Wednesday, August 28, 2019

ബ്രിട്ടീഷ് പാർലമെന്റിന്റെ ജനായത്താവകാശങ്ങൾ

ബ്രിട്ടനിലെ പാർലമെന്റ് സസ്പെന്റ് ചെയ്തു....
പാർലമെന്റ് സസ്പെന്റ് ചെയ്യുകേ..? 😳
അതന്നെ. അടുത്തൊരു തീരുമാനമുണ്ടാവുന്നതുവരെ പാർലമെന്റ് കൂടണ്ടാന്നങ്ങ് തീരുമാനിച്ചു...
ആരു തീരുമാനിച്ചു?
പ്രധാനമന്ത്രിയും “രാജ്ഞിയും” കൂടിയങ്ങ് തീരുമാനിച്ചു.
എന്തിന്? 🤓
ബ്രെക്സിറ്റിന്റെ കാര്യത്തിൽ പുതിയ പ്രധാനമന്ത്രിയ്ക്ക് ചില പദ്ധതികൾ ഒക്കെയുണ്ട്. ജനഹിതം നോക്കി തീരുമാനമായ ബ്രെക്സിറ്റ് എത്രയും പെട്ടെന്ന് നടത്തി ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിക്കുക എന്നാണ് ബോറിസിന്റെ തീരുമാനം.
ആ തീരുമാനം നടപ്പിലാക്കാൻ സമ്മതിക്കാതെ പാർലമെന്റിൽ ചർച്ചകളും മേളങ്ങളും സ്വകാര്യബില്ലുകളും ആ തീരുമാനത്തെ നീട്ടിവയ്പ്പിക്കത്തക്ക നിലയിൽ ബഹളങ്ങളുണ്ടാക്കലും ഒക്കെ ഒഴിവാക്കാൻ വേണ്ടി ബ്രെക്സിറ്റ് കഴിഞ്ഞേച്ച് ഇനി പാർലമെന്റ് കൂടിയാൽ മതി എന്നങ്ങ് രാജ്ഞി തീരുമാനിച്ചു 😂😂😂
അവരെടെ രാജ്യം, അവരടെ നിയമം, അവരടെ രാജ്ഞി, അവരടെ കിങ്ഡം,...നമ്മക്കെന്ത്? ഒന്നുമില്ല.
പക്ഷേങ്കി അവിടെപ്പോയി വല്യാളായി മാറിയ അഹങ്കാരത്തിൽ ബ്രിട്ടനിലെ ജനാധിപത്യവുമെടുത്തോണ്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ജനായത്തമൂല്യങ്ങൾ പാപ്പിച്ചാൻ ചില പാതിവെന്തസായിപ്പന്മാരുടെ വരവുണ്ടല്ലോ. അങ്ങനെ വരുമ്പോൾ ഇതൊക്കെയെടുത്ത് അങ്ങ് വച്ചുകൊടുക്കണം. ദാറ്റ്സാൾ 
എന്നാലും ഇന്ത്യൻ പാർലമെന്റിൽ രായ്ക്ക്രാമാനം കുത്തിയിരുന്ന് സകലനടപടിക്രമങ്ങളും പാലിച്ച് സകലവന്റേം പള്ളുവിളിയും ചർച്ചയും ബഹളവും നാടകവും ഒക്കക്കഴിഞ്ഞ് പാസ്സാക്കിയ നിയമം ഭയങ്കര മോശായിപ്പോയെന്ന് ഇന്ത്യയോട് പറയണം എന്ന് ബ്രിട്ടീഷ് മന്ത്രിയ്ക്ക് കത്തയച്ച ചില ബ്രിട്ടീഷ് എം പി മാർ ഉണ്ടാരുന്നു. അവരടെ കാര്യമാലോചിക്കമ്പഴാ.

അയ്യപ്പൻ ബ്രിട്ടനിലും ഉണ്ടോടേയ് 😁

സാംസ്കാരികനായകളുടെ കുരയും ശോഭാ ഡേ എന്ന ബലിമൃഗവും




ബക്രീദിനു സാധാരണ ആടുകളേയാണ് ബലികൊടുക്കുന്നത്. പാകിസ്ഥാന്റെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണറായ അബ്ദുൾ ബസിത് ഈ ബക്രീദ് സമയത്ത് ബലിനൽകിയിരിയ്ക്കുന്നത് തന്റെ ആട്ടിൻകൂട്ടത്തിലെ ഒരു മുഴുത്ത ആടിനെത്തന്നെയാണ്. ശോഭാ ദേ. കാശ്മീരിൽ ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ലേഖനം 2016ൽ ടൈംസ് ഓഫ് ഇന്ത്യയിൽ ശോഭാ ദേ എഴുതിയത് പാകിസ്ഥാന്റെ ആവശ്യപ്രകാരമായിരുന്നു എന്ന ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലാണ് അബ്ദുൾ ബസിത് ഒരു അഭിമുഖത്തിൽ നടത്തിയത്.

അബ്ദുൾ ബസിത് വെറുതേ ഒന്നും പറയില്ല. എവിടെ എങ്ങനെ എന്തൊക്കെ വാക്കുകൾ ഉപയോഗിയ്ക്കണമെന്ന് ആർക്കറിയില്ലേലും ഹൈക്കമ്മീഷൻ തലവനായി ഇന്ത്യയിലേക്ക്  പാകിസ്ഥാൻ തിരഞ്ഞെടുത്തയച്ച നയതന്ത്രജ്ഞന് എന്തായാലുമറിയാം. ഇന്ത്യയിൽ മാത്രമല്ല പാകിസ്ഥാന്റെ ജർമ്മൻ അംബാസിഡറുമായിരുന്നു അബ്ദുൾ ബസിത്.  അതായത് തികഞ്ഞ നയതന്ത്ര വിദഗ്ധൻ.  അയാൾ പറഞ്ഞത് വളരെ കണക്കുകൂട്ടിത്തന്നെയാണ്. ശോഭാ ദേ ഈ ആരോപണം നിഷേധിയ്ക്കുമെന്നും അയാൾക്കറിയാം. അതുകൊണ്ട് തന്നെ മതിയായ തെളിവുകൾ ഉള്ളതുകൊണ്ട് തന്നെയാവും അയാളിത് പറഞ്ഞത്.

പക്ഷേ തങ്ങൾക്ക് സ്വാധീനിയ്ക്കാനാവുന്ന വിശ്വസ്തയായ ഒരു ‘അസറ്റിനെ’, ചില്ലിക്കാശിനോ, മറ്റു താൽപ്പര്യങ്ങൾക്കോ വേണ്ടി സ്വന്തം നാടിനെ ഒറ്റുകൊടുക്കാൻ മടിയില്ലാത്ത ഒരു വിലപ്പെട്ട സാംസ്കാരിക നായയെ എന്തിനു പാകിസ്ഥാൻ ബലിനൽകണം? എന്തിനവരെ എക്സ്പോസ് ചെയ്യണം?. കൂട്ടത്തിലെ മുഴുത്ത ആടിനെത്തന്നെ കഴുത്തറുത്ത് നൽകാൻ ‘പരമകാരുണിക‘ന്റെ മുന്നിലല്ലല്ലോ ഇന്ത്യൻ കാഫിറുകളുടെ മുന്നിലല്ലേ ശോഭാ ദേയെ ബലിനൽകിയത്? ആ സാദ്ധ്യത എന്തിനാണ് പാകിസ്ഥാൻ പരീക്ഷിച്ചത്?

ഉത്തരം വളരെ ലളിതമാണ്. കാശ്മീർ വിഷയത്തിൽ ഇന്ത്യാക്കാരുടെ കണ്ണിൽ മണ്ണുവാരിയെറിഞ്ഞുള്ള പരിപാടിയ്ക്ക് പാകിസ്ഥാന് പഴയ പോലെ ആളുകിട്ടുന്നില്ല. ഞങ്ങക്ക് തരിഗാമിയെ കാണണം എന്ന വിതുമ്പിക്കരച്ചിലോടെ കാശ്മീരിലേക്ക് വച്ചുപിടിച്ച യെച്ചൂരി രാജമാരുടെ പൊന്നരിവാൾ നാടകങ്ങൾക്ക് പഴയപോലെ ഓഡിയൻസിനെക്കിട്ടുന്നില്ല.

പാകിസ്ഥാന്റെ എല്ലിൻ കഷണങ്ങൾ നക്കിക്കിടന്ന സാംസ്കാരിക നായകൾ ശോഭാ ഡേയെപ്പോലെ അനേകമെണ്ണമുണ്ടെന്ന് മനസ്സിലാക്കാൻ അരിയോ ചപ്പാത്തിയോ രണ്ടുമോ കഴിയ്ക്കുന്നവർക്ക് അധികം പഠിപ്പൊന്നും വേണ്ട. ആ സാംസ്കാരിക നായകൾ വേണ്ടപോലെ കുരയ്ക്കുന്നില്ലെന്ന് പാകിസ്ഥാനൊരു സങ്കടമുണ്ടെന്ന് തോന്നുന്നു. നീയൊക്കെ ഞങ്ങളുടെ എച്ചിൽ നക്കിയിട്ട് നല്ലപോലെ കുരച്ചില്ലെങ്കിൽ ഇതുപോലെ പേരുകൾ വെളിപ്പെടുത്തും എന്ന് ആ സാംസ്കാരികനായകൾക്കൊരു മുന്നറിയിപ്പായാണ് ആ കൂട്ടത്തിലെ അധികം മുഴുപ്പൊന്നുമില്ലാത്ത ശോഭാ ഡേയെ തന്നെ ഈ പെരുന്നാളിനു കശാപ്പാക്കിയത്.

ഇനി തങ്ങളേയും ഇതുപോലെ ബിസ്മി ചൊല്ലി കശാപ്പാക്കുമോ എന്ന് ഭയന്ന് പാകിസ്ഥാനിൽ നിന്ന് നേരത്തേ  വാങ്ങി നക്കിയിട്ടുള്ളവന്മാരൊക്കെ ഇനി കൂട്ട ഓരിയിടൽ നടത്തുമെന്നാവും പാകിസ്ഥാന്റെ വിശ്വാസം. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ പാലസ്തീനിലേയും ചെച്നിയയിലേയും ചിത്രമൊക്കെക്കാട്ടി കാശ്മീരിലെ ഫോട്ടോയാണെന്ന് പറഞ്ഞ് കള്ളക്കരച്ചിൽ നടത്താൻ പോകുമ്പോൾ ഇന്ത്യയിലെ നായകളുടെ ഈ ഓരിയിടൽ നല്ലൊരു പശ്ചാത്തല സംഗീതമായേക്കുമെന്ന് അവർക്കറിയാം.

കുൽഭൂഷൺ യാദവ് എന്ന ഇന്ത്യൻ പൌരനെ കുടുക്കാൻ കരൺ ഥാപ്പറിന്റെയൊക്കെ ലേഖനങ്ങൾ അന്താരാഷ്ട്ര കോടതിയിൽ പാകിസ്ഥാൻ ഉപയോഗിച്ചിരുന്നു എന്ന് മറക്കരുത്.

അതായത് ശോഭാ ഡേ പാകിസ്ഥാൻ ചൂണ്ടയിൽ കൊരുത്ത ഒരിര മാത്രമാണ്. ബ്ലാക്മെയിൽ ചെയ്യാൻ സിനിമകളിലൊക്കെ വില്ലന്മാർ വീട്ടിലെ പട്ടിയെ കൊന്ന് കൊടുത്തയയ്ക്കുന്ന സീനുകൾ കണ്ടിട്ടില്ലേ? അതുപോലെയൊന്ന്. അത് കേട്ട് പേടിച്ച് തന്റെ പേരു പുറത്ത് പറയാതിരിയ്ക്കാൻ വേണ്ടി പാകിസ്ഥാൻ മുതലാളിക്കായി ഇന്ത്യയിലെ വിശ്വസ്ത സാംസ്കാരിക നായകൾ അടുത്തുതന്നെ കൂട്ട ഓരിയിടൽ തുടങ്ങിയേക്കാം.

നമുക്ക് കാതോർത്തിരിയ്ക്കാം. പാകിസ്ഥാൻ കൂട്ടിലെ മുഴുത്ത നായകളെ ഓരിയിടലിന്റെ ശക്തിയനുസ്സരിച്ച് നമുക്ക് മനസ്സിലാക്കാം.

