Sunday, January 18, 2009

ചിത്രകാരനോട്

(പലപ്പോഴും കാര്യമറിയാതെ എടുത്ത്ചാടുകയാണ് പതിവ്. ഇപ്പോഴുമത് തെറ്റിയ്ക്കാന്‍ ഉദ്ദേശമില്ല. ഞാനുദ്ദേശിയ്ക്കുന്നതുതന്നെയാണ് കാര്യമെങ്കില്‍ എന്ന് ഡിസ്ക്ലൈമറെഴുതാമെങ്കിലും....)

ബ്രാഹ്മണ മതവും അതിന്റെ അനുസാരികളും ഭാരതസമൂഹത്തിലുണ്ടാക്കിയ ചീയലിന് മുഗളന്മാരും അവസാനം ബ്രിട്ടീഷുകാരനും ചേര്‍ന്ന് മരുന്ന് നല്‍കേണ്ടിവന്നെങ്കിലും ഇന്നും അതിന്റെ വ്യാപ്തി പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. സമൂഹത്തില്‍ താണജാതിയില്‍ പിറന്നുപോകുന്നവന് അവനുമുകളില്‍ മുന്തിയജാതി എന്ന് പറയുന്നവനില്‍ നിന്നുണ്ടാകുന്ന അപമാനങ്ങളും അതിനെ എല്ലാം ഗൌരവമായി എടുക്കാന്‍ തോന്നിയാല്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും ചില്ലറയല്ല.(90ശതമാനമാള്‍ക്കാരും അത്തരം കാര്യങ്ങളെ ഗൌരവമായി എടുക്കാറില്ല എന്നതാണ് നേര്)

ചിത്രകാരന്‍ മിക്കപ്പോഴും എഴുതുന്നത് ആശയവ്യക്തതയില്ലാതേയും അനാവശ്യവൈകാരികതയോടേയുമാണ്. ചരിത്രം എന്നു പറഞ്ഞെഴുതുന്നതില്‍ പലതും ശാസ്ത്രീയാടിസ്ഥാനവുമില്ലാതെയുമാണ് എഴുതുന്നത്. അതിനോടൊന്നും ഒരിയ്ക്കലും യോജിയ്ക്കാന്‍ കഴിയാറുമില്ല.

അതേസമയം ഒരു വ്യക്തി എന്ന നിലയില്‍ ശ്രീ മുരളിയ്ക്ക് ബ്രാഹ്മണരോടും അവരുടെ കുഴലൂത്തുകാരായ നായര്‍ എന്നൊക്കെ അഭിമാനിയ്ക്കുന്നവരോടും ഉണ്ടാകുന്ന ദേഷ്യത്തിന്റെ കാരണം തിരക്കി അതേ സമൂഹത്തില്‍ തന്നെ ജീവിയ്ക്കുന്നവന്‍ എന്ന നിലയില്‍ എനിയ്ക്ക് അധികം അത്ഭുതപ്പെടേണ്ടിയും വന്നിട്ടില്ല.

“സരസ്വതിയ്ക്ക് എത്ര മുലകളുണ്ട്“ എന്നതും സമാനസ്വഭാവമുള്ളതുമായ പോസ്റ്റുകളെഴുതിയതിനാണ് ഭാരതത്തിലുള്ള ഒരു നിയമമനുസരിച്ച് ചിത്രകാരനെതിരേ കേസെടുത്തതെങ്കില്‍ അത് പ്രഷിധേധാര്‍ഹം തന്നെയാണ്.(എന്താണ് കാര്യമെന്ന് ഈ പോസ്റ്റിട്ടയാള്‍ക്ക് ഒന്നുകൂടി വ്യക്തമാക്കാമായിരുന്നു.)
ഞാന്‍ ഇവിടെ സുഖമായിരുന്ന് എന്തെങ്കിലുമെഴുതി സംഭവം കുളമാക്കേണ്ട എന്നു വിചാരിച്ചാണ് ഇതുവരെ ഒന്നും പറയാതെയിരുന്നത്.

സ്വതവേ വിമര്‍ശനങ്ങളും പൌരസ്വാതന്ത്ര്യവും ആസ്വദിയ്ക്കുന്ന കൂട്ടത്തിലല്ല ശരാശരി ഭാരതീയനും അവന്റെ നിയമങ്ങളും. പുതിയ ഐ ടീ നിയമം അതിന് ഉത്തമോദാഹരണമാണ്. ബ്ലോഗ് തരുന്ന സ്വാതന്ത്ര്യം അതിന്റെ അരാജകത്വം തന്നെയാണ്.

കേരളാ ഫാര്‍മര്‍ എന്ന മനുഷ്യനോടും പലപ്പോഴും യോജിയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇവിടെ അദ്ദേഹമെഴുതിയിരിയ്ക്കുന്ന ഭീഷണികള്‍ കണ്ടില്ലെന്ന് നടിയ്ക്കാനാവില്ല.കൂടെ നില്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞ് ഒറ്റയായിപ്പോയാലും ഞാനുദ്ദെശിയ്ക്കുന്നത്തന്നെയാണ് കാര്യമെങ്കില്‍ ചിത്രകാരന് എല്ലാ വിധ പിന്തുണയും ഞാന്‍ നല്‍കുന്നു.പൂര്‍ണ്ണമായും ചിത്രകാരന്‍ പലപ്പോഴുമെഴുതുന്നതിനോട് വിയോജിച്ചു തന്നെ.എനിയ്ക്ക് ‘സര്‍വീ‍സ് ചട്ട‘ങ്ങളൊന്നുമില്ലെങ്കിലും എന്ത് തരത്തിലുള്ള കേസായാലും വരട്ടെ.

ഇനി ഈ പോസ്റ്റ് ചിത്രകാരന്‍ വായിയ്ക്കുന്നെങ്കില്‍ അദ്ദേഹത്തോട്

നല്ലൊരു വക്കീലിന്റെ സേവനം താങ്കള്‍ക്ക് ലഭ്യമാക്കുക. കാര്യങ്ങള്‍ ഒത്തിരി വഷളാവുന്നതു വരെ കാത്തിരിയ്ക്കരുത്. ഈ വിഷയത്തില്‍ പ്രത്യേകിച്ച് എനിയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നറിയില്ലെങ്കിലും എന്തെങ്കിലും ആവശ്യം എന്നെക്കൊണ്ടുണ്ടാകുമെന്ന് തോന്നുമെങ്കില്‍ kaaliyambi@gmail.com എന്ന വിലാസത്തിലേയ്ക്ക് ഒരു മെയിലയയ്ക്കുക. എന്നാല്‍ കഴിയുന്ന പോലെ നിങ്ങളോട് ഞാന്‍ സഹകരിയ്ക്കുന്നതായിരിയ്ക്കും.

2 comments:

  1. പ്രിയ മധു,
    അതിശക്തമയ പ്രതികരണത്തിനു നന്ദി.ആരോഗ്യകരമായ ഒരു സംവാദം ഈ പ്രശ്നത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെല്ലോ.

    ReplyDelete