Thursday, May 10, 2007

പതിനായിരങ്ങള്‍ക്ക് നിര്‍വൃതിയായി പുതിയകാവില്‍ പൊങ്കാല

അപ്സരാ ജംഗ്ഷനിലെത്തുമ്പോള്‍ എന്നും എനിയ്ക്ക് ഉറക്കം വരും.
എപ്പോഴും അങ്ങനെയാണ്. അതുവരെ ഉറങ്ങാതെ കുത്തിയിരുന്നിട്ട് ഇറങ്ങേണ്ട സ്റ്റോപ്പിന് രണ്ട് സ്റ്റോപ്പ് മുന്നില്‍ വച്ച് ഉറക്കം വരും. കണ്ണ് തുറക്കാനേ തോന്നില്ല .

മൃദുവായ സുഖമായ ഉറക്കം.
എനിയ്ക്ക് റെയില്വേ സ്റ്റേഷനിലായിരുന്നു പോകേണ്ടത്

ചെമ്മാമ്മുക്കില്‍ നിന്ന് വണ്ടി നേരേ പോയപ്പോഴും, ചിന്തിയ്ക്കാന്‍ മനസ്സു വന്നെങ്കിലും ഉറക്കം അപ്പോഴേയ്കും ചിന്തകളെ കീഴ്പ്പെടുത്തിയിരുന്നു.
കടപ്പാക്കടയിലെത്തിയപ്പോള്‍ ഒന്ന് കണ്ണുതുറന്നു.

ഓ , ഈ ബസ് റെയില്വേ സ്റ്റേഷനില്‍ പോകുന്നതല്ലല്ലോ..കടപ്പാക്കട വഴിയാണ്..
സാരമില്ല..ചിന്നക്കടേന്ന് ഗോഡൌണ്‍ വഴി സ്റ്റേഷനിലോട്ട് കയറാം.
എനിയ്ക്ക് ധാരാളം സമയമുണ്ട്.
വഞ്ചിനാട് പിടിച്ചാല്‍ മതി. തിരുവനന്തപുരത്തോട്ട്.അടുത്ത അഞ്ച് മിനിട്ട് ഒന്നു കണ്ണടയ്ക്കുകയുമാവാം.

ചെക്കന്‍ ചിന്നക്കടയെന്ന് വിളിച്ച് കൂവുന്നതിനിടയില്‍ ഒരുറക്കം കൂടി കഴിഞ്ഞിരുന്നു.കണ്ണുകളെ വലിച്ചുതുറന്ന് അവിടെയിറങ്ങി.
യാതൊരു മാറ്റവുമില്ല. ആളുകളും ആട്ടോകളും.

ടൌണ്‍ പതുക്കെ ഉണര്‍ന്നു വരുന്നു. ഗസ്റ്റ് ഹൌസിനെതിരെയായാണ് ബസ് നിര്‍ത്തിയത്. പൂക്കളുടെ സൌമ്യമായ മണം.

ഗോഡൌണ്‍ വഴി സ്റ്റേഷനിലോട്ട് കുറച്ചേറെ ആള്‍ക്കാര്‍ നടക്കാനുണ്ടായിരുന്നു.ഗോഡൌണിലേയ്ക്ക് ചിന്നക്കടയില്‍ നിന്നും തിരിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്.

റെയില്വേയുടെ സ്ഥലത്തെല്ലാം നൂറുകനക്കിനാള്‍ക്കാര്‍. കൂടുതലും സ്ത്രീകള്‍. എന്തോ ഉത്സവം ഉള്ള പോലെ. അല്ല ഇവിടെ അവര്‍ പൊങ്കാലയിടാനുള്ള ഒരുക്കത്തിലാണല്ലോ..ഇവിടെയെന്ത് പൊങ്കാല ? ഏതമ്പലം ?
ഒരു ചേച്ചിയോട് ചോദിച്ചു. ചേച്ചി ചിരിച്ചു. ഇവനേതു നാട്ടുകാരനെടാ ?
“പുതിയകാവില്‍ പൊങ്കാല“

ഓ..അതാണ് ബസ് വഴിതിരിച്ച് വിട്ടത്. ഹൊ..അന്നേരം ചെമ്മാമ്മുക്ക് തൊട്ട് റെയില്വേ സ്റ്റേഷന്‍ വഴിയുള്ള വഴിയെല്ലാം ബ്ലോക്കായോ?

തിരുവനന്തപുരത്തുനിന്ന് ബസ് ഏതുവഴിവരും. ലൈബ്രറിയുടെ മുന്നിലൂടെ കേറി പോകുവാരിയ്ക്കും..ആകെ സ്ഥലമില്ലാത്ത ആ റോഡില്‍ ഒരു തീവണ്ടി ഗേറ്റുമുണ്ട്. തിരുവനന്തപുരത്തുനിന്ന് ആ വഴി വണ്ടിയെല്ലാം കൂടേ ചിന്നക്കടെകയറി വരുന്നതിന്റെ പുകില് എന്തായിരിയ്ക്കും?

