Saturday, August 01, 2015

ചതിയന്മാരായ ചോരകുടിയൻ ചെന്നായ്ക്കളെ കാണാതിരിയ്ക്കരുത്

ഈയിടെ ഭാരതത്തിൽ നടന്ന വധശിക്ഷയെ വധശിക്ഷയെക്കെതിരായ ഒരു ചർച്ചയായി ഉയർത്തിക്കൊണ്ട് വരുന്നതിലും ആരോഗ്യപൂർണ്ണമായ സംവാദങ്ങൾ ആ വിഷയത്തിൽ നടക്കുന്നതിലും ഒരു കുഴപ്പവുമില്ല. ചർച്ചകളും സംവാദങ്ങളും നടക്കണം. സമൂഹത്തിന്റെ മുന്നോട്ട്പോക്കിനു അത് തീർച്ചയായും ആവശ്യമാണ്.  ഏത് കുറ്റവാളിയോടും ക്ഷമിയ്ക്കുകയും അവരെ നന്മയുടെയും സത്യത്തിന്റേയും മാർഗ്ഗത്തിലേക്ക് നടത്തുകയും ചെയ്യുക തന്നെയാണ് കാരുണ്യമൂർത്തികളുടെ ഭാരതത്തിന്റെ രീതി.
രാഷ്ട്രത്തിന്റെ ജോലി പ്രതികാരം ചെയ്യലുമല്ല. ചർച്ചകൾ നടക്കട്ടെ.

പക്ഷേ ഈ വിഷയത്തിലെ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖരുടെ അഭിപ്രായപ്രകടനങ്ങൾ ജാതിമതഭേദമന്യേ സകലരേയും അത്ഭുതപ്പെടുത്തി. വധശിക്ഷയ്ക്കെതിരായ സംവാദത്തെ അവരിന്ന് നീതിന്യായവ്യവസ്ഥ ഒരു മതക്കാർക്ക് അനുകൂലമായി വിധിയ്ക്കുന്നുവെന്നും ഭാരതത്തിന്റെ നീതിന്യായവ്യവസ്ഥ പക്ഷപാതപരമായി പെരുമാറുന്നുവെന്നുമുള്ള ജുഗുപ്സാവഹമായ കപടാരോപണത്തിന്റെ ചാലിലേയ്ക്ക് തള്ളിയിട്ടിരിയ്ക്കുകയാണ്. വധശിക്ഷയ്ക്ക് എതിരേ സംസാരിയ്ക്കുന്നതിനു പകരം യാക്കൂബ് മേമനെന്ന കൊടും കുറ്റവാളിയെ വെള്ള പൂശുനതിനാണ് ഈ ചാലിലൂടെയൊഴുകുന്ന അഴുക്കുറവകളുടെ മുഴുവൻ ശ്രമം. ഈ വിഷയത്തെ വേറൊരു വീക്ഷണകോണിലൂടെ നോക്കിക്കാണാവുള്ള ഒരു ശ്രമമാണിത്.

1.പാകിസ്ഥാൻ ഐ എസ് ഐ യുടെ പദ്ധതിപ്രകാരം അവരിൽ നിന്ന് പണം വാങ്ങി യാക്കൂബ് മേമൻ അദ്ദേഹത്തിന്റെ അണ്ണൻ ടൈഗർ മേമനുമൊത്ത് നടത്തിയ മുംബൈ ബോംബ് സ്ഫോടനങ്ങളിൽ 257 പേർ മരിച്ചു. 713 പേർക്ക് ഗുരുതരമായ അംഗവൈകല്യമുണ്ടായി. അവരിൽ സകല മതക്കാരുമുണ്ടാരുന്നു.

