വൈദ്യവും മനുഷ്യനും തമ്മിലുള്ള അന്തരം
പൊളിഞ്ഞ,ഇടിഞ്ഞ് വീഴാറായ ഓടിട്ട ഒരു കെട്ടിടം. ചുറ്റിനുമുള്ള പട്ടണത്തില്‍ നിന്നൊഴിഞ്ഞ് ഒരു വയസ്സനെപ്പോലെ നില്‍ക്കുന്നു. രണ്ട് മുറികള്‍ കയറിച്ചെല്ലുന്നിടത്ത് കാണാം. ഒന്നില്‍ ഒരു മേശയിട്ട് രണ്ട് നേഴ്സുമാര്‍ ഇരുപ്പുണ്ട്. രണ്ട് കട്ടിലും. ഒന്നില്‍ ഒരു രോഗി കിടപ്പുണ്ട്. ഒന്നില്‍ ചില സാധനങ്ങള്‍ വച്ചിരിയ്ക്കുന്നു. തറയില്‍ കീറപ്പായ വിരിച്ച് രണ്ട് കുഞ്ഞുങ്ങളോടൊപ്പം അമ്മമാര്‍ ഇരിയ്ക്കുന്നു. ഡൊക്ടര്‍ എവിടെയെന്ന് ചോദിച്ചതിന് അടുത്ത മുറിയിലേയ്ക്ക് ചൂണ്ടിക്കാട്ടി.
ഞാനങ്ങോട്ട് കയറിച്ചെല്ലുമ്പോള്‍ ഒരു ആള്‍ക്കൂട്ടത്തിനെയാണ് കണ്ടത്. പെട്ടെന്നാരെങ്കിലും കുഴഞ്ഞ് വീണതാകുമെന്നേ കരുതിയുള്ളൂ.ഡോക്ടറെവിടെ എന്ന വീണ്ടുമുള്ള ചോദ്യത്തിന് ആ ആള്‍ക്കൂട്ടത്തിലേയ്ക്ക് കൈചൂണ്ടി നേഴ്സ് മറഞ്ഞു. ഒരു പത്തന്‍പത് ആള്‍ക്കാര്‍ വരും. സ്ത്രീകളും കുട്ടികളും .
ഓഹോ അത് ഡൊക്ടറുടെ പരിശോധനാ മുറിയാണല്ലോ?
ആളുകളെ വകഞ്ഞ് മാറ്റി ഞാനാ കസേരയുടെ അടുത്തെയ്ക്ക് ചെന്നു. ഡോക്ടറുണ്ട്. ചുറ്റിനും പത്തോളം കുട്ടികളും. അയാള്‍ ഒരേ സമയം ഒരു കുട്ടിയുടെ ദേഹത്തെവിടെയോ സ്റ്റെതസ്കോപ്പ് മുട്ടിയ്ക്കുകയും മറ്റൊരു കുട്ടിയ്ക്ക് മരുന്നെഴുതുകയും ചെയ്യുന്നു. ചിലപ്പൊ തലയുയര്‍ത്തി അവിടെ നില്‍ക്കുന്നവരോട് എന്താ എന്ന് ചോദിച്ചാലായി. ചിലര്‍ ചിലതൊക്കെ പറയുന്നു. അയാളത് കേള്‍ക്കാതെതന്നെ എന്തോ കുറിപ്പടിയെഴുതി കൊടുക്കുന്നു.
ജീവിതത്തിലാദ്യമായി ഒരേ സമയത്ത് പത്ത് പേരെ ചികിത്സിയ്ക്കുന്ന ഡോക്ടറെ അന്ന് ഞാനവിടെ കണ്ടു. ഗതികേട് തന്നെ... ഡോക്ടറുടേയും കുട്ടികളുടേയും.
(2002 ജൂലായ്, കേരളത്തിലെ ഒരു താലൂക്ക് ഗവണ്മെന്റ് ആശുപത്രി.)
നഗര പ്രദേശങ്ങളിലുള്ള ആശുപത്രികളെ യുദ്ധം നന്നായി ബാധിച്ചിരുന്നു. ലണ്ടനിലുള്ള ഒരാശുപത്രിയും ബോബിങ്ങില്‍ നിന്ന് വിമുക്തമായില്ല.ആശുപത്രികളുടെ കാര്യം വളരെ കഷ്ടമായിരുന്നു . ഉദാഹരണമായി പാഡിംഗ്ടണ്‍ ആശുപത്രിയില്‍ കട്ടിലുകളുടെ കാലുകള്‍ എണ്ണ നിറച്ച ടിന്നുകളില്‍ ഇറക്കിവച്ചിരിയ്ക്കുന്നു. പാറ്റ കട്ടിലില്‍ കയറാതിരിയ്ക്കാന്‍.
ഇരുപത്തൊന്ന് ശതമാനം ആശുപത്രികളും ഏതാണ്ട് നൂറ് കൊല്ലം മുന്‍പ് ഉണ്ടാക്കിയവയായിരുന്നു. ബാക്കിയുള്ളവയില്‍ മിക്കതിനും അമ്പതുകൊല്ലത്തിലേറെ പഴക്കമുണ്ടായിരുന്നു. ചൂടാക്കാന്‍ മിക്ക ആശുപത്രികളിലും അമ്പത് കൊല്ലത്തിലേറെ പഴക്കമുള്ള ബോയിലറുകളാണ് ഉണ്ടായിരുന്നത്.
മെഡിസിന്‍ വാര്‍ഡുകള്‍ , ന്യൂമോകോക്കല്‍ ന്യുമോണിയ, ശ്വാസകോശ പഴുപ്പ്, അക്യൂട്ട് നെഫ്രൈറ്റിസ് (വൃക്കരോഗം) , ആമ വാത പനി, ആമവാതം മൂലമുള്ള ഹൃദയരോഗം, ക്ഷയം, സിഫിലിസ്‍, എല്ലാ സ്റ്റേജിലുമുള്ള ബ്രുസെല്ലോസിസ്(തിളപ്പിയ്ക്കാത്ത പാല്‍ കുടിയ്ക്കുന്നത് മൂലമുണ്ടാകുന്ന ഒരുതരം ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍.) എന്നീ രോഗങ്ങള്‍ ബാധിച്ചവരെക്കൊണ്ട് നിറഞ്ഞിരുന്നു. പറയത്തക്ക മരുന്നുകളൊന്നും ഉണ്ടായിരുന്നില്ല്ല. നല്ല നേഴ്സിങ്ങ് ശ്രുശ്രൂഷയും ചുരുക്കം ചില മരുന്നുകളും ..അതായിരുന്നു ആശുപത്രികള്‍. ശിശുമരണ നിരക്ക് 1000 കുട്ടികളില്‍ 59 എന്നതായിരുന്നു.
അക്കാലത്ത് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു റിഷപ്ഷനിസ്റ്റ് പറയുന്നു.”ഞാന്‍ രാവിലേ ജോലിയ്ക്കെത്തുമ്പോള്‍ രോഗികളുടെ നിര ആശുപത്രിവളപ്പും , ആശുപത്രിയ്ക്ക് മുന്നിലെ തെരുവും കഴിഞ്ഞ് മുഖ്യ തെരുവിലേയ്ക്ക് അപ്രത്യക്ഷമാകുന്ന രീതിയിലായിട്ടുണ്ടാകും”
(രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇംഗ്ലണ്ടിലെ ആശുപത്രികളെപ്പറ്റിയുള്ള ഒരു വിവരണം )
ഈ അവസ്ഥയിലുള്ള ഒരു ആരോഗ്യ സംവിധാനമാണ് ക്ലമന്റ് അറ്റ്ലീ മന്ത്രിസഭയ്ക്ക് 1948 ല്‍ നേരിടേണ്ടി വന്നത്. യുദ്ധം കഴിഞ്ഞതേയുള്ളൂ. സൂര്യനസ്തമിയ്ക്കാത്ത ബ്രട്ടീഷ് സാമ്രാജ്യം പോയ്പ്പോയി. ഇന്‍ഡ്യയുള്‍പ്പെടെ പല രാജ്യങ്ങളും സ്വാതന്ത്ര്യം പ്രാപിച്ചു കഴിഞ്ഞു. പലതും സ്വാതന്ത്ര്യം പ്രാപിയ്ക്കലിന്റെ വക്കിലാണ്. യുദ്ധം രാഷ്ട്രത്തിനെയാകെ കടക്കെണിയിലാക്കി. രാജ്യം മുഴുവന്‍ ഒരു വല്ലാത്ത അവസ്ഥയിലെത്തി നില്‍ക്കുന്ന സമയം.
യുദ്ധ വീരനായി ലോകമെമ്പാടും പ്രസിദ്ധനായ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രതിശ്ചായ തെല്ലും വകവയ്ക്കാതെയാണ് ചര്‍ച്ചിലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തോല്‍പ്പിച്ച് ബ്രട്ടീഷ് ജനത ക്ലമന്റ് അറ്റ്ലിയുടെ ലേബര്‍ പാര്‍ട്ടിയെ ഭരണം ഏല്‍പ്പിച്ചത്. ചര്‍ച്ചിലിന്റെ പ്രതിച്ഛായയ്ക്കും യുദ്ധനിപുണതയ്ക്കും ഈ അവസ്ഥയില്‍ നിന്ന് അവരെ രക്ഷിയ്ക്കാനാവില്ലെന്ന് അറിയാമായിരുന്നു എന്ന് തോന്നുന്നു.
ഡോക്ടര്‍ ഏ ജേ ക്രോണിന്‍ എഴുതിയ ദ സിറ്റാഡല്‍ എന്ന നോവല്‍ വൈദ്യരംഗത്ത് നിലനില്‍ക്കുന്ന അപര്യാപ്തതകളെപ്പറ്റി തുറന്നെഴുതിയ ഒന്നായിരുന്നു. ബ്രട്ടീഷ് സമൂഹത്തില്‍ അതിന് വ്യാപകമായ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു.ചര്‍ച്ചിലിന്റെ പരാജയത്തിനു പോലും മുഖ്യ കാരണം ആ നോവലായിരുന്നു എന്ന് വാദങ്ങളുണ്ട്.