ഗോഡൌണ്‍, ആപ്പീസുകള്‍ എല്ലാറ്റിന്റേയും മുറ്റം പൊങ്കാല സ്ഥലമായി മാറിയിരിയ്ക്കുന്നു. റെയില്വേ പ്ലാറ്റ്ഫോമിലൂടെ ഞാന്‍ സ്റ്റേഷന്റെ മുന്നിലെത്തി.
ജന സാഗരം. സ്റ്റേഷന്റെ മുന്നില്‍ മുഴുവന്‍ പാര്‍ക്കിംഗ് ഏരിയായിലെല്ലാം പൊങ്കാലയിടാന്‍ ആള്‍ക്കാര്‍ സ്ഥലം പിടിച്ചിരിയ്ക്കുന്നു.

കാവി മുണ്ടും ചന്ദനകളര്‍ ഷര്‍ട്ടും കാവി ഷാളും കൂടാതെ കാവിയില്‍ ഒരു ക്രോസ് ബെല്‍റ്റും അണിഞ്ഞ് ചേട്ടന്മാര്‍ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നു.
അങ്ങനെയങ്ങ് പോലീസുകാരെയൊന്നും കണ്ടില്ല. ഒന്നുരണ്ട് വടീം കുറ്റീമൊക്കെയായി ചിരിച്ച് കളിച്ച് ചെല ഏമാന്‍മാര്‍ അവിടെയിവിടെയൊക്കെ നില്‍പ്പുണ്ട്

ഇതിനിടയില്‍ ചില ആള്‍ക്കാര്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ വന്നു
"ഇവിടെ പൊങ്കാലയാണ്. പാര്‍ക്ക് ചെയ്യാന്‍ പറ്റില്ല“
വിദൂരതയിലെവിടോട്ടോ ചേട്ടന്മാര്‍ ചൂണ്ടിക്കാട്ടി.എന്തായാലും എന്‍ എചില്‍ സ്റ്റേറ്റ് ബാങ്ക് വരെയും ഇപ്പുറം ക്യാമ്പ് വരെയും അങ്ങ് ചിന്നക്കട വരെയും നേരേ ഫാത്തിമ വരേയും പാര്‍ക്ക് ചെയ്യാന്‍ പറ്റില്ല.

(ഈ ആള്‍ക്കാരുടെയിടയിലൂടെ അവരെങ്ങനെ വണ്ടിയും കൊണ്ടിവിടെയെത്തി എന്ന് ചിന്തിയ്ക്കുകയായിരുന്നു ഞാന്‍)

തിരുവനന്തപുരത്തോട്ടും കോട്ടയത്തോട്ടുമൊക്കെ ജോലിയ്ക്ക് പോകാന്‍ വന്ന ചേട്ടന്മാരാണ്. എവിടെയെങ്കിലുമൊക്കെ പാര്‍ക്ക് ചെയ്തിട്ട് വിശ്വസിച്ച് എങ്ങനെ പോകും ?

ആരോ എന്തോ ഒന്നുകൂടി ചോദിച്ചു.
"ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പ റ്റി ല്ല"
സംഘ ബോധത്തിന്റെ അച്ചടക്കത്തില്‍ നിന്ന് വരുന്ന ദയയില്ലാത്ത മറുപടി..അതു പറയാന്‍ അവരാര്?

ബാഗില്‍ കാമറയുണ്ട്. ഫൊട്ടോയെടുക്കാം. പുറത്തേയ്ക്കിറങ്ങി നടന്നു .റോഡിലെത്തി. എവിടെയും നില്‍ക്കാന്‍ വയ്യ. നില്‍ക്കാന്‍ കഴിഞ്ഞയിടങ്ങളില്‍ നിന്ന് ക്ലിക്കി.


ഇത്ര ആളുകള്‍ കൂടുന്നയിടത്ത് പോലീസെവിടെ? ഇങ്ങനത്തതൊക്കെ നിയന്ത്രിയ്ക്കുന്നത് പോലീസാവണ്ടെ..കാവിചേട്ടന്മാരാണൊ?എന്തിനാണ് ഇത്രയും ദേശീയപാത അടച്ച് വച്ച് ,റെയില്വേസ്റ്റേഷന്റെ പ്രവര്‍ത്തനവും ഭാഗികമായി സ്തംഭിപ്പിച്ച് പൊങ്കാല? കൊല്ലത്ത് എത്ര മൈതാനങ്ങളും സ്റ്റേഡിയങ്ങളുമുണ്ട്.

അല്ല ഈ അമ്പലം തന്നെ റെയില്വേയുറ്റെ കയ്യിലിരുന്ന സ്ഥലത്തെങ്ങനെയുണ്ടായെന്ന് , അന്നതന്വേഷിയ്ക്കാന്‍ വന്ന കമ്മീഷന്‍ മാത്രമേ അറിയാനുള്ളല്ലോ.(.പൂര്‍ണ്ണമായറിയാവുന്ന കൊല്ലംകാരാരെങ്കിലും എഴുതുക:))

നമ്മളെന്താണ് ഈ ആഘോഷങ്ങളൊക്കെ മറ്റുള്ളവരുടെ സൌകര്യം കൂടി നോക്കി നടത്താത്തത്? നമ്മളെന്തുകൊണ്ടാണ് നമ്മളല്ലാത്തവരോട് ഒട്ടും പരിഗണന കാണീയ്ക്കാത്തത്?
റെയില്വേ സ്റ്റേഷനില ചെടികള്‍ നനയ്ക്കുന്ന സ്പ്രിംഗ്ലര്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടായിരുന്നു..ഒരു അനൌണ്‍സ് മെന്റ് മൈക്കിലൂടെ കേട്ടു

"റെയില്വേ അധികാരികളുടെ ശ്രദ്ധയ്ക്ക് ..ചെടികള്‍ നനയ്ക്കുന്നത് ഉടന്‍ തന്നെ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.”

