Tuesday, October 20, 2015

സ്കാനിങ്ങും വൈദ്യ പടമെടുപ്പും (രണ്ടേ)

ആയതിനാൽ നമുക്ക് സീ ടീ സ്കാനിങ്ങിനെപ്പറ്റി സംസാരിയ്ക്കാം. നേരത്തേ പറഞ്ഞ എക്സ് റേയുടെ കഥ ജനം അത്യാവശ്യം വായിച്ച് മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ.

ഇവിടെ ഞാൻ സ്ഥിരം ശാസ്ത്രമെഴുത്തുകാരനാവുകയാണ്. എന്താ അത്? നമ്മൾ ചരിത്രം പറഞ്ഞ് ശാസ്ത്രം തുടങ്ങുക. ചരിത്രം പറയുന്നത് ചുമ്മാ ശാസ്ത്രജ്ഞർ മഹാ മഹാന്മാരെന്നും അവർ കഴിഞ്ഞിട്ടേ ലോകത്ത് നന്മ നീതി ന്യായം അസൂയയില്ലായ്മ വിശാലമനസ്കത തുടങ്ങിയ ഗുണങ്ങളുള്ള മര്യാദാപുരുഷോത്തമന്മാരുണ്ടാകൂ എന്നും സമർത്ഥിയ്ക്കാനല്ല. എങ്ങനെയാണ് ബിസിനസും പണവും ആയുധങ്ങൾക്ക് മാത്രമല്ല പുരോന്മുഖമായ കണ്ടുപിടിത്തങ്ങൾക്കും വഴിവയ്ക്കുന്നു എന്ന് പറയാനാണ്. പക്ഷേ അതിനെയൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായെടുക്കരുത്. ശാസ്ത്രീയ ഗവേഷണം സ്റ്റേറ്റ് തന്നെ കഴിയുന്നത്രയും ഫണ്ട് ചെയ്യണമെന്ന് വിശ്വസിയ്ക്കുന്നയാളാണ് ഈ എഴുതുന്ന ക്രൂരനായ ഫാസിസ്റ്റ്.
അറുപതുകളിൾ സ്ട്രോബറി പാടങ്ങളിലൂടെ ഗിഥാറിന്റെ നേരിയ കരച്ചിലാൽ ജൂഡിനേയും പ്രണയിച്ച് മനുഷ്യമനസ്സുകളിലേക്ക് കയറിപ്പറ്റിയ ഒരു ബ്രിട്ടീഷ് ബോയ് ബാൻഡ് ഉണ്ടായിരുന്നു. പേരു ബീറ്റിൽസ്. ലിവർപൂളിലെ നരച്ച മഴയിൽ നിന്ന് അവർ പുറത്തിറങ്ങിയത് ലണ്ടനിലെ ഈ എം ഐ എന്ന പ്രശസ്ത റെക്കോഡ് കമ്പനി അവരുടെ പാട്ടുകൾ വിറ്റഴിയ്ക്കാൻ അവകാശം നേടിയപ്പോഴാണ്. (ഹൊ എന്താ സാഹിത്യം! കുളിരു കോരുന്നു.) 



അതേ Electrical and Musical Industries എന്ന EMI കമ്പനിയിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ഗോഡ്ഫ്രേ ഹൗൺസ്ഫീൽഡ് എന്നൊരു എഞ്ചിനീയർ-ശാസ്ത്രജ്ഞൻ ഉണ്ടായിരുന്നു. റോയൽ എയർഫോഴ്സിൽ നിന്ന് റഡാർ ടെക്നീഷ്യൻ ആയി റിട്ടയർ ചെയ്ത്, പ്രശസ്തമായ ഫാരഡേ ഹൗസിൽ നിന്ന് ഡിപ്ളോമ എടുത്ത് ചാർട്ടേഡ് എഞ്ചിനീയർ ആയ ശേഷം EMI കമ്പനിയിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഹൗൺസ്ഫീൽഡ്. 1962 ൽ ഈ കമ്പ്യൂട്ടർ വിഭാഗം ഈ എം ഐ കമ്പനി വിറ്റു. ലാഭകരമല്ല എന്നതായിരുന്നു കാരണം. ഹോൺസ്ഫീൽഡിന്റെ ജോലി തുലാസിൽ. പുള്ളി ഒരു പ്രത്യേക ജോലിയിൽ ആ സമയത്ത് മുഴുകിയിരിയ്ക്കുകയായിരുന്നു. എക്സ് റേ വച്ച് കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ ഒരു ആന്തരാവയവങ്ങളെ മുറിച്ച് വച്ച മാതിരി കാണിയ്ക്കാനുള്ള ഒരു യന്ത്രം ഉണ്ടാക്കുന്ന ജോലി.

അപ്പോഴാണ് നഷ്ടത്തിലോടിയിരുന്ന EMI കമ്പനിയ്ക്ക് ബീറ്റിൽസെന്ന പയ്യന്മാരുടെ പാട്ടുകളിറക്കാൻ കോണ്ട്രാക്ട് കിട്ടുന്നത്. പാട്ടുകൾ ഹിറ്റായി എന്ന് മാത്രമല്ല ഹിറ്റോട് ഹിറ്റായി. ഈ എം ഐയ്ക്ക് പണം ഒരുപാട് കിട്ടി. കമ്പനി ആ ഒരൊറ്റ കോണ്ട്രാക്റ്റ് കൊണ്ട് നല്ല ലാഭത്തിലായെന്നല്ല കൊടും ലാഭത്തിലായി. ഹൗൺസ്ഫീൽഡിന്റെ പ്രൊജക്ടിനു വേണ്ട പണം അവർക്ക് ഒന്നുമല്ലായിരുന്നു. അദ്ദേഹത്തിനു വേണ്ട പണം ആവശ്യത്തിനു നൽകി. അദ്ദേഹത്തിനും ടീമിനും വേണ്ട ശമ്പളവും നൽകി.

ഹൗൺസ്ഫീൽഡ് ആദ്യത്തെ സീ ടീ സ്കാനറിനു മുന്നിൽ


എന്നാൽ ഈ എം ഐയും ബീറ്റിൽസും മാത്രമാണോ ഇതിനു കാരണം. ഗോഡ്ഫ്രേ ഹൗൺസ്ഫീൽഡിനും ടീമിനും നല്ല ശമ്പളം നൽകി ആ കമ്പനിയിൽ നിലനിർത്തിയെന്നത് നേരുതന്നെ. അതൊഴിച്ചാൽ ഏതാണ്ട് ഒരു ലക്ഷത്തോളം പൗണ്ട് ആ പ്രൊജക്ടിനായി EMI  ചിലവഴിയ്ക്കുകയും ചെയ്തു. എന്നാൽ യൂ കേ ഗവണ്മെന്റിന്റെ ആരോഗ്യവകുപ്പ് ഏതാണ്ട് ആറുലക്ഷത്തോളം പൗണ്ടാണ് ഈ പ്രൊജക്ടിനായി നൽകിയത്. അതുകൊണ്ട് ബ്രിട്ടണിലെ ആരോഗ്യവകുപ്പിനോടാണ് നാം ആറിരട്ടി നന്ദി പറയേണ്ടത്. പിന്നെ കൗതുകകരമായ ഒരു സാദൃശ്യം ചൂണ്ടിക്കാണിയ്ക്കാനും യാതൊരു അക്കാഡാമിക പശ്ചാത്തലവുമില്ലായിരുന്ന ഹൗൺസ്ഫീൽഡിനു EMI  യിലല്ലായിരുന്നെങ്കിൽ, അവർ അദ്ദേഹത്തെ അവിടെ ശമ്പളം കൊടുത്ത് ഈ പ്രൊജക്ടിനെ സപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ ഒരു യൂണിവേഴ്സിറ്റിയിൽ ഈ ഗവേഷണം തുടർന്ന് പോകാനുള്ള സാഹചര്യമില്ലായ്മയും ഓർത്താൽ നമ്മൾ ഇവർക്കാർക്കുമല്ല ആ മഹാനായ ഗവേഷകനു മുന്നിൽ ഒരു സല്യൂട്ട് കൊടുക്കാം. :-)