(ബിവറിജ് റിപ്പോര്‍ട്ടിനെക്കുറിച്ചും ക്ഷേമരാഷ്ട്രത്തെക്കുറിച്ചുമുള്ള കുറിപ്പ്: സയന്‍സ് മ്യൂസിയം ലണ്ടന്‍)
എന്തായാലും യുദ്ധം കഴിഞ്ഞ ഉടനേ ഒരു ഭൂദോദയത്തില്‍ ചെയ്തതൊന്നുമല്ല എന്‍ എച് എസ്. അതിന്റെ ചട്ടക്കൂട് ബ്രിട്ടണിലെ പ്രശസ്തനായ ധനതത്വ ശാസ്ത്രജ്ഞനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന വില്യം ബീവറിജ് തയാറാക്കിയ ബിവറിജ് റിപ്പോര്‍ട്ടാണ്. 1942 ലാണ് അത് പുറത്തിറക്കിയത്.
യുദ്ധം ജനങ്ങളുടെ ഇടയിലുള്ള ഒത്തൊരുമ വര്‍ദ്ധിപ്പിച്ചു. ഒരുപാട് ധനം യുദ്ധത്തിനായി ചിലവാക്കി. യുദ്ധസമയത്ത് എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനും കഴിഞ്ഞിരുന്നു.
യുദ്ധം നടത്താന്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാമെങ്കില്‍, ഇത്രയും പണം ഉണ്ടാക്കാമെങ്കില്‍ യുദ്ധം ഇല്ലാത്ത സമയത്ത് ആ മാനുഷികശേഷി പുരോഗമനോന്മുഖമായ, മനുഷ്യോപകാരപ്രമായ, രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചാലെന്ത്?.
ഈ ചോദ്യമാണ് ‘ചൊട്ട മുതല്‍ ചുടല വരെ‘ എന്ന പേരിലുള്ള ക്ഷേമ രാഷ്ട്ര ആസൂത്രണ പരിപാടികള്‍ നടപ്പിലാക്കാന്‍ അറ്റ്ലീ മന്തിസഭയ്ക്ക് ധൈര്യം നല്‍കിയത്.
(നാഗരികതയെ സോഷ്യലിസ്റ്റ് ബ്ലൊക്കുകാര്‍ ആയാസരഹിതമായ ബിവറിജ് പാതയിലേയ്ക്ക് നയിയ്ക്കുന്നു..1947ലെ ഒരു കാര്‍ട്ടൂണ്‍)
എന്‍ എച് എസ് വരുന്നതിനു മുന്‍പ് ബ്രിട്ടണിലെ ആരോഗ്യരംഗം ആകെ ചിതറിക്കിടകുകയായിരുന്നു. മുനിസിപ്പല്‍ ആശുപത്രികള്‍, കാശുകൊടുത്ത് ഡോക്ടറെ കാണാവുന്ന സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, തൊഴിലാളികള്‍ക്കായുള്ള ആശുപത്രികള്‍ ( ഈ എസ് ഐ പോലെ)..ചില സ്വകാര്യസ്ഥാപനങ്ങളും മിഷനറിമാരും സാമൂഹ്യ പ്രവര്ത്തകരുമൊക്കെ നടത്തുന്ന ചാരിറ്റബിള്‍ ആശുപത്രികള്‍, മാനസികമായ അപര്യാപ്തതകളും മാനസികരോഗങ്ങളുമുള്ളവരെ ചികിത്സിയ്ക്കുകയോ പാര്‍പ്പിയ്ക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍.....ഒന്നിനും പൊതുവായ ഒരു ചട്ടക്കൂടോ മാര്‍ഗ്ഗരേഘയോ ഉണ്ടായിരുന്നില്ല. ഈ സ്ഥാപനങ്ങളെയൊക്കെ ഏകോപിപ്പിച്ചുകൊണ്ടാണ് എന്‍ എച് എസ് തുടങ്ങിയത്.
അന്യൂറിന്‍ ബെവന്‍ ആയിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി.
അസൂത്രണത്തിന്റെ സമയത്ത് നാമെല്ലാം കേള്‍ക്കുന്ന ഒരു വാക്കാണ് മുന്‍ഗണന.. വളരെ വ്യാപ്തിയുള്ളൊരു വാക്കാണത്. ഒരോരുത്തരുടേയും മുന്‍ഗണന വ്യത്യാസപ്പെട്ടിരിയ്ക്കുമല്ലൊ. അന്യൂരിന്‍ ബവന്റെ മുന്‍ഗണന ഏതുവിധേനേയും ഒരു ഏകീകൃത പൊതുനിയന്ത്രിത സാര്‍വജനീന ആരോഗ്യ സംവിധാനം രാജ്യത്തുണ്ടാക്കുക എന്നതായിരുന്നു.
സ്വാഭാവികമായും എതിര്‍പ്പുകള്‍ വന്നു. കണ്‍സര്‍വേറ്റീവുകള്‍ പ്രതിപക്ഷമാണ്, അവര്‍ എതിര്‍ക്കും എന്നതിനു സംശയമില്ല. പക്ഷെ ആരോഗ്യരംഗം സ്റ്റേറ്റ് നിയന്ത്രണത്തിലാകുന്നു എന്നത് അദ്യം വെകളിപിടിപ്പിച്ചത് അവരെയായിരുന്നില്ല.
ബ്രിട്ടണിലെ ഡൊക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിയ്ക്കല്‍ അസോസിയേഷനായിരുന്നു ഏറ്റവും കൂടുതല്‍ ഇതിനെ എതിര്‍ത്തത്.
എന്തിനാ ഡോക്ടര്‍മാരുടെ സംഘടന ഇതിനെ എതിര്‍ക്കുന്നത്? കാര്യം നിസാരമല്ല. ഇത്തരമൊരു രീതിവിധാനം വന്നാല്‍ അത് ഏറ്റവും ബാധിയ്ക്കുക ഡോക്ടര്‍മാരെയായിരിയ്ക്കും. പ്രാക്ടീസ് സ്വകാര്യമേഖലയില്‍ വില്‍ക്കാനുള്ള അവരുടെ അവകാശം കുറയും. അവര്‍ക്ക് ഗവണ്മെന്റ് ശമ്പളം വാങ്ങേണ്ടിവരും. അതായത് ഡൊക്ടര്‍ എന്ന നിലയില്‍ ബിസിനസ് ചെയ്യാനുള്ള വഴികള്‍ കുറയും.അപ്പോള്‍ അവരതിനെ എതിര്‍ക്കും.അതിനെയാണ് വര്‍ഗ്ഗസമരം എന്ന് പറയുക.:)
അന്യൂറിന്‍ ബവനെ മെഡിയ്ക്കല്‍ അസോസിയെഷന്‍ വിളിച്ചത് ഹിറ്റ്ലര്‍ എന്നായിരുന്നു. ഹിറ്റ്ലര്‍ ജര്‍മനിയില്‍ അടിച്ചേല്‍പ്പിച്ച പോലെയുള്ള നിയന്ത്രണങ്ങള്‍ അവരുടെ മേല്‍ ഉണ്ടാക്കിവയ്ക്കുകയാണെന്ന് ഡോക്ടര്‍മാര്‍ ഒച്ചപ്പാടുണ്ടാക്കി.ഹിറ്റ്ലര്‍ എന്ന വിളിപ്പേര് കാരണം പാശ്ചാത്യലോകത്തുണ്ടാക്കിയേക്കാവുന്ന പ്രതിച്ഛായയെപ്പറ്റി അവര്‍ക്കറിയാമായിരുന്നു എന്ന് തോന്നുന്നു.
ബവനും ബ്രിട്ടീഷ് മെഡിയ്ക്കല്‍ അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചകള്‍ പലകുറി നടന്നു.എന്തായാലും എന്‍ എച് എസ് തുടക്കദിവസമായ ജൂലായ് 5 1948 നു മുന്‍പായിത്തന്നെ തൊണ്ണൂറു ശതമാനം ഡോക്ടര്‍മാരും എന്‍ എച് എസിനു അനുകൂലമായി വിധിയെഴുതി.
ഉദാരമായ ശമ്പള വേതനവ്യവസ്ഥകളും, സ്വകാര്യ പ്രാക്ടീസ് അനുവദിയ്ക്കലും തുടങ്ങി ഡോക്ടര്‍മാരെ വശത്താക്കാന്‍ വളരെയേറെ യത്നിയ്ക്കേണ്ടി വന്നു അന്യൂറിന്‍ ബവന്..
അതിനെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി “ എനിയ്ക് അവരുടെ വായില്‍ സ്വര്‍ണ്ണം നിറച്ചുകൊടുക്കേണ്ടി വന്നു” (stuffing their mouth with gold)
(എല്ലാവരേയും ഒരുപോലെ കാണുന്ന കൃസ്സ്മസ്സ് അപ്പൂപ്പന്‍-NHS..1948 ലെ ഒരു കാര്‍ട്ടൂണ്‍)
എന്‍ എച് എസിന്റെ പ്രഖ്യാപിത നയങ്ങള്‍ ഇതായിരുന്നു.
ആരോഗ്യരംഗത്ത് വിപ്ലവം തന്നെയായിരുന്നു അത്. തീര്‍ച്ചയായും സായുധമാര്‍ഗ്ഗങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഇല്ലാതെതന്നെ.
അന്നുമുതലിന്നുവരെ പലവിധ കൂട്ടിച്ചെര്‍ക്കലുകള്‍ക്കും മാറ്റങ്ങള്‍ക്കും എന്‍ എച് എസ് വിധേയമായിട്ടുണ്ട്. ജൂലായ് 2000 ല്‍ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ ആദര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സമഗ്രമായ ആരോഗ്യപരിരക്ഷാ സംവിധാനവും രോഗിയുടെ സ്വകാര്യതയുടെ സംരക്ഷണം ഉറപ്പുവരുത്തലും ഒക്കെ അതില്‍പ്പെടുന്നു. പക്ഷേ പ്രധാനപ്പെട്ട കാര്യത്തില്‍-പൊതുനികുതിവരുമാനത്തില്‍ നിന്ന് എന്‍ എച് എസിനു വേണ്ട വരുമാനം കണ്ടെത്തും എന്നതും സേവനങ്ങള്‍ സൌജന്യമായിരിയ്ക്കും എന്നതും മാറ്റമില്ലാതെ തുടരുന്നു. എന്‍ എച് എസ് സേവനങ്ങള്‍ കിട്ടുന്നതിനായി ജനങ്ങള്‍ പ്രത്യേകമായ ഒരു ഇന്‍ഷൂറന്‍സോ നികുതിയോ അടയ്ക്കേണ്ടതില്ല.