രണ്ടാമതും മൂന്നാമതും ഇതേ അറിയിപ്പ് ശബ്ദത്തിന്റെ മുറുകലിന്റെ ആരോഹണക്രമമനുസരിച്ച് തുടര്‍ന്നു..

ആരാണ് റെയില്വേ സ്റ്റേഷന്‍ ഒരു ദിവസത്തേന് ആര്‍ എസ് എസ്സിന് തീറെഴുതിക്കൊടുത്തത്?
നാളെ എന്‍ ഡി എഫ് ഇനും കൊടുക്കും.പിന്നെ വേണമെങ്കില്‍ സഖാക്കള്‍ക്ക് സമസ്ഥാന സമ്മേളനം നടത്താന്‍. എല്ലാം പൊതുവഴിയിലും പൊതുജനമെന്ന കഴുതയുടെയും നെഞ്ഞത്ത് കയറിനിന്ന്.

ഇതില്‍ വലിയ കാര്യമൊന്നുമില്ലെങ്കിലും എനിയ്ക്ക് എന്തോ അസ്വസ്ഥത തോന്നി.

എസ് യൂ റ്റീയില്‍ കുട്ടികള്‍ അണുബാധയേറ്റ് മരിയ്ക്കുമ്പോല്‍, ബന്ദിന്റെ പേരു പറഞ്ഞ് റോഡുകള്‍ സ്ഥാപനങ്ങള്‍ എല്ലാം ഒരു ദിവസം സ്തംഭിപ്പിയ്ക്കുമ്പോള്‍ ഒരുദിനമെങ്കിലൊരുദിനം. ഈ ചേച്ചിമാരും അമ്മമാരും കുഞ്ഞുങ്ങളുമൊക്കെ ചേര്‍ന്ന് ദേശീയപാത അടയ്ക്കട്ടെ. സന്തോഷം..

അപ്പൊഴും കാവി മുണ്ടും ചന്ദന കളര്‍ ഷര്‍‍ട്ടും കാവി ഷോളും കാവി ക്രോസ് ബെല്‍റ്റും ധരിച്ച് ചേട്ടന്മാര്‍ മനസ്സിനു കുറുകേ നടക്കുന്നു. തന്റെ ദേഷ്യം പുരണ്ട കണ്ണുകളാല്‍ സേവനം ചെയ്യുന്നു. എല്ലാം നിയന്ത്രിയ്ക്കുന്നു.

ഇവരുടെ ദേഷ്യത്തിനും വെറുപ്പിനും അഹംകാരത്തിനും പൊങ്കാലയിടാന്‍ നമ്മുടെ അമ്മപെങ്ങന്മാരെന്തിനു പോകുന്നു ?

പുട്ടുകുറ്റിയും എസ് എല്‍ ആരുമായി ചില പത്രയണ്ണന്മാര്‍ റോന്ത് ചുറ്റുന്നു..
മുഷിഞ്ഞ വസ്ത്രവും സഞ്ചിയും അതിനു ചേരാത്ത കാമറയും വച്ച് പടമെടുക്കുന്ന എന്നെ അവര്‍ ശ്രദ്ധിച്ചു.

ഞാന്‍ നാളത്തെ പത്ര തലക്കെട്ട് ആലോചിയ്ക്കുകയായിരുന്നു..

"പതിനായിരങ്ങള്‍ക്ക് നിര്‍വൃതിയായി പുതിയകാവില്‍ പൊങ്കാല”

എനിയ്ക്ക് പൊങ്കാലയിടാന്‍ സമയമില്ല. തിരുവനന്തപുരത്തിന് തീവണ്ടി പിടിയ്ക്കണം. വെയിലേറും മുന്‍പ് പാല്‍ക്കുളങ്ങരയെത്തണം.

19 comments:

  1. കൊല്ലത്തിലിടാന്‍ വച്ചിരുന്നതാണ്..പക്ഷേ വിവാദമാകുമോന്നൊരു സംശയം..ചുമ്മാ അവിടെ കെടന്ന് അടികൊള്ളുന്നതെന്തിന്?:)

    അതുകൊണ്ട് ഇതിവിടെക്കിടക്കട്ടെ..
    പുതിയ അഭിഭാഷണം..

    "പതിനായിരങ്ങള്‍ക്ക് നിര്‍വൃതിയായി പുതിയകാവില്‍ പൊങ്കാല"

    നരന്‍ എന്ന അമ്പി..:)

    ReplyDelete
  2. അതെന്താ അംബി കൊല്ലത്തിലിടാതിരുന്നത്?
    ഇതിനെ ആരാ കുറ്റം പറയുന്നത്..
    വിമര്‍ശിക്കേണ്ട വസ്തുതകള്‍ തന്നെയല്ലേ.. ഇതൊക്കെ..
    അതിരിക്കട്ടെ വീണ്ടും നാട്ടില്‍ പോയോ?