ഹൗൺസ്ഫീൽഡ് എന്ത് ത്യേങ്യാണുണ്ടാക്കിയത്?

അതിനൽപ്പം ബിറ്റും ബൈറ്റും പഠിയ്ക്കണം. ഒരു ഹാർഡ്വേർ എന്നതിലുപരി സീ ടീ സ്കാനിങ്ങിന്റെ തലച്ചോർ അതിന്റെ കമ്പ്യൂട്ടറാണ്. അതിനുള്ളിലെ അൽഗോരിതമാണ്.

ഓ, അത് പറയാൻ മറന്നു. ഗോഡ്ഫ്രേ ഹൗൺസ്ഫീൽഡിനു ഈ കണ്ടുപിടുത്തത്തിനു 1979 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കിട്ടിയിട്ടുണ്ട്.

ആദ്യം നമുക്ക് ഹാർഡ് വെയറിനെപ്പറ്റി നോക്കാം

സീ ടീ സ്കാനർ ഡിസൈനിങ്ങിനിടയിൽ ഹൗൺസ്ഫീൽഡ് വരച്ച ഒരു സ്കെച്ച്

എക്സ് റേയിലേപ്പോലെ സീ ടീ സ്കാനറിലും ഒരു എക്സ് റേ ട്യൂബും കുറേ എക്സ് റേ സെൻസറുകളുമാണ് ഉള്ളത്. ഇവിടെ എക്സ് റേ റ്റ്യൂബ് കറങ്ങിക്കൊണ്ടിരിയ്ക്കുകയാണെന്ന് മാത്രം. എക്സ് റേ ട്യൂബിനൊപ്പം സെൻസറുകളും കറങ്ങിക്കൊണ്ടിരിയ്ക്കുന്നു. എക്സ് റേ ട്യൂബും സെൻസറുകളും ഒരേ അക്ഷത്തിലാണു (Axis) ഒരുപോലെ കറങ്ങുന്നത്. ഒരു ഓലപ്പമ്പരത്തിലെ രണ്ട് ഇലകളേപ്പോലെ.  ചിത്രം നോക്കുക. 

ucm115328.gif


എക്സ് റേ ട്യൂബിൽ നിന്നും ആ വിശറിയുടെ ആകൃതിയിൽ എക്സ് റേ ബീം ഉണ്ടാക്കുന്നു. അത് ശരീരത്തിലൂടെ കടന്ന് പോകുന്നു. ശരീരത്തിലൂടെ കടന്ന് പുറത്ത്  വരുന്ന എക്സ് റേ എതിർവശത്തുള്ള സെൻസറിൽ വീഴിയ്ക്കുന്നു. (എക്സ് റേ ഭൗതികരും എഞ്ചിനീയർമാരും അതിനെ ഡിക്ടക്ടർ എന്ന് വിളിയ്ക്കാനാണിഷ്ടപ്പെടുന്നത്. അവരു എന്തോ വിളിയ്ക്കട്ട്). ഒരു ഡിറ്റക്ടർ അല്ല. കുറേയേറേ ഡിറ്റക്ടറുകൾ ഒരു വളഞ്ഞ പ്രതലത്തിൽ നിരത്തിയ ഡിറ്റക്ടർ നിര (detector array) ആണുള്ളത്. എക്സ് റേ ട്യൂബ് കറങ്ങിക്കൊണ്ടിരിയ്ക്കുമ്പോൾ ഓരോരോ കോണിലും നിന്ന് നിരന്തരമായി ചിത്രങ്ങളെടുത്ത് കൊണ്ടിരിയ്ക്കുകയാണ്. 

അങ്ങനെ ഒരു മുഴുവൻ കറക്കം കഴിഞ്ഞാൽ (360 ഡിഗ്രി) സീ ടീ സ്കാനറിലെ കട്ടിൽ അൽപ്പം അകത്തേക്ക് നീങ്ങി അടുത്ത സ്ലൈസ് അഥവാ സ്കാൻ എടുക്കുന്നു. അങ്ങനെ സ്ലൈസുകളായി മുഴുവൻ ഭാഗവും സ്കാൻ ചെയ്യുന്നു. ഓരോ ബ്രെഡ് സ്ലൈസുകൾ ചേർത്ത് ഒരു ലോഫ് ബ്രഡ് ഉണ്ടാക്കുന്ന പോലെ തന്നെ. 

എന്താണു സ്ലൈസുകളായി അല്ലെങ്കിൽ ഇവിടെ ടോമോഗ്രാം ആയി ചിത്രങ്ങളെടുത്താൽ ഉള്ള ഗുണം? 

താഴെ ചിത്രത്തിലെ ബ്രെഡ് സ്ലൈസിൽ നോക്കുക. അതിലെ ചെറിയ കുഴികളും അതികത്തത്തെ കുഞ്ഞ് ധാന്യമണികളും മറ്റും സ്ലൈസിൽ നോക്കുമ്പോൾ കാണാമല്ലോ. എത്ര നമ്മായി വെളിച്ചം അകത്തേക്ക് പായിച്ചിട്ട് പുറമേ നിന്നു നോക്കിയാൽ അത് കാണാനാകുമോ? ഇനി ഈ ലോഫ് ബ്രെഡിനകത്ത് കൂടെ കയറി പുറത്ത് വരാൻ ശക്തിയുള്ള പ്രകാശം ഉണ്ടെന്നിരിയ്ക്കട്ടെ, ആ കുഴി ഉണ്ടെന്നോ ഒരു ധാന്യമണി ഉണ്ടെന്നോ അല്ലാതെ എത്ര താഴ്ചയിൽ, എത്ര വലിപ്പത്തിൽ എന്നൊക്കെ പറയാൻ പറ്റില്ല. എന്നാൽ അത് നമുക്ക് സ്ലൈസ് ആക്കി നോക്കിയാൽ കാണാം. അതുകൊണ്ടാണ് നമ്മൾ ടോമോഗ്രാം എടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ടോമോഗ്രാം നമുക്ക് മൂന്ന് മാനത്തിലും (Three Dimensional) ഉള്ള ചിത്രങ്ങൾ തരുന്നു.