അപ്പൊ നാഷണല്‍ ഇന്‍ഷൂറന്‍സോ?
നാഷണല്‍ ഇന്‍ഷൂറന്‍സ് എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ആരോഗ്യപരിരക്ഷയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പൊതു ക്ഷേമനിധിയാണ്. തൊഴിലുടമകളും തൊഴിലാളികളും ചേര്‍ന്ന് വരുമാനത്തിന്റെ ഒരു ചെറിയ ശതമാനം ഗവണ്മെന്റിലേയ്ക്ക് അടയ്ക്കുന്നു. അത് ഒരുതരത്തില്‍ ഒരു വരുമാന നികുതി തന്നെ. പക്ഷേ നാഷണല്‍ ഇന്‍ഷൂറന്‍സ് അടയ്ക്കുമ്പോള്‍ സാധാരണ നികുതിപോലെയല്ലാതെ, ചില ആനുകൂല്യങ്ങള്‍ക്ക് അതടയ്ക്കുന്നയാള്‍ അര്‍ഹനാകുന്നു..ഉദാഹരണമായി മരണപ്പെടുകയോ, റിട്ടയര്‍ ചെയ്യുകയോ,ഗര്‍ഭിണിയാവുകയോ, തൊഴില്‍ രഹിതനാവുകയോ, എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടാവുകയോ ഒക്കെ ചെയ്താല്‍ ബന്ധുക്കള്‍ക്കോ, സ്വന്തമായോ അല്‍പ്പം തുക ഒരുമിച്ച് കിട്ടും.തൊഴിലാളി ക്ഷേമനിധിയാണ് നമ്മുടെനാട്ടില്‍ എടുത്ത് കാണിയ്ക്കാവുന്ന ഏറ്റവും നല്ല ഉദാഹരണം.പൊതുവായ വിശ്വാസം പോലെ ബ്രിട്ടണിലെ ആരോഗ്യപരിരക്ഷയുമായി നാഷണല്‍ ഇന്‍ഷുറന്‍സിന് യാതൊരു ബന്ധവുമില്ല. നാഷണല്‍ ഇന്‍ഷൂറന്‍സ് അടയ്ക്കുന്നോ ഇല്ലയോ എന്നൊന്നും നോക്കാതെതന്നെ ബ്രിട്ടണിലെ താമസക്കാര്‍ക്കെല്ലാം എന്‍ എച് എസില്‍ സൌജന്യ ചികിത്സയ്ക്ക് അവകാശമുണ്ട്.
(In the cartoon the image is embodied in Lloyd George – seen here as a kind paternalist offering and sharing a vision of hope and renewal)
എങ്ങനെയാണ് എന്‍ എച് എസ് സേവനങ്ങള്‍ നടപ്പിലാക്കുന്നത്?
യഥാര്‍ത്ഥത്തില്‍ എന്‍ എച് എസ് സേവനങ്ങള്‍ക്ക് പ്രധാനപ്പെട്ട രണ്ട് തലങ്ങളുണ്ട്
ഗവണ്മെന്റിന്റെ ആരോഗ്യ വകുപ്പിനു കീഴിലാണ് എന്‍ എച് എസ് പ്രവര്‍ത്തിയ്ക്കുന്നത്.
എന്‍ എച് എസിന്റെ പല ശാഖകളായി പലവിധത്തിലുള്ള ട്രസ്റ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നു.
1) പ്രൈമറി കെയര്‍ ട്രസ്റ്റുകള്‍പ്രാഥമിക ആരോഗ്യസേവനം നടത്തിയ്ക്കുന്ന ട്രസ്റ്റുകളാണിവ. ഏതാണ്ട് 160 ഓളം പ്രൈമറി കെയര്‍ ട്രസ്റ്റുകള്‍ പ്രവര്‍ത്തിയ്ക്കുന്നു. മൊത്തത്തില്‍ ഈ ട്രസ്റ്റുകളെല്ലാം കൂടി ഏതാണ്ട് 29000 ജനറല്‍ പ്രാക്ടീഷണര്‍മാരുടേയും 18000 ദന്തിസ്റ്റുകളുടേയും മേല്‍നോട്ടം വഹിയ്ക്കുന്നു.അതോടൊപ്പം പ്രാഥമിക ദ്വിതീയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷനുകളും നടത്തുന്നതും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ചുമതലയും ഈ പ്രൈമറി കെയര്‍ ട്രസ്റ്റ്കള്‍ക്കാണ്.എന്‍ എച് എസ് ന്റെ ഫണ്ടിന്റെ 80 ശതമാനവും ചിലവഴിയ്ക്കുന്നത് പ്രൈമറി കെയര്‍ ട്രസ്റ്റുകളില്‍ കൂടെയാണ്.
2) എന്‍ എച് എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ഏതാണ്ട് 290 ഹോസ്പിറ്റല്‍ ട്രസ്റ്റുകളുണ്ട്. ഓരോ ഹോസ്പിറ്റല്‍ ട്രസ്റ്റിന്റേയും കീഴില്‍ പല ആശുപത്രികളും അനുബന്ധസേവനങ്ങളും ഉണ്ടാകും. ദ്വിതീയ ത്രിതീയ ആതുരസേവനം നല്‍കുന്നത് ആശുപത്രികളാണ്. 260 ട്രസ്റ്റുകളിലായി ഏതാണ്ട് 1600 ആശുപത്രികള്‍ പ്രവര്‍ത്തിയ്ക്കുന്നു.
അതോടൊപ്പം എന്‍ എച് എസ് ആംബുലന്‍സ് സര്‍വീസ് ട്രസ്റ്റ്, എന്‍ എച് എസ് മാനസികാരോഗ്യ ട്രസ്റ്റ് തുടങ്ങി പല സ്ഥാപനങ്ങളും സമാന്തരമായി പ്രവര്‍ത്തിയ്ക്കുന്നു.
ഇവയുടെ നടത്തിപ്പ് പൂര്‍ണ്ണമായി വികേന്ദ്രീകരിച്ചതാണ്. പക്ഷേ കേന്ദ്രീകൃതമായ മേല്‍നോട്ടവും ഇടപെടലുകളും ഉണ്ടാകുന്നു. അതോടൊപ്പം തന്നെ പല ട്രസ്റ്റ്കള്‍ തമ്മില്‍ പൂര്‍ണ്ണമായ ആശയവിനിമയവും സേവന വിനിമയവും നടക്കുന്നുമുണ്ട്.
എന്‍ എച് എസ് ആശുപത്രി ട്രസ്റ്റുകളുടെ നടത്തിപ്പില്‍ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി വളരെയേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തൊഴില്‍ ബന്ധങ്ങളേയും, പ്രൊഫഷനുകളുടെ ഉദ്ദേശത്തേയും തന്നെ ഇത് മാറ്റിമറിച്ചു. ഉദാഹരണമായി ചരിത്രപരമായി ആശുപത്രി അഡ്മിനിസ്ട്രേഷന്‍ ഡൊക്ടറുടെ ചുമതലയിലായിരുന്നത് ഇന്ന് അനുബന്ധ വൈദ്യ വിദഗ്ധരുടേ ചുമതലകളിലൊന്നായി മാറിയിരിയ്ക്കുന്നു. ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്കല്‍ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിയ്ക്കാന്‍ കഴിയുന്നു. അനുബന്ധ വൈദ്യ വിദഗ്ധരുടെ തൊഴില്‍ പരിധികളും മാറിവരികയാണ് .നേഴ്സിംഗ് ഇന്ന് സ്പെഷ്യാലിറ്റികളും സൂപ്പര്‍ സ്പെഷ്യാലിറ്റികളുമായി പിരിഞ്ഞിരിയ്ക്കുന്നു. അടിസ്ഥാന നേഴ്സിംഗ് പഠനം കഴിഞ്ഞ് ക്ലിനിയ്ക്കല്‍ നേഴ്സിങ്ങിലോ, മാനേജ്മെന്റ് / അഡ്മിനിസ്ട്രേഷനിലോ നേഴ്സിന് പഠനം തുടരാവുന്നതാണ്. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ വന്ന ഒരു പഠനമനുസരിച്ച് വൈദ്യ വിദഗ്ധര്‍ തന്നെ മാനേജറാകുന്നതാണ് മാനേജ്മെന്റ് ഡിഗ്രി മാത്രമുള്ളവര്‍ ആകുന്നതിനേക്കാള്‍ നല്ലതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി മാനേജ്മെന്റിന്റേയും പൊതുജനാരോഗ്യം, പകര്‍ച്ചവ്യാധി /അണുബാധാ നിയന്ത്രണം എന്നിവയുടേയൊക്കെ നടത്തിപ്പ് അനുബന്ധ വൈദ്യ വിദഗ്ധരാവുന്നത് അത്തരം പരിപാടികളുടേ കാര്യക്ഷമത വളാരെയേറെ വര്‍ദ്ധിപ്പിച്ചു എന്നാണ് എന്റെ വ്യക്തിപരമായ അനുഭവവും . മാസ്റ്റേഴ്സ് , ഡോക്ടറല്‍ ഡിഗ്രികള്‍ അനുബന്ധ വൈദ്യ വിദഗ്ധരുടെ ഇടയില്‍ കൂടിവരികയാണ്..പൊതു ആരോഗ്യമേഖലയില്‍ ഉണ്ടായിവന്ന ജനാധിപത്യമാണ് ഇത്തരം മാറ്റത്തിലേയ്ക്കും അതുവഴി കൂടിയ ഗുണനിലവാരമുള്ള രോഗചികിത്സ ഉണ്ടാകുവാനും ഇടയായിരിയ്ക്കുന്നത്. സ്വകാര്യ മേഖല ഭരിയ്ക്കുന്ന അമേരിയ്ക്കയിലും മറ്റും അനുബന്ധവൈദ്യ വിദഗ്ധര്‍ ഇത്രയും സമഗ്രമായ തൊഴില്‍ പരിധി മാറ്റവും അക്കാഡമിക്കായ ഔന്നത്യവും ഉണ്ടാക്കിയിട്ടില്ല എന്നത് അതിനു തെളിവാണ്.
