Wednesday, December 03, 2008

പാകിസ്ഥാന്‍

ബാം‌ഗ്ലൂരിലെ ധര്‍മാരാമിനു മുന്നില്‍കൂടെ നടക്കുമ്പോഴാണെന്നു തോന്നുന്നു അതി മനോഹരമായ ചില്ലില്‍ തീര്‍ത്ത ആ ചിത്രം കണ്ടിട്ടുള്ളത്. ചമ്രം പടിഞ്ഞ് ധ്യാനനിരതനായിരിയ്ക്കുന്ന കൃസ്തു. അത്തരമൊരു ചിത്രത്തിന്റെ ഏറ്റവും പുരാതനമായ ഒരു പതിപ്പ് അന്വേഷിച്ച് എവിടെവരെ പോകാം? ചരിത്രത്തിനറിയാവുന്നത് വച്ച് നോക്കിയാല്‍ അങ്ങ് 3000 ബീ സീ വരെ ചെല്ലുമ്പോഴാണ് അത്തരത്തിലെ ഏറ്റവും പുരാതന ചിത്രം കാണുന്നത്. സിന്ധൂനദീതട സംസ്കാരത്തില്‍ നിന്നു കിട്ടിയ ചില അച്ചുകളില്‍.
 
സിന്ധൂ നദീതട സംസ്കാരം നശിച്ചുപോയി എന്നാണ് നാം കരുതിയത്. ബിംബങ്ങളുണ്ടാക്കിത്തുടങ്ങിയ മനുഷ്യന്‍ അവന്റെ ആദ്യ ദശകളില്‍ത്തന്നെ ഉണ്ടാക്കിയ അച്ചുകളിലൊന്നിന്റെ പ്രഭാവം ഇപ്പോഴും നശിയ്ക്കാതെയുണ്ടെങ്കില്‍ ആ സംസ്കാരം മുഴുവന്‍ നശിച്ചു എന്ന് പറയാനാകുമോ? ഒപ്പം മറ്റൊരു ബിംബം കൂടി ഓര്‍ക്കാനുണ്ട്. സ്വസ്തിക

അതും സിന്ധൂ നദീതടത്തില്‍ നിന്നാണ് ആദ്യം കണ്ടെടുക്കുന്നത്. ഹിറ്റ്ലര്‍ അതില്‍ ഒരു മര്‍ദ്ദനോപകരണത്തെ കണ്ടുവെന്ന് പറഞ്ഞാല്‍ ഇവിടെ തൊണ്ണൂറു വയസ്സുള്ള പാട്രീഷ്യാ ടെയ്‌ലര്‍ സമ്മതിയ്ക്കും. എന്നും ലോകസുഖത്തിനായി സ്വസ്തിക കോലമെഴുതുന്ന കനകാംബാള്‍ സമ്മതിയ്ക്കില്ല. അവിടെയും ആ ബിബം മരിയ്ക്കാതെയിരിയ്ക്കുന്നു.
 
അന്നുമുതലിന്നുവരെയുള്ള യാത്രയ്ക്കിടയില്‍ ഏതെല്ലാം ജനതതി ഏതെല്ലാം ആവശ്യങ്ങള്‍ക്കായി ആ ബിംബങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകും? എന്തായാലും അത് വെറും ബിംബങ്ങളെന്നതിലുപരി പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിട്ടുണ്ടാ‍കും. ബിംബങ്ങളുടെ ഒരു പ്രത്യേകതയാണത്. ഉപയോഗിയ്ക്കുന്നവന്റെ മനസ്സിലാണ് അതിന്റെ കല്‍പ്പനകള്‍ ഉരുത്തിരിയുക.

