കവിഞ്ഞ് ഭാരതവികസനത്തിനും പുരോഗതിയ്ക്കും ഗവണ്മെന്റിനെ ഉപയോഗിച്ച ചുരുക്കം ഭരണാ‍ധികാരികളിലൊരാൾ.

ആധുനിക നേതാക്കളിൽ ഒരു സ്മാരകം വേണ്ടത് ഈ മനുഷ്യനു തന്നെയാണ്. മരിച്ചുമണ്മറഞ്ഞ, ഭാരതത്തെ ഭാരതമാക്കാൻ വല്ലാതെ ശ്രമിച്ചെങ്കിലും നമ്മളെല്ലാവരാലും നട്ടാൽക്കുരുക്കാത്ത നുണകളാൽ അഭിഷേകം ചെയ്യപ്പെട്ട് സ്വജീവിതസമയത്ത് ഒരു നല്ലവാക്കുപോലും കേൾക്കാതെ അരങ്ങൊഴിഞ്ഞ ഒരു ജീവിതമാണിത്. ആ നല്ലൊരു ഭരണാ‍ധികാരിയുടെ ഓർമ്മകൾക്കെങ്കിലും ശാന്തിയുണ്ടാവട്ടെ.

നമ്മൾ ഭാരതീയർ നന്ദിയില്ലാത്ത വർഗ്ഗമെന്ന് വരും തലമുറ പറയാതിരിയ്ക്കാനെങ്കിലും. അല്ല സ്വയം ബോധിപ്പിയ്ക്കാനെങ്കിലും.

ഈ മനുഷ്യനെയും അദ്ദേഹത്തിന്റെ ഗവണ്മെന്റ് കൈക്കൊണ്ട നടപടികളേയും യാതൊരു ശാസ്ത്രീയാടിസ്ഥാനവുമില്ലാതെ പ്രൊപ്പഗാണ്ടാ യുദ്ധങ്ങളിൽ മുക്കിക്കൊല്ലാൻ കോടിക്കണക്കിനു പേജുകളും ആളും അർത്ഥവും ചെലവഴിച്ച ചിലരുണ്ട്.

വൈകുന്നേരങ്ങളിൽ യാങ്കി ഭീകരനെ തെരുവുകൾ തോറും തച്ചുകൊന്ന് സംതൃപ്തിയടഞ്ഞ് അവനവന്റെ സർക്കാർ ലാവണങ്ങളിൽ മൃഷ്ടാന്നം ഭുജിച്ചമർന്നിരുന്ന് നാട്ടുകാരനെ കപടവാദങ്ങളും വൈകാരിക ആക്രമണങ്ങളും കൊണ്ട് പറഞ്ഞ് പറ്റിയ്ക്കാനിറങ്ങുന്നവർ.

കേരളത്തിന്റെ ബൗദ്ധികപാപ്പരത്തത്തിന്റെ കാവലാൾമാരായ ഈ അണിയറജീവികൾ, ഇടത്കക്ഷം അധികാരത്തിലെത്തുമ്പൊ പ്ളാനിങ്ങ് ബോർഡിന്റെ ചുറ്റുവട്ടങ്ങളിൽ കറങ്ങിയടിച്ചും എറിഞ്ഞുകൊടുക്കുന്ന അരക്കാറും നാലുതുട്ടും നോക്കി വാലാട്ടുന്ന ഫ്രാക്ഷൻ കളിച്ച് ജീവിയ്ക്കുന്ന മഹാത്മാക്കളാണ്. വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. വലിയൊരു മൂവ്മന്റിനെ തൊഴുത്തിൽക്കെട്ടിയതിന്റെ കയറുമായിട്ട്. ഇപ്പം പ്രധാനാവശ്യം വിഴിഞ്ഞത്തിനെ ഒലത്തണമെന്നാണത്രേ!

പത്തിരുപത് കൊല്ലം മുന്നേ പറഞ്ഞ് പറ്റിച്ചപോലെ ഇന്നും പറ്റിയ്ക്കപ്പെടാൻ കലുങ്കിൽ ബീഡീം വലിച്ച് യാങ്കിഭീകരനുമായി സാങ്കൽപ്പികയുദ്ധത്തിൽ ഏർപ്പെടാൻ ഡോൺ ക്വിക്സോട്ടുമാരില്ല അധികമിന്ന്.

കാരണം നരസിംഹറാവു സഹായിച്ച് സകലവനും കോർപ്പറേറ്റ് ലാവണങ്ങളിലാണ്. അത്യാവശ്യം അരിയ്ക്ക് കാശുമുണ്ട്. സർക്കാർ ലാവണക്കാരൻ ബാബുവിന്റെ ആജ്ഞ അനുസരിച്ച് തുള്ളണമെന്നതിലപ്പുറം, അവൻ പറയുന്നത് പാടണമെന്നതിലപ്പുറം ഉദാരവൽക്കരണം മനുഷ്യനെ പലതും പഠിപ്പിച്ചും പോയി.

പക്ഷേ ബൗദ്ധികപാപ്പരത്തത്തിന്റെ കാര്യത്തിൽ ആരോ പറഞ്ഞപോലെ ഞാനുമൊരു ഊളയായ സ്ഥിതിയ്ക്ക് എന്നും ഊളകളുണ്ടാവും ചെല്ലുവിളിയ്ക്കെന്ന് മാത്രം ഓർക്കുന്നു. പ്ളാനിങ്ങ് ബോർഡും ഉപദേശകസ്ഥാനങ്ങളും എല്ലാക്കാലത്തുമുണ്ടാവുകയും ചെയ്യുമല്ലോ.

നരസിംഹറാവു, അങ്ങേയ്ക്ക് സമാധാനമുണ്ടാവട്ടെ. ഞങ്ങൾ ഭാരതീയർ (എല്ലാവരും) അത്ര നെറികെട്ട വർഗ്ഗമല്ല, At the end of the day.

No comments:

Post a Comment