Breadindia.jpg


ഇത് അൽപ്പം പഴയ സ്കാനറിന്റെ കഥയാണ്. ഓരോരോ സ്ലൈസ് ആയി എടുക്കുവാൻ ഒരുപാട് സമയം എടുക്കും. അന്നുണ്ടായിരുന്ന ഒരു പ്രശ്നം ഈ എക്സ് റെ റ്റ്യൂബ് - ഡിക്ടക്ടർ അസംബ്ളി ഒരു കറക്കം കഴിഞ്ഞാൽ     അതിൽ വയറുകളും മറ്റും ചുറ്റിപ്പോവുമല്ലോ. അതൊഴിവാക്കാൻ ആ അസംബ്ളി തിരികെ കറങ്ങി വിണ്ടും സ്കാൻ എടുക്കണം. കറക്കം തിരികെക്കറക്കം. വലിയ പാടുതന്നെ എന്ന് തോന്നിത്തുടങ്ങി.

അപ്പോഴാണ് നമ്മൾ സ്ലിപ്പ് റിംഗ് ടേക്നോളജി ഇതിൽ ഉപയോഗിയ്ക്കാം എന്ന് മനസ്സിലാക്കിയത്. അത് പേരു കേട്ട് ഞെട്ടണ്ട. നമ്മുടെ സൈക്കിളിലെ ഡൈനാമോയിൽ, അല്ലെങ്കിൽ ഒരു ഇൻഡക്ഷൻ മോട്ടോറിൽ ഉപയോഗിയ്ക്കുന്ന ഏതാണ്ട് അതേ സാങ്കേതികത തന്നെ. സ്ലിപ് റിങ്ങും ബ്രഷും ഉപയോഗിച്ച്, കറങ്ങുന്ന എക്സ് റേ ട്യുബ് അസംബ്ളിയിലേക്ക്  നിരന്തരമായി വൈദ്യുതി എത്തിയ്ക്കാൻ കഴിഞ്ഞാൽ കേബിളുകൾ ഒഴിവാക്കാം. അതുകൊണ്ട് സാധനം റീകോയിൽ (തിരികെ ചുറ്റൽ) ചെയ്യേണ്ട ആവശ്യമില്ല. കൗച്ച് അഥവാ കട്ടിലും നിർത്താതെ അകത്തോട്ട് ചലിപ്പിച്ചാൽ ഈ സ്ലൈസുകൾക്ക് പകരം നകുക്കൊരു വർത്തുളാകൃതിയിലുള്ള ഭാഗമാവും സ്കാൻ ചെയ്യുക. വർത്തുളാകൃതി അഥവാ സർപ്പിളാകൃതി എന്നൊക്കെ പറയുന്നതിനെയാണു സ്പൈറൽ എന്നിംഗ്ളീഷിൽ പറയുന്നത്. ഇത്തരം സ്കാനിങ്ങിനെ സ്പൈറൽ സീ ടീ സ്കാനിങ്ങ് (Spiral CT) എന്നും വിളിയ്ക്കും.
ഈ ചിത്രം നോക്കുക

NM19_100(1).gif


ഈ വീഡിയോയിൽ ഒരു സ്കാനർ തുറന്ന് വച്ചിരിയ്ക്കുന്നത് കാണിയ്ക്കുന്നു.


ഇതാണൊരു സ്പൈറൽ സീ ടീ സ്കാനർ അകത്ത് കറങ്ങുന്നത്. നല്ല സ്പീഡിലാണെന്ന് മനസ്സിലായല്ലോ. ഇവിടെ എഞ്ചിനീയർമാർ സകലതും തുറന്ന് വച്ചിരിയ്ക്കുന്നതിനാൽ കൗച്ച് അകത്തേക്ക് പോകുന്നില്ല. ഒരു രോഗിയായി സീ ടീ സ്കാൻ ചെയ്യാൻ പോയാൽ ഏതാണ്ട് ഇതുപോലെയാകും നമുക്ക് തോന്നുക


ഇത് ഹാർഡ് വേർ. എന്നാൽ ഈ ഓരോരോ കോണീലും നിന്ന് പല ആംഗിളുകളിൽ ഒരുപാട് ചിത്രങ്ങൾ അഥവാ പ്രൊജക്ഷനുകൾ എടുത്ത ശേഷം എന്താണവിടെ ചെയ്യുന്നത്?അവിടെയാണു നമുക്ക് കണക്കിലെ ചില കളികളും മറ്റും നോക്കേണ്ടത്. എനിയ്ക്കും പണ്ടേ കണക്കും വേദനയും ഒരുമിച്ച് തലച്ചോറിലെവിടേയോ രജിസ്റ്റർ ചെയ്യപ്പെട്ടിരിയ്ക്കുന്നതിനാൽ അതൊട്ടും ഇഷ്ടമല്ല. അതുകൊണ്ട് തന്നെ നമുക്ക് കണക്കില്ലാതെ വെറും ലോജിക് വച്ച് നോക്കാം.

ഈ സീടീ സ്കാനർ വച്ചും നമ്മൾ ആദ്യം എടുക്കുന്നത് ദ്വിമാന ചിത്രങ്ങൾ അഥവാ പ്രൊജക്ഷനുകൾ തന്നെയാണ്. നമുക്ക് പഴയ എക്സ് റേ ഒന്ന് നോക്കാം




ഈ എക്സ് റേയിൽ ആദ്യം കാണിച്ചിരിയ്ക്കുന്ന രണ്ട് എക്സ് റേ ചിത്രങ്ങൾ (A യും B യും) രണ്ട് കോണുകളിൽ നിന്നുള്ള എക്സ് റേ പ്രൊജക്ഷനുകളാണ്. അങ്ങനെ ഈ രോഗിയ്ക്കു ചുറ്റും ഓരോരോ കോണുകളിൽ എക്സ് റേ ട്യൂബ് വച്ച് നമുക്ക് പ്രൊജക്ഷനുകളെടുക്കാം. സീ ടീ സ്കാനിങ്ങിൽ ആ സ്കാനറിന്റെ ചിത്രം ഒന്ന് നോക്കിയാൽ അത് തന്നെയാണു ചെയ്യുന്നതെന്ന് മനസ്സിലാവും. അങ്ങനെ ഉള്ള ചിത്രങ്ങളുടെ ഡാറ്റയിൽ നിന്ന് ആ സ്ലൈസ് എങ്ങനെയാണുണ്ടാക്കുന്നത്? തീർച്ചയായും വളരെയേരെ കുഴമറിഞ്ഞ കണക്കുകൂട്ടലുകൾ സീ ടീ സ്കാനർ നടത്തുന്നുണ്ട്. എന്നാൽ ഇതിന്റെ പിന്നിലുള്ള പ്രാഥമിക തത്വം നമുക്ക് മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല.

നമുക്കൽപ്പം സിമ്പിൾ അരിത് മാറ്റിക് , വെറും പ്രൈമറി സ്കൂൾ കണക്കുകൂട്ടൽ. എളുപ്പത്തിനു നമുക്ക് ഒരു നാലു പിക്സലുകൾ മാത്രമുള്ള ഡാറ്റാ എങ്ങനെ സ്ലൈസാക്കും എന്ന് നോക്കാം.

BP1.jpg
ഇതിൽ നിന്ന് നമുക്കാകെ അറിയാവുന്നത് നമുക്ക് നാലു പ്രൊജക്ഷനുകൾ കിട്ടിയിട്ടുണ്ട് എന്നാണ്. ഇതിൽ നിന്ന് നമ്മളെങ്ങനെ A, B, C, D എന്നിവ എന്തെന്ന് മനസ്സിലാക്കും? അതിനുള്ള സൂത്രപ്പണി അഥവാ അൽഗോരിതം എന്താന്നൊന്ന് നോക്കാം. ആദ്യം നമ്മൾ നമുക്കറിയാവുന്ന മൂല്യങ്ങളെ നമ്മൾ പിറകോട്ട് പ്രൊജക്ട് ചെയ്യും. ഓരോരോന്നായി അടുത്ത ചിത്രം നോക്കുകBP2.jpg

ആദ്യം നമുക്കുള്ള ആദ്യത്തെ ഡാറ്റാസെറ്റ്(3,7) പിറകോട്ട് പ്രൊജക്ട് ചെയ്തു. പിന്നീട് രണ്ടാമത്തെ (2,5,3) അങ്ങനെ നാലു ഡാറ്റാ സെറ്റും പിറകോട്ട് പ്രൊജക്ട് ചെയ്തു. അതാത് കള്ളിയിലുള്ള മൂല്യങ്ങളെ പരസ്പരം കൂട്ടി അവസാനം നമുക്ക് നാലാമത്തെ ചിത്രത്തിലെപ്പോലെ ഒരു സംഭവം കിട്ടി.




ഇനിയാണു കളി. ഈ കിട്ടിയ സാധനത്തിലെ അനാവശ്യമായ കാര്യങ്ങളെ ഓടിച്ച് വിട്ട് നമുക്ക് ഒറിജിനൽ പിക്സലുകൾ എത്രയായിരുന്നോ ആ മൂല്യം കിട്ടണം. എങ്ങനെ? ആദ്യം നമ്മളതിലെ ഓരോ മൂല്യത്തിൽ നിന്നും ഒരോ മൂല്യങ്ങളുടേയും ആകെത്തുകയെ അങ്ങ് (ഈ ഉദാഹരണത്തിൽ 10) കുറച്ചു. എന്നിട്ടോ അവയിലെ ഓരോ മൂല്യത്തേയും ആദ്യ പ്രൊജക്ഷൻ കഴിഞ്ഞിട്ട് ചെയ്ത എത്ര പ്രൊജക്ഷനുണ്ടോ അത് കൊണ്ട് ഹരിച്ചു. അതിനു ശേഷം അവശേഷിയ്ക്കുന്നതാണ് A,B, C, D എന്നിവയുടെ യഥാർത്ഥ മൂല്യം.

ഈ കഥ കുറച്ചൂടെ വൃത്തിയ്ക്ക് പറഞ്ഞിട്ടുള്ള ഒരു കാർട്ടൂൺ. P1, P2, P3, P4 എന്നിങ്ങനെ നാലു പ്രൊജക്ഷനുകളിൽ നിന്ന് μ1,μ 2, μ3 ,μ 4 എന്നീ യഥാർത്ഥ ത്തിൽ ഉള്ള മൂല്യം എങ്ങനെ കിട്ടും എന്നതാണു കഥ. കഥ നല്ല വൃത്തിയ്ക്ക് ചിത്രത്തിൽ പറഞ്ഞിട്ടുള്ളോണ്ട് എനിയ്ക്ക് അധികമൊന്നും വിശദീകരിയ്ക്കേണ്ടതില്ല.

NM19_2.gif


ഈ പരിപാടി ഞാനങ്ങ് ചുമ്മാ ചെയ്തതല്ല. കണക്കിലെ ബാക് പ്രൊജക്ഷൻ എന്ന പരിപാടിയുടെ ചെറിയൊരു ഉദാഹരണമാണിത്. ഇത് ആകെ ഒരു 2x2 റെസല്യൂഷൻ ഉള്ള പിക്സൽ സെറ്റുള്ളപ്പൊ ഉദാഹരണമൊക്കെ കാണിയ്ക്കാൻ എളുപ്പമാണ്. എന്നാൽ പിക്സൽ നമ്മൾ കാണുമ്പോലെ 1024x1024 ഒക്കെയാകുമ്പൊ, വേറേ ഒരുപാട് നോയിസും എക്സ് റേയുടെ സ്കാറ്റർ ചെയ്ത മൂല്യങ്ങളും ഒക്കെയയാൽ പണി പാളും. അപ്പൊ റാഡോൺ ട്രാൻസ്ഫോം, കൊറച്ച് ഫിൽറ്റേഡ് ബാക് പ്രൊജക്ഷൻ, ച്ചെരെ ഇറ്റിറേറ്റീവ് റീകൺസ്ട്രക്ഷൻ, ഒരു പൊടി ഫൂറിയർ ട്രാൻസ്ഫോം തുടങ്ങിയ പരിപാടികൾ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തിലെ കലകളുടെ കൃത്യമായ ചിത്രം മികച്ച റെസല്യൂഷനിൽ കിട്ടത്തക്കവിധം അതി സങ്കീർണ്ണമായ അൽഗോരിതങ്ങളും കണക്കുകൂട്ടലുകളുമാണ് സീ ടീ സ്കാനിങ്ങിലെ കമ്പ്യൂട്ടർ എന്ന ഭാഗം ചെയ്യുന്നത്. വളരെ ഉയർന്ന പ്രൊസസിങ്ങ് പവറും മെമ്മറിയുമുള്ള കമ്പ്യുട്ടറുണ്ടെങ്കിൽ മാത്രമേ ഇതൊക്കെ സാധ്യമാകൂ.

എന്തായാലും ഈ ഉദാഹരണം കൊണ്ട് ഒരു കാര്യമെങ്കിലും വ്യക്തമായിട്ടുണ്ടാവുമെന്ന് വിശ്വസിയ്ക്കുന്നു. കുറേ ഇമേജുകൾ സൂക്ഷിച്ച് വച്ചിട്ട് നിങ്ങളുടേത് പോലെ തോന്നിയ്ക്കുന്ന ഒരു ചിത്രമെടുത്ത് തരികയല്ല സീ ടീ സ്കാനർ ചെയ്യുന്നത്. അത് നമ്മളുടെ തന്നെ ആന്തരാവയവങ്ങളുടെ കൃത്യമായ ചിത്രം തന്നെയാണ്തരുന്നത്. സീ ടീ സ്കാനിങ്ങിൽ ഉപയോഗ്യ്ക്കുന്നതും എക്സ് റേ തന്നെയാണ്. എക്സ് റേ ഉപയോഗിച്ച് നമ്മുടെ ദേഹത്തിന്റെ തന്നെ പ്രൊജക്ഷനുകൾ എടുത്ത ശേഷം ഡിജിറ്റൽ ടെക്നോളജിയുടേയും അതി ശക്തമായ കമ്പ്യൂട്ടറുകളുടെയും സഹായത്താൽ നമ്മുടെ ദേഹത്തിന്റെ തന്നെ, നമ്മുടെ ആന്തരാവയവങ്ങളുടെ തന്നെ കൃത്യമായ വ്യക്തമായ ചിത്രം ഉണ്ടാക്കുന്നു.

ഇനി സീ ടി യിലെ സോഫ്റ്റ്വേർ ഉപയോഗിച്ച് എന്തൊക്കെ ഉണ്ടാക്കാം. സ്ലൈസുകളിൽ നിന്ന് നമ്മുടെ ദേഹത്തിന്റെ സ്കാൻ ചെയ്ത ഭാഗത്തെ ഒരു 3D ഡാറ്റ സീ ടീ സ്കാനിലെ സോഫ്റ്റ്വേർ ഉണ്ടാക്കിയെടുത്തു എന്ന് നാം കണ്ടു. ഇനി ഉള്ളത് ആ ഡാറ്റാ നമുക്ക് എങ്ങനേയും ഉപയോഗിയ്ക്കാം എന്നുള്ളതാണ്. സ്ലൈസുകളായി മാത്രമല്ല അതിനെ 3D സോഫ്റ്റ്വേറുകളുടെ സഹായത്താൽ ഏതു രീതിയിലും ഏത് കോണിലൂടെയും കാണാം.

സീ ടീ സ്കാനിൽ (സാധാരണ എക്സ് റേയിലും) ആത്യന്തികമായി പടങ്ങൾ ഉണ്ടാക്കുന്നത് എക്സ് റേ രശ്മികൾ ശരീരകലകളിലൂടെ കടന്നുപോകുമ്പോൾ അതിന്റെ കടന്നുപോകുന്ന വഴിയിൽ ഓരോരോ കലകളിലും വച്ച് എക്സ് റേയ്ക്കുണ്ടാകുന്ന അവശോഷണമാണ് എന്ന് ആദ്യമേ പറഞ്ഞല്ലോ.എക്സ് റെയെപ്പറ്റി പറഞ്ഞപ്പോൾ നമ്മൾ സംസാരിച്ചു ഇലക്ട്രോൺ സാന്ദ്രത ആണ് ഓരോ കലകളിലേയും എക്സ് റേയുടെ അവശോഷണം നിശ്ചയിയ്ക്കുന്നതെന്ന്.

ഈ ആപേക്ഷികമായ അവശോഷണത്തെ ഒരു സീ ടീ സ്കാനിങ്ങ് ചിത്രത്തിൽ കറുപ്പിനും വെളുപ്പിനുമിടയിലെ ചാര നിറത്തിന്റെ ഓരോരൊ ഷേഡുകളായാണു കാണിച്ചിരിയ്ക്കുന്നത്. മുഴുവൻ എക്സ് റേയും കടത്തി വിട്ട വായു മാത്രം ഉള്ള ഭാഗം പൂർണ്ണമായും കറുത്തും ഒട്ടും എക്സ് റേ കടത്തിവിടാത്ത ഒരു ലോഹക്കട്ട പൂർണ്ണമായും വെളുത്തും കാണുമെങ്കിൽ ഏതാണ്ട് പാതിയോളം എക്സ് റേ കടത്തി വിടുന്ന വെള്ളം 50% കറുപ്പും 50% വെളുപ്പും ചേർന്നതാരിയ്ക്കും.

അതിനെ ഒരു സ്കെയിൽ (മാനകം?) ആയാണു സീ ടീ യിൽ കാണിയ്ക്കുക. -1000 എന്ന മൂല്യം പൂർണ്ണമായും കറുപ്പ് അതായത് വായുവിനു നൽകുന്നു. +1000 എന്നത് ഒട്ടും എക്സ് റേ കടത്തിവിടാത്ത വസ്തുവിനു നൽകുന്നു. വെള്ളത്തിനു 0 എന്ന മൂല്യവും നൽകുന്നു. ശരിയ്ക്ക് പറഞ്ഞാൽ വെള്ളത്തിനു (ഡിസ്റ്റിൽഡ് വാട്ടർ) പൂജ്യം എന്ന മൂല്യം സ്റ്റാൻഡേർഡ് ടേമ്പറേച്ചർ പ്രഷറിൽ നൽകിയിരിയ്ക്കുന്നു. ഇതേ അവസ്ഥയിൽ വായു -1000 ആയി കാലിബ്രേറ്റ് ചെയ്യുന്നു. താഴെക്കാണുന്ന ചിത്രം നോക്കുക. 



വിവിധ ശരീരകലകളുടെ സീ ടീ നമ്പരുകളാണത്. ഈ മൂല്യങ്ങളെ ഗോഡ്ഫ്രേ ഹൗൺസ്ഫീൽഡിന്റെ ബഹുമാനാർത്ഥം ഹൗൺസ്ഫീൽഡ് യൂണിറ്റ് എന്നാണു വിളിയ്ക്കുന്നത്. ഒരോരോ ശരീരകലകൾക്കും അവയുടെ എക്സ് റേയെ അവശോഷിപ്പിയ്ക്കാനുള്ള കഴിവനുസ്സരിച്ച് ഒരോരോ പ്രത്യേക മൂല്യം ഉണ്ടായിരിയ്ക്കും  എന്ന് മനസ്സിലായല്ലോ. ഇങ്ങനെയൊരു 3D ഡാറ്റായിൽ വ്യത്യസ്തമായ ഇങ്ങനെയുള്ള മൂല്യങ്ങളുണ്ടെങ്കിൽ കമ്പ്യൂട്ടർ പ്രോഗ്രാമുകളുപയോഗിച്ച് എന്തൊക്കെ ഇതിനകത്ത് നിന്ന് പുതിയതായി ഉണ്ടാക്കിക്കൂടാ എന്ന് ഞാൻ പറയേണ്ട, കമ്പ്യൂട്ടർ വിദഗ്ദ്ധരായ നിങ്ങൾക്കെല്ലാം ഊഹിയ്ക്കാം. 

ഉദാഹരണമായി ഒരു പ്രത്യേക കോണ്ട്രാസ്റ്റ് ഇൻജക്ഷൻ കൊടുത്തിട്ട് ആ കോണ്ട്രാസ്റ്റിന്റെ സീ ടീ നമ്പർ അറിയാമെങ്കിൽ കോണ്ട്രാസ്റ്റ് നിറഞ്ഞിരിയ്ക്കുന്ന ഭാഗങ്ങൾ മാത്രം നമുക്ക് കണ്ടാൽ മതി എന്ന് ഒരു പ്രോഗ്രാമുണ്ടാക്കാം. 

ഈ ചിത്രം നോക്കുക.


ഇത് ഇങ്ങനെ കോണ്ട്രാസ്റ്റ് മരുന്ന് കുത്തിവച്ച ശേഷം എടുത്ത സീടീ പടങ്ങളുടെ ഡാറ്റ വച്ചുണ്ടാക്കിയ 3D ചിത്രമാണ്. കോണ്ട്രാസ്റ്റ് കടന്നു പോകുന്ന രക്തക്കുഴലുകൾ, അതിൽ നിന്ന് കുറച്ച് കോണ്ട്രാസ്റ്റ് എത്തിയ കിഡ്നികൾ എന്നിവ മാത്രം ഫിൽറ്റർ ചെയ്ത് 3D പുനർനിർമ്മാണം നടത്തിയിരിയ്ക്കുന്നു. ഇരു വശത്തേയും കിഡ്നികളിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകൾടെ അകവശം നേർത്ത് പോകുന്ന അസുഖമുള്ളയാളുടെ (Renal artery stenosis)  ചിത്രമാണത്. അമ്പുകളിട്ട് കാണിച്ചിരിയിക്കുന്നത് നോക്കുക

എല്ലുകളുടെ സീ ടീ നമ്പറുകൾ മാത്രം കാണത്തക്ക രീതീയിൽ പുനർ നിർമ്മാണം (image reconstruction) ചെയ്താൽ നമ്മുടെ അസ്ഥികളുടെ 3D ചിത്രവും ഉണ്ടാക്കാം. ഇവിടെ തലയുടെ സീ ടീ സ്കാനിൽ നിന്ന് എല്ലുകൾ മാത്രം കാണത്തക്ക രീതിയിൽ പുനർ നിർമ്മാണം നടത്തിയതിൽ ഒരു താടിയെല്ലിലെ നല്ല രീതിയിലുള്ള ഒരു പൊട്ടൽ കാണിച്ചിരിയ്ക്കുന്നത് നോക്കുക.

3D_CT_of_bilateral_mandible_fracture.jpg

ഇങ്ങനെ അന്തമില്ലാത്ത ഉപയോഗങ്ങളാണു സീ ടീ യ്ക്കുള്ളത്. വളരെ കൃത്യമായി രോഗനിർണ്ണയം സാധ്യമാകുന്നു എന്ന് മാത്രമല്ല അനാവശ്യമായി ശരീരം തുറന്നോ, സർജറികൾ നടത്തിയോ ഒക്കെയുള്ള പരിശോധന ഒഴിവാക്കാം എന്നുള്ളതും സീ ടീയുടെ ഗുണമാണ്. ദാണ്ടെ ഈ വീഡിയോ ഒന്ന് കാണുക.


നമ്മൾ ആദ്യഭാഗത്ത് എക്സ് റേ വച്ച് എടുത്ത കൊറോണറീ ആൻജിയോഗ്രാം സീ ടീ സ്കാൻ വച്ച് പുനർനിർമ്മിച്ചിരിയ്ക്കുയ്ക്കുന്ന ഒരു വീഡിയോ ആണത്. ഹൃദയപേശികളിലേക്കുള്ള രക്തക്കുഴലുകൾ വ്യക്തമായി ഇതിൽ കാണുന്നത് ശ്രദ്ധിച്ചിരിയ്ക്കുമല്ലോ. സാധാരണ ആൻജിയോഗ്രാം ചെയ്യുമ്പോൾ തുടയിൽ ഒരു ചെറിയതെങ്കിലും ഒരു കീറൽ ഉണ്ടാക്കണം, രക്തക്കുഴലു വഴി കത്തീറ്റർ തുടയിൽ നിന്ന് ഹൃദയത്തിന്റെ രക്തക്കുഴലുകളുടെ ചുവടു വരെ എത്തിയ്ക്കണം. ഒരു കാർഡിയോളജിസ്റ്റുകളുടെ ടീം ഇത് ചെയ്യാൻ ഉണ്ടാവണം, ഓപ്പറേഷൻ തീയറ്റർ വേണം, മറ്റു സൗകര്യങ്ങൾ (നേഴ്സിങ്ങ്, ടെക്നിക്കൽ) വേണം, .സീ ടീ സ്കാൻ ഉപയോഗിച്ച് ചെയ്യുവാണേൽ അതൊന്നും വേണ്ട. ഒരു ചെറിയ ഇൻജക്ഷൻ നൽകി കൊറോണറി ആൻജിയോഗ്രാം ചെയ്യാം.

(ഇത് വായിച്ചിട്ട് ആരും എനിയ്ക്ക് സാദാ ആൻജിയോഗ്രാഫി ചെയ്യണ്ട സീ ടീ ആൻജിയോഗ്രഫി ചെയ്താൽ മതി എന്ന് തീർച്ചപ്പെടുത്തണ്ട. സാധാരണ ആൻജിയോഗ്രാം ചെയ്യുന്നതാണ് സീ ടീ ചെയ്യുന്നതിലും കൃത്യമായി രോഗം നിർണ്ണയിയ്ക്കാനാവുക. മാത്രമല്ല അഥവാ സീ ടീ ആൻജിയോഗ്രാം ചെയ്ത് കുഴപ്പം എന്തെങ്കിലും (ഉദാ: രക്തക്കുഴലിൽ അടവ്) കണ്ടുപിടിച്ചാലും പിന്നെ സാദാ ആൻജിയോഗ്രാമോ അതോടൊപ്പം ആൻജിയോപ്ളാസ്റ്റിയോ ഒക്കെ ചെയ്തെങ്കിലേ പറ്റൂ. ഏത് വേണം എന്ന് കാർഡിയോളജിസ്റ്റാണു തിരുമാനിയ്ക്കുക. അപ്പോഴും നിങ്ങൾക്ക് ആൻജിയോഗ്രാം ചെയ്യണം എന്ന് ഡോക്ടർ പറയുമ്പോൾ ഈ ഓപ്ഷൻ ഉണ്ടല്ലോ, എന്റെ പ്രത്യേക സ്ഥിതി വച്ച് അത് ചെയ്യാനാകുമോ എന്ന് ചോദിയ്ക്കുന്നതിൽ യാതൊരു തെറ്റുമില്ല. ഗുണദോഷങ്ങൾ മനസ്സിലാക്കിത്തരാൻ ഡോക്ടർക്ക് ബാധ്യതയുണ്ട്)

ഇങ്ങനെ ഒരുപാട് ഗുണങ്ങളുള്ള സീ ടീ സ്കാൻ വഴി എന്തെങ്കിലും ദോഷമുണ്ടോ?

ഉണ്ട്. സീ ടീ സ്കാനും എക്സ് റേയും റെഡിയേഷൻ അഥവാ വികിരണം ഉപയോഗിച്ചാണു ചെയ്യുന്നത്. ഈ അളവിൽ പെട്ടെന്ന് കുഴപ്പങ്ങളൊന്നും തന്നെ ഉണ്ടായില്ലെങ്കിലും ഒരുപാട് തവണ ചെയ്യുകയാണെങ്കിൽ ചില ദോഷഫലങ്ങൾ ഈ രോഗനിർണ്ണയ രീതികൾ കാരണം ഉണ്ടാകാം.

എന്തൊക്കെയാണാ ദോഷങ്ങൾ?

റേഡിയേഷൻ പൊതുവേ ശരീരത്തിനു നല്ലതല്ലെന്നാണു വെപ്പ്. പ്രത്യേകിച്ച് ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിലെ അൾട്രാവയലറ്റ് മുതൽ മുകളിലോട്ട് ആവൃത്തിയുള്ള റേഡിയേഷൻ. സീ ടീ സ്കാനറിൽ നിന്ന് നമുക്ക് കിട്ടുന്ന റേഡിയേഷൻ അളവ് എക്സ് റേ പടമെടുപ്പിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതലാണെന്ന് വ്യക്തമാണല്ലോ.(എക്സ് റേ വച്ച് ഒരു പ്രൊജക്ഷൻ ചെയ്യുമ്പൊ സീ ടീ സ്കാനർ അനേകം പ്രൊജക്ഷനുകളുണ്ടാക്കുന്നു. അപ്പൊ ഡോസു കൂടും എന്ന് ലളിതയായി പറയാം) പൊതുവേ നമുക്ക് ഒന്നും ചെയ്യാതെയിരിയ്ക്കുകയാണെങ്കിൽ തന്നെ അന്തരീക്ഷത്തിൽ നിന്ന് ഒരളവ് റേഡിയേഷൻ കിട്ടുന്നുണ്ട്. ഒരു സീ ടീ സ്കാൻ എടുക്കുമ്പോൾ കുറച്ച് മാസങ്ങൾ മുതൽ ഒന്നോ രണ്ടോ വർഷങ്ങൾ വരെ നമുക്ക് അന്തരീക്ഷത്തിൽ നിന്ന് കിട്ടുന്ന റേഡിയേഷനു തുല്യം റേഡിയേഷൻ കിട്ടാം. പല ഭാഗത്ത് സ്കാൻ ചെയ്യുമ്പോഴും പല അളവിലെ റേഡിയേഷനാവും കിട്ടുക. ഉദാഹരണത്തിനു നെഞ്ചിലെ സീ ടീ സ്കാൻ ചെയ്യുമ്പോഴുള്ളതിനേക്കാൾ കൂടുതൽ അളവ് റേഡിയേഷൻ വയറിലെ സീ ടീ സ്കാൻ ചെയ്യുമ്പോൾ കിട്ടും. അങ്ങനെയങ്ങനെ. പൊതുവേ സീ ടീ സ്കാൻ ചെയ്യുമ്പോൾ കിട്ടുന്ന റേഡിയേഷന്റെ അളവും, അത് നമുക്ക് വെറുതേയിരുന്നാൽ അന്തരീക്ഷത്തിൽ നിന്ന് കിട്ടുന്ന റേഡീയേഷന്റെ അളവുമായുള്ള താരതമ്യവും അത്രയും റേഡിയേഷൻ കിട്ടുന്നത് കൊണ്ട് ജീവിതകാലത്ത് കാൻസർ ഉണ്ടാകാനുള്ള സാധ്യതയും ഈ പട്ടികയിലുണ്ട്.

Xray Risk.png 

ഒരു പോപ്പുലർ സയൻസ് രീതിയിലെഴുതിയിരിയ്ക്കുന്നതിനാലും പലതും അമിതമായി ലളിതമാക്കിയിരിയ്ക്കുന്നതിനാലും ഇവിടെയൊന്നിനും റഫറൻസ് കൊടുത്തിട്ടില്ല. എന്നാൽ ഈ വിഷയം ഗൗരവതരമായതുകൊണ്ട് ഈ പട്ടികയ്ക്ക് സൈറ്റേഷൻ കൊടുത്തേ പറ്റൂ. :-)


ഈ പട്ടിക ഇവിടെ നിന്നെടുത്തതാണ്. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പൊതുജനാരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച പട്ടികയാണിത്. ആ സൈറ്റിൽ നിന്ന് ഉപയോഗപ്രദമായ മറ്റു വിവരങ്ങളും കിട്ടും.

വ്യക്തിപരമായിപ്പറഞ്ഞാൽ സാധാരണ ജനം എക്സ് റേയുടെയോ, സീ ടീ സ്കാനിങ്ങിന്റെയോ ദോഷവശങ്ങളെപ്പറ്റി ഒരുപാട് പേടിയ്ക്കേണ്ട ഒരു കാര്യമുമില്ല. പക്ഷേ കുട്ടികളിൽ സീ ടീ സ്കാനിങ്ങും പൊതുവേ എക്സ് റെ പരിശോധനകളും അത്രയ്ക്ക് അത്യാവശ്യമില്ലെങ്കിൽ നടത്തരുത്. മിക്ക ഡോക്ടർമാരും ഈ കാര്യത്തെപ്പറ്റി ബോധവാന്മാരാണ്. മാത്രവുമല്ല കുഞ്ഞുങ്ങളെ സ്കാൻ ചെയ്യുമ്പൊ പരമാവധി റേഡിയേഷൻ കുറഞ്ഞിരിയ്ക്കത്തക്കവിധം മെഷീൻ സെറ്റു ചെയ്ത് വയ്ക്കാൻ എപ്പോഴും എല്ലാവരും ശ്രദ്ധിയ്ക്കാറുമുണ്ട്.  

പക്ഷേ  സീ ടീ സ്കാനിങ്ങോ എക്സ് റേ പരിശോധനകളോ നടത്തുമ്പോൾ വളരെയേറെ ശ്രദ്ധിയ്ക്കേണ്ടത് ഗർഭിണികളിലാണ്. ഗർഭസ്ഥ ശിശുവിനെ എക്സ് റേ പരിശോധനകൾ ദോഷകരമായി ബാധിയ്ക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഗർഭിണിയാണെങ്കിലോ ഗർഭിണിയെന്ന് സംശയമുണ്ടെങ്കിലോ നിർബന്ധമായും അത് പരിശോധന ചെയ്യുന്നവരെ അറിയിച്ചിരിയ്ക്കണം.

ഗർഭിണികളും എക്സ് റേ പരിശോധനകളും

ഗർഭിണിയാണെങ്കിൽ കയ്യുടേയോ കാലിന്റേയോ തലയുടേയോ എക്സ് റേയോ, സീ ടീ സ്കാനോ എടുക്കാനേ പാടില്ലെന്നല്ല. അത് ചെയ്യുന്നവരോട് നിങ്ങൾ ഗർഭിണിയാണെന്ന് അറിയിച്ചാൽ ഗർഭസ്ഥ ശിശുവിനു യാതൊരു ദോഷവും വരാത്ത രീതിയിൽ അത്തരത്തിലുള്ള പരിശോധനകൾ അവർ ക്രമീകരിയ്ക്കാൻ ബാധ്യസ്ഥരാണ്. പക്ഷേ വയറിന്റേയോ വയറിന്റെ അടുത്തുള്ള ഇടങ്ങളിലേയോ എക്സ് റേ എടുക്കുമ്പോൾ തീർച്ചയായും അതിന്റെ ആവശ്യമുണ്ടോ എന്ന് തിരക്കിയിരിയ്ക്കുകയും ഗർഭിണിയാണ് എന്ന് വീണ്ടും ഓർമ്മിപ്പിയ്ക്കുകയും ചെയ്യണം. ബാക്കിയുള്ള ഭാഗങ്ങളുടെ എക്സ് റേയോ സീ ടീ സ്കാനോ എടുക്കുമ്പോൾ വയറിന്റെ ഭാഗം മറയത്തക്ക രീതിയിൽ ലെഡ് കൊണ്ടുണ്ടാക്കിയ സുരക്ഷാ വസ്ത്രങ്ങൾ ഇടാൻ -തരുവാൻ ഓർമ്മിപ്പിയ്ക്കുകയും വേണം.