ഇര്‍ഷാദ് അലി എന്ന പേര് വിളിയ്ക്കുമ്പോള്‍ പാകിസ്ഥാനിലുള്ളയാളെന്നറിയാവുന്നത് കൊണ്ട് ഒരു ഇരുനിറ നീളന്‍ താടിക്കാരന്‍ മനുഷ്യനെയാണ് പ്രതീക്ഷിച്ചത്. നല്ല എണ്ണക്കറുപ്പോടെ മുത്തുസ്വാമിയെന്നോ, മുനിയാണ്ടിയെന്നോ ഒക്കെ വിളിയ്ക്കാന്‍ പാകത്തില്‍ ഒരു ആദിദ്രാവിഡന്‍ എന്റെ മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ അമ്പരന്നു. ഞാന്‍ കണ്ട എല്ലാ പാകിസ്ഥാനിയും ഇമ്രാന്‍ ഖാനെപ്പോലെയിരുന്നവരാണ്. രോമത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകും എന്നേയുള്ളൂ. പിന്നീട് തിരക്കിയപ്പോഴാണ് പാക്കിസ്ഥാനികളേല്ലാം ഇമ്രാൻ ഖാനെപ്പോലെയല്ലിരിയ്ക്കുന്നതെന്ന് മനസ്സിലായി. ചികിത്സ കഴിഞ്ഞ് അവസാനദിവസം പോകുമ്പോള്‍ അയാള്‍ കൊണ്ടുവന്ന മധുരം ജിലേബിയും അലുവയുമൊക്കെയായിരുന്നു.
 
ജനിതകപരമായി സങ്കരവർഗ്ഗമാണ് ഭാരതീയരേറെയും. പത്തയ്യായിരം കൊല്ലമായിത്തന്നെ ഇന്‍ബ്രീഡിങ്ങ് നടത്തി എന്ന് അവകാശപ്പെടുന്ന പല മേല്‍ജാതിക്കാരേയും നാരായണഗുരു പറഞ്ഞപോലെ കണ്ടാല്‍ തിരിച്ചറിയാനാവില്ലാത്തവണ്ണം ഇടകലര്‍ന്നതാണ് ഭാരതത്തിന്റെ ജനിതകം. എന്നാലും പാകിസ്ഥാനിയെന്ന് പറയുമ്പോള്‍ എന്തുകൊണ്ടോ മുനിയാണ്ടി എന്ന് പറയുമ്പോലെയൊരാളുടെ ചിത്രം എന്റെമനസ്സില്‍ വന്നിട്ടില്ല. സിനിമകളിലെല്ലാം പാകിസ്താനികളെ ഒരുതരം പഠാന്‍ ഫീച്ചറുകളുള്ളവരായി കാണിയ്ക്കുന്നത് കൊണ്ടാവണം.


തീവ്രവാദ ആക്രമണം നടക്കുമ്പോള്‍ പരാജിതന്‍ ഒരു കമന്റില്‍ പറഞ്ഞത് പോലെ അടുത്തിരുന്ന് ചായകുടിയ്ക്കുന്നവനെ ചീത്ത വിളിയ്ക്കാന്‍ നമുക്കേറെപ്പേര്‍ക്കും ഒരു ഹരം തോന്നും. അത് ചിലപ്പോ പണ്ട് ഒരു ചായ കടം ചോദിച്ചിട്ട് തരാത്തതിന്റെ കൊതിക്കെറുവുമാകാം എന്ന ബോധമുള്ളത് കൊണ്ടാണ് എന്തെങ്കിലും നടന്ന ഉടനേ അകത്തുള്ളവരല്ല, പുറത്തുള്ളവരാണെന്ന് അധികാരികള്‍ വിളിച്ച് കൂവുന്നത്. അതൊരു തന്ത്രമാണ് എന്ന ശരാശരി ബോധം എല്ലാവനുമുണ്ടാകേണ്ടതുമാണ്. ആരുടെയെങ്കിലും പേരു വിളിച്ചുപറയുകയല്ല . ആഭ്യന്തര കലാപം പൊട്ടാതിരിയ്ക്കാന്‍ അത് വലിയൊരു മാര്‍ഗ്ഗമാണ് 
 
പറഞ്ഞ് വന്നത് പാകിസ്ഥാനെപ്പറ്റിയാണ്. അകത്തുനിന്നും പുറത്തുനിന്നും ആക്രമണം കൊണ്ടും ഉണ്ടായകാലം‌ മുതലുള്ള പട്ടാളഭരണം മൂലവും ആകെ വശംകെട്ടിരിയ്ക്കുന്ന ഒരു കൂട്ടം ജനത.
 