കമ്പ്ലീറ്റ് കോമ്പ്ലക്സായി..എന്തോന്നിത്.? മനുഷ്യനു മനസ്സിലാവുന്ന പോലെ പറഞ്ഞ് താടേയ്..എന്നല്ലേ പറഞ്ഞ് വരുന്നത്...ഇപ്പറഞ്ഞത് ഞാന്‍ പലയിടത്ത് നിന്നങ്ങ് വിവര്‍ത്തനം ചെയ്ത് വച്ചന്നേയുള്ള്‍ മാഷേ..കാര്യം പറയാം..
അതായത് നമുക്കൊരു ചുമയും പനിയും വന്നു.(നിങ്ങക്ക് വന്നില്ലേ വേണ്ടാ..എനിയ്ക്കു വന്നു എന്ന് വച്ചോ:)
നമ്മള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനറല്‍ പ്രാക്റ്റീഷണറെ അപ്പോയിന്മെന്റ് എടുത്തിട്ട് കാണാന്‍ പോകുന്നു. (നമ്മള്‍ ഒരു സ്ഥലത്ത് താമസം തുടങ്ങുമ്പോള്‍ തന്നെ ആ സ്ഥലത്ത് പ്രാക്ടീസ് ചെയ്യുന്ന ഒരു ജനറല്‍ പ്രാക്ടീഷണറുടെ അടുത്ത് രജിസ്റ്റര്‍ ചെയ്തിരിയ്ക്കണം)
എം ബീ ബീ എസ് കഴിഞ്ഞിട്ട് ജനറല്‍ പ്രാക്ടീഷണര്‍ക്കുള്ള ട്രെയിനിങ്ങ് അഞ്ചുവര്‍ഷം കഴിഞ്ഞവര്‍ക്ക് (പാസായാല്‍) മാത്രമേ ജനറല്‍ പ്രാക്ടീഷണറായി ജോലി ചെയ്യാന്‍ പറ്റുകയുള്ളൂ. എം ബീ ബീ എസ് മാത്രം കഴിഞ്ഞാല്‍ ഏതെങ്കിലും ആശുപത്രിയുടെ കീഴില്‍/ ഏതെങ്കിലും കണ്‍സള്‍ട്ടന്റിന്റെ കീഴിലേ ജോലിചെയ്യാന്‍ സാധിയ്ക്കൂ. ജനറല്‍ പ്രാക്ടീഷണറായി പ്രൈവറ്റ് പ്രാക്ടീസ് പറ്റില്ല..
അതുപോട്ട് ..നമ്മള്‍ ജീ പീ ടടുത്ത് പോകുന്നു.ചലോ ജീ പീ സര്‍ജറി......
(ജീ പീ സര്‍ജറി എന്നാണ് പറയുന്നത്. സര്‍ജറി എന്ന് കേട്ട് ആരും ഞെട്ടരുത്. അങ്ങേര് ചെല്ലുന്നവരെയെല്ലാം സര്‍ജറിയൊന്നും ചെയ്യൂല്ല. ഹൌസ് സര്‍ജന്‍ എന്ന് പറയൂല്ലേ..അത്രേള്ളൂ.. ജീ പീ സര്‍ജറി എന്ന് പറഞ്ഞാല്‍ ഒരു കൊച്ച് ക്ലിനിക്കായിരിയ്ക്കും...)
ജീ പീ ക്ലിനിക്കിലുള്ള കൊച്ച് ജീ പീ മാര്‍, നേഴ്സ്, മറ്റ് സ്റ്റാഫുകള്‍ ഇവര്‍ക്കൊക്കെ ശമ്പളം മറ്റാനുകൂല്യങ്ങള്‍, ഉപകരണങ്ങള്‍ ഒക്കെ അതാത് സ്ഥലത്തെ പ്രൈമറി കെയര്‍ ട്രസ്റ്റാണ് നല്‍കുക.(നമ്മുടെ നാട്ടിലെ എയ്ഡഡ് സ്കൂളില്ലേ അതുപോലെയൊരു സെറ്റപ്പ്).. അവരെ നിയമിയ്ക്കുന്നത് ജീ പീ ആയിരിയ്ക്കും.. ഒരോ ജീപി യ്ക്കും ചിലപ്പൊ പൂര്‍ണ്ണമായും ക്വാളിഫൈഡ് ആയ ഒന്നോ രണ്ടോ ജൂനിയര്‍ ജീപീ മാര്‍, ഒന്നോ രണ്ടോ ജീ പീ രജിസ്ട്രാര്‍മാര്‍ (എം ബീ ബീ എസ് കഴിഞ്ഞ് അവസാന ഘട്ട ജീ പീയ്ക്ക് പഠിയ്ക്കുന്നവര്‍) ഒക്കെ കാണും. അതൊക്കെ പലയിടത്തും ഏറിയും കുറഞ്ഞുമൊക്കെ ഇരിയ്ക്കും. ചിലപ്പൊ ഒരു ജീ പീ സര്‍ജറിയില്‍ തന്നെ ഒന്നോ രണ്ടോ പ്രധാന ജീ പീകള്‍ കാണും. നമ്മുടെ നാട്ടില്‍ രണ്ട് മെയിന്‍ വക്കീലന്മാര്‍ ഒരു ആപ്പീസ് മുറി വാടകയ്ക്കെടുത്ത് ഇരിയ്ക്കാറില്ലേ ..അതുപോലെ തന്നെ...
അങ്ങേരെ കാണാന്‍ നമ്മള്‍ പൈസയൊന്നും കൊടുക്കേണ്ടാ..അങ്ങേര്‍ക്കുള്ള കാശ് അതാതിടത്തെ പ്രൈമറി കെയര്‍ ട്രസ്റ്റില്‍ നിന്ന് കൊടുത്തോളും.
അപ്പൊ അങ്ങേരെ കണ്ടു. അങ്ങേര് / അവര്‍ കൊഴലൊക്കെ വച്ച് നോക്കി...ചുമപ്പിച്ചു. പനി നോക്കി.
ഉം....കഫം, രക്തം പരിശോധിക്കണം..
ജീ പീ ക്ലിനിക്കില്‍ ഒരു നേഴ്സ് കാണും. അവര്‍ നമ്മുടെ രക്തം സൂചി കൊണ്ട് കുത്തിയെടുക്കും.(കാണാന്‍ കൊള്ളാവുന്ന നേഴ്സെങ്കില്‍ കണ്ണ് കൊണ്ട് അവരുടെ രക്തം നമ്മളൂറ്റും.:)
രക്തം, കഫം ഒക്കെ ഏറ്റവുമടുത്ത ആശുപത്രി ട്രസ്റ്റിന്റെ ലബോറട്ടറിയിലേയ്ക്ക് കൊടുത്ത് വിട്ടോളും. അതൊന്നും നമ്മളറിയണ്ട..
മരുന്നിനുള്ള കുറിപ്പടി എഴുതിത്തരും. അടുത്തുള്ള ഫാര്‍മസിയില്‍ ചെന്ന് മരുന്ന് വാങ്ങാം ..
എന്‍ എച് എസ് ഫാര്‍മസിയിലാണേല്‍ ഏതെടുത്താലും 6.95 പൌണ്ട്. ഫാര്‍മസിസ്റ്റ് മരുന്ന് തരുമ്പോള്‍ എങ്ങനെ കഴിയ്ക്കണം, എത്ര കഴിയ്ക്കണം എങ്ങനെ എടുക്കണം..ഒക്കെ വിശദമായി പറഞ്ഞ് തരും.ഡോക്ടര്‍ അതൊന്നും പറയില്ല.
രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു. മരുന്ന് കഴിച്ചു..അസുഖം അത്ര കുറവൊന്നുമില്ല.
ഡോക്ടറെ കാണാന്‍ ചെന്നപ്പൊ രക്തപരിശോധനയുടേ റിസള്‍ട്ട് അങ്ങേര്‍ കമ്പ്യൂട്ടറില്‍ നോക്കി. കഫത്തില്‍ ഒരു പ്രത്യേക ബാക്ടീരിയത്തിനെ കണ്ടു , ആന്റിബയോട്ടിക് കുറിച്ച് തരും.
അത് കഴിച്ചു. രണ്ട് ദിവസം കഴിഞ്ഞ് നേരിയൊരു ശ്വാസം മുട്ടല്‍..
നെഞ്ചിന്റെ എക്സ്രേ എടുക്കണം..
എക്സ്രേ അവിടെയില്ലല്ലോ. അപ്പൊ ഒരു ചീട്ടെഴുതിത്തന്ന് ഏറ്റവുമടുത്തുള്ള ആശുപത്രിയിലേയ്ക്ക് പറഞ്ഞ് വിടും.അവിടെ ചെന്ന് നമ്മള്‍ എക്സ്രേ എടുക്കുന്നു(അതിനു മുന്‍പ് അപ്പോയിന്റ്മെന്റ് എടുക്കണം) അതുമായി വീണ്ടും ജീ പീ യെ കാണുന്നു.
എക്സ് റേയില്‍ കണ്ടു. നെഞ്ചില്‍ വെള്ളം കെട്ടിക്കിടക്കുന്നു. അത് കുത്തിയെടുത്ത് കളയണം. നമുക്ക് ജീ പീ ഒരു കത്ത് എഴുതിത്തരും . നെഞ്ചിന്റെ സ്പെഷ്യലിസ്റ്റിന്. ..ഏറ്റവുമടുത്ത എന്‍ എച് എസ് ആശുപത്രിയിലെ നെഞ്ചിന്റെ സ്പെഷ്യലിസ്റ്റിനെ നമ്മള്‍ പോയി കാണുന്നു.