    ReplyDelete
  3. അമ്പി ..ഇതു ശകലം ഓഫ്‌ ആണെ..
    കേരളത്തിലെ വലിയ അമ്പലങ്ങളില്‍ പോകേണ്ടതുണ്ടൊ എന്നു എനിക്കു ഇപ്പൊ വലിയ ആശയകുഴപ്പമാണു .യാത്ര ചെയ്തു ,മണിക്കൂര്‍ ക്യൂ നിന്നു ശ്രീ കോവിലിനടുതെങ്ങാനും എത്തി കണ്ണടച്ചാലുടനെ അശരീരി കേള്‍ക്കാം..ഭഗവാനിതെന്തു പറ്റി എന്നോര്‍തു കണ്ണു തുറന്നാല്‍ എതോ ഒരു ചേട്ടന്‍ മാറി പോ എന്നു ആക്രോശിക്കുന്നതു കേള്‍ക്കാം....ശബരിമലയിലൊക്കെ 41 ദിവസം വൃതമൊക്കെ എടുത്ത്‌ ചെല്ലുന്നവരെയൊക്കെ ഈതൊ കുറ്റം ചെയ്തവരന്ന പോലെ ആട്ടി ഓടിക്കുന്നതു TV യില്‍ കാണുമ്പോള്‍ വിഷമം തോന്നും..

    എനിക്കിപ്പൊ ഇഷ്ടം ചെറിയ അമ്പലങ്ങളിലെ ദീപരാധനയാണു...ആ പനിനീരിരിന്റെയും ചന്ദനതിന്റെയും പൂവിന്റെയും നേര്‍ത്ത സുഗന്ധങ്ങളും ഇരുണ്ട ശ്രീ കോവിലെ വിളക്കുകളും ആ ഒക്കെ ചേര്‍ന്ന അ ഭംഗിയുള്ള കാഴ്ച്ച അല്‍പ നേരം സമാധാനമായി നിന്നു കാണാം.

    ഈ പൊങ്കലയിടാന്‍ സ്ത്രീ കള്‍ വരുന്നതു ,കുഞ്ഞിന്റെ ദീനം മാറനോ, പെണ്ണിന്റെ കല്യാണം നടക്കനൊ ഒക്കെ വേണ്ടി മുന്‍പു നടത്തിയ ഒരു "promise" സാക്ഷാത്കരിക്കാനാവും .. അതിനു ഈ ചേട്ടമ്മാരുടെ, "എതു വകുപ്പില്‍ പെട്ടതായലും ധാര്‍ഷ്ട്യം സഹിച്ച്ല്ലെ പറ്റൂ.. കൂടെ ഇതിനിടയില്‍ പെട്ടു പോകുന്ന പൊതുജനവും .
    പിന്നെ കേരളത്തിലെ കൊച്ചു കോവിലുകള്‍ പോലും അഭിവൃദ്ധി പെട്ടു വരുന്നു എന്നു സ്വ ലേ റിപ്പോര്‍ട്ടുകള്‍ സൂച്പ്പികുന്നു..കാരണങ്ങള്‍ പലതു..;-0

    ReplyDelete
  4. സാജനണ്ണാ..ഇത് ഞാഅന്‍ കഴിഞ്ഞ ഡിസമ്പറില്‍ നാട്ടില്‍ പോയപ്പൊ കണ്ടതാ..കാലം കുറേയായി.എന്റേയും ചൂടൊന്നു കഴിയട്ടേ എഴുതാന്‍ എന്നു വിചാരിച്ചു.
    പിന്നെ കൊല്ലത്തിലിട്ടാല്‍ കുറച്ചാള്‍ക്കാര്‍ കാണും..കുറെയേറെ ചര്‍ച്ചയും ചീത്തവിളിയും വരും..ഇവിടെയാവുമ്പൊ എന്റെ കടി മാറുകേം ചെയ്യും, ബ്ലോഗിന്റെ വെശപ്പ് കുറയുകേം ചെയ്യും..:)

    പ്രിയം വദേ(ചേച്ചി?) ഓഫിനൊന്നും കുഴപ്പമില്ല..നാട്ടില്‍ കുറച്ചാള്‍ക്കാരുടെ കയ്യില്‍ പണമേറുന്നു.മൂല്യങ്ങള്‍ മാറുന്നു. ശാന്തമായ ജീവിതത്തിന് ആശയില്ലാതാവുമ്പോ ആഗ്രഹങ്ങളുമേറും.വഴിപാട്..നേര്‍ച്ച...

    കുമ്പിവേവാറ്റാതെ നേര്‍ച്ചക്കുടം കമിഴ്ത്തുന്ന പലിശരാജാക്കന്മാരെ കുറിച്ചെന്റെ പേരുള്ള സാറ് പാടിയിട്ടുണ്ട്..:)

    ReplyDelete
  5. സുധീഷേ...വെരട്ടല്ലേ.വെരട്ട് കുറേ കണ്ടതാ..ബ്ലോഗിലെ സുരക്ഷിതത്വത്തിലെ അക്ഷര വെരട്ടലല്ല..നാലാള്‍ക്കാര്‍ കൂടുമ്പോള്‍ കയ്യില്‍ ആയുധമേന്തുമ്പോള്‍ വരുന്ന ഭീതിയുടെ നിറം മാറിയ വെരട്ടുമല്ല..പോയി വേറേ ആളേ നോക്ക് ..
    അഡ്രസ്സും പേരും പടവുമൊക്കെ വച്ചുതന്നെയാ അനിയാ പോസ്റ്റുന്നത് ഒളിച്ചിരുന്നൊന്നുമല്ല..