2.. ബോംബുകൾ ഗൂണ്ടാപ്പടയെക്കൊണ്ട് എല്ലാം ശരിയാക്കി വച്ച ശേഷം സ്ഫോടനം നടക്കുന്നതിനു മുന്നേ ഐ എസ് ഐ അവരെ കുടുംബത്തോടൊപ്പം സുരക്ഷിതമായി പാക്കിസ്ഥാനിലെത്തിച്ച് അവിടെ സകല സൗകര്യങ്ങളും ചെയ്ത് കൊടുത്തു. ടൈഗർ മേമൻ മാത്രം സ്ഫോടനം കാണാൻ മുംബൈയിൽ നിന്നു. അതിനു ശേഷം അയാളും കറാ‍ച്ചിയിലെത്തി. പാകിസ്ഥാൻ പാസ്പോർട്ടും രേഖകളും നൽകി. വിമാനത്താവളത്തിൽ നിന്ന് സുരക്ഷാ പരിശോധനകൾ പോലുമില്ലാതെ ഐ എസ് ഐ ഉദ്യോഗസ്ഥരോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് യാക്കൂബ് മേമൻ തന്നെ പറഞ്ഞിരിയ്ക്കുന്നത്. വീടും, വസ്തുവകകളും, ബിസിനസും, ദുബായിൽ ബിസിനസും ഒക്കെ ചെയ്ത് കൊടുത്തു.

3.കുറച്ച് നാളുകൾക്ക് ശേഷം മുംബൈയിലെ ചില ഇടപാടുകൾ സംബന്ധിച്ച് വക്കീലന്മാരെ കാണാൻ നേപ്പാളിലെത്തിയ മേമനെ ഇൻഡ്യൻ ഇന്റലിജൻസ് പൊക്കി. ഇത്തരം ഒരു പൊക്കൽ ബേബി എന്ന അക്ഷയ് കുമാർ സിനിമയിൽ കാണാം.

4.ഔദ്യോഗികമായി ഡൽഹി തീവണ്ടിയാപ്പീസിൽ തീവണ്ടി കയറാൻ നിന്നപ്പോൾ അറസ്റ്റ് ചെയ്തെന്നാണ്. കാഠ്മണ്ടുവിൽ നിന്ന് പൊക്കിക്കൊണ്ട് വരുന്ന സകലവനും ഔദ്യോഗികമായി ഡൽഹി തീവണ്ടിയാപ്പീസിലാണ് തീവണ്ടി കയറാൻ നിൽക്കുന്നത്. അത് കീഴ് വഴക്കങ്ങളനുസ്സരിയ്ക്കാതെ ഒരു വിദേശരാജ്യത്തൂന്ന് അറസ്റ്റ് ചെയ്തെന്ന് കൊടതിയിൽ പറയുവാൻ ഉള്ള ഭരണഘടനാപരമായ പരിമിതികളുള്ളതുകൊണ്ടാണ്. യാക്കൂബ് തന്നെയാണ് അയാളെ കാഠ്മണ്ടുവിൽനിന്നാണ് അറസ്റ്റ് ചെയ്തതെന്ന് സമ്മതിച്ചിട്ടുള്ളത്. അല്ലാതെ അയാൾ ഡൽഹിയിൽ വന്ന് കീഴടങ്ങുകയായിരുന്നില്ല.

5.ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ (ഇടിച്ചും പിഴിഞ്ഞുമല്ല) മേമൻ സകലതും സമ്മതിയ്ക്കുകയും സ്ഫോടനങ്ങളിൽ പാകിസ്ഥാൻ ഗവണ്മെന്റിന്റെ സഹായവും ആസൂത്രണവും വെളിപ്പെടുത്തുന്ന രേഖകൾ ഭാരതത്തിനു കൈമാറുകയും ചെയ്തു. ചോദ്യം ചെയ്യലിൽ യാക്കൂബിനു വധശിക്ഷ കൊടുക്കില്ല,  ചെറിയ ശിക്ഷയേ നൽകുള്ളൂ എന്നൊക്കെ പറഞ്ഞായിരുന്നു അയാളിൽ നിന്ന് ഈ രേഖകൾ പിടിച്ചെടുത്തതെന്ന് പിന്നീടുണ്ടായ ചില വാർത്തകൾ തെളിയിയ്ക്കുന്നുണ്ട്. ഇവനെ ചോദ്യം ചെയ്തവരിലൊരാളായ റോ തലവൻമാരിലെ ബീ രാമൻ ഇയാൾക്ക് വധശിക്ഷ നൽകുന്നത് നല്ലതല്ല എന്ന് വാദിച്ചിട്ടുള്ളത് കൂടെ നോക്കിയാൽ അത് മനസിലാവും. ചോദ്യം ചെയ്യലിൽ അങ്ങനെയൊക്കെ പറയും. നിയമത്തിന്റെ കണ്ണിൽ അതിനു സാധൂകരണം ഉണ്ടാവണം എന്നില്ല. മാത്രവുമല്ല ഇയാളെ വധശിക്ഷ നൽകാതിരുന്നാൽ ബാക്കി പാകിസ്ഥാനിൽ താമസിയ്ക്കുന്ന ഇൻഡ്യാക്കാരായ കുറ്റവാളികളും ഇൻഡ്യയിൽ വന്ന് കീഴടങ്ങാൻ സാധ്യതയുണ്ട് എന്നും ഒരു കാര്യമുണ്ടായിരുന്നു.