ആശുപത്രിയിലെത്തുമ്പോളും നമുക്ക് ജീ പീ യുടെ അവിടത്തെ നമ്പര്‍ തന്നെ. നമ്മുടെ ഫയല്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ടാകും. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ നമ്മുടെ നമ്പര്‍ ഞെക്കിയാല്‍ നമ്മുടെ പരിശോധനാഫലങ്ങളും വൈദ്യ പടങ്ങളും ഒക്കെ ഡോക്ടര്‍ക്ക് കാണാം.
ആശുപത്രിയിലെത്തിയാല്‍ പിന്നെ അതുപോലെതന്നെ..നേഴ്സുമാര്‍, ഡൊക്ടര്‍മാര്‍,എക്സ്രേ, സീ ടീ എല്ലാം ശരിയായി. ഒരാഴ്ച ആശുപത്രിയിലൊക്കെ കിടന്നു. ചുമയൊക്കെ മാറി. കുറെ നാള്‍ കൂടി മരുന്ന് കഴിയ്ക്കണം. അതിന് ആശുപത്രിയില്‍ കിടക്കേണ്ട കാര്യമില്ല. നമ്മളെ വീണ്ടും ജീ പി ടടുത്തേയ്ക്ക് പറഞ്ഞു വിടുന്നു. അതിനകം നമ്മളെ ആശുപത്രിയില്‍ എന്ത് പണ്ടാരാ ചെയ്തതെന്ന് വിശദമായ റിപ്പോര്‍ട്ടും ഫയലും ജീ പീ ടടുത്ത് എത്തിയിരിയ്ക്കും.
(മേല്‍പ്പറഞ്ഞ രോഗവിവരങ്ങള്‍ പ്രോട്ടോകോളുകള്‍ ഒക്കെ വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ അത്ര ശരിയാവണമെന്നില്ല.ചുമ വന്നാല്‍ നെഞ്ചില്‍ വെള്ളം കെട്ടിക്കിടക്കുമോ എന്നൊന്നും ചോദിയ്ക്കരുത്..ഉദാഹരിച്ചതാണ്.. എല്ലായിടത്തും പോയി വരാന്‍ ഒരു കഥ ഉണ്ടാക്കിയതാണ്.)
ഇതിനിടയ്ക്ക് നമുക്ക് ചിലവായതോ..ആദ്യത്തെ പ്രിസ്ക്രിപ്ഷന്‍ ചാര്‍ജ് 6.95 രൂപാ എന്ന പൌണ്ട്. പിന്നെ ബസ് കൂലിയും. ഇനി നമ്മുടെ അടുത്തുള്ള ആശുപത്രിയില്‍ ഒരു പ്രത്യേക സൌകര്യം ഇല്ല. അതിനായി ദൂരെയെവിടെയെങ്കിലും ആശുപത്രിയില്‍ പോകേണ്ടി വന്നാലോ? അവിടെ പോയി വരാനുള്ള ബസ് കാശ് എന്‍ എച് എസ് തിരികെത്തരും.
ഇനി നമുക്ക് ബസില്‍ വരാന്‍ വയ്യ. തീരെ സുഖമില്ലെങ്കിലോ..ആശുപത്രിയില്‍ വിളിച്ച് പറഞ്ഞാല്‍ ആംബുലന്‍സ് വരും അതും സൌജന്യം.
ഇനി ദന്തല്‍ ഡൊക്ടറെ കാണണം.
ദന്തല്‍ സേവനങ്ങള്‍ക്ക് കാശുകൊടുക്കണം. 15.90 പൌണ്ടാണ് സാധാരണ ദന്തല്‍ സേവനങ്ങള്‍ക്ക് ആകുന്നത്. കൂടിയാല്‍ 43.60 പൌണ്ടാകും. പരമാവധി ദന്തല്‍ സേവനങ്ങള്‍ക്ക് എല്ലാ കോഴ്സിനുമായി %റ് പൌണ്ടെ ആവുകയുള്ളൂ.(ആകാന്‍ പാടുള്ളൂ) ഇവിടുത്തെ ശരാശരി ശമ്പളനിരക്കൊക്കെ വച്ച് നോക്കിയാല്‍ അതൊന്നുമല്ല(ഏറ്റവും കുറഞ്ഞത് മണിയ്ക്കൂറില്‍ 4 പൌണ്ട് ..)
ദന്തല്‍ സേവനങ്ങളും, 18 വയസ്സിനു താഴെയുള്ളവര്‍ക്കും, ഗര്‍ഭിണികള്‍ക്കും, കുട്ടിയുണ്ടായി ഒരു വര്‍ഷം കഴിയാത്തവര്‍ക്കും, പ്രായമായവര്‍ക്കും, ആശുപത്രിയില്‍ കിടത്തിചികിത്സിയ്ക്കപ്പെടുന്നവര്‍ക്കും, താണവരുമാനക്കാര്‍ക്കും സൌജന്യമാണ്.ഇവര്‍ക്കെല്ലാം കാശ് തിരിച്ച് കൊടുക്കും
ഇനിയുള്ളത് കണ്ണാടി വയ്ക്കലാണ്. ഒപ്ടീഷ്യനെ കാണണം.
അതിനു കാശു കൊടുക്കണം. പക്ഷേ അതിനും 18 വയസ്സിനു താഴെ, 60 വയസ്സിനു മുകളില്‍, ഡയബറ്റീസ് ഉള്ളവര്‍, ഗ്ലൂക്കോമ ഉള്ളവര്‍, ഗ്ലൂക്കോമ വരാന്‍ സാധ്യതയുണ്ടെന്ന് ഡൊക്ടര്‍ സാക്ഷ്യപ്പെടുത്തിയവര്‍, കോമ്പ്ലക്സ് ലെന്‍സുകള്‍ വേണ്ടവര്‍, പൂര്‍ണ്ണമായോ ഭാഗികമായോ കണ്ണു കാണാത്തവര്‍ എന്നിവര്‍ക്കൊക്കെ നേത്ര പരിരക്ഷയ്ക്കായ കാശു തിരികെ നല്‍കും .
കുറേ നേരമായി എ എച് എസ് , എന്‍ എഛ് എസ് എന്ന് കിടന്നലയ്ക്കുന്നു. ടേയ് ഈ സിസ്റ്റത്തിന് എന്തെങ്കിലും കൊഴപ്പങ്ങളൊക്കെയുണ്ടോ? എനി ഡ്രോബേക്സ്???
അണ്ണാ ഒരു കഥ പറയാം..
ലോകത്ത് പട്ടിണികിടക്കുന്ന എല്ലാവര്‍ക്കും മൂന്നു നേരം ചപ്പാത്തിയും ചിക്കനും നല്‍കാന്‍ ദൈവം തീരുമാനിച്ചു...
ഒരു ദിവസം..രണ്ട് ദിവസം.. ഒരാഴ്ച........ഒരുമാസം കുഴപ്പമൊന്നുമില്ലാതെപോയി..
ഒരു മാസമൊക്കെയായപ്പൊ മുറുമുറുപ്പ് തുടങ്ങി..
എന്നും ഒണക്ക ചപ്പാത്തിയും ചിക്കനും..ഹും ഈ ദൈവമെന്ത് കുന്തമാ കാണിയ്ക്കുന്നേ..അങ്ങേര്‍ക്ക് ഒരു ദിവസമെങ്കിലും പൊറോട്ട തന്നൂടേ
അയ്യോ പൊറോട്ടയൊന്നും വേണ്ടാ..ചപ്പാത്തി നേരേ ചൊവ്വേ തന്നാല്‍ മതിയാരുന്നു..ഒണക്ക ചപ്പാത്തിയും അതിലുമൊണക്ക ചീക്കനും..
വായി വച്ച് തിന്നാന്‍ പറ്റില്ല...
എന്നൊക്കെ പറയൂല്ലേ നമ്മള്..മനുഷ്യനങ്ങനാ..ഒന്നിലും തൃപ്തി വരൂല്ല.ഉണ്ടവന് പാ കിട്ടാഞ്ഞിട്ട്..ഉണ്ണാത്തവനെല കിട്ടാഞ്ഞിട്ട്...
ടേയ് അതാണ് മനുഷ്യന്റെ ഈ പുരോഗതിയ്ക്കെല്ലാം കാരണം..ആ അസംതൃപ്തി.. അതുകൊണ്ടല്ലേ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടതുണ്ടാക്കാന്‍ അവനിങ്ങനെ കഷ്ടപ്പെടുന്നത്. അല്ലേല്‍ ഇപ്പൊഴും കാട്ടില്‍ ചൊറിയും കുത്തി കണ്ട സിംഹത്തിനും പുലിയ്ക്കുമൊക്കെ ആഹാരമായി ഇരുന്നേനേ മാനവന്‍..
അണ്ണാ ആ പറഞ്ഞത് കറക്റ്റ്..അപ്പൊ ഡിസ്സാറ്റിസ്ഫാക്ഷനു ഗുണമുണ്ട് അല്ലിയോ..
ഉണ്ടെടാ..ഇവിടെ നീ കുഴപ്പങ്ങള് പറയൂ..
മെയിന്‍ പ്രശ്നം പ്രൈമറി കെയര്‍ തന്നെ. ജീ പീ കള്‍..
നീ വീണ്ടും ഡോക്ടര്‍മാരെ കുറ്റം പറയാന്‍ തുടങ്ങിയോ?
അല്ലണ്ണാ..ജീ പീ കള്‍ക്ക് ച്ചിരി പ്രശ്നമുണ്ട്. അളിയന്മാര്‍ റഫര്‍ ചെയ്യാന്‍ താമസിച്ച കാരണം സ്തനാര്‍ബുദ രോഗികള്‍ക്ക് സമയത്തിന് ചികിത്സ കിട്ടുന്നില്ലെന്ന്‍ ചില പരാതികളൊക്കെയുണ്ട്. പല രോഗങ്ങള്‍ക്കും അതു തന്നേന്ന് ഗതി..
