Thursday, November 22, 2012

വധശിക്ഷയും ആദികവിയും


വധശിക്ഷ വിഷയത്തിൽ നമ്മളും വല്ലതും ചിന്തിക്കണമല്ലോ.

ഒരു ശിക്ഷാവിധിയെന്ന നിലയിൽ വധശിക്ഷ  മനുഷ്യൻ തന്റെ അതിജീവനത്തിന്റെ ഭാഗമായി പരിണാമപരമായി ആർജ്ജിച്ച നീതിന്യായ വ്യവസ്ഥയുടെ ഇന്നത്തെ രൂപത്തിന്റെ ആഗോള ത്രാസുകളിൽ തൂങ്ങാത്ത ഒരു രീതിയാണ്. ഇന്നത്തെ നീതിബോധം വധശിക്ഷ  തെറ്റാണെന്ന് പറയുന്നതാണെന്നർത്ഥം. ഇൻഡ്യാക്കാരന്റെ നീതിബോധത്തിൽ എന്തെങ്കിലും ശരികേടുണ്ടോ? ലോകമൊന്നാലെ മനുഷ്യസമൂഹം ഇന്ന് ഒരൊറ്റ യൂണിറ്റായി പ്രവർത്തിയ്ക്കുന്നത് പോലെയാണ്. ആയതിനാൽ ഇന്ന് ഇൻഡ്യാക്കാരനു മാത്രമായി ഒരു നീതിബോധമൊന്നുമില്ല.

സായിപ്പിന്റെ നാട്ടിൽ മറ്റൊരേർപ്പാടുണ്ട്. ക്രമിനൽ റേക്കോഡ്സ് എന്നൊരു ഏർപ്പാട്. അടുത്തുതന്നെ അത് നമ്മുടെ നാട്ടിലും വന്നുകൂടായ്കയില്ല. ഇപ്പോഴുണ്ടോ എന്നറിയില്ല. ഏതെങ്കിലും ക്രമിനൽ കേസിൽ അകപ്പെട്ടാൽ പിന്നെ ഇന്നാടുകളിൽ ജീവിച്ചിരിയ്ക്കുക ദുഷ്കരമാണ്.മാന്യമായി ഒരു ജോലി കിട്ടില്ല തുടങ്ങി ജീവിതാന്ത്യം വരെ നിന്നെ പിന്തുടരുന്ന കുറ്റവാളിയെന്ന ലേബൽ ക്രമിനൽ റെക്കോഡ്സ് സിസ്റ്റം ഉറപ്പ് തരുന്നുണ്ട്.

ഇൻഡ്യയിൽ അങ്ങനെയല്ല എന്നാണെനിയ്ക്ക് തോന്നുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ പിന്നെ ജോലിയ്ക്കും മറ്റും പ്രശ്നമുണ്ടോ? അറിയില്ല.ഉണ്ടെങ്കിൽത്തന്നെ വല്ല കൊട്ടേഷൻ സംഘത്തിലോ ചേരാം എന്നൊരു ഗുണമുണ്ട്.എന്നാലും പൊതുവേ ശിക്ഷ കഴിഞ്ഞു. ഇനി അവന് ശിക്ഷിക്കപ്പെടേണ്ടതില്ല എന്നൊരു ധ്വനി പലയിടത്തും കേൾക്കാറുണ്ട്.

എന്ത് കുറ്റത്തിന്റെ പേരിലായാലും  ഒരാളെ വധശിക്ഷയ്ക്ക് വിധേയനാകണോ? കൊല്ലുന്നതിന് എതിര്‍പ്പൊന്നുമില്ല.  രാജ്യത്തിന്റെ വകയായി വധശിക്ഷ വേണ്ട എന്നാണ് എനിയ്ക്കും തോന്നുന്നത്. ഒരാളെ കുറ്റവാളിയെന്ന് തിരിഞ്ഞാൽ മരിയ്ക്കുന്നതുവരെ ഏകാന്തതടവിലാക്കാം. ജയിലിലെ മറ്റുള്ളവർക്ക് അനാവശ്യ സ്വാധീനമാവാതിരിയ്ക്കാനാണ് ഏകാന്തതടവ്.കാശാണോ ഇൻഡ്യൻ ഭരണകൂടത്തിനില്ലാത്തത്.

