ഒരു സിനിമാ ഡയലോഗില്‍ തുടങ്ങാം അല്ലേ
ദേവാസുരത്തിലെ ഡയലോഗാണ്. ..കേരളത്തിലെ ഒട്ടുമിക്ക മോഹന്‍ലാല്‍ ഫാന്‍സിന്റേം സ്വപ്ന നായകനായ മംഗലശ്ശേരി നീലകണ്ഠന്റെ ഒരു ഡയലോഗുണ്ട്.
പറമ്പു ചോദിച്ചു ചെല്ലുന്ന ബീരാങ്കുട്ടിയോട് അയാളുടെ അച്ഛനെ പണ്ട് തേങ്ങാ കട്ടതിന് പുളിയില്‍ പിടിച്ചുകെട്ടി അടിച്ചെന്നോ, അങ്ങേരുടേ മകനായ നിനക്ക് ഈ മുറ്റത്ത് വന്ന് പറമ്പ് വില്‍ക്കുന്നോന്ന് ചോദിയ്ക്കാന്....“ഏതോ നാട്ടില്‍ പോയി നാലു പുത്തനുണ്ടാക്കിയവന്” മംഗലശ്ശേരി നീലാണ്ടന്റെ പറമ്പുചോദിയ്ക്കാന്‍ എങ്ങനെ ധൈര്യം വന്നു.? പറമ്പു വാങ്ങുന്നവനും ഒരന്തസ്സു വേണം..... എന്നൊക്കെയോ.മറ്റോ ഉള്ള ഒരു ഡയലോഗ്
(“ശ്രവണ കുഠാരമിതാകിയ വാക്യം“ ..എമ്പ്രാന്തിരിയാശാന്‍ പാടുന്നത് ഓര്‍മ്മ വരുന്നു... എന്തിനോ എന്തോ?.)
വള്ളുവനാടന്‍ നായരുടെ കഥ പറയുന്ന എം ടീയും അടൂര്‍ നായരുടെ കഥ പറയുന്ന അടൂരും എന്നു ഞാന്‍ ചിലപ്പോഴൊക്കെ ഓര്‍ക്കും. (വള്ളുവനാടിനു പകരമായി കാര്‍ത്തികപ്പള്ളിയെന്ന് ചുരുക്കാമോ? പറ്റില്ല .അടൂര്‍ - ശരിക്കു പറഞ്ഞാല്‍ മണക്കാലയെന്ന് എഴുതണോ?:) കേന്ദ്രമാക്കി ചാത്തന്നൂര്‍ , കൊല്ലം കുണ്ടറ അടൂര്‍ മുതല്‍ പന്തളത്തിനിപ്പുറം വച്ച് അങ്ങേയറ്റം മാവേലിക്കര , പള്ളിയ്ക്കല്‍, കായംകുളം ഇങ്ങേയറ്റം അഞ്ചല്‍ വരെ ഉള്‍പ്പെടുത്തി ഒരു വട്ടം വരച്ചാല്‍ കിട്ടുന്ന സ്ഥലം.- അവിടുത്തെ ടിപ്പിക്കല്‍ തറവാടി നായരെ അടൂര്‍ നല്ല സുന്ദരമായി വരച്ചു വച്ചിരിയ്ക്കുന്നു.രണ്ടേ രണ്ട് പടം കൊണ്ട്... എന്തിനധികം.അല്ലേ? എലിപ്പത്തായം, കഥാപുരുഷന്‍. ഇച്ചിരി അനന്തരത്തിലും)
ആ കഥാപുരുഷനില്‍ മുകേഷിന്റെ ഒരു കഥാപാത്രമുണ്ട്. ഒരു കട്ടിലു വാങ്ങിയ്ക്കാന്‍ വരുന്ന (അതോ വീടുതന്നെയോ?) ഒരുപുത്തന്‍ പണക്കാരന്റെ കഥാപാത്രം. അയാളുടെ വേലക്കാരനായ അച്ഛനെ പണ്ട് കാരണവരുടെ കട്ടിലില്‍ ഇരുന്നതിന് അടിച്ചെന്നോ മറ്റോ ഒരു പൂര്‍വകഥയും. കഥയൊക്കെ മറന്നുപോയി. പണ്ടു കണ്ടതല്ലേ. പക്ഷേ ഒരു ഷോട്ടില്‍ മുകേഷിന്റെ ചിരി.....അത് മറന്നിട്ടില്ല.രഞ്ജിത്തിന്റെ പറ്റിയ്ക്കലുകാരന്‍ ബീരാന്‍ കുട്ടിയെപ്പോലെയല്ല. അല്‍പ്പം അനുനയത്തിലാണ് മുകേഷിന്റെ പുത്തന്‍പണക്കാരനെ അടൂര്‍ കാണിച്ചിരിയ്ക്കുന്നത്. നിഷ്പക്ഷമായൊരു കാഴ്ചപ്പാട് അവിടേയദ്ദേഹം എടുക്കുന്നുണ്ട്.
ഇതൊക്കെ പഴയ കഥയല്ലേ. ഇന്നിതിനെന്ത് സാംഗത്യം എന്നോര്‍ക്കാം. ഷാജീ കൈലാസിന്റേയും രഞ്ജിത്തിന്റേയും സിനിമകളിലെ പക്ഷപാതപരമായ സവര്‍ണ്ണ ഹൈന്ദവികതയും ഫാസിസവും എന്ന് എനിയ്ക്ക് നാലുപേജ് ഉപന്യസിയ്ക്കാം. ബുദ്ധിജീവിയാകാം. അതൊന്നുമല്ല കാര്യം.എനിയ്ക്ക് കഥ പറയണം.അത്രേയുള്ളൂ..
അടുത്തതൊരു വെറും കഥയാവാം..തമാശക്കഥ..
തിരുമേനി കോടതിയിലെത്തിയ കഥ...
മജിസ്ട്രേട്ട് കയറി വന്നപ്പോള്‍ തിരുമേനി പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്നത്രേ..
“ന്താ തിരുമേനീ ഞാന്‍ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ താഴെ നില്‍ക്കാന്‍ കുറച്ചിലുണ്ടോ“ എന്ന് ജഡ്ജി ചോദിച്ചു.
അസാരം കുറച്ചിലില്ലാന്ന് തിരുമേനിയും..
“എന്തേ കുറച്ചിലില്ലാത്തത്? എന്തേ അങ്ങനെ വരാന്‍ ? “ജഡ്ജി തിരുമേനിയെ ഒന്നൂടേ ചൊറിഞ്ഞു.
“കുറച്ചിലില്ലാ..ച്ചാല്‍..നിന്റെ അച്ഛന്‍ ഇതിലും മുകളില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ താഴെ നിന്നിട്ടുണ്ട്“ എന്ന് തിരുമേനി.
ജഡ്ജിയുടേ അച്ഛന്‍ തേങ്ങാ വെട്ടുകാരനോ പനവെട്ടുകാരനോ ചെത്തുകാരനോ ഒക്കെയായി കഥയിലെ തമാശ ക്ലൈമാക്സില്‍ മാറിമറിയാമല്ലോ....
ഇനി നമുക്ക് കെട്ടുകഥയെല്ലാം കളഞ്ഞിട്ട് നടന്നൊരു കഥ പറയാം.... നടന്ന കഥയെ എന്തുവാ പറയുന്നേ..ഐതിഹ്യമെന്നോ? ഹേയ് അത് കട്ടി വാക്ക്..നമുക്ക് നടന്ന കഥയെന്ന് തന്നെ പറയാം..
ഒരു ഇഴവന്‍...ആള്‍ കൊളംബിലോ ബിലാത്തിയിലോ എവിടേയോ ഒക്കെ പോയി വല്യ പരിഷ്കാരിയായി വന്നിരിയ്ക്കുകയാണ്.ചെരുപ്പിട്ടേ നടക്കൂ.
സ്ഥലം: കൊല്ലം ജില്ല കൊല്ലം താലൂക്ക് നെടുമ്പന പഞ്ചായത്ത് പള്ളിമണ്‍.
സമയം : പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമെന്നോ ഇരുപതിന്റെ ആദ്യമെന്നോ തരം പോലെയാവാം.
നാടുവാഴിയുടേ മുന്നിലൂടെ അയാള്‍ ചെരുപ്പിട്ട് നടന്നത്രേ.
“അഹംകാരി. എവനാര് മജിസ്ട്രേട്ടോ? ചെരുപ്പിട്ട് നടക്കാന്‍?? പന്നക്കഴുവേര്‍ഡാമോന്‍...“
നാടുവാഴി അങ്ങേരെ മുക്കു മുതല്‍ അയാളുടെ വീടുവരെ അടിച്ചോടിച്ചെന്ന് കഥ.
അങ്ങേരെ പിന്നീട് ആള്‍ക്കാര്‍ കളിയായിട്ട് മജിസ്ട്രേട്ടെന്ന് വിളിച്ച് വന്നെന്ന് ബാക്കി കഥ.
കഥയെന്തായാലും അങ്ങേരുടേ ചെറുമകനേയും ,ചിന്നച്ചെറുമകനേയുംഉള്‍പ്പെടെ ജനം ഇന്നും മജിസ്ട്രേട്ട് എന്നണ് ഇടമ്പേരു വിളിയ്ക്കുന്നത്.. അയാളുടെ വീട്ടിനു മുന്നിലൂടേ ബസ് വന്നപ്പോള്‍ അവിടെയൊരു മജിസ്ട്രേട്ടു മുക്കും ഉണ്ടായിവന്നു.
“കണ്ണനല്ലൂര്‍, കുളപ്പാടം, മജിസ്ട്രേട്ട് മുക്ക്, പള്ളിമണ്‍ പൂയപ്പള്ളിയംമ്പലംകുന്നായൂരഞ്ചല്‍... “എന്ന് കിളി പാടി.:)
ഈയിടെ വരെ ഞാന്‍ വിചാരിച്ചത് അവിടെ ശരിയ്ക്കും വല്ല മജിസ്ട്രേട്ടും ജീവിച്ചിരുന്നെന്നാണ്.നാടുവാഴിയെന്നാല്‍ ഞാന്‍ ജനിച്ച കുടുംബത്തിലെ പണ്ടത്തെ കാര്‍ന്നോരു തന്നെ. പണ്ട് പൊന്നുതമ്പുരാന്റെ പ്രജാസഭയിലൊക്കെ അംഗത്വമുണ്ടായിരുന്ന ടീമാണ്. അതോണ്ടൊരു ഫോട്ടോ ഫ്രെയിം ചെയ്തതൊക്കെ വീട്ടിലിരുപ്പുണ്ട്. മുഖച്ഛായ എന്റെ അതേപോലെതന്നെ. അതിപ്പം എനിയ്ക്കങ്ങോട്ട് തൂത്ത് മായിച്ച് കളയാനൊന്നും പറ്റൂല്ലല്ലോ. ആഗ്രഹമുണ്ടേലും.
മജിസ്ട്രേട്ടെന്നു വിളിപ്പേരുള്ള ഏതോ ഒരപ്പൂപ്പന്റെ ചിന്നചെറുമകനും ഒന്നും തൂത്ത് മായ്ച്ച് കളയാന്‍ പറ്റൂല്ല.
അല്ല, പറഞ്ഞ് വന്നതെന്താണെന്ന് വച്ചാല്‍ ഈ നാടുവാഴികളും തിരുമേനിമാരും ശിങ്കിടികളും ഒക്കെക്കൂടി ഒരു വഴിക്കാക്കിയിരുന്ന നമ്മുടെ സമൂഹത്തെ ഒരു വിധത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ചില ടീമുകളേയും കൂടി ഓര്‍ക്കുവാനുണ്ട്. തൈക്കാട് അയ്യാവ് സ്വാമികള്‍, ചട്ടമ്പി സ്വാമികള്‍, ശ്രീ നാരായണ ഗുരു, അയ്യങ്കാളി, ഡോക്ടര്‍ പല്‍പ്പു, കുമാരനാശാന്‍. എം ഗോവിന്ദന്‍, മന്നത്തു പത്മനാഭന്‍.....പേരുകളൊത്തിരിയുണ്ട്..
എത്ര കൊല്ലം മുന്‍പ്..?
1896 ഈഴവ മെമ്മോറിയല്‍, 1903 എസ് എന്‍ ഡീ പീ, 1914 ല്‍ എന്‍ എസ് എസ്...
കൊല്ലം നൂറ്റിയിരുപത് കഴിഞ്ഞു ഈ ബഹളമെല്ലാം തുടങ്ങിയിട്ട്. ഇപ്പഴും ചാത്തന്‍പുലയന്റെ മോന് ക്രോസ് ബെല്‍റ്റിട്ട് ക്ലേര്‍ജി മാനാകാന്‍ പറ്റൂല്ലല്ലോ..അല്ല സതി ശീലാവതിയൊക്കെ അതിനു മുന്‍പേ നിര്‍ത്തിയത് ഭാഗ്യം. അല്ലേല്‍ ഇന്‍ഡയറക്റ്റായി പോത്തന്‍വാവേല്‍ ഉഷാദീദീടേ കഥാപാത്രം നിന്നു കറങ്ങി കത്തുന്ന പോലെ കത്തേണ്ടി വന്നേനേ, അമ്മമാര്‍ പലര്‍ക്കും.
പക്ഷേങ്കീ..
“ഇംഗ്ലീഷുകാരാണ് നമുക്ക് സന്യാസം തന്നതെന്ന്“ കട്ടയ്ക്ക് പറയാന്‍ ഒരു നാണു സാമി അന്നുണ്ടായിരുന്നു.
“എന്തിന്നു ഭാരതധരേ, കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ...” എന്നെഴുതാന്‍ മിടുക്കനായ ഒരു കുമാരുവും.
ഇപ്പൊ സമയം 2008. ഇപ്പഴും ഈഴവര്‍ നായന്മാരായെന്നൊഴിച്ചാല്‍ ചാത്തന്‍പുലയനും കണ്ടങ്കോരനും നായാടിയുമൊക്കെ അതൊക്കെത്തന്നെയായിത്തന്നെ നില്‍ക്കുന്നു. പേരു പുഷ്പാംഗദനെന്നും, സന്തോഷ് കുമാറെന്നും, സുന്ദരേശനെന്നും ഒക്കെ ആയെങ്കിലും...
ഭാഗ്യം.. പേരെങ്കിലും മാറിയല്ലോ.!!!.
അതങ്ങോട്ടാലോചിയ്ക്കുമ്പോള്‍ ഒരു കാര്യം വായിച്ചതോര്‍മ്മ വരും. ഈ കെട്ടുപറബഹളങ്ങളൊക്കെ കഴിഞ്ഞിട്ട് പത്തന്‍പത് കൊല്ലം കഴിഞ്ഞിട്ടാണ്. (1963 ആഗസ്റ്റ് ഇരുപത്തെട്ടിന് ) മിക്കവാറും പുണ്യപുരാതനാര്‍ഷാസേതുഹിമാചല മഹാഭാരതീയരൊക്കെ ഉറങ്ങിക്കിടന്നപ്പോഴാവണം, ഈ കൊച്ചുഗോളത്തിന്റെ അങ്ങേത്തലയ്ക്കല്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങെന്നൊരാള്‍ മഹാത്മാഗാന്ധിയുട സത്യഗ്രഹത്തിന്റെ ബലത്തില്‍ ലിങ്കണ്‍ മെമ്മോറിയല്‍ ഹാളിന്റെ പടികളില്‍ വച്ച് ലോകത്തിനോട് ഈയൊരു സ്വപ്നം പറഞ്ഞത്....
....."I have a dream that, one day this nation will rise up and live out the true meaning of its creed 'We hold these truths to be self-evident, that all men are created equal"
"I have a dream that my four little children will one day live in a nation where they will not be judged by the color of their skin, but by the content of their character."
"I have a dream that one day on the red hills of Georgia the sons of former slaves and the sons of former slave owners will be able to sit down together at a table of brotherhood......."
ഓര്‍ക്കുക ..നമ്മുടെ പറകൊട്ടലും എഴുന്നള്ളിയ്ക്കലുമൊക്കെ കഴിഞ്ഞ് അറുപതു കൊല്ലം കഴിഞ്ഞ് മാത്രം... അവര്‍ സ്വപ്നം കാണാന്‍ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ..വോട്ടവകാശം തരണം, ബസില്‍ യാത്ര ചെയ്യണം തുടങ്ങിയ ചില്ലറ ആവശ്യങ്ങളോടെ.
അതിലിപ്പം. ഇന്നും അവിടെ ഒരു കറമ്പന്‍ പ്രസിഡന്റായോ.?.ഇപ്പഴും ഒബാമയ്ക്ക് നിറം കുറവല്ലേ? നമ്മള് കേ ആര്‍ നാരായണനെ പ്രസിഡന്റാക്കിയല്ലോ എന്നൊക്കെ ചിലപ്പോ മറുപക്ഷം മനസ്സില്‍ വാദിച്ച് പൊങ്ങും... വ്വോ..എന്നിട്ടെന്ത് ഇപ്പഴും ദളിതരുടേ ഗതിയിങ്ങനെ..? അതുപോട്ട് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായത് പത്ത് നാല്‍പ്പത് കൊല്ലം മുമ്പല്ലേ?.ബംഗ്ലാദേശിലും പാകിസ്ഥാനിലും പെണ്ണുങ്ങള്‍ ഭരിച്ചില്ലേ, എന്തിന് ബീഹാറില്‍ റാബ്ബരിയും ജയലളിത തമിഴ്നാടും ഭരിച്ച് ഭാരുന്നില്ലേ.എന്നിട്ടും ഇന്നും പെണ്ണുങ്ങളുടെ ഗതിയെന്ത് ഇങ്ങനെ? അപ്പം ഭരിച്ച് ഭാരുന്നതാരെന്ന ചോദ്യത്തില്‍ കാര്യമില്ല അല്ലേ? എന്നൊക്കെയുള്ള തിരിച്ചോദ്യങ്ങള്‍ അവനെ പിടിച്ചങ്ങ് മുക്കിക്കളയും.
വീണ്ടും ഒരു സംഭവമാകാം. ഇതില്‍ ഒരു തുള്ളി കഥയില്ല.
അതബീര്‍ റഹുമാന്‍ എന്ന അറ്റ് ഇവിടെ ജനിച്ചുവളര്‍ന്നവനാണ്.ബ്രിട്ടീഷ് പൌരനായ ബംഗ്ലാദേശി വംശജന്‍. അച്ഛനുമമ്മയും ബംഗ്ലാദേശുകാര്‍. അച്ഛന്‍ ഡോക്ടറാണ്. അറ്റിന് എന്റെ പ്രായം, കൂടെ ജോലിചെയ്യുന്നു.
പോള്‍ ഹാരിസണ്‍ വെള്ളായിയാണ്. മസില്‍മാന്‍, റൊക്കി ബല്‍ബോയയിലെ സില്‍വസ്റ്റര്‍ സ്റ്റാലോണിനെപ്പോലെയിരിയ്ക്കും.സൂപ്രണ്ടാണ്. അമ്പത്തഞ്ച് വയസ്സു പ്രായം.പക്ഷേ ഇളം മനസ്സ്...:) കൂട്ട് കൊച്ച് പിള്ളേരോടു മാത്രം. അച്ഛന്‍ രണ്ടാം ലോകയുദ്ധത്തിലെ ഹീറോ സോള്‍ജ്യര്‍.
ഞങ്ങളൊരുമിച്ച് ജോലി ചെയ്യുമ്പോള്‍ പലരുടേയും ബൂബ്സിന്റേയും ആസിന്റേയും വലിപ്പം തമാശകളായി ചിലപ്പോഴൊക്കെ ചിതറും.ആണ്‍പട ഒരുമിച്ചതിന്റെ ആഘോഷം.
ഒരു സമയം അതബീര്‍ ഒരു തമാശ ചോദിച്ചു..
പീകോക്ക് കരയുന്നതെങ്ങനെ?
പോള്‍ പീക്കോക്ക് കരയുന്നത് അനുകരിച്ചു കാണിച്ചു.
ഹെന്‍ കരയുന്നതെങ്ങനെ?
പോള്‍ ഹെന്നിനേയും മിമിക്രി ചെയ്തു
സ്പാരോ കരയുന്നതെങ്ങനെ?
പോള്‍ സ്പാരോയേയും കരഞ്ഞു കാണിച്ചു
ബ്ലാക്ബേഡ് കരയുന്നതെങ്ങനെ?
പോള്‍ ബ്ലാക്ബേഡിനെ കരഞ്ഞ് കാണിച്ചപ്പോള്‍ അതബീര്‍ പറഞ്ഞു..
അങ്ങനെയല്ല..യോ..മമ്മ..യോ മമ്മ..ഐ ആം ഹംഗ്രീ..യോ മമ്മ(റാപ് താളത്തില്‍)
ഞാന്‍ ചിരിച്ചു....പോളും..... തമാശ ആസ്വദിയ്ക്കാമല്ലോ..
ഒരു നിമിഷം കഴിഞ്ഞ് പോള്‍ പറഞ്ഞു..സീരിയസായി.
ഹേയ് അറ്റ് ..ഇതൊരു റേസിസ്റ്റ് ജോക്കുപോലെ തോന്നുന്നല്ലോ..നമ്മള്‍ ശരിയ്ക്കും അങ്ങനെയുള്ള ജോക്കുകള്‍ പറയാന്‍ പാടില്ല.