ജീ പീ യെ കാണാന്‍ പറ്റുന്നില്ലെന്നും പരാതിയുണ്ട്. അവര്‍ രാവിലേ 9 മുതല്‍ വൈകിട്ട് 5 വരേയേ ജോലിനോക്കൂ.ശനി ഞായര്‍ ഇല്ല. അപ്പൊ ജോലി ചെയ്യുന്നവര്‍ ജീ പി യെ കാണാന്‍ ലീവെടുക്കേണ്ടി വരുന്നു. ആഴ്ചയില്‍ ഒരു മൂന്ന് മണിയ്ക്കൂര്‍ ജീ പീ മാര്‍ അധികം ജോലിചെയ്താല്‍ ചില്ലറ പരിഹാരമുണ്ടാക്കാം ഇതിന്. പക്ഷേ പണ്ടത്തെപ്പോലെ അവന്മാര്‍ മസിലാ. അത് പറ്റൂല്ലത്രേ.
മൂന്ന് മണിയ്ക്കൂര്‍ ആഴ്ചയില്‍ കൂടുതല്‍ ജോലിചെയ്യുന്നതിന് മാസം ഏതാണ്ട് ഒരുലക്ഷം രൂപാ വരെ അധികം കൊടുക്കാം എന്ന് ഗവണ്മെന്റ് പറഞ്ഞ് നോക്കി..എവിടെ??
അപ്പൊ രാത്രിയോ ശനി ഞായറോ അസുഖം വന്നാലോ?
അത് കുഴപ്പമില്ല ഏത് ആശുപത്രിയുടെ അടിയന്തിര വിഭാഗത്തിലെയ്ക്കും അടിയന്തിരമായ പ്രശ്നങ്ങളുമായി നമുക്ക് കയറിച്ചെല്ലാം. പക്ഷെ അടിയന്തിരമല്ലാത്ത പ്രശ്നങ്ങള്‍ വല്ലതുമാണേല്‍ ജീ പി യ്ക്ക് അപ്പോയിന്റ്മെന്റ് എടുത്തേ പറ്റൂ.....
അത് പോട്ടേ വേറേ കുഴപ്പങ്ങള്‍..
അത് ..പല എന്‍ എച് എസ് ആശുപത്രി ട്രസ്റ്റുകളും കടത്തിലാണ്. നമ്മുടേ കേ എസ് ആര്‍ ടീ സീ കടത്തില്‍ എന്നൊക്കെ പറയില്ലേ അത് പോലെ തന്നെ. ബജറ്റിന്റെ 80 ശതമാനവും പ്രൈമറി കെയറിനാണ് പോകുന്നത്. 20 ശതമാനം മാത്രമേ ആശുപത്രികള്‍ക്കായി ചെലവഴിയ്ക്കുന്നുള്ളൂ. കൂടുതല്‍ കാശുവേണം എന്നൊക്കെ വാദങ്ങളുണ്ട്. മിക്ക ആശുപത്ര്യിലും ആള്‍ക്കാരെയൊക്കെ കുറച്ച് കാശു ലാഭിയ്ക്കാന്‍ നോക്കുന്നു.
ഡിവിഷന്‍ ഫാള്‍ ഇല്ലിയോ?
അതുതന്നെ..
പിന്നെ....?
പിന്നെന്താ? ശാസ്ത്രീയമായി ഗുണമുണ്ടെന്ന് തെളിയിച്ചിട്ടില്ലാത്ത ഹോമിയോപ്പതി പോലുള്ള ചികിത്സകള്‍ എന്‍ എച് എസ് വഴി കിട്ടില്ല. മാത്രമല്ല കോസ്റ്റ് എഫക്റ്റീവ്(വലിയ തുകയ്ക്ക് വളരെ കുറഞ്ഞ ഗുണം) അല്ലാത്ത ചില മരുന്നുകളും എന്‍ എച് എസ് വഴി കിട്ടില്ല. ഇത് റേഷനിങ്ങ് ആണെന്ന് പറഞ്ഞ് കുറ്റം പറയുന്നവരുണ്ട്.
പിന്നെ.. ?
പിന്നെ എന്‍ എച് എസില്‍ ചില പ്രത്യേകതരം ചികിത്സകള്‍ക്കായോ, ഒപ്പറേഷനുകള്‍ക്കായോ ഉള്ള കാത്തിരിപ്പ് സമയം വളരെ കൂടുതല്‍ ആണെന്ന് പരാതിയുണ്ട്. ഉദാഹരണം കാന്‍സറിനുള്ള റേഡിയോതെറാപ്പി..അല്ലെങ്കില്‍ ഹൃദയാഘാതത്തിനുള്ള ബൈപ്പാസ് സര്‍ജറി..പക്ഷേ രാജ്യവ്യാപകമായി വളരെ കാര്യക്ഷമമായ നടത്തിപ്പ് കൊണ്ടും ,കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പ്രത്യേകം നിയമങ്ങളും പ്രോട്ടോക്കോളുകളും ഉണ്ടാക്കിയും അതിനെ പരമാവധി രോഗിയ്ക്ക് ദോഷമുണ്ടാക്കാത്തവിധം കുറച്ചിട്ടുണ്ട്..അല്ലെങ്കില്‍ അതിനായി ശ്രമിയ്ക്കുന്നു. അതുകൊണ്ട് അത് സമീപഭാവിയില്‍ തന്നെ ഇല്ലാതാകാന്‍ പോകുന്ന പരാതിയാണ്.
അപ്പൊ അതൊരു വഴിയായി....
പിന്നെ...???
പിന്നയ്ക്കാ...:)
ഇനി നമുക്ക് ബ്രിട്ടന്റെ കാര്യം ഇവിടെ തല്‍ക്കാലം നിര്‍ത്തി ലോകം മൊത്തത്തിലൊന്ന് നോക്കാം.
(വിവിധ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ ഭൂപടം കടപ്പാട് :വിക്കിപീഡിയ)
ലോകത്തിന്നേവരെ പല രീതിയിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പൊതു ആരോഗ്യ സംവിധാനം(Public Health Systems)
സ്വകാര്യ ആരോഗ്യ സംവിധാനങ്ങള്‍
മിശ്രമായ ആരോഗ്യ സംവിധാന രീതികള്‍
ഇന്‍ഷൂറന്‍സ് നിയന്ത്രിത ആരോഗ്യ സംവിധാനങ്ങള്‍
തുടങ്ങിയവയൊക്കെ അതില്‍ ചില ഉദാഹരണങ്ങളാണ്.
അതില്‍ അമേരിയ്ക്കയും മറ്റും സ്വകാര്യ മേഖലയും സ്വകാര്യ ഇന്‍ഷൂറന്‍സ് മേഖലയും ചേര്‍ന്നുള്ള ഒരു ആരോഗ്യ സംവിധാന രീതിയാണ് പിന്തുടരുന്നത്.
അമേരിയ്ക്കയൊഴിച്ചുള്ള മിക്ക വികസിത രാഷ്ട്രങ്ങളും, മിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളും(കാനഡ, ആസ്ട്രേലിയ, ബ്രിട്ടന്‍, സ്വീഡന്‍, ഫിന്‍ലാന്റ്....), അര്‍ജന്റീന, ബ്രസീല്‍,ക്യൂബ തുടങ്ങിയ രാഷ്ടങ്ങളിലുമെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഗവണ്മെന്റ് നിയന്ത്രിത സൌജന്യ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുണ്ട്. അമേരിയ്ക്കന്‍ ഐക്യനാടുകള്‍ മാത്രമാണ് സാര്‍വജനീന ആരോഗ്യപരിരക്ഷാ സംവിധാനമില്ലാത്ത ഒരേയൊരു വികസിത രാജ്യം.
എന്താണ് സ്വകാര്യ ഇന്‍ഷൂറന്‍സ്/ സ്വകാര്യ മേഖല ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ക്കുള്ള തകരാറ്?
മറ്റൊന്നുമല്ല .. ഇന്‍ഷൂറന്‍സില്ലാത്ത സ്വകാര്യ ആരോഗ്യ മേഖലയാണെങ്കില്‍ തകരാറെന്തെന്നതിന് ഭാരതത്തിലെ അവസ്ഥ മാത്രം നോക്കിയാല്‍ മതി.പേരിന് നാം പൊതുമേഖലയെന്നൊക്കെ പറഞ്ഞാലും സ്വകാര്യമേഖല തന്നെയാണ് നമ്മുടെ ആരോഗ്യരംഗം ഭരിയ്ക്കുന്നത്.
ഇന്‍ഷുറന്‍സ് ഉണ്ടായാലുമില്ലെങ്കിലും സ്വകാര്യ ആരോഗ്യ മേഖലയുടേ കുഴപ്പങ്ങള്‍ ഇതൊക്കെയാണ്....
കച്ചവടത്തെ അടിസ്ഥാനമാക്കിയുള്ള രോഗചികിത്സ:പലപ്പോഴും രോഗിയുടെ ആത്യന്തികമായ ക്ഷേമമല്ല സ്വകാര്യ മേഖലയിലെ രോഗചികിത്സ കൊണ്ട് ഉണ്ടാവുക, സ്വകാര്യമേഖലയെന്നാല്‍ ലാഭത്തിനായി നടത്തുന്ന അരോഗ്യസേവനകേന്ദ്രങ്ങള്‍ എന്നാണര്‍ത്ഥം. എത്രയൊക്കെ പ്രൊഫഷണല്‍ എത്തിക്സ് ഉണ്ടായാലും -പറഞ്ഞാലും ആത്യന്തികമായി രോഗിചികിത്സയല്ല, ലാഭം തന്നെയായിരിയ്ക്കും അവിടെ മുഖ്യ ഉദ്ദേശം.
രോഗിചികിത്സ മിക്കപ്പോഴും കോമ്പ്രമൈസ് ചെയ്യേണ്ടിവരുന്നു.