6. പക്ഷേ മാപ്പുസാക്ഷിയാക്കാവുന്നതിലുമപ്പുറം തെളിവുകൾ അയാൾക്കെതിരേയുണ്ടായിരുന്നെന്നു. ബോംബ് സ്ഫോടനങ്ങൾ നടത്തിയെന്നത് പോലെതന്നെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റെന്ന നിലയിൽ കൂർമ്മബുദ്ധിയായ യാക്കൂബ് അതി വിദഗ്ധമായാണ് പാകിസ്ഥാനിൽ നിന്നുള്ള പണം ആ പ്രവർത്തനത്തിനായി സുരക്ഷാ ഏജൻസികളുടെ കണ്ണ് വെട്ടിച്ച് ഒഴുക്കിയത്. ആ അക്കൗണ്ടൻസി ബാങ്കിങ്ങ് വൈദഗ്ധ്യം ഇല്ലാതിരുന്നെങ്കിൽ നമ്മുടെ സുരക്ഷാ ഏജൻസികൾക്ക് ഈ പണം വരുന്നത് കണ്ട് സംശയമുദിച്ചേനേ. പല ബാങ്ക് അക്കൗണ്ടുകളിലും കള്ളപ്പേരുകളിലുമായി ടൈഗർ മേമന്റെ പേരിൽ യാക്കൂബ് കുഴൽപ്പണം എത്തിച്ചു. ആ പണം വേണ്ടപ്പെട്ടവർക്ക് ആരുമറിയാതെ കൊടുത്തു. യാക്കൂബ് മേമന്റെ സാമ്പത്തിക ആസൂത്രണ വൈഭവമാണ് 257 പേരുടെ കൊലയിലേക്കും 713 പേരുടെ അംഗവൈകല്യത്തിലേക്കും എത്തിച്ചത്. ഒരു ശരാശരി ഗുണ്ട മാത്രമായ ടൈഗർ മേമനു ഇത്രയും കൃത്യമായി ഇതൊന്നും ആസുത്രണം ചെയ്യാനുള്ള കഴിവുമില്ലായിരുന്നു. മാത്രമല്ല യാക്കൂബ് പൂർണ്ണമായും അന്വേഷണത്തോട് ഒരു മാപ്പുസാക്ഷിയെന്ന നിലയിൽ കണക്കാക്കാനാവും വിധം സഹകരിച്ചിട്ടുമില്ല. അതുകൊണ്ട് നിയമം അനുശാസിയ്ക്കുന്ന പരമാവധി ശിക്ഷ അയാൾക്ക് നൽകുന്നതിനു കുറ്റാന്വേഷണ ഏജൻസികളുടെ വക്കീലന്മാർ വാദിയ്ക്കുകയും കോടതി അത് നൽകുകയും ചെയ്തു.അയാൾക്കയാളുടെ ഭാഗം പറയാൻ ഈ രാജ്യത്തെ ഏറ്റവും വിലകൂടിയ അഭിഭാഷകരുമുണ്ടായിരുന്നു. എന്നിട്ടും കീഴ്ക്കോടതി മുതൽ സുപ്രീം കോടതി വരെയും രാഷ്ട്രപതിയും പരമാവധി ശിക്ഷ തന്നെ വേണമെന്ന് ശരിവച്ചു. മരണം വരെ തൂക്കിക്കൊല്ലലാണ് ഇൻഡ്യയിൽ നിയമം അനുശാസിയ്കുന്ന പരമാവധി ശിക്ഷ. ഇയാൾ അത് അർഹിയ്ക്കുന്നുമുണ്ട്. എന്നാൽ ഈ കേസിൽ മുഹമ്മദ് ഒമർ എന്നും ബാദ്ഷാ ഖാൻ എന്നും കള്ളപ്പേരുള്ള (ഐഡന്റിറ്റി ഒളിച്ച് വയ്ക്കാൻ) രണ്ട് പേരെ പ്രോസിക്യൂഷൻ മാപ്പ് സാക്ഷികളാക്കിയിട്ടുണ്ട്. പത്തോളം ആൾക്കാരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി മാറ്റി.