കുരിശിൽ തറയ്ക്കുക,കല്ലെറിഞ്ഞ് കൊല്ലുക, തറയിൽ മുളയുടെ ചെറു മുളപ്പുകൾക്ക് മുകളിൽ കെട്ടിയിട്ട് ശരീരത്തിലൂടെ മുള വളരാൻ അനുവദിയ്ക്കുക,കഴുവേറ്റുക, (തിരുവിതാംകൂറിൽ നിലനിന്നിരുന്ന അതിക്രൂരമായ ഒരുശിക്ഷാവിധിയാണിത്) ഒക്കെ ഇന്നത്തെ നാം ചിന്തിയ്ക്കുക പോലും ചെയ്യാത്ത രീതിയിൽ ക്രൂരമായി കാണുവാൻ ശീലിയ്ക്കപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നു.പക്ഷേ വധശിക്ഷയുടെ ന്യായം വച്ച് നോക്കിയാൽ പെട്ടെന്ന് കൊല്ലുന്നതിനേക്കാൾ അങ്ങനെ കൊല്ലുന്നതാണ് കൂടുതൽ ന്യായം.ഒരുപാടുപേരെ കൊന്നവനെ കോൾഡ് ബ്ലഡഡ് മർഡററെയൊക്കെ ഇഞ്ചിഞ്ചായി കൊല്ലുകയല്ലേ വേണ്ടത്. ചുമ്മാതെ ഒറ്റ നിമിഷത്തിൽ മരിയ്ക്കുകയെന്നത് അവനു നൽകുന്ന ഒരവാർഡല്ലേ എന്നൊക്കെ ആലോചിയ്ക്കാവുന്നതേയുള്ളൂ.അപ്പൊ അതിൽ കാര്യമില്ല. അത് പ്രതികാരമാവും.

വധശിക്ഷ പ്രതികാരമല്ലേ? ആണ്. വധശിക്ഷയും പ്രതികാരം തന്നെ. പ്രതികാരം ഭരണകൂടത്തിന്റെ ജോലിയല്ല എന്ന് ദൈവവിശ്വാസികൾക്ക് സമാധാനിയ്ക്കാവുന്നതേയുള്ളൂ.  "താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ" എന്ന് ഹിന്ദുക്കൾക്കു സമാധാനിയ്ക്കാം,  കൃസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും അവരവരുടേതായ കോടതീം ശിക്ഷയുമൊക്കെയുണ്ട് Hell'n Heaven ൽ. ഡിങ്കോയിസ്റ്റുകൾക്ക് ഏലിയൻ വാർഷിപ്പുണ്ട്. ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ വേറെയെന്തെങ്കിലും ന്യായം കണ്ടെത്തണം.

കൊല്ലുമ്പൊ അതിൽ നീതിയും ന്യായവുമൊന്നുമില്ല. അതിലെന്നല്ല ഒന്നിലുമില്ല. എന്നാലും അവനും ഞാനുമൊരു അടിയുണ്ടായാൽ അവനെ എനിയ്ക്ക് ചിലപ്പൊ കൊല്ലാൻ കഴിഞ്ഞെന്നു വരും.പക്ഷേ ഒരാളെ പിടിച്ച്, കുറേയാൾക്കാരുടെ-സിസ്റ്റത്തിന്റെ- വകയായി ബലം പ്രയോഗിച്ച്, നിരായുധനാക്കി, നിശ്ചേഷ്ടനാക്കി കൊന്നുകളയുന്നതിൽ എന്തോ ഒരു ധൈര്യമില്ലായ്മയുണ്ട്.

എന്താണെന്നറിയില്ല. അങ്ങനെ ചെയ്തല്‍ ശിക്ഷാര്‍ഹനാണു വിക്ടിം എന്നൊരു ധ്വനി ആ കൊല്ലലിലുണ്ട്. ഇതിൽ മാത്രമല്ല സ്റ്റേറ്റ് ചെയ്യുന്ന എല്ലാ വധശിക്ഷകളിലും.എല്ലാവരുടേയും മുന്നിൽ ധൈര്യമായിരിയ്ക്കുകയാണല്ലോ നമുക്ക് വേണ്ടത്. ധൈര്യം മനുഷ്യനു വേണമെന്നാണ് പറയപ്പെടുന്നത്. അപ്പൊ സ്റ്റേറ്റും അങ്ങനെയാകണം. എലിയ്ക്ക് അങ്ങനെയൊരു സ്റ്റേറ്റ് വേണ്ട. കാരണം പേടിച്ചിരിയ്ക്കുക എന്നത് അവന്റെ ലക്ഷ്യമാണ്.