ഭീമമായ ഫീസ്: സ്വകാര്യമേഖലയിലെ രോഗചികിത്സ പലപ്പോഴും സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതായിരിയ്ക്കുകയില്ല. ഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്ക് ആതുരശ്രുഷൂഷാസേവനങ്ങള്‍ നിഷേധിയ്ക്കുന്നതിനു തുല്യം.
നിയമവിധേയമല്ലാത്ത കച്ചവടങ്ങള്‍:മരുന്ന്, മറ്റ് ആതുരശ്രുഷൂഷാ സൌകര്യങ്ങള്‍ എന്നിവയുടെ ഗുണമേന്മാ നിര്‍ണ്ണയത്തിലോ നിരക്കിലൊ ഗവണ്മെന്റിന് ഫലപ്രദമായി ഇടപെടാന്‍ കഴിയാതെ വരുന്നു. പൂര്‍ണ്ണമായ അരാജകത്ത്വമായിരിയ്ക്കും ഫലം.(ഇന്ന് ഭാരത്തത്തില്‍ നിലവിലുള്ള പോലെ) അവയവകച്ചവടം, നിയമവിധേയമല്ലാത്ത പരീക്ഷണങ്ങള്‍ ഒക്കെ ആതുരശ്രുഷൂഷയുടെ മറവില്‍ ഉണ്ടായേക്കാം.
(ഉണ്ടായേക്കാം ഉണ്ടായേക്കാം എന്നൊക്കെ പറയുന്നത് ഉണ്ടാവുന്നതാണെന്ന് എല്ലാര്‍ക്കുമറിയാം. ഞാനെന്തുവാ ഈ എഴുതിക്കൊണ്ടിരിയ്ക്കുന്നത്? ഈ പോസ്റ്റൊരുമാതിരി പത്താം ക്ലാസിലെ എക്കണൊമിക്സ് പുസ്തകം മാതിരിയുണ്ട്:)
ചിലവു കൂടുതല്‍ ഉത്പ്പാദനക്ഷമത കുറവ്‍:ഇതൊരു ഉദാഹരണം വഴി പറയാം. താരതമ്യേന ചെറിയ ഒരു പട്ടണമായ പന്തളത്ത് മൂന്ന് പ്രധാന ആശുപത്രികളും മൂന്ന് സീ ടീ സ്കാനറുകള്‍, മൂന്ന് പൂര്‍ണ്ണമായും സജ്ജമാക്കിയ ലബോറട്ടറികള്‍, മൂന്ന് ആശുപത്രികളിലുമായി ഏതാണ്ട് അഞ്ചോളം എക്സ്രേ യൂണിറ്റുകള്‍ എന്നിവയുണ്ട്. ഒരോ സീ റ്റീ സ്കാനറിലും ഏതാണ്ട് അഞ്ച് സീ ടീ സ്കാനുകള്‍ ശരാശരി ഒരുദിവസം നടക്കുന്നുണ്ട്. അതായത് പതിനഞ്ച് സീടീ സ്കാനുകള്‍ ഒരു ദിവസം പന്തളത്ത് നടക്കുന്നു. ഈ പതിനഞ്ച് സ്കാന്‍ ചെയ്യുവാന്‍ ഒരു സീടീ സ്കാനര്‍ മതി. അപ്പൊ പൊതു ഉടമസ്ഥതയിലാണെങ്കില്‍ ഒരു സീ ടീ സ്കാനറ് മതിയാവുന്ന സ്ഥാനത്ത് സമൂഹം മൂന്നു സ്കാനറുകള്‍ വാങ്ങുവാനും പരിപാലിയ്ക്കുവാനുമുള്ള പണം ചിലവഴിച്ചു. അതായത് ആത്യന്തികമായി ഈ അധികം രണ്ട് സ്കാനറുകളുടേയും പണം രോഗികളില്‍ നിന്നുതന്നെയാണ് ഈടാക്കുക.ലബോറട്ടറികള്‍, എക്സ്രേ, മറ്റ് പശ്ചാത്തല സൌകര്യങ്ങള്‍, ആരോഗ്യസേവന വിദഗ്ധരുടെ എണ്ണം ഇതിലൊക്കെ കേന്ദ്രീകൃതമായ പൊതു ഉടമസ്ഥതയിലായിരുന്നാല്‍ ചിലവു കുറയും.. ഉല്‍പ്പാദനക്ഷമത കൂടും.
സ്വകാര്യ മെഡിയ്ക്കല്‍ ഇന്‍ഷൂറന്‍സിന്റെ ദോഷങ്ങള്‍
പ്രധാനമായും ഒരു വഴിയുണ്ടെങ്കില്‍ സ്വകാര്യ ഇന്‍ഷുറന്‍സുകാര്‍ നമ്മുടെ ചികിത്സയ്ക്കായി പണം നല്‍കില്ല. അമേരിയ്ക്കയിലെ അത്തരം നിരവധി അനുഭവങ്ങള്‍ പ്രശസ്ത ആക്ടിവിസ്റ്റും ചലചിത്രകാരനുമായ മൈക്കിള്‍ മൂറിന്റെ സിക്കോ എന്ന ഡോക്യുമെന്ററിയില്‍ കാണിയ്ക്കുന്നുണ്ട്. ഭാരതത്തിലും ആവശ്യത്തിന് ഇന്‍ഷൂറന്‍സ് കമ്പനിക്കാര്‍ പണം നല്‍കാതെയിരുന്നിട്ടുള്ള അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ ആശ്രയിച്ചുള്ള ആരോഗ്യവ്യവസ്ഥ ആത്മഹത്യാപരമായിരിയ്ക്കും.
മാത്രമല്ല സ്വകാര്യ മെഡിയ്ക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം ഒരു പാവപ്പെട്ടവനോ സാധാരണക്കാരനോ താങ്ങാവുന്നതിലധികമായിരിയ്ക്കും. ഭാരതത്തില്‍ ഏതാണ്ട് ആറായിരം രൂപയാകും ഒരു വര്‍ഷത്തെ പ്രീമിയം ആരോഗ്യമുള്ള ഒരാള്‍ക്ക്. മൂവായിരം രൂപാ വരുമാനമുള്ള ശരാശരിക്കാരന് മാസം അഞ്ഞൂറ് രൂപാ ഇന്‍ഷുറന്‍സ് പ്രീമിയത്തിനായി മാറ്റിവയ്ക്കാനെവിടെ ? അവന്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ നടക്കും. ഇന്‍ഷുറന്‍സ് നിയന്ത്രിത ആരോഗ്യമേഖലയാകുമ്പോള്‍ മത്സരം കുറവായതിനാലും അനാവശ്യ പ്രോട്ടോക്കോളുകള്‍ പാലിയ്ക്കേണ്ടുന്നതിനാലും ചികിത്സാച്ചിലവ് സാധാരണ സ്വകാര്യമേഖലയെക്കാളും അതിഭീമമായി കൂടുതലായിരിയ്ക്കും. ഫലം സാധാരണക്കാരന് കടം വാങ്ങിപ്പോലും ആശുപത്രിയില്‍ പോകാനാവാത്ത അവസ്ഥ വരും.
അമേരിയ്ക്കയില്‍ 47 മില്യണ്‍ ആള്‍ക്കാര്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തതുകൊണ്ട് ആശുപത്രി സേവനങ്ങള്‍ / ആരോഗ്യ സേവനങ്ങള്‍ ലഭിയ്ക്കാതെയിരിയ്ക്കുന്നത്. അമേരിയ്ക്കയില ആരോഗ്യസൂചികകള്‍(ശരാശരി ആയുര്‍ദൈര്‍ഖ്യം, ശിശുമരണനിരക്ക്) ശരാശരി വികസിത രാജ്യങ്ങളേക്കാള്‍ വളരെ മോശമാണ് താനും. ആരോഗ്യ ചിലവുകളാണ് ആ രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതല്‍ കടക്കെണിയിലാക്കുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
(കേരളത്തിലെ വികസന ആരോഗ്യസൂചികകള്‍ നാം താരതമ്യം ചെയ്യുന്നത് അമേരിയ്ക്കയുമായാണ്. താരതമ്യം ചെയ്യുവാന്‍ ഒട്ടും അര്‍ഹതയില്ലാത്തതാണ് അമേരിയ്ക്കന്‍ ആരോഗ്യരംഗം.)
അമേരിയ്ക്കയിലെ കണക്കുകള്‍ പ്രകാരം ജനസംഖ്യയിലെ ഏതാണ്ട് 84 ശതമാനത്തോളം ആളുകള്‍ക്ക് മാത്രമേ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളൂ. ഈ 84 ശതമാനത്തില്‍ തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വന്തമായി വാങ്ങിയ ആളുകള്‍ 9 ശതമാനമേ ഉള്ളൂ. ബാക്കിയാള്‍ക്കാരെല്ലാം അവരുടെ തൊഴില്‍ ദാതാവ് വഴി കിട്ടുന്ന ഇന്‍ഷുറന്‍സ് ആണ്. തൊഴില്‍ ഇല്ലയെങ്കില്‍ ആ ഇന്‍ഷുന്‍സ് ഇല്ലയെന്നര്‍ത്ഥം.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ചിലവുകള്‍ പണപ്പെരുപ്പത്തെക്കാളും ശമ്പളനിരക്കിനെക്കാളും കൂടുതലായാണ് കണ്ട് വരുന്നത്.