1947 ഇല്‍ ബ്രിട്ടീഷുകാര്‍ ഇവിടം വിട്ടുപോകുമ്പോള്‍ പാകിസ്ഥാന്‍ ഉണ്ടാക്കി അത് ജിന്നയുടെ കയ്യിലേല്‍പ്പിച്ച് കൊടുത്തത് വെറുതേയല്ല. ഇന്‍ഡ്യയുടെ കീഴിലുള്ള സ്ഥലങ്ങളില്‍ തങ്ങളുടെ നിയന്ത്രണം കിട്ടിയില്ലെങ്കിലും ജിന്നയുടെ കീഴിലുള്ളവ എന്നും പടിഞ്ഞാറിന്റെ അധീനതയിലായിരിയ്ക്കും എന്ന് ബിലാത്തികള്‍ക്ക് നന്നായറിയാമായിരുന്നു. രാജ്ഞിയമ്മയുടെ കിരീടധാരണസമയത്ത് അവര്‍ പാകിസ്ഥാന്റേയും രാജ്ഞിയായാണ് അധികാരമേറ്റത് എന്നതും യാദൃശ്ചികമല്ല. അവിടെ ഇന്നും ജനാധിപത്യം വരാത്തതും യാദൃശ്ചികമല്ല.
 
ഭാരതവും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം കച്ചവടക്കാരുടെ ഒരു സ്വപ്നമാണ്. ആയുധങ്ങളുണ്ടാക്കുന്നവന് അത് എവിടെയെങ്കിലും പ്രയോഗിച്ചാലേ ലാഭം കിട്ടൂ എന്ന ലളിതമായ ബിസിനസ് സൂത്രം ആര്‍ക്കുമറിയാത്തതല്ലല്ലോ.. മുത്തുച്ചാമി ഇവിടെയിരുന്ന് ഇര്‍ഷാദ് അലിയെ വെടിവയ്ക്കുമ്പോള്‍ ചത്തുവീഴുന്നവരില്‍ ആരും തങ്ങളുടെ ബന്ധക്കാരില്ല എന്ന് കച്ചവടന് നന്നായറിയാം. ബന്ധത്തിന് പണ്ട് ആഫ്രിക്കയില്‍ നിന്ന് പുറപ്പെട്ട അമ്മാച്ചന്റെ വകേലുള്ള അളിയനായിവരുമെങ്കിലും അത് കുറേ കൊല്ലമായില്ലേ.
 
ഷെസിയാബീഗം എന്റെ കൂടെ ജോലിചെയ്യുന്ന പാകിസ്ഥാനിയാണ്. താജ്മഹല്‍ ലോകാത്ഭുതമായി ഏതാണ്ട് വെബ് സൈറ്റുകാര്‍ തിരഞ്ഞെടുത്തത് വാര്‍ത്തയായി വന്നപ്പോള്‍ അത് പണ്ടൊരു മുസ്ലീം പള്ളിയായിരുന്നുവെന്ന് സായിപ്പിന് പറഞ്ഞുകൊടുത്തു ഷസിയ.(അവളത് വിശ്വസിയ്ക്കുകയും ചെയ്യുന്നുണ്ട് :-) )സായിപ്പ് എന്നോട് ചോദിച്ചപ്പോല്‍ അത് തേജോ മഹാലയമായിരുന്നുവെന്ന് ചില ഹിന്ദു ഫെനാറ്റിസ്റ്റുകളും പറഞ്ഞ് നടക്കുന്നുണ്ടെന്ന് മറുപടി നല്‍കി. ഉപായത്തില്‍ പാവം ഷസിയയെ ഞാന്‍ ഹിന്ദു ഫെനാറ്റിസ്റ്റിന്റെ കൂടെക്കൂട്ടി. അതിലൊരു രസം തോന്നുകയും ചെയ്തു.
 
ഇത്തരം പാകിസ്ഥാനി ബ്രിട്ടീഷുകാര്‍ മാത്രമാണ് ഇവിടെ മേല്‍മീശ വയ്ക്കുന്നവര്‍. ഗ്ലാസ്ഗോ സ്ഫോടനം കഴിഞ്ഞ സമയത്ത് വഴിയേ നടക്കുമ്പോള്‍ കള്ള് കുടിച്ച് വന്ന ചില നരുന്ത് വെള്ളക്കാരി പെണ്‍പിള്ളേര്‍ എന്നെ നോക്കി “അസലാമു അലൈക്കും“ എന്ന് പറഞ്ഞു. ധൈര്യസമേതം ഞാന്‍ ഓടിപ്പോയി മീശ വടിച്ച് കളഞ്ഞു. വല്ല പട്ടേലോ മാര്‍വാഡിയോ ആണേന്ന് വിചാരിക്കട്ടെന്ന് വച്ചു. പക്ഷേ ഞാന്‍ ഭാരതത്തില്‍ നിന്നാണെന്ന് പറഞ്ഞാല്‍ മിക്ക വെള്ളക്കാരനും ആദ്യം വിശ്വസിയ്ക്കില്ല.
 