ഭീകരവാദികളെയൊക്കെപ്പോലെയുള്ളവരെ ജയിലിൽ സൂക്ഷിച്ചാൽ അതിനു വേണ്ടിവരുന്ന ക്രമീകരണങ്ങൾക്കും, അത് വരുത്തി വയ്ക്കുന്ന രാഷ്ട്ര സുരക്ഷാ പ്രശ്നങ്ങൾക്കും എന്താണു ചെയ്യുക എന്നൊരു ചോദ്യമുണ്ട്.അവനെ കിട്ടാനെന്ന പേരിൽ ജയിലുകൾ ആക്രമിക്കപ്പെടുകയോ, വിമാനങ്ങൾ റാഞ്ചിക്കൊണ്ട് പോകുകയോ ചെയ്യാം. ഖണ്ഡഹാർ പ്രശ്നം അങ്ങനെയൊന്നായിരുന്നുവല്ലോ. അതിൽനിന്നിറങ്ങിപോയവനാണ് സെപ്റ്റംബർ 9, 2011നു ന്യൂയോർക്കിലെ ട്വിൻ ടവറിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ എന്ന് പറയുന്നു. ഇവനു അത്രയും ബുദ്ധിയൊന്നുമില്ലെങ്കിലും ഇവനു വേണ്ടിയല്ല ഇവനു വേണ്ടി എന്ന പേരിൽ മേൽപ്പറഞ്ഞ ആക്രമണങ്ങൾ നടത്താവുന്നതേയുള്ളൂ .

നിങ്ങൾ പറയുന്നതെല്ലാം ശരിതന്നെയാണ്. പ്രായോഗികമായി മെച്ചപ്പെട്ടതെന്തും എനിയ്ക്ക് നിർദ്ദേശിക്കാനാവുമെന്നും കരുതുന്നില്ല. പക്ഷേ ഈ വധശിക്ഷ ആസന്നമായ ഒരു തീവ്രവാദി ആക്രമത്തിനോ ഹൈജാക്കിങ്ങിനോ ഇടവരുത്തുമെന്നതൊഴിച്ചാൽ മനുഷ്യരുടെ സാമൂഹ്യബോധത്തിൽ വരുത്തുന്ന മാറ്റങ്ങളെയോ ഇമ്പാക്ടുകളേയോ കുറിച്ച് ശരിയായി പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഉദാഹരണമായി എന്താണ് കൊലപാതകികളയ ഭീകരവാദികളൊക്കെ ചെയ്തതെന്ന് നോക്കാം. അതിനൊക്കെയുള്ള സമയമായി. അയാൾ എന്തായാലും മരിച്ചല്ലോ. ഇനി കൊന്നിട്ടെന്ന് കൊല്ലാതിരുന്നിട്ടെന്ത്?

പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റാൻലി മിൽഗ്രമിന്റെ പ്രശസ്തമായ ചില പരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. Milgram experiments എന്ന് തിരഞ്ഞാൽ അതെക്കുറിച്ചുള്ള വിവരങ്ങൾ ലഭിയ്ക്കും.സാധാരണ മനുഷ്യർ തന്നെ അവരുടെ ചെയ്തികളുടെ ഉത്തരവാദിത്തമേറ്റെടുക്കാൻ വേറെയാരെങ്കിലും തയ്യാറായാൽ തികച്ചും ക്രൂരമെന്ന് തോന്നുന്നതരം ചെയ്തികൾക്ക് പ്രാപ്തനാകുന്നു എന്നതാണ് ഈ പരീക്ഷണങ്ങടുടെ ഫലം എന്ന് ചുരുക്കിപ്പറയാം.ഇവിടെ ഈ പരീക്ഷണങ്ങളിൽ എതിരേയിരിയ്ക്കുന്നയാളിനെ വളരെ ഉയർന്ന വോൾട്ടതയുള്ള ഷോക്കേൽപ്പിയ്ക്കാൻ പോലും ആൾക്കാർക്ക് മടിയുണ്ടായിരുന്നില്ല-പ്രൊവൈഡഡ്, അതിന്റെ ഉത്തരവാദിത്തം പരീക്ഷകൻ ഏറ്റെടുക്കുന്നയിടത്തോളം.ഞാൻ ഒരു സാധാരണ മനുഷ്യനാണ്.