അതേ സമയം തന്നെ അമേരിയ്ക്കന്‍ ഐക്യനാടുകളുടേ ബഡ്ജറ്റില്‍ മറ്റേതൊരു രാഷ്ട്രത്തെക്കാളും ആരോഗ്യ സേവനങ്ങള്‍ക്ക് പണം നീക്കിവയ്ക്കുന്നു. 2004 ലെ കണക്കനുസരിച്ച് അമേരിയ്ക്കന്‍ ഐക്യനാടുകള്‍ ഒരാള്‍ക്ക് ഒരുവര്‍ഷം $6102 ആരോഗ്യസേവനങ്ങള്‍ക്കായി ചിലവിടുന്നു. മറ്റെതൊരു ജീ 7 രാഷ്ട്രം ചിലവാക്കുന്നതിലും 92.7% കൂടുതലാണിത്. (സ്വകാര്യ മേഖലയില്‍ എങ്ങനെ ചിലവു കൂടുന്നുവെന്ന് നാം നേരത്തേ മനസ്സിലാക്കിയല്ലോ)
അതേ സമയം തൊട്ടടുത്ത രാഷ്ട്രമായ കാനഡയെക്കാള്‍ 35 മുതല്‍ 45 % വരെ കൂടുതലാണ് അമേരിയ്ക്കയില്‍ മരുന്നുകളുടെ വില. ലോകാരോഗ്യ സംഘടന 2000 ല്‍ നടത്തിയ ഒരു സര്‍വേ അനുസരിച്ച് കാനഡയിലെ പൌരന്മാരുടെ ആരോഗ്യം 35 ആം സ്ഥാനത്ത് വന്നപ്പോള്‍ ശരാശരി അമേരിയ്ക്കക്കാരന്റെ ആരോഗ്യം 72 ആം സ്ഥാനത്താണ് വന്നത്. കാനഡയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 79.9 വയസ്സ് ആകുമ്പോള്‍ അമേരിയ്ക്കയില്‍ അത് 77.5 വയസ്സാണ്. \ശിശുമരണനിരക്കുകളും അമേരിയ്ക്കയില്‍ കൂടുതലാണ്. അമേരിയ്ക്കയില്‍ തന്നെ കറുത്തവര്‍ഗ്ഗക്കാരുടെ കാര്യമെടുത്താല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇതിലും വഷളാകും.
(എതാണ്ട് അടുത്തടുത്ത് കിടക്കുന്ന രാഷ്ട്രങ്ങള്‍ എന്ന നിലയിലാണ് കാനഡയും അമേരിയ്ക്കയുമായ് താരതമ്യപ്പെടുത്തിയത്. അമേരിയ്ക്കയില്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് നിയന്ത്രിത/ സ്വകാര്യ ആശുപത്രി നിയന്ത്രിത ആരോഗ്യമേഖലയും കാനഡയില്‍ പൊതുആരോഗ്യസംവിധാനവുമാണ്. കാനഡയിലെ ആരോഗ്യസംവിധാനം ഏതാണ്ട് ബ്രിട്ടണിലെപ്പോലെതന്നെ.)
എന്തിനാണ് അമേരിയ്ക്കയിലെ ആരോഗ്യസംവിധാനത്തെ ഇങ്ങനെ കുറ്റം പറയുന്നത്.?
കാരണമുണ്ട്. ശ്രീ മന്മോഹന്‍ സിംഗ് കേംബ്രിഡ്ജില്‍ ധനതത്വശാസ്ത്രം പഠിപ്പിച്ചിരുന്ന കാലവും ഒരു വെല്‍ഫെയര്‍ രാഷ്ട്രമായി ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ബ്രിട്ടീഷ് ഐക്യനാടുകളില്‍ താമസിച്ചിരുന്ന കാലവും മറന്ന് ലോകബാങ്കില്‍ ജോലിചെയ്തിരുന്നപ്പോഴുള്ള സമയം മാത്രമേ ഓര്‍ക്കുന്നുവുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ ചില പോളിസികള്‍ കാണുമ്പോള്‍ തോന്നുക. അതേസമയം ഹാര്‍വാര്‍ഡിലെ എം ബീ ഏ ശ്രീമാന്‍ ചിദംബരത്തെ അമേരിയ്ക്കന്‍ എക്കോണമി അന്ധമായി അനുകരിയ്ക്കാനാണ് പഠിപ്പിച്ചിരിയ്ക്കുന്നത്. കലൈഞ്ജറുടെ വിഴുപ്പലക്കാനല്ലാതെ ഡാക്ടര്‍ അമ്പുമണിരാമദോസിന് മറ്റൊന്നുമറിയില്ല എന്ന് ഇതിനകം അദ്ദേഹം തെളിയിച്ച് കഴിഞ്ഞു. ഇടതിന് ചീനയൊഴിച്ച് ബാക്കിയെന്തെങ്കിലുമുണ്ടേല്‍ അത് ക്യൂബയിലാണ്..പുതു പൂക്കള്‍ വിരിയിച്ച കമ്യൂണിസ്റ്റ് പച്ചകളുടെ പിറകേയാണ് അവരിപ്പോഴും.(ക്യൂബയിലെ ആരോഗ്യപരിരക്ഷാ സംവിധാനം കുറച്ചൊക്കെ മെച്ചമാണ്. പക്ഷേ അത് അങ്ങനെ തന്നെ ഓടിയ്ക്കണമെങ്കില്‍ ആള്‍ക്കാരുടെ വായമൂടുക്കെട്ടിത്തന്നെയിരിയ്ക്കേണ്ടി വരും.) പിന്നെ ഭരിയ്ക്കാന്‍ വന്നേയ്ക്കാവുന്ന ഭാ ജാ പാ നേതാക്കള്‍ അന്തിയുറങ്ങുന്നത് അമേരിയ്ക്കന്‍ കോണ്‍സുലേറ്റിലാണ്.
മൊത്തത്തിലങ്ങനെയായത് കാരണം അമേരിയ്ക്കന്‍ മാതൃക പിന്തുടരുകയാവും ഭാരതത്തിന് ആകെയുള്ള മാര്‍ഗ്ഗമെന്ന് നേതാക്കള്‍ ധരിയ്ക്കാനും, അല്ലേല്‍ അതുവഴി കോടികളുടെ ബിസിനസ് ഉണ്ടാക്കാന്‍ പോകുന്ന സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ധരിപ്പിയ്ക്കാനും നല്ല സാധ്യതയുണ്ട്.
പൊതു ഉടമസ്ഥതയിലുള്ള സാര്‍വജനീന ആരോഗ്യപരിരക്ഷാ സംവിധാനമാണ് എന്തുകൊണ്ടും നല്ലതെന്ന് കണക്കുകളും അനുഭവവും സൂചിപ്പിച്ചാലും ആരും അത് ശ്രദ്ധിയ്ക്കുകയില്ല. വരാന്‍പോകുന്ന ഇന്‍ഷൂറന്‍സ് വസന്തത്തില്‍ നിന്ന് അല്‍പ്പം പൂവും കായുമൊക്കെ നേതാക്കളുടെ പോക്കറ്റിലേയ്ക്കുമെത്തുമ്പോള്‍ ശരാശരി ഭാരതീയന്‍,- ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ പോലെ -“ജനഗണപരമ്പരയ്ക്കന്നം കൊടുക്കുവാന്‍ കരിയുമായ് കന്നിന്റെ പിറകെയുദയല്ലയം
പൊരുതു പുരുഷായുസ്സു ചോര ചേറാക്കി” യ ഭാരതീയന്‍ വീണ്ടും പെരുവഴിയിലൂടെ വെറും ചണ്ടിയായ്, തെണ്ടിയായ് ഒടുവിലലയേണ്ടിവരും.
നമ്മളിവിടെയതൊക്കെ എഴുതി വായിച്ചിട്ടെന്താ കാര്യം..???കഴിഞ്ഞ നാലാഴ്ചയായി പാതിരാത്രികള്‍ ഉറക്കളയ്ക്കുമ്പോല്‍ എനിയ്ക്ക് തോന്നിയൊരു ചോദ്യമാണ്. ഇതിവിടേ ആരു കാണാന്‍??
അല്ല വല്ലപ്പോഴും ഇതൊക്കെ ഓര്‍ക്കാമല്ലോ..തെണ്ടിയായലയുന്ന ഭൂമിപുത്രന്മാരുടെ ജാതകം ......
(അതേ ഇത് ചുള്ളിക്കാടിന്റെ പണ്ട് വായിച്ച ഏതോ കവിതയാണ്.. ഏതാണെന്ന് ആര്‍ക്കെങ്കിലുമറിയുമോ??)
അതുപോട്ടേ..ഭാരതത്തിലെ മുഴുവന്‍ കാര്യം മുഴുവന്‍ എനിയ്ക്കറിയില്ല.കുറേയേറെ പഠനം നടത്തേണ്ടിയിരിയ്ക്കുന്നു. പക്ഷേ കേരളത്തില്‍ നമ്മള്‍ മുമ്പേ പറഞ്ഞപോലൊരു എന്‍ എച് എസ് മാതൃകയില്‍ സംഭവം ഉണ്ടാക്കാനുള്ള സകല പശ്ചാത്തല സൌകര്യങ്ങളുമുണ്ട്..
അത് എങ്ങനെ വേണം?
എങ്ങനെ വേണമെന്ന് അവരവരുടെ അഭിപ്രായം എഴുതൂ..നല്ല മാര്‍ക്ക് തരാം.:)
(നിര്‍ത്താന്‍ ഉദ്ദേശമില്ല. അടുത്തത്.. കേരളാ മോഡല്‍- ഒരു പൊളിച്ചെഴുത്ത്..കണ്ണില്‍ എന്തേലുമൊഴിച്ച് കാത്തിരിയ്ക്കൂ)

- എല്ലാ തലത്തിലുമുള്ള ആള്‍ക്കാരുടെ സമഗ്രമായ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റപ്പെടണം
- പണംകൊടുക്കാനുള്ള കഴിവനുസരിച്ചാവരുത്, ആവശ്യങ്ങള്‍ക്കനുസരിച്ചാവണം ചികിത്സ
- സേവനത്തിനായുള്ള പണം 100 ശതമാനവും നികുതിവരുമാനത്തില്‍ നിന്ന് കണ്ടെത്തണം.. (എല്ലാവരും ഒരുപോലെ ആരോഗ്യ സേവനത്തിന് അര്‍ഹരാണ്. ഇന്‍ഷൂറന്‍സ് അടയ്ക്കുന്നുണ്ടോ ഇല്ലയോ എന്നത് ആരോഗ്യ സേവനം നല്‍കുന്നതില്‍ നിന്ന് ഒഴിച്ച് നിര്‍ത്തുവാനുള്ള ഒരു കാര്യമാകരുത്.)
ആരോഗ്യ സേവനം എല്ലാവര്‍ക്കും സൌജന്യമായിരിയ്ക്കണം.