ഭാരതീയനെന്നാല്‍ ഒന്നുകില്‍ രാജീവ്ഗാന്ധിയെപ്പോലെയിരിയ്ക്കണം.. അല്ലെങ്കില്‍ മന്മോഹനസിംഗനെ പോലെയിരിയ്ക്കണം. തലപ്പാവ് വാങ്ങി വച്ചലോ എന്നു വരെ ആലോചിച്ചു. പിന്നെയാണ് താടിരോമത്തിന് വേണ്ടപോലെ പുഷ്ടിയില്ലെന്നോര്‍ത്തത്.
 
എന്തായാലും ആദിദ്രാവിഡന് നീരുവന്നപോലെയിരിയ്ക്കുന്ന എന്നെ മിക്കവരും പാകിസ്ഥാനിയായി ഇവിടെ കാണുന്നത് കൊണ്ടല്ല, മേല്പറഞ്ഞ ഷസിയയുടെ ഒരു ഡയലോഗ് കൊണ്ടാണ് നമ്മളും പാകിസ്താനിലുള്ളവരുമെല്ലാം വല്യ വ്യത്യാസമൊന്നുമില്ലെന്ന് എനിയ്ക്ക് തോന്നിയത്.

എന്റെയൊരു സുഹൃത്തിന്റെ വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ ഞങ്ങളൊരുമിച്ചിരുന്ന് പറയുകയായിരുന്നു. വെള്ളായിയ്ക്ക് കാര്യം മനസ്സിലാകുന്നുല്ല്ല. അതിനെന്താ? നിങ്ങള്‍ക്ക് വേറേ താമസിച്ചാല്പോരേ? അച്ഛന്റെ കടം നിങ്ങള്‍ തീര്‍ക്കണൊ? പേരെന്‍സ് ഫീസു തന്നാണോ നിങ്ങള്‍ പഠിച്ചത്..ഇപ്പോഴും മാതാപിതാക്കളുടെ കൂടെയാണൊ താമസം...???എന്നതൊക്കെ സായിപ്പിന് ഒട്ടും മനസ്സിലാവാത്ത വിഷയങ്ങളാണ്.
 
കുറേനേരം കേട്ടിരുന്നിട്ട് അത്ഭുതത്തോടെ ഷസിയ പറഞ്ഞു.
വിഭജനമൊക്കെ വിഭജനം ഒരു വഴിയ്ക്ക് നടന്നു. എനിയ്ക്കിപ്പോഴാണൊരു കാര്യം മനസ്സിലായത്. ഇന്‍ഡ്യാക്കാരും പാകിസ്ഥാനിലുള്ളവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല കേട്ടോ...ഇതൊക്കെ എന്റെ കുടുംബത്തും നടക്കുന്നത് തന്നെ.“
(ഇത്രയും പറയണമെങ്കില്‍ ഷസിയയുടെ അകത്തുനിന്ന് എത്രടണ്‍ ഐസുരുകണമെന്നാണ് ഞാനാലോചിച്ചത്. )
 
യുദ്ധപ്രഖ്യാപനവും യുദ്ധം ചെയ്യലുമൊക്കെ മറന്ന് സമാധാന ചര്‍ച്ചകള്‍ വിപുലമാക്കുകയും. ഈ യുദ്ധം എന്ന മണ്ണാങ്കട്ടയ്ക്ക് ചെലവാക്കുന്ന പണമെടുത്ത് ആഭ്യന്തര സുരക്ഷ കൂട്ടുന്നതിനായി പോലീസിനും, പട്ടാളത്തിനും പുതിയ സാങ്കേതികവിദ്യ, , ആയുധങ്ങള്‍, വാഹനങ്ങള്‍ ഒക്കെ ലഭ്യമാക്കുകയും ചെയ്താല്‍ പാകിസ്ഥാന്‍ മാത്രമല്ല, നാഗാ, ഉള്‍ഫാ, പുലി, സിഹം മുതലായ സകല കീടങ്ങളേയും നിയന്ത്രിച്ച് നിര്‍ത്താം. പ്രതിരോധ സംവിധാനങ്ങളാണ് ആന്റീബയോട്ടിക്കുകളെക്കാളും അണുബാധകളെ നിയന്ത്രിച്ച് നിര്‍ത്തിയത്.
 