7. ഇയാളൊരു തീവ്രവാദിയുമല്ല. പണം മാത്രമായിരുന്നു ഉദ്ദേശം. പണം വാങ്ങി ഓപ്പറേഷനുകൾ നടത്തുന്ന വാടകക്കൊലയാളികൾ മാത്രമാണിയാളും ഇയാളുടെ കുടുംബവും.

8.ഇതേ കേസിൽ തന്നെ മുംബൈയിലെ അഡീഷണൽ കസ്റ്റംസ് കളക്ടറയ എസ് എൻ ഥാപ്പയെ ജീവപര്യന്തം തടവിനും, അഡീഷണൽ കമ്മീഷണറായ ആർ കേ സിംഗിനെ ഒൻപത് വർഷത്തെ കഠിനതടവിനും കസ്റ്റംസ് ഇൻസ്പെക്ടറായ ജയന്ത് ഗുരവിനെ എട്ട് വർഷത്തെ കഠിന തടവിനും പോലീസ് കോൺസ്റ്റബിളായ വിജയ് പട്ടേലിനെ ജീവപര്യന്തം കഠിനതടവിനും അശോക് മൂലേശ്വർ, രമേഷ് മാലി , പീ എം മഹാധിക്, എസ് വൈ പൽഷികർ എന്നീ പോലീസ് കോൺസ്റ്റബിൾമാരെ ആറു വർഷത്തെ കഠിനതടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്.ഇവർക്കെല്ലാം വളരെ വലിയ പിഴയും ചുമത്തിയിട്ടുണ്ട്. പല സമയത്ത് സ്ഫോടനത്തിനു കാരണമാകുന്ന രീതിയിൽ ജോലിസമയത്ത് കൈക്കൂലി വാങ്ങിയെന്നതാണ് ഇവരുടെയെല്ലാം കുറ്റം. എല്ലാ മതത്തിൽപ്പെട്ടവരും കുറ്റവാളികളിൽ ഉണ്ട്. ലോകത്തെ മിക്ക തീവ്രവാദസംഘടനകുടെയും തലതൊട്ടപ്പരായ പാകിസ്ഥാന്റെ ചാരസംഘടന ഐ എസ് ഐ ഭാരതത്തെ അസ്ഥിരപ്പെടുത്താൻ മാത്രമാണ് ആ സ്ഫോടനങ്ങൾ ആസൂത്രണം നടത്തിയത്. അല്ലാതെ അതിൽ ഒരു മത താൽപ്പര്യവും ഇല്ല. ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം മുസ്ലീങ്ങളിൽ ആരോപിയ്ക്കുകയും അതുവഴി സമുദായമൈത്രി തകർക്കുകയുമായിരുന്നു ഐ എസ് ഐ യുടെ ഉദ്ദേശമെന്ന് വ്യക്തമാണ്.