    ReplyDelete
  6. അംബിയേ,പിള്ളേരല്ലേ വിട്ടു കള ;)

    തോന്ന്യവാസം കാണിക്കുന്നത്‌ വിളിച്ചു പറയുന്നത്‌ എന്തിനാ വിവാദം ആവുന്നത്‌?

    qw_er_ty

    ReplyDelete
  7. അംബീ,
    പനയത്ത്‌ പഴയ സ്വാത്രന്ത്ര്യ സേനാനിയായ ഒരപ്പൂപ്പനുണ്ട്‌. മൂപ്പര്‍ 35 വര്‍ഷം മുന്നേ അസുഖം വന്ന് കണ്ണിന്റെ കാഴ്ച്ച പോയ ആളാണ്‌. വല്ലപ്പോഴും അദ്ദേഹത്തെ കണ്ട്‌ സംസാരിക്കുന്ന പതിവുണ്ടായിരുന്നു. രസമാണത്‌ പുള്ളിയുടെ കണ്ണില്‍ ഉള്ള കൊല്ലം എന്റെ കണ്ണിനു കാഴ്ച്ച വരും മുന്നേ ഉള്ളതല്ലേ.

    പണ്ടത്തെ കാര്യങ്ങളൊക്കെ പറഞ്ഞ കൂട്ടത്തില്‍ ഒരിക്കല്‍ അപ്പൂപ്പനും ശിങ്കിടികളായ കുറേ കുറുവടി പയറ്റുകാരും കൂടി ചിന്നക്കടയിലെ കുറ്റിക്കാട്‌ പിടിച്ചു കിടന്നയിടത്ത്‌ രാത്രി അനാശ്യാസ്യ പ്രവര്‍ത്തനവും പിടിച്ചു പറിയും നടത്തിയിരുന്ന സാമൂഹ്യ വിരുദ്ധരെ അടിച്ചോടിച്ച കഥയും പറഞ്ഞു. ലങ്ങനെ:-
    "രാത്രി ഞാനും കൂട്ടാളികളും റെയിലാപ്പീസിനെതിര്‍വശം കൊല്ലം സത്രത്തിനു (ഇപ്പോഴത്തെ ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷന്‍) ചേര്‍ന്ന് കിടക്കുന്ന കുറ്റിക്കാട്ടില്‍.."
    "അവിടെ ഒരമ്പലമില്ലേ അപ്പൂപ്പാ, അതിന്റെ കാവ്‌ ആണോ ഈ കാടെന്നു പറയുന്നത്‌.?" ഞാന്‍ ഇടയില്‍ കേറി.

    "അമ്പലം അങ്ങ്‌ ഉണിച്ചക്കം വീട്ടിലല്ലേടാ. തീവണ്ടിയാപ്പീസിനടുത്ത്‌ അമ്പലമൊന്നുമില്ല."
    "അവിടൊരെണ്ണം ഉണ്ടെന്നേ."
    "പോട എണീറ്റ്‌, സ്ഥലവും വഴിയും അറിയാത്ത ചെറുക്കന്‍."

    ഉത്തരമായോ അംബിയേ?

    [ഉണിച്ചക്കം വീട്ടിലും ആശ്രാമത്തും ഉള്ളതിനെക്കാള്‍ ആള്‍ ലവിടെ വരും. കേരളത്തിന്റെ തനതു ഭക്തിയുടെ ലക്ഷണം അതാണേ. ഇല്ലേല്‍ സെന്റ്‌ തോമസു സ്ഥാപിച്ച
    പള്ളി വരെ ഉള്ള കൊല്ലത്ത്‌ ഹൈവേക്ക്‌ വളവു നൂക്കുമ്പോള്‍ പുരയിടം പോകുമെന്ന് കണ്ട്‌ പിള്ളേച്ചന്‍ സ്ഥാപിച്ച കുരിശടി ഇന്ന് കൊല്ലത്തെ ഏറ്റവും വിറ്റുവരവുള്ള പള്ളിയിലൊന്നാകുമായിരുന്നോ? "പള്ളി പിള്ള"യുടെ പയ്യന്‍ ഒരാള്‍ എന്റെ കൂടെയാണു പഠിച്ചത്‌, ലവനു എഴുത്തും പാട്ടുമൊക്കെ ശകലം ഇഷ്ടമുള്ളതുകൊണ്ട്‌ ബൂലോഗം കാണാന്‍ നല്ല സാദ്ധ്യതയുണ്ട്‌, വിശദീകരിച്ച്‌ എട്ടടി ഉയരത്തില്‍ പോകുന്ന മാനനഷ്ടക്കേസില്‍ ചാടി തല വയ്ക്കുന്നില്ല.]