പാകിസ്ഥാന്‍ എന്ന ആശയത്തിന് മൂര്‍ദാബാദ് വിളിയ്ക്കാം.ഞാനും വിളിയ്ക്കും. മതാടിസ്ഥാനത്തില്‍ ഒരു സ്റ്റേറ്റ് എന്ന ആശയത്തിന് തീവ്രമായി എതിരുനില്‍ക്കേണ്ടുന്നതുമാണ്. (ഫയങ്കരമായ ജനാധിപത്യ ബോധമുള്ളവര്‍ ക്ഷമിയ്ക്കുക. ഞാനൊരു മൂരാച്ചിതന്നെ). പക്ഷേ അത് പാകിസ്ഥാനിലെ “മനുഷ്യരെ“ ഉദ്ദേശിച്ചാവരുത്.
 
ഈ ഭീകരരും, പടിഞ്ഞാറന്‍ ശക്തികളും ഒരു വഴിയ്ക്കു നിന്നും, ഉള്ളില്‍ തന്നെയുള്ള കാശുള്ളവനും പട്ടാളക്കാരും ചേര്‍ന്ന് മറുവഴിയ്ക്ക് നിന്നും ഊറ്റിക്കൊണ്ടിരിയ്ക്കുന്ന ഒരു പാവം ജനതതിയാണത്. സത്യം പറഞ്ഞാല്‍ പത്തറുപത് കൊല്ലം മുന്‍പ് ബ്രിട്ടീഷുകാര്‍ മുറിച്ചിട്ടെങ്കിലും അവരെ സഹായിയ്ക്കാന്‍ കുടുംബത്ത് ശകലം പച്ചപിടിച്ചവനെന്ന നിലയില്‍ നമുക്കേ കഴിയുകയുമുള്ളൂ.

വസുധൈവകുടുംബകം എന്ന് പറഞ്ഞത് ഞാനല്ല. ഒരുമിച്ച്നിന്നാല്‍ ഗുണം ഇരുകൂട്ടര്‍ക്കുമാണുതാനും.
 
അല്ലേലും സഹോദരന്മാരുടെ യുദ്ധം ഭാരതത്തില്‍ അന്യമൊന്നുമല്ലല്ലോ.? പരസ്പരം യുദ്ധം ചെയ്ത് ചെയ്ത് ഏതാണ്ട് ആയിരം കൊല്ലമായി നാം മറ്റെല്ലാം മറന്നവരെപ്പോലെ ജീവിയ്ക്കുന്നു. പണ്ടൊരു അന്ധനായ രാജാവ് ഖണ്ടഹാറില്‍ നിന്ന് വേട്ടുവന്ന രാജകുമാരിയുടെ ശാപമായിരിയ്ക്കും. അവര്‍ക്കാണല്ലോ നൂറ്റുവരും നഷ്ടമായത്

ആ ഉലക്ക ഇവിടെക്കിടന്ന് കറങ്ങുന്നുണ്ട്.

(Photos: Wikipaedia, BBC)

Tuesday, December 02, 2008

കൃസ്ത്യാനികളും ആണവക്കരാറും


The Times എന്ന ബ്രിട്ടീഷ് പത്രത്തില്‍ നവംബര്‍ 27ആം തീയതി പ്രധാന പേജില്‍ വന്ന ശ്രദ്ധേയമായ ഒരു ചിത്രം.

Monday, December 01, 2008

പോംവഴികള്‍

മുസ്ലീങ്ങളും ഹൈന്ദവരും കൃസ്ത്യാനികളുമല്ല..ഏതാണ്ട് ഇരുനൂറോളം മനുഷ്യരാണ് മുംബേയില്‍ പട്ടികളെപ്പോലെ ചത്ത് വീണത്.ചത്തുപോയാല്‍ ചീയുമെന്നതൊഴിച്ചാല്‍ ഒരാള്‍ക്കും ഒരു മതവുമില്ല.