എന്റെ മതം



ഞാൻ നബിദിനം ആഘോഷിയ്ക്കാറില്ല, ക്രിസ്തുമസ് ആഘോഷിയ്ക്കാറില്ല. ബുദ്ധപൂർണ്ണിമ ആഘോഷിയ്ക്കാറില്ല. ഈസ്റ്ററോ ഈദോ ആഘോഷിക്കാറില്ല. ഇഫ്താർ പാർട്ടികൾ നടത്താറില്ല.ബൈശാഖിയ്ക്ക് പ്രത്യേക ആഘോഷമൊന്നുമില്ല. എന്റെ നാട്ടിൽ പള്ളിയില്ല. അതോണ്ട് പള്ളിപ്പെരുന്നാൾ കൂടിയിട്ടില്ല.. വീട്ടിലായിരുന്നപ്പോൾ ഓണം, വിഷു, ശ്രീകൃഷ്ണജയന്തി, അമ്പലത്തിലെ ഉത്സവം, ദീപാവലി, പിന്നെ വൈക്കത്തഷ്ടമി, അഷ്ടമിരോഹിണി എന്നിവയൊക്കെ ചെറുതായോ വലുതായോ കമ്പോളം ആവശ്യപ്പെടുന്ന നിലയിൽ ആഘോഷിയ്ക്കും. സ്വയം ആചരിയ്ക്കുന്നത് നവരാത്രി മാത്രമാണ്. അതും എല്ലാക്കൊല്ലവുമൊന്നുമില്ല, തോന്നിയാൽ മാത്രം.
ക്രിസ്തുമതം ഇസ്ലാം മതം തുടങ്ങിയ ചുറ്റുമുള്ളവരുടെ ആയിരക്കണക്കിനു മതങ്ങളോട് ഒരു ‘ടോളറൻസും‘ എനിയ്ക്കില്ല. ഞാനവരെ ടോളറേറ്റ് ചെയ്യുകയല്ല, സഹിയ്ക്കുകയല്ല, നീ ആളു ശരിയല്ല പക്ഷേ സഹിയ്ക്കുന്നു എന്ന മനോഭാവമല്ല എനിക്കുള്ളത്. അവരെ അവരായി സർവാത്മനാ അംഗീകരിയ്ക്കുകയാണ്. മറ്റു മതക്കാർ മോശക്കാരാന്നോ അവരുടെ മത ആചരണങ്ങൾ മോശം കാര്യമാണെന്നോ എനിയ്ക്ക് തോന്നാറില്ല. ഗ്രാമദേവതകളെ എല്ലാവരും ചേർന്ന് ആഘോഷമായി ആരാധിയ്ക്കുന്നത് മുതൽ ജീവിതം മുഴുവൻ..പതിറ്റാണ്ടുകളോളം ഏകാന്തത്തിൽ ധ്യാനിക്കുന്നതുവരെയുള്ള ഉപാസനാമാർഗ്ഗങ്ങൾ കണ്ടിട്ടുണ്ട്.
മിക്കവാറും ഉപാസനാമാർഗ്ഗങ്ങളൊക്കെ, ഞാനാചരിയ്ക്കുന്നതുൾപ്പെടെ യുക്തിരഹിതമാണ് എന്നതുകൊണ്ട് ഒരു മതത്തിന്റെ ഉപാസനാരീതികളിലും ഒരു യുക്തിയും തിരഞ്ഞ് പോകാറില്ല. ഓരോരുത്തർക്കും ഓരോരുത്തരുടെ വഴി എന്നേ ഉള്ളൂ. ആത്മാർത്ഥതയോടെയാണെങ്കിൽ ഏത് വഴിയ്ക്കും മുന്നോട്ടുപോക്കുണ്ടാകും എന്ന് മുന്നോട്ടുപോയവർ എന്ന് ഞാൻ കരുതുന്നവർ ഉറപ്പ് പറഞ്ഞിട്ടുണ്ട്. ഞാൻ വിശ്വസിക്കുന്ന ഒരു രീതി പ്രകാരം മതങ്ങൾ പൊതുവേ പറയുന്ന ആ ഉയർന്ന അവസ്ഥയിലേക്കെത്താൻ ആകെ ഒരു മനുഷ്യനു വേണ്ട ഗുണം “ക്ഷമ ആർജ്ജവം ദയ സത്യം സന്തോഷം“ എന്നീ അഞ്ച് കാര്യങ്ങൾ മാത്രമാണ്. അതുണ്ടേൽ ഏത് മതക്കാരനും മുന്നോട്ടുപോകും. ഒരു ഭാരതീയനെന്ന നിലയിൽ എന്നെ അതാണെന്റെ സംസ്കാരത്തിലെ നല്ലത് പഠിപ്പിച്ചിട്ടുള്ളത്.. ആ ഉറപ്പാണെന്റെ സംസ്കാരത്തിലെ ഞാൻ നന്മയെന്ന് കരുതുന്നത് എനിയ്ക്ക് തന്നിട്ടുള്ളത്. അതുകൊണ്ട് പരമതനിന്ദയോ പരമതദ്വേഷമോ ഞങ്ങളുടെ അജണ്ടയിലില്ല.
എന്നാൽ ചിലമതങ്ങൾ എന്നെയും എന്റെ ബന്ധുക്കളേയും എന്റെ സംസ്കാരത്തേയും പാപി, കാഫിർ, അവിശ്വാസി, മോശക്കാരൻ, സത്യത്തിനോ ദൈവചിന്തയ്ക്കോ അർഹതയില്ലാത്തവൻ എന്നൊക്കെ മുദ്രകുത്തുന്നുണ്ടെന്ന് എനിക്കറിയാം. അവർക്ക് ഈ സംസ്കാരത്തെത്തന്നെ തുടച്ചുമാറ്റി അവരുടെ വിശ്വാസസംഹിതകൾ അടിച്ചേൽപ്പിക്കണം എന്നതാണ് അജണ്ടയെന്നും എനിക്കറിയാം. ചരിത്രത്തിൽ അവർ തന്നെ അങ്ങനെ ചെയ്തത് നിറയേ കാണുന്നുണ്ട്. അവരുടെ ആ മനോഭാവം എപ്പോഴും ഈ സമൂഹത്തിലും ഇന്ന് നേരിട്ട് കാണുന്നുണ്ട്. സർവധർമ്മസമഭാവനയുള്ളവനാണ് ഞാൻ. പക്ഷേ പുലിയും ബ്രഹ്മം ആശാനും ബ്രഹ്മമാണേൽ പുലി വരുമ്പോൾ നെഞ്ചും വിരിച്ച് ബ്രഹ്മമല്ലേ വരുന്നത് എന്നും പറഞ്ഞ് മുന്നിൽച്ചെന്ന് നിൽക്കാൻ എനിക്കാവില്ല.അത് ആനമണ്ടത്തരമാണ്. ആശാൻ ബ്രഹ്മം ഓടടാ എന്നാണ് പറയുന്നത്.
അപ്പോൾ എത്ര സർവധർമ്മസമഭാവനയുണ്ടെങ്കിലും ചില ചിന്താധാരകളെപ്പറ്റി അൽപ്പം ശ്രദ്ധിച്ച് നിൽക്കണമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അതായത് അമ്പതുപൈസ അമ്പലത്തിലിട്ടാൽ ദൈവം നല്ലതുവരുത്തുമെന്ന് ഒരുവൻ വിശ്വസിച്ചാൽ ആ വിശ്വാസം പരമാവധി അവനുവരുത്തുന്ന നഷ്ടം അമ്പതുപൈസയായിരിയ്ക്കും. അതേ സമയം അയലത്തുകാരന്റെ തലതല്ലിപ്പൊട്ടിച്ചാൽ എനിയ്ക്കെന്റെ ദൈവം നല്ലതുവരുത്തുമെന്ന് ഒരുത്തൻ വിശ്വസിച്ചാൽ അത് ചിലപ്പോൾ വലിയ നഷ്ടങ്ങൾ വരുത്തിയേക്കും. അത്തരത്തിലൊരു റിസ്ക് അസസ്മെന്റ് എപ്പോഴും നമ്മൾ ചെയ്യാറുണ്ട്. അതുകൊണ്ട് എല്ലാ മതങ്ങളും “തുല്യമല്ല”. കൂടെനിൽക്കുന്നവനെ വേർതിരിയ്ക്കുന്നത് ഏത് മതമായാലും അത് “മോശം” തന്നെയാണ്.
ഇനി ഇവരൊക്കെ കൂടെ നിൽക്കുന്നവനെ വേർതിരിയ്ക്കുന്ന മതങ്ങൾ ആണെന്നും അവരുടെ സംസ്കാരം നമ്മെ നിർബന്ധമായി അടിച്ചേൽപ്പിക്കാൻ ശ്രമിയ്ക്കുന്ന മതങ്ങൾ ആണെന്നും ഞാൻ പക്ഷപാതപരമായി പറയുന്നതാണോ? ആണോ എന്നെനിക്ക് പറയാനാവില്ല. കാരണം എന്റെ ബയാസ് എന്റെ ബ്ലൈൻഡ്സ്പോട്ടാണ്. പക്ഷേ എന്നെ ആ നിഗമനത്തിലേക്കെത്തിച്ച വാദങ്ങൾ പറയാം, ഈജിപ്റ്റ് അറബിരാജ്യമായിരുന്നില്ല, ലെബനോൻ അറബിരാജ്യമായിരുന്നില്ല, ലിബിയ അറബിരാജ്യമായിരുന്നില്ല, പാകിസ്ഥാൻ അറബിരാജ്യമായിരുന്നില്ല, അഫ്ഗാനിസ്ഥാൻ അറബിരാജ്യമായിരുന്നില്ല, കാശ്മീർ അറബിരാജ്യമായിരുന്നില്ല, ഇറ്റലി ക്രിസ്ത്യൻ രാജ്യമായിരുന്നില്ല, അമേരിക്ക ക്രിസ്ത്യൻ രാജ്യമായിരുന്നില്ല, സ്പെയിൻ ക്രിസ്ത്യൻ രാജ്യമായിരുന്നില്ല, ജർമ്മനി ക്രിസ്ത്യൻ രാജ്യമായിരുന്നില്ല, തെക്കേ അമേരിക്ക ക്രിസ്ത്യൻ രാജ്യമായിരുന്നില്ല, സ്പാനിഷോ പോർച്ചുഗീസോ ആയിരുന്നില്ല അവിടുത്തെ ഭാഷകൾ, വടക്കേ അമേരിക്കയിലെ ആദിമനിവാസികൾ ഇന്ന് അവിടെ ചില കുടികളിൽ മാത്രമേ ഉള്ളൂ….യസീദികൾ ഇന്ന് ബാക്കിയില്ല, നളന്ദയും തക്ഷശിലയുമില്ല, ടാ‍സ്മാനിയക്കാരെ കൊന്ന് അവർക്ക് വംശനാശം വന്നു, അബോറീജിൻ ആസ്ട്രേലിയക്കാർ ഇന്ന് ബാക്കിയില്ല, ഇവിടത്തെയെല്ലാം ആദിമവാസികളും ആദിമസംസ്കാരങ്ങളും സ്വാഭാവികമായി ഇല്ലാതായതല്ല, നൂറ്റാണ്ടുകളിലൂടെ സിസ്റ്റമാറ്റിക്കായി കൊന്നൊടുക്കിയതും തച്ചുതകർത്തതുമാണ്.
ഒരു സമൂഹമെന്ന നിലയിൽ നമുക്ക് ഒരുമിച്ച് ജീവിയ്ക്കണമെങ്കിൽ അത്യാവശ്യം വേണ്ട സാധനം അടുത്തുള്ളവരെ അംഗീകരിയ്ക്കുകയാണ്. ടോളറേറ്റ് ചെയ്യുകയല്ല, അംഗീകരിയ്ക്കുക... തൊട്ടടുത്തിരിയ്ക്കുന്നവൻ താൻ ഏറ്റവും പരമപ്രധാനമായി കരുതുന്ന ഏറ്റവും വലിയ നന്മയ്ക്ക് അർഹനല്ലെന്നും അവനോട് അടുത്താൽ ലോകത്തിലെ ചീത്ത ശക്തി (അത് സാത്താനെന്നോ പിശാചെന്നൊ എന്തായാലും) എന്നെ ഉപദ്രവിക്കുമെന്നും ഒക്കെ പാരനോയ്‌യ പിടിച്ച് ജീവിക്കേണ്ടി വരുന്നത് ഏറ്റവും കുറഞ്ഞപക്ഷം മനോരോഗമാണ്.
ഹാലൂസിനേഷൻ എനിയ്ക്കുമാവാം.ഞാൻ ഹാലൂസിനേറ്റ് ചെയ്യുന്നത് മറ്റുള്ളവരെ സ്നേഹിക്കൂ എന്നാണെങ്കിൽ അത് ഭ്രാന്താണെങ്കിലും കുഴപ്പമില്ലാത്ത ഭ്രാന്ത് എന്നേ കരുതാനാകൂ. എന്നാൽ അവൻ കൊള്ളൂല്ല അവനെ നശിപ്പിക്കൂ എന്ന് ഹാലൂസിനേറ്റ് ചെയ്യിക്കുന്ന ഇനം ഭ്രാന്ത് ചുരുങ്ങിയപക്ഷം ചികിത്സ ആവശ്യപ്പെടുന്നു എന്നേ പറയാനാകൂ.
അതായത് തന്റെ വിശ്വാസം അംഗീകരിക്കാത്തവൻ, അവനാരായാലും മോശക്കാരനാണെന്ന് പറയുന്ന മതമുണ്ടെങ്കിൽ ആ ഗ്രൂപ്പ് മനുഷ്യരെ ലോകത്തെ ഒരു സ്വതന്ത്രസമൂഹത്തിലും അംഗീകരിച്ചുകൂടാത്തതാണ്. ഒരു സമൂഹവും അത്തരം ചിന്താധാരകളെ അനുവദിക്കുകയും ചെയ്തുകൂടാത്തതാണ്. നിങ്ങൾക്ക് സർവധർമ്മസമഭാവന ശീലിക്കാനായില്ലേൽ വീട്ടിനകത്തിരിയ്ക്കണം.
അതുകൊണ്ട് അത്തരക്കാരുള്ള ഒരു പൊതുസമൂഹത്തിൽ നമ്മുടെ സർവ്വധർമ്മസമഭാവനയ്ക്ക് പുലിബ്രഹ്മം ആശാൻബ്രഹ്മം എന്നിങ്ങനെ കണ്ടീ‍ഷൻസ് അപ്ലൈ ആണെന്ന് സാരം.