9. ഇരുപത്തിരണ്ട് കൊല്ലം ആലോചിച്ചിട്ടാണ് സ്റ്റേറ്റ് ഇയാളെ തൂക്കിക്കൊല്ലാൻ അവസാനമായി സമ്മതിയ്ക്കുന്നത്. കേസിൽ ഇയാൾക്ക് വേണ്ടി രാജ്യത്തെ വിലയ്ക്കെടുക്കാവുന്ന സകല വക്കീലന്മാരും ഹാജരായി. പല കോടതികളിൽ വിചാരണ നടന്നു. എന്നിട്ടും പരമാവധി ശിക്ഷ നൽകിയെങ്കിൽ ഇയാൾക്കെതിരേ എത്രത്തോളം തെളിവുകളുണ്ടായിരുന്നു എന്ന് ഓർക്കണം. ഉണ്ടവിഴുങ്ങി വക്കീലന്മാരും ആയിരം രൂപയും മുള്ളൂരു വക്കീലുമുണ്ടെങ്കിൽ ആരെയും കൊല്ലാം എന്നൊക്കെ പഴഞ്ചൊല്ലുമുള്ള നാടാണിത്. ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും വേണ്ടൂല്ല ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നീതിവ്യവസ്ഥ പുലരുന്നയിടം. ആ വ്യവസ്ഥയിൽ ഒരാളെ തൂക്കിക്കൊല്ലാൻ വിധിയ്ക്കുന്നത് അപൂവർത്തിൽ അത്യപൂർവമായ കേസുകളിൽ വ്യക്തമായ തെളിവുകളുണ്ടെങ്കിലേ ഉള്ളൂ.

10.ഇയാളെ മുസ്ലീം സമുദായവുമായി ചേർത്ത് പറയുന്നത് ഇന്നാട്ടിലെ സകല മുസ്ലീങ്ങളേയും വാടകക്കൊലയാളികളെന്ന് മുദ്ര കുത്തുന്നതിനു തുല്യമാണ്. ടൈഗർ മേമൻ മുസ്ലീമാണെന്ന് പറയുന്നത് ഹിറ്റ്ലർ കൃസ്ത്യാനിയാണെന്ന് പറയുന്നത്പോലെയാണ്.

11. വധശിക്ഷ നല്ലതല്ല. പക്ഷേ അത് പരമാവധി ശിക്ഷയായി നിലനിൽക്കുന്നടത്തോളം അത് നൽകിയേ പറ്റൂ. 2007 മുതൽ 2012 വരെയുള്ള അഞ്ച് വർഷ കാലയളവിൽ ചൈനയിൽ രണ്ടായിരത്തോളം പേരെയാണു വധശിക്ഷ നടപ്പാക്കിയത്. ഇറാനിൽ 1663, അമേരിയ്ക്കയിൽ 220, (അമേരിയ്ക്കൻ പൗരന്മാർ ആദ്യം അത് നിർത്തിച്ചിട്ട് ഇവിടത്തെ നിർത്തിക്കാം) പാക്കിസ്താനിൽ 171, ജപ്പാനിൽ 33, സിംഗപ്പൂരിൽ 4 പേരെ വീതം ഈ കാലയളവിൽ വധശിക്ഷയ്ക്ക് വിധേയരാക്കി. ഭാരതത്തിൽ കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിൽ മൂന്ന് പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. അത് മൂന്നും കൊടും തീവ്രവാദി ആക്രമണങ്ങളുടെ പേരിലായിരുന്നു. ശരിയാണ് അവർ മുസ്ലീങ്ങളായിരുന്നു. പക്ഷേ അതിലൊരാൾ പാകിസ്ഥാനിയും ഒരാൾ കാശ്മീരിതീവ്രവാദിയും, ഒരാൾ യാക്കൂബ് മേമനെന്ന മാഫിയാക്കാരനുമാണ്. ഇതിലെവിടെയാണു ഇന്നാട്ടിലെ മുസ്ലീം സമുദായം വരുന്നത് ? അവരും ഇവരുമായി എന്താണു ബന്ധം?

