Saturday, June 13, 2015

ഇരുമ്പൻ പുളിയും കൊളസ്ട്രോളും

ദിവസേന ഫേസ്ബുക്കിൽ കൊളസ്റ്റ്രോൾ കുറയ്ക്കാനുള്ള ഉപദേശങ്ങളുമായി റീഷെയറുകൾ തകർക്കുകയാണ്. ഈയിടെ കണ്ട ഒന്ന് ഇലുമ്പിയ്ക്ക എന്ന ഇരുമ്പൻ പുളി https://en.wikipedia.org/wiki/Averrhoa_bilimbi ജ്യൂസടിച്ച് കുടിച്ചാൽ കൊളസ്ട്രോൾ കുറയും എന്നതാണ്.

ഒന്നോ രണ്ടോ ഇലുമ്പിയ്ക്കാ തിന്നുന്നതിൽ ദോഷമൊന്നുമില്ല. എനിയ്ക്ക് അച്ചാറിട്ടാൽ നല്ല ഇഷ്ടമുള്ള സംഭവവുമാണത്. പക്ഷേ റീഷെയറുകൾ തകർത്തപ്പൊ കൊളസ്റ്റ്രോൾ കുറയ്ക്കും എന്ന് വിചാരിച്ച് ജനം അത് കിലോക്കണക്കിനു ജ്യൂസടിച്ച് കുടിയ്ക്കാൻ തുടങ്ങി.

നമ്മൾ പലപ്പോഴും ഓർക്കാതെ പോകുന്നതാണ് ഈ ജ്യൂസെടുക്കുമ്പോൾ സ്വാഭാവികമായി നമ്മൾ ഒരു കാരണവശാലും അകത്താക്കാത്ത അത്ര പഴങ്ങളുടെ സത്താണ് കഴിയ്ക്കുന്നത് എന്ന്.ഒരുഗ്ളാസ് ഓറഞ്ച് ജ്യൂസിൽ ഏഴോ എട്ടോ ഓറഞ്ച് ഉണ്ടാവും. അരാണ് ഒരിരുപ്പിനിരുന്ന് അത്രയും ഓറഞ്ച് കഴിയ്ക്കുക. എന്നാൽ രണ്ടോ മൂന്നോ ഗ്ളാസ് ജ്യൂസ് കുടിയ്ക്കുകയും ചെയ്യും. You do the math .ഓറഞ്ച്, ആപ്പിൾ മുതലായ പഴങ്ങൾ ജ്യൂസ് കുടിച്ചാൽ വളരെയധികം കലോറി അകത്താവും എന്നതാണ് ഒരു പ്രശ്നം. അതുകൊണ്ടാണ് പഴങ്ങൾ ജ്യൂസ് ആക്കി കുടിയ്ക്കുന്നത് അത്ര നല്ലതല്ല എന്ന് പറയുന്നത്. എന്നാൽ സ്മൂത്തി ആക്കിയാൽ കഴിയ്ക്കുന്ന അളവേ കഴിയ്ക്കൂ. ഫൈബറും മറ്റും നഷ്ടപ്പെടുകയുമില്ല. അതും പഴവർഗ്ഗങ്ങൾ അങ്ങനെതന്നെ കഴിയ്ക്കുന്നതിനു തുല്യമല്ല എന്നാലും ജ്യൂസിനേക്കാൾ മെച്ചമാണു സ്മൂത്തി.

അതുപോലെ ഒരിയ്ക്കലും നമ്മൾ ഒരു കിലോ ഇലുമ്പിയ്ക്കായ കഴിയ്ക്കില്ല. പക്ഷേ ജ്യൂസാക്കിയാലോ ഒരുഗ്ളാ‍സോ മറ്റോ കാണുകയേ ഉള്ളൂ.എന്തായാലും കൊളസ്റ്റ്രോൾ കുറയ്ക്കാൻ ഇരുമ്പൻ പുളി ജ്യൂസടിച്ച് കുടിച്ച പലർക്കും കിഡ്നി ഫെയിലിയർ ആയി
http://www.ncbi.nlm.nih.gov/pmc/articles/PMC3741977/

ഇരുമ്പിയ്ക്കയിൽ വൻ തോതിൽ അടങ്ങിയിരിയ്ക്കുന്ന ഓക്സാലിക് ആസിഡ് കിഡ്നിയിൽ അടിഞ്ഞാണ് ഇത് സംഭവിച്ചത്. ഈ പേപ്പറിൽ പറയുന്ന പലർക്കും എട്ട് പത്ത് ദിവസത്തോളം ഡയാലിസിസ് വേണ്ടിവന്നു.

ഈ പേപ്പർ എഴുതിയിരിയ്ക്കുന്ന നെഫ്രോളജിസ്റ്റുകൾ പലരും എനിയ്ക്ക് നേരിട്ടറിയാവുന്നവരാണ്. ഇതേപ്പറ്റി എവിടേയോ പറഞ്ഞപ്പൊ ബഹുരാഷ്ട്രക്കുത്തകകൾടെ ചാരന്മാരും കൊളസ്റ്റ്രോൾ മരുന്നുകൾ വിറ്റഴിയ്ക്കാനുമാണ് ഇത് എഴുതിയതെന്നായിരുന്നു ചീത്തവിളി. കേരളത്തിലെ പ്രമുഖ നെഫ്രോളജിസ്റ്റുകളാണ് ഈ പേപ്പറെഴുതിയവർ.