ഇതാണ് ഒരു ഹിന്ദുവായ എന്റെ മതം.

(ചിത്രം: കണ്ടെത്തിയതിൽ സാമാന്യം പഴക്കമുള്ള സിന്ധുനദീതടസംസ്കാരത്തിന്റെ അവശേഷിപ്പുകളിൽ നിന്ന് ലഭിച്ച ഒരു യോഗിയുടെ രൂപം)

ആമസോൺ കാട്ടുതീയുടെ ഡി(ങ്കോൾ)ഫി

കേരളത്തിലുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അതികഠിനമായ പാരിസ്ഥിതികാഘാതമുണ്ടാ‍ക്കുന്ന കടന്നുകയറ്റങ്ങളെ കൈയ്യയച്ച് സഹായിയ്ക്കുന്നവരാണ് മാർക്സിസ്റ്റുകാർ. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള മാധവഗാഡ്ഗിൽ റിപ്പോർട്ടിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് തോൽപ്പിച്ച കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഇന്നലെ ആമസോൺ വനാന്തരങ്ങളിൽ കാട്ടുതീ പടർന്നതിനെതിരേ ബ്രസീൽ സർക്കാരിനെതിരേ പ്രതിഷേധം ഉയർത്തിയതെന്തിന് എന്നത് ബോധമുള്ളവർക്കെല്ലാം ഉണ്ടാകുന്ന ന്യായമായ സംശയമാണ്.

കഴിഞ്ഞകൊല്ലം അഞ്ഞൂറിലധികവും ഇക്കൊല്ലം നൂറോളവും പാവപ്പെട്ട ജനങ്ങൾ സ്വന്തം നാട്ടിൽ വെള്ളത്തിനടിയിൽപ്പെട്ട് ജീവൻ വെടിഞ്ഞപ്പോഴും ഈ സി പി എം എന്ന പാർട്ടിക്ക് ബോധമുദിച്ചിട്ടില്ല. ഒരാഴ്ച മുന്നേ മാത്രം ഒരൊറ്റനിമിഷം കൊണ്ട് മലയിടിഞ്ഞ് ആയിരക്കണക്കിനു ടൺ വരുന്ന മണ്ണും കല്ലുമെല്ലാം തലയ്ക്ക് മുകളിലൂടെയൊഴുകി ജനങ്ങളും ഗ്രാമങ്ങളുമൊന്നാകെ അപ്രത്യക്ഷമായപ്പോഴും തോന്നാത്ത പാരിസ്ഥിതികസ്നേഹം ആമസോണിൽ കാട്ടുതീയുണ്ടായപ്പോൾ സി പി എമ്മിനു തോന്നാനെന്താണ് കാരണം?

ഈ ജനങ്ങൾ ഈ പ്രളയാഘാത്തിൽ വലഞ്ഞുതിരിഞ്ഞപ്പോൾ, നിലം തൊടാതെ കഷ്ടപ്പെട്ടപ്പോൾ ചെളിനനയാത്ത മുണ്ടുമ്പൊക്കിപ്പിടിച്ച് നടന്നവർ ഡൽഹിയിൽ ബ്രസീൽ എംബസിയുടെ മുന്നിൽ നിന്ന് അവിടത്തെ കാട്ടുതീയ്ക്കെന്ന പേരിൽ കോപ്രായം കാട്ടാനെന്താണ് കാരണം?

സൈലന്റ് വാലി എന്നൊരു വനഭാഗമുണ്ട്.  ലോകത്തെ പരിസ്ഥിതി ലോലമായ പ്രദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതിലൊന്ന്.. പണ്ട് ആ സൈലന്റ് വാലി മുഴുവൻ മുക്കിക്കളയാൻ പാകത്തിനു അണക്കെട്ടുപണിയാൻ സിപീഎം നേതൃത്വം മുഴുവൻ മെനക്കെട്ട് ശ്രമിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്നും സി പി എമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികളും വൈദ്യുതിവകുപ്പിലെ സിപി‌എം സർവീസ് സംഘടനയും സൈലന്റ്വാലി മുക്കാൻ അണക്കെട്ട് പണിയണം എന്ന് വാദിയ്ക്കുന്നവരാണ്.

അന്ന് സീ പീ എം ന്റെ മുഖ്യമന്ത്രി ശ്രീ നായനാരുൾപ്പടെയുള്ള നേതൃത്വം മുഴുവൻ സൈലന്റ് വാലിയെ നശിപ്പിയ്ക്കാനാണ് ശ്രമിച്ചത്. കേരളത്തിന്റെ ഊർജ്ജപ്രതിസന്ധി പരിഹരിക്കാൻ വേണ്ടി സൈലന്റ് വാലി പദ്ധതി നടത്തണം എന്ന് വാദിച്ച ചിലരുണ്ടായിരുന്നു. എന്നാൽ സീ പീ എം ചെയ്തത് അതും കടന്ന് പോയി. ആ വനങ്ങളുടെ പാരിസ്ഥിതികമായ പ്രാധാന്യവും ഊർജ്ജപ്രതിസന്ധിയ്ക്ക് ഫലപ്രദമായ ബദലുകളും വിദഗ്ധർ നിർദ്ദേശിച്ച ശേഷവും തങ്ങളുടെ ഭാഗം തെറ്റെന്ന് സമ്മതിയ്ക്കാതെ മർക്കടമുഷ്ഠി പിടിച്ച് കള്ളത്തരങ്ങളും ഭീഷണിയും മുതൽ അന്നത്തേയും ഇന്നത്തേയും സ്ഥിരം പാർട്ടി പരിപാടികളായ ലേബലു ചാർത്തൽ, കളിയാക്കൽ തുടാങ്ങിയവയുമായി അവർ പരിസ്ഥിതി സംരക്ഷിയ്ക്കാനിറാങ്ങിയവരെ നേരിട്ടു.

സഞ്ചിമൃഗങ്ങൾ,സാമ്രാജ്യത്ത കൊളോണിയൽ ചിന്താസരണിക്കാർ, വികസനവിരുദ്ധർ, മരത്തിനെ കെട്ടിപ്പിടിച്ച് കവിത ചൊല്ലി നടക്കുന്ന ഭ്രാന്തന്മാർ എന്നിങ്ങനെ സുഗതകുമാരി ടീച്ചറെയുൾപ്പെടെ അന്ന് സൈലന്റ് വാലിയ്ക്ക് വേണ്ടി നിലകൊണ്ടവരെ സിപീഎം നേതാക്കൾ പള്ളുവിളിച്ചു.

അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ നായനാർ സൈലന്റ് വാലിയിൽ വൈദ്യുതപദ്ധതി വേണമെന്ന് ഇന്ദിരാഗാന്ധിയെ പറഞ്ഞ് ബോധിപ്പിയ്ക്കാൻ ബീ കേ നായർ എന്ന ഒരു വിദഗ്ധനെ കൊണ്ടു പോയെന്നും അദ്ദേഹം ‘ദേർ ഈസ് നോ ഫോറസ്റ്റ് ഇൻ സൈലന്റ്‌വാലി‘ എന്ന് പറഞ്ഞത് കേട്ടപ്പോഴേ ഇന്ദിരാഗാന്ധിയ്ക്ക് ദേഷ്യം വന്ന് മുഖ്യമന്ത്രിയോട് ഇദ്ദേഹത്തെ വിളിച്ച് കൊണ്ട് പോകാൻ ആവശ്യപ്പെട്ടെന്നുമാണ് പറയുന്നത്.

ഇന്ദിരാഗാന്ധി സൈലന്റ് വാലിയ്ക്ക് മുകളിലൂടെ ഹെലികോപ്റ്ററിൽ സന്ദർശനം നടത്തി അവിടെ കാടുണ്ടെന്ന് വ്യക്തമായി കണ്ടിരുന്നു എന്നതായിരുന്നു നായനാരുടേ വിദഗ്ധന്റെ ഈ കള്ളം കേട്ട് അവർക്ക് ദേഷ്യം വരാൻ കാരണം. എന്തൊക്കെപ്പറഞ്ഞാലും ഇന്ദിരാഗാന്ധി എടുത്ത ശക്തമായ നിലപാടാണ് അന്നാ പദ്ധതി തടഞ്ഞ് സൈലന്റ്‌വാലി എന്ന ലോകത്തിലെ ഏറ്റവും പ്രധാനമായ കന്യാവനങ്ങളെ രക്ഷിച്ചത്. അല്ലെങ്കിൽ മാർക്സിറ്റുകാർ അതിനെ ചുട്ടുതിന്നുമായിരുന്നു.

(ഇന്ന് പൊതുവേ ജനങ്ങൾ ധരിച്ച് വച്ചിരിയ്ക്കുന്നതോ, സൈലന്റ് വാലി സമരം നടത്തിയത് സീ പീ എം ആണെന്നും സീപിഎം അനുകൂലക്കാരായ പരിഷത്തുകാർ അതിൽ സജീവമായി പങ്കെടുത്തെന്നൊക്കെയുമാണ്. അതാണവന്മാരുടെ കപടപ്രചരണത്തിനുള്ള വിരുത്)
.
അത് പോട്ടെ, പഴങ്കഥ അവിടെ നിൽക്കട്ടെ, മാധവ്ഗാഡ്ഗിൽ റിപ്പോർട്ട് തന്റെ എം‌ബാം ചെയ്ത് വച്ച ശവത്തിനു മുകളിലൂടെ (സഖാക്കൾ ചിതയൊന്നും ഒരുക്കാറില്ലല്ലോ. ഉപ്പിലിട്ട് സൂക്ഷിയ്ക്കുകയല്ലേ) മാത്രമേ നടപ്പിൽ വരുത്തൂ എന്നു പറയുകയും അതിനായി സകല കാളികൂളീകളുമൊത്ത് മാധവഗാഡ്ഗിലിന്റെ ബന്ധുക്കളേ വരെ ചീത്ത പറയുകയും ചെയ്തത് ഇതേ സി പി എമ്മാണ്. ഇക്കൊല്ലം പ്രളയം കഴിഞ്ഞതിന്റെ പിറകേ ഒരു ദിവസം പോലും താമസമില്ലാതെ തന്നെ സകല ക്വാറികൾക്കും മലപൊട്ടിച്ച് തകർക്കാൻ അനുവാദം നൽകിയവരും ഇതേ സിപീഎം ആണ്.