    എല്ലാം സഹിക്കാം, ശബ്ദമലിനീകരണം സഹിക്കാന്‍ തീരെ വയ്യ. കോളാമ്പി വച്ച്‌ പാട്ടിടരുതെന്നും സ്പീക്കര്‍ വിശേഷാവസരങ്ങളില്‍ മാത്രം ഉപയോഗിക്കുകയും അതിനിത്ര വോളിയമേ പാടുള്ളോോ എന്നും ഒക്കെ ഉണ്ട്‌. കൊച്ചുങ്ങള്‍ രാത്രിയില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത രീതിയില്‍ മണ്ഡല കാലവും കര്‍ക്കിടകമാസവും മൊത്തം തെങ്ങേപ്പാട്ട്‌ കാരണം പോലീസ്‌ സ്റ്റേഷനില്‍ വിളിച്ചു എന്റെ ഒരമ്മാവന്‍. വിനയപൂര്‍വ്വം മറുപടി കിട്ടി "നിങ്ങള്‍ അതങ്ങ്‌ വിട്ടേക്ക്‌, എന്തെങ്കിലും നടപടിയെടുത്താല്‍ ആരുടെ പരാതിപ്രകാരം എന്ന് പറയണ്ടേ, അവന്മാരു കൂടി വീടെങ്ങാന്‍ കത്തിച്ചാല്‍ നിങ്ങള്‍ക്ക്‌ ജീവിതവും പോയി, ഞങ്ങളപ്പോഴും ഇതേ ഇരിപ്പ്‌ ഇരിക്കുകയും ചെയ്യും." എപ്പടി?


    ഓഫേ:
    ഞാന്‍ ഡിഗ്രീ കഴിഞ്ഞു നില്‍ക്കുന്ന സമയത്ത്‌ പണ്ടെങ്ങാണ്ടു മലാക്കയില്‍ പോയിരുന്ന ഒരു ടീം റിട്ടയര്‍ ചെയ്തു നാട്ടില്‍ വന്നു. വല്ല കെന്റ്‌ സിഗററ്റോ മറ്റോ വലിക്കാമെന്നുള്ള അഡ്വാന്റേജ്‌ കാരണം രാവിലെ പുള്ളിയുടെ കൂടെ വയലീക്കുടെ ഒന്നു ഉലാത്താനിറങ്ങി.

    തോട്ടുവരമ്പേ അങ്ങനെ നടക്കുമ്പോ ഒരു "പുതിയ " കാവിലെ മൈക്കിലൂടെ ഇടിത്തീ പോലൊരു പാട്ട്‌.
    "പാപം മറിച്ചിട്ടാല്‍ പമ്പ..."
    ലങ്ങേരു ഞെട്ടി കണ്ടത്തില്‍ ചാടിപ്പോയി. അതിന്റെ ചമ്മല്‍ മാറ്റാന്‍ നിന്ന നില്‍പ്പില്‍ ഒരു നിരീക്ഷണം അങ്ങു നടത്തി.

    "നാടങ്ങു പുരോഗമിച്ചു പോയല്ലോടോ? ചൊറിച്ചു മല്ലല്‍ ഇപ്പോ മൈക്ക്‌ കെട്ടിയാണോ പറയുന്നത്‌!"

    ReplyDelete
  8. ആറാറണ്ണാ....അത്യാവശ്യമാരും കാണണ്ടാ എന്നു കരുതുന്നതാണ് ഇവിടെക്കൊണ്ട് വന്ന് അടക്കുന്നത്.കണേണ്ടവര്‍ കാണുമെന്നുമറിയാം.വേറൊരു പേരില്‍ എഴുതിയിരുന്ന ബ്ലോഗാണിത്.ഒരുദിവസം ലോഗിന്‍ ചെയ്തിട്ട് സാധാരണ ഉപയോഗിയ്ക്കുന്ന പേര് നല്‍കിയപ്പൊ പ്രൊഫൈലേ മാറി..അപ്പ മുതല്‍ സംശയമാണ് ..ഇത് എപ്പം അടിച്ച് പോകുമെന്ന്.. :) എപ്പഴും കമന്റിട്ടിട്ട് പിന്മൊഴീല്‍ വരുമോ ?....(ഒബ്സസീവ് കമ്പല്‍സീവ് അസുഖം..ച്ചിരിയുണ്ടോന്നൊരു സംശയം..:) തൊറന്നപ്പോ കമന്റിന്റെ എണ്ണം കൂടിയത് കണ്ട് അത് തൊറാന്നപ്പോ ഇതിങ്ങനെ.:)

    ദേവേട്ടാ..ഉത്തരമായി..:) പിന്നെ നാളത്തെ തലമുറയ്ക്ക് ഐതിഹ്യമാലയുടെ കൊല്ലം വേഴ്ഷനില്‍ ചേര്‍ക്കാനായി ഒറ്റ രാത്രികൊണ്ട് ജനിച്ച കെട്ടിടത്തെപ്പറ്റിയും കേട്ടിരിയ്ക്കുന്നു..