ഡയബറ്റിസ്, കൊളസ്റ്റ്രോൾ, ബീപീ തുടങ്ങി ഒരുപാട് അസുഖങ്ങൾക്ക് അവനവനു തോന്നിയമാതിരി ജനം ഒറ്റമൂലികൾ പ്രിസ്ക്രൈബ് ചെയ്യും. ഇത് ഫ്രൂട്ടല്ലേ ജ്യൂസടിച്ച് കുടിച്ചാൽ എന്ത് വരാനാണെന്നാണു വാദം. ദയവു ചെയ്ത് എന്ത് തേങ്ങയായാലും അമിതമായി ഉപയോഗിയ്ക്കാതിരിയ്ക്കുക.

ട്രെഡിഷണൽ ആയൂർവേദ മരുന്നുകൾ ഒരുപക്ഷേ മനുഷ്യൻ മനുഷ്യനാവും മുന്നേ തുടങ്ങിയ ട്രയൽ ആൻഡ് എറർ നിരീക്ഷണങ്ങളുടെ ഫലമാണ്. പല പ്രൈമേറ്റ് വർഗ്ഗങ്ങളും പച്ച മരുന്നുകൾ ഫലപ്രദമായി ഉപയോഗിയ്ക്കുന്നു എന്ന് നിരീക്ഷണങ്ങളുണ്ട്.എന്നിട്ടും അനാവശ്യമായ ഉപയോഗം പലർക്കും അസുഖങ്ങൾ കുറയ്ക്കുന്നതിലുപരി പുതിയ അസുഖങ്ങൾ ഉണ്ടാക്കുന്നു. സുഖചികിത്സ എന്ന പേരിൽ അസുഖമൊന്നുമില്ലാതെ കുറേ മരുന്നും കഷായവും കഴിച്ച് ആശുപത്രിയിലാവുന്നവരുടെ എണ്ണം കൂടുന്നു.

കൊളസ്റ്റ്രോളോ, ഡയബീറ്റീസോ ബീ പീ യോ പോലെയുള്ള രോഗങ്ങൾ മിക്കവരിലും നമ്മൾ ഒരുപാടു കാലം കൊണ്ട് ആർജ്ജിച്ച ജീവിതശൈലികളിൽ നിന്ന് വരുന്നതാണ്. ചിലരിൽ ജനിതകവ്യതിയാനങ്ങൾ കൊണ്ടും. ഇതൊക്കെ പക്ഷേ ഗുരുതരമായില്ലേൽ ജീവിതശൈലിയിൽ നല്ല മാറ്റം വരുത്തിയാൽ കുറേയേറെ നിയന്ത്രിയ്ക്കാം എന്ന് ശാസ്ത്രം തന്നെ തെളിയിച്ചിട്ടുണ്ട്.Yes we could reverse that process. ആഹാരക്രമത്തിൽ മാറ്റം വരുത്തുകയും വ്യായാമം ചെയ്യുകയും ഒക്കെയാണതിനുള്ള മാർഗ്ഗങ്ങൾ.  അല്ലാതെ ചാരുകസാരയിൽ അനങ്ങാതിരുന്ന് ഒറ്റമൂലിയായി ഇരുമ്പൻ പുളിയും മറ്റും ജ്യൂസടിച്ച് കുടിച്ചാൽ പഴയ സിഗററ്റിന്റെ കാര്യത്തിൽ പറയുന്ന പോലെ പറയാം.

നരയ്ക്കൂല്ല.

ഇത്തരം ഡിസ്ഇൻഫൊർമേഷൻ ഷെയർ ചെയ്യുന്നത് ആ ഷെയർ ബട്ടൻ ഒന്ന് ക്ളിക്കാൻ മാത്രം മിനക്കെടുന്ന ഉത്തരവാദിത്തമില്ലാത്തവരെന്ന് വയ്ക്കാം. പക്ഷേ ഇത് കുത്തിയിരുന്ന്  "ഒന്ന് ശ്രദ്ധിയ്ക്കൂ", "ഷെയർ ചെയ്തില്ലേൽ ഒന്ന് നോക്കിയിട്ടെങ്കിലും പോകൂ" "ജീവിതത്തിൽ ഉപകാരപ്പെടും ഷെയർ ചെയ്യൂ" എന്നൊക്കെപ്പറഞ്ഞ് ഇതൊക്കെ ഉണ്ടാക്കി വിടുന്ന വിഷങ്ങളെ എന്ത് ചെയ്യണം?

പീയെസ്: ഇരുമ്പൻ പുളി മാത്രമല്ല ഇരുമ്പൻ പുളിയുടെ അളിയൻ സ്റ്റാർഫ്രൂട്ട്, https://en.wikipedia.org/wiki/Carambola നും ഇതേ പ്രശ്നമുണ്ട്. http://www.ncbi.nlm.nih.gov/pubmed/11157385 ഇതൊന്നും മനുഷ്യൻ കഴിയ്ക്കുന്ന മാതിരി ഒന്നോ രണ്ടോ കഴിച്ചാൽ പ്രശ്നമില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ.