Friday, May 08, 2015

ഡെമോക്രാറ്റിക് ഇൻഡ്യൻ എൻഫീൽഡ് അഥവാ റോയൽ എൻഫീൽഡ്

ഈ പോസ്റ്റെഴുതിയതിന്റെ കാരണങ്ങൾ ആദ്യം പറയണം.

Objective:  Enfiled ഒരു ബ്രിട്ടീഷ് ബ്രാന്ടല്ല ഇന്ത്യന്‍ ബ്രാന്‍ഡ് ആണെന്ന്‍ സ്ഥാപിയ്ക്കാനും, പൊതുവേ വണ്ടിയില്‍ വലിയ താല്‍പ്പര്യമൊന്നുമില്ലാതെ Royal Enfield എന്നത് ഗമയ്ക്ക് മാത്രം കൊണ്ട് നടക്കുന്ന ചിലരുടെ  'ബ്രിട്ടീഷു  വണ്ടിയാ' എന്ന മേനിപറച്ചില്‍ കേട്ടിട്ടുമാണ്.
താഴെയുള്ള ലിങ്കിലെ ഏഷ്യാനെറ്റ് പോസ്റ്റും ആ ലൈനില്‍ എഴുതിയതാണ്. അതിനു മറുപടിയായി എഴുതിയതാണിത്.

Materials and Methods

എൻഫീൽഡ് എന്നതൊരു സ്ഥലപ്പേരാണ്. ലണ്ടൻ നഗരപ്രാന്തത്തിലുള്ള ഒരു സ്ഥലം. കരമനയെന്നോ, മട്ടാഞ്ചേരിയെന്നോ പോലെ. ചെമ്മരിയാടു പാടം എന്ന് സ്ഥലനാമപുരാണം.

എൻഫീൽഡ് എന്ന സ്ഥലത്ത് ഒരു വലിയ ആയുധനിർമ്മാണ ശാല ബ്രിട്ടീഷ് ഗവണ്മന്റിന്റേതായി ഉണ്ടായിരുന്നു. റോയൽ സ്മാൾ ആംസ് ( Royal Small Arms). ഈ ഫാക്ടറിയിലാണ് കൊളോണിയൽ ബ്രിട്ടീഷ് ഗവണ്മെന്റ് ലോകത്തെല്ലാമുള്ള ജനങ്ങളെ കൊള്ളയടിയ്ക്കാനും കൊന്നൊടുക്കുവാനുള്ള ആയുധങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നത്. എൻഫീൽഡ് പാറ്റേൺ 1853 റൈഫിൾ മുതൽ (അതേ P53 റൈഫിൾ തന്നെ. വെടിയുണ്ടകളുടെ പൊതിയിൽ പന്നിയുടേയും പശുവിന്റേയും കൊഴുപ്പ് പുരട്ടിയിരുന്നെന്ന ഇൻഡ്യയുടെ ആദ്യ സ്വാതന്ത്ര്യ പ്രഖ്യാപനയുദ്ധം നടത്താൻ കാരണമായ P53 റൈഫിൾ) SA80 assault rifle വരെ അവിടെയാണുണ്ടാക്കിയിരുന്നത്.

എൻഫീൽഡ് എന്ന സ്ഥലത്തിനു പത്തിരുനൂറു കിലോമീറ്ററിപ്പറെ മിഡ് ലാൻഡ്സിലാണ് റെഡിച്ച് (Redditch) എന്ന സ്ഥലം. അവിടെ ചെറിയ സൈക്കിളും കുഞ്ഞ് സൂചിമുതൽ പേനാക്കത്തി വരെ ഉണ്ടാക്കിയിരുന്ന മ്മിണി വല്യ ഒരു ആലയ്ക്ക് ഈ റോയൽ സ്മാൾ ആംസ് ഫാക്ടറിയ്ക്ക് വേണ്ടി റൈഫിളിന്റെ കൊച്ച് ഭാഗങ്ങളെന്തോ ഉണ്ടാക്കാനുള്ള ഒരു കോണ്ട്രാക്ട് കിട്ടി. ഗവണ്മെന്റിന്റെ ആയുധഫാക്ടറിയുടെ ഒരു കോണ്ട്രാക്റ്റ് കിട്ടിയപ്പൊ ഉള്ള സന്തോഷം കാരണം ആ ആലയിൽ നിന്ന് അതിനു ശേഷമിറങ്ങിയ സൈക്കിളിനു അവർ ഗവണ്മെന്റിന്റെ ആയുധഫാക്ടറി നിന്നിരുന്ന സ്ഥലപ്പേരായ ‘എൻഫീൽഡ്‘ എന്ന് പേരിട്ടു. എൻഫീൽഡ് സൈക്കിൾ ക്ലച്ചുപിടിച്ചതോടെ റെഡിച്ചിലെ ഈ ഫാക്ടറി മൂന്നും നാലും ചക്രങ്ങളിലൊക്കെ എഞ്ചിനുകൾ പിടിപ്പിച്ച സൈക്കിളുകൾ ഉണ്ടാക്കാൻ തുടങ്ങി.

യഥാർത്ഥത്തിൽ അന്ന് (ഇന്നും) എൻഫീൽഡ് എന്ന പേരു ലോകം മുഴുവൻ അറിയപ്പെട്ടിരുന്നത് എൻഫീൽഡ് പാറ്റേൺ 1853 റൈഫിളിന്റെ ചുരുക്കപ്പേരായാണ്. മാത്രമല്ല എൻഫീൽഡിലെ ആയുധഫാക്ടറിയിൽ നിന്നിറങ്ങിയ മിക്ക തോക്കുകളുടേയും പേര് എൻഫീൽഡ് എന്നാണ് തുടങ്ങുന്നത്. അതുകൊണ്ട് ലോകത്തെമ്പാടും എൻഫീൽഡ് എന്നാൽ ആയുധം എന്നൊരു തോന്നലുണ്ടായിരുന്നു.

അങ്ങനെ ഈ സൈക്കിളിനേയും ആ ആയുധ മാച്ചോ ഇമേജ് വരുത്താനാവണം എൻഫീൽഡ് എന്ന സ്ഥലവുമായോ, അവിടത്തെ ആയുധനിർമ്മാണ ഫാക്ടറിയുമായോ യാതൊരു ബന്ധവുലില്ലായിരുന്ന റെഡിച്ചിലെ The Eadie Manufacturing Company Ltd എന്ന സൈക്കിളു ഫാക്ടറിയ്ക്ക് അവർ The Enfield Manufacturing Co. Ltd എന്ന് പുനർ നാമകരണം ചെയ്ത് Made like a gun, goes like a bullet എന്ന പരസ്യവാചകവുമായി എഞ്ചിൻ പിടിപ്പിച്ച സൈക്കിളുകളിറക്കിത്തുടങ്ങിയത്.

അല്ലാതെ റോയൽ ആർമിയുമായോ, എൻഫീൽഡിലെ ആയുധനിർമ്മാണശാലയുമായോ (അവരുടെ ഒരു റൈഫിളിന്റെ സ്പ്രിങ്ങോ മറ്റോ ഉണ്ടാക്കാനുള്ള ഒരു ഓർഡർ കിട്ടിയപ്പോഴാണ് കടത്തിലായിരുന്ന കമ്പനി കരകയറിയതെന്നൊഴിച്ചാൽ) The Enfield Manufacturing Co. Ltd നു ഒരു ബന്ധവുമില്ല. അതുപോലെ റോയൽ സ്മാൾ ‘ആർമി‘ ഫാക്ടറി എന്നപേരിൽ 'കൊച്ച് പട്ടാളക്കാരെ' ഉണ്ടാ‍ക്കുന്ന ഒരു ഫാക്ടറിയും ലോകത്തില്ല.:-) റോയൽ സ്മാൾ ആംസ് ഫാക്ടറി (Small Arms =ചെറിയേ ആയുധങ്ങൾ) എന്നാണു എൻഫീൽഡ് എന്ന സ്ഥലത്തെ യഥാർത്ഥ ബ്രിട്ടീഷ് ഗവണ്മെന്റ് ആയുധനിർമ്മാണശാലയുടെ  പേർ. ഏഷ്യാനെറ്റുകാരൻ എന്തോ സ്വപ്നം കണ്ടതാവും.

മോട്ടോർ സൈക്കിളുകളുണ്ടാക്കുന്ന അന്നത്തെ വലിയ കമ്പനികൾ പ്രത്യേകിച്ച് ബീ എസ് ഏ എന്ന ഭീമൻ, ബിർമിംഹാം സ്മാൾ ആംസ്  (Birmingham Small Arms Company) എന്ന കമ്പനിയായിരുന്നു. അത് ഒരു ആയുധനിർമ്മാണ കമ്പനി തന്നെയായിരുന്നു. ഒരു സമയത്ത് ലോകത്തെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ കമ്പനി കൂടിയായ ബീ എസ് ഏ യും ആയുധനിർമ്മാണവും തമ്മിൽ ബന്ധമുണ്ടായിരുന്നതും ആയുധനിർമ്മാണവുമായി ബന്ധപ്പെട്ട ഒരു പേരിടാൻ The Eadie Manufacturing Company Ltd നെ പ്രേരിപ്പിച്ചിട്ടുണ്ടാവണം.

ഒന്നാം ലോകമഹായുദ്ധം വന്നതോടെ അവർക്ക് ആർമിയ്ക്ക് വേണ്ടി മോട്ടോർ സൈക്കിളുകളുണ്ടാക്കാൻ ഓർഡറുകൾ കിട്ടി. സൈഡ് കാറിൽ മെഷീൻ ഗൺ ഒക്കെ പിടിപ്പിയ്ക്കാൻ സൌകര്യമുള്ള മോട്ടോർ സൈക്കിളുകൾ അവർ ഡിസൈൻ ചെയ്തു. രണ്ടാം ലോകമഹായുദ്ധ സമയത്ത് അവർ ആന്റി എയർക്രാഫ്റ്റ് ഗണ്ണുകളും പ്രിസിഷൻ എഞ്ചിനീയറിങ്ങിലേക്കും തിരിഞ്ഞു. നല്ല മോട്ടോർ സൈക്കിളുകൾ ആർമിയ്ക്ക് വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടു.

അത് കഴിഞ്ഞപ്പൊ പുതിയതായുണ്ടായ ഇൻഡ്യാ മഹാരാജ്യത്തിനു ആർമിയ്ക്കും പോലീസിനും വേണ്ടി കിട്ടിയ വലിയ ഒരു ഓഡറിന്റെ ബലത്തിലാണ് അവർ മദ്രാസിൽ ഫാക്ടറി ഉണ്ടാക്കുന്നത്.(800 മോട്ടോർ സൈക്കിളുകളുണ്ടാക്കാൻ കിട്ടിയ ആ ഓർഡർ അവരെ സംബന്ധിച്ചടത്തോളം വളറെ വലുതായിരുന്നു) പിന്നീട് അവരുടെ മോട്ടോർസൈക്കിൾ ഇൻഡ്യൻ മച്ചോ സിംബലായി മാറിയതും കമ്പനി മുഴുവൻ ഇൻഡ്യൻ ഉടമസ്ഥതയിലായതും ചരിത്രത്തിന്റെ എല്ലാവർക്കുമറിയാവുന്ന ഭാഗം.

എൻഫീൽഡ് ബുള്ളറ്റ്  എന്ന മോട്ടോർസൈക്കിൾ മാച്ചോ സിംബലാവുന്നത് ഇൻഡ്യയിലാണ്. അത് വളർന്നതും ഇൻഡ്യയിലാണ്. ഇംഗ്ലണ്ടിലെ റോയൽ എൻഫീൽഡ് മാനുഫാക്ചറീങ്ങ് കമ്പനി 1968ൽ ഉൽ‌പ്പാദനം നിർത്തി 1971 ൽ ഡിസോൾവ് ചെയ്തു.  ഇന്നത്തെ റൊയൽ എൻഫീൽഡ് ഒരു ഇൻഡ്യൻ ബ്രാന്റാണ്. ഇൻഡ്യൻ ഐക്കണാണ്. അതിനു കാരണം ഇൻഡ്യൻ ആർമിയിലും പോലീസിലും ഉണ്ടായിരുന്നവർ ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിളായതുകൊണ്ടാണ്. അങ്ങനെ ഇൻഡ്യൻ ആർമിക്കാരനും പോലീസുകാരും ഉപയോഗിച്ചിരുന്ന വണ്ടിയായതുകൊണ്ടാണ്  പോപ്പുലർ കൾച്ചറിൽ ആ വണ്ടി ഐക്കണൈസ് ചെയ്യപ്പെട്ടത് . അല്ലാതെ നമ്മളെക്കൊല്ലാൻ ആയുധങ്ങളുണ്ടാക്കിയിരുന്ന ഫാക്ടറി നിന്ന സ്ഥലവുമായി ഇല്ലാത്ത ബന്ധമുണ്ടായത് കൊണ്ടല്ല.

പക്ഷേ ദൈവം സഹായിച്ച് ഒരു കാര്യമുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് എഞ്ചിനീയറിങ്ങ് ഡിസൈനിൽ നിന്ന് ശകലം പോലും വ്യത്യാസം വരുത്താതെ ഉപ്പിലിട്ട് നമ്മൾ സൂക്ഷിയ്ക്കുന്നുണ്ട്. ഉപ്പിലിട്ട് വയ്ക്കാൻ നമ്മെപ്പോലെ വിദഗ്ധർ ആരുമില്ലല്ലോ. :-)

എന്താണ് എൻഫീൽഡ് മോട്ടോർസൈക്കിളിന്റെ അല്ലെങ്കിൽ ബുള്ളറ്റിന്റെ പ്രത്യേകത? മറ്റു മോട്ടോർസൈക്കിളുകൾ വച്ച് നോക്കുമ്പോൾ എന്നെ കൂടുതൽ ആകർഷിയ്ക്കുന്നത് ഇതിന്റെ മനുഷ്യമുഖമാണ്. ബുള്ളറ്റ് ഒരു മനുഷ്യനു വേണ്ടി ഉണ്ടാക്കിയതാണ്. ഒരുപാട് വലുതുമല്ല, ചെറുതുമല്ല. ഒരുപാട് വേഗതയുമില്ല എന്നാൽ ലുട്ടാപ്പിയുടെ കുന്തത്തേപ്പോലെ ഇരിയ്ക്കുകയും വേണ്ട. ഒത്ത വണ്ടി.

http://www.asianetnews.tv/business/article/9921_bullets-are-real-bikes

Conclusion:
അതായത് എൻഫീൽഡ് ഒരു ഇൻഡ്യൻ ബ്രാന്റാണ്. :-)