അവരെന്തിന് ആമസോണിന്റെ മുകളിൽ കയറി കുത്തിയിരിയ്ക്കുന്നു? എന്തിന് ഡൽഹിയിൽ ഒരു അന്യരാജ്യത്തിന്റെ എംബസിയ്ക്ക് മുന്നിൽ ചെന്നുനിന്ന് ഈ ഇന്ത്യാ മഹാരാജ്യത്തെത്തന്നെ നാണം കെടുത്തുന്നു?

ബ്രസീൽ എന്ന വലിയ രാജ്യത്തുണ്ടായ ഒരു ദുരന്തമാണാ കാട്ടുതീ. തീർച്ചയായും അന്താരാഷ്ടസമൂഹവും ബ്രസീൽ സർക്കാരും ഒരുമിച്ച് നിന്ന് അതിനെതിരേ നടപടികൾ എടുക്കേണ്ടതുണ്ട്. അപ്പോൾ ഇതുപോലെ ഒരു പാരിസ്ഥിതിക ദുരന്തം നടക്കുമ്പോൾ  ആ ഗവണ്മെന്റിന്റെ എംബസിയ്ക്ക് മുന്നിൽ നിന്ന് കോപ്പ്രായം കാട്ടുന്നതെന്തിനാണ്. അതും ഒരു അവധി ദിവസം? ദുരന്തം വരുമ്പോഴാണോ രാഷ്ട്രീയം പറയുന്നത് എന്നത് ഇപ്പൊ ഒരു കമ്യൂണിസ്റ്റ് കോമഡിയായി മാറിയിട്ടുപോലുമുണ്ടല്ലോ.

അല്ല, നമ്മളെല്ലാം കരുതുമ്പോലെ അത്ര നിഷ്കളങ്കമല്ല മാർക്സിസ്റ്റുകാരുടെ ഉദ്ദേശം. റഹീമും റിയാസും ആഗോള പരിസ്ഥിതിയെപ്പറ്റി മൂട്ടിൽ വേവടിച്ചിട്ടുമല്ല ബ്രസീൽ എംബസിയുടെ മുന്നിൽ നിന്ന് പത്താളെക്കൂട്ടി മിമിക്സ് പരേഡ് നടത്തിയത്.

കാര്യം കാട്ടുതീയൊന്നുമല്ല. ഈ ഭൂമിയിലെ സകലതിനേയും “ചൂഷണം” ചെയ്ത് ജീവിയ്ക്കാൻ പഠിപ്പിക്കുന്ന കമ്യൂണിസ്റ്റുകാർക്ക് പരിസ്ഥിതിയോടൊന്നും ഒരു സ്നേഹവുമില്ല.  ജൈർ ബൊൽ‌സൊണരോ എന്ന ബ്രസീലിയൻ രാഷ്ട്രപതിയാണ് കാര്യം.

ബ്രസീലിനെ ഏതാണ്ട് സാമ്പത്തികത്തകർച്ചയിലേക്ക് കൂപ്പുകുത്തിച്ച ഇടതുപക്ഷ ഭരണത്തിനു ശേഷം ഇന്ന് ബ്രസീലിൽ അധികാരത്തിലെത്തിയ ജൈർ ബോൽ‌സൊണാരോ അയാളുടേതായ രീതിയിൽ ആ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിയ്ക്കുകയാണ്. പക്ഷേ ജൈർ ബോൽ‌സൊണാരോ ഒരു ചൈനാവിരുദ്ധനാണ്. പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരുദ്ധനുമാണ്. എന്ന് മാത്രമല്ല, അമേരിയ്ക്കയുമായും ഇസ്രേയലുമായും അടുത്ത ബന്ധവും കാത്തുസൂക്ഷിയ്ക്കുന്നയാളുമാണ് ബോൽ‌സൊണാരോ.

ഇടതുപക്ഷക്കാർ ഏകാധിപതികളെ പുകഴ്ത്തുന്നവരാണെന്നും ജനാധിപത്യത്തിൽ അവർക്ക് വിശ്വാസമില്ലെന്നും ബോൽ‌സൊണാരോ പലതവണ പറഞ്ഞിട്ടുണ്ട്. സ്ഥാനമേറ്റെടുത്തയുടനേ അമേരിക്ക, ഇസ്രേയൽ, ജപ്പാൻ, ദക്ഷിണകൊറിയ, തായ്‌വാൻ എന്നീ രാജ്യങ്ങൾ സന്ദർശിയ്ക്കുകയാണ് താൻ എന്ന് പ്രഖ്യാപിയ്ക്കുകയും നമ്മൾക്ക് നല്ല മനുഷ്യരുമായും ജനതയുമായും ആണ് ചേർന്ന് നിൽക്കേണ്ടത് എന്ന് അതിനു കാരണമായി പറയുകയും ചെയ്തു.

ചൈനയെ ചില്ലറയൊന്നുമല്ല ഇത് ചൊടിപ്പിച്ചത്. ജപ്പാൻ സന്ദർശനം മാത്രമല്ല, ചൈന അവരുടെ സ്വന്തമാണെന്ന് പറയുന്ന തായ്‌വാൻ കൂടി സന്ദർശിച്ചതോടെ ലോകമെമ്പാടുമുള്ള ചൈനാപ്രേമികളുടെ കണ്ണിലെ കരടായി മാറി ബോൽ‌സൊണാരോ.

മാത്രമല്ല ചൈനയുടെ ബ്രസീലിലുള്ള സാമ്പത്തിക ഇടപാടുകളെ അതീവ സംശയദൃഷ്ടിയോടെയാണ് ബോൽ‌സൊണാരോ കാണുന്നത്. ധാതുക്കളും പ്രകൃതിവിഭവങ്ങളും കൊണ്ട് സമ്പന്നമായ ബ്രസീലിനെ മുൻ ഇടതുപക്ഷ സർക്കാരുകൾ ചൈനയ്ക്ക് ഏതാണ്ട്  ഇഷ്ടദാനം എഴുതിക്കൊടുത്തപോലെയായിരുന്നു. ചൈനീസ് സാമ്രാജ്യത്തത്തിന്റെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഏറ്റവും വലിയ താവളമായിരുന്നു ഇടതുപക്ഷം ഭരിയ്ക്കുമ്പോൾ ബ്രസീൽ .

എന്നാലിന്ന് ബോൽ‌സൊണാരോ അതിശക്തമായാണ് ചൈനയ്ക്കെതിരേ സംസാരിയ്ക്കുന്നത്. ‘ബ്രസീലിനെ വിലയ്ക്ക് വാങ്ങാനാണ് ചൈന ശ്രമിയ്ക്കുന്നത്‘. ബോൽ‌സൊണാരോ  ഒരിയ്ക്കൽ പറഞ്ഞു. തത്വശാസ്ത്രം അടിച്ചേൽപ്പിക്കുന്ന അജണ്ടയുള്ള രാജ്യങ്ങളോടൊന്നും നമുക്ക് ബന്ധം ആവശ്യമില്ല എന്നും അയാൾ പറഞ്ഞിട്ടുണ്ട്.

ചൈനയെ മാത്രമല്ല. ഇസ്രേയലുമായി വളരെയടുപ്പമുള്ളയാളാണ് ബോൽ‌സൊണാരോ. പാലസ്തീൻ ഒരു രാജ്യമല്ലെന്നും അതുകൊണ്ട് അവിടെ ബ്രസീലിന് എംബസി വേണ്ടെന്നുമാണ് അയാളുടെ നിലപാട്. ഭീകരവാദികളുമായി സംസാരിക്കാൻ ബ്രസീൽ തയ്യാറല്ല എന്നും അയാൾ പറഞ്ഞിട്ടുണ്ട്.

മുഹമ്മദ് റിയാസിന്റേയും റഹീമിന്റേയും പരിസ്ഥിതിസ്നേഹത്തിനു പിന്നിലെ അജണ്ട വ്യക്തമായിക്കാണുമെന്ന് കരുതുന്നു. തങ്ങളുടെ കൈപ്പിടിയിലുണ്ടായിരുന്ന, സാമന്തരാജ്യമായിക്കൊണ്ടുനടന്ന ബ്രസീൽ വഴുതിപ്പോകുന്നത് നോക്കിനിൽക്കാനേ ചൈനയ്ക്കിപ്പോൾ കഴിയുന്നുള്ളൂ.
ബോൽ‌സൊണാരോ  അത്ര മഹാനൊന്നുമാണെന്ന് അഭിപ്രായമില്ല. തികഞ്ഞ വർണ്ണവെറിയനും മൌലികവാദിയും ഒക്കെയാണ് അയാളെന്ന് പലതവണ അയാളുടെ സംഭാഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പക്ഷേ അയാൾ പൂർണ്ണമായും ജനപക്ഷത്തു നിൽക്കുന്നയാളാണോ അല്ലയോ എന്നൊക്കെ നമുക്ക് നോക്കെണ്ട കാര്യമില്ല. കാരണം ബ്രസീലിലെ ഇരുപത് കോടിയോളം വരുന്ന ജനതയ്ക്ക് അവരുടെ നേതാക്കളെ കണ്ടെത്താനുള്ള കഴിവുണ്ട്. അവരുടെ ജനാധിപത്യത്തിലിടപെടേണ്ട ആവശ്യം നമുക്കില്ല.

ഓർമ്മയുണ്ടോ പണ്ടൊരു ദീപാവലിയ്ക്ക് ചൈനീസ് എംബസിയിൽ നിന്ന് ഇന്ത്യയിലെ അവരുടെ അടിമകൾക്ക് സമ്മാനവുമായി ചൈനീസ് മുതലാളിമാർ പോകുന്ന വാർത്ത കണ്ടത്. കട്ടക്കമ്പനിയിലെ മുതലാളി പറയുമ്പോൾ പഞ്ചായത്തിന്റെ മുന്നിൽ സമരം വിളിക്കാൻ പോകുന്ന അന്യസംസ്ഥാനത്തൊഴിലാളികളെപ്പോലെ ചൈനയുടെ അന്യസംസ്ഥാനത്തൊഴിലാളികളായാണ് റഹീമും റിയാസുമൊക്കെ ബ്രസീൽ എംബസിയ്ക്ക് മുന്നിൽ പോയത്. ഇടയ്ക്ക് മുതലാളി വല്ല ചൈനീസ് ഫോണോ വഴിച്ചന്തയിൽ കിട്ടുന്ന വീഡിയോ ഗെയിമോ ഒക്കെ സമ്മാനം കൊടുക്കുമാരിക്കും.

ഒരു രാജ്യത്ത് കാട്ടുതീ പടരുമ്പോൾ അവിടത്തെ സർക്കാരിനെ തെറിവിളിക്കാൻ പോകാൻ അല്ലാതെ ബോധമുള്ളവനൊന്നും തയ്യാറാ‍വില്ല.
ചൈനയെ ഒഴിവാക്കി അമേരിക്കയോടും ഇന്ത്യയോടുമൊക്കെ അടുക്കാൻ ശ്രമിയ്ക്കുന്ന വളർന്നുവരുന്ന വൻ സാമ്പത്തികശക്തിയായ ബ്രസീൽ എന്ന രാജ്യം ഇന്ത്യയുമായി നല്ലബന്ധമുണ്ടാക്കരുത് എന്ന ചൈനീസ് ഗൂഢബുദ്ധിയും ഇതിനുപിറകിലുണ്ട്. കേരളത്തിൽ പ്രളയം നടന്ന് അഞ്ഞൂറുപേർ മുങ്ങിമരിച്ചുകൊണ്ടിരുന്നപ്പോൾ ബ്രസീലിലെ ഇന്ത്യൻ എംബസിയ്ക്ക് മുന്നിൽ കുറേ ബ്രസീലുകാർ നിരന്നുനിന്ന് കേരളത്തിനേയും ഇന്ത്യയേയും തെറിപറഞ്ഞാൽ ആ രാജ്യത്തോട് നമുക്കെന്ത് മനോഭാവമായിരിയ്ക്കും എന്ന് ആലോചിയ്ക്കുക. ബ്രസീലും ഇന്ത്യയുമായുള്ള ബന്ധത്തിൽ ആ വിടവാണ് ഈ മിമിക്രി കൊണ്ട് ഇവന്മാർ ഉണ്ടാക്കിയിട്ടുള്ളത്. ബന്ധങ്ങളുണ്ടാക്കുന്നത് ജനങ്ങൾ തമ്മിലാണ് ഭരണകൂടങ്ങൾ തമ്മിലല്ല.