സാധാരണ അവസരങ്ങളിൽ ഗർഭിണിയാണെങ്കിൽ വയറിന്റെ ഭാഗങ്ങളിലൂടെ എക്സ് റേ കടന്നു പോകുന്ന രീതിയിലെ പരിശോധനകൾ ഏതെങ്കിലും നിവൃത്തിയുണ്ടെങ്കിൽ തീർച്ചയായും ഒഴിവാക്കും. എക്സ് റേ ഉപയോഗിയ്ക്കാത്ത മറ്റു സ്കാനിങ്ങ് രീതികൾ തിരഞ്ഞെടുക്കുകയും ചെയ്യാം.

വളരെയേറെ റിസ്കുണ്ട് അല്ലെങ്കിൽ അമ്മയ്ക്ക് വലിയ അപകടമുണ്ടായേക്കാം അല്ലെങ്കിൽ വേറേ ഒരു രീതിയിലും രോഗാവസ്ഥ തിരിച്ചറിയാനാകില്ല എന്ന അവസ്ഥയിൽ മാത്രമേ ഗർഭിണികളിൽ വയറിന്റെ ഭാഗത്ത് കൂടി എക്സ് റേ കടന്ന് പോകുന്ന രീതിയിൽ പരിശോധനകൾ ചെയ്യുകയുള്ളൂ. അങ്ങനെയൊരു അവസരം അപൂർവത്തിൽ അപൂർവവുമായിരിയ്ക്കും.

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ നോക്കുക


(നമ്മൾ മെഡിക്കൽ വിവരങ്ങൾ നോക്കുമ്പൊ ഇന്റർനെറ്റ് ഒരു സാഗരമായത് കൊണ്ട് മുത്തുച്ചിപ്പികൾക്കൊപ്പം കടൽപ്പാമ്പുകളും പൊങ്ങി വരാം. അതുകൊണ്ട് ഏറ്റവുമെളുപ്പം അമേരിക്കയിലെ ഗവണ്മെന്റ്, യൂകേയിലെ ഗവണ്മെന്റ് എന്നീ ഗവണ്മെന്റുകളുടെ പൊതുജനാരോഗ്യ വകുപ്പുകളുടെ സൈറ്റുകൾ നോക്കുകയാണ്. ഈ വകുപ്പുകൾ മിക്ക വിവരങ്ങളും നല്ല ഇംഗ്ളീഷിൽ പൊതുജനങ്ങൾക്കുപകാരമാവുന്ന രീതിയിൽ കൊടുത്തിട്ടുണ്ട്. കൃത്യമായി റിവ്യൂ ചെയ്യുകയും ചെയ്യുന്നുണ്ട്. സാമ്രാജ്യത്തക്കാരായ അവരുടെ സൈറ്റുകൾ നോക്കില്ല എന്നാണേൽ പിന്നൊന്നും പറയാനില്ല, റിസ്ക് എടുത്തോളുക. അല്ലെങ്കിൽ ഫേസ്ബുക്കിലെ പതെറ്റിക് ഹൈക്കോർട്ട് എന്നൊക്കെയുള്ള ഗ്രൂപ്പുകളിൽ പറയുന്നത് പോലെ കരിങ്കല്ലരച്ച് നാലുനേരം സേവിച്ച് കൊളസ്ട്രോളിനെ ഇല്ലാതാക്കിക്കോളുക :-) )

അത് കഴിഞ്ഞു

എടേയ്, അപ്പൊ ഗർഭിണികളെ കൊണ്ട് പോയി സകല ആശുപത്രികളിലും ഗൈനക്കോളജിസ്റ്റുകളുടെ ക്ളിനിക്കുകളിലും ഒക്കെ സകല മാസവും സ്കാൻ ചെയ്യുന്നതോ? അത് ക്രൂരമല്ലേ.? എന്നൊക്കെ ചോദിയ്ക്കാൻ വരട്ടെ. ഗർഭിണികളിൽ നടത്തുന്ന മാസാ മാസം സ്കാനിങ്ങ് സീ ടീ സ്കാൻ അല്ല. അത് വേറൊരു തരം സ്കാനിങ്ങാണ്. ഏറ്റവും സുരക്ഷിതമായി കഴിഞ്ഞ ഏതാണ്ട് അമ്പത് കൊല്ലങ്ങളോളമായി ലോകത്തെങ്ങുമുള്ള ഗർഭിണികളെ നിരന്തരം ഈ സ്കാനിങ്ങ് ചെയ്യുന്നു. ഗർഭിണികൾക്കായാലും കുഞ്ഞുങ്ങൾക്കായാലും സാധാരണക്കാരിലായാലും ഒക്കെ ഏറ്റവും സുരക്ഷിതമെന്ന് പൂർണ്ണമായും ബോധ്യപ്പെട്ട സ്കാനിങ്ങ് രീതിയാണത്. അതിൽ നമ്മൾ എക്സ് റേ യോ അതുപോലെയുള്ള വികിരണങ്ങളോ ഉപയോഗിയ്ക്കുന്നതേയില്ല.

ലക്ഷക്കണക്കിനു കൊല്ലമായി കോടിക്കണക്കിനു വവ്വാലുകൾ എല്ലാ രാത്രിയിലും കോട്ടകൊത്തളങ്ങൾക്കിടയിലൂടെയും ഇരുണ്ട വനാന്തരങ്ങൾക്കിടയിലൂടെയും രണ്ട് ലൈൻ കമ്പികൾക്കിടയിലൂടെയും സ്ഥിരമായി യാത്ര ചെയ്യാനുപയോഗിയ്ക്കുന്ന രീതിയാണ് ഈ സ്കാനിങ്ങിനും ഉപയോഗീയ്ക്കുന്നത്.

എന്ത്? അതേ..അതാണ് അൾട്രാസൗണ്ട്. ഗർഭിണികളെ സ്കാൻ ചെയ്യുന്നത് അൾട്രാസൗണ്ട് സ്കാനിങ്ങ് ഉപയോഗിച്ചാണ്.

ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം വച്ചുള്ള പടമെടുപ്പ് അഥവാ അൾട്രാസൗണ്ട് സ്കാനിങ്ങ് .. 

അടുത്തലക്കം. കാത്തിരിയ്ക്കുക.

(ചിത്രങ്ങളും കാർട്ടൂണുകളും പട്ടികകളുമൊക്കെ വിക്കീപ്പീഡിയ മുതൽ പല പുസ്തകങ്ങളിൽ നിന്നും പല സ്ലൈഡുകളിൽ നിന്നുമൊക്കെ വൃത്തിയ്ക്ക് കോപ്പിയടിച്ചതാണ്. വാണിജ്യതാൽപ്പര്യമൊന്നുമില്ലാത്തതിനാൽ അതിൽ വിഷമമൊന്നുമില്ല. ആരെങ്കിലും അവകാശമുന്നയിച്ചാൽ അതാത് ഡിലീറ്റ് ചെയ്തേക്കാം:-))

No comments:

Post a Comment