നാസി ഭരണകാലത്ത് ജർമനിയിൽ കോൺസണ്ട്രേഷൻ ക്യാമ്പിൽ കഴിഞ്ഞ മനുഷ്യരെ തിരഞ്ഞ് പിടിച്ച് കൊന്നതൊന്നും ഹിറ്റ്ലർ മാത്രമായിരുന്നില്ല.ഒരുപക്ഷേ അന്നത്തെ ജർമ്മനിയിലെ ഓരോരോ സർക്കാരുദ്യോഗസ്ഥനും അതിനു സമയം ചിലവഴിച്ചിട്ടുണ്ടാകണം. അന്ന് ജർമ്മനിയിൽ ജീവിച്ചിരുന്നവരെല്ലാം അതിക്രൂരമായ ആ കുറ്റകൃത്യങ്ങൾ ചെയ്യാൻ കണ്ടീഷൻ ചെയ്യപ്പെട്ടവരായിരുന്നില്ല. നമ്മെപ്പോലെ സാധാരണ മനുഷ്യർ.ചെയ്ത കൃത്യങ്ങളോ? കസബ് ചെയ്തത് ഒന്നുമല്ല അതിന്റെ മുന്നിൽ.

എന്തിനു ജർമ്മനി? വളരെ മര്യാദക്കാരനായ ഒരു മനുഷ്യൻ ജവാനായി യുദ്ധസ്ഥലത്തെത്തിയപ്പൊ അവന്റെ പെങ്ങളുടെ പ്രായമുള്ള കുട്ടികളെ അവരുടെ വീട്ടിൽ പിടിച്ചുകെട്ടി എങ്ങനെ ബലാൽസംഗം ചെയ്യുന്നു ? പട്ടാളക്കാർ മാത്രമല്ല ഒരുവിധം ആൾക്കാരൊക്കെ അങ്ങനെ ചെയ്യാൻ പ്രാപ്തരാണ്.ചുരുങ്ങിയ പക്ഷം കണ്ടുനിൽക്കനെങ്കിലും.

Deindividuation എന്നു വേണമെങ്കിൽ അതിനു പറയാം.കണ്ടു നിൽക്കുന്നതിനെ Bystander effect എന്നും.നിത്യേന വഴിയരികിൽ വണ്ടിയിടിച്ച് ചതഞ്ഞ് കിടക്കുന്നവനെ മറികടന്ന് എത്രപേർ നടന്നുപോകുന്നു.

കലാപങ്ങളുടെ കാലത്തൊക്കെ നടക്കുന്ന ക്രൂരമായ കൊലപാതകങ്ങളൊക്കെ നടത്തിയത് നാമിന്നും അവിടെയിവിടെയൊക്കെ കാണുന്ന മനുഷ്യരാണ്.നേതാക്കൾ ഒന്നും ചെയ്യാതെയിരുന്നതേയുള്ളു എന്നും അണികൾ ആരോ പറഞ്ഞെന്ന് കേട്ടത് ചെയ്തെന്നേയുള്ളൂ എന്നും കോടതിയിൽ വാദിയ്ക്കാം. ഒരു രീതിയിൽ ശരി തന്നെയാണത്.  കൊല്ലങ്ങളോളം അന്വേഷിച്ചാലും കണ്ടുപിടിക്കാനാകില്ല. ഗുജറാത്ത്, ബോബേ കലാപങ്ങളിലും, കൽക്കട്ടയിലും പഞ്ചാബിലും വിഭജന സമയത്ത് നടന്ന കൂട്ടക്കൊലകളിലും ആരേയും ഒരാളെ കുറ്റവാളിയെന്ന് കണ്ടുപിടിച്ച് ശിക്ഷിക്കാൻ വലിയ ബുദ്ധിമുട്ടാണ്. യുദ്ധക്കുറ്റങ്ങൾ നടക്കുമ്പോൾ അതിനു ശേഷം ലോകമൊട്ടാകെയുള്ള വിചാരണകളിൽ ഉയർന്നുവന്നിട്ടുള്ള  ഏറ്റവും വലിയ പ്രശ്നമാണത്.

