Wednesday, April 22, 2015

ഇംഗ്ലീഷ് ഹമാരീ ലോകഭാഷാ ഹേ!

Welcome to Ooty. Nice to meet you.

ആംഗലേയത്തി തൊടങ്ങാമെന്ന് വച്ചു. പത്താം ഗ്ലാസ് കഴിഞ്ഞപ്പൊ സത്യായിട്ടും പാസ്ഡ് എവേയുടെ അർത്ഥം എനിയ്ക്കറിഞ്ഞൂടാരുന്നു. ഡിഗ്രി കഴിഞ്ഞപ്പൊ പോലും അറിഞ്ഞൂടാരുന്നെന്ന് വച്ചോ. സ്വന്തമായി ഇംഗ്ലീഷിൽ ഒരു കത്തെഴുതാനോ, സംസാരിയ്ക്കാനോ അറിഞ്ഞൂടാരുന്നു.

മൈക്രോസോഫ്റ്റ് വേഡ്-സ്പെൽചെക്ക്  ഇല്ലാഞ്ഞാൽ അക്ഷരത്തെറ്റില്ലാതെ ഇന്നും ഒരു പാരഗ്രാഫ് തികച്ചും എഴുതനറിഞ്ഞൂട.

തമിഴ്‌നാട്ടിലെ എഞ്ചിനീയറിങ്ങ് സാറന്മാരെ കളിയാക്കുന്ന ചില തമാശകൾ തമിഴുനാട്ടിൽപ്പഠിച്ച എഞ്ചിനടകൾ പറയുമ്പോ എന്തിനു ചിരിയ്ക്കുന്നതെന്ന് ഇപ്പഴും  വാപൊളിയ്ക്കും.

ഏഴെട്ട് കൊല്ലമായി ഇംഗ്ലണ്ടിൽ  താമസിയ്ക്കുന്നു. ദിനേന പത്ത് മുപ്പത്  ആൾക്കാരെ അവരുടെ വളരെ വിഷമം പിടിച്ച ഘട്ടത്തിൽ സഹായിയ്ക്കുന്ന ഒരു ജോലിയാണ്. ആദ്യത്തെ കൊല്ലം ഒക്കെ കഴിഞ്ഞ് ആശയവിനിമയത്തിൽ ഒരു പ്രശ്നവും അനുഭവപ്പെട്ടിട്ടില്ല.

ഇവിടത്തെ യൂണിവേഴ്സിറ്റികളിലും ലോകോത്തര ഗവേഷണശാലകളിലും മുതൽ ഗട്ടറുകളിൽ വരെ പല ലെവലിൽ നേരങ്ങാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ആരും നെനക്ക് ഇംഗ്ലീഷ് അറിയാത്തതെന്ത് ന്ന് ചോദിച്ചിട്ടില്ല.

സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിയ്ക്കാനെന്ന് പറഞ്ഞ് വന്ന സാഡിസ്റ്റുകൾ  ഒരു പുല്ലും പഠിപ്പിച്ചിട്ടില്ല. യൂണിവേഴ്സിറ്റിയിൽ ഭാഗ്യത്തിന് അത് പഠിച്ചിട്ടുമില്ല.

എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചത്(ഇപ്പൊ ജീവിയ്ക്കാൻ വേണ്ടത്രയും മാത്രം. കംഫർട്ട്  സോണ്‍ വിട്ടുള്ള ആംഗലേയം ഒട്ടുമറിയില്ല താനും ) ഫൂൾസ് ആൻഡ്  ഹോഴ്സസ്  മുതൽ മോണ്ടിപ്പൈത്തണ്‍ വരെയുള്ള കോമഡികളും സ്റ്റാൻഡ് അപ്പ് കൊമേഡിയൻസും  ഡേവിഡ് ആറ്റൻബറോ മുതൽ മൈക്കിൽ പാലിൻ വരെയുള്ള വൈജ്ഞാനിക ബ്രോഡ്കാസ്റ്റർമാരും  പിന്നെ എഴുതുമ്പോ ടെക്നോളജിയുടെ  സഹായവുമാണ്.

ഇംഗ്ലണ്ടിൽ നിന്ന്  വെറും മുപ്പത് മൈൽ അപ്പുറത്തുള്ള ഫ്രാൻസ് എന്ന, കേരളവും തമിഴ്‌നാടും കൂടെ ചേരുന്നത്ര മാത്രം  ജനസംഖ്യയുള്ള ഒരു വികസിത രാജ്യത്തിൽ നിന്ന് വരുന്ന റോക്കറ്റ് സയന്റിസ്റ്റിനോ ന്യൂറോ സർജനോ പോലും നമ്മടെ ഒരു പത്താം ക്ലാസുകാരന്റെ അത്രയും മര്യാദയ്ക്ക് ഇംഗ്ലീഷ് പറയാനറിയില്ല. എന്നാൽ ചില  ആഫ്രിക്കൻ രാജ്യങ്ങളിലെ ഗോത്രവർഗ്ഗക്കാർ പോലും ഒരുപാട് നല്ല സ്വാധീനമായി ഇംഗ്ലീഷ് ഉപയോഗിയ്ക്കും . (അവർ മോശമെന്നല്ല, ആധുനിക വിദ്യാഭ്യാസത്തിന്റെ കോണ്ട്രാസ്റ്റ് ഉപയോഗിച്ചെന്നേയുള്ളൂ)

ഇംഗ്ലീഷ് ലോകഭാഷയാണ്. പഠിച്ചാൽ ഗുണമുണ്ട്. അറിഞ്ഞൂടന്ന് വച്ച് ഒരു ദോഷവുമില്ല. മലയാളമെങ്കിലും അറിഞ്ഞിരിയ്ക്കണമെന്നേയുള്ളൂ. അത്യാവശ്യം വായിച്ച് മനസ്സിലാക്കാനുള്ള വൈജ്ഞാനിക സാഹിത്യമൊക്കെ മലയാളത്തിലുമുണ്ട്. അത് നല്ല രീതിയിൽത്തന്നെ വികസിയ്ക്കുന്നുമുണ്ട്.

No comments:

Post a Comment