എല്ലാക്കാലവും സ്വരാജ്യത്തെ ഒറ്റുകൊടുത്തിട്ടുള്ള കൊടൂം ചതിയന്മാരായ കമ്യൂണിസ്റ്റുകാരോട് രാജ്യത്തിന്റെ വിദേശനയങ്ങൾ സംരക്ഷിക്കേണ്ടതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. എന്നാലും വളരെ ചുരുക്കിപ്പറഞ്ഞാൽ ആമസോണിലെ തീ എന്ന പേരിൽ കപടപരിസ്ഥിതിസ്നേഹവും പറഞ്ഞ് ചൈനാമുതലാളിമാരുടേ അന്യരാജ്യത്തൊഴിലാളികൾ ഇന്നലെ ഡൽഹിയിൽ ചെയ്തത് തികഞ്ഞ രാജ്യദ്രോഹപ്രവർത്തനമാണ്.

Thursday, August 22, 2019

ചിദംബരം പളനിയപ്പനും ഇന്ദ്രാണി മുഖർജിയും. ഒരു അഗതാക്രിസ്റ്റി കഥ

ഒരു കൊച്ചു ഷെർലക് ഹോംസ് കഥ മാതിരിയല്ല, അഗതാ ക്രിസ്റ്റിയുടെ ഒരു നോവൽ പോലെ ഉദ്വേഗഭരിതവും കുഴഞ്ഞുമറിഞ്ഞതുമാണ് ഈ കഥ. ഐ എൻ എക്സ് മീഡിയ അഴിമതിയുടെ കഥ. ഷീ‍ന ബോറയുടെ കഥ, ഇന്ദ്രാണി മുഖർജിയുടെ കഥ.

എവിടെനിന്നാണീ കഥ പറഞ്ഞുതുടങ്ങേണ്ടത്? ഇന്ദ്രാണി മുഖർജിയിൽ നിന്ന് തുടങ്ങാം..

ആസ്സാമിലെ ഗുവാഹതിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയായിരുന്നു പൊരി ബോറ. ശരിയാണ്... ഇന്ദ്രാണി എന്നല്ലായിരുന്നു അവരുടെ യഥാർത്ഥ നാമം. പൊരി ബോറ എന്നായിരുന്നു. കോളേജിൽ ചേർന്നപ്പോൾ തന്നെ സിദ്ധാർത്ഥ ദാസ് എന്ന കൂട്ടുകാരനെ അവൾ വിവാഹം കഴിച്ചു. മേഘാലയക്കാരനായിരുന്നു സിദ്ധാർത്ഥ ദാസ്. പതിനഞ്ച് വയസ്സു മാത്രം പ്രായമായപ്പോൾ പൊരി ബോറ അമ്മയുമായി.(അതോ പതിനേഴോ? പല കണക്കുകളാണ്. ഈ കഥയിലെല്ലാം ഇതുപോലെ പൊരുത്തപ്പെടാത്ത പലതുമുണ്ട്) . ഷീന ബോറാ എന്നായിരുന്നു ആ കുഞ്ഞിന്റെ പേർ.

മിഖായൽ ബോറ എന്ന രണ്ടാ‍മതൊരു ആൺകുട്ടി കൂടിയായപ്പോൾ പല കാരണങ്ങൾ കൊണ്ടും സിദ്ധാർത്ഥദാസ് പൊരിബോറയെ വിട്ടുപോയി. യുവത്വത്തിന്റെ ലഹരിയിൽ തുടങ്ങിയ ബന്ധവും കുഞ്ഞുങ്ങളും തന്റെ മുന്നോട്ടുള്ള ജീവിതത്തിൽ തടസ്സമാകുമെന്ന് കണ്ടപ്പോൾ തന്റെ രണ്ടുകുഞ്ഞുങ്ങളേയും ഗുവാഹതിയിൽ തന്റെ മാതാപിതാക്കളുടെയടുത്തേൽപ്പിച്ച്  പൊരിബോറയും കൊൽക്കൊത്തയിലേക്ക് വണ്ടികയറി. കൊൽക്കൊത്തയിൽ ഒരു പുതിയ ജീവിതം തുടങ്ങി.

കൊൽക്കൊത്തയിൽ വച്ച് 1996ൽ പൊരി ബോറ തന്റെ പേർ ഇന്ദ്രാണി ദാസ് എന്നാക്കിയിരുന്നു. ഐ എൻ എക്സ് റിക്രൂട്ട്മെന്റ് ഏജൻസിയുടെ പിറവി അവിടെനിന്നാണ്. കഠിനാധ്വാനം ചെയ്ത് തന്നെ ഇന്ദ്രാണി കുറഞ്ഞ കാലം കൊണ്ട് കൊൽക്കൊത്തയിൽ തന്റെയും കമ്പനിയുടേയും വ്യക്തിമുദ്ര പതിപ്പിച്ചു. ഏത് ജോലിയ്ക്കും ആളേക്കണ്ടെത്താൻ പ്രാഗൽഭ്യമുള്ള അവർ കുറഞ്ഞകാലം കൊണ്ട് കൊൽക്കൊത്തയിലെ ഉപരിവർഗ്ഗ ക്ലബുകളിലും സദസ്സുകളിലും സ്ഥിരസാന്നിദ്ധ്യമായി. അനേകം ബന്ധങ്ങളുണ്ടാക്കി.

ആ ബന്ധങ്ങളുപയോഗിച്ച് തന്റെ ബിസിനസ് അവർ വളർത്തിയെടുത്തു. ചെറിയ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലുമൊക്കെ ആവശ്യമുള്ള ജീവനക്കാരെ നൽകുന്ന റിക്രൂട്ട്മെന്റ് ഏജൻസിയിൽ നിന്ന് ഐ എൻ എക്സ് റിക്രൂട്ട്മെന്റ്, കോർപ്പറേറ്റ് കമ്പനികളിൽ വിദഗ്ധ തൊഴിലാളികളേയും മാനേജർമാരെയുമൊക്കെ കണ്ടെത്തിനൽകുന്ന ഏജൻസിയായി കുറഞ്ഞ കാലം കൊണ്ടുതന്നെ മാറി. രണ്ടാമത്തെ വിവാഹവും കഴിച്ചു. കൊൽക്കൊത്താ ഉപരിവർഗ്ഗസഭകളിൽ വച്ച് പരിചയമായ സഞ്ജീവ് ഖന്ന എന്ന  ബിസിനസുകാരനെ വിവാഹം കഴിച്ച ഇന്ദ്രാണി ദാസ് അങ്ങനെ ഇന്ദ്രാണി ഖന്നയായി. അവർക്ക് വിദ്ധി ഖന്ന എന്ന കുട്ടിയും ജനിച്ചു.

കൊൽക്കൊത്തയിലൊതുങ്ങുന്നതായിരുന്നില്ല ഇന്ദ്രാണി ഖന്ന. സജ്ഞീവ് ഖന്നയുമായി അസ്വാരസ്യങ്ങളുണ്ടായപ്പോൾ അവർ തമ്മിൽ പിരിയുകയും ചെയ്തിരുന്നു. പതിയെ തന്റെ തട്ടകം അവർ മുംബൈയിലേക്ക് മാറ്റി. ഈ സമയത്ത് വൻ കോർപ്പറേറ്റുകൾ അവരുടെ ഐ എൻ എക്സ്  റിക്രൂട്ട്മെന്റ് ഏജൻസിയുടെ സേവനങ്ങൾ ഉപയോഗിച്ചുതുടങ്ങിയിരുന്നു.

മുംബൈയിൽ വച്ചാണ് അത്യാവശ്യം വലിയ ഒരു ബിസിനസുകാരനും ടെലിവിഷൻ എക്സിക്യൂട്ടീവുമായ പീറ്റർ മുഖർജിയെ അവർ പരിചയപ്പെടുന്നത്. സ്റ്റാർ ഇന്ത്യയുടെ സി ഈ ഓ ആയിരുന്നു ആ സമയത്ത് പീറ്റർ മുഖർജി. മുംബൈയിലെ സാമൂഹ്യൌപരിവർഗ്ഗസഭകളിലെ നിത്യസാന്നിദ്ധ്യം. മാത്രമല്ല അധികാര ഇടനാഴികളിലെ സ്ഥിരക്കാരനും.

പീറ്റർ മുഖർജിയുമായി അടുത്ത അവർ തമ്മിൽ വിവാഹിതരായി. തന്റെ രണ്ടാം വിവാഹത്തിലുണ്ടാ‍യ മകൾ വിദ്ധി ഖന്നയേയും ആ ദമ്പതികൾ ഒരുമിച്ചു കൂട്ടി. പീറ്റർ മുഖർജിയ്ക്കും തന്റെ മുൻ വിവാഹത്തിൽ നിന്ന് രണ്ട് ആണ്മക്കൾ ഉണ്ടായിരുന്നു.

പീറ്റർ മുഖർജിയുമായി ചേർന്ന് ഐ എൻ എക്സ് റിക്രൂട്ട്മെന്റ് പുതിയ മാനങ്ങൾ തേടി. ശതകോടിക്കണക്കിനു രൂപയുടെ ബിസിനസുകൾ അവർക്ക് ലഭിയ്ക്കാൻ തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ ബിസിനസുകൾ. ഡൽഹിയിലെ അധികാര ഇടനാഴികളിൽ ശക്തരായ സുഹൃത്തുക്കൾ. പലതിനും ഇടനിലനിൽക്കുന്ന വൻ ലോബിയിങ്ങ് ഏജൻസിയായി ഇന്ദ്രാണി മുഖർജിയും കമ്പനിയും.

ഐ എൻ എക്സ് റിക്രൂട്ട്മെന്റിനോടൊപ്പം ഐ എൻ എക്സ് മീഡിയ എന്ന മാദ്ധ്യമകമ്പനിയും രൂപമെടുത്തു. ബ്രിട്ടനിലും സ്പെയിനിലും മൌറീഷ്യസിലും ഒക്കെ വീടുകളും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി ഇന്ദ്രാണി. ഇതിനിടെ അവർ ബ്രിട്ടീഷ് പൌരത്വവും സ്വീകരിച്ചു.

തന്റെ ആദ്യ വിവാഹത്തിൽ ജനിച്ച ഷീന ബോറയും മിഖായലും അതോടെ ഇന്ദ്രാണിയ്ക്കൊരു ബാദ്ധ്യതയായിത്തീർന്നുവെന്ന് വേണം കരുതാൻ. ഇന്ദ്രാണി മുംബൈയിൽ ഇത്രയും വലിയ സ്ഥാനത്തെത്തിയതൊക്കെയറിഞ്ഞ മാതാപിതാക്കൾ ഗുവാഹതിയിൽ നിന്ന് അവൾക്ക് കത്തെഴുതി. അതോടെ താൻ കെട്ടിപ്പൊക്കിയ ഭൂതകാലനുണകൾ പൊളിയുമോ എന്ന് ഭയന്നിട്ടാകണം ആദ്യവിവാഹത്തിലെ കുട്ടികൾക്കും തന്റെ മാതാപിതാക്കൾക്കും അവർ പണം നൽകാൻ തുടങ്ങി.

തന്റെ ആദ്യവിവാഹത്തിലെ കുട്ടികളെ  തന്റെ അനുജനും അനുജത്തിയുമാണ് എന്ന് പറഞ്ഞാണ് പീറ്റർ മുഖർജിയെ പരിചയപ്പെടുത്തിയത്. പീറ്ററിനോട് മാത്രമല്ല ലോകത്തോടു മുഴുവൻ അവർ അങ്ങനെയാണ് പറഞ്ഞിരുന്നത്.