ഇസ്ലാം മതത്തില്‍പ്പെട്ടവരെയെല്ലാം തീവ്രവാദികളെന്ന് മുദ്രകുത്തി മറ്റ് മതഭ്രാന്തന്മാരുടെ വോട്ടുതട്ടിയ്ക്കാന്‍ നാണമില്ലാത്ത ചില ഹിന്ദുത്വക്കാര്‍ തലങ്ങും വിലങ്ങും ഒളിഞ്ഞും തെളിഞ്ഞും പ്രസ്താവനകളിറക്കിക്കൊണ്ടിരിയ്ക്കുന്നു.. കോണ്‍ഗ്രസ്സുകാരും ബീജേപീയും കിട്ടിയ അവസരം എങ്ങനെ മുതലാക്കാം എന്ന് കിണഞ്ഞ് പരിശ്രമിയ്ക്കുന്നു. മാധ്യമങ്ങള്‍ ഓരോ ജീവനേയും വിലപറഞ്ഞ് വില്‍ക്കുന്നു. മൊത്തത്തില്‍ നോക്കിയാല്‍ ഭാരതമാകെ, ഇവന്മാരാകെ, ഇങ്ങനെ കുറേപ്പേര്‍ ചത്ത് കിട്ടാനും ശവം തിന്നാനും നോക്കിയിരുന്നതോ എന്ന് തോന്നിപ്പോകുന്നു.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സംസ്കാരത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഒന്നൊഴിയാതെ എല്ലാ പ്രതിപക്ഷക്കാരനേയും ഓടിച്ചിട്ട് തല്ലിക്കൊല്ലാന്‍ തോന്നി.മരണം നോക്കി രാഷ്ട്രീയലാഭം ഉണ്ടാക്കാനിരിയ്ക്കുന്ന വൃത്തികെട്ടവന്മാര്‍.

അതേ അവസരത്തില്‍ത്തന്നെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം നല്‍കിയ ഹേമന്ത് കാര്‍ക്കറെയുടെ കുടുംബം മോഡിയെപ്പോലെയൊരാളോട് പ്രതികരിച്ച രീതിയില്‍ നിന്ന് അന്തസ്സിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും മറ്റൊരു മുഖവും നമ്മളെല്ലാം കണ്ടു.

തികച്ചും.. തികച്ചും വ്യത്യസ്തമായ രണ്ട് വാര്‍ത്തകള്‍ ആ അവസരത്തിലാണ് കണ്ണില്പെട്ടത്.

ഒന്ന് ദേശാഭിമാനിയിലെ ഈ വാര്‍ത്ത. ഈ ബ്ലോഗില്‍ നിന്ന്. അവരുടെ ആര്‍ക്കൈവ്സ് തപ്പിനോക്കിയതില്‍ നിന്ന് ഇങ്ങനെയൊരു വാര്‍ത്ത കിട്ടിയില്ല. അതുകൊണ്ട് സത്യമോ എന്നറിയില്ല. (ഈ വാർത്ത നീക്കം ചെയ്തെന്ന് പിന്നീടറിഞ്ഞു)

രണ്ട് തേജസ്സിലെ വാര്‍ത്ത. അവരുടെ സൈറ്റില്‍ നിന്ന്.

ഇവരൊക്കെ ആര്‍ക്ക് വേണ്ടി എന്തിനു വേണ്ടിയാണ് എഴുതുന്നത്?

ഇത് ഹൈന്ദവ തീവ്രവാദമെന്ന് വരുത്തിയാല്‍ മാര്‍ക്സിസ്റ്റുകാര്‍ക്കെന്ത് ലാഭമാണുള്ളത്?
ആ ദുഷ്ടന്മാര്‍ അയ്യായിരം പേരെ കൊല്ലാനല്ല..കരഞ്ഞ് കാലുപിടിച്ചവരെ വിട്ടു എന്ന് വരുത്തിയാല്‍ തേജസ്സിനെന്ത് നേട്ടം.??