റോയൽ ഡച്ച് ഷെൽ തുടങ്ങി എണ്ണഖനനം നടക്കുന്ന മൂന്നാം ലോകരാജ്യങ്ങളിൽ കൊടിയ ക്രൂരതകൾ ചെയ്യുന്ന കമ്പനികളും പ്രവർത്തിക്കുന്നത് ഈ ഉത്തരവാദിത്തത്തെ ഡിഫ്യൂസ് ചെയ്തുകൊണ്ടാണ്.(Diffusion of Responsibility). ഐ ബീ എം എന്ന കമ്പനിയുടെ ഡോക്യുമെന്റേഷൻ മെഷീനുകളുടെ സഹായമില്ലാതെ ജർമ്മനിയിൽ ഹിറ്റ്ലറും നാസികളും  വളരെ കൃത്യതയോടെ നടപ്പാക്കിയ ജനിതക വൃത്തിയാക്കൽ നടക്കില്ലായിരുന്നു.ഐ ബീ എമ്മിന്റെ വിദഗ്ധർ പലപ്പോഴും അറിഞ്ഞുകൊണ്ട് തന്നെ നാസി ജർമ്മനിയെ സഹായിച്ചിട്ടുണ്ട്. എന്തിനധികം പറയുന്നു? ഇറാഖിലെ എത്ര മനുഷ്യരെയാണ് അമേരിക്കയുടേ വ്യാപാര താൽപ്പര്യങ്ങൾക്കായി കുരുതികൊടുക്കുന്നത്- സിവിലിയൻസിനെത്തന്നെ. കുഞ്ഞുങ്ങളും അമ്മമാരും. അമേരിക്കയിലെ എത്ര കമ്പനികൾ- മൈക്രോസോഫ്റ്റടക്കം ആ പ്രൊസസ്സിൽ പങ്കാളികളാണ്.

മൈക്രോസോഫ്റ്റിലെ ആരെങ്കിലുമൊരാൾ ആ ഉത്തരവാദിത്തമെടുക്കുമോ.ഷെല്ലിലെ? മാനേജ്മെന്റ് പറയും ഞങ്ങൾ പോളിസി തീരുമാനങ്ങളേടുത്തിട്ടേയുള്ളുവെന്ന്. ജീവനക്കാർ പറയും ഞങ്ങൾ അനുസരിച്ചിട്ടേയുള്ളുവെന്ന്.

ഭാരതീയരുടെ ആദികവിയുടെ കഥയിൽ ഈ ഉത്തരവാദിത്തങ്ങളുടെ അധികാരിത്തത്തെക്കുറിച്ച് ചിന്തിച്ചിട്ടുള്ളത് ചിന്തനീയമാണ്.

തുഞ്ചത്തച്ഛൻ പറയുന്നത് വില്ലും അമ്പും ധരിച്ച് എത്ര ജന്തുക്കളെ ചതിച്ചുകൊന്നേൻ എന്ന് കുമ്പസരിയ്ക്കുന്ന കവിവരനെയാണ്.

ഞാനീ ചെയ്യുന്നതെല്ലാം-ഒരുപാടു ദുഷ്ടതകൾ- എന്റെ കുടുംബത്തിനുവേണ്ടിയെന്ന് ധരിച്ചുവശായിരിയ്ക്കുന്ന വാല്മീകി.ആ ദുഷ്ടത്തരത്തിന്റെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരുപാടാളുകളുണ്ട് അല്ലെങ്കിൽ അവർക്കു വേണ്ടി ഞാനിതു ചെയ്യുന്നെന്നാണ് അയാൾ വിചാരിയ്ക്കുന്നത്.ആ ഉത്തരവാദിത്തമേറ്റെടുക്കാന്‍ മറ്റാളുകളുണ്ടങ്കില്‍ എന്തു ചെയ്യാം  എന്നാണല്ലോ.

അങ്ങനെ തോന്നലുള്ളതുകൊണ്ടാണാല്ലോ അവരോട്

"ദുഷ്കർമ്മസഞ്ചയം ചെയ്തു ഞാൻ നിങ്ങളെ-
യൊക്കെബ്ഭരിച്ചുകൊള്ളുന്നു ദിനം പ്രതി
തൽഫലമൊട്ടൊട്ടു നിങ്ങൾ വാങ്ങീടുമോ?
മൽ പാപമൊക്കെ,ഞാൻ തന്നെ ഭുജിക്കെന്നോ?"

എന്ന് അദ്ദേഹം ചോദിച്ചത്.

“നിത്യവും ചെയ്യുന്ന കർമ്മഗണഫലം
കർത്താവൊഴിഞ്ഞുമറ്റന്യർ ഭുജിക്കുമൊ?
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിചീടുകെന്നേവരൂ.”

എന്നയുത്തരം കേട്ട വാല്മീകി-രത്നാകരൻ എന്ന കള്ളൻ-ജാതനിർവേദനായ് എല്ലാം കളഞ്ഞ് ചെയ്തതിൽ പശ്ചാത്തപിച്ച് തപം ചെയ്ത് ആദികവിയായി.

മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത്‌ ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.

എന്ന് വിലപിച്ചത് ആദികവിയുടെ വാല്മീകത്തിൽ സ്ഫുടം ചെയ്തെടുത്ത മനസ്സാണ്.
അരുത് കാട്ടാളാ..നീയാ ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ അമ്പെയ്തുകൊന്നോ? നീ നേർഗതി പ്രാപിയ്ക്കാതെപോകട്ടെ എന്ന് വിലപിയ്ക്കുകയും ശപിയ്ക്കുകയും ചെയ്യുന്നു.

കൊന്ന രത്നാകരൻ തന്നെ കൊന്നതിൽ വിലപിച്ച് കൊന്നവനു നിത്യനരകം ശാപമായി നൽകുന്നവനും.

ഉടനേ തന്നെ ബ്രഹ്മാവു പ്രത്യക്ഷപ്പെട്ട് കവിയോട്, ഭഗവാനെ സ്തുതിയ്ക്കുന്ന ആദ്യത്തെ ശ്ലോകമെഴുതിയവനേ നിനക്ക് നമസ്കാരം! എന്ന് പറഞ്ഞപ്പോഴാണ് ഞാനെവിടെ ഭഗവാനെ സ്തുതിച്ചു എന്ന് കവി ചോദിയ്ക്കുന്നത്.

"മഹാലക്ഷ്മിയിൽ വസിയ്ക്കുന്നവനേ, കാമമോഹിതനായ നിഷാദനെ കൊന്നതുകൊണ്ട് നീ അമരൻ" എന്നൊരർത്ഥവും ആ വരികൾക്കുണ്ടെന്ന് ബ്രഹ്മാവു പറഞ്ഞുകൊടുത്തപ്പൊ കവിയുടെ യാത്ര പുർത്തിയായി. നീതിയുടെ വലിയൊരു പാഠമാണത്. പക്ഷിയെ കൊന്നതിനു കവിയ്ക്കെങ്ങനെ ഒരു മനുഷ്യനെ നിത്യനരകത്തിലാഴ്ത്താനാവും?

ഇറാഖിൽ വാർമെഷീനു എണ്ണയടിക്കാൻ പോയ വെറുമൊരു പെട്രോൾ പമ്പു ജീവനക്കാരനായിരുന്നു കസബ്.

 അത് ഞാൻ ആവാൻ ചീട്ടിന്റെ ഒരു കുത്തിമറിയൽ മതി.കൊന്നത് കൊന്നുകളഞ്ഞതിനാൽ കുഴപ്പമൊന്നുമില്ല.പക്ഷേ ആരും അവൻ എനിയ്ക്ക് ഒരിയ്ക്കലും ചെയ്യാൻ പറ്റാത്തതെന്തോ ചെയ്തു എന്ന് അഹങ്കരിക്കണ്ട.നമ്മുടെ-നാം  കൂടിയൊക്കെ ഭാഗമായ എസ്റ്റാബ്ലിഷ്മെന്റുകളുടെയൊക്കെ നീതിയില്ലായ്മകൾ വലിച്ചുകീറിപ്പുറത്തിടാൻ ഇന്നത്തെ ലോകം അനുവദിയ്ക്കുന്നില്ല എന്നു മാത്രം കരുതുക. അല്ലെങ്കിൽ അവൻ ഞാൻ തന്നെയെന്ന് ഞാൻ കരുതുന്നു.നീതിയും നീതിയില്ലായ്മയുമൊക്കെ തികച്ചും സാങ്കൽപ്പികവും ആപേക്ഷികവുമായ ഒന്നായതിനാൽ ചരിത്രം നമുക്ക് മാപ്പുതരുന്നു എന്ന് സമാധാനിയ്ക്കുക.

മരിച്ചവർക്കായി പ്രാർത്ഥിച്ചിട്ട് കാര്യമൊന്നുമില്ല.അനന്തമായ സമയം കൈവശമുള്ളവളുടെയടുക്കലേക്ക് അവർ പോയെന്ന് ആലങ്കാരികമായിപ്പറയാം. ജീവിച്ചിരിയ്ക്കുന്നവരെക്കുറിച്ച് ചിന്തിക്കാം.സുരക്ഷിതമായിരിയ്ക്കാൻ പറ്റുന്നതെല്ലാം ചെയ്യാം.

(As usual, this is just my public diary.Not even an opinion. I am not an expert in Jurisprudence.This thoughts may change without any prior notice to anybody who read this.)