പീറ്റർ തന്റെ ഭാര്യയുടെ ‘അനുജത്തിയെ‘ (യഥാർത്ഥത്തിൽ ഭാര്യയുടെ മകളെ) മുംബൈയിൽ പഠിയ്ക്കാൻ ക്ഷണിച്ചു. മുംബൈയിലെ അതിപ്രശസ്തമായ സെന്റ് സേവ്യേഴ്സ് കോളേജിൽ അങ്ങനെ ഷീന ബോറ എന്ന പെൺകുട്ടി ഗുവാഹതിയിൽ നിന്നു വന്ന് ചേർന്നു. മുംബൈ മെട്രോയിൽ മാന്യമായ ഒരു ജോലിയും തരപ്പെടുത്തി.

ഇതിലെവിടെയാണ് ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട മുൻ ആഭ്യന്തരമന്ത്രി പളനിയപ്പൻ ചിദംബരം വരുന്നതെന്നാണോ? കഥ അവിടേയ്ക്കാണ് വരുന്നത്.

പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും ന്യൂസ് എക്സ് ചാനൽ തുടങ്ങുമ്പോൾ അതിൽ മൂന്ന് പ്രധാന നിക്ഷേപകരാണുണ്ടായിരുന്നത്. മൌറീഷ്യസ് കമ്പനിയായ സിൽക് റൂട്ട് അഡ്വൈസേഴ്സ് ആയിരുന്നു ആദ്യത്തെ കമ്പനി.

സിൽക് റൂട്ട് എന്ന ഈ കമ്പനിയുടെ മുഴുവൻ കഥയും ദുരൂഹമാണ്. ഈ കമ്പനിയുടെ ഉടമസ്ഥരായ രാജ് രാജനാഥം എന്ന ശ്രീലങ്കൻ വംശജനായ അമേരിക്കൻ പൌരൻ സാമ്പത്തിക കുറ്റകൃത്യങ്ങളുൾപ്പെടെ അനേകം സിവിൽ ക്രമിനൽ കുറ്റകൃത്യങ്ങളിൽ ശിക്ഷ വിധിക്കപ്പെട്ട് അമേരിക്കയിലെ ജയിലിലാണിന്ന്. ഈ കമ്പനിയുടെ മറ്റ് ഡയറക്ടർമാരെ പല തവണ എഫ് ബി ഐ ചോദ്യം ചെയ്തുകഴിഞ്ഞു. ഈ കമ്പനിയാണ് ന്യൂസ് എക്സ് എന്ന മുഖർജിമാരുടെ ചാനലിന് ആദ്യ നിക്ഷേപം നൽകാനായെത്തിയത്.

പിന്നീട് ഡൽഹിയിലെ അധികാര ഇടനാഴികളിൽ കുപ്രശസ്തയായ ലോബിയിസ്റ്റ് നീരറാ‍ഡിയയും സുപ്രസിദ്ധ പത്രപ്രവർത്തകൻ വീർ സാംഘ്‌വിയുമായിരുന്നു ന്യൂസ് എക്സിലെ മറ്റു രണ്ട് പേർ. വീർ സാംഘ്‌വിയ്ക്ക് വിയർപ്പോഹരി നൽകാം എന്നായിരുന്നു കരാർ.

സിൽക് റൂട്ട് അഡ്വൈസേഴ്സ് മാത്രമായാൽ ചാനൽ പൂർത്തിയാവില്ല. മറ്റ് നിക്ഷേപകരെ ലഭിയ്ക്കണമെങ്കിൽ മാന്യമായ ചരിത്രമുള്ള ഏതെങ്കിലും നിക്ഷേപകർ ഉണ്ടാവണം,. വീർ സാംഘ്‌വിയും ലോബിചെയ്യാൻ നീര റാഡിയയും വന്നതോടെ സിംഗപ്പൂർ ഗവണ്മെന്റിന്റെ സ്വന്തമായ  തെമസെക് ഹോൾഡിങ്സ് എന്ന കമ്പനി ന്യൂസ് എക്സിൽ നിക്ഷേപം നടത്തി. കൊടക് മഹീന്ദ്രയും ഈ ചാനലിൽ നിക്ഷേപം നടത്തി.

2008ൽ മൌറീഷ്യസ് കമ്പനികൾ മുന്നൂറ്റിയഞ്ച് കോടി രൂപയിൽക്കൂടൂതൽ ന്യൂസ് എക്സിൽ നിക്ഷേപം നടത്തിയെന്നത് ഗവണ്മെന്റ് ഏജൻസികൾ ശ്രദ്ധിച്ചിരുന്നു. ഇന്ത്യയിൽ ന്യൂസ് ചാനലുകളിൽ 27% വിദേശനിക്ഷേപം മാത്രമേ അനുവദിയ്ക്കുകയുള്ളൂ. അതുകൊണ്ട് ഐ എൻ എക്സ് മീഡിയ എന്ന കമ്പനി വഴിയായിരുന്നു ഡീലുകൾ എല്ലാം.

ഐ എൻ എക്സ് ന്യൂസ് എന്ന കമ്പനി വേറേ ഉണ്ടാക്കി. എന്നാൽ ഐ എൻ എക്സ് മീഡിയയിൽ വരുന്ന പണമെല്ലാം ന്യൂസ് ചാനലിനു വേണ്ടിത്തന്നെയാണ് ചിലവാക്കിയിരുന്നത്. ഐ എൻ എക്സ് മീഡിയയ്ക്ക് പോലും 4.62 കോടി രൂപ മാത്രമേ വിദേശനിക്ഷേപം സ്വീകരിയ്ക്കാൻ അർഹതയുണ്ടായിരുന്നുള്ളൂ. സ്വീകരിച്ചത് 305 കോടിയാണ്. കണക്കിൽപ്പെടുത്തിയത് മാത്രം.

2010ൽത്തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ന്യൂസ് എക്സ് ചാനലിന്റെ മാതൃകമ്പനിയായ ഐ എൻ എക്സ് മീഡിയയ്ക്കെതിരേ ഒരു കേസ് ഫയൽ ചെയ്തിരുന്നു.

പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും കേസിൽ നിന്ന് രക്ഷപെടാ‍ൻ വഴികണ്ടത് രാജ്യത്തെ ഏറ്റവും വലിയ അധികാരകേന്ദ്രത്തെ ആശ്രയിയ്ക്കുകയെന്നതായിരുന്നു. പളനിയപ്പൻ ചിദംബരം. ധനകാര്യവും ആഭ്യന്തരവും മാറിമാറി ആടുന്ന മൂർത്തിയേക്കാൾ വലിയ ശാന്തി. മൻ‌മോഹൻ സിംഗ് എന്ന പാവയെ മുന്നിൽ നിർത്തി ആടിയ്ക്കുന്ന അധികാരക്കളിയിലെ മുഖ്യ ചരടുവലിക്കാരൻ. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമായിരുന്നു പ്രധാനശക്തികേന്ദ്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സിബിഐ പറയുന്നത് പ്രകാരം കാർത്തി ചിദംബരത്തിന്  മുഖർജി ദമ്പതികൾ ശതകോടിക്കണക്കിനു രൂപ  ഊരാക്കുടുക്കിൽ നിന്നൊഴിവാകാൻ കൈമാറി . ചിദംബരത്തിന്റെ സ്വന്തമായ വാസൻ ഹെൽത് കെയറിന്റെ പേരിലും പണം കൊടുത്തിരുന്നു എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്തായാലും ഐ എൻ എക്സ് മീഡീയയുടേയും ഐ എൻ എക്സ് ന്യൂസിന്റേയും വിദേശനിക്ഷേപമെല്ലാം ധനകാര്യമന്ത്രാലയം  അതിശയകരമായി അംഗീകരിച്ചു. സകല നിയമങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് തന്നെ.

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കണക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രകാരം ഈ ഡീലിൽ ലഭിച്ച പണം കൊണ്ട് മാത്രം കാർത്തി ചിദംബരം സ്പെയിനിൽ ഒരു ടെന്നീസ് ക്ലബ്, ബ്രിട്ടനിൽ കോട്ടേജുകൾ തുടങ്ങി ഇന്ത്യയിലും പുറത്തും അനേകം വസ്തുവകകൾ വാങ്ങിച്ചിട്ടുണ്ട്. പത്തു ലക്ഷം അമേരിക്കൻ ഡോളറാണ് കാർത്തി ചിദംബരം ചോദിച്ചതെന്നാണ് ഇന്ദ്രാണി മുഖർജി പറയുന്നത്.

എന്തായാലും അധികകാലം ഇതിനു നിലനിൽക്കാനാകില്ലല്ലോ. പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും സ്വന്തം കമ്പനിയിൽ നിന്ന് കോടിക്കണക്കിനു രൂപ പല അക്കൌണ്ടുകളായി മാറ്റിയെടുത്തു. വീർ സാംഘ്‌വി ഇതൊക്കെക്കണ്ടിട്ടാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ന്യൂസ് എക്സിൽ നിന്ന് രാജിവച്ചു. മറ്റു ജീവനക്കാരെ ഒരു മുന്നറിയിപ്പുമില്ലാതെ ഇന്ദ്രാണി മുഖർജി ഒരു സുപ്രഭാതത്തിൽ പറഞ്ഞുവി.ട്ടു എണ്ണൂറു രൂപയിലധികം വിലകാണിച്ചിരുന്ന ഷെയറുകൾ വെറും പത്തുരൂപയ്ക്ക് വിറ്റഴിച്ചു.

ഇത്രയുമായപ്പോഴേക്കും ബോധമുള്ളവർക്കെല്ലാം മനസ്സിലായിരുന്നു ഇവരുടെ ഉദ്ദേശം ന്യൂസ് ചാനൽ നടത്തുകയൊന്നുമല്ലെന്ന്. ആരുടേയോ പണം വിദേശത്തുനിന്നും വരുത്തി വെളുപ്പിച്ചെടുക്കാനുള്ള തന്ത്രമായിരുന്നു ഇതെല്ലാം എന്ന് റിപ്പോർട്ടുകൾ പറയുന്നു. സിംഗപ്പൂരിലും യുകെയിലും മറ്റു വിദേശരാജ്യങ്ങളിലും ബന്ധുക്കളുടേയും മറ്റും പേരിൽ പല അക്കൌണ്ടുകളിലേക്ക് ഈ കമ്പനിയിലെ പണം ചോർത്തിക്കൊണ്ടിരുന്നു. മകളായ, എന്നാൽ സഹോദരിയെന്ന് എല്ലാവരോടും പറഞ്ഞിരിയ്ക്കുന്ന ഷീന ബോറയുടെ പേരിലും ഉണ്ടായിരുന്നു അക്കൌണ്ടുകൾ.

ഷീന ബോറ സ്വന്തം അമ്മയുടെ ഭർത്താവായ പീറ്റർ മുഖർജിയുടെ ആദ്യവിവാഹത്തിലെ മകനുമായി അടുപ്പത്തിലായിരുന്നു. രാഹുൽ മുഖർജി എന്നായിരുന്നു അയാളുടെ പേർ. വകയിൽ അർദ്ധസഹോദരനായ (നാട്ടുകാരുടെ മുന്നിൽ സഹോദരിയുടെ മകൻ) രാഹുൽ മുഖർജിയുമായുള്ള ബന്ധത്തിന് ഇന്ദ്രാണി എതിരായിരുന്നു എന്ന് പറയപ്പെടുന്നു.

ഒരു ദിവസം വളരെ സംശയാസ്പദമായി ഷീന ബോറയെ കാണാതായി. രാഹുൽ മുഖർജി പോലീസിനു പരാതിനൽകി. ഇന്ദ്രാണി മുഖർജി പറഞ്ഞത് അവൾ അമേരിക്കയിൽ പഠിക്കാൻ പോയെന്നായിരുന്നു.

മുംബൈ പോലീസും സി ബി ഐയും അതങ്ങ് വിശ്വസിച്ചില്ല. അവർ ഇന്ദ്രാണിയുടെ ഡ്രൈവറെ ഒരു കേസിൽ സംശയാസ്പദമായി പിടികൂടിയപ്പോൾ ചോദ്യം ചെയ്യലിൽ എല്ലാ വിവരങ്ങളും അയാൾ പോലീസിനെ അറിയിച്ചു.