-->
ഒന്നൊഴിയാതെ എല്ലാ രാഷ്ട്രീയക്കാരുടേയും ഒന്നൊഴിയാതെ എല്ലാ മാധ്യമങ്ങളുടേയും പ്രതികരണം വായിച്ചപ്പോള്‍ ഇങ്ങനെ ചാവുന്നതും നോക്കിയിരിയ്ക്കുന്ന ശവം തീനികളേ ഓര്‍ത്തു. ഇവരെല്ലാം നമ്മളില്‍ നിന്നന്യരല്ല. നമ്മുടെയിടയില്‍ നിന്നു തന്നെയാണ് രാഷ്ട്രീയക്കാരനും കച്ചവടക്കാരനും എല്ലാം ഉണ്ടായത്. പൊതുവില്‍ ശരാശരി ഭാരതീയന്‍ ഇവരെപ്പോലെ നാറികളാണോ?
അറിയില്ല..ഞാനും ഈയവസരത്തില്‍ ഇങ്ങനെയൊക്കെയേ പെരുമാറുകയുള്ളോ?

തീവ്രവാദികള്‍ ഭ്രാന്തന്മാരെന്ന് പറഞ്ഞാല്‍ മാനസിക രോഗം മൂലം ഭ്രാന്ത് അനുഭവിയ്ക്കുന്നവര്‍ക്ക് വിഷമമാകും. എന്നാലും വേറൊരു വാക്കില്ല. ഇവന്മാര്‍ക്ക് ഭ്രാന്താണ്. അല്ലാതെ യാതൊരു മതവുമില്ല.

ഇവിടെ ബീ ബീ സീ ഉള്‍പ്പെടെയുള്ള മാധ്യമ വ്യഭിചാരികള്‍ കുറ്റം ഇന്‍ഡ്യയിലെ മുസ്ലീങ്ങളാ‍ണ്, (ഇന്‍ഡ്യയില്‍ തന്നെയുള്ള മുസ്ലീം തീവ്രവാദമാണ് ).പാകിസ്ഥാനോ പുറത്തുന്നുള്ളാ മറ്റാരുമോ അല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞ് ശ്രമിയ്ക്കുന്നത് കണ്ട് അമ്പരന്ന് പോയി. മുന്‍ സീ ഐ ഏ ഉള്‍പ്പെടെയുള്ള അനലിസ്റ്റ് ----മക്കള്‍ നിരന്നിരുന്ന് പലതും പറയുന്നുണ്ടായിരുന്നു. (പാകിസ്ഥാന്‍ സ്റ്റേറ്റ് ഇത് ചെയ്തെന്ന് ഞാന്‍ വിചാരിയ്ക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല.)

തല്‍ക്കാല പോംവഴികള്‍.
ഈ ആപത്ത് സമയത്ത് എന്ത് വായിച്ചാലും ആയിരം തവണ ആലോചിയ്ക്കണമെന്ന് അറിയാവുന്നവരോടൊക്കെ പറയുക മാത്രം വഴി.

ഞാന്‍ ഹൈന്ദവനല്ല.ഒരു മത വിശ്വാസിയുമല്ല. ഹിന്ദു മതക്കാരാണ് എന്റെ കുടുംബവും പല സുഹൃത്തുക്കളും. അതോണ്ട് ഹൈന്ദവര്‍ എന്ന് വിചാരിയ്ക്കുന്ന മനുഷ്യരോട് ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്. എന്‍ എസ് മാധവന്റെ തിരുത്ത് എന്ന കഥ ഒരു തവണ വായിയ്ക്കണം. ഡോ. ഇക്ബാല്‍ എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ എന്തെന്ന് നൂറുതവണ മനസ്സിലാക്കണം. മുസ്ലീം പേരുകൊണ്ട് മുദ്രകുത്തപ്പെട്ടവനെ ഒരു പ്രശ്നങ്ങളുടേയും പേരില്‍ അന്യവല്‍ക്കരിയ്ക്കാല്‍ ഒരു കാരണവശാലും അനുവദിയ്ക്കരുത്. ഹിന്ദുക്കളുടെയിടയില്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മുസ്ലീം മതമാണെന്ന് വരുത്താന്‍ അനൌപചാരികമായും ഔപചാരികമായും പലരും ശ്രമിയ്ക്കുന്നുണ്ടാകും. അവരെ കണ്ടാല്‍ ഓടിയൊളിയ്ക്കണം.പറ്റിയാല്‍ ഓടിയ്ക്കണം. മതേതരവാദികളെന്ന് നടിയ്ക്കുന്ന പലര്‍ക്കും ഇത് തുറന്ന് പറയാന്‍ വിഷമമുണ്ടാകും. അതുകൊണ്ട് ഞാനങ്ങ് പറയുന്നു.

കൂടുതലൊന്നും പറയാനുമില്ല.