12. ബന്ധമുണ്ടാക്കാനാണ് ചതിയന്മാരുടെ നിലവിളിയെല്ലാം. മുസ്ലീങ്ങൾക്ക് അവർ ഇത്തരം കുറ്റവാളികൾ അവരുടെ ആൾക്കാരെന്ന് തോന്നണം.അവരെയാണു എല്ലാം തൂക്കിക്കൊല്ലുന്നതെന്ന് വിശ്വസിപ്പിച്ച് ഇന്നാട്ടിലെ ജുഡീഷ്വറിയിൽ വിശ്വാസമില്ലാതെയാക്കണം. മുസ്ലീങ്ങൾ കൂടുതൽ പൊതുസമൂഹത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെടണം. ഹിന്ദുക്കൾക്ക് അത് കണ്ട് ഇവരുടെ നിലവിളിയും അവരുടെയിടയിൽത്തന്നെയുള്ള വർഗ്ഗീയവാദികളുടെ പ്രചരണവും കണ്ട് കൂടുതൽ മുസ്ലീങ്ങളെ വെറുക്കണം. പരസ്പരം വെറുപ്പും അകൽച്ചയും  വലുതായി കലാപങ്ങളും കൂട്ടക്കൊലകളുമുണ്ടാകണം. ഇന്നാട്ടിനെ നശിപ്പിയ്ക്കണം. . ഇവിടെ നിലനിൽക്കുന്ന നിയമവാഴ്ച തകരണം. എന്നിട്ട് വേണം നമ്മക്ക് വിപ്ളവം വരുത്താൻ.

ആ നിലവിളികളുടെയൊക്കെ അടിസ്ഥാനമിതാണ്.

13. മുസ്ലീങ്ങളല്ലാത്തവരോടൊരു വാക്ക്. ഒരുപാട് ഹിന്ദുമത വർഗ്ഗീയവാദികൾ മുസ്ലീങ്ങളെ തൂക്കിക്കൊല്ലുമ്പോൾ മാത്രം ജനം നിലവിളിയ്ക്കുന്നു അതിനു മുന്നേ ഇല്ലാരുന്നു എന്നൊക്കെപ്പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. ഈ നിലവിളിയ്ക്കുന്നവരുടെ ഉദ്ദേശം അത് മാർക്സിസ്റ്റുകാരായാലും ഇവരായാലും ഇതാണെന്ന്മനസ്സിലാക്കി നാടിന്റെ മതേതരത്വം സംരക്ഷിയ്ക്കുകയും ന്യൂനപക്ഷസമുദായങ്ങൾക്കെല്ലാം അവരവരുടെ വിശ്വാസപ്രമാണങ്ങളും ജീവിതരീതിയും കാത്ത് രക്ഷിച്ചുകൊണ്ട് ഇന്നാട്ടിൽ ജീവിയ്ക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്യേണ്ടത് മുസ്ലീങ്ങളും ഹിന്ദുക്കളും കൃസ്ത്യാനികളും സിക്കുകാരും മതരഹിതരുമൊക്കെയായ ഹിന്ദു ദേശത്തിലുള്ള ആ ഹിന്ദുക്കൾ ആയ നമ്മുടെയെല്ലാവരുടേയും കടമയാണ്.

അത് അൽ ഹിന്ദ് ലെ ഹിന്ദുവാണ്, ഹിന്ദ് ദേശ് കേ നിവാസി യിലെ ഹിന്ദുവാണ്, ഹിന്ദുസ്ഥാനിലെ ഹിന്ദുവാണ് അല്ലാതെ ഹിന്ദുമതത്തിലെ ഹിന്ദു മാത്രമല്ല.

ചതിയന്മാരായ ചോരകുടിയൻ ചെന്നായ്ക്കളെ നമ്മൾ കാണാതിരിയ്ക്കരുത്.കടപ്പാട്: ദിൽബാസുരൻ, രാജീവ് കെ

(ഇത് ജനം ടീവിയിൽ പ്രസിദ്ധീകരിച്ച കുറിപ്പാണ്. )

No comments:

Post a Comment