ഷീന ബോറയെ അമ്മയും ഡ്രൈവറും ഇന്ദ്രാണിയുടെ രണ്ടാം ഭർത്താവായ സഞ്ജീവ്  ഖന്നയും ചേർന്ന് കൊലപ്പെടുത്തിയതാണ്. കാറിന്റെ പിൻ സീറ്റിൽ വച്ച് കഴുത്ത് ഞെരിച്ച് ആ പെൺകുട്ടിയെ കൊലപ്പെടുത്തി. ഒഴിഞ്ഞ ഒരു കുറ്റിക്കാട്ടിലിട്ട് കത്തിച്ചുകളഞ്ഞു. കൊലപാതകത്തിന്റെ ചുരുളുകൾ അഴിയവെയാണ് ഷീനബോറ ഇന്ദ്രാണിയുടെ സഹോദരിയല്ല മകളാണ് എന്ന വിവരം ലോകമറിയുന്നത്.

ഷീന ബോറയെ എന്തിനു കൊലപ്പെടുത്തിയെന്നത് ഇന്നും ദുരൂഹമാണ്. കമ്പനിയിലെ പണം കട്ടെടുത്ത് അവളുടെ പേരിൽ നിക്ഷേപിച്ചിട്ട് അവളെ ഇല്ലാതാക്കിയതാണോ? ആർക്കുമറിയില്ല.

എന്നാൽ ഒന്ന് ഡൽഹി ഹൈക്കോടതിയ്ക്കെങ്കിലും ഉറപ്പാണ്. ഐ എൻ എക്സ് കമ്പനി കേസ് വെറുമൊരു അഴിമതിക്കേസല്ല. കുഴൽപ്പണക്കടത്തിന്റെ ഒരു ഉത്കൃഷ്ട മാതൃകയാണ്. ഉത്കൃഷ്ടം എന്നൊക്കെയതിനെ എങ്ങനെ പറയുമെന്നറീയില്ല. അപകൃഷ്ടമാതൃക എന്ന് പറയാമായിരിയ്ക്കും.. കുഴൽപ്പണക്കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമൊപ്പം മറ്റെന്തൊക്കെ ചുരുളഴിയാനുണ്ട് ഈ കേസിലെന്നത് മാത്രം ശ്രദ്ധിച്ചാൽ മതി.

ചിദംബരത്തേയും മകനേയും കാത്തിരിയ്ക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ കേസുമാത്രമാണോ എന്നത് ഇന്ദ്രാണി മുഖർജി എത്രത്തോളം തുറന്നു പറയുന്നു എന്നതിനെയനുസ്സരിച്ചിരിയ്ക്കും. എന്തായാലും ചിദംബരങ്ങൾക്കെതിരേയുള്ള കേസിൽ മാപ്പുസാക്ഷിയാകാനും സഹകരിക്കാനും ഇന്ദ്രാണി സമ്മതിച്ചിട്ടുണ്ട്.

Monday, August 12, 2019

കാശ്മീരും അയർലന്റും യസീദികളും. അപക്വമായ സമവാക്യങ്ങളിലെ ചതിക്കുഴികൾ

“ഹേയ് ബി ബി സി, ജമ്മു കാശ്മീരിനെ നിങ്ങൾ ഇന്ത്യൻ അധിനിവേശ കാശ്മീർ എന്ന് വിശേഷിപ്പിയ്ക്കുമ്പോൾ എപ്പോഴും തോന്നാറുണ്ട്, വടക്കൻ അയർലാൻഡിനെ ഇനിമുതൽ ബ്രിട്ടീഷ് അധിനിവേശ അയർലാൻഡ് എന്ന് നിങ്ങൾ വിശേഷിപ്പിയ്ക്കുമോ?” ലോകപ്രശസ്ത സംവിധായകനായ ശേഖർ കപൂറിന്റേതാണ് ചോദ്യം.

ആദ്യം കേൾക്കുമ്പോൾ പൂർണ്ണമായും ശരിയെന്ന് തോന്നിയേക്കാം. ബി ബി സി എന്ന ബ്രിട്ടീഷ് സാമ്രാജ്യത്തശക്തിയുടെ എന്നത്തേയും വലിയ മെഗാഫോണിനു ബ്രിട്ടീഷുകാർക്കിടയിൽ വലിയ സ്വീകാര്യതയുള്ള സംവിധായകൻ തന്നെയായ ശേഖർ കപൂർ മറുപടി നൽകിയത് കൃത്യമായ അടിയായിരുന്നു താനും.

കാശ്മീരിനെ ഇൻഡ്യൻ അഡ്മിനിസ്ട്രേഡ് കാശ്മീർ എന്നാണ് ബിബിസി എപ്പോഴും വിശേഷിപ്പിയ്ക്കുന്നത്. ബിബിസി മാത്രമല്ല, ബ്രിട്ടീഷ് എം പി മാരും അങ്ങനെതന്നെയാണ് വിശേഷിപ്പിയ്ക്കുന്നത്. ഏറ്റവും വലിയ തമാശ വളരെ ലിബറൽ ആയും ലോകസമാധാനത്തിനായുമൊക്കെ വാദിയ്ക്കുന്ന ‘മതമില്ലാത്ത‘ മുസ്ലിം നാമധാരികളായ പുരോഗമന ബ്രിട്ടീഷ് എം പി മാരെല്ലാം കാശ്മീരിലെ അവരുടെ ‘സഹോദര‘ങ്ങളെപ്പറ്റി ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമെന്റ് ഒരു നിയമം പാസ്സാക്കിയതിനു ബ്രിട്ടീഷ് ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ചാൽ അത് ഇന്ത്യയ്ക്ക് വെറും തൃണമാണെന്ന് അവർക്കറിയാതെയല്ല. കഴുതകൾക്ക് പലതും കരഞ്ഞു തീർക്കുകയെങ്കിലും വേണമല്ലോ.

പക്ഷേ ശേഖർ കപൂർ പറഞ്ഞതിലെ വലിയ ശരിയിൽ ഒരു ചെറിയ തെറ്റുണ്ട്.. അത് പൂർണ്ണമായും മനസ്സിലാക്കണമെങ്കിൽ അൽപ്പം ഭൂമിശാസ്ത്ര ചരിത്രം പറയണം.

ഇംഗ്ലണ്ട്, നോർത്തേൺ അയർലാൻഡ്, സ്കോട്ലൻഡ്, വേൽ‌സ് എന്നീ രാജ്യങ്ങൾ ചേർന്നതാണ് ഇന്നത്തെ യുണൈറ്റഡ് കിങ്ഡം എന്ന രാജഭരണപ്രദേശം. പണ്ട് മുഴുവൻ അയർലൻഡും ഇതിലുണ്ടായിരുന്നു. പക്ഷേ 1921ൽ അയർലൻഡിന്റെ ഒരു ഭാഗം സ്വാതന്ത്രം പ്രഖ്യാപിച്ച് ഒരു സ്വതന്ത്രരാജ്യമായി മാറി. റിപ്പബ്ലിക് ഓഫ് അയർലൻഡ് എന്നാണാ  ഭാഗം ഇന്ന് അറിയപ്പെടുന്നത്.

ബ്രിട്ടൻ എന്ന് ഇന്ന് പൊതുവേ അറിയപ്പെടുന്ന പ്രദേശത്തിൽ സ്കോട്ലൻഡ്, വേൽ‌സ്, അയർലൻഡ് എന്നീ രാജ്യങ്ങൾ പലപ്പോഴും, ഇപ്പോഴും യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് വിട്ടുപോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

1922ൽ റിപ്പബ്ലിക് ഓഫ് അയർലൻഡ് എന്ന രാജ്യത്തിനു സ്വാതന്ത്ര്യം നൽകിയെങ്കിലും ലോകത്തെല്ലാ പ്രദേശങ്ങളേയും വിഭജിച്ചതുപോലെ ബ്രിട്ടീഷുകാർ അയർലാൻഡിനെ രണ്ടായി വിഭജിച്ച് നോർത്തേൺ അയർലൻഡ് എന്ന ഭാഗം ഇപ്പോഴും തങ്ങളുടെ സ്വന്തമാക്കി വച്ചിരിയ്ക്കുകയാണ്.

മതം തന്നെയാണ് ഇവിടെയും വിഷയം. ബ്രിട്ടീഷ് രാജ്ഞിയുടെ സ്വന്തമായി ഒരു സഭയുണ്ട്. ചർച്ച് ഓഫ് ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ഈ സഭകളെ പൊതുവേ ആംഗ്ലിക്കൻ സഭകൾ എന്ന് അറിയപ്പെടുന്നു. ഇവരും വത്തിക്കാനിലെ പോപ്പ് നിയന്ത്രിയ്ക്കുന്ന കത്തോലിക്ക വിശ്വാസികളും ചരിത്രപരമായിത്തന്നെ അത്ര രസത്തിലല്ല.

നോർത്തേൺ അയർലാൻഡിലെ കത്തോലിക്ക വിശ്വാസികൾക്ക് അയർലൻഡ് ഒരുമിയ്ക്കണമെന്നും നോർത്തേൺ അയർലൻഡിനെ റിപ്പബ്ലിക് ഓഫ് അയർലൻഡുമായി ചേർക്കണമെന്നുമാണ് ആഗ്രഹം.കത്തോലിക്ക വിശ്വാസികൾ കൂടുതലുള്ള നോർത്തേൺ അയർലൻഡ് എന്ന പ്രദേശത്ത് ബ്രിട്ടനിൽ നിന്ന് വിട്ടുപോകാനായി ഇപ്പോഴും  ഭീകരപ്രവർത്തനനങ്ങൾ  നടന്നുവരുന്നു.  ഇപ്പോഴും നോർത്തേൺ അയർലൻഡിൽ  കത്തോലിക്കാ സഭയുടെ വിശ്വാസികളുമായി ഗവണ്മെന്റും സേനകളും വലിയ ആക്രമണങ്ങളിൽ ഏർപ്പെടാറുണ്ട്.

പക്ഷേ നോർത്തേൺ അയർലൻഡ് എന്ന പ്രദേശത്ത് കത്തോലിക്കർ കൂടുതലുള്ള സ്ഥലങ്ങളിൽ ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ആംഗ്ലിക്കൻ വിശ്വാസമുള്ളവരെ കൊണ്ടു പാർപ്പിച്ചും അവിടെ ഈ രണ്ടു വിഭാഗങ്ങളെ പരസ്പരം യുദ്ധം ചെയ്യിച്ചും ബ്രിട്ടൻ തങ്ങളുടെ സ്വാധീനം നോർത്തേൺ അയർലൻഡിൽ ഇന്ന് ശക്തമാക്കിയിരിയ്ക്കുകയാണ്. കാശ്മീരിനെപ്പോലെയല്ല, നോർത്തേൺ അയർലൻഡിൽ ആർക്കും വസ്തുവാങ്ങാനും ബിസിനസുകൾ നടത്താനും നിയമപരമായി ജീവിയ്ക്കാനുമൊക്കെ അവകാശമുണ്ട്. അനേകം മലയാളികളുൾപ്പെടെ ആ പ്രദേശത്ത് ബ്രിട്ടീഷ് പൌരന്മാരായി എല്ലാ സൌകര്യങ്ങളോടും കൂടെ ഇന്ന് ജീവിയ്ക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ അവിടെ ഹിതപരിശോധന നടത്തിയാൽ കത്തോലിക്കർക്ക് ഒരിയ്ക്കലും ഇനി വിജയിക്കാനാവില്ല.

സ്കോട്‌ലാൻഡും ബ്രിട്ടനിൽ നിന്ന് പിരിഞ്ഞുപോകണമെന്ന് ആഗ്രഹം പ്രകടിപ്പിയ്ക്കുന്ന രാജ്യമാണ്. പക്ഷേ സ്കോട്ലാൻഡിലും ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിൽ നിന്നും യൂറൊപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരെ കൊണ്ടു പാർപ്പിക്കുകയും അവരെ ബ്രിട്ടനുമായി ഒരുമിച്ച് നിർത്തുകയും ചെയ്യുകവഴി അവിടത്തെ പൊതുബോധത്തെ ബ്രിട്ടന് അനുകൂലമാക്കിനിർത്താൻ ബ്രിട്ടീഷുകാർ കിണഞ്ഞു ശ്രമിയ്ക്കുകയാണ്.