    എഴുതുമ്പോഴും പിന്നെ ബ്ലൊഗ് പുലിയൊരപ്പനോട് ഫോണുമ്പോഴുമെല്ലാം പറഞ്ഞിരുന്നു കുരിശടിയെപ്പറ്റി. എഴുതിവന്നപ്പോള്‍‍ പറ്റിയ സ്ഥലം കിട്ടിയില്ല..:)

    ReplyDelete
  9. കല്ലമ്പലത്തില്‍, റിമി ടോമിയുടെ ഗാനമേള കാരണം, ബസ് വഴിതിരിച്ചു വിട്ടതായി കേട്ടിട്ടുണ്ട് (രണ്ടു കൊല്ലം മുമ്പ്). എന്തു ചെയ്യാന്‍, ഇതൊക്കെ സംഘാടകരുടെ റെസ്യൂമെയിലെ നേട്ടങ്ങളായാണല്ലോ എണ്ണപ്പെടുന്നത്.

    ReplyDelete
  10. USA is considered by many to be the epitome of liberty / freedom/ rights / rules and regulations.

    If you go there for the 'ball dropping ' for the newyear eve at times square ...u will see 750000 people gathered there dancing and enjoying.

    people all over the world watch this on TV and wish they were there too.

    but dont you think that the so called 'right' of a common man to park his car next to the mcdonalds next door is violated since all traffic is prohibited in and around the city that day?

    nope..no one thinks so.. coz it is 'new years' and it is 'time square' and it is 'usa' and every thing is great whatever they do!!

    but a peaceful congregation by a group of people for their religious belief is frowned upon in 'gods own country'

    was that congregation political? nope. was it for prosyletizing a religion? nope

    so who gathered there?... people who believed in god , who were praying hard for the well being of a sick child/ father/ mother/ brother at home!!

    they have their right to BELIEVE too!!

    ReplyDelete
  11. അനോണീ ആഘോഷം എല്ലായിടത്തുമുണ്ടാകും..ഇപ്പറയുന്ന യൂ എസ് എ യുമായി ഒന്നിനേയും താരതമ്യപ്പെടുത്തേണ്ട കാര്യമില്ല..അവരല്ല ഒന്നിനും മാതൃകകള്‍..
    പിന്നെ അവിടെയും ലണ്ടനിലുമെല്ലാം ഒരു ന്യൂയിയര്‍ തീര്‍ന്നു..പിന്നീടെന്തെങ്കിലുമുണ്ടെങ്കില്‍ റോഡിലല്ല അവര്‍ കൂത്താടുന്നത്..അതിനു മൈതാനങ്ങളുണ്ട്..

    ജനുവരി മുതല്‍ ജൂണ്‍ വരെ ഓരോ അമ്പലത്തിനും ഉത്സവത്തിനും ഗാനമേളയ്ക്കും ചന്ദനക്കുടത്തിനും പെരുന്നാളിനും പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും ജാഥകള്‍ക്കും ഒക്കെ വഴിയടയ്ക്കേണ്ട കാര്യമില്ല.
    പിന്നെ കൊല്ലത്ത് ഏകദേശം മൂന്ന് മൈതാനങ്ങളുണ്ട്..എസ് എന്‍ കോളേജ് ഫാത്തിമാ കോളേജ് തുടങ്ങിയ കോളേജങ്കണങ്ങള്‍ വേറേയും..വിശ്വാസം അതിലൊരിടത്താകാമല്ലോ..ആര്‍ക്കും ശല്യമില്ല..

    പിന്നെ..ഈ അമ്പലമെന്നല്ല കുറേ നാളായി പുത്തന്‍ അമ്പലങ്ങളും ഒരുതരം സ്യൂഡൊ ഭക്തിയും മുളച്ചുപൊന്തുന്നതില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് ആരും പറഞ്ഞുതരേണ്ട കാര്യമില്ല..ഈയമ്പലത്തില്‍ തന്നെ ഇങ്ങനെയൊരു പൊങ്കാല ഈയിടെയാണ്..അമ്പലം ഉണ്ടായിട്ടും അധികനാളൊന്നുമായിട്ടില്ല.

    റെയില്വേയുടേ സ്ഥലം അനധികൃതമായി കയ്യേറിയ ആര്‍ എസ്സുകാര്‍, ആ സ്ഥലം പണ്ടേ അമ്പലം നിലനിന്നിരുന്ന സ്ഥലമാണെന്ന് വ്യാജരേഘയുണ്ടാക്കി കൈക്കലാക്കിയതാണിത്. കൊല്ലംകാര്‍ക്കെല്ലാമറിയാം ഈ കഥ. പിന്നീടേന്തിന് കള്ളം പറഞ്ഞുണ്ടാക്കിയ ഭക്തിവില്പ്പനരാഷ്ട്രീയ കാര്യാലയത്തിലേയ്ക്ക് നമ്മുടേ അമ്മപെങ്ങന്മാര്‍ നടന്നു കയറുന്നു..നാരങ്ങാവിളക്ക് കത്തിയ്ക്കുന്നു..?(ദേവേട്ടന്റെ കമന്റ് നോക്കുക)

    അപ്പൊ വിശ്വാസം എന്നു പറഞ്ഞ് എന്തു കൂത്താട്ടവും ആര്‍ക്കും ഒരു പൊതുസ്ഥലത്ത് നടത്താം അല്ലേ..
    സത്യത്തിന്റെ അടിത്തറയില്ലാതെ യാതൊന്നിനും നിലനില്പ്പില്ല..ഞാന്‍ പറഞ്ഞതല്ല..വിവേകാനന്ദ സ്വാമികള്‍ പറഞ്ഞതാണ്..