ഇതിൽ നിന്ന് നേരേ ഭിന്നമാണ് കാശ്മീരിലെ അവസ്ഥ. കാശ്മീരിലെ തനത് ജനവിഭാഗങ്ങളായ ഹിന്ദുക്കൾ മുഴുവൻ നൂറ്റാണ്ടുകളായുള്ള വംശഹത്യ കാരണം ഇന്നവിടെ നിന്ന് പാലായനം ചെയ്തുകഴിഞ്ഞു. പതിനഞ്ചാം നൂറ്റാണ്ടിൽ മംഗോളിൽ നിന്നുള്ള ആക്രമണകാരികളായ സൈനുൾ അബിദിൻ മുതൽ തുടങ്ങുന്നു കാശ്മീരിലെ ഹിന്ദുക്കളുടെ പടിപടിയായുള്ള വംശഹത്യ. 1990കളിൽ ആ വംശഹത്യയുടെ അവസാനഭാഗം മാത്രമാണ് നടന്നത്. സ്ലേറ്റിൽ ബാക്കിയുള്ള ആ പോടി കൂടി തുടച്ചുകളയുന്ന പ്രക്രിയ. അതിനുമുൻപ് നൂറുകണക്കിനു തവണ കാശ്മീരിൽ ഇസ്ലാമിക അധിനിവേശശക്തികൾ ഹിന്ദുക്കളെ പടിപടിയായി, ബോധപൂർവമായിത്തന്നെ വംശഹത്യ നടത്തിയിട്ടുണ്ട്.

അതിനു ശേഷം അത് ആ ആക്രമണകാരികളായ , വേട്ടക്കാരുടെ  സ്ഥലമാണെന്ന് പറയുന്നതിൽ യാതൊരു നീതിയുമില്ല. ഇരകളായ തനതുജനതയുടെ അവസാന പൊടി ഇന്ത്യയുടെ പലഭാഗങ്ങളിലുള്ള ദുരിതാശ്വാസക്യാമ്പുകളിൽ ഇന്നും നരകിയ്ക്കുമ്പോൾ അവരെ അവിടെനിന്ന് ആക്രമിച്ചോടിച്ച വംശഹത്യക്കാരായ വേട്ടക്കാർക്ക് വേണ്ടി കരയാൻ ഇന്ന് കപടലിബറൽ കാളികൂളികൾ മത്സരമാണ്. അതുകൊണ്ട് കാശ്മീരിൽ കുറഞ്ഞത് ആധുനികസമയത്തെ  വംശഹത്യയുടെ ഇരകളേയെങ്കിലും തിരികെയെത്തിക്കാതെ ഒരു രീതിയിലുള്ള നീതിയും നടപ്പിലാക്കാനാകില്ല. അതിനായി ശക്തമായ ബോധപൂർവമായ നടപടികൾ തന്നെ ആവശ്യമാണ്.

ചരിത്രപരമായ ഇസ്ലാമികഭീകരതയുടെ ജീവിയ്ക്കുന്ന തെളിവാണ് കാശ്മീർ. ഇന്റർനെറ്റാനന്തര സമൂഹത്തിലെ ഐസിസിന്റേയും താലിബാന്റേയും ക്രൂരതകൾ നാം കണ്ട് കണ്ണ് മിഴിയ്ക്കുമ്പോൾ, കണ്ണ് നിറയ്ക്കുമ്പോൾ ആ നൃശംസതകളുടെ കഥകൾ നൂറ്റാണ്ടുകളായി സഹിയ്ക്കുന്ന ഒരു ചിതറിയ ജനതയുടെ സ്വന്തമാണ് കാശ്മീർ. അല്ലാതെ ഇന്ന് മാംഗേ ആസാദീ കൂവുന്നവർ ഒരു പത്തിരുപത് കൊല്ലം കഴിഞ്ഞ് പണ്ട് യസീദികൾ താമസിച്ചിരുന്ന സ്ഥലങ്ങളിൽ അന്ന് താമസിയ്ക്കുന്ന ഐസിസ് ഭീകരർക്ക് നീതിവേണമെന്ന് നിലവിളിയ്ക്കുന്നത് പോലെയുള്ള നാണംകെട്ടവന്മാരാണ്.

കാശ്മീരിനെപ്പറ്റി കേരളത്തിന്റെ മഹർഷിയായ സുകുമാർ അഴീക്കോട് എഴുതിയ ഒരു ലേഖനത്തിലെ ഭാഗം വായിയ്ക്കാം.

“...നടന്നത് പാകിസ്താന്റെ ഗൂഢപ്രേരണയില്‍ നുഴഞ്ഞുകയറ്റക്കാരും ചാരന്മാരും സായുധരായ അക്രമികളും കശ്മീരിലേക്ക് കടന്നുകയറുക എന്നതായിരുന്നു. ഇതു കണ്ടു മടുത്തിട്ടാണ് ഗാന്ധിജി 'ഇനി വിഭജിക്കില്ല' എന്ന് തറപ്പിച്ചു പറഞ്ഞത്. വിഘടിച്ചുപോകണമെന്ന് തോന്നുന്നവര്‍ ഏതു നാട്ടിലുമുണ്ടാകാം. തിരുവിതാംകൂര്‍ സ്വതന്ത്രമാകുമെന്ന് സി.പി. രാമസ്വാമി അയ്യര്‍ വീരസ്യം പറഞ്ഞതും ജുനഗഢിന്റെ സ്വാതന്ത്ര്യമോഹവും ഇന്ത്യ അനുവദിച്ചുകൊടുത്തില്ല. ഗോവയുടെ മോഹവും നടന്നില്ല. അതുപോലെ ആസാദ് കാശ്മീരിന്റെ മോഹവും സമ്മതിക്കില്ല. 

രാഷ്ട്രീയചരിത്രവും നമ്മുടെ സംസ്‌കാരചരിത്രവും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ആയിരം നാക്കുകൊണ്ട് വിളംബരം ചെയ്യുന്നുണ്ട്. ആസേതുഹിമാചലം എന്നൊരു സങ്കല്പം ഇന്ത്യക്കാര്‍ക്കെല്ലാം ഉണ്ട്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ എന്നാണ് അതിനര്‍ഥം. ഇന്ത്യയിലെ പണ്ഡിതന്മാരുടെ മേല്‍ തന്റെ ധൈഷണികമായ പ്രാഭവം ചെലുത്തിയ ആചാര്യ ശങ്കരന്‍ അതിനെ ശക്തിപ്പെടുത്തിയത്, കശ്മീരില്‍ ചെന്ന് ശാരദാംബികാക്ഷേത്രത്തില്‍ വെച്ച് സര്‍വ്വജ്ഞപീഠം കയറിയിട്ടാണ്. ഈ സങ്കല്പമൊക്കെ മിഥ്യയാക്കാന്‍ പറ്റുമോ? 

കശ്മീരിന്റെ സംഭാവനകളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഭാരതീയസാഹിത്യം അഥവാ സംസ്‌കൃതസാഹിത്യം മുടന്തിപ്പോകും. കല്‍ഹണന്‍, ക്ഷേമേന്ദ്രന്‍, സോമദേവന്‍, ആനന്ദവര്‍ദ്ധനന്‍, അഭിനവഗുപ്തന്‍, രുയ്യകന്‍, ലോല്ലടന്‍, മാഘന്‍, തുംഖന്‍ തുടങ്ങിയ പേരുകള്‍ അരുന്ധതി റോയിക്ക് അപരിചിതമായിക്കൂടാത്തതാണ്. ഒരു ഇന്ത്യന്‍ എഴുത്തുകാരിയുടെ പ്രാഥമികയോഗ്യതകളില്‍ ഈ അറിവും പെടും. ലോകത്തിന്റെ തന്നെ പ്രാചീന കഥാമാതൃകയായി നില്‍ക്കുന്ന നിസ്തുലമായ കൃതിയാണ് ഗുണാഢ്യന്റെ ബൃഹല്‍കഥ. ഇന്ന് അത് ലഭ്യമല്ല. പക്ഷേ, അതിന്റെ രണ്ട് സംക്ഷേപങ്ങള്‍ നമുക്ക് നല്‍കിയത് കശ്മീരാണ് - ക്ഷേമേന്ദ്രന്റെ 'ബൃഹല്‍കഥാമഞ്ജരി'യും സോമദേവന്റെ 'കഥാസരില്‍സാഗര'വും സാഹിത്യചിന്തയില്‍ അതിമഹത്തായ ഔചിത്യസിദ്ധാന്തം അവതരിപ്പിച്ചത് ക്ഷേമേന്ദ്രനാണ് -'ഔചിത്യവിചാരചര്‍ച്ച'. ലോകത്തിലെ സാദൃശ്യമില്ലാത്ത ചരിത്രകാവ്യം നമുക്ക് തന്നത് 'രാജതരംഗിണി' എഴുതിയ കല്‍ഹണന്‍ ആണ്. കിരാതാര്‍ജ്ജുനീയം എഴുതിയ മാഘനെ വിട്ടുകളയാമോ? 

സര്‍വ്വോപരി കശ്മീര്‍ ഇന്ത്യയെയും ലോകത്തെയും കടപ്പെടുന്നത് സാഹിത്യപഠനത്തിന് ഏറ്റവും സഹായിക്കുന്ന ധ്വനീസിദ്ധാന്തം അവതരിപ്പിച്ച 'ധ്വന്യാലോക'കാരനായ ആനന്ദവര്‍ദ്ധനാചാര്യനെക്കൊണ്ടാണ്. ഇതിന്റെ വ്യാഖ്യാതാവായ അഭിനവഗുപ്തനേയും വിശ്വപണ്ഡിതനായി ആദരിക്കണം. സാഹിത്യദര്‍ശനത്തിന്റെ ഇരിപ്പിടമായ വ്യംഗ്യചിന്തയില്‍ അധിഷ്ഠിതമാണ് ഈ ധ്വനിവാദം. 

മറ്റുള്ളവരെപ്പറ്റിയൊന്നും വിവരിക്കുന്നില്ല. ചരിത്രവും സംസ്‌കാരവും സാഹിത്യവും ഇന്ത്യയോട് കനകച്ചങ്ങലകൊണ്ട് വരിഞ്ഞുകെട്ടിയ കശ്മീരിനെ ഒരു വര്‍ഗീയ ഭൂരിപക്ഷത്തിന്റെ പേരില്‍ വിട്ടുകൊടുക്കണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. വിഘടനവാദികള്‍ക്ക് നാടുവിട്ടുപോകാം. ദേശത്തെ അന്യാധീനമാക്കാന്‍ പാടില്ല…….“

(ഇന്ത്യയെ ചെറുതാക്കരുത്! സുകുമാര്‍ അഴീക്കോട്

അതുകൊണ്ട് ആർക്കും സ്ഥലം വാങ്ങാവുന്ന, ആർക്കും വന്ന് താമസിയ്ക്കാവുന്ന ആർക്കും വോട്ടുചെയ്യാവുന്ന, ആർക്കും അഭിപ്രായം പറയാവുന്ന, ആർക്കും സ്വതന്ത്രമായി ഭീതികൂടാതെ ജീവിയ്ക്കാനാവുന്ന, നിയമവാഴ്ചയുള്ള നോർത്തേൺ അയർലൻഡുമായി വംശഹത്യയുടേ നൂറ്റാണ്ടുകളുടെ വടുപേറുന്ന കാശ്മീരിനെ താരതമ്യപ്പെടുത്താനാവില്ല.

അതുകൊണ്ട് ശ്രീ ശേഖർ കപൂർ, അങ്ങ് ബിബിസിയെന്ന പഴയകാല സാമ്രാജ്യത്ത കുഴലൂത്തുകാരുടെ കൊടിച്ചിപ്പട്ടിയ്ക്ക് വായടച്ച് മറുപടിപറയുമ്പോൾ ആ തുറന്ന് പറച്ചിലിന് നൂറായിരം നന്ദിയുണ്ട്. അൽപ്പം ലിബറൽ യോഗ്യതാപത്രസാക്ഷ്യങ്ങൾ കുറഞ്ഞുപോയാലും ധാർമ്മികതയുടെ പക്ഷത്ത് നിലയുറപ്പിച്ചതിനു നിറയെ സ്നേഹമുണ്ട്.

പക്ഷേ അങ്ങ് പറഞ്ഞതിലെ ഈ ചെറിയ വ്യത്യാസം ഒരു വലിയ സത്യമായി ഒരു സമൂഹമെന്ന നിലയിൽ തുറന്ന് പറയേണ്ട സമയമായെന്ന് കരുതുന്നതുകൊണ്ട് മാത്രം പറയുന്നു. കാശ്മീർ ഇരകളായ ചിതറിയവരുടേതാണ്. വേട്ടക്കാരായ ഭീകരവാദികളുടെയല്ല.