    ReplyDelete
  12. തൊട്ടു മുകളിലിട്ട കമന്റ് ഞാന്‍ ഡിലീറ്റുന്നു..ക്ഷമിയ്ക്കുക..

    ReplyDelete
  13. അംബി, ഈ പോസ്റ്റ് കാണാന്‍ വൈകി.

    ഇങ്ങനെയൊന്നെഴുതാന്‍ ഒരംബിയേ കാണൂ. നമ്മുടെ നാട്ടിലെ ഒരു പത്രക്കാരനും ഈ അന്യായത്തെപ്പറ്റി ഒരു ചുക്കുമെഴുതുമെന്നു തോന്നുന്നില്ല. അഥവാ എഴുതിയാല്‍ തന്നെ ആരു ശ്രദ്ധിക്കാന്‍!

    റെയില്‍‌വേ സ്‌റ്റേഷന്‍ വളപ്പിലും പ്ലാറ്റ് ഫോമിലുമൊക്കെ സൂചികുത്താനിടയില്ലാത്ത രീതിയില്‍ പൊങ്കാലയടുപ്പ് കൂട്ടാന്‍ നിര്‍‌ലോഭം അനുവാദം കൊടുക്കുന്ന അധികൃതര്‍ നാളെ ചെമ്മാമുക്കിലും കോളേജ് ജംഗ്‌ഷനിലുമായി രണ്ട് ദിശയിലേക്കുമുള്ള ട്രെയിനുകള്‍ തടഞ്ഞിട്ട് പാളത്തില്‍ പൊങ്കാല കൂട്ടാന്‍ അനുവദിച്ചാലും അത്ഭുതപ്പെടാനില്ല.

    (സാജന്‍ പറഞ്ഞ പോലെ, ഇത് കൊല്ലം ബ്ലോഗില്‍ തന്നെയിടേണ്ടിയിരുന്നു, അംബി.)

    ReplyDelete
  14. സാജനണ്ണന്‍, പ്രിയമ്വദ, ആറാര്‍, ദേവേട്ടന്‍ , സന്തോഷേട്ടന്‍, പരാജിയണ്ണന്‍ ...ഒക്കെ നന്ദി..ചിന്തകള്‍ പങ്കു വച്ചതിന്..

    പഴയ പോസ്റ്റുകള്‍ വായിയ്ക്കുകയായിരുന്നു..എന്റെ ഉലകം എന്ന ബ്ലോഗിലെ..
    സന്തോഷണ്ണനാണ് ബ്ലോഗ് ജീവിതത്തിലെ ആദ്യ കമന്റ്..:)

    മേലോട്ട് പോകുന്തോറും നല്ല രസം തോന്നി..ദേവേട്ടന്‍ എവിടേയോ പറഞ്ഞ പോലെ തന്നെ
    Im Not Ok, you are OK
    Im Not Ok you are not OK
    Im OK, You are not OK
    Im Ok, You are OK
    എന്ന തോമസ് ഹാരിസ് സൂക്തമോര്‍മ്മ വരുന്നു..:)

    സാജേട്ടാ, പരാജിയണ്ണാ കൊല്ലത്തിലിടാമാരുന്നു..അപ്പോള്‍ വേണ്ടെന്നു തോന്നി..:)

    ReplyDelete
  15. നന്ദി. നിര്‍വൃതി ഗംഭിരമായിരിക്കുന്നു. നല്ല വിവരണവും നിരീക്ഷണങ്ങളും. ഈ പോസ്റ്റിലേക്ക് ശ്രദ്ധയാകര്‍ഷിച്ച പാരിജാതനും നന്ദി.
    നന്നായി രൂപപ്പെടുത്തിയ വചനങ്ങളും അതിലെ ക്രാഫ്റ്റും സത്യസന്ധതയും അഭിനന്ദനമര്‍ഹിക്കുന്നു.

    ReplyDelete
  16. അംബീ,
    അഭിനന്ദനങ്ങള്‍.
    പൊതുവേദികളിലെ ഭക്തിപ്രകടനം, അതും കൂട്ടായ്മയുടെ പന്തലിനു കീഴെയുള്ള സുരക്ഷിത നിയമലംഘനം ഭക്തിയുടെ ചൂഷണം തന്നെ. സംഘ പരിവാര്‍ അതു ഹോള്‍ സെയിലായി അടിച്ചു മാറ്റിയെന്നേയുള്ളൂ.

    ഇങ്ങിനെ പോയാല്‍ കണ്ട്രോള്‍ഡ് അരാജകത്വം സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കേണ്ടി വരുമോ?

    ReplyDelete
  17. ഇന്നു് വായിച്ചതേയുള്ളൂ. ഇതെഴുതിയതിനു് ഒരു സല്യൂട്ട് തരാതെ പോകാന്‍ തോന്നുന്നില്ല. :)

    ReplyDelete
  18. kollaam (quilon alla) ..nalla observation. Kolambi shalyam apaaram thanne...naatil aanengil mandalakaalam 41 days kolambi, ramzan 30 days plus others, christmas , easter ect anpther 10 days, ulasavams another 20 days atleast, pinne party, suvishesham ellam koode oru 15 days . So total oru varshathil paathi kolambi alaram thanne. Vallathum parayan pattumo vishvasikale vrinapeduthunnathakille ?????

    ReplyDelete